ഇമാം ശാഫിഈ
പ്രമാണങ്ങളെയും യുക്തി ചിന്തയെയും സമന്വയിപ്പിച്ച പ്രഗത്ഭമതിയായ ഇമാം ശാഫിഈ വ്യത്യസ്ത വിജ്ഞാനങ്ങളില്‍ നൈപുണ്യം നേടിയ സര്‍വ്വകലാവല്ലഭനും നാലു മദ്ഹബിന്റെ ഇമാമുകളില്‍ ഒരാളുമാണ്. അബൂഹനീഫ ന്യായയുക്തതക്കും, മാലിക് ഹദീസുകളുടെ അക്ഷരാര്ഥത്തിനും പ്രാമുഖ്യം നല്കിയപ്പോള് ശാഫിഈ മധ്യമമാര്‍ഗം സ്വീകരിച്ചു. മിതത്വത്തിന്റെ പാത വെട്ടിത്തുറന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മതപരമായ നിരീക്ഷണങ്ങള്‍ ഏതു കാലഘട്ടത്തിലുമുള്ള മുസ്ലിം ചിന്തയെ തൃപ്തിപ്പെടുത്തുന്നതും കൂടുതല്‍ പ്രായോഗിക സ്വഭാവം ഉള്‍ക്കൊള്ളുന്നതുമായി. ‘നാസ്വിറുസ്സുന്ന’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശാഫിഈക്കു നബിയുടെ സുന്നത്തിനോടുള്ള പ്രതിബദ്ധത സുവിദിതമാണ്. റസൂലില്‍ നിന്നുള്ള ഹദീസ് നിങ്ങള്‍ക്ക് ഉറപ്പായാല്‍ നിങ്ങള്‍ എന്റെ അഭിപ്രായം മതിലിന്നപ്പുറത്തേക്ക് വലിച്ചെറിയുക; നിങ്ങള്‍ എന്നെ അനുകരിക്കരുത് എന്ന് പ്രഖ്യാപിച്ച സത്യാന്വേഷിയും പ്രവാചക സ്നേഹിയുമാണ് ശാഫിഈ. ഇമാം അഹ്മദുബ്നു ഹമ്പല്‍ അദ്ദേഹത്തെ രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദ് എന്നാണ് വിശേഷിപ്പിച്ചത്.

വംശ പരമ്പരയില്‍ നബിയുടെ പിതാമഹനായ അബ്ദുല്‍ മുത്തലിബിലേക്കെത്തിച്ചേരുന്ന ഖുറൈശ് ഗോത്രക്കാരനായ മുഹമ്മദുബ്നു ഇദ്രീസുശ്ശാഫിഈ ഹി. 150ല്‍ ഇമാം അബൂഹനീഫ അന്തരിച്ച വര്‍ഷം ഭൂജാതനായി. അദ്ദേഹത്തിന്റെ മാതാവ് അസദ് ഗോത്രക്കാരിയാണെന്നു ഒരു പക്ഷവും അലിയുടെ പുത്രനായ ഹസന്റെ പൗത്രന് അബ്ദുല്ലയുടെ പുത്രിയായ ഫാത്വിമയാണെന്നു മറ്റൊരു പക്ഷവും അഭിപ്രായപ്പെടുന്നു. ദരിദ്രനായിരുന്ന പിതാവ് മക്കയില്‍ നിന്ന് ഉപജീവനമാര്‍ഗം തേടി മദീനയില്‍ എത്തിയെങ്കിലും അവിടെ താന്‍ ആഗ്രഹിച്ചത് ലഭിക്കാതെ വന്നപ്പോള്‍ ഭാര്യയെയും കൂട്ടി ഫലസ്തീനിലെ ഗസ്സയിലേക്ക് പോയി. അവിടെയായിരുന്നു ശാഫിഈയുടെ ജനനം. പക്ഷേ കുഞ്ഞിന് രണ്ടു വയസ്സ് തികയും മുമ്പേ പിതാവ് അന്ത്യ യാത്രയായി. പിഞ്ചു പൈതലിനെയും ചുമന്ന് ആ മാതാവ് മുസ്ലിം സൈന്യം താവളമടിച്ചിരുന്ന ഫലസ്തീനിലെത്തന്നെ അസ്ഖലാനിലെത്തി. അനുകൂല സാഹചര്യം ലഭിക്കാത്ത കാരണം ആ വന്ദ്യയായ സ്ത്രീ കുട്ടിയേയും ചുമന്ന് സ്വദേശമായ മക്കയിലേക്ക് തന്നെ തിരിച്ചുവന്നു.
മാതാവ് ശാഫിഈയെ ഒരു പള്ളിക്കൂടത്തില്‍ ചേര്‍ത്തു. ഫീസ് കൊടുക്കാന്‍ കഴിവില്ലാതിരുന്നതിനാല്‍ അധ്യാപകന് കുട്ടിയെ ശ്രദ്ധിക്കുമായിരുന്നില്ല. എങ്കിലും കേള്ക്കുന്നതെന്തും അപ്പടി ഹൃദിസ്ഥമാക്കാന്‍ കഴിയുമായിരുന്ന ശാഫിഈയുടെ ബുദ്ധി സാമര്‍ഥ്യത്തില്‍ മതിപ്പു തോന്നിയ അധ്യാപകന് പിന്നെ കുട്ടിക്ക് ഫീസ് ഇളവു അനുവദിച്ചു. ഏഴു വയസ്സായപ്പോഴേക്കും ശാഫിഈ ഖുര്‍ആന്‍ നന്നായി പഠിച്ചു. തുടര്‍പഠനത്തിനായി മാതാവ് കുട്ടിയെ മസ്ജിദുല്‍ ഹറമിലേക്കയച്ചു. മധുരനാദത്തിന്റെ ഉടമയായ ശാഫിഈയുടെ ഖുര്‍ആന്‍ പാരായണം കേട്ടാല്‍ പള്ളിയിലുള്ളവര്‍ കരയുമായിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാന പഠനത്തിന് ശേഷം ശാഫിഈ ഹദീസ് പഠനത്തിലേക്ക് തിരിഞ്ഞു. വലിയ വിലയുള്ള കടലാസ് വാങ്ങാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. എല്ലുകള്‍ പെറുക്കിയും ഓഫീസുകളില്‍ നിന്ന് ഉപയോഗം കഴിഞ്ഞ് പുറത്തേക്കെറിയുന്ന കടലാസുകള്‍ ശേഖരിച്ചുമാണ് അദ്ദേഹം ഹദീസുകള്‍ എഴുതിയിരുന്നത്. എങ്കിലും മനസ്സില്‍ എഴുതി സൂക്ഷിച്ചു മന:പാഠമാക്കുന്ന രീതിക്കാണ് അദ്ദേഹം കൂടുതല്‍ പ്രാമുഖ്യം കൊടുത്തത്. അറബികളല്ലാത്തവരുടെ രംഗപ്രവേശം അറബി ഭാഷയുടെ തനിമക്ക് കളങ്കമേല്‍പ്പിച്ചതായി അദ്ദേഹം കണ്ടെത്തി. ഈജിപ്തിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന ലൈസ് മക്കയില്‍ വന്നു മസ്ജിദുല്‍ ഹറാമില്‍ ക്ലാസെടുത്തിരുന്നു. അദ്ദേഹം ഗ്രാമത്തില്‍ പോയി താമസിച്ചു ശുദ്ധ അറബി പഠിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചു. ശുദ്ധമായ അറബിയും കവിതകളും പഴയ പ്രയോഗങ്ങളും അഭ്യസിച്ചു. കൂടെ അമ്പെയ്ത്തും കുതിര സവാരിയും വശമാക്കി. ഉന്നം പിഴക്കാതെ എറിയാന്‍ കഴിയുമായിരുന്ന ശാഫിഈക്ക് ഓടുന്ന കുതിരയുടെ പുറത്ത് ചാടിക്കയറാനുള്ള സാമര്‍ഥ്യമുണ്ടായിരുന്നു.
പത്തു വര്‍ഷത്തെ താമസത്തിന് ശേഷം വീണ്ടും മസ്ജിദുല്‍ ഹറാമിലെ പ്രഗത്ഭരായ പണ്ഡിതന്മാരുടെ കീഴില്‍ പഠനം തുടര്‍ന്നു. ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കിയിരുന്ന പണ്ഡിതയായ മാതാവിന്റെ ഉപദേശപ്രകാരമാണ് അദ്ദേഹം പഠനം തുടര്‍ന്നിരുന്നത്. ഖുര്‍ആനിലും ഹദീസിലും അറബി സാഹിത്യത്തിലും തികഞ്ഞ പാണ്ഡിത്യം നേടിയ ആ ഇരുപതുകാരനു പണ്ഡിതന്മാര് ഫത്വാ നല്‍കാനുള്ള യോഗ്യത അംഗീകരിച്ചു കൊടുത്തു. എങ്കിലും അദ്ദേഹത്തിനു മദീനയില്‍ ഇമാം മാലികിന്റെയും ഇറാഖില്‍ അബൂഹനീഫയുടെയും സിറിയയില്‍ ഔസാഇയുടെയും ഈജിപ്തില്‍ ലൈസിന്റെയും വിജ്ഞാനങ്ങള്‍ കരസ്ഥമാക്കാനുള്ള താല്പര്യം ശക്തമായി.
ഇമാം മാലികിന്റെ ശിഷ്യന്
ഇമാം മാലിക് മസ്ജിദുല്‍ ഹറാമില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ക്ലാസ് ശ്രദ്ധിച്ച ശാഫിഈക്ക് മാലികിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ ഉല്‍ക്കടമായ ആഗ്രഹമായി. മാലികിന്റെ ‘മുവത്വഅ്’ എന്ന ഗ്രന്ഥം പണം കൊടുത്തു വാങ്ങി നന്നായി പഠിച്ചു. പക്ഷേ, മദീനയിലേക്കു പോകാന്‍ യാത്രാ ചെലവിനു പണമില്ല. ഉമ്മ വീട്ടുപകരണങ്ങള്‍ വിറ്റു പണമുണ്ടാക്കി മകനെ മാലികിനു പരിചയപ്പെടുത്താന്‍ മദീന ഗവര്‍ണര്‍ക്കു ഒരു ശിപാര്‍ശക്കത്ത് സംഘടിപ്പിച്ചു കൊടുത്തു.
ഗവര്‍ണര്‍ ശാഫിഈയെയും കൂട്ടി മാലികിന്റെ വീട്ടിലെത്തി. ശൈഖിനോട് സംസാരിക്കാന്‍ ഗവര്‍ണര്‍ക്ക് ഭയം. ഗാംഭീര്യം മുറ്റി നില്ക്കുന്ന മുഖം. ശാഫിഈ പറയുന്നു. ”ഞാന്‍ മുമ്പോട്ടു വന്നു എന്റെ കഥ വിവരിച്ചുകൊടുത്തു. ഇത് കേട്ടപ്പോള്‍ ശൈഖ് എന്റെ നേരെ നോക്കി” കുഞ്ഞേ നിന്റെ പേര്? ഞാന്‍: മുഹമ്മദ്. മുഹമ്മദേ നിനക്കൊരു നല്ല ഭാവിയുണ്ട്. അല്ലാഹു നിന്റെ ഹൃദയത്തില്‍ ഒരു പ്രകാശം വിന്യസിച്ചിട്ടുണ്ട്. അത് പാപം ചെയ്ത് നീ കെടുത്തിക്കളയരുത്.
പിറ്റേന്ന് മുവത്വഅ് മന:പാഠം വായിച്ചപ്പോള്‍ ആ വായനയില്‍ മാലിക് ആകൃഷ്ടനായി. ഹി. 170ല്‍ ആരംഭിച്ച ഈ ഗുരുശിഷ്യ ബന്ധം ഹി.179ല്‍ മാലിക് മരിക്കും വരെ തുടര്‍ന്നു. ഉമ്മയെ സന്ദര്‍ശിക്കാന്‍ ശാഫിഈ മക്കയിലേക്ക് പോകുമ്പോള്‍ യാത്രാ ചെലവിനുള്ള പണം ഗുരുതന്നെയാണ് നല്‍കിയിരുന്നത്. മദീനയില്‍ വെച്ചു അബൂഹനീഫയുടെയും ജഅ്ഫര്‍ സ്വാദിഖിന്റെയും ശിഷ്യന്മാരില് നിന്നും ഈ രണ്ടു പണ്ഡിതന്മാരുടെയും ചിന്താധാരകള്‍ ശാഫിഈ വശമാക്കി. ഖുര്‍ആനും ഹദീസും പണ്ഡിതന്മാരുടെ വചനങ്ങളും മാത്രം അഭ്യസിക്കുന്നത് കൊണ്ട് വിജ്ഞാനം പൂര്ണമാവുകയില്ലെന്നു മനസ്സിലാക്കിയ ശാഫിഈ വൈദ്യം, രസതന്ത്രം, ഗണിതം, ഗോളശാസ്ത്രം, പദാര്ത്ഥജ്ഞാനം തുടങ്ങിയവ അഭ്യസിക്കാന്‍ തീരുമാനിച്ചു.
മദീനയില്‍ റൗദാശരീഫില്‍ വെച്ച് കൂഫക്കാരനായ ഒരു യുവാവുമായി ശാഫിഈ പരിചയപ്പെട്ടു. അബൂഹനീഫയുടെ ശിഷ്യന്മാരായ മുഹമ്മദുല്‍ ഹസനും അബൂയൂസുഫുമാണ് ഇറാഖിലെ മഹാപണ്ഡിതന്മാരെന്ന് അദ്ദേഹം കണ്ടെത്തി. വിജ്ഞാനം തേടി യുവാവിനോടൊപ്പം കൂഫയിലേക്ക് പോകാന്‍ ഗുരുവിന്റെ സമ്മതം വാങ്ങി. മാലിക് ഒരു വാഹനം കൂലിക്ക് വിളിച്ചു. ‘കൂലികൊടുക്കാന്‍ എന്റെയോ നിങ്ങളുടെയോ വശം പണമില്ലല്ലോ’ ശാഫിഈ നിസ്സഹായത തുറന്നുപറഞ്ഞു. ഇന്നലെ രാത്രി എന്റെ വാതില്ക്കല് ആരോ മുട്ടി. ലൈസിന്റെ പാരിതോഷികമാണെന്ന് പറഞ്ഞ് ഒരു പൊതി എനിക്ക് സമ്മാനിച്ചു. തുറന്നു നോക്കുമ്പോള്‍ നൂറ് മിസ്ഖാല്. പകുതി നിനക്കാണ്. പകുതികൊണ്ട് ഞാന്‍ എന്റെ കുടുംബത്തിന് ഭക്ഷ്യസാധനങ്ങള്‍ വാങ്ങുകയാണ്. ഗുരു മാലിക് പോംവഴി കണ്ടു. ഇരുപത്തിരണ്ടുകാരനായ ആ യുവാവ് ഇരുപത്തിനാലു ദിവസം യാത്ര ചെയ്ത് കൂഫയിലെത്തി. അബൂഹനീഫയുടെ ശിഷ്യന്മാരുമായി ബന്ധപ്പെട്ടു അവരില്‍ നിന്ന് ധാരാളം പഠിച്ചു. പല നാടുകളിലും ചുറ്റിക്കറങ്ങി ധാരാളം അനുഭവസമ്പത്ത് നേടിയ ശേഷം മദീനയില്‍ തന്നെ തിരിച്ചെത്തി.
മാലികിന്റെ സദസ്സില്‍ ധാരാളം ആളുകള്‍, ശാഫിഈയും അവരുടെ കൂട്ടത്തില്‍ ചേര്‍ന്നു. ഗുരു ശിഷ്യന്മാരോടു ചോദ്യങ്ങള്‍ ചോദിക്കുകയാണ്. പക്ഷേ, ആര്‍ക്കും മറുപടി പറയാന്‍ കഴിയുന്നില്ല. ശാഫിഈ തന്റെ അടുത്തിരുന്ന ഒരു ചെറുപ്പക്കാരന്റെ കാതില്‍ ഉത്തരങ്ങള്‍ മന്ത്രിച്ചുകൊടുത്തു. നിനക്ക് മാത്രം ഇതെങ്ങനെ പറയാന്‍ കഴിഞ്ഞു. മാലിക് ചോദിച്ചു. അയാള്‍ അടുത്തിരുന്ന ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ചു കൊടുത്തു. ശാഫിഈയുടെ സാന്നിധ്യം മാലിക് അറിഞ്ഞിരുന്നില്ല. തന്റെ മുന്‍ ശിഷ്യനായ ശാഫിഈയെ അടുത്തിരുത്തി മാലിക് എഴുന്നേറ്റു. ക്ലാസുതുടരാന് കല്പിച്ചു. ശിഷ്യന്റെ പ്രകടനം അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. ശാഫിഈയുടെ കഴിവുകളില്‍ മാലികിന് വലിയ മതിപ്പ് തോന്നി. അദ്ദേഹം ശിഷ്യനെ വീട്ടിലേക്ക് കൊണ്ടുപോയി. ശാഫിഈ അദ്ദേഹത്തിന്റെ രസകരമായ യാത്രാനുഭവങ്ങള്‍ ഗുരുവിന് വിവരിച്ചുകൊടുത്തു.
ഹി.179ല്‍ മാലിക് മരണമടഞ്ഞപ്പോള്‍ ശാഫിഈക്കു വലിയ ഏകാന്തത അനുഭവപ്പെട്ടു. അദ്ദേഹം ഒരുപാട് കണ്ണീരൊഴുക്കി.
മദീനയോട് യാത്ര പറഞ്ഞു മക്കയില്‍ എത്തിയ ശാഫിഈ, ഉപജീവനത്തിന് എന്തെങ്കിലും ഒരു ജോലി വേണമെന്നായി. യമനിലെ ഗവര്‍ണര്‍ മുഖേന അദ്ദേഹം അവിടെ ഒരു ജോലി സമ്പാദിച്ചു. യമന്കാര്ക്കെല്ലാം ശാഫിഈ വളരെ പ്രിയംകരനായി. യമന്‍ ഭരണാധികാരി നടത്തുന്ന അനീതികള്‍ അദ്ദേഹത്തിന് അസഹ്യമായിത്തോന്നി. അതിന്നെതിരില്‍ പരസ്യമായി ശബ്ദമുയര്‍ത്തി. ഭരണം അട്ടിമറിക്കാന്‍ ഒമ്പതു പേരടങ്ങിയ അലവികളുടെ വിപ്ലവ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാള് കൊണ്ടു കഴിയാത്തത് നാവുകൊണ്ടുചെയ്യുന്ന ഒരു ചെറുപ്പക്കാരനും അവരുടെ കൂടെയുണ്ടെന്നും തന്റെ കല്പനകളൊന്നും അയാള്‍ പാലിക്കുന്നില്ലെന്നും ഭരണാധികാരി ഖലീഫ ഹാറൂന്‍ റശീദിന്റെ മുമ്പില്‍ പരാതിപ്പെട്ടു. അദ്ദേഹത്തിനെതിരില്‍ വിധി പ്രസ്താവിക്കുന്ന ഊഴം വന്നപ്പോള്‍ പെട്ടെന്ന് ശാഫിഈ ഖലീഫക്ക് സലാം പറഞ്ഞു. ‘അസ്സലാമു അലൈക്ക യാ അമീറല്‍ മുഅ്മിനീന്‍. ‘വറഹ്മതുല്ലാഹി വബറകാത്തുഹു’ എന്ന വാക്ക് സലാമില്‍ നിന്നു അദ്ദേഹം ബോധപൂര്‍വം ഒഴിവാക്കി. ഖലീഫ ‘വറഹ്മത്തുല്ലാ’ കൂട്ടിച്ചേര്‍ത്തു പ്രത്യഭിവാദ്യം ചെയ്തു.
വറഹ്മത്തുല്ലാ (ദൈവകാരുണ്യം) പറഞ്ഞതുകൊണ്ട് താങ്കള്‍ ഇപ്പോള്‍ ദൈവകാരുണ്യത്തിനര്ഹനായിരിക്കുന്നുവെന്നായി ശാഫിഈ. ‘താങ്കള്‍ക്കു വല്ലതും ബോധിപ്പിക്കാനുണ്ടോ?’ ഖലീഫ. ‘ഈ ചങ്ങലയുടെ ഭാരം ചുമന്നു ഞാന്‍ എങ്ങനെ സംസാരിക്കും?’ ശാഫിഈ. ചങ്ങല അഴിച്ചു മാറ്റപ്പെട്ടു. പിന്നെ ശാഫിഈ ആകര്‍ഷകമായി സംസാരിച്ചു. കൂഫയില്‍ തനിക്ക് ആതിഥ്യം നല്കിയ മുഹമ്മദ്ബ്നുല്‍ ഹസനും ജഡ്ജി എന്ന നിലക്ക് അവിടെ സന്നിഹിതനായിരുന്നു. തന്നെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും ഇദ്ദേഹത്തിനറിയാമെന്ന് നിസ്സങ്കോചം ശാഫിഈ ഖലീഫയെ ഉണര്‍ത്തി. ശാഫിഈ ഒരു മഹാപണ്ഡിതനാണെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഖലീഫ അദ്ദേഹത്തെ മുഹമ്മദുല്‍ ഹസന്റെ കൂടെ നിരീക്ഷണത്തിനായി വിട്ടു. പിറ്റേന്ന് അദ്ദേഹത്തിന്റെ അറിവു പരിശോധിക്കാന്‍ ഫിഖ്ഹ്, ഗണിതം, പ്രകൃതിശാസ്ത്രം, വൈദ്യം തുടങ്ങിയ വിവിധ വിജ്ഞാനശാഖകളില്‍ വൈദഗ്ധ്യം നേടിയവരുടെ ഒരു സദസ്സ് ഖലീഫ സംഘടിപ്പിച്ചു. അവരുടെ സാന്നിധ്യത്തില്‍ ഉന്നയിക്കപ്പെട്ട എല്ലാ ചോദ്യങ്ങളും ശാഫിഈ സമര്‍ഥമായി ഉത്തരം നല്കി. സദസ്സ് കൈയടിച്ചു അദ്ദേഹത്തെ അനുമോദിച്ചു. നേരത്തെ വധശിക്ഷ വിധിച്ച പ്രതിക്ക് ഖലീഫ 50,000 ദീനാര്‍ പാരിതോഷികം നല്കി. ആതിഥേയന്റെ കൂടെ വീട്ടിലേക്ക് പോയ ശാഫിഈക്കു മറ്റൊരു പ്രമുഖന് ഒരു പണസ്സഞ്ചി സമ്മാനിച്ചപ്പോള്‍ അത് അദ്ദേഹം നിരസിച്ചു. ഞാന്‍ ഖലീഫയുടെ പാരിതോഷികമേ സ്വീകരിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
അബൂഹനീഫയുടെ ഫിഖ്ഹ് പഠിക്കാന്‍ വീണ്ടും ഇറാഖിലേക്ക് പോയ ശാഫിഈ, ഇമാമിന്റെ ശിഷ്യന്മാരുമൊത്ത് കഴിച്ചുകൂട്ടി. തന്റെ ഗുരുവായ മാലികിനോട് അവര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. വാഗ്വാദ വിദഗ്ധനായ ശാഫിഈ ന്യായവാദങ്ങള്‍ കൊണ്ട് അവരെ തോല്പിച്ചു കൊണ്ടിരുന്നു. അദ്ദേഹം ആരെയും ദുഷിച്ചു പറയുമായിരുന്നില്ല. പ്രതിയോഗിയെ ‘നുണയന്’ എന്ന് ഒരാള്‍ ആക്ഷേപിച്ചപ്പോള്‍ അങ്ങനെ പറയുന്നത് അദ്ദേഹം വിലക്കി. ‘അയാള്‍ പറയുന്നത് ശരിയല്ല’ എന്നു മാത്രമേ പ്രയോഗിക്കാവൂ എന്ന് അദ്ദേഹം നിര്‍ദേശിച്ചു. ‘വൃത്തികേടു പറഞ്ഞു നാവിനെ കളങ്കപ്പെടുത്താത്തതുപോലെ വൃത്തികേട് കേട്ട് കാത് കളങ്കപ്പെടുന്നതും സൂക്ഷിക്കണം’ ശാഫിഈ ഉപദേശിക്കാറുണ്ടായിരുന്നു.
വിശാല ഹൃദയനായ ആ വിജ്ഞാനദാഹി ബാഗ്ദാദില്‍ കുറച്ചു കാലം കഴിച്ചുകൂട്ടി കിട്ടാവുന്ന കേന്ദ്രങ്ങളില്‍ നിന്നെല്ലാം അറിവ് കരസ്ഥമാക്കി. പിന്നെ മക്കയിലേക്ക് തന്നെ തിരിച്ചുപോകാന്‍ അദ്ദേഹത്തിന് താല്പര്യമായി. രാജ്യത്ത് എവിടെയെങ്കിലും ഒരു ജഡ്ജിയായി സ്ഥാനമേല്‍ക്കാന്‍ ഖലീഫ റശീദ് ആവശ്യപ്പെട്ടെങ്കിലും ശാഫിഈ വഴങ്ങിയില്ല. മക്കയില്‍ മഖാമു ഇബ്റാഹീമിന്റെ സമീപം സംസം കിണറിന്റെ മുറ്റം ക്ലാസെടുക്കാനുള്ള ഇരിപ്പിടമായി അദ്ദേഹം തെരഞ്ഞെടുത്തു. പണ്ഡിതന്മാര് മുഴുവന്‍ സമയവും വിജ്ഞാനത്തിനായി ചെലവഴിക്കാന്‍ ഖലീഫ ഹാറൂന്‍ റശീദ് നല്‍കിയിരുന്ന വേതനം അദ്ദേഹം സ്വീകരിച്ചു. എന്നാല്‍ ശാഫിഈ തനിക്ക് കിട്ടുന്ന പണത്തില്‍ നിന്നും വലിയൊരു ഭാഗം സാധുക്കള്‍ക്കു ധര്‍മം കൊടുക്കുകയായിരുന്നു. ദാനത്തിന്റെ കാര്യത്തില്‍ ഉമ്മ നല്കിയ വസിയ്യത്ത് അദ്ദേഹം കൃത്യമായി പാലിച്ചിരുന്നു.
ഇമാം ശാഫിഈ അഹ്മദ്ബ്നു ഹമ്പലിന്റെ കൂടെ
ഇമാം ശാഫിഈയുടെ കഴിവുകളില്‍ ഏറ്റവും മതിപ്പുള്ള പണ്ഡിതനായിരുന്നു അഹ്മദ്ബ്നു ഹമ്പല്‍. മസ്ജിദുല്‍ ഹറാമില്‍ സംസം കിണറിനു സമീപം ശാഫിഈ നടത്തുന്ന ക്ലാസില്‍ അദ്ദേഹം പങ്കെടുക്കുകയും ശിഷ്യന്മാരെ ശാഫിഈയില്‍ നിന്ന് പഠിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അഹ്മദിന്റെ ഒരു ശിഷ്യന് തന്റെ അനുഭവം ഇങ്ങനെ വിവരിക്കുന്നു. ”അഹ്മദുബ്നു ഹമ്പല്‍ എന്നെ സംസമിന്റെ അടുത്തേക്ക് കൊണ്ടുപോയി. അപ്പോള്‍ അവിടെ വെള്ള വസ്ത്രം ധരിച്ച ഒരു മനുഷ്യന്. നല്ല ആകാര സൗഷ്ടവം, മികച്ച ബുദ്ധി. അഹ്മദ് എന്നോടു പറഞ്ഞു. ഈ മനുഷ്യനില്‍ നിന്നു പകര്‍ത്തുക. ഇദ്ദേഹത്തെപോലെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ഇദ്ദേഹം നമുക്ക് നഷ്ടമായാല്‍ ഒരു പകരക്കാരന് വേറെയില്ല”. സുബ്ഹ് നമസ്കാരം കഴിഞ്ഞായിരുന്നു ക്ലാസ്. ഏതാനും മണിക്കൂര്‍ മാത്രം അധ്യാപനത്തിനു ചെലവഴിച്ചു. ബാക്കിസമയം മുഴുവന്‍ ശാഫിഈ പഠനത്തിനും ചിന്തക്കും മാറ്റിവെക്കുകയായിരുന്നു.
ഫിഖ്ഹിന്റെ അടിസ്ഥാന തത്വങ്ങളും, പ്രമാണങ്ങള്‍ നോക്കി വിധികള്‍ കണ്ടുപിടിക്കുന്നതിന്റെ പൊതു നിയമങ്ങളും വിവരിക്കുന്ന ‘അല്‍ രിസാല’ എന്ന ഗ്രന്ഥത്തിന് ശാഫിഈ രൂപകല്പന നല്കി. ഈ ഗ്രന്ഥം പൂര്‍ണരൂപത്തില്‍ പുറത്തുകൊണ്ടുവന്ന് പണ്ഡിതന്മാരുടെ ചര്‍ച്ച അവതിരിപ്പിക്കാനായി ഒമ്പതു വര്‍ഷത്തെ മക്കാ ജീവിതം അവസാനിപ്പിച്ചു. ഹി.198ല്‍ തന്റെ 45ാം വയസ്സില്‍ അദ്ദേഹം വീണ്ടും ഇറാഖിലേക്ക് യാത്രയായി. പതിനഞ്ചാം വയസ്സു മുതല്‍ തന്നെ ഫത്വാ നല്കാന് തുടങ്ങിയിരുന്ന ശാഫിഈ ഇതിനകം ‘മക്കയിലെ മുഫ്തി’ എന്ന ബഹുമതി നേടിക്കഴിഞ്ഞിരുന്നു.
ഇറാഖില്‍ വീണ്ടും എത്തിയ ശാഫിഈക്കു അവിടെ ഉജ്വലമായ സ്വീകരണം ലഭിച്ചുവെങ്കിലും അവിടത്തെ പരിതസ്ഥിതിയാകെ മാറിയിരുന്നതിനാല്‍ അദ്ദേഹത്തിന് നാടുമായി ഇണങ്ങിച്ചേരാന്‍ കഴിഞ്ഞില്ല. കാരണം പണ്ഡിതന്മാരെ ഏറ്റവും ആദരിച്ചിരുന്ന ഹാറൂന്‍ റശീദ് മരണപ്പെട്ടു കഴിഞ്ഞു. പിന്‍ഗാമികളായി വന്ന പുത്രന്മാരാകട്ടെ അധികാരത്തിനു വേണ്ടി വടംവലി നടത്തുന്നവരും. തന്റെ ഉറ്റ സുഹൃത്തും അബൂഹനീഫയുടെ ശിഷ്യനുമായ മുഹമ്മദുല്‍ ഹസന് മരണപ്പെടുകയും മറ്റു സ്നേഹിതന്മാരില് ചിലര്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. വിജ്ഞാന സദസ്സുകളിലെ ചര്‍ച്ചാ വിഷയം അല്ലാഹുവിന്റെ സത്ത, ഗുണങ്ങള്‍, മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യം തുടങ്ങിയവയായി മാറിക്കഴിഞ്ഞിരുന്നു. ഖുര്‍ആന്‍ ചിന്തിച്ച് അതിലെ തത്വങ്ങളും വിധികളും കണ്ടുപിടിക്കുന്നതിനു പകരം അത് സംബന്ധിച്ച് തര്‍ക്കങ്ങളിലായിരുന്നു പണ്ഡിതന്മാര്ക്കു താത്പര്യം.
ഖലീഫ മഅ്മൂന്‍ മുഹമ്മദുല്‍ ഹസന്റെ നിര്യാണം മൂലം ഒഴിവു വന്ന ചീഫ് ജസ്റ്റിസ് സ്ഥാനം ഏറ്റെടുക്കാന്‍ ശാഫിഈയെ നിര്‍ബന്ധിച്ചു. പക്ഷേ, ഞാന്‍ മുഴുവന്‍ സമയവും വിജ്ഞാനത്തിനു വേണ്ടി ഉഴിഞ്ഞുവെക്കാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ ഈ ഉദ്യോഗം സ്വീകരിക്കാന്‍ നിവൃത്തിയില്ലെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. കാവ്യ പ്രേമിയായിരുന്ന ശാഫിഈ ‘ഫിഖ്ഹ്’ കഴിച്ചു മിച്ചം കിട്ടുന്ന സമയം കവിതക്കു വേണ്ടി വിനിയോഗിക്കുകയായിരുന്നു.
ശാഫിഈ ഇറാഖ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ശിഷ്യന് അഹ്മദുബ്നു ഹമ്പല്‍ അദ്ദേഹത്തെ വിലക്കാന്‍ ശ്രമിച്ചു. പക്ഷേ, തീരുമാനം മാറ്റമില്ലാത്തതായിരുന്നു. അദ്ദേഹം അബൂഹനീഫയുടെ ഖബര്‍ സിയാറത്ത് ചെയ്തു. അവിടെ വെച്ചു അന്നു ശാഫിഈ നമസ്കരിച്ചപ്പോള്‍ അബൂഹനീഫയുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ചാണ് ചടങ്ങുകള്‍ നിര്‍വഹിച്ചത്. സുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്ത് പ്രാര്‍ഥന നടത്തിയില്ല എന്നാണ് ഒരു റിപ്പോര്‍ട്ട്. ”അബൂ ഹനീഫയുടെ സന്നിധിയില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരായി പ്രവര്‍ത്തിക്കുന്നത് മര്യാദയല്ല” എന്നായിരുന്നു ശാഫിഈ ഇതിനു പറഞ്ഞ ന്യായം. വിരുദ്ധാശയങ്ങളോട് അന്നത്തെ മത പണ്ഡിതന്മാര് സ്വീകരിച്ചിരുന്ന വിശാല മനോഭാവത്തിന് മാതൃകയാണിത്.
ശാഫിഈയെ യാത്ര അയക്കാന്‍ ധാരാളം പണ്ഡിതന്മാര് ഒത്തുകൂടി. അവരുടെ മുമ്പില്‍ അദ്ദേഹം ഇങ്ങനെ ഒരു കവിത പാടി.
”അല്ലാഹുവാണെ
എനിക്കറിഞ്ഞുകൂടാ….
ഈ യാത്ര നേട്ടവും
ഐശ്വര്യവും ലഭിക്കാനോ,
അതോ ഞാന്‍ പോകുന്നത്
ഖബറിലേക്കോ…”
അഹ്മദുബ്നു ഹമ്പലും ശാഫിഈയും കൂടെയുള്ളവരും എല്ലാം കരഞ്ഞു.
ഇമാം ശാഫിഈയുടെ ഈജിപ്ത് യാത്ര, മരണം
മഹാനായ ശാഫിഈക്കു വമ്പിച്ച സ്വീകരണമാണ് ഈജിപ്തില്‍ ലഭിച്ചത്. ഗവര്‍ണര്‍ ഇദ്ദേഹത്തിനു താമസിക്കാന്‍ പ്രത്യേക ഭവനം ഒരുക്കിയെങ്കിലും ശാഫിഈ, മദീനയിലേക്ക് ഹിജ്റ പോയപ്പോള്‍ റസൂല്‍ ചെയ്തപോലെ തന്റെ ഉമ്മയുടെ ബന്ധുക്കളോടൊപ്പമാണ് താമസിച്ചത്. ഈജിപ്തില്‍ എത്തിയ ഉടനെ ശാഫിഈ മഹാപണ്ഡിതനായിരുന്ന ലൈസിന്റെ ഖബര്‍ സന്ദര്‍ശിച്ചു. ലൈസ് നാലു ഗുണങ്ങള്‍ തികഞ്ഞ പണ്ഡിതനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറിവ്, കര്‍മ്മം, വിരക്തി, ഔദാര്യം.
അംറുബ്നു ആസ് പള്ളിയില്‍ ശാഫിഈ ക്ലാസ് ആരംഭിച്ചു. ഖുര്‍ആനും ഹദീസും മാത്രമല്ല, കഥ, ഭാഷ, കവിത, വിജ്ഞാന ശാസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം അദ്ദേഹം പഠിപ്പിക്കുമായിരുന്നു. അധ്യാപകന് പറയുകയും വിദ്യാര്‍ഥികള്‍ കേള്‍ക്കുകയും ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കി വിദ്യാര്‍ഥികള്‍ക്ക് സജീവ പങ്കാളിത്തമുള്ള ചോദ്യോത്തരങ്ങളും ചര്‍ച്ചയുമായിരുന്നു ക്ലാസ്. ഈജിപ്തിലെ പഴയ ഗ്രീക്ക് ഫിലോസഫര്‍മാരുടെ രീതിയായിരുന്നു ഇത്. ഈജിപ്തില്‍ അബൂഹനീഫയുടെയും മാലികിന്റെയും അനുയായികള്‍ തമ്മില്‍ വലിയ തര്‍ക്കം നടക്കുകയും മാലികിന്റെ അനുയായികള്‍ ലൈസിന്റെയും അബൂഹനീഫയുടെയും ശിഷ്യന്മാരെ ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നു. ശാഫിഈ, തീവ്രവാദികളായ ഇവരോട് പറഞ്ഞു. ‘ഇമാം മാലിക് ഒരു മനുഷ്യന് മാത്രമാണ്. അദ്ദേഹത്തില്‍ ശരിയും തെറ്റുമുണ്ടാകും’. ഇത് കേള്‍ക്കേണ്ട താമസം അവരില്‍ ഒരാള്‍ ശാഫിഈയുടെ നേരെ അസഭ്യവര്‍ഷം നടത്തി. പക്ഷേ, ശാഫിഈ അത് കേട്ടഭാവം നടിക്കാതെ ക്ലാസ് തുടര്‍ന്നു. ഫിത്യാന് എന്നു പേരുള്ള ഒരാളാണ് ഈ ധിക്കാരിയെന്നു അദ്ദേഹത്തിനു മനസ്സിലായി.
സ്വുബ്ഹ് നമസ്കാരം കഴിഞ്ഞാല്‍ ഉടനെ ഖുര്‍ആന്‍, പിന്നെ ഹദീസ്, തുടര്‍ന്ന് മറ്റു വിജ്ഞാനങ്ങള്‍ ഇങ്ങനെയായിരുന്നു ശാഫിഈയുടെ അധ്യാപനക്രമം. അതിനിടക്ക് സാഹിത്യകാരന്മാര്, കവികള്‍, വിവിധ വിജ്ഞാന ശാഖകളില്‍ വൈദഗ്ധ്യം നേടിയര്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. രാത്രി ഇശാ നമസ്കാരം കഴിഞ്ഞാല്‍ അതിഥികളെ സ്വീകരിക്കുകയും മനസ്സിനു ആശ്വാസം പകരുന്ന രസവര്‍ത്തമാനങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്യും. രാത്രി പലവട്ടം വിളക്കു കത്തിക്കുകയും കെടുത്തുകയും ചെയ്യുമായിരുന്നു. മനസ്സില്‍ ഒരാശയം ഉദിച്ചാല്‍ ഉടനെ അത് രേഖപ്പെടുത്താന്‍ വിളക്ക് തെളിയിക്കും. പിന്നെ വിളക്കണക്കും. ‘ഇരുട്ടിലാണ് ചിന്ത തെളിഞ്ഞുവരിക…’ ശാഫിഈ പറയാറുണ്ടായിരുന്നു.
ഇമാം ശാഫിഈ പള്ളിയില്‍ ക്ലാസു നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു യുവാവ് മതവിധി തേടിക്കൊണ്ട് ഒരു പ്രശ്നമുന്നയിച്ചു. അയാള്‍ ഭാര്യയെ മൊഴിചൊല്ലി; പിന്നെ ഖേദം തോന്നി റമദാനില്‍ തിരിച്ചെടുത്തു. രണ്ടുപേരും നോമ്പുകാരായിരിക്കെ അയാള്‍ ഭാര്യയെ ചുംബിച്ചു. ശാഫിഈ ഈ യുവാവിനെ അടുത്തുവിളിച്ചു പുഞ്ചിരി തൂകിക്കൊണ്ടു ഇങ്ങനെ ഒരു കവിത ചൊല്ലി.
‘മുറിവേറ്റ ഹൃദയങ്ങള്‍
ഒട്ടിച്ചേര്‍ന്നതുകൊണ്ടു
തഖ്വാ ചോര്‍ന്നു പോവുകയില്ല’.
ഈ ചുംബനം കൊണ്ടു നോമ്പു പോവുകയോ ഭക്തി നഷ്ടപ്പെടുകയോ ഇല്ലെന്ന് ബോധ്യമായി. ഇമാം മാലികിന്റെ അഭിപ്രായവും ഇതു തന്നെയായിരുന്നു. എങ്കിലും ഈ ഫത്വയുടെ പേരില്‍ ഇമാം ശാഫിഈയെ ആരോപണവിധേയമാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ഇമാം മാലികിന്റെ അഭിപ്രായങ്ങളില്‍ വാശിയുള്ള ചിലര്‍ ശാഫിഈയെപ്പറ്റി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. ശാഫിഈക്ക് ഹദീസ് അറിഞ്ഞുകൂടാ എന്ന് ആക്ഷേപിച്ചപ്പോള്‍ അഹ്മദുബ്നു ഹമ്പല്‍ അദ്ദേഹത്തെ സഹായിക്കാനെത്തി.
ഇമാം ശാഫിഈ അദ്ദേഹത്തിന്റെ ‘അല്‍ രിസാല’ എന്ന ഗ്രന്ഥം ഈജിപ്തില്‍ വെച്ച് പൂര്‍ത്തിയാക്കി. നേരത്തെ എഴുതിയിരുന്നതില് പല പരിഷ്കാരങ്ങളും വരുത്തി. ഫത്വ നടത്തുന്ന ഒരു പണ്ഡിതന് ആവശ്യമായ എല്ലാ തത്വങ്ങളും നിയമങ്ങളും ഗ്രന്ഥം കൈകാര്യം ചെയ്യുന്നു. ഇറാഖിലായിരുന്നപ്പോള്‍ പുറപ്പെടുവിച്ചിരുന്ന ഫത്വകള് പലതും ഈജിപ്തില്‍ വെച്ചു ശാഫിഈ മാറ്റി. പരിതസ്ഥിതികള്‍ മാറുന്നതിനനുസരിച്ചു ഇജ്തിഹാദ് (ഗവേഷണം) നടത്തി പുറത്തിറക്കുന്ന ഫത്വകളിലും വിധി പ്രഖ്യാപനങ്ങളിലും മാറ്റമുണ്ടാകുമെന്നതിനു ഇമാം ശാഫിഈ ഒരു ഉദാഹരണമായി എടുത്തുകാണിക്കപ്പെടുന്നു. ഇമാം ശാഫിഈക്കു ‘ഖദീം’ (പഴയത്), ‘ജദീദ്’ (പുതിയത്) എന്നിങ്ങനെ രണ്ട് അഭിപ്രായങ്ങള്‍ രൂപപ്പെട്ടത് ഇങ്ങനെയാണ്. ശാഫിഈ ജൗജിപ്തില്‍ വെച്ച് എഴുതിയ ഗ്രന്ഥങ്ങള്‍ സ്വീകരിക്കാന്‍ ഇമാം അഹ്മദ് ആഹ്വാനം ചെയ്യുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷമായി എഴുതിയതൊക്കെ അഞ്ചു വര്‍ഷം കൊണ്ടു മാറ്റി എഴുതിയ ശാഫിഈ മതവിഷയത്തില്‍ പരിവര്‍ത്തന വിധേയമാകുന്ന കാലത്തിനൊപ്പം സഞ്ചരിക്കുന്ന ചിന്തകനാണ്.
ശാഫിഈ ഇമാം മാലികിന്റെ ശിഷ്യനാണെങ്കിലും മാലികിന്റെ നിഗമനങ്ങളില്‍ ചിലതിനോട് പിന്നീട് അദ്ദേഹം കടുത്ത വിയോജിപ്പു പ്രകടിപ്പിച്ചു. മാലികിനോടുള്ള അഭിപ്രായ ഭിന്നതയുടെ വിഷയത്തില്‍ തന്നെ ഒരു ഗ്രന്ഥം അദ്ദേഹം രചിച്ചു.
ശാഫിഈയുടെ സുപ്രസിദ്ധമായ ഫിഖ്ഹ് ഗ്രന്ഥം ‘അല്‍ഉമ്മ്’ ആണ്. ഈ ഗ്രന്ഥം അദ്ദേഹം സ്വന്തം കൈകൊണ്ട് എഴുതിയതോ അതോ അദ്ദേഹം പറഞ്ഞുകൊടുത്ത് ശിഷ്യന്മാര് രേഖപ്പെടുത്തിയതോ എന്ന കര്യത്തില്‍ രണ്ട് അഭിപ്രായമുണ്ടെങ്കിലും ആദ്യത്തേതിനാണ് കൂടുതല്‍ പ്രാബല്യം. ഗ്രന്ഥം രചിച്ചു ശിഷ്യന്മാര്ക്കും വായിച്ചുകൊടുക്കുകയും അവര്‍ അത് പകര്‍ത്തുകയും ചെയ്യുന്ന രീതി അവലംബിച്ചിരുന്നു എന്നു ഗ്രന്ഥങ്ങളുടെ സ്വഭാവത്തില്‍ നിന്നു മനസ്സിലാകുന്നു. മാതാവ് എന്ന അര്‍ഥമുള്ള ‘ഉമ്മ്’ എന്ന ഈ കൃതി നിരവധി വിജ്ഞാനങ്ങള്‍ക്കും ചിന്തകള്‍ക്കും ജന്മം നല്കിയ മാതാവ് തന്നെയായി ഗണിക്കപ്പെടുന്നു. സാഹിത്യ ശൈലിയില്‍ ലളിതമായ പ്രതിപാദനത്തോടെ എഴുതപ്പെട്ട ഈ കൃതിയിലെ കൃത്യത ഒരു സവിശേഷത തന്നെയാണ്. ”ഇങ്ങനെ എതിര് വാദമുന്നയിച്ചാല്‍ നാം ഇങ്ങനെ മറുപടി പറയും” എന്ന താര്‍ക്കിക ശൈലി ശാഫിഈയുടെ സവിശേഷതയാണ്.
ശാഫിഈയുടെ കവിതകള്‍ അതിമനോഹരങ്ങളും ധാരാളം തത്വങ്ങളും സാരങ്ങളും ഉള്‍കൊള്ളുന്നവയുമാണ്.
‘പണ്ഡിതന്മാര്ക്കു കവിത
ഒരു കുറ്റമല്ലായിരുന്നുവെങ്കില്‍
ഞാന്‍ ലബീദിനേക്കാള്‍
മികച്ച കവിയാകുമായിരുന്നു’
എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സഞ്ചാരപ്രിയനായിരുന്ന ശാഫിഈ ദേശാടനത്തിന്റെ മഹത്വം വര്‍ണ്ണിച്ചുകൊണ്ട് ഇങ്ങനെ പാടി.
‘ബുദ്ധിയും
സല്‍ഗുണങ്ങളുമുളളവര്‍ക്ക് സ്വദേശ വാസത്തില്‍
ഒരു സുഖവുമില്ല
നാടുവിട്ടു പരദേശിയാവൂ
പ്രയാസം സഹിക്കൂ!
അതിലാണ് ജീവിത രസം
വെള്ളം കെട്ടിനിന്നാല്‍
അത് ചീത്തയാകും
ഒഴുകുമ്പേഴേ ശുദ്ധമാകൂ
സിംഹം മാളത്തിനു
പുറത്തുവന്നില്ലെങ്കില്‍
അതിനു ഇര പിടിക്കാനാകുമോ?
ബുവൈത്വീ, മുസ്നീ, റബീഉല്‍ മുറാദീ എന്നിവരാണ് ഇമാം ശാഫിഈയുടെ ശിഷ്യന്മാരില് പ്രമുഖര്‍.
ഇമാം ശാഫിഈ വിജ്ഞാനമാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ച പണ്ഡിതനാണ്. ഇമാം മാലികിന്റെ അനുയായികളിലെ തീവ്രവാദികള്‍ ഇമാമിനെതിരിലുള്ള ഒരു എതിര് അഭിപ്രായ പ്രകടനവും സഹിക്കാത്ത അസഹിഷ്ണുക്കളായിരുന്നു. ചില വിഷയങ്ങളില്‍ മാലികിനോടു വിയോജിച്ച ശാഫിഈയോട് അവര്‍ക്ക് കടുത്ത വിരോധമായിരുന്നു. ഫിത്യാന് എന്ന് പേരുള്ള ഒരു ധിക്കാരിയെയാണ് ശാഫിഈയെ ഉപദ്രവിക്കാന്‍ അവര്‍ തെരഞ്ഞെടുത്തത്.
ഇയാളെപ്പറ്റി ഭരണാധികാരികള്‍ക്കു ഒരിക്കല്‍ പരാതി കിട്ടിതായിരുന്നു. പക്ഷേ, ശാഫിഈയോട് ആരോപണങ്ങള്‍ ശരിയോ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം മൗനം പാലിച്ചത് കൊണ്ട് അയാള്‍ രക്ഷപ്പെട്ടതാണ്. ‘ശാഫിഈ ഒരക്ഷരം ഉരിയാടിയിരുന്നുവെങ്കില്‍ ഞങ്ങള്‍ അയാളുടെ തലയെടുക്കുമായിരുന്നു’വെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.
ഒരു ദിവസം ക്ലാസ് കഴിഞ്ഞു വിദ്യാര്‍ഥികളെല്ലാം പിരിഞ്ഞുപോയപ്പോള്‍ ഫിത്യാന്റെ അനുയായികളില്‍പ്പെട്ട ഒരു സംഘം ശാഫിഈയുടെ മുറിയില്‍ അതിക്രമിച്ചു കയറി. വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിച്ചുവെച്ചിരുന്ന ദണ്ഡുകള് പുറത്തെടുത്തു അദ്ദേഹത്തെ ശക്തിയായി പ്രഹരിച്ചു. ശാഫിഈ പ്രജ്ഞയറ്റു നിലത്തു വീണു. അക്രമികള്‍ ഓടിപ്പോയി. ഇമാമിനെ വീട്ടിലേക്ക് മാറ്റി. ബോധം തെളിഞ്ഞപ്പോള്‍ കടുത്ത വേദന. അദ്ദേഹം കുറച്ചു ദിവസം കിടപ്പിലായി. അഹ്മദുബ്നു ഹമ്പലും മുസ്നിയും സന്ദര്‍ശിക്കാനെത്തി. ‘അങ്ങേക്ക് എങ്ങനെയുണ്ട്’ അവര്‍ ചോദിച്ചു. ശാഫിഈ: ഞാന്‍ ദുന്യാവില് നിന്നു യാത്ര തിരിക്കുകയാണ്. എന്റെ സ്നേഹിതന്മാരെ പിരിയുകയാണ്. മരണത്തിന്റെ പാനപാത്രം മോന്തുകയാണ്. ഞാന്‍ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ എന്നറിഞ്ഞുകൂടാ. ഇതു പറഞ്ഞു അദ്ദേഹം കരഞ്ഞു. അവിടെ കൂടിയിരുന്ന എല്ലാവരും കരഞ്ഞു. അവരെ നോക്കി അദ്ദേഹം പറഞ്ഞു. ‘കൂട്ടുകാരേ, ഞാന്‍ യാത്ര ചോദിക്കുന്നു’. പിന്നെ അദ്ദേഹം ഖിബ്ലയുടെ നേരെ മുഖം തിരിച്ചു. ശഹാദത്ത് കലിമ ചൊല്ലി…
ഹി.204 റജബ് 28 വെള്ളിയാഴ്ച അദ്ദേഹം മരണപ്പെട്ടു.
