നിഷിദ്ധമായ വിവാഹാലോചനകള്‍
ഇസ്‌ലാമിക നിയമപ്രകാരം അനുവദനീയമല്ലാത്ത ചില വിവാഹബന്ധങ്ങളെക്കുറിച്ചാണ് നിഷിദ്ധമായ വിവാഹാലോചനകള്‍ എന്ന ഭാഗം ഖുര്‍ആനും സുന്നത്തും ആധികാരികമാക്കി ഇവിടെ വ്യക്തമാക്കുന്നത്. രക്തബന്ധുക്കളുമായുള്ള വിവാഹം, മുലകുടി ബന്ധം, ചടങ്ങ് വിവാഹം, മിശ്രവിവാഹം, മുത്അ വിവാഹം, സ്വയംവരം എന്നിവ ഇസ്‌ലാമില്‍ നിഷിദ്ധമായ വിവാഹങ്ങളാണ്.
നിഷിദ്ധമായ വിവാഹാലോചനകള്‍ ഇസ്‌ലാമിക നിയമപ്രകാരം അനുവദനീയമല്ലാത്ത ചില വിവാഹബന്ധങ്ങളെക്കുറിച്ചാണ്. ഖുര്‍ആനും സുന്നത്തും വ്യക്തമാക്കുന്നത്, രക്തബന്ധുക്കളുമായി ബന്ധപ്പെടുക, നിയമപരമായി നിരോധിത ബന്ധങ്ങള്‍ സ്വീകരിക്കുക, മുലകുടി ബന്ധം, ചടങ്ങ് വിവാഹം, മിശ്രവിവാഹം, മുത്അ വിവാഹം, സ്വയംവരം എന്നിവ നിഷിദ്ധമാണ്. ഇത്തരം പ്രവണതകള്‍ കുടുംബബന്ധങ്ങള്‍ തകര്‍ക്കാനും, ശാരീരിക-മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും ഇടയാക്കുന്നതിനാല്‍ നിരോധിച്ചിരിക്കുന്നു. ഇസ്‌ലാമിക പഠനങ്ങള്‍ ഈ നിയമങ്ങള്‍ വിശദീകരിക്കുകയും, വിവാഹബന്ധങ്ങള്‍ ശുദ്ധവും നിയമപരവുമായ രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
പുരുഷന്റെ ഭാഗത്തു നിന്ന് സ്ത്രീയെ വിവാഹം അന്വേഷിക്കുന്നതാണ് പതിവ്. എങ്കിലും ഒരാള്‍ മകള്‍ക്കോ സഹോദരിക്കോ യോജിച്ച വരനെ അന്വേഷിക്കുന്നതോ സ്ത്രീകള്‍ അന്വേഷിക്കുന്നതോ തെറ്റല്ല.
വിവാഹാലോചനാ സമയത്തും ചില കാര്യങ്ങള്‍ സഗൗരവം പരിഗണിക്കേണ്ടതായി റസൂല്‍(സ്വ) ഉണര്‍ത്തിയിട്ടുണ്ട്. ഇദ്ദയിലിരിക്കുന്ന സ്ത്രീയെ വിവാഹാന്വേഷണം നടത്താന്‍ അനുവാദമില്ല. (2:235).
മറ്റൊരാള്‍ വിവാഹാലോചന നടത്തുന്ന സ്ത്രീയെ ആ വിഷയത്തില്‍ തീരുമാനമാകുന്നതിന് മുമ്പ് ഇടയ്ക്കുകയറി വിവാഹമന്വേഷിക്കുന്നത് റസൂല്‍(സ്വ) വിലക്കിയിട്ടുണ്ട്. ‘സത്യവിശ്വാസികള്‍ പരസ്പരം സഹോദരന്മാരാണ്. അതിനാല്‍ ഒരു വിശ്വാസിക്ക് തന്റെ സഹോദരന്‍ കച്ചവടം നടത്തുന്ന ചരക്കിന്മേല്‍ കച്ചവടം നടത്താനോ വിവാഹാന്വേഷണം നടത്തുന്ന സ്ത്രീയെ ആലോചന നടത്താനോ പാടുള്ളതല്ല (മുസ്‌ലിം) 1
നബി(സ്വ) പറഞ്ഞു: ‘ഒരാള്‍ വിവാഹാന്വേഷണം നടത്തുന്ന സ്ത്രീയെ അയാള്‍ ആലോചന ഉപേക്ഷിക്കുകയോ മറ്റൊരാള്‍ക്ക് അനുവാദം നല്‍കുകയോ ചെയ്യുന്നതുവരെ മറ്റൊരാള്‍ വിവാഹാലോചന നടത്തരുത് (സ്വഹീഹുല്‍ ബുഖാരി) 2
നിരോധിക്കപ്പെട്ട വിവാഹബന്ധങ്ങള്‍
വിവാഹിതരാവുന്നതോടുകൂടി പുരുഷനും സ്ത്രീയും ശാശ്വതമായി നിലനില്ക്കുന്ന തരത്തിലേക്ക് ബന്ധങ്ങള്‍ ഊഷ്മളമാവുകയും ആത്മബന്ധം ദൃഢമാവുകയും ചെയ്യുന്നു. ഇസ്‌ലാം പവിത്രത കല്പിക്കുന്ന മാനവിക മൂല്യങ്ങളെയും മാനുഷിക ബന്ധങ്ങളെയും അടിസ്ഥാനമാക്കി ചിലവിഭാഗം സ്ത്രീകളെ വിവാഹം ചെയ്യുന്നത് അല്ലാഹു നിരോധിച്ചിരിക്കുന്നു. താത്ക്കാലികമായും സ്ഥിര മായും നിരോധിക്കപ്പെട്ടവരും ഇതിലുണ്ട്. രക്തബന്ധം, വിവാഹബന്ധം, മുലകുടി ബന്ധം എന്നീ മൂന്നു ബന്ധങ്ങളാല്‍ സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള വിവാഹബന്ധം നിഷിദ്ധമാക്കപ്പെടുന്നു. കൂടാതെ ബഹുദൈവവിശ്വാസികള്‍, ഒരേസമയം ഒന്നിലേറെ സഹോദരിമാര്‍, മറ്റൊരാളുടെ ഭാര്യയായവള്‍, വേശ്യ, വിടന്‍ എന്നിവരെയും വിവാഹം ചെയ്യാന്‍ പാടുള്ളതല്ല.
അല്ലാഹു പറയുന്നു: ബഹുദൈവവിശ്വാസികളെ-അവര്‍വിശ്വസിക്കുന്നതുവരെ- നിങ്ങള്‍ വിവാഹം ചെയ്യരുത്. സത്യവിശ്വാസനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയേക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക്-അവര്‍ വിശ്വസിക്കുന്നതുവരെ-നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുകയേ അരുത്. സത്യവിശ്വാസിനിയായ ഒരടിമയാണ് ബഹുദൈവവിശ്വാസിയേക്കാള്‍ നല്ലത്. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ, അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു (2:221)
അവിശ്വാസിനി വിശ്വാസത്തിലേക്ക് വന്നാല്‍ അവളെ വിവാഹം ചെയ്യാം. തത്വാധിഷ്ഠിതമായ ഈ നിരോധം ഉള്‍ക്കൊണ്ട് പുതുമുസ്‌ലിംകള്‍ എന്ന മുദ്രകുത്തി ഉച്ചനീചത്വം കല്പിക്കാന്‍ പാടില്ല. അവരെ വിവാഹം കഴിക്കാനോ അവര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാനോ വൈമനസ്യം കാണിക്കാനും പാടുള്ളതല്ല.
രക്തബന്ധുക്കള്‍
രക്തബന്ധുക്കളില്‍ പെട്ട ഏഴുവിഭാഗം സ്ത്രീകളെ യാതൊരു കാരണവശാലും വിവാഹം ചെയ്യാന്‍ പാടില്ലാത്തതാണ്. ഈ ഗണത്തില്‍ പെടുന്നവര്‍ ആരാണെന്ന് അല്ലാഹു വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്. മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദരസഹോദരീ പുത്രിമാര്‍ (4:23) എന്നിവരാണവര്‍.
സ്ഥിരമായ നിരോധനത്തിന്റെ പരിധിയില്‍ വരുന്ന ഏഴുവിഭാഗം സ്ത്രീകളില്‍ ആദ്യം എണ്ണിയത് മാതാവിനെയാണ്. സ്വന്തം മാതാവ്, മാതൃസഹോദരിമാര്‍, മാതാവിന്റെ മാതാവ്, പിതാവിന്റെ ഭാര്യമാര്‍, പിതാവിന്റെ ഉമ്മ, അവരുടെ ഉമ്മ എന്നിവരെല്ലാം മാതാക്കളില്‍ ഉള്‍പ്പെടുന്നു. ധാര്‍മിക വിശുദ്ധിക്കും സദാചാരനിഷ്ഠമായ ജീവിതത്തിനുമാണ് മതം പ്രാധാന്യം കല്പിക്കുന്നത്. അതിനാല്‍ ഒരു പിതാവും പുത്രനും ഒരു സ്ത്രീയില്‍ രതിസുഖം അനുഭവിക്കുവാന്‍ മതം അനുവാദം നല്‍കുന്നില്ല. പിതാവിന്റെ ഭാര്യയെയോ പുത്രന്റെ ഭാര്യയെയോ വിവാഹം ചെയ്യുന്നത് മതം നിരോധിക്കാന്‍ കാരണം അതുതന്നെയാണ്. സ്വന്തം പെണ്‍മക്കള്‍, സ്വന്തം ആണ്‍ മക്കളുടെയും പെണ്‍മക്കളുടെയും പെണ്‍മക്കള്‍, അവരുടയെും പെണ്‍മക്കളായി താഴോട്ടുവരുന്ന പൗത്രിമാര്‍ എന്നിവരെ വിവാഹം ചെയ്യാവതല്ല. പിതാവും മാതാവും ഒത്ത സഹോദരിമാര്‍, പിതാവ് മാത്രമൊത്തെ സഹോദരിമാര്‍, മാതാവ് മാത്രമൊത്ത സഹോദരിമാര്‍ എന്നിവരെയും വിവാഹം ചെയ്യാന്‍ പാടുള്ളതല്ല. പിതൃസഹോദരിമാരെയും വിവാഹം ചെയ്യാന്‍ പാടില്ല.
ഉപ്പയും ഉമ്മയും ഒത്ത സഹോദരന്റെ പെണ്‍മക്കളും ഉപ്പ മാത്രം ഒത്ത സഹോദരന്റെ പെണ്‍മക്കളും സഹോദരപുത്രിമാര്‍ എന്ന ഗണത്തിലാണ് ഉള്‍പ്പെടുന്നത്. ഇവരെയും വിവാഹം ചെയ്യാന്‍ പാടില്ലാത്തതാണ്. സ്വന്തം പുത്രിമാരുടെ സ്ഥാനവും പവിത്രതയും തന്നെയാണ് ഇവര്‍ക്കുമുള്ളത്.
മാതൃസഹോദരിയുടെ (ഇളയുമ്മ,മൂത്തമ്മ)യും പിതൃസഹോദരിയുടെയും (അമ്മായി) പുത്രിമാരെയും മാതൃസഹോദരന്റെയും (അമ്മാവന്‍) പിതൃസഹോദരന്റെയും (ഇളയുപ്പ,മൂത്താപ്പ) പുത്രിമാരെയും വിവാഹം ചെയ്യാവുന്നതാണ്.
വിവാഹബന്ധം മൂലം നിഷിദ്ധമാകുന്നവര്‍
ഒരു സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹിതരാവുന്നതോടു കൂടി പവിത്രമായ ബന്ധത്തിനാണ് തുടക്കമിടുന്നത്. ഈ ദമ്പതിമാര്‍ തമ്മില്‍ വേര്‍പിരിഞ്ഞാലും അവര്‍ തമ്മിലുള്ള വിവാഹത്താല്‍ ഉണ്ടായിത്തീര്‍ന്ന ആ ബന്ധം നിലനില്ക്കുന്നു. വിവാഹബന്ധം കൊണ്ട് ഉണ്ടായിട്ടുള്ള ആ വിശുദ്ധി നിലനിര്‍ത്താന്‍ വേണ്ടിയാണ് പുരുഷന്‍ ഭാര്യയുടെ ചില ബന്ധുക്കളെ വിവാഹം ചെയ്യാന്‍ പാടില്ലെന്ന് അല്ലാഹു നിയമമാക്കിയിരിക്കുന്നത്.
വിവാഹ മോചനാനന്തരവും അവളെ വിവാഹം ചെയ്യാന്‍ ഭര്‍ത്താവിന്റെ ചില ബന്ധുക്കള്‍ക്ക് പാടില്ലാത്തതാണ്. പിതാവ് വിവാഹം ചെയ്ത സ്ത്രീകള്‍, പുത്രന്മാര്‍ വിവാഹം ചെയ്ത സ്ത്രീകള്‍, ഭാര്യയുടെ മാതാവ്, വളര്‍ത്തുപുത്രിമാര്‍, സഹോദരിമാരെ ഒന്നിച്ച്, ഒരു സ്ത്രീയെയും അവരുടെ പിതൃ-മാതൃ സഹോദരിയെയും ഒരുമിച്ച്, മറ്റൊരുവന്റെ ഭാര്യ എന്നിവരാണവര്‍. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ”നിങ്ങളുടെ പിതാക്കന്മാര്‍ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ വിവാഹം ചെയ്യരുത്(4:22). പിതാവും സന്താനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി അല്ലാഹു നിര്‍ദേശിച്ചിട്ടുള്ള നിയമമാണിത്. പിതാവ് മരിച്ച് അവള്‍ വിധവയായിത്തീര്‍ന്നാലും അദ്ദേഹം അവളെ വിവാഹമോചനം ചെയ്താലും പുത്രന്മാര്‍ക്ക് ആ സ്ത്രീയെ വിവാഹം ചെയ്യാന്‍ പാടില്ല.
പുത്രന്മാര്‍ വിവാഹം ചെയ്ത സ്ത്രീകളെ(4:23) വിവാഹം ചെയ്യാന്‍ പാടില്ലാത്തതാണ്. മകന്‍ മരണപ്പെട്ട് അവള്‍ വിധവയായിത്തീര്‍ന്നാലും അവന്‍ വിവാഹമോചനം ചെയ്താലും ആ സ്ത്രീയെ വിവാഹം ചെയ്യാന്‍ അവളുടെ ആദ്യഭര്‍ത്താവിന്റെ പിതാവിന് പാടില്ല. ഭാര്യയുടെ മാതാവുമായി വിവാഹബന്ധം പാടില്ലാത്തതാണ് (4:23). മകളുമായി വിവാഹബന്ധമുള്ളതിനാല്‍ അവളുടെ മാതാവുമായി വിവാഹബന്ധം നിഷിദ്ധമാണ്. അവളുമായി സംയോഗം നടക്കാതിരിക്കുകയോ ഭാര്യമരണപ്പെടുകയോ വിവാഹം ചെയ്ത ഉടനെത്തന്നെ (സംയോഗം ചെയ്യുന്നതിനു മുമ്പ്) വിവാഹമോചനം നടത്തുകയോ ചെയാതാലും അവളുടെ മാതാവിനെ വിവാഹം ചെയ്യാന്‍ പാടില്ല.
വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട മറ്റൊരു വിഭാഗമാണ് വളര്‍ത്തുപുത്രിമാര്‍. അല്ലാഹു പറയുന്നു: ”നിങ്ങള്‍ ലൈംഗിക ബന്ധം സ്ഥാപിച്ച നിങ്ങളുടെ ഭാര്യമാരില്‍ നിന്നുള്ളവരും നിങ്ങളുടെ സംരക്ഷണത്തിലുള്ളവരുമായ വളര്‍ത്തുപുത്രിമാരും നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു (4:23). പുരുഷന്‍ വിവാഹം ചെയ്ത സ്ത്രീയുടെ ആദ്യവിവാഹത്തില്‍ അവള്‍ക്ക് മറ്റൊരു ഭര്‍ത്താവില്‍ പെണ്‍കുട്ടികള്‍ ജനിച്ചിട്ടുണ്ടെങ്കില്‍ ആ പെണ്‍കുട്ടികളെ -ഭാര്യയെ വിവാഹമോചനം ചെയ്താലും- ഇപ്പോഴുള്ള ഭര്‍ത്താവിന് വിവാഹം ചെയ്യാന്‍ പാടില്ല. എന്നാല്‍ ഭാര്യയുമായി ലൈംഗികബന്ധം സ്ഥാപിക്കുന്നതിനു മുമ്പുതന്നെ വിവാഹമോചനം ചെയ്താല്‍ അവളുടെ പെണ്‍മക്കളെ വിവാഹംചെയ്യുന്നതിന് വിരോധമില്ല.
രണ്ട് സഹോദരിമാര്‍ ഒരേ സമയത്ത് ഒരാളുടെ ഭാര്യമാരാകുന്നതിന് അനുവാദമില്ല. ഭാര്യ മരിക്കുകയോ വിവാഹമോചിതയാകുകയോ ആയിട്ടുണ്ടെങ്കില്‍ അവരുടെ സഹോദരിയെ വിവാഹം ചെയ്യുന്നതിന് വിരോധമില്ല. രണ്ട് സഹോദരിമാരെ വിവാഹം കഴിക്കരുതെന്ന് നിരോധം സോപാധികമാണെന്നര്‍ഥം. ഒരു സ്ത്രീയെയും അവളുടെ പിതൃസഹോദരി, മാതൃസഹോദരി എന്നിവരില്‍ ആരെങ്കിലുമൊരാളെയും ഒരേ സന്ദര്‍ഭത്തില്‍ വിവാഹം ചെയ്യുന്നത് ഇസ്‌ലാം നിരോധിക്കുന്നു.
വിശുദ്ധ ഖുര്‍ആനില്‍ ഈ വിഭാഗം സ്ത്രീകള്‍ നിഷിദ്ധമാണെന്ന് പ്രസ്താവിക്കുന്നില്ല. എന്നാല്‍ നബി(സ്വ) പറയുന്നു. ഒരു സ്ത്രീയെയും അവളുടെ പിതൃസഹോദരി, മാതൃസഹോദരി എന്നിവരെയും ഒരുമിച്ചു കൂട്ടുവാന്‍ (ഒരേ അവസരത്തില്‍ വിവാഹം ചെയ്യാന്‍) പാടില്ല. (ബുഖാരി) 3
ഒരാളുടെ ഭാര്യയായി കഴിയുന്നവളെയും വിവാഹം ചെയ്യുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു.”മറ്റുള്ളവരുടെ വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അടിമസ്ത്രീകള്‍ ഒഴികെ. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ നിയമമത്രെ അത്. അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം മഹ്‌റായി നല്‍കിക്കൊണ്ട് വിവാഹബന്ധം തേടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു’‘ (4:24).
മുലകുടി ബന്ധം
ശിശുവിന്റെ ശരീര പുഷ്ടിയിലും മാനസികവുമായ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് മുലപ്പാല്‍. മുലകുടിയിലൂടെ ശിശുവിനും മാതാവിനും ഇടയില്‍ മാതൃത്വത്തിന്റെ വൈകാരികബന്ധം ഊഷ്മളമാവുന്നു. അതുകൊണ്ടു തന്നെ രക്തബന്ധത്തില്‍ വിവാഹം നിരോധിക്കപ്പെട്ടവരെപ്പോലെത്തന്നെ മുലകുടി ബന്ധത്തിലൂടെയും വിവാഹംചെയ്യാന്‍ പാടില്ലാത്തവരുണ്ട്. ഒരാണ്‍ശിശു ഒരന്യ സ്ത്രീയുടെ മുലകുടിച്ചാല്‍ ആ കുട്ടി അവളെ ഉമ്മയുടെ സ്ഥാനത്താണ് കാണേണ്ടത്. ഒരു പെണ്‍ശിശു ഒരു അന്യസ്ത്രീയുടെ മുലകുടിച്ചാല്‍ ആ കുട്ടിക്ക് അവള്‍ ഉമ്മയുടെ സ്ഥാനത്താണ്. അപ്പോള്‍ ആ ഉമ്മയുടെ രക്തബന്ധത്തില്‍പ്പെട്ട പുരുഷന്മാര്‍ക്കൊന്നും ഈ പെണ്‍കുട്ടിയെയും വിവാഹം ചെയ്യാന്‍ പാടില്ല. അല്ലാഹു പറയുന്നു: ‘‘നിങ്ങളെ മുലയൂട്ടിയ മാതാക്കളെയും മുലകുടി ബന്ധത്തില്‍പെട്ട നിങ്ങളുടെ സഹോദരികളെയും നിങ്ങള്‍ വിവാഹം ചെയ്യല്‍ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു” (4:23).
ഒരു സ്ത്രീ ഒരാള്‍ക്ക് മുലയൂട്ടിയാല്‍ ആ സ്ത്രീ അയാളുടെ മാതാവും അവളുടെ പുത്രിമാര്‍ അയാളുടെ സഹോദരിമാരും ഭര്‍ത്താവ് പിതാവും ഭര്‍ത്താവിന്റെ സഹോദരീ സഹോദരങ്ങള്‍ അയാളുടെയും പിതൃസഹോദരീ സഹോദരന്മാരുമായി പരിഗണിക്കപ്പെടുന്നു. മുലകുടിച്ച ആള്‍ക്കു മാത്രം ബാധകമായ ഈ ബന്ധം മുലകുടിച്ച ആളുടെ സഹോദരന്മാരുമായോ പിതാവുമായോ മാറ്റാരുമായോ യാതൊരു ബന്ധവും ഈ സ്ത്രീക്ക് ഉണ്ടാവുന്നില്ല. അനന്തര സ്വത്തുമായി ബന്ധപ്പെടാത്തതാണ് ഈ മുലകുടി ബന്ധം. വിവാഹ ബന്ധത്തില്‍ മാത്രമാണ് ഇത് പരിഗണിക്കപ്പെടുന്നത്.
മുലകുടി ബന്ധത്തില്‍ പെട്ടവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. വിവാഹാനന്തരം ആണ് മുലകുടി ബന്ധം ഓര്‍മവരുന്നത് എങ്കില്‍ താമസം കൂടാതെ ആ ബന്ധം വേര്‍പെടുത്തുകയും വേണം. ‘ഉത്ബതുബ്‌നു ഹാരിസ് അബൂഇഹാബിന്റെ പുത്രി ഉമ്മു റയ്ഹാനയെ വിവാഹം ചെയ്തതറിഞ്ഞപ്പോള്‍ ഒരു പ്രായം ചെന്ന സ്ത്രീ അവരോട് പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്കിരുവര്‍ക്കും മുലയൂട്ടിയിട്ടുണ്ടല്ലോ? ഈ അവസരത്തില്‍ പ്രവാചകന്‍ അവരുടെ വിവാഹബന്ധം വേര്‍പെടുത്തി’ (സ്വഹീഹുല്‍ ബുഖാരി) 4
മാതാക്കള്‍ പൂര്‍ണമായി രണ്ടു വര്‍ഷം തങ്ങളുടെ സന്താനങ്ങള്‍ക്ക് മുല കൊടുക്കണമെന്നാണ് (2:233) അല്ലാഹുവിന്റെ കല്പന. അതുകൊണ്ട് രണ്ടുവയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ ഒരു സ്ത്രീയുടെ മുലകുടിച്ചാല്‍ മാത്രമാണ് മുലകുടിബന്ധം സ്ഥാപിതമാകുന്നത്. വിശപ്പടങ്ങുന്ന നിലക്ക് മുലകുടിച്ചാല്‍ മാത്രമേ ഈ ബന്ധം സ്ഥാപിതമാവുകയുള്ളൂ. ആഇശ(റ) പറയുന്നു: വിശപ്പിന് ശമനം ഉണ്ടായാലാണ് മുലകുടിയാകുന്നത് (സ്വഹീഹുമുസ്‌ലിം) 5
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: രണ്ട് വര്‍ഷങ്ങളിലായാണ് മുലകുടിബന്ധം സ്ഥാപിതമാകുന്നത് (ബയ്ഹഖീ) 6
ചടങ്ങ് വിവാഹം
വധൂവരന്മാര്‍ പരപ്രേരണകൂടാതെ പരസ്പരം തൃപ്തിപ്പെട്ടും മനസ്സിലാക്കിയുമാണ് വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തേണ്ടത്. സമാധാനപൂര്‍ണമായ ജീവിതം സന്തുഷ്ടമായ കുടുംബത്തിലൂടെ സാധ്യമാക്കുക എന്നതാണ് അവരിരുവരും ആഗ്രഹിക്കേണ്ടത്. അതിനു വേണ്ടിയുള്ള പ്രാര്‍ഥന വിവാഹസന്ദര്‍ഭത്തില്‍ ദമ്പതിമാര്‍ക്കുള്ള സ്‌നേഹസമ്മാനമായി അവിടെ സാക്ഷികളായവര്‍ നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വിവാഹമെന്ന കര്‍മത്തിന്റെ പവിത്രത ഇല്ലാതാക്കുന്ന ചടങ്ങ് വിവാഹം(സിവാജുല്‍ ഹലീല്‍) തീര്‍ത്തും അനിസ്‌ലാമികമാണ്.
അനിവാര്യമായ സന്ദര്‍ഭത്തില്‍ ഒരാള്‍ക്ക് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ അനുവാദമുണ്ട്. നിര്‍ണിത കാലത്തിനുശേഷം (ഇദ്ദ) രണ്ടുപേര്‍ക്കും താല്പര്യമുണ്ടെങ്കില്‍ വീണ്ടും വിവാഹിതരാകാം. ഇദ്ദകാലത്തിനുള്ളില്‍ വിവാഹം കൂടാതെ തന്നെ അവര്‍ക്ക് ദാമ്പത്യത്തിലേക്കു മടങ്ങാവുന്നതാണ്. ഇവര്‍ രണ്ടാമതും വിവാഹമോചിതരാവുകയും വീണ്ടും വിവാഹിതരാകണമെന്ന് ആഗ്രഹിക്കുകയും ചെയ്താലും അങ്ങനെ ആകാം. എന്നാല്‍ മൂന്നാം തവണ വിവാഹമോചനം ചെയ്താല്‍ പിന്നെ ഇവര്‍ക്കു തമ്മില്‍ സാധാരണ നിലയില്‍ വിവാഹിതാരാകാന്‍ കഴിയില്ല. ഇങ്ങനെ മൂന്നുതവണ വിവാഹമോചനം ചെയ്താല്‍ അവന്ന് അവളെ വീണ്ടും വിവാഹം ചെയ്യണമെങ്കില്‍ മറ്റൊരാള്‍ അവളെ വിവാഹം ചെയ്ത് അവള്‍ വിവാഹമോചിതയാകണം. ഇത് സാധാരണപോലെ നടക്കേണ്ട വിവാഹവും വിവാഹ മോചനവുമാണ്. ഇതാണ് ഇസ്‌ലാമിലെ വ്യവസ്ഥ. എന്നാല്‍ തന്നെ മൂന്നു തവണ വിവാഹമോചനം ചെയ്ത ആദ്യപുരുഷന് തന്നെ ഇവളെ വിവാഹം കഴിക്കാന്‍ വേണ്ടി, ഉടനെത്തന്നെ വിവാഹമോചനം ചെയ്യാമെന്ന വ്യവസ്ഥയില്‍ മറ്റൊരാളെക്കൊണ്ട് കൃത്രിമമായി വിവാഹം ചെയ്യിക്കുന്ന രീതിയാണ് ചടങ്ങുവിവാഹം. ഈ കുറുക്കുവഴി വിവാഹം നിഷിദ്ധമാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ചടങ്ങുനില്ക്കുന്നവനെയും നിര്‍ത്തുന്നവനെയും അല്ലാഹുവിന്റെ റസൂല്‍(സ്വ) ശപിച്ചിരിക്കുന്നു” (സുനനുത്തിര്‍മിദി) 7
സ്വാഭാവികരീതിയിലുള്ള വേര്‍പിരിയല്‍ നടന്നശേഷം ആദ്യഭര്‍ത്താവിന് ഒരിക്കല്‍ വിവാഹമോചനം ചെയ്തവളെ പുനര്‍വിവാഹം ചെയ്യുന്നതിന് തെറ്റില്ല. വൈവാഹിക ജീവിതം ഉദ്ദേശിച്ചുകൊണ്ട് ഒരാള്‍ വിവാഹം ചെയ്തശേഷം അയാള്‍ക്ക് അവളുമായി യോജിച്ചുപോവുക സാധ്യമല്ലാതെ വന്നാല്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്ന നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ട് അവളെ മോചിതയാക്കാം. രണ്ടാമത് വിവാഹം ചെയ്ത വ്യക്തിയുമായി ശാരീരികബന്ധം പുലര്‍ത്തിയ ശേഷമായിരിക്കണം വിവാഹമോചനം നടക്കേണ്ടത്.
അല്ലാഹു പറയുന്നു: ‘മൂന്നാമതും അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിനുശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമല്ല. അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നതുവരേക്കും. എന്നിട്ട് പുതിയ ഭര്‍ത്താവ് അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ പഴയ ദാമ്പത്യത്തിലേക്ക് തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികള്‍ അവരിരുവരും പാലിക്കുമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍’‘ (2:230).
മിശ്രവിവാഹം
ജാതിമതഭേദമില്ലാതെ വ്യത്യസ്ത മത വിഭാഗത്തില്‍പെട്ടവര്‍ തമ്മില്‍ നടക്കുന്ന വിവാഹത്തിനാണ് മിശ്രവിവാഹം എന്ന് പറയുന്നത്. ഹിന്ദുമതത്തിലെ വ്യത്യസ്ത ജാതികള്‍ തമ്മില്‍ നടത്തപ്പെടുന്ന വിവാഹത്തിനും ഇങ്ങനെ പറയാറുണ്ട്. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ ആദര്‍ശപരമായി യോജിപ്പുള്ളവര്‍ തമ്മിലാണ് വിവാഹിതരാവേണ്ടത്. വിരുദ്ധ ആദര്‍ശങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ഒത്തുജീവിക്കുന്നത് ജീവിതത്തിന്റെ സന്തോഷവും സമാധാനവും നഷ്ടപ്പെടുത്തും. അതിനാല്‍ ഒരു വിശ്വാസി ബഹുദൈവവിശ്വാസിനിയെ വിവാഹം ചെയ്യരുത്. വിശ്വാസിനിയെ അവിശ്വാസിക്ക് വിവാഹം ചെയ്തുകൊടുക്കാനും പാടില്ല.
അല്ലാഹു പറയുന്നു: ‘‘ബഹുദൈവവിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നതുവരെ നിങ്ങള്‍ വിവാഹം ചെയ്യരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയേക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക്-അവര്‍വിശ്വസിക്കുന്നതുവരെ- നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുകയുമരുത്. സത്യവിശ്വാസിയായ ഒരടിമയാണ് ബഹുദൈവവിശ്വാസിയേക്കാള്‍ നല്ലത്. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു (2:221).
വേദക്കാരില്‍പെട്ട ജൂതക്രിസ്ത്യാനി സ്ത്രീകളെ വിവാഹം ചെയ്യാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ വേദക്കാര്‍ മുസ്‌ലിം സ്ത്രീകളെ വിവാഹം ചെയ്യാന്‍ പാടുള്ളതല്ല. ഇസ്‌ലാമിക ആദര്‍ശവുമായി ഏറെ അടുത്തു നില്‍ക്കുന്ന ഇവരോട് ചില കാര്യങ്ങളില്‍ ബഹുദൈവാരധകരില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്.
മുത്അ വിവാഹം
ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞുകൂടിയവര്‍ ഇഹത്തില്‍ മാത്രമല്ല, ശാശ്വതമായ സ്വര്‍ഗത്തിലും ഒന്നിച്ചുകഴിയേണ്ടവരാണെന്ന നിലയ്ക്ക് ആ ബന്ധത്തെ പവിത്രമായി കാത്തു സൂക്ഷിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാം മഹിതമായ ലക്ഷ്യമാണ് വിവാഹത്തിലൂടെ മുന്നില്‍ വെക്കുന്നത്. ദമ്പതിമാരുടെ കടമകളും അവകാശങ്ങളും മനസ്സിലാക്കിയാല്‍ ഇത് തിരിച്ചറിയാന്‍ സാധിക്കും.
നിശ്ചിത പ്രതിഫലം നിര്‍ണയിച്ച് നിശ്ചിതകാലം വരെയുള്ള സ്ത്രീ പുരുഷ ബന്ധമാണ് മുത്അ. ജാഹിലിയ്യാ കാലത്ത് കുറഞ്ഞ കാലത്തേക്ക് വിവാഹം ചെയ്യുന്ന രീതി നിലനിന്നിരുന്നു. നിശ്ചിതകാലത്തേക്ക് എന്നു പറഞ്ഞ് വിവാഹിതരാവുകയും കാലാവധി കഴിഞ്ഞാല്‍ പിരിഞ്ഞുപോകുകയും ചെയ്യുന്ന മുത്അ വിവാഹം എന്ന ഈ ദുസ്സമ്പ്രദായം ഇസ്‌ലാം നിഷിദ്ധമാക്കി. കച്ചവട ആവശ്യാര്‍ഥമോ മറ്റോ ഒരു പ്രദേശത്ത് എത്തിയാല്‍ കുറച്ചുകാലം അവിടെ താമസിക്കുന്നവര്‍, ആ ചുരുങ്ങിയ കാലയളവില്‍ വിവാഹം ചെയ്യുന്ന സമ്പ്രദായമായിരുന്നു ഇത്. ലൈംഗിക ആസക്തി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണ് മുത്അ വിവാഹം നടന്നിരുന്നത്. സന്താന ലബ്ധിയോ സംരക്ഷണച്ചുമതലാ ബോധമോ ഇതിന്റെ ലക്ഷ്യമേ അല്ല. അതുകൊണ്ടുതന്നെ മുത്അ വിവാഹം മതവിരുദ്ധമാണ്.
ഖയ്ബര്‍ യുദ്ധാവസരത്തിലാണ് മുത്അ വിവാഹം നിഷിദ്ധമാക്കിയെന്ന വിവരം വിളംബരം ചെയ്യാന്‍ നബി(സ്വ) സ്വഹാബിമാരോട് നിര്‍ദേശിച്ചത്. തീര്‍ത്തും മതവിരുദ്ധമായ മുത്അ വിവാഹം മക്കാ വിജയം വരെ നിലനിന്നിരുന്നു എന്നഭിപ്രായമുണ്ട്. മക്കാ വിജയത്തോടെ മുത്അ വിവാഹം എന്നെന്നേക്കുമായി നിഷിദ്ധമാക്കപ്പെട്ടു.
മുത്അ വിവാഹം അനുവദനീയമാണെന്ന് വാദിക്കുന്ന വിഭാഗമാണ് ശിആക്കളിലെ ഇമാമിയ്യ കക്ഷികള്‍. വിവാഹമോചനം ഇതിന് ബാധകമല്ലെന്നും ദമ്പതിമാര്‍ തമ്മില്‍ അനന്തരാവകാശികളാവുകയില്ല എന്നതും മുത്അ വിവാഹത്തിന്റെ പ്രത്യേകതയായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ബന്ധത്തില്‍ പിറന്ന കുട്ടിയെ പിതാവിന്റേതായി അംഗീകരിക്കുകയും അവന് മാതാപിതാക്കളുടെ സ്വത്തിന്റെ അനന്തരാവകാശം നല്‍കുകയും ചെയ്യും.
ജാഹിലിയ്യാകാലത്ത് വളരെയധികം പ്രചരിച്ചിരുന്ന പലിശയും മദ്യവുംപോലെ തന്നെ ലൈംഗികതയുടെ അനാശാസ്യതകളെയും നിഷിദ്ധമാക്കുന്നതില്‍ ഘട്ടംഘട്ടമായ നടപടിയാണ് ഇസ്‌ലാം സ്വീകരിച്ചത്. യാത്രകൡും യുദ്ധങ്ങളിലും താല്ക്കാലിക വിവാഹം നബി(സ്വ) അനുവദിച്ചുകൊടുത്തു. ഇസ്‌ലാമിലെ നിയമനിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പ് ആയിരുന്നു ഈ അനുവാദം. നിര്‍ബന്ധിതാവസ്ഥയില്‍ താല്ക്കാലിക വിവാഹത്തിന് അനുമതി നല്കിയെങ്കിലും പിന്നീട് നബി(സ്വ) അത് പൂര്‍ണമായും പിന്‍വലിച്ചു.
സ്ഥിരമായി ഒന്നിച്ച് ജീവിക്കുക എന്ന ഉദ്ദേശ്യത്തിലധിഷ്ഠിതമായ ബലവത്തായ ഒരു കരാറാണ് ഇസ്‌ലാമില്‍ വിവാഹം.
സ്വയംവരം
സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം പുരുഷനെ വിവാഹം ചെയ്യുകയും കൂടുതല്‍ അന്വേഷണങ്ങള്‍ക്കൊന്നിനും അവസരമില്ലാതിരിക്കുകയും ചെയ്യുന്ന വിവാഹരീതിയാണ് സ്വയംവരം. ഹൈന്ദവ പുരാണങ്ങളിലെ രാജാക്കന്മാര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ഒരു വിവാഹ സമ്പ്രദായമാണ് സ്വയംവരം. സ്ത്രീയുടെ പിതാവ് തന്റെ മകളെ വിവാഹം കഴിക്കാനുണ്ടെന്നും അവളുടെ മഹത്വങ്ങളും വര്‍ണനകളും ഇന്നതൊക്കെയാണെന്നും പ്രസിദ്ധപ്പെടുത്തും. സ്ത്രീയുടെ ഗൃഹത്തില്‍ അവളെ വിവാഹം കഴിക്കാന്‍ താല്പര്യമുള്ള പുരുഷന്മാര്‍ വന്നുചേരുകയും സ്ത്രീ മാലയുമായി വന്ന് തനിക്ക് ഇഷ്ടപ്പെട്ടവന്റെ കഴുത്തില്‍ മാല ചാര്‍ത്തി വരനായി സ്വീകരിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി.
സ്ത്രീ പുരുഷനെ വിവാഹംചെയ്യുന്ന ഈ രീതി ഇസ്‌ലാം അംഗീകരിക്കുന്നില്ല. പുരുഷന്റെയും സ്ത്രീയുടെയും ഒന്നിച്ചുള്ള തൃപ്തിയും മനസ്സമ്മതവുമാണ് ബന്ധത്തിന്റെ ഭദ്രതയ്ക്കും ഊഷ്മളതയ്ക്കും അനുപേക്ഷണീയമായിട്ടുള്ളത്; ഇസ്‌ലാം വിവാഹാലോചനവേളയില്‍ പരിഗണിക്കുന്ന കാര്യവും. രക്ഷാധികാരിയുടെയോ ഖാദിയുടെയോ സമ്മതമില്ലാതെ സ്ത്രീ സ്വയം നടത്തുന്ന വിവാഹവും അസാധുവാണ്.
References- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 139, ഹദീസ് 1414[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 752, ഹദീസ് 2031[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 1965, ഹദീസ് 4821[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 1962, ഹദീസ് 4816[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 170, ഹദീസ് 1455[↩]
- അസ്സുനനുസ്സുഗ്‌റാ ലില്‍ ബൈഹഖീ, അബൂബക്ര്‍ അല്‍ ബൈഹഖീ, ജാമിഅത്തു ദിറാസാത്തുല്‍ ഇസ്‌ലാമിയ്യ, കറാച്ചി, ഒന്നാം പതിപ്പ്, 1989, വാള്യം 03, പേജ് 177, ഹദീസ് 2864[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 419, ഹദീസ് 1119[↩]
