ഇന്‍ഷൂറന്‍സ്
ഇന്‍ഷൂറന്‍സ് ആധുനിക സാമ്പത്തിക സംവിധാനത്തില്‍ അപകടസാധ്യതകള്‍ നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനമാണ്. ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും സാധ്യതകളും, ഇസ്ലാമിക ഇന്‍ഷൂറന്‍സ് സംവിധാനമായ തകാഫുല്‍, പാരമ്പര്യ ഇന്‍ഷൂറന്‍സുമായി തകാഫുലിന്റെ അടിസ്ഥാന വ്യത്യാസങ്ങള്‍, തകാഫുല്‍ കര്‍മപഥത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും റി-തകാഫുല്‍ എന്ന ആശയത്തിന്റെ പ്രാധാന്യവും എന്നിവയെക്കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു. ഇസ്ലാമിക നിയമപരിധികള് പാലിച്ചുകൊണ്ട് ഇന്‍ഷൂറന്‍സ് ആശയം എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ കേന്ദ്രവിഷയം.
ഭാവിയില്‍ സംഭവിക്കാവുന്ന ഏതെങ്കിലും രൂപത്തിലുള്ള നഷ്ടത്തിന് സാമ്പത്തിക പരിഹാരം ലഭ്യമാവണം എന്ന ഉദ്ദ്യേശ്യത്തില്‍ മുന്‍കൂറായി പണം ഒരു സ്രോതസ്സില്‍ നിക്ഷേപിക്കുന്ന രീതിയാണ് ഇന്‍ഷൂറന്‍സ്. ഇതര നിക്ഷേപങ്ങളെപ്പോലെ ആവശ്യാനുസരണം പണം പിന്‍വലിക്കാന്‍ കഴിയുന്ന ഒരു പദ്ധതിയല്ല ഇത്. ഒരു വ്യക്തിക്ക് നേരിട്ടേക്കാവുന്ന നഷ്ടത്തെ മറ്റുള്ളവരുമായി പങ്കിടുക എന്നതാണ് ഇന്‍ഷൂറന്‍സ് പദ്ധതികളുടെ അടിസ്ഥാനം. നഷ്ടസാധ്യതകള്‍ക്ക് സംരക്ഷണം പ്രദാനം ചെയ്യുന്നതിനാല്‍ ആളുകള്‍ വലിയതോതില്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്.
ധാരാളം കമ്പനികള്‍ ഈ രംഗത്തുണ്ട്. ലൈഫ് ഇന്‍ഷൂറന്‍സ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, വാഹന ഇന്‍ഷൂറന്‍സ് എന്നിവ ഏറെ പ്രചാരം സിദ്ധിച്ചഇന്ഷൂറന്സ്. ഇവയില്‍ ചിലത് സര്‍ക്കാര്‍ നിയമപ്രകാരം നിര്‍ബന്ധമാക്കപ്പെട്ടതിനാല്‍ അതില്ലാതെ കഴിയില്ലതാനും.
നിലവിലുള്ള ഈ സമ്പ്രദായങ്ങള്‍ പലിശാധിഷ്ഠിതമാണ്. അല്ലെങ്കില്‍ ചൂതാട്ടത്തിന്റെയോ അനിശ്ചിതത്ത്വത്തിന്റെയോ പരിധിയില്‍ വരുന്നതാണ്. എന്നാല്‍ വ്യക്തികള്‍ക്കും സമൂഹത്തിന്നും ഗുണപ്രദമായ വശങ്ങളെ നിഷേധിക്കാന്‍ കഴിയുകയുമില്ല. അതിനാല്‍ പാരമ്പര്യ ഇന്‍ഷൂറന്‍സ് മുസ്ലിംകള്ക്ക് അനുവദനീയമാണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്ക്കിടയില് അഭിപ്രായ വ്യത്യാസങ്ങളുണ്ട്.
ഇന്‍ഷൂറന്‍സ് സമ്പ്രദായത്തിന്റെ നല്ല വശങ്ങളെ സ്വീകരിക്കുകയും ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായവ ഒഴിവാക്കുകയും ചെയ്ത ‘തകാഫുല്‍’ സംവിധാനങ്ങള്‍ പല ഇസ്ലാമിക രാജ്യങ്ങളിലും ഇന്ന് നിലവിലുണ്ട്. പാരമ്പര്യ ഇന്‍ഷുറന്‍സും തകാഫുല്‍ സമ്പ്രദായവും എങ്ങനെ വ്യത്യസ്തമാകുന്നു എന്നാണ് തുടര്‍ന്നു വിവരിക്കുന്നത്.
സാഹചര്യങ്ങളും സാധ്യതകളും
ഉറപ്പ് എന്ന അര്‍ഥമാണ് ഇന്‍ഷൂറന്‍സ് എന്ന പദത്തിനുള്ളത്. ജീവന്നും സ്വത്തിന്നു മുണ്ടാകുന്ന നഷ്ടങ്ങളില്‍ പണംകൊണ്ട് സഹായിക്കാമെന്ന് ഉറപ്പു നല്‍കുകയാണ് ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ചെയ്യുന്നത്. നിശ്ചിത കാലപരിധിക്കുള്ളിലുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ആഘാതം വിലയിരുത്തിയോ അല്ലാതെ നിര്‍ണിതമായ തോതിലോ നഷ്ടപരിഹാരം കമ്പനി നല്‍കും. ചില ഇന്‍ഷൂറന്‍സുകളില്‍ മരണം, നഷ്ടം എന്നിവ സംഭവിച്ചാല്‍ മാത്രമാണ് ഇന്‍ഷുറന്‍സ് തുക ലഭിക്കുക. എന്നാല്‍ മറ്റുചിലതില്‍ കാലാവധി കഴിഞ്ഞാല്‍ ഇന്‍ഷുര്‍ചെയ്ത സംഖ്യ തിരിച്ചു നല്‍കും. ഇതിനു വേണ്ടി ഒറ്റത്തവണയായോ പല ഗഡുക്കളായോ ഗുണഭോക്താക്കളില്‍ നിന്ന് ഇന്‍ഷൂറന്‍സ് കമ്പനി പ്രീമിയം ഈടാക്കും.
സമ്പത്ത് എല്ലാമെല്ലാമായി കരുതുന്ന സമ്പന്നരുടെ സമൂഹം ഏറെ സ്വാര്‍ഥരും അതോടൊപ്പം ചകിതരുമാണ്. മറ്റൊരുവന് നശിച്ചെങ്കിലേ തനിക്കു വളരാന്‍ കഴിയൂ എന്നു ചിന്തിക്കുന്ന ഈ ‘ഉള്ളവര്‍’ തന്റെ സഹ മുതലാളിയുടെ നഷ്ടത്തില്‍ സ്വമനസ്സാലെ സഹായിക്കാന്‍ തയ്യാറാവില്ലെന്നു മാത്രമല്ല അവനെ നശിപ്പിക്കാനാണ് ആഗ്രഹിക്കുക. അതേ സമയം തന്റെത് നഷ്ടപ്പെടുമോ എന്നവന് വല്ലാതെ പേടിക്കുകയും ചെയ്യുന്നു. ഇതിനുള്ള പരിഹാരമായിട്ടാണ് ഇന്‍ഷൂറന്‍സ് സംവിധാനം നിലവില്‍ വരുന്നത്. നഷ്ടപ്പേടിയുള്ള എല്ലാവരില്‍ നിന്നും പണം വാങ്ങുകയും നഷ്ടപ്പെടുന്ന ഒരാള്‍ക്ക് നഷ്ടപരിഹാരമായി അത് നല്‍കുകയും ചെയ്യുക എന്നതാണ് അതിന്റെ ധര്‍മം. ഇത് നല്ല സംരംഭമാണ്. പക്ഷേ, അംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രീമിയം നഷ്ടപരിഹാരത്തിന് തികയാതെ വരും. അപ്പോള്‍ ശേഖരിച്ച മൂലധനം വളര്‍ത്തണം. ഇതിന് പലിശയാണ് കമ്പനികള്‍ കണ്ടെത്തിയ എളുപ്പ വഴി. ഇവിടെയാണ് ഇസ്ലാം ഈ പരസ്പര സഹകരണ സംവിധാനത്തെയും സുരക്ഷാ കരുതലിനെയും എതിര്‍ക്കുന്നത്.
ഇസ്ലാം ഓരോ മനുഷ്യന്റെയും ജീവന്നും സ്വത്തിനും ഏറെ പ്രാധാന്യം കല്പിക്കുന്നുണ്ട്. കൊലപാതകം, കൊള്ള, മോഷണം, പിടിച്ചുപറി, അന്യായമായ സാമ്പത്തിക ചൂഷണം എന്നിവക്കെതിരെയെല്ലാം കൃത്യമായ ബോധവത്കരണവും, ശിക്ഷാ നടപടികളും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രകൃതി പ്രതിഭാസങ്ങളിലൂടെ അപ്രതീക്ഷിതമായുണ്ടാകുന്ന കഷ്ട നഷ്ടങ്ങളില്‍ ഒരു മനുഷ്യന് നശിച്ചുപോകാന്‍ പാടില്ലെന്നതും അടിസ്ഥാന ശ്രദ്ധയാണ്. എന്നാല്‍ ഒരാളെ രക്ഷിക്കുന്നത് മറ്റൊരാളെയോ ഒരു കൂട്ടം ആളുകളെയോ നശിപ്പിച്ചുകൊണ്ടാകരുത് എന്ന് ഇസ്ലാമിനു നിര്‍ബന്ധമുണ്ട്. ചീത്തയെ നന്മ കൊണ്ടാണ് തടയേണ്ടത് എന്നതാണ് ഇസ്ലാം നല്കുന്ന അടിസ്ഥാന പാഠം. പരസ്പര സഹകരണത്തിന് മാനവിക മുഖം നല്കുന്ന ഇസ്ലാം കണ്ട ബദല്‍ നിര്‍ബന്ധദാനങ്ങള്‍, ഐഛികദാനങ്ങള്‍, കടം എന്നിവയാണ്. ഭൗതികമായി ലാഭം പ്രതീക്ഷിക്കാതെ സഹജീവിയെ സഹായിച്ചാല്‍ ഭൂമിയിലെയും മരണാനന്തരജീവിതത്തിലെയും നഷ്ടങ്ങള്‍ക്ക് അത് പരിഹാരമാകുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
മഹത്തായ സേവനത്തിന്റെയും സഹകരണത്തിന്റെയും ഒരു വശം ഉള്‍ച്ചേരുമ്പോഴും നാട്ടില്‍ നടപ്പുള്ള ഇന്ഷൂറന്സുകളെല്ലാം പലിശാധിഷ്ഠിതമാണെന്നതില്‍ സംശയമില്ല. ഭാവി ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ തന്റെ ആശ്രിതര്‍ കഷ്ടപ്പെടാതിരിക്കാനും തന്റെ ആരോഗ്യം കുടുംബത്തിന് ഭാരമാകാതിരിക്കാനും രോഗം, അപകടം, മരണം, സ്വത്തുനാശം എന്നിവയിലെല്ലാം സുരക്ഷയേകാന്‍ ഇന്‍ഷൂറന്‍സ് അനിവാര്യമായേക്കാം.
ഇന്‍ഷൂറന്‍സ് പലിശാധിഷ്ഠിതമായതിനാല്‍ ഇസ്ലാം അംഗീകരിക്കുന്നില്ലെങ്കിലും നമ്മുടെ നാടുകളില്‍ ചിലഇന്ഷൂറന്സുകള് നിര്‍ബന്ധമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള എസ് എല്‍ ഐ, ജി ഐ എസ്, വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും ഇങ്ങനെ നിര്‍ബന്ധമായി ഇന്‍ഷൂറന്‍സില്‍ ചേരേണ്ടി വരുന്നു. ഇവയില്‍ പങ്കാളികളാവുകയും അപരിഹാര്യവും വലുതുമായ നഷ്ടങ്ങളുണ്ടാകുമ്പോള്‍ താന്‍ അടച്ച മുതല്‍ മാത്രം വാങ്ങുകയോ ആവശ്യത്തിനുള്ള നഷ്ടപരിഹാരം മാത്രം വാങ്ങുകയോ ചെയ്യുന്നതാണ് ഉചിതം. സര്‍ക്കാര്‍ നല്‍കേണ്ട സുരക്ഷ ഇന്‍ഷൂറന്‍സ് കമ്പനിയുമായി ബന്ധപ്പെടുത്തി നിര്‍വഹിക്കാറുണ്ട്. താഴ്ന്ന വരുമാനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ്, കാര്‍ഷിക ഇന്‍ഷൂറന്‍സ് എന്നിവ ഇതില്‍പെട്ടതാണ്. ഇത് സര്‍ക്കാര്‍ ആനുകൂല്യമായി പരിഗണിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യാം. സുരക്ഷിതമല്ലാത്ത ജീവിത സാഹചര്യങ്ങളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ തലത്തിലും മറ്റുമുള്ളതോ പലിശ കുറവുള്ളതോ ആയ ഇഇന്ഷൂറന്സുകള് ഉപയോഗപ്പെടുത്താം. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഇസ്ലാം മാനുഷികമായ വിട്ടുവീഴ്ചകള്‍ ചെയ്യുന്നു എന്ന ആനുകൂല്യത്തിലാണിത്. അപ്പോള്‍ പേടിയോടും ഭക്തിയോടും കൂടിമാത്രമേ ഇതിനെ സമീപിക്കാവൂ. പരസ്പര സഹകരണത്തിന്റെ ഇസ്ലാമിക മാതൃകകള്‍ സൃഷ്ടിക്കുന്ന വിശാലത ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള പദ്ധതികളെ കുറിച്ച് ഇസ്ലാമിക നേതൃത്വം ഗൗരവമായി ആലോചിക്കട്ടെ. ഇന്‍ഷൂറന്‍സിനോടുള്ള മൃദുസമീപനം അല്ലാഹുവില്‍ തവക്കുല്‍ ചെയ്യാനുള്ള ഈമാന്‍ നഷ്ടപ്പെടുന്ന വിധത്തിലാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപകടങ്ങളിലും ദുരിതങ്ങളിലുമെല്ലാം അല്ലാഹുവിന്റെ വിധിയില്‍ സമാശ്വസിച്ച് ക്ഷമിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്; അല്ലാഹുവില്‍ ഭരമേല്പിക്കാനും. കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക (2:155).
ഭാവിയെക്കുറിച്ച അമിതമായ ആശങ്കകളാണ് നമ്മെ അല്ലാഹു നിഷിദ്ധമാക്കിയ പലിശാധിഷ്ഠിത ഇന്‍ഷുറന്‍സുകളിലെത്തിക്കുന്നതെങ്കില്‍, അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ ആര്‍ക്കും ഇന്‍ഷൂര്‍ നല്കാന് കഴിയില്ലെന്ന ബോധത്തോടെ മാത്രം അതില്‍ ഇടപെടുക. ”നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശമാണ്. അവന് അഭയം നല്കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന് ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ)”(23:88).
തകാഫുല്‍ (ഇസ്ലാമിക് ഇന്‍ഷൂറന്‍സ്)
ഇസ്ലാം നിരോധിച്ച പലിശയും ചൂതാട്ടവും, അനിശ്ചിത തത്ത്വാധിഷ്ഠിത ഇന്‍ഷൂറന്‍സ് സങ്കല്പങ്ങള് എന്നിവയ്ക്കും പകരമാണ് തകാഫുല്‍ അഥവാ ഇസ്ലാമിക് ഇന്‍ഷൂറന്‍സ് നിലവില്‍ വന്നത്.
തകാഫുല്‍ വ്യവസ്ഥയില്‍ എല്ലാ പോളിസി ഉടമകളും പാരമ്പര്യ പ്രീമിയത്തിനു പകരമായി അവകാശികള്‍ക്കിടയിലെ പരസ്പര ധാരണപ്രകാരം ഒരു പൊതു ഫണ്ടിലേക്ക് (Takaful Fund) നിശ്ചിത സംഖ്യ അടക്കാമെന്ന കരാറിലെത്തുന്നു.
ഓരോരുത്തരുടെയും വ്യക്തിപരമായ സാഹചര്യങ്ങള്‍ക്കനുസരിച്ചും തങ്ങള്‍ക്കു വേണ്ട ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ തോതനുസരിച്ചുമാണ് തങ്ങള്‍ അടക്കേണ്ട സംഖ്യ തീരുമാനിക്കുന്നത്. പാരമ്പര്യ ഇന്ഷൂറന്സിലേതെന്ന പോലെ തകാഫുല്‍ സ്ഥാപനങ്ങളിലും ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ സ്വഭാവവും കാലാവധിയും പ്രത്യേകം എടുത്തു പറഞ്ഞിരിക്കും.
പോളിസി ഉടമകള്‍ക്കു വേണ്ടി തകാഫുല്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ഒരു തകാഫുല്‍ നേതൃത്വത്തെ ഏല്പിക്കുന്നു (Takaful Operator).
തകാഫുല്‍ ഓപറേറ്റര്‍മാര്‍ തങ്ങളുടെ പ്രവര്‍ത്തന ചെലവുകള്‍ക്കനുസൃതമായി (വിപണന-മാര്‍ക്കറ്റിംഗ് ചെലവുകള്‍, അവകാശ നിര്‍വഹണ ചെലവുകള്‍ എന്നിവ ഉള്‍പ്പടെ) അംഗീകൃത ഫീസ് ഈടാക്കുന്നതാണ്. പോളിസി ഉടമകള്‍ സമര്‍പ്പിക്കുന്ന തങ്ങളുടെ നഷ്ടക്കണക്കുകള്‍ തകാഫുല്‍ ഫണ്ടില്‍ നിന്ന് പരിഹരിച്ചു നല്‍കുന്നതാണ്.
സാമ്പ്രദായിക ഇന്‍ഷൂറന്‍സില്‍ നിന്നു ഭിന്നമായി ഭാവിയില്‍ പോളിസി ഉടമകള്‍ സമര്പിച്ചേക്കാവുന്ന നഷ്ടക്കണക്കുകളും അവയുടെ നിര്‍വഹണ ചെലവുകളും മറ്റു അത്യാവശ്യ നീക്കിയിരിപ്പുകളും കഴിച്ച് ബാക്കി വരുന്ന മുഴുവന്‍ സംഖ്യയ്ക്കും പോളിസി ഉടമകള്‍ക്കു മാത്രമായിരിക്കും അവകാശമുണ്ടായിരിക്കുക. തകാഫുല്‍ കമ്പനിക്ക് പ്രസ്തുത സംഖ്യയില്‍ യാതൊരു അവകാശവും ഉണ്ടായിരിക്കുകയില്ല എന്ന് പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതാണ്. ഈ മിച്ചത്തുകകള് പോളിസി ഉടമകള്‍ക്ക് ഡിവിഡന്റ് ആയോ ഭാവിയില്‍ അവര്‍ അടക്കേണ്ടുന്ന പ്രീമിയം തുകയായോ വിതരണം ചെയ്യാവുന്നതാണ്.
കഫല എന്ന വാക്കില്‍ നിന്നാണ് തകാഫുല്‍ എന്ന പദം നിഷ്പന്നമാവുന്നത്. പരസ്പരമുള്ള സംരക്ഷണവും ഉറപ്പുനല്കലുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത് (Mutual indemnification and guarantee).
”നിങ്ങള്‍ പുണ്യത്തിലും തഖ്വയിലും പരസ്പരം സഹകരിക്കുവിന്‍. തിന്മയിലും ശത്രുതയിലും സഹകരിക്കരുത്”. തകാഫുല്‍ നന്മയിലും പുണ്യത്തിലുമുള്ള ഒരു വിധേനയുള്ള പരസ്പര സഹായമാണ് (തആവുന്‍). നഷ്ട സാധ്യത നിരവധി പങ്കാളികള്‍ക്കിടയില്‍ കൂട്ടമായി വീതിക്കപ്പെടുന്ന ഒരു രീതിയാണ് തകാഫുലിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
പാരമ്പര്യ ഇന്‍ഷൂറന്‍സ്-തകാഫുല്‍ ഒരു താരതമ്യം
അപ്രതീക്ഷിതവും നിര്‍ഭാഗ്യകരവുമായ സാഹചര്യം സംജാതമായാല്‍ പദ്ധതിയിലെ ഏതൊരംഗത്തിനും ഉപയോഗപ്പെടുത്താമെന്ന ധാരണയില്‍ ഒരു നിശ്ചിത സംഖ്യ ദാനമായി അടച്ച് അംഗങ്ങളാവുന്നതാണ് തകാഫുല്‍. എന്നാല്‍ പാരമ്പര്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഒരു വ്യക്തി തന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന് വേണ്ടി ഒരു പോളിസി വില കൊടുത്തു വാങ്ങുകയാണ് ചെയ്യുന്നത്.
പാരമ്പര്യ ഇന്‍ഷൂറന്‍സ് പദ്ധതിപ്രകാരം സ്വരൂപിച്ചു കിട്ടിയ പ്രീമിയം തുക ലാഭകരമായ ഏതൊരു നിക്ഷേപ പദ്ധതിയിലും നിക്ഷേപിക്കാവുന്നതാണ്. തകാഫുല്‍ പ്രകാരം സ്വരൂപിച്ചു കിട്ടിയ സംഖ്യ ചൂതാട്ടത്തിന്റെയും അനിശ്ചിതത്ത്വത്തിന്റെയും സ്വഭാവമുള്ളതോ പലിശാധിഷ്ഠിതമോ ആയ സംരംഭങ്ങളിലും, ഇസ്ലാം നിഷിദ്ധമാക്കിയ മദ്യം, പന്നിമാംസ സംസ്കരണം തുടങ്ങിയ ബിസിനസ്സ് സംരംഭങ്ങളിലും നിക്ഷേപിക്കാന്‍ പാടില്ലാത്തതാണ്. ശരീഅത്ത് അംഗീകരിക്കുന്ന സംരംഭങ്ങളില്‍ മാത്രമേ ഈ ഫണ്ടില്‍ നിക്ഷേപ സ്വാതന്ത്ര്യമുള്ളൂ. തകാഫുല്‍ മുഖേനയുള്ള പരസ്പര സഹകരണവും സംരക്ഷണവും ഇസ്ലാമിക സമൂഹത്തിന്റെ ബാധ്യതയായി കാണുന്നു.
പാരമ്പര്യ ഇന്‍ഷൂറന്‍സ് പൂര്‍ണമായും പലിശയിലധിഷ്ഠിതമായിരിക്കെ ഇസ്ലാമിക് ഇന്‍ഷൂറന്‍സായ തകാഫുല്‍ ദാനധര്‍മം(തബര്‍റുഅ്) അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. തബറുഅ് പ്രകാരം പോളിസി ഉടമകള്‍ തങ്ങളടയ്ക്കുന്ന ഇന്‍ഷൂറന്‍സ് തുകയില്‍ ഒരു ഭാഗം ദാനമായി കരുതുന്നതു കൊണ്ട് പോളിസി ഉടമകള്‍ പങ്കാളികള്‍ എന്നാണറിയപ്പെടുന്നത്.
പാരമ്പര്യ ഇന്‍ഷൂറന്‍സ,് പോളിസി ഉടമകള്‍ക്ക് നഷ്ട സംബന്ധമായി ഒരു അവകാശവും സമര്പ്പിക്കാനില്ലെങ്കില് ഇന്‍ഷൂറന്‍സ് കമ്പനി വന്‍ലാഭം കൊയ്യുന്നു. മറിച്ച് പോളിസി ഉടമകള്‍ക്ക് തന്റെ നഷ്ടക്കണക്കുകള്‍ സമര്‍പ്പിക്കാനുണ്ടെങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനിക്ക് അതൊരു തിരിച്ചടിയായി മാറുന്നു. ഏതു സാഹചര്യത്തിലും ഏതെങ്കിലുമൊരു കക്ഷിക്ക് (പോളിസി ഉടമയ്ക്കോ ഇന്‍ഷൂറന്‍സ് കമ്പനിക്കോ)വന്‍ ലാഭമോ വന്‍ നഷ്ടമോ വരുത്തി വെക്കുന്നു. ഇതുകൊണ്ടാണ് ഇസ്ലാം ഇതിനെ വെറുക്കുന്നതും നിരോധിക്കുന്നതും. പക്ഷേ ഇന്‍ഷൂറന്‍സ് കമ്പനിക്ക് തങ്ങളുടെ പ്രതീക്ഷിത നഷ്ടം തുലോം കുറവായിരിക്കും. ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ഒരു വര്‍ഷം ആയിരം കാറുകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നു എന്ന് കരുതുക. എന്നാല്‍ ഇവയില്‍ കൂടിയാല്‍ നൂറോ ഇരുന്നൂറോ കാറുടമകള്‍ മാത്രമാണ് അപകടങ്ങള്‍ മൂലം നഷ്ടക്കണക്കുകള്‍ അവതരിപ്പിക്കുന്നത്. ബാക്കി വരുന്ന 800ഓളം കാറുകളുടെയും പ്രീമിയം തുക ഇന്‍ഷൂറന്‍സ് കമ്പനിക്ക് ലാഭമായി മാറുകയാണ്.
സമ്പൂര്‍ണ പാരമ്പര്യ ഇന്‍ഷൂറന്‍സ് അതാത് സര്‍ക്കാറുകളുടെ നിയമവ്യവസ്ഥയ്ക്കും പൊതു വാണിജ്യതത്ത്വങ്ങള്ക്കും വിധേയമായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമാണ്. തകാഫുല്‍ പരസ്പര സഹകരണത്തിന്റെയും ശരീഅ നിയമങ്ങളുടെയും ചട്ടക്കൂട്ടില്‍ ഒതുങ്ങി നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്.
തകാഫുല്‍ പ്രകാരം അപായസാധ്യത (Risk) തകാഫുല്‍ പങ്കാളികള്‍ക്കിടയില്‍ പരസ്പരം വീതിക്കുകയും ഏറ്റെടുക്കുകയും ചെയ്യുമ്പോള്‍ പാരമ്പര്യ ഇന്‍ഷൂറന്‍സില്‍ അപായ സാധ്യത പൂര്‍ണമായും ഇന്‍ഷൂറന്‍സ് കമ്പനി ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.
തകാഫുല്‍ കര്‍മപഥത്തില്‍
മലേഷ്യയും ഇന്തോനേഷ്യയുമാണ് ഇപ്പോള്‍ തകാഫുല്‍ രംഗത്ത് മികച്ചു നില്കുന്നത്. മലേഷ്യയില്‍ വളരെ ബൃഹത്തായ തകാഫുല്‍ ഉത്പന്നങ്ങള്‍ (Islamic Insurance Products) ഇന്‍ഷൂറന്‍സ് കവറേജ് ആയി നിലവിലുണ്ട്. മോട്ടോര്‍ ആക്സിഡണ്ട് പോളിസികള്‍, ട്രാവല്‍ ഇന്‍ഷൂറന്‍സ് പോളിസികള്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ എന്നിവ അവയില്‍ ചിലതു മാത്രമാണ്. ഇതിനു പുറമെ മലേഷ്യയില്‍ നിരവധി തകാഫുല്‍ ജാലകങ്ങളും നിലവിലുണ്ട്.
മലേഷ്യയിലെ തകാഫുല്‍ വ്യവസായം നിയന്ത്രിക്കപ്പെടുന്നത് 2013 ല്‍ പാസാക്കിയ ഇസ്ലാമിക് ഫൈനാന്‍ഷ്യന്‍ സര്‍വീസസ് ആക്ട് പ്രകാരമാണ്. തകാഫുല്‍ സംബന്ധമായ തര്‍ക്കങ്ങളുടെ അന്തിമവാക്ക് മലേഷ്യന്‍ തകാഫുല്‍ അസോസിയേഷന്റെതാണ്. തകാഫുല്‍ പരിരക്ഷ ലഭിക്കാന്‍ ഒരാള്‍ മുസ്ലിമാകണമെന്നില്ല. ഇസ്ലാമിക് ബാങ്ക് പോലെ തകാഫുലും മതവര്‍ഗ വിഭാഗീയതകള്‍ക്കതീതമായി ആര്‍ക്കും ഉപയോഗപ്പെടുത്താവുന്ന ഒന്നാണ്.
റി തകാഫുല്‍
പാരമ്പര്യ റി ഇന്‍ഷൂറന്‍സിന് പകരമായാണ് റീ തകാഫുല്‍ സമ്പ്രദായമുള്ളത്. റി തകാഫുല്‍ വ്യവസ്ഥപ്രകാരം ഒരു തകാഫുല്‍ കമ്പനി തങ്ങളുടെ ബാധ്യതയുടെ ഒരു ഭാഗം പ്രീമിയം നല്കി മറ്റൊരു കമ്പനിയുമായി തകാഫുല്‍ കരാറുകളില്‍ ഏര്‍പ്പെടുകയാണ്. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് തകാഫുല്‍ കമ്പനിക്ക് തങ്ങളുടെ നഷ്ടസാധ്യത (Risk) വന്‍തോതില്‍ കുറയ്ക്കാന്‍ കഴിയും.
