ഖുര്‍ആന്‍ ചരിത്രസാക്ഷ്യങ്ങൾ
ഖുര്‍ആന്‍ മനുഷ്യരോട് സംസാരിക്കുന്നത് വിശ്വാസത്തിന്റെ ഭാഷയിലൂടെയും ചരിത്രത്തിന്റെ തെളിവുകളിലൂടെയുമാണ്. മുന്‍കാല ജനതകളുടെ ജീവിതവും അവരുടെ ഉയര്‍ച്ചയും പതനവും ഖുര്‍ആന്‍ വിശദമായി അവതരിപ്പിക്കുന്നത് വെറും കഥകളായി അല്ല, മറിച്ച് മനുഷ്യചരിത്രത്തിലെ യഥാര്‍ഥ സംഭവങ്ങളായിട്ടാണ്. കാലം മുന്നേറിയപ്പോള്‍ പുരാവസ്തു ഗവേഷണങ്ങളും ചരിത്രപഠനങ്ങളും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പല സംഭവങ്ങള്‍ക്കും വ്യക്തമായ സാക്ഷ്യങ്ങള്‍ നല്‍കുകയാണ്.
ഫിറൗനിന്റെ ശരീരം സംരക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തപ്പെട്ടത്, നശിച്ചുപോയ നാഗരികതകളുടെ അവശിഷ്ടങ്ങള്‍, മരുഭൂമിയില്‍ നിലനില്‍ക്കുന്ന പുരാതന നഗരങ്ങള്‍ എന്നിവ ഖുര്‍ആനിലെ വചനങ്ങള്‍ക്ക് ഇന്നും ജീവിച്ചിരിക്കുന്ന തെളിവുകളായി നിലകൊള്ളുന്നു. ഖുര്‍ആന്‍ ചരിത്രസാക്ഷ്യങ്ങൾ മനുഷ്യരെ ബോധ്യപ്പെടുത്താനും ചിന്തിപ്പിക്കാനും സത്യമാര്‍ഗത്തിലേക്ക് നയിക്കാനുമാണ് അവതരിപ്പിക്കുന്നത്. അതുവഴി ഖുര്‍ആന്‍ കാലാതീതമായ സത്യത്തിന്റെ ദൈവീക സാക്ഷ്യമായി തുടരുന്നു.
കാലം. അതൊരു പ്രഹേളികയാണ്. എന്നു തുടങ്ങി എന്നറിയില്ല. എന്നവസാനിക്കുമെന്നും പറയാനാവില്ല. മനുഷ്യന്റെ അറിവില്‍ പെട്ട കാലം, ചരിത്രകാലമെന്നും ചരിത്രാതീത കാലമെന്നും വ്യവഹരിക്കപ്പെടുന്നു. കാലഘണനയുടെ സൗകര്യാര്‍ഥം ക്രിസ്തുവിന്റെ ജനനം ഒരു ബിന്ദുവായി കണക്കാക്കി അതിനപ്പുറമുള്ള കാലം ബി.സിയെന്നും അതിനിപ്പുറമുള്ള കാലം, വര്‍ത്തമാന കാലമുള്‍പ്പടെ എ.ഡിയെന്നും പറഞ്ഞുവരുന്നു.
ചരിത്രകാലം കൃത്യമായി എന്നുമുതലെന്ന് പറയാനാവില്ല. മനുഷ്യന് എഴുതാന്‍ തുടങ്ങുകയും സംഭവങ്ങള്‍ രേഖപ്പെടുത്തി വെയ്ക്കാനാരംഭിക്കുകയും ചെയ്യുന്നതോടെ ചരിത്ര കാലത്തിന്റെ ആരംഭമായി. രേഖപ്പെടുത്തപ്പെട്ട സംഭവങ്ങള്‍ ചരിത്രമായി പില്കാലക്കാര്ക്കു ലഭിക്കുന്നു. എന്നാല്‍ എഴുത്തും വായനയും വ്യാപകമാകാത്ത കാലത്ത് രേഖപ്പെടുത്തപ്പെട്ടതും ഇന്നും വായിക്കപ്പെടുന്നതുമായ നിരവധി ശിലാലിഖിതങ്ങള്‍ ചരിത്രശേഷിപ്പുകളായി അവശേഷിക്കുന്നു. ചരിത്രാതീത കാലമെന്നാല്‍ ചരിത്രമില്ലാത്ത കാലമെന്നല്ല അര്‍ഥമാക്കുന്നത്. ആ കാലഘട്ടത്തിലെ ചരിത്രം പില്കാലക്കാര്ക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ പോയി എന്നാണ് ഉദ്ദേശ്യം.
ഈ പശ്ചാത്തലത്തിലാണ് വേദഗ്രന്ഥങ്ങളിലെ ചരിത്രകഥാംശങ്ങള് ചര്‍ച്ചാവിഷയമാവുന്നത്. സെമിറ്റിക് മതങ്ങളുടെ പ്രമാണ രേഖകളായ തൗറാത്ത് (തോറ), ഇന്‍ജീല്‍ (ബൈബിള്‍), സബൂര്‍ (സങ്കീര്‍ത്തനങ്ങള്‍) എന്നിവ യഥാക്രമം മൂസാ, ഈസാ, ദാവൂദ് എന്നീ പ്രവാചകന്മാര്ക്ക് ലഭിച്ച ഗ്രന്ഥങ്ങളാണ്. പില്ക്കാലത്ത് മനുഷ്യന്റെ കൈകടത്തലുകള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും അവയില്‍ പരാമര്‍ശിക്കപ്പെട്ട ചരിത്രാംശങ്ങള്‍ പലതും ഇന്നും നിലനില്ക്കുന്നു.
അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനില്‍ പ്രവാചകന്മാരുടെയും അവരുടെ ജനതകളുടെയും ചരിത്രങ്ങള്‍ പരാമര്‍ശമുണ്ട്. ചിലത് വിശദമായും മറ്റുചിലത് ഭാഗികമായും വേറെ ചിലത് കേവല പരാമര്‍ശങ്ങളായും കാണാം. മേല്പറഞ്ഞ വേദഗ്രന്ഥങ്ങളിലെല്ലാം പറഞ്ഞ ചരിത്രങ്ങളും ഉണ്ട്. ചരിത്രാതീത കാലത്ത് നടന്ന കാര്യങ്ങളെ പറ്റി വേറെ വിവരങ്ങ ളൊന്നും ലഭ്യമല്ല. വിശുദ്ധ ഖുര്‍ആനിലെ ചരിത്ര സാക്ഷ്യങ്ങള്‍ ദൈവിക വചനങ്ങളായതിനാല്‍ മുസ്ലിംകള് അവ സംശയമന്യേ വിശ്വസിക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച ചരിത്രശകലങ്ങള്‍ കേവല സങ്കല്പങ്ങളോ ഐതിഹ്യങ്ങളോ അല്ല എന്നതിന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയതും, ഇന്നും ലോകത്ത് സജീവമായി നിലകൊള്ളുന്നതുമായ സാക്ഷ്യങ്ങളുണ്ട്. അഹ്ഖാഫ്, മദായിനു സ്വാലിഹ്, ചാവുകടല്‍ മുതലായവ ഉദാഹരണങ്ങള്‍ മാത്രം. നൈലും ചെങ്കടലും സീനാ മലയും സീനാ താഴ്വരയും ബനൂഇസ്രായേല്‍ സമൂഹവുമെല്ലാം ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനത്തിലേക്ക് നീളുന്ന വിശുദ്ധ ഖുര്‍ആനിന്റെ ചരിത്ര സാക്ഷ്യങ്ങളാണ്.
വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിയും തികച്ചും ചരിത്രകാലത്തെ യാഥാര്‍ഥ്യങ്ങളായതിനാല്‍ യുക്തിവാദികള്‍ പോലും നബിയുടെ ഖുര്‍ആനിന്റെയും ഖുലഫാഉര്റാശികളുടെയും ചരിത്രത്തെ ചോദ്യം ചെയ്തിട്ടില്ല; സാധ്യവുമല്ല. അന്തിമഗ്രന്ഥം ചരിത്രകാലത്ത് അവതരിപ്പിച്ചത് അല്ലാഹുവിന്റെ പ്രത്യേക ആസൂത്രണങ്ങളിലൊന്നാണ്.
കഅ്ബ
അല്ലാഹുവിനെ ആരാധിക്കാനായി ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആദ്യഭവന(ബയ്ത്)മാണ് കഅ്ബ. മുസ്ലിം ലോകത്തിന്റെ ഖിബ്ലയായ കഅ്ബയെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലായി പരാമര്‍ശിക്കുന്നുണ്ട്.
”തീര്‍ച്ചയായും ജനങ്ങള്‍ക്കായി നിര്‍മിക്കപ്പെട്ട ആദ്യഭവനമാണ് ബക്കയില് സ്ഥിതിചെയ്യുന്ന മന്ദിരം” (3: 96).
”ഇബ്റാഹീമിന്ന് നാം ആ മന്ദിരത്തിന്റെ സ്ഥാനം നിര്‍ണയിച്ചു നല്കി” (22:26).
”ഇബ്റാഹീമും ഇസ്മാഈലും ചേര്‍ന്ന് ദൈവിക മന്ദിരത്തിന്റെ അടിത്തറ പടുത്തുയര്‍ത്തിയ വേള അനുസ്മരിക്കുക” (2:127).
കഅ്ബയെക്കുറിച്ച് ‘അല്‍ബയ്ത്’, ‘അവ്വലു ബയ്ത്’ എന്നിങ്ങനെയാണ് ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത്. ക്രിസ്തുവിന് ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച പ്രവാചകന് ഇബ്റാഹീമും മകന് ഇസ്മാഈലും അല്ലാഹുവിന്റെ കല്പന പ്രകാരമാണ് കഅ്ബ പടുത്തുയര്‍ത്തിയത്. ഈ ദൈവികഭവനം അത്യന്തം പ്രൗഢിയോടെ ഇന്നും തലയുയര്‍ത്തി നില് ക്കുന്നു.
അല്‍ മസ്ജിദുല്‍ അഖ്സ്വാ
”നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ചിലത് കാണിച്ചുകൊടുക്കാനായി, തന്റെ അടിമയെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സ്വായിലേക്ക് ഒരു രാത്രികൊണ്ട് പ്രയാണം നടത്തിച്ചവന്‍ എത്ര പരിശുദ്ധന്. അതിന്റെ പരിസരം നാം അനുഗ്രഹീതമാക്കിയിരിക്കുന്നു” (17: 1).
പുണ്യം കാംക്ഷിച്ച് തീര്‍ഥാടനം നടത്താന്‍ മുസ്ലിംകള്ക്ക് അനുവാദം നല്കപ്പെട്ട മൂന്ന് പള്ളികളില്‍ ഒന്നാണ് ഫലസ്ത്വീനിലെ മസ്ജിദുല്‍ അഖ്സ്വാ. അങ്ങേ അറ്റത്തെ പള്ളി; എന്നാണ് ഭാഷാര്‍ഥം. പ്രവാചകന്റെ(സ്വ) കാലത്ത്, മക്കയില്‍ നിന്ന് ഈ പള്ളിയിലേക്ക് ഒരു മാസത്തെ യാത്രാദൂരമുണ്ടായിരുന്നു. മാത്രമല്ല, അതിനപ്പുറത്ത് പള്ളികളുമുണ്ടായിരുന്നില്ല.
മസ്ജിദുല്‍ അഖ്സ്വാ ചരിത്രത്തിലിടംനേടാന്‍ പല കാരണങ്ങളുണ്ട്. ക്രിസ്തുവിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിതമായ പള്ളിയാണിത്. സുലൈമാന്‍ നബി(അ) ഇത് പുതുക്കിപ്പണിതിട്ടുണ്ട്. നിരവധി പ്രവാചകന്മാരുടെ അനുഗൃഹീത സാന്നിധ്യം ഇതിന്റെ ചുറ്റിലുമുണ്ടായിരുന്നു. മുസ്ലിംകളുടെ ആദ്യ ഖിബ്ലയും ഈ പള്ളി ഉള്‍പ്പെടുന്ന ബൈതുല്‍മുഖദ്ദസ് ആയിരുന്നു.
ഇസ്ലാമിക ചരിത്രത്തില്‍ പ്രധാന്യമുള്ള ഇസ്റാഅ് (നിശാ പ്രയാണം) മസ്ജിദുല്‍ അഖ്സ്വായിലേക്കാണ് നടന്നത്. അവിടെ രണ്ടു റക്അത്ത് സുന്നത്ത് നമസ്കാരം നിര്‍വഹിച്ചശേഷമാണ് നബി(സ്വ) ആകാശാരോഹണത്തിന്(മിഅ്റാജ്) പുറപ്പെട്ടത്.
അവകാശവാദങ്ങളുന്നയിച്ച് ക്രൈസ്തവരും ജൂതരും കൈേയറാന്‍ ശ്രമിച്ചപ്പോഴെല്ലാം ഈ അനുഗൃഹീത പ്രദേശം മുസ്ലിംകളെ കണ്ണീരണിയിച്ചിട്ടുണ്ട്. അല്ലാഹു അനുഗ്രഹിച്ച ഈ പുണ്യമസ്ജിദ് മുസ്ലിംകളുടെ പുണ്യഭൂമി, അതങ്ങനെത്തന്നെ നിലനില്ക്കും.
നൂഹ് നബി(അ)യുടെ കപ്പല്‍
”നമ്മുടെ മേല്‍നോട്ടത്തിലും നിര്‍ദേശപ്രകാരവും നീ കപ്പലുണ്ടാക്കുക. അക്രമികളുടെ കാര്യത്തില്‍ നീ നമ്മോട് സംസാരിക്കരുത്. അവര്‍ മുക്കി മശിപ്പിക്കപ്പെടാനിരിക്കുകയാണ്’‘ (11:37).
രാപകല്‍ വ്യത്യാസമന്യേ ഏകദൈവാരാധനയിലേക്ക് സമൂഹത്തെ ക്ഷണിച്ചുകൊണ്ട് ഒമ്പതര നൂറ്റാണ്ടുകാലം നൂഹ് നബി(അ) തന്റെ ദൗത്യനിര്‍വഹണത്തിലായിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ആ ക്ഷണം സ്വീകരിക്കാന്‍ മനസ്സു കാണിച്ചുള്ളൂ. തന്റെ നിസ്സഹായതയും ദൗര്‍ബല്യവും ദൈവത്തിനു മുന്നില്‍ അവതരിപ്പിച്ച പ്രവാചകനോട് അല്ലാഹു കല്പിച്ചു. ‘ഒരു കപ്പല്‍ നിര്‍മിക്കുക. ഭൂമിയെ മുച്ചൂടും മൂടുന്ന പ്രളയം ശിക്ഷയായി അവരെ കാത്തിരിക്കുന്നു’.
സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുള്ള ബാബിലോണിയയിലെ ജനസമൂഹത്തിന് കപ്പല്‍ പരിചയമില്ലല്ലോ. അതിനാല്‍ അതിന്റെ ആകൃതി, നിര്‍മാണ രീതി, സംവിധാനങ്ങള്‍ എന്നിവയെല്ലാം അല്ലാഹു നിര്‍ണയിച്ചു നല്കി.
പലകകള്‍, ആണികള്‍ എന്നിവയെല്ലാം ഉപയോഗിച്ച് (54:13) നൂഹ് നബി(അ) കപ്പല്‍ നിര്‍മാണം തുടങ്ങി. തങ്ങള്‍ക്ക് അപരിചിതമായ വസ്തു നിര്‍മാണത്തിലേര്‍പ്പെട്ട നൂഹി (അ)നെ നിഷേധികള്‍ പരിഹസിച്ചുകൊണ്ടിരുന്നു. അങ്ങനെ എല്ലാ ജീവിവര്‍ഗത്തില്‍ നിന്നുമുള്ള ഇണകളെ വഹിക്കാന്‍ ശേഷിയുള്ള സാമാന്യം വലിയ (11:40) കപ്പലൊരുങ്ങി. മൂന്നൂറ് മുഴം നീളവും അമ്പത് മുഴം വീതിയും രണ്ട് നിലകളുമുള്ളതായിരുന്നു നോഹയുടെ പെട്ടകമെന്ന് ബൈബിള്‍ പറയുന്നുണ്ട് (ഉല്പത്തി 6:14-16) 1
കപ്പല്‍ നിര്‍മാണം പൂര്‍ത്തിയായി. വൈകാതെ അല്ലാഹുവിന്റെ കല്പനയും വന്നു. ആകാശത്തു നിന്ന് മഴ കുത്തിച്ചൊരിഞ്ഞു. ഭൂമിയില്‍ നിന്ന് ഉറവയെടുത്തു. തീയെരിയേണ്ട അടുപ്പുകള്‍പോലും ഉറവ പൊടിച്ചു. പ്രളയം തുടങ്ങിയപ്പോള്‍, എല്ലാ ജീവിവര്‍ഗങ്ങളില്‍ നിന്നുമുള്ള ഇണകളെ കപ്പലില്‍ കയറ്റി രക്ഷപ്പെടാനും നൂഹിനോട് അല്ലാഹു കല്പിച്ചു (11:40).
സര്‍വനാശത്തിനൊടുവില്‍ പ്രളയം ശമിക്കാന്‍ തുടങ്ങി. ആകാശം ജലപാതം നിര്‍ത്തി. ഭൂമി വെള്ളത്തെ വിഴുങ്ങി. ധിക്കാരികളായ സമൂഹം നാശമടഞ്ഞു. കപ്പല്‍ ‘ജൂദി’ മലയില്‍ അണഞ്ഞു. ദിവ്യസംരക്ഷണയില്‍ കഴിഞ്ഞ ഇണജീവികള്‍ കപ്പലില്‍ നിന്ന് ജീവിതത്തിലേക്കിറങ്ങി (11:44, 29:15).
വിശുദ്ധ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ വിശദമായി പ്രതിപാദിച്ച ‘നൂഹിന്റെ കപ്പല്‍’ ചരിത്ര വിസ്മയമായി, അതിന്റെ അടയാളങ്ങള്‍ ബാക്കിവെച്ചിരിക്കുന്നു. മെസപ്പൊട്ടോമിയയിലോ മൂസലിലോ ആണ് ജൂദി മലയെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിരുന്നത്. കാലാന്തരത്തിലെ അതിര്‍ത്തി മാറ്റങ്ങള്‍ പരിഗണിച്ചാല്‍ ഇത് രണ്ടും ശരിയാണ്.
അര്‍മീനിയയിലെ അറാറത്ത് മലനിരകളില്‍പെട്ട ഒരു മലയാണ് ജൂദി. വര്‍ഷങ്ങള്‍ക്കുമുമ്പ് ജൂദിയില്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും അമേരിക്കന്‍ പുരാവസ്തു ഗവേഷകര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.
മഖാമു ഇബ്റാഹീം
കഅ്ബയുടെ വാതിലിന് മുന്‍വശത്ത് സ്ഥിതിചെയ്യുന്ന ഒരു ശിലയാണ് മഖാം ഇബ്റാഹീം. ‘ഇബ്റാഹീം നിന്ന സ്ഥലം’ എന്നാണ് ഈ അറബി പദദ്വയത്തിന്റെ അര്‍ഥം. വിശുദ്ധ ഖുര്‍ആന്‍ ഇത് രണ്ടിടങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്.
1. ‘മഖാമു ഇബ്റാഹീം നിങ്ങള്‍ നമസ്കാരസ്ഥലമാക്കുക’ (2:125).
2. ‘അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. വിശിഷ്യാ മഖാമു ഇബ്റാഹീമില്‍. അവിടെ പ്രവേശിച്ചവന് നിര്‍ഭയനായി…’ (3:97).
കഅ്ബ പടുത്തുയര്‍ത്താന്‍വേണ്ടി ഇബ്റാഹീം നബി(അ) കയറിനിന്നിരുന്ന കല്ലാണ് മഖാമു ഇബ്റാഹീം കൊണ്ടുദ്ദേശിക്കുന്നതെന്ന് ഇബ്നുകസീര്‍(റ) പറയുന്നു. അദ്ദേഹത്തിന്റെ കാല്പാട് അതില്‍ പതിഞ്ഞിരുന്നു. 2.
ത്വവാഫ് കഴിയുമ്പോള്‍ അതിന്നടുത്തുവെച്ച് നമസ്കരിക്കാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. രണ്ട് റക്അത്ത് ആണ് നമസ്കരിക്കേണ്ടത്. ഈ നമസ്കാരം നിര്‍ബ്ബന്ധ കര്‍മമല്ല.
എന്നാല്‍ പില്ക്കാലത്ത് വിശ്വാസികളുടെ ആധിക്യവും ത്വവാഫിനുള്ള അസൗകര്യവും പരിഗണിച്ച് ലോകമുസ്ലിം പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞശേഷം ഈ കല്ല് അല്പം മാറ്റി സ്ഥാപിക്കുകയുണ്ടായി.
ഇപ്പോഴിത് കഅ്ബയുടെ മുന്‍ഭാഗത്ത് പുറത്തുനിന്ന് കാണത്തക്കവിധം ഒരു വലിയ പളുങ്കുകൂട്ടിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഏതാണ്ട് ചതുരാകൃതിയിലുള്ള ഈ പുരാതന ശിലയ്ക്ക് നാലായിരത്തിലധികം വര്‍ഷം പഴക്കമുണ്ട്.
സ്വഫായും മര്‍വയും
വിശുദ്ധ കഅ്ബയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന രണ്ട് ചെറിയ കുന്നുകളാണ് സ്വഫായും മര്‍വയും. ഇബ്റാഹീം നബി(അ)യുടെ സഹധര്‍മിണി ഹാജറുമായും മകന് ഇസ്മാഈലുമായും ഏറെ ബന്ധപ്പെട്ടു നില്ക്കുന്ന മേടുകളാണിത്. ഹജ്ജിന്റെയും ഉംറയുടെയും ഭാഗമായി ഇവ രണ്ടിനുമിടയില്‍ സഅ്യ് നടത്തണം.
നാല് സഹസ്രാബ്ദത്തിലധികം പഴക്കമുള്ള ഈ ചരിത്രപ്രദേശങ്ങളെ ഖുര്‍ആന്‍ പരാമര്‍ശിക്കുകയും അവയെ ദൈവിക മത ചിഹ്നങ്ങളായി വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്.
”സ്വഫായും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാണ്. ആരെങ്കിലും ദൈവിക ഭവനത്തിങ്കലെത്തി ഹജ്ജ്, ഉംറ എന്നിവ ചെയ്യുന്നപക്ഷം അവ രണ്ടിലൂടെയും സഅ്യ് നടത്തുന്നതില്‍ തെറ്റില്ല’‘ (2:158).
ശിശുവായിരിക്കെ, ദാഹിച്ചുവലഞ്ഞ ഇസ്മാഈലിനുവേണ്ടി ഉമ്മ ഹാജര്‍ വെള്ളംതേടി പരക്കം പാഞ്ഞത് സ്വഫായ്ക്കും മര്‍വയ്ക്കും ഇടയിലായിരുന്നു.
ഫിര്‍ഔന്റെ ജഡം
”നിന്റെ പിറകെ വരുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തമാകാന്വേണ്ടി ഇന്ന് നിന്റെ ശരീരം നാം രക്ഷപ്പെടുത്തുന്നു. മനുഷ്യരില്‍ ധാരാളം പേര് അശ്രദ്ധരാണ്” (സൂറ യൂനുസ് 92).
വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിച്ച ചരിത്രം പ്രവാചകന് മൂസാ(അ)യുടെതാണ്. മൂസാ(അ)യുടെ പ്രതിയോഗിയും ഈജിപ്തിലെ കോപ്റ്റിക് വംശജനും ദിവ്യത്വം ചമഞ്ഞ സ്വേച്ഛാധിപതിയുമായ ഫിര്ഔന്(ഫറോവ) ആയിരുന്നുവല്ലോ ഈജിപ്തിലെ ഭരണാധിപന്. ‘ഫിര്ഔന്’ ‘ആലുഫിര്‍ഔന്‍’ എന്നിങ്ങളെ 25 സ്ഥലങ്ങളില്‍ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്.
ബനൂ ഇസ്റാഈലുകാരെ മുഴുവന്‍ അടിമകളാക്കിയും ഖിബ്ത്വികളെ തന്റെ ആജ്ഞാനുവര്‍ത്തികളാക്കിയും അടക്കി ഭരിച്ച ഈ ഫിര്‍ഔനിനെ ഒടുവില്‍ അല്ലാഹു ചെങ്കടലില്‍ മുക്കിക്കൊല്ലുകയാണുണ്ടായത്. ഫിര്ഔന് എന്നത് ഈജിപ്തിലെ രാജവംശത്തിന്റെ പേരാണ്. ചെങ്കടലില്‍ കൊല്ലപ്പെട്ടത് ഏത് ഫിര്‍ഔനാണെന്നതില്‍ രണ്ട് വീക്ഷണങ്ങളുണ്ട്.
മൂസാ നബി(അ) ജനിക്കുന്ന കാലത്ത് റമസീസി രണ്ടാമനാണ് ഭരണത്തിലുണ്ടായിരുന്നത്. ഇയാള്‍ തന്നെയാണ് ചെങ്കടലിലൊടുങ്ങിയത് എന്നാണ് ഒരു വീക്ഷണം. എന്നാല്‍ മദ്യനില്‍ നിന്ന് മൂസാ നബി(അ) തിരിച്ചുവന്നപ്പോഴേക്ക് റമസീസ് രണ്ടാമന് മരിച്ചിരുന്നുവെന്നും അയാളുടെ പുത്രന് മെര്‍നപ്തയാണ് പിന്നീട് വന്നതെന്നും ഇദ്ദേഹമാണ് ചെങ്കടലില്‍ മുങ്ങിമരിച്ചതെന്നുമത്രെ രണ്ടാം പക്ഷം.
റമസീസ് രണ്ടാമനായാലും മെര്‍നപ്തയായാലും മരിച്ച ആ ഫറോവയുടെ ജഡം അല്ലാഹു അന്ന് കടലില്‍നിന്ന് പുറത്തെത്തിച്ചു; എത്ര അഹങ്കരിച്ചാലും ദൈവം ചമഞ്ഞാല് പോലും അവരുടെ അവസാനം മരണമായിരിക്കും എന്ന സത്യം അവരുടെ അനുയായികളെയും പിന്‍ഗാമികളെയും ബോധ്യപ്പെടുത്താന്‍.
മുങ്ങിമരിച്ചതെന്ന് കരുതപ്പെടുന്ന ഫറോവയുടെ ജഡം സി ഇ 1881ല്‍ കടലില്‍ നിന്ന് ലഭിച്ചു. ഈ ജഡം രണ്ടായിരത്തിലേറെ വര്‍ഷക്കാലം സമുദ്രത്തില്‍ കിടക്കുകയായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.
എന്നാല്‍ ആധുനികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പണ്ഡിതരും മിക്കവരും മറ്റൊരു വീക്ഷണമാണ് അവതരിപ്പിക്കുന്നത്. ഫിര്‍ഔനിന്റെ ജഡം കടലില്‍നിന്നും അല്ലാഹു കരക്കെത്തിച്ചതായി ഖുര്‍ആന്‍ പറയുന്നു. പിന്നെങ്ങനെ നൂറ്റാണ്ടുകളോളം അത് നദിയില്‍ കിടക്കും എന്ന് അവര്‍ ചോദിക്കുന്നു.
കരയിലെത്തിയ ജഡം അനുയായികള്‍ രാജകീയമായി തീര്‍ത്ത കല്ലറയില്‍ അടക്കുകയും KV 7 എ ന്ന കല്ലറയില്‍ നിന്ന് പിന്നീട് കണ്ടെടുക്കപ്പെടുകയായിരുന്നുവെന്നും പറയുന്നവരുണ്ട്. മൃതദേഹത്തില്‍ നിന്നു ലഭിച്ച രേഖകളാണ് ഇത് മൂസാ നബി(മോശെ പ്രവാചകന്)യുടെ സമകാലികനായിരുന്നുവെന്ന അനുമാനത്തിന് നിദാനം.
ഫിര്‍ഔനിന്റെ ഈ മമ്മിയില്‍ ഗവേഷണം നടത്തിയതാണ് പ്രമുഖ ഫ്രഞ്ച് ചിന്തകനും ഈജിപ്റ്റോളജിസ്റ്റുമായിരുന്ന ഡോ. മോറിസ് ബുക്കായിയെ ഇസ്ലാമിലേക്കെത്തിച്ചത്. മുങ്ങിമരിച്ചതാണ് ഫിര്‍ഔനിന്റെ മമ്മിയെന്ന് അദ്ദേഹത്തിന് പരിശോധനയില്‍ ബോധ്യപ്പെടുകയുണ്ടായി.
ആദ്സമൂഹത്തിന്റെ വാസസ്ഥലം
”നിങ്ങള്‍ക്ക് കാലാകാലം താമസിക്കാനെന്ന ഭാവേന, ഉയര്‍ന്ന സ്ഥലങ്ങളിലൊക്കെ നിങ്ങള്‍ വൃഥാ പ്രതാപ ചിഹ്നങ്ങളെ കെട്ടിയുയര്ത്തുകയാണോ? ആരെയെങ്കിലും ദ്രോഹിക്കുന്നപക്ഷം നിങ്ങള്‍ നിഷ്ഠൂരന്മാരായി ദ്രോഹിക്കുകയുംചെയ്യുന്നു’‘ (26:128-130).
ഏകദൈവത്തെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും ബഹുദൈവത്വത്തിലും അക്രമവാസനയിലും അതിരുവിടുകയും ചെയ്തതിനാല്‍ നശിപ്പിക്കപ്പെട്ട ആദ്യത്തെ അറബ് സമുദായമാണ് ആദ്. നൂഹ് നബി(അ)യുടെ പിന്മുറക്കാരനായ ഹൂദ് നബി(അ)യുടെ സമുദായമാണിവര്‍.
ഹിജാസിന്റെയും യമന്‍, യമാമ എന്നിവയുടെയും നടുവില്‍ സ്ഥിതിചെയ്യുന്ന അഹ്ഖാഫായിരുന്നു ആദിന്റെ വാസസ്ഥലം. വിശാലമായ ഈ പ്രദേശത്ത് അത്യന്തം പ്രൗഢിയോടെയാണ് ആദുകാര്‍ ജീവിച്ചുപോന്നത്. ‘അവര്‍ കായബലവും ദീര്ഘായുസ്സുമുള്ളവരായിരുന്നു. ആളും അര്‍ഥവും ജലസ്രോതസ്സുകളും വിഭിന്നതരം ഫലങ്ങളുംകൊണ്ട് അനുഗൃഹീതരായിരുന്നു. അവര്‍ക്കു തുല്യം ഒരു ജനം നാടുകളിലൊന്നിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല.’‘ (89:8)
എന്നാല്‍ ഈ അനുഗ്രഹങ്ങള്‍ അവരെ നയിച്ചത് അഹങ്കാരത്തിലേക്കാണ്. ഉന്നത സ്ഥലങ്ങളില്‍ അവര്‍ മനോഹരങ്ങളും ഗംഭീരങ്ങളുമായ കൊട്ടാരങ്ങള്‍ പണിതു. ദുര്‍ബലരെ ക്രൂരമായി ദ്രോഹിച്ചു. ശക്തരായ തങ്ങളെ തോല്പിക്കാന് ഒരു ശക്തിക്കുമാവില്ലെന്ന് ഗര്‍വ് നടിച്ചു.
കൂടാതെ അവരിലേക്ക് നിയോഗിതനായ പ്രവാചകന് ഹൂദിനെ തള്ളിക്കളയുകയും ചെയ്തു. ബഹുദൈവാരാധനയെയും അക്രമത്തെയും ആഢ്യത്വത്തെയും എതിര്‍ത്ത അദ്ദേഹത്തെ വ്യാജവാദിയും വിഡ്ഢിയുമാക്കി. മെയ്യൂക്കുള്ള തങ്ങള്‍ക്കെതിരെ ദൈവികശിക്ഷയിറക്കാന് ആദ് ജനത ഹൂദിനെ വെല്ലുവിളിക്കുകയുംചെയ്തു.
അവരുടെ അഹങ്കാരം അധികകാലം നീണ്ടില്ല. തന്നില്‍ വിശ്വസിച്ചവരെയും കൊണ്ട് നാടുവിടാന്‍ അല്ലാഹു ഹൂദിന് കല്പന നല്കി. തുടര്‍ന്ന് കുളിര്‍മ പകരുന്ന മഴയോടെ ശിക്ഷയുടെ വരവായി. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
”ആദ്സമൂഹം ആഞ്ഞുവീശുന്ന കാറ്റിനാല്‍ നാമാവശേഷമാക്കപ്പെട്ടു. തുടര്‍ച്ചയായി ഏഴുരാവും എട്ടു പകലും അതിനെ അല്ലാഹു അവരുടെമേല്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈത്തപ്പനത്തടികള്‍ പോലെ ജനം വീണു കിടക്കുന്നത് നിനക്ക് കാണാം” (69:6-8).
അജയ്യമെന്ന് സ്വയംധരിച്ച അവരുടെ കോട്ടകളെ നിശ്ശേഷം അല്ലാഹു തകര്‍ത്തുകളഞ്ഞു. കീഴ്പ്പെടുത്താനാവാത്ത മല്ലന്മാരെന്ന് സ്വയംധരിച്ച അവരില്‍ ഒരാളെപ്പോലും ബാക്കിവെക്കാതെ നാമാവശേഷമാക്കി. ഹൂദിനെയും വിശ്വാസികളെയും രക്ഷപ്പെടുത്തുകയുംചെയ്തു.
ഈ മഹാനാഗരികതയുടെ ദുരന്തചിത്രം ഇന്നും അഹ്ഖാഫില്‍ കാണാനാവും, വെറും അവശിഷ്ടങ്ങളായി മാത്രം. സഹസ്രാബ്ദങ്ങളുടെ സ്മൃതിയുണര്‍ത്തി ഈ വിജനപ്രദേശം അവിശ്വാസികള്‍ക്ക് ഭീതിയും താക്കീതുമായാണ് നിലകൊള്ളുന്നത്. സൂറ: ഹൂദ്, അല്ഹാഖ്വ, അല്ഫജ്ര്, അല്‍അഅ്റാഫ്, അശ്ശുഅറാഅ്, ഫുസ്സ്വിലത്ത് തുടങ്ങിയ സൂറകളില്‍ ഈ സംഭവം അല്ലാഹു ഓര്‍മപ്പെടുത്തുന്നു.
ഖാറൂനിന്റെ ദേവാലയം
മൂസാനബി(അ)യുടെ സമകാലികനും ബന്ധുവും ഇസ്റാഈലിയുമായ ധനാഢ്യനായിരുന്നു ഖാറൂന്. അതിസമ്പന്നനായ ഇയാളുടെ കഥ വിശുദ്ധ ഖുര്‍ആനും (28:76-82), ബൈബിളും (സംഖ്യാ പുസ്തകം 31,37) 3 ഹ്രസ്വമായിവിവരിക്കുന്നുണ്ട്.
കണക്കറ്റ സമ്പത്തും ആഴമേറിയ അറിവും നല്കി അനുഗ്രഹിക്കപ്പെട്ട ഖാറൂന് പക്ഷേ, സ്വന്തം ബന്ധുകൂടിയായ പ്രവാചകന് മൂസാ(അ)യെയും ഹാറൂനിനെയും എതിര്‍ത്തു. ഫറോവയെയും ഹാമാനെയും പോലെത്തന്നെ ഖാറൂനും ദൈവദൂതന്മാരോട് പെരുമാറി. സമ്പത്തും വിജ്ഞാനവും തന്നെയായിരുന്നു അയാളെ അഹങ്കാരിയാക്കി മാറ്റിയത്.
സര്വാഡംബരങ്ങളുമണിഞ്ഞ് ജനമധ്യത്തില്‍ അയാള്‍ പ്രത്യക്ഷപ്പെടും. ഇത് കാണുമ്പോള്‍ ഐഹികസുഖം തേടുന്നവര്‍ കൊതിക്കും, ‘ഖാറൂന് ലഭിച്ചതുപോലെ നമുക്കുംലഭിച്ചിരുന്നുവെങ്കില്’ എന്ന്. എന്നാല്‍ വിശ്വാസികള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘അല്ലാഹു നിനക്ക് നന്മ ചെയ്തതുപോലെ നീ ജനങ്ങള്‍ക്കും നന്മ ചെയ്യുക’.
ആഡംബരവും അഹങ്കാരവും അതിരുവിട്ടപ്പോള്‍ അല്ലാഹുവിന്റ ശിക്ഷയുംവന്നു. ഖാറൂനെയും അവന്റെ വസതിയെയും അവന് സമ്പാദിച്ചുകൂട്ടിയതത്രയും ഭൂമിയിലേക്ക് ആഴ്ത്തിക്കളഞ്ഞു. ശേഷം ഭൂമി അതിന്റെ വായ അടയ്ക്കുകയുംചെയ്തു. ജനം നോക്കിനില്‍ക്കെയായിരുന്നു ഈ ഭീകരപതനം അരങ്ങേറിയത്.
ഖുര്‍ആനിലും ബൈബിളിലും ഉള്ള ഈ ചരിത്രകഥയ്ക്ക് ഏകദേശം 3200 വര്‍ഷം പഴക്കമുണ്ടാവും. എന്നാല്‍ ഈജിപ്തില്‍ ഇന്നും ഇതിന്റെ തെളിവുകള്‍ അവശേഷിക്കുന്നു. ഖാറൂനിന്റെ വീട് ഭൂമിയില്‍ ആണ്ടുപോയ സ്ഥലം, ഖാറൂനിന്റെ ദേവാലയം, ഖാറൂനിന്റെ തടാകം എന്നിവ ചരിത്രകുതുകികളെ ആവേശംകൊള്ളിച്ച് ഇന്നും നിലനില്ക്കുന്നു.
ഈജിപ്തിലെ തെക്കന്‍ കൈറോയില്‍ ഇബ്നുതൂലൂന്‍ മസ്ജിദിനു സമീപമാണ് ബിര്ക്കത്തുഖാറൂന് (ഖാറൂന്റെതടാകം) ഉള്ളത്. ചുറ്റിലും ഈത്തപ്പനകള്‍ ഇടതൂര്‍ന്ന് നില്ക്കുന്ന ഈ തടാകമായിരുന്നു ഖാറൂനിന്റെ സമ്പദ്സമൃദ്ധിക്ക് നിദാനം. അല്ഫയ്യൂമിന് സമീപമാണ് ഖാറൂന്റെ ഭൂമിവിഴുങ്ങിയ ഭവനം ഉണ്ടായിരുന്നത്.
തടാകത്തിന് കിലോമീറ്ററുകള്‍ക്കടുത്ത് ഖാറൂനിന്റെ നാലു നിലകളുള്ള ദേവാലയവുമുണ്ട്. രണ്ടു നില ഭൂമിക്കടിയിലും രണ്ടെണ്ണം മുകളിലുമായാണ് ഇത് തലയുയര്‍ത്തി നില്‍ക്കുന്നത്.
ഇരുളടഞ്ഞുകിടക്കുന്ന ഭൂമിക്കടിയിലെ ഭാഗത്താണ് ഖാറൂനിന്റെ ഇരിപ്പിടമുള്ളത്. അദ്ദേഹം ആരാധിച്ചിരുന്ന കല്‍വിഗ്രഹവും തൊട്ടടുത്തായുണ്ട്. ഇത് കാണണമെങ്കില്‍ പ്രകാശ സംവിധാനങ്ങള്‍ വേണം.
കരിങ്കല്ലില്‍ പണിത ഈ ദേവാലയം വിസ്മയ നിര്‍മിതി എന്നതിനപ്പുറം ദൈവനിഷേധത്തിന്റെയും അഹങ്കാരത്തിന്റെയും മാര്‍ഗത്തില്‍ ചരിച്ച ഒരു അതികായന്റെ പതനത്തിന്റെ സ്മാരകശിലകള്‍ കൂടിയാണ്.
ഖാറൂനിന്റെ പര്യവസാനം അനുസ്മരിച്ചുകൊണ്ട് അല്ലാഹു പറയുന്നു. ‘‘ഭൂമിയില്‍ അധര്‍മം പരത്താന്‍ ശ്രമിക്കരുത്. അധര്‍മം പരത്തുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല” (28:77)
അസ്ഹാബുൽ കഹ്ഫിന്റെ ഗുഹ
വിശ്വാസം സംരക്ഷിക്കാനായി, ഗുഹയില്‍ അഭയംതേടിയ ഏതാനും യുവാക്കളുടെ സംഭവകഥ വിശുദ്ധ ഖുര്‍ആന്‍ അല്‍കഹ്ഫ് അധ്യായത്തില്‍ (18:9-26) വിവരിക്കുന്നുണ്ട്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം സത്യവിശ്വാസികള്‍ക്ക് ഗുണപാഠമെന്ന നിലയിലാണ് അല്ലാഹു സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നത്. ആയത്തുകള്‍ വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ചരിത്രപടുക്കളും ഗുഹാവാസികളായ ചെറുപ്പക്കാരുടെ കഥ പറയുന്നുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങളുടെ അപരിമേയതയ്ക്ക് അടിവരയിടുംവിധം ഈ ഗുഹ ഇന്നും നിലനില്‍ക്കുന്നുമുണ്ട്, ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്ന് 140 കിലോമീറ്ററോളം ദൂരത്തുള്ള ജുവൈഫിറില്.
തുര്‍ക്കിയുടെ പടിഞ്ഞാറുഭാഗത്ത് ഈജിയന്‍ കടല്‍ത്തീരത്തെ സ്മിര്ണയില്നിന്ന് അന്‍പത് നാഴിക അകലെ ഒരു പുരാതന റോമന്‍ പട്ടണമുണ്ട്, എഫസൂസ്. ഇതിന് സമീപമുള്ള പര്‍വതത്തിലാണ് ഈ ഗുഹ എന്നാണ് ചരിത്ര പണ്ഡിതന്മാരുടെ നിഗമനം. അബ്ബാസിഖലീഫ അല്വാസിഖിന്റെ കാലത്ത് (ക്രി.വ 842-846) ഈ പര്‍വതത്തില്‍ ഒരു സംഘം നിരീക്ഷണം നടത്തുകയും ‘ഗുഹാനിവാസികളു’ടേത് എന്ന് അനുമാനിക്കാവുന്ന ഒരു ഗഹ്വരം കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പില്കാലത്ത്, അഥവാ ഇരുപതാം ശതകത്തിന്റെ ആരംഭത്തില്‍ പുരാതന സംസ്കൃതികളെക്കുറിച്ച് കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ നടന്നു. അങ്ങനെ കണ്ടെത്തിയതാണ് അമ്മാനിന്റെ സമീപ പ്രദേശത്തെ ഗുഹാപ്രദേശം. ജുവൈഫിറിലെ ഖുര്ബത്തുസ്സൂഖില് കണ്ടെത്തിയ ഈ ഗുഹ ഖുര്‍ആനിന്റെ പരാമര്‍ശങ്ങളോട് കൂടുതല്‍ ചേര്ന്നുനില്ക്കുന്നു.
ഗുഹാപ്രദേശം
പര്‍വതപ്രദേശത്ത് പാറ തുരന്ന് നിര്‍മിച്ചതാണ് ഈ ഗുഹ. ഗുഹയുടെകവാടത്തിന് രണ്ട് മീറ്ററോളം ഉയരമുണ്ട്. ഇതിന് മുന്നില്‍ ‘ഖുര്‍ആന്‍ പറഞ്ഞ അഹ്ലുല്‍ കഹഫിന്റെഗുഹ’ എന്ന് ഇംഗ്ലീഷിലും അറബിയിലും എഴുതിവെച്ചിട്ടുണ്ട്. വേലികെട്ടിത്തിരിച്ച ഒലീവ് വൃക്ഷത്തിന്റെ ബാക്കിപത്രവും കവാടത്തിനു മുന്നില്‍ ഒരു വശത്തുകാണാം.
ഗുഹയുടെ മുന്നില്‍ ഒരു ഉമ്മറപ്പടിയുണ്ട്. ഇതിലാണ് ഗുഹാനിവാസികളുടെ സഹചാരിയെന്ന് ഖുര്‍ആനില്‍ പറഞ്ഞ നായ കിടന്നിരുന്നത്. കവാടം കടന്നെത്തുന്നത് വിശാലമായ ഒരിടത്താണ്. ഇവിടെയാണ് യുവസംഘം കിടന്നിരുന്നത്. ഇവിടെ നടത്തിയ ഖനനത്തില്‍ റോമന്‍ നാണയത്തിന്റെ പൊട്ടുകള്‍, മണ്‍പാത്രത്തിന്റെ അവശിഷ്ടങ്ങള്‍, നായയുടെതലയോട്ടി എന്നിവ ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ഇതിനകത്ത് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു.
ഗുഹയ്ക്കകത്ത് ഏഴ് ഖബ്റുകളുമുണ്ട്. ഇവയില്‍ ആറും ഒഴിഞ്ഞുകിടക്കുകയാണ്. ഒന്നില്‍മാത്രം കുറെ തലയോട്ടികളും അസ്ഥികളുമുണ്ട്. ഏഴുപേരുടെയും അസ്ഥികൂടങ്ങള്‍ പില്ക്കാലത്ത് ഒന്നില്‍ എടുത്തുവെക്കുകയായിരുന്നു. ഈ ഖബ്റിന്നകത്ത് ലൈറ്റിട്ട് വെച്ചതിനാല്‍ ഇവ വ്യക്തമായി കാണാനാവും.
മൂന്നുശതകക്കാലം ഉറങ്ങിക്കിടന്ന ഈ ചെറുപ്പക്കാരെ പിന്നീട് എഴുന്നേല്പിക്കുകയും രാജാവും നാട്ടുകാരും ഈ ദൃഷ്ടാന്തം അറിഞ്ഞ് വൈകാതെ അല്ലാഹു അവരെ മരിപ്പിക്കുകയുമായിരുന്നു. അവരെ പിന്നീട് ആ ഗുഹയില്‍തന്നെ അടക്കംചെയ്യുകയാണുണ്ടായതെന്ന് ചരിത്രകാരന്മാര് പറഞ്ഞിട്ടുണ്ട്.
ഈ മേഖലയില്‍ വേറെയും നിരവധി ഗുഹകളുണ്ട്. എന്നാല്‍ ഖബ്റുകളുടെ എണ്ണം, നായയുടെ അവശിഷ്ടം, സൂര്യപ്രകാശം കടക്കാത്ത അവസ്ഥ തുടങ്ങിയ അടയാളങ്ങളെല്ലാം ഖുര്‍ആന്‍ സൂക്തങ്ങളോട് കൂടുതല്‍ അടുത്തുനില്ക്കുന്നത്, ജുവൈഫിറിലെ റജീബ് ഗുഹയിലാണ്.
അമവി ഭരണത്തില്‍ ഇവിടെ ചില നിര്‍മാണ പ്രവൃത്തികളും നടന്നു. ഗുഹാകവാടം മുസ്ലിം വാസ്തുശില്പ മാതൃകയില്‍ പുനര്‍നിര്‍മിച്ചു. അബ്ദുല്മലികിബ്നു മര്വാന് ഗുഹയുടെ അടുത്ത് ഒരു പള്ളിയും പണിതു.
ഈ ഗുഹയെ അധികരിച്ച് നിരവധി ഗ്രന്ഥങ്ങളും പില്ക്കാലത്ത് പുറത്തിറങ്ങി. ‘ഇക്തിശാഫു കഹ്ഫി അഹ്ലില്കഹ്ഫ്’ എന്ന റഫീഖ് വഫാദുജാനിയുടെ കൃതിയാണ് ഇതില്‍ പ്രധാനം.
ചാവുകടല്‍
”അങ്ങനെ നമ്മുടെ കല്പനവന്നു. ആ രാജ്യത്തെ നാം കീഴ്മേല്‍മറിക്കുകയും അട്ടിയട്ടിയായി ചുടുകട്ടകള്‍ നാം അവരുടെമേല്‍ വര്‍ഷിക്കുകയുംചെയ്തു. അവയില്‍ ഓരോകല്ലും താങ്കളുടെ നാഥന് അടയാളപ്പെടുത്തിയിട്ടുള്ളതായിരുന്നു. ഈ ശിക്ഷ ധിക്കാരികളില്‍ നിന്ന് ഒട്ടും വിദൂരമല്ല” (11:82,83).
സമാനതയില്ലാത്ത വൃത്തികേടുകളില്‍ അഭിമരിച്ച സദൂം നിവാസികള്‍ക്ക് അല്ലാഹു നല്കിയ ശിക്ഷയും സമാനതയില്ലാത്തതുതന്നെ. ലോകാവസാനംവരെയുള്ളവര്‍ക്ക് ഗുണപാഠം നല്കി അത് ഇന്നും അവശേഷിക്കുന്നു. ചാവുകടല്‍ അഥവാ ഡെഡ് സീ.
ചാവുകടല്‍ എല്ലാ നിലയ്ക്കും ഒരു വിസ്മയമാണ്. സമുദ്രനിരപ്പില്‍ നിന്ന് 423 മീറ്റര്‍ (1300 അടിയോളം) താഴെയാണ് ചാവുകടല്‍. ഇതിന്റെ ലവണാശം ഇതര ജലാശയങ്ങളെക്കാള്‍ 8.6 മടങ്ങ് അധികമായതിനാല്‍ ഈ വെള്ളത്തില്‍ ജലജീവികള്‍ക്ക് ജീവിക്കാനാവില്ല. ജലത്തിന്റെ ഉയര്‍ന്ന സാന്ദ്രത മൂലം ഇതില്‍ മനുഷ്യനുള്പ്പെടെയുള്ളവ പൊങ്ങിക്കിടക്കുകയും ചെയ്യും.
ദൈവത്തെ ധിക്കരിക്കുകയും ദൈവദൂതനായ ലൂത്വിനെ പരിഹസിക്കുകയും മാത്രമല്ല, വിഗ്രഹപൂജയും ലൈംഗികാരാജകത്വവും മുഖമുദ്രയാക്കുകയുംചെയ്തിരുന്നു സദൂമുകാര്‍. ഇന്നത്തെ ജോര്‍ദാന്‍, ഇസ്റാഈല്‍ എന്നിവ ഉള്‍പ്പെടുന്ന സ്വദ്ദ്, സന്‍ആ, സഅ്റ, അമൂറ, സദൂം എന്നീ പ്രദേശങ്ങളായിരുന്നു ഈ ജനതയുടെ ആവാസകേന്ദ്രങ്ങള്‍. ലൂത്വിന്റെ ജനതയുടെ ദുര്‍വൃത്തിയും അനുസരണക്കേടും അല്‍അഅ്റാഫ് 80, ഹൂദ് 69, അല്ഹിജ്ര് 51, അശ്ശുഅറാഅ് 160 തുടങ്ങിനിരവധി ഇടങ്ങളില്‍ അല്ലാഹു വിശദീകരിക്കുന്നുണ്ട്.
ഈ സമൂഹത്തെക്കൊണ്ട് ലൂത്ത് നബി പൊറുതിമുട്ടി. ഒരുനാള്‍ ലൂത്വി(അ)ന്റെ വീട്ടില്‍ സുന്ദരന്മാരായ യുവാക്കള്‍ രണ്ട് അതിഥികളായെത്തി. അവരുമായി ലൈംഗിക ദുര്വൃത്തിയിലേര്പ്പെടാനുള്ള ആഗ്രഹവുമായി ആ ജനത ലൂത്വിന്റെ വീട്ടിലേക്ക് ഇരച്ചുകയറി. പ്രവാചകന് അവരെ ഉപദേശിച്ചു, ഗുണദോഷിച്ചു, തടഞ്ഞു. പക്ഷേ, അവര്‍ അനുസരിച്ചില്ല. അദ്ദേഹം നിസ്സഹായനായി. എന്നാല്‍, ദുഷിച്ച ആ ജനത്തിനുമേല്‍ വര്‍ഷിക്കാനിരിക്കുന്ന ദൈവികശിക്ഷയെക്കുറിച്ച് മുന്നറിപ്പുനല്കാനെത്തിയ മാലാഖമാരാണ് ആ സുമുഖന്മാരായ യുവാക്കളെന്ന് പിന്നീട് ലൂത്വ്(അ) തിരിച്ചറിഞ്ഞു.
ആ രാത്രി, പുലര്ന്നപ്പോഴേക്കുതന്നെ ശിക്ഷയും വന്നു. അവിടെ ഒരു തരം വിഷക്കല്ലുകള്‍ വര്‍ഷിക്കപ്പെടുകയും പ്രദേശം കീഴ്മേല്‍ മറിക്കപ്പെടുകയും ചെയ്തു. ഈ ശിക്ഷയില്‍ അകപ്പെടാതെ ലൂത്വി(അ)നെയും വിശ്വാസികളെയും അല്ലാഹു രക്ഷിച്ചു.
ഇസ്റാഈലിന്റെയും ജോര്‍ദാനിന്റെയും ഇടയിലുള്ള ഈ തടാകം സദൂം നിവാസികളുടെ ദുരന്തസ്മാരകമാണ്. 67 മുതല്‍ 80 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ നീളം. 18 കി.മീ വീതിയും 120 മീറ്റര്‍ മുതല്‍ 380 മീറ്റര്‍വരെ ആഴവുമുണ്ട്.
”അപ്പോള്‍ അതിന്റെ ഉയര്‍ന്ന സ്ഥലത്തെ നാം താഴ്ന്നതാക്കി” എന്നാണ് ശിക്ഷയെപ്പറ്റിയുള്ള ഖുര്‍ആനിക പ്രയോഗം. സദൂം സമുദ്രനിരപ്പില്‍ നിന്ന് 653 അടി ഉയരത്തിലായിരുന്നു ഉണ്ടായിരുന്നത്. ശിക്ഷാനന്തരം ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 1300 അടിതാഴെയായി!!
സമൂദിന്റെ വാസസ്ഥലം
”സമൂദും ആദും ആ ഭയങ്കര സംഭവത്തെ നിഷേധിച്ചു. എന്നാല്‍ സമൂദ് ഗോത്രം ഘോരവിപത്തിനാല്‍ നശിപ്പിക്കപ്പെട്ടു” (69:4,5).
മദീനയില്‍ നിന്ന് സിറിയയിലേക്കുള്ള യാത്രാമാര്‍ഗത്തില്‍ സ്ഥിതിചെയ്യുന്ന ‘ഹിജ്ര്’ ആണ് സ്വാലിഹ് നബി(അ)യുടെ സമൂഹമായ സമൂദിന്റെ വാസസ്ഥലം. ഇത് മദാഇന്‍ സ്വാലിഹ് (സ്വാലിഹിന്റെ പട്ടണങ്ങള്‍) എന്ന പേരിലും അറിയപ്പെട്ടിരുന്നു.
ഹൂദ് നബി(അ)യുടെ ജനതയായ ആദ് സമൂഹത്തിന്റെ തകര്‍ച്ചയ്ക്കുശേഷം നാഗരികതയും പരിഷ്ക്കാരവും പ്രാപിച്ച ഒരു സമൂഹം കൂടിയായിരുന്നു സമൂദ്. ഇവര്‍ ആജാനുബാഹുക്കളും ശക്തരുമായിരുന്നു. അതോടൊപ്പം ശില്പവിദഗ്ധരുമായിരുന്നു. വന്‍പാറക്കെട്ടുകള്‍ തുരന്ന് വീടുകള്‍ നിര്‍മിക്കാന്‍ കഴിയുന്നവരുമായിരുന്നു അവര്‍.
സമതലപ്രദേശങ്ങളിലും മലമ്പാറകള്‍ വെട്ടിയെടുത്തും അവര്‍ ഇപ്രകാരം താമസസ്ഥലങ്ങള്‍ നിര്‍മിച്ചു. ഹിജ്ര് പ്രദേശത്ത് നൂറുകണക്കിന് ശിലാഭവനങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രകാരന്മാര് പറയുന്നു.
അതോടൊപ്പം അക്രമകാരികളും മര്ദകരുമായിമാറി സമൂദുകാര്‍. സമൂഹത്തിലെ ഉന്നതര്‍ അഹങ്കാരികളായി. നികൃഷ്ടര്‍ നേതൃത്വം കൈയടക്കി. ഇതിനെല്ലാം പുറമെ അവര്‍ സ്വാലിഹ് നബി(അ)യെ തള്ളി, ബഹുദൈവവാദികളും വിഗ്രഹാരാധകരുമായി. ഒരു ചെറിയവിഭാഗം മാത്രമാണ് സ്വാലിഹിനെ അനുസരിച്ചത്.
ഒടുവില്‍ ആ സമൂഹം സ്വാലിഹില്‍നിന്ന് പ്രവാചകത്വത്തിന് തെളിവ് ആവശ്യപ്പെട്ടു. അല്ലാഹുവിന്റെ സഹായത്താല്‍ അദ്ഭുതകരാമായി ഒരു ഒട്ടകത്തെ അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുത്തി. ഒട്ടകത്തെ ദ്രോഹിക്കരുതെന്നും ദ്രോഹിച്ചാല്‍ നിങ്ങളെ ശിക്ഷ ബാധിക്കുമെന്നും മുന്നറിയിപ്പ് നല്കുകയുംചെയ്തു.
എന്നാല്‍ മുന്നറിയിപ്പിനെ പുച്ഛിച്ചുതള്ളിയ സമൂദിലെ അക്രമികള്‍ ഒട്ടകത്തെ അറുകൊല ചെയ്തു. അതോടെ ശിക്ഷയുടെ വരവറിയിച്ച് സ്വാലിഹ് പറഞ്ഞു.”നിങ്ങള്സ്വന്തം ഭവനങ്ങളില്‍ മൂന്നു നാള് ആനന്ദിച്ചുകൊള്ളുക” (11:65).
മൂന്നാം നാള് രാത്രിയില്‍, അന്ത്യയാമത്തില്‍ ശിക്ഷയെത്തി. ഭീകരമായസ്ഫോടനം. ഒപ്പം വന്‍ ഭൂമികുലുക്കവും. നേരംവെളുത്തപ്പോള്‍ പ്രദേശം മനുഷ്യകബന്ധങ്ങളാല്‍ നിറഞ്ഞു. കന്നുകാലികള്‍ ചവിട്ടിമെതിച്ച വിളപോലെയായിമാറി ആ ജനത. അതിക്രമവും ദൈവനിന്ദയും കാണിച്ചപ്പോള്‍ മുന്‍ഗാമികളായ ആദ് ജനതക്ക് കിട്ടിയതിന് സമാനമായ ശിക്ഷ തന്നെ സമൂദുകാരും ഏറ്റുവാങ്ങി.
മദീനയില്‍ നിന്ന് 450 കിലോമീറ്ററോളം വടക്കുമാറി, മദാഇന്‍ സ്വാലിഹില്‍ സമൂദുകാരുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്. ഹിജാസ് റെയില്‍വേയില്‍ മദാഇന്‍ സ്വാലിഹില്‍ സ്റ്റോപ്പ്തന്നെയുണ്ട്.
യുറോപ്യന്‍ സഞ്ചാരി ഡോട്ടി 1880ല്‍ ഹിജ്റില്വന്നു. അദ്ദേഹം എഴുതുന്നു. ”മലമ്പാറകള്‍ വെട്ടിനിര്‍മിച്ച ഭവനങ്ങള്‍, ക്ഷേത്രങ്ങള്‍, ദര്‍ബാറുകള്‍ എന്നിവയുടെ അവശിഷ്ടം, സ്വാലിഹിന്റെ ഒട്ടകത്തെ അപായപ്പെടുത്തിയസ്ഥലം, അത്വെള്ളംകുടിച്ച കിണര്‍ എന്നിവയും ഇവിടെ കാണാം”.
”നിങ്ങള്കരഞ്ഞുകൊണ്ടല്ലാതെ ഈ നാട്ടില്‍ പ്രവേശിക്കരുത്’‘. ഹിജ്റിലെത്തിയ നബി(സ്വ) സ്വഹാബികളോട് പറഞ്ഞു (അഅ്റാഫ് 73, ഹൂദ് 61, ഇസ്റാഅ് 59, ശുഅറാഅ് 141, നംല് 45, ദാരിയാത്ത് 43, ഹാഖ്വ 5 തുടങ്ങിയ വചനങ്ങളില്‍ ഖുര്‍ആന്‍ ഇക്കഥ അനുസ്മരിക്കുന്നു).
ദുല്ഖര്നൈനിയുടെ മതില്
”ഹേ, ദുര്ഖര്നൈന്, യഅ്ജൂജും മഅ്ജൂജും ഈ നാട്ടില്‍ കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ അങ്ങ് ഒരു സുരക്ഷാമതില്‍ നിര്മിച്ചുതരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് നികുതി നിശ്ചയിക്കട്ടെയോ? അദ്ദേഹം പറഞ്ഞു: എന്റെ നാഥന് എനിക്ക് തന്നിട്ടുള്ളതുതന്നെ ഉത്തമമാണ്. അധ്വാനംകൊണ്ട് നിങ്ങള്‍ എന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായമതില് പണിതുതരാം’‘(വിശുദ്ധ ഖുര്‍ആന്‍, 18:94,95)
ഖുര്‍ആനിന്റെ അവതരണത്തിന് ശതാബ്ദങ്ങള്‍ക്ക് മുമ്പ് ജീവിച്ച ദിഗ്വിജയിയും പ്രജാവത്സലനുമായ ഭരണാധികാരിയായിരുന്നു ദുല്‍ഖര്‍നൈന്‍ (ബി സി ആറാം നൂറ്റാണ്ടില്‍ ജീവിച്ച പേര്‍ഷ്യന്‍ രാജാവ് ഖോറസിനാണ് ദുല്ഖര്നൈനിയുടെ ലക്ഷണങ്ങള്‍ കൂടുതല്‍ യോജിക്കുന്നതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ചരിത്രകാരന്മാരുമായ ഭൂരിപക്ഷവും പറയുന്നു. ഏഷ്യാമൈനര്‍, ബാബിലോണിയ, സിന്ധ്, തുര്‍ക്കിസ്ഥാന്‍, മാസിഡോണിയ, ഈജിപ്ത് തുടങ്ങിയവ ഉള്‍പ്പെടുന്ന വന്സാമ്രാജ്യത്തിനുടമയായിരുന്നു ഖോറസ്).
തന്റെ ജൈത്രയാത്രയില്‍ കാസ്പിയന്‍ കടലിനും കരിങ്കടലിനും ഇടയില്‍ സ്ഥിതിചെയ്യുന്ന കോക്കസസ് മലനിരകളില്‍ ദുല്‍ഖര്‍നൈന്‍ എത്തി. ഇവിടത്തുകാര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതമായിരുന്നു രണ്ട് പര്‍വതങ്ങള്‍ക്കിടയിലൂടെ ഇരമ്പിയെത്തുന്ന യഅ്ജൂജ്, മഅ്ജൂജ്മാരുടെ അക്രമണം (പരിഷ്കൃതരാജ്യങ്ങളില്‍ കൊള്ളയും കൊലയും നടത്തുന്ന ജനവിഭാഗമാണ് യഅ്ജൂജ്-മഅ്ജൂജ് എന്നാണ് ഭൂരിപക്ഷാഭിപ്രായം. കാസ്പിയന്‍ കടലിന് സമീപമാണ് ഇവരുടെ ആവാസഗേഹം). ഇവര്‍ക്ക് തടയിടാന്‍ ഇരുപര്വതങ്ങള്ക്കുമിടയില് ഒരു മതില് നിര്‍മിച്ചുതരണമെന്ന് ദുല്‍ഖര്‍നൈനിയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അങ്ങനെ നാട്ടുകാരുടെ സഹായത്തോടെ അദ്ദേഹം മതില് നിര്‍മിച്ചു.
ഇരുമ്പുകട്ടകള്‍ നിരത്തിവെച്ച് മലകള്‍ക്കിടയിലെ വിടവ് നികത്തി. ഇതിനെ ചുട്ടു പഴുപ്പിച്ചു. ശേഷം അതില്‍ ഈയം ഉരുക്കി ഒഴിച്ചു. അതോടെ തകര്‍ക്കാനാവാത്ത ഒരു വന്മതില് രൂപപ്പെട്ടു. പിന്നീട് അദ്ദേഹം പറഞ്ഞു. ”ഇത് എന്റെ രക്ഷിതാവിന്റെ കാരുണ്യമാണ്. അവന്റെ വാഗ്ദത്ത സമയമെത്തുമ്പോള്‍ അവന് അതിനെ നിരപ്പാക്കിക്കളയും. എന്റെ രക്ഷിതാവിന്റെ വാഗ്ദാനം സത്യമായതത്രെ” (18:98).
നബി(സ്വ)യെ ഉത്തരംമുട്ടിക്കാനായി, ജൂതന്മാരും സത്യനിഷേധികളും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ദുര്ഖര്നൈനിയെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചരിത്രം തിരുനബി അവര്‍ക്ക് വഹ്യിലൂടെ ലളിതമായി പറഞ്ഞുകൊടുക്കുകയാണ്.
അസര്ബീജാനും അര്‍മേനിയയ്ക്കും മധ്യേയുള്ള മലകള്‍ക്കിടയില്‍ കാണപ്പെട്ട ഇരുമ്പ് ഈയം മിശ്രിതം ഈ മതിലിന്റെ അവശിഷ്ടമാവാം എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. കരിങ്കടലിന്റെയും കാസ്പിയന്‍ കടലിന്റെയും ഇടയ്ക്കുള്ള കോക്കസസ് പ്രദേശത്താണെന്ന അഭിപ്രായവുമുണ്ട്.
References
- https://www.wordproject.org/bibles/ml/01/6.htm#0[↩]
- തഫ്സീറു ഇബ്നു കസീര്‍, അബുല്‍ ഫിദാഅ് ഇസ്മാഈലുബ്നു ഉമറബ്നി കസീര്‍ അല്‍ ഖുറശീ അല്‍ ബസ്വരീ, ദാറു ത്വയ്ബ ലിന്നശ്രി വത്തൗസീഅ്, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 417[↩]
- https://www.wordproject.org/bibles/ml/04/31.htm#0[↩]
