അക്ബര്‍
1556ല്‍ സിക്കന്തര്‍ഷാ സൂരിക്കെതിരെ ഹുമയൂണിന്റെ സൈന്യം പഞ്ചാബില്‍വെച്ച് കനത്ത പോരാട്ടത്തിലായിരുന്നു. നേതൃത്വം നല്‍കിയിരുന്നത് ഹുമയൂണിന്റെ പതിനാലുകാരനായ മകന്‍ അക്ബര്‍. സഹായത്തിന് ബയ്‌റാം ഖാനെന്ന ഗുരുനാഥനും. ഇതിനിടെയാണ് ആ സന്ദേശമെത്തുന്നത്. ”പിതാവ് ഹുമയൂണ്‍ മരിച്ചിരിക്കുന്നു.” ബയ്‌റാംഖാന്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. ഗുരുദാസ്പൂരിലെ കലാന്തര്‍ എന്ന ആ ഗ്രാമത്തില്‍ വെച്ചുതന്നെ മുഗളവംശത്തിന്റെ മൂന്നാമത്തെ ചക്രവര്‍ത്തിയായി ആ ബാലനെ അദ്ദേഹം വാഴിച്ചു; 1556 ഫെബ്രുവരി 14ന് (1542-1605).
ചരിത്രം അതിമഹാനെന്നു വാഴ്ത്തിയ അക്ബര്‍ ഹുമയൂണിന്റെയും ഹമീദാബാനു ബീഗത്തിന്റെയും മകനായി 1542ല്‍ അമര്‍കോട്ടില്‍ ജനിച്ചു. ഷേര്‍ഖാനോട് തോറ്റ് ഹുമയൂണ്‍ അലഞ്ഞുതിരിയുന്ന ദശാസന്ധിയിലായിരുന്നു ഈ ജനനം. ധീരതയും ധിഷണയും ഭരണനിപുണതയും സമഞ്ജസമായി മേളിച്ച വ്യക്തിത്വമായിരുന്നു അക്ബറിന്റേത്. കൗമാരത്തുടക്കത്തിലെ കിരീടധാരണം അവനെ തെല്ലും ആശങ്കാകുലനാക്കിയില്ല.
പിന്നീടങ്ങോട്ട് ബയ്‌റാംഖാന്റെ തണലില്‍ അക്ബറിന്റെ ജൈത്രയാത്രയായിരുന്നു. എന്നാല്‍ പിന്നീടൊരുഘട്ടത്തില്‍ ബയ്‌റാം ഖാനെ, അക്ബര്‍ പദവിയില്‍ നിന്നു മാറ്റി നിറുത്തിയിട്ടുണ്ട്. പിതാവിന് നഷ്ടപ്പെട്ട ഓരോ സ്ഥലവും മകന്‍ തിരിച്ചുപിടിച്ചു. സൂരികളില്‍ നിന്ന് ഡല്‍ഹിയും ആഗ്രയും 1564ല്‍ മാള്‍വയും 1569ല്‍ ബംഗാളും മുഗള്‍ സാമ്രാജ്യത്തിലേക്ക് തിരിച്ചെത്തി. ഇതിനുപുറമെ, 1587ല്‍ ആദ്യമായി കശ്മീരും 1591ല്‍ സിന്ധും 1592ല്‍ ഒറീസയും 1595ല്‍ ബലൂചിസ്ഥാനും ഖന്തഹാറും മുഗള സാമ്രാജ്യത്തിന്റെ കൊടിക്കൂറയിലെത്തിച്ചു അക്ബര്‍. 1600ഓടെ ഡക്കാനിന്റെ വിവിധ ഭാഗങ്ങളിലും പടയോട്ടം നടന്നു. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ശ്രദ്ധേയമായ കാല്‍വപ്പുകളൊന്നും അക്ബര്‍ നടത്തിയതായി കാണുന്നില്ല.
അമ്പത് വര്‍ഷം നീണ്ടുനിന്ന ആ ഭരണം നിരവധി സംഭാവനകള്‍ ഇന്ത്യക്കു നല്‍കി. ഉത്തരേന്ത്യയെ ചരിത്ര സ്മാരകങ്ങളാല്‍ സമ്പന്നമാക്കിയ അക്ബര്‍ മുഗള്‍ ഭരണത്തെ അനശ്വരമാക്കി. 1605 ഒക്‌ടോബര്‍ 17ന് വിടവാങ്ങി.
അക്ബറിന്റെ സംഭാവനകള്‍
ഭരണം വ്യവസ്ഥാപിതമാക്കി വിശാലമായ സാമ്രാജ്യത്തെ നിയന്ത്രിച്ചതാണ് അക്ബറിന്റെ മഹത്വത്തിന് നിദാനം. രാജ്യത്തെ 18 സൂബകളാക്കി (സ്റ്റെയ്റ്റ്) വിഭജിച്ചു. ഓരോ സൂബകളിലും ഗവര്‍ണര്‍മാരെയും നിശ്ചയിച്ചു. ഭരണത്തിന്റെ തലപ്പത്ത് ചക്രവര്‍ത്തി തന്നെ. താഴെ പ്രധാനമന്ത്രി(വക്കീല്‍)യും ധനകാര്യമന്ത്രി(വസീര്‍)യും.
സൈന്യത്തെ മൂന്നു വിഭാഗമാക്കി. ഒന്ന്: വ്യവസ്ഥാപിതസൈന്യം, ഇത് ചക്രവര്‍ത്തിയുടെ കൂടെ തലസ്ഥാനത്തുണ്ടായിരിക്കും. രണ്ട്: ഉദ്യോഗസ്ഥരെയും മറ്റും സഹായിക്കാനുള്ള മന്‍സിബ് ദാരികളുടെ സൈന്യം. മൂന്ന:് ഹിന്ദുസാമന്തരാജ്യങ്ങളുടെ സൈന്യം. കാലാള്‍പട, ആനപ്പട, കുതിരപ്പട, പീരങ്കിപ്പട, നാവികപ്പട എന്നിവ സൈന്യത്തിലുള്‍പ്പെട്ടിരുന്നു.
ഉദ്യോഗസ്ഥര്‍ മന്‍സബ്ദാര്‍ എന്ന പേരിലറിയപ്പെട്ടു. ഇവരെ 33 വിഭാഗങ്ങളാക്കി തിരിച്ചു. ദസ്ഹസാരിയാണ് ഉയര്‍ന്ന വിഭാഗം. ദസ് താഴ്ന്ന വിഭാഗവും. റവന്യൂ സമ്പ്രദായം വ്യവസ്ഥാപിതമാക്കി. കൃഷിയും കച്ചവടവും പ്രോത്സാഹിപ്പിച്ച അക്ബര്‍ ഭരണം ജനകീയമാക്കി.
അക്ബര്‍ നിരക്ഷരനായിരുന്നുവെന്ന് കൊട്ടാര ചരിത്രകാരന്‍ അബുല്‍ഫസ്ല്‍ പറയുന്നുണ്ട്. എന്നാല്‍ വിജ്ഞാനവും സാഹിത്യവും ഇക്കാലത്ത് പൂത്തുലഞ്ഞു നിന്നു. ഇന്ത്യയിലെ മറ്റൊരു ചക്രവര്‍ത്തിയുടെ കാലത്തും സാഹിത്യവിജ്ഞാനീയം ഇത്രമേല്‍ വികാസം കൊണ്ടിട്ടില്ല.
അക്ബറിന്റെ ദര്‍ബാര്‍ പണ്ഡിതരാല്‍ ധന്യമായിരുന്നു. സൂഫിസത്തിന്റെ ഉപജ്ഞാതാവ് ശൈഖ് മുബാറക്കിന്റെ പുത്രന്‍മാരായ അബുല്‍ ഫദ്‌ലും സഹോദരന്‍ ഫൈസിയും തന്നെയായിരുന്നു ഇതിലെ തിളങ്ങും താരങ്ങള്‍. 99 ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നു ഫൈസി. അക്ബര്‍ കാലഘട്ടത്തിന്റെ ചരിത്രം വിസ്മയാവഹമായി എഴുതിയ ‘അയ്‌നേ അക്ബരി’യും ഇതില്‍ പ്രധാനമാണ്. അബ്ദുല്‍ ഖാദിര്‍ ബദായൂനിയാണ് മറ്റൊരു ചരിത്രകാരന്‍. ബീര്‍ബല്‍ എന്ന പേരില്‍ പ്രസിദ്ധനായ മഹേഷ്ദാസ് ദര്‍ബാറിലെ നക്ഷത്രമായിരുന്നു. മുജദ്ദിദ് അല്‍ഫസാനി, ഷാ അബ്ദുല്‍ ഹഖ് എന്നിവരായിരുന്നു അക്കാലത്തെ വിശ്രുതപണ്ഡിതര്‍. ഹിന്ദി കവികളായ തുളസീദാസും സുന്ദര്‍ദാസുമാണ് മറ്റു പ്രഗല്‍ഭര്‍.
ആഗ്ര കോട്ട, ഫകഹ്പൂര്‍ സിക്രി, ഹുമയൂണ്‍ കല്ലറ, ലാഹോര്‍, ശ്രീനഗര്‍ കോട്ടകള്‍ തുടങ്ങിയവ ശില്പകലയുടെ മകുടോദഹരണങ്ങളായി പരിലസിക്കുന്നു. അറബി, സംസ്‌കൃതം, ഗ്രീക്ക് ഭാഷകളിലെ ഒട്ടുമിക്ക ഗ്രന്ഥങ്ങളും പേര്‍ഷ്യനിലാക്കിയതും അക്ബറിന്റെ നിര്‍ദ്ദേശമനുസരിച്ചാണ്.
ദീനേ ഇലാഹി (തൗഹീദേ ഇലാഹി)
ഭരണാരംഭത്തില്‍ അക്ബര്‍ തികഞ്ഞ ദൈവവിശ്വാസിയും മതപ്രഭാഷണ തത്പ്പരനുമായിരുന്നു. 1575ല്‍ മതപ്രസംഗം കേള്‍ക്കാനായി മാത്രം ഇബാദത്ത് ഖാന (പ്രാര്‍ത്ഥനാ മന്ദിരം) അക്ബര്‍ നിര്‍മിച്ചു. തീര്‍ഥാടനങ്ങള്‍ നടത്തുകയും നമസ്‌കാരാദി ആരാധനകളില്‍ കൃത്യനഷ്ഠ പുലര്‍ത്തുകയും ചെയ്തു.
ഇബാദത്ത് ഖാനകളില്‍ മുസ്‌ലിം പണ്ഡിതരുടെ സംവാദങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍ പണ്ഡിതര്‍ക്കിടയില്‍ ദൃശ്യമായ അസഹിഷ്ണുതയും ശണ്ഠയും അദ്ദേഹത്തെ നിരാശനാക്കി. പിന്നീട് വിവിധ മത വിഭാഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയും സംവാദവുമാക്കി. അല്ലാഹുവും ഖുര്‍ആനും പരലോകവുമെല്ലാം വിഷയങ്ങളായി.
എന്നാല്‍ ചര്‍ച്ച ഒട്ടും ആശാവഹമായില്ല. വാക്കേറ്റവും പ്രകോപനവും ശീലമാക്കിയ പണ്ഡിതര്‍ ചക്രവര്‍ത്തിയെ വേദനിപ്പിച്ചു. വൈകാതെ ഇബാദത്ത് ഖാന പൂട്ടുകയും ചെയ്തു.
മതത്തിലെ യാഥാസ്ഥികതയാണ് പുതിയ ചിന്തക്ക് അക്ബറിനെ പ്രേരിപ്പിച്ചതെന്ന് പറയാം. അബുല്‍ ഫദ്‌ലും അബുല്‍ ഫത്ഹും പ്രേരണ നല്കുകകൂടി ചെയ്തപ്പോഴാണ് ‘തൗഹീദേ ഇലാഹി’ രൂപം കൊണ്ടത്. ചിലര്‍ ഇതിനെ പുതിയൊരു മതമായി പരിചയപ്പെടുത്തുകയും ദീനെ ഇലാഹി എന്ന് പേരു നല്കുകയുംചെയ്തു. തൗഹീദ് എന്ന സ്ഥാനത്ത് ദീന്‍ എന്നുപയോഗിച്ചത് എട്ടു ദശാബ്ദം കഴിഞ്ഞാണ്. ഇതിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. അക്ബറിനെ ‘നീതിമാനായ ഇമാമും’ ‘പാപസുരക്ഷിതനു’മായി ഈ ദര്‍ശനം അവതരിപ്പിച്ചു.
എന്നാല്‍ ഏതാനും സ്തുതി പാഠകര്‍ മാത്രമാണ് ഇതിനെ പിന്തുണച്ചത്. ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ ഇതിനെ അവഗണിച്ചു. അക്ബറിന്റെ മരണത്തോടെ ദീനേ ഇലാഹിയും ചരമം പൂണ്ടു.
