ഹൈദരാബാദ് നിസാമുമാര്‍
ദക്ഷിണേന്ത്യയുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ചരിത്രത്തില്‍ ദീര്‍ഘകാല സ്വാധീനം ചെലുത്തിയ ഭരണാധികാരികളാണ് ഹൈദരാബാദ് നിസാമുമാര്‍. മുഗള്‍ സാമ്രാജ്യത്തിന്റെ അധീനതയില്‍ ആരംഭിച്ച ഈ ഭരണകൂടം, പിന്നീട് സ്വതന്ത്രമായൊരു രാജ്യമായി വളര്‍ന്നത് ചരിത്രത്തിലെ പ്രധാന സംഭവവികാസങ്ങളിലൊന്നാണ്. ഭരണസംവിധാനം, ഭൂവിന്യാസം, വിദ്യാഭ്യാസം, കലാ-സാംസ്‌കാരിക രംഗങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിസാമുമാര്‍ നല്‍കിയ സംഭാവനകള്‍ ഹൈദരാബാദിനെ ഒരു പ്രത്യേക ഭരണഘടകമായി ഉയര്‍ത്തി. ബ്രിട്ടീഷ് ഭരണകാലത്തും തുടര്‍ന്നുള്ള രാഷ്ട്രീയ മാറ്റങ്ങളിലുമുള്ള നിസാമുമാരുടെ പങ്ക്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ആധുനിക ചരിത്രത്തില്‍ അവരെ പ്രാധാന്യമുള്ളവരാക്കി മാറ്റുന്നു.
മുഗള്‍ ഭരണത്തിന്റെ പതനകാലത്ത് ഹൈദരാബാദ് ആസ്ഥാനമായി ക്രി. 1720ല്‍ നിലവില്‍ വന്ന ഭരണമാണ് നിസാമുല്‍ മുല്‍ക്ക് ഭരണകൂടം (ക്രി.1720-1948). ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒരു വര്‍ഷം കൂടി കഴിഞ്ഞാണ് (1948ല്‍) നിസാം ഭരണം നിലച്ചത്. വജ്രഖനികളുടെ നാടിന്റെ ഉടമകളായ നിസാമുമാര്‍ ലോകത്തെ ഏററവും വലിയ സമ്പന്നരായിരുന്നു.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ അടുത്ത സുഹൃത്ത് മീര്‍ സഹാബുദ്ദീന്‍ സിദ്ദീഖിയുടെ പുത്രന്‍ ഖമറുദ്ദീന്‍ സിദ്ദീഖിയാണ് നിസാം ഭരണകൂടത്തിന്റെ സ്ഥാപകന്‍. ഔറംഗസീബിന്റെ കാലത്താണ് ഹൈദരാബാദ് ഉള്‍പ്പെടുന്ന ഡെക്കാന്‍ പ്രദേശം മുഗള്‍ ഭരണത്തിന് കീഴില്‍ വന്നത്. പിന്നീട് വന്ന മുഗള്‍ ചക്രവര്‍ത്തി ഫാറൂഖ് സിയാര്‍ ഡക്കാനെ ആറു പ്രവിശ്യകളാക്കി അവയുടെ അധികാരം ഖമറുദ്ദീന്‍ സിദ്ദീഖിക്ക് നല്‍കി. നിസാമുല്‍ മുല്‍ക്ക് എന്ന പദവി നല്‍കിയതും ഫാറൂഖ് തന്നെ. ഇതില്‍ പല പ്രവിശ്യകളും പിന്നീട് മറാത്താ ശക്തികള്‍ പിടിച്ചടക്കിയെങ്കിലും ഹൈദരാബാദ് സിദ്ദീഖിയുടെ കൈയില്‍ ഭദ്രമായി. മുഗള്‍ ഭരണം ക്ഷയിക്കുകയും നാട്ടില്‍ അരാജകത്വം പടരുകയും ചെയ്തപ്പോള്‍ സിദ്ദീഖി ഹൈദരാബാദിനെ സ്വതന്ത്ര പ്രവിശ്യയാക്കി. അങ്ങനെ 1720ല്‍ നിസാം എന്ന പദവിയോടെയും ആസഫ്ജാ എന്ന കുടുംബപ്പേരോടെയും സിദ്ദീഖി പുതിയ ഭരണകൂടം സ്ഥാപിക്കുകയായിരുന്നു.
ചാര്‍മിനാറിന്റെ നാടായ ഹൈദരാബാദ് പ്രസിദ്ധങ്ങളായ വജ്രഖനികളാല്‍ സമ്പുഷ്ടമായിരുന്നു. എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ കോഹിനൂര്‍ രത്‌നം ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട ഖനിയില്‍ നിന്നുള്ളതാണ്. സമ്പല്‍സമൃദ്ധയിലും സുഖകരമായ കാലാവസ്ഥയിലും വിളങ്ങി നിന്നു ഈ നാട്. നിസാം സാഗര്‍, തുംഗഭദ്ര, ഉസ്മാന്‍ സാഗര്‍, ഹിമയത്ത് സാഗര്‍ എന്നീ അണക്കെട്ടുകള്‍ ഹൈദരാബാദിന്റെ അനുഗ്രഹങ്ങളായിരുന്നു.
അമൂല്യമായ രത്‌നങ്ങളുടെ ഉടമകളായിരുന്ന നിസാമുമാര്‍ ലോകത്തെ സമ്പന്നരില്‍ മുന്നില്‍ നിന്നു. ഹൈദരാബാദിനെ ഇന്തോ-ഇസ്‌ലാമിക് സംസ്‌കാരത്തിന്റെ കേന്ദ്രമാക്കിയതും നിസാമുമാരായിരുന്നു.
പ്രമുഖ നിസാമുമാര്‍
മീര്‍ ഖമറുദ്ദീന്‍ സിദ്ദീഖി(1720-1748)യുടെ ഭരണകാലത്തിന് ശേഷം മകന്‍ മീര്‍ അഹ്‌മദ് അലി ഖാന്‍ നിസാമായി. രു വര്‍ഷമാണ് അഹ്‌മദ് ഭരിച്ചത്. മീര്‍ ഹിദായത്തുല്ല മുഹ്‌യുദ്ദീന്‍ ഖാന്‍ (1750-51), മീര്‍ സാഇദ് മുഹമ്മദ് ഖാന്‍ (1751-1763) എന്നിവര്‍ പിന്നീട് അധികാരം വാണു. കുടുംബ കലഹം കാരണം ഇവര്‍ക്ക് മുഗള്‍ ചക്രവര്‍ത്തിമാര്‍ ആസിഫ് ജാ പദവി നല്‍കിയില്ല.
ശേഷം വന്ന നിസാമുമാര്‍ ഇവരാണ്: മീര്‍ നിസാം അലി ഖാന്‍ (1762-1803), മീര്‍ അക്ബര്‍ അലി ഖാന്‍ (1803-1829), മീര്‍ ഫര്‍ക്കുന്ത അലി ഖാന്‍ (1829-1857), മീര്‍ തഹ്നിയത്ത് അലി ഖാന്‍ (1857-1869), മീര്‍ മഹ്ബൂബ് അലി ഖാന്‍ (1869-1911), മീര്‍ ഉസ്മാന്‍ അലി ഖാന്‍ (1911-1948).
1947ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ ഹൈദരാബാദ് നിസാം സ്വതന്ത്രമായി നിന്നു. തങ്ങള്‍ക്ക് സ്വതന്ത്രമായി നില്‍ക്കാനോ അല്ലെങ്കില്‍ പാകിസ്താനില്‍ ചേരാനുള്ള അവകാശമോ വേണമെന്ന നിര്‍ദേശവും നിസാം ഇന്ത്യയുടെ മുന്നില്‍ വച്ചു. ഇതു രണ്ടും ഇന്ത്യ അംഗീകരിച്ചില്ല. മാത്രമല്ല, സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി നിസാമിനെ സമ്മര്‍ദത്തിലുമാക്കി. ഒടുവില്‍ നിസാം വഴങ്ങുകയും 1948 സെപ്തംബര്‍ 17ന് ഹൈദരാബാദ് ഇന്ത്യന്‍ യൂണിയന്റെ ഭാഗമാവുകയും ചെയ്തു.
ഇപ്പോള്‍ ഹൈദരാബാദ് ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമാണ്. എന്നാല്‍ നിസാം ഭരണത്തിലുായിരുന്ന പ്രദേശങ്ങള്‍ കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്ക് വിഭജനം ചെയ്യപ്പെട്ടു.
നിസാമുമാരുടെ പിന്‍തലമുറ ഇപ്പോഴും ഹൈദരാബാദില്‍ ജീവിച്ചിരിപ്പുണ്ട് . ഇവര്‍ ഉണ്ടാക്കിയെടുത്ത ഇാസ്‌ലാമിക പൈതൃകങ്ങളും സംസ്‌കാരങ്ങളും ഇപ്പോഴും ഹൈദരാബാദ് നഗരത്തെയും ആന്ധ്രാപ്രദേശിനെയും വേറിട്ടു നിര്‍ത്തുന്നു.
