ഹദീസ് വിഭജനം
ഹദീസ് നിവേദന ശാസ്ത്രത്തിലൂടെ കടന്നുവരുന്ന ഒരു ഹദീസിനെ അതിൻറെ ബലാബലങ്ങൾ പരിഗണിച്ച് ഉസ്വൂലുൽ ഹദീസിൻ്റെ പണ്ഡിതന്മാർ വിവിധ പേരുകൾ നൽകി ഹദീസ് വിഭജനം നടത്തി. അതിൽ പ്രധാനങ്ങൾ ആയ മുതവാതിർ, ഖബറുൽ ആഹാദ് എന്നിവ സംബന്ധിച്ച വിശദമായ വിവരം ഇവിടെ വായിക്കാം. കൂടാതെ, സ്വഹീഹ്, ഹസൻ, മുത്തസ്വിൽ എന്നീ ശീർഷകങ്ങളിലൂടെ സ്വീകാര്യമായ ഹദീസിന്റെ ഇനങ്ങൾ പഠനവിധേയമാക്കുന്നു. ഭാഷാര്‍ഥവും നിര്‍വചനവും
ഹദീസുകള്‍ മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു.
- ഖൗലി (പ്രവാചകന്റെ വചനങ്ങള്‍).
- ഫിഅ്ലി (പ്രവാചകന് (സ്വ) ചെയ്തിട്ടുള്ളതും അനുചരര്‍ അവരുടെ ഭാഷയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും).
- തഖ്രീരി (തന്റെ സന്നിധിയില്‍ വെച്ച് ചെയ്യുകയോ മറ്റുള്ളവര്‍ ചെയ്തതായി പറഞ്ഞറിയിക്കുകയോ ചെയ്തതായ ഒരു കാര്യം പ്രവാചകന്(സ്വ) വിരോധിക്കുകയോ വിസമ്മതം പ്രകടിപ്പിക്കുകയോ ചെയ്യാത്തത്).
ഈ മൂന്ന് വകുപ്പില്പ്പെട്ടതിനും ഹദീസ് എന്ന സംജ്ഞയാണ് ഉപയോഗിക്കുന്നത്.
ഏതൊരു ഹദീസിന്റെയും നിവേദകരുടെ (സനദ്) സ്വീകാര്യതയും ആ പരമ്പര നബി(സ്വ) യിലേക്കെത്തുന്ന രീതിയും ഹദീസിലെ വചനങ്ങളും (മത്ന്) വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചതിന് ശേഷം ഹദീസ് സ്വീകാര്യമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നു. നിവേദകപരമ്പര(സനദ്)യും ഹദീസ് വചനങ്ങളുമായി (മത്ന്) ബന്ധപ്പെട്ട്, ഹദീസിന്റെ സ്വീകാര്യതക്കും നിരാകരണത്തിനും നിദാനമായ നിയമങ്ങളും തത്ത്വങ്ങളും അവലംബമാക്കി പരിശോധിക്കുകയാണ് ഹദീസ് നിദാനശാസ്ത്രത്തി(ഉസ്വൂലുല്‍ ഹദീസ്)ന്റെ ലക്ഷ്യം.
നിവേദകരുടെ സ്വഭാവവും യോഗ്യതയും നിവേദനത്തിന്റെ രീതിയും മറ്റും പരിശോധിച്ചുകൊണ്ട് പണ്ഡിതന്മാര് ഹദീസുകളെ പൊതുവില്‍ രണ്ട് വിഭാഗമാക്കി. (ഒന്ന്) സ്വീകാര്യമായവ-സ്വഹീഹ്. (രണ്ട്) സ്വീകാര്യമല്ലാത്തവ-ദ്വഈഫ്. ഈ നിയമ പ്രകാരം സ്വീകാര്യമായ ഹദീസുകള്‍ മാത്രമാണ് പ്രമാണയോഗ്യം. പ്രാമാണികതയുടെ ഏറ്റക്കുറച്ചിലനുസരിച്ച് വിവിധ സാങ്കേതിക പേരുകളില്‍ മുഹദ്ദിസുകള്‍ അവയെ തരം തിരിച്ചിട്ടുമുണ്ട്.
നിവേദകരുടെ സംഖ്യാബലത്തെ ആസ്പദമാക്കി മുതവാതിര്‍, ഖബര്‍ ആഹാദ് എന്നിങ്ങനെ രണ്ടു വിഭാഗമായി വേര്‍തിരിച്ചിട്ടുണ്ട്.
മുതവാതിര്‍
നിവേദകരുടെ ആധിക്യത്താല്‍ നിവേദനത്തിന്റെ വിശ്വാസ്യതയിലോ സത്യസന്ധതയിലോ യാതൊരു സംശയത്തിനും സാധ്യതയില്ലാത്ത ഹദീസാണ് മുതവാതിര്‍. നിവേദകശ്രേണിയുടെ തുടക്കത്തിലും മധ്യത്തിലും അവസാനത്തിലും എണ്ണം ക്ലിപ്തമല്ലാത്തവിധം ധാരാളം ആളുകള്‍ ഉണ്ടാവുക, ഇവരെല്ലാവരും കൂടി കളവ് പറയുന്നതില്‍ യോജിച്ചു എന്നു പറയാന്‍ കഴിയാത്തത്ര ആളുകള്‍ ഹദീസുദ്ധരിക്കുക, റിപ്പോര്‍ട്ട് ചെയ്തത് നബി(സ്വ)യില്‍ നിന്ന് കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ കാര്യമായിരിക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിക്കപ്പെടുന്ന ഹദീസുകളാണ് മുതവാതിര്‍ ഇനത്തില്‍ പെടുന്നത്. ഈ ഉപാധികളിലൊന്നിന്റെ അഭാവത്തില്‍ ഹദീസ് മുതവാതിര്‍ അല്ലാതാകും. മുതവാതിര്‍ അല്ലാത്ത ഹദീസുകള്‍ പൊതുവില്‍ അറിയപ്പെടുന്നത് ഖബര്‍ ആഹാദ് എന്നാണ്.
മുതവാതിര്‍ വാചികം (മുതവാതിര്‍ ലഫ്ളി), ആശയപരം (മുതവാതിര്‍ മഅ്നവി) എന്നിങ്ങനെ രണ്ടു വിധമുണ്ട്. വാക്യവും ഉള്ളടക്കവും ഒരുപോലെ മുതവാതിറായ ഹദീസാണ് വാചികം. ”എന്റെ പേരില്‍ മനഃപൂര്‍വം കളവ് പറഞ്ഞവന് തന്റെ ഇരിപ്പിടം നരകത്തില്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ” എന്ന് എഴുപതോളം സ്വഹാബികള്‍ ഉദ്ധരിച്ച ഹദീസ് വാചിക മുതവാതിറിന് ഉദാഹരണമാണ് 1. പ്രാര്‍ഥനാവേളയില്‍ നബി(സ്വ) തന്റെ ഇരു കരങ്ങളും ഉയര്‍ത്തിപ്പിടിച്ചുവെന്ന് സൂചിപ്പിക്കുന്ന ഹദീസ് ആശയപരമായ (മഅ്നവി) മുതവാതിര്‍ ആണ്. വാക്കുകള്‍ വ്യത്യസ്തമാണെങ്കിലും ആശയപരമായി മുതവാതിറായ ഹദീസ് ആണ് മുതവാതിര്‍ മഅ്നവി. ആശയപരമായ മുതവാതിറുകള്‍ ധാരാളമുണ്ടെങ്കിലും ആഹാദിനെ അപേക്ഷിച്ച് അവയുടെ എണ്ണം വിരളമാണ്. സ്വഹീഹായ ഹദീസുകളില്‍ ഏറ്റവും ഉയര്‍ന്ന പടിയിലുള്ള മുതവാതിര്‍ ആയ ഹദീസുകളെ മാത്രം സമാഹരിച്ച് ഗ്രന്ഥരചന നടന്നിട്ടുണ്ട്. ഇമാം സുയൂഥിയുടെ അല്‍ അസ്ഹാറുല്‍ മുതനാസിറ ഫില്‍ അഖ്ബാരില്‍ മുതവാതിറ എന്ന ഗ്രന്ഥം മുതവാതിറായ ഹദീസുകളുടെ സമാഹാരമാണ്.
ഖബറുല്‍ ആഹാദ്
ഖബറുല്‍ ആഹാദ് : ഏകനിവേദക പരമ്പരയോട് കൂടിയത് എന്നാണ് ഇതിന്റെ ഭാഷാര്‍ഥം. മുതവാതിറിന്റെ പദവിയിലെത്താത്ത ഹദീസുകള്‍ക്കെല്ലാം ഭൂരിപക്ഷം പണ്ഡിതരും ‘ഖബറുല്‍ ആഹാദ്’ എന്നു പറയുന്നു. എന്നാല്‍ ഹനഫി പണ്ഡിതന്മാര് മുതവാതിറിനും ഖബറുല്‍ ആഹാദിനും മധ്യേ മൂന്നാമതൊരു ഇനം കൂടി ഉള്‍പ്പെടുത്തുന്നു. അതിന്നവര്‍ നല്കുന്ന നാമം ‘അല്‍ മശ്ഹൂര്‍’ എന്നാണ്.
മുതവാതിറായ ഹദീസിലെപ്പോലെ ഖബറുല്‍ ആഹാദില്‍ എല്ലാ കണ്ണിയിലും ഒരു സംഘം നിവേദകന്മാര് ഉണ്ടാകുകയില്ല. എല്ലാ നിവേദക ശ്രേണിയിലും ഒറ്റ നിവേദകന് മാത്രം എന്നല്ല ഖബറുല്‍ ആഹാദിന്റെ ഉദ്ദേശ്യം. മുതവാതിറിന്റെ പദവിയിലേക്ക് എത്താന്‍ മാത്രം നിവേദകന്മാരുടെ ശ്രേണിയില്ല എന്നു മാത്രമേയുള്ളൂ. നമ്മുടെ മുന്നിലുള്ള ഹദീസുകള്‍ ബഹുഭൂരിപക്ഷവും ഖബര്‍ ആഹാദ് ഇനത്തില്‍ പെട്ടവയാണ്.
രണ്ടോ അതിലധികമോ നിവേദകരുള്ള ഹദീസുകളും ഖബറുല്‍ ആഹാദിന്റെ ഗണത്തില്‍ വരുന്നു. നിവേദക പരമ്പരയിലെ ഒരോ ഘട്ടത്തിലെയും നിവേദകരുടെ (റാവി) എണ്ണത്തെ ആസ്പദമാക്കി അല്‍-മശ്ഹൂര്‍, അല്‍അസീസ്, അല്‍ഗരീബ് എന്നിങ്ങനെ ഖബര്‍ ആഹാദില്പ്പെട്ട ഹദീസുകളെ മൂന്നായി തിരിച്ചിരിക്കുന്നു.
ഖബറുല്‍ ആഹാദിന്റെ ഇനങ്ങള്‍
നിവേദകരുടെ എണ്ണം അടിസ്ഥാനമാക്കി ഖബറുല്‍ ആഹാദിനെ മശ്ഹൂര്‍, അസീസ്, ഗരീബ് എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.
- മശ്ഹൂര്‍ (സുപ്രസിദ്ധം)
പ്രസിദ്ധമായത് എന്നാണ് ഈ പദത്തിനര്‍ഥം. ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയുടെ ഓരോ തലത്തിലും മൂന്നില്‍ കുറയാത്ത ആളുകള്‍ ഉള്ള റിപ്പോര്‍ട്ടുകള്‍ക്കാണ് മശ്ഹൂര്‍ എന്നു പറയുന്നത്. മുസ്തഫീദ് എന്നും ഇതിന്ന് പേരുണ്ട്. മുതവാതിറിന്റെ പരിധിയിലേക്ക് ഇത്തരം ഹദീസുകള്‍ എത്തുന്നില്ല. - അസീസ് (സുശക്തം)
നിവേദകരുടെ ശൃംഖലയിലെ ഓരോ കണ്ണിയിലും രണ്ടില്‍ കുറയാത്ത ആളുകളുള്ള റിപ്പോര്‍ട്ടുകള്‍ക്കാണ് അല്‍ അസീസ് എന്നു പറയുന്നത്. ഒരു കണ്ണിയില്‍ മാത്രം രണ്ട് പേരും മറ്റ് ശ്രേണികളില്‍ മൂന്നോ അതില്‍ കൂടുതലോ നിവേദകന്മാരുണ്ടായാലും പ്രസ്തുത ഹദീസ് അസീസാണ്.അസീസിന് ഉദാഹരണം: ‘തന്റെ മാതാപിതാക്കള്‍, സന്താനങ്ങള്‍, മറ്റു മനുഷ്യര്‍ എന്നിവരേക്കാള്‍ എന്നെ ഇഷ്ടപ്പെടാത്തിടത്തോളം നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല’ എന്ന നബിവചനം അനസ്, അബൂഹുറയ്റ എന്നീ സ്വഹാബികളും അവരില്‍ നിന്ന് ഖതാദ, അബ്ദുല്‍ അസീസ് എന്നിവരും തുടര്‍ന്ന് സംഘങ്ങളായും റിപ്പോര്‍ട്ട് ചെയ്ത് കിട്ടിയത് ബുഖാരിയും മുസ്ലിമും രേഖപ്പെടുത്തുന്നു 2. സ്വഹാബി മുതല്‍ ഒടുവില്‍ രേഖപ്പെടുത്തുന്ന ഗ്രന്ഥകാരന് വരെ രണ്ടില്‍ കുറയാത്ത ആളുകള്‍ ഓരോ കണ്ണിയിലും കാണുന്നത് കൊണ്ട് ഈ ഹദീസ് ‘അസീസ്’ ഇനത്തില്‍പ്പെട്ടതായി പരിഗണിക്കുന്നു. - ഗരീബ് (അപൂര്‍വം)
ഹദീസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ പരമ്പരയില്‍ (സനദ്) മുഴുവന്‍ ഘട്ടങ്ങളിലോ ചിലതിലോ ഒരാള്‍ മാത്രമായിപ്പോകുന്ന റിപ്പോര്‍ട്ടുകള്‍ക്ക് ‘അല്‍ഗരീബ്’ എന്നു പറയുന്നു.
ഫര്‍ദ് അഥവാ ഗരീബ് മുത്വലഖ് ആയി വന്ന ഹദീസിന് ഉദാഹരണം ‘തീര്‍ച്ചയായും കര്‍മങ്ങള്‍ ഉദ്ദേശ്യമനുസരിച്ചാണ് വിലയിരുത്തപ്പെടുന്നത്’ എന്ന ബുഖാരി ഉദ്ധരിച്ച ഹദീസ് നബി (സ്വ)യില്‍ നിന്ന് ഉമര്‍(റ) മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത് 3.
പരമ്പരയുടെ ഇടക്ക് ഒരാള്‍ മാത്രമായി (സ്വഹാബിയല്ലാത്തവര്) വരുന്ന ഗരീബ് നസബിക്ക് ഉദാഹരണം ‘നബി(സ്വ) തന്റെ ശിരസ്സില്‍ ഇരുമ്പ് തൊപ്പി ധരിച്ചുകൊണ്ട് മക്കയില്‍ പ്രവേശിച്ചു’ എന്നതാണ്. ബുഖാരിയും മുസ്ലിമും രേഖപ്പെടുത്തിയ ഈ ഹദീസ് അനസില്‍ നിന്ന് സുഹ്രിയും സുഹ്രിയില് നിന്നും മാലികും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഗരീബായ ഹദീസുകളുടെ സമാഹാരങ്ങള്‍ താഴെ പറയുന്നു:
1. മുസ്നദ് – ബസ്സാര്‍
2. മജ്മഉല്‍ ഔസത്വ് – ത്വബ്റാനി (മരണം 368)
3. ഗറാഇബു മാലിക് – ദാറഖുത്വ്നി
4. അഫ്റാദ് – ദാറഖുത്നി
5. അസ്സുനനുല്ലത്തീ തഫര്റദ ബികുല്ലി സുന്നത്തിന് മിന് അഹ്ലില്ബല്ദ – അബൂദാവൂദ്.
ഖബറുല്‍ ആഹാദിന്റെ പ്രാമാണികത
മുതവാതിറിന്റെ പദവിയിലെത്താത്ത ഹദീസുകള്‍ക്കെല്ലാം ഭൂരിപക്ഷം പണ്ഡിതരും ‘ഖബറുല്‍ ആഹാദ്’ എന്നു പറയുന്നു. ഹദീസുകളില്‍ ഭൂരിപക്ഷവും ഖബറുല്ആഹാദാണ്. ഖബറുല്‍ ആഹാദ് വഴി ലഭിക്കുന്ന അറിവ് സംശയാതീതമല്ലെന്നതിനാല് ദീനില്‍ പ്രമാണയോഗ്യമല്ലെന്ന ഒരു അഭിപ്രായം നിലവിലുണ്ട്. ഹദീസുകളെ മൊത്തത്തില്‍ തള്ളിക്കളയാനുള്ള ഒരു പുകമറ എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും ഈ വാദത്തിനില്ല. കാരണം ഖബറുല്‍ ആഹാദിനെ തള്ളിക്കളയുന്നതോടുകൂടി ഹദീസിന്റെ ഗണനീയമായ ഭാഗം അപ്രസക്തമായിത്തീരും. എന്നാല്‍ പ്രവാചകന് ശേഷമുള്ള ഇസ്ലാമിക സമൂഹത്തിന്റെ ഇന്നോളമുള്ള നടപടിക്രമം ആഹാദിനെ പ്രമാണമായി അംഗീകരിച്ചതിനുള്ള അനിഷേധ്യസാക്ഷ്യമാണ്.
ഖബറുല്‍ആഹാദ് പ്രകാരം പ്രവര്‍ത്തിക്കുന്നതിന് പണ്ഡിതന്മാര് ഖുര്‍ആനില്‍നിന്നും പ്രവാചകചര്യയില്‍നിന്നും ഒട്ടേറെ തെളിവുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു ” സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെയടുത്ത് വന്നാല്‍ നിങ്ങള്‍ അതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം” (49:6). ഈ സൂക്തത്തില്‍ വിശ്വസ്തരല്ലാത്തവരുടെ വാക്കുകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നു. അതേസമയം നിവേദകര്‍ വിശ്വസ്തനാണെങ്കില്‍ ഒരാളായാല്‍ പോലും സ്വീകരിക്കാമെന്ന് ഇതില്‍നിന്നും മനസ്സിലാക്കാവുന്നതാണ്.
അല്ലാഹു പറയുന്നു ”സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍നിന്നും ഓരോ സംഘം പുറപ്പെട്ടുപോയിക്കൂടേ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടാനും തങ്ങളുടെ ആളുകള്‍ യുദ്ധരംഗത്ത് നിന്ന് അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്കുവാനും കഴിയുമല്ലോ. അവര്‍ സൂക്ഷ്മത പാലിച്ചേക്കാം” (9:122).
ഉപരിസൂചിത സൂക്തത്തില്‍ സൂചിപ്പിച്ച വിഷയത്തില്‍ വിഭാഗം എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിരിക്കുന്ന പദം ‘താഇഫ’ എന്നാണ്. മതകാര്യങ്ങളില്‍ ജ്ഞാനം നേടി ബോധവത്ക്കരണം നടത്താന്‍ പ്രാപ്തരാകേണ്ട വിഭാഗത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശം. മുതവാതിറിന്റെ പരിധിക്കു താഴെയുള്ള എണ്ണം ആളുകള്‍ക്കു ത്വാഇഫ എന്നു പറയുന്നു. ഇമാംബുഖാരിയുടെ വീക്ഷണത്തില്‍ ഒരാള്‍ക്കുപോലും ത്വാഇഫ എന്നു പറയാവുന്നതാണ്. (സ്വഹിഹൂല്‍ ബുഖാരി ) 4. ഈ ആയത്തില്‍ അല്ലാഹു സൂചിപ്പിച്ച ജ്ഞാനസമ്പാദനവും ജനങ്ങളെ ബോധവത്ക്കരിക്കലും നിര്‍വഹിക്കുന്ന വിഭാഗം (മുതവാതിര്‍ പരിധിക്ക് താഴെയുള്ള എണ്ണം) ‘ത്വാഇഫ’ എന്ന പദത്തിന്റെ അര്ഥപരികല്പന ആയതിനാല്‍ അത് വിശ്വാസ്യയോഗ്യവും പിന്തുടരേണ്ടതുമാണ് എന്ന് മനസ്സിലാക്കാം. ഖബര്‍ ആഹാദ് ഇനത്തില്‍പ്പെട്ട ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്ന നിവേദകരുടെ എണ്ണം സ്വീകാര്യതക്ക് തടസ്സമല്ല.
നബി(സ്വ)യുടെ കാലം മുതല്‍ തന്നെ ഖബറുല്‍ആഹാദ് സ്വീകരിക്കപ്പെട്ടിരുന്നുവെന്നതിന് ധാരാളം തെളിവുകള്‍ കാണാവുന്നതാണ്. ഉദാഹരണമായി അബ്ദുല്ലാഹിബ്നു ഉമര്‍(റ) പറയുന്നു: ഖുബാഇലെ പള്ളിയില്‍ ആളുകള്‍ ശാമിലേക്ക് തിരിഞ്ഞ് സുബ്ഹ് നമസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ അവിടേക്ക് കടന്നുവന്ന് ‘നബി(സ്വ)ക്ക് ഇന്നലെ രാത്രിയില്‍ നമസ്കാരത്തിന് കഅ്ബയിലേക്ക് തിരിഞ്ഞുനില്‍ക്കാന്‍ ആജ്ഞാപിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ വാക്യം അവതരിച്ചു, അതിനാല്‍ നിങ്ങളും അങ്ങോട്ട് തിരിയുവിന്’ എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ശാമിലേക്ക് (ബൈത്തുല്‍ മുഖദ്ദസിന്റെ ഭാഗം) തിരിഞ്ഞു നിന്നിരുന്നവര്‍ ഒന്നടങ്കം കഅ്ബയുടെ നേരെ തിരിഞ്ഞു (ബുഖാരി) 5.
കഅ്ബയുടെ മാറ്റം അവരെ അറിയിച്ചത് ഒരാളായിരുന്നു. എന്നിട്ടും അവര്‍ അനുസരിച്ച് പ്രവര്‍ത്തിച്ചു.
ഒരാളുടെ വാക്ക് തന്നെ വിശ്വാസ്യയോഗ്യമാണെന്ന് തെളിയുന്ന മറ്റൊരു സംഭവം ഇപ്രകാരമാണ്. അനസ്ബ്നുമാലിക്(റ) പറയുന്നു ”ഞാന്‍ അബൂത്വല്‍ഹക്കും അബൂഉബൈദഅല്ജര്റാഹിനും ഉബയ്യുബ്നു കഅ്ബിനും ഈത്തപ്പനക്കള്ള് ഒഴിച്ചുകൊടുത്തുകൊണ്ടിരിക്കെ മദ്യം നിഷിദ്ധമാക്കിയെന്ന് ഒരാള്‍ അവരോട് വന്നു പറഞ്ഞു. അപ്പോള്‍ അബൂത്വല്‍ഹ പറഞ്ഞു. ”അനസ്, താങ്കള്‍ ഈ വീപ്പ പൊട്ടിച്ചുകളയൂ”. ഞാന്‍ ഒരു മഴുവെടുത്ത് വീപ്പയുടെ താഴ്ഭാഗത്ത് അടിച്ചു. അപ്പോള്‍ അത് പൊട്ടിപ്പോയി (ബുഖാരി) 6.
വിശ്വസ്തരുടെ നിവേദനങ്ങള്‍ നബി(സ്വ)യുടെ കാലത്ത് തന്നെ സ്വഹാബികള്‍ സ്വീകരിക്കുകയും തദവസരം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു.
പ്രബോധകന്മാരായി വിവിധ നാടുകളിലേക്ക് നബി(സ്വ) ഓരോരുത്തരെ നിയോഗിച്ച അനേകം സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍നിന്ന് ഗ്രഹിക്കാന്‍ കഴിയും. മുആദുബ്നുജബല്‍(റ)നെ യമനിലേക്കും അബുഉബൈദ(റ)യെ നജ്റാനിലേക്കും നിയോഗിച്ചത് ഉദാഹരണമാണ്. വിവിധ പ്രദേശങ്ങളിലെ ഭരണാധികാരികള്‍ക്ക് സന്ദേശം കൈമാറാന്‍ നിയോഗിച്ചതും ഓരോ വ്യക്തിയെയായിരുന്നു. ഇവയൊക്കെ വിശ്വസ്തനായ ആളുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചത് ഒരാള്‍ മാത്രമാണെങ്കില്‍ സ്വീകാര്യമാണെന്ന് വ്യക്തമാക്കുന്നു.
നബി(സ്വ)യുടെ വിയോഗത്തിന് ശേഷം ഖലീഫമാരുള്‍പ്പെടെയുള്ള സ്വഹാബിമാര്‍ ഏക നിവേദകന് മാത്രമുള്ള ഹദീസുകള്‍ സ്വീകരിച്ചിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. വിരലുകളുടെ നഷ്ടപരിഹാരം, കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ പേരില്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുകയില്‍ ഭാര്യമാരുടെ അവകാശം, പ്ലേഗ് ബാധിച്ച നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കല്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ ഉമര്‍(റ) ഏകനിവേദകരുടെ ഹദീസുകള്‍ സ്വീകരിച്ചുകൊണ്ട് തന്റെ വീക്ഷണങ്ങള്‍ തിരുത്തിയതായി ഇമാം ശാഫിഈയുടെ ‘അല്‍രിസാല’ എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ദീര്‍ഘമായി വിശദീകരിക്കുന്നുമുണ്ട്.
വിശുദ്ധ ഖുര്‍ആനും നബിചര്യയും ഇസ്ലാമിലെ അടിസ്ഥാന പ്രമാണങ്ങളാണ് എന്നതില്‍ പക്ഷാന്തരമില്ല. പ്രാമാണികമായ ഹദീസുകളാണ് നബിചര്യ എന്നുപറയുന്നത്. അതില്‍ മുതവാതിറും ഖബറുല്‍ ആഹാദും ഉള്‍പ്പെടുന്നു. ഈ രണ്ട് തരം ഹദീസുകളും പ്രമാണങ്ങളാണ് എന്നര്‍ഥം. എന്നാല്‍ വിശ്വാസകാര്യങ്ങള്‍ (ഈമാന്‍) സ്ഥിരീകരിക്കപ്പെടണമെങ്കില്‍ വിശുദ്ധ ഖുര്‍ആനും മുതവാതിറായ ഹദീസുകളും മാത്രമേ പര്യാപ്തമാവുകയുള്ളൂ എന്ന് ഒരു വിഭാഗം പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നുണ്ട്.
സ്വീകാര്യമായ ഹദീസിന്റെ ഇനങ്ങള്‍
ഹദീസുകള്‍ മൊത്തത്തില്‍ മുതവാതിര്‍ എന്നും ഖബര്‍ ആഹാദ് എന്നും രണ്ടിനമായി വേര്‍തിരിക്കപ്പെടുന്നു. മുതവാതിറുകള്‍ സര്വസ്വീകാര്യമാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ഖബര്‍ ആഹാദുകളുടെ നിവേദകപരമ്പരയിലെ (സനദ്) ആളുകളുടെ ഗുണദോഷങ്ങള്‍ പരിശോധിച്ചാണ് സ്വീകാര്യമാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്. അഥവാ ഖബര്‍ ആഹാദില്‍ സ്വീകാര്യമായവും അല്ലാത്തവയും ഉണ്ടാകുമെന്നര്‍ഥം. ഖബര്‍ ആഹാദിനെ സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ചിരിക്കുന്നു. സ്വഹീഹ്, ഹസന്, ദ്വഈഫ്. സ്വഹീഹ് (കുറ്റമറ്റത്), ഹസന് (ഉല്‍കൃഷ്ടം), ദഈഫ് (ദുര്‍ബലം). ഇവയില്‍ ആദ്യത്തെ രണ്ടെണ്ണം സ്വീകാര്യ(മഖ്ബൂല്‍)വും അവസാനത്തേത് അസ്വീകാര്യവും (മര്‍ദൂദും) ആണ്. ഇവ ഓരോന്നും വീണ്ടും ഒട്ടേറെ ഉപഇനങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്.
സ്വഹീഹ്
അന്യൂനം, കുറ്റമറ്റത്, രോഗമുക്തം എന്നെല്ലാമാണ് സ്വഹീഹ് എന്ന പദത്തിന്റെ ഭാഷാര്‍ഥം. വിശ്വസ്തരും ധര്‍മനിഷ്ഠരും ഹദീസ് കൈകാര്യം ചെയ്യുന്നതില്‍ കൃത്യനിഷ്ഠയുളളവരുമായ നിവേദകരുടെ ഇടമുറിയാത്ത ശ്രേണിയിലൂടെ ഉദ്ധരിക്കപ്പെട്ടതും മറ്റു നിവേദനങ്ങളോട് വിയോജിക്കാത്തതും ന്യൂനതകളില്‍ നിന്ന് മുക്തവുമായ ഹദീസാണ് സാങ്കേതികമായി സ്വഹീഹ്. ഹദീസ് സ്വഹീഹായി പരിഗണിക്കണമെങ്കില്‍ താഴെ പറയുന്ന നിബന്ധനകള്‍ പൂര്‍ത്തീകരിച്ചിരിക്കേണ്ടതാണ്.
1. നിവേദക ശ്രേണിയിലെ ഒന്നാമത്തെ നിവേദകന് മുതല്‍ അവസാനത്തെ നിവേദകന് വരെ ഓരോരുത്തരും തന്റെ മീതെയുള്ളവനില്നിന്ന് നേരിട്ട് ഹദീസ് സ്വീകരിക്കുക.
2. നിവേദകരില്‍ എല്ലാവരും പ്രായപൂര്‍ത്തി വന്നവരും വിവേകമതികളും ധാര്‍മികതക്കും മാന്യതക്കും കളങ്കമേല്ക്കാത്ത മുസ്ലിംകളും ആയിരിക്കുക.
3. ഓരോ നിവേദകനും ഹദീസ് രേഖപ്പെടുത്തിയോ ഹൃദിസ്ഥമാക്കിയോ സൂക്ഷിക്കുന്ന കാര്യത്തില്‍ കൃത്യനിഷ്ഠയും തികഞ്ഞ ജാഗ്രതയുമുള്ളവനായിരിക്കുക.
4. താന്‍ ഉദ്ധരിച്ച ഹദീസ് തന്നെക്കാള്‍ പ്രാമാണികനായ നിവേദകന് ഉദ്ധരിച്ചതിനോട് എതിരാവാതിരിക്കുക.
5. ഹദീസിന്റെ സാധുതയെ ബാധിക്കുന്ന മറ്റു ന്യൂനതകളില്‍ നിന്നും നിവേദനം മുക്തമായിരിക്കുക.
ഹദീസ് സ്വഹീഹാണെന്ന് തെളിഞ്ഞാല്‍ അത് ശര്‍ഈ വിധികള്‍ക്ക് ആധാരമാക്കേണ്ട പ്രമാണമായിത്തീരും. മുസ്ലിമിന് അതിനെ അവഗണിക്കാന്‍ നിര്‍വാഹമില്ല. ഒരു ഹദീസിനെപ്പറ്റി ഇത് സ്വഹീഹായ ഹദീസാണ് എന്ന് പണ്ഡിതന്മാര് പറയുന്നതിന്റെ വിവക്ഷ മേല്‍ വിവരിച്ച അഞ്ച് ഉപാധികള്‍ പൂര്‍ത്തീകരിച്ച ഹദീസ് എന്നാണ്. സ്വഹീഹല്ലാത്ത ഹദീസ് എന്നതിന്റെ വിവക്ഷ, ഉപര്യുക്തമായ അഞ്ച് ഉപാധികള്‍ അവയില്‍ ചിലത് ഒത്തുചേര്ന്നിട്ടില്ലാത്ത ഹദീസ് എന്നേ അര്‍ത്ഥമുള്ളൂ. മുകളില്‍ പറഞ്ഞ നിബന്ധനകള്‍ പൂര്‍ണമായതിനാല്‍ സ്വയം പ്രബലമായത് (സ്വഹീഹ് ലിദാതിഹി) എന്നും സമാനമായ മറ്റു ഹദീസുകളുടെ കൂടി സാന്നിധ്യംകൊണ്ട് സ്വഹീഹായത് (സ്വഹീഹ് ലിഗൈരിഹി) എന്നും വേര്‍തിരിച്ചുകൊണ്ടാണ് പറയുന്നത്.
ഹസന്
ഭാഷയില്‍ ഉത്തമം, ഉല്‍കൃഷ്ടം, മനോഹരം തുടങ്ങിയ അര്‍ഥങ്ങളുള്ള പദമാണ് ഹസന്. സ്വഹീഹായ ഹദീസിന്റെ നിബന്ധനകള്‍ പാലിക്കപ്പെട്ടവയെങ്കിലും റിപ്പോര്ട്ടര്മാരില് ചിലര്‍ ഓര്‍മ്മശക്തിയിലും (ഹിഫ്ദ്വ്) ആശയ ഗ്രഹണപാടവത്തിലും (ഫഹ്മ്) ഉയര്‍ന്ന നിലവാരത്തില്‍ എത്തിയവരല്ലാത്തതിനാല് പ്രാബല്യത്തില്‍ അല്പം താഴെ നില്ക്കുന്നു. പ്രാബല്യത്തില്‍ സ്വഹീഹിന്റെ താഴെയാണ് ഹസന്റെ പദവിയെങ്കിലും സ്വീകാര്യവും പ്രാമാണികവുമായ ഹദീസുകളെ സ്വയം ഹസനായത് (ഹസന് ലിദാതിഹി), ഇതേ ആശയത്തില്‍ മറ്റു പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍ ഉള്ളതിനാല്‍ ഹസന്റെ നിലവാരത്തിലേക്ക് ഉയരുന്നത് (ഹസന് ലി ഗൈരിഹി) എന്നിങ്ങനെ രണ്ടു തരത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
മുത്തസ്വില്‍
നിവേദക ശൃംഖലയില്‍ കണ്ണികള്ക്കൊന്നിനും കേടുപാട് കൂടാതെ പ്രവാചകന് വരെ എത്തുന്നവ. അഥവാ അവിഛിന്നമായ സനദുകളുള്ള ഹദീസുകള്‍.
പ്രാബല്യത്തിന്റെ ക്രമമനുസരിച്ച് അവ വിവിധ ഇനങ്ങളായി തിരിച്ചിരിക്കുന്നു.
1. ഏറ്റവും പ്രബലപരമ്പരയിലൂടെ വന്നത് (അസ്വഹ്ഹുല്‍ അസാനീദ്).
2. ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്തത്. (മുത്തഫക്വുന്‍ അലൈഹി).
3. ബുഖാരി ഉദ്ധരിച്ചത്.
4. മുസ്ലിം ഉദ്ധരിച്ചത്.
5. ബുഖാരി- മുസ്ലിം മാനദണ്ഡങ്ങള്‍ സ്വീകരിച്ച മറ്റുള്ളവരുടേത്.
6. ബുഖാരിയുടെ നിബന്ധന പാലിച്ചത്.
7. മുസ്ലിമിന്റെ നിബന്ധന പാലിച്ചത്.
8. മറ്റു മുഹദ്ദിസുകള്‍ (ഹദീസ് പണ്ഡിതന്മാര്) പ്രബലമാണെന്ന് സാക്ഷ്യപ്പെടുത്തിയത്.
References
- നുസ്ഹതുന്നുദ്വ്ര്‍ ഫീ തൗദീഹ് നുഹ്ബതുല്‍ ഫിക്ര്, അഹ്മദ് ബിന്‍ അലി ഇബ്നു ഹജറുശ്ശാഫിഈ, ഒന്നാം പതിപ്പ് (2021), പേജ്: 90[↩]
- നുസ്ഹതുന്നുദ്വ്ര്‍ ഫീ തൗദീഹ് നുഹ്ബതുല്‍ ഫിക്ര്, അഹ്മദ് ബിന്‍ അലി ഇബ്നു ഹജറുശ്ശാഫിഈ, ഒന്നാം പതിപ്പ് (2021), പേജ്: 96[↩]
- നുസ്ഹതുന്നുദ്വ്ര്‍ ഫീ തൗദീഹ് നുഹ്ബതുല്‍ ഫിക്ര്, അഹ്മദ് ബിന്‍ അലി ഇബ്നു ഹജറുശ്ശാഫിഈ, ഒന്നാം പതിപ്പ് (2021), പേജ്: 94[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 2647, ഹദീസ് 6818[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 1633,1634, ഹദീസ് 4223[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 2649, ഹദീസ് 6826[↩]
