അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ (1993)
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ സുന്നി പണ്ഡിത സംഘടനയാണ്. അഹ്ലുസ്സുന്ന വല്‍ ജമാഅത്ത് ആശയധാരയെ അടിസ്ഥാനമാക്കി മതവിദ്യാഭ്യാസം, വിശ്വാസസംരക്ഷണം, ദഅ്വാ പ്രവര്‍ത്തനം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളില്‍ സംഘടന സജീവമായി ഇടപെടുന്നു. പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന മുസ്ലിം സമൂഹത്തില്‍ മതപരമായ ബോധവത്കരണവും ഐക്യവും വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. മദ്രസാ വിദ്യാഭ്യാസം, മതപഠന സ്ഥാപനങ്ങള്‍, സാമൂഹ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ഇന്ത്യയിലെ മത–സാമൂഹിക രംഗങ്ങളില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ്.
കണ്ണിയത്ത് അഹ്മദ് മുസ്ലിയാരും ഇ കെ അബൂബക്കര്‍ മുസ്ലിയാരും സമസ്തയെ നയിക്കുന്ന കാലത്ത് കേന്ദ്ര മുശാവറയില്‍ അംഗമായും പിന്നീട് ജോയിന്റ് സെക്രട്ടറിയായും എ പി അബൂബക്കര്‍ മുസ്ലിയാരുമുണ്ടായിരുന്നു. ആയിടക്കാണ് സമസ്തയുടെ പ്രവര്‍ത്തനം അഖിലേന്ത്യാതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ആലോചന വന്നത്. അതിന്റെ ഭാഗമായി 1976ല്‍ ഒരു മൂന്നംഗ സമിതിയെ അക്കാര്യം ചുമതലപ്പെടുത്തി. അതില്‍ അബൂബക്കര്‍ മുസ്ലിയാരുമുണ്ടായിരുന്നു.
ഇതിനിടെ അദ്ദേഹം കാരന്തൂരില്‍ സ്വന്തമായി മര്‍ക്കസു സ്സഖാഫത്തി സ്സുന്നിയ എന്ന സ്ഥാപനമുണ്ടാക്കി. അതിന്റെ പ്രിന്‍സിപ്പലായി. 1981ല്‍ സംഘടനയില്‍ നേതൃത്വമുറപ്പിച്ച് എസ് വൈ എസ് ജനറല്‍ സെക്രട്ടറിയുമായി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍, 1985ല്‍ ശരീഅത്ത് വിവാദം നാടിനെയാകെ ഇളക്കി മറിച്ചു. സുപ്രീം കോടതിയുടെ വിധിയായിരുന്നു വിവാദത്തിനാസ്പദമായത്. ശരീഅത്തിനെതിരെ വിമര്‍ശനം വന്നപ്പോള്‍ സംഘടനാ ഭിന്നത മറന്ന് കേരളത്തിലെ മുസ്ലിംകള് ഒന്നിച്ചിരുന്നു. ജമാഅത്ത് അമീര്‍ കെ സി അബ്ദുല്ല മൗലവിയും, കെ എന്‍ എം ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് മൗലവിയും, സമസ്ത ജനറല്‍ സെക്രട്ടറി ഇ കെ അബൂബക്കര്‍ മുസ്ലിയാരും കോഴിക്കോട്ട് ഒരേ വേദിയിലെത്തി. പ്രശസ്ത പണ്ഡിതന് അബുല്‍ ഹസന് അലി നദ്വി, ലീഗ് നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ട് എന്നിവരുമുണ്ടായിരുന്നു. ശരീഅത്ത് വിരുദ്ധര്‍ നാവടക്കി. എന്നാല്‍ സമസ്തയില്‍ അത് ഭിന്നതയുടെ നാവുയര്‍ത്താന്‍ വഴി കൂടെയൊരുക്കി.
‘പുത്തന്‍ വാദി’കളുമായി വേദി പങ്കിട്ടതിനെ കാന്തപുരം ചോദ്യം ചെയ്തു. ‘പുത്തന്‍വാദി’കള്‍ക്ക് സലാം പറയരുതെന്ന ഫത്വയുടെ അടിസ്ഥാനത്തില്‍ സമസ്തയുടെ മദ്റസാ പാഠപുസ്തകത്തിലുണ്ടായിരുന്ന പ്രസ്തുത ഭാഗം നീക്കം ചെയ്തതും അരീക്കാട് പള്ളി നിര്‍മ്മാണഫണ്ട് വിവാദവും ഭിന്നതക്ക് വേഗത കൂട്ടുകയും ചെയ്തു.
1988ല്‍ ഈ പശ്ചാത്തലത്തിലാണ് എസ് വൈ എസ് മധ്യമേഖലാ സമ്മേളനം എറണാകുളത്ത് നടക്കുന്നത്. സമ്മേളനം നിര്‍ത്തിവെക്കാന്‍ മുശാവറ ആവശ്യപ്പെട്ടു. എന്നാല്‍ ജനറല്‍ സെക്രട്ടറിയായ കാന്തപുരം അത് അവഗണിച്ച് സമ്മേളനം നടത്തി. ഇതോടെ സമസ്ത മുശാവറ തീര്‍ത്തും രണ്ടു ചേരിയായി, ഭൂരിപക്ഷവും ഇ കെ അബൂബക്കര്‍ മുസ്ലിയാരെ പിന്തുണച്ചു. ഇതിനുപിന്നാലെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് ഉള്‍പ്പെടെ ഏഴ് പേരെ സംഘടനയില്‍ നിന്ന് പുറത്താക്കി.
വൈകാതെ സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ രൂപീകരിച്ചു. അതിന്റെ ജനറല്‍ സെക്രട്ടറി പദമേറ്റെടുത്തുകൊണ്ട് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് സമസ്തക്ക് വെല്ലുവിളിയുണര്‍ത്തി.
അഖിലേന്ത്യാ ജംഇയ്യത്ത് പിറക്കുന്നു
സമസ്തക്ക് ബദലായി മറ്റൊരു സമസ്തയും കീഴ്ഘടകങ്ങളും എല്ലാം രൂപവല്‍ക്കരിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് സംഘടനാരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തി. കാരന്തൂരിലെ മര്‍ക്കസിന് കീഴില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി. കോഴിക്കോട് കേന്ദ്രീകരിച്ച് വന്‍ വ്യാപാര സമുച്ചയമുയര്ന്നു. വിദേശ രാജ്യങ്ങളില്‍ നല്ല സ്വാധീനവും സൗഹൃദവുമുണ്ടാക്കി. രാഷ്ട്രീയ നേതൃത്വങ്ങളുമായും അടുത്തു. മുസ്ലിം സംഘടനകള്‍ക്കിടയില്‍ കാന്തപുരം മുസ്ലിയാര് അനിഷേധ്യ സാന്നിധ്യമായി.
ഇതിനിടയിലാണ് അഖിലേന്ത്യാ സമിതിയുണ്ടാക്കാന്‍ അവിഭക്ത സമസ്തയേല്പ്പിച്ച ദൗത്യം നടപ്പില്‍ വരുത്താനുള്ള നീക്കങ്ങളില്‍ അദ്ദേഹം വ്യാപൃതനായത്. 1993ല്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ നിലവില്‍ വരികയും അദ്ദേഹം അതിന്റെ ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു. മര്‍ക്കസ് സ്ഥാപനങ്ങള്‍, സമസ്ത കേരള ഘടകം എന്നിവയുടെയെല്ലാം അമരക്കാരനായി സംഘടനയിലെ അനിഷേധ്യ നേതാവായി.
ആദര്‍ശത്തിലും വിശ്വാസത്തിലുമെല്ലാം അവിഭക്ത സമസ്തയുടെ നിലപാടുതന്നെ പുലര്‍ത്തുന്നു. അതായത്, അശ്അരി ചിന്താസരണിയും ശാഫിഈ മദ്ഹബും തന്നെ. ഇസ്ലാമിനകത്തെ ശത്രുക്കളെ എതിര്‍ക്കുക, മതസഹിഷ്ണുത, മതമൈത്രി, ദേശീയ പുരോഗതി എന്നിവക്കായി നിലകൊള്ളുക തുടങ്ങിയവയും സംഘടനയുടെ ലക്ഷ്യങ്ങളില്‍പെടുത്തി.
അഖിലേന്ത്യാ തലത്തില്‍ മുംബൈ, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഒറീസ, കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയും വിദ്യാഭ്യാസ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ശ്രദ്ധേയനായി. ആഗോള തലത്തിലും പേരെടുത്തു. ജോര്‍ദാനിലെ ഒരു സ്റ്റഡി സെന്ററിന്റെ പഠനത്തില്‍ ലോകത്തെ സ്വാധീനിച്ച 500 വ്യക്തികളുടെ പട്ടികയില്‍ അബൂബക്കര്‍ മുസ്ലിയാരും ഉള്‍പ്പെട്ടതായി അവകാശപ്പെടുന്നുണ്ട്.
കാരന്തൂര്‍ മര്‍ക്കസ് തന്നെയാണ് പ്രധാന സ്ഥാപനം ഇതിനു കീഴില്‍ എഞ്ചിനീയറിംഗ്, ലോ ശരീഅത്ത്, ഖുര്‍ആന്‍, ഹദീസ് കോളേജുകള്‍, ആശുപത്രികള്‍, അനാഥാലയ സമുച്ചയം, നോളജ് സിറ്റി എന്നിവയുമുണ്ട്. 40 കോടി രൂപ ചെലവില്‍ ‘പ്രവാചകന്റെ തിരുകേശം’ സൂക്ഷിക്കാന്‍ പള്ളി പണിയുമെന്ന് പ്രഖ്യാപിച്ചെങ്കിലും മുടങ്ങിക്കിടക്കുകയാണ്.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ സംസ്ഥാന തലത്തില്‍ സുന്നി ജംഇയ്യത്തുല്‍ ഉലമയുണ്ട്. ഇ സുലൈമാന്‍ മുസ്ലിയാര് അധ്യക്ഷനായുള്ള 40 അംഗ മുശാവറയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. 1989 മുതല്‍ കാന്തപുരം തന്നെയാണ് ജനറല്‍ സെക്രട്ടറി.
സമസ്ത കേരള സുന്നി യുവജന സംഘം, സമസ്ത കേരള സുന്നി സ്റ്റൂഡന്റ്സ് ഫെഡറേഷന്, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്, ബാലസംഘം എന്നിവക്കു പുറമെ 2015 ഒക്ടോബര്‍ മുതല്‍ കേരള മുസ്ലിം ജമാഅത്ത് എന്ന ബഹുജനസംഘടന കൂടി നിലിവില്‍ വന്നിട്ടുണ്ട്. ഇതിന്റെ പ്രസിഡണ്ടും കാന്തപുരം തന്നെയാണ്.
സിറാജ് ദിനപത്രം, രിസാല വാരിക, സുന്നത്ത് വോയ്സ്, അല്‍ ഇര്‍ഫാദ്, ബാലമാസിക, പൂങ്കാവനം വനിതാ മാസിക, അല്‍മുഅല്ലിം തുടങ്ങിയ പ്രസിദ്ധീകരണങ്ങളും പുസ്തക പ്രബോധന കേന്ദ്രവുമുണ്ട്.
