ഹോം > ചരിത്രം... > നാഗരികതകള്‍

1 മിനിറ്റ് വായിച്ചില്ല

നാഗരികതകള്‍

മനുഷ്യ സമൂഹത്തിന്റെ രൂപവത്കരണത്തിലും ആശയവികാസത്തിലും നാഗരികതകള്‍ നിര്‍ണായക പങ്കുവഹിച്ചു. ഈജിപ്ഷ്യന്‍ നാഗരികത, മെസൊപ്പൊട്ടേമിയ, സൈന്ധവ നാഗരികത, ചൈനീസ് നാഗരികത, ആദ്-സമൂദ് നാഗരികതകള്‍, ഗ്രീക്ക് നാഗരികത, റോമന്‍ നാഗരികത, വൈദിക സംസ്‌കാരം എന്നിവയിലൂടെ മനുഷ്യന്‍ നേടിയ സാമൂഹ്യക്രമങ്ങള്‍, ദാര്‍ശനിക ചിന്തകള്‍, നിയമബോധം, നൈതിക മൂല്യങ്ങള്‍ എന്നിവ ഈ ലേഖനം അവതരിപ്പിക്കുന്നു. സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ട്ല്‍, കണ്‍ഫ്യൂഷിയസ് എന്നിവരുടെ ആശയങ്ങളോടൊപ്പം പുരാതന നാഗരികതകളുടെ സംഭാവനകളും ഇവിടെ വിശദീകരിക്കുന്നു.

മനുഷ്യന്‍ കൃഷിയിലൂടെ ഭക്ഷണം സമാഹരിച്ചുതുടങ്ങിയത് നവീന ശിലായുഗത്തിന്റെ അന്ത്യഘട്ടത്തോടെയാണ്. കൃഷിയെ അവലംബിച്ചുകൊണ്ട് ജീവിക്കുന്ന വളരെയധികം പ്രദേശങ്ങള്‍ രൂപപ്പെട്ടുവന്നതിലൂടെയാണ് നാഗരികത നാമ്പിട്ടു തുടങ്ങിയത്. ജലസേചന സൗകര്യം നദീ തടങ്ങളിലെ ജീവിതം എളുപ്പമാക്കുകയും വിളവ് മികച്ചതാക്കാന്‍ സഹായിക്കുകയും ചെയ്തു. നദി വഴിയും കരവഴിയുമുള്ള യാത്രാസൗകര്യം നാഗരികതയുടെ വളര്‍ച്ചക്ക് വേഗം കൂട്ടിയതോടെ നാഗരികതയുടെ ഈറ്റില്ലങ്ങളായി നദീ തടങ്ങള്‍ വളര്‍ന്നു. ഈജിപ്തില്‍ നൈല്‍ താഴ്‌വരയിലും മെസൊപ്പൊട്ടേമിയയില്‍ യൂഫ്രട്ടിസ്, ടൈഗ്രിസ് താഴ്‌വരകളിലും, ഇന്ത്യയിലെ സിന്ധ് താഴ്‌വരകളിലും മഹത്തായ നാഗരികതകള്‍ വളര്‍ന്നുവന്നു.

ഈജിപ്ഷ്യന്‍ നാഗരികത

വിശ്വസംസ്‌കാരത്തിന്റെ പിറവിയില്‍ നിര്‍ണായക കൈയൊപ്പ് ചാര്‍ത്തിയ ഈജിപ്ഷ്യന്‍ നാഗരികതയ്ക്ക് ക്രിസ്തുവിന് മുമ്പ് പതിനായിരം വര്‍ഷത്തോളം പഴക്കമുണ്ടെന്ന് അഭിപ്രായപ്പെടുന്ന ചരിത്രകാരന്‍മാരുണ്ട്. ബി സി 3055നോടടുത്ത കാലഘട്ടത്തിലാണ് ഈജിപ്തില്‍ നാഗരികത രൂപം കൊള്ളുന്നത്. ഈജിപ്തില്‍ നിന്നുള്ള ധാന്യവും ചണവും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂറോപ്പില്‍ എത്തിയിരുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.

നൈലിന്റെ ദാനമായി കരുതപ്പെടുന്ന പത്തു മുതല്‍ ഇരുപതു നാഴിക വരെ വീതിയിലുള്ള ഭൂപ്രദേശമാണ് ഈജിപ്ഷ്യന്‍ നാഗരികതയുടെ കേന്ദ്രം. കാര്‍ഷിക വൃത്തിയില്‍ നൂതനമാര്‍ഗങ്ങള്‍ കണ്ടെത്തിയിരുന്ന അവര്‍ കനാല്‍ വഴി വെള്ളം തിരിച്ചുവിട്ട് വിളവു മെച്ചപ്പെടുത്തി. നൂബിയ, സുഡാന്‍ എന്നിവിടങ്ങളുമായി വാണിജ്യ ബന്ധം പുലര്‍ത്തിയിരുന്ന ഈജിപ്തുകാര്‍ സ്വര്‍ണാഭരണം, ഗ്ലാസ്, പാത്രങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ നിര്‍മിക്കുന്നതില്‍ നിപുണരായിരുന്നു. വര്‍ഷത്തില്‍ 365 ദിവസം അടങ്ങിയ ഒരു കലണ്ടര്‍ രൂപപ്പെടുത്തിയെടുത്ത അവര്‍ തന്നെയാണ് ഹൈറോഗ്ലഫിക്‌സ് എന്നറിയപ്പെടുന്ന ചിത്രലിപിയിലൂടെ ലോകത്ത് ആദ്യമായി ഒരു എഴുത്തുകലയ്ക്ക് രൂപം കൊടുത്തതും. പെപ്പിറസ് ചെടിയുടെ തണ്ടു കൊണ്ട് നിര്‍മിച്ച ചുരുളുകളിലാണ് അവര്‍ എഴുതിയിരുന്നത്. ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു പെപ്പിറസ് ചുരുളിന് 135 അടി നീളവും 17 ഇഞ്ച് വീതിയുമുണ്ട് (Daves HAþþ, Outline History of the World – 1959 page 18). ഗിസഹിലുള്ള വലിയ പിരമിഡും സ്ഫിന്‍ക്‌സും ഈജിപ്ഷ്യന്‍ വാസ്തുകലയുടെ മകുടോദാഹരണങ്ങളാണ്.

ദൈവവിശ്വാസികളും മരണാനന്തരജീവിത വിശ്വാസികളുമായിരുന്നു പുരാതന ഈജിപ്തുകാര്‍. ബിംബങ്ങളെ കുടിയിരുത്തിയിരുന്ന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ‘കര്‍ണക് ക്ഷേത്രം’ രണ്ടായിരം വര്‍ഷം കൊണ്ടാണ് പണികഴിപ്പിച്ചതത്രെ. ബഹുദൈവ വിശ്വാസത്തിനു പകരം ഏകദൈവ വിശ്വാസം നടപ്പിലാക്കിക്കൊണ്ട് ഈജിപ്തുകാരുടെ മതസങ്കല്പത്തിന് കാതലായ മാറ്റം വന്നത് അമന്‍ ഹോതപ് ഫറോവ(1375-1358)യുടെ സ്ഥാനാരോഹണത്തോടെയാണ്. ഏകദൈവമായ ‘ആറ്റനി’ലുള്ള വിശ്വാസം പ്രചരിപ്പിച്ച അദ്ദേഹം കര്‍ണക് ക്ഷേത്രം അടച്ചുപൂട്ടുകയും ‘ആറ്റന്‍ സംതൃപ്തനായിരിക്കുന്നു’ എന്നര്‍ഥം വരുന്ന അഖ്‌നാറ്റന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. അഖ്‌നാറ്റന്റെ മരണത്തോടെ ഏകദൈവസങ്കല്പം ശിഥിലമായി. പിന്നീട് അറിയരും കാല്‍ദിയക്കാരും പേര്‍ഷ്യക്കാരും ഈജിപ്ത് ആക്രമിച്ചു കൈവശപ്പെടുത്തി. വിദേശാധിപത്യത്തില്‍ നിന്ന് മുക്തയാകാന്‍ ഈജിപ്തിന് വളരെയധികം കാത്തിരിക്കേണ്ടി വന്നു.

മെസൊപ്പൊട്ടേമിയ

യൂഫ്രട്ടീസ്, ടൈഗ്രിസ് നദീ താഴ്‌വര മെസൊപ്പൊട്ടേമിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. താഴ്ന്ന ഭാഗം സുമര്‍ എന്നും ഉയര്‍ന്ന പ്രദേശം അക്കാഡ് എന്നുമാണ് അറിയപ്പെട്ടിരുന്നത്. ഇവ രണ്ടും ചേര്‍ന്നതാണ് ബാബിലോണിയ. ഫല പുഷ്ടിയുള്ള ചന്ദ്രക്കല (Fertile Crescent) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രദേശത്ത് നാഗരികത വന്‍ തോതിലുള്ള വികാസം പ്രാപിച്ചു. ബി സി നാലായിരം വര്‍ഷത്തോടടുത്ത കാലത്ത് പേര്‍ഷ്യയില്‍ നിന്ന് മെസൊപ്പൊട്ടേമിയയില്‍ കുടിയേറിയ സുമേറിയക്കാരുടെ പ്രധാന തൊഴില്‍ കൃഷിയായിരുന്നു. ഗോതമ്പു കൃഷി ആദ്യമായി നടത്തിയത് സുമര്‍ താഴ്‌വരയിലാണ്. അണക്കെട്ടും കനാലും നിര്‍മിച്ച് വിപുലമായ കൃഷി നടത്തി. ഈജിപ്തുമായും ഇന്ത്യയിലെ സിന്ധ് പ്രദേശവുമായും അവര്‍ക്ക് വ്യാപാര ബന്ധം ഉണ്ടായിരുന്നു. സൈന്ധവ നാഗരിക കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ സുമേറിയയുമായുള്ള ബന്ധം വിളിച്ചോതുന്നു. പ്രാകൃത രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായവും അവര്‍ ആവിഷ്‌കരിച്ചിരുന്നു. സുമേറിയന്‍ തുണിത്തരങ്ങളും രോമ വസ്ത്രങ്ങളുമെല്ലാം പ്രശസ്തിയാര്‍ജിച്ചവയായിരുന്നു. യൂഫ്രട്ടീസ് തീരത്തുള്ള നിപ്പൂര്‍ പട്ടണം 5000 ബി സിയില്‍ നിലനിന്നിരുന്നുവെന്നാണ് ചരിത്രം. മറ്റൊരു പ്രധാന പട്ടണമായിരുന്നു ‘ഊര്‍’. ഇബ്‌റാഹിം നബി ഈ പട്ടണത്തില്‍ നിന്നാണ് ഫലസ്തീനിലെ കനാന്‍ പ്രദേശത്ത് കുടിയേറിപ്പാര്‍ത്തതെന്ന് കരുതപ്പെടുന്നു. നഗരങ്ങള്‍ക്കും കോട്ടകള്‍ക്കുമൊപ്പം കമാനവും കൊത്തളങ്ങളും (Arch & Dam) അവരുടെ സംഭാവനകളാണ്. ഊര്‍ പട്ടണത്തില്‍ നടത്തിയ ഉത്ഖനനങ്ങള്‍ ഇതിനുള്ള തെളിവുകള്‍ നല്‍കുന്നു.

എഴുത്തുകല ഇവരുടെ മഹത്തായ സംഭാവനയാണ്. പൂളി(Wedge)ന്റെ ആകൃതിയിലുള്ള ചിത്രലിപി ‘കൂനിഫോം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജ്യോതിശ്ശാസ്ത്രവും ജ്യോതിഷവും പുരോഗതി പ്രാപിച്ച അക്കാലത്ത് കളിമണ്‍ കട്ടകളില്‍ എഴുത്താണി ഉപയോഗിച്ചാണ് എഴുതിയിരുന്നത്.

പ്രകൃതി ശക്തികളില്‍ വിശ്വസിച്ചിരുന്ന സുമേറിയക്കാര്‍ ദൈവങ്ങള്‍ക്ക് മനുഷ്യന്റേതുള്‍പ്പെടെ വിവിധ രൂപങ്ങള്‍ കല്പിച്ചിരുന്നു.

സുമേറിയക്കാരെ തുടര്‍ന്ന് ഭരണം നടത്തിയിരുന്നത് സെമിറ്റിക് വര്‍ഗക്കാരായ അക്കാദിയന്‍മാര്‍ ആയിരുന്നു. ഏറ്റവും പ്രഗത്ഭനായ അക്കാദിയന്‍ ചക്രവര്‍ത്തി സാര്‍ഗ(2750 ബി സി)ന്റെ കാലത്ത് പേര്‍ഷ്യന്‍ കടലിടുക്ക് മുതല്‍ മെഡിറ്ററേനിയന്‍ തീരം വരെ സാമ്രാജ്യം വ്യാപിച്ചിരുന്നു. അക്കാദിയന്‍ ഭരണം അവസാനിപ്പിച്ച് സെമിറ്റിക് വര്‍ഗക്കാരായ അമോറയിത്തുകള്‍ ആധിപത്യം സ്ഥാപിച്ചു. ക്രോഡീകരിക്കപ്പെട്ട ഒരു നിയമ സംഹിത തയ്യാറാക്കിയ ഹമുറാബി (2000 ബി സി) ആയിരുന്നു ഈ വംശത്തിലെ പ്രബലനായ രാജാവ്.

സെമിറ്റിക്കുകളായ അസീറിയന്‍മാരുടെ പ്രധാന പട്ടണങ്ങളായിരുന്നു അസ്സുര്‍, നിനവെ എന്നിവ. ശൂര പരാക്രമികളായിരുന്നെങ്കിലും നാഗരികതക്കെതിരെ അവര്‍ മുഖം തിരിച്ചിരുന്നില്ല. കാല്‍ഡിയന്‍ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാന്‍ അസീറിയന്‍മാര്‍ക്കായില്ല. നെബുക്കാദ് നസറാ(604-561)യുടെ ഭരണകാലത്താണ് കലാപകാരികളായ യഹൂദരെ അടിച്ചമര്‍ത്തി ഫലസ്തീനില്‍ നിന്ന് ബാബിലോണിയയിലേക്ക് പിടിച്ചു കൊണ്ടുപോയത്. യഹൂദ ചരിത്രത്തില്‍ ഈ സംഭവം ബാബിലോണിയന്‍ ബന്ധനം (Babylonian Captivity) എന്നാണറിയപ്പെടുന്നത്. ലോകാത്ഭുതങ്ങളില്‍ പെടുന്ന തൂങ്ങുന്ന തോട്ടം (Hanging Garden) ഇദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ പണികഴിപ്പിച്ചതാണ്.

കലയും സാഹിത്യവും പ്രോത്സാഹിപ്പിച്ച കാല്‍ഡിയന്‍ രാജാക്കന്‍മാര്‍ ബാബിലോണിയയില്‍ പ്രാചീന ആരാധനകളും ക്ഷേത്രങ്ങളും പുനര്‍നിര്‍മിച്ചു. ജ്യോതിശ്ശാസ്ത്രം ഉള്‍പ്പെടെ ശാസ്ത്രങ്ങളില്‍ കാര്യമായ വളര്‍ച്ചയുണ്ടായി.

സൈന്ധവ നാഗരികത

ഈജിപ്ഷ്യന്‍, മെസൊപ്പൊട്ടേമിയന്‍ നാഗരികതകള്‍ക്ക് സമകാലികമായി ഇന്ത്യയില്‍ സിന്ധു നദീതടത്തില്‍ ഏകദേശം അയ്യായിരം കൊല്ലം മുമ്പ് മഹത്തായൊരു നാഗരികത നിലവിലുണ്ടായിരുന്നു. രണ്ടായിരം ബി സിയില്‍ ഉച്ചസ്ഥാനത്തെത്തിയ ഈ നാഗരികത ബി സി 2500 മുതല്‍ 1800 വരെ നിലനിന്നു. സിന്ധു പ്രദേശത്തെ മോഹന്‍ജൊ ദാരൊ, പഞ്ചാബിലെ ഹാരപ്പ, സിന്ധിലെ തന്നെ ചാന്‍ഹുദാരോ, ഗുജറാത്തിലെ ലോത്താന്‍, രാജസ്ഥാനിലെ കാലിഭാന്‍ഗന്‍, ഹരിയാനയിലെ ബനവാലി എന്നീ ആറു നഗരങ്ങളിലാണ് വികസിത രൂപത്തില്‍ ഇത് നിലനിന്നിരുന്നത്. ഇതില്‍ മോഹന്‍ജൊ ദാരൊ പല തവണ പുനര്‍നിര്‍മിക്കപ്പെട്ടിട്ടുണ്ട്. നഗരങ്ങള്‍ ആസൂത്രിതങ്ങളായിരുന്നു എന്നതാണ് എടുത്തുപറയത്തക്ക പ്രത്യേകത. വീതിയുള്ള നിരത്തുകള്‍ നഗരത്തെ പല മേഖലകളാക്കി തിരിക്കുന്നു. ആധുനിക നിലവാരം പുലര്‍ത്തുന്ന അഴുക്കുചാല്‍ പദ്ധതിയാണ് മറ്റൊരു പ്രത്യേകത. വീടുകള്‍, കൊട്ടാരങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവക്ക് പുറമെ സാമൂഹ്യ ആവശ്യങ്ങള്‍ക്കായുള്ള മുനിസിപ്പല്‍ കെട്ടിടങ്ങളും ധാന്യപ്പുരകളും മറ്റും നിര്‍മിച്ചിരുന്നു. ചുട്ട മണ്‍കട്ടകളാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്.

നഗരവാസികളാണെങ്കിലും കൃഷിയില്‍ വ്യാപൃതരായിരുന്നു. വെങ്കലത്തിലും ചെമ്പിലും തീര്‍ത്ത ആയുധങ്ങളും വീട്ടുപകരണങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. മണ്‍പാത്ര നിര്‍മാണം, പരുത്തിത്തുണി നെയ്ത്ത് എന്നിവയായിരുന്നു പ്രധാന കൈത്തൊഴിലുകള്‍. വാണിജ്യബന്ധങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന മൃഗങ്ങളുടെ ചിത്രങ്ങളും ലിഖിതങ്ങളും മുദ്രണം ചെയ്ത നിരവധി സീലുകള്‍ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. സൈന്ധവ നാഗരികതയുടെ കേന്ദ്രങ്ങളില്‍ ഒരു തരം ലിപി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും അവ പൂര്‍ണമായും വായിച്ച് ഗ്രഹിക്കാന്‍ സാധിച്ചിട്ടില്ല.

ശക്തിയുടെ മൂര്‍ത്തിയായി സങ്കല്പിക്കപ്പെട്ട് ആരാധിക്കപ്പെട്ടിരുന്നത് മാതൃദേവത ആയിരുന്നു. വൃക്ഷങ്ങളും മൃഗങ്ങളും കല്ലുകളും കൂടാതെ മൃഗങ്ങളാല്‍ വലയം ചെയ്ത മൂന്നു കൊമ്പുള്ള രൂപത്തെയും ആരാധിച്ചിരുന്നു. പശുപതി(ശിവന്‍)യുടേതാണ് ഈ രൂപമെന്ന് കരുതപ്പെടുന്നു. സൈന്ധവ നാഗരികതക്ക് മെസൊപ്പൊട്ടേമിയന്‍ നാഗരികതയുമായി സാമ്യങ്ങളേറെയുണ്ട്. ഈ രണ്ട് പ്രദേശങ്ങളിലെയും ജനങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ടിരുന്നുവെന്നാണ് കരുതപ്പെടുന്നത്. സൈന്ധവ സംസ്‌കാരത്തിന്റെ അന്ത്യം പ്രളയമോ ഭൂകമ്പമോ കൊണ്ട് സംഭവിച്ചതാണെന്നും വൈദേശികാക്രമണം മൂലം സംഭവിച്ചതാണെന്നും രണ്ടഭിപ്രായമുണ്ട്.

ചൈനീസ് നാഗരികത

ചെറിയ നഗര രാഷ്ട്രങ്ങളായി രൂപംകൊണ്ട് ക്രമേണ വലിയ രാജ്യങ്ങളായി പരിണമിച്ച ചൈനയില്‍ ഹുങ്‌ഹോ-യാങ്ത്സി, കിയാങ് താഴ്‌വരകളിലാണ് നാഗരികതകള്‍ വളര്‍ന്നത്. ഷാങ്(1750 – 1125 ബിസി), ചൂ(1125-250 ബി സി), സിന്‍ഹാന്‍ എന്നീ രാജവംശങ്ങള്‍ ഭരണം നടത്തിയിരുന്നു. കൃഷി മുഖ്യ ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരുന്ന അവര്‍ സില്‍ക്ക് നെയ്ത്ത്, സെറാമിക് പാത്ര നിര്‍മാണം എന്നിവയ്ക്കും പ്രസിദ്ധിയാര്‍ജിച്ചിരുന്നു. ചൈനയില്‍ മരം, മുള എന്നിവയുടെ ചീളുകളില്‍ മുളയുടെ പെന്‍സില്‍ ഉപയോഗിച്ചുള്ള ആലേഖന സമ്പ്രദായം നിലവിലുണ്ടായിരുന്നു. പില്‍ക്കാലത്ത് സില്‍ക്ക്, തുണി, ചണം എന്നിവ കൊണ്ടുണ്ടാക്കിയ ഒരുതരം കടലാസ് അവര്‍ ഉപയോഗിച്ചു.

ഹൂണന്‍മാരുടെ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനായി ഷിങ്‌വാന്‍ടി ചക്രവര്‍ത്തി (ചരമം 210 ബി സി) നിര്‍മിച്ച വന്‍മതിലാണ് ചൈനീസ് വാസ്തുശില്പകലയുടെ ഏറ്റവും വലിയ ഉദാഹരണം. ഇടവിട്ടിടവിട്ട് 40 അടിയോളം ഉയരത്തിലുള്ള ഗോപുരങ്ങളോടു കൂടിയ വന്‍മതിലിന് 18,000 നാഴിക നീളവും 22 അടി ഉയരവും 30 അടി വീതിയുമുണ്ട്.

ചൈനയിലെ ആധ്യാത്മികത ലാവോത്‌സിയുമായും കണ്‍ഫ്യൂഷിയസുമായും ബന്ധപ്പെട്ടു കിടക്കുന്നു. ലാവോത്‌സിയയുടെ താമോ ഇസത്തില്‍ താഒയാണ് (പ്രകൃതി) കേന്ദ്രബിന്ദു. ഇതിനെ ധ്യാനിച്ചുകൊണ്ട് മനുഷ്യന്‍ പ്രകൃതി പ്രതിഭാസവുമായി അലിഞ്ഞുചേരണമെന്നാണ് ലാവോത്‌സിയന്‍ വിശ്വാസം.

കണ്‍ഫ്യൂഷിയസ്

കണ്‍ഫ്യൂഷിയസിന്റെ (ചരമം 478 ബി സി) അധ്യാപനങ്ങള്‍ ഒരു മതസംഹിതയല്ല, മറിച്ച് കര്‍മ പദ്ധതിയാണ്. മനുഷ്യന്‍ അവന്റെ സഹജീവികളുമായി പുലര്‍ത്തേണ്ട ബന്ധങ്ങളെക്കുറിച്ചാണ്,അതിന്റെ വിശദമായ നീതിശാസ്ത്രമാണ് കണ്‍ഫ്യൂഷിയസ് മുന്നോട്ടുവയ്ക്കുന്നത്. സത്യസന്ധമായ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയും നല്ല ഭരണാധികാരിക്കു മാത്രമേ നല്ല ഭരണം പ്രദാനം ചെയ്യാന്‍ കഴിയൂ എന്നും അദ്ദേഹം ഉണര്‍ത്തുന്നു.

ആദ്, സമൂദ് നാഗരികത

സെമിറ്റിക് വര്‍ഗക്കാരുടെ ആദികാല ഗേഹം അറേബ്യ ആണെന്ന വസ്തുത ഏറെക്കുറെ അംഗീകരിക്കപ്പെട്ടതാണ്. നൂഹ് നബിയുടെ കാലഘട്ടത്തെ തുടര്‍ന്ന് അധികാരം കൈയാളാന്‍ തുടങ്ങിയ ശക്തരായ ഒരു സെമിറ്റിക് ജനതയാണ് ആദ് വര്‍ഗക്കാര്‍ (എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാം വാള്യം-1, പേജ് 169). ആദ്, സമൂദ്, ജുര്‍ഹമിയ്യ, ലക്മിയ്യ തുടങ്ങി സെമിറ്റിക് വര്‍ഗം എന്ന് യൂറോപ്യന്‍ പണ്ഡിതര്‍ പരാമര്‍ശിച്ചിരുന്ന അറബ് വംശജരില്‍ ഏറ്റവും പ്രബലരായിരുന്നു ആദുകള്‍.

ആദ് വംശജരുടെ ഉത്ഭവം ആരമില്‍ നിന്നാണ്. നൂഹ് നബിയുടെ മകന്‍ ശമുവാണ് ആരമിന്റെ പിതാവ്. യെമന്‍ ആണ് ആദുകളുടെ ഉത്ഭവ കേന്ദ്രമെന്ന കാര്യത്തില്‍ ഏകാഭിപ്രായമില്ല. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മുതല്‍ മെസപ്പൊട്ടേമിയ വരെ അവര്‍ വ്യാപിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. ജലദൗര്‍ലഭ്യവും വരണ്ട ഭൂപ്രകൃതിയും മൂലം അറേബ്യന്‍ ഗോത്രങ്ങള്‍ അയല്‍ നാടുകളായ അസീറിയ, ബാബിലോണിയ, ഈജിപ്ത്, ഫിനീഷ്യ എന്നിവിടങ്ങളില്‍ കുടിയേറിപ്പാര്‍ത്തിരുന്നു. ബാബിലോണിയയിലും ഈജിപ്തിലും ഇവര്‍ ഭരണം നടത്തിയിട്ടുണ്ട്. ഹൈക്‌സോസുകള്‍ അഥവാ ആട്ടിടയന്‍ രാജാക്കന്‍മാര്‍ എന്ന പേരിലാണ് ഈജിപ്തില്‍ ഇവര്‍ അറിയപ്പെട്ടിരുന്നത്.

ആദ്-ആരമുകളുടെ സുവര്‍ണകാലം ബി സി 2200നും 1700നും ഇടയിലായിരുന്നു. ആദുകള്‍ മൂസാ നബിയുടെ കാലത്തിന് (1500 ബി സി) മുമ്പ് തന്നെ നാശോന്‍മുഖമായിരുന്നുവെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു (വി.ഖു. 40:30,31). അറേബ്യയില്‍ അവര്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തായിരുന്നു വസിച്ചിരുന്നതെന്ന് ടോളമി അഭിപ്രായപ്പെടുന്നു (എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാം വാള്യം-1, പേജ് 169 ബി). നഗരങ്ങളും ഗോപുരങ്ങളും അംബരചുംബികളായ സൗധങ്ങളും നിര്‍മിച്ച അവര്‍ സ്തംഭങ്ങളുടെ ഉടമകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുമായിരുന്നു. ഉയര്‍ന്ന കെട്ടിടങ്ങളുണ്ടാക്കിയിരുന്നെങ്കിലും ചിന്തയുടെ കാര്യത്തില്‍ അവര്‍ പടുകുഴിയിലാ യിരുന്നു.

ആദുകളെ ദുര്‍മാര്‍ഗത്തില്‍ നിന്നും ദൈവനിഷേധത്തില്‍ നിന്നും പിന്തിരിപ്പിക്കാനായി നിയുക്തനായ ഹൂദ് നബിയെ അവര്‍ പുച്ഛിച്ചു തള്ളി. സമ്പത്തില്‍ അഹങ്കരിച്ച്, എല്ലാ നൈതിക മൂല്യങ്ങളെയും തിരസ്‌കരിച്ച് ദുര്‍ബലരെ പീഡനത്തിന് വിധേയമാക്കിയിരുന്ന ആദ് സമൂഹത്തെ പ്രകൃതിക്ഷോഭം ഉന്‍മൂലനം ചെയ്തു. അത്യുഗ്രമായ കൊടുങ്കാറ്റ് അവരെയും അവരുടെ മഹാസൗധങ്ങളെയും കട പുഴകി വീണ ഈത്തപ്പനത്തടികള്‍ പോലെ ആക്കിത്തീര്‍ത്തുവെന്ന് വിശുദ്ധ ഖുര്‍ആന്‍ (69: 6-8) പറയുന്നു.

ആദ് സമുദായത്തിന്റെ സഹോദര സമുദായമാണ് സമൂദ് വംശം. ആരമിന്റെ സഹോദരനായ ആബിറിന്റെ മകനാണ് സമൂദ്. ടോളമിയും പ്ലിനിയും സമൂദ് വംശജരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സമുദാനി(Thamudani), സമൂദിയാറ്റിക് (Thamudiatic) എന്നീ പേരുകളായിരുന്നു ക്ലാസിക് പണ്ഡിതന്‍മാര്‍ ഉപയോഗിച്ചിരുന്നത്. സമൂദ് വംശജരുടെ സങ്കേതങ്ങളായി പ്ലിനി പരാമര്‍ശിക്കുന്ന ഡെമേതിയ, ഹെജറ എന്നീ സ്ഥലങ്ങള്‍ ദൂമത്തുല്‍ ജന്‍തലും അല്‍ഹിജാറുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് (എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാം, വാള്യം 4, പേജ് 436). ഹിജാസില്‍ നിന്ന് സിറിയയിലേക്കുള്ള പഴയ പാതയോടു ചേര്‍ന്നുള്ള ഹിജ്ര്‍ നഗരമായിരുന്നു സമൂദ് ഗോത്രത്തിന്റെ ആസ്ഥാനം. ഈ പട്ടണം പിന്നീട് മദാഇന്‍ സ്വാലിഹ് (സ്വാലിഹ് നബിയുടെ പട്ടണം) എന്നാണ് അറിയപ്പെട്ടത്. തബൂക്ക് യുദ്ധാവസരത്തില്‍ നബിയും അനുയായികളും സമൂദുകളുടെ കാലത്തെ ചരിത്രാവശിഷ്ടങ്ങള്‍ കാണാനിടയായി (അബ്ദുല്ല യുസുഫ് അലി, ഖുര്‍ആന്‍ വിവര്‍ത്തനം, ഫൂട്ട്‌നോട്ട് 1043).

പാറക്കെട്ടുകള്‍ തുരന്ന് വീടുകളും കൊട്ടാരങ്ങളും ശവകുടീരങ്ങളും നിര്‍മിക്കുന്നതില്‍ പ്രാവീണ്യമുള്ളവരായിരുന്നു അവര്‍. സമ്പന്നരെങ്കിലും അവര്‍ പാവങ്ങളെ ദ്രോഹിച്ചു. വെള്ളവും മേച്ചില്‍ സ്ഥലങ്ങളും സ്വന്തമാക്കി വച്ചു. വിവേകത്തിന്റെ പാതയിലേക്ക് അവരെ കൊണ്ടുവരാന്‍ ഒരു പരീക്ഷണമെന്നോണം ഒരു ഒട്ടകത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട്, അല്ലാഹുവിന്റെ ദൃഷ്ടാന്തമായ ഒട്ടകത്തെ മേയാന്‍ അനുവദിക്കണമെന്നും അതിനെ ഉപദ്രവിക്കരുതെന്നും അദ്ദേഹം (സ്വാലിഹ് നബി) അപേക്ഷിച്ചു. വിവേകപൂര്‍വം പ്രവര്‍ത്തിക്കുന്നതിനു പകരം അവരില്‍പ്പെട്ട ചില മുഷ്‌കന്‍മാര്‍ രഹസ്യമായി അതിനെ കൊന്നുകളഞ്ഞു. ഭൂമിയില്‍ അക്രമം പ്രവര്‍ത്തിക്കുകയും ദുര്‍ബലരോട് ക്രൂരമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്ക് ജീവിക്കാനുള്ള അവകാശം തന്നെ നിഷിദ്ധമാണ്. ഘോരനാദം അവരെ പിടികൂടി; രക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പു തന്നെ അവരുടെ വീടും കൊട്ടാരവും ദ്രവിച്ച തുരുമ്പു പോലെയായിത്തീര്‍ന്നു (വി.ഖു.51:43-45). അസീറിയന്‍ ലിഖിതങ്ങളിലും റോമാചരിത്രഗ്രന്ഥങ്ങളിലും സമൂദ് വംശജരെക്കുറിച്ച് പരാമര്‍ശമുണ്ട്.

ഗ്രീക്ക് നാഗരികത

ക്രിറ്റ് ദ്വീപായിരുന്നു ഗ്രീക്ക് നാഗരികതയുടെ ഈറ്റില്ലം. ബി സി 3000ത്തിനും 2000ത്തിനും ഇടയില്‍ വികസിച്ച ഈ നാഗരികത മിനോയന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. മെസപ്പൊട്ടേമിയന്‍, ഈജിപ്ത് നാഗരികതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്രിറ്റുകള്‍ ഒരു നാഗരികത പടുത്തുയര്‍ത്തിയത്. മിസിനിയന്‍ നാഗരികത എന്ന പേരിലറിയപ്പെട്ട നാഗരികത ബി സി 1600നും 1100നും ഇടയിലാണ് പൂര്‍ണതയിലെത്തിയത്. മലയിടുക്കുകളും പാറക്കെട്ടുകളും താഴ്‌വരകളും തിങ്ങി നിറഞ്ഞ ഗ്രീസ് അര്‍ധദ്വീപില്‍ വിശാലമായ സാമ്രാജ്യം പടുത്തുയര്‍ത്താനുള്ള സാഹചര്യമുണ്ടായിരുന്നില്ല. സ്പാര്‍ട്ട, ആതന്‍സ്, കൊറിന്ത്, സേബസ്, മിലിറ്റസ്, സമോസ് എന്നിങ്ങനെ ചെറുതും വലുതുമായി ഒട്ടേറെ നഗരറിപ്പബ്ലിക്കുകള്‍ ഉയര്‍ന്നുവന്നു. കാസ്പിയന്‍ കടല്‍ത്തീരത്തും ഇറ്റലിയിലും സിസിലിയിലും വളരെയധികം ഗ്രീക്ക് കോളനികളും സ്ഥാപിക്കപ്പെട്ടു.

നഗരറിപ്പബ്ലിക്കുകളിലെ ഭരണത്തിന് ഏകീകൃത രൂപമൊന്നും ഉണ്ടായിരുന്നില്ല. ആതന്‍സില്‍ ജനാധിപത്യം നിലവില്‍ വന്നെങ്കില്‍ സ്പാര്‍ട്ടയില്‍ സൈനിക ഏകാധിപത്യമാണ് ഉടലെടുത്തത്. പേര്‍ഷ്യന്‍ സാമ്രാജ്യത്തിനെതിരായ ആതന്‍സിന്റെ സൈനിക നീക്കങ്ങള്‍ (പ്യൂനിക് യുദ്ധങ്ങള്‍) ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായി. പേര്‍ഷ്യക്കാരില്‍ നിന്നുള്ള ആക്രമണഭീഷണി നേരിടാനായാണ് ഗ്രീസിലെ നഗരറിപ്പബ്ലിക്കുകള്‍ ആതന്‍സിന്റെ നേതൃത്വത്തില്‍ ‘കോണ്‍ഫെഡറസി’ രൂപീകരിച്ചത്. പിന്നീടത് കോണ്‍ഫെഡറേഷന്‍ സാമ്രാജ്യമായി മാറുകയും ചെയ്തു.

ഗ്രീക്കുകാരിലേക്ക് വ്യാപാരവും എഴുത്തുകലയും എത്തിച്ചേരുന്നത് ഫിനീഷ്യക്കാരിലൂടെയാണ്. സിഡോണ്‍, ടയര്‍ എന്നീ തുറമുഖങ്ങളില്‍ നിന്ന് ഫിനീഷ്യന്‍ കപ്പലോട്ടക്കാര്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് ഗ്രീസിലെത്തിച്ചിരുന്നത്. സുമേറിയന്‍, ഈജിപ്ഷ്യന്‍ ബന്ധത്തിലൂടെയാണ് ഫിനീഷ്യക്കാര്‍ക്ക് എഴുത്തുകല ലഭിച്ചത്. ‘ക്യൂനിഫോം’ ചിത്രലിപിയില്‍ നിന്ന് വ്യത്യസ്തമായി അക്ഷരമാല ക്രമത്തിലുള്ള എഴുത്തു രീതിയോടൊപ്പം സ്വരാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഗ്രീക്കുകാരാണ് പരിപൂര്‍ണമായ അക്ഷരമാല വിസകസിപ്പിച്ചെടുത്തത്.

വ്യാപാരത്തിന്റെ വ്യാപനം കപ്പല്‍ നിര്‍മാണ വ്യവസായത്തെ പുഷ്ടിപ്പെടുത്തി. ഹോമറുടെ കാലത്തെ അമ്പത് തുഴകള്‍ ഉപയോഗിച്ചിരുന്ന നൗകകള്‍ പായക്കപ്പലുകള്‍ക്ക് വഴിമാറിക്കൊടുത്തു. കപ്പല്‍പ്പടയുടെയും കപ്പല്‍ നിര്‍മാണത്തിന്റെയും വളര്‍ച്ചയോടൊപ്പം വ്യാപാരമേഖല വികസിച്ച തോടെ മൂലധന ഉടമകള്‍ (Capitalist) എന്ന വര്‍ഗത്തിന്റെ ജനനവും ഇക്കാലത്തുണ്ടായതാണ്.

ഗ്രീക്ക് സൈനിക നീക്കങ്ങളെയും ഗ്രീക്ക് നായകരുടെ വീരകൃത്യങ്ങളെയും പ്രകീര്‍ത്തിച്ചുകൊണ്ട് ഹോമര്‍ എഴുതിയ ഇതിഹാസ കാവ്യങ്ങളായ ഇലിയഡും (Illyad) ഒഡീസിയും (Odeisey) ലോക സാഹിത്യത്തിനുള്ള വിലമതിക്കാനാകാത്ത സംഭാവനകളാണ്. നാടകസാഹിത്യത്തെ സോഫോക്ലിസും (496-406) ചരിത്രരചനയെ ഹെറോഡോട്ടസും (Herodotus 454-425) തസിദദസും (Thucydides 471-399) സമ്പന്നമാക്കി.

പൈതഗോറസും ഭിഷഗ്വരനായ ഹിപ്പോക്രാറ്റസും ശാസ്ത്രമേഖലയിലെ തിളങ്ങുന്ന നക്ഷത്രങ്ങളായിരുന്നു. ഗ്രീക്ക് ഭാഷയോടൊപ്പം ‘സൂയസ്’ ദേവന്റെ ബഹുമാനാര്‍ഥം ഒളിമ്പിയയില്‍ സംഘടിപ്പിച്ചിരുന്ന കായികമേളയും വിവിധ നഗരങ്ങളില്‍ വസിച്ചിരുന്ന ഗ്രീക്ക് ജനതയെ ഏകീകരിക്കാന്‍ സഹായിച്ചു.

പ്രകൃതിപ്രതിഭാസങ്ങളെ ആരാധിച്ചിരുന്നവരാണ് ഗ്രീക്കുകാര്‍. പ്രാദേശികമായി അനേകം ദേവീ ദേവന്‍മാരെ ഗ്രീക്കുകാര്‍ ആരാധനാമൂര്‍ത്തികളാക്കി. രൂപങ്ങളെ വണങ്ങുന്നത് ബിംബാരാധനയായി അവര്‍ കരുതിയിരുന്നില്ല. ദര്‍ശനങ്ങളുടെ ഈറ്റില്ലമായി അറിയപ്പെട്ടിരുന്ന ഗ്രീക്കിന്റെ ദാര്‍ശനികലോകത്തെ ത്രിമൂര്‍ത്തികള്‍ സോക്രട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലുമായിരുന്നു.

സോക്രട്ടീസ്

ഔദ്യോഗിക ദൈവങ്ങളെയും വിശ്വാസങ്ങളെയും നിരാകരിച്ചും പുതിയ ദൈവവിശ്വാസത്തെ അവതരിപ്പിച്ചും യുവജനങ്ങളെ വഴിപിഴപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് 399 ബി സിയില്‍ സോക്രട്ടീസിന് (ഏകദേശം ബി സി 470-399) ഭരണകൂടം വധശിക്ഷ വിധിക്കുന്നത്. എന്നാല്‍ ബഹുദൈവ വിശ്വാസത്തെ തിരസ്‌കരിക്കാതെ ഒരു നൂതന ഏകദൈവ വിശ്വാസം പുനഃപ്രതിഷ്ഠിക്കാനാണ് സത്യാന്വേഷിയായ സോക്രട്ടീസ് ശ്രമിച്ചിരുന്നത് (വാള്‍ട്ടര്‍ മില്ലര്‍, ഗ്രീസ് ആന്റ് ദി ഗ്രീക്ക്, പേജ് 365). ‘ധര്‍മ്മ(സദാചാരം)മാണ് ജ്ഞാനമെന്നാ’യിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ അടിസ്ഥാനം. യുവജനങ്ങളെ ദുഷിപ്പിക്കുവാനായിരുന്നില്ല, ധാര്‍മികതയെ ശുദ്ധീകരിക്കാന്‍ പ്രയത്‌നിച്ചിരുന്ന സോക്രട്ടീസിനെ പക്ഷേ, അരിസ്റ്റോഫൈനസിനെ പോലുള്ളവര്‍ അപകടകാരിയായ പ്രക്ഷോഭകാരിയായാണ് കണ്ടിരുന്നത്. ജനങ്ങള്‍ക്ക് ശരിയായ പാത കാട്ടിക്കൊടുക്കാന്‍ ദൈവനിയുക്തനായ ആളാണ് താനെന്നാണ് അദ്ദേഹം കരുതിയിരുന്നത്.

പ്ലേറ്റോ

മതവും സദാചാരവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് പ്ലേറ്റോവിന് (ബി സി 427-347). ദുഷ്‌കൃത്യങ്ങളാല്‍ നിറഞ്ഞ ഈ ലോകത്ത്, സത്കര്‍മങ്ങള്‍ ചെയ്തും വിജ്ഞാനം കൈവരിച്ചും സ്വയം ദൈവതുല്യരാക്കി നമ്മള്‍ എത്രയും വേഗം ദൈവത്തിലേക്ക് മടങ്ങുക (എന്‍സൈക്ലോപീഡിയ ഓഫ് വേള്‍ഡ് റിലീജിയന്‍, പേജ് 413) എന്നതായിരുന്നു സോക്രട്ടീസിന്റെ ശിഷ്യനും സുഹൃത്തുമായിരുന്ന പ്ലേറ്റോവിന്റെ ദര്‍ശനം. മനുഷ്യന്റെ ലക്ഷ്യം രാഷ്ട്രമാണെന്ന് റിപ്പബ്ലിക് എന്ന വിഖ്യാതഗ്രന്ഥത്തില്‍ (Republic) പ്ലേറ്റോ വാദിക്കുന്നു. ഉത്തമപൗരന്‍മാരെ സൃഷ്ടിക്കുന്നതിനായി സ്വത്ത്, ഭാര്യമാര്‍, സന്താനങ്ങള്‍ എന്നിവയുടെ കൂട്ടായ അവകാശം അത്യന്താപേക്ഷിതമാണെന്നും അഭിപ്രായപ്പെടുന്നു (അതേ പുസ്തകം പേജ് 414). അനശ്വരനും അദൃശ്യനുമായ ഏകദൈവത്തില്‍ പ്ലേറ്റോ വിശ്വസിച്ചിരുന്നു.

അരിസ്റ്റോട്ട്ല്‍

ആദര്‍ശവാദിയായ പ്ലേറ്റോയുടെ ശിഷ്യരില്‍ പ്രഥമനെങ്കിലും പ്രായോഗികവും ശാസ്ത്രീയവുമായ ദാര്‍ശനികനായാണ് അരിസ്റ്റോട്ട്ല്‍ (ബി സി 384-322) അറിയപ്പെടുന്നത്. രണ്ടായിരം വര്‍ഷത്തോളം യൂറോപ്പിലെ വിജ്ഞാന സാമ്രാജ്യത്തിലെ മുടിചൂടാമന്നനായിരുന്നു അരിസ്റ്റോട്ട്ല്‍. തര്‍ക്കശാസ്ത്രം, കവിത, ദര്‍ശനം, വൈദ്യശാസ്ത്രം, ജീവശാസ്ത്രം, ശരീരശാസ്ത്രം തുടങ്ങി അനേകം വിജ്ഞാന ശാഖകളില്‍ പ്രാവീണ്യം നേടിയ മറ്റൊരു ദാര്‍ശനികനെ കാണുക പ്രയാസമാണ്. അലക്‌സാണ്ടറുടെ ഗുരുവായ അരിസ്റ്റോട്ട്ല്‍ സ്ഥാപിച്ച ലീസിയം എന്ന അക്കാദമിയില്‍ പ്ലേറ്റോവിന്റേതില്‍ നിന്ന് വ്യത്യസ്തമായി ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പഠിച്ചിരുന്നത്. നവോത്ഥാന കാലത്താണ് അദ്ദേഹത്തിന്റെ ചിന്താപ്രസ്ഥാനത്തിനെതിരെ സാരമായ വെല്ലുവിളികള്‍ ഉയര്‍ന്നത്.

അലക്‌സാണ്ടറുടെ വിയോഗത്തെ തുടര്‍ന്ന് അഥിനയിലെ ബുദ്ധിജീവികള്‍ക്കിടയില്‍ അനഭിമതനായ അരിസ്റ്റോട്ട്‌ലിനെതിരെ മതദ്രോഹകുറ്റം ചുമത്തപ്പെട്ടു. ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം കാല്‍കിസിലേക്ക് രക്ഷപ്പെടുകയായിരുന്നു.

എപ്പിക്യൂറിയരും സ്റ്റോയ്ക്കുകളുമായിരുന്നു ഗ്രീസിലെ രണ്ട് ദാര്‍ശനിക സമിതി(School)കള്‍. എപ്പിക്യൂറിയര്‍ സുഖലോലുപതയുടെ വക്താക്കളായിരുന്നു. പ്രകൃതിക്ക് പ്രാമുഖ്യം നല്‍കുന്നതായിരുന്നു സ്റ്റോയ്ക്കുകളുടെ തത്വശാസ്ത്രം.

റോമന്‍ നാഗരികത

റോമന്‍ നഗരം ഏതാണ്ട് ബി സി 753ല്‍ രൂപപ്പെട്ടിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ഒരു നഗര രാഷ്ട്രത്തില്‍ തുടങ്ങി ഇറ്റലിയും മെഡിറ്ററേനിയന്‍ തീരവും ബ്രിട്ടന്റെ ഒരു ഭാഗവും അധീനപ്പെടുത്തി വലിയ സാമ്രാജ്യം സ്ഥാപിച്ച വിസ്മയ കഥയാണ് റോമിന്റെ ചരിത്രം. ഈജിപ്ഷ്യന്‍, ബാബിലോണിയന്‍, ഗ്രീക്ക് നാഗരികതയുടെ പിന്തുടര്‍ച്ചക്കാരുമായി അവര്‍.

ബി സി 509ല്‍ ടാര്‍ക്വിന്‍ എന്ന യോദ്ധാവ് വിദേശ ഭരണാധികാരികളെ പുറത്താക്കി സ്വദേശി ഭരണം സ്ഥാപിച്ചു. നേരത്തെ തന്നെ രാജവാഴ്ച നിലവിലുണ്ടായിരുന്ന റോമില്‍ മതാധിപതിയും സേനാധിപതിയും ന്യായാധിപനുമെല്ലാം രാജാവു തന്നെയായിരുന്നു.

ഇറ്റാലിയന്‍ അര്‍ധദ്വീപിനെ ഏറെക്കുറെ തുല്യവിസ്തൃതിയുള്ള രണ്ടു ഭാഗങ്ങളായി തിരിക്കാം. തെക്കുഭാഗത്ത് വീതി കുറഞ്ഞ അര്‍ധ ദ്വീപും വടക്കുഭാഗത്ത് ലോ നദീ താഴ്‌വരയും. ആല്‍പ്‌സ് പര്‍വ്വത നിരയാണ് ഇറ്റലിയെ മറ്റു യൂറോപ്യന്‍ നാടുകളില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത്. ഗ്രീസിനെ അപേക്ഷിച്ച് ഇടതൂര്‍ന്ന വനപ്രദേശങ്ങളുള്ള വൈവിധ്യമേറിയ ഭൂപ്രദേശമായിരുന്നു ഇറ്റലിയുടേത്. ഈ പ്രകൃതി സമ്പത്തില്‍ ആകൃഷ്ടരായാണ് മറ്റു നാടുകളില്‍ നിന്ന് ആളുകള്‍ കുടിയേറ്റം തുടങ്ങിയത്. ഇന്തോ-യൂറോപ്യന്‍ വര്‍ഗക്കാരില്‍ പ്രമുഖരായിരുന്നു ലാറ്റിന്‍ വംശജര്‍. റോമന്‍ നാഗരികതക്ക് കനപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചവരാണ് ഗ്രീക്കുകാരും എട്രുസ്‌കന്‍ വര്‍ഗക്കാരും. ഭരണസാരഥ്യം ലാറ്റിനുകള്‍ക്കായിരുന്നു (അലന്‍ ബര്‍ലിന്റ്, ഹിസ്റ്ററി ഓഫ് വെസ്റ്റേണ്‍ സിവിലൈസേഷന്‍ -1957, പേജ് 167 എ).

പെട്രീഷിയന്‍സ് എന്ന് വിളിക്കപ്പെടുന്ന ഭൂവുടമകളും പ്ലിബിയന്‍സ് എന്ന് വിളിക്കപ്പെട്ടിരുന്ന കൃഷിത്തൊഴിലാളികളും കരകൗശല വിദഗ്ധരുമായിരുന്നു പ്രജകള്‍. ഇവരെ കൂടാതെ പൗരാവകാശമില്ലാത്ത അടിമകളും ഉണ്ടായിരുന്നു. ‘കമിഷ്യ കുരിയാത്ത’ എന്ന പേരിലുള്ള ജനകീയ അസംബ്ലി പ്രവര്‍ത്തിച്ചിരുന്നെങ്കിലും ന്യൂനപക്ഷമായ പെട്രീഷിയന്‍മാരായിരുന്നു അധികാരം കൈയടക്കിവച്ചിരുന്നത്.

റോമിന്റെ ആധിപത്യം ഇറ്റലി മുഴുവന്‍ വ്യാപിക്കുന്നത് ബി സി 265ഓടെയാണ്. റിപ്പബ്ലിക്കില്‍ നിന്ന് സാമ്രാജ്യത്തിലേക്കുള്ള റോമിന്റെ വളര്‍ച്ച രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക മണ്ഡലങ്ങളില്‍ നിരാശാജനകമായ പ്രതിഫലനമാണുണ്ടാക്കിയത്. പിടിച്ചടക്കിയ പ്രദേശങ്ങളില്‍ ജനാധിപത്യവത്കരണം കൊണ്ടുവരാനായും സാമ്രാജ്യത്വവികസനത്തിനായും യുദ്ധങ്ങള്‍ തുടര്‍ക്കഥകളായി. വര്‍ഷങ്ങളോളം നീണ്ടുനിന്ന യുദ്ധങ്ങള്‍ റോമന്‍ സമൂഹത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. യുദ്ധങ്ങള്‍ യുവാക്കളെ അത്യാഗ്രഹികളാക്കി, ദുര്‍ബലരോട് മനുഷ്യത്വരഹിത സമീപനം സ്വീകരിച്ചു അവര്‍. ജനാധിപത്യ സംവിധാനം തന്നെ അസാധ്യമായിത്തീര്‍ന്നുവെന്നതാണ് ഏറ്റവും പരിതാപകരമായ ഫലം. പാരമ്പര്യ വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം റോമക്കാരെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ മാറ്റം വരുത്താന്‍ കെല്പില്ലാത്തവരാക്കിത്തീര്‍ത്തു.

ലാറ്റിന്‍ സാഹിത്യവും സംസ്‌കാരവും ഗ്രീക്ക് സ്വീധീനവലയത്തില്‍ നിന്ന് മുക്തമായിരുന്നില്ല. വിര്‍ജില്‍, ഒവിഡ്, കേറ്റോ, ജൂലിയസ് സീസര്‍, സിസറോ എന്നിവരായിരുന്നു ഇറ്റലിയിലെ പ്രമുഖ സാഹിത്യകാരന്‍മാര്‍.

ഗ്രീക്ക് മതങ്ങളില്‍ നിന്ന് വളരെയേറെ വ്യത്യാസങ്ങളൊന്നും പുലര്‍ത്തിയിരുന്നില്ല റോമന്‍ ജനത. വിശ്വാസകാര്യങ്ങളില്‍ കൂടുതല്‍ കണിശത പുലര്‍ത്തിയ അവര്‍ പ്രകൃത്യാരാധനയും വീരാരാധനയും തുടര്‍ന്നു. സര്‍വ്വപ്രതാപിയായ ജൂപ്പിറ്റര്‍ ദേവന് യാഗം നടത്തിക്കൊണ്ടാണ് അവര്‍ എല്ലാ സദുദ്യമങ്ങളും ആരംഭിച്ചത്. യുദ്ധത്തിന്റെ ദേവനായ മാര്‍സും, കലയുടെ സംരക്ഷകയായ മിനര്‍വയുമാണ് മറ്റ് ആരാധനാ മൂര്‍ത്തികള്‍.

വൈദിക സംസ്‌കാരം

വൈദികകാലം ആദി വേദകാലമെന്നും പില്‍ക്കാല വേദകാലമെന്നും വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. ആദി വേദകാലത്ത് ആര്യന്‍മാര്‍ അഫ്ഗാനിസ്ഥാന്‍, പഞ്ചാബ് എന്നീ പ്രദേശങ്ങളിലായിരുന്നു വസിച്ചിരുന്നത്. ഏഴു നദികളുടെ നാട് (സപ്ത സിന്ധു) എന്നാണ് ഈ ഭൂവിഭാഗത്തെ വിളിച്ചുവരുന്നത്. ഉത്തരേന്ത്യയിലേക്കും ബംഗാള്‍ പ്രദേശങ്ങളിലേക്കും അവര്‍ പില്‍ക്കാലത്ത് വ്യാപിച്ചു. ഈ പ്രദേശമാണ് ആര്യാവര്‍ത്ത എന്നും മധ്യദേശ എന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. ബി സി 1200നും 600നും ഇടയിലുള്ള കാലഘട്ടമാണ് വേദകാലഘട്ടമായി അറിയപ്പെടുന്നത്. നാലു വേദങ്ങളും ബ്രാഹ്‌മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും ഈ കാലഘട്ടത്തിലാണ് രചിക്കപ്പെട്ടത്.

ഇതിഹാസ കാലഘട്ടത്തിലാണ് ആര്യന്‍മാര്‍ ദക്ഷിണേന്ത്യയിലേക്ക് പ്രവേശിച്ചത്. 1017 സ്തുതിഗീതങ്ങളടങ്ങിയ ഋഗ്വേദമാണ് ആര്യന്‍മാരുടെ ആദ്യരചന. വേദങ്ങളില്‍ അടങ്ങിയ ജ്ഞാനം ദൈവദത്തമാണെന്നാണ് കരുതപ്പെടുന്നത്. യജുര്‍വേദം, സാമവേദം, അഥര്‍വ വേദം എന്നിവ പില്‍കാലത്ത് രചിക്കപ്പെട്ടു. വൈദികമന്ത്രങ്ങള്‍ അടങ്ങിയതാണ് സംഹിതകള്‍.

മക്കത്തായ സമ്പ്രദായം സ്വീകരിച്ചിരുന്ന ആര്യന്‍ സമൂഹത്തിന്റെ രാഷ്ട്രത്തിലെ ഏറ്റവും ചെറിയ ഘടകം ഗ്രാമമായിരുന്നു. രാജഭരണമായിരുന്നു പൊതു ഭരണക്രമമെങ്കിലും രാജാവ് ഏകാധിപതിയായിരുന്നില്ല. ജനഹിതമനുസരിച്ച് ഭരണം നടത്താന്‍ രാജാവിനെ ഉപദേശിക്കാനായി സഭ(മുതിര്‍ന്നവരുടെ സഭ)യും സമിതി(പൊതുസഭ)യും ഉണ്ടായിരുന്നു. ബ്രാഹ്‌മണ്‍, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നിങ്ങനെ സമൂഹത്തില്‍ നാലു തട്ടുകളുണ്ടായിരുന്നുവെങ്കിലും ജാതിസമ്പ്രദായത്തെച്ചൊല്ലിയുള്ള വേര്‍തിരിവ് രൂക്ഷമായത് പില്‍ക്കാലത്താണ്. കൃഷിയായിരുന്നു മുഖ്യതൊഴില്‍. ഭൂമിയും കന്നുകാലികളുമായിരുന്നു മുഖ്യ സമ്പത്ത്. ധാന്യം, പാല്‍, പഴം എന്നിവക്കൊപ്പം സസ്യേതര ആഹാരവും സാധാരണമായിരുന്നു.

പൃഥ്വി, വരുണന്‍, മിത്ര, രുദ്ര, അഗ്നി എന്നിങ്ങനെ പ്രകൃതിശക്തികള്‍ക്ക് മനുഷ്യരൂപം കല്പിച്ച ദേവന്‍മാരെയാണ് ആര്യന്‍മാര്‍ വണങ്ങിയിരുന്നത്. ഇന്ദ്രന്‍ ദേവന്‍മാരിലെ പ്രധാനിയായി ഗണിക്കപ്പെട്ടു. മറഞ്ഞിരിക്കുന്ന ഒരേയൊരു ഉണ്‍മയെ കവികളും പുരോഹിതന്‍മാരും തങ്ങളുടെ വചനം കൊണ്ട് പലതാക്കി തീര്‍ക്കുന്നുവെന്ന പ്രഖ്യാപനം യഥാര്‍ഥ ദൈവസങ്കല്പവും ദൈവത്തിന്റെ ഏകത്വവും തന്നെയാണ് ബലപ്പെടുത്തുന്നത് (എന്‍സൈക്ലോപീഡിയ ഓഫ് വേള്‍ഡ് റിലീജ്യന്‍, പേജ് 187). പ്രാര്‍ഥനയും ജപവും യാഗങ്ങളുമായിരുന്നു പ്രധാന ആരാധനാ രീതികള്‍. പില്‍ക്കാലത്ത് സംരക്ഷകനായ വിഷ്ണുവിലേക്ക് ആരാധനകള്‍ കേന്ദ്രീകരിക്കപ്പെട്ടു. ഇതോടൊപ്പം മൃഗബലിയും സാധാരണമായതോടെ പുരോഹിത വര്‍ഗം സൃഷ്ടിക്കപ്പെടുകയും അവര്‍ ചില രംഗങ്ങളില്‍ മേധാവിത്വം പുലര്‍ത്തുകയും ചെയ്തു.

അവലംബം:
1. ഇസ്‌ലാം ചരിത്രവും വികാസവും (വാള്യം നാല്)
2. ഖുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുമ്പില്‍
3. എന്‍സൈക്ലോപീഡിയ ഓഫ് വേള്‍ഡ് റിലീജ്യന്‍
4. ഹിസ്റ്ററി ഓഫ് വെസ്റ്റേണ്‍ സിവിലൈസേഷന്‍, അലന്‍ ബര്‍ലിങ്ങ്

 

മുൻപത്തെ ലേഖനം നാഫിഅ് മൗലാ അബ്ദുല്ലാഹിബ്‌നി ഉമര്‍
അടുത്ത ലേഖനം പ്രാര്‍ഥനകള്‍ നമസ്കാരത്തിൽ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History