അറബി തഫ്സീറുകള്‍, അതിന്റെ പാരമ്പര്യം ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രത്തിലെ ബൗദ്ധികവും ആത്മീയവുമായ വൈവിധ്യത്തെ വ്യക്തമാക്കുന്നതാണ്. ഓരോ കാലഘട്ടത്തിലും ജീവിച്ച മുഫസ്സിറുകള്‍ അവരുടെ സാമൂഹിക സാഹചര്യങ്ങളും ബൗദ്ധിക പശ്ചാത്തലങ്ങളും പരിഗണിച്ച് ഖുര്‍ആന്‍ വ്യാഖ്യാനം അവതരിപ്പിച്ചു. അതുവഴി ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം കാലത്തിനനുസരിച്ച് വികസിച്ച ഒരു ജീവിച്ചിരിക്കുന്ന പാരമ്പര്യമായി മാറി.
വിശുദ്ധ ഖുര്‍ആനിന്ന് അറബികള്‍ക്ക് വിവര്‍ത്തനം ആവശ്യമില്ല. എന്നാല്‍ വിശദീകരണം ആവശ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ തഫ്സീറുകള്‍ ആരംഭിച്ചത് അറബി ഭാഷയിലാണ്. ഹിജ്റ മൂന്നാം നൂറ്റാിന്റെ അന്ത്യദശകങ്ങളിലാണ് അറബി ഭാഷയില്‍ തഫ്സീറുകള്‍ രൂപം കൊള്ളുന്നത്. മുഹമ്മദ്ബ്നു ജരീരിത്ത്വബ്രി(ഹി.224-310 ക്രി: 839-923)യാണ് അറിയപ്പെട്ട മുഫസ്സിറുകളില്‍ പ്രഥമഗണനീയന്‍. തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ നിരവധി തഫ്സീറുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ന് അറബിയില്‍ ചെറുതും വലുതുമായ അനേകം തഫ്സീറുകളുണ്ട്. പ്രമുഖരായ ഏതാനും മുഫസ്സിറുകളുടെ ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുകയാണ്.
തഫ്സീറുല്‍ മനാര്‍
‘തഫ്സീറുല്‍ ഖുര്‍ആനില്‍ ഹകീം’ എന്ന പേരിലറിയപ്പെടുന്ന തഫ്സീര്‍ അല്‍മനാര്‍, പേര് ദ്യോതിപ്പിക്കുന്ന പോലെ ആധുനിക ലോകത്തിന്റെ വിളക്കുമാടം തന്നെയായിരുന്നു. റശീദുരിദാ എന്ന പേരില്‍ പ്രസിദ്ധനായ മുഹമ്മദ് റശീദ്ബ്നു അല്ലിയ്യി റിദായാണ് (ഹി:1282-1354) അല്‍മനാറിന്റെ കര്‍ത്താവ്. തന്റെ ‘അല്‍മനാര്‍’ മാസികയില്‍ പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ വ്യാഖ്യാനം പിന്നീട് തഫ്സീറുല്‍ മനാര്‍ എന്ന പേരില്‍ ഗ്രന്ഥരൂപത്തില്‍ പുറത്തിറക്കുകയാണുണ്ടായത്.
തഫ്സീറുല്‍ മനാറിന്റെ രചനയ്ക്ക് റശീദ് റിദയ്ക്ക് പ്രചോദനമായത് തന്റെ ഗുരുവും നവോത്ഥാന കാലഘട്ടത്തിന്റെ മുഫസ്സിറുമായ ശൈഖ് മുഹമ്മദ് അബ്ദ(ക്രി. 1849-1905) ആയിരുന്നു. അല്‍അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍ ശൈഖ് മുഹമ്മദ് അബ്ദ നടത്തിയ പ്രഭാഷണത്തിന്റെ രത്നച്ചുരുക്കമാണ് അല്മനാറില് പ്രസിദ്ധീകരിച്ചിരുന്നത്. ക്രി. 1899 മുതല്‍ 1905 വരെ തുടര്‍ച്ചയായി ശൈഖ് നടത്തിയ ക്ലാസുകളില്‍ പങ്കെടുത്ത് ഗുരുവിന്റെ വ്യാഖ്യാനങ്ങളും ചിന്തകളും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ അംഗീകാരം നേടിയ ശേഷമാണ് അവ അല്‍ മനാറില്‍ പ്രസിദ്ധീകരിച്ചിരുന്നത്. സൂറ. ഫാത്തിഹ മുതല്‍ സൂറ. നിസാഇലെ വചനം 126 വരെ അദ്ദേഹം അസ്ഹറിലെ ക്ലാസിലൂടെ വിശദീകരിച്ചു. 1905ല്‍ മുഹമ്മദ് അബ്ദ മരണപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗാനന്തരം ഖുര്‍ആന്‍ വ്യാഖ്യാനം തുടര്‍ന്നും പ്രസിദ്ധീകരിച്ചു. 36 വര്‍ഷം നീണ്ടുനിന്ന ഈ യത്നം സൂറ. യൂസുഫിലെ വചനം 101ല്‍ നിലച്ചു. സി ഇ.1935ല്‍ അദ്ദേഹം അല്ലാഹുവിന്റെ വിളിക്കുത്തരമേകി. കൈറോയിലെ ദാറുല്‍ മനാര്‍ പന്ത്രണ്ട് വാള്യങ്ങളിലായി ഇതിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു.
തഫ്സീര്‍ സുയൂഥി
സിഇ 1445 (ഹിജ്റ 849)ല്‍ ജനിച്ച ഹാഫിള് ജലാലുദ്ദീന്‍ അബുല്‍ ഫള്ല് അബ്ദുറഹ്മാന് അസ്സുയുഥിയാണ് ഗ്രന്ഥകര്‍ത്താവ്. അദ്ദേഹത്തിന്റെ അഞ്ചാം വയസ്സില്‍ പിതാവ് മരണപ്പെട്ടതോടുകൂടി അനാഥനായാണ് വളര്‍ന്നത്. എട്ടാമത്തെ വയസ്സില്‍ ഖുര്‍ആന്‍ മുഴുവന്‍ ഹൃദ്യസ്ഥമാക്കി. രണ്ടായിരത്തിലധികം ഹദീസുകളും സനദോടു കൂടി മനഃപ്പാഠമാക്കുകയുണ്ടായി. അഞ്ഞൂറോളം ചെറുതും വലുതുമായ രചനകള്‍ നടത്തിയിട്ടുണ്ട്. അവയില്‍ ലോകപ്രശസ്തമായ രചനയാണ് തഫ്സീറുസുയൂഥി. ഒരു കവി കൂടിയായിരുന്നു ഇമാം സുയൂഥി. ഹിജ്റ 911, 62-ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു.
തഫ്സീര്‍ സുയൂഥി എന്ന പേരില്‍ അറിയപ്പെടുന്ന തഫ്സീറിന്റെ യഥാര്‍ഥ പേര് ‘അദ്ദുററുല്‍ മന്‍സൂര്‍ ഫീ തഫ്സീറില്‍ മഅ്സൂര്‍‘ എന്നാകുന്നു. തന്റെ രചന മെച്ചപ്പെടുത്തുവാന്‍ വേണ്ടി പല മാര്‍ഗങ്ങളും പിന്നിട്ട ശേഷമാണ് ഇമാം സുയൂഥി തഫ്സീറിന്റെ രചന പൂര്‍ത്തീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നുതന്നെ നമുക്കിത് മനസ്സിലാക്കാം: ‘ ഞാന്‍ പ്രവാചകന്റെ ഖുര്‍ആന്‍ വിശദീകരണം സനദോടുകൂടി ശേഖരിച്ചു. പതിനായിരത്തില്‍ ചില്ലാനം മര്‍ഫൂഉം മൗഖൂഫുമായ ഹദീസുകളായിരുന്നു അതിലുള്ളത്. നാലു വാള്യങ്ങളിലായി അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. അതിന് തര്‍ജ്ജുമാനുല്‍ ഖുര്‍ആന്‍ എന്ന പേരിടുകയും ചെയ്തു. തര്ജ്ജുമാന്റെ രചന പൂര്‍ത്തിയായപ്പോള്‍ അതിലെ അസറുകളില്‍ ഭൂരിപക്ഷത്തിന്റെ പരമ്പരകളും വ്യത്യസ്ത വഴികളിലായി ചിതറിക്കിടക്കുന്നവയായിരുന്നു എന്നു മനസ്സിലായി. അത് കണ്ടെത്താന്‍ വായനക്കാരന് പ്രയാസപ്പെടുമെന്ന് മനസ്സിലാക്കിയത് കൊണ്ട് പരമ്പര (സനദ്) ഒഴിവാക്കി രചന നടത്താന്‍ തീരുമാനിച്ചു’. ഇങ്ങനെ പൂര്‍ത്തീകരിച്ചതിന് അദ്ദേഹം അദുററുല്‍ മന്‍സൂറു ഫി ത്തഫ്സീറില്‍ മഅ്സൂരി എന്ന് പേര് നല്‍കുകയും ചെയ്തു (അത്തഫ്സീറു വല്‍ മുഫസ്സിറൂന്‍)
സുയൂഥിയുടെ മറ്റൊരു പ്രധാന ഗ്രന്ഥമാണ് തഫ്സീര്‍ ജലൈലാനി. രണ്ട് ജലാലുമാര്‍ എന്നാണ് ജലൈലാനി എന്ന വാക്കിന്നര്‍ഥം. ജലാലുദ്ദീന്‍ മഹല്ലിയും ജലാലുദ്ദീന്‍ സുയൂഥിയും ചേര്‍ന്നെഴുതിയ മേല്‍ ഗ്രന്ഥം പണ്ഡിതലോകത്ത് വന്‍ സ്വീകര്യതയാണ് ലഭിച്ചത്.
തഫ്സീറു ശൗക്കാനി
തഫ്സീറുകളുടെ അടിസ്ഥാനമായിട്ടും അവലംബമായും വിശേഷിപ്പിക്കപ്പെടുന്ന തഫ്സീര്‍ ആണ് ഇമാം ശൗക്കാനിയുടെ ‘ഫത്ഹുല്‍ ഖദീര്‍’. ബാക്കിയുള്ള തഫ്സീറുകളെ സംയോജിപ്പിച്ചും പരിഗണിച്ചും എഴുതപ്പെട്ട ഫത്ഹുല്‍ ഖദീര്‍ ഹിജ്റ 1223 റബീഉല്‍ അവ്വല്‍ മാസത്തില്‍ ആണ് പുറത്തിറങ്ങുന്നത്.
തന്റേതായ പ്രത്യേക ചിന്തയിലും മാര്‍ഗത്തിലുമാണ് ഇമാം ശൗക്കാനി ഫത്ഹുല്‍ ഖദീര്‍ രചിക്കുന്നത്. തഫ്സീറുകളെ വിശദീകരണത്തിന്റെയും സ്വാധീനത്തിന്റെയും ബുദ്ധിയുടെയും അടിസ്ഥാനത്തില്‍ സംയോജിപ്പിച്ച ശൗക്കാനി(റ) തഫ്സീര്‍ രചനയില്‍ ഒരു പുതിയ പാത തുറന്നു. ആയത്തിന്റെ ആശയം ആദ്യം പറഞ്ഞ് പിന്നീട് വിശദീകരിക്കുന്ന ഒരു ശൈലിയാണ് അദ്ദേഹം അവലംബിച്ചത്. ആയത്തുകള്‍ പരസ്പരമുള്ള ചേര്‍ച്ച വിശദീകരിക്കുന്ന ഫത്ഹുല്‍ ഖദീര്‍ ഭാഷയുടെ സാംഗത്യവും പ്രയോഗവും വ്യക്തമാക്കുന്നുണ്ട്.
പ്രശസ്തമായ ഏഴ് പാരായണ രീതികളെയും അതിന്റെ ആശയതലങ്ങളെയും വിശദീകരിക്കുകയും മദ്ഹബിന്റെ പണ്ഡിതന്മാരുടെ യോജിപ്പുകളും വിയോജിപ്പുകളും ചര്‍ച്ച ചെയ്യു കയും വ്യത്യസ്ത അഭിപ്രായങ്ങളില്‍ പ്രമാണ ബദ്ധമായി എങ്ങനെ നിലപാടുകള്‍ സ്വീകരിക്കണമെന്നതിന്റെ ഇജ്തിഹാദ് വശം മനോഹരമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ധാരാളം വിഷയങ്ങളില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി കണ്ടെത്തിയതായും കാണാം.
തഖ്ലീദിനെ ശക്തമായി വിമര്‍ശിച്ച അദ്ദേഹം തെളിവുകളുടെ അടിസ്ഥാനത്തില്‍ അതിനെ പുറം തള്ളുകയും ചെയ്തു. ഒരുപാട് വിമര്‍ശങ്ങള്‍ നേരിട്ടെങ്കിലും പ്രവാചകാധ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ അവയെ ഫത്ഹുല്‍ ഖദീര്‍ ദൂരെയെറിഞ്ഞു കളഞ്ഞു. മുഅ്തസില പോലുള്ള കക്ഷികളെ ശക്തമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത ഫത്ഹുല്‍ ഖദീര്‍ സലഫി ചിന്താധാരയാണ് തഫ്സീറില്‍ പ്രകടിപ്പിക്കുന്നത്. അല്ലാഹു എന്താണോ സ്വയം വിശേഷിപ്പിച്ചിട്ടുള്ളത് അതേ സ്ഥാനത്ത് തന്നെ നില്‍ക്കണമെന്നും വ്യാഖ്യാനം പാടില്ല എന്നുമുള്ള അഹ്ലുസ്സുന്നയുടെ നിലപാടാണ് ഫത്ഹുല്‍ ഖദീറിനുള്ളത്.
ഈ തഫ്സീര്‍ രചിക്കാന്‍ ഇമാം ശൗക്കാനി പ്രധാനമായും അവലംബമാക്കിയത് അബ്ദുറസാഖ് സമഖ്ശരി, ഇബ്നു ഉത്വയ്യ ദിമശ്ഖി, ഇബ്നു ഉത്വയ്യ ഉന്ദുലൂസി, അബ്ദു ബിന്‍ ഹമീദ്, ത്വബ്രീ, ഖുര്‍ത്വുബി, ഇബ്നു അബീ ഹാതിം, സഅ്ലബീ എന്നിവരുടെ ഖുര്‍ആന്‍ തഫ്സീറുകളും, മുസ്നദ് അഹ്മദ്, മുസ്വന്നഫ് ഇബ്നു അബീശൈബ എന്നീ ഹദീസ് ഗ്രന്ഥങ്ങളും, ഇബ്നു ഖുതയ്ബ, അസ്ഹരി, ഇബ്നു ദുറൈദ്, ജൗഹരി, അബീ ജഅ്ഫര്‍, സുജാജ് എന്നിവരുടെ ഭാഷാ ഗ്രന്ഥങ്ങളുമാണ്.
തഫ്സീറു ഖുര്‍ത്വുബി
ഹിജ്റ 671-ല്‍ മരണപ്പെട്ട ഇമാം അബ്ദുല്ല മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ അന്‍സ്വാരീ അല്‍ ഖുര്‍ത്വുബിയുടെ പരിശുദ്ധ ഖുര്‍ആന്‍ തഫ്സീര്‍ ആണ് അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍. ഓരോ ആയത്തില്‍ നിന്നും ലഭിക്കേണ്ട വിധികള്‍ കണ്ടെത്തി എന്നതാണ് ഈ തഫ്സീറിന്റെ പ്രത്യേകത. ഈ ശൈലി പിന്തുടര്‍ന്ന ഏക തഫ്സീര്‍ ഇതാണ്.
തന്റെ തഫ്സീര്‍ രചനയുടെ ശൈലിയെക്കുറിച്ച് ഖുര്‍ത്വുബി പറയുന്നത് ഇങ്ങനെയാണ്: ‘ഒരു തഫ്സീര്‍ രചിക്കുകയാണെങ്കില്‍ അതില്‍ എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഖുര്‍ആനിന്റെ വ്യാഖ്യാനവും ഭാഷയും പാരായണവും അഭിപ്രായങ്ങളും ഹദീസുകളും എല്ലാം ഉണ്ടാവേണ്ടതുണ്ട്’.
ഈ തഫ്സീര്‍ കുറ്റമറ്റതാക്കാന്‍ അദ്ദേഹം സ്വീകരിച്ച നിബന്ധനകള്‍ ‘അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്റെ’ മാറ്റ് വര്‍ധിപ്പിക്കുന്നു. വാക്കുകള്‍ അത് പറഞ്ഞയാളിലേക്കും ഹദീസുകള്‍ അത് ഉദ്ദരിച്ചയാളിലേക്കും ഇദ്ദേഹം ചേര്‍ത്തുവയ്ക്കുന്നു. വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും പറഞ്ഞിട്ടുള്ള ധാരാളം കഥകള്‍ അവ അനിവാര്യമല്ലാത്തതിനാല്‍ ഖുര്‍ത്വുബി ഒഴിവാക്കി. കാര്യവിശദീകരണത്തിന് കഥകള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയതുമില്ല. ആയത്തുകളില്‍ നിന്ന് വിധികള്‍ എടുക്കുന്നതില്‍ മുന്നിട്ടു നിന്നു. പ്രത്യേക വിധികളൊന്നും ലഭിക്കാനില്ലാത്ത ആയത്താണെങ്കില്‍ ആ ആയത്തിലുള്ള ചിന്തയെയും അത് കൊണ്ടുണ്ടാവേണ്ട ചിന്താഗതിയെയും അദ്ദേഹം വിശദീകരിക്കുമായിരുന്നു.
സബബുന്നുസൂല്‍ (അവതരണ പശ്ചാത്തലം) വ്യക്തമാക്കിയ ‘അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍’ പാരായണരീതി പഠിപ്പിക്കുകയും അപരിചിതമായ പദങ്ങള്‍ക്ക് വ്യക്തതത വരുത്തുകയും ചെയ്യുന്നു. ഭാഷയെ നന്നായി അവലംബിക്കുന്ന ഈ തഫ്സീര്‍ അറബിക്കവിതകളെ ആശയഗ്രഹണത്തിനായി ആശ്രയിക്കുന്നത് മനോഹരമാണ്. ഭാഷയിലുള്ള ഈ അറിവും സൂക്ഷ്മതയും ആദര്ശരംഗത്തേക്ക് കൂടി കൊണ്ടു വന്ന് ഈ തഫ്സീര്‍ വ്യതിരിക്തത പുലര്‍ത്തുന്നു.
മുഅ്തസില, ഖദ്രിയ്യ, റാഫിദിയ്യ തുടങ്ങിയ കക്ഷികള്‍ക്കെതിരെ ശക്തമായ മറുപടി നല്കുന്ന ഈ തഫ്സീര്‍ തത്ത്വശാസ്ത്രത്തിലെയും സൂഫിസത്തിലെയും അതിരുകവിയലിന് താക്കീതു നല്‍കുകയും ചെയ്യുന്നു. പറഞ്ഞവരിലേക്ക് കാര്യങ്ങളെ ചേര്ത്തിപ്പറയുകയും അതു മൂലം ഈ തഫ്സീറിനുണ്ടായ വിശ്വാസ്യതയും കാരണത്താല്‍ ഭൂരിഭാഗം സലഫികളും അവലംബിക്കുന്ന ഒരു തഫ്സീര്‍ കൂടിയാണ് അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍. ഖുര്‍ത്വുബി(റ) മാലികീ മദ്ഹബുകാരനായിരുന്നിട്ടും യാതൊരു മദ്ഹബീ പക്ഷപാതിത്വമില്ലാത്തതും അതിന് കാരണമാണ്.
അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആനില്‍ 6500-നു മുകളില്‍ ഹദീസുകള്‍ ഖുര്‍ത്വുബി ഉദ്ധരിക്കുന്നുണ്ട്. ദുര്‍ബല ഹദീസുകളും അതിലുണ്ട്. ഈ 6500 ഹദീസുകളില്‍ കൂടുതലും ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് അവസാനത്തെ മൂന്നിലൊന്ന് ഭാഗത്താണ്.
അല്‍ ജാമി ലില്‍ അഹ്കാമുല്‍ ഖുര്‍ആന്‍ എന്ന തഫ്സീറിന്റെ പ്രത്യേകതകള്‍:
- അവതരണ പശ്ചാത്തലത്തെ വെളിപ്പെടുത്തുന്നു.
- പാരായണ ശൈലി സ്മരിക്കുന്നു.
- ഭാഷാ ശാസ്ത്രം വിവരിക്കുന്നു.
- ഹദീസുകളെ നിര്‍ധാരണം ചെയ്യുന്നു.
- അപരിചിത പദങ്ങളെ വ്യക്തമാക്കുന്നു.
- കര്‍മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായങ്ങളെ നിര്‍ണയിക്കുന്നു.
- മുന്‍ഗാമികളുടെ അഭിപ്രായങ്ങളെ ക്രോഡീകരിക്കുന്നു.
- അറബിക്കവിതകളില്‍ നിന്ന് അനുയോജ്യമായവ ഉദ്ധരിക്കുന്നു.
- കാര്യങ്ങളുടെ ഉറപ്പിനുവേണ്ടി മുന്‍കഴിഞ്ഞ മുഫസ്സിരീങ്ങളായ ത്വബ്രി, ഇബ്നു ഉത്വയ്യ തുടങ്ങിയവരെ പരാമര്‍ശിക്കുന്നു.
ഒററ വാക്കില്‍ പറഞ്ഞാല്‍ വിവിധ തഫ്സീറുകളെ അവലംബിച്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിവരിച്ച്, ബുദ്ധിയുടെയും ചിന്തയുടെയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പഠിച്ച് പ്രമാണബദ്ധമായി വിശദീകരിക്കുന്ന തഫ്സീറാണ് ഇമാം ഖുര്‍ത്വുബിയുടെ ‘അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍’.
തഫ്സീറു ജലൈലാനി
രണ്ടു ജലാലുമാര്‍ എന്നാണ് ജലാലൈനി എന്ന വാക്കിന്നര്‍ഥം. തഫ്സീറിന്റെ പേര് തന്നെ ഗ്രന്ഥകര്‍ത്താക്കളെ കുറിക്കുന്നുണ്ട്. ജലാലുദ്ദീനുല്‍ മഹല്ലിയും ജലാലുദ്ദീനുസ്സുയൂഥിയുമാകുന്നു ജലൈലാനിയുടെ രചയിതാക്കളായ ജലാലുമാര്‍.
ഹിജ്റ 791ല്‍ ഈജിപ്തില്‍ ജനിച്ച ജലാലുദ്ദീന്‍ മുഹമ്മദ്ബ്നു അഹമ്മദ്ബ്നു മുഹമ്മദ് ബ്നു ഇബ്റാഹീം അല്‍മഹല്ലി കര്‍മശാസ്ത്രം, നിദാനശാസ്ത്രം, ഭാഷ, തര്‍ക്കശാസ്ത്രം എന്നിവയില്‍ അഗ്രഗണ്യനായിരുന്നു. കച്ചവടം ജീവിതോപാധിയായി സ്വീകരിച്ച അദ്ദേഹം മതകാര്യങ്ങളില്‍ കണിശത വെച്ചു പുലര്‍ത്തുകയും സത്യം തുറന്നു പറയുന്നതില്‍ ഒരാളെയും വകവെക്കാതിരിക്കുകയും ചെയ്തു. ശറഹു ജംഇല്‍ ജവാമിഅ്, ശറഹുല്‍ മിന്‍ഹാജ്, ശറഹുല്‍ വറഖാത് എന്നിവ അദ്ദേഹത്തിന്റെ കൃതികളില്‍ പ്രസിദ്ധമായവയത്രെ. നീട്ടിപ്പരത്തിപ്പറയാതെ ചുരുക്കശൈലിയിലുള്ള രചനകള്‍ക്കൊണ്ട് ശ്രദ്ധേയനായിരുന്നു മഹല്ലി.
ഹിജ്റ 849ല്‍ ജനിച്ച ജലാലുദ്ദീന്‍ അബുല്‍ ഫദ്ല് അബ്ദുറഹ്മാനുബ്നു അബീബകറ്ബ്നു മുഹമ്മദ് അസ്സുയൂഥി തന്റെ അഞ്ചാം വയസ്സില്‍ തന്നെ അനാഥനായെങ്കിലും എട്ടാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ മികച്ച ബുദ്ധി കൂര്‍മതയുടെ ഉടമയായിരുന്നു. ഹദീസുകള്‍ സനദ് അടക്കം അദ്ദേഹത്തിന് ചെറുപ്രായത്തില്‍ തന്നെ മനഃപാഠമായിരുന്നു. നാല്പത് പിന്നിട്ടപ്പോള്‍ അദ്ദേഹം ആരാധനാ നിമഗ്നനായി ഒതുങ്ങിക്കൂടാന്‍ ഇഷ്ടപ്പെട്ടു. തുടര്‍ന്നുള്ള കാലം അമൂല്യ ഗ്രന്ഥങ്ങളുടെ രചനയില്‍ വ്യാപൃതനായി. മതവിജ്ഞാനീയങ്ങളിലും കവിതയിലും നൈപുണ്യം തെളിയിച്ച സൂയൂഥി ഹി: 911ല്‍ വിട പറയുന്നതിന്നിടയില്‍ തര്‍ജുമാനുല്‍ ഖുര്‍ആന്‍, ദുര്റുല് മന്‍സൂര്‍, അല്‍ ഇത്ഖാന്‍ തുടങ്ങിയ അമൂല്യ രചനകള്‍ ഇസ്ലാമിക ലോകത്തിന് സമര്‍പ്പിക്കുകയുണ്ടായി.
തഫ്സീറുല്‍ ജലാലൈനിയുടെ രചനയ്ക്ക് തുടക്കം കുറിച്ചത് മഹല്ലിയായിരുന്നു. അദ്ദേഹം ആദ്യം സുറത്തുല്‍ കഹ്ഫ് മുതല്‍ സൂറത്തുന്നാസ് വരെ വ്യാഖ്യാനമെഴുതിയതിനു ശേഷമാണ് സൂറത്തുല്‍ ഫാത്തിഹയ്ക്ക് വിശദീകരണം ആരംഭിച്ചത്. അത് പൂര്‍ത്തീകരിച്ചപ്പോഴേക്കും മരണം അദ്ദേഹത്തെ തേടിയെത്തി. തുടര്‍ന്ന് ജലാലുദ്ദീന്‍ അസ്സുയൂഥി ആ ദൗത്യമേറ്റെടുക്കുകയും സൂറത്തുല്‍ ബഖറ മുതല്‍ ഇസ്റാഅ് വരെയുള്ള ഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു (അത്തഫ്സീറു വല്‍ മുഫസ്സിറൂന്‍) .
മഹല്ലിയുടെ രചനാശൈലി തന്നെയാണ് സുയൂഥിയും അവലംബിച്ചത്. ആയത്തുകള്‍ക്ക് ചുരുങ്ങിയ വാക്കുകള്‍കൊണ്ട് വിവരണം നല്‍കിയതിലൂടെ ചുരുങ്ങിയ കാലം കൊണ്ട് രചന പൂര്‍ത്തീകരിക്കുവാനും ഇതര തഫ്സീറുകളില്‍ നിന്നും വിഭിന്നിത പുലര്‍ത്തുവാനും ജലാലുമാര്ക്ക് സാധിച്ചു. എന്നാല്‍ അപൂര്‍വ്വമായി വ്യാഖ്യാനങ്ങളില്‍ ഇരുവരും വിയോജിക്കുന്നത് കാണാം. സൂറത്തു സ്വാദില്‍ റൂഹിനെക്കുറിച്ച് അത് മനുഷ്യന് ജീവന് നിലനിര്‍ത്താനാവശ്യമായ നിര്‍മല രൂപിയാണെന്ന് മഹല്ലി വ്യാഖ്യാനിക്കുമ്പോള്‍ സൂറ: ഇസ്റാഇല്‍ റൂഹ് അല്ലാഹുവിന്റെ അറിവിന്റെ പരിധിയില്‍ പെട്ടത് മാത്രമാണെന്നും അതിന് വ്യാഖ്യാനം നല്കാതിരിക്കലാണ് അഭികാമ്യമെന്നും സൂയൂഥി അഭിപ്രായപ്പെടുന്നു.
തഫ്സീര്‍ ജലാലൈനിയുടെ വ്യാഖ്യാനം ഇബ്നുകസീറിന്റേതുപോലെ ഖുര്‍ആനും സുന്നത്തും അവലംബമാക്കിക്കൊണ്ട് മാത്രമല്ല നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ഖുര്‍ആന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ പോലും അവയില്‍ കടന്നു കൂടിയിട്ടുണ്ട്. സമൂഹത്തിനിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ചില കഥകള്‍ ജലാലൈനിയില്‍ ഇടം പിടിക്കുകയും അത് ജലാലൈനിയുടെ ആധികാരികതയ്ക്ക് മങ്ങലേല്പിക്കുകയും ചെയ്തു. സൈനബി(റ)നെ പ്രവാചകന് വിവാഹം കഴിച്ചത് അവളുടെ സൗന്ദര്യത്തിലും വശ്യതയിലും ആകൃഷ്ടനായി തന്റെ ദത്തുപുത്രനായ ഹാരിസിനെ ത്വലാഖിന് പ്രേരിപ്പിച്ചിട്ടാണെന്ന് ജലാലൈനി കുറിക്കുന്നു (അഹ്സ്വാബ് :36, ജലാലൈനി). ജലാലൈനിയിലെ ഇത്തരം സ്ഖലിതങ്ങളാണ് പില്കാലത്തെ ഇസ്ലാമിക ശത്രുക്കളായ യുക്തിവാദികളും മറ്റും പ്രവാചകന് സ്ത്രീലമ്പടനാണെന്ന് ചിത്രീകരിക്കാന്‍ ആയുധമാക്കാറുള്ളളത്.
ഇതുപോലെത്തന്നെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ വ്യാഖ്യാനിക്കുന്നതിലും ജലാലൈനിയില്‍ അബദ്ധങ്ങള്‍ പിണഞ്ഞിട്ടുണ്ട്. ശാസ്ത്രാവബോധം ഒട്ടും പുലര്‍ത്താതെ കെട്ടുകഥകള്ക്കനുസൃതമായി ഭൂമിയെയും മേഘങ്ങളെയും മറ്റും ജലാലൈനിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. രചയിതാക്കളുടെ ശാസ്ത്രത്തിലെ നിരക്ഷരത ഖുര്‍ആന്‍ ദൃഷ്ടാന്തങ്ങളായി ഗണിക്കുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളെ നിസ്സാരമായി കാണുന്നതിന് പ്രേരകമായിട്ടുണ്ടന്ന് ജലാലൈനി വായനക്കാര്‍ക്ക് അനുഭവപ്പെടും. എന്നാല്‍ ഖുര്‍ആനിന്റെ അടിസ്ഥാനദര്ശമായ തൗഹീദിന് സൂക്ഷ്മ തലത്തില്‍ കണിശമായ വ്യാഖ്യാനം നല്കുന്നതില് ജലാലൈനി മികച്ച നിലവാരം പുലര്‍ത്തിയിട്ടുമുണ്ട്.
തഫ്സീര്‍ ജലാലൈനിക്ക് പണ്ഡിത ലോകത്ത് ലഭിച്ച സ്വീകാര്യത കാരണമായി അതിന് ഒട്ടേറെ അനുബന്ധ ഗ്രന്ഥങ്ങള്‍ പിറവിയെടുക്കുകയുണ്ടായി. ഹാശിയത്തുല്‍ ജമല്, ഹാശിയത്തു സ്വാവീ എന്നിവ ജലാലൈനിയുടെ പ്രസിദ്ധമായ അനുബന്ധ ഗ്രന്ഥങ്ങളാകുന്നു. ഇവയ്ക്കു പുറമെ ഖബ്സുന്നയ്യിറൈനി, അല്ജമാലൈനി, മജ്മഉല്‍ ബഹ്റൈനി വമത്ലഉല് ബദ്റൈനി എന്നിവയും ജലാലൈനിക്കുവേണ്ടി വിരചിതമായവയാണ്.
ഫീ ദ്വിലാലില്‍ ഖുര്‍ആന്‍
”ദ്വിലാലുല്‍ ഖുര്‍ആനിലുള്ള ജീവിതം അനുഗ്രഹമാണ്. അനുഭവിച്ചാലല്ലാതെ അത് അറിയുകയില്ല. ജീവിതം മുഴുവന്‍ അനുഗ്രഹവും പരിശുദ്ധിയും നല്കിയ ജീവിതമാണ് അത്. എന്റെ ജീവിതത്തില്‍ ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ആസ്വാദനങ്ങളാണ് ‘ദ്വിലാലുല്‍ ഖുര്‍ആന്‍’ ജീവിതത്തില്‍ എനിക്ക് ലഭിച്ചത്. എന്റെ പ്രായം ഉയര്‍ത്തിയ, എനിക്ക് ബര്കത്തുകള് ലഭിച്ച, എന്നെ ശുദ്ധീകരിച്ച ആ ജീവിതം ഞാന്‍ നന്നായി ആസ്വദിച്ചു.”
‘ഫീ ദ്വിലാലില്‍ ഖുര്‍ആന്‍’ എന്ന തഫ്സീറിന്റെ രചയിതാവായ ‘സയ്യിദ് ഖുത്വുബ്’ എന്ന നാമത്തിലറിയപ്പെട്ട സയ്യിദ് ഖുത്വുബ് ഇബ്റാഹീം ഹുസൈന് ശാദുലിയുടെ തഫ്സീറനുഭവമാണ് മേല്‍വരികളിലുള്ളത്. 25 വര്‍ഷമെടുത്താണ് അദ്ദേഹം തന്റെ രചന പൂര്‍ത്തീകരിച്ചത്. പരിശുദ്ധ ഖുര്‍ആനിലെ 30 ജുസ്അ് എന്ന ക്രമത്തില്‍ തന്നെ 30 ഭാഗങ്ങളായിട്ടാണ് ഈ തഫ്സീറിന്റെയും ഘടന. സാഹിത്യവും ഭാഷയും ചിന്തയും എല്ലാം ഈ തഫ്സീറില്‍ അടങ്ങിയിട്ടുണ്ട്. വിഷയങ്ങളുടെ പ്രത്യേക അര്‍ഥവും പൊതുവിലുള്ള ആശയവും പ്രതിപാദിക്കുന്നുണ്ട്. ചില വിഷയങ്ങളില്‍ അതിന്റെ കെട്ടിക്കുടുക്കുകളിലും പാരസ്പര്യത്തിലും ഊന്നി ബഹുദൂരം സഞ്ചരിക്കുന്നുമുണ്ട്.
ജയിലില്‍ കിടന്ന് കൊടിയ പീഡനങ്ങള്‍ അനുഭവിക്കുന്നതിനിടക്കാണ് ‘ഫീ ദ്വിലാലില്‍ ഖുര്‍ആന്‍’ അദ്ദേഹം രചിക്കുന്നത്. എന്നാല്‍ അത് പ്രസിദ്ധീകരിക്കാനുള്ള കടമ്പകള്‍ വീണ്ടുമുണ്ടായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം വാചകങ്ങളെയും ഘടനയെയും പരാമര്‍ശങ്ങളെയും കൂടുതല്‍ നന്നാക്കിയ അദ്ദേഹം കര്‍മശാസ്ത്ര വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയും അഭിപ്രായപ്രകടനങ്ങളില്‍ വ്യക്തത വരുത്തിയും ഏററവും നല്ല രൂപത്തില്‍ ഒരു പരിഷ്കരിച്ച പതിപ്പായിട്ടാണ് അത് പുറത്തിറക്കുന്നത്.
ഇതിന്റെ പിറകിലുള്ള അധ്വാനം പൂര്‍ണമായും ഖുര്‍ആന്‍ പഠനത്തിനും തഫ്സീര്‍ രചനയ്ക്കും വേണ്ടിയുള്ളതായിരുന്നു. ഖുര്‍ആന്‍ മന:പാഠമാക്കിയ സയ്യിദ് ഖുത്വുബ് ദശക്കണക്കിന് തഫ്സീറുകളും പഠിച്ചതിന് ശേഷമാണ് ഫീ തന്റെ രചന ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ പല വ്യത്യസ്തതകളും പ്രത്യേകതകളും ഈ തഫ്സീറില്‍ കാണാന്‍ സാധിക്കുന്നു.
സൂറത്തുകളെ പരിചയപ്പെടുത്തലും സൂറത്തുകളെ സംക്ഷേപിച്ച് പറയലും ഫീ ദ്വിലാലില്‍ ഖുര്‍ആന്റെ സവിശേഷതയാണ്. ആയത്തുകളുടെ ക്രമത്തിലും ആയത്തുകളുടെ ഘടനയിലും അടങ്ങിയിട്ടുള്ള തത്ത്വങ്ങളും ഈ തഫ്സീറില്‍ പ്രതിപാദിക്കുന്നു. കഥാകഥനങ്ങളും ഖുര്‍ആനിന്റെ കാവ്യഭംഗിയും അമാനുഷികതയും തെളിവു സഹിതം ഈ തഫ്സീര്‍ വ്യക്തമാക്കുന്നു. സയ്യിദ് ഖുത്വുബ് ഇതിന്റെ രചനയ്ക്ക് സ്വീകരിച്ച ശൈലി നബി(സ്വ)യില്‍ നിന്ന് ഖണ്ഡിതമായി വന്ന അഭിപ്രായങ്ങള്‍ മാത്രം സ്വീകരിക്കുക എന്നതായിരുന്നു. അതുകൊണ്ടു തന്നെ പല കെട്ടുകഥകളില്‍ നിന്നും ഈ തഫ്സീര്‍ മുക്തമാണ്.
വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു എന്നത് ഈ തഫ്സീറിന്റെ മികച്ച സ്വീകാര്യതക്ക് തെളിവാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഉര്‍ദു, തുര്‍ക്കിഷ്, സ്പാനിഷ്, പേര്‍ഷ്യന്‍, ബംഗാളി, മലയാളം എന്നീ ഭാഷകളില്‍ ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
തഫ്സീറു മാവര്‍ദി
മാവര്‍ദി തന്റെ തഫ്സീറായ അന്നക്തു വല്‍ ഉയൂനില്‍ ഏററവും കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്നത് ഖുര്‍ആനിക വചനങ്ങളുടെ ആന്തരികാര്‍ഥങ്ങള്‍ പ്രസ്താവിക്കുവാനാണ്. ആയത്തുകളിലെ മറഞ്ഞു കിടക്കുന്ന ആശയങ്ങള്‍ മുന്‍കാല പണ്ഡിതര്‍ പ്രസ്താവിച്ചത് പോലെയും അതിലേക്ക് പുതിയ കണ്ടെത്തലുകള്‍ ചേര്‍ത്തിയും ഘട്ടം ഘട്ടമായാണ് അദ്ദേഹം ആന്തരികാര്‍ഥങ്ങള്‍ വിശദീകരിച്ചത്.
ധാരാളം പണ്ഡിതരുടെ പ്രസ്താവനകളും ആയത്തുകളും ഇതിനായി അന്നഅക്തുവല് ഉയൂനില്‍ ചേര്‍ത്തുവച്ചു. വാക്യങ്ങള്‍ അത് പറഞ്ഞവരിലേക്ക് ചേര്ത്തിപ്പറഞ്ഞും നിര്‍ധാരണം ചെയ്തും ആശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്കി. ബാക്കിയുളള തഫ്സീറുകളെല്ലാം പരിഗണന നല്കിയിട്ടുളളതു പോലെ ‘അന്നക്തു വല്‍ ഉയൂനി’ലും ഭാഷയ്ക്കും കവിതയ്ക്കും ഉപമകള്‍ക്കും ഉയര്‍ന്ന പ്രാധാന്യമുണ്ട്. ആയത്തിന്റെ സന്ദര്‍ഭത്തിനനുസരിച്ച് ഭാഷാര്‍ഥങ്ങളെയും വാക്യങ്ങളെയും ചേര്‍ത്തുവച്ച തഫ്സീറു മാവര്‍ദി വിവിധാര്ഥങ്ങളിലുളള വായനയും കര്‍മശാസ്ത്രവിധികളും ആയത്തില്‍ നിന്ന് കണ്ടെത്തുന്നു.
ആധുനികവും പൗരാണികവും വിവിധ ഭാഷകളിലുളളതുമായ തഫ്സീറുകള്‍ ആണ് മാവര്‍ദി ഇതിന്റെ രചനക്ക് വേണ്ടി അവലംബിച്ചത്. വായനയുടെ വ്യത്യസ്ത ശൈലികള്‍ വിവരിക്കുന്നതിനായി അദ്ദേഹം അവലംബിച്ചത് അബുല്‍അലി ഹസന് ബിന്‍ അഹ്മദ് അല്‍ഫാരിസി, അബുല്‍ ഫതഹ് ഉസ്മാന് ബിന്‍ ജന്നി, മകിയ്യ് ബിന്‍ അബീ ത്വാലിബ് അബ്ദു അംറ് ഉസ്മാന് ബിന്‍ സഈദ് ദാനി എന്നിവരുടെ ഗ്രന്ഥങ്ങളായിരുന്നു.
ഭാഷ, ഭാഷാ നിയമങ്ങള്‍ എന്നിവയിലെ വ്യക്തതയ്ക്കു വേണ്ടി അദ്ദേഹം അവലംബിച്ചത്, കസാഈ, ഫറാഉ്, അഖ്ഫശ്, സഅ്ലഖ്, മുബ്രിദ്, സുജാജ്, റുമാനി, ഖലീല്‍ ബിന്‍ അഹമ്മദ് അല്‍ ഫരാഹിദി, സീബ വയ്ഹി, അംറ് ബിന്‍ അലാഉ് എന്നിവരുടെ കൃതികളും, കര്‍മശാസ്ത്ര നിയമങ്ങള്‍ക്കു വേണ്ടി അവലംബിച്ചത് ശാഫിഈ, അബൂഹനീഫ, നുഅ്മാന്, മാലിക് ബിന്‍ ഹന്ബല് എന്നിവരുടെ രചനകളുമായിരുന്നു.
വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ കാര്യങ്ങളില്‍ ഏറെ ശ്രദ്ധയും വ്യക്തതയും വിശദീകരണവും നല്‍കുന്നതാണ് മാവര്‍ദിയുടെ തഫ്സീര്‍.എന്നാല്‍ ആയത്തുകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വിശദീകരിക്കുന്നതിലും മറ്റു വിശദീകരണങ്ങള്‍ നല്‍കുന്നതിലുമെല്ലാം അത്രത്തോളം മികച്ച സ്ഥാനം ഈ തഫ്സീറിന് പറയാന്‍ കഴിയില്ല.
ശാഫിഈ പണ്ഡിതനായ അബുല്‍ ഹസന് അലിബിന്‍ മുഹമ്മദ് അല്‍ മാവര്‍ദി ക്രി.974-ല്‍ ബസ്വറയിലാണ് ജനിച്ചത്. 1058-ല്‍ ബാഗ്ദാദില്‍ മരണപ്പെട്ടു.
തഫ്സീറു അബുസ്സഊദ്
തുര്‍ക്കിയിലെ കോണ്‍സ്റ്റാന്റിനോപ്പിളിനടുത്തുള്ള ഗ്രാമത്തില്‍ ഹിജ്റ 893ല്‍ ജനിച്ച അബുസ്സഊദ് മുഹമ്മദ് ബിനു മുഹമ്മദ് ബിനു മുസ്തഫയാണ് ഗ്രന്ഥ കര്‍ത്താവ്. ‘ഇര്‍ഷാദുല്‍ അഖ്ലുസലീം ഇലാ മസായ കിതാബില്‍ കരീം’ എന്നാകുന്നു തഫ്സീറു അബുസ്സഊദ് എന്ന പേരിലറിയപ്പെടുന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന്റെ യഥാര്‍ഥ പേര്. പേരും പ്രതാപവുമുള്ള വിദ്യാസമ്പന്നമായ തറവാട്ടിലാണ് അബുസ്സഊദ് മുഹമ്മദിന്റെ ജനനം. അദ്ദേഹം പിതാവില്‍ നിന്നുതന്നെ ഒട്ടേറെ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പഠിച്ചെടുത്തു. തുടര്‍ന്ന് പ്രഗത്ഭ പണ്ഡിതന്മാരുടെ ശിഷ്യത്വവും സ്വീകരിച്ചു.
വൈജ്ഞാനിക വിചക്ഷണനായ അദ്ദേഹം വിവിധ പാഠശാലകളില്‍ അധ്യാപനം നടത്തി. പിന്നീട് ഒരു പതിറ്റാണ്ടുകാലം വിവിധ സ്ഥലങ്ങളില്‍ ഖാളിയായും സേവനം ചെയ്തു. അതിനുശേഷം ഫത്വ സമിതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഏകദേശം 30 വര്‍ഷക്കാലത്തെ ഫത്വ മേഖലയിലെ പരിചയസമ്പന്നത അദ്ദേഹത്തിന്റെ വിജ്ഞാനത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിച്ചതോടൊപ്പം സൂക്ഷ്മവും കൂര്മതയുള്ളതുമാക്കി തീര്‍ക്കുകയും ചെയ്തു. മതവിധികള്‍ നല്‍കുക എന്നത് അദ്ദേഹത്തിന് ഒരു കലയായി മാറിയിരുന്നു. സമകാലികര്‍ പറയുന്നത് ഇങ്ങനെ: അദ്ദേഹം ചോദ്യകര്‍ത്താവിന്റെ നിലവാരത്തില്‍ തന്നെയായിരുന്നു ഫത്വ നല്‍കിയിരുന്നത്. ചോദ്യം പദ്യരൂപത്തിലാണെങ്കില് ഉത്തരവും വൃത്തവും പ്രാസവുമൊപ്പിച്ച പദ്യ രൂപത്തിലായിരിക്കും. ചോദ്യം സാഹിത്യഭാഷയിലാണെങ്കില് ഉത്തരവും സാഹീതിയമായിരിക്കും. അറബിയിലാണ് ചോദ്യമെങ്കില്‍ ഉത്തരവും അറബിയില്‍. ചോദ്യം തുര്‍ക്കി ഭാഷയിലാണെങ്കില്‍ ഉത്തരവും തുര്‍ക്കിയില്‍ (അത്തഫ്സീറു വല്‍ മുഫസ്സിറൂന്‍)
അധ്യാപനവും ഫത്വാ മേഖലയില്‍ ദീര്‍ഘകാലം വ്യാപൃതനായതുമാണ് രചനകള്‍ക്ക് വേണ്ടി ഒഴിഞ്ഞിരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആ രചനകള്ക്കിടയിലാണ് ഇര്‍ശാദുല്‍ അഖ്ലുസലീം എന്ന ഖുര്‍ആന്‍ വ്യാഖ്യാനത്തിനും അദ്ദേഹം സമയം കണ്ടെത്തിയത്. സ്വന്തം ഖുര്‍ആന്‍ വ്യാഖ്യാനം രചിക്കുന്നതിനു മുമ്പ് കശ്ശാഫ് എന്ന തഫ്സീറിന് അടിക്കുറിപ്പ് വ്യാഖ്യാനം അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗദ്യ-പദ്യ രചനകളിലെല്ലാം ആകര്‍ഷണീയമായ പുതുമ അനുഭവപ്പെട്ടിരുന്നു. ഹി: 982ല്‍ കോണ്സ്റ്റാന്ന്റിനോപ്പിളില് വെച്ച് മരണമടഞ്ഞ അദ്ദേഹത്തെ അബൂ അയ്യൂബില്‍ അന്‍സാരിയുടെ ഖബറിനരികിലാണ് മറമാടിയിരിക്കുന്നത്.
ഘട്ടം ഘട്ടമായാണ് അദ്ദേഹം തന്റെ തഫ്സീര്‍ പ്രകാശനം ചെയ്തത്. ഹിജ്റ 973ല്‍ സൂറത്തു സ്വാദിന്റെ വ്യാഖ്യാനം പൂര്‍ത്തീകരിച്ച ശേഷം സുല്‍ത്താന്‍ സുലൈമാന്‍ ഖാന് അത് സമര്‍പ്പിക്കുകയും അദ്ദേഹമത് പൂര്‍ണാര്‍ഥത്തില്‍ സ്വീകരിക്കുകയും അബുസ്സഊദിന് പാരിതോഷികം നല്‍കുകയും ചെയ്തു. പിന്നീട് ഒരു വര്‍ഷം കൊണ്ട് ബാക്കി കൂടി പൂര്‍ത്തീകരിച്ച് സുല്‍ത്താന്‍ നല്കുകയുണ്ടായി.
പൂര്‍വകാല ഖുര്‍ആന്‍ തഫ്സീറുകളില്‍ നിന്നും വിഭിന്നമായി അബുസ്സഊദ് തന്റെ തഫ്സീറില്‍ ഖുര്‍ആനിലെ സാഹിത്യ ശാസ്ത്രത്തിന്റെ (ബലാഗ) മനോഹാരിത വിശദീകരിക്കുന്നതിലാണ് ഏറെ ശ്രദ്ധ പുലര്‍ത്തിയത്. ഖുര്‍ആനിന്റെ ഭാഷയുടെ നിര്‍മലതയും ഭാഷാഘടനയിലെ കണിശതയും ചെറുവാക്യങ്ങളില്‍ ഒരായിരം ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ഖുര്‍ആനിന്റെ കഴിവുമെല്ലാം അതിന്റെ അമാനുഷികതയുടെ ഭാഗമായിട്ടാണ് അബുസ്സഊദ് വ്യാഖ്യാനിക്കുന്നത്. അതുകൊണ്ടുതന്നെ പ്രഗല്ഭരായ മുന്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഭാഷാ വിചക്ഷണരും പറഞ്ഞതുപോലെ ഇദ്ദേഹത്തിന്റെ തഫ്സീര്‍, ഖുര്‍ആന്‍ വ്യാഖ്യാന രംഗത്തെ ഒറ്റപ്പെട്ട തഫ്സീറാകുന്നു. അതുകൊണ്ടുതന്നെ പില്ക്കാലത്ത് വന്ന ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കും ഗവേഷകര്‍ക്കും തഫ്സീറു അബുസ്സഊദ് ഒരു മുഖ്യാവലംബമാകുന്നു (അത്തഫ്സീറു വല്‍ മുഫസ്സിറൂന്‍)
പൂര്‍വകാല തഫ്സീറുകളില്‍ കണ്ടുവരുന്ന ഒരു പോരായ്മയാണ് അവയിലെ ഇസ്രായേലിയത്തിലെ കെട്ടുകഥകളുടെ ആധിക്യം. എന്നാല്‍ അബുസ്സഊദില്‍ ഇത്തരം കഥകള്‍ വളരെ വിരളമാണ്. ഉദ്ധരിച്ചവയുടെ സത്യസന്ധത പരിശോധിക്കുവാന്‍ ഗ്രന്ഥകാരന് ഒരു പരിധി വരെ ശ്രമിച്ചിട്ടുമുണ്ട്. അതുപോലെതന്നെ അക്കാലത്തെ തഫ്സീറുകളില്‍ കണ്ടുവരുന്ന കര്‍മ ശാസ്ത്ര ചര്‍ച്ചകളും ഈ തഫ്സീറില്‍ കുറവാണ്. ചിലയിടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ തന്നെ മദ്ഹബുകളുടെ അഭിപ്രായങ്ങള്‍ ചുരുക്ക രൂപത്തില്‍ ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കുകയാണ് പതിവ്. മറ്റു തഫ്സീറില്‍ നിന്നും വിഭിന്നമായി നില്ക്കുന്നതുകൊണ്ട് തന്നെ പില്ക്കാല പണ്ഡിതര്‍ക്കിടയില്‍ വലിയസ്വീകാര്യത ലഭിച്ച തഫ്സീറാണ് അബുസ്സഊദ്. അതുകൊണ്ടുതന്നെ അഞ്ചു വാല്യങ്ങളുള്ള ഈ തഫ്സീര്‍ പലതവണയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
References