നബി(സ്വ)യുടെ മാതൃകയില്ലാത്ത എല്ലാ കര്‍മങ്ങളും മതത്തിലെ പുതുനിര്‍മിതികള്‍ (ബിദ്അ തുകള്‍) ആയതിനാല്‍ തള്ളപ്പെടേണ്ടതാണ്. നബി(സ്വ)യുടെ ചര്യയിലില്ലാത്ത നോമ്പെടുക്കുമ്പോള്‍ അത് കുറ്റകരമാകും. കാരണം പുണ്യകരമായ ഒരു കാര്യവും നബി(സ്വ) പറയാതെ വിട്ടുപോവുകയോ മറക്കുകയോ ചെയ്തിട്ടില്ല എന്നത് ഖുര്‍ആനും സുന്നത്തും വ്യക്തമാക്കിയ കാര്യമാണ്. എന്നാല്‍ ഇങ്ങനെ സുന്നത്താക്കപ്പെട്ടിട്ടില്ലാത്ത ധാരാളം നോമ്പുകള്‍ പല നാടുകളിലും ജനങ്ങള്‍ അനുഷ്ഠിക്കുന്നുണ്ട്. ഭക്തിയുടെ പേരില്‍ പുണ്യത്തിനായി നിര്‍വഹിക്കപ്പെടുന്ന മാതൃകയില്ലാത്ത നോമ്പുകള്‍ അവര്‍ക്ക് ഇരുലോകവും നഷ്ടപ്പെടുത്തും.
മുഹര്‍റം പത്തുവരെയുള്ള നോമ്പ്, റജബ് 27 ലെ നോമ്പ്, ശഅ്ബാന്‍ പതിനഞ്ചിലെ നോമ്പ്, ദുല്‍ഹിജ്ജ പത്തുവരെയുള്ള നോമ്പ്, നാലു പവിത്രമാസങ്ങളിലെ നോമ്പ് എന്നിവ സുന്നത്തില്‍ സ്ഥിരപ്പെടാത്ത നോമ്പുകളാണ്. രണ്ടു പെരുന്നാളുകള്‍, ആജീവനാന്ത വ്രതം, വെള്ളയാഴ്ച, ശനിയാഴ്ച നോമ്പുകള്‍, ഭാര്യയുടെ സുന്നത്ത് നോമ്പ്, മാസപ്പിറവി സംശയിക്കപ്പെടുന്ന ദിവസം, നോമ്പ് ചേര്‍ത്തനുഷ്ഠിക്കല്‍ തുടങ്ങിയ നോമ്പുകളെക്കുറിച്ചും തുടര്‍ന്ന് വിശദീകരിക്കുന്നു.
മുഹര്‍റം പത്തുവരെയും റജബ് ഇരുപത്തി ഏഴും
മുഹര്‍റം മാസത്തിലെ പത്തിന് (ആശൂറാഅ്) നോമ്പെടുക്കുക നബി(സ്വ)ചര്യയില്‍പെട്ടതാണ്. ഒമ്പതാം നാളില്‍ നോമ്പെടുക്കാന്‍ നബി(സ്വ) ആഗ്രഹിച്ചിരുന്നു എന്നതിനാല്‍ അന്നും നോമ്പു സുന്നത്താണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. ആ മാസം അല്ലാഹു പവിത്രമാക്കിയ മാസങ്ങളില്‍പെട്ടതാണ്. എന്നാല്‍ മുഹര്‍റം ഒന്നു മുതല്‍ പത്തു വരെ തിയ്യതികളില്‍ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നതിന് നബി(സ്വ)യുടെ മാതകൃയില്ല. ആ ദിവസങ്ങളില്‍ പ്രത്യേകം സുന്നത്തെന്നു കരുതി നോമ്പെടുക്കല്‍ പുത്തനാചാരമാണ്.
റജബ് 27ലെ നോമ്പ്
ഇസ്‌ലാം പവിത്രമാക്കിയ മാസങ്ങളില്‍ ഒന്നാണ് റജബ്. ഈ മാസത്തിലാണ് നബി(സ്വ)യുടെ മുഅ്ജിസത്തുകളായ ഇസ്‌റാഉം മിഅ്‌റാജും ഉണ്ടായത്. റജബ് ഇരുപത്തി ഏഴിനാണ് ഇസ്‌റാഉം മിഅ്‌റാജും ഉണ്ടായത് എന്ന് സങ്കല്പിച്ചുകൊണ്ട് ആ ദിവസം ‘മിഅ്‌റാജ് നോമ്പ്’ എന്ന പേരില്‍ ചിലര്‍ നോമ്പനുഷ്ഠിക്കാറുണ്ട്. എന്നാല്‍ റസൂലിന്റെ ജീവിതത്തിലെ ഈ മഹത്തായ സംഭവം എന്നാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല.
ശൈഖുല്‍ ഇസ്ലാം ഇബ്നുല്‍ഖയ്യിം പറയുന്നത് ‘ഈ സംഭവം ഏതുമാസത്തിലെന്നോ ഏതു ദിവസമെന്നോ തിട്ടപ്പെടുത്താവുന്ന പ്രാമാണിക രേഖകള്‍ ഒന്നുമില്ല’ എന്നാണ് (സാദുല്‍മആദ്). റജബിന്റെ മഹത്വം പറയുന്ന എല്ലാ റിപ്പോര്‍ട്ടുകളും വ്യാജമാണ് എന്ന് ഇമാം ഇബ്‌നുതൈമിയ പറയുന്നു (മജ്മൂഉല്‍ ഫാതവാ) . റജബ് മാസത്തിന്റെ മഹത്വമോ അതിലെ ഏതെങ്കിലും ദിവസത്തിലെ നോമ്പോ നമസ്‌കാരമോ പ്രത്യേകമായി പുണ്യകരമാക്കുന്നതോ ആയ ഒരു റിപ്പോര്‍ട്ടും അവലംബനീയമായി വന്നിട്ടില്ല എന്ന് ഹാഫിദ് ഇബ്‌നു ഹജര്‍ വ്യക്തമാക്കുന്നു (തബയീനുല്‍ അജബി ബിമാ വറദ ഫീ ശഹ്‌രി റജബ്). റജബ് മാസത്തില്‍ മിഅ്‌റാജ് ആഘോഷത്തിനോ അതിന്റെ പേരില്‍ നോമ്പനുഷ്ഠിക്കുന്നതിനോ യാതൊരു അടിസ്ഥാനവുമില്ല. മറ്റു മാസങ്ങളിലുള്ളതിനെക്കാള്‍ പുണ്യകരമായ ഒരു നോമ്പും റജബില്‍ ഇല്ല. റജബ് 27 ന്റെ ആരാധനകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല (മജ്മൂഉല്‍ഫതാവാ, ഇബ്‌നു ഉസൈമീന്‍)
റജബ് മാസവുമായി ബന്ധപ്പെട്ട സ്വലാതുര്‍റഗാഇബ് അടക്കമുള്ള മറ്റു കര്‍മങ്ങള്‍ക്കും പ്രമാണത്തിന്റെ പിന്‍ബലമില്ല (ഇമാം നവവീ, അല്‍മജ്മൂഅ്) . ഇതെല്ലാം ശീഈ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ടതാണ് എന്നാണ് മനസ്സിലാവുന്നത്.
ശഅ്ബാന്‍ പതിനഞ്ചും ദുല്‍ഹിജ്ജ പത്തുവരെയും
റമദാനിനു തൊട്ടുമുമ്പുള്ള മാസമായ ശഅ്ബാനില്‍ മറ്റുമാസങ്ങളെക്കാള്‍ നബി(സ്വ) നോമ്പെടു ക്കാറുണ്ടായിരുന്നു. ആഇശ(റ) പറയുന്നു: ‘നബി(സ്വ) നോമ്പ് ഉപേക്ഷിക്കുകയില്ലെന്നു ഞങ്ങള്‍ പറയുവോളം നോമ്പെടുക്കുകയും നോമ്പെടുക്കുകയില്ലെന്നു ഞങ്ങള്‍ പറയുവോളം നോമ്പൊഴിവാക്കുകയും ചെയ്യുമായിരുന്നു. റമദാനല്ലാതെ മറ്റൊരു മാസവും അദ്ദേഹം പൂര്‍ണമായി നോമ്പു നോറ്റത് ഞാന്‍ കണ്ടിട്ടില്ല. ശഅബാനിലല്ലാതെ അത്രയേറെ ദിവസം മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല’ (ബുഖാരി) .
ആഇശ(റ) പറയുന്നു: ‘ശഅ്ബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ നോമ്പുകള്‍ നബി(സ്വ) മറ്റൊരു മാസത്തിലും അനുഷ്ഠിക്കാറില്ല. ചിലപ്പോള്‍ ശഅ്ബാന്റെ മിക്ക ദിവസങ്ങളിലും നബി(സ്വ) നോമ്പനു ഷ്ഠിക്കും. അവിടുന്ന് പറയാറുണ്ട്. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് നിങ്ങള്‍ ചെയ്യുവിന്‍. നിശ്ചയം നിങ്ങള്‍ക്ക് മടുപ്പ് തോന്നാത്ത കാലം വരേയ്ക്കും അല്ലാഹുവിനും മടുപ്പ് തോന്നുകയില്ല. പതിവായി അനുഷ്ഠിക്കുവാന്‍ സാധിക്കുന്ന നമസ്‌കാരം നിര്‍വഹിക്കുന്നതാണ് അവിടുന്ന് ഏറ്റവും ഇഷ്ട പ്പെട്ടിരുന്നത്; അതുകുറച്ചാണെങ്കിലും. നബി(സ്വ) ഒരു നമസ്‌കാരം തുടങ്ങി വെച്ചാല്‍ അതു പതിവാക്കാറുണ്ട്’ (ബുഖാരി) .
ശഅ്ബാന്‍ മാസത്തില്‍ ഏതു ദിവസവും നോമ്പെടുക്കുന്നത് നല്ലതാണെന്നും മറ്റു മാസങ്ങളെക്കാള്‍ ഈ മാസത്തില്‍ നോമ്പെടുക്കാമെന്നും ഈ ഹദീസുകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ശഅ്ബാന്‍ പതിനഞ്ചിന് ബറാഅത്ത് രാവ് എന്ന പേരില്‍ പുണ്യം കല്പിച്ച് ചിലര്‍ പ്രത്യേക നോമ്പെടുക്കുന്നതായി കാണാം. ഈ ദിവസത്തിന് പ്രത്യേക പുണ്യമുണ്ടെന്നതിനോ അന്ന് പ്രത്യേകമായി നോമ്പുണ്ടെന്നതിനോ തെളിവുകളില്ല. ഇമാം ശാത്വിബി അല്‍ഇഅ്തിസ്വാമില്‍ ഇത് വ്യക്തമാക്കുന്നു . ശഅ്ബാന്‍ പതിനഞ്ച് അയ്യാമുല്‍ ബീദില്‍പെട്ട (എല്ലാമാസങ്ങളിലെയും 13, 14, 15 തീയ്യതികള്‍) ദിവസമാണ് എന്ന നിലക്ക് മറ്റു ദിവസങ്ങളോടൊപ്പം ചേര്‍ത്ത് സുന്നത് നോമ്പെടുക്കാവുന്നതാണ്.
റജബിലെ ആദ്യ വെള്ളിയാഴ്ച രാവിനെക്കുറിച്ചും ശഅ്ബാന്‍ പകുതിയുടെ ശ്രേഷ്ഠതയെക്കുറിച്ചും ഉദ്ധരിക്കപ്പെടുന്ന ഹദീസുകളെല്ലാം നിര്‍മിതങ്ങളാണെന്നും, ഇമാം ഗസ്സാലിയുടേതുപോലുള്ള ചില മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ ചിലത് വന്നിട്ടുണ്ടെങ്കിലും അവയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഇബ്‌നുഹജുറുല്‍ ഹൈതമി തന്റെ ഫതാവായില്‍ പറയുന്നുണ്ട് .
ദുല്‍ഹിജ്ജ പത്തുവരെയുള്ള നോമ്പ്
ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ പത്തുദിനങ്ങള്‍ ഏറെ പുണ്യകരമാണ്. നബി(സ്വ) അരുളി. ഈ പത്തുദിവസങ്ങളില്‍ പുണ്യകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനെക്കാള്‍ അല്ലാഹുവിന് ഇഷ്ടപ്പെടുന്ന മറ്റൊരു ദിവസത്തെ സത്കര്‍മവുമില്ല. അവര്‍ ചോദിച്ചു. പ്രവാചകരേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തേക്കാളുമോ? അവിടുന്ന് പറഞ്ഞു: അതേ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തേക്കാളും. ശരീരവും സമ്പത്തുമായി പുറപ്പെട്ട് അവയില്‍ ഒന്നും തിരിച്ചുകൊണ്ടുവരാത്തവര്‍ ഒഴികെ. (ബുഖാരി) . ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഹിജ്ജ പത്തുവരെ നോമ്പെടുക്കുന്നത് സുന്നത്താണ് എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഈ ദിവസങ്ങളില്‍ മറ്റു സത്കര്‍മങ്ങളെപ്പോലെ നോമ്പും എടുക്കാമെന്നേ ഇതില്‍നിന്ന് ലഭിക്കൂ. അതുപോലെ ദുല്‍ഹിജ്ജ പത്ത് ദിനങ്ങളില്‍ നബി(സ്വ) നോമ്പെടുക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല എന്ന ആഇശ(റ)യുടെ റിപ്പോര്‍ട്ട് ഇമാം മുസ്‌ലിം ) ഉദ്ധരിക്കുന്നുണ്ട്.
ദുല്‍ഹിജ്ജ ആദ്യപത്തിലെ നോമ്പിനെക്കുറിച്ച് വന്ന മറ്റൊരു റിപ്പോര്‍ട്ട് ഹഫ്‌സ(റ)യില്‍ നിന്നുള്ള താണ്. ഇമാം അഹ്‌മദും നസാഈയും ഉദ്ധരിക്കുന്ന ഈ ഹദീസ് ദുര്‍ബലമാണെന്ന് നാസ്വിറുദ്ദീന്‍ അല്‍ബാനി വിശദീകരിക്കുന്നു (ഇര്‍വാഉല്‍ ഗലീല്‍).
പവിത്രമായ മാസങ്ങളിലെ നോമ്പ്
ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നീ നാലു മാസങ്ങള്‍ പ്രത്യേകം പവിത്രമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയ തനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ നാല് മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. ബഹുദൈവ വിശ്വാസികള്‍ നിങ്ങളോട് ഒറ്റക്കെട്ടായി യുദ്ധം ചെയ്യുന്നതു പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക’‘(9:36).
ഈ മാസങ്ങളില്‍ യുദ്ധം ചെയ്യാന്‍ പാടില്ലെന്നും രക്തച്ചൊരിച്ചിലോ കുറ്റകൃത്യങ്ങളോ പാടില്ലെന്നും അല്ലാഹു പ്രത്യേകം നിര്‍ദേശിച്ചിരിക്കുകയാണ്. എന്നാല്‍ ഈ മാസങ്ങളിലെ ഏതെങ്കിലും ദിവസ ത്തില്‍ പ്രത്യേകമായി നോമ്പെടുക്കാനോ മറ്റ് ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കാനോ നിര്‍ദേശി ക്കുന്ന യാതൊന്നും ഖുര്‍ആനിലോ ഹദീസിലോ സ്ഥിരപ്പെട്ടിട്ടില്ലെന്ന് ഇബ്‌നുഹജറുല്‍ അസ്ഖലാ നി(റ) വിശദീകരിക്കുന്നു . യുദ്ധം നിരോധിക്കപ്പെട്ട മാസങ്ങളില്‍ നിങ്ങള്‍ നോമ്പെടുക്കുകയും വിടുകയും ചെയ്യുക എന്ന അഹ്‌മദ്, അബൂദാവൂദ്, ഇബ്‌നുമാജ, ബൈഹഖീ എന്നിവര്‍ ഉദ്ധരിക്കുന്ന ഹദീസിന്റെ പരമ്പര പ്രാമാണികമല്ലെന്ന് നാസ്വിറുദ്ദീന്‍ അല്‍ബാനി തമാമുല്‍മിന്നയില്‍ വ്യക്തമാക്കുന്നു .
അനുവദനീയമല്ലാത്ത നോമ്പുകള്‍
വ്രതം ഇസ്‌ലാമില്‍ ഏറെ പുണ്യകരമായ ആരാധനാ കര്‍മമാണ്. വര്‍ഷത്തില്‍ ഒരു മാസം (റമദാന്‍) നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. നിര്‍ബന്ധമല്ലാത്ത ഐഛിക വ്രതങ്ങളും നബി(സ്വ) പഠിപ്പിച്ചി ട്ടുണ്ട്. അതുപോലെ നോമ്പ് നോല്ക്കല്‍ നിഷിദ്ധമായ ദിവസങ്ങളുമുണ്ട്.
എല്ലാ ദിവസങ്ങളിലും നോമ്പെടുക്കുന്നത് നിഷിദ്ധമാണ്. വര്‍ഷം മുഴുവനും നോമ്പെടുക്കുന്നത് അനുവദനീയമല്ല. നബി(സ്വ) പ്രത്യേകമായി വിലക്കിയ ദിവസങ്ങളിലും സാഹചര്യങ്ങളിലും നോമ്പെടുക്കുന്നതും കുറ്റകരമാണ്.
രണ്ടു പെരുന്നാളുകള്‍
ബലിപെരുന്നാളും (ഈദുല്‍അദ്ഹാ) ഫിത്വ്‌റ് പെരുന്നാളും (ഈദുല്‍ഫിത്ര്‍) വിശ്വാസികളുടെ ആഹ്ളാദ ദിനങ്ങളാണ്. അന്ന് ഭക്ഷ്യപേയാദികള്‍ വിലക്കപ്പെട്ടുകൂടാ. അതിഥിയും ആതിഥേയനും അന്ന് നോമ്പുകാരാകുന്നത് ഉചിതമല്ല. ആ ദിവസങ്ങളില്‍ നോമ്പെടുക്കുന്നത് നിഷിദ്ധമാണ്.
ഉമര്‍(റ) പറയുന്നു: ഈ രണ്ടു ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നത് നബി(സ്വ) വിരോധിച്ചിരി ക്കുന്നു. ഒന്ന് നിങ്ങളുടെ നോമ്പ് മുറിക്കുന്ന ദിവസമായ ഫിത്വ്‌റ് പെരുന്നാള്‍ ദിനമാണ്. മറ്റൊന്ന് നിങ്ങളുടെ ബലിമൃഗത്തിന്റെ മാംസം ഭക്ഷിക്കുന്ന ബലിപെരുന്നാള്‍ ദിനമാണ് (ബുഖാരി) .
അബൂഹുറയ്‌റ(റ) പറയുന്നു: രണ്ടു നോമ്പും രണ്ട് കച്ചവടവും വിരോധിക്കപ്പെട്ടിട്ടുണ്ട്. ഫിത്വ്‌റ് പെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും നോമ്പനുഷ്ഠിക്കുന്നതും മുലാമസ, മുനാബദ എന്നീ രണ്ടു കച്ചവടങ്ങളും (ബുഖാരി) .
ഇബ്‌നു ഉമര്‍(റ) പറയുന്നു: ഒരു മനുഷ്യന്‍ തന്റെ അടുത്തുവന്നു പറഞ്ഞു. ഒരാള്‍ ഒരു ദിവസം നോമ്പനുഷ്ഠിക്കുവാന്‍ നേര്‍ച്ചയാക്കി. തിങ്കളാഴ്ച ദിവസം എന്നാണ് അയാള്‍ പറഞ്ഞത് എന്ന് ഞാന്‍ (നിവേദകന്‍) വിചാരിക്കുന്നു. യാദൃച്ഛികമായി ആ ദിവസം പെരുന്നാളായി. എങ്കില്‍ അയാള്‍ നേര്‍ച്ച പൂര്‍ത്തിയാക്കേണ്ടതുണ്ടോ? ഇബ്‌നു ഉമര്‍(റ) പറഞ്ഞു: അല്ലാഹു നേര്‍ച്ച പൂര്‍ത്തിയാക്കുവാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നബി(സ്വ) ഈ ദിവസം നോമ്പനുഷ്ഠിക്കുന്നതിനെ വിരോധിക്കുകയും ചെയ്യുന്നു. അതിനാല്‍ പാടില്ല. (ബുഖാരി) ഈ ദിവസങ്ങളില്‍ ഐഛികമോ നിര്‍ബന്ധമോ ആയ ഒരു നോമ്പും നോല്‍ക്കാന്‍ പാടില്ല.
അയ്യാമുത്തശ്‌രീഖ്
ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ദുല്‍ഹിജ്ജ പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് തിയ്യതികള്‍ ക്കാണ് അയ്യാമുത്തശ്‌രീഖ് എന്നു പറയുന്നത്. ഈ ദിവസങ്ങള്‍ തിന്നാനും കുടിക്കാനുമുള്ള ദിവസങ്ങളാണെന്നും നോമ്പെടുക്കരുതെന്നും നബി(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. ബലിയറുക്കാനും ആ മാംസം കഴിക്കാനുമെല്ലാം അനുവദിക്കപ്പെട്ടതാണീ ദിവസങ്ങള്‍.
അബൂഹുറയ്‌റ പറയുന്നു: ഈ ദിവസങ്ങളില്‍ വ്രതമെടുക്കരുത്. കാരണം ‘ഇവ ആഹാരപാനീയ ങ്ങള്‍ക്കും ദൈവ സ്മരണക്കുമുള്ളതാണ്’ എന്ന് മിനായില്‍ വിളിച്ചുപറയാനായി നബി(സ്വ) അബ്ദു ല്ലാഹിബ്‌നു ഹുദാഫയെ അയക്കുകയുണ്ടായി (ത്വഹാവീ, ശറഹുമആനില്‍ ആസാര്‍) .
ഈ ദിവസങ്ങളില്‍ ഫര്‍ദോ സുന്നത്തോ ആയ ഒരു നോമ്പും പാടില്ല. എന്നാല്‍ ഹാജിക്ക് ബലിയറുക്കാന്‍ കഴിയാത്തതിനുള്ള പ്രായശ്ചിത്ത വ്രതം അനുഷ്ഠിക്കാന്‍ ഈ ദിനങ്ങളില്‍ നബി(സ്വ)ഇളവു നല്കിയിട്ടുണ്ട്. ഇബ്‌നുഉമര്‍(റ) പറയുന്നു: വല്ലവനും ഉംറ നിര്‍വ്വഹിച്ച് ഹജ്ജ്‌വരെ സ്വതന്ത്രമായി ജീവിച്ചാല്‍ അറഫാദിനത്തിന്റെ മുമ്പായി നോമ്പനുഷ്ഠിക്കണം. ബലിമൃഗം ലഭിക്കാതിരിക്കുകയും അറഫാദിനത്തിന്റെ മുമ്പ് നോമ്പനുഷ്ഠിക്കാതിരിക്കുകയും ചെയ്തവന്‍ മിനായുടെ ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കാം (ബുഖാരി) .
ആജീവനാന്ത വ്രതം
വ്രതം ഏറെ പുണ്യകരമാണ്. പക്ഷേ, മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിഷേധിച്ചുകൊണ്ട് കാലാകാലവും വ്രതം ആചരിക്കുക പുണ്യമല്ല; പാപമാണ്. ഇസ്‌ലാം മനുഷ്യപ്രകൃതിക്ക് സാധിക്കു ന്നതും അനുഗുണമായതും മാത്രമേ കല്പിക്കൂ. തന്റെ അടിമ എന്നും തനിക്കുവേണ്ടി വ്രതമെടുത്ത് കഷ്ടപ്പെടണമെന്നും അങ്ങനെയായാല്‍ അവന് ഏറ്റവും ഉത്തമമായ സ്വര്‍ഗം നല്കാമെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നില്ല. ഈ ഭൂമിയില്‍ ജീവിച്ച് ഇവിടെ അനുവദിച്ചതെല്ലാം നിശ്ചിത അളവില്‍ ഉപയോഗിച്ച് ഭൂമിയും വാനവും സ്വര്‍ഗീയമാക്കാനാണ് അവന്‍ ആവശ്യപ്പെടുന്നത്. നബി (സ്വ) പറഞ്ഞു, ‘എന്നും നോമ്പെടുക്കുന്നവന്ന് നോമ്പേ ഇല്ല'(മുസ്‌ലിം) . തന്റെ ആരാധാനാ ജീവിതം ആരായാന്‍ വന്നവര്‍, എന്നും നോമ്പെടുക്കാനും ഉറങ്ങാതെ നമസ്‌കരിക്കാനും ആരാധനയ്ക്കായി ബ്രഹ്‌മചര്യം സ്വീകരിക്കാനും തീരുമാനമെടുത്തപ്പോള്‍ നബി(സ്വ) അവരെ താക്കീത് ചെയ്യുകയാണുണ്ടായത്.
അനസ്(റ) പറയുന്നു: മൂന്നുപേര്‍ നബി(സ്വ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബി(സ്വ)യുടെ ഭാര്യമാരുടെ വീട്ടില്‍വന്നു. നബി(സ്വ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ക്കത് വളരെ കുറഞ്ഞ് പോയെന്ന് തോന്നി. അവര്‍ പറഞ്ഞു: നാമും നബി(സ്വ)യും എവിടെ? നബി(സ്വ)ക്ക് ചെയ്തുപോയതും പിന്നീട് ചെയ്തുപോയേക്കാവുന്നതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങനെ അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്‌കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ്വ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലേ? അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവനും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്‍. ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കു കയും മറ്റു ചിലപ്പോള്‍ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യും. വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടിക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന്‍ എന്റെ സമൂഹത്തില്‍പ്പെട്ടവനല്ല തന്നെ (ബുഖാരി) .
വര്‍ഷത്തിലെ പകുതി ദിവസത്തിലേറെ നോമ്പനുഷ്ഠിക്കുന്നതില്‍ പുണ്യമില്ലെന്നാണ് നബി(സ്വ) തെര്യപ്പെടുത്തുന്നത്. അംറ്(റ) പറയുന്നു: നബി(സ്വ) എന്നോട് ചോദിച്ചു, നിനക്ക് മാസത്തില്‍ മൂന്ന് നോമ്പ് പോരേ, ഞാന്‍ ഇനിയും ആവശ്യപ്പെട്ടു. അത് അഞ്ച്, ഏഴ്, പതിനൊന്ന്‌വരെ റസൂല്‍ പറ ഞ്ഞു. ഇനിയും എനിക്ക് സാധിക്കും എന്ന് പറഞ്ഞപ്പോള്‍, ദാവൂദ്(അ)ന്റെ നോമ്പിനെക്കാള്‍ നോമ്പില്ല, അദ്ദേഹം മാസത്തിലെ പകുതിദിവസം നോമ്പെടുക്കും ബാക്കി പകുതി നോമ്പുപേക്ഷിക്കും എന്ന് നബി(സ്വ) പറഞ്ഞു (ബുഖാരി) .
വെള്ളിയാഴ്ച
വെള്ളിയാഴ്ച പുണ്യദിനമാണ്. എന്നാല്‍ അന്ന് പ്രത്യേകമായി നോമ്പെടുക്കുന്നത് നബി(സ്വ) വിലക്കിയിരിക്കുന്നു.
മുഹമ്മദ്ബ്‌നു അബ്ബാസ് പറയുന്നു: നബി(സ്വ) വെള്ളിയാഴ്ച നോമ്പനുഷ്ഠിക്കുന്നത് വിരോധിച്ചിട്ടു ണ്ടോ എന്ന് ജാബിര്‍(റ) നോട് ഞാന്‍ ചോദിച്ചു. അതേയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതായത് വെള്ളിയാഴ്ച ദിവസം മാത്രം നോമ്പനുഷ്ഠിക്കുന്നത് (ബുഖാരി) .
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: വെള്ളിയാഴ്ച ദിവസം നിങ്ങളില്‍ ആരുംതന്നെ നോമ്പനുഷ്ഠിക്കരുത്. അതിന്റെ ഒരു ദിവസം മുമ്പോ ഒരു ദിവസം ശേഷമോ നോമ്പനുഷ്ഠിച്ചാല്‍ ഒഴികെ (ബുഖാരി) .
ജുവൈരിയ(റ) പറയുന്നു: അവര്‍ നോമ്പനുഷ്ഠിച്ച ഒരു വെള്ളിയാഴ്ച ദിവസം നബി(സ്വ) അവരു ടെയടുക്കല്‍ പ്രവേശിച്ചു. നബി(സ്വ) ചോദിച്ചു. നീ ഇന്നലെ നോമ്പ് നോറ്റിരുന്നോ? ഇല്ലെന്നവര്‍ പറഞ്ഞു. നാളെ നോമ്പ് നോല്‍ക്കാനുദ്ദേശിക്കുന്നുണ്ടോ എന്ന് നബി(സ്വ) വീണ്ടും ചോദിച്ചു. ഇല്ലെ ന്നവര്‍ പ്രത്യുത്തരം നല്‍കി. നബി(സ്വ) അരുളി: എങ്കില്‍ നീ നോമ്പ് മുറിക്കുക (ബുഖാരി) . റമദാന്‍ നോമ്പ് നോറ്റുവീട്ടുന്നതിനായി വെള്ളിയാഴ്ച മാത്രം നോമ്പെടുക്കാവുന്നതാണ് (ഫത്‌വാ- അല്ലജ്‌നതുദ്ദാഇമ) .
ശനിയാഴ്ച
ശനിയാഴ്ച യഹൂദസമൂഹം പുണ്യമായി കരുതുന്ന ദിവസമാണ്. ആ ദിവസം മാത്രമായി നോമ്പു നോല്ക്കുന്നത് നബി(സ്വ) വിലക്കിയിരിക്കുന്നു. വെള്ളിയുടെയോ ഞായറിന്റെയോ കൂടെ ശനിയാഴ്ച നോമ്പനുഷ്ഠിക്കുന്നതില്‍ തെറ്റില്ല.
നബി(സ്വ) മറ്റു ദിവസങ്ങളെക്കാള്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് നോമ്പനുഷ്ഠിച്ചിരുന്നത്. അവ രണ്ടും ബഹുദൈവാരാധകരുടെ പെരുന്നാള്‍ ദിനങ്ങളായതിനാല്‍ അവര്‍ക്ക് വിപരീതമാവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു എന്ന് അദ്ദേഹം പറയാറുണ്ട് (ഫത്ഹുല്‍ബാരീ) .
നിര്‍ബന്ധമാക്കപ്പെട്ടതല്ലാതെ ശനിയാഴ്ചകളില്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. അന്ന് മുന്തിരിത്തൊ ലിയോ വല്ല മരക്കൊള്ളിയോ മാത്രമാണ് നിങ്ങള്‍ക്ക് കിട്ടിയതെങ്കില്‍ അതെങ്കിലും ചവയ്ക്കുക. (അബൂദാവൂദ്) ഈ ഹദീസുകള്‍ തമ്മില്‍ വൈരുധ്യമില്ല. ശനിയും ഞായറും നോമ്പെടുക്കുന്നത് തെറ്റില്ലെന്നാണ് ആദ്യ ഹദീസ് സൂചിപ്പിക്കുന്നത്. ശനി മാത്രം നോല്‍ക്കുന്നതിനെയാണ് ഈ ഹദീസില്‍ വിലക്കുന്നത്. നിശ്ചയിക്കപ്പെട്ട സുന്നത്ത് നോമ്പിന്റെ ദിനമായോ നിര്‍ബന്ധനോമ്പ് നോറ്റു വീട്ടുന്നതിന്റെ ഭാഗമാമോ ശനിയാഴ്ച മാത്രമായി നോമ്പെടുക്കുന്നതില്‍ തെറ്റില്ല (ഇബ്‌നു ഉസൈമീന്‍, മജ്മൂഉഫതാവാ വ റസാഇല്‍) .
ഭാര്യയുടെ സുന്നത്ത് നോമ്പ്
ഇസ്‌ലാമില്‍ ദാമ്പത്യജീവിതം പുണ്യമാണ്. ആ ജീവിതത്തിലെ ലൈംഗികതയും നന്മയാണ്. നോമ്പ് പകല്‍ സമയത്തെങ്കിലും ലൈംഗികതക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഭാര്യ ഉഭയസമ്മതത്തോടെ മാത്രമേ ഐഛികവ്രതം അനുഷ്ഠിക്കാവൂ. റമദാനിലും റമദാനില്‍ നഷ്ട്‌പ്പെട്ട നോമ്പ് നോറ്റ് വീട്ടുന്നതും പോലെ നിര്‍ബന്ധ നോമ്പുകളില്‍ മാത്രമേ ഭര്‍തൃസമ്മതമില്ലാതെ നോമ്പനുഷ്ഠിക്കാവൂ. ഭര്‍ത്താവ് സ്ഥലത്തുണ്ടായിരിക്കെ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ഭാര്യ, റമദാനിലല്ലാതെ നോമ്പെടുക്കരുത് (ബുഖാരി) . എന്നാല്‍ അനുമതി ചോദിച്ചാല്‍ അത് നല്കാനാണ് ഭക്തനായ ഭര്‍ത്താവ് ശ്രമിക്കേണ്ടത്. കാരണം അവരുടെ പരലോകത്തിന് വിഭവം നല്കുക എന്നത് അയാളുടെ കൂടി ബാധ്യതയില്‍പെട്ടതാണല്ലോ. നോമ്പും നമസ്‌കാരവും മാത്രമായി കഴിഞ്ഞുകൂടി ഭാര്യയോടുള്ള കടമകളില്‍ വീഴ്ചവരുത്തിയ അനുചരനെ നബി(സ്വ) തിരുത്തിയത് ശ്രദ്ധേയമാണ്.
അബൂജുഹൈഫ(റ) പറയുന്നു: നബി(സ്വ) സല്‍മാന്‍(റ)വിനും അബുദ്ദര്‍ദാഅ്(റ)നുമിടയില്‍ സാഹോദര്യബന്ധം സ്ഥാപിച്ചു. അങ്ങനെ ഒരു ദിവസം സല്‍മാന്‍(റ) അബുദ്ദര്‍ദാഅ്(റ)നെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുദ്ദര്‍ദാഇനെ(റ) വസ്ത്രത്തിന്റെ മോടിയിലും മറ്റും യാതൊരു ശ്രദ്ധയുമില്ലാതെ കണ്ടു. അദ്ദേഹം ചോദിച്ചു: നിങ്ങളുടെ പ്രശ്നമെന്താണ്? അവര്‍ പറഞ്ഞു: താങ്കളുടെ സഹോദരന്‍ അബുദ്ദര്‍ദാഅ്(റ)ന് ഐഹിക കാര്യത്തില്‍ യാതൊരു താല്‍പര്യവുമില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അബുദ്ദര്‍ദാഅ്(റ) കയറിവന്നു. സല്‍മാന്‍(റ)വിന്നുവേണ്ടി ഭക്ഷണം തയ്യാറാക്കി കൊണ്ടുവന്ന് പറഞ്ഞു: നിങ്ങള്‍ കഴിച്ചുകൊള്ളുവിന്‍; ഞാന്‍ നോമ്പുകാരനാണ്. സല്‍മാന്‍(റ) പറഞ്ഞു: താങ്കള്‍ ഭക്ഷിക്കാതെ ഞാന്‍ ഭക്ഷിക്കുകയില്ല. പിന്നീട് രാത്രിയായപ്പോള്‍ അബൂദ്ദര്‍ദാഅ്(റ) സുന്നത്ത് നമസ്‌കരിക്കാന്‍ എഴുന്നേറ്റു. സല്‍മാന്‍(റ) പറഞ്ഞു: താങ്കള്‍ ഉറങ്ങൂ. അന്നേരം അയാള്‍ ഉറങ്ങി. വീണ്ടും എഴുന്നേറ്റു. അയാള്‍ വീണ്ടും ഉറങ്ങാന്‍ പറഞ്ഞു. രാത്രിയുടെ അവസാനയാമമായപ്പോള്‍ സല്‍മാന്‍(റ) പറഞ്ഞു: ഇനി എഴുന്നേല്‍ക്കൂ. രണ്ടു പേരും ഒരുമിച്ചു നമസ്‌കരിച്ചു. അനന്തരം സല്‍മാന്‍(റ) പറഞ്ഞു. താങ്കളുടെ രക്ഷിതാവിനോട് താങ്കള്‍ക്ക് കടമയുണ്ട്. താങ്കളുടെ സ്വന്തത്തോടും കടമയുണ്ട,് സഹധര്‍മിണിയോടും കടമയുണ്ട്. എല്ലാവരോടുമുളള കടമകള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. അദ്ദേഹം നബി(സ്വ)യെ സമീപിച്ച് ഈ വിവരങ്ങള്‍ അറിയിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു, സല്‍മാന്‍(റ) പറഞ്ഞത് ശരിയാണ് (ബുഖാരി) .
മാസപ്പിറവി സംശയിക്കപ്പെടുന്ന ദിവസം
റമദാന്‍, ശവ്വാല്‍ മാസപ്പിറവികള്‍ ഉണ്ടാകും എന്ന് സംശയിക്കപ്പെടുന്ന ദിവസങ്ങളില്‍ നോമ്പെടുക്കാന്‍ പാടില്ല. കാരണം റമദാന്‍ മാസം ആരംഭിച്ചാല്‍ മാത്രമേ വ്രതം തുടങ്ങാന്‍ പാടുള്ളൂ. റമദാന്‍ അവസാനിക്കുന്നതും മാസപ്പിറവിയോടെത്തന്നെ. നാളെ റമദാനായിരിക്കും എന്നുകരുതി നോമ്പെടുക്കാനോ നാളെ ശവ്വാലാവുകയില്ലെന്നു കരുതി നോമ്പെടുക്കാനോ പാടില്ല. അതുപോലെ റമദാനിന് തൊട്ടുമുമ്പുള്ള ദിവസവും നോമ്പെടുക്കാനായി തെരഞ്ഞെടുക്കരുത്.
അബൂഹുറയ്‌റ(റ)പറയുന്നു: നബി(സ്വ) അരുളി: റമദാന്‍ നോമ്പിന് ഒന്നോ രണ്ടോ ദിവസം മുന്‍കൂട്ടി നിങ്ങള്‍ നോമ്പു തുടങ്ങരുത്. വല്ലവനും അതിനുമുമ്പ് തന്നെ നോമ്പ് പിടിച്ച്‌വരികയാണെങ്കില്‍ അവന് അങ്ങനെ നോമ്പ് അനുഷ്ഠിക്കാം (ബുഖാരി) .
അമ്മാര്‍(റ) പറയുന്നു: മാസപ്പിറവി ഉണ്ടോ ഇല്ലെയോ എന്ന് സംശയമുള്ള ദിവസം (വ്യക്തമായ തെളിവില്ലാതെ) വല്ലവനും നോമ്പനുഷ്ഠിച്ചാല്‍ അബുല്‍ ഖാസിമിനോട് അവന്‍ വിപരീതം പ്രവര്‍ത്തിച്ചു (തുര്‍മുദി) .
നോമ്പ് ചേര്‍ത്തനുഷ്ഠിക്കല്‍
ഇസ്‌ലാമിലെ വ്രതത്തിന് ഐകരൂപ്യമുണ്ട്. അത് പ്രഭാതോദയത്തോടെ ആരംഭിക്കുകയും സൂര്യാ സ്തമയത്തോടെ അവസാനിക്കുകയും ചെയ്യും. ഭക്തിയുടെ പേരില്‍ ഇതിലേറെ നീട്ടിക്കൊണ്ടു പോകുന്നത് തീവ്രതയാണ്; പാപമാണ്. ഒരു നോമ്പ് ഭക്ഷണം കഴിച്ച് അവസാനിപ്പിക്കാതെ അത് നീട്ടിക്കൊണ്ടുപോകുന്നതും രണ്ടു നോമ്പുകള്‍ ചേര്‍ത്തുപിടിക്കുന്നതും പാടില്ലാത്തതാണ്.
അബൂഹുറയ്‌റ(റ) പറയുന്നു: രാവും പകലും ചേര്‍ത്തിക്കൊണ്ട് നോമ്പനുഷ്ഠിക്കുന്നതിനെ നബി (സ്വ) വിരോധിച്ചു. അപ്പോള്‍ മുസ്‌ലിംകളില്‍പെട്ട ചില മനുഷ്യര്‍ പറഞ്ഞു. നിശ്ചയം, താങ്കള്‍ അപ്ര കാരം നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ? നബി(സ്വ) പ്രത്യുത്തരം നല്‍കി. എന്നെപ്പോലെ നിങ്ങളിലാരുണ്ട്? ഞാന്‍ ഭക്ഷിപ്പിക്കപ്പെടുന്നവനും പാനം ചെയ്യിക്കപ്പെടുന്നവനുമായി രാത്രി കഴിച്ചുകൂട്ടുന്നു. അവര്‍ അതില്‍നിന്ന് വിരമിക്കുവാന്‍ മടികാണിച്ചപ്പോള്‍ അവരെയുമായി നബി(സ്വ) രണ്ടുദിവസം വിസ്വാല്‍ നോമ്പ് അനുഷ്ഠിച്ചു. പിന്നീടവന്‍ ചന്ദ്രപ്പിറവി കണ്ടു. അപ്പോള്‍ നബി(സ്വ) അരുളി: മാസ പ്പിറവി കാണാന്‍ വൈകിയിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ വര്‍ധിപ്പിക്കുമായിരുന്നു. അവര്‍ വിശ്ര മിക്കുവാന്‍ വിസമ്മതം കാണിച്ചപ്പോള്‍ അവരെ ശിക്ഷിക്കുവാന്‍ നബി(സ്വ) ഉദ്ദേശിച്ചതുപോലെ (ബുഖാരി) .
അബ്ദുല്ല(റ) പറയുന്നു: നബി(സ്വ) രാത്രിയും പകലും ഒന്നിച്ച് നോമ്പനുഷ്ഠിച്ചു. അപ്പോള്‍ ജനങ്ങളും അപ്രകാരം ചെയ്തു. ശേഷം അതവര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. അപ്പോള്‍ നബി(സ്വ) അതിനെ വിരോധിച്ചു. അനുചരന്മാര്‍ പറഞ്ഞു. താങ്കള്‍ യോജിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ? നബി(സ്വ) അരുളി: ഞാന്‍ നിങ്ങളെപ്പോലെയല്ല. എന്റെ രക്ഷിതാവ് എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നു (ബുഖാരി) .
References