തബ്ലീഗ് ജമാഅത്ത് (1927)
തബ്ലീഗ് ജമാഅത്ത് ലോകമാകമാനം വ്യാപിച്ചിരിക്കുന്ന ഒരു ഇസ്ലാമിക ആത്മീയ പ്രസ്ഥാനമാണ്. മുസ്ലിംകളെ നമസ്കാരം, ധാര്‍മികത, പ്രവാചകചര്യ അനുസരിക്കുക, ഇമാന് ശക്തിപ്പെടുത്തുക എന്നിവയിലേക്ക് ക്ഷണിക്കുന്നതാണ് പ്രസ്ഥാനത്തിന്റെ മുഖ്യലക്ഷ്യം. രാഷ്ട്രീയ ഇടപെടലുകളിലും മതവാദങ്ങളിലും അകലം പാലിച്ച്, വ്യക്തിപരമായ ആത്മശുദ്ധിയിലും സമൂഹപരമായ ധാര്‍മിക ഉണര്‍വ്വിലും തബ്ലീഗ് ജമാഅത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഖുര്‍ആന്‍, ഹദീസ്, പ്രവാചകചര്യ എന്നിവയെ അടിസ്ഥാനമാക്കി നടക്കുന്ന ദഅ്വാ പ്രവര്‍ത്തനങ്ങള്‍ സാധാരണ ജനങ്ങളിലേക്കും പള്ളികളിലേക്കും ഇസ്ലാമിക ബോധം എത്തിക്കുന്നു. ഇന്ത്യയില്‍ ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ന് നിരവധി രാജ്യങ്ങളില്‍ മുസ്ലിം സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്ക് സഹായകമായിത്തീര്‍ന്നിട്ടുണ്ട്.
1926ല്‍ മുഹമ്മദ് ഇല്യാസ് കാന്തഹ്ലവി എന്ന പണ്ഡിതന് ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് പോയി. ഹജ്ജ് കഴിഞ്ഞ് മടങ്ങവെ, തന്റെ നാട്ടിലെ മുസ്ലിംകളുടെ അവസ്ഥ ഇല്യാസിനെ വേദനിപ്പിച്ചു കൊണ്ടേയിരുന്നു. പുതിയൊരു പ്രതിജ്ഞയുമായാണ് അദ്ദേഹം നാടണഞ്ഞത്.
അങ്ങനെ അദ്ദേഹം മേവാതിയിലെ പള്ളികള്‍ കേന്ദ്രീകരിച്ച് മതപാഠശാലകള്‍ തുടങ്ങി. ഇസ്ലാമിക വിശ്വാസവും ആരാധനകളും അവരെ പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ആര്യസമാജത്തിന് കീഴില്‍ തുടങ്ങിയ ശുദ്ധി പ്രസ്ഥാനം മേവാതിയുള്പ്പെടെയുള്ള ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലെ മുസ്ലിംകളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാനുള്ള വ്യവസ്ഥാപിത നീക്കം സജീവമാക്കിയ കാലമായിരുന്നു അത്. ഇസ്ലാമിക വിശ്വാസവും ആരാധനാമുറകളും പഠിപ്പിക്കുന്നതിലൂടെ മാത്രമേ സമുദായത്തെ ‘മതം മാറ്റത്തില്‍’ നിന്ന് രക്ഷിക്കാനാവൂ എന്ന് ഇല്യാസ് കാന്തഹ്ലവി കണക്കു കൂട്ടി. വര്‍ഷമൊന്നു കഴിഞ്ഞപ്പോഴേക്കും ഇല്യാസിന് ഒരു കാര്യം ബോധ്യമായി. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള മതപഠനം ജനങ്ങളില്‍ മതബോധം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അവരില്‍ നിന്ന് മത പ്രബോധകരെ ഉണ്ടാക്കാനാവുന്നില്ല. ഇത് ഇല്യാസിനെ നിരാശനാക്കി.
വൈകിയില്ല സാഹാറന്പൂരിലെ മദാഹിറുല്‍ ഉലൂം പാഠശാലയിലെ ജോലികളും മേവാതും വിട്ട് അതേ വര്‍ഷം തന്നെ മുഹമ്മദ് ഇല്യാസ് ഡല്‍ഹിക്കടുത്ത പ്രശസ്തമായ നിസാമുദ്ദീനിലേക്ക് കുടിയേറി. ഇവിടെവെച്ച് അദ്ദേഹം തന്റെ പുതിയ പ്രബോധന രീതി ആവിഷ്കരിച്ചു. മുഹമ്മദ് നബി(സ്വ) ഇസ്ലാമിന്റെ ആരംഭകാലത്ത് നടത്തിയ പ്രബോധന രൂപമായിരുന്നു അത്. അദ്ദേഹം മുസ്ലിംകളെ ആഹ്വാനം ചെയ്തു. ”മുസ്ലിംകളേ, നിങ്ങള്‍ യഥാര്‍ഥ മുസ്ലിംകളാവുക”.
ഈ ആഹ്വാനം നിസാമുദ്ദീനിലെ മുസ്ലിം ജനത ആവേശപൂര്‍വം സ്വീകരിച്ചു. അവര്‍ ഇസ്ലാം പഠിക്കാന്‍ മുഹമ്മദ് ഇല്യാസിന്റെ സഭയിലെത്തി. അവിടെ ഒരു പുതിയ ജീവിത രീതി വളര്‍ന്നു വന്നു. അവര്‍ സാമൂഹികമായും മതപരമായും ഏറെ മാറി.
1927ല്‍ ആരംഭിച്ച ഈ സംരംഭം പടര്‍ന്നു പന്തലിച്ചു. 1941ല്‍ നിസാമുദ്ദീനില്‍ ഒരു വാര്‍ഷിക സംഗമവും നടത്തി. 25,000 പേരാണ് അവിടെയെത്തിയത്. തബ്ലീഗ് ജമാഅത്തിന്റെ ഉദ്ഭവം അങ്ങനെയായിരുന്നു.
മുഹമ്മദ് ഇല്യാസ് കാന്തഹ്ലവി
മുഹമ്മദ് ഇല്യാസ് ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കാന്തല എന്ന ഗ്രാമത്തില്‍ 1886ല്‍ ജനിച്ചു. മുഹമ്മദ് ഇസ്മാഈലും സ്വഫിയ്യയുമാണ് മാതാപിതാക്കള്‍. പ്രാഥമിക സ്കൂള്‍ പഠനത്തിന് ശേഷം ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ഉപരിപഠനം ദയൂബന്ദിലെ ദാറുല്‍ ഉലൂമില്‍, ശൈഖ് മഹ്മൂദുല് ഹസനത്തില്‍ നിന്നാണ് ഹദീസ് വിജഞാനം നേടിയത്.
ഇരുപതാം വയസ്സില്‍ തന്നെ ദാറുല്‍ ഉലൂമില്‍ അധ്യാപകനായി ചേര്‍ന്നു. റഷീദ് അഹമ്മദ് ഗംഗോഹി, അദ്ദേഹത്തിന്റെ ഗുരുനാഥനും സഹപ്രവര്‍ത്തകനുമായിരുന്നു. ഇവിടെ നിന്ന് ഇല്യാസ് പിന്നീട് ദാറുല്‍ ഉലൂമിന് കീഴിലുള്ള സഹാറന്‍പുരിലെ മദാഹിറുല്‍ ഉലൂം കോളേജിലേക്ക് പോയി. ഈ സമയത്താണ് അദ്ദേഹം മേവാത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ മുസ്ലിം അവസ്ഥ നേരില്‍ കാണുന്നത്. ഇസ്ലാമിനെയും അതിന്റെ ആരാധനകളെയും കുറിച്ച് ഒന്നിമറിയാത്ത സമൂഹമായിരുന്നു മുസ്ലിംകള്. അവരെ ഹിന്ദുമതത്തിലേക്ക് മാറ്റാന്‍ ശുദ്ധിപ്രസ്ഥാനക്കാര് സുവിശേഷം നടത്തുകയും ചെയ്യുന്നു. തബ്ലീഗ് ജമാഅത്ത് തുടങ്ങാന്‍ പ്രേരണയായതും ഇതായിരുന്നു. 1944ല്‍ നിസാമുദ്ദീനില്‍ ഇല്യാസ് മരിച്ചു.
തബ്ലീഗ് ജമാഅത്ത്: ലക്ഷ്യം, പ്രവര്‍ത്തനം
‘മുസ്ലിംകളെ യഥാര്‍ഥ മുസ്ലിംകളാക്കുക, ഇതര മതസ്ഥരിലേക്ക് ഇസ്ലാമിക സന്ദേശമെത്തിക്കുക’ ഇതാണ് തബ്ലീഗ് ജമാഅത്തിന്റെ അടിസ്ഥാന ലക്ഷ്യം. പ്രബോധനം നന്മയിലേക്ക് ക്ഷണിക്കലും തിന്മ വിരോധിക്കലുമാണ്. വിശ്വാസിയുടെ ഈ കടമയെ ഖുര്‍ആന്‍ വരച്ചിടുന്നതിങ്ങനെ.
”അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സദ്കര്‍മം പ്രവര്‍ത്തിക്കുകയും ഞാന്‍ മുസ്ലിംകളില്‍പെട്ടവനാണ് എന്ന് പറയുകയും ചെയ്യുന്നവനെക്കാള് വിശിഷ്ടമായ വാക്കു പറയുന്ന മറ്റാരുണ്ട് ” (സൂറ, ഫുസ്സിലത്ത് : 33).
”നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന സമുദായം നിങ്ങളില്‍ നിന്നുണ്ടാവട്ടെ. അവരാണ് വിജയികള്‍” (സൂറ. ആലിംഇംറാന് : 104).
ഈ ദൗത്യമാണ് തങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്ന് തബ്ലീഗ് ജമാഅത്തുകാര്‍ പറയുന്നു. തിരുദൂതരുടെയും അനുചരുടെയും മാതൃക സ്വീകരിച്ച,് മനുഷ്യരെ ദൈവമാര്‍ഗത്തിലേക്ക് ക്ഷണിക്കുകയെന്ന ‘തബ്ലീഗ്’ പ്രവര്‍ത്തനത്തിന് ആറ് അടിസ്ഥാന തത്ത്വങ്ങള്‍ മുഹമ്മദ് ഇല്യാസ് നിശ്ചയിച്ചിട്ടുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാം.
- അല്ലാഹു അല്ലാതെ ദൈവമില്ലെന്നും മുഹമ്മദ്(സ്വ) അവന്റെ സന്ദേശവാഹകനുമാണെന്നുമുള്ള വിശ്വാസ പ്രഖ്യാപനം (കലിമ).
- ഭൗതിക ലോകത്തെ സര്‍വ മ്ലേഛതകളില്‍ നിന്നും അകറ്റുന്ന, ആത്മീയ സായൂജ്യവും ഭക്തിയും ഊട്ടിയുറപ്പിക്കുന്ന അഞ്ചുനേരത്തെ ദൈനംദിന പ്രാര്‍ഥന (സ്വലാത്ത്).
- ഖുര്‍ആനും നബിവാക്യങ്ങളും സ്വഹാബികളുടെ ചരിത്രവും ഉത്കൃഷ്ടകര്മങ്ങളും വിശദീകരിക്കുന്ന, വിജ്ഞാനവും ദൈവസ്മരണയുമുണര്ത്തുന്ന സംഗമം (ഇല്മും ദിക്റും).
- മറ്റുള്ളവരെ ആദരവോടെയും വ്യത്യസ്തമായും സ്വീകരിക്കാനുള്ള സന്നദ്ധത (ഇക്റാമേ മുസ്ലിം).
- പ്രവര്‍ത്തനങ്ങളുടെ അന്തസ്സത്ത ദൈവഭക്തിയും ആത്മസംസ്കരണവുമാകണം. അപ്പോള്‍ മാത്രമേ ആത്മാര്‍ഥത കൈവരികയുള്ളൂ (ഇഖ്ലാസേ നിയ്യത്ത്).
- ഉള്‍കൊണ്ട ഉന്നതമായ വിശ്വാസം മറ്റുള്ളവര്‍ക്കെത്തിക്കുക, അവരെ അതിലേക്ക് ക്ഷണിക്കുക (ദഅ്വത്ത് ഓര് തബ്ലീഗ്).
തബ്ലീഗ് ജമാഅത്തിനെ, ഇതര സംഘടനകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന കുറെ കാര്യങ്ങളുണ്ട്. ഇതിന് ഇതര സംഘടനകളെപ്പോലുള്ള സംഘടനാ ചട്ടക്കൂടോ നിശ്ചിത ഭാരവാഹികളോ ഉണ്ടാകില്ല. അംഗത്വവിതരണം, ഫണ്ട് ശേഖരണം, മാധ്യമങ്ങളില്‍ വാര്‍ത്ത നല്കല്, തര്‍ക്കങ്ങളില്‍ ഇടപെടല്‍ തുടങ്ങിയവയൊന്നും തബ്ലീഗ് ജമാഅത്തിനില്ല. ഓരോ സംഘത്തിനും ഓരോ നേതാവ് (അമീര്‍) ഉണ്ടാവും.
തബ്ലീഗ് വിദേശ രാജ്യങ്ങളില്‍
1927ല്‍ മുഹമ്മദ് ഇല്യാസ് ആരംഭിച്ച ഈ നിശ്ശബ്ദ മതപ്രബോധനം അദ്ദേഹത്തിന്റെ മരണാനന്തരം 1960 കളിലാണ് വ്യവസ്ഥാപിതവും രാജ്യാന്തര സംവിധാനവുമാകുന്നത്. മകന് മുഹമ്മദ് യൂസൂഫ്, ബന്ധുവും പില്ക്കാലത്ത് തബ്ലീഗ് ജമാഅത്തിന്റെ ദാര്‍ശനികനുമായിത്തീര്‍ന്ന മുഹമ്മദ് സകരിയ്യ കാന്തഹ്ലവി (1898-1982) യുമാണ് ഇതിന് പിന്നില്‍.
മുഹമ്മദ് സകരിയ്യ മുപ്പതിലധികം കനപ്പെട്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അദ്ദേഹത്തിന്റെ ‘ഫദാഇല്‍ പരമ്പര’ കളാണ് തബ്ലീഗിന്റെ പ്രധാന അവലംബങ്ങള്‍.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെ തന്നെ തബ്ലീഗ് ജമാഅത്ത് പാക്കിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെത്തി. ഇന്ന് അവരുടെ ഏറ്റവും വലിയ ഘടകം ബംഗ്ലാദേശിലാണുള്ളത്. ലോകത്ത് ഹജ്ജ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകള് സംഗമിക്കുന്നത് ബംഗ്ലാദേശില്‍ നടക്കുന്ന തബ്ലീഗ് ജമാഅത്ത് വാര്‍ഷികസംഗമത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. 1970 ഓടെ ഏഷ്യയുടെ ഇതര ഭാഗങ്ങള്‍, യൂറോപ്പ്, ആഫ്രിക്ക, വടക്കെ അമേരിക്ക എന്നിവിടങ്ങളിലും വ്യാപിച്ചു. ഇരുനൂറിലധികം രാജ്യങ്ങളിലായി 150 മില്യണിലധികം അനുയായികള്‍ തബ്ലീഗ് ജമാഅത്തിനു കീഴിലുള്ളതായി 2010ല്‍ വന്ന കണക്കിലുണ്ട്. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ് എന്നിവിടങ്ങളില്‍ തബ്ലീഗ് ജമാഅത്ത് സജീവമാണ്.
തബ്ലീഗിന് ഒരു ശൂറാ (കൂടിയാലോചന സമിതി) യുണ്ട്. ഒരു സമയത്ത് ഒരു അമീര്‍ മാത്രമേയുണ്ടാവൂ. മുഹമ്മദ് ഇല്യാസ് കാന്തഹ്ലവിയായിരുന്നു ഒന്നാമത്തെ അമീര്‍. മൗലാനാ മുഹമ്മദ് യൂസുഫ്, മൗലാനാ ഇനാമുല്‍ ഹസന്, മൗലാനാ സുബൈദുല്‍ ഹസന് എന്നിവരായിരുന്നു തുടര്‍ന്നു വന്ന അമീറുമാര്‍. ചിലയിടങ്ങളില്‍ സ്ത്രീകളുടെ നേതൃത്വത്തിലും തബ്ലീഗ് പ്രവര്‍ത്തനമുണ്ട്.
തബ്ലീഗ് കേരളത്തില്‍
വ്യക്തിഗത സംസ്കരണ ലക്ഷ്യം വെച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ആഗോള സംരംഭമായിത്തീര്ന്ന തബ്ലീഗ് ജമാഅത്തിന് കേരളത്തിലും വേരുകളുണ്ട്. ദയൂബന്ദി ആശയമുള്ള തബ്ലീഗ് ജമാഅത്ത് ഹനഫി സരണി പിന്തുടരുന്ന സുന്നി വിഭാഗമാണ്. ദയൂബന്ദിയെന്ന നിലയില്‍ ഇവര്‍ക്ക് നേരിയ തോതില്‍ സലഫി ആദര്‍ശമുണ്ടെങ്കിലും കേരളത്തില്‍ സുന്നി വിഭാഗത്തിനിടയിലാണ് തബ്ലീഗിന് സ്വാധീനമുണ്ടായിരുന്നത്. സുന്നി പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു ജമാഅത്തുകളും നടന്നിരുന്നത്.
എന്നാല്‍ ഇത് പിന്നീട് വിവാദമായി. 1960 കളില്‍ നിരവധി പരാതികള്‍ ഇവരെ സംബന്ധിച്ച് സമസ്തയുടെ നേതൃത്വത്തിന് ലഭിച്ചു. ഇതിനെത്തുടര്‍ന്ന് അന്വേഷണവും നടന്നു. പരാതിയില്‍ യാഥാര്‍ഥ്യമുണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇവരുമായി ബന്ധമുള്ളവരെ 1965ല്‍ സമസ്ത പുറത്താക്കി. ഇത് സമസ്തയില്‍ പിളര്‍പ്പിന് വഴിവെച്ചു.
അന്ധവിശ്വാസങ്ങള്‍, ബിദ്അത്തുകള്‍ തുടങ്ങിയവയില്‍ നിന്ന് അകന്നു നിന്ന് ഇസ്ലാമിക പ്രബോധന സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നിശബ്ദമായി തുടരുന്ന തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
