മൗലാനാ അബുസ്സബാഹ് അഹ്മദലി മൗലവി
കൊടുംകാടും കുന്നുകളും നിറഞ്ഞ് ഇരുള്‍മൂടിയ ഫറോക്കിലെ കരിങ്കല്ലായിക്കുന്ന്. ആറു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തുര്‍ക്കിത്തൊപ്പിയും പൈജാമയും ധരിച്ചെത്തിയ ഒരു മഹാനുഭാവന് വിജനമായ ഈ പെരുംകാട്ടിലേക്ക് ഒരു നടപ്പാത വെട്ടിത്തെളിച്ചു. അക്ഷരാര്‍ഥത്തില്‍ അറിവിന്റെ പൂങ്കാവനമായി (റൗദത്തുല്‍ ഉലൂം) മാറിയ ഫാറൂഖാബാദിന്റെ പിറവി അങ്ങനെയായിരുന്നു.

1906ല്‍ ചാവക്കാടിനടുത്ത വമ്പേനാട് എന്ന സ്ഥലത്താണ് ജനനം. അനാഥത്വത്തിന്റെ കയ്പുറ്റ ജീവിതസാഹചര്യത്തിലായിരുന്നു ശൈശവം. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പതിവനുസരിച്ച് കോക്കൂര്‍ പള്ളിദര്‍സിലും തുടര്‍ന്ന് മാഹിയിലും പഠനം നടത്തി. വെല്ലൂരിനെക്കാള്‍ ഉന്നത നിലവാരമുള്ള മദ്രാസ് ജമാലിയ്യ കോളജിലേക്കാണ് അബുസ്സബാഹ് മൗലവിയെ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടെത്തിച്ചത്. 1923ല്‍ പതിനെട്ടാം വയസ്സില്‍ അവിടെ പ്രവേശനം ലഭിച്ചു. ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം കൊളമ്പോയിലേക്ക് പോയി. അവിടെ വച്ച് ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്നു ബിരുദമെടുത്ത ചിലരെ പരിചയപ്പെട്ടതോടെ അല്‍ അസ്ഹര്‍ മോഹമായി മനസ്സിലുദിച്ചു. പൈതൃകമായി കിട്ടിയ ഭൂസ്വത്ത് വിറ്റ് അദ്ദേഹം ആഗ്രഹസാക്ഷാത്കാരത്തിനായുള്ള പണമുണ്ടാക്കി.
ബോംബെയില്‍ വിസക്കായി കാത്തുകഴിഞ്ഞ നാളുകളില്‍ അവിടെ ഒരു സ്ഥാപനത്തില്‍ ചേര്‍ന്ന് ഉര്‍ദു പഠിച്ചു. 1924ല്‍ മൗലവി ഈജിപ്തിലേക്ക് കപ്പല്‍ കയറി. അല്‍ അസ്ഹറില്‍ പ്രവേശനം നേടി. സംഘടിത ബോധം കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെ നല്ല വിദ്യാര്‍ഥിയായി. വിദ്യാര്‍ഥികളെ അല്‍ റാബിത്വത്തുശ്ശര്‍ഖിയ്യ എന്ന പേരില്‍ സംഘടിപ്പിച്ച് തങ്ങളുടെ ആവശ്യങ്ങളുന്നയിക്കുന്ന വലിയൊരു മെമ്മൊറാണ്ടം തയ്യാറാക്കിഅന്നത്തെ ശൈഖുല്‍ അസ്ഹര്‍ ആയിരുന്ന മുസ്ത്വഫ മറാഗിക്ക് സമര്‍പ്പിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്വല അധ്യായമായ മൗലാന മുഹമ്മദലിയുമായി അല്‍അസ്ഹറില്‍ വെച്ചാണ് മൗലവി ബന്ധപ്പെടുന്നത്. 1928ല്‍ തുടങ്ങിയ ഈ ബന്ധം മൗലാനയുടെ മരണംവരെ തുടര്‍ന്നു. അല്ലാമ മുഹമ്മദ് ഇഖ്ബാലുമായി പഠനകാലത്തു തന്നെ ബന്ധമുണ്ടായിരുന്നു. സയ്യിദ് റശീദ് രിദ, മൗലാന മുഹമ്മദലിയെഎതിര്‍ത്തു ലേഖനമെഴുതിയപ്പോള്‍ അബുസ്സബാഹ് മൗലവി അഖ്ബാറുല്‍ യൗം പത്രത്തില്‍ എഴുതിയ മറുപടി അക്കാലത്ത് കോളിളക്കം സൃഷ്ടിച്ചു. മൗലാന മുഹമ്മദലിയുമായുള്ള ബന്ധം മൗലവിയുടെ ദേശീയ ബോധത്തിന് കരുത്തുപകര്‍ന്നു.
ഈജിപ്തില്‍ തന്നെ ജോലി നോക്കാനാണ് മൗലവി ആഗ്രഹിച്ചതെങ്കിലും ഒത്തുതീര്‍പ്പുകള്‍ അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. ഫലസ്ത്വീന്, ഇറാഖ്, ഇറാന് തുടങ്ങിയസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം പിന്നീട് ലാഹോറിലാണെത്തിയത്. അവിടെയും പിന്നീട് ബിഹാറിലും അറബിക്കോളജുകളില്‍ സേവനമനുഷ്ഠിച്ചെങ്കിലും അവിടത്തെ യാഥാസ്ഥിതിക പണ്ഡിതന്മാരുമായി ഒത്തുപോവാന്‍ കഴിഞ്ഞില്ല. പിന്നീട് കല്‍ക്കത്തയിലെത്തി. ഒടുവില്‍ പണ്ട് ഉപരിപഠനം നടത്തിയിരുന്ന മദ്രാസ് ജമാലിയ്യ കോളജില്‍ എത്തിച്ചേര്‍ന്നു.
അസാമാന്യമായ നിശ്ചയ ദാര്‍ഢ്യമായിരുന്നു മൗലവിക്ക്. വിഖ്യാതനായ ഒരു വിദ്യാഭ്യാസ വിചക്ഷണനും പരിഷ്കര്‍ത്താവുമെന്നതിനു പുറമെ വൈദ്യശാസ്ത്രത്തില്‍ നിപുണനുമായിരുന്നു അദ്ദേഹം. മൗലവിയുടെ കുറെകാലത്തെ ജീവിതം തികച്ചും ഒട്ടേറെ അപൂര്‍വതകളാല്‍ ശ്രദ്ധേയമായിരുന്നു. ബീഹാറിലെത്തിയ അദ്ദേഹം അവിടെ കാട്ടില്‍ ഏകാന്തവാസമനുഷ്ഠിച്ചു. മൈസൂരില്‍ വന്ന് മലയിലെ ഗുഹയില്‍ കഴിയാനാണ് അദ്ദേഹം തീരുമാനിച്ചത്. കാട്ടുവാസത്തിനിടെ കടുത്ത പനി ബാധിച്ചു. നടുവിനു ചുറ്റും കമ്പിളി ചുറ്റി മലയിലൂടെ നിരങ്ങി നീങ്ങിയാണ് ചോലയിലിറങ്ങി വെള്ളമെടുത്തിരുന്നത്. പിന്നെ അതിനും സാധ്യമല്ലാതായി. ചോലയിലേക്ക് പോവന്‍ ശ്രമിക്കുന്നതിനിടെ വഴിമധ്യേ ബോധരഹി തനായി. അബോധാവസ്ഥയില്‍ കിടക്കുന്ന മൗലവിയെ കണ്ട മലവാസികള്‍ അവര്‍ക്ക് അങ്ങാടിസാമാനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന മുഹമ്മദ് സുല്‍ത്താന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
മുഹമ്മദ് സുല്‍ത്താന്റെ സഹായത്തോടെ ഗുണ്ടല്‍പേട്ടയിലെ ഇടിഞ്ഞുപൊളിഞ്ഞ് ഉപയോഗശൂന്യമായ ഒരു നമസ്കാരപ്പള്ളി കണ്ടെത്തി. ആളുകള്‍ എത്തിനോക്കാന്‍ പോലും ഭയപ്പെട്ടിരുന്ന ആ കെട്ടിടത്തില്‍ ഒരു മറയുണ്ടാക്കി മൗലവി അവിടെ താമസിച്ചു. അവിടെ വച്ചാണ് കുഞ്ഞാലിക്കുട്ടി ഹാജിയെ പരിചയപ്പെടുന്നത്. ആ പ്രദേശത്ത് മലയും കൃഷിയും സ്വന്തമായുണ്ടായിരുന്ന ആനക്കയം സ്വദേശിയായ ഹാജി വൈകാതെ മൗലവിയുടെ നിത്യസന്ദര്‍ശകനായി. ഈ ബന്ധമാണ് പിന്നീട് കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരു വിപ്ലവത്തിലേക്ക് വരെ എത്തിച്ചത്.
ഗുണ്ടല്‍പേട്ടയില്‍ നിന്നു മൗലവി കറാച്ചിയിലേക്ക് പോയി. അവിടെ ഖുര്‍ആന്‍ ക്ലാസ് ആരംഭിച്ചു. കറാച്ചിയില്‍ നിന്നു നേരെ ബോംബെയില്‍ പോയി അവിടെ മുന്‍പ് ഈജിപ്തില്‍വെച്ച് പരിചയപ്പെട്ട അബ്ദുസ്സമദ്മൗലവിയോടൊപ്പം കുറച്ചു നാള് കഴിഞ്ഞു. വീണ്ടും നാട്ടിലേക്ക് തിരിച്ചു. കുഞ്ഞാലിക്കുട്ടി ഹാജിയുടെ ആഗ്രഹമനുസരിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ മൗലവി, ഹാജിയുടെ നിര്‍ബന്ധപ്രകാരം ഏതാനും ദിവസം അവിടെ കഴിഞ്ഞു.
ആനക്കയത്ത് ഒരജ്ഞാതന്‍ താമസിക്കുന്നുവെന്ന വാര്‍ത്ത നാട്ടിലാകെ പ്രചരിച്ചു. ഒരു ഉന്നതപൊലീസ് ഉദ്യോഗസ്ഥന് മൗലവിയെ ചോദ്യം ചെയ്യുകയുണ്ടായി. ഒരു വര്‍ഷമായപ്പോഴേക്കും, കേരള മുസ്ലിംകളുടെ അടിയന്തരാവശ്യം ഉന്നത മത വിദ്യാഭ്യാസമാണെന്ന് അബുസ്സബാഹ് മനസ്സിലാക്കി. അറബി ഭാഷയും മതവിദ്യാഭ്യാസവും സ്വായത്തമാക്കിയ, നിശ്ചിതയോഗ്യതയുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാനായിരുന്നു പ്രഥമ പദ്ധതി. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് നിയോഗിക്കപ്പെട്ടത് സയ്യിദ് മുഹ്യുദ്ദീന്‍ഷാ, സി എന്‍ അഹ്മദ് മൗലവി, ഫലക്കി മുഹമ്മദ് മൗലവി എന്നിവരെയായിരുന്നു. എ അലവി, സി പി അബൂബക്കര്‍ മൗലവി, അബ്ദുല്‍ ഹമീദ് മൗലവി, മുഹമ്മദ് അബ്ദു, ടി പി ആലി മൗലവി എന്നിവര്‍ ആദ്യബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ്. അങ്ങനെ1942 ജനുവരി 5ന് കുഞ്ഞാലിക്കട്ടി ഹാജിയുടെ വസതിയില്‍ റൗദത്തുല്‍ ഉലൂം അറബിക് കോളെജ് ഔപചാരികമായി ആരംഭിച്ചു.
മുസ്ലിംകളുടെ മാത്രമല്ല പൊതുവില്‍ മലയാളികളുടെ തന്നെ സാംസ്കാരിക ഉന്നതിക്കു പിന്നില്‍ അബുസ്സബാഹ് മൗലവിയുടെ ഇടം വളരെ ഉന്നതമാണ്. 1944 ഒക്ടോബറില്‍ കോളെജ് ആനക്കയത്ത് നിന്നു മഞ്ചേരിയിലേക്ക് മാറ്റി സ്ഥാപിച്ചു. കുഞ്ഞാലിക്കുട്ടി സാഹിബ് തന്റെ വീടും സ്ഥലവും കോളെജിന് ദാനമായി നല്കി. റൗദത്തുല്‍ ഉലൂം അസോസിയേഷന് രൂപം നല്കപ്പെട്ടു. 1945 മാര്‍ച്ചില്‍ മദ്രാസ് സര്‍വകലാശാല കമ്മീഷനായി നിയോഗിതനായ ഡോ. അബ്ദുല്‍ ഹഖ് കോളജില്‍ പരിശോധനക്കെത്തുകയും ചില ഉപാധികളോടെ കോളജിന് അംഗീകാരം നല്‍കുകയും ചെയ്തു. കേരളത്തിലെ പ്രഥമ അറബിക് കോളെജെന്ന ബഹുമതിയിലേക്ക് റൗദത്തുല്‍ ഉലൂം ഉയര്‍ന്നു.
കുഞ്ഞോയി വൈദ്യരുടെയും അഡ്വ. എം വി ഹൈദ്രോസിന്റെയും പ്രത്യേക താല്പര്യത്തോടെയുള്ള അന്വേഷണത്തിലാണ് ഫറോഖിലെ കരിങ്കല്ലായിക്കുന്നിലേക്ക് ഈ അറിവിന്റെ പുന്തോപ്പ് പറിച്ചുനട്ടത്. പി അബ്ദുല്ലക്കട്ടി ഹാജി ദാനമായിനല്കിയ ഈ ഭൂമിയില്‍ നിസ്സീമമായ പിന്തുണകളുടെയും അതുല്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രഭ ചൊരിയുന്ന ചരിതം രചിക്കുകയായിരുന്നു അബുസ്സബാഹ്. ദക്ഷിണേന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സമുച്ചയമായിനാള്‍ക്കുനാള്‍ ഫാറുഖാബാദ് കുതിച്ചു കൊണ്ടിരുന്നു. വിദ്യാഭ്യാസത്തെമത നവോത്ഥാനത്തിന്റെ സരണിയാക്കി സമുദായ പരിഷ്കരണ ചരിത്രത്തിലും വേറിട്ടൊരധ്യായമാണ് അബുസ്സബാഹ് മൗലവി രചിച്ചത്. മങ്കട അബ്ദുല്‍ അസീസ് മൗലവി, എ പി അബ്ദുല്‍ഖാദര്‍ മൗലവി, സി എച്ച് അബ്ദുര്‍റഹ്മാന്‍ മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിയവരെല്ലാം അബുസ്സബാഹ് മൗലവിയുടെ ശിഷ്യന്മാരാണ്.
ഉത്തരേന്ത്യയിലായിരുന്ന കാലത്ത് ഒരിക്കല്‍ ഒരു പാഠശാലയുടെ നടത്തിപ്പിലേക്ക് സാമ്പത്തിക സഹായം തേടിയിറങ്ങിയ മൗലവിക്കും കൂട്ടര്‍ക്കും ഒരു ധനാഢ്യനില്‍ നിന്ന് അല്പം മോശം പ്രതികരണം നേരിടേണ്ടി വന്നു. ‘ഈ പണിക്ക് നടക്കുന്നതിന് പകരം നിങ്ങള്‍ക്ക് എന്റെ പാടത്തേക്ക് ചാണകം കോരി കൊണ്ടു വന്നിട്ടുകൂടെ’- അയാള്‍ ചോദിച്ചു. പിറ്റേ ദിവസംമൗലവിയും ശിഷ്യന്മാരും അങ്ങാടിയിലൂടെ ചാണകം ചുമന്ന് കൊണ്ടുപോയി അദ്ദേഹത്തിന്റെ പാടത്ത് എത്തിച്ചുനല്‍കി. കരഞ്ഞു മാപ്പു ചോദിച്ച ആ ധനാഢ്യന് പിന്നീട് മൗലവിയുടെ സ്ഥാപനത്തെ അകമഴിഞ്ഞ് സഹായിക്കുന്ന ആളായി മാറി.
കത്തെഴുത്ത് അദ്ദേഹത്തിന്റെ പ്രധാനമായ ഒരു ചര്യ തന്നെയായിരുന്നു. പ്രഗത്ഭ വ്യക്തിത്വങ്ങളുമായും വിദ്യാഭ്യാസ, സാംസ്കാരിക കേന്ദ്രങ്ങളുമായുമൊക്കെ ഇത്തരത്തില്‍ നിരന്തരം എഴുത്തുകുത്തുകള്‍ നടത്താറുണ്ടായിരുന്നു. 1971 സപ്തംബര്‍ 10 വ്യാഴാഴ്ച അബുസ്സബാഹ് മൗലവി ഈ ലോകത്തോട് വിടപറഞ്ഞു.
