വ്യഭിചാരം
വ്യഭിചാരം ഇസ്ലാമിക നിയമത്തിൽ ഗുരുതരമായ ധാർമ്മികവും സാമൂഹികവുമായ കുറ്റമായി കണക്കാക്കപ്പെടുന്നു. വ്യക്തിയുടെയും കുടുംബത്തിന്റെയും മാന്യത സംരക്ഷിക്കുന്നതിനായി വ്യഭിചാരത്തിനുള്ള ശിക്ഷ, വ്യഭിചാരാരോപണവുമായി ബന്ധപ്പെട്ട കർശനമായ തെളിവ് മാനദണ്ഡങ്ങൾ, ശിക്ഷാ നടപടികളിലെ നീതിയും ജാഗ്രതയും എന്നിവയെക്കുറിച്ച് ഖുർആനും സ്വീകാര്യ ഹദീസുകളും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. കുറ്റാരോപണത്തിൽ അന്യായം ഒഴിവാക്കുകയും സമൂഹത്തിൽ ധാർമ്മിക ശുദ്ധി നിലനിർത്തുകയും ചെയ്യുന്ന ഇസ്ലാമിക സമീപനമാണ് ഈ ലേഖനം വിശദമായി അവതരിപ്പിക്കുന്നത്.
ഇണകളായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സ്ത്രീയും പുരുഷനും വിവാഹമെന്ന ഉറച്ച കരാറിലൂടെ ഒന്നായിത്തീരുകയും പരസ്പര സ്നേഹത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ ദാമ്പത്യബന്ധം നിലനിര്‍ത്തുകയും വേണമെന്നാണ് ഇസ്ലാം താത്പര്യപ്പെടുന്നത്. ദാമ്പത്യബന്ധത്തിലൂടെ മാത്രമേ ലൈംഗിക സംതൃപ്തി നേടാന്‍ ഇസ്ലാം അനുവാദം നല്‍കുന്നുള്ളൂ. ലൈംഗിക സംതൃപ്തിക്ക് വേണ്ടിയുള്ള ദാമ്പത്യ ബാഹ്യമായ എല്ലാ മാര്‍ഗങ്ങളും അവിഹിതമാണ്. അവയെല്ലാം കര്‍ശനമായി ഇസ്ലാം നിരോധിക്കുന്നു. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും മനുഷ്യരാശിക്ക് മുഴുവനായും ഗുരുതരമായ വിപത്തുകള്‍ വരുത്തിവെയ്ക്കുന്ന വളരെയേറെ മ്ലേച്ഛമായ ഒരു പാപമായിട്ടാണ് വ്യഭിചാരത്തെ ഇസ്ലാം കാണുന്നത്. ബഹുദൈവാരാധന (ശിര്‍ക്ക്), കൊലപാതകം എന്നിവ കഴിഞ്ഞാല്‍ ഇസ്ലാമിന്റെ ദൃഷ്ടിയില് കൊടിയപാപം വ്യഭിചാരമാകുന്നു. കുടുംബശൈഥില്യം, ലൈംഗിക രോഗങ്ങള്‍, ദാരിദ്ര്യം, മാനസിക വൈകാരിക അസ്വസ്ഥതകള്‍ തുടങ്ങി ദൂരവ്യാപകമായ ദുരന്തഫലങ്ങളുളവാക്കുന്ന മ്ലേച്ഛ കൃത്യമായിട്ടാണ് നബി(സ്വ) അക്കാര്യം വിശദീകരിച്ചുതന്നത്.
‘മനുഷ്യസമൂഹമേ, നിങ്ങള്‍ വ്യഭിചാരത്തെ സൂക്ഷിക്കു. കാരണം, അതില്‍ ആറ്(ചീത്ത) കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. മൂന്നെണ്ണം ഇഹലോകത്തിലും മൂന്നെണ്ണം പരലോകത്തിലും ഉളളതാകുന്നു. ഇഹത്തില്‍ വെച്ചുള്ളവ; വ്യഭിചാരം മനുഷ്യന്റെ സൗന്ദര്യം നശിപ്പിക്കുകയും ദാരിദ്ര്യത്തിന് കാരണമാവുകയും ആയുസ്സ് ചുരുക്കിക്കളയുകയും ചെയ്യുന്നു. പരലോകത്തുവെച്ച് വെച്ചുണ്ടാകുന്നതാകട്ടെ, അത് അല്ലാഹുവിന്റെയും സൃഷ്ടികളുടെയും ക്രോധത്തെയും കഠിന വിചാരണയെയും നരകത്തിന്റെ ശാശ്വത വാസത്തെയും ഉണ്ടാക്കിത്തീര്‍ക്കുന്നു’ (മീസാനുല്‍ ഇഅ്തിദാല്) 1
വിശുദ്ധ ഖുര്‍ആന്‍ വ്യഭിചാരത്തെ നിരോധിക്കുന്ന രീതിയും അതിലടങ്ങിയ ഗൗരവവും പ്രത്യേകം ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കരുത്, നിശ്ചയം അത് ഒരു നീചകൃത്യമാണ്. ദുഷിച്ച മാര്‍ഗവുമാണ്’ (17:32). സ്വയം തന്നെ അധാര്‍മികവും നികൃഷ്ടവുമായ ഒരുദുര്വൃത്തിയാണ്വ്യഭിചാരമെന്നിരിക്കെ, മറ്റനേകം അധാര്‍മികതകളിലേക്കും തിന്മകളിലേക്കും ഉള്ള വാതില്‍ അത് തുറന്നുവെക്കുന്നു. അതിനാല്‍ വ്യഭിചാരത്തിലേര്‍പ്പെടുന്നത് മാത്രമല്ല, അതിലേക്ക് നയിക്കാനിടയുള്ള എല്ലാചിന്തകളെയും ആഗ്രഹങ്ങളെയും പ്രലോഭനങ്ങളെയും സാഹചര്യങ്ങളെയുമെല്ലാം വര്‍ജിക്കണമെന്നാണ് അല്ലാഹു കല്പിക്കുന്നത് (17:32). കാമാര്‍ത്തിപൂണ്ട് ലൈംഗിക സംതൃപ്തി ആഗ്രഹിച്ച് വ്യഭിചാരത്തിലേര്‍പ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ അവന് ലൈംഗിക സംതൃപ്തി എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിയില്ല. കാരണം, അത് പ്രസ്തുത ലക്ഷ്യത്തിലേക്കുള്ള ദുഷിച്ച മാര്‍ഗമാണ്. ലൈംഗിക സദാചാരം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ജീവിതമാണ് യഥാര്‍ഥത്തില്‍ മനസ്സംതൃപ്തിയുള്ള ലൈംഗിക ജീവിതം പ്രദാനം ചെയ്യുന്നത്. പ്രസിദ്ധ ലൈംഗിക മനഃശാസ്ത്രജ്ഞനായ ഹാവ്ലോക്ക് എല്ലിസ് രേഖപ്പെടുത്തുന്നു. ചാരിത്ര്യ വിശുദ്ധി കൂടാതെ ലൈംഗിക പ്രേമത്തിന്റെ അന്തസ്സ് സംരക്ഷിക്കാന്‍ സാധ്യമല്ല. അതിനോടുള്ള ആദരവ്, ഏതൊരു സമൂഹത്തില്‍ ഏറ്റവും താഴ്ന്ന വിതാനത്തിലേക്ക് ചുരുങ്ങിപ്പോകുന്നുവോ, ആ സമൂഹം ജീര്‍ണതയുടെ അന്ത്യഘട്ടത്തിലെത്തുന്നു (ലൈംഗിക മനഃശാസ്ത്ര പഠനങ്ങള്‍ വാള്യം 2, പേജ് 143).
വ്യഭിചാരത്തെ നിഷിദ്ധമായ മ്ലേച്ഛ കാര്യമായി കണ്ട് വിലക്കിയ ഇസ്ലാം അതിലേക്ക് നയിക്കാനിടയുള്ള കാരണങ്ങളെ ഇല്ലാതാക്കുകയും മാര്‍ഗങ്ങളെ കൊട്ടിയടക്കുക കൂടി ചെയ്യുന്നുണ്ട്. അവിഹിത ലൈംഗിക ബന്ധങ്ങള്‍ക്ക് വഴിതെളിയിക്കുന്ന അനിയന്ത്രിതമായ സ്ത്രീപുരുഷ സങ്കലനം, കാമോദ്ദീപകമായ അംഗവിക്ഷേപങ്ങള്‍, നോട്ടം, സ്പര്‍ശം, സൗന്ദര്യപ്രകടനം, നഗ്നതാ പ്രദര്‍ശനം, വികാരോത്തേജകമായ വസ്ത്രധാരണം തുടങ്ങിയവയെല്ലാം ഇസ്ലാം നിരോധിക്കുന്നു. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളോട് പറയുക. അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തുകയും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അത് അവര്‍ക്ക് ഏറ്റവും വിശുദ്ധമായിട്ടുള്ളതാകുന്നു. നിശ്ചയം അല്ലാഹു പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്. സത്യവിശ്വാസിനികളോട് പറയുക. അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തുകയും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അവരുടെസൗന്ദര്യം അതില്‍നിന്ന് പ്രത്യക്ഷമായതല്ലാതെ വെളിപ്പെടുത്താതിരിക്കുകയും ചെയ്യട്ടെ. അവര്‍ തങ്ങളുടെ മക്കനകള്‍ മാറിടങ്ങളിലേക്ക് താഴ്ത്തിയിടട്ടെ. സ്വന്തം ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്, ഭര്ത്താക്കന്മാരുടെ പുത്രന്മാര്, സ്വസഹോദരന്മാര്, സഹോദരപുത്രന്മാര്, സഹോദരീ പുത്രന്മാര്, തങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകള്‍, തങ്ങളുടെ വലംകൈകള്‍ ഉടമപ്പെടുത്തിയര്‍(അടിമകള്‍), കാമാസക്തിയില്ലാത്ത പുരുഷ പരിചാരകര്‍, സ്ത്രീരഹസ്യങ്ങള് മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുമ്പിലല്ലാതെ അവര്‍ തങ്ങളുടെ സൗന്ദര്യം വെളിപ്പെടുത്താതിരിക്കട്ടെ. തങ്ങളുടെ സൗന്ദര്യാലങ്കാരങ്ങളില്‍ നിന്ന് മറച്ചു വെക്കുന്നത് അറിയപ്പെടാന്‍വേണ്ടി അവര്‍ തങ്ങളുടെ കാലുകള്‍ നിലത്തിട്ടടിക്കുകയും ചെയ്യാതിരിക്കട്ടെ. ഹേ സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുവിന്‍. നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം’ (24:30,31).
സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ ശബ്ദംപോലും നിയന്ത്രിക്കണമെന്ന് ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു (24:32). അത് കാമാസക്തരായ പുരുഷന്മാരെ പ്രലോഭിപ്പിക്കുകയും അവരില്‍ അനാശാസ്യാഭിലാഷങ്ങള്‍ ഉണരാന്‍ കാരണമാവുകയുംചെയ്യും. സ്ത്രീ ശബ്ദം പുരുഷനില്‍ ലൈംഗിക വികാരം ഉണര്‍ത്താന്‍ പര്യാപ്തമായതാണെന്ന വസ്തുത ഹാവ് ലോക്ക് എല്ലീസ് രേഖപ്പെടുത്തുന്നു. ശബ്ദവും സംഗീതവും ലൈംഗികാകര്‍ഷണത്തിനുള്ള ഒരുമാര്‍ഗമാണ്. കാതുകളിലൂടെ സാധാരണ വിശ്വസിക്കപ്പെടുന്നതിലേറെ ഇത് ലൈംഗികോത്തേജനമുണ്ടാക്കുന്നു (ലൈംഗിക മനശ്ശാസ്ത്രം പേജ് 61).
ലൈംഗിക സദാചാരം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ജീവിതത്തിന് അനുപേക്ഷണീയമായ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുന്നൂറിലൂടെ വിശദീകരിച്ചു തരുന്നുണ്ട്. വ്യഭിചാരം, വ്യഭിചാരാരോപണം, സ്ത്രീപുരുഷ സംസര്‍ഗം തുടങ്ങിയ തിന്മകളുടെ ഗൗരവം വ്യക്തമാക്കിത്തരുന്നു. ഇവയെല്ലാം കൃത്യമായി ബോധവത്കരിച്ച ശേഷം ഇനിയും വ്യഭിചാരമെന്ന സാമൂഹ്യതിന്‍മയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കഠിനമായ ഭൗതിക ശിക്ഷ ഇസ്ലാമിക ഭരണകൂടം നല്‍കണമെന്നും അല്ലാഹു പഠിപ്പിക്കുന്നു (24: 2).
വ്യഭിചാരത്തിനുള്ള ശിക്ഷ
മതകീയ സമൂഹങ്ങളെല്ലാം വ്യഭിചാരത്തെ പാപമായി കാണുന്നു. ധര്മബോധമുള്ളവരെല്ലാം മതവിശ്വാസ പിന്‍ബലമില്ലെങ്കില്‍ പോലും വ്യഭിചാരത്തെ മ്ലേച്ഛ വൃത്തിയായിത്തന്നെയാണ് കാണുന്നത്. കാരണം വിവാഹബന്ധത്തിന്നപ്പുറം കുത്തഴിഞ്ഞ രതിവൈകൃതങ്ങള്‍ അരങ്ങേറുന്ന മനുഷ്യസമൂഹങ്ങളില്‍ മാരകമായ ഗുഹ്യരോഗങ്ങളും മാനസിക പീഡനങ്ങളും തീരാശാപമായി നിലനില്‍ക്കുന്നത് അനുഭവയാഥാര്‍ഥ്യമാണ്. കുടുംബശൈഥില്യം, മേല്‍വിലാസമില്ലാത്ത തലമുറ തുടങ്ങിയ സാമൂഹിക ജീര്ണതായിണിതിന്റെ പരിണിതി. കുടുംബബന്ധത്തെ ഏറെ പവിത്രമായി കണ്ടിട്ടുള്ള ഇസ്ലാം പവിത്രമായ ലൈംഗികബന്ധത്തിലൂടെയും സ്നേഹാദരങ്ങളിലൂടെയും മനുഷ്യവംശം നിലനില്ക്കണമെന്ന് പഠിപ്പിക്കുന്നു. വിവാഹത്തിലൂടെ ആരംഭിക്കുന്ന വിശുദ്ധ ബന്ധത്തില്‍ പോലും ദമ്പതികള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി ഇസ്ലാം നിഷ്കര്‍ഷിക്കുന്നു.
വളരെയേറെ മ്ലേച്ഛവും വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും ദൂരവ്യാപകമായ ദുരന്തഫലമുളവാക്കുന്നതുമായ വ്യഭിചാരത്തെ ഇസ്ലാം വിരോധിച്ചു. വ്യഭിചാരികള്‍ക്ക് കടുത്തശിക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. വ്യഭിചാരം ചെയ്യുന്ന സ്ത്രീപുരുഷന്മാരില് ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍, അല്ലാഹുവിന്റെ മതനിയമത്തില്‍ അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നിടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരുസംഘം സന്നിഹിതരാവുകയുംചെയ്യട്ടെ(24:2).
വ്യഭിചാരത്തിനുള്ള ശിക്ഷ ഘട്ടം ഘട്ടമായിട്ടാണ് അല്ലാഹു നിയമമാക്കിയത്. ആദ്യമായി അവതരിച്ച നിയമം അത്തരക്കാരെ വീട്ടുതടങ്കലില്‍ വെക്കാനായിരുന്നു. വിശുദ്ധ ഖുര്‍ആനിലെ 4:15 വചനം അതാണ് സൂചിപ്പിക്കുന്നത് എന്നും പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു. നൂറ് അടി അടിക്കാനുള്ള ശിക്ഷാവിധി ഖുര്‍ആന്‍ നിജപ്പെടുത്തുന്നത് അതിനുശേഷമാണ്. നബി(സ്വ) അതിന്റെ വിശദീകരണമെന്നോണം പറഞ്ഞു: വിവാഹിതരായ വ്യഭിചാരികള്‍ക്കുള്ള ശിക്ഷ എറിഞ്ഞുകൊല്ലലാണ്. നബി(സ്വ) പറഞ്ഞു: അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി യാതൊന്നുമില്ലായെന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരു മുസ്ലിമിനെ താഴെ പറയുന്ന മൂന്ന് കാര്യങ്ങളിലല്ലാതെ വധിക്കാന്‍ പാടില്ല. ഒന്ന്, വിവാഹിതനായ വ്യഭിചാരി. രണ്ട്, മനുഷ്യവധത്തിനുള്ള പ്രതിക്രിയ. മൂന്ന്, മതം ഉപേക്ഷിച്ച് സംഘത്തില്‍നിന്ന് ഭിന്നിച്ചുപോയി കുഴപ്പമുണ്ടാക്കുന്ന വ്യക്തി.(തിര്‍മുദി) 2 വ്യഭിചാര ശിക്ഷയില്‍ വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വിവേചനം ബുദ്ധിപരമാണ് കാണാന്‍ കഴിയുന്നത്. അവിവാഹിതന് വികാരത്തിനടിമപ്പെട്ട് ദുര്‍ബല നിമിഷങ്ങളില്‍ ചെയ്തുപോയ ഒരു തിന്മയും നിയമപരമായ ലൈംഗികാസ്വാദനത്തിന് അവസരമുള്ള വിവാഹിതരുടെ അതിരുകടന്ന പ്രവൃത്തിയും ഒരുപോലെയല്ലല്ലോ. നൂറ് അടി ശിക്ഷയായി നിയമമാക്കപ്പെടുന്നതിനുമുമ്പുള്ളതാണ് ഈ എറിഞ്ഞുകൊല്ലല്‍ ശിക്ഷ എന്ന അഭിപ്രായവുമുണ്ട്.
വ്യഭിചാരമെന്ന ദുര്‍വൃത്തിക്ക് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തിയത് സാംസ്കാരിക ജീര്‍ണതയിലേക്ക് കൂപ്പുകുത്തുന്ന ദുരവസ്ഥയില്‍നിന്ന് സമൂഹത്തെ രക്ഷിക്കുകയെന്ന ധാര്‍മിക ലക്ഷ്യംകൂടി മുന്നില്‍ കണ്ടു കൊണ്ടാണ്. അചഞ്ചലമായ വിശ്വാസവും പരലോക ശിക്ഷയെക്കുറിച്ച് ഭയവുമുള്ള വ്യക്തികള്‍ മാനുഷികമായ കാരണങ്ങളാല്‍ തെറ്റുകളിലേക്ക് വഴുതിയാല്‍ അവര്‍ക്ക് കടുത്ത മാനസിക പ്രയാസമുണ്ടാവുന്നു. കടുത്തതെങ്കിലും ഭൗതികവും ശാരീരികവുമായ ശിക്ഷ ഏറ്റുവാങ്ങിയാലും അനശ്വരമായ നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടാമല്ലോ എന്നവര്‍ സമാധാനിക്കുന്നു. നബി(സ്വ)യുടെ കാലത്ത് ഇത്തരം ഒന്നിലേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം ശിക്ഷാവിധികള്‍ നടപ്പിലാക്കണമെന്ന് അല്ലാഹു നിഷ്കര്‍ഷിക്കുന്നത് കുറ്റവാളികളെ സംസ്കരിക്കുന്നതോടൊപ്പം സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് പാഠമാവാനും കൂടിയാണ്. വ്യഭിചാരമെന്ന കുറ്റകൃത്യത്തിന്റെ ഗൗരവം സമൂഹത്തെ ഓര്‍മപ്പെടുത്തി അതിന്റെ ആവര്‍ത്തനം തടയുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
വ്യഭിചാരാരോപണവും ശിക്ഷയും
മനുഷ്യന്റെ ജീവനും സ്വത്തും പോലെ പവിത്രമായി സംരക്ഷിക്കപ്പെടേണ്ടതാണ് അഭിമാനം. അഭിമാനത്തെ ക്ഷതപ്പെടുത്തുന്ന വാക്കുകളോ പ്രവൃത്തികളോ ആരോപണങ്ങളോ സമൂഹബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തി സമാധാനാന്തരീക്ഷം തകര്‍ക്കുന്നു. രക്തം ചിന്തുന്നതും ധനം അപഹരിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമായതുപോലെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതും ശിക്ഷാര്‍ഹമായ കുറ്റമായിട്ടാണ് ഇസ്ലാം കാണുന്നത്. നബി(സ്വ) തന്റെ വിടവാങ്ങല്‍ ഹജ്ജില്‍ നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം ഓര്‍മപ്പെടുത്തി. ‘ഒരു മുസ്ലിമിന് മറ്റു മുസ്ലിംകളുടെ രക്തവും ധനവും അഭിമാനവുമെല്ലാം പവിത്രമായതാണ്’ (മുസ്ലിം).
വിവാഹിതരെക്കുറിച്ചാണ് ലൈംഗികാപവാദം ഉന്നയിക്കുന്നതെങ്കില്‍ അത് കുടുംബതകര്‍ച്ചക്കു കാരണമാകുന്നു. അവിവാഹിതരെപ്പറ്റിയാണെങ്കില് അവരുടെ വിവാഹം പോലും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അതുകൊണ്ടുതന്നെ ലൈംഗികാപവാദം എന്നത് കേവലം വ്യക്തിയില്‍ ഒതുങ്ങുന്ന ഒന്നല്ല. വ്യക്തി ഉള്‍പ്പെട്ട കുടുംബവും സമൂഹവും അതിന്റെ കെടുതികള്‍ അനുഭവിക്കുന്നു. സ്ത്രീത്വത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന മഹാപാതകമെന്ന നിലയ്ക്ക് ലൈംഗികാപവാദത്തെ വ്യഭിചാരത്തോളം തന്നെ നിന്ദ്യമായ കുറ്റകൃത്യമായി പരിഗണിക്കുകയും ഏഴു മഹാപാങ്ങളിലൊന്നായി എണ്ണുകയും ചെയ്യുന്നു. വിവേചനരഹിതമായി ഇത്തരം ആരോപണമുന്നയിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്കാന് ഖുര്‍ആനില്‍ കല്പനയുണ്ട്. ”സാദാചാരവനിഷ്ഠരായ മാന്യവ്യക്തികളുടെ പേരില്‍ ദുരാരോപണങ്ങളുന്നയിക്കുകയും എന്നിട്ട് നാലു സാക്ഷികളെ ഹാജരാക്കാതിരിക്കുകയും ചെയ്യുന്നവരെ എണ്പതു അടിവീതം അടിക്കുവിന്‍. ഒരിക്കലും അവരുടെ സാക്ഷ്യം സ്വീകരിക്കുകയുമരുത്. അവര്‍ പാപികള്‍ തന്നെയാകുന്നു” (24:4)
ലൈംഗികാരോപണം രണ്ടു വിധത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ കാണുന്നത്. ഒന്ന്, പതിവ്രതകളായ അന്യസ്ത്രീകള്ക്കെതിരായി വ്യഭിചാരാരോപണം നടത്തുക. രണ്ട്, സ്വന്തം ഭാര്യമാര്‍ക്കെതിരായി വ്യഭിചാരാരോപണം ഉന്നയിക്കുക. പതിവ്രതകളായ മാന്യ സ്ത്രീകളെക്കുറിച്ച് വ്യഭിചാരാരോപണം ഉന്നയിക്കുന്നവര്‍ക്ക് നല്‍കേണ്ട ശിക്ഷ ഖുര്‍ആന്‍ വിശദീകരിച്ചുതന്നിട്ടുണ്ട്. (24:4).
ഭാര്യാഭര്ത്താക്കന്മാര് തങ്ങളുടെ ഇണകളെക്കുറിച്ച് വ്യഭിചാരാരോപണം നടത്തുകയും അത് തെളിയിക്കാന്‍ കഴിയാതിരിക്കുകയുമാണെങ്കില്‍ എണ്പതു അടി ശിക്ഷതന്നെയാണുള്ളത്. എന്നാല്‍ ആരോപണം തെളിയിക്കേണ്ട രീതി അല്പം വ്യത്യസ്തമാണ്. ഒരു ഭര്‍ത്താവിന് അല്ലെങ്കില്‍ ഭാര്യക്ക് തന്റെ ഇണ ദുര്നടപ്പിലാണെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ അതിന് നാലു ദൃക്സാക്ഷികളെ കൊണ്ടുവരിക എന്നത് പ്രയാസമാണ്. എന്നാല്‍ ആരോപണം തെളിയിക്കാന്‍ കഴിയാതെ വന്നാല്‍ ശിക്ഷാവിധേയരും അപമാനിതരുമായിത്തീരുന്നു. ഒന്നിച്ച് ജീവിക്കുക പ്രയാസകരമായിത്തീരുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തില്‍ സ്വീകരിക്കേണ്ട് നടപടിക്രമത്തെക്കുറിച്ച് അല്ലാഹു വിശദീകരിക്കുന്നു. തങ്ങളുടെ ഭാര്യമാരെക്കുറിച്ച് വ്യഭിചാരം ആരോപിക്കുകയും തങ്ങളല്ലാതെ(മറ്റു) സാക്ഷികളില്ലാതിരിക്കുകയും ചെയ്യുന്നവരില്‍ ഓരോരുത്തന്റെയും സാക്ഷ്യം ‘നിശ്ചയമായും താന്‍ സത്യം പറയുന്നവരില്‍പെട്ടവന്‍ തന്നെയാണ് എന്ന് അല്ലാഹുവിന്റെ പേരില്‍ നാലുതവണ സത്യ സാക്ഷ്യം നിര്‍വഹിക്കലാകുന്നു. അഞ്ചാമത്തേത്, താന്‍ കളവുപറയുന്നവരില് പെട്ടവനാണെങ്കില്‍ തന്റെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ എന്ന് പറയുകയുമാകുന്നു. നിശ്ചയമായും ഭര്‍ത്താവ് കളവ് പറയുന്നവരില്‍ പെട്ടവന് തന്നെയാകുന്നു എന്ന് അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് നാല് സാക്ഷ്യവചനങ്ങള്‍ ഭാര്യ പറയുന്നത് അവളില്‍ നിന്ന് ശിക്ഷയെ തടയുന്നതാകുന്നു. അഞ്ചാമത്തേത്, അവന് സത്യം പറയുന്നവനില്‍ പെട്ടവനാണെങ്കില്‍ അല്ലാഹുവിന്റെ കോപം തന്റെ മേല്ഭവിക്കട്ടെ എന്ന് പറയുന്നതാകുന്നു‘ (24:6-8).
References
- മീസാനുല്‍ ഇഅ്തിദാല് ഫീനഖ്ദിര്റിജാല്, ശംസുദ്ദീന്‍ അബൂ അബ്ദില്ല മാഹമ്മദ് ബ്നു അഹ്മദ് ബ്നു ഉസ്മാന് അദ്ദഹബീ, ദാറുല്‍ മഅ്രിഫ ലിത്ത്വിബാഅതി വന്നശ്ര്‍, ബൈറൂത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 15[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 19, ഹദീസ് 1402[↩]
