ഇസ്ലാമിക വിജ്ഞാനം സാധാരണ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ മലയാള തര്‍ജമകളും വ്യാഖ്യാനങ്ങളും നിര്‍ണായക പങ്കുവഹിച്ചു. അറബി ഭാഷയില്‍ അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍, ഹദീസ്, തഫ്സീര്‍, ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ തുടങ്ങിയവ മലയാളത്തിലേക്ക് തര്‍ജമ ചെയ്യപ്പെട്ടതോടെ മതപാഠങ്ങള്‍ കേരളത്തിലെ മുസ്ലിം സമൂഹത്തിന് എളുപ്പത്തില്‍ ഗ്രഹിക്കാനായി. ഖുര്‍ആന്‍ മലയാള തര്‍ജമകളും വിശദമായ വ്യാഖ്യാനങ്ങളും വിശ്വാസകാര്യങ്ങള്‍, ആരാധനകള്‍, സാമൂഹിക-നൈതിക നിര്‍ദേശങ്ങള്‍ എന്നിവ ജനജീവിതവുമായി ബന്ധിപ്പിച്ചു. ഇതിലൂടെ മതബോധവത്കരണം, നവോത്ഥാനം, വിദ്യാഭ്യാസ പുരോഗതി എന്നിവക്ക് ശക്തമായ അടിത്തറ രൂപപ്പെടുകയും, മലയാളം ഇസ്ലാമിക സാഹിത്യത്തിന്റെ സമ്പുഷ്ടമായ ഒരു പാരമ്പര്യം വളരുകയും ചെയ്തു.
ലോകാവസാനം വരെയുള്ള മുഴുവന്‍ ജന സമൂഹങ്ങള്‍ക്കുമുള്ള ദൈവിക മാര്‍ഗദര്‍ശനമാണ് മുഹമ്മദ് നബി(സ്വ)യിലൂടെ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആന്‍.
‘‘മനുഷ്യരെ അവന്റെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്”(14:1). എന്നാല്‍ പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് അറേബ്യയില്‍ അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്‍ അതിന്റെ പ്രഥമ സംബോധിതരുടെ ഭാഷയായ അറബിയിലാണ് അവതരിച്ചത്. ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും പ്രബലമായ പുരാതന ഭാഷയാണ് അറബി. ഖുര്‍ആന്‍ പഠിച്ചും ചിന്തിച്ചുമാണ് ഇസ്ലാമിലേക്ക് മനുഷ്യര്‍ എത്തേണ്ടത് എന്നതിനാല്‍ അറബികളും അല്ലാത്തവര്‍ക്കും ഇതിന്റെ ആശയം മനസ്സിലാക്കാന്‍ അവസരമുണ്ടാകണം.
അറബി ഭാഷ അറിയാത്തവരായി ഒരു മഹാ ഭൂരിപക്ഷം ജനങ്ങളുണ്ടായിട്ടും അത് അവരവരുടെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് ഇത്രയും നീണ്ടുപോകാനുള്ള കാരണങ്ങള്‍ പലതാണ്. അല്ലാഹുവിന്റെ ഗ്രന്ഥത്തെ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം വരുത്തുമ്പോള്‍ അതിന്റെ പവിത്രത ഹനിക്കപ്പെടുമെന്നും ആശയം ചോര്‍ന്നു പോകുമെന്നും ഗാംഭീര്യം നഷ്ടപ്പെടുമെന്നും ആളുകള്‍ ഇഷ്ടമുള്ളതുപോലെയെല്ലാം ദുര്വ്യാഖ്യാനിക്കുമെന്നും ഭക്തിയുടെ പേരില്‍ ചിലര്‍ ഭയപ്പെട്ടു. അറബി പഠിക്കല്‍ ഓരോ വിശ്വാസിക്കും നിര്‍ബന്ധമാണ്. പരിഭാഷകളിറങ്ങിയാല് ജനങ്ങള്‍ അതിന്റെ പ്രാധാന്യം വിസ്മരിക്കുമെന്നായിരുന്നു മറ്റു ചിലരുടെ ന്യായം.
എന്നാല്‍ ഈ പറയപ്പെട്ട ന്യായങ്ങള്‍ക്കൊന്നും സാധുതയില്ല. കാരണം ഖുര്‍ആനിന് അറബി ഭാഷയില്‍ തന്നെ വിശദീകരണംകൊടുക്കുന്ന സമ്പ്രദായം നബി(സ്വ)യുടെ കാലംമുതല്‍ നിരാക്ഷേപം നടന്നുവരുന്നതാണ്. ഖുര്‍ആന്‍ വിവര്‍ത്തനംകൊണ്ടും അത്രമാത്രമേ അര്‍ഥമാക്കുന്നുള്ളൂ. കൂടാതെ അനറബിഭാഷകളില് അതിന്റെ അര്‍ഥം പറയുന്നതും പ്രസംഗത്തില്‍ വിശദീകരിക്കുന്നതും അനുവദനീയമാണെങ്കില്‍ വരമൊഴിക്കു മാത്രം വിലക്കേര്പെടുത്തുന്നതിലും ന്യായമില്ല. അറബി പഠിക്കുന്നത് വളരെ പ്രധാനമാണെങ്കിലും, ഭാഷാ വൈവിധ്യങ്ങള്‍ അല്ലാഹുവിന്റെ സംവിധാനമാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിരിക്കെ, അത് നിര്‍ബന്ധിക്കാന്‍ കഴിയില്ല. ഇസ്ലാമിക പ്രമാണങ്ങളിലെവിടെയും ഇതിനു തെളിവുകാണുക സാധ്യമല്ല. അതുമാത്രമല്ല, ഖുര്‍ആനിക ആശയം മുസ്ലിംകളല്ലാത്തവര്‍ക്കും പഠിക്കേണ്ടതുണ്ട്. അതിനായി അവരെ അറബി പഠിക്കാന്‍ നിര്‍ബന്ധിക്കുകയല്ല, വാക്കാലോ വരയാലോ ഖുര്‍ആനിക ആശയം അവരില്‍ എത്തിക്കുകയാണ് വേണ്ടത്. എഴുത്തും വായനയും വ്യാപകമായ ഇക്കാലത്ത് വാക്കാല്‍ എന്നതിനെക്കാള്‍ എളുപ്പവും വ്യാപകവും ഫലപ്രദവുമാകുന്നത് രചനയാണ്.
അറബി ഭാഷയുടെ അര്‍ഥവും ആഴവും മറ്റു ഭാഷകള്‍ക്ക് ലഭിക്കുകയില്ലെന്നത് ശരിയാണ്. വിവര്‍ത്തനമാകട്ടെ ഖുര്‍ആനിനു പകരമായി വായിക്കപ്പെടേണ്ടതോ അതിന്റെ പൂര്‍ണത അവകാശപ്പെടുന്നതോ അല്ല. വിശുദ്ധ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം ചെയ്യുന്നതിന് ചില നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. ശരിയായ സത്യവിശ്വാസം ഉള്‍ക്കൊണ്ടിരിക്കണം, സ്വാര്‍ഥ താത്പര്യങ്ങളില്‍ നിന്ന് മുക്തനായിരിക്കണം, ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹമുണ്ടായിരിക്കണം, രണ്ടു ഭാഷകളിലും നിപുണനായിരിക്കണം എന്നിവ അതില്‍ പ്രധാനമാണ്. കൂടാതെ ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടത് ആദ്യമായി തത്തുല്യ ഖുര്‍ആന്‍ വാക്യങ്ങള്‍കൊണ്ടും പിന്നീട് സഹീഹായ ഹദീസുകള്‍ കൊണ്ടും ഇതു രണ്ടും ലഭ്യമല്ലാത്ത സന്ദര്‍ഭത്തില്‍ സഹാബികളും താബിഉകളുമടക്കമുള്ള സലഫുസ്സ്വാലിഹുകളുടെ വിശദീകരണങ്ങളെ അധികരിച്ചുമായിരിക്കണം. ഇത്തരം നിയമങ്ങള്‍ പാലിക്കപ്പെടാത്ത ധാരാളം തഫ്സീറുകള്‍ മുസ്ലിംകളുടെതും ശത്രുക്കളുടെതുമായി ലോകത്തുണ്ട്, മലയാളത്തിലും. അവ അല്ലാഹുവിന്റെ വഴിയില്‍ നിന്ന് മനുഷ്യരെ വഴിപിഴപ്പിക്കന്നുണ്ട്. അതിനെതിരെ സമൂഹത്തെ ജാഗ്രത്താക്കേണ്ടത് ശരിയായ പണ്ഡിതരുടെ ദൗത്യമാണ്. സത്യത്തില്‍ ഈ ഉത്തരവാദിത്ത ബോധമാണ് ഭക്തരായ മുസ്ലിംകളെ ഏറെ ശ്രമകരമായ വിവര്‍ത്തനത്തിലേക്കും വ്യാഖ്യാനത്തിലേക്കും നിര്‍ബന്ധിച്ച ഒരു പ്രധാന നിമിത്തം. ആദ്യകാല ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ മിക്കതും ഓറിയന്റിലിസ്റ്റുകളോ സ്വാര്ഥതാല്പര്യക്കാരോ ഇറക്കിയ ഖുര്‍ആന്‍ വിരുദ്ധ ആശയങ്ങളുള്ളതായിരുന്നല്ലോ.
ലോകത്ത് ആദ്യമായി ഖുര്‍ആനിന്റെ ഒരു അന്യഭാഷാ വിവര്‍ത്തനം നടന്നത് 1542ല്‍ ലാറ്റിന്‍ ഭാഷയിലാണ്. ഇന്ത്യയില്‍ വിരചിതമായ ആദ്യ ഖുര്‍ആന്‍ വിവര്‍ത്തനം ശാഹ് വലിയ്യുല്ലാഹി ദ്ദഹ്ലവിയുടെ ‘ഫത്ഹുര്റഹ്മാന് ഫീ തര്‍ജമതി മആനില്‍ ഖുര്‍ആന്‍’ ആണ്. 1738ല്‍ പേര്‍ഷ്യന്‍ ഭാഷയിലാണ് ഇത് എഴുതപ്പെട്ടത്. ഇന്ന് ലോകത്ത് ഏതാണ്ടെല്ലാ ഭാഷകളിലുമായി അനുയായികളുടെതും പ്രതിയോഗികളുടെതുമായി വിശുദ്ധ ഖുര്‍ആനിന് നൂറുകണക്കിന് വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. ഒറ്റവാള്യം മുതല്‍ അഞ്ഞൂറു വാള്യം വരെയുള്ള ബൃഹദ് ഗ്രന്ഥങ്ങള്‍ ആ കൂട്ടത്തില്‍ ഉണ്ട്.
മലയാളത്തില്‍ കണ്ണൂരുകാരനായ പ്രസിദ്ധ പണ്ഡിതന് മായിന്‍ കുട്ടി എളയയാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. 1870ല്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ തര്‍ജുമതു തഫ്സീരില് ഖുര്‍ആന്‍ അറബി മലയാളം ലിപിയിലായിരുന്നു. മലയാളത്തില്‍ ആദ്യമായി സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷ പ്രസിദ്ധീകരിച്ചത് സി എന്‍ അഹ്മദ് മൗലവിയാണ്(1963). പിന്നീട് മുസ്ലിംകളും അല്ലാത്തവരുമായി ഗദ്യ പദ്യ ശൈലികളിലും അറബി മൂലമുള്ളതും അല്ലാത്തതും വിവര്‍ത്തനവും വിവരണങ്ങളുമെല്ലാമായി ഭാഗികമോ പൂര്‍ണമോ ആയ അറുപതിലേറെ വിവര്‍ത്തനങ്ങള്‍ ഇതിനകം പുറത്തിറങ്ങി. ഇതില്‍ ഏറെ ജനസ്വാധീനം നേടിയതും അഹ്ലുസ്സുന്നയുടെ പൂര്‍വസൂരികളായ വ്യാഖ്യാതാക്കളോട് നീതിപുലര്‍ത്തുന്നതുമായ ഗ്രന്ഥമാണ് മുഹമ്മദ് അമാനി മൗലവിയുടെ വിശ്രുതമായ ‘വിശുദ്ധ ഖുര്‍ആന്‍ വിവരണം’.
തര്‍ജുമതു തഫ്സീരില് ഖുര്‍ആന്‍(മായിന്‍ കുട്ടി എളയ)
മലയാള ഭാഷയില്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിന്റെ വിവര്‍ത്തനമാണ് തര്‍ജമതു തഫ്സീരില് ഖുര്‍ആന്‍. കണ്ണൂരുകാരനായ മുഹ്യുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ എന്ന പ്രമുഖ പണ്ഡിതനാണ് ഇതിന്റെ കര്‍ത്താവ്. അറബിയിലെ പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളായ തഫ്സീറുത്വബ്രിയുടെയും തഫസീറുല്‍ ജലാലൈനിയുടെയും ഏകദേശ വിവര്‍ത്തനം എന്നരൂപത്തിലാണ് ആറു വാള്യങ്ങളും മുപ്പതു ഭാഗങ്ങളുമായി വിഭജിച്ച ഈ ഗ്രന്ഥം അദ്ദേഹം രചിച്ചത്. ഹിജ്റ വര്‍ഷം 1272നും 1287നും ഇടയിലാണ് ഇതിന്റെ രചന നടക്കുന്നത്. ഹി. 1289 അഥവാ സി ഇ 1870ലായിരുന്നു ഇതിന്റെ ആദ്യ മുദ്രണം നടന്നത്.
തലശ്ശേരിയിലെ പ്രമുഖ കേയി കുടുംബത്തിലെ ചൊവ്വരക്കാരന്‍ വലിയപുരയില്‍ അംഗമായ വ്യാപാരിയായിരുന്ന അബ്ദുല്‍ ഖാദിറാണ് പിതാവ്. വിജ്ഞാന തല്പരനായ പിതാവ് വലിയ പണ്ഡിതരെ വീട്ടില്‍ താമസിപ്പിച്ചായിരുന്നു മകന് മുഹ്യുദ്ധീന്‍ വിദ്യാഭ്യാസം നല്‍കിയിരുന്നത്. അങ്ങനെയാണ് അദ്ദേഹം തലശ്ശേരി ഖാസി മുഹമ്മദ് മുസ്ല്യാരുടെ പ്രധാന ശിഷ്യനാകുന്നത്. വിജ്ഞാന കുതുകിയായ അദ്ദേഹം തഫ്സീര്‍, ഫിഖ്ഹ്, കവിത തുടങ്ങിയ മേഖലകളിലെല്ലാം അഗാധമായ അറിവുനേടിയെടുത്തു. കണ്ണൂരിലെ അറക്കല്‍ രാജകുടുംബത്തില്‍ നിന്നായിരുന്നു വിവാഹം കഴിച്ചത്. ഇതിനു ശേഷമാണ് അദ്ദേഹം മായിന്‍ കുട്ടി എളയാ അല്ലെങ്കില്‍ എളയാവ് എന്ന പേരില്‍ അിറയപ്പെട്ടു തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് താമസിക്കാനായി മക്കയില്‍ നിര്‍മിതമായ കേയീ റുബാത്ത് സ്ഥാപിച്ചത് ഇദ്ദേഹമാണ്.
ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നത് പാപമായി കരുതിയിരുന്ന സമൂഹത്തിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത് എന്നതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനം വലിയ കോളിളക്കമുണ്ടാക്കി. പരിഭാഷയുടെ കൈയെഴുത്തു പ്രതി പുറത്തു വന്നതോടെ യാഥാസ്ഥിതികരുടെ ഭാഗത്തു നിന്ന് ശക്തമായ എതിര്‍പ്പുകളുണ്ടായി. കൈയെഴുത്ത് പ്രതി നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ വരെ നടന്നു. നാട്ടില്‍ പ്രധാന പണ്ഡിതനായി അറിയപ്പെട്ടിരുന്നതിനാലും തന്റെയും ഭാര്യയുടെയും കുടുംബത്തിന്റെ ബലത്താലും അതിനെയെല്ലാം അവഗണിച്ചുകൊണ്ട് തന്റെ പ്രവര്‍ത്തനവുമായി പോകാന്‍ അദ്ദേഹത്തിന് സാധിച്ചു. ശമ്പളം നല്കി പണ്ഡിതരെ തന്റെ വീട്ടില്‍ താമസിപ്പിച്ചായിരുന്നു അദ്ദേഹം വിവര്‍ത്തനം എഴുതി പൂര്‍ത്തിയാക്കിയത്. പിന്നീട് അറക്കല്‍ കൊട്ടാരത്തിനടുത്ത് അദ്ദേഹം ഒരു പ്രസ്സ് സ്ഥാപിക്കുകയും അതില്‍ നിന്ന് ആദ്യ വാള്യം അച്ചടിക്കുകയുംചെയ്തു. നീണ്ട ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് ഏറെ ശ്രമകരവും ശ്ലാഘനീയവുമായ ഈ ഗ്രന്ഥത്തിന്റെ മുഴുവന്‍ വാള്യങ്ങളുടെയും രചനയും മുദ്രണവും പൂര്‍ത്തിയാക്കുന്നത്. ഇങ്ങനെ തയ്യാറാക്കിയ ധാരാളം കോപ്പികള്‍ അദ്ദേഹം വിവിധ തറവാടുകളിലേക്ക് സൗജന്യമായി അയച്ചുകൊടുത്തു. അദ്ദേഹത്തിന്റെ വിവര്‍ത്തനം സമൂഹത്തില്‍ വലിയ വിപ്ലവമാണ് സാധിച്ചത്. നൂറ്റാണ്ടുകളായി പാപമെന്നു കരുതിപോന്നിരുന്ന ഒരു കാര്യം അങ്ങനെയല്ലെന്ന് സമൂഹത്തെയും പണ്ഡിതന്മാരെയും ചിന്തിപ്പിക്കാന്‍ ഈ ശ്രമം മൂലം സാധിച്ചു. ഈ വിവര്‍ത്തനമാണ് പിന്നീടു വന്ന എല്ലാ വിവര്‍ത്തകര്‍ക്കും ധൈര്യവും പ്രചോദനവുമായത്.
മലയാളത്തിലായിരുന്നെങ്കിലും ഈ ഗ്രന്ഥത്തിന്റെ ലിപി അറബി മലയാളമായിരുന്നു. മലയാള ഭാഷ നരകഭാഷയാണെന്ന അന്ധവിശ്വാസം പ്രചരിച്ച മുസ്ലിം സമൂഹം അതിനു പരിഹാരമായി നിര്‍മിച്ചതായിരുന്നു അറബി അക്ഷരങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ഈ ലിപി. പരിഭാഷ പുറത്തിറങ്ങുന്ന കാലത്ത് അക്ഷരജ്ഞാനം സിദ്ധിച്ചവര്‍ തന്നെ വളരെ വിരളമായിരുന്നു. അവരില്‍ മലയാള അക്ഷരങ്ങള്‍ അറിയുന്നവര്‍ തീരെ ഇല്ലെന്നു തന്നെ പറയാം. കൂടാതെ മലയാളം നരകത്തിലാണെന്ന അന്ധവിശ്വാസവും സമൂഹത്തില്‍ വേരുറച്ചിരുന്നു. അതിനാല്‍ അക്കാലത്തു നടന്ന മുസ്ലിം രചനകളെല്ലാം അറബി മലയാള ലിപിയിലായിരുന്നു. വിശുദ്ധ ഖുര്‍ആനിന്റെ പരിഭാഷ എന്നതിലുപരി ആശയങ്ങള്‍ വ്യക്തമായി വിശദീകരിക്കുന്നതും ജ്ഞാന സമൃദ്ധവുമായിരുന്നു ഇളയായുടെ പരിഭാഷ. എന്നാല്‍ ഇത് സമൂഹത്തിന് വേണ്ടത്ര ഉപകരാപ്പെടാതെ പോയി. അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ലിപി തന്നെയാണ്. അതു പ്രസിദ്ധീകരിക്കപ്പെട്ട കാലത്തെ മുസ്ലിംകളില് വളരെ കുറച്ചുപേര്‍ക്കേ അത് അറിയാമായിരുന്നുള്ളൂ. ഹറാം ഫത്വ നിലനിന്നതിനാല്‍ അവരില്‍ മിക്ക ആളുകള്‍ക്കും അത് ഉപയോഗപ്പെട്ടില്ല. മുസ്ലിം സമൂഹം പഠനവഴിയില്‍ മുന്നോട്ടു വന്നപ്പോഴേക്കും അറബി മലയാളം ലിപിയുടെ പ്രചാരം കുറയുകയും ചെയ്തു. ഇന്നത് വേദ ഭാഷ എന്ന നിലയില്‍ ഹൈന്ദവ സമൂഹത്തില്‍ സംസ്കൃതം സംരക്ഷിക്കപ്പെടുന്നപോലെ മുസ്ലിം സമൂഹത്തിലെ വളരെ കുറഞ്ഞ ആളുകള്‍ എന്തോ പവിത്രത കരുതി സൂക്ഷിച്ചു പോരുന്നു. അതിനെ മുന്നോട്ടു കൊണ്ടുവന്ന മലയാള ഭാഷാ വിരുദ്ധതാ പ്രചാരകരുടെ പേരമക്കള്‍ക്കുപോലും ഇന്ന് ആ ലിപി പരിചയമില്ല, അവരുടെ മദ്റസാ പാഠപുസ്തകങ്ങള്‍ പോലും കാലത്തിനനുസരിച്ച് യുക്തമായ മാറ്റം എന്നനിലയില്‍ ആ ലിപി ഉപേക്ഷിച്ചിരിക്കുന്നു.
ഇളയായുടെ ഖുര്‍ആന്‍ വിവര്‍ത്തനം ഫലപ്രദമാകാതെ പോയതിന്റെ മറ്റൊരു കാരണം അതില്‍ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത് പുരാതന മലയാളമാണെന്നതാണ്. സംസ്കൃതവും തമിഴുമെല്ലാം ഇഴചേര്‍ന്ന ഏറെ അപരിഷ്കൃതമായ അന്നത്തെ മലയാളം ഇന്നത്തെ മലയാളാധ്യാപകര്ക്കുപോലും സുഗ്രാഹ്യമല്ലല്ലോ. ആ തര്‍ജമയിലെ ഒരു ഭാഗം ഇങ്ങനെയാണ്. ”വൊരുകുറ്റം ചെയ്തെ തടിചുമക്കയില്ലാ ബേറെവൊരു തടിന്റെ കുറ്റത്തിനെ. പിന്നെ നിങ്ങളെ റബ്ബിനെ കൊള്ളയായിരിക്കും നിങ്ങള്‍ക്കുള്ളെ മടങ്ങും താനും. നിങ്ങള്‍ അമല്‍ ചെയ്യുന്നോല് ആയിരിന്നിരിന്നു. അങ്ങനത്തെയൊവൊന്നുകൊണ്ടു നിങ്ങളോട് അവന് ബിശയം അറിവിക്കുന്നദു മൂലം. നുച്ചിയം തന്നെ അല്ലാഹുയാകുന്നത് അറിയുന്നോനായിരിക്കും. ഖല്ബുകളിന്റെ അകത്തുള്ളയൊവൊന്നുകൊണ്ടു ഒക്കെയും.”(വിശുദ്ധ ഖുര്‍ആന്‍ 39:7).
”ഇദാകുന്നതാക ബര്‍കത്താക്കപ്പെട്ട കിതാബായിരിരിക്കും. അദിന നമ്മള് ഇറക്കിയിരിക്കുന്നു. മുഹമ്മദേന്ന നബിയേ, തങ്ങളെക്കൊള്ളെ അദയെന്തിന്? അദിന്റെ ആയത്തുകളെ അവല ഉറുദി ബിജാരിക്കുവാന് വേണ്ടി. അഖല്‍ ഉടയോല ഉറുദി പെറുവാന്‍ വേണ്ടിയും യെന്നയെന്ത?”(38:29).
തഫ്സീറുല്‍ ഖുര്‍ആനില്‍ ഹകീം (സി എന്‍ അഹ്മദ് മൗലവി)
മലയാള ലിപിയിലുള്ള പൂര്‍ണമായ ആദ്യത്തെ വിശുദ്ധ ഖുര്‍ആന്‍ വിവരണമാണ് സി എന്‍ അഹ്മദ് മൗലവിയുടെ തഫ്സീറുല്‍ ഖുര്‍ആനില്‍ ഹഖീം. 1963ലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഇതിനു മുമ്പ് 1918ല്‍ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി ദീപിക മാസികയിലൂടെ ഒരു ഖുര്‍ആന്‍ വിവര്‍ത്തനം പദ്ധതി ആരംഭിച്ചിരുന്നു. എന്നാല്‍ സ്വദേശാഭിമാനി പത്രത്തിനെതിരെയുള്ള നടപടിയുടെ പേരില്‍ അദ്ദേഹത്തിന്റെ പ്രസ്സ് ബ്രീട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടിയതോടെ ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു. പിന്നീട് മൗലവിയുടെ വിയോഗാന്തരം ശിഷ്യന് മുഹമ്മദ് മുഹ്യുദ്ദീന്‍ ഇതിന്റെ രചന പൂര്‍ത്തിയാക്കിയെങ്കിലും ആദ്യത്തെ രണ്ടു വാള്യങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കാന്‍ സാധിച്ചിട്ടുള്ളൂ. അറബി മലയാള ലിപിയില്‍ മായിന്‍ കുട്ടി എളയായും ശേഷം മറ്റു പലരും പൂര്‍ണവും ഭാഗികവുമായി ഖുര്‍ആനിന്റെ മലയാള പരിഭാഷ നിര്‍വഹിച്ചിട്ടുണ്ടെങ്കിലും 1951 ല്‍ രചന ആരംഭിച്ച് 1963ല്‍ രചന പൂര്‍ത്തീകരിച്ച സി എന്‍ പരിഭാഷയാണ് പൂര്‍ണമായ ആദ്യ മലയാള ലിപി പരിഭാഷയെന്നു പറയാം. ഖുര്‍ആനിന്റെ അറബി മൂലമില്ലാതെ വളരെ സ്വതന്ത്രവും മനോഹരവുമായ ഭാഷാ ഘടനയോടെ രചിച്ച ഈ ഗ്രന്ഥം 1963 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോട രണ്ടു വാള്യങ്ങളായി നാഷണല്‍ ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ചു.
നല്ല പാണ്ഡിത്യവും ഭാഷാ ജ്ഞാനവും കൈമുതലായിരുന്ന മൗലവിയുടെ രചനാ പാടവത്തിന്റെയും വിജ്ഞാന വൈപുല്യത്തിന്റെയും അടയാളമാണ് ഈ ഗ്രന്ഥം. അറബി, ഉറുദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലെ ധാരാളം തഫ്സീറുകള്‍ അവലംബമാക്കിയാണ് അദ്ദേഹം ഈ ഗ്രന്ഥരചന നിര്‍വഹിച്ചത്. മുസ്ലിംകളല്ലാത്ത വായനക്കാരെ ഏറെ ആകര്‍ഷിച്ച ഗ്രന്ഥം പക്ഷേ മുസ്ലിം പണ്ഡിതര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിന് കാരണമായി. സ്വതന്ത്ര ചിന്തയിലൂടെ ഖുര്‍ആനിനെ സമീപിച്ച അദ്ദേഹത്തിന് പല കാര്യങ്ങളിലും തന്റെതായ കാഴ്ചപ്പാടുകളായിരുന്നു ഉണ്ടായിരുന്നത്. ഇതാകട്ടെ വിശുദ്ധഖുര്‍ആനിന്റെ പ്രത്യക്ഷമായ പല ആശയങ്ങള്‍ക്കും വിരുദ്ധമായിരുന്നു.
മനുഷ്യനും മലക്കുമല്ലാത്ത പ്രത്യേക തരം സൃഷ്ടികളാണ് ജിന്നുകള്‍ എന്നാണ് മുസ്ലിം വിശ്വാസം. എന്നാല്‍ 46ാം അധ്യായത്തിലെ ഇരുപത്തി ഒമ്പതാം വചനത്തെ വ്യാഖ്യാനിച്ചു കൊണ്ട് അങ്ങനെ പ്രത്യേകം ഒരു സൃഷ്ടിയില്ലെന്നും മനുഷ്യരിലെ അപരിഷ്കൃതരായ ആദിവാസികളും മറ്റുമാണ് അതുകൊണ്ട് വിവക്ഷിക്കപ്പെടുന്നതെന്നും മൗലവി വിശദീകരിച്ചത് ഇതില്‍പെട്ടതാണ്. നാല്പതോളം വചനങ്ങളില്‍ ഖുര്‍ആന്‍ ഈ സൃഷ്ടികളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ജിന്ന് എന്ന് പേരുള്ള ഒരു അധ്യായം തന്നെ വിശുദ്ധ ഖുര്‍ആനിലുണ്ട്. ഇത്ര വ്യക്തമായ കാര്യത്തെ നിഷേധിക്കുകയും, അവര്‍ മക്കയ്ക്കു പുറത്തും മറ്റും താമസിച്ച അപരിഷ്കൃതരായ മനുഷ്യരാണെന്നുമുള്ള വാദം വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക അധ്യാപനത്തിന്റെയും സ്വഹാബികളും ത്വാബിഉകളുമായ സലഫുസ്സ്വാലിഹുകളുടെയും വിവരണങ്ങള്‍ക്കും കടകവിരുദ്ധമാണ്.
മൂസാ നബി(അ) ബനൂ ഇസ്റാഈല്യരെ ഫിര്‍ഔനില്‍ നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായി കടല്‍ മുറിച്ചുകടന്ന സംഭവത്തെയും അദ്ദേഹം സ്വതന്ത്രമായി വ്യാഖ്യാനിക്കുന്നുണ്ട്. അല്ലാഹു മൂസാ(അ)യിലൂടെ പ്രത്യക്ഷപ്പെടുത്തിയ അത്ഭുതമായിരുന്നു (മുഅ്ജിസത്ത്) ചെങ്കടല്‍ രണ്ടായി പിളര്‍ത്തി മാറ്റി അദ്ദേഹത്തിനും അനുയായികള്‍ക്കും മറുകരയെത്താനുള്ള വഴി സൃഷ്ടിച്ചത്. എന്നാല്‍, ആ സംഭവത്തെ അദ്ദേഹം സമീപിച്ചത് അങ്ങനെയായിരുന്നില്ല. ”അന്ന് ചെങ്കടലില്‍ ഇന്നത്തെപ്പോലെ വെള്ളമുണ്ടായിരുന്നില്ല. പൊതുവില്‍ മണല്‍തട്ട് പൊങ്ങിക്കിടക്കുകയായിരുന്നു. ഇടക്ക് അവിടെവിടെ ചില കയങ്ങളുമുണ്ടായിരിന്നു. സൂക്ഷിച്ചുപോകുന്ന പക്ഷം ആ കയങ്ങളിലൊന്നും ചാടാതെ മറുകര പ്രാപിക്കാം”(പേജ് 1172). അങ്ങനെ മൂസാ(അ) തന്റെ വടിയൂന്നി ആഴം കുറഞ്ഞ സ്ഥലം നോക്കി അക്കരെ കടക്കുകയും പിന്നാലെ വന്ന ഫറോവയും സംഘവും വഴിയറിയാതെ ആഴത്തില്‍ പതിച്ച് നശിക്കുകയുമായിരുന്നു എന്നാണ് അദ്ദേഹം ഈ മുഅ്ജിസത്തിനെ (പ്രവാചക ദിവ്യാത്ഭുതം) വിശദീകരിച്ചത്.
ഇതും ഇതുപോലുള്ളതുമായ അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളാണ് മുസ്ലിം പണ്ഡിതന്മാരില് നിന്നും സമൂഹത്തില്‍ നിന്നും അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വിവര്‍ത്തനത്തെ മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിച്ചത്. പിന്നീട് ഖുര്‍ആന്‍ വ്യാഖ്യാനമെഴുതിയ പലരും അദ്ദേഹത്തിന്റെ ഇത്തരം വ്യതിയാനങ്ങളെ പ്രമാണബദ്ധമായി ഖണ്ഡിക്കുകയുണ്ടായി. മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം ഇതില്‍ പ്രത്യേകം പ്രസ്താവ്യമാണ്.
ഏറെ വിജ്ഞാനപ്രദമായ പ്രസ്തുത വ്യാഖ്യാനം സാധാരണക്കാരായ, പ്രത്യേകിച്ചും മറ്റു മതക്കാരായ വായനക്കാര്‍ക്ക് വിശുദ്ധഖുര്‍ആനിന്റെ ആശയം എളുപ്പത്തില്‍ ഗ്രഹിക്കാനുതകുന്നതാണ്. കൂടാതെ ഖുര്‍ആനിക അധ്യാപനങ്ങള്‍ പലയിടങ്ങളിലും വളരെ ശാസ്ത്രീയമായും കാലികമായ അറിവുകളുമായും ബന്ധിച്ച് അദ്ദേഹം നടത്തുന്ന വ്യാഖ്യാനങ്ങള്‍ ഏറെ വൈജ്ഞാനികവും അതിന്റെ അമാനുഷികത പ്രകടമാക്കാന്‍ പോന്നതുമാണ്. പ്രൗഢമായ ആമുഖവും അവസാന ഭഗത്തെ വിശദമായ വിഷയ സൂചിയും ഈ ഗ്രന്ഥത്തെ വ്യതിരിക്തമാക്കുന്നുണ്ട്.
തര്‍ജുമാനുല്‍ ഖുര്‍ആന്‍ (കെ ഉമര്‍ മൗലവി)
1955 ലാണ് അറബി മലയാള ലിപിയില്‍ കെ ഉമര്‍ മൗലവി ഖുര്‍ആനിന്റെ വിശദമായ ഒരു വ്യഖ്യാനം തയ്യാറാക്കുന്നത്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആഴ്ന്നിറങ്ങിയ മുസ്ലിം സമൂഹവും അവരെ അത്തരം അന്ധതയില്‍ തളച്ചിടാനായി മഹദ്ഗ്രന്ഥങ്ങളെന്ന പേരിലുള്ള ചില കൃതികളുമായി പണ്ഡിതന്മാരും രംഗം കീഴടക്കിയ കാലത്താണ് ഖുര്‍ആന്‍ വിവര്‍ത്തനം ദൗത്യമായി ഏറ്റെടുക്കാന്‍ മൗലവി ധൈര്യം കാണിക്കുന്നത്. പവിത്രമെന്ന് വിശ്വാസികള്‍ കരുതുന്ന ഗ്രന്ഥത്തിന് വിരുദ്ധമായതാണ് തങ്ങള്‍ ചെയ്യുന്നതെന്ന് മനസ്സിലാക്കിയാല്‍ സമൂഹം ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്മാറുമെന്ന ചിന്തയാണല്ലോ പൊതുജനങ്ങള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുന്ന സംരംഭം തങ്ങളുടെ പ്രബോധനപ്രവര്‍ത്തനത്തിന്റെ മുഖ്യ ഭാഗമാക്കാന്‍ നവോത്ഥാന നായകരെ പ്രചോദിപ്പിച്ചത്. ഇതു തന്നെയാണ് ഈ പ്രയാസകരമായ കര്‍മം നിര്‍വഹിക്കാന്‍ മൗലവിയെയും പ്രേരിപ്പിച്ചത്. മുസ്ലിം സമൂഹം പൊതുവെയും അവരിലെ ഒരു വലിയ വിഭാഗം പണ്ഡിതന്മാര്പോലും മലയാള ലിപി എഴുതാനും വായിക്കാനും അറിയാത്തവരായിരുന്നു. അതിനാല്‍ ഖുര്‍ആനിന്റെ ആശയങ്ങള്‍ ഇത്തരക്കാരിലേക്കെത്തണമെങ്കില് അവര്‍ക്കറിയാവുന്ന ലിപിയില്‍ തന്നെ ഗ്രന്ഥരചന നടക്കേണ്ടതുണ്ടന്നതിനാലാവണം അദ്ദേഹം അത് അറബിമലയാള ലിപിയില്‍ തയ്യാറാക്കിയത്.
നാനൂറു വീതം പേജുകളുള്ള ആറു വാള്യങ്ങളാണ് ഇതിനുള്ളത്. ആദ്യവാള്യം 1955ല്‍ പ്രസിദ്ധീകരിച്ചു. ബാക്കി അഞ്ചുവാള്യങ്ങള്‍ 1958, 1960, 1962, 1963, 1965 എന്നിങ്ങനെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചു. പദത്തിന്റെ അര്‍ഥവും വിശദീകരണവുമുണ്ടായിരുന്ന ഈ വിവര്‍ത്തനം പിന്നീട് വിശദീകരണം ഒഴിവാക്കി മലയാള ലിപിയില്‍ ഒറ്റ വാള്യത്തിലും പ്രസിദ്ധീകരിക്കുകയുണ്ടായി. മരണത്തിനു മുമ്പായി, അത്യാവശ്യം വിവരണവും പുതിയ ദുര്‍വ്യാഖ്യാനങ്ങള്‍ക്കുള്ള മറുപടികളുമായി പരിഷ്കരിച്ച പതിപ്പ് തയ്യാറാക്കിയെങ്കിലും അത് മുദ്രണം ചെയ്തിരുന്നില്ല. മരണാനന്തരം അതിന്റെ പ്രസിദ്ധീകരണം നിര്‍വഹിക്കപ്പെട്ടിട്ടുണ്ട്.
പൂര്‍വിക പ്രാമാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ത്വബ്രീ, ഇബ്നു കസീര്‍, ശൗകാനി റാസീ, സമഖ്ശരീ, സുയൂതി(റ) തുടങ്ങിയവരുടെ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം തന്റെ തഫ്സീര്‍ രചിച്ചത്. അറബി മലയാള ലിപിയില്‍ അന്ന് വേറെയും ചില വ്യാഖ്യാനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുവെങ്കിലും ഈ വ്യാഖ്യാനം വേറിട്ടു നില്‍ക്കുന്നത് അതിന്റെ ഇസ്ലാമിക അഖീദ(വിശ്വാസ സംഹിത)യുടെ അടിസ്ഥാനമായ ഏകദൈവാരാധനക്ക് (തൗഹീദിന്) നല്കിയ ഊന്നലാണ്. തൗഹീദീ പ്രബോധനത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പണ്ഡിതനായിരുന്നു ഉമര്‍ മൗലവി. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനവും ആ ദൗത്യം തന്നെയാണ് പ്രധാനമായും നിര്‍വഹിച്ചത്. വിവിധ ആയത്തുകള്‍ വിശദീകരിക്കുന്നിടത്ത് അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന അടിസ്ഥാന ലക്ഷ്യം വ്യക്തമാക്കാന്‍ അദ്ദേഹം ഏറെ തെളിവുകളും ലക്ഷ്യങ്ങളും കൊണ്ട് സമര്‍ഥിക്കുന്നുണ്ട്. ഇതിനെതിരായ ഇസ്തിഗാസ, തവസ്സുല്‍, നേര്‍ച്ചോത്സവങ്ങള്‍ പോലുള്ള മുസ്ലിം സമൂഹത്തില്‍ വ്യാപകമായിരുന്ന അന്ധവിശ്വാസങ്ങളെയെല്ലാം സലക്ഷ്യം വിമര്‍ശിക്കാനും അത്തരക്കാര്‍ക്ക് മറുപടികൊടുക്കാനും മൗലവി ഈ ഖുര്‍ആന്‍ വ്യാഖ്യാനം ഉപയോഗിച്ചു.
വിശുദ്ധ ഖുര്‍ആന്‍ വിവരണം(അമാനി മൗലവി)
1963 ല്‍ പ്രസിദ്ധീകരണം തുടങ്ങിയതും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളതും ആധികാരികവുമായ ഖുര്‍ആന്‍ വ്യാഖ്യാനമാണ് മുഹമ്മദ് അമാനി മൗലവിയുടെ ‘വിശുദ്ധ ഖുര്‍ആന്‍ വിവരണം’.
ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നത് വിലക്കപ്പെടുകയും അതൊരു മഹാപാതകമായി സമൂഹം കരുതുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു അമാനി മൗലവിയുടെ വ്യാഖ്യാനം വെളിച്ചം കാണുന്നത്. ഒലവക്കോട്ടെ പൗരപ്രമുഖന്‍ കെ പി മുഹമ്മദ് സാഹിബ് കെ എം മൗലവിക്കയച്ച ഒരു കത്തില്‍ നിന്നാണ് ഈ മഹാസംരംഭത്തിന്റെ പിറവി. വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും മലയാളത്തില്‍ പുറത്തിറക്കണമെന്നും സാമ്പത്തികമല്ലാത്തതിലെല്ലാം നേതൃത്വം നല്‍കണമെന്നുമായിരുന്നു കെ.എം മൗലവിയോടുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ഥന. മൗലവി തന്റെ സുഹൃത്തുക്കളെ വിളിച്ചു കൂട്ടി. തികച്ചും പൗരാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ശൈലിയില്‍ ഒരു മലയാള തഫ്സീര്‍ ഗ്രന്ഥം എഴുതുവാന്‍ തീരുമാനിച്ചു. എ അലവി മൗലവി, പി കെ മൂസ മൗലവി, മുഹമ്മദ് അമാനി മൗലവി എന്നിവരെ രചനയ്ക്ക് ഉത്തരവാദിത്തപ്പെടുത്തി. കെ എം മൗലവി ഉപദേശം നല്‍കുകയും ചെയ്തു. 1960 സെപ്തംബര്‍ 7ന് കോഴിക്കോട് കല്ലായിയിലുള്ള കെ പി സഹോദരന്മാരുടെ തറവാട്ടില്‍ അരണ്ട റാന്തല്‍ വെളിച്ചത്തിനു മുമ്പില്‍ പ്രാര്‍ഥനയോടെ തുടക്കമിട്ട തഫ്സീര്‍ രചന 1985 വരെയുള്ള 25 വര്‍ഷം നീണ്ടു നിന്നു. പരിഭാഷയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന എ അലവി മൗലവിയും പി കെ മൂസ മൗലവിയും ഇതിനിടയില്‍ മരണപ്പെട്ടു. ഞെട്ടലോടെ കൈമലര്‍ത്തുന്നതിനു പകരം നെഞ്ചു വിരിച്ച് ആ നിയോഗം അമാനി മൗലവി ഏറ്റെടുത്തു. 1985 ല്‍ അവസാനത്തെ വാള്യവും പ്രസിദ്ധീകരിച്ചുകഴിഞ്ഞതോടെ അമാനി മൗലവി രോഗിയുമായി. മുഴുവന്‍ വാള്യങ്ങളും പുറത്തിറങ്ങിയത് കണ്‍നിറയെ കണ്ട് മനം നിറയെ അല്ലാഹുവിനെ സ്തുതിച്ച് ആ ഉന്നത ജീവിതം 1987 ല്‍ അസ്തമിച്ചു.
രചനാ ശൈലി
പരിഭാഷയ്ക്ക് ഗ്രന്ഥകര്‍ത്താക്കള്‍ മഹത്തായ ഒരു മുഖവുര തയ്യാറാക്കിയിട്ടുണ്ട്. ഈ മുഖവുര തഫ്സീറിന്റെ ആഴം കുറിക്കുന്ന ഒരു മാപിനിയായി വര്‍ത്തിക്കുന്നത് കാണാം. ഗ്രന്ഥകര്‍ത്താക്കള്‍ സൂചിപ്പിക്കുന്നത് പോലെ വായനക്കാരില്‍ രണ്ട് തരക്കാരുണ്ടായിരിക്കും. ഒന്നോ രണ്ടോ ആവര്‍ത്തി വായിച്ച് തൃപ്തിയടയുന്നവരും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കുന്നവരും. രണ്ടാം വായനക്കാരെ ഉദ്ദേശിച്ചാണ് ഈ പരിഭാഷ തയ്യാറാക്കിയിട്ടുള്ളത്.
ഓരോ സൂറത്തിന്റെയും തുടക്കത്തില്‍ ആ സൂറത്തിനെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം തുടര്‍ന്ന് ഓരോ ആയത്തിന്റെയും ഒന്നിച്ചുള്ള പരിഭാഷ. ശേഷം ഓരോ വാക്കിന്റെയും അര്‍ഥം ശേഷം ആ വചനത്തിന്റെ വ്യാഖ്യാനം വിശദമായി പ്രതിപാദിക്കുന്നു. വാക്കര്‍ഥവും ആയത്തിന്റെ അര്‍ഥങ്ങളും നല്കുമ്പോള് സ്വീകരിച്ചിട്ടുള്ള ബ്രാക്കറ്റിനകത്തെ ഉദ്ദേശ്യാര്‍ഥങ്ങള്‍ ഈ തഫ്സീറിന്റെ ഒരു പ്രത്യേകതയാണ്. വായനക്കാരന് ആശയക്കുഴപ്പമോ അവ്യക്തതയോ തെല്ലും ഉണ്ടാവുകയില്ല എന്നതാണ് ഈ ബ്രാക്കറ്റുകളുടെ മെച്ചം. വ്യാഖ്യാനങ്ങള്‍ക്കു പുറമെ ചില പ്രത്യേക വിഷയങ്ങളില്‍ നല്‍കിയിരിക്കുന്ന ദീര്‍ഘമായ വ്യാഖ്യാനക്കുറിപ്പുകളും ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയത്രെ.
ഫത്ഹുര്റഹ്മാന് ഫീ തഫ്സീരില് ഖുര്‍ആന്‍(കെ.വി മുഹമ്മദ് മുസ്ലിയാര്)
കേരളത്തിലെ ഒരു വിഭാഗം പണ്ഡിതന്മാര് ആദ്യകാലത്ത് ഖുര്‍ആന്‍ പരിഭാഷയെ ശക്തിയുക്തം എതിര്‍ത്തിരുന്നു. ഫാതിഹയുടെ പോലും അര്‍ഥം മനസ്സിലാക്കേണ്ടതില്ല എന്നായിരുന്നു ചിലരുടെ വാദം. വിവര്‍ത്തനം ഖുര്‍ആനിന്റെ മഹത്വം നഷ്ടപ്പെടുത്തുമെന്നായിരുന്നു പറഞ്ഞിരുന്ന പ്രധാന ന്യായം. എന്നാല്‍ ഖുര്‍ആന്‍ മനുഷ്യ സമൂഹത്തിന്റെ മാര്‍ഗദര്‍ശനമാണെന്നും അറബികളല്ലാത്തവര്‍ക്ക് അത് മനസ്സിലാകണമെങ്കില്‍ അവരുടെ മാതൃഭാഷകളില്‍ അത് വിവര്‍ത്തനം ചെയ്യപ്പെടണമെന്നുമുള്ള ആശയവുമായി നവോത്ഥാന പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുകയും പൂര്‍ണവും ഭാഗികവുമായി പല വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഇതിന് ചില പണ്ഡിതന്മാരുടെ വിലക്കുണ്ടായിട്ടും സമൂഹത്തില്‍ വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. എന്നുമാത്രമല്ല, ഇങ്ങനെ പുറത്തിറങ്ങിയ വ്യാഖ്യാനങ്ങള്‍ ജനങ്ങള്‍ ചെയ്തിരുന്ന പല കാര്യങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണെന്ന് വ്യക്തമാക്കിയത് ജനങ്ങളില്‍ സ്വാധീനിച്ചു തുടങ്ങി. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ആശയാദര്ശങ്ങള്ക്കിണങ്ങുന്ന വിവര്‍ത്തനം ആവശ്യമാണെന്ന ചിന്തയിലേക്ക് പരിഭാഷാ വിരുദ്ധരും എത്തുന്നത്. ഇതില്‍ അറിയപ്പെട്ട ആദ്യ ശ്രമം നടത്തിയത് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനും അല്ബയാന്, അല്‍മുഅല്ലിം മാസികകളുടെ പത്രാധിപരും ആയിരുന്ന മര്‍ഹൂം ടി.കെ. അബ്ദുല്ല മുസ്ലിയാര് ആയിരുന്നു. 1974-ല്‍ പുറത്തിറക്കിയ ‘തഫ്സീറുല്‍ ഖുര്‍ആന്‍’ എന്ന ഒറ്റ വാള്യത്തിലുള്ള മലയാള പരിഭാഷ തഫ്സീറുല്‍ ജലാലൈനിയുടെ സ്വതന്ത്ര വിവര്‍ത്തനമായിരുന്നു.
ഈ വിവര്‍ത്തനം പരിഭാഷ നിഷിദ്ധം എന്ന അവസ്ഥയില്‍ നിന്ന് മാറാന്‍ സമൂഹത്തെ പ്രേരിപ്പിച്ചു. എങ്കിലും ലക്ഷ്യം നിറവേറ്റാന്‍ ഇതു പര്യാപ്തമായിരുന്നില്ല. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് ‘ഫത്ഹുറഹ്മാന്‍ ഫീ തഫ്സീരില് ഖുര്‍ആന്‍’ എന്ന സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷ കൂറ്റനാട് കെ.വി. മുഹമ്മദ് മുസ്ലിയാര് നാലു വാള്യങ്ങളിലായി പുറത്തിറക്കുന്നത്. നവോത്ഥാന പണ്ഡിതരുടെ നല്ല മലയാള ഉപയോഗം, ചിന്തിക്കുന്ന ജനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നുവെന്നു മനസ്സിലാക്കിയതാണ് താന്‍ മലയാളം പഠിക്കാന്‍ കാരണം എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. സ്ഫുടമായി സംസാരിക്കുകയും എഴുതുകയും ചെയ്ത അദ്ദേഹത്തിന്റെ ഭാഷാ മികവ് ഈ ഖുര്‍ആന്‍ വ്യാഖ്യാനത്തെ സമാന വ്യാഖ്യാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്.
മുപ്പത് വര്‍ഷത്തോളം ‘സമസ്ത’യുടെ സെക്രട്ടറിയായിരുന്ന കെ.വി മുഹമ്മദ് മുസ്ല്യാര്‍ നേരത്തെ തന്നെ അല്ബയാന് മാസികയിലൂടെ നിലവിലുള്ള മലയാള പരിഭാഷയില്‍ കടന്നുകൂടിയിട്ടുള്ള സമസ്ത വിരുദ്ധ ആശയങ്ങള്‍ക്ക് മറുപടി എന്ന നിലയില്‍ ഖുര്‍ആന്‍ വ്യാഖ്യാനം നിര്‍വഹിച്ചിരുന്നു. ഇതാണ് പിന്നീട് ഗ്രന്ഥരൂപത്തിലേക്ക് മാറ്റിയ ഫത്ഹുര്റഹ്മാന്. സി.എന്‍. അഹ്മദ് മൗലവിയുടെ യുക്തിവാദത്തെയും പുരോഗമന വാദത്തെയും ഇതില്‍ ഖണ്ഡിക്കുന്നുണ്ട്. അതോടൊപ്പം ഉമര്‍ മൗലവി, അമാനി മൗലവി തുടങ്ങിയ ഇസ്ലാഹീ പണ്ഡിതരുടെ തഫ്സീറുകളില്‍ സമസ്തയുടെ ആദര്‍ശത്തിനു വിരുദ്ധമായി വന്ന കാര്യങ്ങള്‍ക്ക് മറുപടി പറയാനാണ് ആമുഖം മുതല്‍ ഈ ഗ്രന്ഥത്തിലെ കുറിപ്പുകളിലും വിശദീകരണങ്ങളിലും അദ്ദേഹം ശ്രമിക്കുന്നത്. മരണപ്പെട്ടവരെ വിളിച്ചു പ്രാര്‍ഥിക്കുന്നതും മഹത്തുക്കളുടെ പേരില്‍ നേര്‍ച്ചകള്‍ നടത്തുന്നതുമെല്ലാം ഇസ്ലാമികമാണെന്നു സമര്‍ഥിക്കാന്‍ ഈ ഗ്രന്ഥത്തിലുടനീളം ശ്രമിക്കുന്നുണ്ട് (35:14 ന്റെ വ്യാഖ്യാനം).
കൂടാതെ ക്രിസ്ത്യന്‍ മിഷണറിമാരുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ക്രൈസ്തവ അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ അവരുടെ തന്നെ ഗ്രന്ഥങ്ങളുപയോഗിച്ച് വിമര്‍ശിക്കാനും ശാസ്ത്രീയ കാര്യങ്ങളെ ഖുര്‍ആനിക വചനങ്ങളുമായി ബന്ധിപ്പിക്കാനുമെല്ലാം ഇതില്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ആദ്യവാള്യം 1970 ല്‍ സ്വന്തമായി പുറത്തിറക്കി. 1980 ലാണ് മുഴുവന്‍ വാള്യങ്ങളും പൂര്‍ത്തിയായത്. യു.എ.ഇയിലെ അല്‍ ഐന്‍ സുന്നി യൂത്ത് സെന്ററിന്റെ സാമ്പത്തിക സഹായത്തോടെ നിലവില്‍ വന്ന സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ പിന്നീട് പരിഭാഷയുടെ പ്രസിദ്ധീകരണച്ചുമതല ഏറ്റെടുത്ത് നാല് വാള്യങ്ങളായി ആ പരിഭാഷ പുറത്തിറക്കുകയുണ്ടായി.
വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ(അബ്ദുല്‍ ഹമീദ് മദനി)
മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള വിശുദ്ധഖുര്ആന് വിവര്‍ത്തനമാണ് ‘വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ’. പ്രഗത്ഭ പണ്ഡിതരായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും പറപ്പൂര് കുഞ്ഞി മുഹമ്മദ് മദനിയും ചേര്‍ന്നാണ് ഇതിന്റെ രചന നിര്‍വഹിച്ചത്. 1990 ല്‍ കിതാബ് മഹല്‍ (കോഴിക്കോട്) എന്ന പ്രസിദ്ധീകരണാലയമാണ് ഇത് ആദ്യമായി പുറത്തിറക്കിയത്. കോഴിക്കോട് ആസ്ഥാനമായ യുവത ബുക് ഹൗസ് 1993 മുതല്‍ ഇത് പ്രസിദ്ധീകരിച്ചു തുടങ്ങി. വളരെ ലളിതവും സുഗ്രാഹ്യവുമായ ഭാഷയിലും ഖുര്‍ആനിനോട് ഭാഷാപരമായും ആശയപരമായും ഏറെ അനുയോജ്യവുമായിരുന്ന ഈ വിവര്‍ത്തനം പൂര്‍വിക പണ്ഡിതരുടെ ഖുര്‍ആന്‍ വ്യാഖ്യാന നിലപാടുകളോടും പരമാവധി നീതി പുലര്‍ത്തുന്നുണ്ട്.
യു.എ.ഇയിലെ ഇസ്വ്ലാഹീ പ്രവര്‍ത്തകര്‍ വിശുദ്ധ ഖുര്‍ആനിന്റെ ഒരു സമ്പൂര്‍ണ ശബ്ദ വിവര്‍ത്തന റിക്കോര്‍ഡിംഗിനെ കുറിച്ച് ചിന്തിക്കുകയും അത് കേരള നദ്വതുല് മുജാഹിദീനുമായി കൂടിയാലോചിക്കുകയും ചെയ്തതാണ് ഈ വിവര്‍ത്തനത്തിന്റെ പിറവിക്ക് തുടക്കമായത്. മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിനെ അടിസ്ഥാനമാക്കി ഇത്തരമൊരു ശബ്ദവിവര്ത്തനം തയ്യാറാക്കാന്‍ കെ എന്‍ എം അവര്‍ക്ക് അനുമതി നല്‍കുകയും ബഹുമാന്യ പണ്ഡിതന്മാരായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, പറപ്പൂര് കുഞ്ഞിമുഹമ്മദ് മദനി എന്നിവരെ ചുമതല ഏല്പിക്കുകയും ചെയ്തു. 1987ല്‍ ഈ ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ട് കാസറ്റുകള്‍ പുറത്തിറങ്ങി. ഇതിന് നാട്ടിലും വിദേശത്തും ഏറെ പ്രചാരവും വന്‍സ്വീകാര്യതയും ലഭിക്കുകയും ഖുര്‍ആനിന്റെ ഓഡിയോ വിവര്‍ത്തന രംഗത്തുണ്ടായ വലിയ വിടവ് നികത്തുകയും ചെയ്തു.
ഇത് പുസ്തക രൂപത്തില്‍ മുദ്രണം ചെയ്യുന്നത് സാധാരണക്കാരിലേക്ക് ഖുര്‍ആനിക അധ്യാപനങ്ങള്‍ എത്തിക്കുവാന്‍ ഏറെ ഉപയുക്തമാകും എന്ന ചിന്തയില്‍ നിന്നാണ് അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെ അതിനുവേണ്ടി പ്രസ്തുത പണ്ഡിതര്‍ തന്നെ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ വിവര്‍ത്തനം പൂര്‍ത്തീകരിക്കുകയും ബഹുമാന്യനായ പണ്ഡിതന് കെ പി മുഹമ്മദ് മൗലവി അത് പരിശേധിച്ച് ഉറപ്പുവരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിന് കേരളീയ സമൂഹത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അയത്ന ലളിതമായ ഭാഷയും ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം വ്യക്തത വരുത്താനുതകുന്ന ചെറിയ വിശദീകരണക്കുറിപ്പുകളും ഖുര്‍ആനിനെ കുറിച്ച വിശദവും ശാസ്ത്രീയവുമായ ആമുഖവും അവസാനത്തില്‍ ഖുര്‍ആനിക വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന സമ്പന്നമായ വിഷയവിവര സൂചികയും ഇതിനെ വേറിട്ടതും കനപ്പെട്ടതുമാക്കി. ‘സമ്പൂര്‍ണ പരിഭാഷ’ പൊതു ജനങ്ങള്ക്കെന്നതു പോലെ പണ്ഡിതന്മാര്ക്കും സ്വീകാര്യമാക്കി. ഖുര്‍ആനിക വചനങ്ങള്‍ അറബി ലിപിയില്‍ മുസ്ഹഫിലേതു പോലെ വലുതായി നല്‍കുകയും ഓരോ വചനത്തിനോടും ചേര്‍ന്ന് അതിന്റെ മലയാള പരിഭാഷ ചേര്‍ക്കുകയും ചെയ്ത രൂപം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതോടൊപ്പം ആശയം കൂടി ഗ്രഹിക്കാന്‍ സാധാരണക്കാര്‍ക്ക് സൗകര്യമായി. അതോടൊപ്പം ചെറിയ ഏക വാള്യ പുസ്തകമായതിനാല്‍ വലിയ സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ വാങ്ങാനും കൊണ്ടു നടക്കാനുമെല്ലാം കഴിയുന്നു എന്നതും ജനപ്രീതിക്ക് കാരണമായിട്ടുണ്ട്. ഇതിന്റെ ധാരാളം പ്രതികള്‍ മലയാളികളായ അമുസ്ലിംകളുടെ കൈകളിലെത്താനും ഇവ കാരണമായി.
ഇതിനിടെ ഇതിന്റെ പ്രസിദ്ധീകരണം സുഊദി മതകാര്യവകുപ്പിനു കീഴിലുള്ള മദീനയിലെ മലിക് ഫഹദ് പ്രിന്റിംഗ് കോംപ്ലക്സ് ഏറ്റെടുത്തു. വിശുദ്ധ ഖുര്‍ആന്‍ മുദ്രണം ചെയ്യാനും വിവിധ ഭാഷകളിലുള്ള വിവര്‍ത്തനങ്ങള്‍ക്കുമായി മാത്രം സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം ഇതിനകം പല തവണകളിലായി കൂടുതല്‍ ആകര്‍ഷകമായ രൂപത്തില്‍ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷയുടെ ആയിരക്കണക്കിന് കോപ്പികള്‍ പ്രസിദ്ധീകരിക്കുകയും സൗജന്യമായി വിതരണം നടത്തുകയും ചെയ്തു.
മലയാള തര്‍ജമകളും വ്യാഖ്യാനങ്ങളും 1

ബന്ധപ്പെട്ട ലേഖനങ്ങൾ
മലയാള തര്‍ജമകളും വ്യാഖ്യാനങ്ങളും 2
മലയാള തര്‍ജമകളും വ്യാഖ്യാനങ്ങളും 1
വിശുദ്ധ ഖുര്‍ആന്‍: ഉര്‍ദു വ്യഖ്യാനങ്ങള്‍
വിശുദ്ധ ഖുര്‍ആന്‍: ഇംഗ്ലീഷ് വ്യഖ്യാനങ്ങള്‍
അറബി തഫ്സീറുകള്‍ 3
അറബി തഫ്സീറുകള്‍ 2
ബന്ധപ്പെട്ട വീഡിയോകൾ
അറഫ ദിന പ്രഭാഷണം 2022
അറഫ ദിന പ്രഭാഷണം 2022
ഫീഡ്ബാക്ക്
കുറിപ്പുകൾ
ഇന്നത്തെ സന്ദേശം
soon
നിലപാട്
നിലപാട് 2023
നിലപാട് 2022
നിലപാട് 2021-4
നിലപാട് 2021-3
വീക്ഷണം
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്ലിം സന്നദ്ധ സംഘടനകളും
വൈകല്യമല്ല, ഭിന്നശേഷി
സമകാലം
ദാറുല്‍ ഉലൂം നദ്വത്തുല് ഉലമാ
ദാറുല്‍ ഉലൂം ദയൂബന്ദ്
ഇന്ത്യയിലെ ഇസ്ലാമിക സ്ഥാപനങ്ങള്‍ -2
ഇന്ത്യയിലെ ഇസ്ലാമിക സ്ഥാപനങ്ങള്‍-1
സ്പെഷ്യൽ ആർട്ടിക്കിൾ
സുല്‍ത്താന്‍ ഹസ്സന് അല്‍ ബുല്‍ഖിയ
ഫാത്തിമ അബൂശനബ്
താജുല്‍ മസാജിദ്
ഡോ. സാലിം അലി
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം
ഡോ.സിയാഉര്‍റഹ്മാന്‍ ആസ്മി
സയ്യിദ അന്‍വാറാ തൈമൂര്‍
ഡോ. വലിയ മണ്ണത്താല്‍ ഹംസ
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍
ബതക് മിയാന്‍ അന്‍സാരി
ഈമാന്‍
ഈമാന്‍ ഒരു പരിചയം
ദൈവ വിശ്വാസത്തിന്റെ ചരിത്രം
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം
എന്താണ് തവസ്സുല്‍ ?
കുഫ്ര് (സത്യനിഷേധം)
വീഡിയോകൾ
അറഫ ദിന പ്രഭാഷണം 2022
അറഫ ദിന പ്രഭാഷണം 2022
ലേഖനങ്ങൾ
മനുഷ്യന്
പ്രപഞ്ചം
ചരിത്രത്തിന്റെ ചരിത്രം
ഖുര്‍ആനും ചരിത്രവും
Ad Space Available