നിഷിദ്ധമായ ഇടപാടുകൾ – 1
സമൂഹത്തില്‍ അന്യായവും അസമത്വവും പടരാതിരിക്കാനാണ് ഇസ്‌ലാം ചില സാമ്പത്തിക-സാമൂഹിക ഇടപാടുകള്‍ കര്‍ശനമായി നിഷിദ്ധമാക്കിയിരിക്കുന്നത്. മനുഷ്യരുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്ന ഇടപാടുകളും, വഞ്ചനയിലൂടെയും അനിശ്ചിതത്വത്തിലൂടെയും ലാഭം കണ്ടെത്തുന്ന രീതികളും ഇസ്‌ലാമില്‍ അനുവദനീയമല്ല. പലിശ, ചൂതാട്ടം, വഞ്ചനാപരമായ വ്യാപാരം, അളവിലും തൂക്കത്തിലും കുറവ് വരുത്തല്‍ തുടങ്ങിയവയാണ് നിഷിദ്ധമായ ഇടപാടുകൾ. ഇത്തരം ഇടപാടുകള്‍ വ്യക്തിയുടെ ആത്മീയ നാശത്തിനൊപ്പം സമൂഹത്തിന്റെ സാമ്പത്തിക സമാധാനവും തകര്‍ക്കുമെന്ന് ഖുര്‍ആനും സുന്നത്തും വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ നീതിയും ശുദ്ധിയും സംരക്ഷിക്കുന്ന ഒരു സാമൂഹികക്രമം നിലനിര്‍ത്താന്‍ നിഷിദ്ധ ഇടപാടുകള്‍ ഒഴിവാക്കണമെന്ന് ഇസ്‌ലാം ശക്തമായി ഉപദേശിക്കുന്നു.
വൈയക്തികവും സാമൂഹികവുമായ ജീവിതത്തിന് അനുഗുണമായ എല്ലാ കാര്യങ്ങളും അല്ലാഹു അനുവദിച്ചിട്ടുണ്ട്. ‘‘നബിയേ, പറയുക: അല്ലാഹു അവന്റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉത്പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്കുമാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരി ക്കുന്നു’‘(7:32). മോശവും മ്ലേഛവുമായവ മാത്രമാണ് നിഷിദ്ധമാക്കിയത്. ”പറയുക: എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മവും, ന്യായം കൂടാതെയുള്ള കൈയേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്’‘(7:33).
ഈ പൊതു നിയമം ഇസ്‌ലാമിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കും ബാധകമാണ്. ഇടപാടുകള്‍ മാനവികതയ്ക്ക് അനുയോജ്യവും സുതാര്യവുമായിരിക്കുക, പരസ്പര തൃപ്തിയോടെയായിരിക്കുക, ലാഭനഷ്ട സാധ്യത ഇരുകക്ഷികള്‍ക്കും തുല്യമായിരിക്കുക, പ്രത്യക്ഷമോ പരോക്ഷമോ ആയ ദുരിതങ്ങള്‍ ഉപകാരത്തേക്കാള്‍ കൂടുതലാകാതിരിക്കുക, ചതിയും വഞ്ചനയുമുള്ളതാകാതിരിക്കുക, സ്വന്തം മുതല്‍മുടക്കോ അധ്വാനമോ ഉണ്ടായിരിക്കുക തുടങ്ങിയ ചില അടിസ്ഥാനമൂല്യങ്ങളില്‍ നിന്നുകൊണ്ടാണ് ഇസ്‌ലാം ഇടപാടുകള്‍ അനുവദിക്കുന്നത്. ഇവയ്ക്ക് വിരുദ്ധമായതോ ഇതില്‍ നിന്ന് വ്യത്യസ്തമായതോ ആയ എല്ലാ ഇടപാടുകളും നിഷിദ്ധമാണ്.
മനുഷ്യന്റെ ആവശ്യങ്ങള്‍ അവന്റെ വളര്‍ച്ചയ്ക്കനുസരിച്ച് വികസിച്ചുകൊണ്ടിരിക്കും. അതിനാല്‍ തന്നെ ഇടപാടുവസ്തുക്കളും രീതികളുമെല്ലാം കാലാനുസൃതമായി മാറിക്കൊണ്ടിരിക്കും. എല്ലാം കൂടി ഏതെങ്കിലും ഒരു കാലഘട്ടത്തിലെ പ്രമാണത്തില്‍ രേഖപ്പെടുത്തുക പ്രായോഗികമല്ല. ബുദ്ധിയും വിവേചനശേഷിയുമുള്ള മനുഷ്യന് അതിന്റെ ആവശ്യകതയുമില്ല. എന്നാല്‍ അടിസ്ഥാനപരമായി ശരിതെറ്റുകള്‍ സ്വന്തമായി മനസ്സിലാക്കുക മനുഷ്യന് അസാധ്യമാണ്. അതിനാല്‍ തന്നെ മനുഷ്യന്റെ എല്ലാ ജീവല്‍ മേഖലയിലും നിയമനിര്‍ദേശങ്ങള്‍ നല്കിയ ഇസ്‌ലാം ഈ രംഗത്തും പൊതു നിയമങ്ങളും ചട്ടങ്ങളും നിശ്ചയിച്ചു. അതോടൊപ്പം ചില ഉദാഹരണങ്ങളും സമര്‍പ്പിച്ചു. പലിശ, ചൂത്, കൈക്കൂലി തുടങ്ങിയവ ഇങ്ങനെ നിഷിദ്ധമായ ഇടപാടുകള്‍ക്കുള്ള മാതൃകയായി വ്യക്തമാക്കപ്പെട്ടതാണ്. മേല്‍പറഞ്ഞ കാരണങ്ങളെല്ലാം തന്നെയോ അല്ലെങ്കില്‍ ചിലതോ ഇവയിലെല്ലാം കാണാവുന്നതാണ്. ഈ അടിസ്ഥാന രേഖകളില്‍ നിന്ന് എല്ലാ കാലത്തും പണ്ഡിതന്മാര്‍ക്ക് അവരുടെ കാലഘട്ടത്തിലെ ഇടപാടുകളിലെ ശരിതെറ്റുകള്‍ തീരുമാനിക്കാന്‍ കഴിയും.
ഒരു സത്യവിശ്വാസി നിഷിദ്ധമായ ഇടപാടുകളില്‍ വീണുപോകാതിരിക്കാന്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടവനാണ്. കാരണം അവന്‍ ഈ ഭൂമിയിലെ ഏതാനും നാള്‍ ദൈര്‍ഘ്യമുള്ള ജീവിതത്തിന്റെ ലാഭനഷ്ടങ്ങളില്‍ കുരുങ്ങി ജീവിക്കേണ്ടവനല്ല. മരണാനന്തരമുള്ള ജീവിതവും ലോകാവസാന ശേഷമുള്ള നിത്യജീവിതവും സ്വര്‍ഗീയമാക്കുകയാണ് അവന്റെ ഭൂജീവിത ലക്ഷ്യം. അതിന് നിഷിദ്ധ വരുമാനങ്ങള്‍ കടുത്ത വെല്ലുവിളിയാണ്. അല്ലാഹു വിലക്കിയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് മഹാപാപമാണ്. അത് പടപ്പുകളുമായി ബന്ധപ്പെട്ടതാകുമ്പോള്‍ അല്ലാഹുവിന്റെ വിട്ടുവീഴ്ചപോലും ആ വ്യക്തികളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അതിനാല്‍ തന്നെ പടച്ചവന് പ്രിയപ്പെട്ട ആരാധനകളും നേര്‍ച്ചകളും ദാനധര്‍മങ്ങളുമെല്ലാം ശുദ്ധമായി നേടയിതുമായി മാത്രമേ പാടുള്ളൂവെന്ന് അല്ലാഹു നിര്‍ബന്ധിക്കുന്നുണ്ട്. അല്ലാഹു ശുദ്ധമായതേ സ്വീകരിക്കൂ എന്നതിനാല്‍ അശുദ്ധമായ ഇടപാടിലൂടെ നേടിയതെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യയം ചെയ്താലും സ്വീകരിക്കപ്പെടുകയില്ല. മാത്രമല്ല അവന്റെ പ്രാര്‍ഥനകള്‍പോലും അല്ലാഹു പരിഗണിക്കുന്നില്ല. നബി(സ്വ) പറഞ്ഞു. മനുഷ്യരേ, അല്ലാഹു വിശിഷ്ടനാണ്. വിശിഷ്ടമായതേ അവന്‍ സ്വീകരിക്കൂ. ദൂതന്‍മാരോട് കല്പിച്ചത് അവന്‍ സത്യവിശ്വാസികളോടും കല്പിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു ഹേ; ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സത്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു (23:51). സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍(2:172). എന്നിട്ടദ്ദേഹം ദീര്‍ഘയാത്രികനായ ഒരാളെ കുറിച്ചു പറഞ്ഞു. ജഡകുത്തി പൊടിപറ്റിയ അയാള്‍ ആകാശത്തേക്ക് കൈകളുയര്‍ത്തി ‘രക്ഷിതാവേ, രക്ഷിതാവേ’ എന്നു പ്രാര്‍ഥിക്കുന്നു. എന്നാല്‍ അയാളുടെ ഭക്ഷണവും പാനീയവും വസ്ത്രവും ജീവിതവുമെല്ലാം ഹറാമിലൂടെയാണ്. അപ്പോള്‍ അയാള്‍ക്കെങ്ങനെ ഉത്തരം കിട്ടാനാണ്!(മുസ്‌ലിം) 1
സഈദ് ബിന്‍ സൈദ്(റ) പറയുന്നു: നബി(സ്വ) അരുളി: വല്ലവനും അന്യന്റെ ഭൂമിയുടെ വല്ല ഭാഗവും അക്രമിച്ചു കൈവശപ്പെടുത്തിയാല്‍ അതിന്റെ ഏഴിരട്ടി ഭൂമി അവന്റെ കഴുത്തിലണിയിക്കപ്പെടും (ബുഖാരി) 2
പ്രത്യക്ഷത്തില്‍ നിഷിദ്ധമെന്നു മനസ്സിലാകാത്ത ചിലകാര്യങ്ങള്‍ സംശയങ്ങളുണ്ടാകും. അവയില്‍ നിന്ന് വിട്ടു നില്ക്കണമെന്നും ഇല്ലെങ്കില്‍ അത് നിഷിദ്ധത്തില്‍ നിപതിക്കാന്‍ കാരണമായേക്കുമെന്നുമാണ് നബി(സ്വ) പഠിപ്പിക്കുന്നത്. സംശയമുള്ളതില്‍ നിന്ന് സംശയരഹിതമായതിലേക്ക് മാറുക എന്നതായിരിക്കണം വിശ്വാസിയുടെ ജീവിതരീതി.
നിഷിദ്ധ ധനത്തിന്റെ ഉപയോഗം
ഇസ്‌ലാം അനുവദിച്ചതല്ലാത്ത രൂപത്തില്‍ തന്റെ കൈവശമെത്തുന്ന ധനം നിഷിദ്ധമാണ്. അറിവില്ലായ്മ മൂലം നേടിയെടുത്തതോ ബോധപൂര്‍വം സമ്പാദിച്ചതോ നിര്‍ബന്ധിത സാഹചര്യങ്ങളില്‍ വാങ്ങേണ്ടി വന്നതോ ആകാം ഇവ. ഏതായാലും തെറ്റാണെന്ന് ബോധ്യമാകുന്നതോടുകൂടി അത് ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരം വരുമാനങ്ങള്‍ രണ്ടു തരമുണ്ടാകാം. അതിന്റെ യഥാര്‍ഥ ഉടമകളെക്കുറിച്ച് അറിവും അവ തിരിച്ചുകൊടുക്കാനുള്ള സാധ്യതയുമുള്ളവയാണ് ഇതില്‍ ഒന്ന്. ഇത് ഉടമകള്‍ക്ക് തിരിച്ചു നല്കുകയാണ് വേണ്ടത്. വളരെ നിസ്സാരമെന്നോ പുരാതനമെന്നോ കരുതി അവഗണിക്കാനോ തനിക്ക് അഭിമാനക്ഷതമാകുമെന്നോ മറ്റോ കരുതി മറച്ചുവെയ്ക്കാനോ മറ്റേതെങ്കിലും നന്മകളില്‍ ഉപയോഗിച്ച് രക്ഷപ്പെടാനോ അല്ലാഹുവിനോട് പശ്ചാത്തപിച്ച് പാപമുക്തനാകാനോ ഇവിടെ സാധ്യമല്ല. ഇവ തിരിച്ചു നല്കാന്‍ ഏറെ ചെലവും അധ്വാനവും വന്നാലും അതിന്റെ ഉടമകള്‍ക്കോ അവരുടെ കാലശേഷമാണെങ്കില്‍ അവശേഷിക്കുന്ന അനന്തരാവകാശികള്‍ക്കോ നല്കുമ്പോള്‍ മാത്രമേ അവന്‍ അല്ലാഹുവില്‍ നിന്ന് കുറ്റമുക്തനാവുകയുള്ളൂ. എന്നാല്‍ ഇങ്ങനെ നേടിയ വസ്തുക്കള്‍ നശിച്ചുപോവുകയോ ഉപയോഗിച്ചു തീരുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഉടമയുമായി ബന്ധപ്പെട്ട് അതിനു പകരമായത് നല്കുകയോ അയാളില്‍ നിന്ന് ആത്മാര്‍ഥമായ വിട്ടുവീഴ്ച നേടുകയോ വേണം. പകരം കൊടുക്കാന്‍ കഴിയാത്ത വസ്തു ആവുകയോ അതിനുള്ള ശേഷി നഷ്ടപ്പെട്ടവനാവുകയോ ആണെങ്കില്‍ ഉടമയോട് പൊരുത്തപ്പെടുവിക്കുകയും അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്യുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്റെ മാപ്പും വിട്ടുവീഴ്ചയും പ്രതീക്ഷിക്കുന്ന ഉടമ വിശാലമനസ്സോടെ നഷ്ടപരിഹാരം സ്വീകരിക്കുകയോ വിട്ടുനല്കുകയോചെയ്യണമെന്ന് അല്ലാഹു ആവശ്യപ്പെടുന്നത്.
തങ്ങളോട് തെറ്റുചെയ്തവര്‍ക്ക് മാപ്പുകൊടുക്കാനാണ് അല്ലാഹു ആവശ്യപ്പെടുന്നത് (3:159, 24:22).
ഇനി ഉടമകളെ അറിയാതിരിക്കുകയോ ശ്രമിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ വരികയോ അറിയാമെങ്കിലും എത്തിക്കാനോ അറിയിക്കാനോ സാധിക്കാതെ വരികയോ തിരിച്ചു നല്കുന്നത് കൂടുതല്‍ അപകടകരമാവുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി മാപ്പപേക്ഷിക്കുകയും പരമാവധി ദാനങ്ങളും മറ്റും നിര്‍വഹിച്ച് കൂടുതല്‍ സൂക്ഷ്മതയോടെ ജീവിക്കുകയുംചെയ്യുക.
അങ്ങനെ കൈവശമുള്ള വസ്തുക്കള്‍ സ്വയം ഉപയോഗിക്കാനോ നശിപ്പിക്കാനോ പാടില്ല. ഇതു രണ്ടും ഇസ്‌ലാം നിഷിദ്ധമാക്കിയതാണ്. എന്നാല്‍ ഇസ്‌ലാം നിഷിദ്ധമാക്കിയ മദ്യം, പോലുള്ളതാണെങ്കില്‍ അവ നശിപ്പിക്കേണ്ടതാണ്. ഉപകാരപ്രദമായ വസ്തുക്കള്‍ അര്‍ഹതപ്പെട്ട നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഉടമയില്ലാതെ കണ്ടു കിട്ടിയ വസ്തുവിന്റെ വിധിയാണ് ഇവിടെ ബാധകമാവുക.
പലിശ
ആധുനിക സാമ്പത്തിക മേഖലയുടെ ജീവനായി വ്യാഖ്യാനിക്കപ്പെടുന്ന അത്ഭുത സംവിധാനമാണ് പലിശ. പലിശയില്ലാത്ത സാമ്പത്തിക ഇടപാടുകള്‍ സാധ്യമല്ലെന്നിടത്താണ് ഇന്ന് ലോകം എത്തി നില്ക്കുന്നത്. എന്നാല്‍ ഇത് സാമ്പത്തിക മേഖലയുടെ ഏറ്റവും ഉത്തമമായ ചോദകമാണ് എന്ന വാദത്തിന് അത്രതന്നെ ബലം ഇപ്പോഴില്ല. തുപ്പാനും ഇറക്കാനും പറ്റാത്തത് എന്നാണ് ഇന്ന് സാമ്പത്തിക ലോകം പലിശയെ കാണുന്നത്. പലിശ ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ അത് ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ അവസാനമാകും എന്നിടത്തേക്കാണ് പുതിയ പഠനങ്ങളും കണക്കുകളും സൂചന നല്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥാപിതമാവുന്നതോടു കൂടിയാണ് പലിശ സമ്പ്രദായത്തിന് കൃത്യമായ ചിട്ടകളും വ്യവസ്ഥകളും രൂപപ്പെട്ടത്. ആദ്യകാലങ്ങളില്‍ വമ്പിച്ച മൂലധന സമാഹരണത്തിനും മുതല്‍ മുടക്കിനും ഉപകാരപ്പെട്ട ഈ മാഗ്നറ്റിക് ആശയം ‘പലിശ ഇല്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച ഇല്ല’ എന്ന ആത്യന്തികവാദം സൃഷ്ടിച്ചു. അതിന്റെ ദൂഷ്യങ്ങളെ കുറിച്ച് ചിന്തിക്കുന്നതില്‍ നിന്ന് സാമ്പത്തിക വിദഗ്ധരെ പിന്തിരിപ്പിച്ചു. എന്നാല്‍ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവുമെല്ലാം ഈ രംഗത്ത് പുതിയ ആലോചനകള്‍ നടത്താന്‍ അവരെ പ്രചോദിപ്പിക്കുകയാണ്. പലിശ നിരക്ക് പരമാവധി കുറച്ചു കൊണ്ടുവരാനും അതുവഴി സംരംഭക മൂലധനം(റിസ്‌ക് കാപിറ്റല്‍) വര്‍ധിപ്പിച്ച് ഉത്പാദനമേഖലയെ പ്രചോദിപ്പിക്കാനുമുള്ള ആലോചനകള്‍ക്കു തുടക്കമിടുകയാണ്. പലിശ അഞ്ചോ പത്തോ ശതമാനമാണ് നിക്ഷേപകന് നല്കുന്നതെങ്കില്‍ അത് കച്ചവടമോ കൃഷിയോ ആയി നല്കുന്നത് അതിനെക്കാള്‍ എത്രയോ കൂടുതലായിരിക്കുമെന്നതും അനുഭവയാഥാര്‍ഥ്യമാണ്.
പലിശ വളരുന്നില്ല(30:39), ഇടപെടുന്ന മേഖലയെ അത് ക്ഷയിപ്പിക്കുകയാണ് ചെയ്യുന്നത് എന്നുള്ള ഖുര്‍ആനിലെ അര്‍ഥശങ്കക്കിടമില്ലാത്ത പ്രഖ്യാപനവും (2:276) പലിശയുമായി ബന്ധപ്പെടുന്ന സാമ്പത്തിക ലോകത്തിന് സ്ഥിരതയുണ്ടാവില്ല, അത് പിശാചു ബാധിച്ചവനെപ്പോലെ വീണും എഴുന്നേറ്റും ആടിക്കൊണ്ടിരിക്കുമെന്ന നിരീക്ഷണവും (2:275) അന്വര്‍ഥമാവുന്ന അവസ്ഥയിലേക്കാണ് ആധുനിക സാമ്പത്തിക ലോകം കിതച്ചടുത്തുകൊണ്ടിരിക്കുന്നത്. പണത്തിന് മൂല്യമുണ്ടാക്കുന്നത് അതിനുമേലുള്ള അധ്വാനമാണ് എന്നത് സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന നിയമമാണ്. പലിശ ഇതിനുവിരുദ്ധമാണ്. പണം സ്വന്തമായി വളരുന്നില്ല.
തീര്‍ത്തും ചൂഷണാധിഷ്ഠിതമായ പലിശ പൂര്‍വ മതസമൂഹങ്ങളിലും നിഷിദ്ധമായിരുന്നു. യഹൂദര്‍ നിഷിദ്ധമായ പലിശ അനുവദനീയമാക്കിയതാണ് അല്ലാഹു അവരുടമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാരണമെന്ന് ഖുര്‍ആനില്‍ ഉണര്‍ത്തുന്നുണ്ട്. ”അങ്ങനെ യഹൂദമതം സ്വീകരിച്ചവരുടെ അക്രമം കാരണമായി അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന പല നല്ല വസ്തുക്കളും നാമവര്‍ക്ക് നിഷിദ്ധമാക്കി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ ജനങ്ങളെ ധാരാളമായി തടഞ്ഞതുകൊണ്ടും, പലിശ അവര്‍ക്ക് നിരോധിക്കപ്പെട്ടതായിട്ടും, അവരത് വാങ്ങിയതുകൊണ്ടും, ജനങ്ങളുടെ സ്വത്തുകള്‍ അവര്‍ അന്യായമായി തിന്നതുകൊണ്ടും കൂടിയാണ് (അത് നിഷിദ്ധമാക്കപ്പെട്ടത്.) അവരില്‍ നിന്നുള്ള സത്യനിഷേധികള്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്”(4:160,161).
ബൈബിള്‍ പഴയ നിയമത്തില്‍ (പുറപ്പാട് 22:25, വേല്യപുസ്തകം 25: 35, ആവര്‍ത്തനപുസ്തകം23: 20, 21) പലിശ നിഷിദ്ധമാണെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യഹൂദികളല്ലാത്തവരില്‍ നിന്ന് പലിശ വാങ്ങാം എന്ന വ്യാഖ്യാനത്തിലൂടെ അവര്‍ ക്രിസ്ത്യാനികളില്‍ നിന്നും മറ്റും പലിശ വാങ്ങി. ഇംഗ്ലണ്ടില്‍ ഇത് വ്യാപകമായപ്പോള്‍ ജൂതരോട് ക്രൈസ്തവ സമൂഹത്തിന് വിദ്വേഷം തുടങ്ങുകയും അവസാനം അവരെ അവിടെ നിന്ന് ആട്ടിയോടിക്കുന്ന അവസ്ഥയുണ്ടാവുകയും പലിശ നിരോധിക്കുകയും ചെയ്തു. പിന്നീട് ക്രൈസ്തവ മതനേതാക്കളുടെ ശാസനങ്ങള്‍ അനുസരിക്കാതെ ക്രൈസ്തവ ധനികന്‍മാര്‍ പലിശ വ്യാപാരത്തിനിറങ്ങി. 1545ല്‍ ഹെന്‍ട്രി എട്ടാമന്റെ കാലത്താണ് ക്രൈസ്തവ സമൂഹവും പലിശയിലേക്കിറങ്ങിയത്. പതിനെട്ടാം നൂറ്റാണ്ടില്‍ പലിശ വ്യാപാരത്തിന് അടിത്തറ പാകിക്കൊണ്ട് ബാങ്ക് ഓഫ് ലണ്ടന്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴും ക്രൈസ്തവ സഭകള്‍ അതിനെ ശക്തമായി എതിര്‍ത്തിരുന്നു. പക്ഷേ, ഇന്ന് ലോക പലിശയുടെ എല്ലാ കേന്ദ്രങ്ങളും ഈ രണ്ടു സമൂഹത്തിലെ കുത്തകകളുടെ കൈയിലാണെന്നതാണ് വസ്തുത.
പലിശ വിവിധ പേരുകളില്‍ വരുമെന്നും അതിന്റെ പൊടിയെങ്കിലും അനുഭവിക്കാത്തവര്‍ ഉണ്ടാകില്ലെന്നുമുള്ള റസൂല്‍(സ്വ)യുടെ പ്രവചനം (അബൂദാവൂദ്) 3 പുലരുന്ന വിധത്തിലാണ് ഇന്ന് സാമൂഹിക ജീവിതത്തില്‍ പലിശയുടെ സ്വാധീനം. ഇസ്‌ലാം ഇതിനെ തീര്‍ത്തും നിഷിദ്ധമാക്കുന്നു. നബി(സ്വ) വരുന്ന കാലത്ത് അറേബ്യയിലുണ്ടായിരുന്നത് രണ്ടു തരം പലിശയായിരുന്നു. കച്ചവടക്കാര്‍ക്ക് ചരക്ക് കടം കൊടുക്കുകയും കച്ചവടം കഴിഞ്ഞു വരുമ്പോള്‍ നിശ്ചയിച്ച പലിശപ്രകാരം കൂടുതലാക്കി തിരിച്ചു വാങ്ങുകയുംചെയ്യുന്ന രീതി. ഇതിന് രിബല്‍ ഫദ്ല്‍ (മിച്ചപ്പലിശ,റൊക്കപ്പലിക, വര്‍ധനപ്പലിശ) എന്നായിരുന്നു പേര്. ഇത് കച്ചവടമല്ലേ എന്ന സംശയത്തിനാണ്, ‘അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുംചെയ്തിരിക്കുന്നുവെന്ന്’ (2:175) തെളിച്ചു പറഞ്ഞത്. ഒരു വസ്തുവിന് പകരം അതേ വസ്തു ഏറ്റുക്കുറച്ചിലോടെ കൈമാറ്റം ചെയ്യുന്ന ഈ രീതി പാടില്ലെന്ന് നബി(സ്വ) വ്യക്തമാക്കി. ഒരു ദിര്‍ഹം രണ്ടു ദിര്‍ഹമിന്നു വില്‍ക്കരുത്, സ്വര്‍ണത്തിനു സ്വര്‍ണം, വെള്ളിക്കുവെള്ളി, ഗോതമ്പിനു ഗോതമ്പ്, ഉപ്പിനു ഉപ്പ് എന്നിവ തുല്യമായും റൊക്കമായുമല്ലാതെ കച്ചവടംചെയ്യരുതെന്ന് നബി(സ്വ) കല്പിച്ചു. ഇതില്‍ ആരെങ്കിലും വര്‍ധിപ്പിക്കുകയോ വര്‍ധന ആവശ്യപ്പെടുകയോ ചെയ്താല്‍ അവന്‍ പലിശ ഇടപാടു നടത്തി. ഇതില്‍ വാങ്ങുന്നവനും കൊടുക്കുന്നവും തുല്യരാണ് എന്നും അദ്ദേഹം ഉണര്‍ത്തി (മുസ്‌ലിം) 4
മറ്റൊരു തരം പലിശയായിരുന്നു രിബന്നസീഅ. ഒരാള്‍ക്ക് നിശ്ചിത അവധിവെച്ച് പണം കടം കൊടുക്കും. അവധിയില്‍ തിരിച്ചടച്ചില്ലെങ്കില്‍ പലിശ സംഖ്യ വര്‍ധിപ്പിക്കും. അത് തിരിച്ചടക്കാതെ തുടരുമ്പോള്‍ പലിശക്കുമേല്‍ പലിശ ഇരട്ടി ഇരട്ടിയായി വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കും. രിബല്‍ ഫദ്ല്‍ വളരെ ചെറിയ അളവിലേ പലിശ വാങ്ങിയിരുന്നുള്ളൂവെങ്കില്‍ ഈ രീതിയില്‍ അധമര്‍ണന്‍ വലിയ ബാധ്യതക്കാരനായി മാറുമായിരുന്നു.ഇതു പരാമര്‍ശിച്ചുകൊണ്ടാണ് ഖുര്‍ആന്‍ പറഞ്ഞത്, ”സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളാ യേക്കാം’‘(3:130).
പലിശ പാടെ നിരോധിച്ചുകൊണ്ടുള്ള അല്ലാഹുവിന്റെ കല്പന, ഹിജ്‌റ പത്താം വര്‍ഷം ഹജ്ജതുല്‍ വിദാഇലെ തന്റെ പ്രസിദ്ധമായ അറഫാ പ്രഭാഷണത്തില്‍ നബി(സ്വ) ഉള്‍പ്പെടുത്തി. എല്ലാ പലിശയും നിഷിദ്ധമാക്കുന്ന കല്പന നടപ്പിലാക്കുന്നതിന്റെ ഭാഗമായി തന്റെ പിതൃസഹോദരന്‍ അബ്ബാസുബ്‌നു അബ്ദില്‍ മുത്തലിബിന് ലഭിക്കാനുള്ള പലിശ താന്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇനി മുതല്‍ മൂലധനത്തിനു മാത്രമേ ആര്‍ക്കും അവകാശമുണ്ടായിരിക്കുകയുള്ളൂവെന്നും ഖുര്‍ആനില്‍ വ്യക്തമാക്കി. ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ യഥാര്‍ഥ വിശ്വാസികളാ ണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് നിങ്ങള്‍ക്കെതിരിലുള്ള സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയുമരുത് ‘‘(2:278,279).
കടത്തിനുമേല്‍ നേടുന്ന ഏതു പ്രയോജനവും പലിശയാണ് എന്ന നിര്‍വചനത്തിലൂടെ എന്താണ് പലിശ എന്ന് വളരെ ലളിതമായി നബി(സ്വ) പഠിപ്പിച്ചു. പലിശവാങ്ങുന്നത് അല്ലാഹുവിനോടുള്ള യുദ്ധപ്രഖ്യാപനമായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. പലിശ വാങ്ങുന്നതു മാത്രമല്ല അത് കൊടുക്കുന്നതും അതിന് സാക്ഷി നില്‍ക്കുന്നതും അതിന്റെ എഴുത്തുകുത്തുകള്‍ നടത്തുന്നതുമെല്ലാം റസൂല്‍(സ്വ) നിഷിദ്ധമാക്കി. അദ്ദേഹം പറഞ്ഞു: അവരെല്ലാം സമന്മാരാണ്(മുസ്‌ലിം) 5 പലിശ തീറ്റിക്കുന്നവനെയും നബി(സ്വ) ശപിക്കുകയുണ്ടായി (ബുഖാരി) 6 ഏഴു മഹാപാപങ്ങളില്‍ ഒന്നായും നബി(സ്വ) പലിശയെ എണ്ണുന്നുണ്ട് (ബുഖാരി) 7
പലിശ: വഴികള്‍, വിനിമയം, പരിഹാരം
അധ്വാനിക്കാനോ ഉത്തരവാദിത്തമേല്കാനോ മടിച്ച് അന്യന്റെ വിയര്‍പ്പില്‍ ഭക്ഷണം തേടുന്ന, സഹോദര സ്‌നേഹവും പരോപകാരവും തൊട്ടുതീണ്ടിയിട്ടില്ലാത്ത, ആര്‍ത്തിക്കാരനായ സുഖലോലുപനെയാണ് പലിശ സൃഷ്ടിക്കുന്നത്. ഇതെല്ലാം ഇസ്‌ലാം പഠിപ്പിച്ച മൂല്യങ്ങള്‍ക്കെതിരാണ്. അതിനാല്‍ തന്നെ പലിശയെ വ്യഭിചാരത്തെക്കാളും, മാതാവിനോടൊപ്പം കിടക്കപങ്കിടുന്നതിനെക്കാളും ഗുരതര പാപമായി മുഹമ്മദ് നബി(സ്വ) ഉദാഹരിക്കുകയുണ്ടായി. ഇത്ര കര്‍ശനമായി ഇസ്‌ലാം നിരോധിച്ച പലിശയെ പക്ഷേ, ജൂതരും ക്രൈസ്തവരും അനുവദനീയമാക്കിയതുപോലെ ഗൗരവം കുറച്ച് ലഘൂകരിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇന്നത്തെ മുസ്‌ലിം സമൂഹം കടന്നുപോകുന്നത്. ഇസ്‌ലാം നിഷിദ്ധമാക്കിയ കാര്യങ്ങള്‍ നിര്‍ബന്ധ സാഹചര്യങ്ങളില്‍ അനുവദനീയമാകും എന്ന മാനുഷികതയുടെ ഇളവിന്റെ മറവില്‍ എല്ലാ അനാവശ്യങ്ങള്‍ക്കും ധൂര്‍ത്തുകള്‍ക്കുമായി യാതൊരു സങ്കോചവുമില്ലാതെ പലിശവാങ്ങുന്നവരുടെ കൂട്ടത്തില്‍ മുസ്‌ലിംകളുമുണ്ട്.
ഇസ്‌ലാം നിരോധിച്ചത് കൂട്ടുപലിശയാണ്(യൂഷ്വറി) ബാങ്കില്‍ നിന്നു ലഭിക്കുന്ന ഇന്ററസ്റ്റല്ല എന്ന് ചിലര്‍ വാദിക്കാറുണ്ട്. ഈ വാദത്തില്‍ കഴമ്പില്ല. കാരണം, അവധിക്ക് കടം വീട്ടാത്തവന് വീണ്ടും പലിശ വര്‍ധിപ്പിച്ചുകൊടുക്കുന്ന ജാഹിലിയ്യത്തിലെ രീതി തന്നെയാണ് (രിബന്നസീഅ്) ഇന്നത്തെ വാണിജ്യ ബാങ്കുകളും നിര്‍വഹിക്കുന്നത്.
നാണയ മൂല്യത്തിന്റെ ഇടിവും നിലനില്‍ക്കുന്ന ന്യായമല്ല. നാണയമൂല്യം ആടിക്കൊണ്ടിരിക്കാനുള്ള കാരണം തന്നെ പലിശയാണെന്നതാണ് നേര്. നാണയത്തിന്റെ മൂല്യച്യുതി പോലെത്തന്നെയാണ് കര്‍ഷകനും കച്ചവടക്കാനുമെല്ലാമുണ്ടാകുന്ന നഷ്ടങ്ങള്‍. ആ ഇടപാടുകളിലും നഷ്ടങ്ങളുണ്ടാകുന്നു. മുടക്കുമുതല്‍ തിരച്ചു കിട്ടാത്ത കച്ചവടവും കൃഷിയും ഉടമകള്‍ക്ക് നഷ്ടങ്ങളുണ്ടാക്കാറുണ്ടെങ്കില്‍ അവര്‍ക്കും സുരക്ഷിതമായ മാര്‍ഗം ബാങ്കില്‍ നിക്ഷേപിച്ച് നിശ്ചിത ലാഭം ഉറപ്പാക്കുന്നതായിരിക്കും. ഇന്ന് നൂറു തേങ്ങ കടം കൊടുത്ത് പത്തു വര്‍ഷം കഴിഞ്ഞ് നൂറു തേങ്ങ തന്നാല്‍ മൂല്യച്ചോര്‍ച്ചയുണ്ടാകും. കടം ബാധിച്ച ഒരു മനുഷ്യനെ നബി(സ്വ) പാപ്പറായി പ്രഖ്യാപിച്ച് അയാളുടെ സ്വത്ത് വില്പനക്കു വെച്ചു. ശേഷം ഉത്തമര്‍ണര്‍ക്ക് വീതിച്ചു നല്കി. പക്ഷേ അയാളുടെ കടം വീട്ടാന്‍ അത് പര്യാപ്തമായിരുന്നില്ല. അതേ ഉള്ളൂ, ബാക്കിയുള്ളത് നിങ്ങള്‍ വിട്ടേക്കുക എന്നാണ് ഉത്തമര്‍ണരോട് നബി(സ്വ) പറഞ്ഞത്. അഥവാ, കടമായാലും മറ്റു രൂപങ്ങളിലായാലും ഇടപാടുകളില്‍ ലാഭനഷ്ടങ്ങള്‍ സഹിക്കേണ്ടി വരും. സുമനസ്സോടെ സ്വാര്‍ഥതയില്ലാതെ അത് ക്ഷമിക്കാനും സഹോദരന് വിട്ടുവീഴ്ച ചെയ്തുകൊടുക്കാനും സന്നദ്ധനായാല്‍ അല്ലാഹു ഇരട്ടിയായി നല്കും എന്നാണ് പാഠം. ”അല്ലാഹുവിന് ഉത്തമമായ കടം നല്‍കുന്നവന്‍ ആരാണ്? എങ്കില്‍ അല്ലാഹു അതവന് അനേകം ഇരട്ടികളായി വര്‍ധിപ്പിച്ചു കൊടുക്കുന്നതാണ്. ധനം പിടിച്ചു വെയ്ക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്കു തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും ”(2:245).
പലിശ ഇന്ന് സര്‍വവ്യാപിയാണ്. ഏതെങ്കിലും ചില ഇടപാടുകളല്ല മിക്ക ഇടപാടുകളും പലിശയായി മാറിയിരിക്കുന്നു. നബി(സ്വ) പറഞ്ഞതുപോലെ അതിന്റെ കാറ്റെങ്കിലും ഏല്ക്കാത്തവരായി ആരുമില്ലെന്നു വന്നിരിക്കുന്നു. ഇവിടെ വിശ്വാസി ഏറെ സൂക്ഷ്മതയോടെ ഇടപാടുകളില്‍ ഇടപെടേണ്ടതുണ്ട്. ഇസ്‌ലാം വളരെ കുറച്ചു കാര്യങ്ങളേ നിഷിദ്ധമാക്കിയിട്ടുള്ളൂ. അവയല്ലാത്തതെല്ലാം പൊതുവെ അനുവദനീയമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ സംശയങ്ങളുണ്ടാക്കും. അഗാധ പണ്ഡിന്മാര്‍ക്കല്ലാതെ, തെറ്റോ ശരിയോ എന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത കുറെ കാര്യങ്ങളുണ്ട്. അവയുടെ പിന്നാലെ പോകാതിരിക്കാനാണ് അല്ലാഹുവും നബി(സ്വ)യും പഠിപ്പിക്കുന്നത്. ‘‘നബിയേ, നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ”(3:7).
നബി(സ്വ) പറഞ്ഞു: ഹലാല്‍ (അനുവദനീയം) വ്യക്തമാണ്. ഹറാം (നിഷിദ്ധം) വ്യക്തമാണ്. എന്നാല്‍ അവ രണ്ടിന്നുമിടയില്‍ സദൃശമായ ചില സംഗതികളുണ്ട്. അപ്പോള്‍ പാപങ്ങളില്‍ വ്യക്തമായി വേര്‍തിരിച്ചറിയാന്‍ കഴിയാത്തവ ആരെങ്കിലും ഉപേക്ഷിച്ചാല്‍ വ്യക്തമായ പാപം തീര്‍ച്ചയായും അവന്‍ ഉപേക്ഷിക്കും. സംശയാസ്പദമായ പാപം ചെയ്യാന്‍ വല്ലവനും ശ്രമിച്ചാല്‍ അവന്‍ സ്പഷ്ടമായ പാപങ്ങളില്‍ ചെന്നു ചാടുവാന്‍ സാധ്യതയുണ്ട്. പാപങ്ങള്‍ അല്ലാഹുവിന്റെ സംരക്ഷണഭൂമിയാണ്. വല്ല മൃഗത്തെയും അതിന്റെ അരികില്‍ നിന്നുകൊണ്ട് പുല്ലു തീറ്റിയാല്‍ അതു സംരക്ഷണ ഭൂമിയില്‍ കാലെടുത്തുവെച്ചേക്കാം (ബുഖാരി) 8
തന്റെ അടിയന്തിരവും അത്യാവശ്യവുമായ കാര്യത്തിന് പണം ലഭിക്കാതിരിക്കുമ്പോള്‍, വിശ്വസ്തതയില്ലാത്ത ലോകത്ത് സത്യവിശ്വാസികള്‍ പോലും പരസ്പരം വായ്പകൊടുക്കാന്‍ ഭയപ്പെടുമ്പോള്‍, ബാങ്കിനെ സമീപിക്കുന്നത് ന്യായമാകാം. പക്ഷേ, അത് പരിധിവിട്ടതാകരുത്. എന്നാല്‍, ‘ഇതൊന്നുമില്ലാതെ ഇന്നു ജീവിക്കാന്‍ കഴിയില്ലെന്ന’ ലാഘവത്തില്‍, ലോണെടുക്കുന്നതു ശരിയായ നടപടിയല്ല. അത് അല്ലാഹുവിന്റെ ദീനിനെ കളിയാക്കലാണ്. നിക്ഷേപവും ഇങ്ങനെത്തന്നെ. ഇടപാടുകളില്‍ ഇറക്കാനോ വിശ്വസ്തനായ ഒരാളെ ഏല്പിക്കാനോ കഴിയാത്ത സാഹചര്യത്തില്‍ പണവും സ്വര്‍ണവും ബാങ്കുകളില്‍ സൂക്ഷിക്കേണ്ടി വരും. എന്നാല്‍ ഇവിടെയും മൂല്യനഷ്ടത്തെയും മിച്ചപ്പലിശയെയും കൂട്ടുപിടിച്ച് ലാഭനഷ്ടങ്ങള്‍ക്കാവരുത് മുന്തിയപരിഗണന.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്, മണിചെയ്ന്‍ ഇടപാടുകള്‍, വിവിധ തരം ഇന്‍ഷുറന്‍സുകള്‍ തുടങ്ങിയവയും പലിശ തന്നെയാണ്. ബാങ്കുകളിലെ ജോലി, പലിശക്കാരുടെ സമ്മാനം, സത്കാരം എന്നിവയില്‍ പലിശയും അല്ലാത്തതുമായ ഭാഗങ്ങള്‍ കൂടിക്കലരുന്നതിനാല്‍ പരമാവധി ഒഴിഞ്ഞു നില്ക്കാനാണ് ശ്രമിക്കേണ്ടത്. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടുകളില്‍ പലിശഭാഗം കൃത്യമായതിനാല്‍ ആ സംഖ്യ ഉപേക്ഷിക്കണം. ഫാമിലി ബെനിഫിറ്റ് സ്‌കീമിലെ സര്‍ക്കാര്‍ വിഹിതം പലിശയായി പരിഗണിക്കേണ്ടതില്ല. ബുക് ക്ലബ്ബിലെ ലാഭം, പ്രീപബ്ലിക്കേഷന്‍ വിലക്കുറവ് എന്നിവയും പലിശയുമായി ബന്ധപ്പെടുന്നില്ല. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ രണ്ടുതരം നിക്ഷേപങ്ങളുണ്ട്. അതിലൊന്ന് പലിശരഹിതമാണ്. അവര്‍ നിക്ഷേപം വാണിജ്യ വ്യാപാര മേഖലയില്‍ മുതലിറക്കി ലാഭവിഹിതം നല്കുകയും നഷ്ടമാണെങ്കില്‍ പങ്കാളികളാക്കുകയും ചെയ്യുന്നുണ്ട്. കടങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സബ്‌സിഡികള്‍ പലിശയല്ല. ഇത് സര്‍ക്കാരിന്റെ സഹായമോ പ്രോത്സാഹനമോ ആണ്.
പലിശ ദാനംചെയ്യാന്‍ പറ്റില്ല. കാരണം അല്ലാഹു ശുദ്ധമായതേ സ്വീകരിക്കൂ. പലിശ അനുവദനീയമെന്നു കരുതുന്ന ആളുകള്‍ക്കു കൊടുത്താലും ശുദ്ധമല്ലാത്തതാണ്. എന്നാല്‍ അത് സമ്പത്തായതിനാല്‍ തന്നെ നശിപ്പിക്കാനും പാടില്ല. അതിനാല്‍ ആ പണം എന്തുചെയ്യണമെന്നതില്‍ പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. പലിശ വാങ്ങുകയോ ആര്‍ക്കെങ്കിലും നല്കുകയോ ചെയ്യാന്‍ പാടില്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. പുരമേയാന്‍ കടം വാങ്ങി ജപ്തി നോട്ടീസ് വന്നവന് തന്റെ പലിശദാനം നല്കി ബാങ്കില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിലേറെ, താന്‍ ബാങ്കില്‍ നിക്ഷേപിച്ച ആ പണം നേരിട്ട് ദരിദ്രന് നല്കി ശുദ്ധ സ്വത്തിന്റെ പ്രതിഫലം വാങ്ങുന്നതാണ് എന്തുകൊണ്ടും ഗുണകരം. പലിശപ്പണം വാങ്ങി ദാനംചെയ്യരുതെന്ന് പറയുന്നതിന്റെ പൊരുള്‍ ഇതാണ്. പലിശ ബാങ്കിനു തന്നെ തിരിച്ചു നല്കുന്നത് പലിശയെ സഹായിക്കലാകുമെന്നും ചിലപ്പോള്‍ അത് ഇസ്‌ലാം അംഗീകരിക്കാത്തതോ ഇസ്‌ലാമിനെതിരെയോ ഉപയോഗിക്കപ്പെടാമെന്നും അതിനാല്‍ അത് വാങ്ങുകയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെ വാങ്ങുന്ന പലിശ സ്വയം ഉപയോഗിക്കാനോ മറ്റൊരു നിലക്കുള്ള തന്റെ കടത്തിന്റെ പലിശയായി മറിച്ചു നല്കി പരിഹരിക്കാനോ പാടില്ല. ഇന്നത്തെ സാഹചര്യത്തില്‍ കരണീയമായിട്ടുള്ളത്, അത്യാവശ്യങ്ങള്‍ക്ക് കടം വാങ്ങി പലിശയില്‍ കുടുങ്ങിപ്പോയവരുടെ പലിശക്കടം വീട്ടാനായി ആ പണം ഉപയോഗിക്കുക എന്നതു തന്നെയാണ്. ഭക്ഷണം, മരുന്ന് എന്നിവക്കെല്ലാം അടിയന്തിര ഘട്ടങ്ങളിലേ ഇത് അനുവദനീയമാകൂ.
ഇസ്‌ലാം മനുഷ്യരുടെ ഇടപാടുകളിലെ അരുതായ്മകളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന തോടൊപ്പം പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. പലിശയുടെ ചൂഷണത്തില്‍ നിന്നും മുക്തമാകാന്‍ ദാനവും കടവും കച്ചവടവും ഇസ്‌ലാം പകരം നിര്‍ദേശിക്കുന്നു. ഇല്ലാത്തവനെ ദാനമോ കടമോനല്കി സഹായിക്കുമ്പോള്‍ പണം കൂട്ടിവെച്ചുള്ള അപചയം ഒഴിവാകുന്നതോടൊപ്പം അത് സമൂഹത്തില്‍ കറങ്ങി വളരുകയും മറ്റൊരു വഴിയിലൂടെ തനിക്ക് തന്നെ രണ്ടു ലോകത്തേക്കും ലാഭമായി വരികയും ചെയ്യുന്നു. കച്ചവടമാകട്ടെ പണത്തോടുള്ള മനുഷ്യന്റെ പ്രകൃതിപരമായ വാഞ്ഛയെ ന്യായമായ നിലയില്‍ അംഗീകരിക്കുകയും ചൂഷണമുക്തമായ സാമ്പത്തിക വളര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്യും. പലിശയില്‍ പുതഞ്ഞ സമൂഹത്തില്‍ മുസ്‌ലിംകള്‍ക്ക് എങ്ങനെ വേറിട്ടു നില്‍ക്കാനാകും! പ്രയാസമാണ്. ഈ പ്രയാസം ഏറ്റെടുക്കുന്നതിനാണ് ഈമാന്‍ എന്നു പറയുന്നത്. ജീവിതത്തില്‍ ഇസ്‌ലാമികമായ നിയന്ത്രണങ്ങള്‍ സ്വീകരിക്കുന്നതാണ് ജിഹാദ്. ഈ ജിഹാദ് നശിച്ചാല്‍ ഇസ്‌ലാമില്ലാതെയാകും. അതിനാല്‍ ചിലതൊക്കെ ഈ ഭൂമിയില്‍ അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ത്യജിച്ചാലേ നാളെ തന്റെ ഭക്തരായ ദാസന്മാര്‍ക്കുമാത്രം വിജയം ലഭിക്കുന്ന ലോകത്ത് രക്ഷപ്പെടാന്‍ കഴിയൂ. എന്നാലും അല്ലാഹുവില്‍ വിശ്വസിച്ചതിന്റെയും അവന്റെ കല്പനകള്‍ പാലിച്ചതിന്റെയും പേരില്‍ ഒരു മനുഷ്യനും ഭൂമിയില്‍ ദ്രോഹിക്കപ്പെടാന്‍ പാടില്ല. അതിനാല്‍ ഇസ്‌ലാം നിര്‍ദേശിച്ച ബദലുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളാണ് വ്യക്തികളെന്ന നിലയിലും സമൂഹമെന്ന നിലയിലും നമുക്ക് ആവശ്യമായിട്ടുള്ളത്.
പലിശ രഹിത ബാങ്കിംഗിനെ കുറിച്ച് മുസ്‌ലിം ലോകവും പൊതു ലോകവും ഏറെ ഗൗരവമായി ആലോചിക്കുകയാണ്. പ്രാദേശികമായും മറ്റും പരമാവധി വിഭവസമാഹര ണത്തിലൂടെ അതിന്റെ ചെറുതെങ്കിലുമായ ഗുണവശങ്ങളുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുക. നിയമപരമായി ഇത്തരം ദേശീയ സംരംഭങ്ങള്‍ക്ക് അനുമതി വാങ്ങിയെടുക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക, പൊതു സമൂഹത്തില്‍ പലിശക്കെതിരെയുള്ള ഈ ബദലിനുവേണ്ടി ബോധവത്കരണം നടത്തുക തുടങ്ങിയവക്ക് തുടക്കം കുറിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. കേരള മുസ്‌ലിം നവോത്ഥാനത്തിന് തുടക്കം കുറിച്ച കേരളമുസ്‌ലിം ഐക്യസംഘം ഇത്തരം ചിന്തകള്‍ക്ക് 1920കളില്‍ തുടക്കം കുറിച്ചിരുന്നെങ്കിലും മുന്നോട്ടുപോകാന്‍ പിന്‍ഗാമികള്‍ക്ക് സാധിച്ചിട്ടില്ല.
(ഇസ്‌ലാമിക് ബാങ്കിംഗ് ലിങ്ക് കാണുക)
References
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 85, ഹദീസ് 1015[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1168, ഹദീസ് 3024[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 243, ഹദീസ് 3331[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 05, പേജ് 44, ഹദീസ് 1588[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 05, പേജ് 50, ഹദീസ് 1597[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2045, ഹദീസ് 5032[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 2515, ഹദീസ് 6465[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 28, ഹദീസ് 52[↩]
