ഔറംഗസീബ് ആലംഗീര്‍
ലാളിത്യവും ആത്മാര്‍ത്ഥതയും കൈമുതലാക്കി രാജ്യം ഭരിച്ച അപൂര്‍വം ഭരണകര്‍ത്താക്കളില്‍ ഒരാളാണ് മുഗള്‍ വംശത്തിലെ ആറാമനും പ്രധാനിയുമായ ഔറംഗസീബ്. ഷാജഹാന്റെയും മുംതാസ് മഹലിന്റെയും മനകായി 1618 നവംബര്‍ 3 ന് ജനിച്ചു.
ദുശ്ശീലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് അനാര്‍ഭാടമായി ബാല്യവും കൗമാരവും പിന്നിട്ട ഔറംസീബ് ധീരതയില്‍ അസാമാന്യനായിരുന്നു. 14-ാം വയസ്സില്‍ ആനപ്പോരിനിടയില്‍ പെടുകയും തനിക്കുനേരെ കൊമ്പുകുലുക്കി വന്ന ഗജവീരനെ വാളുകൊണ്ട് നേരിടുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ പൂര്‍ണമായും നിരവധി ഹദീസുകളും മന:പാഠമാക്കി മതചിട്ടയില്‍ കണിശത കാട്ടി ഈ തിമൂരി യുവാവ് യുദ്ധരംഗത്തുപോലും നമസ്‌കാരമുപേക്ഷിച്ചിരുന്നില്ല.
വയസ്സ് 20ലെത്തിയപ്പോള്‍ തന്നെ പിതാവ് ഭരണ ബാധ്യതയേല്പിച്ചു. ആദ്യം ഡെക്കാനിലും പിന്നെ സിന്ധിലും ഗവര്‍ണറായി. ഭരണപാടവം കൊണ്ട് പിതാവിനെ അത്ഭുതപ്പെടുത്തിയപ്പോള്‍ സുപ്രധാന സൈനികച്ചുമതലകളാണ് പിന്നീട് ഏല്പിക്കപ്പെട്ടത്. ബല്‍ഖ് മുഗിള ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്നത് ഔറംഗസീബായിരുന്നു. ഇതെല്ലാമായിട്ടും ഷാജഹാന്‍ തന്റെ പിന്‍ഗാമിയായി ഇഷ്ടപുത്രന്‍ ദാരാ ഷുക്കോവിനെ പ്രഖ്യാപിച്ചത് സഹോദരന്‍മാര്‍ക്കിടയില്‍ സംഘട്ടനത്തിനു ഹേതുവായി.
ഇത് ദാരയും ഔറംഗസീബും തമ്മിലുള്ള യുദ്ധത്തിലേക്കു നയിച്ചു. ചമ്പല്‍ തീരത്തെ സമുഗഡില്‍ വെച്ചു നടന്ന യുദ്ധത്തില്‍ ജയം ഔറംഗസീബിനായിരുന്നു. മതപരിത്യാഗ കുറ്റം ചുമത്തി ദാരക്ക് വധശിക്ഷ നല്‍കി. ദാരയെ പിന്തുണച്ച പിതാവ് ഷാജഹാനെ ആഗ്ര കോട്ടയില്‍ തടവിലിടുകയും ചെയ്തു. 1658 ജൂലൈ 21ന് ഔറംഗസീബ് ചക്രവര്‍ത്തിയായി അധികാരമേല്‍ക്കുകയും ‘ആലംഗീര്‍’ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 40 വയസ്സായിരുന്നു പ്രായം.
പ്രജാവല്‍സലനായ ഭരണാധികാരിക്കു വേണ്ട സകല സദ്ഗുണങ്ങളുമുണ്ടായിരുന്ന ഔറംഗസീബ് അഞ്ചു പതിറ്റാണ്ട് ഭരണം നടത്തി. ഗോല്‍ക്കൊണ്ടയും ബീജാപ്പൂരും ലഡാക്കും അസാമും ചാഡ്ഗാമും തന്റെ കീഴിലാക്കി മുഗള്‍ ഭരണ പ്രദേശത്തിന്റെ വിസ്തൃതി സര്‍വകാല റിക്കോര്‍ഡിലെത്തിക്കുകയും ചെയ്തു. 1705 മാര്‍ച്ച് 3 ന് അദ്ദേഹം അന്ത്യയാത്രയായി.
ക്ഷേമപ്രവര്‍ത്തനങ്ങള്‍
ചരിത്രകാരന്മാര്‍ക്കിടയില്‍ ഔറംഗസീബ് വിവാദപുരുഷനായിരുന്നു. ആദര്‍ശവാദിയും മതഭക്തനുമായ മുഗള്‍ ചക്രവര്‍ത്തിയെന്ന് ചിലര്‍ വിലയിരുത്തി. എന്നാല്‍ യൂറോപ്യന്‍മാരുള്‍പ്പെടെ ചിലര്‍ അധികാര തൃഷ്ണക്ക് ആത്മീയത മറയാക്കിയവനെന്നും വര്‍ഗീയവാദിയെന്നും തീര്‍പ്പിലെത്തുകയായിരുന്നു.
നീതിയും നിയമവും പൗരന്മാര്‍ക്ക് മൊത്തത്തില്‍ ബാധകമാക്കി. രാജകുടുംബങ്ങളും ഉന്നതോദ്യോഗസ്ഥരും സാധാരണക്കാരനും കോടതി വിധിയനുസരിക്കണം. ചക്രവര്‍ത്തിക്കെതിരെയും പരാതി പറയാം. ഈ കാര്യങ്ങളൊന്നും മുമ്പുണ്ടായിരുന്നില്ല.
മദ്യപാനവും ചൂതാട്ടവും വ്യഭിചാരവും തടയാന്‍ ‘ഇഹ്തിസാബ’ എന്ന പ്രത്യേക കോടതി തന്നെയുണ്ടാക്കി. സ്തുതിപാഠകരെ കൊട്ടാരത്തിലേക്ക് അടുപ്പിച്ചില്ല.
ഔറംഗാബാദ്-ആഗ്ര, ലാഹോര്‍-കാബൂള്‍ പാതകള്‍ യാത്രാ സൗഹൃദമാക്കി. തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. കിണറുകള്‍, കുളിപ്പുരകള്‍, സത്രങ്ങള്‍, പള്ളികള്‍, ചന്തകള്‍, പാലങ്ങള്‍ എന്നിവ ഇവയുടെ ഓരങ്ങളില്‍ പണിതു.
വികലാംഗര്‍, രോഗികള്‍, അഗതികള്‍ എന്നിവര്‍ക്ക് മന്ദിരങ്ങള്‍ നിര്‍മിച്ചു. ഭക്ഷണവും നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കും പണ്ഡിതര്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തി. ശവകുടീരങ്ങളും ആകാശചാരികളായ നവനിര്‍മിതികളുമുണ്ടാക്കി പണം കളഞ്ഞില്ല. എന്നാല്‍ മസ്ജിദുകളും ആവശ്യമായ ഇടങ്ങളില്‍ ക്ഷേത്രങ്ങളും നിര്‍മിച്ചു.
സൈനിക സേവനത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന അമുസ്‌ലിംകള്‍ക്കുമേല്‍ ജിസ്‌യ (സംരക്ഷണ നികുതി) ഏര്‍പ്പെടുത്തി.
തന്റെ ചെലവിലേക്ക് ഖജനാവില്‍ നിന്ന് ഔറംഗസീബ് ഒന്നുമെടുത്തില്ല. തൊപ്പികള്‍ തുന്നി അത് വില്പന നടത്തിയും, ഖുര്‍ആന്‍ പകര്‍ത്തിയെഴുതിയുമായിരുന്നു ജീവിതായോധനം കണ്ടെത്തിയത്. താന്‍ മരിച്ചാല്‍ തന്റെ സമ്പാദ്യം കൊണ്ട് മാത്രമേ ശവപ്പുടവ വാങ്ങാവൂ. ബാക്കിയുള്ള പണം അഗതികള്‍ക്ക് ദാനം ചെയ്യണം, തനിക്കായി കല്ലറ പണിയരുത് എന്നിവയായിരുന്നു ആ മഹാന്റെ വസിയ്യത്ത്. ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിയാണ് പ്രിയ ചക്രവര്‍ത്തി അന്ത്യയാത്രയായത്.
”ജനത്തിന് ഭാരമാവരുതെന്ന് കരുതി കഷ്ണം വെച്ച വസ്ത്രം ധരിക്കുകയും ജനം വയറ് നിറക്കട്ടെയെന്നാശിച്ച് ഉണക്ക റൊട്ടി തിന്ന് ജീവിക്കുകയും ചെയ്ത ഭരണാധികാരി ഔറംഗസീബ് മാത്രമാണ്.”
മുഗള്‍ വംശത്തിലെ മറ്റുചക്രവര്‍ത്തിമാര്‍
ഔറംഗസീബിന്റെ നിര്യാണത്തോടെ (1707) മുഗള്‍ ഭരണത്തിന്റെ മേല്‍ക്കോയ്മക്ക് ഇളക്കം തട്ടാന്‍ തുടങ്ങി. ഭരണകേന്ദ്രങ്ങളില്‍ ജീര്‍ണത അരിച്ചുകയറാനും ആരംഭിച്ചു.
ഔറംഗസീബിന്റെ മരണാനന്തരം മകന്‍ മുഅസ്സം(ബഹദൂര്‍ഷാ) ചെങ്കോലേന്തി. അഞ്ചു വര്‍ഷമാണ് അദ്ദേഹം ഭരിച്ചത്. 1712 മുതല്‍ ഫറഖ്‌സീറും ഭരിച്ചു. 1720ല്‍ ബഹദൂര്‍ഷായുടെ മകന്‍ മുഹമ്മദ്ഷാ അധികാരമേറ്റപ്പോഴേക്കും മറാഠാ ശക്തികളുടെ ഇടപെടല്‍ ശക്തമായിക്കഴിഞ്ഞിരുന്നു. മുഗള്‍വംശത്തിന്റെ പതനം തുടങ്ങുകയായിരുന്നു.
അഹ്‌മദ്ഷാ (1748-54), ആലംഗീര്‍ രാമന്‍ (1759-59), ഷാ ആലം രാമന്‍ (1759-1806), അക്ബര്‍ ഷാ രാമന്‍ (1806-1837), ബഹദൂര്‍ ഷാ (1838-1857) എന്നിവരും മുഗള്‍ ഭരണചക്രം തിരിച്ചു.
1857ലെ സ്വാതന്ത്ര്യസമരത്തോടെ ബഹദൂര്‍ഷാ ബ്രിട്ടീഷുകാരാല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും റംഗൂണിലേക്ക് നാട് കടത്തപ്പെടുകയും ചെയ്തു. അവശേഷിച്ച ബന്ധുക്കള്‍ തോക്കിനുമിരയായി. 1862ഓടെ ബാബറിന്റെ സന്തതികള്‍ ഇന്ത്യയില്‍ നിന്നും തുടച്ചുനീക്കപ്പെട്ടു
