നിഷിദ്ധ ഇടപാടുകള്‍ – 2
സാമ്പത്തികവും സാമൂഹികവുമായ ഇടപാടുകള്‍ മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. എന്നാല്‍ ന്യായവും ധാര്‍മ്മികതയും നഷ്ടപ്പെടുന്ന ഇടപാടുകള്‍ വ്യക്തിയെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കും. ഈ പശ്ചാത്തലത്തിലാണ് ഇസ്‌ലാം ചില ഇടപാടുകളെ വ്യക്തമായി നിഷിദ്ധ ഇടപാടുകള്‍ എന്ന് പ്രഖ്യാപിക്കുന്നത്. പലിശ, വഞ്ചന, അനിശ്ചിതത്വം, ചൂഷണം തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ ഇടപാടുകള്‍ മനുഷ്യബന്ധങ്ങളില്‍ അവിശ്വാസവും അനീതിയും വളര്‍ത്തുന്നവയാണ്. ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി നിഷിദ്ധ ഇടപാടുകള്‍ ഒഴിവാക്കാന്‍ ഇസ്‌ലാം ഉപദേശിക്കുന്നത് സാമ്പത്തിക ശുദ്ധിയും സാമൂഹിക സമാധാനവും ഉറപ്പാക്കാനാണ്. ഈ വിഭാഗത്തില്‍ ഇസ്‌ലാമില്‍ നിരോധിക്കപ്പെട്ട പ്രധാന ഇടപാടുകളും അവയുടെ പിന്നിലെ ദര്‍ശനവും സംക്ഷിപ്തമായി പരിചയപ്പെടുന്നു.
ഇന്‍ഷുറന്‍സ്
ഉറപ്പ് എന്ന അര്‍ഥമാണ് ഇന്‍ഷുറന്‍സ് എന്ന പദത്തിനുള്ളത്. ജീവന്നും സ്വത്തിന്നു മുണ്ടാകുന്ന നഷ്ടങ്ങളില്‍ പണംകൊണ്ട് സഹായിക്കാമെന്ന് ഉറപ്പു നല്കുകയാണ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ചെയ്യുന്നത്. നിശ്ചിത കാലപരിധിക്കുള്ളിലുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ആഘാതം വിലയിരുത്തിയോ അല്ലാതെ നിര്‍ണിതമായ തോതിലോ നഷ്ടപരിഹാരം കമ്പനി നല്കും. ചില ഇന്‍ഷുറന്‍സുകളില്‍ മരണം, നഷ്ടം എന്നിവ സംഭവിച്ചാല്‍ മാത്രമാണ് ഇന്‍ഷുറന്‍സ് തുക ലഭിക്കുക. എന്നാല്‍ മറ്റുചിലതില്‍ കാലാവധി കഴിഞ്ഞാല്‍ ഇന്‍ഷുര്‍ചെയ്ത സംഖ്യ തിരിച്ചു നല്കും. ഇതിനു വേണ്ടി ഒറ്റത്തവണയായോ പല ഗഡുക്കളായോ ഗുണഭോക്താക്കളില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനി പ്രീമിയം ഈടാക്കും.
സമ്പത്ത് എല്ലാമെല്ലാമായി കരുതുന്ന സമ്പന്നരുടെ സമൂഹം ഏറെ സ്വാര്‍ഥരും അതോടൊപ്പം ചകിതരുമാണ്. മറ്റൊരുവന്‍ നശിച്ചെങ്കിലേ തനിക്കു വളരാന്‍ കഴിയൂ എന്നു ചിന്തിക്കുന്ന ഈ ‘ഉള്ളവര്‍’ തന്റെ സഹ മുതലാളിയുടെ നഷ്ടത്തില്‍ സ്വമനസ്സാലെ സഹായിക്കാന്‍ തയ്യാറാവില്ലെന്നു മാത്രമല്ല അവനെ നശിപ്പിക്കാനാണ് ആഗ്രഹിക്കുക. അതേ സമയം തന്റെത് നഷ്ടപ്പെടുമോ എന്നവന്‍ വല്ലാതെ പേടിക്കുകയും ചെയ്യുന്നു. ഇതിനുള്ള പരിഹാരമായിട്ടാണ് ഇന്‍ഷുറന്‍സ് സംവിധാനം നിലവില്‍ വരുന്നത്. നഷ്ടപ്പേടിയുള്ള എല്ലാവരില്‍ നിന്നും പണം വാങ്ങുകയും നഷ്ടപ്പെടുന്ന ഒരാള്‍ക്ക് നഷ്ടപരിഹാരമായി അത് നല്കുകയും ചെയ്യുക എന്നതാണ് അതിന്റെ ധര്‍മം. ഇത് നല്ല സംരംഭമാണ്. പക്ഷേ, അംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രീമിയം നഷ്ടപരിഹാരത്തിന് തികയാതെ വരും. അപ്പോള്‍ ശേഖരിച്ച മൂലധനം വളര്‍ത്തണം. ഇതിന് പലിശയാണ് കമ്പനികള്‍ കണ്ടെത്തിയ എളുപ്പ വഴി. ഇവിടെയാണ് ഇസ്‌ലാം ഈ പരസ്പര സഹകരണ സംവിധാനത്തെയും സുരക്ഷാ കരുതലിനെയും എതിര്‍ക്കുന്നത്.
ഇസ്‌ലാം ഓരോ മനുഷ്യന്റെയും ജീവന്നും സ്വത്തിനും ഏറെ പ്രാധാന്യം കല്പിക്കുന്നുണ്ട്. കൊലപാതകം, കൊള്ള, മോഷണം, പിടിച്ചുപറി, അന്യായമായ സാമ്പത്തിക ചൂഷണം എന്നിവക്കെതിരെയെല്ലാം കൃത്യമായ ബോധവത്കരണവും, ശിക്ഷാ നടപടികളും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രകൃതി പ്രതിഭാസങ്ങളിലൂടെ അപ്രതീക്ഷിതമായുണ്ടാകുന്ന കഷ്ട നഷ്ടങ്ങളില്‍ ഒരു മനുഷ്യന്‍ നശിച്ചുപോകാന്‍ പാടില്ലെന്നതും അടിസ്ഥാന ശ്രദ്ധയാണ്. എന്നാല്‍ ഒരാളെ രക്ഷിക്കുന്നത് മറ്റൊരാളെയോ ഒരു കൂട്ടം ആളുകളെയോ നശിപ്പിച്ചുകൊണ്ടാകരുത് എന്ന് ഇസ്‌ലാമിനു നിര്‍ബന്ധമുണ്ട്. ചീത്തയെ നന്മ കൊണ്ടാണ് തടയേണ്ടത് എന്നതാണ് ഇസ്‌ലാം നല്കുന്ന അടിസ്ഥാന പാഠം. പരസ്പര സഹകരണത്തിന് മാനവിക മുഖം നല്കുന്ന ഇസ്‌ലാം കണ്ട ബദല്‍ നിര്‍ബന്ധദാനങ്ങള്‍, ഐഛികദാനങ്ങള്‍, കടം എന്നിവയാണ്. ഭൗതികമായി ലാഭം പ്രതീക്ഷിക്കാതെ സഹജീവിയെ സഹായിച്ചാല്‍ ഭൂമിയിലെയും മരണാനന്തരജീവിതത്തിലെയും നഷ്ടങ്ങള്‍ക്ക് അത് പരിഹാരമാകുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.
മഹത്തായ സേവനത്തിന്റെയും സഹകരണത്തിന്റെയും ഒരു വശം ഉള്‍ച്ചേരുമ്പോഴും നാട്ടില്‍ നടപ്പുള്ള ഇന്‍ഷുറന്‍സുകളെല്ലാം പലിശാധിഷ്ഠിതമാണെന്നതില്‍ സംശയമില്ല. ഭാവി ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ തന്റെ ആശ്രിതര്‍ കഷ്ടപ്പെടാതിരിക്കാനും തന്റെ ആരോഗ്യം കുടുംബത്തിന് ഭാരമാകാതിരിക്കാനും രോഗം, അപകടം, മരണം, സ്വത്തുനാശം എന്നിവയിലെല്ലാം സുരക്ഷയേകാന്‍ ഇന്‍ഷുറന്‍സുകള്‍ അനിവാര്യമായേക്കാം.
ഇന്‍ഷുറന്‍സ് പലിശാധിഷ്ഠിതമായതിനാല്‍ ഇസ്‌ലാം അംഗീകരിക്കുന്നില്ലെങ്കിലും നമ്മുടെ നാടുകളില്‍ ചില ഇന്‍ഷുറന്‍സുകള്‍ നിര്‍ബന്ധമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള എസ് എല്‍ ഐ, ജി ഐ എസ്, വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും ഇങ്ങനെ നിര്‍ബന്ധമായി ഇന്‍ഷുറന്‍സില്‍ ചേരേണ്ടി വരുന്നു. ഇവയില്‍ പങ്കാളികളാവുകയും അപരിഹാര്യവും വലുതുമായ നഷ്ടങ്ങളുണ്ടാകുമ്പോള്‍ താന്‍ അടച്ച മുതല്‍ മാത്രം വാങ്ങുകയോ ആവശ്യത്തിനുള്ള നഷ്ടപരിഹാരം മാത്രം വാങ്ങുകയോ ചെയ്യുന്നതാണ് ഉചിതം. സര്‍ക്കാര്‍ നല്‌കേണ്ട സുരക്ഷ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെടുത്തി നിര്‍വഹിക്കാറുണ്ട്. താഴ്ന്ന വരുമാനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, കാര്‍ഷിക ഇന്‍ഷുറന്‍സ് എന്നിവ ഇതില്‍പെട്ടതാണ്. ഇത് സര്‍ക്കാര്‍ ആനുകൂല്യമായി പരിഗണിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യാം. സുരക്ഷിതമല്ലാത്ത ജീവിത സാഹചര്യങ്ങളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ തലത്തിലും മറ്റുമുള്ളതോ പലിശ കുറവുള്ളതോ ആയ ഇന്‍ഷുറന്‍സുകള്‍ ഉപയോഗപ്പെടുത്താം. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഇസ്‌ലാം മാനുഷികമായ വിട്ടുവീഴ്ചകള്‍ ചെയ്യുന്നു എന്ന ആനുകൂല്യത്തിലാണിത്. അപ്പോള്‍ പേടിയോടും ഭക്തിയോടും കൂടിമാത്രമേ ഇതിനെ സമീപിക്കാവൂ. പരസ്പര സഹകരണത്തിന്റെ ഇസ്‌ലാമിക മാതൃകകള്‍ സൃഷ്ടിക്കുന്ന വിശാലത ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള പദ്ധതികളെ കുറിച്ച് ഇസ്‌ലാമിക നേതൃത്വം ഗൗരവമായി ആലോചിക്കട്ടെ. ഇന്‍ഷുറന്‍സിനോടുള്ള മൃദുസമീപനം അല്ലാഹുവില്‍ തവക്കുല്‍ ചെയ്യാനുള്ള ഈമാന്‍ നഷ്ടപ്പെടുന്ന വിധത്തിലാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപകടങ്ങളിലും ദുരിതങ്ങളിലുമെല്ലാം അല്ലാഹുവിന്റെ വിധിയില്‍ സമാശ്വസിച്ച് ക്ഷമിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്; അല്ലാഹുവില്‍ ഭരമേല്പിക്കാനും. ”കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക”(2:155).
ഭാവിയെക്കുറിച്ച അമിതമായ ആശങ്കകളാണ് നമ്മെ അല്ലാഹു നിഷിദ്ധമാക്കിയ പലിശാധിഷ്ഠിത ഇന്‍ഷുറന്‍സുകളിലെത്തിക്കുന്നതെങ്കില്‍, അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ ആര്‍ക്കും ഇന്‍ഷൂര്‍ നല്കാന്‍ കഴിയില്ലെന്ന ബോധത്തോടെ മാത്രം അതില്‍ ഇടപെടുക. ”നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശമാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി എവിടെ നിന്നും അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ പറയൂ”(23:88).
ചൂതാട്ടം, വാതുവെപ്പ്, ലോട്ടറി
മയ്‌സിര്‍ എന്നാണ് ഇതിന് ഖുര്‍ആനില്‍ ഉപയോഗിച്ച പദം. എളുപ്പത്തില്‍ പണമുണ്ടാക്കുക എന്നാണ് പദത്തിന്റെ ആശയം. മറ്റൊരാളുടെ പണം പ്രത്യേക അധ്വാനമില്ലാതെ ചില തന്ത്രങ്ങളിലൂടെ കൈക്കലാക്കുന്ന എല്ലാ ഇടപാടുകളും ഈ ഗണത്തില്‍ പെടും. ചൂത് എന്നതിന് ചതിവ്, പറ്റിക്കല്‍ എന്നെല്ലാമാണ് ഭാഷയില്‍ അര്‍ഥം. ചൂതിന് നല്കപ്പെട്ട ഒരു നിര്‍വചനം ഇങ്ങനെയാണ്. ”പണമുള്‍പ്പടെ എന്തും ഈടായി വാതുവെച്ച്, ആകസ്മികമായ അന്ത്യഫലത്തെ ആശ്രയിച്ച് ഈട് പറ്റുന്ന പ്രവൃത്തിയാണ് ചൂത്. ഇതുമൂലം കൂടുതല്‍ മുതല്‍ കൈവരുകയോ നഷ്ടപ്പെടുകയോ ചെയ്യാം. അന്ത്യഫലം വളരെ കുറഞ്ഞ സമയത്തിനകം പുറത്തുവരുന്നു. ഇത്തരത്തിലുള്ള എല്ലാ പ്രവൃത്തിയെയും ചൂതാട്ടം എന്നു പറയുന്നു. ഇവ വിനോദമായും കളികളായും കാണപ്പെടുന്നു. പകിട, ചതുരംഗം ചീട്ട് എന്നിവ വാതുവെച്ച് നടപ്പാക്കപ്പെട്ടാല്‍ ചൂതാട്ടമാണ്. വാണിജ്യാടിസ്ഥാനത്തിലും ചൂതാട്ടം നടത്തപ്പെടുന്നു, കസിനോകള്‍ ഇതിനുദാഹരണമാണ്”.
ചീട്ടുകളി, ഭാഗ്യക്കുറി, വാതുവെപ്പ് തുടങ്ങി പല പേരുകളിലും രൂപങ്ങളിലും ചൂതാട്ടം വേഷപ്പകര്‍ച്ച നേടിയിട്ടുണ്ട്. ലോട്ടറിയും പന്തയവുമെല്ലാം നികുതിയടച്ചുള്ളതാണെങ്കില്‍ അനുവദനീയവും സാമൂഹിക നന്മയുമായി മാറിയിരിക്കുന്നു. പണം വെച്ച ചീട്ടുകളി കുറ്റകരമാണെങ്കില്‍ സമ്മാനകൂപ്പണുകളുടെ മറവിലുള്ള ചീട്ടുകളിയും ഭാഗ്യപരീക്ഷണവും അനുവദനീയമായി ലോകം കാണുന്നു. ഇന്ന് ലോകത്തിന്റെ സാമ്പത്തിക അച്ചുതണ്ടിനെ തന്നെ മിറിച്ചിടാന്‍ പോന്ന സാമ്പത്തിക ശക്തിയായി ചൂതാട്ടം വളര്‍ന്നിരിക്കുന്നു. കോടീശ്വരന്മാരുടെ കാസിനോകളില്‍ രാഷ്ട്ര ഭരണംപോലും ചൂത് വെക്കപ്പെടുന്നു. കളികള്‍, കലകള്‍, തെരഞ്ഞെടുപ്പുകള്‍, തുടങ്ങി വസ്തുക്കളും ആശയങ്ങളും ആദര്‍ശങ്ങളുമെല്ലാം ചൂതാട്ടമായി വളരുന്നു.
പല സര്‍ക്കാരുകളുടെയും പ്രധാന വരുമാനമായി ചൂതിന്റെ മാന്യ വേര്‍ഷനായ ലോട്ടറി ഇടം പിടിച്ചു കഴിഞ്ഞു. ജനങ്ങളുടെ പണാര്‍ത്തിയെയും പെട്ടെന്ന് ധനികനാകാനുള്ള തൃഷ്ണയും ഭാഗ്യപരീക്ഷണത്തിലൂടെ ത്രസിപ്പിച്ച് സര്‍ക്കാരുകളും അതിനെക്കാള്‍ കൂടുതലായി അവരുടെ ഏജന്റുമാരും തടിച്ചുകൊഴുക്കുന്നു. ഭാഗ്യത്തില്‍ ഭ്രമിച്ചുപോയ സമൂഹം അരികിലിരിക്കുന്ന അര്‍ധസഹോദരന്റെ പട്ടിണി കാണാന്‍ കഴിയാതെയായപ്പോള്‍, അതിനും പരിഹാരം വരുന്നു, ഭാഗ്യപരീക്ഷണത്തിലൂടെ. ദരിദ്ര പെണ്‍കുട്ടികളുടെ വിവാഹത്തിന് മംഗല്യയായും, രോഗികള്‍ക്ക് കാരുണ്യയായും ഭാഗ്യാന്വേഷികളുടെ നിരാശപ്പണം ഒഴുക്കി ഉത്തരവാദപ്പെട്ടവര്‍ സാമൂഹിക ബാധ്യതയായി നിര്‍വഹിക്കേണ്ട ചുമതലയില്‍ നിന്നും രക്ഷപ്പെടുകയും അന്യായമായ ധൂര്‍ത്തുകളുമായി ഖജാന ദരിദ്രമാക്കുകയുംചെയ്യുന്നു. ചുരുക്കം ചിലരെ ബംബര്‍ കോടീശ്വരന്മാരാക്കുന്ന ലോട്ടറി പതിനായിരങ്ങളെ പട്ടിണിക്കാരാക്കിയാണത് നേടുന്നത്. അധ്വാനശേഷി കുറഞ്ഞവരോ അംഗപരിമിതരോ ആയ കുറച്ചുപേര്‍ കുടുംബം പോറ്റുന്നതിന്റെ പിന്നില്‍ പതിനായിരങ്ങളുടെ കുടുംബം കുളമായ കഥയുണ്ട്. കൂലിപ്പണിക്കാരുനും തെരുവുകച്ചവടക്കാരനുമെല്ലാം കോടിപതികളായി കാറും ബംഗ്ലാവുമുണ്ടാക്കുന്ന മലര്‍പൊടിക്കാരന്റെ കഥപറയുന്ന ഫീച്ചറുകള്‍ കാണാതെ പോയ മറുവശമുണ്ട്. വര്‍ഷങ്ങള്‍കൊണ്ട് ലക്ഷങ്ങളുടെ ടിക്കറ്റ് ശേഖരം മാത്രം അനാഥമക്കള്‍ക്ക് അനന്തരമാക്കി മരിക്കുന്ന നൂറുകണക്കിന് നിത്യകൂലിക്കാരുടെ നിറമില്ലാത്ത കഥകളാണത്. എല്ലാ സമൂഹങ്ങളും എന്നും മഹാപാപമായി കാണുന്ന ഇതിനെ സാമൂഹ്യപ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിന്റെ പേരിലോ മറ്റുള്ളവര്‍ കട്ടെടുക്കുന്ന ഭാഗ്യത്വരയെ ഗുണാത്മകതയിലേക്ക് തട്ടിയെടുക്കുക എന്ന ആദര്‍ശത്തിലോ ദുര്‍ബലരുടെ തൊഴില്‍ സാധ്യതയുടെ പേരിലോ ന്യായീകരിക്കാന്‍ സാധിക്കില്ല. മുഹമ്മദ് നബി(സ്വ) വരുന്ന കാലത്ത് അറബികള്‍ക്കിടയി ലുണ്ടായിരുന്ന ചൂത് ഇതിനേക്കാള്‍ മാനവികമായിരുന്നു.
‘പത്തുപേര്‍ ചേര്‍ന്ന് ഒരു ഒട്ടകത്തെ വാങ്ങും. വിലനല്‍കാന്‍ ഒരു അവധി നിശ്ചയിക്കും. അനന്തരം പത്ത് മരക്കഷ്ണങ്ങളെടുക്കും, ഓരോന്നിന്നും പ്രത്യേകം പേര് രേഖപ്പെടുത്തും. ഓരോ കഷ്ണത്തിലും നിശ്ചിത എണ്ണവും -ഓഹരി- എഴുതിയിരിക്കും. മൂന്നെണ്ണം ഓഹരി എഴുതാത്ത പൂജ്യം രേഖപ്പെടുത്തിയവയായിരിക്കും. പിന്നീട് ഒട്ടകത്തെ അറുത്ത് പത്തായോ ഇരുപത്തിയേഴായോ ഭാഗിക്കും. നിഷ്പക്ഷനായ ഒരാള്‍ മരക്കഷ്ണങ്ങള്‍ ഒരു സഞ്ചിയിലിട്ട് കുലുക്കിയ ശേഷം, ചൂതാട്ടത്തില്‍ പങ്കെടുക്കുന്നവരുടെ പേരില്‍ ഓരോന്നായി എടുക്കും. ഓരോരുത്തര്‍ക്കും കിട്ടിയ മരക്കഷ്ണത്തില്‍ രേഖപ്പെടുത്തിയ ഓഹരികള്‍ അവരവര്‍ എടുക്കുന്നു. ഓഹരികള്‍ എഴുതാത്ത പൂജ്യം രേഖപ്പെടുത്തിയ കഷ്ണങ്ങള്‍ കിട്ടിയ മൂന്നുപേര്‍ ഒട്ടകത്തിന്റെ മുഴുവന്‍ വിലയും നല്‍കാന്‍ ബാധ്യസ്ഥരാകുന്നു. അതായത്, വിജയികള്‍ക്ക് മാംസം ലഭിക്കുന്നു. പരാജിതര്‍ക്ക് പണം നഷ്ടമാവുന്നു” (കശ്ശാഫ്) 1
ഇങ്ങനെ ചൂതിലൂടെ നേടുന്നത് അവര്‍ ഉപയോഗിക്കാറുണ്ടായിരുന്നില്ല. പാവങ്ങള്‍ക്ക് ദാനമായി നല്കുകയായിരുന്നു പതിവ്. അതിനാല്‍ തന്നെ സ്വയം സമ്പന്നനാകാനുള്ള കുറുക്കു വഴിയായിരുന്നില്ല അവര്‍ക്ക് ചൂത്. ഉദാരതയുടെ രൂപമായിട്ടായിരുന്നു അവര്‍ അതിനെ കണ്ടിരുന്നത്. ഭരതത്തിലെ ഇതിഹാസകഥയിലെ ശകുനിയുടെ കള്ളച്ചൂതില്‍ നിന്നും വ്യത്യസ്തമായി ഏറെ ജനോപകാരപ്രദവും സദുദ്ദേശ്യപരവുമായിരുന്നിട്ടും ജാഹിലിയ്യാ അറബികളുടെ ചൂതാട്ടം ഇസ്‌ലാം കുറ്റകരമായി പരിഗണിക്കുകയും നിഷിദ്ധമാക്കുകയും ചെയ്തു. ”നബിയേ, നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്”(2: 219).
”വിശ്വസിച്ചവരേ, മദ്യം, ചൂതാട്ടം, പ്രതിഷ്ഠകള്‍, പ്രശ്‌നോപകരണങ്ങള്‍ ഇവയെല്ലാം പൈശാചികമായ നീചകൃത്യമാണ്. അതിനാല്‍ നിങ്ങള്‍ അത് വര്‍ജിക്കുക. നിങ്ങള്‍ വിജയികളാവാന്‍ വേണ്ടി. മദ്യവും ചൂതും മുഖേന നിങ്ങളൈ ശത്രുതയിലും വിദ്വേഷത്തിലും അകപ്പെടുത്തണമെന്നും ദൈവസ്മരണയില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയണമെന്നും മാത്രമാണ് പിശാച് ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ വിരമിക്കുന്നില്ലയോ?” (5:90, 91).
മറ്റുള്ളവരുടെ പണം എളുപ്പത്തില്‍ നേടിയെടുക്കാനുള്ള ഏതു തന്ത്രവും ചൂതാട്ടമാണ്. നിരത്തിവെച്ച വാച്ചും കണ്ണാടിയും മോതിരവും സോപ്പും നോക്കി വലുതിലേക്ക് വളയമെറിയുന്നതും എഴുതിക്കാണിക്കുന്ന സമ്മാനം പ്രതീക്ഷിച്ച് കാര്‍ഡുചുരണ്ടുന്നതും നറുക്കെടുക്കുന്നതുമെല്ലാം ഇങ്ങനെ ചൂതില്‍ തന്നെയാണ് വരിക. പൊതു സംരംഭങ്ങള്‍ക്ക് പണം പിരിക്കുന്നതിന്റെ ഭാഗമായി നാട്ടിന്‍പുറങ്ങളില്‍ സമ്മാന പ്രഖ്യാപനത്തോടെ നടത്തുന്ന സംഭാവനകളും സമ്മാന ലക്ഷ്യത്തില്‍ നല്കിയാല്‍ നിഷിദ്ധമായ ചൂതാട്ടമാണെന്നതില്‍ അഭിപ്രായാന്തരമില്ല.
വിനോദത്തിനു വേണ്ടിയുള്ള കളികളും ആരോഗ്യകരമായ മസ്തരങ്ങളും ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ അവ ചൂതാട്ടത്തിനുള്ള അവസരങ്ങളാകരുത്. പകിട കളി, ശീട്ടു കളി എന്നിവ പൊതുവെ പണംവെച്ചുള്ള ചൂതിനു കാരണമാകുന്നതിനാല്‍ പണമില്ലാതെയും അതു കളിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അല്ലാഹുവിന്റെ അതിര്‍ത്തികടന്ന് മേയാന്‍ അത് കാരണമായേക്കും, (മജ്മൂഉല്‍ ഫതാവാ) 2. അതുപോലെ കളികളോടനുബന്ധിച്ചുള്ള വാതുവെപ്പ് പണവും ചൂതിലാണ് ഉള്‍പ്പെടുന്നത്. രണ്ടുപേരും ഓഹരിയിട്ട് സമ്മാനം ശേഖരിക്കുകയും ജയിച്ചവന്‍ അത് കരസ്ഥമാക്കുകയുംചെയ്യുന്ന സമ്മാനപ്പന്തയവും ഇസ്‌ലാം നിഷിദ്ധമാക്കി. ഇങ്ങനെയുള്ള കുതിരപ്പന്തയത്തിനുവേണ്ടി പരിപാലിക്കുന്ന കുതിര ചെകുത്താന്റെതാ ണെന്നാണ് നബി(സ്വ) പറഞ്ഞത്. ഇവിടെ രണ്ടാളുടെ പണം അനിശ്ചിതമായി ഒരാള്‍ക്ക് ലഭിക്കുകയാണ്. കൊച്ചുകുട്ടികളുടെ ഏറുകളിയും മറ്റും ഇങ്ങനെ നിഷിദ്ധമായ വാതുവെപ്പില്‍ പെടുന്നതാണ്. അപരന്റെ കളി ഉപകരണങ്ങളായ കശുവണ്ടി, ഗോട്ടി തുടങ്ങിയ വസ്തുക്കള്‍ സ്വന്തമാക്കുകയാണല്ലോ ഈ കളിയില്‍ ജയിക്കുന്നതിലൂടെ ചെയ്യുന്നത്. എന്നാല്‍ മൂന്നാം കക്ഷി ജേതാവിന് സമ്മാനം നല്കുന്നത് ഇസ്‌ലാം നിഷിദ്ധമാക്കിയ പന്തയത്തില്‍ ഉള്‍പെടുകയില്ല.
ഹവാല
ഹവാല എന്ന അറബി പദത്തിന്റെ അര്‍ഥം കൈമാറുക എന്നാണ്. ഇതിന് ഇസ്‌ലാമിക സാമ്പത്തിക ഇടപാടില്‍, ഒരാളുടെ കടബാധ്യത മറ്റൊരാള്‍ക്ക് കൈമാറുകയോ ഏല്പിച്ചുകൊടുക്കുകയോ ചെയ്യുക എന്ന ആശയമാണുള്ളത്. ഇത് അനുവദനീയമായ സാമ്പത്തിക കൈമാറ്റ രീതിയാണ്. പക്ഷേ, നാട്ടില്‍ ഇന്നറിയപ്പെടുന്ന ഹവാല തീര്‍ത്തും വ്യത്യസ്തമാണ്. കള്ളപ്പണത്തിനുള്ള ഒരു രൂപമായാണ് ഇവിടെ ഹവാല വിവക്ഷിക്കപ്പെടുന്നത്. സര്‍ക്കാര്‍ നിയമങ്ങള്‍ക്കു പുറത്തുള്ള കള്ളപ്പണക്കാരുടെ സമാന്തര സാമ്പത്തിക വ്യവസ്ഥയിലെ കള്ളപ്പണക്കൈമാറ്റ രീതിയാണ് ഹവാല അഥവാ കുഴല്‍പ്പണം. പണം, സ്വര്‍ണം എന്നിവ ഇത്തരം ആളുകള്‍ക്ക് കൈമാറുമ്പോള്‍ അത് നല്‌കേണ്ട ആളുകളിലേക്ക് രഹസ്യമായി അവ എത്തിക്കും. ഇതിന് തിരിച്ചറിയല്‍ രേഖകളോ മറ്റോ ആവശ്യമില്ല. ഇത് ആരാണ് തന്നത്, ആര്‍ക്കാണ് ലഭിച്ചത്, എത്രയാണ് തുക എന്നിവയെല്ലാം രഹസ്യമായിരിക്കും. ഇതുവഴി സര്‍ക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ നികുതി വരുമാനം നഷ്ടപ്പെടും. സാധാരണ ബാങ്കിലൂടെ അയക്കുമ്പോള്‍ ബാങ്ക് കമ്മീഷന്‍ നഷ്ടമാവും. എന്നാല്‍ ഹവാല വഴിയാണെങ്കില്‍ നാം അയക്കുന്നതിലേറെ പണം ലഭിക്കും. ഈ ഇടപാട് ഇസ്‌ലാമികമായി തീര്‍ത്തും നിഷിദ്ധമാണ്. ഇടപാടിലെ ചതിയാണ്, ചതിക്കുന്നത് സര്‍ക്കാരിനെയാണെങ്കിലും, ഇതിനെ നിഷിദ്ധമാക്കുന്നത്.
ഇസ്‌ലാം അനുവദിക്കുന്ന ഹവാല, ഇടപാടുകള്‍ അനുവദനീയമാകണമെങ്കില്‍ ഇസ്‌ലാം ആവശ്യപ്പെടുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ടാവണം. ഉത്തമര്‍ണന്‍, അധമര്‍ണന്‍, കടം ഏറ്റെടുക്കുന്നവന്‍ എന്നിവര്‍ക്കിടയിലാണ് ഇത് നടക്കുക. ഏറ്റെടുക്കുന്ന കടം, വസ്തുവായാലും പണമായാലും അളവിലും ഗുണത്തിലും തുല്യമായിരിക്കണം. ഏറ്റെടുക്കാന്‍ ശേഷിയുള്ളവനെയാകണം ഏല്പിക്കേണ്ടത്. ഇടപാടുകള്‍ നടത്താന്‍ അര്‍ഹതയുള്ള പ്രായം, ബുദ്ധി എന്നിവ ഉണ്ടായിരിക്കണം എന്നിവയെല്ലാം ഇതില്‍പെട്ടതാണ്. ഒരു അധമര്‍ണന്റെ കടം ഇങ്ങനെ ഒരാള്‍ ഏറ്റെടുത്താല്‍ അത് വീട്ടേണ്ടത് അയാളുടെ ബാധ്യതയാണ്. പിന്നീട് ആ കടത്തിന് അധമര്‍ണന്‍ ബാധ്യസ്ഥനല്ലെന്നാണ് മിക്ക കര്‍മശാസ്ത്ര പണ്ഡിതരുടെയും അഭിപ്രായം. നബി(സ്വ) പറഞ്ഞു: ”കഴിവുള്ളവന്‍ കടം വീട്ടാന്‍ അമാന്തം കാണിക്കുന്നത് അക്രമമാകുന്നു. നിങ്ങളില്‍ ഒരാള്‍ക്ക് കഴിവള്ള ഒരാളെ ഏല്പിച്ചു തന്നാല്‍ അവന്‍ അത് അംഗീകരിക്കട്ടെ” (ബുഖാരി) 3
മണിചെയ്ന്‍
വാക്കു സൂചിപ്പിക്കുന്ന പോലെ പണ നിക്ഷേപത്തിന്റെ ലാഭം ചങ്ങലയായി കൈമാറ്റം ചെയ്യപ്പെടുന്ന രീതിയാണിത്. ഒരാള്‍ ഇത്തരം പദ്ധതിയില്‍ നൂറു രൂപ നല്കി അംഗമാകുന്നു. അപ്പോള്‍ രണ്ടു പേരെ അംഗങ്ങളാക്കാന്‍ കമ്പനി അയാള്‍ക്ക് അനുമതി നല്കുന്നു. അയാള്‍ രണ്ടുപേരെ അംഗമാക്കി ഇരുനൂറു രൂപ കമ്പനിയിലടക്കുമ്പോള്‍ അതിന്റെ നിശ്ചിത വിഹിതം അവരെ അംഗമാക്കിയ വ്യക്തിക്കു ലഭിക്കും. ആ രണ്ടുപേര്‍ വീണ്ടും നാലുപേരെ അംഗങ്ങളാക്കുമ്പോള്‍ അംഗങ്ങളാക്കിയ രണ്ടുപേര്‍ക്കും അവരെ അംഗങ്ങളാക്കിയ ആദ്യ വ്യക്തിക്കും എണ്ണൂറു രൂപയില്‍ നിന്ന് വിഹിതം ലഭിക്കും. ഈ നാലുപേര്‍ പുതിയ അംഗങ്ങളെ ചേര്‍ക്കും. എട്ടായി, പതിനാറായി അങ്ങനെ തുടരുന്നിടത്തോളം ആദ്യം അംഗമായി ചേര്‍ന്ന വ്യക്തിവരെയുള്ളവര്‍ക്ക് ഓഹരി ലഭിച്ചുകൊണ്ടേയിരിക്കും. ചുരുക്കത്തില്‍ നൂറു രൂപമുടക്കി രണ്ടാളെ ചേര്‍ത്തിയാല്‍ പിന്നീട് വരുന്നവരെല്ലാം പണം മുടക്കുമ്പോള്‍ അവന്ന് ലാഭം കിട്ടിക്കൊണ്ടേയിരിക്കും. ഇസ്‌ലാമിക ദൃഷ്ടിയില്‍ ഇത് അംഗീകരിക്കുകയേ സാധ്യമല്ല. കാരണം ഇവിടെ നൂറു രൂപ ബാങ്കിലിട്ട് പലിശ വാങ്ങുന്നതിനെക്കാള്‍ വലിയ ചതിയാണ് നടക്കുന്നത്. താന്‍ അധ്വാനിക്കാതെ, ലാഭനഷ്ടങ്ങളില്‍ പങ്കുചേരാതെ മറ്റുള്ളവരുടെ സമ്പാദ്യം കൈക്കലാക്കുന്ന ചൂഷണമാണ് ഇത്. ”സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു”(4:29).
നെറ്റ് മാര്‍കറ്റിംഗ്
മണിചെയ്‌നിന്റെ മറ്റൊരു രൂപമാണ് നെറ്റ്‌വര്‍ക് മാര്‍ക്കറ്റിംഗും മള്‍ട്ടി ലവല്‍ മാര്‍കറ്റിംഗും ഡയറക്ട് മാര്‍കറ്റിംഗുമെല്ലാം. മണിചെയ്ന്‍ പണം ശേഖരിച്ച് പണ ശതമാനം ലാഭമാക്കി നല്കുമ്പോള്‍ നെറ്റ് മാര്‍ക്കറ്റിംഗ് ചരക്കുകള്‍ വിറ്റ് ചില കുതന്ത്രങ്ങളിലൂടെ ലാഭം നേടുന്ന കച്ചവട ശൃഖലയാണ്. ആംവെ, മോഡി കെയര്‍ തുടങ്ങിയ ബിസിനസുകള്‍ ഇതിന് ഉദാഹരണമാണ്. ഇവയില്‍ കമ്പനി ചില ഉത്പന്നങ്ങള്‍ നിശ്ചിത വിലയില്‍ അംഗത്തിന് കൊടുക്കുന്നു. ഇത് അയാള്‍ നല്കിയ പണത്തിന് ആനുപാതികമായിരിക്കും. ഇയാള്‍ ഇത് വില്പന നടത്തുകയും ഇതുപോലെ വേറെ ആളുകളെ കമ്പനിയില്‍ അംഗമാക്കുകയും ചെയ്താല്‍ അയാള്‍ കമ്പനിക്ക് നല്കുന്ന തുകയുടെ ഒരു ഓഹരി അയാളെ അംഗമാക്കിയ വ്യക്തിക്ക് ലഭിക്കും. ഇങ്ങനെ കൂടുതല്‍ വസ്തുക്കള്‍ വില്‍ക്കുകയും ആളുകളെ ചേര്‍ക്കുകയും ചെയ്യമ്പോഴെല്ലാം അവരെല്ലാം നിര്‍വഹിക്കുന്ന കച്ചവടത്തിന്റെ ഓഹരികൂടി ആദ്യ വ്യക്തിക്ക് ലഭിക്കും. ഇതാണ് ഇവയുടെയെല്ലാം ഏകദേശ പ്രവര്‍ത്തന രീതി.
ഇവയെല്ലാം അനുവദനീയവും നിഷിദ്ധവുമായ ഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന കച്ചവടമാണ്. മധ്യവര്‍ത്തികളോ ഏജന്റുമാരോ ഇല്ലാതെ സാധനങ്ങള്‍ വാങ്ങി വില്‍പന നടത്തുന്നത് ഇസ്‌ലാമികമായി അംഗീകരിക്കപ്പെടുന്ന കച്ചവടമാണ്. ഇന്ന് വ്യാപകമായിട്ടുള്ള ഓണ്‍ ലൈന്‍ വ്യാപാരം ഈ അര്‍ഥത്തില്‍ നിര്‍വഹിക്കപ്പെടുന്നതാണ്. എന്നാല്‍ നാം കാരണം കച്ചവടത്തില്‍ കടന്നവരും അവര്‍കാരണം കടന്നവരുമെല്ലാം കച്ചവടം ചെയ്യുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഓഹരി പലിശ രൂപമുള്ളതാണ്. അഥവാ, നമുക്കതില്‍ മുതല്‍മുടക്കോ അധ്വാനമോ ഇല്ല. ആദ്യത്തെ മുതല്‍ മുടക്കും അധ്വാനവുമാണ് മാനദണ്ഡമെങ്കില്‍ ഇതില്‍ കൊള്ളലാഭമെന്ന തിന്മയുണ്ട്. മറ്റൊന്ന് ഈ കച്ചവടക്കമ്പനിയില്‍ നാം അംഗങ്ങളാകണമെങ്കില്‍ ഇസ്‌ലാം നിശ്ചയിച്ച മാനദണ്ഡം പാലിച്ചിട്ടില്ല. അഥവാ, എത്രയാണ് നമ്മുടെ ഓഹരി, അതില്‍ ലാഭനഷ്ടങ്ങളിലെ വിഹിതം എത്രയാണ് എന്നീ കാര്യങ്ങള്‍ അനിര്‍ണിതമാണ്. അങ്ങനെ അത് ചൂതിന്റെയും പലിശയുടെയും സ്വഭാവത്തിലാണ് നടക്കുന്നത്. എന്നുമാത്രമല്ല, ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നും രാഷ്ട്രങ്ങള്‍ക്കു വരെ വലിയ നഷ്ടങ്ങളുണ്ടാക്കുന്നുണ്ടെന്നും പരാതികളുണ്ടായിട്ടുണ്ട്. പലതും പാതിവഴിയില്‍ വെച്ച് പതിനായിരക്കണക്കായ അമിതലാഭമോഹികളെ നിരാശരാക്കി മുങ്ങിയിട്ടുമുണ്ട്.
ഇവര്‍ വില്ക്കുന്ന വസ്തുക്കളില്‍ പലതിനും വാഗ്ദാനം ചെയ്ത ഗുണമില്ലെന്നും വില കൂടുതലാണെന്നുമെല്ലാം അഭിപ്രായമുണ്ട്. ഇതിലെല്ലാം ഇസ്‌ലാമിനു നിരക്കാത്ത പലതുമുണ്ട്. സൂക്ഷ്മതയുള്ള വിശ്വാസികള്‍ ഇത്തരം സംശയാസ്പദമായ വരുമാനമാര്‍ഗത്തില്‍ നിന്ന് വിട്ടു നില്ക്കുന്നതാണ് നല്ലത്. സാമ്പത്തിക കൃത്രിമം കാണിച്ച ജനതയെ ശുഐബ് നബി(അ) ഉദ്‌ബോധിപ്പിച്ചത് അനുസ്മരണീയമാണ്. ”അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍ കാവല്‍ക്കാരനൊന്നുമല്ല”(11:86).
സ്വന്തം മുതല്‍ മുടക്കില്ലാതെയോ അധ്വാനമില്ലതെയോ മറ്റുള്ളവരില്‍ നിന്ന് ലാഭം ശേഖരിക്കുന്ന രീതികളെല്ലാം ചൂതാട്ടത്തോടും പലിശയോടും സാമ്യമുള്ളതാണ്. പലിശ, അന്യന്റെ ധനം അന്യായമായി തിന്നുക, അമിതലാഭമെടുക്കുക, കള്ളപ്പരസ്യങ്ങള്‍ നല്കുക തുടങ്ങി പല തിന്മകളുടെ സമുച്ചയമാണ് ഇത്തം ഇടപാടുകള്‍.
കൈക്കൂലി, കോഴ
ചില കാര്യങ്ങള്‍ നടന്നു കിട്ടുന്നതിനുവേണ്ടി അതു നിര്‍വഹിക്കേണ്ട വ്യക്തികള്‍ക്ക് രഹസ്യമായി നല്കുന്ന പ്രതിഫലമാണ് കൈക്കൂലിയും കോഴയും. സൗജന്യമായോ നിശ്ചയിച്ച പ്രതിഫലത്തിനോ ലഭിക്കേണ്ട വസ്തുക്കളും സേവനങ്ങളും സമയബന്ധിതമായി കിട്ടാതിരിക്കുമ്പോഴും നേരത്തെ ലഭിക്കാനും അര്‍ഹതയില്ലാത്തത് കിട്ടാനുമെല്ലാം നല്കുന്ന ധനവും ശിപാര്‍ശയുമെല്ലാം കൈക്കൂലിയാണ്. ഇതു നേര്‍ക്കുനേരെ നിശ്ചയിച്ച പ്രതിഫലമല്ലെന്നതിനാലും അയാള്‍ ആ കാര്യങ്ങള്‍ക്ക് നിശ്ചിതപ്രതിഫലം പറ്റുന്നുണ്ടെന്നതിനാലും അയാളെ ഉത്തരവാദിത്തം ഏല്പിച്ച വ്യക്തി ഈ പ്രതിഫലം വാങ്ങലോ ശിപാര്‍ശയോ അംഗീകരിക്കുന്നില്ലെന്നതിനാലുമെല്ലാം ഇത് നിഷിദ്ധമായ വരുമാനവും ഇടപാടുമാണ്. അതിനാല്‍ തന്നെ കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും അതിന് സാക്ഷി നില്‍ക്കുന്നതും സഹായിക്കുന്നതുമെല്ലാം ഇസ്‌ലാം നിഷിദ്ധമാക്കി. ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും വിധികര്‍ത്താക്കള്‍ക്കുമെല്ലാം ഇങ്ങനെ നല്കുന്ന പ്രതിഫലങ്ങളും സമ്മാനങ്ങളുമെല്ലാം നിഷിദ്ധമാണെന്ന് ഖുര്‍ആനില്‍ അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ”നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളില്‍ നിന്ന് വല്ലതും അധാര്‍മികമായി നേടിയെടുത്തു തിന്നുവാന്‍ വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്”(2:188).
നബി(സ്വ) ഈ കാര്യത്തില്‍ കര്‍ശന നിലപാടു സ്വീകരിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും ഇടനിലക്കാരനെയും അദ്ദേഹം ശപിച്ചു. (അഹ്‌മദ്) 4 വിധി തീര്‍പ്പുകള്‍ അനുകൂലമാക്കാനായി കൈക്കൂലി കൊടുക്കുന്നവനെയും വാങ്ങുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്നും നബി(സ്വ) ഉണര്‍ത്തി(തുര്‍മുദി) 5
തനിക്ക് അര്‍ഹതപ്പെട്ടതല്ലാത്ത ഏതു കാര്യവും നേടിയെടുക്കാനുള്ള ഏതു ശ്രമവും കുറ്റകരമാണ്. എന്നാല്‍ ചില നീതികള്‍ നടപ്പാക്കി കിട്ടാന്‍ മറ്റു വഴികളില്ലാത്ത സന്ദര്‍ഭങ്ങളില്‍, നിര്‍ബന്ധ സാഹചര്യങ്ങളില്‍ നിഷിദ്ധങ്ങള്‍ അനുവദനീയമാകും എന്ന മാനദണ്ഡപ്രകാരം അനുവദനീയമാണ്. നിരപരാധിയായ ഒരു മനുഷ്യന്‍ കൊലയാളിയായി വധശിക്ഷക്ക് വിധിക്കപ്പെട്ടാല്‍, ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ഇങ്ങനെ ന്യായീകരണമര്‍ഹിക്കുന്നു. പക്ഷേ, ഈ നിര്‍ബന്ധിതാവസ്ഥയുടെ പരിധിയും സാഹചര്യങ്ങളുമെല്ലാം നാളെ അല്ലാഹുവിന്റെ മുമ്പില്‍ കൃത്യമായി ബോധ്യപ്പെടുത്തേണ്ടി വരും എന്നുള്ള വിശ്വാസത്തോടെ വേണം ഇതിനെ സമീപിക്കാന്‍. തങ്ങളുടെ ഗോത്രക്കാരി മോഷണക്കേസില്‍ ശിക്ഷിക്കപ്പെടുന്നതില്‍ അഭിമാനക്ഷയം ഭയപ്പെട്ടവര്‍ നബി(സ്വ)യുടെ അടുത്തേക്ക് ശിപാര്‍ശകരെ വിട്ടപ്പോള്‍, അദ്ദേഹം പ്രതികരിച്ചത് വളരെ കര്‍ശനമായിട്ടായിരുന്നു എന്നോര്‍ക്കുക.
കൈക്കൂലിയുടെ പൊടിപോലും ഇസ്‌ലാം അനുവദിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന സമ്മാനങ്ങളെയും പാരിതോഷികങ്ങളെയുമെല്ലാം അത് കൈക്കൂലിയുടെ ഗണത്തിലാണുള്‍പ്പെടുത്തുന്നത്. വേതനത്തിനപ്പുറം കൈപ്പറ്റുന്നതെല്ലാം വഞ്ചിച്ചെടുക്കുന്ന താണെന്നാണ് നബി(സ്വ) ഉദ്യോഗസ്ഥരെ ഓര്‍മപ്പെടുത്തിയത്. അസദ് ഗോത്രത്തിലെ സകാത് ശേഖരിക്കാനയച്ച വ്യക്തി നാട്ടുകാര്‍ നല്കിയ പാരിതോഷികങ്ങളുമായി വന്നപ്പോള്‍, നീ മാതാവിന്റെയോ പിതാവിന്റെയോ കൂടെ വീട്ടിലിരുന്നാല്‍ ഇത് കിട്ടുമായിരുന്നോ എന്ന് കോപത്തോടെ പ്രതികരിക്കുകയും, അനര്‍ഹമായത് നേടിയെടുത്തവന്‍ അതുമായി അല്ലാഹുവിനെ സമീപിക്കേണ്ടി വരുമെന്ന് താക്കീതു നല്കി പ്രഭാഷണം നടത്തുകയും ചെയ്തു(ബുഖാരി) 6. യഹൂദികളുടെ ഈത്തപ്പനത്തോട്ടത്തിന്റെ നികുതി പിരിക്കാനായി നബി(സ്വ) നിയോഗിച്ച അബ്ദുല്ലാഹിബ്‌നു റവാഹക്ക് നാട്ടുകാര്‍ സമ്മാനം നല്കിയപ്പോള്‍ ‘അത് കൈക്കൂലിയാണ്, അന്യായമായത് ഞങ്ങള്‍ക്ക് തിന്നാന്‍ പാടില്ലെ’ന്നു പറഞ്ഞ് അദ്ദേഹം പിന്മാറാനുള്ള കാരണം ഇതായിരുന്നു.
നമ്മുടെ നാട് കൈക്കൂലിയും കോഴയുമില്ലാതെ ഒരു സേവനവും നടക്കാത്തവിധത്തില്‍ അധഃപതിച്ചിരിക്കുന്നു. വീടു വെക്കാനും വൈദ്യുതി ലഭിക്കാനും കച്ചവടം തുടങ്ങാനും ഉദ്യോഗം ലഭിക്കാനുമെല്ലാം പല പേരുകളിലറിയപ്പെടുന്ന കോഴ നല്‌കേണ്ടതുണ്ട്. ന്യായമായ ഈ കാര്യങ്ങള്‍ നടന്നു കിട്ടണമെങ്കില്‍ മറ്റുമാര്‍ഗമില്ലാതാവുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മതവും രാജ്യവും നിഷിദ്ധമാക്കിയ കാര്യങ്ങള്‍ക്ക് തലവെച്ചുകൊടുക്കും മുമ്പ് അതല്ലാത്ത എല്ലാ മാര്‍ഗങ്ങളും അന്വേഷിക്കേണ്ടതുണ്ട്. അല്പം താമസിച്ചാലും കുറച്ച് ബുദ്ധിമുട്ടിയാലും കൈക്കൂലിയില്ലാതെ നേടിയെടുക്കുന്നതിലാണ് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവുക.
ഇത്തരം അധര്‍മങ്ങള്‍ വര്‍ധിക്കാനുള്ള ഒരു കാരണം ഇതിന് വിധേയമാകുന്നവര്‍ പ്രതികരിക്കുന്നില്ല എന്നതാണ്. തിന്മകള്‍ക്കെതിരെ ആവുന്ന വിധത്തിലെല്ലാം പ്രതികരിക്കാനും പ്രതിരോധിക്കാനും ബാധ്യതതയുള്ളവരാണ് മുസ്‌ലിംകള്‍. ”ഇസ്രാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും, മര്‍യമിന്റെ മകന്‍ ഈസാ(അ)യുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവര്‍ ചെയ്തിരുന്ന ദുരാചാരത്തെ അവര്‍ അന്യോന്യം തടയുമായിരുന്നില്ല. അവര്‍ ചെയ്തു കൊണ്ടിരുന്നത് വളരെ ചീത്ത തന്നെ”(5 : 78,79).
അബൂബക്ര്‍(റ) പറഞ്ഞു: ജനങ്ങളേ, നിങ്ങള്‍ വിശുദ്ധ ഖുര്‍ആനിലെ ഈ ആയത്ത് പാരായണം ചെയ്യുന്നവരാണല്ലോ. ”സത്യവിശ്വാസികളേ നിങ്ങള്‍ നിങ്ങളുടെ കാര്യം ശ്രദ്ധിക്കുക. നിങ്ങള്‍ സന്‍മാര്‍ഗത്തിലായിരുന്നാല്‍ വഴിപിഴിച്ചവര്‍ നിങ്ങള്‍ക്ക് യാതൊരു ഉപദ്രവവും വരുത്തുകയില്ല”(5:105). എന്നാല്‍ നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടിരുന്നു: അക്രമിയെ കണ്ടിട്ട് ആളുകള്‍ അവന്റെ കൈപിടിക്കുന്നില്ലെങ്കില്‍ അവരെ മുഴുവനും അല്ലാഹുവിന്റെ ശിക്ഷ പിടികൂടിയേക്കാം. (തിര്‍മിദി) 7 ഈ ശിക്ഷയാവാം ഇന്ന് എല്ലാവരെയും ബാധിക്കുന്ന വിധത്തില്‍ കോഴയും കൈക്കൂലിയും വ്യാപകമായത്.
അന്യായമായത് നേടിയെടുക്കാനാണ് കൈക്കൂലിയെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും ശാപമുള്ളതാണവന്‍ നേടിയെടുത്തതെന്നതില്‍ സംശയമില്ല. നരകത്തിലെ തീക്കട്ടയാണവന്‍ നേടിയതെന്നാണ് നബി(സ) അതിനെ വിശേഷിപ്പിക്കുന്നത്.
നോക്കു കൂലി
തൊഴിലാളി അവകാശത്തിന്റെയും ട്രേഡ് യൂണിയന്‍ ശക്തിയുടെയും മറവില്‍ നമ്മുടെ നാട്ടില്‍ നടമാടുന്ന സാമ്പത്തിക കൊള്ളയാണ് നോക്കുകൂലി. കൈക്കൂലിപോലെ അന്യായമായ വരുമാനമാണ് നോക്കുകൂലിയും. മറ്റൊരാളുടെ അധ്വാനത്തിന് താന്‍ പ്രതിഫലം പറ്റുന്നതില്‍ യാതൊരു ധാര്‍മികതയുമില്ല.താന്‍ ചെയ്യേണ്ട ജോലി മറ്റൊരാള്‍ ചെയ്തു എന്നതാണ് നോക്കുകൂലിക്കു ന്യായമായി പറയാറുള്ളത്. നാട്ടു നിയമമനുസരിച്ച് ചില ജോലികള്‍ നിശ്ചയിക്കപ്പെട്ടവര്‍ക്കേ പാടുള്ളൂവെങ്കിലും ശേഷിയുള്ള ആര്‍ക്കും സ്വതന്ത്രമായി ജോലിചെയ്യാനും കഴിവുറ്റ ആരെയും അതിന് ചുമതലപ്പെടുത്താനും ഇസ്‌ലാം അനുമതി നല്കുന്നുണ്ട്. ഇവിടെ സമൂഹ നന്മയില്‍ ഭരണാധികാരികളും മറ്റും നിശ്ചയിക്കുന്ന നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ടെങ്കിലും ആരും അക്രമിക്കപ്പെടാന്‍ പാടില്ലെന്ന വശവും പ്രധാനമാണ്. ഒരു തൊഴിലാളിയോടുള്ള ന്യായമല്ലാത്ത വെറുപ്പോ അമിതമായ ലാഭമോഹമോ കാരണത്താല്‍ തൊഴില്‍ മുടക്കുന്നത് ശരിയല്ല. മറ്റു തൊഴില്‍ അസാധ്യമായ വിധത്തില്‍ അന്യായമായാണ് തടയപ്പെട്ടതെങ്കില്‍ അയാള്‍ക്ക് കൂലിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ അയാളുടെ കഴിവുകേടോ വിശ്വസ്തതില്ലായ്മയോ അമിതകൂലിയോ കാരണമാണ് മറ്റൊരാളെ തൊഴിലിന് ഏര്‍പ്പെടുത്തിയതെങ്കില്‍, അല്ലെങ്കില്‍ ഉടമക്ക് സ്വയം ചെയ്തതാണെങ്കില്‍ അതിന്റെ പേരില്‍ കൂലി കൈപ്പറ്റാനോ, ചെറിയ ഒരംശമെങ്കിലും ആവശ്യപ്പെടാനോ പാടില്ലാത്തതാണ്.
വിദേശ തൊഴില്‍ റിക്രൂട്‌മെന്റിന്റെ പേരിലും തൊഴിലാളികളെ സപ്ലൈ ചെയ്യുന്നതിന്റെ പേരിലുമെല്ലാം ചെലവും അധ്വാനക്കൂലിയുമല്ലാതെ അവരില്‍ നിന്ന് വന്‍തുക വാങ്ങുന്നതും കമ്മീഷനായി വേതനം പറ്റുന്നതും ഇതുപോലെ നിഷിദ്ധമായ നോക്കു കൂലിയാണ്.
References
- തഫ്‌സീറു കശ്ശാഫ്, മഹ്‌മൂദ് ബ്‌നു ഉമറുബ്‌നു അഹ്‌മദ് അസ്സമഖ്ശരീ, ദാറു രിയാന്‍, കെയ്‌റോ, മൂന്നാം പതിപ്പ്, 1987, വാള്യം 01, പേജ് 261, 262[↩]
- മജ്മൂഉല്‍ ഫതാവാ വ റസാഇലു ഫദീലത്തു ശൈഖ് മുഹമ്മദ് ബ്‌നു സ്വാലിഹുല്‍ ഉസൈമീന്‍, ദാറുല്‍ വത്വന്‍, ഒന്നാം പതിപ്പ്, ഹിജ്‌റ 1438, വാള്യം 32, പേജ് 243, 244[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 799, ഹദീസ് 2166[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 391, ഹദീസ് 6777[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 14, ഹദീസ് 1336[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 2559, ഹദീസ് 6578[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 467, ഹദീസ് 2168[↩]
