സ്ത്രീ: അവകാശങ്ങള്‍-1
സ്ത്രീ: അവകാശങ്ങള്‍ എന്ന വിഷയം ഇസ്ലാമിൽ സ്ത്രീയ്ക്ക് നല്‍കിയിരിക്കുന്ന മാനവികവും സാമൂഹ്യവുമായ അവകാശങ്ങളെ വ്യക്തമാക്കുന്നു. വിദ്യാഭ്യാസം, വിവാഹം, സാമ്പത്തിക സ്വാതന്ത്ര്യം, പാരമ്പര്യം, മാന്യതയും സുരക്ഷയും എന്നിവ സ്ത്രീയുടെ അടിസ്ഥാന അവകാശങ്ങളായി ഇസ്ലാം അംഗീകരിക്കുന്നു. അവകാശങ്ങളോടൊപ്പം ഉത്തരവാദിത്വങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന സമതുലിത സമീപനമാണ് ഇസ്ലാമിക വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്നത്.
ഇസ്ലാം സ്ത്രീയെ പൂര്‍ണ വ്യക്തിയായി പരിഗണിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. അവള്‍ക്ക് ബാധ്യതകള്‍ നിശ്ചയിച്ചതുപോലെ അവകാശങ്ങളും നിര്‍ണയിച്ചിട്ടുണ്ട്(2:228). സ്ത്രീക്ക് യാതൊരു പരിഗണനയും നല്‍കാതിരുന്ന ലോകവും കാലവുമായിരുന്നു ആറാം നൂറ്റാണ്ട്. ലോക നാഗരികതകളുടെ കളിത്തൊട്ടിലുകളിലെല്ലാം വനിതകള്‍ അരികുവത്കരിക്കപ്പെട്ടിരുന്നു. അതില്‍ ഏറ്റവും നിന്ദ്യമായ അവസ്ഥയിലായിരുന്നു ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട അറേബ്യയിലെ സ്ത്രീകളുടേത്.
ഇവിടെ ഇസ്ലാം ശക്തമായി ഇടപെട്ടു. അവളുടെ അവകാശങ്ങള്‍ നിര്‍ണയിച്ചു. ജനിക്കാനും വിവേചനമില്ലാതെ വളരാനും സ്വാതന്ത്ര്യം നല്കി. സുരക്ഷ ലഭിക്കാനും പ്രത്യേക പരിഗണനക്കും ആദരവിനുമുള്ള അക്തഹത അംഗീകരിച്ചു. ആരാധനാസ്വാതന്ത്ര്യം അവകാശമായി അംഗീകരിച്ചു. പഠിക്കാനും പ്രതികരിക്കാനും ആവിഷ്കരിക്കാനും അഭിപ്രായം പറയാനും പണിയെടുക്കാനും സമ്പാദിക്കാനും ചെലവഴിക്കാനും അനന്തരമെടുക്കാനും പുരുഷനെപ്പോലെ സ്ത്രീക്കും അവകാശമുണ്ട്. ഭരിക്കാനും നയിക്കാനും വിവാഹിതയാകാനും മോചിതയാകാനുമെല്ലാം ഇസ്ലാം അവളെ പ്രാപ്തയാക്കി. ഈ അവകാശങ്ങള്‍ കേവല പ്രഖ്യാപനങ്ങളായിരുന്നില്ല. ഏടുകളില്‍ വിശ്രമം കൊള്ളുന്ന നാമമാത്ര നിയമങ്ങളായിരുന്നില്ല. പ്രവാചകന്(സ്വ) മുതല്‍ ഇസ്ലാമിക ഭരണാധികാരികളെല്ലാം അത് നടപ്പിലാക്കുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തി. നബി(സ്വ) അരുള്‍ ചെയ്തു: അല്ലാഹുവേ, അനാഥര്‍, സ്ത്രീകള്‍ എന്നീ അബലരുടെ അവകാശം അവഗണിക്കുന്നവരെ ഞാന്‍ പാപികളായിക്കാണുന്നു (നസാഈ). വിശുദ്ധ ഖുര്‍ആനിന്റെയും മുഹമ്മദ് നബി(സ്വ)യുടെ ചര്യയുടെയും തെളിഞ്ഞ പ്രമാണങ്ങളില്‍ ഉല്ലേഖിതമായി ഈ അവകാശങ്ങള്‍, ആധുനികമെന്നു പറയുന്ന സമൂഹങ്ങള്‍ക്കു പോലും ഇനിയും എത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ഔന്നത്യങ്ങളിലേക്ക് നൂറ്റാണ്ടുകള്‍ക്കു മുമ്പേ മുസ്ലിം സ്ത്രീകള്‍ കയറിപ്പോകാന്‍ കാരണമായി.
ഇസ്ലാം അനുശാസിക്കുന്ന പല അവകാശങ്ങളും വര്‍ത്തമാന സമൂഹത്തില്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പിലില്ല. വസ്തുതകളോട് നീതി പുലര്‍ത്താതെ സ്ത്രീ വിലാപങ്ങള്‍ വാര്‍ത്തയാകുന്നത് ദൗര്‍ഭാഗ്യകരമാണ്. മുസ്ലിം സ്ത്രീ മറ്റു സ്ത്രീകളെക്കാള്‍ അവകാശങ്ങള്‍ ലഭിക്കുന്നവളും ദാമ്പത്യജീവിതം സുഖദമായി ആസ്വദിക്കുന്നവളുമാണ്. മദ്യത്തിനും ചൂതാട്ടത്തിനും അടിമകളായ മറ്റു സമൂഹങ്ങളിലെ പുരുഷന്മാരില് നിന്ന് അവരുടെ ഇണകള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ മാത്രം പഠിച്ചാല്‍ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ.
സ്ത്രീകള്‍ക്ക് അവകാശങ്ങളുണ്ടെന്ന് വളരെ വൈകിമാത്രമാണ് ലോകത്തിന് ബോധ്യം വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഈ മേഖലയില്‍ കൂടുതല്‍ ചര്‍ച്ചകളും നിയമനിര്‍മാണങ്ങളും മറ്റുമുണ്ടാകുന്നത്. സ്ത്രീയവകാശങ്ങളെക്കുറിച്ച് വൈകി സംസാരിച്ചു തുടങ്ങിയവര്‍ പക്ഷേ, ഇന്നെത്തിച്ചേര്‍ന്നത് തീര്‍ത്തും സ്ത്രീ വിരുദ്ധമായ കാര്യങ്ങളിലാണ്. സമ്പത്തിലും ശരീരത്തിലും വസ്ത്രത്തിലും വ്യക്തിത്വത്തിലും ഉടുപ്പിലും ഉദ്യോഗത്തിലും നടപ്പിലും നടനത്തിലും അധികാരത്തിലും അറിവിലും അഭിപ്രായത്തിലുമെല്ലാം പുരുഷപ്രാധാന്യം സ്ത്രീക്കും ലഭിക്കേണ്ടതുണ്ടെന്നതാണ് പുറം വാദങ്ങളെങ്കിലും ഉടുക്കാത്ത സ്ത്രീ എന്നതാണ് സ്ത്രീ സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പരമകാഷ്ഠയെന്നാണ് ഇവരുടെ നടപടികള്‍ വ്യക്തമാക്കുന്നത്. സ്ത്രീ വിമോചനം മുദ്രാവാക്യമാക്കിയ ഫെമിനിസം ഫലത്തില്‍ സ്ത്രീയെ ഒന്നുമല്ലാതാക്കുകയാണ് ചെയ്തത്. സ്ത്രീയെ പുരുഷനില്‍ നിന്ന് ‘മോചിപ്പി’ക്കുകയല്ല ഇസ്ലാം ചെയ്തത്. സ്ത്രീയും പുരുഷനും ചേര്‍ന്ന സക്രിയമായ സമൂഹ സൃഷ്ടിക്ക് പ്രാപ്തമാക്കുകയാണ് ചെയ്തത്. സ്ത്രീയും പുരുഷനും സമൂഹത്തിന്റെ അനുപൂരക ഘടകമാണെന്ന് പഠിപ്പിക്കുകയാണ് ചെയ്തത്.
ജനിക്കാനും വളരാനുമുള്ള അവകാശം
സ്ത്രീക്ക് ജനിക്കാനും വളരാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന അറേബ്യന്‍ സാഹചര്യത്തില്‍ ആറാം നൂറ്റാണ്ടിലാണ് മുഹമ്മദ് നബി(സ്വ) ഇസ്ലാമിക പ്രബോധനം തുടങ്ങുന്നത്.
ഗോത്രയുദ്ധങ്ങള്‍ പ്രധാനമായി കണ്ടിരുന്ന ആ സമൂഹത്തിന് യോദ്ധാക്കളായ പുരുഷന്മാരെയായിരുന്നു ആവശ്യം. അതിനാല്‍ തന്നെ അവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളെ വിലകുറച്ചു കണ്ടു. നിര്‍ബന്ധിതാവസ്ഥകളില്‍ അനിഷ്ടത്തോടെ സ്വീകരിക്കുകയായിരുന്നു പതിവ്. അവര്‍ക്കിടയില്‍ ഒരു പെണ്‍കുഞ്ഞിന്റെ പിതാവിനുണ്ടാകുന്ന മനോവികാരം ഖുര്‍ആനില്‍ വിശദീകരിക്കുന്നുണ്ട്. ‘അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്കപ്പെട്ടാല് കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന് ഒളിച്ചു കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ എന്നതായിരിക്കും അവന്റെ ചിന്ത. ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!’(16: 58,59).
സ്ത്രീകളോടുള്ള വിവേചനം അറേബ്യന്‍ സമൂഹത്തിന്റേത് മാത്രമായിരുന്നില്ല. ലോക സംസ്കാരങ്ങളുടെ പാരമ്പര്യത്തില്‍ സ്ത്രീ വിദ്വേഷം വ്യാപകമായിരുന്നു. ഈ മനോഭാവം തന്നെ ഇസ്ലാം നിരാകരിച്ചു. സത്യവിശ്വാസമുള്ള സമൂഹത്തിന്നു മാത്രമേ സ്ത്രീയെ ആദരിക്കാന്‍ കഴിയൂ എന്നതിനാല്‍ പരലോക വിചാരണയെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് മുഹമ്മദ് നബി ഉദ്ബോധനം നടത്തിയത്. ‘താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന് ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍!‘(ഖുര്‍ആന്‍ 81: 8,9).
പരിമിതമായ ജീവിത വിഭവങ്ങളും സൗകര്യങ്ങളും മാത്രമുണ്ടായിരുന്ന അന്നത്തെ സമൂഹത്തില്‍ പെണ്‍കുട്ടി ഭാരമായി അവര്‍ കണ്ടിരുന്നു.
അവകാശങ്ങളും ബാധ്യതകളും പറയുന്നിടത്ത് ഇസ്ലാം സ്ത്രീയുടെ അവകാശങ്ങള്‍ക്ക് പരുഷന്റേതിന് സമാനമായ പ്രാധാന്യം നല്‍കുന്നുണ്ട്.
കുടുംബ ജീവിതത്തില്‍ ദമ്പതികളെ ഇണകള്‍ (സൗജ്), കൂട്ടുകാരി (സ്വാഹിബ) എന്നിങ്ങനെയാണ് ഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ഉന്നതവും ഉദാത്തവുമായ ഇത്തരമൊരു സമീപനം ലോകം ഉള്‍ക്കൊള്ളുന്നത് പിന്നെയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്. രണ്ടു പെണ്മക്കളെ സംസ്കാരത്തോടെ വളര്‍ത്തിയെടുക്കുന്ന പിതാവിന് സ്വര്‍ഗമുണ്ടെന്ന പ്രവാചക വാഗ്ദാനത്തിന്റെ പൊരുള്‍ എത്ര ചിന്തോദ്ദീപകമാണ് !
തുല്യ പരിഗണന ലഭിക്കാന്‍
ജന്മം പോലെത്തന്നെ ജീവിക്കാനും വളരാനും ഇസ്ലാമില്‍ പൂര്‍ണ അവകാശം നല്കപ്പെട്ട സ്ത്രീക്ക് തുല്യതയും ഉറപ്പാക്കപ്പെട്ടു. മാനവിക മേഖലകളിലെല്ലാം അവള്‍ക്ക് പുരുഷനോളം തന്നെ അവകാശങ്ങളുണ്ട്. ആണും പെണ്ണും ഒരേ അസ്തിത്വത്തിന്റെ ഭാഗമാണെന്നും ജീവിതാവശ്യങ്ങളില്‍ അവര്‍ക്കിടയില്‍ വിവേചനം കാണിക്കാന്‍ പാടില്ലെന്നും ഇസ്ലാം നിഷ്കര്‍ഷിച്ചു. ”ഹേ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു’‘(49:13). ശൈശവത്തില്‍ മുലയൂട്ടപ്പെടാനും ലാളിക്കപ്പെടാനുമെല്ലാം ഈ അവകാശം വിശാലമാണ്. ഒരിക്കല്‍ നബി(സ്വ)യുടെ ഒരു സഹചാരി തന്റെ അടുത്തു വന്ന കൊച്ചു മകനെ ഉമ്മവെച്ച് മടിയിലിരുത്തി. എന്നാല്‍ മകളെ അരികിലിരുത്തുക മാത്രം ചെയ്തു. ഇതു കണ്ട നബി(സ്വ) പ്രതികരിച്ചത് അത് അനീതിയാണെന്നായിരുന്നു.
ആണ്കുഞ്ഞു പിറന്നാല്‍ സന്തോഷത്താല്‍ മൃഗബലി നടത്തുകയും പെണ്‍കുട്ടികള്‍ക്ക് അത് നിഷേധിക്കുകയും ചെയ്ത സമൂഹത്തില്‍ നബി(സ്വ) അവര്‍ക്കുവേണ്ടിയും ജന്മസന്തോഷത്തില് നന്ദികാണിക്കാനുള്ള ബലി നിര്‍ദേശിച്ചു. മറ്റൊരിക്കല്‍ പ്രവാചകന്(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടായി. അവളെ അയാള്‍ കുഴിച്ചുമൂടിയില്ല. അപമാനിച്ചില്ല. ആണ്‍കുട്ടികള്‍ക്ക് അവളെക്കാള്‍ പ്രത്യേക പരിഗണന നല്‍കിയില്ല. എങ്കില്‍ അയാളെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്'(തുര്‍മുദി).
സ്ത്രീപുരഷ സമത്വവാദികള്‍ തിരിച്ചറിയാതെ പോയ ചില യാഥാര്‍ഥ്യങ്ങളുണ്ട്. ആത്മസത്ത ഒന്നാണെങ്കിലും സ്ത്രീക്കും പുരുഷനും ജീവശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ട്. അത് ജീവിതാവകാശങ്ങളിലും ചില വ്യത്യസ്തതകള്‍ ആവശ്യപ്പെടുന്നുണ്ട്. ഈ വിവേചനം വിവേകത്തിന്റെതാണ്. ഇതാണ് വേഷത്തിലും അനന്തരാവകാശത്തിലും സാമൂഹ്യ ഇടപാടുകളിലും മറ്റും അവള്‍ക്ക് ചില വ്യതിരിക്ത നിര്‍ദേശങ്ങള്‍ നല്കാന് കാരണം. ഇത് അവളുടെ അസ്തിത്വത്തെ കളങ്കപ്പെടുത്താനല്ല, മഹത്വപ്പെടുത്താനാണ് ഉപയോഗപ്പെടുന്നത്.
വിദ്യ നേടാനുള്ള അവകാശം
വിജ്ഞാനം വിശ്വാസിയുടെ വീണുപോയ സ്വത്താണെന്നാണ് ഇസ്ലാമികാധ്യാപനം. അബൂഹുറയ്റ(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതന്(സ്വ) പറഞ്ഞു: വിജ്ഞാനം വാക്ക് വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാല്‍ അതെവിടെ കണ്ടാലും അതിന്മേല് അവന് കൂടുതല്‍ അവകാശമുണ്ട് (തിര്‍മിദി). അത് അന്വേഷിക്കുക എന്നത് എല്ലാ മുസ്ലിമിന്റെയും ബാധ്യതയാണെന്ന് റസൂല്‍(സ്വ) ഉണര്‍ത്തി (സഹീഹുല്‍ജാമിഅ്, അല്‍ബാനീ 3914).
വിജ്ഞാനം നേടുന്നതില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല. മുസ്ലിം സ്ത്രീകള്‍ ഇക്കാര്യത്തില്‍ പുരുഷന്മാരോട് കിടപിടിക്കത്തക്കവിധം മുന്നേറിയിരുന്നു. ഇസ്ലാമിക വിജ്ഞാന രംഗത്ത്, പ്രത്യേകിച്ചും ഹദീസ് നിവേദനത്തില്‍ ആഇശ(റ)യുടെയും മറ്റും ശുഷ്കാന്തി അതിനു തെളിവാണ്. താബിഉകളുടെ പ്രധാന വിജ്ഞാന സ്രോതസ്സായിരുന്നു അവര്‍. സ്വഹാബാസ്ത്രീകള് നബി(സ്വ)യില്‍ നിന്ന് അറിവ് നേടിയെടുക്കാന്‍ മാത്സര്യം കാണിച്ചത് എടുത്തു പറയേണ്ടതാണ്. അബൂസഈദില്‍ ഖുദ്രി(റ) പറയുന്നു: സ്ത്രീകള്‍ ഒരിക്കല്‍ നബി(സ്വ)യോട് പറഞ്ഞു: താങ്കളില്‍ നിന്ന് വിജ്ഞാനം നേടുന്നതില്‍ പുരുഷന്മാര് ഞങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് താങ്കള്‍ ഞങ്ങള്‍ക്ക് വിജ്ഞാനം പകരാന്‍ പ്രത്യേകമായി ഒരു ദിവസം നിശ്ചയിച്ചുതന്നാലും. അപ്പോള്‍ നബി(സ്വ) അവര്‍ക്ക് ദിവസം നിശ്ചയിച്ചുകൊടുക്കുകയും അന്ന് അവരുടെ അടുക്കല്‍ ചെന്ന് ഉപദേശം നല്‍കുകയും ചെയ്തു (ബുഖാരി).
ഹെന്റി എട്ടാമന്റെ കാലത്ത് സ്ത്രീ ബൈബിള്‍ വായിക്കുന്നത് നിരോധിച്ചുകൊണ്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് നിയമം പാസ്സാക്കിയിരുന്നുവെന്നും ഹിന്ദു സമൂഹത്തില്‍ സ്ത്രീക്ക് വേദവിദ്യാ പഠനം പാടില്ലായിരുന്നുവെന്നും മനസ്സിലാക്കുമ്പോഴാണ് മതവിജ്ഞാന രംഗത്ത് മുസ്ലിം സ്ത്രീകളുടെ ഈ മുന്നേറ്റം നമ്മെ അത്ഭുതപ്പെടുത്തുന്നത്. ഇന്നും മതവിജ്ഞാന സദസ്സുകളിലുള്ള വര്‍ധിത സ്ത്രീസാന്നിധ്യം ഇസ്ലാമിക പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്.
വിജ്ഞാനം നേടുന്നതില്‍ ലജ്ജപാടില്ലെന്നും നബി(സ്വ) അവരെ പഠിപ്പിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേകമായുള്ള മതവിധി പോലും അവര്‍ റസൂലിനോട് ചോദിച്ചു പഠിച്ചു. അബ്ദുല്ലാഹിബ്നു ബുറൈദ(റ) പറയുന്നു: ഒരു യുവതി നബി(സ്വ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘എന്റെ പിതാവ് സ്വന്തം സഹോദര പുത്രനെക്കൊണ്ട്, എന്നിലൂടെ അദ്ദേഹത്തിന്റെ പോരായ്മ പരിഹരിക്കാനായി, എന്റെ അനുമതി കൂടാതെ, എന്നെ വിവാഹം ചെയ്തു കൊടുത്തിരിക്കുന്നു’ ഇതുകേട്ട പ്രവാചകന്(സ്വ) കാര്യം തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കു നല്കി. അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: എന്റെ പിതാവിന്റെ പ്രവൃത്തി ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഞാന്‍ ഇങ്ങനെ ചെയ്തത് ഇക്കാര്യത്തില്‍ പിതാക്കള്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്’ (ഇബ്നുമാജ)
മുഹമ്മദ് നബിയുടെ കുടുംബജീവിതം പൂര്‍ണമായും അനുഭവിച്ചറിഞ്ഞ പത്നിമാരടക്കമുള്ളവര് ആ അറിവുകള്‍ വരും തലമുറയ്ക്കായി പകര്‍ന്നു നല്കാന് കാണിച്ച ശ്രദ്ധയും അനിതരമാണ്. മതപരമായ അറിവുകള്‍ക്കു പുറമെ ജീവിതാവശ്യങ്ങള്‍ക്കുള്ള ഭൗതിക കാര്യങ്ങളിലും അവര്‍ അഭിജ്ഞരായിരുന്നു. അങ്ങനെ പ്രഥമശുശ്രൂഷ, ചികിത്സ, രോഗീപരിചരണം എന്നിവയിലെല്ലാം അവര്‍ വിജ്ഞരായി. അറിവു നേടുന്നതില്‍ നിന്ന് അവരുടെ രക്ഷിതാക്കള്‍ അവരെ തടഞ്ഞിരുന്നില്ല. കാരണം സ്ത്രീകള്‍ക്ക് അറിവു നല്‍കുക തന്റെ ബാധ്യതയാണെന്നും പടച്ചവന്റെ പ്രതിഫലം ലഭിക്കുമെന്നും അവര്‍ നബി(സ്വ)യില്‍ നിന്ന് പഠിച്ചിരുന്നു. ഒരാള്‍ക്ക് പുത്രിയുണ്ടാവുകയും എന്നിട്ട് അവളെ നന്നായി പഠിപ്പിക്കുകയും സംസ്കരിക്കുകയും ചെയ്തുവെങ്കില്‍ അതുമൂലം പരലോകത്ത് അയാള്‍ക്ക് സ്വര്‍ഗം ലഭിക്കുന്നതാണ് എന്നും നബി(സ്വ) ഉണര്‍ത്തി (ബുഖാരി).
അഭിപ്രായസ്വാതന്ത്ര്യം
വിദ്യ നേടാന്‍ സ്ത്രീകള്‍ക്ക് ഇസ്ലാം സ്വാതന്ത്ര്യം നല്കി. നേടിയെടുത്ത അറിവ് അവരെ ശക്തരാക്കി. അറിവ് അഭിപ്രായമായി പ്രകടിപ്പിക്കാനും ഇസ്ലാം അവള്‍ക്ക് അവകാശം നല്കി. സത്യം ആര്‍ക്കു മുമ്പിലും ആര്‍ജവത്തോടെ അവതരിപ്പിക്കാനുള്ള കരുത്ത് ഇതുമൂലം ലഭിച്ചു. നബി(സ്വ)ക്കു മുമ്പില്‍ പോലും അവരത് ഉപയോഗിച്ചു. അനസ്(റ) പറയുന്നു: ഒരിക്കല്‍ കുഞ്ഞുമായി വന്ന ഒരു അന്‍സാരി സ്ത്രീ നബി(സ്വ)യോട് പറഞ്ഞു: എനിക്ക് താങ്കളോട് ചില ആവശ്യങ്ങളെല്ലാം ഉണ്ട്. മദീനയിലെ ഏതു തെരുവില്‍ നിങ്ങളിരുന്നാലും ഞാന്‍ നിങ്ങളുടെ കൂടെയിരിക്കാമെന്നു പറഞ്ഞുകൊണ്ട്, നബി(സ്വ) അവരുടെ കൂടെ അവര്‍ പറഞ്ഞു തീരുന്നതു വരെ ഒഴിഞ്ഞ വഴിയോരത്തുകൂടി കുറേദൂരം മുന്നോട്ട് പോയി (മുസ്ലിം). ഹുദൈബിയ സന്ധിയുടെ നിര്‍ണായക ഘട്ടത്തില്‍ കൂടെയുള്ള ഭാര്യ ഉമ്മുസലമയോട് നബി(സ്വ) കാര്യങ്ങള്‍ കൂടിയാലോചിക്കുകയും അവര്‍ നിര്‍ദേശിച്ചതനുസരിച്ച് സ്വയം ഇഹ്റാമില്‍ നിന്ന് വിരമിക്കുകയുണ്ടായി.
ഇത്തരം മാതൃകകള്‍ മറ്റു സ്ത്രീകള്‍ക്കും പ്രചോദനമായി. സ്ത്രീകളുടെ വിവാഹമൂല്യം നിര്‍ണയിക്കാനുള്ള ഉമര്‍(റ)ന്റെ തീരുമാനത്തെ അതേ സദസ്സിലിരുന്ന് തുറന്നെതിര്‍ത്ത ഖൗല(റ) ചരിത്രത്തിലുണ്ട്. നബി(സ്വ)യില്‍ നിന്നുള്ള പാഠങ്ങള്‍ തെറ്റിദ്ധരിച്ച പല പ്രമുഖ സഹാബികളെയും ആഇശ(റ) പലപ്പോഴും തിരുത്തുന്നുണ്ട്. മതപരവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ പോലും അവര്‍ അഭിപ്രായങ്ങള്‍ പറയുകയും അവ പലപ്പോഴും അംഗീകരിക്കപ്പെടുകയും ചെയ്തു. ഉമര്‍(റ) പല കാര്യങ്ങളും ഹഫ്സ(റ)യോട് കൂടിയാലോചിക്കാറുണ്ടായിരുന്നു. ബൈതുല്‍ മാലിന്റെ കാര്യത്തിലും മറ്റും അദ്ദേഹത്തെ സഹായിക്കാന്‍ സ്ത്രീകളുമുണ്ടായിരുന്നു.
പില്കാലത്ത് മുസ്ലിം സമൂഹത്തിന്നു വന്നുചേര്‍ന്ന അപചയമാണ് വിജ്ഞാനത്തിന്റെ രാജപാതയില്‍ നിന്ന് സ്ത്രീകളെ അകറ്റി നിര്‍ത്താന്‍ കാരണമായത്. പുറം സമൂഹങ്ങളുമായി ഇടപഴകിയ മുസ്ലിംകള് ആ സമൂഹങ്ങളിലെ അന്ധവും അപക്വവുമായ വിശ്വാസ-കര്‍മ വഴികേടുകളെ സ്വയം വാരിപ്പുണരുകയായിരുന്നു. അതാണ്, സ്ത്രീ എഴുത്ത് പഠിക്കാന്‍ പാടില്ലെന്നും മതവിജ്ഞാനമല്ലാത്ത വിവരങ്ങള്‍ അവളെ വഴിപിഴപ്പിക്കുമെന്നും അതിനാല്‍ അത് അവള്‍ക്ക് നിഷിദ്ധമാണെന്നുമെല്ലാമുള്ള യാഥാസ്ഥിതികതയിലേക്ക് അവരെ എത്തിച്ചത്. കേരളത്തില്‍ പോലും ഈ അടുത്ത കാലം വരെ മുസ്ലിംകളില് ഇത് നിലനിന്നിരുന്നു. സമൂഹത്തിന്റെ അര്ധപാതിയെ അറിവിന്റെ ലോകത്തു നിന്ന് മാറ്റി നിര്‍ത്തുക വഴി സാമൂഹിക വളര്‍ച്ച മുരടിച്ചു. പുതു തലമുറയ്ക്ക് പ്രഥമ പള്ളിക്കൂടമാകേണ്ടവള് ചില രാക്കഥകള്‍ മാത്രം ഓതിപ്പഠിച്ചപ്പോള്‍ ഭാവി തലമുറയും നശിക്കുകയായിരുന്നു.
നിരന്തരമായ നവോത്ഥാന ശ്രമങ്ങള്‍ ഇതിന്ന് ഒട്ടൊക്കെ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ കാല മുസ്ലിം സ്ത്രീകളിലെ അരുതായ്മകള്‍ക്ക് കാരണം അവര്‍ ഭൗതികവിദ്യാഭ്യാസം നേടിയതാണെന്ന പ്രസ്താവങ്ങള്‍ ഇന്നും വന്നുകൊണ്ടിരിക്കുന്നു. സ്ത്രീയെ സ്ത്രീ മാത്രമേ പഠിപ്പിക്കാവൂ എന്നും സ്ത്രീ സ്ത്രീയെ മാത്രമേ പഠിപ്പിക്കാവൂ എന്നെല്ലാമുള്ള ചില അബദ്ധധാരണകള്‍ ഇന്നും ചിലര്‍ പ്രചരിപ്പിക്കുന്നു! അത് ഇസ്ലാമിന്റെ നയമല്ല; പ്രവാചകാധ്യാപനവുമല്ല.
ആദരിക്കപ്പെടാന് അര്‍ഹത
പരസഹസ്രം പ്രവാചകന്മാരുടെയും സദ്വൃത്തരായ പുരുഷന്മാരുടെയുമെല്ലാം സാന്നിധ്യത്തിലും ഉത്തമ മുസ്ലിമിന്റെ മാതൃകയായി അല്ലാഹു സമര്‍പ്പിക്കുന്നത് ആസ്യ, മര്‍യം എന്നീ രണ്ടു സ്ത്രീകളെയാണ്. ഇസ്ലാം സ്ത്രീയുടെ അസ്തിത്വം അംഗീകരിക്കുക മാത്രമല്ല അവളെ ആദരിക്കുക കൂടിചെയ്യുന്നതിന്റെ മകുടോദാഹരണമാണിത്. വിശുദ്ധ ഖുര്‍ആനിലെ നാലാം അധ്യായം സ്ത്രീകള്‍ എന്ന പേരിലാണ്. അതില്‍ അവളുടെ അവകാശങ്ങളും മറ്റും വ്യക്തമാക്കുന്ന ധാരാളം വചനങ്ങളുണ്ട്. ഇതും സ്ത്രീക്കുള്ള അംഗീകാരമാണ്. ജനനം മുതല്‍ മാതൃത്വം വരെയുള്ള ജീവിതാവസ്ഥകളില്‍ പുരുഷനു തുല്യമോ അതിനേക്കാള്‍ ശ്രേഷ്ഠമോ ആയ പരിഗണനയും ആദരവുമാണ് ഇസ്ലാം അവള്‍ക്ക് നല്‍കുന്നത്. സഹവാസാവകാശങ്ങളില് ഉമ്മയോടൊപ്പമെത്താന് ഉപ്പക്കാവില്ല തന്നെ. അവളെക്കുറിച്ചുള്ള പല പ്രശ്നങ്ങള്‍ക്കും ഉത്തരവുമായി പലപ്പോഴായി ജിബ്രീല്‍ മലക്ക് വന്നു. ദിഹാര്‍, ലിആന്‍, ആര്‍ത്തവം, മഹ്ര്, അനന്തരാവകാശം എല്ലാം ഇതില്‍പെടുന്നു. സൂറതുല്‍ മുജാദില, റസൂലുമായുള്ള ഒരു സ്ത്രീയുടെ സംവാദം അല്ലാഹു കേട്ട് ഉത്തരം നല്കിയ അത്ഭുതമാണ്. പുരുഷനടങ്ങുന്ന മൊത്തം ഇഹലോകവിഭവങ്ങളില്‍ ഉത്തമമായത് സത്യസന്ധയായ സ്ത്രീയാകുന്നുവെന്നാണ് റസൂല്‍(സ്വ) അവള്‍ക്കു നല്കുന്ന അംഗീകാരം(മുസ്ലിം).
അരികുവത്കരിക്കപ്പെട്ടേക്കാവുന്ന ചെറുപ്പത്തില്‍ അവളെ പരിഗണിക്കാന്‍ നബി(സ്വ) പ്രത്യേകം ഉണര്‍ത്തി. ‘ഒരുവന് പെണ്മക്കളുടെ ജനനത്തോടെ പരീക്ഷിക്കപ്പെടുകയും എന്നിട്ടവന്‍ അവരോട് നന്നായി വര്‍ത്തിക്കുകയും ചെയ്താല്‍ അവര്‍ അവന്ന് നരകത്തീയില്‍ നിന്നുള്ള മറയായിത്തീരുന്നു’ (ബുഖാരി). ഒരാള്‍ രണ്ടുപെണ്‍കുട്ടികളെ സ്വയംപര്യാപ്തരാകുന്നതു വരെ ഭക്ഷണവും ശിക്ഷണവും നല്കി നന്നായി വളര്‍ത്തിയാല്‍ പരലോകത്ത് ഞാനും അവനും ചൂണ്ടുവിരലും നടുവിരലും പോലെ അടുത്തായിരിക്കുമെന്നും അദ്ദേഹം സന്തോഷവാര്‍ത്ത നല്കി. അവഗണിക്കപ്പെട്ടേക്കാവുന്ന ഭാര്യാപദത്തിലും അവള്‍ക്ക് ആ വീട്ടിലെ രാജ്ഞി പദവി നല്കി. ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട പളുങ്കാണവളെന്നും പ്രകൃതത്തിലെ വളവ് നേരെയാക്കാനല്ല, നേര്ക്കുപയോഗിക്കാനാണ് ശ്രമിക്കേണ്ടതെന്നും പുരഷനെ തിരുത്തുകയാണ് ഇസ്ലാം. അവ അവഗണിക്കാന്‍ ഖുര്‍ആന്‍ ഉപദേശിച്ചു. ”അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുണ്ട്. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക), നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം”(4: 19). വീട്ടു ജോലികളിലും മറ്റും ഇണകളെ സഹായിച്ചു കാണിച്ച നബി(സ്വ) സ്ത്രീ സമൂഹത്തെ ആദരിക്കുന്നവനാണ് ഉത്തമരെന്ന് തന്റെ വിടവാങ്ങല്‍ ഹജ്ജിലെ ചരിത്ര പ്രസിദ്ധ പ്രഭാഷണത്തിലും ഉണര്‍ത്തി.
‘മാന്യന് മാത്രമേ സ്ത്രീകളോട് മാന്യമായി പെരുമാറൂ’ എന്ന് റസൂല്‍(സ്വ) പഠിപ്പിച്ചു. അനുസരണക്കേടിനുള്ള ശിക്ഷണമെന്ന നിലയില്‍ കിടക്കയില്‍ നിന്ന് വിട്ടുനില്ക്കുമ്പോള് അത് പുറത്താകരുതെന്നും അടിക്കേണ്ടി വന്നാല്‍ മുഖത്താകാനോ മുറിവാകാനോ പാടില്ലെന്നും നിഷ്കര്‍ഷിച്ചു. രാത്രി കൂടിക്കഴിഞ്ഞ് പകല്‍ മര്‍ദിക്കുന്നതിന്റെ അനൗചിത്യമുണര്ത്തി, സ്ത്രീകളെ അടിക്കുന്നവര്‍ നല്ലവരല്ലെന്ന് പറഞ്ഞു. ഭാര്യ എന്ന നിലയില്‍ അവളുമായുണ്ടാക്കുന്ന കരാറുകള്‍ക്ക് വളരെയധികം മൂല്യമുണ്ടെന്നും റസൂല്‍ പഠിപ്പിച്ചു. ഉഖ്ബ(റ) പറയുന്നു: നബി(സ്വ) അരുളി: വിവാഹം ചെയ്യാന്‍ വേണ്ടി നിങ്ങള്‍ നല്കുന്ന വ്യവസ്ഥകളാണ് കരാറുകളില്‍ വെച്ച് നിറവേറ്റുവാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ളത് (ബുഖാരി).
സ്ത്രീത്വം പരിഗണിക്കപ്പെടുന്നു
ആര്‍ത്തവം അറപ്പോടെ കാണുന്നവരും അത് ആഘോഷമാക്കുന്നവരുമായി മതക്കാരും സ്ത്രീവിമോചകരും ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സമകാലിക കേരളത്തിലെ അവസ്ഥ(2018-2019). ഇക്കാര്യത്തിലും ഇസ്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പേ വഴി നിര്‍ദേശിച്ചിട്ടുണ്ട്. സ്ത്രൈണതയുടെ അടയാളങ്ങള്‍ അപമാനമല്ലെന്നും ജൈവികമായ പ്രത്യേകതള്‍ വെറുക്കപ്പെടേണ്ടതല്ലെന്നും അത് പഠിപ്പിച്ചു. അത് സ്ത്രീത്വത്തിന്റെ ദൗര്‍ബല്യമായി കാണുകയോ അവള് അകറ്റപ്പെടുകയോ ചെയ്യേണ്ടതില്ല. അക്കാലത്ത് അവളെ തൊടാനോ അവള് തൊട്ടത് ഉപയോഗിക്കാനോ പാടില്ലെന്ന അബദ്ധധാരണകള്‍ക്കു പകരം ഈ ശാരീരിക മാറ്റം ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കങ്ങളെ കൂടി പരിഗണിച്ച് ആരാധനകളില്‍ ഇളവനുവദിക്കുകയാണ് ഇസ്ലാം ചെയ്തത്. ശാരീരിക ബന്ധം മാത്രം നിഷിദ്ധമാക്കി.
അനസ്(റ) പറയുന്നു: യഹൂദ സ്ത്രീ ഋതുമതിയായിരിക്കുമ്പോള്‍, അവര്‍ അവളുടെ കൂടെ ഭക്ഷിക്കുകയോ ഒരേ മുറിയില്‍ അവളോടൊത്ത് ഇരിക്കുകയോ ചെയ്യുന്നില്ല. സഹചാരികള്‍ പ്രവാചകനോട് അതു സംബന്ധിച്ച് സംശയം ചോദിച്ചപ്പോള്‍ ആര്ത്തവവേളയില് ലൈംഗികബന്ധം പാടില്ല എന്ന് അല്ലാഹു ദിവ്യബോധനം നല്‍കുകയും ചെയ്തു(2:222). അല്ലാഹുവിന്റെ ദൂതന്(സ്വ) പറഞ്ഞു. സംഭോഗമൊഴിച്ച് മറ്റെല്ലാ കാര്യവും ചെയ്യുക (മുസ്ലിം). ഇത് പക്ഷേ പുരുഷനെ വൈകാരികമായി പ്രകോപിതനാക്കിയേക്കും. അപ്പോഴും ഇസ്ലാം അവള്‍ക്കൊപ്പം നിന്നു. ആര്‍ത്തവ കാലത്ത് വിവാഹമോചനം നടത്തരുതെന്ന് ഇസ്ലാം വിലക്കി. എന്തൊരു കാരുണ്യവും കരുതലുമാണിത്!
സമ്പന്നയാണെങ്കിലും ഭാര്യയുടെയും, പക്വതയും പ്രായപൂര്‍ത്തിയുമാകാത്ത മക്കളുടെയും ജീവിതച്ചെലവുകളെല്ലാം നിര്‍വഹിച്ചു നല്‍കേണ്ടത് ദരിദ്രനാണെങ്കില്‍ പോലും ഭര്‍ത്താവിന്റെ ബാധ്യതയാണ്. മഹ്റില്‍ തുടങ്ങുന്ന ഈ ബാധ്യത മരണാനന്തര സ്വത്തില്‍ വരെ നീണ്ടു നില്‍ക്കുന്നുണ്ട്. തനിക്കില്ലെങ്കിലും തന്റെ ഇണയ്ക്കു കൊടുക്കേണ്ടത് അയാളുടെ ബാധ്യതയാണ്. വീഴ്ചവരുത്തിയാല്‍ ശിക്ഷിക്കപ്പെടുകയും നിര്‍വഹിച്ചാല്‍ പുണ്യം ലഭിക്കുകയും ചെയ്യുന്ന നന്മയുമാണത്. ലൈംഗിതകയും ഗര്‍ഭവും പ്രസവവും ബാധ്യതയാക്കിയ ഇസ്ലാം അതില്‍ അവളുടെ അവകാശങ്ങളും ഉറപ്പിച്ചു. അക്കാലത്ത് മാന്യമായ ഭക്ഷണവും വസ്ത്രവും നല്ല പെരുമാറ്റങ്ങളുമടക്കം സാമ്പത്തികവും ശാരീരികവും മാനസികവുമായ സഹകരണം ഭര്‍ത്താവിന്റെ കടമയാണ്.
ആരാധനാ സ്വാതന്ത്ര്യം
മറ്റു ചില മതങ്ങളിലെപ്പോലെ ദൈവത്തിന് ഇഷ്ടമില്ലാത്തവളോ പുരുഷനെ ദൈവത്തില്‍ നിന്ന് അകറ്റാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട മനുഷ്യപ്പിശാചോ ആയി ഇസ്ലാം സ്ത്രീയെ കാണുന്നില്ല. തന്നെ ആദരിച്ച ദൈവത്തെ ആരാധിക്കാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ”ആണാകട്ടെ പെണ്ണാകട്ടെ സത്യവിശ്വാസിയായിക്കൊണ്ട് ആര് സത്പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടു ന്നതല്ല”(4:124). അബൂഹുറയ്റ(റ) പറയുന്നു: റസൂല്‍(സ്വ) അരുള്‍ ചെയ്തു: മുഫര്‍രിദൂന്‍ മുന്‍കടന്നുകഴിഞ്ഞു. പ്രവാചകരേ, മുഫര്‍രിദൂന്‍ ആരാണ് എന്നു സ്വഹാബികള്‍ ആരാഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളുമാണവര്‍ (മുസ്ലിം).
പുരുഷന് മാത്രം ചെയ്യേണ്ടതോ സ്ത്രീക്ക് പാടില്ലാത്തതോ ആയ ഒരു ആരാധനയും ഇസ്ലാമില്‍ ഇല്ല. പുരുഷന്ന് നിര്‍ബന്ധമായവ സ്ത്രീക്കും നിര്‍ബന്ധമാണ്. നിര്‍വഹിക്കാതിരുന്നാല്‍ ദൈവിക വിചാരണ ആണും പെണ്ണും നേരിടേണ്ടി വരും. അതിനാല്‍ തന്നെ സ്ത്രീയുടെ ആരാധനാ സ്വാതന്ത്ര്യം തടയാന്‍ പുരുഷന്ന് അധികാരമില്ല.
അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിലും പുരുഷന്മാരെ പ്പോലെ എല്ലാ ആരാധനകളിലും പങ്കെടുക്കാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. വിശ്വാസി ലോകത്തിന് മാതൃകയായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ഈസാ നബി(അ)യുടെ മാതാവ് മര്‍യം കുഞ്ഞുന്നാള് മുതല്‍ പള്ളിയില്‍ ആരാധനകളും പരിപാലനവുമായി വളര്‍ന്നു വന്നവരായിരുന്നു എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മുഹമ്മദ് നബി(സ്വ) പറഞ്ഞു. നിങ്ങളില്‍ ഒരാളുടെ ഭാര്യ പള്ളിയില്‍ പോകാന്‍ അനുവാദം ചോദിച്ചാല്‍ നിങ്ങള്‍ അവരെ തടയരുത് (ബുഖാരി 5238, മുസ്ലിം 1018). ആഇശ(റ) പറയുന്നു: നബി(സ്വ) സുബ്ഹി നമസ്കാരം നിര്‍വഹിക്കുമ്പോള്‍ സത്യവിശ്വാസികളായ സ്ത്രീകളും വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പള്ളിയില്‍ ഹാജറാവാറുണ്ടായിരുന്നു. (നമസ്കാരം കഴിഞ്ഞ്) സ്വഗൃഹങ്ങളിലേക്ക് അവര്‍ തിരിച്ചുപോകുമ്പോള്‍ ആര്‍ക്കും അവരെ (ഇരുട്ടുകാരണം) മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല (ബുഖാരി 865).
ഇത് ആദ്യകാലത്തേക്കു മാത്രമുള്ള അനുവാദമായിരുന്നില്ല. റസൂലിന്റെ മരണശേഷം പോലും അദ്ദേഹത്തിന്റെ ഭാര്യമാരടക്കം പള്ളിയില്‍ പോവുകയും ദിവസങ്ങള്‍ നീളുന്ന ഇഅ്തികാഫ് നിര്‍വഹിക്കുകയും ചെയ്തിരുന്നു (ബുഖാരി 2026, മുസ്ലിം 2841). ഉമര്‍(റ)വിന് സുബ്ഹ് നമസ്കാരത്തിനിടയില്‍ കുത്തേറ്റപ്പോള്‍ ഭാര്യ പള്ളിയിലുണ്ടായിരുന്നു. നബി(സ്വ) നിര്‍മിച്ച മദീന പള്ളിയിലും പ്രഥമ പള്ളിയായ മസ്ജിദുല്‍ ഹറമിലുമെല്ലാം ഈ സ്വാതന്ത്ര്യം ഇടതടവില്ലാതെ തുടര്‍ന്നു പോന്നിട്ടുണ്ട്. എല്ലാ മതത്തിലും പുരോഹിതന്മാര് കൈകടത്തലുകള്‍ നടത്തിയ പോലെ ഇസ്ലാമില്‍ രൂപപ്പെട്ട പൗരോഹിത്യം അവള്‍ക്ക് പള്ളി വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് ഇസ്ലാമിക പ്രമാണങ്ങളുടെ പിന്തുണയില്ല.
സ്ത്രീയുടെ സ്വതന്ത്രമായ ആരാധനയ്ക്ക് സൗകര്യമൊരുക്കാന്‍ ചില നിയന്ത്രണങ്ങള്‍ സ്ത്രീപുരുഷന്മാര്ക്ക് നബി(സ്വ) ഏര്‍പ്പെടുത്തി. സ്ത്രീകള്‍ നമസ്കാര സ്ഥലത്തു നിന്നും പിരിഞ്ഞു പോയ ശേഷമേ പുരുഷന്മാര് നമസ്കാരസ്ഥലത്തു നിന്ന് എഴുന്നേറ്റ് പോകാവൂ എന്നും നബി(സ്വ) നിര്‍ദേശിക്കുകയുണ്ടായി.
പെരുന്നാള്‍ ദിവസങ്ങളിലെ ഈദുഗാഹുകളില്‍ ഇസ്ലാം അവള്‍ക്ക് പ്രവേശനം നല്‍കുന്നത് ചിന്തനീയമാണ്. ഉമ്മുഅത്ത്വിയ്യ(റ) പറയുന്നു: പുറത്തു പോകാതെ വീട്ടിനകത്തിരിക്കുന്ന സ്ത്രീകളെയും ആര്‍ത്തവകാരികളെയും പെരുന്നാള്‍ മൈതാനത്തേക്ക് കൊണ്ടുവരാന്‍ നബി(സ്വ) ഞങ്ങളോട് കല്പിച്ചിരുന്നു. അവര്‍ മുസ്ലിംകളുടെ ജമാഅത്തിലും പ്രാര്‍ഥനയിലും പങ്കെടുക്കും. ഋതുമതികള്‍ നമസ്കാരസ്ഥലത്ത് നിന്ന് അകന്നു നില്ക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ! ഞങ്ങളില്‍ ഒരുവള്‍ക്ക് വസ്ത്രമില്ലെങ്കിലോ? അവിടുന്നു പറഞ്ഞു: അവളുടെ സഹോദരി തന്റെ വസ്ത്രത്തില്‍ നിന്ന് അവളെ ധരിപ്പിക്കട്ടെ (ബുഖാരി).
