തൗബ
തൗബ എന്ന പദത്തിന് മടക്കം എന്നാണര്‍ഥം. തിന്‍മകളുടെ വഴിയില്‍ നീങ്ങിപ്പോയ മനുഷ്യന്‍ തനിക്കു പറ്റിയ തെറ്റുകള്‍ തിരിച്ചറിഞ്ഞ് ഖേദിച്ചു മടങ്ങുക എന്നതാണ് ആശയം. തെറ്റുകള്‍ രണ്ടു തരമുണ്ട്. ഒന്ന്: വ്യക്തികളോട് ചെയ്ത തെറ്റുകള്‍. അവ അവരോടു തന്നെ ഏറ്റു പറഞ്ഞ് മാപ്പു ചോദിക്കുകയാണു വേണ്ടത്. അതോട് കൂടെ അല്ലാഹുവിനോട് പാപമോചനം തേടുക (ഇസ്തിഅ്ഫാര്‍)യും വേണം. രണ്ട്: അല്ലാഹുവോട് ചെയ്ത തെറ്റുകള്‍. അതിന് അല്ലാഹുവോട് ആത്മാര്‍ഥമായി തൗബ ചെയ്യുക തന്നെയാണു വേണ്ടത്.
പാപങ്ങളില്‍ മുഴുകിപ്പോയ മനുഷ്യര്‍ക്കു പോലും ആത്മാര്‍ഥമായി ഖേദിച്ചാല്‍ എല്ലാം പൊറുത്തു കൊടുക്കുക എന്നുള്ളത് അല്ലാഹുവിന്റെ കാരുണ്യമായി വിശുദ്ധ ഖുര്‍ആനില്‍ വിവരിക്കപ്പെട്ടിരിക്കുന്നു. ”പറയുക. സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചു പോയ എന്റെ ദാസന്‍മാരെ, അല്ലാഹുവിന്റെ കാരുണ്യത്തെ പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നവനാണ്. അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും’‘ (39:53).
തൗബ എന്നത് ഒരു ചടങ്ങല്ല. കുമ്പസാരമല്ല. കാര്‍മികനില്ല. പ്രത്യേകം സ്ഥലം ആവശ്യമില്ല. ആത്മാര്‍ഥമായി അല്ലാഹുവോട് തെറ്റുകള്‍ ഏറ്റു പറയുക. മോചനം തേടുക. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക. ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന തൗബ. നേര്‍ക്കുനേരെ അല്ലാഹുവിലേക്കു മടങ്ങുക. ഹൃദയത്തിന്റെ ഭാഷയില്‍ അല്ലാഹുവോട് സംസാരിക്കുക. ഇതാണ് തൗബ.
ഇസ്തിഗ്ഫാറും തൗബയും
ഇസ്തഗ്ഫറ എന്ന അറബി ക്രിയാപദത്തിന്റെ ക്രിയാനാമമാണ് ഇസ്തിഗ്ഫാര്‍. പാപമോചനാര്‍ഥന എന്നതാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. ഗാഫിര്‍ (പൊറുക്കുന്നവന്‍), ഗഫൂര്‍ (ഏറെ പൊറുക്കുന്നവന്‍), (ഗഫ്ഫാര്‍ വളരെയേറെ പൊറുക്കുന്നവന്‍) എന്നിവയെല്ലാം അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളില്‍പെട്ടതാണ്.
തൗബ (പശ്ചാത്താപം)യും ഇസ്തിഗ്ഫാറും (പാപമോചനാര്‍ഥന) പരസ്പര പൂരകമായ കാര്യങ്ങളാണ്. സംഭവിച്ചുകഴിഞ്ഞ പാപങ്ങളുടെ ദോഷം നീക്കിത്തരണമെന്ന അര്‍ഥനയാണ് ഇസ്തിഗ്ഫാര്‍. എന്നാല്‍ ധിക്കാരത്തിന്റെയും നിഷേധത്തിന്റെയും വഴികളില്‍ അകപ്പെട്ട അടിമയുടെ അല്ലാഹുവിങ്കലേക്കുള്ള തിരിച്ചുപോക്കാണ് തൗബ. പശ്ചാത്താപത്തില്‍ പാപമോചനാര്‍ഥന അന്തര്‍ലീനമായിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ധാരാളം സൂക്തങ്ങളില്‍ അല്ലാഹു പശ്ചാത്താപത്തെയും പാപമോചനാര്‍ഥനയെയും ചേര്‍ത്തുപറഞ്ഞത്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനാര്‍ഥന നടത്തുകയും പിന്നീട് അവങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക (11:3).
അല്ലാഹുവിനോട് ഒരു അടിമ നിര്‍വഹിക്കേണ്ട ബാധ്യതാനിര്‍വഹണത്തില്‍ വീഴ്ചകള്‍ വന്നു പോകാന്‍ സാധ്യതയുണ്ട്. അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാന്‍ ദുര്‍ബലനായ മനുഷ്യന്‍ അശക്തനുമാണ്. അവകൂടാതെ പൈശാചിക ദുഷ്‌പ്രേരണക്ക് വശംവദനായി തിന്മ ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. ജ്ഞാനങ്ങള്‍ കൊണ്ടെല്ലാം പാപമോചനം വിശ്വാസിയുടെ നിര്‍ബന്ധബാധ്യതയായി മാറുന്നു. അതുകൊണ്ടു തന്നെയാണ് പാപസുരക്ഷിതനായ നബി(സ്വ) പാപമോചന പ്രാര്‍ഥന പതിവാക്കി കൊണ്ട് നമുക്ക് മാതൃക കാണിച്ച് തന്നത്.
പാപമോചനത്തിന്റെ ഗുണപാഠങ്ങള്‍
വാഗ്‌വിചാര കര്‍മങ്ങളില്‍ സംഭവിച്ചു പോകുന്ന പിഴവുകള്‍ക്ക് നിഷ്‌കളങ്ക മനസ്സോടെ വിശ്വാസി പാപമോചനത്തിനായി അല്ലാഹുവിനോട് കേഴുമ്പോള്‍ ജീവിതവിശുദ്ധിയുടെ വഴിയിലേക്ക് അവര്‍ തിരിച്ച് നടക്കുകയാണ്. വീഴ്ചകള്‍ മാപ്പാക്കപ്പെട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കണമെന്നും അല്ലാഹു തൃപ്തിപ്പെട്ട നിലയില്‍ അവനെ കണ്ടുമുട്ടണമെന്നുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പാപമോചനം തേടുക എന്നത് സത്യവിശ്വാസികളുടെ സവിശേഷ ഗുണമായിട്ട് ഖുര്‍ആനില്‍ (3:15-18) വ്യക്കമാക്കിയത് സ്വര്‍ഗപ്രവേശനത്തിനുള്ള യോഗ്യത എന്ന നിലക്കും കൂടിയാണ്. സത്യവിശ്വാസികള്‍ സ്വര്‍ഗത്തിനു വേണ്ടി കൊതിക്കുന്നതുപോലെയോ അതിനേക്കാള്‍ കൂടുതലായോ പാപമോചനത്തിന് വേണ്ടിയും ആഗ്രഹിക്കുകയും അധ്വാനിക്കുകയും വേണമെന്ന് അല്ലാഹു ഉണര്‍ത്തുന്നു. ”നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ ധൃതിപ്പെടുക” (3:133). പാപമോചനം പതിവാക്കുന്നതിലൂടെ വിശ്വാസി ആഗ്രഹിക്കേണ്ടതും അവന് സഫലമാവുന്നതും സ്വര്‍ഗമാണെന് ചുരുക്കം.
ഐഹികവും പാരത്രികവുമായ ജീവിതത്തില്‍ പാപമോചനം തേടുന്നത് പതിവാക്കുന്നതിലൂടെ ധാരാളം നേട്ടങ്ങളും നന്മകളും ലഭിക്കുമെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്: വല്ലവനും പതിവായി പാപമോചനമര്‍ഥിച്ചാല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന് രക്ഷ നല്‍കുന്നതും എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം നല്‍കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്‍കുന്നതുമാണ് (സുനനു അബീദാവൂദ് 1518). വിഭവങ്ങളിലും സന്താനങ്ങളിലും വര്‍ധനവുണ്ടാക്കുവാനും ദുരിതങ്ങള്‍ക്കറുതി വരുത്താനുമുള്ള ഉപാധിയായിട്ടാണ് പാപമോചനാര്‍ഥന ചെയ്യാന്‍ പ്രവാചകന്മാര്‍ ജനതകളോട് ഉത്‌ബോധിപ്പിച്ചിരുന്നത്. നൂഹ് നബിയെ ഉദ്ധരിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു. ‘‘ഞാന്‍ അവരോട് പറഞ്ഞു, നിങ്ങളുടെ റബ്ബിനോട് മാപ്പിരക്കുവിന്‍, നിസ്സംശയം അവന്‍ വളരെ മാപ്പരുളുന്നവനാകുന്നു. നിങ്ങള്‍ക്കവന്‍ ധാരാളം മഴ പെയ്യിച്ചുതരും. സമ്പത്തും സന്തതികളും പ്രദാനം ചെയ്യും. തോട്ടങ്ങളുണ്ടാക്കിത്തരും. നദികളൊഴുക്കിത്തരും (71:10-12). ആദ് സമൂഹത്തോടുള്ള ഹൂദ് നബിയുടെ കല്പനയിലും പാപമോചനത്തിന്റെ ഗുണഫലങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. എന്റെ ജനങ്ങളേ, നിങ്ങളുടെ റബ്ബിനോട് മാപ്പ് തേടുവിന്‍. അവന്‍ നിങ്ങള്‍ക്കുമീതെ ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നിടും. നിങ്ങളുടെ നിലവിലുള്ള ശക്തിയുടെ മേല്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും തന്നെ ചെയ്യും. കുറ്റവാളികളുമായി പിന്തിരിയാതിരിക്കുവിന്‍ (11:52)
ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ജീവനുള്‍പ്പെടെ വിലപ്പെട്ടതെല്ലാം സമര്‍പ്പിച്ചിട്ടും സ്വന്തം തെറ്റുകളെ കുറിച്ച് വ്യാകുലപ്പെടുന്ന വിശ്വാസികളുടെ മനസ്സിന് ധൈര്യവും സ്ഥൈര്യവും പ്രദാനം ചെയ്യണേ എന്ന തേട്ടം മാത്രമാണുണ്ടായിരുന്നത്. അല്ലാഹു പറയുന്നു. അവരുടെ പ്രാര്‍ഥന ഇതു മാത്രമായിരുന്നു. നാഥാ ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുത്തുതരേണമേ, നിന്റെ പരിധികള്‍ കവച്ചു കടന്നുകൊണ്ടുള്ള ഞങ്ങളുടെ കര്‍മങ്ങളെ മാപ്പാക്കേണമേ, ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു നിറുത്തേണമേ (3:147). വിശുദ്ധഖുര്‍ആന്‍ വിഭാവന ചെയ്ത ആത്മീയൗന്നത്യത്തിന്റെയും വിശുദ്ധിയുടെയും ഉന്നതവിതാനത്തിലേക്കുയര്‍ന്നു നില്ക്കാന്‍ ഉത്തമ നൂറ്റാണ്ടിലെ സച്ചരിതര്‍ക്കും അവരുടെ നേതാവായ നബി(സ്വ)ക്കും സാധിച്ചത് നിശാന്ത്യവേളകളിലെ പാപമോചന പ്രാര്‍ഥനയുടെയും ആരാധനനിരതമായ ജീവിതത്തിന്റെയും ഉള്‍ക്കരുത്തു കൊണ്ടാണ്. കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെട്ട, സൃഷ്ടികളില്‍ ഉത്തമനും പാപസുരക്ഷിതനുമായ നബി(സ്വ) രാത്രിയുടെ അന്ത്യയാമങ്ങളില്‍ കാലുകളില്‍ നീരുകെട്ടുമാറ് ദീര്‍ഘമായി നിന്ന് നമസ്‌കരിക്കുന്നത് പ്രിയപത്‌നി ആഇശ(റ) കണ്ടു. അവര്‍ അതിനെകുറിച്ച് തിരുദൂതരോട് ചോദിച്ചപ്പോള്‍ നബി(സ്വ) പ്രതികരിച്ചത് ”ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടതില്ലേ” പശ്ചാത്താപവും പാപമോചനവും പതിവാക്കുന്നതിലൂടെ വിനീത ദാസനായ അടിമ അല്ലാഹുവിങ്കലേക്ക് കൂടുതല്‍ അടുക്കുകയും നന്ദിബോധത്തോടെ ജീവിക്കാന്‍ പരിശീലിപ്പിക്കപ്പെടുകയുമാണ് ചെയ്യുന്നത്.
പശ്ചാത്താപത്തിന്റെ രൂപം
പശ്ചാത്താപത്തിനുള്ള വിശ്വാസിയുടെ ഏറ്റവും വലിയ പ്രേരകം പാപത്തെക്കുറിച്ചുള്ള തിരിച്ചറിവാണ്. അതുവഴി പാപം ചെയ്തവന് തന്റെ സ്വച്ഛ പ്രകൃതിയിലേക്ക് തിരിച്ചു നടക്കാന്‍ കഴിയുന്നു. പരമകാരുണികന്റെ ഔദാര്യത്തിലും പ്രതാപത്തിലും പ്രതീക്ഷയര്‍പ്പിച്ച് ശിഷ്ട ജീവിതത്തില്‍ തഖ്‌വ (ധര്‍മബോധം) നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. അജ്ഞതയില്‍നിന്ന് മോചനം നേടുമ്പോഴോ ഉദ്‌ബോധനങ്ങള്‍ മനസ്സിനെ സ്വാധീനിക്കുമ്പോഴോ ആണ് പാപത്തെക്കുറിച്ച് തിരിച്ചറിവുണ്ടാകുന്നത്. ചെയ്തുപോയ തെറ്റ് ബോധ്യപ്പെട്ടശേഷം ആത്മാര്‍ഥ മനസ്സോടെ അതില്‍നിന്ന് മോചനത്തിനായി പ്രാര്‍ഥിക്കുകയും തെറ്റ് ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ലെന്ന് ശപഥം എടുക്കുകയും ചെയ്യുന്നതിലൂടെ വിശ്വാസിയുടെ മനസ്സ് വിമലീകരിക്കപ്പെടുന്നു. സത്കര്‍മങ്ങളില്‍ നിരതനാവാനുള്ള ദൃഢപ്രതിജ്ഞയുമായി മുന്നോട്ട് പോയാല്‍ പാപങ്ങള്‍ അല്ലാഹു പൊറുത്തു തരികയും പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസി പ്രതീക്ഷിക്കേണ്ടത്. കളങ്കമുക്തമായ പശ്ചാത്താപം (തൗബ നസ്വൂഹ) ഇവ്വിധമായിരിക്കണമെന്നാണ് അല്ലാഹു വിശ്വാസികളില്‍ നിന്ന് ആവശ്യപ്പെടുന്നത്. അല്ലാഹു പറയുന്നു. വിശ്വസിച്ചവരേ, അല്ലാഹുവിനോട് പശ്ചാത്തപിക്കുവിന്‍. നിഷ്‌കളങ്കമായ പശ്ചാത്താപം. നിങ്ങളുടെ നാഥന്‍ പാപങ്ങള്‍ ദുരീകരിക്കുകയും നിങ്ങളെ താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കും (66:8).
ഒരു വസ്തുവിന്റെ കളങ്കമുക്തവും പരിശുദ്ധവുമായ അവസ്ഥയെ കുറിക്കാനാണ് അറബിയില്‍ ‘നസ്ഹ്’ എന്ന പദം ഉപയോഗിക്കുന്നത് കലര്‍പ്പില്‍ നിന്ന് മുക്തമായ ശുദ്ധ തേനിന് ‘അസല്‍ നാസ്വിഹ്’ എന്ന് ഉപയോഗിക്കുന്നു. ‘തൗബ നസൂഹ’ (നിഷ്‌കളങ്കമായ പശ്ചാത്താപം) എന്നതിന്റെ വിവക്ഷ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), ഉബയ്യുബിനു കഅ്ബ് എന്നീ സഹാബിവര്യന്മാര്‍ പറഞ്ഞതായി ഇബ്‌നുജരീര്‍, ഇബ്‌നുകസീര്‍, ഇബ്‌നു ഖയ്യിം എന്നിവര്‍ രേഖപ്പെടുത്തുന്നു. ‘തെറ്റില്‍ നിന്ന് പശ്ചാത്തപിക്കുകയും എന്നിട്ടതിലേക്ക് തന്നെ തിരിച്ചു പോകാതിരിക്കുകയുമാണ് നിഷ്‌കളങ്ക പശ്ചാത്താപം. ചുരത്തപ്പെട്ട പാല്‍ വീണ്ടും അകിടിലേക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കാത്തപോലെ’. താബിഉകളില്‍ പ്രമുഖനായ ഹസന്‍ ബസ്വരി പറഞ്ഞു. ‘തെറ്റിലേക്ക് മടങ്ങുകയില്ലെന്ന ദൃഢപ്രതിജ്ഞയോടൊപ്പം ചെയ്തുപോയ തെറ്റുകളില്‍നിന്ന് ഖേദം പ്രകടിപ്പിക്കുകയുമാണ് യഥാര്‍ഥ പശ്ചാത്താപം’.
മനസ്സിന്റെ അടിത്തട്ടില്‍ നിന്ന് ഖേദപ്രകടനത്തോടെ പുറത്തേക്ക് വരുന്നതാണ് പശ്ചാത്താപം. കേവലം നാവുകൊണ്ടുള്ള മന്ത്രോച്ചാരണങ്ങളുടെ പേരല്ല പശ്ചാത്താപം. കുറ്റസമ്മതത്തിനും പാപമോചനം തേടുന്നതിനും ഒരുവേള നാവിന്റെ പ്രവര്‍ത്തനം ആവശ്യമായി വന്നേക്കും. ‘അസ്തഗ്ഫിറുല്ലാഹ് (അല്ലാഹുവോട് ഞാന്‍ പാപമോചനം തേടുന്നു) എന്നത് കേവലം യാന്ത്രികമായി ഉച്ചരിക്കുകയല്ല. ഹൃദയമറിഞ്ഞ് നാവുകൊണ്ട് ഉരുവിടുമ്പോള്‍ പാപക്കറകള്‍ കഴുകിക്കളഞ്ഞ് അല്ലാഹുവുമായുള്ള ദൃഢബന്ധത്തെ വിശ്വാസി ഉല്‍കടമായി അഭിലഷിക്കേണ്ടത്, തെറ്റുകള്‍ ആവര്‍ത്തിക്കുകയും ജീവിതത്തിലേക്ക് ഇനി തിരിച്ചുവരില്ല എന്നുറപ്പാക്കുന്ന മരണവേളയില്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്തവര്‍ യഥാര്‍ഥത്തില്‍ തൗബ ചെയ്യുന്നവരല്ലെന്നും അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത് എന്നും അല്ലാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് (4:17,18).
പശ്ചാത്തപത്തിന്റെ നിര്‍ബന്ധഘടകങ്ങള്‍
പശ്ചാത്താപത്തിന്റെ സ്വീകാര്യതക്ക് അനിവാര്യമായ ഘടകങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
- ആത്മാര്‍ഥമായ ഖേദം. ചെയ്തുപോയ പാപത്തെക്കുറിച്ച് കഠിനമായ ഹൃദയവേദനയെത്തുടര്‍ന്ന് സംഭവിക്കുന്നതാവണം ആത്മാര്‍ഥമായ പശ്ചാത്താപം. ഉള്ളുവയ്ക്കുന്ന ഖേദത്തിന്റെ അകമ്പടിയില്ലാത്ത പശ്ചാത്താപം കേവലം ചടങ്ങായി പരിണമിക്കും. തെറ്റില്‍ ആത്മാര്‍ഥമായി ഖേദിക്കുന്ന മനസ്സില്ലാതെ പോയാല്‍ തെറ്റ് ആവര്‍ത്തിക്കാനുള്ള പ്രവണതയുണ്ടാവുന്നു. റസൂല്‍(സ്വ) പറഞ്ഞു തന്നു: ഹൃദയത്തെ പൊള്ളിക്കുന്ന ഒരു തീക്കനലായി പാപത്തെക്കുറിച്ചുള്ള ഖേദം ഉണ്ടായില്ലെങ്കില്‍ അവന് യഥാര്‍ഥത്തില്‍ പശ്ചാത്താപമില്ല. നബി(സ്വ) പറഞ്ഞു: ഖേദമാണ് പശ്ചാത്താപം. (അല്‍ ജുര്‍ഹുവആഅ്-ദില്‍ ഭാഗം 7:പേജ് 244).
- പാപങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കല്‍. പാപത്തില്‍ തന്നെ ഉറച്ച് നിന്നുകൊണ്ടുള്ള പശ്ചാത്താപം നിരര്‍ഥകമാണ്. അല്ലാഹുവിനെ അനുസരിക്കുന്നതിലേക്ക് പാപങ്ങളില്‍ നിന്ന് വിട്ടുനിന്നുകൊണ്ടുള്ള പുതുജീവിതത്തിന്റെ വിശുദ്ധിയോടെ ജീവിക്കാന്‍ കഴിയുമ്പോഴാണ് പശ്ചാത്താപത്തിന്റെ സദ്ഫലം വിശ്വാസിയില്‍ ഉണ്ടാവുന്നത്. കുറ്റങ്ങളില്‍ നിന്നുള്ള വിരാമത്തെ ആധാരമാക്കിയാണ് അല്ലാഹു പശ്ചാത്തപിക്കുന്നവര്‍ക്ക് പാപമോചനം നല്‍കുന്നതെന്ന് അറിയിക്കുന്നു. അവര്‍ അറിഞ്ഞുകൊണ്ട് തങ്ങളുടെ ദുഷ്‌ചെയ്തികളില്‍ ഉറച്ചുനില്‍ക്കുന്നതല്ല. അവര്‍ക്കുള്ള പ്രതിഫലമാകുന്നു അവരുടെ നാഥങ്കല്‍ നിന്നുള്ള പാപമോചനം (3:135, 136).
- തെറ്റിലേക്ക് തിരിച്ചുപോകില്ലെന്ന ദൃഢപ്രതിജ്ഞ. കഴിഞ്ഞകാലത്ത് സംഭവിച്ചുപോയ തെറ്റിനെ ഓര്‍ത്ത് ഖേദിക്കുകയും ജീവിതം ശുദ്ധീകരിക്കുകയും ചെയ്ത് ഭാവിയില്‍ പാപത്തിലേക്ക് ഒരിക്കലും തിരിച്ചുപോകുകയില്ലെന്ന ദൃഢപ്രതിജ്ഞകൂടി ഉള്‍ക്കൊള്ളുന്നതാണ് തൗബ. ചീത്ത ചുറ്റുപാടുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിഞ്ഞാല്‍ മാത്രമായിരിക്കും പ്രയോഗതലത്തില്‍ പശ്ചാത്താപം സാക്ഷാത്കൃതമാക്കാന്‍ കഴിയുന്നത്.
- നന്മകളും പുണ്യങ്ങളും വര്‍ധിപ്പിക്കുകയാണ് തൗബ സാക്ഷാത്കരിക്കാനുള്ള മറ്റൊരു മാര്‍ഗം. തിന്മകള്‍ ചെയ്തുപോയവര്‍ നന്മകളിലൂടെ അത് മായ്ച്ചു കളയാന്‍ നബി(സ്വ) ഉപദേശിക്കുന്നുണ്ട്. ‘നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. തിന്മകളോട് നന്മകളെ തുടര്‍ത്തുക. ആ നന്മകള്‍ തിന്മകളെ മായ്ച്ചുകളയും. ജനങ്ങളോട് ഏറ്റവും നല്ല നിലയില്‍ പെരുമാറുകയും ചെയ്യുക’ (ജാമിഅസ്വഹീഹ് പേജ് 97).
