കേരളത്തിലെ അറബിക് കോളേജുകള്‍ 2
കേരളത്തിലെ അറബിക് കോളേജുകള്‍ മതവിദ്യാഭ്യാസത്തിന്റെയും അറബിക് ഭാഷാ പഠനത്തിന്റെയും കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങളാണ്. ഇസ്ലാമിക ശാസ്ത്രങ്ങള്‍, അറബിക് സാഹിത്യം, ഭാഷാശാസ്ത്രം എന്നിവ ക്രമബദ്ധമായി പഠിപ്പിക്കുന്ന ഈ കോളേജുകള്‍ സമൂഹത്തിന് ആവശ്യമായ പണ്ഡിതന്മാരെയും ബോധവത്കരിച്ച അധ്യാപകരെയും സൃഷ്ടിക്കുന്നു. പാരമ്പര്യ മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസ രീതികളും ഉള്‍ക്കൊള്ളുന്ന സമീപനമാണ് ഇവയുടെ പ്രത്യേകത. കേരളത്തിലെ അറബിക് കോളേജുകള്‍ മതപരമായ ബോധവികസനത്തിനും സാംസ്കാരിക സംരക്ഷണത്തിനും സാമൂഹ്യ മുന്നേറ്റത്തിനും ശക്തമായ അടിത്തറയായി നിലകൊള്ളുന്നവയാണ്.
ജാമിഅഃ അല്‍ഹിന്ദ് അല്‍ ഇസ്ലാമിയ്യഃ
ഖുര്‍ആനും സുന്നത്തും സലഫുകളുടെ മന്ഹജനുസരിച്ചു കൊണ്ട് പ്രചരിപ്പിക്കുന്ന പ്രബോധകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തില്‍ 2013 ല്‍ മലപ്പുറം ജില്ലയിലെ മിനി ഊട്ടിയില്‍ സ്ഥാപിതമായ കോളെജാണ് ജാമിഅഃ അല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യഃ. കേരളത്തിനകത്തും പുറത്തുമുള്ള സ്കൂള്‍ ഓഫ് ഖുര്‍ആനില്‍ അഞ്ചു വയസ്സു മുതല്‍ പതിനൊന്ന് വയസ്സു വരെ വിദ്യാര്‍ഥിനി വിദ്യാര്‍ഥികള്‍ക്ക് മത ഭൗതിക വിദ്യാഭ്യാസം നല്‍കുകയും തുടര്‍ന്ന് ഏഴു വര്‍ഷം ജാമിഅഃ അല്‍ ഹിന്ദില് നിന്ന് ഡിഗ്രിയും പി.ജി യും നല്കി കഴിവുറ്റ വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കാനാണ് ജാമിഅഃ അല്‍ ഹിന്ദ് ലക്ഷ്യമിടുന്നത്. ഇതിനായി ശറഇയ്യ കോളെജ്, ദഅ്വ കോളെജ്, കുല്ലിയത്തു തഖസ്സുസ് എന്നിവ ക്യാമ്പസില്‍ പ്രവര്‍ത്തിച്ചു വരുന്നു. പി.ജി വിദ്യാര്‍ഥികള്‍ക്ക് കോളെജ് മാസാന്ത സ്റ്റൈപ്പന്റും നല്‍കുന്നുണ്ട്.
ഇസ്ലാമിക പ്രബോധന രംഗത്ത് നേരിടുന്ന പ്രശ്നങ്ങളെ വൈജ്ഞാനികമായി നേരിടാന്‍ പ്രബോധകര്‍ക്ക് സഹായം നല്കുന്ന റിസര്‍ച്ച് അക്കാദമി, മതസ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്കുന്ന ടീച്ചേര്‍സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ട് എന്നിവയും ഈ ക്യാമ്പസിലുണ്ട്.
വിലാസം:
ജാമിഅഃ അല്‍ഹിന്ദ് അല്‍ ഇസ്ലാമിയ്യഃ
മിനി ഊട്ടി, ഊരകം
മേല്‍മുറി പി.ഒ
മലപ്പുറം ജില്ല, കേരള
ഇന്ത്യ, പിന്:673638
ഫോണ്‍:9847 592 150 , 0 9961 725 725
ഇമെയില്‍: jamiaalhind2017@gmail.com
വെബ്സൈറ്റ്: http://www.jamiaalhind.com
ദാറുല്‍ ഹുദാ, ചെമ്മാട്
1986 ജൂണ്‍ 25 മുതല്‍ മലപ്പുറം ജില്ലയിലെ ചെമ്മാട് എന്ന പ്രദേശത്ത് പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി. ആരംഭ ദശയില്‍ ‘ഇസ്ലാമിക് അക്കാദമി’യായി പ്രവര്‍ത്തനമാരംഭിച്ച ദാറുല്‍ ഹുദാ പിന്നീട് ‘യൂനിവേഴ്സ്റ്റി’യായി ഉയര്‍ത്തപ്പെട്ടു .
പാരമ്പര്യ ദര്‍സ് പഠനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മുസ്ലിം സമുദായത്തിന് മത വിദ്യഭ്യാസവും ഭൗതിക വിദ്യഭ്യാസവും സമന്വയിപ്പിച്ച് കൊണ്ടു പോവാനുള്ള ഒരു സംരംഭമായി 1983 ല്‍ ദാറുല്‍ ഹുദാ എന്ന പദ്ധതിക്ക് തുടക്കം കുറിക്കപ്പെട്ടു. എം എം ബഷീര്‍ മുസ്ലിയാര്, സി എച്ച് ഹൈദ്രോസ് മുസ്ലിയാര്, ഡോ.യു ബാപ്പുട്ടി ഹാജി എന്നിവരായിരുന്നു ദാറുല്‍ ഹുദായുടെ മുന്നില്‍ നിന്നത്.
അഞ്ചാം ക്ലാസ് മദ്റസ പഠനം പൂര്‍ത്തിയാക്കിയ കുട്ടികളില്‍ നിന്ന് പ്രത്യേക പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മത വിദ്യഭ്യാസവും ഭൗതിക വിദ്യഭ്യാസവും നല്കി ബിരുദ ധാരിയായി സമൂഹത്തിലേക്കിറക്കുക എന്നതാണ് ദാറുല്‍ ഹുദാ ലക്ഷ്യമിടുന്നത്. കൂടാതെ ബിരുദാനന്തര പഠനത്തിനും എം ഫില്‍ പഠനത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ‘ഹുദവി’ ബിരുദം സമ്മാനിക്കുന്നു. 1986 മുതല്‍ 2018 വരെ 21 ബാച്ചുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്.
1500 ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാന്‍ ദാറുല്‍ ഹുദാ സംവിധാനമൊരുക്കിയിട്ടുണ്ട്. നൂറിലധികം വരുന്ന അധ്യാപകരാണ് ഡോ. ബഹാഉദ്ദീന്‍ നദ്വിയുടെ മേല്‍നോട്ടത്തില്‍ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
250 ഓളം വിദ്യാര്‍ഥിനികള്‍ക്കായി ഫാത്വിമ സഹ്റ വനിത കോളേജും പ്രവര്‍ത്തിച്ചു വരുന്നു. ദാറുല്‍ ഹുദായില് അഫ്ലിയേറ്റഡ് ചെയ്യപ്പെട്ട സംസ്ഥാനത്തെ 23 കോളേജുകളിലൂടെ ആയിരത്തോളം വിദ്യാര്‍ഥികള്‍ ദാറുല്‍ ഹുദക്ക് കീഴില്‍ത്തന്നെ പഠിക്കുകയും ചെയ്യുന്നു. മുസ്ലിം ശാക്തീകരണം കേരളത്തില്‍ മാത്രം ചുരുങ്ങാന്‍ പാടില്ല എന്ന ലക്ഷ്യത്തില്‍ ആന്ധ്രപ്രദേശ്, വെസ്റ്റ് ബംഗാള്‍, ആസാം, കര്‍ണാടക എന്നിവിടങ്ങളില്‍ ഓഫ് ക്യാമ്പസുകളും പ്രവര്‍ത്തന നിരതമാണ്.
മൊറോക്കോയിലെ ഫെഡറേഷന് ഓഫ് ദ യൂനിവേഴ്സിറ്റീസ് ഓഫ് ഇസ്ലാമിക് വേള്‍ഡ്, കെയ്റോയിലെ ദ ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് എന്നിവയില്‍ അംഗത്വമുള്ള ദാറുല്‍ ഹുദാ, അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി, ജവഹര്‍ ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി, കെയ്റോ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ യൂനിവേഴ്സിറ്റി എന്നിവയുടെ അംഗീകാരം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പുറമെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഓഫ് മലേഷ്യ, ട്രിപ്പോളി യൂനിവേഴ്സിറ്റി ലിബിയ, അല്‍ മുസ്തഫ ഇന്റര്‍ന്നാഷണല്‍ യൂനിവേഴ്സിറ്റി ഇറാന്, സുല്‍ത്താന്‍ ശരീഫ് അലി ഇസ്ലാമിക് യൂനിവേഴ്സിറ്റി ബ്രൂണെ തുടങ്ങിയവയുമായി ധാരണാ പത്രത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്.
വിലാസം:
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സ്റ്റി
ഹിദായ നഗര്‍, ചെമ്മാട്
തിരൂരങ്ങാടി പി.ഒ
മലപ്പുറം ജില്ല, കേരള, ഇന്ത്യ.
പിന്: 676306
ഫോണ്‍:
+91 494 2463155
+91 494 2464502
+91 494 2460575
ഇ മെയില്‍: info@dhiu.in, dhuniverstiy@gmail.com
വെബ്സൈറ്റ്: www.dhiu.in
ദാറുല്‍ ഇര്‍ശാദ് അറബിക് കോളെജ്, പാറാല്‍
കണ്ണൂര്‍ ജില്ലയിലെ ഇസ്വ്ലാഹി നവോത്ഥാന പ്രവര്‍ത്തനങ്ങര്‍ക്ക് നേതൃത്വം നല്കാന് വേണ്ടി 1973 സെപ്തംബര്‍ 23 ന് രൂപം നല്കിയ പാറാല്‍ ലജ്നത്തുല്‍ ഇര്‍ശാദ് സംഘത്തിന്റെ കീഴില്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പാറാല്‍ ദാറുല്‍ ഇര്‍ശാദ് അറബിക് കോളേജ്.
കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴില്‍ മികച്ച അക്കാദമിക നിലവാരവും ഭൗതിക സൗകര്യങ്ങളുമുള്ള സ്ഥാപനമാണിത്. വിശാലമായ റഫറന്‍സ് ലൈബ്രറി, ഐ.ടി. ലാബ്, കാന്റീന്, കോളേജ് ബസ് എന്നീ സൗകര്യങ്ങളും കോളേജില്‍ ഒരുക്കിയിട്ടുണ്ട്. പണ്ഡിതരും പരിചയ സമ്പന്നരുമായ അധ്യാപകര്‍ കോളേജിന്റെ അഭിമാനമാണ്.
അഫ്ദലുല്‍ ഉലമ പ്രിലിമിനറി, ബി.എ. അഫ്ദലുല്‍ ഉലമാ അറബിക്, എം.എ അറബിക് എന്നീ കോഴ്സുകളാണ് കോളേജില്‍ ഉള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തലശ്ശേരി നിയോജക മണ്ഡലത്തിലെ ഏക ഗവ. എയ്ഡഡ് കോളേജാണിത്. അധ്യാപക യോഗ്യതാ പരീക്ഷയായ കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ ടെറ്റ്) അറബി പരീക്ഷയ്ക്കുള്ള പരിശീലനം, പി.എസ്.സി മത്സരപ്പരീക്ഷാ പരിശീലനം എന്നിവ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകരുടെ സഹകരണത്തോടെ ഇവിടെ സംഘടിപ്പിക്കാറുണ്ട്.
വിലാസം:
ദാറുല്‍ ഇര്‍ശാദ് അറബിക് കോളെജ്
പാറാല്‍ പി.ഒ, കണ്ണൂര്‍ ജില്ല.
പിന്: 670671
ഫോണ്‍: 04902336004
ദാറുല്‍ ഉലൂം, വാഴക്കാട്
ഒരു കുടുംബത്തിന്റെയും അതിന് നേതൃത്വം നല്കുന്ന വ്യക്തികളുടെയും സമര്‍പ്പണ ചിന്ത ഒരു സമൂഹത്തെ എത്രമേല്‍ സ്വാധീനിക്കുകയും പുരോഗമന മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുമെന്നതിനുള്ള ഉത്തമോദാഹരണമാണ് ദാറുല്‍ ഉലൂം എഡ്യുക്കേഷനല്‍ ട്രസ്റ്റ്. മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടിക്കടുത്ത് കരിമരക്കാട് എന്ന കുഗ്രാമത്തെ വാഴക്കാട് എന്ന പേരില്‍ കേരളത്തിനകത്തും പുറത്തും പ്രശസ്തമാക്കിയതില് മുഴുവന്‍ പങ്കും വഹിച്ചത് ദാറുല്‍ ഉലൂം എന്ന മഹാസ്ഥാപനമാണ്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് കൊയപ്പത്തൊടി കുടുംബത്തിലെ കാരണവരും ശിരസ്താര്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുകയും ചെയ്തിരുന്ന കൊയപ്പത്തൊടി മമ്മദ് കുട്ടി ഹാജി ആയിരുന്നു.
1871 ല്‍ ഒരു പള്ളിയുടെ ഉള്ളില്‍ ഒരു ചെറിയ മദ്റസായിട്ടായിരുന്നു തുടക്കം. മദ്റസയുടെ പേര് തന്മിയതുല് ഉലൂം എന്നായിരുന്നു. മതവിദ്യാഭ്യാസം പഴയ ദര്സു സമ്പ്രദായത്തില്‍ മാത്രം ഒതുങ്ങിക്കൂടിയ കാലഘട്ടത്തില്‍ ആധുനിക മദ്റസാ പ്രസ്ഥാനത്തിന് ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജി നേതൃത്വം നല്‍കുന്നത് ദാറുല്‍ ഉലൂമിന്റെ മണ്ണിലാണ്. ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയുടെ മേല്‍നോട്ടത്തിന് കീഴില്‍ വന്നപ്പോഴാണ് ദാറുല്‍ ഉലൂം എന്ന പേര് മദ്റസക്ക് നല്‍കിയത്.
1911 ല്‍ ആണ് ദാറുല്‍ ഉലൂമിന്റെ വിപുലീകരണം നടക്കുന്നത്. പള്ളിദര്‍സായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന് സ്വന്തമായ കെട്ടിടവും വിശാലമായ ഹാളും ഹോസ്റ്റല്‍ സൗകര്യവും ഓഫീസ് മുറിയും എല്ലാം ഒരുക്കിയത് മമ്മദ് കുട്ടി അധികാരിയായിരുന്നു. കൂടുതല്‍ സ്വത്തുക്കള്‍ ദാറുല്‍ ഉലൂമിനു വേണ്ടി വഖ്ഫ് ചെയ്തു കൊണ്ടായിരുന്നു ഈ നവീകരണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയത്.
1910 ല്‍ ആണ് തന്മിയതുല് ഉലൂം, ദാറുല്‍ ഉലൂം ആയി മാറുന്നതും അക്കാദമിക് കാര്യങ്ങള്‍ മുഴുവന്‍ ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയുടെ മേല്‍ നോട്ടത്തില്‍ ആവുന്നതും. 1913 ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച മദ്റസയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ പറ്റി ചാലിലകത്ത് തയ്യാറാക്കിയ ‘വാഴക്കാട് ദാറുല്‍ ഉലൂം എന്ന വിവിധ വിദ്യാലയ നിയമങ്ങളില്‍’ ഇങ്ങനെ കാണാം. ‘മുഹമ്മദീയര്‍ക്ക് മതഭാഷയായ അറബിയിലും മറ്റും ദൈവിക-ലൗകികങ്ങളായ വിദ്യാഭ്യാസങ്ങള്‍ നല്കി സന്മാര്ഗവും രാജഭക്തിയും നാഗരികത്വവും ഉണ്ടാക്കിത്തീര്‍ക്കുകയായിരുന്നു’. ഇതിനനുസൃതമായി തന്നെ മതവിഷയങ്ങള്‍ക്കൊപ്പം മറ്റു വിഷയങ്ങള്‍ക്കും പ്രധാന്യമുള്ള വ്യക്തവും സമഗ്രവുമായ ഒരു സിലബസ് ചാലിലകത്ത് രൂപം നല്കി. അറബി ഭാഷ, മത വിഷയങ്ങള്‍, ചരിത്രം എന്നിവയ്ക്കു പുറമെ ജാഗ്റാഫിയ (ഭൂമിശാസ്ത്രം), ഹൈഅത്ത് (വാനശാസ്ത്രം), ഹന്ദസ (ശില്പ ശാസ്ത്രം), ഹിസാബ് (കണക്ക്), മലയാളം എന്നിവയെല്ലാം ആ സിലബസില്‍ ഉണ്ടായിരുന്നതായി 1913 ലെ ബൈലോയില്‍ കാണാം. അന്നത്തെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ദാറുല്‍ ഉലൂമില്‍ കൊണ്ടുവരുന്നതില്‍ ചാലിലകത്ത് ശ്രദ്ധ പുലര്‍ത്തിയിരുന്നു. രണ്ടു ഭാഗത്തും എഴുതാവുന്ന ബോര്‍ഡ്, ബെഞ്ച്, ഡെസ്ക് തുടങ്ങിയവയെല്ലാം അദ്ദേഹം ദാറുല്‍ ഉലൂമില്‍ എത്തിച്ചു. ഇതെല്ലാം അന്ന് ആര്‍ക്കും പരിചയമില്ലാത്ത പുതിയ കാര്യങ്ങളായിരുന്നു. കാലത്തിനനുസരിച്ച് ഏറ്റവും നവോന്മുഖമായ മാറ്റങ്ങള്‍ വരുത്തി അദ്ദേഹം ദാറുല്‍ ഉലൂമിനെ പുരോഗതിയിലേക്ക് നയിച്ചു.
ദാറുല്‍ ഉലൂം അസോസിയേഷന്
1943 ഡിസംബര്‍ എട്ടിന് കൊയപ്പത്തൊടി കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ യോഗം മുതവല്ലി മുഹമ്മദ് കുട്ടി സാഹിബ് വിളിച്ചു ചേര്‍ത്തു. ദാറുല്‍ ഉലൂമിന്റെ നടത്തിപ്പ് സൗകര്യത്തിനായി ഈ യോഗത്തില്‍ വെച്ച് ദാറുല്‍ ഉലൂം അസോയിയേഷന് എന്ന ഒരു സംഘം രൂപീകരിച്ചു. അദ്ദേഹം തന്നെയായിരുന്നു സ്ഥാപക പ്രസിഡണ്ടും. ദാറുല്‍ ഉലൂം മദ്റസയെ ഒരു അറബിക് കോളേജായി ഉയര്‍ത്തുക, 1860 ലെ 21ാം നമ്പര്‍ ആക്ട് പ്രകാരം സംഘടന രജിസ്റ്റര്‍ ചെയ്യുക എന്നിവയായിരുന്നു പ്രധാന തീരുമാനങ്ങള്‍.
ഒരു സംഘടനയ്ക്കും പ്രാമുഖ്യമില്ലാതെ കൊയപ്പത്തൊടി കുടുംബത്തിന്റെ കീഴിലാണ് ഇന്നും ദാറുല്‍ ഉലൂം പ്രവര്‍ത്തിക്കുന്നത്. വിവിധ സംഘടനകളില്‍ പെട്ട ധാരാളം പ്രമുഖര്‍ ദാറുല്‍ ഉലൂമില്‍ നിന്ന് വിദ്യാഭ്യാസം നേടുകയും അവിടെ അധ്യാപകരായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
കെ.സി.അബ്ദുല്ല മൗലവി, ഇ.മൊയ്തു മൗലവി, ഇ.കെ അബൂബക്കര്‍ മുസ്ല്യാര്‍, എം.ടി അബ്ദുറഹിമാന് മൗലവി, അബു സബാഹ് മൗലവി, കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്, എം.അബ്ദുല്ലക്കുട്ടി മൗലവി, എം.ടി അബ്ദുര്‍റഹ്മാന്‍ മൗലവി, എന്‍ വി അബ്ദുസ്സലാം മൗലവി, എം.സി.സി സഹോദരന്മാര്, ചേകനൂര്‍ അബുല്‍ ഹസന് മൗലവി, പി. സെയ്തു മൗലവി, കെ.പി മുഹമ്മദ് മൗലവി, കെ.എന്‍ ഇബ്റാഹീം മൗലവി, സി.എ മൗലവി, ശൈഖ് മുഹമ്മദ് മൗലവി, ടി.കെ അബ്ദുല്ല മൗലവി, മുഹ്യുദ്ദീന്‍ ആലുവായ്, ഖുതുബി മുഹമ്മദ് മുസ്ലിയാര്, എന്‍.കെ അഹ്മദ് മൗലവി തുടങ്ങിയവര്‍ ദാറുല്‍ ഉലൂമിന്റെ ശിഷ്യന്മാരില് പ്രധാനികളാണ്.
ചെറുശ്ശേരി അഹ്മദ് കുട്ടി മുസല്യാര്‍, എം.ആലിക്കുട്ടി മൗലവി, ചാലിലകത്ത് കുഞ്ഞഹമ്മദ് കുട്ടി ഹാജി, കെ.എം.മൗലവി, ഇ.മൊയ്തു മൗലവി, എം.ടി അബ്ദുര്‍റഹ്മാന്‍ മൗലവി, കെ.സി.അബ്ദുല്ല മൗലവി, പി.കെ.മൂസാ മൗലവി, പറവണ്ണ മുഹ്യുദ്ദീന്‍ മുസ്ലിയാര്, ഖുതുബി മുഹമ്മദ് മുസ്ലിയാര് എന്നിവര്‍ ദാറുല്‍ ഉലൂമിലെ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കമ്മിറ്റിക്കു കീഴില്‍ നിലവില്‍ ദാറുല്‍ ഉലൂം CBSE സ്കൂള്‍, ദാറുല്‍ ഉലൂം ബി.എഡ് കോളേജ്, ദാറുല്‍ ഉലൂം അറബിക് കോളേജ് (എയ്ഡഡ്) എന്നിവ കൂടി നടന്നു വരുന്നു.
വിലാസം:
ദാറുല്‍ ഉലൂം അറബിക് കോളെജ് വാഴക്കാട്,
വാഴക്കാട് പി.ഒ, പിന്:673640,
മലപ്പുറം, കേരള.
ഫോണ്‍: 9698301412
ഇ-മെയില്‍: duacvkd@gmail.com
വെബ്സൈറ്റ്:
www.duacollege.in
ബുസ്താനുല്‍ ഉലൂം അറബിക് കോളെജ്, കൊപ്രക്കളം
വൃദ്ധജനങ്ങള്‍ക്കുള്ള ക്ലാസില്‍ നിന്നാരംഭിച്ച മദ്റസയിലൂടെ അറബിക് കോളെജിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും വളര്‍ന്ന ചരിത്രമാണ് ബുസ്താനുല്‍ ഉലൂമിന്റേത്. 1968ല്‍ പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ ആണ് തൃശ്ശൂര്‍ ജില്ലയിലെ കൊപ്രക്കളത്ത് വയോജനങ്ങള്‍ക്കായുള്ള ഖുര്‍ആന്‍ ക്ലാസ് ആരംഭിക്കുന്നത്. പിന്നീട് ഇതിന്റെ തന്നെ രണ്ട് ശാഖകള്‍ ചെന്ത്രാപ്പിന്നിയിലും കയ്പമംഗലത്തും തുടങ്ങി.
അറുപതു വിദ്യാര്‍ഥികളുമായാണ് കോളെജ് പ്രവര്‍ത്തനമാരംഭിക്കുന്നത്. അബ്ദുര്‍റഹ്മാന്‍ മദനിയായിരുന്നു ആദ്യ പ്രിന്‍സിപ്പല്‍. ഒരു ഖുര്‍ആന്‍ ക്ലാസിലൂടെ തുടക്കം കുറിച്ച സ്ഥാപനത്തിന് ഇന്ന് നിരവധി സംരംഭങ്ങള്‍ ഉണ്ട്. എ അബ്ദുസ്സലാം സുല്ലമി (എടവണ്ണ), എം എം നദ്വി, അബ്ദുല്‍ഹഖ് സുല്ലമി ആമയൂര്‍, സൈനുദ്ദീന്‍ തങ്ങള്‍ വാരണാക്കര, അബ്ദുല്‍ കരീം അമാനി, പ്രഫ. അബ്ദുല്ല എന്നിവര്‍ ഈ സ്ഥാപനത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിലാസം:
ബുസ്താനുല്‍ ഉലൂം അറബിക് കോളേജ്
കൈപ്പമംഗലം, കൊപ്രക്കളം
പിന്:680681
തൃശൂര്‍, കേരള.
ഫോണ്‍: 0480284 5009
മദീനത്തുല്‍ ഉലൂം അറബിക് കോളെജ്, പുളിക്കല്‍
കേരളത്തിലെ ആദ്യത്തെ വ്യവസ്ഥാപിത മദ്റസയായ വാഴക്കാട് ദാറുല്‍ ഉലൂമിന്റെ പിന്‍ഗാമിയായാണ് മദീനത്തുല്‍ ഉലൂം അറബിക് കോളെജിന്റെ പിറവി. ദാറുല്‍ ഉലൂമിന്റെ പ്രിന്‍സിപ്പല്‍ ആയിരുന്ന എം സി സി അബ്ദുര്‍റഹ്മാന്‍ മൗലവിയായിരുന്നു മദീനത്തുല്‍ ഉലൂമിന്റെ സ്ഥാപക പ്രിന്‍സിപ്പല്‍.
വാഴക്കാട് ദാറുല്‍ ഉലൂമില്‍ നടന്നിരുന്ന ദര്‍സും അറബിക് കോളെജും ചില സാങ്കേതിക കാരണങ്ങളാല്‍ 1946 സെപ്തംബര്‍ 31ന് അന്നത്തെ മാനേജര്‍ അടച്ചുപൂട്ടി. എന്നാല്‍, എം സി സി അബ്ദുര്‍ റഹ്മാന് മൗലവി ദാറുല്‍ഉലൂമിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും തന്റെ പിതാവായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തിരൂരങ്ങാടിയില്‍ നടത്തിയിരുന്ന ദര്‍സിലേക്ക് മാറ്റി. അങ്ങനെ പത്തുമാസക്കാലം അവര്‍ തിരൂരങ്ങാടിയില്‍ താമസിച്ചു.
ആയിടക്കാണ് പുളിക്കലിലെ ‘കവാകിബുന്നയ്യിറ’ സംഘം ഒരു ഉന്നത ദീനീ വിദ്യാഭ്യാസ സ്ഥാപനം നടത്തുവാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എം സി സി അബ്ദുറഹിമാന് മൗലവിക്ക് വാഗ്ദാനം ചെയ്യുന്നത്. ആ വാഗ്ദാനം സ്വീകരിച്ച അദ്ദേഹം 1947 ജൂലായ് 1ന് ‘മദീനത്തുല്‍ ഉലൂമി’ന് തുടക്കം കുറിച്ചു. അന്നത്തെ മുപ്പതിനായിരത്തോളം രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കളും കെട്ടിടവും ‘കവാകിബുന്നയ്യിറ’ സംഘം കോളെജിന് കൈമാറി. 1949ല്‍ മദ്രാസ് യൂനിവേഴ്സിറ്റിയുടെ അംഗീകാരവും കോളെജിന് ലഭിച്ചു. 1947ല്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും 1955ല്‍ ആണ് കോളെജിന്റെ ഔപചാരികമായ ഉദ്ഘാടനകര്‍മം നിര്‍വഹിക്കപ്പെട്ടത്. സി ഒ ടി കുഞ്ഞിപ്പക്കി സാഹിബ് ആയിരുന്നു ഉദ്ഘാടകന്‍.
വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് മൂലം കവാകിബുന്നയ്യിറ നല്കിയ സ്ഥലം പോരാതെ വന്നു. അതിനാല്‍ പാലക്കല്‍ മൂസാ ഹാജി ദാനംചെയ്ത മാംഗ്ലാരിക്കുന്നിലേക്ക് പടിപടിയായി ക്യാംപസ് മാറ്റാന്‍ തീരുമാനിക്കപ്പെട്ടു. 1966ല്‍ പ്രധാന കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചു. തുടക്കത്തില്‍ ധാരാളം ക്ലേശങ്ങള്‍ അനുഭവിച്ച മദീനത്തുല്‍ ഉലൂമിന് ഇന്ന് വിശാലമായ കെട്ടിടങ്ങളും ലൈബ്രറിയും പള്ളിയുമുണ്ട്. ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇവിടെ വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും പ്രത്യേകം ഹോസ്റ്റലുകളുമുണ്ട്.
കേരള മുസ്ലിംകള്‍ക്കിടയിലെ അന്ധവിശ്വാസങ്ങള്‍ ഇല്ലായ്മ ചെയ്ത് സത്യസന്ദേശം അവര്ക്കെത്തിക്കുന്നതില് മദീനത്തുല്‍ ഉലൂമിന്റെ സന്തതികള്‍ വലിയ പങ്കു വഹിച്ചു.
വിലാസം:
മദീനത്തുല്‍ ഉലൂം അറബിക് കോളെജ് പുളിക്കല്‍,
മലപ്പുറം, പിന്: 673637,
കേരള.
ഫോണ്‍: 914832791048
ഇ-മെയില്‍:
വെബ്സൈറ്റ്: www.muacollege.ac.in
മഅ്ദിനുസ്സഖാഫത്തില്‍ ഇസ്ലാമിയ്യ മലപ്പുറം
1997 ലാണ് മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമി (മഅ്ദിനുസ്സഖാഫത്തില്‍ ഇസ്ലാമിയ്യ) സ്ഥാപിതമാകുന്നത്. 5 സെന്റ് ഭൂമിയില്‍ 120 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 35 ലധികം സ്ഥാപനങ്ങളിലായി 21000 ലധികം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന സ്ഥാപന സമുച്ചയമാണ്. ചില അന്താരാഷ്ട്ര സര്‍വ്വകലാശാലകളുമായി മഅ്ദിന്‍ വിദ്യാഭ്യാസ വിനിമയ കരാറുകളിലേര്‍പ്പെട്ടിട്ടുണ്ട്.
സ്വലാത്ത് നഗര്‍, എജ്യു പാര്‍ക്ക്, മഹബ്ബ സ്ക്വയര്‍ എന്നിവിടങ്ങളിലായി പോളി ടെക്നിക് കോളേജ്, ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, സാദാത്ത് അക്കാദമി, കോളേജ് ഓഫ് ഇസ്ലാമിക് ദഅ്വ, സി ബി എസ് ഇ പബ്ലിക് സ്കൂള്‍, കുല്ലിയ്യ ഓഫ് ഇസ്ലാമിക് സയന്‍സ്, ഓര്‍ഫനേജ്, അന്ധവിദ്യാലയം, ബധിര വിദ്യാലയം, ബുദ്ധിമാന്ദ്യ പരിചരണ കേന്ദ്രം, ഹോസ്പൈസ് പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സംരംഭങ്ങള്‍ നടന്നു വരുന്നു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ പഠനം, താമസം, ഭക്ഷണം, ചികിത്സ തുടങ്ങിയ ചെലവുകള്‍ മഅ്ദിന്‍ വഹിക്കുന്നു. അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, ജര്‍മന്‍ തുടങ്ങിയ വിദേശ ഭാഷാ പഠനത്തിനായി ഇവിടെ പ്രത്യേക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
വിലാസം:
മഅ്ദിന്‍ അക്കാദമി,
സ്വലാത്ത് നഗര്‍,
മേല്‍മുറി, മലപ്പുറം,
പിന്: 676517
ഫോണ്‍: 914832738343
ഇ-മെയില്‍: info@madin.edu.in
വെബ്സൈറ്റ്: https://madin.edu.in
നുസ്റത്തുല്‍ ഇസ്ലാം അറബിക് കോളെജ്, കടവത്തൂര്‍
മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ രംഗങ്ങളില്‍ അധഃപതിക്കുകയും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിമപ്പെടുകയും ചെയ്തവരായിരുന്നു വടക്കേ മലബാറിലെ മുസ്ലിം സമുദായം. ഈ ദുരവസ്ഥയില്‍ നിന്ന് മുസ്ലിം സമുദായത്തെ മോചിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തില്‍ 1956 സെപ്തംബര്‍ 12 ന് കടവത്തൂരില്‍ രൂപീകൃതമായ സംഘമാണ് നുസ്റത്തുല്‍ ഇസ്ലാം സംഘം.
അന്ധവിശ്വാസങ്ങളില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാനുള്ള മാര്‍ഗം മതബോധം വളര്‍ത്തിയെടുക്കുക മാത്രമാണെന്ന് തിരിച്ചറിഞ്ഞ സംഘം നുസ്റത്തുല്‍ ഇസ്ലാം അറബിക് കോളെജെന്ന പേരില്‍ ഒരു മതവിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. 1995 ല്‍ കേരള ഗവണ്മെന്റ് എയ്ഡഡായി പ്രഖ്യാപിച്ച കോളെജിന് ആദ്യം കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ അംഗീകാരം ലഭിക്കുകയും പിന്നീട് കണ്ണൂര്‍ യൂനിവേഴ്സിറ്റിക്ക് കീഴിലേക്ക് മാറ്റപ്പെടുകയും ചെയ്തു. അഫ്ദലുല്‍ ഉലമ പ്രിലിമിനറി, ബി.എ അഫ്ദലുല്‍ ഉലമ, എം.എ അറബിക് എന്നീ കോഴ്സുകളാണ് കോളെജിലുള്ളത്. 2009 ല്‍ യു.ജി.സി യുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
സി.എച്ച് അബ്ദുര്‍റഹ്മാന്‍ മൗലവി, എന്‍.കെ അഹ്മദ് മൗലവി, എടപ്പാറ കുഞ്ഞഹ്മദ് മൗലവി, അമ്മാങ്കോത്ത് അബൂബക്കര്‍ മൗലവി, ഹുസൈന് സലഫി, ഡോ.കെ.കെ സകരിയ്യ സ്വലാഹി എന്നിവര്‍ കോളെജിലെ അധ്യാപകരായിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ലേഡീസ് ഹോസ്റ്റല്‍ സംവിധാനമുള്ള അപൂര്‍വം കോളെജുകളില്‍ ഒന്നാണ് നുസ്റത്തുല്‍ ഇസ്ലാം. നുസ്റത്തുല്‍ ഇസ്ലാം സംഘത്തിനു കീഴില്‍ യു.പി സ്കൂളും രണ്ട് മദ്റസകളും പ്രവര്‍ത്തിച്ചു വരുന്നു. സംഘത്തിനു കീഴിലുള്ള മസ്ജിദുല്‍ അന്സ്വാറിലാണ് കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി സ്ത്രീകള്‍ ജുമുഅയിലും ജമാഅത്തുകളിലും പങ്കെടുത്തത്.
വിലാസം:
നുസ്റത്തുല്‍ ഇസ്ലാം അറബിക് കോളെജ്
കടവത്തൂര്‍ പി.ഒ
കണ്ണൂര്‍ ജില്ല.
പിന്:670676
ഫോണ്‍: 0490 2390381
വാഫി കോളേജ്/സി.ഐ.സി
മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക കോളേജുകളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനും വേണ്ടി വളാഞ്ചേരി മര്‍കസുത്തര്‍ബിയ്യത്തില്‍ ഇസ്ലാമിയ്യ ആസ്ഥാനമായി 2000 ല്‍ കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജ് (സി.ഐ.സി) എന്ന ഒരു അക്കാദമിക് ബോഡി നിലവില്‍ വന്നു. ഇസ്ലാമിക വിജ്ഞാനങ്ങളോട് ഭൗതിക വിദ്യകള്‍ സമന്വയിപ്പിച്ചു നല്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളുടെ കാലിക പ്രസക്തി മനസ്സിലാക്കിയ സി.ഐ.സി വാഫി, വഫിയ്യ കോഴ്സുകള്‍ക്ക് രൂപം നല്കി. പെണ്‍കുട്ടികള്‍ക്കുള്ള 24 വഫിയ്യ കോളേജുകളും ആണ്‍കുട്ടികള്‍ക്കുള്ള 45 വാഫി കോളെജുകളും സി.ഐ.സിയോട് അഫ്ലിയേറ്റ് ചെയ്തിട്ടുണ്ട്.
ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് ലീഗ്, ഈജിപ്ത് അല്‍അസ്ഹര്‍ യൂനിവേഴ്സിറ്റി, കെയ്റോ യൂനിവേഴ്സിറ്റി, അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി, ഹംദര്‍ദ് യൂനിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ തുടങ്ങി ധാരാളം യൂനിവേഴ്സിറ്റികളുമായി സി.ഐ.സി ഇതിനോടകം ധാരണാ പത്രങ്ങളില്‍ ഒപ്പു വെച്ചിട്ടുണ്ട്. കൂടാതെ 2009 ലെ ഇസ്ലാം ഓണ്‍ലൈന്‍ അന്താരാഷ്ട്ര പുരസ്കാരവും 2011 ലെ ഇസ്ലാം ഡോട്ട് നെറ്റ് പുരസ്കാരവും 2017ല്‍ ഐ.എസ്.ഒ അംഗീകാരവും വാഫി കോളെജുകളുടെ കേന്ദ്രത്തെ തേടിയെത്തിയിരുന്നു. നിലമ്പൂര്‍ അടക്കാക്കുണ്ട് ക്യാമ്പസാണ് നിലവില്‍ വാഫി കോളേജുകളുടെ തലസ്ഥാനം. ഡിഗ്രി തലം വരെയുള്ള കോഴ്സുകള്‍ അഫ്ലിയേറ്റ് ചെയ്ത വാഫി കോളെജുകളില്‍ നല്കപ്പെടുമ്പോള് പി.ജി കോഴ്സുകള്‍ അടക്കാക്കുണ്ട് ക്യാമ്പസില്‍ മാത്രമാണ്.
വിലാസം:
പാറശ്ശേരി റോഡ്,
അടക്കാക്കുണ്ട്, കാളികാവ്
മലപ്പുറം
ഫോണ്‍: 04931259888
വെബ്സൈറ്റ്: www.wafycic.com
സുല്ലമുസ്സലാം അറബിക് കോളെജ്, അരീക്കോട്
20 ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അന്ധകാരത്തിലായിരുന്ന അരീക്കോടിനേയും അതിലൂടെ മറ്റു പ്രദേശങ്ങളേയും ഖുര്‍ആന്‍ പഠനം വ്യാപകമാക്കിക്കൊണ്ടും വിദ്യാഭ്യാസത്തിലൂടെയും മാറ്റിയെ ടുത്തത് 1944 ലെ സപ്തമ്പര്‍ 20 ന്ന് രൂപീകൃതമായ ജംഇയ്യത്തുല്‍ മുജാഹിദീന്‍ എന്ന സംഘത്തിന്റെ നിരന്തരമായ പ്രവര്‍ത്തനമായിരുന്നു. യഥാര്‍ഥ തൗഹീദ് ഗ്രഹിക്കാനും ജനങ്ങള്‍ക്ക് പ്രബോധനം ചെയ്യാനും അറബി ഭാഷാ പഠനം അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് സുല്ലമുസ്സലാം അറബിക്കോളേജിന്ന് ആരംഭം കുറിക്കാന്‍ പ്രേരിപ്പിച്ചത്. ദീനീ വിജ്ഞാന രംഗത്ത് മാത്രമല്ല ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്നതിന്നും അറബിക്കോളേജിന്ന് ഗണ്യമായ സംഭാവനകള്‍ നല്കാന് സാധിച്ചു. 1955 ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തതോടെയാണു ഇതിന്നുള്ള സാഹചര്യം സംജാതമായത്. യൂണിവേഴ്സിറ്റി പരീക്ഷകള്‍ എഴുതി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാനും അതുവഴി സര്‍ക്കാര്‍ ജോലികള്‍ക്ക് അര്‍ഹത നേടാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു. ആ കാലഘട്ടങ്ങളില്‍ അരീക്കോടും പരിസരങ്ങളിലുമായി ഇരുന്നൂറിലധികം അധ്യാപകര്‍ ഈ കോളേജില്‍ നിന്ന് പഠനം പൂര്ത്തിയാക്കിയവരായിരുന്നുഅരീക്കോടിന്റെ ഹൃദയ ഭാഗത്തുള്ള വീടുകളില്‍ അറബി അദ്ധ്യാപകര്‍ ഇല്ലാത്ത ഒരു വീടു പോലും കാണാന്‍ പ്രയാസമായിരുന്നു. മാത്രമല്ല പല വീടുകളിലും ഒന്നിലധികം പേര് അറബി അധ്യാപകരായി ജോലി ചെയ്യുന്നവരുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമാക്കിയ കാലത്താണ് അവര്‍ക്കു കൂടി വിദ്യ നേടാന്‍ അവസരം നല്‍കിക്കൊണ്ട് അറബിക്കോളേജില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്കിവന്നത്.
നിലവില്‍ അഫ്സല് ഉലമ പ്രിലിമിനറി, ബി.എ അഫ്സല് ഉല് ഉലമ, ബി.കോം വിത്ത് ഇസ്ലാമിക് ഫിനാന്‍സ്, എം.എ അറബിക് എന്നീ കോഴ്സുകള്‍ കോളെജിലുണ്ട്. അറബിക് കോളെജിന്നു പുറമെ ജംഇയ്യത്തുല്‍ മുജാഹിദീന്‍ സംഘത്തിനു കീഴിലായി ഓറിയന്റല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, സുല്ലമുസ്സലാം ആര്‍ട്സ് ആന്റ് സയന്‍സ് കോളെജ് എന്നിവയും പ്രവര്‍ത്തിച്ചു വരുന്നു.
വിലാസം:
സുല്ലമുസ്സലാം അറബിക് കോളെജ്,
അരീക്കോട്
മലപ്പുറം,
പിന്:673639
ഫോണ്‍:04832850236, 2787012
ഇമെയില്‍: sullamareacode@gmail.com
വെബ്സൈറ്റ്: https://www.ssac.ac.in/
