ഇസ്‌ലാം മനുഷ്യരുടെ ജീവിതത്തെ സമഗ്രമായി നയിക്കുന്ന ഒരു ദൈവിക മാര്‍ഗ്ഗരേഖയാണ്. വ്യക്തിജീവിതം മുതല്‍ സാമൂഹികവും സാമ്പത്തികവുമായ ഇടപാടുകള്‍ വരെ നീതിയും നന്മയും ഉറപ്പാക്കുന്ന മാര്‍ഗങ്ങള്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. ഹലാല്‍ വരുമാനം, പരസ്പര വിശ്വാസം, വഞ്ചനയില്ലായ്മ, അന്യായ ലാഭം ഒഴിവാക്കല്‍ എന്നിവയാണ് അനുവദനീയ ഇടപാടുകള്‍ എന്നതിന്റെ അടിസ്ഥാനതത്വങ്ങള്‍. വ്യാപാരം, കരാര്‍, കടം, പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ മനുഷ്യര്‍ക്കിടയില്‍ സുതാര്യതയും സാമൂഹിക ഉത്തരവാദിത്വവും വളര്‍ത്തുകയാണ് ഇസ്‌ലാം ലക്ഷ്യമിടുന്നത്. ലൗകീയ പുരോഗതിയോടൊപ്പം ആത്മീയ ശുദ്ധിയും ഉറപ്പാക്കുന്ന ഇത്തരം ഇടപാടുകളാണ് ഇസ്‌ലാമിക ജീവിത വ്യവസ്ഥയുടെ ശക്തമായ അടിത്തറ.
കുറി
ഒരുതരം നിക്ഷേപമാണ് കുറികള്‍. ഇത് പലതരത്തിലുണ്ട്. ദിവസം, ആഴ്ച, മാസം പോലെ നിശ്ചിത ദിവസങ്ങളില്‍ കുറിയില്‍ ചേര്‍ന്ന വ്യക്തികള്‍ തുല്യമായ സംഖ്യകള്‍ അടയ്ക്കും. നിശ്ചയിച്ച സമയങ്ങളില്‍ നറുക്കെടുത്ത് മുന്‍ഗണനാ ക്രമത്തില്‍ നറുക്ക് കിട്ടുന്ന മുറയ്ക്ക് അംഗങ്ങള്‍ക്ക് നല്കും. കുറിയുടെ മൊത്ത തുകയിലെ ചെറിയ ഒരു സംഖ്യ ‘മൂപ്പ്’ എന്ന പേരില്‍ കുറിനടത്തിപ്പുകാര്‍ എടുക്കുകയും ബാക്കി മുഴുവന്‍ സംഖ്യയും അംഗത്തിന് ലഭിക്കുകയുംചെയ്യുന്നു. ഇതാണ് സാധാരണ നടക്കുന്ന കുറികള്‍. ഇതില്‍ എല്ലാ അംഗങ്ങള്‍ക്കും അവര്‍ അടയ്ക്കുന്ന തുക ലഭിക്കുന്നുണ്ട്. നറുക്കെടുപ്പില്‍ ചിലര്‍ക്ക് നേരത്തെ തന്നെ സംഖ്യ ലഭിക്കുന്നു എന്നേയുള്ളൂ.
സാധാരണക്കാര്‍ക്ക് അവരുടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു നിക്ഷേപ സംരംഭമാണ് ഇത്. ഇതില്‍ കുറി നടത്തിപ്പുകാരന്‍ സ്വീകരിക്കുന്നത് അയാളുടെ അധ്വാനഫലമാണ്. ഇത് പലിശയായി പരിഗണിക്കേണ്ടതില്ല. ഇസ്‌ലാമിക ബാങ്കുകള്‍ നല്കുന്ന ഖര്‍ദ് ഹസന്‍ എന്നു പറയുന്ന പലിശമുക്ത കടത്തിലും സര്‍വീസ് ചാര്‍ജ് എന്ന ചെറിയ തുക വാങ്ങാറുണ്ട്. പലിശയൊന്നുമില്ലാതെ ഒരാളില്‍ നിന്നും കടം വാങ്ങാന്‍ നാം അയാളുടെ അടുത്തേക്ക് പോകാന്‍ ചെലവാക്കുന്ന പണം, അയാള്‍ ഇങ്ങോട്ടു കൊണ്ടുവന്നു തരുമ്പോള്‍ ആവശ്യപ്പെട്ടാല്‍ അതു നീതി മാത്രമാണ്. ഇക്കാര്യമാണ് ഇത്തരം കുറികളിലെ മൂപ്പു സംഖ്യ. ഇത്രയേറെ ആളുകളില്‍ നിന്ന് അത് കൃത്യമായി ശേഖരിക്കുകയും അവധിവരെ സൂക്ഷിക്കുകയും നറുക്കെടുത്ത് അവകാശികള്‍ക്ക് എത്തിക്കുകയും ചെയുന്ന ഉത്തരവാദിത്തവും അധ്വാനവും അയാള്‍ സൗജന്യമായി ചെയ്താല്‍ പുണ്യമാണെന്നു പറയാമെന്നല്ലാതെ മൂപ്പ് ഉപയോഗിക്കുന്നത് നിഷിദ്ധമാണെന്നു പറയാന്‍ കഴിയില്ല. എന്നാലും തങ്ങളുടെ അധ്വാനത്തെക്കാള്‍ വലിയ സംഖ്യ മൂപ്പായി വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരം കുറികള്‍ ചില ഇസ്‌ലാമിക സംഘടനകളും സ്ഥാപനങ്ങളും നടത്താറുണ്ട്. മൂപ്പായി ലഭിക്കുന്ന സംഖ്യ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇവിടെ മൂപ്പ് ചിലപ്പോള്‍ കൂടിയ അളവില്‍ ആകാറുണ്ട്. പക്ഷേ, കുറിയില്‍ പങ്കെടുക്കുന്ന ആളുകള്‍ നന്മയിലേക്കുള്ള ഒരു ദാനം എന്ന നിലയില്‍ കൂടിയാണ് ഈ സംരംഭത്തില്‍ പങ്കാളികളാകുന്നത് എന്നതിനാല്‍ അത് ഒരു തെറ്റായി പരിഗണിക്കേണ്ടതില്ല. നേര്‍ച്ച പിശുക്കന്‍മാരില്‍ നിന്ന് പണം പുറത്തുകൊണ്ടു വരുന്നു എന്ന് റസൂല്‍(സ) പറഞ്ഞതുപോലെ നേര്‍ക്കുനേരെ നന്മകള്‍ക്കു മുടക്കാന്‍ കഴിയാത്തവര്‍ക്ക് ഇതൊരു അവസരം കൂടിയാണ്.
എന്നാല്‍ മറ്റു ചില കുറി രീതികള്‍ പലിശയുമായി സാമ്യമുള്ളതാണ്. ലേലക്കുറി അല്ലെങ്കില്‍ വിളിക്കുറി ഇതില്‍ പെട്ടതാണ്. അഥവാ കുറിയിലെ അംഗങ്ങളില്‍ പണത്തിന് അത്യാവശ്യമുള്ളവര്‍ക്ക് നറുക്കെടുപ്പില്ലാതെ പണം ലഭിക്കാനായി ലേലം വിളിക്കുന്നു. തന്റെ അത്യാവശ്യത്തിന് പണം ആവശ്യമുള്ളപ്പോള്‍ ലഭിക്കുമെന്നത് ഇതിന്റെ ഗുണമാണ്. പക്ഷേ, താന്‍ അടയ്‌ക്കേണ്ടതിനെക്കാള്‍ വളരെ കുറഞ്ഞ സംഖ്യയേ അയാള്‍ക്ക് ലഭിക്കുകയുള്ളൂ. ഒരു ലക്ഷം രൂപ അടവു വരുന്ന കുറി ആദ്യമാസങ്ങളില്‍ തന്നെ ലേലത്തിലൂടെ ലഭിക്കണമെങ്കില്‍ ഇരുപതിനായിരമോ മുപ്പതിനായിരമോ പോലെ വലിയ സംഖ്യ നഷ്ടം വരും. ഇതില്‍ ബാക്കി വരുന്ന തുക മറ്റു കുറിക്കാര്‍ക്ക് വീതിച്ചു നല്കുക വഴി അവര്‍ അടക്കേണ്ട തുകയേക്കാള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്യും. ഈ രീതി നിഷിദ്ധമാണ്. അത്യാവശ്യക്കാരന്റെ പ്രയാസത്തെ ഇവിടെ ചൂഷണംചെയ്യുകയാണ്. മറ്റുള്ളവരാകട്ടെ തങ്ങള്‍ അടച്ചതിനെക്കാള്‍ സംഖ്യകൈപ്പറ്റുകയും ചെയ്യുന്നു. ഇത് പലിശ തന്നെയാണ്.
ലേലം, ടെന്‍ഡര്‍
ഒരു ഉത്പന്നത്തിന് പരമാവധി വില ലഭിക്കാന്‍ വേണ്ടി പരസ്യമായി വിലപേശുന്ന കച്ചവട രീതിയാണ് ലേലം. ഏറ്റവും കൂടുതല്‍ പണം തരാന്‍ തയ്യാറുള്ളവന് ചരക്ക് വില്‍ക്കുക എന്നതാണ് ഇവിടെ നടക്കുന്നത്. നബി(സ്വ) ഒരു പാനപാത്രവും വിരിപ്പും ഇങ്ങനെ വില്‍പന നടത്തിയതായി ഇമാം തിര്‍മിദി ഉദ്ധരിക്കുന്ന ഹദീസില്‍ കാണുന്നു. ഇത് ലേലം ഇസ്‌ലാമികമായി അനുവദനീയമാണെന്നതിന് പണ്ഡിതന്മാര്‍ തെളിവാക്കുന്നു. ഒരാളുടെ കച്ചവടത്തിനു മേല്‍ കച്ചവടം ചെയ്യരുതെന്നും, വില ഏറ്റിപ്പറയരുതെന്നും മറ്റും നബി(സ്വ) നിര്‍ദേശിച്ചതിന്റെ പരിധിയില്‍ ഇതു വരുന്നില്ല. കാരണം ഇവിടെ ഒരാള്‍ മാത്രമായി കച്ചവടത്തില്‍ പങ്കെടുക്കുകയോ ഒരാളുടെ വിലയില്‍ കച്ചവടം ഉറപ്പിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ആവശ്യക്കാരന് വസ്തു കിട്ടുന്നത് തടസ്സം ചെയ്യാന്‍ വേണ്ടി വില കയറ്റി വിളിച്ചുകൊണ്ടിരിക്കുന്നത് ശരിയായ പ്രവണതയല്ല.
രഹസ്യമായി നടത്തുന്ന ലേലമാണ് ടെന്‍ഡര്‍. ഒരു വസ്തുവിന് കൂടുതല്‍ അവകാശികള്‍ ഉണ്ടാവുകയും അവര്‍ തങ്ങള്‍ക്ക് നല്കാന്‍ കഴിയുന്ന വില എഴുതി മുദ്രവെച്ച് ഉടമസ്ഥനെ ഏല്പിക്കുകയും ചെയ്യുന്നു. എല്ലാവരും എഴുതി നല്കിയത് തുറന്ന് അതില്‍ ഏറ്റവും കൂടുതല്‍ തുക എഴുതിയ വ്യക്തിക്ക് വസ്തു കൈമാറുന്നു. ചില കാര്യങ്ങളില്‍ ഏറ്റവും കുറവു പണം എഴുതിയ വ്യക്തിക്ക് വസ്തു കൈമാറുന്നു. ഇതും അനുവദനീയമായ ഇടപാടു തന്നെയാണ്. കുറഞ്ഞ ടെന്‍ഡറില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് അതില്‍ കൃത്രിമം കാണിക്കുന്നതു പാടില്ലാത്തതാണ്.
ടെന്‍ഡറിലും ലേലത്തിലുമെല്ലാം ചില കുതന്ത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഉടമയ്ക്ക് മാന്യമായ വിലകിട്ടാതിരിക്കാനായി ഇവയില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി തീരുമാനിച്ച് വില കുറച്ച് ലേലം വിളിക്കുകയും ടെന്‍ഡര്‍ നല്കുകയും ചെയ്യുന്നത് വഞ്ചനയാണ്. പലപ്പോഴും സര്‍ക്കാരിന്റെയും മറ്റും പൊതു വസ്തുക്കളും സംരംഭങ്ങളുമായിരിക്കും ഇങ്ങനെ ലേലത്തിനും ടെന്‍ഡറിനും വിധേയമാവുക. അതിനാല്‍ തന്നെ ഉദ്യോഗസ്ഥരുമെല്ലാമായി ഒത്തുകളിച്ച് അര്‍ഹമായ വരുമാനം സര്‍ക്കാരിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകാറുണ്ട്. റീ ടെണ്ടറും പുനര്‍ ലേലവുമൊന്നും ഇത്തരം കോക്കസ് കാരണം ഫലപ്രദമാകാതെ വരുന്നു. ചതിക്കുന്നത് സര്‍ക്കാരിനെയായാലും മുസ്‌ലിമിന് തന്റെ വിഭവത്തില്‍ സൂക്ഷ്മത പാലിക്കാന്‍ ബാധ്യതയുണ്ട്.
കമ്മീഷനും ബ്രോക്കറേജും
ഒരുതരം അധ്വാന ലാഭമാണ് കമ്മീഷനും ബ്രോക്കറേജും. ഇത് എല്ലാതരം സാമ്പത്തിക ഇടപാടുകളിലും സാധാരണമാണ്. ഒരര്‍ഥത്തില്‍ കച്ചവടത്തിലെ ലാഭങ്ങളെല്ലാം കമ്മീഷനാണ് എന്നു പറയാം. മൊത്തവ്യാപാരിയില്‍ നിന്നും വാങ്ങുന്ന ചരക്കില്‍ ചില്ലറവില്‍പനക്കാരനെടുക്കുന്ന ലാഭം അയാളുടെ കമ്മീഷനാണ്. ഉത്പാദകനില്‍ നിന്ന് സാധനങ്ങളെടുത്ത് ഗുദാമില്‍ സൂക്ഷിക്കുന്ന മൊത്തക്കച്ചവടക്കാരനും കൈപ്പറ്റുന്നത് കമ്മീഷനാണ്. ഇവിടെ കമ്മീഷന്‍ എന്നത് തങ്ങള്‍ വില്‍ക്കുന്ന വസ്തുവിന് ഇത്ര ശതമാനം ലാഭം കിട്ടണം എന്നു പറയുന്നതിന്റെ മറ്റൊരു പദം മാത്രമാണ്. ഈ ആശയത്തില്‍ കമ്മീഷന്‍ അനുവദനീയമായ ഇടപാടാണ്. ഒരു വസ്തുവിന് ഇത്ര തുക എനിക്കു തരണം, ഏറെ കിട്ടുന്നത് നിനക്കെടുക്കാം എന്ന വ്യവസ്ഥയില്‍ ഏജന്റിനെ ഏല്പിക്കുന്നതില്‍ തെറ്റില്ലെന്ന് ഇബ്‌നു അബ്ബാസ്(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകള്‍ അവരുടെ നിബന്ധനകള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടവരാണ് എന്ന നബി(സ്വ) വചനമാണ് ഇതിന് അടിസ്ഥാനം.
ഉത്പാദകനും ഗുണഭോക്താവിനുമിടയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നവരാണ് ഏജന്റുമാര്‍. ക്രേതാവിനെയും വിക്രേതാവിനെയും പരസ്പരം ബന്ധിപ്പിക്കുകയും അവര്‍ക്കിടയില്‍ ഇടപാടു നടത്താനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുകയുമാണ് ഇവരുടെ ഉത്തരവാദിത്തം. വ്യാപാര ഏജന്റുമാര്‍, കമ്മീഷന്‍ ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍ എന്നൊക്ക സാന്ദര്‍ഭികമായി ഇവര്‍ വിളിക്കപ്പെടുന്നു. ക്രേതാവിനും വിക്രേതാവിനുമിടയില്‍ ഇടപാടിന് ഇവര്‍ പലപ്പോഴും അത്യാവശ്യമാണ്. ഇടപാടുകള്‍ സുഗമമായി നടക്കാനും ഗുണഭോക്താവിനും മുതലുടമയ്ക്കും ന്യായവും മാന്യവുമായ ഇടപാടു നടക്കാനും ഇവര്‍ സഹായികളാകും. ഉത്പാദകനില്‍ നിന്നോ മൊത്തവ്യാപാരിയില്‍ നിന്നോ സ്വന്തം ഉത്തരവാദിത്തത്തില്‍ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കുകയും ആവശ്യക്കാരായി വരുന്ന ഉപഭോക്താക്കള്‍ക്ക് വില്‍പന നടത്തുകയും ചെയ്യുക, മൊത്തവ്യാപാരിക്കുവേണ്ടി ചില്ലറക്കാരനില്‍ നിന്ന് ഓര്‍ഡര്‍ ശേഖരിക്കുക, ഉടമയ്ക്കുവേണ്ടി വില്‍പന നടത്തുക, ഉടമയ്ക്കുവേണ്ടി ചരക്കുകള്‍ വാങ്ങി സംഭരിക്കുകയും സൂക്ഷിക്കുകയുംചെയ്യുക എന്നീ മേഖലകളിലെല്ലാം ഇവര്‍ ജോലിചെയ്യുന്നു. ഇത് ഉത്തരവാദിത്തമുള്ള ജോലി തന്നെയാണ്. ഇടപാടിലെ ലാഭനഷ്ടങ്ങള്‍ ഇവരെ ബാധിക്കില്ല. തങ്ങള്‍ ചെയ്ത് ജോലിക്ക് കൂലി എന്ന നിലയില്‍ ഇടപാട് സംഖ്യയുടെ നിശ്ചിത വിഹിതമോ അല്ലെങ്കില്‍ ക്രേതാവില്‍ നിന്നോ വിക്രേതാവില്‍ നിന്നോ രണ്ടുപേരില്‍ നിന്നുമായോ മുന്‍കൂട്ടി നിശ്ചയിക്കുന്ന സംഖ്യയോ ഇവര്‍ കൈപ്പറ്റുന്നു. ഇതാണ് കമ്മീഷന്‍, ബ്രോക്കറേജ് എന്നിങ്ങനെ വ്യവഹരിക്കപ്പെടുന്നത്.
എന്നാല്‍ എനിക്കുവേണ്ടി ചരക്കുവാങ്ങുന്ന വ്യക്തിക്ക് കടയുടമ ഒരു നിശ്ചിത സംഖ്യ കമ്മീഷനായി നല്കുകയും അത് എന്റെ മുതലില്‍ നിന്ന് തിരിച്ചുപിടിക്കുകയുംചെയ്യുന്ന പര്‍ചേസ് കമ്മീഷന്‍ നിഷിദ്ധമാണ്. കമ്പനികള്‍ തങ്ങളുമായുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി ഉടമസ്ഥനല്ലാത്ത സെയ്ല്‍സ് മാനേജര്‍ക്കും മറ്റും നല്കുന്ന കമ്മീഷനുകളും ഇതുപോലെ നിഷിദ്ധമാകും. ഒരു പക്ഷേ, മറ്റൊരു കമ്പനിയുടെ വസ്തു വിറ്റഴിക്കുന്നതാകാം കടയുടമയ്ക്ക് കൂടുതല്‍ ലാഭമുണ്ടാക്കുക.
എന്നാല്‍ അയാളുടെ കടയില്‍ നിന്ന് വസ്തുവാങ്ങിക്കാനുള്ള പ്രലോഭനമായി അയാള്‍ എനിക്ക് യാതൊരു നഷ്ടവും വരുത്താതെ തരുന്ന സമ്മാനങ്ങള്‍ കൈപ്പറ്റുന്നതില്‍ തെറ്റില്ല.
ഡോക്ടര്‍മാരും മറ്റും ലബോറട്ടറിക്കാരോടും മരുന്നുകമ്പനികളോടും മറ്റും കൈപ്പറ്റുന്ന കമ്മീഷനുകള്‍ എഞ്ചിനയര്‍മാര്‍ ഉത്പന്നങ്ങള്‍ക്കനുസരിച്ച് കമ്പനികളില്‍ നിന്ന് വാങ്ങുന്ന കമ്മീഷന്‍, സര്‍ക്കാര്‍ ജീവനക്കാര്‍ ഉപഭോക്താക്കളോട് വാങ്ങുന്ന കമ്മീഷന്‍ എന്നിവയെല്ലാം കോഴയുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുക. അവ നിഷിദ്ധമാണ്. ഇവയെല്ലാം തങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിനു പുറമെ ആര്‍ക്കെങ്കിലും നഷ്ടങ്ങളുണ്ടാക്കുന്ന വ്യവഹാരങ്ങളാണെന്നതിനാലാണ് നിഷിദ്ധമാകുന്നത്. ഇവിടെയൊന്നും അധ്വാന പ്രതിഫലമല്ല ഇവര്‍ കൈപ്പറ്റുന്നത്. മാത്രമല്ല അത് ഗുണഭോക്താവിന്റെ സമ്മതമില്ലാതെ അയാളുടെ സ്വത്തിന്റെ ഓഹരിഭുജിക്കലാണ്. ചില കമ്പനികളും ഉടമകളുമെല്ലാം ഇത്തരം കമ്മീഷനുകള്‍ അവരുടെ പ്രതിഫലത്തിന്റെ ഭാഗമായി പരിഗണിച്ച് അനുവദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അവ നിഷിദ്ധമല്ല.
തൊഴില്‍ റിക്രൂട്ട്‌മെന്റ് മേഖലയില്‍ വിദേശത്തേക്കും പ്രദേശത്തേക്കും തൊഴിലാളികളെ സംഘടിപ്പിക്കുന്നവന്‍ എന്ന നിലയിലും അവര്‍ക്ക് തൊഴില്‍ സംഘടിപ്പിച്ചു നല്കുന്നവന്‍ എന്ന നിലയിലും അവര്‍ക്കുവേണ്ടി വാങ്ങുന്ന കൂലിയില്‍ നിന്ന് ദിനേനെ നിശ്ചിതസംഖ്യ സ്വീകരിക്കുന്നതും സക്ഷ്മതയുള്ളവര്‍ ഒഴിവാക്കേണ്ടതാണ്. ആ ജോലി സംഘടിപ്പിക്കാനും അവരെ സ്ഥലത്തെത്തിക്കാനും മറ്റുമായി വരുന്ന ചെലവും അധ്വാനക്കൂലിയുമല്ലാതെ അവരുടെ കൂലിയുടെ വിഹിതമായി സ്വീകരിക്കുന്ന കമ്മീഷന്‍ ശരിയല്ലാത്ത വരുമാനമാണ്. ഒരു സ്ഥാപനം ഉണ്ടാക്കി നല്കി അതിന്റെ വരവിന്റെ ഇത്ര ശതമാനം കമ്മീഷനായി നല്കണമെന്ന് ആവശ്യപ്പെടുന്നത്, മുറാബഹ എന്ന കൂറുകച്ചവടത്തിന്റെ രൂപത്തിലാണെങ്കില്‍, ലാഭനഷ്ട പങ്കാളിത്ത വ്യവസ്ഥകള്‍ക്ക് ആനുപാതികമായി അനുവദനീയമാണ്.
പ്രത്യേകം നിഷിദ്ധമാക്കാത്ത എല്ലാ ഇടപാടുകളും ഇസ്‌ലാമില്‍ അനുവദനീയമാണ് എന്നതിനാല്‍ ഈ രൂപത്തിലുള്ള ഇടപാടുകളും അനുവദനീയതയുടെ പരിധിയില്‍ വരുന്നതാണ്. മാര്‍ക്കറ്റിലെത്തേണ്ട ചരക്കുകള്‍ വഴിയില്‍ കച്ചവടം ചെയ്യുന്നത് നബി(സ്വ) നിരോധിച്ചിട്ടുണ്ട്. ഇങ്ങനെ മാര്‍ക്കറ്റുകളില്‍ നിന്നും അവിടെയുള്ള സ്വതന്ത്രമായ ഇടപാടുകളില്‍ നിന്നും തടയുന്ന വിധത്തില്‍ ഏജന്റുമാര്‍ ഇടത്തട്ടുകാരാകാന്‍ പാടില്ലെന്നു മനസ്സിലാക്കാം.നേര്‍ക്കു നേരെ നടക്കാവുന്ന ഇടപാടുകളില്‍ തങ്ങളുടെ പങ്കാളിത്തം നിര്‍ബന്ധമാണെന്നും പങ്കെടുത്തില്ലെങ്കിലും തങ്ങളുടെ നിശ്ചിത ഓഹരി (നോക്കുകൂലി) നിര്‍ബന്ധമായും നല്കണമെന്നും ആവശ്യപ്പെടുന്നതും തങ്ങളെ ഏല്പിക്കാത്ത ഇടപാട് നടത്താന്‍ അനുവദിക്കാതിരിക്കുന്നതും അക്രമമാണ്. അതുപോലെ സാമൂഹിക ബാധ്യത എന്ന നിലയില്‍ സൗജന്യമായും പുണ്യം പ്രതീക്ഷിച്ചും നിര്‍വഹിക്കേണ്ട ചില ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ പേരില്‍ കമ്മീഷന്‍ പറ്റുന്നതും ശരിയല്ല. വിവാഹ ദല്ലാളുമാരും ജനസേവന സ്ഥാപനങ്ങള്‍ക്കു വേണ്ടി പണപ്പിരിവു നടത്തുന്നവരും ഇത് വരുമാനമാര്‍ഗമാക്കുന്നത് അഭിലഷണീയമല്ല. എന്നാല്‍ തങ്ങളുടെ ചെലവും അധ്വാനഫലവും ഇതില്‍ നിന്ന് കൈപ്പറ്റുന്നത് തെറ്റായി ഗണിക്കാവതല്ല. അത് എത്രയാവാമെന്നത് ഈമാനും സാഹചര്യവും തീരുമാനിക്കേണ്ടതാണ്.
ബ്രോക്കര്‍മാരിലൂടെയുണ്ടാകുന്ന മറ്റൊരു അപചയം, പലവസ്തുക്കള്‍ക്കും അനാവശ്യമായി വിലയേറാനും ന്യൂനതയുള്ള വസ്തുക്കള്‍ മുന്തിയപരിഗണനയില്‍ വിറ്റുപോകാനും കാരണമാകുന്നു എന്നതാണ്. ഇവരുടെ കമ്മീഷന്‍ വര്‍ധിക്കുന്നതിനുവേണ്ടി മാര്‍ക്കറ്റു വിലവര്‍ധിപ്പിച്ചാണ് പലപ്പോഴും ഇവര്‍ കച്ചവടം നടത്തുന്നത്. അമിതവില കിട്ടി എന്ന് വില്‍പനക്കാരനെയും കുറഞ്ഞവിലയിലാണ് ഇടപാട് എന്ന് ഉപഭോക്താവിനെയും തെറ്റിദ്ധരിപ്പിച്ചു രണ്ടുപേരില്‍ നിന്നും കമ്മീഷന്‍ കൈപ്പറ്റുന്ന പ്രവണതയും വ്യാപകമാണ്. അതുപോലെ നിശ്ചിത വിലയില്‍ കൂടുതലുള്ളതെല്ലാം ഏജന്റിനാണ് എന്ന് വ്യവസ്ഥയില്‍ പലപ്പോഴും ഇല്ലാത്ത ഗുണഗണങ്ങള്‍ പറഞ്ഞ് വസ്തു കൈമാറ്റംചെയ്യാന്‍ ചില ബ്രോക്കര്‍മാര്‍ ശ്രമിക്കുന്നതും പതിവാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ ഇത്തരം ദൂഷ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‌ക്കേണ്ടതാണ്. ഇസ്‌ലാം നിഷിദ്ധമാക്കിയ മദ്യം, കൈക്കൂലി, സ്ത്രീധനം പോലുള്ള കാര്യങ്ങളില്‍ മധ്യവര്‍ത്തികളാകാനോ, പൂഴ്ത്തിവെപ്പ്, അമിതലാഭം പോലെ ഇടപാടുകളില്‍ ഇസ്‌ലാം നിരോധിച്ച മാര്‍ഗങ്ങള്‍ അവലംബിക്കാനോ പാടില്ലാത്തതാണ്.
ഹയര്‍ പര്‍ചേയ്‌സ്, ഇന്‍സ്റ്റാള്‍മെന്റ്, വിലവര്‍ധന
ആധുനിക സാമ്പത്തിക ഇടപാടുകളില്‍ വളരെ വ്യാപകമായ രീതികളാണ് ഹയര്‍ പര്‍ചേയ്‌സും ഇന്‍സ്റ്റാള്‍മെന്റും. കച്ചവടക്കാന്‍ ഒരു വസ്തുവിന്റെ വില ഉപഭോക്താവില്‍ നിന്ന് ഗഡുക്കളായി ഈടാക്കുന്ന രീതികളാണിത്. കച്ചവടക്കാരന് തന്റെ പക്കലുള്ള വസ്തുക്കള്‍ വില്പന നടത്താനും റൊക്കമായി പണം നല്കാന്‍ ശേഷിയില്ലാത്ത ഗുണഭോക്താവിന് തനിക്കാവശ്യമായ വസ്തുക്കള്‍ നേടിയെടുക്കാനും ഇത് ഏറെ സഹായകമാണ്. ഹയര്‍ പര്‍ചേയ്‌സില്‍ ഇങ്ങനെ വില്‍ക്കുന്ന വസ്തുവിന്റെ ഉടമസ്ഥാവകാശം അവസാന ഗഡു അടച്ചുതീരുമ്പോഴേ ഉപഭോക്താവിന് ലഭിക്കുകയുള്ളൂ. എന്നാല്‍ ഇന്‍സ്റ്റാള്‍മെന്റ് പദ്ധതിപ്രകാരം ചരക്ക് ആദ്യം തന്നെ ഗുണഭോക്താവിന് ലഭിക്കുന്നു. പണം പിന്നീട് ഗഡുക്കളായി അടുച്ചുതീര്‍ത്താല്‍ മതി. ഈ രണ്ടു ഇടപാടിലും ചരക്കുകള്‍ക്ക് റൊക്കം വാങ്ങുന്നതിനെക്കാള്‍ വിലയുണ്ടാകും. ഇതു പലിശയാണെന്നും അതിനാല്‍ ഇത് പാടില്ലാത്ത ഇടപാടാണെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. എന്നാല്‍ ഭൂരിപക്ഷം ഇമാമുകളും ഇത് നിയമവിധേയമായ ഇടപാടായി കാണുന്നു. കച്ചവടം അനുവദനീയമാക്കിയതാണെന്നും കടമായി കച്ചവടം നബി(സ്വ) നടത്തിയിരുന്നുവെന്നും അതിനാല്‍ ഗഡുക്കളായി പണം സ്വീകരിക്കുന്ന രണ്ടു രീതിയും അനുവദനീയമാണെന്നും അവര്‍ പറഞ്ഞു. ഒരു കച്ചവടത്തില്‍ രണ്ടുകച്ചവടം ചെയ്യുന്നത് നബി(സ്വ) നിരോധിച്ചിരിക്കുന്നു എന്ന് അബൂഹൂറയ്‌റ(റ)വില്‍ നിന്ന് ഇമാം തിര്‍മിദി ഉദ്ധരിക്കുന്ന ഹദീസിന്റെ പരിധിയില്‍ ഇതുവരുന്നില്ല.
റൊക്കമുള്ളതിനെക്കാള്‍ വാങ്ങുന്ന വില പലിശയായി പരിഗണിക്കാനാവില്ല. ഇതില്‍ ഉപഭോക്താവിന് ഒന്നുകില്‍ റൊക്കം പണം നല്കി കുറഞ്ഞവിലക്കു സാധനം വാങ്ങാനും അല്ലെങ്കില്‍ ഘട്ടംഘട്ടമായി കൂടുതല്‍ പണം നല്കി വാങ്ങാനും അവസരമുണ്ട്. ഇതില്‍ ഏതു സ്വീകരിക്കാനും അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇത് രണ്ടുപേരും തൃപ്തിപ്പെട്ടു നടത്തുന്ന ഇടപാടാണ്. കച്ചവടക്കാരന് പണം നേരത്തെ ലഭിക്കുന്നില്ല എന്നതിനാല്‍ ആ പണംകൊണ്ട് അയാള്‍ക്ക് ലഭിക്കുമായിരുന്ന പ്രയോജനങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. അതുപോലെ തനിക്ക് പിന്നീട് ലഭിക്കുമായിരുന്ന ചരക്ക് ഇപ്പോള്‍ തന്നെ കരസ്ഥമാവുക വഴി ഗുണഭോക്താവിന് അതിന്റെ പ്രയോജനം നേരത്തെ എടുക്കാനും കഴിയുന്നു. ഇങ്ങനെ രണ്ടുകൂട്ടര്‍ക്കും ഇതില്‍ പ്രയോജനങ്ങളുണ്ട്. (ഇബ്‌നു ഖുദാമ, മുഗ്‌നീ, ഇമാം ശൗകാനീ നൈലുല്‍ അൗതാര്‍)
എന്നാല്‍ ഈ ഇടപാടു രീതികള്‍ പരമാവധി നീതിപൂര്‍വകമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അത്യാവശ്യക്കാരനെ ചൂഷണം ചെയ്യുന്ന വിധത്തില്‍ വലിയ വില ഈടാക്കാനും ഗുണം കുറഞ്ഞ വസ്തുക്കള്‍ നല്കി ചതിക്കാനും പാടില്ല. നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് ഭിന്നമായി ഗഡുക്കളുടെ അടവില്‍ വീഴ്ച സംഭവിക്കുമ്പോഴോ മറ്റോ അതിനുമേല്‍ പിഴ ചുമത്തുന്നതും ശരിയല്ല. അതുപൊലെ, ഈ ഇടപാടുകള്‍ ചില ദുഷിച്ച നടപടികള്‍ക്കും കാരണമാകുന്നുണ്ട്. അത്യാവശ്യമില്ലാത്തതും ആഡംബരത്തിനും ധൂര്‍ത്തിനും പൊങ്ങച്ചത്തിനുമായും സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഇത് ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. സാധാരണക്കാരാണ് ഇതിന്റെ ഗുണഭോക്താക്കളെന്നതിനാല്‍, തങ്ങളുടെ വരുമാന പരിധിയെക്കാള്‍ ചരക്കുകള്‍ വാങ്ങി അധികപേരും കടത്തിന്റെ ഊരാക്കുടുക്കില്‍ പെടുകയാണ്. അതിനാല്‍ അത്യാവശ്യ സന്ദര്‍ഭത്തില്‍ മാത്രം ഇത്തരം ഇടപാടുകള്‍ നടത്തുന്നതാണ് സത്യവിശ്വാസികള്‍ക്ക് ഭൂഷണമായിട്ടുള്ളത്. അവരവരുടെ വിശ്വാസവും ഭക്തിയുമാണ് ഈ അത്യാവശ്യത്തിന്റെ പരിധി നിര്‍ണയിക്കേണ്ടത്. ഇടപാടു വസ്തുക്കള്‍, വ്യക്തികള്‍ തുടങ്ങിയവയിലെല്ലാം മറ്റു കച്ചവടങ്ങളുടെ എല്ലാ നിയമങ്ങളും ഇവിടെയും ബാധകമാണ്.
സൂക്ഷിപ്പുസ്വത്ത്
സ്വത്ത് തനിക്ക് സൂക്ഷിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിലോ കൂടുതല്‍ ഭദ്രതക്ക് വേണ്ടിയോ വിശ്വസ്തനായ വ്യക്തിയെയോ സംരംഭങ്ങളെയോ സൂക്ഷിക്കാന്‍ ഏല്‍പിക്കാവുന്നതാണ്. ഇങ്ങനെ സൂക്ഷിക്കാനേല്‍പിക്കപ്പെട്ട സ്വത്തിനെ ‘വദീഅ’ എന്നാണ് ഇസ്‌ലാമിക കര്‍മ ശാസ്ത്രത്തില്‍ വ്യവഹരിക്കുന്നത്. ഇങ്ങനെ ഏല്പിക്കപ്പെട്ട വസ്തു വിശ്വസ്തതയോടെ കൈകാര്യം ചെയ്യണമെന്നും അല്ലാത്തപക്ഷം ദൈവികശിക്ഷക്ക് കാരണമാകുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ഇതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. ‘ഇനി നിങ്ങളിലൊരാള്‍ മറ്റൊരാളെ (വല്ലതും) വിശ്വസിച്ചേല്‍പിച്ചാല്‍ ആ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ.’(2:283) വിശ്വസിച്ചാല്‍ ചതിക്കുക എന്നത് കപടവിശ്വാസിയുടെ അടയാളമാണെന്ന് നബി(സ്വ) പഠിപ്പിക്കുന്നുണ്ട്.
സത്യസന്ധമായും സൂക്ഷ്മതയോടെയും ഇത് കൈകാര്യം ചെയ്യുന്നതിനിടയില്‍ അയാളുടെതല്ലാത്ത കാരണങ്ങള്‍ കൊണ്ട് അതിനുവരുന്ന നാശത്തിന് സൂക്ഷിപ്പുകാരന്‍ ഉത്തരവാദിയല്ലെന്നും നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്. ഇവിടെ സൂക്ഷിപ്പുകാരനെ വിശ്വാസത്തിലെടുത്ത് അയാളുടെ വാദമാണ് അംഗീകരിക്കേണ്ടത്. കാരണം അയാളില്‍ വിശ്വാസമുള്ളതുകൊണ്ടാണല്ലോ ഉടമ ആ സ്വത്ത് സൂക്ഷിക്കാന്‍ അയാളെ ഏല്പിച്ചത്. എന്നാല്‍ തന്റെതും നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടായിരിക്കെ സൂക്ഷിക്കാനേല്പിച്ചത് മാത്രം നശിച്ചതായി വാദിച്ചാല്‍ അത് അംഗീകരിക്കേണ്ടതില്ലെന്നാണ് ഇമാം ഇബ്‌നുതൈമിയയും മറ്റും വിധി നല്കുന്നത്. സൂക്ഷിപ്പുകാരന്‍ മരണപ്പെടുകയും നിക്ഷേപം കാണാതിരിക്കുകയും ചെയ്താല്‍ അയാളുടെ അനന്തരസ്വത്തില്‍ നിന്ന് അത് ഈടാക്കാവുന്നതാണ്. സൂക്ഷിപ്പു നിക്ഷേപത്തിന് പ്രതിഫലം പറ്റാനോ അവയുടെ പ്രയോജനം ഉപയോഗിക്കാനോ പാടില്ല. അതൊരു പുണ്യകര്‍മം എന്ന നിലയില്‍ നിര്‍വഹിക്കേണ്ടതാണ്. എന്നാല്‍ അതിനുവരുന്ന ചെലവുകള്‍ കൈപ്പറ്റാവുന്നതാണ്. ഉടമ ആവശ്യപ്പെട്ടതനുസരിച്ച് അതിന്റെ പ്രയോജനങ്ങള്‍ ഉപയോഗിക്കുന്നതോ അയാള്‍ തരുന്ന പ്രതിഫലം വാങ്ങുന്നതോ കുറ്റകരമല്ല. ഇടപാടിനുകൊടുത്തതല്ലാത്തതിനാല്‍ ലാഭം ചോദിക്കാന്‍ പാടില്ല. ഉടമ അനുവദിച്ച ഉപയോഗത്തിന്റെ പേരില്‍ സൂക്ഷിപ്പുകാരന്‍ ഉടമക്ക് വല്ലതും നല്കിയാല്‍ സ്വീകരിക്കാവുന്നതാണ്.
ഷെയര്‍മാര്‍ക്കറ്റ്
കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കേന്ദ്രമാണ് ഷെയര്‍മാര്‍ക്കറ്റ്. ഇവിടെ എല്ലാതരം നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളുടെയും വിപണനവും വിതരണവും നടക്കുന്നു. രാഷ്ട്രപുരോഗതിയില്‍ സുരക്ഷിതമായ സ്റ്റോക് എക്‌സ്‌ചേഞ്ചുകളുടെ നിലനില്‍പ് അനിവാര്യമായിരിക്കുകയാണ്. വന്‍ സാമ്പത്തിക ശേഖരണം നടക്കുന്ന കേന്ദ്രമാണിത്. ഷെയറുകള്‍ കൈവശമുള്ള ഏത് അംഗത്തിനും എപ്പോഴും തന്റെ ഷെയര്‍ പണമാക്കിമാറ്റാനും പണം ഷെയറാക്കിമാറ്റാനുമെല്ലാം കഴിയുന്ന വ്യാപരവും വ്യാപാരപ്രോത്സാഹനവുമെല്ലാം ഇവിടെ നടക്കുന്നു. കമ്പനികളുടെ ഷെയറുകള്‍ വാങ്ങുന്നതിലും വില്‍ക്കുന്നതിലും ഒരു ഏജന്‍സിയായാണ് സ്റ്റോക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഷെയര്‍ മാര്‍ക്കറ്റുകളും (സ്റ്റോക് എക്‌സ്‌ചേഞ്ച്) മുസ്‌ലിംകള്‍ക്ക് ഉപയോഗിക്കാവുന്ന ഇടപാടുമേഖലയാണ്.
ഷെയര്‍ മാര്‍ക്കറ്റിന്റെ ഒരു പ്രധാന ന്യൂനത അത് അനിയന്ത്രിതമായ ഊഹക്കച്ചവടത്തിനു കാരണമാകുന്നു എന്നതാണ്. ഇത് പല രീതികളില്‍ നടക്കുന്നുണ്ട്. പണം മുടക്കാതെ ഓഹരിവാങ്ങുകയും വിലയേറുന്ന കാലം വരെ കാത്തുവെച്ച് വിലയേറുമ്പോള്‍ വില്‍ക്കുകയും അപ്പോള്‍ മാത്രം നേരത്തെ വാങ്ങിയ ഓഹരിയുടെ വിലയൊടുക്കുകയും ചെയ്യുന്നതാണ് ഒരു രീതി. നാട്ടിലെ റിയല്‍ എസ്റ്റേറ്റ്മാഫിയകള്‍ നടത്തുന്ന ഭൂമിക്കച്ചവടം ഇതുപോലെയാണ്. അഡ്വാന്‍സ് നല്കി വാങ്ങുകയും രജിസ്റ്റര്‍ ചെയ്യാതെ പുതിയ ഇടപാടുകാരന് മറിച്ചുവിറ്റ് രജിസ്റ്റര്‍ ചെയ്യിക്കുകയും പണം വാങ്ങി അപ്പോള്‍ മാത്രം ആദ്യ ഉടമക്ക് നല്കുകയും ബാക്കി ലാഭമായി സ്വീകരിക്കുകയും ചെയ്യുന്ന രൂപമാണ് ഇത്. ഇവിടെ പണം മുടക്കാതെ ഓഹരി വാങ്ങിയവനും അതിന് ഇടനിലക്കാരനായവനും ലാഭം നേടുന്നു. അയാള്‍ക്ക് നഷ്ടം സംഭവിക്കുന്നുമില്ല. കാരണം ലാഭമുണ്ടെങ്കില്‍ മാത്രമേ അയാളത് വില്ക്കുകയുള്ളൂ. ഇത് രാജ്യത്തിന്റെ തന്നെ സാമ്പത്തികക്രമത്തെ അട്ടിമറിക്കുന്ന രീതിയിലാകുന്ന സന്ദര്‍ഭങ്ങളുമുണ്ട്. ഇത് പലിശയും ചൂതാട്ടവുമാണ്.