ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി(1941)
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇസ്‌ലാമിക സാമൂഹ്യ–സംഘടനയാണ്. ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി വ്യക്തി ജീവിതത്തിലും സാമൂഹ്യ മേഖലകളിലും ഇസ്‌ലാമിക മൂല്യങ്ങള്‍ വളര്‍ത്തുകയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ദഅ്‌വാ പ്രവര്‍ത്തനം, സാമൂഹ്യ സേവനം, ബോധവത്കരണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സജീവമായി ഇടപെടുന്നു. മതപരമായ ശുദ്ധിയും സാമൂഹ്യ ഉത്തരവാദിത്തവും ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന സമീപനമാണ് സംഘടന പിന്തുടരുന്നത്. ഇന്ത്യയുടെ ബഹുസാംസ്‌കാരിക സാഹചര്യത്തില്‍ സമാധാനം, നീതി, മാനവികത എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രദ്ധേയമായ പങ്ക് വഹിച്ചുവരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ ദശ. ബ്രീട്ടീഷ് രാജിനെതിരെ ദേശീയ പ്രസ്ഥാനത്തിന്റെ വലതു കൈ പിടിച്ച് ഖിലാഫത്ത് പ്രസ്ഥാനവും ഇന്ത്യന്‍ മണ്ണില്‍ സമര കാഹളം മുഴക്കിയ കാലം. എന്നാല്‍ ലോക മഹായുദ്ധത്തോടെ ഖിലാഫത്ത് തകര്‍ന്നു. അതോടെ ഇന്ത്യന്‍ മുസ്‌ലിംകളും നിരാശരായി. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പിന്നില്‍ അണിനിരന്ന് തങ്ങള്‍ക്കെതിരെ പോരാടിയ മുസ്‌ലിംകളോട് കോളനി വാഴ്ചക്കാര്‍ പ്രതികാരത്തിന് ഒരുങ്ങി. ഹൈന്ദവരാകട്ടെ, ബ്രിട്ടീഷുകാരുടെ പക്ഷത്തും ചേര്‍ന്നു. ഇംഗ്ലീഷുകാരന്റെ കുടില ബുദ്ധിയില്‍ ഉത്തരേന്ത്യയില്‍ വളര്‍ന്നത് ഹിന്ദു-മുസ്‌ലിം ഭിന്നതയായിരുന്നു.
ഇന്ത്യയിലെ മുസ്‌ലിം ജീവിതം അതീവ ദുസ്സഹമായിരിക്കുമെന്ന് ദീര്‍ഘ ദര്‍ശനം ചെയ്ത ചിലര്‍ ഇക്കാലത്ത് അഫ്ഗാനിലേക്ക് പലായനം നടത്തുക പോലുമുണ്ടായി. അത്രക്കും ദുസ്സഹമായിരുന്നു അവസ്ഥ. ഈ വേദനാജനകമായ സാഹചര്യങ്ങള്‍ അപ്പടി നെഞ്ചില്‍ പകര്‍ത്തി വെച്ച ഒരാളായിരുന്നു സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി. ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദിന്റെ മുഖപത്രമായ ‘അല്‍ജംഇയ്യ’ യുടെ പത്രാധിപരും മുര്‍ച്ചയുള്ള തൂലികയുടെ ഉടമയുമായിരുന്നു സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി. മൗദൂദി അന്ന് ‘ജംഇയ്യത്തില്‍’ എഴുതിയിരുന്ന ലേഖനങ്ങള്‍ അക്കാലത്തെ ഇന്ത്യന്‍ മുസ്‌ലിമിന്റെ മനസ്സിന്റെ ദര്‍പ്പണമായിരുന്നു.
മുസ്‌ലിംകളുടെ അവസ്ഥ മനസ്സിലാക്കാനും പരിഹാരം കാണാനും ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിനോ മുസ്‌ലിം ലീഗിനോ കഴിയുന്നില്ലെന്ന് മൗദൂദി നിരീക്ഷിക്കുകയായിരുന്നു. ഇത്തരമൊരവസ്ഥയില്‍, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടാല്‍ പോലും അത് മുസ്‌ലിംഗതിയെ മാറ്റില്ലെന്ന നിഗമനവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇസ്‌ലാമിനെ ഒരു ആദര്‍ശ വ്യവസ്ഥയായി അവതരിപ്പിക്കുക, അതിലേക്ക് രാജ്യത്തെ പൗരന്മാരെ മുഴുവന്‍ ക്ഷണിക്കുക, ഹൈന്ദവ ഭൂരിപക്ഷ വര്‍ഗീയതക്കും മുസ്‌ലിം ന്യൂനപക്ഷ വര്‍ഗീയതക്കുമിടയില്‍ ഇസ്‌ലാം എന്ന ദൈവിക ദര്‍ശനത്തെ പ്രായോഗിക ഭരണ വ്യവസ്ഥയായി അവതരിപ്പിക്കുക-ഇതായിരുന്നു അബുല്‍ അഅ്‌ലയുടെ വീക്ഷണം.
‘തര്‍ജുമാനുല്‍ ഖുര്‍ആനിലൂടെ’യും ‘ജംഇയ്യത്തിലൂ’ടെയും പങ്കുവെച്ച ഈ ആശയം മഹാകവി ഇഖ്ബാലിനെപ്പോലെ പലരെയും ആകര്‍ഷിച്ചു. അവര്‍ ഒത്തുചേര്‍ന്നു. അങ്ങനെ 1941 ആഗസ്ത് 26ന് ലാഹോറിലെ തര്‍ജൗമാള്‍ ഓഫീസില്‍ ഒരു പുതിയ പ്രസ്ഥാനമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പിറന്നു.
അബൂല്‍ അഅ്‌ലാ മൗദൂദി ആദ്യ അമീറുമായി. പഞ്ചാബിലെ പത്താന്‍കോട്ടയിരുന്നു സംഘടനാ ആസ്ഥാനം.
ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യം, നയം
ഇസ്‌ലാം, സ്രഷ്ടാവായ അല്ലാഹു നല്‍കിയ ജീവിത വ്യവസ്ഥയാണ്. അത് നടപ്പിലാക്കി കാണിച്ചുതന്നിട്ടുള്ളയാളാണ് തിരുനബി(സ്വ). മനുഷ്യ ജീവിതത്തിന്റെ ഒരു തലവും ഇസ്‌ലാമിക ബന്ധിതമല്ലാതെയില്ല. അതിനാല്‍ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഇസ്‌ലാമിനെ (ദീന്‍) സംസ്ഥാപിക്കുക (ഇഖാമത്തുദ്ദീന്‍) എന്നതാണ് ജമാഅത്ത് തങ്ങളുടെ ലക്ഷ്യമായി കാണുന്നത്. ഈ കാഴ്ചപ്പാടിലൂള്ള ഒരു സമൂഹ നിര്‍മിതി സാധ്യമാണെന്നും ദൈവിക നീതിയിലധിഷ്ഠിതമായ സമ്പൂര്‍ണ ജീവിത വ്യവസ്ഥയായ ഇസ്‌ലാമിന് ഇതര മനുഷ്യനിര്‍മിത വ്യവസ്ഥകളെക്കാള്‍ പ്രസക്തിയുണ്ടെന്നും ജമാഅത്ത് സിദ്ധാന്തിക്കുന്നു.
മുസ്‌ലിം സമൂഹം പ്രത്യേകിച്ചും ഇതര സമൂഹങ്ങള്‍ പൊതുവിലും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക, തികച്ചും സമാധാനപൂര്‍ണമായ മാര്‍ഗത്തിലൂടെ പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയും ജമാഅത്ത് കാര്യപരിപാടികളാണ്.
ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന്റെ എല്ലാ നിലക്കുമുള്ള പിന്നാക്കവസ്ഥ പരിഹരിക്കാന്‍ ജമാഅത്ത് നിരവധി ക്ഷേമ പദ്ധതികളും സംരംഭങ്ങളും നടത്തുന്നുണ്ട്. പ്രബോധന-വിദ്യാഭ്യാസ-സമൂഹ ക്ഷേമ-രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളില്‍ കൂടി ജമാഅത്ത് അതിന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് .
അതേ സമയം, രൂപീകരണ കാലം മുതല്‍ തന്നെ വിവാദങ്ങളയുയര്‍ത്തിയ ഒരു പ്രസ്ഥാനം കൂടിയാണിത്. മൗദൂദി, ഇസ്‌ലാമിനെ രാഷ്ട്രീയ ബദലായി അവതരിപ്പിച്ചുവെന്നും അതിന്നായി ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ പോലുള്ള സംജ്ഞകളെ ദുര്‍വ്യാഖ്യാനിച്ചുവെന്നുമുള്ളതാണ് അതിന് കാരണം. ജമാഅത്തിന്റെ രൂപവല്‍ക്കരണ കാലത്തെ ലക്ഷ്യം ഹുകൂമത്തെ ഇലാഹി (ദൈവിക ഭരണം) ആയിരുന്നുവെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അത് ഇഖാമതുദ്ദീന്‍ (മത സംസ്ഥാപനം) എന്നാക്കി മാറ്റിയെന്നും, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വോട്ടുചെയ്യുന്നതും ശിര്‍ക്കും കുഫ്‌റുമായി വ്യാഖ്യാനിച്ചവര്‍ പില്‍കാലത്ത് ഇത് രണ്ടും ചെയ്യുകയുണ്ടായി എന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ജമാഅത്ത്, ഇത്തരം വിമര്‍ശനങ്ങള്‍ അത് തങ്ങളുടെ നയങ്ങളാണെന്നും നയങ്ങള്‍ എപ്പോഴും മാറ്റാവുന്നതേയുള്ളൂ എന്നും വിശദീകരിക്കുകയാണ് ചെയ്യാറുള്ളത്.
ജമാഅത്ത്: ഘടനയും ഘടകങ്ങളും
സ്വാതന്ത്ര്യാനന്തരം 1948 ഏപ്രില്‍ അലഹാബാദില്‍ വെച്ച് അബൂല്ലൈസ് ഇസ്‌ലാഹി അമീറായി രൂപം നല്‍കിയ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ന് ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും (കാശ്മീര്‍ ഒഴികെ, ഇവിടെ കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമീ സ്വതന്ത്രമായ ഒരു സംഘടനയാണ്) പ്രവര്‍ത്തിക്കുന്നു.
ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം, വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും പ്രത്യേകം വിഭാഗങ്ങള്‍ എന്നിവയുമുണ്ട്. സമാന രാഷ്ട്രീയ വീക്ഷണമുള്ളവരെ കൂടി ഉള്‍പ്പെടുത്തി 2011 ഏപ്രില്‍ 18ന് വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യാ എന്ന രാഷ്ട്രീയ പാര്‍ട്ടിയും ജമാഅത്ത് രൂപവല്‍ക്കരിച്ചിട്ടുണ്ട്.
ഇസ്‌ലാമിന് തനതായ രാഷ്ട്രീയ വീക്ഷണങ്ങളുമുണ്ട് എന്ന് പറയുന്ന ജമാഅത്ത് മൂല്യങ്ങളിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനം പ്രവര്‍ത്തന പരിപാടിയായി അംഗീകരിക്കുന്നു. അതിനുള്ള കര്‍മമേഖലയായാണ് രാഷ്ട്രീയ പാര്‍ട്ടിയെ ജമാഅത്ത് കാണുന്നത്.
മുസ്‌ലിം മജ്‌ലിസെ മുശാവറ, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ബാബരി മസ്ജിദ് മൂവ്‌മെന്റ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തുടങ്ങിയ മുസ്‌ലിം പൊതുവേദികളിലും ജമാഅത്ത് അംഗമാണ്. സാമൂഹിക നീതിയും സാമുദായിക സൗഹാര്‍ദവും കാത്തുരക്ഷിക്കാനായി എഫ് ഡി സി എ എന്ന ഒരു സംഘടനയും ജമാഅത്ത് നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
സ്വതന്ത്ര ഇന്ത്യയില്‍ രണ്ടു തവണ ജമാഅത്തിന് നിരോധനവും വന്നു. 1975 ല്‍ അടിയന്തരാവസ്ഥക്കാലത്തും 1992ല്‍ ബാബരി മസ്ജിദ് തകര്‍ച്ചയുടെ പിന്നാലെയും. 1994ല്‍ സുപ്രിം കോടതിയാണ് നിരോധനം നീക്കിയത്.
പത്രപ്രസിദ്ധീകരണ രംഗത്തും സാഹിത്യ മേഖലയിലും ജമാഅത്തിന്റെ ഇടപെടല്‍ സജീവമാണ്. അഖിലേന്ത്യാ തലത്തില്‍ കാമ്പയിന്‍, സമ്മേളനങ്ങള്‍ എന്നിവയും ഇടയ്ക്കിടെ നടത്താറുണ്ട്.
ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ (1948)
1948 ജനുവരി 30ന് വി പി മുഹമ്മദലി ഹാജി സാഹിബ് അമീറായി നിലവില്‍ വന്ന കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിക്ക് കെട്ടുറപ്പുള്ള സംഘടനാ സംവിധാനമുണ്ട്. എസ് ഐ ഒ (വിദ്യാര്‍ഥി വിഭാഗം), ജി ഐ ഒ (വനിതാവിഭാഗം), സോളിഡാരിററി (യുവജന വിഭാഗം), ബാലസംഘം എന്നിവയും കീഴ്ഘടകങ്ങളായി പ്രവര്‍ത്തിക്കുന്നു.
പ്രബോധനം, ബോധനം, ആരാമം, മലര്‍വാടി തുടങ്ങിയ സംഘടനാ പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമെ മാധ്യമം ദിനപത്രം, ആഴ്ചപ്പതിപ്പ്, മീഡിയാവണ്‍ ചാനല്‍ എന്നിവയും ജമാഅത്തെ ഇസ്‌ലാമിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. അഞ്ഞൂറിലധികം പുസ്തകങ്ങള്‍ പുറത്തിറക്കിയ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍, ബൈത്തുസ്സകാത്ത്, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി തുടങ്ങി നിരവധി സംരംഭങ്ങളും നടത്തിവരുന്നു. ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, നിരവധി കോളേജുകള്‍, ആശുപത്രികള്‍, റിലീഫ് വിംഗ് എന്നിവയും ജമാഅത്ത് നേരിട്ടു നടത്തുന്നുണ്ട്.
അമീറുള്‍പ്പെടെ 25 പേരടങ്ങുന്ന ശൂറാ (കൂടിയാലോചന സമിതി) യാണ് കാര്യങ്ങള്‍ തീരുമാനിക്കുക. കോഴിക്കോട് ഹിറാ സെന്റര്‍ ആണ് സംസ്ഥാന കാര്യാലയം.
