വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം
ഇസ്ലാമിൻറെ വിശ്വാസ പൂർത്തീകരണത്തിന് ഉണ്ടാവേണ്ട മൗലികമായ ആറു വിശ്വാസങ്ങളിൽ ഒന്നാണ് വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം. അല്ലാഹു നൽകിയ വേദഗ്രന്ഥങ്ങൾ സത്യമാണെന്നും അവയിൽ ഏറ്റവും പൂർണവും യഥാർഥ രൂപത്തിൽ നിലനിൽക്കുന്നതും അവസാനത്തെതും ഖുർആൻ ആണെന്നുമാണ് ഈ വിശ്വാസത്തിന്റെ അടിത്തറ.
ഖുർആനാണ് മുഹമ്മദ് നബി(സ)ക്ക് ശേഷം ലോകാവസാനം വരെയുള്ള മനുഷ്യർ ജീവിത പ്രമാണമാക്കേണ്ടത്. വിശ്വാസകാര്യങ്ങൾ, ആരാധനകൾ, നിയമങ്ങൾ, സാമൂഹ്യമര്യാദകൾ, പ്രകൃതിദൃഷ്ടാന്തങ്ങൾ, ശാസ്ത്രസൂചനകൾ തുടങ്ങി നിരവധി വിഷയങ്ങളാണ് ഖുർആൻ പ്രതിപാദിക്കുന്നത്. സംരക്ഷണ ചുമതല അല്ലാഹുതന്നെ ഏറ്റെടുത്തിട്ടുള്ള ഈ ഗ്രന്ഥം ഭാഷയിലും ആശയതലത്തിലും അമാനുഷികമായി നിലകൊള്ളുന്നു.
വേദഗ്രന്ഥങ്ങളിൽ മുഹമ്മദ് നബിക്ക് (ﷺ) അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആൻ, മൂസാ നബിക്ക് നൽകിയ തൗറാത്ത്, ദാവൂദ് നബിക്ക് നൽകിയ സബൂർ, ഈസാ നബിക്ക് ലഭിച്ച ഇൻജീൽ എന്നിവ പ്രധാനപ്പെട്ടവയാണ്. ഈ നാലു വേദഗ്രന്ഥങ്ങളെ കുറിച്ച പഠനമാണ് അധ്യായത്തിലുള്ളത്.
അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിലെല്ലാം വിശ്വസിക്കേണ്ടത് മുസ്ലിമിന്റെ നിര്‍ബന്ധ ബാധ്യതയാണ്. അന്തിമവേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ അവതരണത്തോടുകൂടി മുന്‍വേദഗ്രന്ഥങ്ങളിലെ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടു. എന്നാല്‍ എല്ലാ വേദഗ്രന്ഥങ്ങളും അല്ലാഹുവില്‍നിന്ന് അവതീര്‍ണമായതാണെന്ന് വിശ്വസിക്കേണ്ടത് മുസ്ലിമിന്റെ കടമയാണ്. മുഹമ്മദ് നബി(സ്വ)ക്ക് അവതരിപ്പിച്ച ഖുര്‍ആന്‍, മൂസാ നബിക്ക്(അ) നല്കിയ തൗറാത്ത്, ദാവൂദ് നബിക്ക് അവതരിപ്പിച്ച സബൂര്‍, ഈസാ നബിക്ക്(അ) അവതരിപ്പിച്ച ഇന്‍ജീല്‍ എന്നീ അറിയപ്പെട്ട വേദഗ്രന്ഥങ്ങളിലും അറിയപ്പെടാത്ത വേദഗ്രന്ഥങ്ങളിലും വിശ്വസിക്കേണ്ടതുണ്ട്. മുന്‍ വേദഗ്രന്ഥങ്ങള്‍ ദൈവികമല്ലെന്ന് വിശ്വസിക്കുന്നവന് വിദൂരമായ വഴി പിഴവിലായിരിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
”സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്ന് അവന് അവതരിപ്പിച്ച ഗ്രന്ഥത്തിലും അവന്ന് മുമ്പ് അവതരിപ്പിച്ച ഗ്രന്ഥങ്ങളിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്നപക്ഷം തീര്‍ച്ചയായും അവന് ബഹുദൂരം പിഴച്ചുപോയിരിക്കുന്നു‘ (4:136).
തൗറാത്തിന്റെയും സബൂറിന്റെയും ഇന്ജീലിന്റെയും സത്യതയാണ് ഖുര്‍ആന്‍ സാക്ഷ്യം വഹിക്കുന്നത്.
”തീര്‍ച്ചയായും നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നത് അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്” (5:44).
ദാവൂദിന് നാം സബൂര്‍ എന്ന വേദം നല്‍കുകയും ചെയ്തിരിക്കുന്നു (17:55). ‘മര്‍യമിന്റെ മകന് ഈസായെ നാം നിയോഗിച്ചു. അദ്ദേഹം തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവനായിരുന്നു. സന്മാര്ഗനിര്ദേശവും സത്യപ്രകാശവുമടങ്ങിയ ഇന്ജീലും നാം അദ്ദേഹത്തിന് നല്കുകയുണ്ടായി. അതിന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നതും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സദുപദേശവുമത്രെ അത്‘ (5:46).
മുന്‍വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതുപോലെ ദൈവികബോധനം വഴി പ്രവാചകന്മാര്ക്ക് അവതരിപ്പിക്കപ്പെട്ടവയാണ് മുന്‍ വേദങ്ങളെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
”മുന്‍വേദഗ്രന്ഥങ്ങളെ ശരിവെക്കുന്ന സത്യവുമായി ഈ വേദഗ്രന്ഥം നിനക്ക് അവന് അവതരിപ്പിച്ചു തന്നിരിക്കുന്നു. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി ഇതിന്ന് മുമ്പ് അവന് തൗറാത്തും ഇന്ജീലും അവതരിപ്പിച്ചു. സത്യാസത്യ വിവേചനത്തിനുള്ള പ്രമാണവും അവന് അവതരിപ്പിച്ചിരിക്കുന്നു‘ (3:3,4).
വിശുദ്ധ ഖുര്‍ആന്‍ ഒഴികെയുള്ള മറ്റു വേദഗ്രന്ഥങ്ങള്‍ യഥാര്‍ഥ രൂപത്തില്‍ ഇന്ന് നിലവിലില്ല. അവയില്‍ മനുഷ്യന്റെ കൈകടത്തലുകള്‍ സംഭവിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനാണ് ലോകാവസാനം വരെയുള്ള മനുഷ്യര്‍ ജീവിത പ്രമാണമാക്കേണ്ടത്. അല്ലാഹു പറയുന്നു: ‘നബിയേ നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു. അതിന്റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുസംരക്ഷിക്കുന്നതുമത്രെ അത്. ആകയാല്‍ അല്ലാഹു അവതരിപ്പിച്ചത് പ്രകാരം അവര്‍ക്കിടയില്‍ നീ വിധിച്ചുകൊള്ളുക. നിനക്ക് വന്നിട്ടുള്ള യഥാര്‍ഥത്തെ വിട്ട് അവരുടെ ഇഛകളെ നീ പിന്‍പറ്റരുത്. നിങ്ങളില്‍ എല്ലാവര്ക്കും ഓരോ നടപടിക്രമവും ഓരോ തുറന്ന മാര്‍ഗവും നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെയെല്ലാം അവന് ഒരേ സമുദായമാക്കുമായിരുന്നു. നിങ്ങള്‍ക്ക് അവന് നല്കിയിട്ടുള്ളതില് നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യാതിരുന്നത്. അതിനാല്‍ നല്ല കാര്യങ്ങള്‍ക്ക് മുന്‍കടന്നുവരുവിന്‍. അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെയെല്ലാം മടക്കം. അപ്പോള്‍ നിങ്ങള്‍ ഏതൊന്നില് ഭിന്നാഭിപ്രായത്തിലായിരുന്നുവോ അതിനെപ്പറ്റി അവന് നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്’ (5:48).
മുന്‍ വേദഗ്രന്ഥങ്ങളെയെല്ലാം സത്യപ്പെടുത്തിക്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതോടുകൂടി എല്ലാ കാര്യത്തിലും വിധി കല്പിക്കുന്നതും തീരുമാനം നിശ്ചയിക്കുന്നതും ആ ഗ്രന്ഥം അനുസരിച്ച് മാത്രമായിരിക്കണമെന്നും ആ വിഷയത്തില്‍ വേദക്കാരുടെയോ മറ്റോ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത് എന്നും അല്ലാഹു ഓര്‍മിപ്പിക്കുന്നു.
തൗറാത്ത്
التَّوْرَاة
‘തോറ’ എന്ന ഹിബ്രുപദത്തിന്റെ സാരം അധ്യാപനം, നിര്‍ദേശം എന്നൊക്കെയാണ്. ഈ പദത്തെ പുരാതന യഹൂദ യവന പരിഭാഷയായ സെപ്റ്റജന്റില് നിയമം എന്ന് അര്‍ഥം വരുന്ന നോമോസ് എന്നാണ് ഭാഷാന്തരം ചെയ്തിരിക്കുന്നത്. അതിനുശേഷം ഈ പദം നിയമം എന്നാണ് പൊതുവായി പരിഭാഷപ്പെടുത്തുന്നത്. അഞ്ചുപുസ്തകങ്ങളാണ് തോറയില്‍ ഉള്ളതായി യഹൂദന്മാര് കണക്കാക്കുന്നത്. ഈ അഞ്ചു പുസ്തകങ്ങളും മോശെ പ്രവാചകന് എഴുതിയതാണെന്നാണ് യഹൂദ വിശ്വാസം. ക്രൈസ്തവരും പൊതുവില്‍ ഈ വിശ്വാസമാണ് വെച്ചുപുലര്‍ത്തുന്നത്. എങ്കിലും പില്ക്കാലത്ത് ബൈബിള്‍ പഠനത്തില്‍ പുരോഗതിയുണ്ടായപ്പോള്‍ പഞ്ചപുസ്തകങ്ങളുടെ കര്‍ത്താവ് മോശയോ മറ്റേതെങ്കിലും വ്യക്തിയോ അല്ലെന്ന അഭിപ്രായത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു.
പഞ്ചപുസ്തകത്തില്‍ പലതവണ ‘തോറ’ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. വിവിധ അര്‍ഥങ്ങളുള്ള ഈ പദത്തിന് പൊതുവായി നിയമമെന്നും അനുശാസനയെന്നും കല്പനയെന്നുമാണ് അര്‍ഥം കല്പിക്കാറുള്ളത്. പാരമ്പര്യനിയമങ്ങളെയും ദൈവിക കല്പനകളെയുമെല്ലാം കുറിക്കാന്‍ ഈ പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ചില സ്ഥലങ്ങളില്‍ ഒരു ഗ്രന്ഥത്തെയോ ഗ്രന്ഥഭാഗത്തെയോ കുറിക്കുന്നതിന് വേണ്ടി ഈ പദം പ്രയോഗിക്കപ്പെട്ടിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്. ഉദാഹരണമായി ”മോശെ ഇസ്മാഈല്‍ സന്തതികള്‍ക്ക് നിശ്ചയിച്ചുകൊടുത്ത നിയമം (തോറ) ഇതാകുന്നു” (ആവര്‍ത്തനം) 1) ഈ നിയമ സംഹിത (തോറ) യിലെ വചനങ്ങള്‍ അനുസരിച്ച് പ്രവര്ത്തിക്കാത്തവന് ശാപം (ആവര്‍ത്തനം) 2) ‘നിന്റെ ദൈവമായ കര്‍ത്താവ് എന്ന മഹത്വപൂര്‍ണവും ഭീതിദവുമായ നാം നിനക്ക് ഭയഹേതുവാകേണ്ടതിന് ഈ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന നിയമ(തോറ)ങ്ങളിലെ എല്ലാ വചനങ്ങളും അനുസരിച്ച് ആചരിക്കുന്നതില്‍ ശ്രദ്ധിക്കണം (ആവര്‍ത്തനം) 3)
ഈ വചനങ്ങളില്‍ ‘തോറ’ എന്ന് പ്രയോഗിച്ചിരിക്കുന്നത് ഒരു ഗ്രന്ഥത്തെയോ ഗ്രന്ഥത്തിലെ നിയമങ്ങളെയോ സൂചിപ്പിക്കുന്നതാണെന്ന കാര്യം സ്പഷ്ടമാണ്. മോശെ പ്രവാചകന് (മൂസാ നബിക്ക്) അല്ലാഹു അവതരിപ്പിച്ചു കൊടുത്തതായി ഖുര്‍ആനില്‍ പ്രതിപാദിച്ചിരിക്കുന്ന (തൗറാത്ത്) ആണ് ഈ ഗ്രന്ഥം എന്ന കാര്യത്തില്‍ സംശയത്തിനിടയില്ല. അതല്ലാതെ അല്ലാഹു അവതരിപ്പിച്ച തൗറാത്തിന്റെ പൂര്‍ണ രൂപം പഞ്ചഗ്രന്ഥത്തില്‍ നിന്ന് ലഭിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. മോശെക്ക് സിനായ് പര്‍വതത്തില്‍ വെച്ച് ദൈവത്താല്‍ രേഖപ്പെടുത്തപ്പെട്ട ചില രേഖകള്‍ ലഭിച്ചുവെന്ന് പഞ്ചപുസ്തകം തന്നെ രേഖപ്പെടുത്തുന്നുണ്ട്. ‘സീനായ് പര്‍വതത്തില്‍ വെച്ച് മോശെയോട് അരുള്‍ ചെയ്തത് കഴിഞ്ഞ്, ദൈവം തന്റെ വിരലുകള്‍ കൊണ്ട് എഴുതിയ രണ്ട് സാക്ഷ്യപലകകള്‍ മോശെക്ക് കൊടുത്തു (പുറപ്പാട്) 4) മോശെ 40 രാവും 40 പകലും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും അവിടെ കര്‍ത്താവിനൊപ്പം കഴിഞ്ഞു. മോശെ കല്പലകകളില് ഉടമ്പടി വാക്യങ്ങള്‍ അതായത് പത്ത് കല്പനകള് എഴുതി. മോശെ സീനായ് പര്‍വതത്തില്‍ നിന്നും സാക്ഷ്യപ്പലകക്കെട്ടും കൈയിലേന്തി ഇറങ്ങിവന്നു. (പുറപ്പാട്) 5) മൂസാ നബി(അ)ക്ക് ലഭിച്ച നിയമങ്ങളെല്ലാം കല്പലകകളില് എഴുതപ്പെട്ടുകൊണ്ടായിരുന്നുവെന്നാണ് ഖുര്‍ആന്‍ നല്കുന്ന സൂചന.
അല്ലാഹു പറയുന്നു: ‘എല്ലാ കാര്യങ്ങളെപ്പറ്റിയും നാം മൂസാക്ക് ഫലകങ്ങളില്‍ രേഖപ്പെടുത്തിക്കൊടുത്തു. അതായത് സദുപദേശവും എല്ലാ കാര്യങ്ങളെപ്പറ്റിയുള്ള വിശദീകരണവും. നാം പറഞ്ഞു: അവയെ മുറുകെ പിടിക്കുകയും അവയിലെ വളരെ നല്ലതായ കാര്യങ്ങള്‍ സ്വീകരിക്കാന്‍ നിന്റെ ജനതയോട് കല്പിക്കുകയും ചെയ്യുക. ധിക്കാരികളുടെ പാര്‍പ്പിടം ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്’ (7:145).
മോശെയുടെ കാലത്ത് അവതരിപ്പിക്കപ്പെട്ട നിയമപുസ്തകം അദ്ദേഹത്തിന് ശേഷവും ഇസ്റാഈല്യര്‍ പാരായണം ചെയ്യുകയും പിന്തുടരുകയും ചെയ്തിരുന്നുവെന്ന സത്യം വ്യക്തമാണ്. ഇങ്ങനെ പാരായണം ചെയ്യപ്പെട്ടിരുന്ന പുസ്തകം ഇന്നുള്ള പഞ്ചപുസ്തകമല്ലെന്നും ഇതിനേക്കാള്‍ ചെറിയ ഒരു ഗ്രന്ഥമായിരുന്നുവെന്നുമുള്ള വസ്തുത ബൈബിള്‍ പണ്ഡിതന്മാരും അംഗീകരിക്കുന്നു. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവും ഉണ്ട്. അല്ലാഹുവിന് കീഴ്പ്പെട്ട പ്രവാചകര്‍ യഹൂദമതക്കാര്‍ക്ക് അതനുസരിച്ച് വിധികല്പിച്ച് പോന്നു. പുണ്യവാന്മാരും മതപണ്ഡിതന്മാരും അതുതന്നെ ചെയ്തു. കാരണം, അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം അവര്‍ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നു. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള്‍ നിങ്ങള്‍ തുഛമായ വിലക്ക് വിറ്റുകളയരുത്. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആര് വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അവിശ്വാസികള്‍’ (5:44).
മോശെ പ്രവാചകന് ദൈവം നല്കിയ നിയമപുസ്തകം ഇടക്കാലത്ത് നഷ്ടപ്പെട്ടിരുന്നുവെന്നും അത് വിസ്മൃതിയിലാണ്ടു പോയിരുന്നെന്നുമുള്ള സൂചനകള്‍ പഴയ നിയമത്തില്‍ തന്നെ കാണുന്നു. മൂസാ നബിക്ക് അല്ലാഹു അവതരിപ്പിച്ച തൗറാത്തിനെ സത്യപ്പെടുത്തിക്കൊണ്ടാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. ”ആ പ്രവാചകന്മാര്ക്കു ശേഷം മര്‍യമിന്റെ മകന് ഈസായെ നിയോഗിച്ചു. അദ്ദേഹം തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവനായിരുന്നു. സന്മാര്ഗനിര്ദേശവും സത്യപ്രകാശവുമടങ്ങിയ ഇന്ജീലും അദ്ദേഹത്തിന് നാം നല്കി. അതിന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നതും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സദുപദേശവുമത്രെ അത്’ (5:46).
അല്ലാഹു യഥാവിധി അവതരിപ്പിച്ചിരിക്കുന്ന തൗറാത്തിനെ ബൈബിളിലെ പഞ്ചപുസ്തകങ്ങളില്നിന്ന് കണ്ടെടുക്കാന്‍ കഴിയില്ല. തൗറാത്തിലെ ആശയങ്ങള്‍ പഞ്ചപുസ്തകങ്ങളില്‍ പലയിടത്തായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. പുരോഹിതന്മാരുടെ വചനങ്ങള്‍ അധികവും ഉള്‍ക്കൊള്ളുന്ന പഞ്ചപുസ്തകങ്ങള്‍ ഖുര്‍ആന്‍ ശരിവെക്കുന്ന തൗറാത്താണെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. തൗറാത്തിലെ ചില ഭാഗങ്ങള്‍ മറച്ചുവെക്കുകയും മറ്റു ചിലവ വെളിപ്പെടുത്തുകയും ചെയ്തുകൊണ്ട് കടലാസുതുണ്ടുകള്‍ നിര്‍മിച്ച് അവ ദൈവിക ഗ്രന്ഥമാണെന്ന് പറയുന്നവരെ ഖുര്‍ആന്‍ ശക്തമായി വിമര്‍ശിക്കുന്നു.
‘ഒരു മനുഷ്യനും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവിനെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവര്‍ ചെയ്തത്. ചോദിക്കുക: സത്യ പ്രകാശമായിക്കൊണ്ടും മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശകമായിക്കൊണ്ടും മൂസാ കൊണ്ടുവന്ന ഗ്രന്ഥം ആരാണ് അവതരിപ്പിച്ചത്? നിങ്ങള്‍ അതിനെ കടലാസു തുണ്ടുകളാക്കി ചില ഭാഗങ്ങള്‍ വെളിപ്പെടുത്തുകയും പലതും ഒളിച്ചു വെക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കോ നിങ്ങളുടെ പിതാക്കന്മാര്ക്കോ അറിവില്ലാതിരുന്ന പലതും ആ ഗ്രന്ഥത്തിലൂടെ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. പറയുക: അല്ലാഹുവാണ് അത് അവതരിപ്പിച്ചത്. എന്നിട്ട് അവരുടെ കുതര്‍ക്കങ്ങളുമായി വിളയാടാന്‍ അവരെ വിട്ടേക്കുക’ (6:91).
ഇന്‍ജീല്‍
الْإِنْجِيل
ഈസാനബി(അ)ക്ക് അല്ലാഹു അവതരിപ്പിച്ചു കൊടുത്ത വേദഗ്രന്ഥത്തിന്റെ പേരാണ് ഇന്‍ജീല്‍. സുവിശേഷം എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ഏകനായ സ്രഷ്ടാവ് മാത്രമാണ് ആരാധനകള്‍ക്ക് അര്‍ഹനെന്ന് പഠിപ്പിക്കുവാനായി തെരഞ്ഞെടുത്ത് അയക്കപ്പെട്ട ഇസ്റാഈല്‍ പ്രവാചകനായ ഈസാനബിക്ക്(അ) അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥമാണ് ‘ഇന്‍ജീല്‍’ എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ‘സന്മാര്ഗ നിര്‍ദേശവും സത്യപ്രകാശവും അടങ്ങിയ ഇന്ജീലും അദ്ദേഹത്തിന് നാം നല്കി‘ (5:46).
മൂസാനബിക്ക് അവതരിച്ച തൗറാത്ത് തന്നെയായിരുന്നു ഈസാ(അ)യുടെ കാലത്തും മതത്തിന്റെ നിയമസംഹിതയായും ന്യായപ്രമാണമായും പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നത്. ഈസാ നബിക്ക് (അ) പ്രത്യേകമായി അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമാണ് സാക്ഷാല്‍ സുവിശേഷം. ഈസാ(അ) ഇസ്രാഈല്‍ സമുദായത്തിലേക്ക് അയക്കപ്പെട്ട ഒരു റസൂലായിരുന്നുവെന്ന് ഈ സുവിശേഷത്തില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഈസാ(അ) തന്റെ മുമ്പിലുള്ള തൗറാത്താകുന്ന വേദഗ്രന്ഥത്തെ സത്യപ്പെടുത്തുകയും അതിന്റെ തത്വങ്ങളെ അംഗീകരിക്കുകയും തൗറാത്തിന്റെ നിയമ നടപടികളെ പിന്‍പറ്റുകയും അതിനെ പുനരുജ്ജീവിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് അവതരിപ്പിച്ച ഇന്‍ജീല്‍ ഒരു പുതിയ നിയമ സംഹിതയായിരുന്നില്ല. ഉപദേശങ്ങള്‍, താക്കീതുകള്‍, ഉപമകള്‍ ആദിയായവയാണ് അതിലെ ഉള്ളടക്കം. ഈ സത്യം യേശുവിന്റെ വാക്കുകളിലൂടെ ബൈബ്ള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു. ”ഞാന്‍ ന്യായ പ്രമാണത്തെയോ (തൗറാത്തിനെ) പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്ന് നിരൂപിക്കരുത്. നീക്കുവാനല്ല, നിവൃത്തിപ്പാനത്രെ ഞാന്‍ വന്നത്. സത്യമായിട്ടും ഞാന്‍ നിങ്ങളോട് പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്ന് ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒരു നാളും ഒഴിഞ്ഞു പോകുകയില്ല (മത്തായി) 6).
ഈസാനബിയുടെ ദൗത്യോദ്ദേശ്യങ്ങളില്‍ പ്രധാനമായ രണ്ട് കാര്യങ്ങളാണ് അദ്ദേഹം തന്റെ ജനതയായ ഇസ്റാഈലികളെ അറിയിക്കുന്നത്.
- അദ്ദേഹത്തിന്റെ മുമ്പ് അവതരിച്ചതും തന്റെ മുന്നില്‍ നിലവിലുള്ളതുമായ തൗറത്തിന്റെ സത്യത സ്ഥാപിക്കുകയും ശരിവെക്കുകയും ചെയ്യുക. അഥവാ അതിലെ നിയമങ്ങള്‍ നടപ്പില്‍വരുത്തുക.
- തന്റെ ശേഷം ‘അഹ്മദ്’ എന്ന് പേരുള്ള ഒരു റസൂല്‍ വരാനിരിക്കുന്നുവെന്ന സുവിശേഷം അറിയിക്കുക. കൈകടത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ട ഇന്ജീലുകളാണ് ഇന്ന് നിവവിലുള്ളത്. അതിനാല്‍ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തെപ്പറ്റി ഈസാ(അ) നല്കിയ സുവിശേഷങ്ങള്‍ അതേപടി ഇന്നത്തെ ഇന്ജീലുകളില് കാണപ്പെടുക സാധ്യമല്ല. ഇങ്ങനെ ഏറ്റവുമധികം കൈകടത്തലിന് വിധേയമായ വിഷയം നബി(സ്വ)യെ സംബന്ധിച്ചുള്ളതാണ്.
ഇന്‍ജീലാണെന്ന് വാദിക്കപ്പെടുന്നത് നാലു സുവിശേഷങ്ങളാണ്. മാര്‍ക്കോസ്, മത്തായി, ലൂക്കോസ്, യോഹന്നാന് എന്നിവരുടെ സുവിശേഷങ്ങളാണ് അവ. ഈ നാലു സുവിശേഷങ്ങളും യേശു (ഈസാനബി) എഴുതിയതോ അറിഞ്ഞതോ അല്ല. ഭൂമിയില്‍ നിന്ന് അദ്ദേഹം ഉയര്‍ത്തപ്പെട്ടിട്ട് 65 മുതല്‍ 110 വരെയുള്ള വര്‍ഷങ്ങളില്‍ പല ആളുകളാല്‍ രചിക്കപ്പെട്ടവയാണ്. ക്രിസ്ത്യാനികള്‍തന്നെയും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണിത്. ഓരോ സുവിശേഷത്തിന്റെയും കര്‍ത്താക്കളെ സംബന്ധിച്ചും അതിലെ ഉള്ളടക്കത്തെക്കുറിച്ചും തര്‍ക്കങ്ങള്‍ ഇന്നും തുടരുകയാണ്. യേശുവിന്റെ ഇന്‍ജീല്‍ (സുവിശേഷം) എന്നും ദൈവത്തിന്റെ ഇന്‍ജീല്‍ എന്നും പറയാവുന്ന മറ്റൊരു ഇന്‍ജീല്‍ തന്നെ ഉണ്ടായിരുന്നതായി പുതിയ നിയമത്തിലെ ചില ലേഖനങ്ങളില്‍ കാണാന്‍ കഴിയുന്നു. പ്രസ്തുത 4 ഇന്ജീലുകള്ക്കും സുവിശേഷം (ഇന്‍ജീലുകള്‍) എന്ന പേര് വന്നത് തന്നെ ക്രിസ്തുവര്‍ഷം 15 മുതല്ക്കാകുന്നു.
ചുരുക്കത്തില്‍ തൗറാത്തോ ഇന്ജീലോ, അവയുടെ യഥാര്‍ഥ പരിഭാഷയോ എവിടെയും ഇന്ന് നിലവിലില്ല. ഇന്ന് പ്രചാരത്തിലുള്ള ബൈബിള്‍ പഴയനിയമമോ പുതിയ നിയമമോ പൂര്‍ണാര്‍ഥത്തിലുള്ള തൗറാത്തോ ഈന്ജീലോ അല്ല. തൗറാത്തിലും ഇന്‍ജീലിലുമുള്ള ചില ദൈവ വചനങ്ങള്‍ അതില്‍ കണ്ടേക്കാമെങ്കിലും ബാക്കി ഭാഗങ്ങളെല്ലാം ആരെല്ലാമോ രചിച്ചവയാണ്.
സബൂര്‍
الزَّبُور
സബൂര്‍ എന്ന വാക്കിന് ഗ്രന്ഥം അഥവാ ഏട് എന്നര്‍ഥം. ദാവൂദ്(അ) നബിക്ക് നല്കപ്പെട്ട വേദഗ്രന്ഥത്തെ വിശുദ്ധ ഖുര്‍ആന്‍ സബൂര്‍ എന്നാണ് വിശേഷിപ്പിച്ചത്. അല്ലാഹു പറയുന്നു. ‘നിന്റെ റബ്ബ് ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനുമത്രെ. നബിമാരില്‍ ചിലരെ ചിലരേക്കാള്‍ നാം ശ്രേഷ്ഠരാക്കുകയും ചെയ്തിട്ടുണ്ട്. ദാവൂദിന് നാം ‘സബൂര്‍’ (ഏട്) നല്‍കുകയും ചെയ്തിരിക്കുന്നു’ (17:55).
സങ്കീര്‍ത്തനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പുസ്തകമാണ് സബൂറെന്നാണ് സാധാരണയായി പറയപ്പെടുന്നത്. എങ്കിലും ബൈബിളില്‍ ഇന്ന് നിലവിലുള്ള സങ്കീര്‍ത്തന പുസ്തകത്തില്‍ അതിന്റെ ഏതാനും ഭാഗങ്ങള്‍ അടങ്ങിയിരിക്കാമെങ്കിലും അതു തന്നെയാണ് യഥാര്‍ഥ സബൂര്‍ എന്ന് പറയാന്‍ സാധ്യമല്ല. കാരണം അതിലും പലതരത്തിലുള്ള കൈകടത്തലുകള്‍ നടന്നിട്ടുണ്ട് എന്നത് വാസ്തവമാണ്.
ദാവൂദ്(അ) പര്‍വ്വതങ്ങളുടെ മുകളില്‍കയറി ദൈവിക സ്ത്രോത്രങ്ങള്‍ ഉരുവിടുകയും കീര്‍ത്തന ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിരുന്നു എന്നും അദ്ദേഹത്തിന്റെ സ്വരമാധുരിയുടെ സവിശേഷത നിമിത്തം വൃക്ഷങ്ങളും പാറക്കല്ലുകളും ചാഞ്ചാടുമായിരുന്നുവെന്നും ബൈബിളില്‍ കാണാം. ”ദാവൂദിനോടൊപ്പം സ്ത്രോത്ര കീര്‍ത്തനം ചെയ്യുന്ന നിലയില്‍ പര്‍വ്വതങ്ങളെയും പറവകളെയും നാം കീഴ്പ്പെടുത്തുകയും ചെയ്തു. നാമാകുന്നു ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്’ (21:79) എന്ന സൂക്തത്തിന്റെ വിശദീകരണമായി ദാവൂദ് നബി(അ)യുടെ ഗാനാലാപനത്തില്‍ ആകൃഷ്ടരായി എല്ലാതരത്തിലുള്ള പക്ഷികളും അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ സന്നിഹിതരായി അവ അവയുടെ തസ്ബീഹ് നടത്താറുണ്ടായിരുന്നെന്നും അവ്വിധം പക്ഷികളെ ദാവുദ് നബിക്ക് കീഴ്പ്പെടുത്തി കൊടുത്തുവെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു. ദാവൂദ്(അ) നബിക്ക് ലഭിച്ച ദിവ്യബോധനമനുസരിച്ച് കോര്‍വ ചെയ്യപ്പെട്ട സംഗീത കീര്‍ത്തനങ്ങളുടെ സമാഹാരമാണ് സബൂര്‍. ശബ്ദമാധുരികൊണ്ട് അനുഗൃഹീതനായ പ്രവാചകനായിരുന്നു ദാവൂദ് നബി(അ) എന്ന കാര്യത്തില്‍ സംശയമില്ല. ബുഖാരി(റ) ഉദ്ധരിച്ച ഒരു നബിവചനത്തില്‍ 7 ഇപ്രകാരം കാണാം. ”ദാവൂദിന് ഖുര്‍ആന്‍ (പാരായണ ഗ്രന്ഥം) ലഘുവാക്കപ്പെട്ടിരുന്നു. തന്റെ മൃഗത്തിന് ജീനി ഇടുവാന്‍ കല്പിച്ചിട്ട് അതു തീരും മുമ്പായി അദ്ദേഹം അത് ഓതിത്തീര്‍ക്കുമായിരുന്നു.” ഈ ഹദീസില്‍ ഖുര്‍ആന്‍ എന്നു പറഞ്ഞിരിക്കുന്നത് സബൂറിനെ ഉദ്ദേശിച്ചാകുന്നു എന്ന് ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഖുര്‍ആന്‍ എന്ന വാക്കിന് പാരായണം എന്നും പാരായണ ഗ്രന്ഥം എന്നും അര്‍ഥമുണ്ടെന്നും ഈ അര്‍ഥത്തില്‍ ഏറ്റവും അധികം പാരായണം ചെയ്യപ്പെടുന്നതും ചെയ്യപ്പെടേണ്ടതുമായതുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ആ പേര് ‘അല്‍’ എന്ന അവ്യയം ചേര്‍ത്തി പ്രത്യേകപ്പെടുത്തി പ്രയോഗിക്കുകയാണ് ചെയ്യുന്നതെന്നും സൂറത്തു യൂസുഫിലെ രണ്ടാം സൂക്തത്തിന്റെ വിശദീകരണത്തില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയും.
വിശുദ്ധ ഖുര്‍ആന്‍
الْقُرْآن
മാനവരാശിയുടെ മുമ്പാകെ ഇന്ന് പ്രാചീനവും ആധുനികവുമായ കോടിക്കണക്കിന് ഗ്രന്ഥങ്ങളുണ്ട്. സാഹിത്യരചനകളും വൈജ്ഞാനിക ഗ്രന്ഥങ്ങളും ശാസ്ത്രസാങ്കേതിക രചനകളും മതദാര്‍ശനിക കൃതികളും ഉള്‍പ്പെടെ അതിബൃഹത്തായ ഗ്രന്ഥലോകമാണ് നമ്മുടെ മുന്നിലുള്ളത്. അനേകം സവിശേഷതകളാല്‍ അവയില്‍ നിന്നെല്ലാം വ്യതിരിക്തമായ ഒരു ഗ്രന്ഥമത്രെ വിശുദ്ധഖുര്ആന്. നമ്മുടെ മുമ്പിലുള്ള മറ്റ് ഗ്രന്ഥങ്ങളൊക്കെ എഴുതി പൂര്‍ത്തിയാക്കിയ ഗ്രന്ഥങ്ങളായി മനുഷ്യരുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടുകയാണുണ്ടായത്. അതില്‍നിന്ന് വ്യത്യസ്തമായി ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ശകലങ്ങളായി അല്ലാഹുവില്‍നിന്ന് ജിബ്രീല്‍ എന്ന മലക്ക് മുഖേന നബി(സ്വ)ക്ക് അവതരിപ്പിക്കപ്പെടുകയാണുണ്ടായത്. വിശുദ്ധ ഖുര്‍ആനിലെ ഓരോ വചനവും ഓരോ അധ്യായവും അവതരിപ്പിക്കുന്നതോടെ അവയുടെ ഉള്ളടക്കത്തിന്റെ തനിപ്പകര്‍പ്പായ ഒരു സമൂഹം വളര്‍ന്നു വരികയായിരുന്നു അവിടെ. വിശുദ്ധ ഖുര്‍ആന്‍ ഒരു പൂര്‍ണ ഗ്രന്ഥമായി മാനവരാശിക്ക് ലഭിക്കുമ്പോഴേക്കും അതിലെ ദൈവികാധ്യാപനങ്ങള്‍ക്ക് അനുസൃതം ജീവിക്കുന്ന ഉത്തമ സമൂഹത്തിന്റെ പിറവി അവിടെ ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. സ്വന്തം ജീവിതം വിശുദ്ധഖുര്ആന് അനുരൂപമാക്കിത്തീര്‍ത്ത പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബി(സ്വ)യുടെ ഉത്തമരായ അനുയായികള്‍ക്കും ലോകത്തിന് മുമ്പില്‍ അനുകരണീയ മാതൃകകളായി പ്രോജ്വലിച്ച് നില്ക്കാന് സാധിച്ചത് അങ്ങനെയാണ്.
ദൈവദൂതന്മാരില് അന്തിമനായ മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു ഇറക്കിക്കൊടുത്ത വിശുദ്ധ ഖുര്‍ആന്‍ വേദഗ്രന്ഥങ്ങളില്‍ അവസാനത്തേതാണ്. ദൈവിക ഗ്രന്ഥങ്ങളുടെ അവതരണത്തിന് സമാപ്തി കുറിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ കാലാതിവര്‍ത്തിയായി എന്നും നിലകൊള്ളുന്നു. മാനവകുലത്തിനാകമാനം മാര്‍ഗദര്‍ശക ഗ്രന്ഥമായിട്ടാണ് അതിന്റെ അവതരണമുണ്ടായത്. മുഹമ്മദ് നബി(സ്വ)ക്ക് 40 വയസ്സ് തികയുന്നതിന് മുമ്പെ ഏകാന്തത ഇഷ്ടമായിരുന്നു. മക്കയിലെ അബുഖൂബൈസ് മലയില്‍പ്പെട്ട ജബലുന്നൂറിലെ ഗുഹയില്‍ പോയി ധ്യാനത്തിലിരിക്കുക അദ്ദേഹത്തിനന്ന് പതിവായിരുന്നു. ധ്യാനനിരതനായി രാത്രികള്‍ അദ്ദേഹം കഴിച്ചുകൂട്ടി. ഭാര്യ ഖദീജ(റ) ഭക്ഷണവും മറ്റ് അത്യാവശ്യസാധനങ്ങളും തയ്യാറാക്കിക്കൊടുക്കും. ഭാര്യയുടെ അടുത്ത് പോയി വീണ്ടും ഭക്ഷണവുമായി ഹിറായിലേക്ക് തന്നെ തിരിച്ചുവരും. സത്യമായി പുലരുന്ന സ്വപ്നദര്‍ശനങ്ങളായിരുന്നു അന്ന് നബി(സ്വ)ക്ക് ദിവ്യവെളിപാടിന്റെ പ്രാരംഭമായി വെളിപ്പെട്ടിരുന്നത്.
ഇപ്രകാരം ഹിറാഗുഹയില്‍ ധ്യാനനിരതനായിരിക്കെ ഒരു ദിവസം ജിബ്രീല്‍ വന്ന് സൂറത്തുല്‍ അലക്കിലെ (96ാം അധ്യായം) ആദ്യവചനങ്ങള്‍ ഓതിക്കൊടുത്തു. ‘നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക. പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു നിന്റെ രക്ഷിതാവ്. മനുഷ്യന് അറിയാത്തത് അവന് പഠിപ്പിച്ചിരിക്കുന്നു’(96:1-5).(74:1-5). നിരക്ഷരനായ മുഹമ്മദ് നബി(സ്വ) ഭയവിഹ്വലനായിട്ടാണ് ദിവ്യവെളിപാടിന് ശേഷം ഭാര്യ ഖദീജ(റ)യുടെ അടുത്തേക്ക് തിരിച്ച് പോയത്. നടന്ന സംഭവങ്ങളൊക്കെ വിശദീകരിച്ചപ്പോള്‍ ഭാര്യയുടെ സാന്ത്വനവാക്കുകള്‍ മുഹമ്മദ് നബിക്ക്(സ്വ) ധൈര്യമേകി. അല്ലാഹു താങ്കളെ ഒരിക്കലും കൈയൊഴിയുകയില്ലെന്ന് പറഞ്ഞുകൊണ്ട് ഖദീജ ബീവി അദ്ദേഹത്തെ ആശ്വസിപ്പിക്കുമ്പോള്‍ ആ മഹാനായ മനുഷ്യന് കുടുംബത്തിലും സമൂഹത്തിലും ഒക്കെ ചെയ്യാറുണ്ടായിരുന്ന സത്കര്‍മ്മങ്ങളെ എടുത്തുപറഞ്ഞുകൊണ്ട് വാഴ്ത്തുകയായിരുന്നു. ദിവ്യസന്ദേശത്തിന്റെ പൊരുളറിയാന്‍ ഖദീജ(റ) ഭര്‍ത്താവിനെയും കൂട്ടി വേദവിജ്ഞാനീയങ്ങളില്‍ അവഗാഹമുള്ള പിതൃവ്യപുത്രന്‍ വറകത്ബ്നുനൗഫലിന്റെ സമീപമെത്തി. മൂന് പ്രവാചകന്മാരുടെ അരികിലേക്ക് വന്ന ജിബ്രീല്‍ മാലാഖയാണ് ഹിറാഗുഹയില്‍ വന്നിരിക്കുന്നതെന്ന് വറഖത് പറഞ്ഞു. നിന്റെ ജനത ഇതിന്റെ പേരില്‍ നിന്നെ പുറത്താക്കുന്ന ഘട്ടമുണ്ടാവുമ്പോള്‍ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ നിന്നെ ഞാന്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി. മൂന്ന് വര്‍ഷത്തോളം പിന്നീട് വഹ്യ് ഉണ്ടായില്ല. അങ്ങനെയിരിക്കെയാണ്, ഒരു ദിവസം നബി(സ്വ) മക്കയിലൂടെ നടന്നുനീങ്ങവെ ആകാശത്ത് നിന്ന് അദ്ദേഹം ശബ്ദം കേട്ടത്. തലയുയര്‍ത്തി നോക്കിയപ്പോള്‍ ഹിറാ ഗുഹയില്‍നിന്ന് കണ്ട മലക്ക് ആകാശഭൂമികള്‍ക്കിടയില്‍ ഒരു കസേരയില്‍ ഇരിക്കുന്നത് കണ്ടു. ഭയചകിതനായി വീട്ടിലേക്ക് ഓടിയ പ്രവാചകന് ഭാര്യയോട് പുതപ്പിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സൂറത്തുല്‍ മുദ്ദഥിറിന്റെ ആദ്യഭാഗം (74:1-5) അവതരിച്ചു. അതിനെ തുടര്‍ന്ന് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അല്പാല്പമായും ചിലപ്പോള്‍ അല്പം സുദീര്‍ഘമായും നബി(സ്വ)യുടെ വിയോഗം വരെ വഹ്യ് തുടര്‍ന്നു. ഇങ്ങനെ ദിവ്യവെളിപാടായി കിട്ടിയ ദൈവിക വചനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍.
വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് നബി(സ്വ)ക്ക് അവതരിപ്പിക്കാന്‍ തുടങ്ങിയത് വിശുദ്ധ റമദാനിലെ ലൈലത്തുല്‍ ഖദ്ര് എന്ന് പറയുന്ന പുണ്യരാത്രിയിലാണ്. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച കാലഘട്ടത്തിലെ അറേബ്യന്‍ സമൂഹം നിരക്ഷരരായിരുന്നു. അതിനാല്‍ ലിഖിതരൂപത്തിലല്ല നബിക്ക് ഖുര്‍ആന്‍ ഇറങ്ങിയത്. വഹ്യുമായി വരുന്ന ജിബ്രീല്‍ എന്ന മലക്ക് നബിയുടെ മനസ്സിലേക്ക് അത് ഇട്ടു കൊടുക്കുകയായിരുന്നു. നബി(സ്വ)ക്ക് ഖുര്‍ആന്‍ അവതരിച്ച് കഴിഞ്ഞാല്‍ അവിടുന്ന് അനുചരന്മാര്ക്ക് അത് ഓതികേള്‍പ്പിക്കുകയും അവര്‍ നിരന്തര പാരായണത്തിലൂടെ ഏതാണ്ട് മുഴുവന്‍ പേരും അത് ഹൃദിസ്ഥമാക്കുകയും ചെയ്യുമായിരുന്നു. അവരില്‍ വളരെ ചുരുക്കം പേര്‍ക്ക് എഴുത്തും വായനയും അറിയാമായിരുന്നു. വഹ്യിന്റെ എഴുത്തുകാര്‍ എന്നറിയപ്പെടുന്ന ആ അനുചരരോട് നബി(സ്വ) ഓരോ ആയത്തും സൂറത്തും അവതരിക്കുമ്പോള്‍ എഴുതാന്‍ നിര്‍ദേശിക്കുകയും കല്ലിലും തോലിലും എല്ലിലും ഈന്തപ്പനയോലകളിലും അവര്‍ അത് എഴുതി വെക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആനിന്റെ സംരക്ഷണച്ചുമതല അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ട്. ജനമനസ്സുകളിലും ലിഖിതരൂപത്തിലും സൂക്ഷിക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിന്റെ സംരക്ഷണത്തില്‍ അനല്പമായ പങ്കാണ് നബി(സ്വ)യുടെ അനുചരര്‍ നിര്‍വ്വഹിച്ചത്.
ഖുര്‍ആനിനെ മറ്റൊന്നിനോടും ഉപമിക്കാന്‍ കഴിയുകയില്ല. ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥത്തിന് മുസ്ഹഫ് എന്നാണ് പറയുന്നത്. മുസ്ഹഫിലെ ആദ്യ സൂറത്ത് ഫാതിഹയും അവസാനത്തേത് സൂറത്തുന്നാസുമാണ്. ആകെ 114 അധ്യായങ്ങളുണ്ട്. ഓരോ അധ്യായം (സൂറത്തും) വേര്‍തിരിക്കാന്‍ ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം (പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍) എന്ന് എഴുതുന്നു. നബി(സ്വ)യില്നിന്ന് നിര്‍ദേശമില്ലാത്തതിനാല്‍ സൂറത്ത് തൗബയില്‍ അപ്രകാരം എഴുതുയിട്ടില്ല. ചില സൂറത്തുകളുടെ പ്രാരംഭം കേവലാക്ഷരങ്ങള്‍ കൊണ്ടാണ്. ചില സൂറത്തുകള്‍ക്ക് ഒന്നിലേറെ പേരുകളുമുണ്ട്. 286 ആയത്തുകളുള്ള സൂറത്തുല്‍ ബഖറയാണ് ഏറ്റവും വലിയ അധ്യായം. സൂറത്തുല്‍ കൗഥറില്‍ ചെറിയ 3 ആയത്തുകളേ ഉള്ളു. അതാണ് ഏറ്റവും ചെറിയ സൂറത്ത്.
സൂറത്തുകളെ മക്കി, മദനി എന്നിങ്ങനെ അവതരണ കാലഘട്ടമനുസരിച്ച് രണ്ടായി വേര്‍തിരിക്കുന്നു. ഹിജ്റക്ക് മുമ്പ് അഥവാ നബിയുടെ മക്ക ജീവിത കാലഘട്ടത്തില്‍ അവതീര്‍ണമായത് മക്കി സൂറത്തെന്നും ഹിജ്റക്ക് ശേഷം നബിയുടെ മദീനാ ജീവിത കാലഘട്ടത്തില്‍ ഇറങ്ങിയത് മദനിയെന്നും പറയപ്പെടുന്നു. 114 സൂറത്തുകളില്‍ 91 സൂറത്തുകള്‍ മക്കിയാണെന്നും 23 സൂറത്തുകള്‍ മദനിയാണെന്നും ഖുര്‍ആന്‍ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. (താരിഖുത്തശ്രീഇല് ഇസ്ലാമി) 8. ജനങ്ങളെ സന്മാര്ഗത്തിലേക്ക് നയിക്കാന്‍ വേണ്ടി അവതീര്‍ണമായ വിശുദ്ധഖുര്ആന് ഭാഷയിലും ശൈലിയിലും ആശയതലത്തിലും അമാനുഷിക ഗ്രന്ഥമായി ഇന്നും നിലകൊള്ളുന്നു. വിശ്വാസകാര്യങ്ങള്‍, ആരാധനകര്‍മങ്ങള്‍, സ്വഭാവഗുണങ്ങള്‍, സാമൂഹ്യമര്യാദകള്‍, കുടുംബവൈവാഹിക നിയമങ്ങള്‍, മര്യാദകള്‍, പ്രകൃതിദൃഷ്ടാന്തങ്ങള്‍, പൂര്‍വ്വകാല കഥകള്‍, ഉപമകള്‍, അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍, അന്ത്യദിനം, പുനരുത്ഥാനം, രക്ഷാശിക്ഷകള്‍, സാമ്പത്തിക മര്യാദകള്‍, നിയമലംഘകര്‍ക്കുള്ള ഭൗതിക ശിക്ഷകള്‍, ശാസ്ത്രസൂചനകള്‍, പ്രവചനങ്ങള്‍ ഇവയൊക്കെ ഖുര്‍ആനിലെ പ്രധാനപ്പെട്ട പ്രതിപാദ്യവിഷയങ്ങളാണ്.
References
- https://www.wordproject.org/bibles/ml/05/4.htm#0 (4:44[↩]
- https://www.wordproject.org/bibles/ml/05/4.htm#0 (27:26[↩]
- https://www.wordproject.org/bibles/ml/05/4.htm#0 (28:58[↩]
- https://www.wordproject.org/bibles/ml/02/31.htm#0 (31:18[↩]
- https://www.wordproject.org/bibles/ml/02/34.htm#0 (34: 28,29[↩]
- https://www.wordproject.org/bibles/ml/40/5.htm#0 (5: 17,18[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1256, ഹദീസ് 3235[↩]
- താരീഖുത്തശ്രീഖില് ഇസ്ലാമി, മുഹമ്മദ് അല്‍ ഹുദ്വുരി, മക്തബ ഐനുല്‍ ജാമിഅ, പേജ് 53,55[↩]
