നിലപാട് 2021
ഇസ്‌ലാം കവാടം
സൗരവര്‍ഷ ഗണനയനുസരിച്ചുള്ള ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം വര്‍ഷാരംഭം ജനുവരി ഒന്നിനാണ്. പോയ വര്‍ഷത്തെ വിലയിരുത്താനും പുതുവര്‍ഷത്തിലെ പുതുമകളില്‍ പ്രതീക്ഷയര്‍പ്പിക്കാനും വിവേകമതികള്‍ ഈയവസരം ഉപയോഗപ്പെടുത്തുന്നു.
2021ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് കടന്നുവരുന്ന നവാതിഥിയാണ് ‘ഇസ്‌ലാംകവാടം’ എന്ന പേരില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി.
ആധുനികസങ്കേതങ്ങളുടെ സഹായത്താല്‍ ഇസ്‌ലാമിന്റെ തനതായ രൂപം സമഗ്രമായും ആധികാരികമായും ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സ്വതന്ത്ര സംരംഭമാണ് ഇസ്‌ലാം കവാടം ഓണ്‍ലൈന്‍ ലൈബ്രറി.
മതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വിവേചനമില്ലാതെ അഭിപ്രായ അനുഷ്ഠാന സ്വാതന്ത്ര്യം ഭരണഘടനാപരമായിത്തന്നെ നല്കപ്പെടുന്ന മതനിരപേക്ഷ ഇന്ത്യയില്‍ എല്ലാ മതങ്ങളെപ്പറ്റിയും അനുയായികള്‍ക്കെന്ന പോലെ ഇതര സമൂഹങ്ങള്‍ക്കും മനസ്സിലാക്കാന്‍ അവസരങ്ങളുണ്ടാകേണ്ടതുണ്ട്. ഇസ്‌ലാമിനെ മനസ്സിലാക്കാനാഗ്രഹിക്കുന്ന പ്രഥമപഠിതാവിനും ആഴത്തില്‍ പഠിക്കാനാഗ്രഹിക്കുന്ന ഗവേഷക വിദ്യാര്‍ഥിക്കും ഇസ്‌ലാമിനെ തെറ്റായി മനസ്സിലാക്കിയവര്‍ക്കും ഇസ്‌ലാം കവാടം വഴികാട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
മദ്ഹബീ പക്ഷപാതിത്വങ്ങള്‍ക്കും സംഘടനാ താത്പര്യങ്ങള്‍ക്കും അതീതമായി ഇസ്‌ലാം വായിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രാമാണികമായ ഹദീസുകളുടെയും അടിസ്ഥാനത്തില്‍ ലബ്ധപ്രതിഷ്ഠരായ പണ്ഡിതന്‍മാര്‍ തയ്യാറാക്കിയ രചനകളാണ് ഇസ്‌ലാം കവാടത്തിന്റെ ഉള്ളടക്കം.
ഇസ്‌ലാം ഒരു സാമുദായിക മതമോ, അല്ലാഹു മുസ്‌ലിംകളുടെ മാത്രം ദൈവമോ അല്ല. മനുഷ്യസമൂഹത്തിനു വേണ്ടിയുള്ളതാണ് അത്. ഭാരതത്തിന്റെ ബഹുസ്വരതയില്‍ പരസ്പരം മനസ്സിലാക്കാനുള്ള അവസരം ലഭിക്കേണ്ടതുണ്ട്. ഇസ്‌ലാമിലെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ മാത്രമല്ല സമൂഹക്ഷേമതത്പരമായ അതിന്റെ മാനവികതലങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ലോകസംസ്‌കാരത്തില്‍ ഇസ്‌ലാം ചെലുത്തിയ സ്വാധീനവും സര്‍വതലസ്പര്‍ശിയും സമ്പന്നവുമായ അതിന്റെ ഇന്നലെകളുടെ ബൃഹത്തായ ചരിത്രവും കവാടത്തിന്റെ പ്രധാന പ്രതിപാദ്യമാണ്. ഈ ദൗത്യം നിര്‍വഹിക്കാനുള്ള എളിയ ശ്രമമാണ് ഈ ഓണ്‍ലൈന്‍ സംരംഭം. വിവരാന്വേഷണങ്ങള്‍ക്ക് ഓണ്‍ലൈന്‍ വ്യാപകമായി അവലംബിക്കപ്പെടുന്ന കാലത്ത് പ്രത്യേകിച്ചും.
ഇസ്‌ലാം കവാടത്തിന്റെ ഉള്ളടക്കത്തിന് ഏതെങ്കിലും മദ്ഹബുകളുമായോ പ്രസ്ഥാനങ്ങളുടെ ചിന്താധാരകളുമായോ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. പ്രമാണങ്ങളോടാണ് പ്രതിബദ്ധത. സമകാലിക സംഭവങ്ങള്‍ക്കനുസരിച്ച് ഉള്ളടക്കം അപ്‌ഡേറ്റ് ചെയ്യുകയും ശ്രദ്ധയില്‍പ്പെടുന്ന സ്ഖലിതങ്ങള്‍ അപ്പപ്പോള്‍ തിരുത്തുകയും ചെയ്യുന്നതാണ്.
വര്‍ധിച്ച സന്തോഷത്തോടെ, അതിലേറെ ശുഭപ്രതീക്ഷയോടെ ഈ സംരംഭം ലോകത്തെവിടെയുമുള്ള മലയാളികള്‍ക്കായി ദൈവനാമത്തില്‍ സമര്‍പ്പിക്കട്ടെ.
ജനപ്രതിനിധികളോട് സ്‌നേഹപൂര്‍വം
2021-2025 കാലത്തേക്കുള്ള കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേുള്ള തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞു. 941 ഗ്രാമപ്പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവയാണ് കേരളത്തിലുള്ളത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞു. നേതൃത്വത്തെയും വകുപ്പു ചുമതലക്കാരെയും നിശ്ചയിച്ചു. അംഗങ്ങള്‍ക്കാവശ്യമായ പരിശീലന ക്ലാസ്സുകള്‍ സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നേതൃത്വത്തിലെത്തിയവരും ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരികയാണ്.
നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തന്റെ പാര്‍ട്ടിക്കു വേണ്ടിയോ മുന്നണിക്കു വേണ്ടിയോ ആണ് ഓരോ സ്ഥാനാര്‍ഥിയും വോട്ടു തേടുന്നത്. എന്നാല്‍ ജയിച്ചു കഴിഞ്ഞാല്‍ അയാള്‍ പാര്‍ട്ടി പ്രതിനിധിയല്ല, ജനപ്രതിനിധിയാണ്. അയാള്‍ ആ വാര്‍ഡിലെ/ഡിവിഷനിലെ എല്ലാവരുടെയും പ്രതിനിധിയാണ്. തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയും അയാളുടെ പാര്‍ട്ടിയും എതിരില്‍ മത്സരിച്ചവരും ഇതരപാര്‍ട്ടികളും എല്ലാം ഈ സത്യം ഉള്‍ക്കൊള്ളുമ്പോഴാണ് ജനാധിപത്യം സാര്‍ഥകമാവുന്നത്.
എം.പി, എം.എല്‍.എ. എന്നിവരെക്കാള്‍ സമൂഹവുമായി നേരിട്ടു ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടവരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രതിനിധികള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിക്കുന്ന ജനോപകാരപ്രദമായ കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍വഹിക്കുവാനുള്ളത്.
തിരഞ്ഞെടുപ്പില്‍ ജയിച്ചവരാണല്ലോ ജനപ്രതിനിധികള്‍. ഈ വിജയത്തിന് മറ്റു വിജയങ്ങളെക്കാള്‍ പ്രാധാന്യമുണ്ട്. മത്സരപ്പരീക്ഷകളില്‍ വിജയിക്കുന്നത് വ്യക്തികളുടെ ബുദ്ധിയുടെയും ഓര്‍മശക്തിയുടെയും ഫലമായിട്ടാണ്. കായികക്ഷമതയുടെ വിജയമാണ് സ്‌പോര്‍ട്‌സ് എങ്കില്‍ സംഘപ്രവര്‍ത്തനത്തിന്റെ മികവാണ് ഗെയിംസിലെ വിജയത്തിന് നിദാനം. പ്രതിഭാധനത്വത്തിന്റെ തിളക്കമാണ് കലാരംഗത്തെ അംഗീകാരത്തിനു കാരണം. എന്നാല്‍ തിരഞ്ഞെടുപ്പിലെ വിജയം തന്റെ മികവു മാത്രമാണെന്ന് ജനപ്രതിനിധി കണക്കാക്കരുത്. ജനങ്ങള്‍ തങ്ങളുടെ ‘സമ്മതി’ ദാനം ചെയ്തുകൊണ്ടാണ് ഒരാളെ ഭരണപങ്കാളിയാക്കുന്നത്. അയാള്‍ ജനങ്ങള്‍ക്കു വേണ്ടിയാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്ന അടിസ്ഥാന ബോധം ഓരോ ജനപ്രതിനിധിക്കും കൂടിയേ തീരൂ.
അഗതികള്‍, അനാഥകള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, അവശ വാര്‍ധക്യത്തിലെത്തിയവര്‍ തുടങ്ങി സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ജനസേവകരാണ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍. അധികാരം അലങ്കാരമല്ല ഉത്തരവാദിത്വമാണ് എന്ന ബോധം ഭരണാധികാരികള്‍ക്ക് സദാ വേണമെന്നര്‍ഥം.
ജനസേവന രംഗത്ത് ജാതിമത സമൂഹ വിവേചനമരുത്. തന്റെ പാര്‍ട്ടിക്കാര്‍, എതിര്‍ പാര്‍ട്ടിക്കാര്‍ എന്ന പരിഗണന പാടില്ല. അര്‍ഹതയ്ക്കാണ് മുന്‍ഗണന. ഈ അടിസ്ഥാന ബോധം ഇല്ലാതാവുമ്പോള്‍ അനീതി തലപൊക്കുന്നു. ഒരു ഭരണാധികാരി ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം പ്രജകള്‍ക്കിടയില്‍ കാണിക്കുന്ന അനീതിയും വിവേചനവുമാണെന്ന് ജനപ്രതിനിധികള്‍ ഓര്‍ക്കണം.
വൈയക്തിക ചാപല്യങ്ങള്‍ ഉത്തരവാദിത്വ ബോധത്തിനു മുന്നില്‍ നിഷ്പ്രഭമാവണം. ഈ ഗുണം വിനഷ്ടമായാല്‍ അഴിമതി തല പൊക്കും. ജനങ്ങള്‍ തന്നിലേല്‍പ്പിച്ച അധികാരം ഉപയോഗിച്ച് അഴിമതി നടത്തുന്നത് വന്‍പാപമാണ്. പൊതുമുതല്‍ കൈകാര്യം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട സൂക്ഷ്മതയാണ് ഭരണാധികാരിയെ മാതൃകായോഗ്യനാക്കുന്നത്.
ഇത്തവണ പുതുമുഖങ്ങളാണ് തദ്ദേശഭരണത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും. മുതിര്‍ന്ന തലമുറയെ തള്ളിക്കൊണ്ടല്ല പുതുമുഖങ്ങള്‍ കടന്നുവരുന്നത്. പക്വതയുടെയും പരിചയത്തിന്റെയും തണലില്‍ പിന്‍തലമുറ വളര്‍ത്തപ്പെടുമ്പോഴാണ് സമൂഹത്തിന്റെ ഭാവി ശോഭനമാകുന്നത്. തലമുറകളുടെ പാരസ്പര്യം നഷ്ടപ്പെടുന്നതാണ് രാഷ്ട്രീയരംഗത്ത് ഇന്നു കാണുന്ന അപചയങ്ങളുടെ കാരണങ്ങളിലൊന്ന്. പുതുമുഖങ്ങളുടെ രംഗപ്രവേശം ഈ അപചയത്തിന്ന് കുറവു വരുത്തുമെന്ന് പ്രത്യാശിക്കാം.
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പരാജയപ്പെടുക എന്നത് സാങ്കേതികം മാത്രം. ജനക്ഷേമകാര്യങ്ങളില്‍ അവര്‍ക്കും പങ്കാളിത്തമുണ്ട്. ഈ വസ്തുത ഇരുകൂട്ടരും ഓര്‍ക്കേണ്ടതുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും ജനാധിപത്യത്തില്‍ പരസ്പരം ശത്രുക്കളല്ല, അനുപൂരകഘടകങ്ങളാണെന്ന കാര്യം വിസ്മരിക്കാതിരിക്കുക.
വനിതകള്‍ക്ക് ഭരണപങ്കാളിത്തം ലഭിക്കുന്ന സംവിധാനമാണ് ഇന്ന് നിലവിലുള്ളത്. തദ്ദേശഭരണത്തില്‍ അത് ഏറെ പ്രകടമാണ്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ നല്ലൊരു ശതമാനം വനിതകളാണ്. സാധാരണക്കാരായ വീട്ടമ്മമാര്‍ തന്നെയാണ് ഈ ഭരണകര്‍ത്താക്കളില്‍ ഭൂരിപക്ഷവും. കുടുംബം, കുട്ടികള്‍, വീട് എന്നീ കാര്യങ്ങളില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് ഉത്തരവാദിത്വമുള്ളത്. അങ്ങനെത്തന്നെയാണ് സമൂഹത്തിന്റെ അവസ്ഥയും. അപ്പോള്‍ തന്റെ കുടുംബത്തോടുള്ള കടമകള്‍ വിസ്മരിക്കാതെ ഭരണപരമായ ഉത്തരവാദിത്വം ഓരോ വനിത അംഗത്തിനും നിര്‍വഹിക്കേണ്ടതുണ്ട്. ഈ വസ്തുത അവരുടെ കുടുംബങ്ങളും സമൂഹവും ഉള്‍ക്കൊണ്ട് പെരുമാറിയില്ലെങ്കില്‍ അവരുടെ ടെന്‍ഷന്‍ വര്‍ധിക്കും. അത് രണ്ടു രംഗത്തും പിറകോട്ടു പോകാന്‍ കാരണമായേക്കാം. അതുണ്ടാവാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.
ഭരണനിര്‍വഹണത്തിനാവശ്യമായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ആവശ്യമായ പരിശീലനങ്ങളും സാന്ദര്‍ഭികമായി ലഭിച്ചു കൊണ്ടിരിക്കും. എന്നാല്‍ കുറ്റമറ്റ ഭരണം കാഴ്ച വെക്കാന്‍ ഭരണാധികാരികള്‍ക്ക് മികച്ച മാതൃകകള്‍ ആവശ്യമാണ്. മറ്റെന്തൊക്കെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കിട്ടിയാലും മാതൃകകള്‍ക്കാണ് എന്നും പഞ്ഞമുണ്ടായിട്ടുള്ളത്. ഭരണപരമായ കാര്യങ്ങളില്‍ മുഹമ്മദ് നബി(സ്വ) കാണിച്ചുതന്ന മാതൃകയും അദ്ദേഹം നല്‍കിയ നിര്‍ദേശങ്ങളും എന്നും വഴികാട്ടിയാണ്.
മുഹമ്മദ് നബി(സ്വ) ഒരു രാഷ്ട്രമീമാംസകനോ ഭരണതന്ത്രജ്ഞനോ അല്ല. ദൈവദൂതനാണ്. അദ്ദേഹം ജനങ്ങളെ പഠിപ്പിച്ച ഇസ്‌ലാം ഒരു ഭരണസംവിധാനമോ രാഷ്ട്രീയ പ്രത്യയശാസ്ത്രമോ അല്ല. പക്ഷേ അദ്ദേഹം ലോകത്തെ പഠിപ്പിച്ച മാനവികതയുടെ പൂര്‍ണതയായ മതപാഠങ്ങളില്‍ ജനക്ഷേമകരമായ ഭരണത്തിന്റെ മാതൃകയും ലോകത്തെ എക്കാലത്തെയും ഭരണാധികാരികള്‍ക്കാവശ്യമായ ഉപദേശങ്ങളും ഉണ്ട്.
ഓരോ കാര്യവും വിശ്വാസി തന്റെ വിശ്വാസവുമായി ബന്ധപ്പെടുത്തേണ്ടതുണ്ട്. ഭരണവും അങ്ങനെത്തന്നെ. തന്റെ മകള്‍ കളവുനടത്തിയാലും ഭരണാധികാരിയെന്ന നിലയില്‍ താന്‍ ശിക്ഷ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പ്രവാചകന്റെ സമീപനത്തെക്കാള്‍ എന്തു നീതിയാണ് പ്രജകള്‍ക്ക് പ്രതീക്ഷിക്കാനുള്ളത്! ഒരു പ്രവിശ്യയിലേക്ക് നിശ്ചയിക്കപ്പെട്ട ഗവര്‍ണര്‍ പൊതുഖജനാവിലേക്കായി കൊണ്ടുവന്ന ഭാരിച്ച മുതലില്‍ നിന്ന് വ്യക്തിപരമായി തനിക്ക് സമ്മാനിക്കപ്പെട്ട പാരിതോഷികം മാറ്റിവെച്ചു. അതിനെപ്പറ്റി തിരുദൂതര്‍ പറഞ്ഞ ഒരു വാചകമുണ്ട്. ”മാതാപിതാക്കളോടൊത്ത് വീട്ടിലിരിക്കുകയായിരുന്നുവെങ്കില്‍ ഈ പാരിതോഷികം ആരെങ്കിലും കൊണ്ടു തരുമായിരുന്നോ?” എത്ര ആഴത്തിലുള്ള ചിന്തയും ശക്തമായ നിലപാടുമാണ് ഇത്. ഭരണത്തിന്റെ ചെറിയൊരംശം മാത്രം ലഭിച്ച ഇന്നത്തെ ആളുകള്‍ ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന പാരിതോഷികങ്ങളല്ലേ ലോകത്തെ കുഴക്കുന്ന അഴിമതികളുടെ പരമ്പരകളില്‍ മിക്കതും!
ജനങ്ങളുടെ സ്ഥിതിയറിയാന്‍ പാതിരാവില്‍ വേഷപ്രച്ഛന്നനായി തെരുവിലൂടെ നടന്നിരുന്ന ഖലീഫ ഉമര്‍ നീതിയുടെ പ്രതീകമാണ്. അതിന്നദ്ദേഹത്തെ പ്രേരിപ്പിച്ചത് തന്റെ വിശ്വാസമായിരുന്നു. അതായത് തന്നിലര്‍പ്പിതമായ ഭരണമെന്ന ഉത്തരവാദിത്വത്തെപ്പറ്റി താന്‍ സ്രഷ്ടാവിന്റെ മുന്നില്‍ കണക്കു ബോധിപ്പിക്കേണ്ടി വരുമെന്ന ബോധ്യമായിരുന്നു ഖലീഫയെ നീതിമാനാക്കിയത്. ഇത്തരം മികച്ച മാതൃകകള്‍ ഇന്നത്തെ ഭരണാധികാരികള്‍ക്ക് പാഠമെങ്കിലും ആവട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഭരണഘടനയുടെ കാവലാളാവുക
സ്വതന്ത്ര ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പില്‍ നാഴികക്കല്ലായി ഗണിക്കപ്പെട്ട ഒരു ദിനമാണ് 1950 ജനുവരി 26. ഇന്ത്യ പരമാധികാര ജനാധിപത്യരാജ്യമായി പ്രഖ്യാപിക്കുകയും അതിനനുസൃതമായി ലിഖിതഭരണഘടന പ്രാബല്യത്തില്‍ വരികയും ചെയ്ത ദിനമായിരുന്നു അത്. തുടര്‍ന്ന് ഓരോ വര്‍ഷവും റിപ്പബ്‌ളിക് ദിനം ദേശീയപ്രാധാന്യത്തോടെ ആഘോഷിച്ചു വരികയാണ്. WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC and to secure to all its citizens എന്ന ഭരണഘടനയുടെ ആമുഖത്തിലെ പ്രഥമവാക്യത്തില്‍ നവഭാരത ശില്പികളായ മഹാമനീഷികളുടെ ദീര്‍ഘവീക്ഷണവും ഉത്തമ കാഴ്ചപ്പാടും ഉയര്‍ന്ന ചിന്തയും പ്രകടമാണ്.
ഇന്ത്യ അതിന്റെ 72ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ തലസ്ഥാന നഗരിയില്‍ ജീവിക്കാനും ഭക്ഷിക്കുവാനും കൃഷിക്കുമുള്ള അവകാശങ്ങള്‍ക്ക് വേണ്ടി പതിനായിരങ്ങള്‍ സമരമുഖത്താണ്. മാസങ്ങളായി അവര്‍ പൊരുതുകയാണ്. കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാതെ ഈ അഭിമാന സുദിനത്തെ സ്മരിക്കാന്‍ കഴിയില്ല. ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ, റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുമ്പോള്‍ രാഷ്ട്ര, ഭരണഘടന ശില്പ്പികള്‍ നിര്‍വഹിച്ചതും നിര്‍വചിച്ചതുമായ രാഷ്ട്ര മൂല്യങ്ങളെല്ലാം കടുത്ത വെല്ലുവിളി നേരിടുകയാണ്.
ഭരണഘടനയുടെ ആമുഖത്തില്‍ ‘നാം ഭാരതത്തിലെ ജനങ്ങള്‍’ എന്ന് ഓരോ പൗരനും പ്രഖ്യാപിക്കുമ്പോള്‍, എന്റെ രാജ്യത്തിലെ പൗരനാണെന്ന നിര്‍വൃതിയുയരുന്നുണ്ട്. പക്ഷേ ഈ പ്രഖ്യാപനം ചിലരെങ്കിലും ഇനിമേല്‍ ഉരുവിടേണ്ടതില്ലെന്ന് ചില ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്ന് പോലും കേള്‍ക്കേണ്ടി വരുന്നു. പൗരത്വ പ്രക്ഷോഭങ്ങളുടെ ചരിത്രവും വര്‍ത്തമാനവും ഇതാണല്ലോ നമ്മെ ബോധ്യപ്പെടുത്തുന്നത്.
ജനാധിപത്യം, ജനങ്ങളുടെ മേലുള്ള ആധിപത്യമായും മതേതരത്വം, മതം തരം പോലെ ഇടപെടുന്നത് എന്നുമുള്ള തകിടം മറിയലുകളാണ് വര്‍ത്തമാന ഇന്ത്യയില്‍ കാണുന്നത്. ഏറെ പവിത്രമായി പരിഗണിക്കേണ്ട ഭരണഘടനാമൂല്യങ്ങളെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് മുന്നില്‍ അടിയറ വെച്ച് പ്രജാക്ഷേമവും രാജ്യ വികസനവും ഉപരി വര്‍ഗങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുന്ന കാഴ്ചകള്‍. സാധാരണ പൗരന്റെ കണ്ണുനീരിനും കിതപ്പിനും ഒട്ടും പ്രാധാന്യമില്ലാത്ത ഭരണക്രമം. ഇന്ത്യയെന്നത്, സാധാരണക്കാരന്റെയും കര്‍ഷകന്റെയുമാണെന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ശിലാഫലകങ്ങളില്‍ വിശ്രമിക്കുകയാണ്.
”വെയില്‍ കൊണ്ടവര്‍ക്കേ തണലിന്റെ മഹത്വമറിയൂ’‘ എന്ന വാക്യം പ്രസക്തമാണ്. ബ്രിട്ടീഷുകാരോട് പടപൊരുതി ജീവാര്‍പ്പണം നടത്തി നേടിയ ഇന്ത്യന്‍ സ്വാതന്ത്ര്യം. അതിന്റെ വിലയറിയുമ്പോഴേ സ്വാതന്ത്ര്യ-റിപ്പബ്‌ളിക് ദിനാചരണങ്ങള്‍ക്ക് പ്രസക്തിയുള്ളൂ. എന്നാല്‍ സ്വാതന്ത്ര്യ സമരങ്ങളോടും പോരാട്ടങ്ങളോടും എതിരു നിന്ന് ബ്രിട്ടീ്ഷ് സാമ്രാജ്യത്വത്തിന്റെ പാദസേവകരായി ചരിത്രത്തില്‍ അറിയപ്പെട്ടവരുടെ തുടര്‍ച്ചയാണ് വര്‍ത്തമാനകാല ഇന്ത്യയെ നയിക്കുന്നത്. സമകാല ഇന്ത്യയുടെ ദുരന്തങ്ങളുടെ മൂലകാരണം ഇതാണ്.
ഇന്ത്യയുടെ വൈവിധ്യമാണ് ലോകത്ത് ഉജ്ജ്വലമായി നില്‍ക്കുന്നത്. വൈവിധ്യങ്ങളിലും ഏകമാനവികതയും പൗരസമത്വവും അടിസ്ഥാനമാക്കിയാണ് ഭരണഘടന രൂപപ്പെടുത്തിയിട്ടുള്ളത്. ന്യൂനപക്ഷ പിന്നാക്ക അവശജനവിഭാഗങ്ങളുടെ ഉന്നമനവും അവകാശ സംരക്ഷണവും അത് ഊര്‍ജ്ജമായി പരിഗണിക്കുന്നു. അതാണ് ഇന്ത്യന്‍ ദേശീയത.
വര്‍ഗീയതയുടെ, മതഭ്രാന്തിന്റെ, വംശവെറിയുടെ അടിവേരറുക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. നീതിയും സമത്വവും മതനിരപേക്ഷതയും പവിത്രമായി സംരക്ഷിക്കുകയാണ് ഡോ. അംബേദ്കര്‍ നേതൃത്വം നല്‍കിയ ഭരണഘടനയില്‍ കാണുന്നത്. പ്രസ്തുത ഭരണഘടനയനുസരിച്ച് രാജ്യം ഭരിക്കുമ്പോഴാണ് ഇന്ത്യന്‍ റിപ്പബ്ലിക് അനുസ്മരണങ്ങള്‍ക്ക് ചൂടും ചൂരും ലഭ്യമാവുന്നത്.
ഫാസിസ്റ്റ് പ്രത്യയശാസ്ത്രം അപരവല്‍ക്കരണത്തെയും സങ്കുചിത ദേശീയതയെയും ഉദാത്തമായി കാണുന്നു. മതവൈരവും വിരോധവും വ്യത്യസ്ത കളറുകളില്‍ പകര്‍ന്ന് രാജ്യത്തെ പൗരന്മാരെ ഭിന്നതയുടെ പാളയത്തിലേക്ക് നയിക്കുകയാണ്.
രാജ്യം ഇത്രമേല്‍ ഭീതിതമായി മുന്നോട്ട് പോവുമ്പോഴും പ്രതീക്ഷയുടെ നിലക്കാത്ത പ്രവാഹമാണ് ഇന്ത്യന്‍ ഭരണഘടന. ഫാസിസ്റ്റ് വര്‍ഗീയ വിരുദ്ധമനസ്സാണ് ഇന്ത്യയുടെ ആത്മാവും പൗരന്മാരുടെ ഹൃദയങ്ങളും. മതത്തെ ശരിയായി തിരിച്ചറിഞ്ഞവരുടെ മതമൈത്രിയും ഞങ്ങള്‍ ഇന്ത്യക്കാര്‍ എന്ന ദേശീയബോധവും കൈമോശം വന്നിട്ടില്ല. ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ ഫാസിസ്റ്റ് കോര്‍പ്പറേറ്റ് വല്‍കൃത ഭരണക്രമത്തെ ഉള്‍ക്കൊള്ളുന്നവരുമല്ല. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ എന്ന് പച്ചയായി പ്രഖ്യാപിക്കുന്ന മനുഷ്യര്‍ ഇവിടെയും പ്രതീക്ഷയുടെ പറുദീസകള്‍ നല്‍കുന്നു.
ഒരു മതമെന്ന നിലക്ക് ഇസ്‌ലാം, പിറന്ന നാടിനോടും ജീവിക്കുന്ന രാജ്യത്തോടും അടര്‍ത്തി മാറ്റാനാവാത്ത കടപ്പാടും ബാധ്യതയും വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാജ്യസ്‌നേഹത്തെ വിശ്വാസത്തിന്റെ താത്പര്യമായി വീക്ഷിക്കുന്നു. രാജ്യനിയമങ്ങളോട് ബഹുമാനവും ആദരവും പുലര്‍ത്തേണ്ടത് മതപരമായ ബാധ്യതയാണ്.
പൗരന്‍ എന്ന നിലയ്ക്ക് ഓരോ വ്യക്തിയും രാജ്യസുരക്ഷയും സ്‌നേഹവും അടങ്ങാത്ത കരുത്തായി സ്വീകരിക്കേണ്ടതുണ്ട്. നിയമം കൈയിലെടുക്കാനോ അഭ്യന്തര ശൈഥില്യങ്ങള്‍ക്ക് പിന്തുണയേകാനോ പാടില്ല. വര്‍ഗീയ തീവ്രവാദ പ്രവണതകളെ മൗനം കൊണ്ട് പോലും പിന്തുണക്കാന്‍ പാടില്ലാത്തതാണ്. മതമൈത്രിയും നീതിനിര്‍വ്വഹണവും വിശ്വാസത്തിന്റെ സദ്ഫലമായി പിന്തുടരണം.
പ്രതിഷേധങ്ങള്‍ക്ക് മതവികാരത്തിന്റെ ഛായ നല്‍കി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനെ മതം അപലപിക്കുന്നു. എരിതീയില്‍ എണ്ണയൊഴിക്കലാണ് വര്‍ഗീയതയെ പ്രതിവര്‍ഗീയത കൊണ്ട് നേരിടുന്നത്.
നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയെന്ന മൗലികമായ ആശയത്തെ മുറുകെ പിടിച്ച് മനസ്ഥിതിയുടെ പരിവര്‍ത്തനത്തിലൂടെ സാമൂഹ്യവിപ്ലവം സാര്‍ത്ഥകമാക്കാനാവുമെന്നാണ് ഇസ്ലാമും പഠിപ്പിക്കുന്നത്. ചരിത്രത്തില്‍ നാം ദര്‍ശിച്ചതും അതാണ് (ഖുര്‍ആന്‍ 8:53, 13:11). റിപ്പബ്ലിക് ദിന ചിന്തയില്‍ പൗരാവകാശത്തെ പവിത്രമായി കണ്ട്, ഈ സമൂഹ്യവിപ്ലവത്തിന് ഇമചിമ്മാതെ നാം കാവലാളാവുക.
പ്രണയം: അഴകും അതിര്‍ത്തികളും
മനുഷ്യനെ ഇതര ജൈവജാതികളില്‍നിന്ന് വ്യതിരിക്തമാക്കുന്ന ഒരു ഗുണമാണ് പ്രണയം. ശരീരവും മനസ്സും നമുക്കായി ഇടപെടുന്ന ഇണജീവിതത്തിന്റെ ചൈതന്യവും പരിശുദ്ധിയുമാണത്. മനുഷ്യ ജീവിതത്തെ സുരക്ഷിതവും സമാധാന പൂര്‍ണവുമാക്കുന്ന അനിവാര്യ തേട്ടവും മാനുഷിക വികാരങ്ങളുടെ മൂര്‍ത്ത രൂപവുമാണ് പ്രണയം. ‘സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ പാരമ്യമാണ് ആരാധനയില്‍ പോലും നിറയുന്നത്’ എന്ന് ഇബ്‌നുഖയ്യിം(റ) അഭിപ്രായപ്പെട്ടിട്ടുണ്ട് (റൗളത്തുല്‍ മുഹിബ്ബീന്‍).
പ്രണയം എന്ന വികാരം മനുഷ്യനില്‍ ക്രമീകരിച്ചതിന് പിന്നില്‍ നിയതമായ ജൈവലക്ഷ്യമുണ്ട്. കവി വര്‍ണനകളിലും സാഹിത്യാവിഷ്‌കാരങ്ങളിലും കാല്‍പനിക ഭാവനകളിലും നിറഞ്ഞുനില്ക്കുന്ന ‘പ്രണയഭാവ’ പ്രകടനങ്ങളല്ല യഥാര്‍ഥ പ്രണയം. ആണിനും പെണ്ണിനും പരസ്പരം തോന്നുന്ന സ്‌നേഹ സൗഹൃദങ്ങളുടെ ഒറ്റവാക്കല്ല പ്രണയം. ഇണകള്‍ക്ക് പരസ്പരം പ്രാണനായി അനുഭവപ്പെടുന്ന വികാരമാണത്. വിവാഹം വഴിയുള്ള ഗാഢമായ ആത്മബന്ധത്തിലൂടെ ഇണയോടുണ്ടാവുന്ന ശക്തമായ അഭിനിവേശവും ഒരേ മനസ്സാകാനുള്ള താളവും മനപ്പൊരുത്തത്തിന്റെ ആനന്ദനിര്‍വൃതിയും ചേരേണ്ട രാസപ്രവര്‍ത്തനമാണത്. മനസ്സില്‍ നിറയുന്ന ഗാഢ സ്‌നേഹത്തിന്റെ ഫലമായി ശരീരത്തില്‍ പ്രകടമാവുന്ന ജൈവരസതന്ത്രമാണ് പ്രണയത്തെ ഉത്തേജിപ്പിക്കുന്നത്. അത് കേവലം ഒരു ‘നേരംപോക്ക്’ അല്ലെന്ന തിരിച്ചറിവുണ്ടാകുന്നില്ല എന്നത് വര്‍ത്തമാനകാല ദുരന്തമാണ്. ഇളം തലമുറയുടെ അപചയവും. പ്രണയം മുഖേന എന്തുമാവാം എന്ന് സിദ്ധാന്തിക്കുന്നത് അതുകൊണ്ടാണ്.
കണ്ണിനും കാതിനും ശരീരത്തിലെ ആന്തരിക സംവിധാനങ്ങള്‍ക്കുമെല്ലാം ഒരോ ധര്‍മമുണ്ട്. സ്രഷ്ടാവാണ് ആ ധര്‍മം നിശ്ചയിച്ചത്. ആ ധര്‍മങ്ങളെ അവയുടെ ഓര്‍ബിറ്റുകളിലൂടെ മാത്രം സഞ്ചരിക്കാന്‍ നമ്മള്‍ സ്വാതന്ത്ര്യം നല്‍കുമ്പോഴാണ് നാം പ്രകൃതിയുടെ ഭാഗമാവുന്നത്. സൃഷ്ടിയുടെ ലക്ഷ്യം തേടുന്നത്. പ്രകൃതി മതത്തിന്റെ അച്ചടക്കം പാലിക്കുന്നത്. ഇല്ലെങ്കില്‍ സാമൂഹ്യ ഭദ്രത മാത്രമല്ല പ്രാപഞ്ചിക സുസ്ഥിരതപോലും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വഴി തകര്‍ന്നുപോവും.
മനുഷ്യന്റെ ശരീരം പദാര്‍ഥാതീതമല്ല. ശരീരത്തിന് ശരിതെറ്റുകള്‍ വേര്‍തിരിക്കേണ്ട ‘ബാധ്യത’യില്ല. ഓരോ അവയവങ്ങള്‍ക്കും നിശ്ചയിച്ച ധര്‍മകര്‍മങ്ങള്‍ അത് നിര്‍വഹിക്കുക മാത്രം ചെയ്യും. അധ്വാനിച്ച് കിട്ടിയ പണംകൊണ്ട് വാങ്ങിയ ഭക്ഷണം കഴിച്ചാലും മോഷ്ടിച്ച് നേടിയ പണം കൊണ്ട് ഭക്ഷണം വാങ്ങിക്കഴിച്ചാലും രണ്ടും ഒരേപോലെ ദഹനവ്യവസ്ഥയുടെ ഭാഗമായി ചേരും. വ്യഭിചാരവും വിവാഹബന്ധവും ശരീരത്തിന് തുല്യമായ ശരീരസമ്പര്‍ക്കങ്ങളാണ്. ധാര്‍മികതയുടെ വേര്‍തിരിവ് ശരീരത്തിന് സാധ്യമല്ല. ശരീരം അതിന്റെ ധര്‍മങ്ങള്‍ കൃത്യമായി സമയാസമയങ്ങളില്‍ നിര്‍വഹിക്കും. സത്യ-അസത്യ വേര്‍തിരിവ് ശരീരത്തെ പഠിപ്പിക്കാനാവില്ലല്ലോ. കാരണം ശരീരം പദാര്‍ഥപരമാണ്. തത്ഫലമായി പ്രണയവിവാഹങ്ങളിലെ അസ്വാഭാവികതയും പ്രകൃതി വിരുദ്ധാവസ്ഥയും ശാരീരികമായി നിര്‍വചിക്കാനോ നിര്‍ണയിക്കാനോ കഴിയില്ല. മനുഷ്യന്‍ പൂര്‍ണനാവുന്നത് ശരീരത്തോടൊപ്പം മനസ്സും കൂടി ചേരുമ്പോഴാണ്.
ഇണകള്‍ തമ്മില്‍ സുരക്ഷിതവും സ്വസ്ഥവുമായ കണ്‍കുളിര്‍മയുള്ള ജീവിതത്തിന്റെ ജൈവഭാഗമായിരിക്കേണ്ട പ്രണയം, വിവാഹപൂര്‍വ പ്രണയങ്ങളിലേക്ക് തിരിച്ചുനടത്തുന്നതോടെ ശാരീരിക പ്രക്രിയകളില്‍ വലിയ മാറ്റങ്ങളില്ല. എന്നാല്‍ അവയുടെ സ്വഛമായ പ്രകൃതത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. വിവാഹപൂര്‍വ പ്രണയം ഗാഢമായി വിവാഹത്തിലെത്തി കുടുംബജീവിതം നയിച്ചവര്‍ക്കിടയിലെ പഠനങ്ങള്‍ ലോകത്ത് വ്യവസ്ഥാപിതമായി നടന്നിട്ടുണ്ട്. മാതിസ് എന്ന മനഃശാസ്ത്രജ്ഞന്റെ ‘ജെലസി’ (Jealousy test) പരീക്ഷണം പ്രസിദ്ധമാണ്. അറേഞ്ച്ഡ് വിവാഹ ജീവിതത്തില്‍ വര്‍ഷങ്ങള്‍ പിന്നിടുന്നതോടെ പ്രണയ തീക്ഷ്ണത വര്‍ധിക്കുമ്പോള്‍, പ്രണയ വിവാഹങ്ങളില്‍ കുറയുക മാത്രമല്ല ഭൂരിപക്ഷവും വിവാ ഹമോചനത്തിലോ ആത്മഹത്യകളിലോ അവസാനിക്കുകയാണ് ചെയ്യുന്നത് എന്നതാണ് പ്രസ്തുത പഠനത്തിന്റെ പൊരുള്‍.
പ്രകൃതിയുടെ ധര്‍മം കീഴ്‌മേല്‍ മറിയുമ്പോഴുണ്ടാവുന്ന ‘പ്രതി പ്രവര്‍ത്തനങ്ങളായി’ ധാര്‍മികബോധമുള്ളവര്‍ അതിനെ കാണുന്നു. പ്രണയത്തെ പക്വം(Passionate love), അപക്വം (compassionate love) എന്ന് മനശ്ശാസ്ത്ര നിര്‍വചനങ്ങളുടെ അകക്കാമ്പ് പ്രണയം ‘ഞരമ്പുരോഗ’മാവരുതെന്ന പാഠം നല്‍കുന്നുണ്ട്. പരസ്പരം സംസാരങ്ങള്‍ പാടില്ലെന്നോ വിനിമയങ്ങള്‍ അരുതെന്നോ ഇതിന്നര്‍ഥമില്ല. മറിച്ച്, ജൈവപ്രകൃതിയുള്‍ക്കൊണ്ട് സ്ത്രീപുരുഷ ഇടപഴകലുകള്‍ക്ക് ധര്‍മവിചാരം അനിവാര്യമാണെന്ന് സാരം. പ്രണയം സാര്‍ഥകമാവുന്നത് അപ്പോഴാണ്. എല്ലാ സൗകര്യങ്ങളുമുള്ള കാറും സാങ്കേതികമികവുള്ള റോഡും പരിചയസമ്പന്നനായ ഡ്രൈവറും ഉണ്ടായാല്‍ സുരക്ഷിത യാത്രയാവില്ല. സ്വാതന്ത്ര്യത്തിന്റെ ഹുങ്കിലും പണം ചെലവഴിച്ചത് താനാണെന്ന മികവിലും തോന്നിയ പോലെ വാഹനം ഓടിച്ചുപോയാല്‍ എന്ത് സംഭവിക്കുമെന്ന് വിവരിക്കേണ്ടതില്ല. ഏറ്റവും പ്രധാനം ട്രാഫിക് നിയമങ്ങള്‍ അനുസരിക്കലാണ്. ട്രാഫിക് നിയമങ്ങള്‍ ഇല്ലെങ്കിലും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവും. വളരെ പെട്ടെന്ന് അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്ന് മാത്രം. അപ്രകാരം ‘പ്രണയം’ ഒരു സ്വാതന്ത്ര്യമായി കാണുന്നവര്‍ സ്വയം അപകടങ്ങളിലേക്കാണ് എടുത്തെറിയുന്നത്.
മനുഷ്യ സമൂഹത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന സ്രഷ്ടാവ് മനുഷ്യ ജീവിതത്തിന്റെ സുരക്ഷയ്ക്ക് പ്രദാനം ചെയ്യുന്ന നിയമങ്ങളെ നാം ആദരിക്കുന്നത് പഴഞ്ചനാവുമോ? സദാചാരനിഷ്ഠകള്‍ പാലിക്കണം എന്ന അധ്യാപനം സമൂഹത്തിന്റെ കിറുക്കാവുന്നതെങ്ങനെ? വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌ക്കാരത്തിന്റെയും കൊടിവീശി മുദ്രാവാക്യം മുഴക്കുന്ന പലരും പക്ഷേ, സ്വന്തം ജീവിതത്തിലോ മക്കളിലോ സംഭവിക്കുന്ന അരുതായ്മകളില്‍ കണ്ണുനീര്‍ കുടിച്ചവരാണ് എന്ന് ചരിത്രം പഠിപ്പിച്ചിട്ടുണ്ട്. സ്ത്രീ പീഡന-പെണ്‍ വാണിഭ കഥകളിലെ വില്ലന്‍ ആരാണ് എന്ന് പരിശോധിച്ചാല്‍, തല തിരിഞ്ഞ പ്രണയത്തിന്റെ പങ്ക് ഒട്ടും നിഷേധിക്കാനാവില്ല.
സദാചാര മര്യാദകളോട് വിയോജിച്ച് പ്രണയചൂണ്ടയില്‍ കുരുങ്ങി ജീവിതം തകര്‍ന്നവരുടെ സാക്ഷ്യങ്ങള്‍ എമ്പാടും ലഭിക്കുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്. ഇവിടെ തന്നെയാണ് ചിലര്‍ നിയമങ്ങളെയും നിഷ്ഠകളെയും തകര്‍ത്തെറിയാനും വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നവരോട് തട്ടിക്കയറി പ്രണയിനികളായും ആ നന്ദാനുരാഗികളാവാനും കുഴലൂത്ത് നടത്തുന്നത്.
വിരഹത്തിന്റെ വൈകാരിതക യെയോ നൊമ്പരങ്ങളെയോ അറിഞ്ഞനുഭവിക്കാന്‍ കഴിയാത്ത തലമുറയാണ് സമകാല സമൂഹത്തിലുള്ളത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ഓടിക്കളിക്കുന്ന സന്ദേശങ്ങള്‍ തീര്‍ത്ത ദുരന്തങ്ങളും, മിസ്ഡ് കോള്‍വഴി മിസ്സായിപ്പോയവരുടെ ദാരുണ ദൃശ്യങ്ങളും ‘സൈബര്‍ എത്തിക്‌സ്’ എന്ന പഠനശാഖവരെ നമ്മിലേക്ക് എത്തിക്കാന്‍ കാരണമായി. പോര്‍ണോഗ്രാഫി തീര്‍ക്കുന്ന ദുരന്തജീവിതത്തിന്റെ തിക്താനുഭവങ്ങള്‍ ചെറുതല്ല. ഇതിനെതിരെ ധാര്‍മിക വിപ്ലവം നയിക്കാന്‍ സാമൂഹിക മതപ്രസ്ഥാനങ്ങള്‍ മടിച്ചുനില്‍ക്കരുത്.
പ്രണയം വിപണി വല്‍ക്കരിച്ചതാണ് വാലെന്റെന്‍ ദിനാചരണം. ജൈവ സവിശേഷതയുടെ പ്രകടനത്തെ ദിനാചരണമാക്കി ‘കാമ്പയിന്‍ നടത്താനുള്ള തിടുക്കമല്ലല്ലോ ഇതിന്റെ ലക്ഷ്യം. ആഗോള ദിനാചരണങ്ങളില്‍ അങ്ങനെയൊരു രചനാത്മക സമീപനമുണ്ട്. പ്രണയം ‘കാഷല്‍ലൗ’ അല്ല. മരണം പോലും മറയിടാത്ത നിരന്തര ജൈവപ്രതിഭാസമാണ്. വൈവാഹിക ജീവിതത്തിന്റെ ചുടും ചൂരുമാണത്. സൗഹൃദവും ഇക്കിളി വികാരങ്ങളും അനുരാഗ കൊഞ്ചലുകളും പുന്നാര വര്‍ത്തമാനങ്ങളും വാലന്റെന്‍ ദിനം ചേരുവ പകരാന്‍ വിവിധ മാധ്യമങ്ങളും. ഇവയൊന്നുമില്ലെങ്കിലെന്ത് ‘സര്‍ഗാത്മക കാമ്പസ്’ എന്ന് വിളിച്ചു പറയുന്നവരും. അക്കാദമിക സാംസ്‌കാരിക രംഗങ്ങളിലെ വിപ്ലവത്തിന് രാഷ്ട്രീയ കൊടികളുടെ നിറം നോക്കി കൂറ് പ്രഖ്യാപിക്കുന്നവര്‍ പക്ഷേ, ഇത്തരം പ്രണയോത്സവങ്ങളില്‍ കൊടിനോക്കാതെ ഐക്യപ്പെടുന്ന കാഴ്ചകളാണ് മിക്ക കാമ്പസുകളിലും കാണാറുള്ളത്.
”സ്ത്രീയും പുരുഷനും സഞ്ചാരങ്ങളിലും സഹവാസങ്ങളിലും ഒറ്റയ്ക്കാവരുത്. മൂന്നാമനായി പിശാച് കൂടെയുണ്ടാവും’ എന്ന മുഹമ്മദ് നബി(സ്വ)യുടെ വചനം ഗൗരവത്തോടെ കാണണം. വിവാഹം മതപരമായി സാധുവാകാനുള്ള നിബന്ധനകളില്‍ പാതിവ്രത്യം ഇസ്‌ലാം പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. രഹസ്യ കാമു കന്മാരെ വേള്‍ക്കുന്നതിനെ മ്ലേച്ഛതയായി മതം പരിഗണിച്ചിട്ടുണ്ട്. (വി.ഖു. 4:25,5:5).
വിവാഹബന്ധം നിഷിദ്ധമായവരല്ലാത്തവരെ അന്യരായി കാണാന്‍ ഇസ്‌ലാം കല്പിക്കുന്നു. കുടുംബബന്ധങ്ങളിലെ അന്യത്വമല്ല. മറിച്ച്, സൗഹൃദ സഹവാസങ്ങളിലും ഇടപഴകലുകളിലും ജാഗ്രത പാലിക്കണം എന്നാണ് താത്പര്യം (4:23,24). സ്ത്രീ സൗന്ദര്യം പ്രകടമാക്കുന്നത് വ്യക്തമായ മതനിര്‍ദേശവും നിബന്ധ നകളും പാലിച്ചായിരിക്കണം(24:3). സ്ത്രീകളുടെ സംസാരത്തില്‍ മാന്യത കൈവിടാതെ സൂക്ഷിക്കണമെന്നും(33:32), സംസാരങ്ങളിലും സഞ്ചാരങ്ങളിലും പെരുമാറ്റങ്ങളിലും പുരുഷനെ ആകര്‍ഷിക്കുംവിധമുള്ള പ്രദര്‍ശനേച്ഛയും തിന്മയ്ക്ക് വളമേകുന്ന സമീപനങ്ങളും കര്‍ശനമായി വെടിയാനും മതം പഠിപ്പിക്കുന്നതും സാമൂഹിക സുരക്ഷിതത്വവും ഭദ്രതയും താല്പ്പര്യപ്പെടുന്നതുകൊണ്ടാണ്. ഇതുപോലുള്ള ജീവിത നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്കു മാത്രമാണെന്ന ധാരണ തികച്ചും അബദ്ധമാണ്.
മതപ്രസ്ഥാനങ്ങള്‍ മാത്രമല്ല, സദാചാര ജീവിതം ലക്ഷ്യം വെക്കുന്ന എല്ലാവരും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നുവെങ്കിലാണ് സുരക്ഷിതത്വം യാഥാര്‍ഥ്യമാക്കി യെടുക്കാനാവുകയുള്ളൂ. കോടതി വരാന്തകളില്‍ മക്കളുടെ കാമുകി, കാമുക ബന്ധങ്ങള്‍ വഴി മാതാപിതാക്കള്‍ തലകറങ്ങി വീഴുന്നതും, പ്രണയവിവാഹം വഴി, വഴിയില്‍ ഉപേക്ഷിക്കുന്നവരും ചില സന്ദര്‍ഭങ്ങളില്‍ ആത്മഹത്യകളും മുഖേന കുടുംബങ്ങള്‍ കടുത്ത ദു:ഖവും ദുരന്തവും പേറേണ്ടിവരുന്നതും നാം കാണുന്നുണ്ട്. ഇതില്‍ ഇന്നയിന്ന മതക്കാര്‍ എന്ന വ്യത്യാസം കാണാവതല്ല.
ഇക്കാര്യത്തില്‍ മുസ്‌ലിം മഹല്ലുകളില്‍ ബോധവത്ക്കരണങ്ങള്‍ ശക്തമാക്കാന്‍ അജണ്ടകളുണ്ടാവണം. സ്ഥാപങ്ങളെ കേന്ദ്രീകരിച്ച് സദാചാരബന്ധിതമായ നിര്‍ദേശങ്ങള്‍ പക്വമായി ബോധനം ചെയ്യാന്‍ ശാസ്ത്രീയമായ പദ്ധതികള്‍ തുടരണം. പാഠ്യപദ്ധതികളില്‍ കുടുംബജീവിതത്തിന്റെ ഭദ്രതയ്ക്ക് ആവശ്യമായ മൂല്യങ്ങള്‍ വ്യവസ്ഥാപിതമായി ക്രമീകരിക്കാനാവണം. സെക്‌സ് എഡ്യൂക്കേഷന്‍, കേവലം ശാരീരിക പഠനങ്ങളില്‍ പരിമിതപ്പെടുന്നത് അപകടകരമാണ്. മറിച്ച് സാമൂഹിക സുരക്ഷിതത്വത്തിന്റെ പാഠങ്ങള്‍ക്ക് ഊന്നലുകളുണ്ടാവണം.
സമൂഹ സുരക്ഷ, സ്ത്രീ സുരക്ഷയിലും, സദാചാര വിശുദ്ധി കുടുംബജീവിത ഭദ്രതയിലും ആണ് രൂപപ്പെടുക. ഈ ആശയത്തെ കേന്ദ്രീകരിക്കുന്ന സാമൂഹ്യാന്തരീക്ഷം രൂപപ്പെടട്ടെ. ആകാശ ലോകത്തിലെ അത്യത്ഭുത പ്രതിഭാസങ്ങളുടെ സഞ്ചാരം സുരക്ഷിത പൂര്‍ണമാക്കിയ സ്രഷ്ടാവിന് മനുഷ്യജീവിതത്തിന്റെ സുരക്ഷിത സഞ്ചാരത്തിനും മാര്‍ഗനിര്‍ദേശം നല്‍കാനാവാതിരിക്കില്ല. ദൃശ്യ പ്രപഞ്ചത്തെ സര്‍ഗാത്മകമാക്കിയ സ്രഷ്ടാവിന്റെ നിയമങ്ങള്‍ മനുഷ്യ സഹവാസങ്ങളെയും സര്‍ഗാത്മകമാക്കാതിരിരിക്കില്ല.
