അസ്സ്വിഹാഹുസ്സിത്ത
ഹദീസ് ഗ്രന്ഥങ്ങളില്‍ സ്വഹീഹായ ഹദീസുകള്‍ അടങ്ങിയിട്ടുള്ള ആറ് ഹദീസ് ഗ്രന്ഥങ്ങള്‍ക്കാണ് അസ്സ്വിഹാഹുസ്സിത്ത എന്ന് പറയുന്നത്. ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, എന്നീ പേരുകളിലാണ് ഗ്രന്ഥങ്ങള്‍ അറിയപ്പെടുന്നത്. രണ്ടും മൂന്നും നൂറ്റാണ്ടുകളിലായി രചിക്കപ്പെട്ട ഈ ആറു സ്വഹീഹുകള്‍ സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം, ജാമിഉത്തിര്‍മിദി, സുനനുന്നസാഈ, സുനനു അബീദാവൂദ്, സുനനു ഇബ്‌നിമാജ എന്നിങ്ങനെ അറിയപ്പെട്ടു. ഇതില്‍ ഇബ്‌നുമാജയുടെ സുനനിന് പകരം ഇമാം മാലിക്(റ)ന്റെ മുവത്ത്വയെ ചില മുഹദ്ദിസുകള്‍ ആറാം സ്ഥാനത്ത് എണ്ണാറുണ്ട്. ഇവയിലെല്ലാം ന്യുനതയുള്ള ഹദീസുകള്‍ വിരളമായതിനാല്‍ മാത്രമാകുന്നു സ്വഹീഹ് എന്ന പേര് പറയാനുള്ള കാരണം. ഈ ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ കര്‍ത്താക്കള്‍ ഹദീസ് പരിശോധനാ മാനദണ്ഡങ്ങള്‍ ഒരേ നിലക്കായിരുന്നില്ല സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇമാം ബുഖാരിയും ഇമാം മുസ്‌ലിം ഹദീസ് അന്വേഷണത്തിലും പരിശോധിക്കുന്നതിലും കൂടുതല്‍ നിഷ്‌കര്‍ഷത പാലിച്ചിരുന്നു. ഹദീസ് ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ പ്രാമാണികതയില്‍ ഒന്നാംസ്ഥാനം സ്വഹീഹുല്‍ ബുഖാരിക്ക് ആണ്.
സ്വഹീഹുല്‍ ബുഖാരി
ഹദീസ് ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രമാണയോഗ്യമായി പരിഗണിക്കപ്പെടുന്ന ഹദീസ് ശേഖരമാണ് സ്വഹീഹുല്‍ ബുഖാരി. മുഹമ്മദുബ്‌നു ഇസ്മാഈല്‍ അല്‍ബുഖാരി എന്ന (810-870) പണ്ഡിതനാണ് ജീവിതകാലം മുഴുവന്‍ ഉപയോഗപ്പെടുത്തി പ്രവാചക വചനങ്ങളുടെ ഈ ശേഖരം മുസ്‌ലിംലോകത്തിന് സമര്‍പ്പിക്കാനുള്ള ത്യാഗപൂര്‍ണമായ സേവനത്തിന് സന്നദ്ധനായത്. മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ഏറ്റവും വിശ്വാസയോഗ്യമായ ഒന്നായി പരിഗണിക്കുന്ന ഈ ഹദീസ് ശേഖരം ഗ്രന്ഥരൂപത്തില്‍ ബുഖാരിയുടെ ജീവിതകാലത്തു തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. സ്വഹീഹുല്‍ ബുഖാരി എന്ന് പൊതുവായി വിളിക്കപ്പെടുന്ന ഈ ഹദീസ് ശേഖരത്തിന്റെ യഥാര്‍ത്ഥ പേര് ‘അലജാമിഉ സ്സ്വഹീഹുല്‍ മുസ്‌നദുല്‍ മുഖ്തസ്വറു മിന്‍ ഉമൂരിറസൂലില്ലാഹി വ സുന്നതിഹീ വ അയ്യാമിഹീ’ എന്നാണ്.
പ്രവാചകന്റെ കാലഘട്ടവും പ്രവൃത്തിയും പ്രവാചകനുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും കണ്ണിചേര്‍ത്തുള്ള ആധികാരിക ഹദീസുകളുടെ ചെറുശേഖരം എന്നാണ് അതിനര്‍ഥം.
ഇമാം ബുഖാരി 6 ലക്ഷം ഹദീസുകളില്‍ നിന്ന് തന്റെ മാനദണ്ഡങ്ങള്‍ വെച്ചു പരിശോധിച്ച നാലായിരം ഹദീസുകളെ സ്വഹീഹില്‍ ഉള്‍പ്പെടുത്തി. ഇബ്‌നു സ്വലാഹ് പറയുന്നു: ”7275 ഹദീസുകള്‍ ആണ് ആവര്‍ത്തിച്ചു വരുന്ന ഹദീസുകളുള്‍പ്പെടെ ഇമാം ബുഖാരിയുടെ സ്വഹീഹിലുള്ളത്. ഇങ്ങനെ വരുന്ന 4000 ഹദീസുകളെ മുസ്‌നദ് എന്നാണ് പരിഗണിക്കപ്പെടുന്നത്. യഥാര്‍ഥ പരമ്പരയോടു കൂടി പ്രവാചകന്റെ സ്വഹാബികളില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതാണിത്. ബുഖാരിയില്‍ ഇല്ലാത്ത സ്വഹീഹ് ആയ ഹദീസുകളും ധാരാളമുണ്ട്”.
അതീവ സൂക്ഷ്മതയോടെയും ശരിയായ പരിശോധനക്ക് ശേഷവുമാണ് ബുഖാരി, ഹദീസുകള്‍ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത്. ഓരോ ഹദീസും ചേര്‍ത്തപ്പോള്‍ രണ്ട് റക്അത്ത് നമസ്‌കരിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിച്ചിരുന്നു എന്നു ബുഖാരി തന്നെ പറഞ്ഞിട്ടുണ്ട്. 16 വര്‍ഷം കഠിനാധ്വാനം ചെയ്ത് 6 ലക്ഷം ഹദീസുകളില്‍ നിന്ന് 7397 ഹദീസുകള്‍ അദ്ദേഹം തിരഞ്ഞെടുത്തു. റിപ്പോര്‍ട്ടര്‍മാര്‍ പരസ്പരം കാണുകയും നേരിട്ട് കേള്‍ക്കുകയും ചെയ്തു എന്ന് ഉറപ്പുള്ള ഹദീസുകള്‍ മാത്രമേ ബുഖാരി സ്വീകരിച്ചിട്ടുള്ളൂ. ഹദീസുകളില്‍ നിന്ന് ഇമാം കണ്ടുപിടിച്ച മതവിധികളാണ് പല അധ്യായങ്ങള്‍ക്കും തലക്കെട്ടായി കൊടുത്തിട്ടുള്ളത്. ഹദീസുകള്‍ക്ക് പുറമെ ചെറിയ ചില വിശദീകരണകുറിപ്പുകളും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അല്‍മുഅല്ലഖാത്തു വല്‍ മുതാബആത്ത് എന്നാണ് ആ വിശദീകരണ കുറിപ്പുകള്‍ക്ക് പറയുക. ഇങ്ങനെ ഏകദേശം 1685 വിശദീകരണ കുറിപ്പുകള്‍ ഉണ്ട്. ഒരു പുരുഷായുസ്സുകൊണ്ട് ചെയ്യാവുന്ന പരമാവധി അധ്വാനം ഹദീസ് ശേഖരണ പരിശോധനകളില്‍ ചെലവഴിച്ചിട്ടാണ് സ്വഹീഹുല്‍ ബുഖാരി പൂര്‍ത്തിയാക്കിയത്. എന്നാലും മനുഷ്യനാണല്ലോ, പൂര്‍ണത അല്ലാഹുവിന് മാത്രമാണ്. അതുകൊണ്ടായിരിക്കാം ഹാക്കിം, ഇബ്‌നു ഖുസൈമ തുടങ്ങിയ മുഹദ്ദിസുകളും ആധുനിക കാലത്ത് നാസ്വിറുദ്ദീന്‍ അല്‍ബാനിയും ചുരുക്കം ചില ഹദീസുകളിലെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചത്.
സ്വഹീഹുല്‍ ബുഖാരിക്ക് 82 പ്രസിദ്ധ പണ്ഡിതന്മാര്‍ വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രമുഖമായത് ഇബ്‌നുഹജറില്‍ അസ്ഖലാനി എഴുതിയ ഫത്ഹുല്‍ ബാരി ആണ്.
സ്വഹീഹുല്‍ ബുഖാരിയുടെ സവിശേഷത
ഇതര ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് ‘സ്വഹീഹുല്‍ ബുഖാരി’യെ വേര്‍തിരിക്കുന്ന നിരവധി പ്രത്യേകതകളുണ്ട്. ഇമാം ബുഖാരിക്ക് മുമ്പു ജീവിച്ചവരും സമകാലികരുമായ ഹദീസ് പണ്ഡിതന്മാര്‍ സ്വീകാര്യമാണെന്ന് ഏകകണ്ഠമായി അംഗീകരിച്ച ഹദീസുകള്‍ മാത്രമാണ് സ്വഹീഹുല്‍ ബുഖാരിയിലെ ഉള്ളടക്കം എന്നത് അതിന്റെ മുഖ്യസവിശേഷതയാണ്. ഹദീസുകള്‍ സ്വഹാബിയില്‍ നിന്ന് പ്രബലരായ രണ്ടു താബിഉകളും അവരില്‍നിന്ന് ബുഖാരിയില്‍ എത്തുന്നത് വരെയുള്ള ഘട്ടങ്ങളില്‍ വിശ്വസ്തരായ രണ്ടു പ്രാമാണികരും റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്ന കര്‍ശനമായ നിബന്ധന അദ്ദേഹം പുലര്‍ത്തിയിരുന്നു. മാത്രമല്ല, റിപ്പോര്‍ട്ട് ചെയ്ത വ്യക്തിയും (റാവി) ആരില്‍ നിന്നാണോ റിപ്പോര്‍ട്ട് ചെയ്തത് ആ ഗുരുവും (ശൈഖ്) ഒരേ കാലത്ത് ജീവിച്ചവരാകണമെന്ന് മാത്രമല്ല, തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ടെന്ന് സംശയമന്യേ സ്ഥാപിതമാവുകയും ചെയ്താല്‍ മാത്രമേ ഇമാം ബുഖാരി റിപ്പോര്‍ട്ട് സ്വീകരിക്കുമായിരുന്നുള്ളൂ. ഇങ്ങനെയൊരു നിബന്ധന സ്വീകരിച്ചത് അദ്ദേഹം മാത്രമാണ്.
ഹദീസുകള്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന തലക്കെട്ടുകളും വിഷയക്രമീകരണവും മറ്റൊരു പ്രധാന സവിശേഷതയാണ്. അഗാധമായ പാണ്ഡിത്യവും ഗവേഷണസിദ്ധിയും വിളിച്ചറിയിക്കുന്നതാണ് പ്രസ്തുത തലക്കെട്ടുകള്‍. തലക്കെട്ടുകളിലെ സൂക്ഷ്മമായ സൂചനകളും നിഗമനങ്ങളും മനസ്സിലാക്കാന്‍ തന്നെ അഗാധമായ പാണ്ഡിത്യവും ഗവേഷണ വൈഭവവും കൂടിയേ തീരൂ. സുപ്രധാന വിഷയങ്ങളില്‍ താന്‍ എത്തിച്ചേര്‍ന്ന സുചിന്തിതമായ അഭിപ്രായങ്ങളിലേക്ക് തലക്കെട്ടുകള്‍ സൂചന നല്‍കുന്നു. ഖുര്‍ആനിക സൂക്തങ്ങളും ഹദീസുകളും ഉദ്ധരിച്ച് അഭിപ്രായങ്ങള്‍ സമര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ഒരേ ഹദീസ് തന്നെ പല പ്രാവശ്യം ആവര്‍ത്തിച്ചുവെന്ന് ആരോപിക്കുന്നവര്‍ ഈ വസ്തുത ഉള്‍ക്കൊള്ളുന്നവരാണ്. ഹദീസുകള്‍ സമാഹരിക്കുക മാത്രമല്ല, ഗഹനമായ ഗവേഷണ മനനങ്ങള്‍ നടത്തി ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ വിദഗ്ധനായ ഗവേഷകനും കൂടിയാണ് ഇമാം ബുഖാരി.
ആശയപരമായും ചിന്താപരമായും ഇമാം ബുഖാരിയോട് അഭിപ്രായ വ്യത്യാസം പുലര്‍ത്തുന്ന മുന്‍ഗാമികളും പിന്‍ഗാമികളുമായ ധാരാളം പണ്ഡിതന്മാര്‍ സ്വഹീഹുല്‍ ബുഖാരിയെ അധികരിച്ച് ഗ്രന്ഥങ്ങള്‍ എഴുതിയെന്നത് അതിന്റെ പ്രാധാന്യവും മഹത്വവുമാണ് വിളിച്ചറിയിക്കുന്നത്. ചിലര്‍ അതിനു വ്യാഖ്യാനങ്ങളും വിശദീകരണങ്ങളുമെഴുതിയപ്പോള്‍ വേറെ ചിലര്‍ അതിലെ വ്യക്തികളെക്കുറിച്ചും തലക്കെട്ടുകളെക്കുറിച്ചും കര്‍മശാസ്ത്രപരമായ ഗവേഷണ ഫലങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ചിലര്‍ അതിനെ സംഗ്രഹിച്ചു, അതിലെ പദാവലിയുടെ ഭാഷാര്‍ഥങ്ങള്‍ വിശദീകരിച്ചു. പല രൂപത്തിലായി നൂറിലേറെ വ്യാഖ്യാനഗ്രന്ഥങ്ങള്‍ അറബിയിലും മറ്റുമായി അതിന് ഉണ്ടായി എന്നത് മനുഷ്യന്‍ ക്രോഡീകരിച്ച മറ്റൊരു ഗ്രന്ഥത്തിനും അവകാശപ്പെടാനാവില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ശൈഖുല്‍ ഇസ്‌ലാം അബ്ദുല്‍ ഫദ്ല്‍ അഹ്‌മദ്ബ്‌നു അലിയ്യുബ്‌നു ഹജറില്‍ അസ്ഖലാനി (ഹി.852) രചിച്ച ‘ഫത്ഹുല്‍ബാരി’യാണ്. സൂക്ഷ്മ വിശകലനത്തിലും വൈജ്ഞാനിക അപഗ്രഥനത്തിലും മികച്ച നിലവാരം പുലര്‍ത്തുന്ന ഈ കൃതി മറ്റേതൊരു വിശദീകരണത്തെയും പിന്നിലാക്കും വിധം സമ്പൂര്‍ണവും സമഗ്രവുമാണ്. സര്‍ഖാവി പറഞ്ഞു: ”ഫത്ഹുല്‍ബാരി രചിച്ചതോടുകൂടി ബുഖാരിയോടുള്ള സമുദായത്തിന്റെ ബാധ്യത നിര്‍വ്വഹിക്കപ്പെട്ടതായി കണക്കാക്കാവുന്നതാണ്”. ഹിജ്‌റ 817ല്‍ ഈ വിശദീകരണം എഴുതാന്‍ തുടങ്ങുന്നതിന് മുമ്പ് ‘മുഖദ്ദിമ’ എന്ന പേരില്‍ ഒരു ആമുഖം ഇബ്‌നു ഹജര്‍ രചിച്ചിരുന്നു. അല്പാല്‍പം എഴുതി ഒരു വാള്യം പൂര്‍ത്തിയായപ്പോള്‍ പണ്ഡിതന്മാരുടെ സദസ്സില്‍ അത് അവതരിപ്പിക്കുകയും സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി കണ്ടെത്തുകയും ചെയ്ത ശേഷമാണ് അതു പ്രസിദ്ധീകരിച്ചത്.
സ്വഹീഹു മുസ്‌ലിം
ബഹുഭൂരിഭാഗം പണ്ഡിതന്മാരുടെയും വീക്ഷണത്തില്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ ദ്വിതീയ സ്ഥാനത്ത് നില്‍ക്കുന്ന ഗ്രന്ഥമാണ് സ്വഹീഹു മുസ്‌ലിം. പ്രഥമസ്ഥാനം സ്വഹീഹുല്‍ ബുഖാരിക്കാണ്. ‘അസ്സ്വഹീഹുല്‍ മുസ്‌നദ്’ എന്നാണ് ഈ ഗ്രന്ഥത്തിന്റെ യഥാര്‍ഥ നാമം. ‘അല്‍ജാമിഉസ്സ്വഹീഹ്’ എന്ന പേരിലും അറിയപ്പെടുന്നു. പൊതുവില്‍ ‘സ്വഹീഹു മുസ്‌ലിം’ എന്നാണ് പറഞ്ഞുവരുന്നത്.
സ്വഹീഹു മുസ്‌ലിമിന്റെ കര്‍ത്താവ് ഇമാം മുസ്‌ലിം, ഇമാം ബുഖാരിയുടെ ശിഷ്യനാണ്. അതുകൊണ്ടുതന്നെ ഗുരുനാഥന്റെ വ്യക്തിത്വവും രചനാശൈലിയും ശിഷ്യനെ സ്വാധീനിച്ചു. ഇമാം ബുഖാരി സ്വഹീഹുല്‍ ബുഖാരി രചിച്ചപ്പോള്‍ ശിഷ്യന്‍ ഇമാം മുസ്‌ലിമും അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നു. പ്രബലവും കുറ്റമറ്റതുമായ ഹദീസുകള്‍ മനസ്സിലാക്കുന്നതിലും ന്യൂനതകള്‍ വ്യവഛേദിച്ചറിയുന്നതിലും തന്റെ സമകാലികരെ കവച്ചുവെച്ച് അദ്ദേഹം അത്യുന്നത പദവിയിലെത്തി.
മൂന്ന് ലക്ഷം ഹദീസുകള്‍ ശ്രവിച്ച ശേഷമാണ് ഇമാം മുസ്‌ലിം ഹദീസുകള്‍ തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ സതീര്‍ഥ്യന്‍ അഹ്‌മദുബ്‌നു സലമ പറയുന്നു: ”ഇമാം മുസ്‌ലിം സഹീഹിന്റെ രചനക്ക് ചെലവഴിച്ച പതിനഞ്ചു വര്‍ഷവും ഞാനദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഈ കൃത്യനിര്‍വ്വഹണത്തിന് ഇമാം അതീവ പരിഗണന നല്‍കി. ഹദീസുകള്‍ പൂര്‍ണ മികവോടെ തെരഞ്ഞടുക്കുന്നതിലും സ്ഫുടം ചെയ്‌തെടുക്കുന്നതിലും കഠിനാധ്വാനം ചെയ്തു.” ഇമാം മുസ്‌ലി പറയുന്നു: ”പ്രമാണത്തിന്റെ പിന്‍ബലമില്ലാത്ത ഒന്നും ഞാന്‍ ഈ മുസ്‌നദില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. തെളിവിന്റെ പിന്‍ബലത്തോട് കൂടിയേ ഞാനിതില്‍ നിന്ന് എന്തെങ്കിലും ഒഴിവാക്കിയിട്ടുള്ളൂ. ഞാന്‍ രചിച്ചുകൊണ്ടിരിക്കുന്ന ഈ ഗ്രന്ഥം/മുസ്‌നദ് അബൂസുര്‍അയെ കാണിച്ചു. ഈ ഹദീസുകള്‍ക്ക് ന്യൂനതയും വൈകല്യവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചവയെല്ലാം ഞാനതില്‍നിന്ന് ഒഴിവാക്കി. അപ്രകാരം ഇന്ന ഇന്ന ഹദീസുകള്‍ വൈകല്യമുക്തവും പ്രബലവുമാണെന്ന് അദ്ദേഹം പറഞ്ഞവയെല്ലാം ഞാന്‍ സ്വീകരിക്കുകയും ചെയ്തു”.
പ്രബലവും നിവേദക പരമ്പര നബി(സ്വ)യിലേക്ക് ചേര്‍ക്കപ്പെട്ടതുമായ ഹദീസുകളാണ് സ്വഹീഹു മുസ്‌ലിമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അവ വിശദമായ സരണികളിലൂടെയും നിവേദക ശൃംഖലയിലൂടെയും നിരവധി അധ്യായങ്ങളായി ക്രോഡീകരിച്ചിരിക്കുന്നു. ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍ ഹദീസ് സ്വീകരണത്തിന് സ്വീകരിച്ചിട്ടുള്ള ഉപാധികള്‍ ഇവയാണ്. 1) നിവേദക പരമ്പര പൂര്‍ണമായിരിക്കുക (ഇടമുറിയാത്തതായിരിക്കുക). 2) നിവേദകര്‍ ആദ്യാവസാനം വിശ്വസ്തരും പ്രബലരുമായിരിക്കുക. 3) ശാദ് അല്ലാതിരിക്കുക (തന്നേക്കാള്‍ പ്രബലരായ നിവേദകര്‍ നിവേദനം ചെയ്ത ഹദീസുകള്‍ക്ക് വിരുദ്ധമാവാതിരിക്കുക. 4) ഹദീസ്, ന്യൂനത ഉള്ളതല്ലാതിരിക്കുക. ഇമാം ബുഖാരി സ്വഹീഹുല്‍ ബുഖാരിയില്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ തന്നെയാണിവ. പക്ഷേ ഹദീസ് നിവേദകന്‍ താന്‍ ഉദ്ധരിക്കുന്ന വ്യക്തിയെ കാണുകയും അയാളില്‍ നിന്ന് നേരിട്ട് ശ്രവിക്കുകയും ചെയ്തിരിക്കണമെന്ന ഇമാം ബുഖാരിയുടെ നിബന്ധനയോട് ഇമാം മുസ്‌ലിം വിയോജിക്കുന്നു. മുസ്‌ലിമിന്റെ വീക്ഷണത്തില്‍ നിവേദകര്‍ സമകാലികരായാല്‍ മതി. നേരിട്ട് കണ്ടുവെന്ന് സ്ഥിരപ്പെടണമെന്നില്ല.
വളരെ ഉത്തമമായ രീതിയിലാണ് ഇമാം മുസ്‌ലിം സ്വഹീഹ് സംവിധാനിച്ചിട്ടുള്ളത്. ഓരോ അധ്യായവും ശീര്‍ഷകവുമായി ബന്ധപ്പെട്ട ഹദീസുകള്‍ തനിക്ക് സ്വീകാര്യമായ നിവേദക പരമ്പരകളോടെ ഒരേ സ്ഥലത്ത് നല്‍കി. അതേസമയം അധ്യായങ്ങള്‍ക്കും ഉപാധ്യായങ്ങള്‍ക്കും അദ്ദേഹം നാമകരണം നല്‍കിയിട്ടില്ല. ഗ്രന്ഥത്തിന്റെ വലുപ്പം കൂടാതിരിക്കുകയെന്നതായിരുന്നു അതിനു കാരണം. മറ്റു പരിഗണനകളുമുണ്ടാകാം. നിലവില്‍ നാം കാണുന്ന അധ്യായങ്ങളുടെയും ഉപാധ്യായങ്ങളുടെയും ശീര്‍ഷകങ്ങള്‍ ഇമാം നവവിയെപോലെയുള്ള സ്വഹീഹു മുസ്‌ലിമിന്റെ വ്യാഖ്യാതാക്കള്‍ പില്‍ക്കാലത്ത് നല്‍കിയതാണ്.
സ്വഹീഹു മുസ്‌ലിമില്‍ ആകെ 12,000 ഹദീസുകളാണുള്ളത്. മൂന്ന് ലക്ഷം ഹദീസുകളില്‍ നിന്നാണ് ഇത് തിരഞ്ഞെടുത്തത്. 4000 ഹദീസുകളേ ആവര്‍ത്തനം കൂടാതെ ഉള്ളൂ. ഇമാം ദഹബി എഴുതുന്നു: ‘സ്വഹീഹു മുസ്‌ലിമിലെ ഹദീസുകളുടെ ആവര്‍ത്തനത്തിന്റെ സ്വഭാവം ഇതാണ്. ‘ഖുതൈബ എന്നോട് പറഞ്ഞു, ഇബ്‌നു റുംഹ് എന്നെ അറിയിച്ചു എന്ന് തുടങ്ങുന്ന നിവേദനം, ഇരുവരും ഉദ്ധരിക്കുന്ന ഹദീസ് വചനം സമാനമാണെങ്കിലും, അല്ലെങ്കില്‍ ഒരു പദത്തില്‍ വ്യത്യാസം വന്നാലും അവ രണ്ട് ഹദീസ് ആയിട്ടാണ് ഇമാം മുസ്‌ലിം പരിഗണിച്ചത്. ഒരു ഹദീസിന്റെ ആവര്‍ത്തനങ്ങള്‍ ഒരേ സ്ഥലത്ത് നല്‍കിയിരിക്കുന്നു. നിവേദകസരണി കൂടുതലുള്ളപ്പോഴും ഹദീസ് മൂലവാക്യം (മത്‌ന്) കുറവുള്ളപ്പോഴുമാണ് അധികവും ആവര്‍ത്തനം വന്നിട്ടുള്ളത്’.
സ്വഹീഹു മുസ്‌ലിമിന്റെ പ്രത്യേകതകള്‍
ഹദീസ് ഗ്രന്ഥങ്ങളില്‍ രണ്ടാം സ്ഥാനമാണ് സ്വഹീഹു മുസ്‌ലിമിനുള്ളത്. ഇമാം നവവി എഴുതുന്നു: ‘സ്വഹീഹു മുസ്‌ലിമിന്റെ നിവേദക പരമ്പര, ഹദീസ് ക്രോഡീകരണം, അതുല്യമായ അവതാരണ രീതി, നിവേദനത്തിലെ സൂക്ഷ്മതയും ശ്രദ്ധയും, നിവേദക പരമ്പരകളുടെ സംക്ഷേപണം, വ്യത്യസ്ത പരമ്പരകളുടെ സംശ്ലേഷണം തുടങ്ങിയവയുടെ ഭംഗിയും അനിതര സാധാരണത്വവും പരിശോധിച്ചാല്‍ അദ്ദേഹം തന്റെ കാലഘട്ടത്തിലെ അതുല്യ പ്രതിഭയായിരുന്നുവെന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന് സമന്‍മാരായിട്ടുള്ളവര്‍ അക്കാലത്ത് വിരളമായിരുന്നു’. സ്വഹീഹു മുസ്‌ലിമിന്റെ പ്രധാന പ്രത്യേകതകള്‍ താഴെപറയുന്നവയാണ്:
1) വിവിധ വഴികളിലൂടെയുള്ള ഹദീസുകളെല്ലാം ഒരിടത്ത് ശേഖരിച്ചു.
2) ഉള്ളടക്കം പൂര്‍ണമായും ചുരുക്കാതെ അദ്ദേഹം കൊടുത്തു. ചുരുക്കുകയാണെങ്കില്‍ അക്കാര്യം പ്രത്യേകം സൂചിപ്പിക്കുകയും ചെയ്തു.
3) 54 കിതാബുകളിലായി ഹദീസുകള്‍ സമാഹരിച്ചു.
4) ഇമാം ബുഖാരിയെപ്പോലെ അധ്യായങ്ങള്‍ക്ക് ശീര്‍ഷക നാമം നല്‍കിയിട്ടില്ല.
5)നിവേദകപരമ്പര പ്രവാചകനില്‍ എത്തിയ ഹദീസുകള്‍ മാത്രം കൊടുത്തു. സഹാബി-താബിഉകളുടെ വാക്യങ്ങള്‍ കൊടുത്തില്ല.
6) അഖ്ബറനാ, ഹദ്ദസനാ എന്നിവയുടെ സൂഷ്മമായ അര്‍ഥവ്യത്യാസം രേഖപ്പെടുത്തി.
7) നിവേദകപരമ്പര നല്‍കുന്നതില്‍ പ്രത്യേക രീതി സ്വീകരിച്ചു. വിവിധ സരണികളിലൂടെ ഒരു ഹദീസ് ഉദ്ധരിക്കും. എല്ലാ സനദുകളും ഉള്ളടക്കത്തോടൊപ്പം പ്രത്യേകമായിരിക്കും.
8) 220ല്‍ പരം ഗുരുനാഥരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്തു.
9) ദുര്‍ബലരും, വര്‍ജ്യമെന്ന് ഭൂരിപക്ഷ പണ്ഡിതാഭിപ്രായമുള്ള നിവേദകരില്‍ നിന്ന് ഹദീസ് ഉദ്ധരിച്ചിട്ടില്ല.
വ്യാഖ്യാനങ്ങളും സംഗ്രഹങ്ങളും
സ്വഹീഹു മുസ്‌ലിമിന് അനേകം വ്യാഖ്യാനങ്ങളും സംഗ്രഹങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ഇമാം നവവിയുടെ ‘അല്‍മിന്‍ഹാജു ഫീ ശര്‍ഹി സ്വഹീഹി മുസ്‌ലിം’ ആണ് അവയില്‍ ഏറ്റവും പ്രസിദ്ധം. സ്വഹീഹു മുസ്‌ലിമിന്റെ പ്രസിദ്ധമായ മറ്റു ചില വ്യാഖ്യാനങ്ങള്‍ ചുവടെ പറയുന്നു.
1) അല്‍കമാലുല്‍ മുഅല്ലിം ഫീ ശര്‍ഹി മുസ്‌ലിം-അല്ലാമാ ഖാദി ഇയാദ്
2) ശര്‍ഹു സ്വഹീഹി മുസ്‌ലിം – ഇബ്‌നുല്‍ ജൗസി
3) ശര്‍ഹു സ്വഹീഹി മുസ്‌ലിം – ഖാദി സൈനുദ്ദീന്‍ സകരിയ്യബ്‌നു മുഹമ്മദ് അല്‍ അന്‍സാരി
4) മുഖ്തസ്വറുസ്വഹീഹില്‍ മുസ്‌ലിം – ഇമാം ഹാഫിള് സകിയ്യുദ്ദീന്‍ അല്‍മുന്‍ദിരി
5) മുഖ്തസ്വറുസ്വഹീഹി മുസ്‌ലിം – മുഹമ്മദു ബ്‌നു അഹ്‌മദ് ആല്‍ അസ്‌നവി (തൊട്ടുമുകളില്‍ പറഞ്ഞ അല്‍മുന്‍ദിരിയുടെ മുഖ്തസറിന്റെ വിവരണമാണിത്)
6) അസ്സിറാജുല്‍ വഹ്ഹാജ് ഫീ ശര്‍ഹി മുഖ്തസ്വരില്‍ മുസ്‌ലിമുബ്‌നു ഹജ്ജാജ് – അല്‍മുന്‍ദിരിയുടെ സംഗ്രഹത്തിന്റെ വിവരണമായ ഈ കൃതിയുടെ കര്‍ത്താവ് ഇന്ത്യന്‍ പണ്ഡിതനായ അല്ലാമാനവാബ് സിദ്ദീഖ് ഹസന്‍ഖാന്‍ ആണ്.
സുനനു അബീദാവൂദ്
അബൂദാവൂദ് സുലൈമാനു ബ്‌നു അശ്അസിബ്‌ന് ഇസ്ഹാഖ് സജിസ്താനി എന്ന പൂര്‍ണനാമത്തില്‍ അറിയപ്പെട്ട ഇമാം അബൂദാവൂദ് ഹി. 202 ല്‍ സജസ്താന്‍ പട്ടണത്തില്‍ ജനിച്ചു. അബ്ബാസി ഭരണത്തിന്റെ സുവര്‍ണ ഘട്ടമായിരുന്നു ഇത്. ജീവിതത്തിന്റെ സിംഹഭാഗവും കഴിച്ചുകൂട്ടിയ ബഗ്ദാദില്‍ വെച്ചുതന്നെയാണ് അദ്ദേഹം സുനനിന്റെ രചന നിര്‍വ്വഹിച്ചത്. ഹിജ്‌റ 71ല്‍, വിജ്ഞാനങ്ങളുടെ കേന്ദ്രമായ ബസ്വറയിലേക്ക് താമസം മാറി. ഹി: 275 ല്‍ അവിടെ വെച്ച് മരണപ്പെട്ടു.
ഇമാം അബൂദാവൂദിന്റെ ഹദീസ് ഗ്രന്ഥത്തിന് സുനനു അബീദാവൂദ് എന്നാണ് പേര്. 35 അധ്യായങ്ങളിലായി ആവര്‍ത്തനങ്ങള്‍ ഒഴിച്ച് 5274 ഹദീസുകളാണ് ഇതിലുള്ളത്. വിവിധ പണ്ഡിതന്മാരില്‍ നിന്നായി ഇമാം 5 ലക്ഷം ഹദീസുകള്‍ മനഃപാഠമാക്കിയിരുന്നു. അവയില്‍നിന്ന് തിരഞ്ഞെടുത്ത 5274 ഹദീസുകള്‍ മാത്രമാണ് അദ്ദേഹം തന്റെ സുനനില്‍ ചേര്‍ത്തിട്ടുള്ളത്. ശുചീകരണം എന്ന അധ്യായം കൊണ്ടാണ് സുനന്‍ ആരംഭിക്കുന്നത്. അഹ്കാമുകളെ (വിധി) സംബന്ധിച്ചുള്ള മിക്ക ഹദീസുകളും അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇമാം ഇബ്‌നുല്‍ അറബി പറയുന്നു: ”തന്റെ കൈവശം അല്ലാഹുവിന്റെ കലാമായ പരിശുദ്ധ ഖുര്‍ആനും പിന്നെ സുനനു അബീദാവൂദും ഉണ്ടെങ്കില്‍ ഒരാള്‍ക്ക് വിജ്ഞാനം കരസ്ഥമാക്കാന്‍ മറ്റൊന്നും തന്നെ അവന്‍ ആശ്രയിക്കേണ്ടതില്ല.”
ഹദീസ് പണ്ഡിതന്മാര്‍ ചില പ്രത്യേക രീതിയില്‍ ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ശ്രമിക്കുന്നത് ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. പലരും ഹദീസുകള്‍ അക്ഷരം പിഴക്കാതെ അതിസൂക്ഷ്മമായി ഉദ്ധരിക്കാനാണ് നിഷ്‌കര്‍ഷത പുലര്‍ത്തിയത്. കര്‍മ്മശാസ്ത്ര പ്രശ്‌നങ്ങള്‍ അവര്‍ അത്ര ഗൗനിച്ചില്ല. ഇത് ഇമാമുമാരെക്കുറിച്ച് മോശമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാനിടയാക്കി. ഇമാം അബൂഹനീഫയെക്കുറിച്ച് ഹുമൈദിയും ഇമാം ശാഫിയെക്കുറിച്ച് അഹ്‌മദുബ്‌നു അബ്ദില്ലാഹ് അല്‍ അജലിയും നടത്തിയ വിമര്‍ശനങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. അതിനാല്‍ കര്‍മശാസ്ത്രകാരന്മാരുടെ അഭിപ്രായങ്ങള്‍ കൂടി തന്റെ സുനനില്‍ ഉള്‍പ്പെടുത്താന്‍ അബൂദാവൂദ് ശ്രദ്ധിച്ചു. ഇമാമുമാരായ മാലിക്, സൗരി, ശാഫിഈ, തുടങ്ങിയവരുടെ മദ്ഹബുകളുടെ അവലംബങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
മുസ്‌ലിം പണ്ഡിതലോകത്ത് സ്വീകാര്യത നേടിയ ഗ്രന്ഥമാണിത്. ഖത്താബിയുടെ അഭിപ്രായമനുസരിച്ച് സുനനു അബീദാവൂദ് പോലുള്ളൊരു ഗ്രന്ഥം നാളിതുവരെ രചിക്കപ്പെട്ടിട്ടില്ല. ഹദീസ് നിവേദന നിരൂപണത്തില്‍ അതിതീവ്രത പുലര്‍ത്തുന്ന ഇബ്‌നുല്‍ ജൗസി, തിര്‍മിതിയുടെ മുപ്പതും നസാഈയുടെ പത്തും അബൂദാവൂദിന്റെ ഒമ്പതും എണ്ണം ഹദീസുകള്‍ വ്യാജനിര്‍മിതമെന്ന് പറഞ്ഞിട്ടുണ്ട്. ഇതിന് പണ്ഡിതലോകം മറുപടിയും പറഞ്ഞിട്ടുണ്ട്. സുനന്‍ അര്‍ബഅയില്‍ അബൂദാവൂദിന്റെതാണ് സ്വീകാര്യതയില്‍ മുന്നിട്ടു നില്‍ക്കുന്നത്.
ഒരേ സനദില്‍ വ്യത്യസ്ത സനദുകള്‍ വിവരിക്കുന്നതു പോലെ ഒരേ മത്‌നില്‍ പല മത്‌നുകളും ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. മാത്രമല്ല, ഓരോ ഹദീസിലെയും വ്യത്യസ്ത പദങ്ങളെ പ്രത്യേകം എടുത്തുദ്ധരിക്കും. ഇതിലൂടെ ധാരാളം കാര്യങ്ങള്‍ക്ക് വ്യക്തത കിട്ടും. പദങ്ങളുടെ ഏറ്റക്കുറച്ചില്‍, വ്യത്യാസം, റിപ്പോര്‍ട്ടറുടെ വിശേഷണം, എന്നിവയൊക്കെ രേഖപ്പെടുത്തിയിരിക്കും. ഒറ്റതലക്കെട്ടില്‍ വിവിധ വിഷയങ്ങളുള്‍ക്കൊള്ളുന്ന രിവായത്തുകള്‍ ചിലപ്പോള്‍ കൊണ്ടുവരും. പെരുമാറ്റ മര്യാദകള്‍ (കിതാബുല്‍ ആദാബ്) ക്ക് തന്റെ സുനനില്‍ അദ്ദേഹം പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ട്.
ഇരുപതിലേറെ വ്യാഖ്യാനങ്ങളും (ശര്‍ഹുകള്‍) വ്യാഖ്യാനക്കുറിപ്പുകളും (ഹാശിയ) അബൂദാവൂദിന്റെ ഈ ഹദീസ് സമാഹാരത്തിനുണ്ട്. അവയില്‍ ചിലത് അപൂര്‍ണമാണ്. ഖത്താബിയുടെ മആലിമുസ്സുനന്‍, സുയൂത്ത്വിയുടെ മിര്‍വാത്തുസ്സുഊദാ, ഇബ്‌നുല്‍ ഖയ്യിമിന്റെ തഹ്ദീബുസ്സുനന്‍ ഔനുല്‍ മഅ്ബുദ് എന്ന സംക്ഷിപ്ത വിവരണം എന്നിവയാണ് അറിയപ്പെടുന്ന വ്യാഖ്യാന കൃതികള്‍.
സുനനുത്തിര്‍മിദി
അബൂഈസാ മുഹമ്മദുബ്‌നു ഈസബ്‌നു സൗറ ഹിജ്‌റ 209 ല്‍ തിര്‍മിദ് എന്ന പുരാതന പട്ടണത്തില്‍ ജനിച്ചു. കുട്ടിക്കാലത്തു തന്നെ ഹദീസിനോട് വലിയ താല്പര്യം കാണിച്ച തിര്‍മിദി പല നാടുകളിലും സഞ്ചരിച്ച് ഹദീസുകള്‍ പഠിച്ചു. ഇമാം ബുഖാരി, മുസ്‌ലിം, ഖുതൈ്വബ, അബൂദാവൂദ് തുടങ്ങിയ പ്രമുഖരായിരുന്നു ഗുരുക്കന്മാര്‍. ഇമാം ബുഖാരിയുടെ അരുമശിഷ്യനായിരുന്നു തിര്‍മിദി. ബുഖാരി അദ്ദേഹത്തില്‍ നിന്ന് രണ്ട് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മശക്തി അപാരമായിരുന്നു. ഫിഖ്ഹ്, തഫ്‌സീര്‍ വിഷയങ്ങളില്‍ അദ്ദേഹത്തിന് നല്ല അവഗാഹമുണ്ടായിരുന്നു. നിരവധി വിഷയങ്ങളെ അധികരിച്ച് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എട്ടു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഹദീസ് ഗ്രന്ഥങ്ങളെയാണ് ‘ജാമിഅ്’ എന്നു വിളിക്കുന്നത്. തിര്‍മിദിയുടെ സമാഹാരം ഈ വിശേഷണത്തിന് അര്‍ഹമാണ്. എന്നാല്‍ കര്‍മശാസ്ത്ര വിഷയങ്ങളുടെ ക്രോഡീകരണം പോലെ, ശുചിത്വം, സംസ്‌കാരം, സകാത്ത്, നോമ്പ് എന്നീ ക്രമമനുസരിച്ച് രചിക്കപ്പെട്ട ഗ്രന്ഥമായതുകൊണ്ട് ഇതിന് ‘സുനന്‍’ എന്നും പേര്‍ വിളിക്കാറുണ്ട്.
സച്ചരിതരായ മുന്‍ഗാമികളുടെ അഭിപ്രായങ്ങള്‍ ഈ സുനനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആവര്‍ത്തന വിരസതയുടെ പഴുതടച്ച് മെച്ചപ്പെട്ട ക്രോഡീകരണമാണ് നിര്‍വഹിച്ചത്. കര്‍മശാസ്ത്ര പണ്ഡിതന്മാരെക്കുറിച്ചും അവരുടെ വീക്ഷണങ്ങളെക്കുറിച്ചും അവര്‍ നിരത്തുന്ന തെളിവുകളെക്കുറിച്ചും വിവരണങ്ങള്‍ കാണാം. ഹദീസുകളുടെ ഇനങ്ങള്‍ (സ്വഹീഹ്, ഹസന്‍, ദഊഫ്, ഗരീബ്, മുഅല്ലല്‍) വിശദീകരിക്കുന്നു. ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ പേരുകള്‍, സ്ഥാനപ്പേരുകള്‍, ഓമനപ്പേരുകള്‍ എന്നിവ സംബന്ധിച്ച് പ്രത്യേകം നിര്‍വചനങ്ങളും തിര്‍മിദി നടത്തിയിട്ടുണ്ട്.
ഹദീസുകളില്‍ ഹസന്‍ എന്ന ഒരിനത്തിന്റെ ഉപജ്ഞാതാവ് തിര്‍മിദിയാണെന്ന് ഇബ്‌നു സ്വലാഹ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഓരോ വിഷയത്തിലും പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ (മദ്ഹബ്) ക്രോഡീകരിക്കുക തിര്‍മിദിയുടെ പ്രധാന ലക്ഷ്യമായിരുന്നു. മുന്‍ഗാമികളും സമകാലികരുമായ നിരവധി പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ സുനനില്‍ സമാഹരിച്ചതായി കാണാം.
ഇമാം തിര്‍മിദി സ്വീകാര്യമായ സനദുള്ള പ്രസിദ്ധമായ ഒരു ഹദീസ് ഉദ്ധരിച്ചുകൊണ്ടാണ് അധ്യായങ്ങള്‍ക്ക് തുടക്കം കുറിക്കുക. സ്വിഹാഹുസ്സിത്തയില്‍ (സ്വീകാര്യയോഗ്യമായ ആറ് ഹദീസ് ഗ്രന്ഥങ്ങളില്‍) പ്രസ്തുത ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ശേഷം അത്ര പ്രസിദ്ധമല്ലാത്ത മറ്റൊരു ഹദീസ് ഉദ്ധരിച്ച് അധ്യായത്തിന് കൊടുത്ത തലക്കെട്ടിനോട് നീതി പുലര്‍ത്തും. തുടര്‍ന്ന് പ്രസ്തുത വിഷയം റിപ്പോര്‍ട്ട് ചെയ്ത പലരുടെയും പേരുകള്‍ (ആദ്യം റിപ്പോര്‍ട്ട് ചെയ്ത സ്വഹാബിയുടേത് ഉള്‍പ്പെടെ) ചേര്‍ക്കുന്നു. ഹദീസ് കുതുകികള്‍ക്ക് ഇത് വളരെ പ്രയോജനം ചെയ്യും. പ്രശസ്തരല്ലാത്ത ആ ഹദീസിനെക്കുറിച്ച് വിശദാംശങ്ങള്‍ അതിലുണ്ടാവും എന്നതാണ് കാരണം. സ്വഹാബിമാരുടെയും അവരുടെ പുത്രന്മാരുടെയും പേരുകളില്‍ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ ദുരീകരിക്കുന്നു. ഒരേ പേരിലുള്ളവയ്ക്ക് പ്രത്യേകം വിശേഷണങ്ങള്‍ നല്‍കി വ്യക്തത നല്‍കുന്നു. ദീര്‍ഘമായ ഹദീസുകളെ ചുരുക്കി അവതരിപ്പിക്കുന്നു എന്നതും സുനനുത്തിര്‍മിദിയുടെ മറ്റൊരു പ്രത്യേകതയാണ്. ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഈ മുതലായവരുടെ നിലവാരത്തെ അപേക്ഷിച്ച് തിര്‍മിദി പിന്നിലാണെങ്കിലും സ്വഹീഹായ ഹദീസുകള്‍ കൊടുത്ത ശേഷം പ്രസ്തുത വിഷയത്തിലുള്ള സ്വഹീഹായ മറ്റു ഹദീസുകളിലേക്ക് വിരല്‍ ചൂണ്ടി സനദിലെ ശരികേടുകളെ കുറിച്ച് ഉണര്‍ത്തുന്നതിനാല്‍ തിര്‍മിദിയുടെ സ്ഥാനവും ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.
ജാമിഉത്തിര്‍മിദിക്ക് പലരും വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. അവയില്‍ പ്രസിദ്ധമായത് അബ്ദുറഹ്‌മാന്‍ അല്‍ മുബാറക് പൂരി (ഹിജ്‌റ 1353) എന്ന ഇന്ത്യന്‍ പണ്ഡിതന്‍ രചിച്ച ‘തുഹ്ഫതുല്‍ അഹ്‌വദി’ എന്ന ഗ്രന്ഥമാകുന്നു.
സുനനു ന്നസാഈ
ഇമാം നസാഈയുടെ മുഴുവന്‍ പേര് അബൂഅബ്ദിര്‍റഹ്‌മാന്‍ അഹ്‌മദുബ്‌നു ശുഐബിബ്‌നി അലി നസാഈ എന്നാണ്. ഖുറാസാന്‍ സംസ്ഥാനത്തില്‍പെട്ട ‘നസാ’ എന്ന സ്ഥലത്ത് ഹിജ്‌റ 215 ല്‍ ജനിച്ചു. 214 ല്‍ ആണ് എന്നും അഭിപ്രായമുണ്ട്. ജന്മനാട്ടിലേക്ക് ചേര്‍ത്ത്‌കൊണ്ട് ഇമാം ‘നസാഈ’ എന്ന പേരില്‍ അറിയപ്പെട്ടു. ഖുറാസാന്‍, ഹിജാസ്, ഇറാക്, ജസീറ എന്നീ സ്ഥലങ്ങളിലെല്ലാം അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. ഇസ്ഹാഖുബ്‌നു റാഹ വൈഹി, സുലൈമാനുബ്‌നു അശ്അസ്, അലിയ്യ്ബ്‌നുഹിക്മര്‍, അബൂദാവൂദ് സ്സജസ്താനി മുതലായ പണ്ഡിതന്മാരില്‍ നിന്ന് ഇദ്ദേഹം ഹദീസ് പഠിച്ചിട്ടുണ്ട്. തികഞ്ഞ മതഭക്തനായിരുന്ന ഇമാം നസാഈ, സുന്നത്തുകള്‍ ജീവിതത്തില്‍ പുലര്‍ത്തുന്നതില്‍ അതീവ നിഷ്‌കര്‍ഷത പുലര്‍ത്തിയിരുന്നു. ബിദ്അത്തുകളെ പാടെ അവഗണിക്കുകയും അവയോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും ചെയ്തതിനാല്‍ ജീവിതാന്ത്യത്തില്‍ അദ്ദേഹത്തിന് ഏറെ മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടതായി വന്നു.
സ്വിഹാഹുസ്സിത്തയില്‍ അഞ്ചാമത്തെ ഹദീസ് ഗ്രന്ഥമാണ് സുനനുന്നസാഈ. ഇത് സുനന്‍ എന്ന വിഭാഗത്തില്‍ പെട്ടതാകുന്നു. അത് പേരില്‍ നിന്നുതന്നെ മനസ്സിലാക്കാം. ഇമാം നസാഈ ആദ്യം അസ്സുനനുല്‍ കുബ്‌റാ എന്ന പേരില്‍ ഒരു ഹദീസ് ഗ്രന്ഥം രചിച്ചു. അത് ഇന്ന് നാം കാണുന്ന ”സുനനുന്നസാഇയെക്കാള്‍ രണ്ടിരട്ടിയുള്ളതായിരുന്നു. പിന്നീട് അദ്ദേഹം അതില്‍ നിന്നും തിരഞ്ഞടുത്ത് സംഗ്രഹിച്ച് എഴുതിയതാണ് അല്‍മുജ്തബാ മിനസുനനില്‍ കുബ്‌റാ എന്ന ഹദീസ് ഗ്രന്ഥം. ഇതില്‍ തള്ളപ്പെടേണ്ടതായ (മര്‍ദൂദായ) ഹദീസുകള്‍ വളരെ കുറവാണ്.
ബുഖാരിയുടെയും മുസ്‌ലിമിന്റെയും ശൈലീഭദ്രവും സുന്ദരവുമായ ക്രമീകരണം, സനദിലെ പോരായ്മകളെക്കുറിച്ച് വിശദീകരണം എന്നീ കാരണങ്ങളാല്‍ നസാഇയുടെ സമാഹാരം ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഹദീസുകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ അദ്ദേഹം കടുത്ത നിബന്ധനകള്‍ ചുമത്തി. ബുഖാരി-മുസ്‌ലിമിനെക്കാള്‍ തീവ്രമായ നിബന്ധനകളാണ് നസാഇയുടേതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ബുഖാരിക്കും മുസ്‌ലിമിനും ശേഷം നസാഈക്ക് മൂന്നാംസ്ഥാനം നല്‍കണമെന്നാണ് അവരുടെ പക്ഷം. റിപ്പോര്‍ട്ടര്‍മാരുടെ പേരുകള്‍, അവരുടെ ഇരട്ടപ്പേരുകള്‍, തുടങ്ങിയ തിര്‍മിദിയെപ്പോലെ നസാഈയും വ്യക്തമായി രേഖപ്പെടുത്തുന്നു.
മറ്റ് ഹദീസ് ഗ്രന്ഥങ്ങള്‍ക്കുള്ളതുപോലെ ധാരാളം വ്യാഖ്യാനകൃതികള്‍ നസാഇക്ക് ഉണ്ടായിട്ടില്ല. ആറു നൂറ്റാണ്ടിന് ശേഷം ഹി. 911 ല്‍ ജലാലൂദ്ദീന്‍ സുയൂഥിയാണ് ആ ദൗത്യം ഏറ്റെടുത്തത്. മറ്റൊന്ന് മുഹമ്മദുബ്‌നു അലിയ്യില്‍ അസ്‌യൂബിയുടേതാണ്. ശന്‍ഖീത്വിയുടെ കിതാബുര്‍ റാഇഅ് നസാഈയുടെ വ്യാഖ്യാനമാണ്.
സുനനു ഇബ്‌നി മാജ
അബൂ അബ്ദില്ലാഹ് മുഹമ്മദുബ്‌നു യസീദ് അര്‍റബഈ അല്‍ഖസ്‌വീനി എന്നാണ് മുഴുവന്‍ പേര്. ഇബ്‌നുമാജ എന്ന നാമത്തില്‍ അറിയപ്പെട്ടു. ഹിജ്‌റ 207 ല്‍ ദൈലമിന്നടുത്ത ഖസ്‌വീന്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. ഹി. 209 ലാണ് ജനനമെന്നും അഭിപ്രായമുണ്ട്. ഖുറാസാന്‍, ഹിജാസ്, ഇറാക്, മിസ്വ്ര്‍, ശാം, ബഗ്ദാദ്, കൂഫ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം ഹദീസ് പഠിക്കുകയും ശേഖരിക്കുകയും ചെയ്തു. ഇമാം മാലിക്(റ)ന്റെയും ഇമാം ലൈസിന്റെയും ശിഷ്യന്മാരില്‍നിന്നും മറ്റനേകം പണ്ഡിതന്മാരില്‍ നിന്നുമാണ് ഹദീസ് പഠിച്ചത്. ഇമാം അലിയ്യ്ബ്‌നു സഈദ്, ഇമാം അഹ്‌മദുബ്‌നു ഇബ്രാഹിം എന്നീ പണ്ഡിതന്മാര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചവരാകുന്നു.
ഇമാം ഇബ്‌നുമാജ രചിച്ച ഹദീസ് ഗ്രന്ഥത്തിന് സുനനു ഇബ്‌നിമാജ എന്നാണ് പേര്. സിഹാഹുസ്സിത്തയില്‍ ആറാമത്തെ ഗ്രന്ഥമാകുന്നു സുനനു ഇബ്‌നിമാജ. ആകെ 32 തലക്കെട്ടുകളിലായി ആയിരത്തി അഞ്ഞൂറ് അധ്യായങ്ങളില്‍ നാലായിരം ഹദീസുകളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
വിധിവിലക്കുകള്‍ പറയുന്ന സമഗ്രമായ ഗ്രന്ഥമായി ഇബ്‌നുഹജര്‍, സുനനു ഇബ്‌നിമാജയെ വിശേഷിപ്പിക്കുന്നു. കര്‍മശാസ്ത്ര ക്രമീകരണങ്ങളുടെ മേന്മ കാരണം ഇബ്‌നു കസീര്‍ പ്രയോജനപ്രദം എന്ന് അഭിപ്രായപ്പെടുന്നു. സ്വിഹാഹിലെ മറ്റ് അഞ്ച് ഗ്രന്ഥങ്ങളിലും ഇല്ലാത്ത അപൂര്‍വ്വ ഹദീസ് ശേഖരമാണ് മുഖ്യമായും ചിലര്‍ എടുത്തുപറഞ്ഞ പ്രത്യേകത. ഇത്തരം ഹദീസുകള്‍ ദുര്‍ബലമാണെങ്കിലും പ്രസ്തുതവിഷയത്തില്‍ മറ്റു മുഹദ്ദിസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളും ഇബ്‌നുമാജയില്‍ കാണാം. അതത് നാടുകളിലേക്ക് ഹദീസ് ചേര്‍ത്തുപറയുന്ന രീതിയും അദ്ദേഹത്തിനുണ്ട്.
മുന്‍കാലങ്ങളില്‍ പലരും ഇബ്‌നു മാജയെ സ്വിഹാഹുസ്സിത്തയില്‍ ചേര്‍ത്തിരുന്നില്ല. ചിലര്‍ക്ക് ദാരിമിയും വേറെ ചിലര്‍ക്ക് മുവത്ത്വ മാലികുമാണ് ആറാമത്തെ സ്വഹീഹ്. ഹാഫിള് അബ്ദുല്‍ ഫദ്ല്‍ മുഹമ്മദ് ത്വാഹിര്‍ അല്‍ മഖ്ദിസിയാണ് (മരണം. ഹിജ്‌റ 507) ഇബ്‌നുമാജയെ സ്വിഹാഹുസ്സിത്തയില്‍ ഉള്‍പ്പെടുത്തിയത്. പിന്നീടുവന്ന ഗ്രന്ഥകാരന്മാരെല്ലാം അദ്ദേഹത്തെ അനുകരിച്ചു. ഏതായാലും മറ്റു പല ഹദീസ് ഗ്രന്ഥങ്ങള്‍ക്കും അവകാശപ്പെടാനില്ലാത്തവിധം ഇബ്‌നുമാജയിലെ വിഷയങ്ങളുടെ ക്രോഡീകരണം ഉപകാരപ്രദമാണെന്ന കാര്യത്തില്‍ ഏകാഭിപ്രായമുണ്ട്. ചില ദുര്‍ബല ഹദീസുകള്‍ ‘സുനനി’ല്‍ ചേര്‍ത്തില്ലായിരുന്നുവെങ്കില്‍ ഇത് അബൂദാവൂദ്, നസാഈ എന്നിവയോട് കിടപിടിക്കുമായിരുന്നു എന്നാണ് ചില നിരൂപകരുടെ വിലയിരുത്തല്‍. ഇബ്‌നുമാജക്ക് പത്തോളം ശര്‍ഹുകളും അനുബന്ധകൃതികളും ഹിജ്‌റ 8-ാം നൂറ്റാണ്ടുമുതല്‍ രചിക്കപ്പെട്ടിട്ടുണ്ട്. വ്യാഖ്യാനമെഴുതിയവരില്‍ 4 മദ്ഹബുകാരുമുണ്ട്.
മുസ്‌നദു അഹ്‌മദുബ്‌നി ഹന്‍ബല്‍
അബൂഅബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നി ഹന്‍ബല്‍ അശ്ശൈബാനി ഹി. 164 ല്‍ ബഗ്ദാദിലാണ് ജനിച്ചത്. വൈജ്ഞാനികവും നാഗരികവുമായ പുരോഗതി കൊണ്ട് പ്രശസ്തിയാര്‍ജിച്ച പട്ടണമായിരുന്നു ബഗ്ദാദ്. അനാഥനായി വളര്‍ന്ന അഹ്‌മദുബ്‌നു ഹന്‍ബല്‍ തന്റെ വിജ്ഞാന ദാഹം തീര്‍ക്കാനായി ബഗ്ദാദിലൂടെ യാത്ര തിരിച്ചു. ഹദീസ് വിജ്ഞാനീയങ്ങളോട് ചെറുപ്പത്തിലേ താല്പര്യം പ്രടിപ്പിച്ച ഇമാം ഗുരുനാഥനായി ഹുശൈം ബ്‌നു ബശീറില്‍വാസിഥിയെ സ്വീകരിച്ചു. യമന്‍, തിഹാമ, ഹിജാസ്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്ക്, ഇമാം ഹദീസ് വിജ്ഞാനങ്ങള്‍ തേടിയുള്ള യാത്രകള്‍ നടത്തി. ക്ഷമ, വിനയം, വിട്ടുവീഴ്ച തുടങ്ങിയ സദ്ഗുണങ്ങള്‍ ഇമാമിന്റെ വ്യക്തിത്വത്തെ വ്യതിരിക്തമാക്കി. ഇമാം അഹ്‌മദുബ്‌നു ഹന്‍ബലിനേക്കാള്‍ ഭക്തനും, വിരക്തിയുള്ളവനുമായ ഒരാളെ എനിക്ക് ബഗ്ദാദില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുണ്ട്. അഗാധജ്ഞാനം, അസാമാന്യ ഓര്‍മശക്തി എന്നിവകൊണ്ട് അനുഗൃഹീതനായ ഇമാം അഹ്‌മദ് കര്‍മശാസ്ത്രത്തില്‍ നാലിലൊരു സരണിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നു. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് സമ്മതിക്കാത്തിന്റെ പേരില്‍ 28 മാസം ഇദ്ദേഹത്തെ ഖലീഫ മുഅ്തസിം ജയിലിലാക്കുകയുണ്ടായി.
മുസ്‌നദു അഹ്‌മദുബ്‌നി ഹന്‍ബല്‍ പ്രസിദ്ധമായ ഹദീസ് ഗ്രന്ഥമാണ്. ബുഖാരി- മുസ്‌ലിമില്‍ കാണപ്പെടാത്ത ധാരാളം സ്വഹീഹായ ഹദീസുകള്‍ ഉള്‍പ്പെടെ ഇരുപത്തി ആറായിരത്തിലധികം ഹദീസുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. റിപ്പോര്‍ട്ട് ചെയ്ത സഹാബികളുടെ നാമങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തിയതാണ് ഈ ഗ്രന്ഥം.
ഹദീസ് സാഹിത്യത്തില്‍ മികച്ച ഈ കൃതിയുടെ രചന ആരംഭിക്കുന്നത് അദ്ദേഹം ഹദീസ് പഠനമാരംഭിച്ച ഹി: 180ലാണ്. അന്ന് അഹ്‌മദിന് പതിനാറ് വയസ്സായിരുന്നു പ്രായം. ക്രമീകരിക്കുകയോ അധ്യായങ്ങളാക്കി തിരിക്കുകയോ അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. പ്രത്യുത ക്രോഡീകരണം മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. മരണാസന്നനായപ്പോള്‍ പുത്രന്മാരായ സ്വാലിഹ്, അബ്ദുള്ള സഹോദരപുത്രന്‍ ഹമ്പല്‍ ഇബ്‌നു ഇസ്ഹാഖ് എന്നിവരെ വിളിച്ചുചേര്‍ത്ത് അവര്‍ക്ക് മുസ്‌നദ് വായിച്ചു കൊടുക്കുകയായിരുന്നു. അതിനാല്‍തന്നെ ഇവര്‍ മൂന്നുപേര്‍ മാത്രമാണ് അഹ്‌മദില്‍ നിന്ന് മുസ്‌നദ് പൂര്‍ണമായി ശ്രവിച്ചത്. പിന്നീട് പുത്രന്‍ അബ്ദുല്ല, താന്‍ ശ്രവിച്ചതും ഉള്ളടക്കത്തോട് യോജിക്കുന്നതുമായ ഹദീസുകള്‍ അതില്‍ കൂട്ടിച്ചേര്‍ക്കുമായിരുന്നു.
ഗ്രന്ഥരചന ഇഷ്ടപ്പെടാത്ത പിതാവ് മുസ്‌നദ് രചിക്കാനുള്ള കാരണമന്വേഷിച്ച പുത്രന്‍ അബ്ദുല്ലയോട് അഹ്‌മദിന്റെ മറുപടി, തിരുചര്യയില്‍ അവലംബിക്കാവുന്ന ഈ കൃതിയെ ഒരു ഇമാം ആയാണ് താന്‍ രചിച്ചതെന്നായിരുന്നു. മാത്രമല്ല, ഇത് സൂക്ഷിച്ചുവെക്കണമെന്നും പിന്നീടത് ഇമാം ആയിത്തീരുമെന്നും പുത്രനോടദ്ദേഹം ഉപദേശിച്ചു.
മുസ്‌നദില്‍ ദുര്‍ബല ഹദീസുകളുണ്ടെന്നതാണ് പണ്ഡിതാഭിപ്രായം. ഇബ്‌നു തൈമിയ മിന്‍ഹാജുസുന്ന എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു: ”സാങ്കേതികമായി ദുര്‍ബല ഹദീസുകളുണ്ടാകാം. അഹ്‌മദിന്റെ നിവേദനം വഴി അതുണ്ടായിയെന്ന് പറയുന്നില്ല. ദുര്‍ബലമെന്ന് വ്യക്തമാകുന്നതെല്ലാം അബ്ദുല്ലാ ഹിബ്‌നു അഹ്‌മദില്‍ നിന്ന് നിവേദനം നടത്തിയ ഖത്വീഈ കൂട്ടിച്ചേര്‍ത്തതാണ്.”
