മസ്ജിദുന്നബവി
മക്കയില്‍ നിന്ന് പലായനം ചെയ്‌തെത്തിയ മുഹമ്മദ് നബി(സ്വ) മദീനയില്‍ നിര്‍മിച്ച പള്ളിയാണ് മസ്ജിദുന്നബവി. ഈത്തപ്പനകളും മുന്തിരിവള്ളികളും ഉപവനങ്ങളും നല്‍കിയ പച്ചവര്‍ണത്തില്‍ നിറഞ്ഞു നിന്നിരുന്ന യസ്‌രിബ് തിരുനബിയുടെ വരവോടെ റസൂലിന്റെ പട്ടണം (മദീനത്തുര്‍റസൂല്‍) ആയി. ആ പട്ടണത്തില്‍ നബി പണിത പള്ളി മസ്ജിദുന്നബവി(നബിയുടെ പള്ളി)യുമായി. സി ഇ 622ലാണ് ഇത് പണിതത്.
പുണ്യംതേടി യാത്ര പോകാവുന്ന മൂന്ന് കേന്ദ്രങ്ങള്‍ മാത്രമാണ് മുസ്‌ലിംകള്‍ക്കുള്ളത്. ഒന്ന് മസ്ജിദുല്‍ഹറാം (മക്ക). രണ്ട്, മസ്ജിദുന്നബവി (മദീന). മൂന്ന് മസ്ജിദുല്‍ അഖ്‌സ്വാ (ഫലസ്ത്വീന്‍). ഹജ്ജും ഉംറയും മക്കയിലാണ്. മസ്ജിദുന്നബവിയിലും മസ്ജിദുല്‍ അഖ്‌സ്വായിലും നിര്‍ബന്ധമോ ഐഛികമോ ആയ യാതൊരു കര്‍മങ്ങളുമില്ല. അവിടങ്ങളിലുള്ള നമസ്‌കാരങ്ങള്‍ ഇതര പള്ളികളിലെ നമസ്‌കാരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലമുണ്ടെന്നാണ് നബി(സ്വ) പറഞ്ഞിട്ടുണ്ട് (മജ്മൂഅ് ഫാതാവാ) 1.
നബി(സ്വ)യുടെ വീടിനും പള്ളിയിലെ പ്രസംഗ പീഠത്തിനും ഇടയിലുള്ള റൗദ മസ്ജിദുന്നബവിയി ലാണ്. തിരുദൂതരുടെയും ഖലീഫമാരായ അബൂബക്കര്‍(റ), ഉമര്‍(റ), എന്നിവരുടെയും ഖബ്‌റുകള്‍ മസ്ജിദുന്നബവിയോട് ചേര്‍ന്നുനില്ക്കുന്ന പ്രവാചക ഭവനത്തിലാണ്. ശില്പകല വിളിച്ചോതുന്ന ഈ പള്ളിയും പരിസരവും പത്തുലക്ഷം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ വിശാലമാണ്.
മസ്ജിദുന്നബവി: ശ്രേഷ്ഠതകള്‍
പുണ്യംതേടി യാത്ര പോകാവുന്ന മൂന്ന് കേന്ദ്രങ്ങള്‍ മാത്രമാണ് മുസ്‌ലിംകള്‍ക്കുള്ളത്. ഒന്ന് മസ്ജിദുല്‍ഹറാം (മക്ക). രണ്ട്, മസ്ജിദുന്നബവി (മദീന). മൂന്ന് മസ്ജിദുല്‍ അഖ്‌സ്വാ (ഫലസ്ത്വീന്‍). ഹജ്ജും ഉംറയും മക്കയിലാണ്. മസ്ജിദുന്നബവിയിലും മസ്ജിദുല്‍ അഖ്‌സ്വായിലും നിര്‍ബന്ധമോ ഐഛികമോ ആയ യാതൊരു കര്‍മങ്ങളുമില്ല. അവിടങ്ങളിലുള്ള നമസ്‌കാരങ്ങള്‍ ഇതര പള്ളികളിലെ നമസ്‌കാരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലമുണ്ടെന്നാണ് നബി(സ്വ) പറഞ്ഞിട്ടുണ്ട്. (മജ്മൂഅ് ഫാതാവാ) 1.
‘മറ്റു പള്ളികളിലെ നമസ്‌കാരത്തെക്കാള്‍(മസ്ജിദുല്‍ഹറാം ഒഴികെ) ആയിരം ഇരട്ടി പുണ്യം എന്റെ ഈ പള്ളിയില്‍വെച്ചുള്ള നമസ്‌കാരത്തിനുണ്ട്’ എന്ന് നബി(സ്വ) മസ്ജിദുന്നബവിയെപ്പറ്റി പറഞ്ഞിട്ടുണ്ട്'(മജ്മൂഅ് ഫാതാവാ). നബി(സ്വ)യുടെ വീടിനും മിമ്പറിനും ഇടയ്ക്കുള്ള ‘റൗദ’ എന്നു വിളിക്കപ്പെടുന്ന അനുഗൃഹീത ഇടം മസ്ജിദുന്നബവിയിലാണെന്ന ശ്രേഷ്ഠതയും ഇതിനുണ്ട്.
തിരുനബി(സ്വ) തന്റെ പ്രവാചക ജീവിതത്തിലെ അവസാന പത്തുവര്‍ഷം ചെലവഴിച്ചത് ഈ പള്ളിയിലാണ്. ദൂതരുടെ ഭാര്യമാരുടെ മുറികളും ഇതിന്റെ ചാരത്തുതന്നെയായിരുന്നു.
മസ്ജിദുന്നബവി: നിര്‍മാണചരിത്രം
ക്രിസ്ത്വബ്ദം 622 ആഗസ്ത് ഒന്നിന് തിരുനബി(സ്വ)യും സന്തത സഹചാരി അബൂബക്‌റും (റ) മദീനയിലെത്തി. ആഹ്ലാദാരവങ്ങള്‍ക്കിടയിലൂടെ നടന്നുനീങ്ങിയ ഖസ്‌വാ ഒട്ടകം റോഡില്‍ നിന്ന് തിരിഞ്ഞ് ഒരു വേലിക്കെട്ടിനകത്തേക്ക് കയറി. ദൈവഹിതമെന്നോണം, വയര്‍ ഭാഗം മണ്ണില്‍ ചേര്‍ത്തുവെച്ച് അവള്‍ മുട്ടുകുത്തി. ബനുന്നജ്ജാര്‍ കുലത്തിലെ രണ്ട് അനാഥ കുട്ടികളുടെ സ്ഥലമായിരുന്നു അത്. അവര്‍ സൗജന്യമായി നല്‍കാമെന്നു സമ്മതിച്ചെങ്കിലും നബി(സ്വ) അത് വില നല്‍കി വാങ്ങി.
അല്ലാഹു നിശ്ചയിച്ചു നല്‍കിയ ആ പാര്‍പ്പിട ഭൂമിയില്‍ തിരുനബിയും സ്വഹാബിമാരും പള്ളി നിര്‍മാണം തുടങ്ങി. ഈത്തപ്പനത്തടികള്‍ തൂണുകളായി. ഇഷ്ടികകളില്‍ ചുമരുയര്‍ന്നു. വടക്കുഭാഗം (ഖിബ്‌ല-ജറൂസലം) കല്ലുകളില്‍ പണിതു. ഈത്തപ്പനയോലയായിരുന്നു മേല്‍ക്കൂര. കുറച്ചുഭാഗം മേല്‍ക്കൂരയില്ലാതെ തുറന്നു കിടന്നു. ഇതിനോടു ചാരി നബി(സ്വ)യുടെ രണ്ടു ഭാര്യമാര്‍ക്കായി രണ്ടു മുറികളും ഉയര്‍ന്നു. കഷ്ടിച്ച് ആയിരം ചതുരശ്രമീറ്റര്‍ വിശാലതയുള്ള ചതുരാകൃതിലുള്ള ഈ കെട്ടിടമാണ് ആദ്യം മദീനയുടെയും പിന്നീട് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെയും ഭരണസിരാകേന്ദ്രമായി മാറിയ മസ്ജിദുന്നബവി.
വര്‍ഷങ്ങള്‍ കടന്നു പോയി. സി ഇ 628(ഹി.7)ല്‍ വിശ്വാസികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ തിരുനബി തന്നെ പള്ളി വിശാലതകൂട്ടാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) ആവശ്യമായ സ്ഥലം വിലയ്ക്കുവാങ്ങി നല്‍കി. 1050ല്‍ നിന്ന് 2475 ചതുരശ്രമീറ്ററായി വര്‍ധിച്ചു അതോടെ പള്ളിയുടെ വിസ്തൃതി. ആദ്യമേയുണ്ടായിരുന്ന മൂന്നുവാതിലുകള്‍ നിലനിര്‍ത്തി.
ഖലീഫ ഉമര്‍(റ) 638(ഹി.17)ല്‍ നടത്തിയ വികസനത്തില്‍ 1100 ചതുരശ്രമീറ്ററാണ് വിസ്തൃതി കൂടിയത്. ‘ബുതൈ്വഹാഅ്’ എന്ന പേരില്‍ ഒരു വരാന്തയും നിര്‍മിച്ചു ഉച്ചത്തിലുള്ള ദിക്‌റ് ചൊല്ലല്‍, കവിതാലാപനം തുടങ്ങിയവ നടത്തുന്നവര്‍ ഈ വരാന്തയില്‍ ഇരിക്കണമെന്നും പള്ളിക്കകം സദാ നിശ്ശബ്ദമാകണമെന്നും ഉമറി(റ)ന് നിര്‍ബന്ധമുണ്ടായിരുന്നു. പള്ളിയുടെ ഉയരം ഇരട്ടിയോളം വര്‍ധിപ്പിച്ച് 4.9 മീറ്ററാക്കുകയും ചെയ്തു. മൂന്നു വാതിലുകളും പുതുതായി സ്ഥാപിച്ചു.
സി ഇ. 650(ഹി.30)ല്‍ ഉസ്മാനും(റ)വികസനം നടപ്പാക്കി. ജുമുഅ ദിവസങ്ങളില്‍ വിശ്വാസികളുടെ നിര റോഡിലേക്കിറങ്ങിയതിനെ തുടര്‍ന്നായിരുന്നു വിസ്തൃതികൂട്ടല്‍. 4072 ചതുരശ്ര മീറ്ററായി വര്‍ധിപ്പിച്ചു കൊണ്ടുള്ള പ്രവൃത്തിയില്‍ കൊത്തിയെടുത്ത കല്ലുകള്‍, സുഗന്ധം പരത്തുന്ന മരം, തേക്ക്, വെള്ള ചുണ്ണാമ്പ് എന്നിവ ഉപയോഗിച്ചിരുന്നു. 10 മാസം നീണ്ടുനിന്നു ഈ നിര്‍മാണ ജോലി.
സി ഇ 707 മുതല്‍ ക്രി. 710 വരെ (ഹി.88-91) മൂന്നു വര്‍ഷം നീണ്ടുനിന്ന നവീകരണത്തിന് നേതൃത്വം നല്‍കിയ ഉമറുബ്‌നു അബ്ദില്‍ അസീസ് ചരിത്രത്തിലെ വലിയ പുനര്‍നിര്‍മാണത്തിലൂടെ പള്ളിയുടെ മുഖച്ഛായ മാറ്റിയെടുത്തു. നബി പത്‌നിമാരുടെ വീടുകള്‍ പള്ളിയിലേക്ക് ചേര്‍ത്തിയപ്പോള്‍ 6440 ചതുരശ്ര മീറ്ററായിത്തീര്‍ന്നു വിസ്തൃതി. വാതിലുകള്‍ ഇരുപതെണ്ണമാക്കി. ആദ്യമായി നാലു ഭാഗത്തും നാലു മിനാരങ്ങളും പണിതു. മിഹ്‌റാബും നിര്‍മിച്ചു. പള്ളിയുടെ ഉള്‍ഭാഗത്തെ ചുമരുകള്‍ മാര്‍ബിള്‍, സ്വര്‍ണ നിറമുള്ള ഇഷ്ടികകള്‍ എന്നിവ പാകിയും മേല്‍ക്കൂര തേക്ക്‌വിരിച്ചും കമനീയമാക്കി.
സി ഇ 782ല്‍ (165 ഹി.) അബ്ബാസി ഖലീഫ മഹ്ദിയാണ് വിസ്തൃതി 8890 ച.മീറ്ററാക്കിയത്. നാലു വാതിലുകള്‍കൂടി സ്ഥാപിച്ചു. മംലൂക്കി ഭരണത്തിന് കീഴിലായിരിക്കെ തീപ്പിടിത്തത്തില്‍ പള്ളിക്ക് കേടുപാട് പറ്റി. ഇതിനെത്തുടര്‍ന്ന് സുല്‍ത്താന്‍ അശ്‌റഫ് ഖായ്തുബായ് ക്രി. 1489(ഹി.886)ല്‍ പള്ളി നവീകരിച്ചു. ഇതോടെ വിസ്തീര്‍ണം 9010 ച.മീറ്ററായി.
പിന്നീട് ഉസ്മാനീ പുനര്‍നിര്‍മാണമാണ് നടന്നത്. ക്രി. 1860 ഓടെ 10303 ചതുരശ്ര മീറ്ററില്‍ തുര്‍ക്കി ശില്‍പകലയോടെ തിരുനബിയുടെ പള്ളി മാര്‍ബിള്‍ തിളക്കത്തില്‍ കുളിച്ചു നിന്നു.
സുഊദി ഭരണ കാലത്തെ മസ്ജിദുന്നബവിയുടെ വികസനങ്ങള്‍
പ്രവാചകന്റെ ഭവനം, മിമ്പര്‍, പടിഞ്ഞാറെ ചുമര്, മിഹ്‌റാബുന്നബി, മിഹ്‌റാബ് സുലൈമാനി, മിഹ്‌റാബ് ഉസ്മാനീ, വലിയ മിനാരങ്ങള്‍ എന്നിവ നിലനിര്‍ത്തി ബാക്കി മുഴുവന്‍ ഭാഗങ്ങളും പൊളിച്ച് മസ്ജിദുന്നബവി പുനര്‍നിര്‍മിച്ച ഉസ്മാനീ ഭരണാധികാരി മജീദ് ഒന്നാമന്‍ മസ്ജിദുന്നബവിയെ പുതിയ ഒന്നാക്കി മാറ്റിയെടുക്കുകയായിരുന്നു. മാര്‍ബിളും ചിത്രപ്പണികളും ചിത്രാങ്കിതഗോപുരങ്ങളും തൂണുകളും ചുമരുകളും മസ്ജിദിന് ദൃശ്യ ചാരുതയേറ്റി.
സുഊദീ ഭരണത്തിന്‍ കീഴില്‍ ഇരു ഹറമുകളും പിന്നീട് വികസനത്തിന്റെ പാതയില്‍ തന്നെയായിരുന്നു. 1952ല്‍ അബ്ദുല്‍ അസീസ് രാജാവ്തുടക്കം കുറിച്ചു. മൂന്നു വര്‍ഷംകൊണ്ട് അഞ്ചുകോടി സുഊദി റിയാലിന്റെ വികസനമാണ് നടന്നത്. ഉസ്മാനികള്‍ നിര്‍മിച്ച 6246 ച.മീറ്റര്‍ വിസ്തൃതിയുള്ള മജീദി കെട്ടിടം പൊളിച്ചു. തെക്കു ഭാഗത്തെ 4056 ച.മീ. ഭാഗം നിലനിര്‍ത്തുകയും ചെയ്തു. കിഴക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ച് കുറച്ച് സ്ഥലം റോഡിനും ബാക്കി പള്ളിക്കും നീക്കി വെച്ചു. 1955ല്‍ പുനര്‍നിര്‍മാണാനന്തരമുള്ള കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോള്‍ 16326 ച.മീറ്ററായിരുന്നു പള്ളിയുടെ വിസ്തൃതി.
തീര്‍ഥാടക പ്രവാഹത്തില്‍ നബി(സ്വ)യുടെ പള്ളി വീര്‍പ്പുമുട്ടിയപ്പോള്‍ ഫൈസല്‍ രാജാവ് സമീപത്തെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി 35000 ചതുരശ്രമീറ്ററില്‍ വിശാലമായ ഒരു ഷെഡ് നിര്‍മിച്ചു. ഇതിന്റെ സ്ഥലമെടുപ്പിനു മാത്രം അഞ്ചുകോടി റിയാല്‍ ചെലവായി. ഈ ഷെഡ് പിന്നീട് പൊളിച്ചു മാറ്റി.
ഫഹ്ദ് രാജാവിന്റെ കാലത്താണ് രണ്ടാം ഘട്ട വികസനത്തിന് സുഊദി ഗവണ്‍മെന്റ് പദ്ധതി തയ്യാറാക്കിയത്. മസ്ജിദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനവും 1994ല്‍ പൂര്‍ത്തിയാക്കിയ ഈ ഘട്ടത്തില്‍ തന്നെയാണ് നടന്നത്.
നിലവിലുണ്ടായിരുന്ന കെട്ടിടത്തെ മൂന്നു ഭാഗത്തും വലയംചെയ്ത് നില്‍ക്കുന്ന മൂന്നുനില കെട്ടിടമാണ് ഫഹദ് രാജാവ് പണിതത്. നാലു ഭാഗത്തും പരന്നു കിടക്കുന്ന മുറ്റവും, അണ്ടര്‍ഗ്രൗണ്ട്, ഗ്രൗണ്ട് ഫ്‌ളോര്‍ എന്നിവയും ചേര്‍ന്ന് 82,000 ച.മീറ്ററുമാണ്‌വിസ്തൃതി. ഇതോടെ മൊത്തം 6,68,000 പേര്‍ക്ക് ഒരേസമയം നമസ്‌കരിക്കാവുന്ന വിധം മസ്ജിദുന്നബവി പരിവര്‍ത്തിതമായി.
മിനാരങ്ങളുടെ എണ്ണം പത്തായി. വൈദ്യുതിയാല്‍ ചലിക്കുന്ന 27 ഖുബ്ബകള്‍, പ്രധാനപ്പെട്ട പത്തെണ്ണം ഉള്‍പ്പെടെ 81 കവാടങ്ങള്‍, മുറ്റത്ത് 151 ഭീമന്‍ വെളിച്ചത്തൂണുകള്‍, നൂറുക്കണക്കിന് ബാത്‌റൂമുകള്‍, എസ്‌കലേറ്ററുകള്‍… അങ്ങനെ കണ്ണഞ്ചിക്കുന്ന ഭംഗിയാല്‍ വിസ്മയക്കാഴ്ചയായി മാറി തിരുദൂതരുടെ പള്ളി.
2010, 2012 വര്‍ഷങ്ങളില്‍ സുഊദി മൂന്നാം ഘട്ട വികസനം അബ്ദുല്ല രാജാവിന്റെ കാലത്തു തുടങ്ങി. മേല്‍ക്കൂരയില്ലാത്ത മുറ്റത്ത് നമസ്‌ക്കരിക്കുന്നവര്‍ക്ക് വെയിലോ മഴയോ ഏല്‍ക്കാതിരിക്കുന്നതിനുള്ള വെള്ള കുടകള്‍ സ്ഥാപിക്കലായിരുന്നു ഇതില്‍ പ്രധാനം. 800 പേര്‍ക്കു വീതം തണല്‍ നല്‍കുന്ന 250 കുടകളാണ് സ്ഥാപിച്ചത്. തുറന്നുവെക്കുമ്പോള്‍ മുല്ലപ്പൂ പോലെയും അടച്ചുവെക്കുമ്പോള്‍ തൂവല്‍ പോലെയുംതോന്നിക്കുന്നതും ഹൈഡ്രോളിക് സംവിധാനത്തില്‍ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്ഥാപിച്ചതുമായ ഈ കുടകള്‍ 2,14,000 പേര്‍ക്ക് തണല്‍ നല്‍കുന്നതാണ്.
എട്ടു ലക്ഷം പേര്‍ക്ക് നമസ്‌കരിക്കാവുന്നവിധം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന ‘അബ്ദുല്ല രാജാവ് പദ്ധതി’യാണ് 2012 മുതല്‍ നടപ്പാക്കി വരുന്നത്.
റൗദ്വ
മുഹമ്മദ് നബി(സ്വ) മസ്ജിദുന്നബവി നിര്‍മിക്കുമ്പോള്‍ അതിനോട് ചാരി രണ്ട് മുറികളും ഉണ്ടായിരുന്നു, നബി(സ്വ)ക്കും ഭാര്യമാരായിരുന്ന സൗദ(റ), ആഇശ(റ) എന്നിവര്‍ക്കുകൂടി താമസിക്കാന്‍. കിഴക്കു ഭാഗത്തായിരുന്നു ഈ മുറികള്‍. ഈ വീടി്‌ന്റെയും നബിയുടെ പ്രസംഗ പീഠത്തിന്റെയും ഇടയിലുള്ള സ്ഥലമാണ് ‘റൗദ’ എന്ന പേരില്‍ അറിയപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ നബി(സ്വ) പണിത പള്ളിയുടെ അത്രയും ഭാഗം; 22 മീറ്റര്‍ നീളം 15 മീറ്റര്‍ വീതി.
പിന്നീടുണ്ടായ പുനര്‍നിര്‍മാണങ്ങളിലെല്ലാം ഈ ഭാഗം തിരിച്ചറിയുന്ന രൂപത്തില്‍ വേര്‍തിരിച്ചു തന്നെ നിര്‍ത്തി. ഇപ്പോള്‍ ഇവിടെ പ്രത്യേകം കാര്‍പ്പെറ്റും വിരിച്ചിരിക്കുന്നു.
നബി(സ്വ)യുടെയും സ്വഹാബിമാരുടെയും ആരാധനാസ്ഥലം മാത്രമായിരുന്നില്ല റൗദ്വ. മറിച്ച് നബി(സ്വ)യില്‍ നിന്ന് അവര്‍ ഖുര്‍ആനും ഇസ്‌ലാമും പഠിച്ചത്, നബി(സ്വ) അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്, അവര്‍ കൂടിയാലോചന നടത്തിയത് എല്ലാം റൗദ്വയില്‍ തന്നെയായിരുന്നു. അന്ന് അതിലുണ്ടായിരുന്ന ഏഴ് തൂണുകള്‍ അതേ പേരില്‍ ഇന്നുമുണ്ട്. നബി(സ്വ)യുടെ കാലത്ത് അവ ഈത്തപ്പനത്തടിയായിരുന്നുവെങ്കില്‍ ഇന്ന് വിലപിടിച്ച വിളക്കുകള്‍ വഹിച്ചു നില്‍ക്കുന്ന മാര്‍ബിള്‍ പൊതിഞ്ഞവയാണെന്നു മാത്രം.
റൗദ്വക്ക് അതീവ ശ്രേഷ്ഠതയുണ്ട്. നബി(സ്വ) പറഞ്ഞു: ‘എന്റെ വീടിന്റെയും എന്റെ മിമ്പറിന്റെയും ഇടയുലുള്ള സ്ഥലം(റൗദ്വ) സ്വര്‍ഗത്തിലെ ആരാമങ്ങളില്‍പെട്ട ഒരു ആരാമമാണ്’ (ബുഖാരി) 2.
നബി(സ്വ)യും സ്വഹാബിമാരും സദാ സഹവസിച്ചിരുന്ന സ്ഥലം എന്ന നിലക്ക് മസ്ജിദുന്നബവിക്കു പൊതുവിലും റൗദ്വക്ക് പ്രത്യേകിച്ചും പ്രാധാന്യമുണ്ട്. അല്ലാഹുവിന്റെ കരുണാ സൗഭാഗ്യവര്‍ഷങ്ങളുണ്ടായ ഇടമാണല്ലോ അത്. ഇതിന്റെ ശ്രേഷ്ഠത പരിഗണിച്ച് ഇവിടെ വന്ന് സുന്നത്ത് നമസ്‌കരിക്കാനും പ്രാര്‍ത്ഥിക്കാനും സ്ത്രീകള്‍ക്കു കൂടി പ്രത്യേക സമയം നിശ്ചയിച്ചു സംവിധാനമേല്‍പ്പെടുത്തിയിട്ടുണ്ട്.
റൗദ്വയുടെ അടുത്ത് തന്നെയാണെങ്കിലും (ആഇശ(റ)യുടെ വീട്ടില്‍) നബി(സ്വ)യുടെ ഖബ്‌റും ഉണ്ട്. പുരുഷന്മാര്‍ക്ക് ഇവിടെ വന്ന് സലാം പറഞ്ഞു പോകാം . സ്ത്രീകള്‍ക്ക് റൗളയിലിരുന്ന് സലാം പറയാം.
നബി(സ്വ)യുടെ ഖബ്ര്‍ റൗദ്വയില്‍ പെടില്ല. കാരണം പത്‌നി ആഇശ(റ)യുടെ മുറിയിലാണല്ലോ ഖബ്‌റുള്ളത്. ആ മുറി നബി(സ്വ)യുടെ കാലത്ത് മസ്ജിദുന്നബവിയുടെ ഭാഗമല്ല. നബി(സ്വ)യുടെ ഖബ്‌റുള്ള ഭാഗമാണ് റൗദ്വ എന്ന ധാരണയാണ് ബഹുഭൂരിപക്ഷം ആളുകള്‍ക്കുമുള്ളത്. അത് തികച്ചും തെറ്റായ ധാരണയാണ്.
മുഹമ്മദ് നബി(സ്വ)യുടെ ഖബ്ര്‍
നബി തിരുമേനി(സ്വ)യുടെ ഖബ്ര്‍ മസ്ജിദുന്നബവിയിലാണെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇത് ശരി യല്ല. പ്രവാചകന്റെ ഖബ്ര്‍ പള്ളിയുടെ ഭാഗമല്ല. നബി(സ്വ)യുടെ ഖബ്‌റിനാണ് റൗള ശരീഫ് എന്ന് പറയുന്നതെന്ന തെറ്റിദ്ധാരണയും സജീവമായി നിലവിലുണ്ട്. നബി(സ്വ) തന്റെ വീട്ടില്‍ നിന്ന് മിമ്പറിലേക്ക് നടന്ന അത്രയും ദൂരമാണ് റൗദ എന്ന ഭാഗം. അഥവാ വീടിനും മിമ്പറിനും ഇടയിലുള്ള ഭാഗം. ഖബ്‌റാകട്ടെ വീട്ടിലുമാണ്.
തിരുമേനി(സ്വ) മരിച്ചപ്പോള്‍ മയ്യിത്ത് എവിടെ മറമാടും എന്ന വിഷയത്തില്‍ സ്വഹാബിമാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായി. നബി(സ്വ)യുടെ മക്കളെയും മറ്റും മറമാടിയ പൊതുശ്മശാനമായ ബഖീഇല്‍(ബഖീഉല്‍ ഗര്‍ഖദ്) തന്നെയാവട്ടെയെന്ന് ഒരു വിഭാഗം പറഞ്ഞു. മസ്ജിദുന്നബവിയിലാവണമെന്നായിരുന്നു മറ്റൊരു പക്ഷത്തിന്റെ അഭിപ്രായ.ം എന്നാല്‍ സ്വിദ്ദീഖുല്‍ അക്ബര്‍(റ) പറഞ്ഞതിങ്ങനെയായിരുന്നു: ‘ഓരോ പ്രവാചകനെയും അവര്‍ മരണപ്പെട്ടതെവിടെയാണോ അവിടെ തന്നെയാണ് മറമാടിയിട്ടുള്ളതെന്ന് നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്’.
ഇതോടെ തര്‍ക്കത്തിന് പരിഹാരമായി. ആഇശ(റ)യുടെ വീട്ടില്‍ അവരുടെ മടിയില്‍ തലവെച്ച് കിടന്നാണല്ലോ ദൂതര്‍(സ്വ) അന്ത്യയാത്രയായത്. ആ മുറിയില്‍ തന്നെ നബി(സ്വ)ക്ക് ഖബ്‌റൊരുക്കി. പില്‍കാലത്ത് തന്റെ അടുത്ത കൂട്ടുകാരും ഖലീഫമാരുമായ അബൂബക്ര്‍ സ്വിദ്ദീഖ്, ഉമറുല്‍ ഫാറൂഖ് (റ) എന്നിവര്‍ക്കും ഖബ്‌റൊരുങ്ങിയത് ഇതിനടുത്തു തന്നെയായിരുന്നു. ഇക്കാലമത്രയും ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) ഈ മുറിയില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്.
പിന്നീട് വലീദുബ്‌നു അബ്ദില്‍മലിക്കിന്റെ കാലത്തു നടന്ന മസ്ജിദുന്നബവി വിപുലീകരണത്തിലാണ് (ഹിജ്‌റ 88) നബിപത്‌നിമാരുടെ വീടുകള്‍ പള്ളിയോട് ചേര്‍ക്കപ്പെട്ടത്. ഇതില്‍ ആഇശ(റ)യുടെ വീടും ഉള്‍പ്പെട്ടെങ്കിലും ഖബ്‌റുകള്‍ പള്ളിയുടെ ഭാഗമാക്കിയില്ല.
നമസ്‌കരിക്കുന്നവരുടെ കാഴ്ച ഖബ്‌റിനുനേരെ വരാതിരിക്കാന്‍ പഞ്ചകോണാകൃതിയിലുള്ള മതില്‍ നിര്‍മിച്ച് ഖബ്‌റുകള്‍ മറച്ചു. പിന്നീട് ഹി. 678ല്‍ സുല്‍ത്താന്‍ ഖലാവൂനാണ് പള്ളിയുടെ മേല്‍ക്കൂരയില്‍ ഖുബ്ബകള്‍ നിര്‍മിച്ചപ്പോള്‍ ഖബ്ര്‍ നില്‍ക്കുന്ന മതില്‍കെട്ടിനു മുകളിലും ഖുബ്ബ പണിതത്. ഖബ്ര്‍ ജനങ്ങളില്‍ നിന്നും സംരക്ഷിക്കാനായിരുന്നു ഇത്. എന്നാല്‍ ഖബ്‌റിനു മീതെ യാതൊരു നിര്‍മാണവും നടത്തിയിട്ടില്ല.
നബി(സ്വ)യുടെ ഖബ്ര്‍ സന്ദര്‍ശിക്കാനായി തീര്‍ഥയാത്ര നടത്താവതല്ല. എന്നാല്‍ മദീനയിലെത്തുന്നവര്‍ക്ക് ഖബ്ര്‍ സന്ദര്‍ശനം എന്ന നിലയ്ക്ക് നബിയുടെ മഖ്ബറ സിയാറത്ത് ചെയ്യല്‍ പുണ്യമുള്ള കാര്യമാണുതാനും.
മുഹമ്മദ് നബി(സ്വ)യുടെ മിമ്പര്‍
മസ്ജിദുന്നബവി നിര്‍മിച്ചതിനുശേഷം ജുമുഅ ഖുതുബ വേളയിലും മറ്റു പ്രഭാഷണ സമയങ്ങളിലും ഒരു ഈത്തപ്പനത്തടിയില്‍ ചാരി നില്‍ക്കലായിരുന്നു നബി(സ്വ). ഇത് ഏറെ നാള്‍ തുടര്‍ന്നപ്പോള്‍ ഒരു സ്വഹാബി(വനിതയാണെന്നും അഭിപ്രായമുണ്ട്) മിമ്പര്‍ നിര്‍മിക്കുന്നതിനെ കുറിച്ച് ദൂതരോട് ചോദിച്ചു. ‘നിങ്ങളുദ്ദേശിക്കുന്നുവെങ്കില്‍ അങ്ങനെയാവട്ടെ’ എന്ന് അവിടുന്ന് മറുപടിയും പറഞ്ഞു.
അങ്ങനെയാണ് ഹിജ്‌റ എട്ടില്‍ മൂന്ന് ചവിട്ടുപടിയുള്ള മിമ്പര്‍ നിര്‍മിക്കുന്നത്. ഇതിന്റെ രണ്ടാം പടിയില്‍ കാല്‍വെച്ച് മൂന്നാം പടിയില്‍ നബി ഇരിക്കും. രണ്ടാം പടിയില്‍നിന്ന് ഖുതുബ നടത്തുകയും ചെയ്യും.
ഖലീഫമാരായ അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍(റ) എന്നിവരെല്ലാം ഈ മിമ്പറില്‍ വെച്ചാണ് ഖുതുബ നടത്തിയിരുന്നത്. അബൂബക്ര്‍ രണ്ടാം പടിയിലും ഉമറും ഉസ്മാനും(റ) ആദ്യ പടിയിലും ഇരുന്നു. മുആവിയ(റ) ഇതിന്റെ പടികള്‍ ഒമ്പതാക്കി വര്‍ധിപ്പിച്ചു. സി ഇ 1226ലെ തീപ്പിടിത്തത്തില്‍ ഇത് കത്തി നശിക്കുകയായിരുന്നു.
നബി(സ്വ) പറഞ്ഞു: ‘എന്റെ വീടിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം(റൗദ്വ) സ്വര്‍ഗത്തിലെ ആരാമങ്ങളില്‍പെട്ട ഒരു ആരാമമാണ്’ (ബുഖാരി) 3. ‘എന്റെ മിമ്പര്‍ ഹൗളുല്‍കൗസറിനു മുകളിലാണ്'(ബുഖാരി) 3 എന്ന് നബി(സ്വ) മറ്റൊരിക്കല്‍ പറയുകയുണ്ടായി.
ബഖീഉല്‍ ഗര്‍ഖദ്
بَقِيع الْغَرْقَد
മസ്ജിദുന്നബവിയുടെ തെക്കു കിഴക്കായി വിശാലമായി പരന്നുകിടക്കുന്ന പുരാതന ശ്മശാനമാണ് പ്രസിദ്ധമായ ബഖീഉല്‍ ഗര്‍ഖദ് അഥവാ ജന്നത്തുല്‍ ബഖീഅ്. 1,80,000 ചതുരശ്ര മീറ്ററാണ് ഇതിന്റെ വിസ്തൃതി. നബി(സ്വ)യുടെ നൂറുകണക്കിനു സ്വഹാബിമാര്‍ അന്ത്യനിദ്രകൊള്ളുന്ന ഈ ശ്മശാനത്തില്‍ തന്നെയാണ് മദീനയില്‍ മരണപ്പെടുന്നവരെ ഇപ്പോഴും മറമാടുന്നത്.
ഖദീജ(റ), മൈമൂന(റ) എന്നിവരൊഴിച്ചുള്ള നബി(സ്വ)യുടെ ഭാര്യമാര്‍, മക്കള്‍, ഖലീഫ ഉസ്മാന്‍(റ) തുടങ്ങിയ സ്വഹാബിമാര്‍, താബിഉകള്‍ എന്നിവരും ഈ മണ്ണിലാണ് നിദ്ര കൊള്ളുന്നത്. അതാത് കാലങ്ങളില്‍ ഇതിന്റെ വിസ്തൃതി വര്‍ധിപ്പിക്കും. ഇതിനകത്ത് സന്ദര്‍ശകര്‍ക്കായി നടപ്പാതയും സംരക്ഷണത്തിന് ചുറ്റും മതിലും നിര്‍മിച്ചിട്ടുണ്ട്. ഇടക്ക് ചില ഭരണാധികാരികള്‍ ഖബ്‌റുകള്‍ക്കുമീതെ ഖുബ്ബകള്‍ പണിതു. എന്നാല്‍ അബ്ദുല്‍അസീസ് രാജാവ് സുഊദിയുടെ ഭരണമേറ്റപ്പോള്‍ ആ ഖുബ്ബകളെല്ലാം പൊളിക്കുകയും തിരുനബി(സ്വ)യുടെയും സ്വഹാബിമാരുടെയും കാലത്തുണ്ടായിരുന്ന അതേരൂപത്തില്‍ നിലനിറുത്തുകയും ചെയ്തു. ഇതല്ലാതെയും മദീനയില്‍ ഖബ്ര്‍സ്ഥാനുകളുണ്ട്.
References
- മജ്മൂഅ് ഫതാവാ വ മഖാലാത്തുന്‍ മുതനവ്വിഅ, ഇബ്‌നി ബാസ്, ഇദാറത്തുല്‍ ബുഹുസില്‍ ഇല്‍മിയ്യ, സുഊദി അറേബ്യ, വാള്യം 17, പേജ് 197[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 61, ഹദീസ് 1196 [↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 61, ഹദീസ് 1196[↩][↩]
