ആനുകാലികം 2
മഴ: പ്രതീക്ഷയും പാഠങ്ങളും
ജലം ജീവന്റെ അടിസ്ഥാന ഘടകമാണ്. ”ജീവനുള്ള എല്ലാ വസ്തുക്കളെയും നാം ജലത്തില്‍ നിന്നാണ് ഉണ്ടാക്കിയിരിക്കുന്നത്” (ഖുര്‍ആന്‍ 21:30). നദീതടങ്ങളുടെയും ജലസ്രോതസ്സുകളുടെയും സമീപത്തായാണ് പുരാതന നാഗരികതകള്‍ രൂപപ്പെട്ടത്. സിന്ധുനദീതടനാഗരികത ക്ഷയിക്കാന്‍ കാരണം കാലവര്‍ഷം ദുര്‍ബലമായതിലൂടെയുണ്ടായ ദൈര്‍ഘ്യമേറിയ വരള്‍ച്ചയാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലവര്‍ഷത്തിന്റെ താളമാണ് ഇന്ത്യയുടെ ഹൃദയതാളം. കാരണം നമ്മുടെ കാര്‍ഷിക-സാമൂഹിക-സാമ്പത്തിക സംവിധാനങ്ങള്‍ ഭൂരിഭാഗവും ഇപ്പോഴും മഴയെ ആശ്രയിച്ചിരിക്കുന്നതാണ്. അതുകൊണ്ടാണ് കാലം തെറ്റി വരുന്ന മഴയും, അതിവൃഷ്ടിയും അനാവൃഷ്ടിയും മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും വലിയ തോതില്‍ ബാധിക്കുന്നത്. മഴയെന്ന അത്ഭുത സ്രോതസ്സിന്റെ പ്രാധാന്യവും അതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും നമ്മള്‍ കുറേ കാലമായി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും അവ കര്‍മതലത്തിലെത്തിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.
അനുഗൃഹീത ജലം
ഒരിക്കലും വ്യതിചലിക്കാത്ത ജലചംക്രമണത്തെ ആശ്രയിച്ചാണ് നമുക്ക് ജീവജലം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഖര ദ്രാവക വാതകാവസ്ഥയികളിലൊക്കെ ശുദ്ധജലം ഭൂമിയില്‍ ലഭ്യമാണെങ്കിലും ആകാശത്തു നിന്ന് പെയ്തിറങ്ങുന്ന മഴ തന്നെയാണ് ഏറ്റവും വലിയ സ്രോതസ്സും വില നല്കാതെ ലഭിക്കുന്ന സൗഭാഗ്യവും. ഖുര്‍ആന്‍ ധാരാളം സ്ഥലങ്ങളില്‍ അല്ലാഹു ആകാശത്തു നിന്ന് വര്‍ഷിപ്പിച്ചു തരുന്ന മഴ എന്ന അനുഗ്രഹത്തെ ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നുണ്ട്.
മഴയുമായി ബന്ധപ്പെട്ട ഖുര്‍ആനിക പരാമര്‍ശങ്ങളെ വിശദമായ വായനയ്ക്ക് വിധേയമാക്കുമ്പോള്‍ ജലചംക്രമണ ഘട്ടങ്ങളുമായും ജലസ്രോതസ്സുകളുടെ ഉപയോഗവുമായും ബന്ധപ്പെട്ട സൂചനകളെ നമുക്ക് വേര്‍തിരിക്കാന്‍ കഴിയും.
ആത്യന്തികമായി മഴ വെള്ളത്തിന്റെ പ്രാധാന്യവും മൂല്യവും ഖുര്‍ആന്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ”മുകളില്‍ നിന്ന് അനുഗൃഹീതമായ (ബറകത്ത്) ജലം നാം വര്‍ഷിച്ചിരിക്കുന്നു” (50:9), ”ആകാശത്തു നിന്ന് ശുദ്ധമായ (ത്വഹൂര്‍) ജലം നാം ഇറക്കിയിരിക്കുന്നു”(25:48).
സമുദ്രങ്ങള്‍, മഞ്ഞ്, അരുവികള്‍, ചെടികള്‍, ജീവജാലങ്ങള്‍ എന്നിവയില്‍ നിന്നൊക്കെ ബാഷ്പീകരിക്കപ്പെടുന്ന ജലം മുകളിലെത്തുമ്പോള്‍ മേഘമായി മാറുക എന്നത് ജലചംക്രമണത്തില്‍ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. ഈ മേഘങ്ങള്‍ കാറ്റിന്റെ ദിശയ്ക്കനുസരിച്ച് സഞ്ചരിച്ച് വിവിധയിടങ്ങളില്‍ മഴയായി പെയ്യുന്നു. കാറ്റിന്റെ സഞ്ചാരമാണ് കാലവര്‍ഷത്തെ നിര്‍ണയിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോള്‍ മഴ പെയ്യുന്നതില്‍ കാറ്റിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ പറ്റും.
കാര്‍മേഘത്തിന്റെ രൂപീകരണം, കാറ്റിന്റെ സ്വാധീനം എന്നിവയെപ്പറ്റിയും മഴയെ വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കുന്ന അവയുടെ ദൗത്യത്തെക്കുറിച്ചും ഖുര്‍ആന്‍ കൃത്യമായി വിശദീകരിക്കുന്നു. ”അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ട് പോകുകയും അതുമുഖേന ഭൂമിയെ അതിന്റെ നിര്‍ജീവാവസ്ഥയ്ക്കു ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു”(35:9).
മഴയിലൂടെ ഭൂമി കൈവരിക്കുന്ന ഉണര്‍വും ഊര്‍ജവും അതിലൂടെ മനുഷ്യ ജീവന്റെ നിലനില്‍പ്പിനായി ഭക്ഷ്യവിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നതും സ്രഷ്ടാവിനെ കണ്ടെത്താനുള്ള ദൃഷ്ടാന്തമായാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ”നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉത്പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഗുണപാഠമുണ്ട്”(39:21).
മഴയുമായി ബന്ധപ്പെട്ട ഖുര്‍ആന്റെ ശ്രദ്ധേയമായ മറ്റൊരു പരാമര്‍ശം മഴ എന്ന പ്രതിഭാസത്തിനു പിന്നിലെ ദൈവികമായ ഇടപെടലുകളെയും അതില്‍ മനുഷ്യന്‍ നന്ദി കാണിക്കേണ്ടതിന്റെ ആവശ്യകതയെയും ഉണര്‍ത്തുന്നതാണ്. ”പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളുടെ കുടിവെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക?”(67:30). ”നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?. നിങ്ങളാണോ അത് മേഘത്തില്‍ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് ദുസ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?’‘(56:68-70). ഈ രണ്ടു സ്ഥലങ്ങളിലും മഴവെള്ളത്തിന്റെ പരിശുദ്ധിയും അത് ഇല്ലാതായാല്‍ മനുഷ്യന്‍ നേരിടേണ്ടി വരുന്ന ഭീകരമായ അവസ്ഥയെയും ഓര്‍മപ്പെടുത്തിയാണ് നന്ദി കാണിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഉണര്‍ത്തുന്നത്.
ഭീതിയുടെ മഴക്കാലം
നില്‍ക്കാതെ പെയ്യുന്ന മഴയില്‍ കുടയും ചൂടി സ്‌കൂളിലേക്ക് പോവുന്നതും നിറഞ്ഞു നില്‍ക്കുന്ന വയലിലും കുളങ്ങളിലും നീന്തിയും മീന്‍പിടിച്ചും ഉല്ലസിക്കുന്നതും തുടങ്ങി മനസ്സില്‍ ആഘോഷത്തിന്റെ കുളിര്‍മഴ പെയ്യിക്കുന്ന മഴക്കാല ഓര്‍മകളില്‍ നിന്ന് മലയാളി മാറിയിരിക്കുന്നു. രണ്ടു വര്‍ഷത്തെ പ്രളയം വരുത്തി വെച്ച നഷ്ടങ്ങളുടെ കണക്കാണ് ഇന്ന് മഴക്കാല ഓര്‍മയില്‍ മുമ്പിലുണ്ടാവുക. അത്രയും പേടിപ്പെടുത്തുന്ന ദിനങ്ങളായിരുന്നു 2018 ലെയും 19 ലെയും മഴക്കാലം സമ്മാനിച്ചത്.
പല സമയങ്ങളിലായുള്ള പരിസ്ഥിതി ആഘാത പഠനങ്ങളെ മുഖവിലക്കെടുക്കാതെ പ്രകൃതിയെ വീണ്ടും ചൂഴ്‌ന്നെടുത്ത് കൂടുതല്‍ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ ശ്രമിച്ച മനുഷ്യരുടെ അത്യാഗ്രഹങ്ങളെയാണ് പ്രകൃതി ദുരന്തങ്ങള്‍ ചോദ്യം ചെയ്യുന്നത്. ഭൂമിയില്‍ സ്രഷ്ടാവ് സംവിധാനിച്ച സന്തുലിതാവസ്ഥയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അത് നാശത്തിനു കാരണമാകുമെന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി പ്രസ്താവിക്കുന്നുണ്ട്. ”ഭൂമിയില്‍ നന്മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്” (7:56), ”മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു’‘ (30:41).
ഭൂമിയെയും അതിലെ വിഭവങ്ങളെയും പ്രതിപാദിക്കുന്നിടത്ത് മനുഷ്യന് വേണ്ടി സംവിധാനിച്ചു എന്ന ഖുര്‍ആന്റെ പ്രയോഗം ശ്രദ്ധേയമാണ്. അതിനാല്‍ ധൂര്‍ത്തും ചൂഷണവും വെടിഞ്ഞ് വിഭവങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധ്യത്തില്‍ അവയെ ഉപയോഗിക്കുവാന്‍ കഴിയണം.
നഷ്ടപ്പെടുന്ന മഴവെള്ളം
കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 3000 മില്ലിലിറ്ററില്‍ അധികം മഴ പെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ നമുക്ക് ഈ സ്രോതസ്സിനെ തീരെ ഉപയോഗപ്പെടുത്താന്‍ പറ്റുന്നില്ല. വലിതോതില്‍ മഴ ലഭിച്ചിട്ടും വരള്‍ച്ച നേരിടുന്നത് ശരിയായ കാഴ്ചപ്പാടില്ലാത്തതു കൊണ്ടു മാത്രമാണ്. വര്‍ഷത്തില്‍ 600 മില്ലിലിറ്റര്‍ മഴ മാത്രമാണ് ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളില്‍ ലഭിക്കുന്നത്. അവ കൃത്യമായി സംരക്ഷിക്കാനും ജനങ്ങള്‍ക്ക് ജലക്ഷാമം അനുഭവപ്പെടാത്ത രൂപത്തില്‍ വിതരണം ചെയ്യാനും കഴിയുന്നു എന്നറിയുമ്പോഴാണ് നാം നഷ്ടപ്പെടുത്തുന്ന ജലം എത്രയാണെന്നും മഴവെള്ള സംരക്ഷണത്തിന് എത്രത്തോളം പ്രാധാന്യം നല്കണമെന്നും മനസ്സിലാക്കാന്‍ കഴിയുക.
കേരളത്തിന്റെ ഭൂപ്രകൃതിയുടെ കൂടി കാരണമായി, പെയ്യുന്ന മഴ മുഴുവന്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് കടലിലേക്ക് ഒഴുകിപ്പോവുകയാണ്. ഭൂമി ഉപയോഗം കൃഷി ആവശ്യത്തില്‍ നിന്ന് മാറി മറ്റു കാര്യങ്ങള്‍ക്കായപ്പോള്‍ മുമ്പുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നത് വളരെ കുറഞ്ഞിട്ടുണ്ട്. കൂടാതെ മഴവെള്ള സംഭരണത്തിനായി നമ്മള്‍ സ്വീകരിച്ചിട്ടുള്ള മിക്ക ഉപാധികളും മഴവെള്ളത്തെ ഒരു വര്‍ഷം മുഴുവന്‍ ഉപയോഗിക്കാവുന്ന വിധത്തില്‍ സംഭരിക്കാന്‍ കഴിയാത്തതാണ് എന്നതാണ് യാഥാര്‍ഥ്യം.
നമ്മുടെ നിത്യോപയോഗങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കുക എന്നത് മാത്രമായി പലപ്പോഴും നമ്മുടെ ചിന്തകള്‍ ചുരുങ്ങിപ്പോവുന്നുണ്ട്. വര്‍ഷാവര്‍ഷം വലിയ അളവില്‍ ലഭിക്കുന്ന മഴവെള്ളത്തെ വാണിജ്യാടിസ്ഥാനത്തില്‍ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം എന്നു കൂടി ആലോചിക്കേണ്ടതുണ്ട്. മഴക്കാല മണ്‍സൂണ്‍ ടൂറിസം പോലെ മഴയെയും മഴവെള്ളത്തെയും വരുമാനമാക്കി മാറ്റാന്‍ ഒരുപാട് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയും.
ജലവിനിയോഗവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ജലക്ഷാമം ഉണ്ടാകുമ്പോള്‍ മാത്രം ജലത്തിന്റെ പ്രാധാന്യം പ്രസംഗിക്കുകയും ഉപയോഗത്തില്‍ സൂക്ഷമത പാലിക്കാതിരിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍. മറ്റു പ്രകൃതിവിഭവങ്ങളെപ്പോലെത്തന്നെ നശിപ്പിക്കാതെയും പരിക്കേല്‍പ്പിക്കാതെയും ജലത്തെ കൈകാര്യം ചെയ്യാന്‍ കഴിയേണ്ടതുണ്ട്.
മുഹമ്മദ് നബി ഇതു സംബന്ധമായി പറഞ്ഞിട്ടുള്ള നിര്‍ദേശങ്ങള്‍ ഏറെ പ്രസക്തമാണ്. ‘ഒഴുകുന്ന പുഴയില്‍ നിന്നാണ് ആരാധനകള്‍ക്കു വേണ്ടി അംഗശുദ്ധി വരുത്തുന്നതെങ്കില്‍ പോലും ധൂര്‍ത്ത് പാടില്ല’. ശുദ്ധജലസ്രോതസ്സുകള്‍ പൊതുസ്വത്തായാണ് നബി(സ്വ) പഠിപ്പിച്ചത്. ആര്‍ക്കും കുടിവെള്ളം തടയാന്‍ പാടില്ലെന്നും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ വിസര്‍ജനം നടത്താന്‍ പാടില്ലെന്നുമുള്ള അധ്യാപനങ്ങള്‍ ജലത്തിന്റെ പ്രാധാന്യത്തെ ഉണര്‍ത്തുന്നു. വെറും രണ്ട് ലിറ്റര്‍ (ഒരു സ്വാഅ്) വെള്ളം കൊണ്ട് കുളിക്കാറുണ്ടായിരുന്ന പ്രവാചകന്റെ ജീവിതരീതി തന്റെ അധ്യാപനങ്ങള്‍ക്കനുഗുണമായിരുന്നു.
സ്ത്രീരത്‌നങ്ങള്‍
സമകാലിക ലോകത്ത് വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വനിതകള്‍. ഇസ്‌ലാമിക ജീവിതം നയിക്കുന്നതോ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നതോ ഭൗതികമായ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതില്‍ നിന്ന് ഇവരെ തടഞ്ഞില്ല. അതിലുപരി വിശ്വാസ ജീവിതം, ഭൗതിക നേട്ടങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാഴ്ചപ്പാട് നല്കുകയാണ് ചെയ്തത്.
1. കെ.വി റാബിയ
അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ല്‍ കേരള സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കപ്പെട്ട മലപ്പുറക്കാരി. 2022 ല്‍ രാജ്യം അവരെ പത്മശ്രീ നല്കി ആദരിച്ചു.
2. തജാമുല്‍ ഇസ്‌ലാം
ലോക കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വര്‍ണം നേടുന്ന ആദ്യത്തെ പെണ്‍കുട്ടി. വടക്കന്‍ കാശ്മീരിലെ ബന്ദിപ്പോര ജില്ലക്കാരിയാണ്.
3. ഡോ.മറിയം അഫീഫ അന്‍സാരി
ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം വനിതാ ന്യൂറോ സര്‍ജനാണ് 27 കാരിയായ മറിയം അഫീഫ അന്‍സാരി. ഏറ്റവും പ്രായം കുറഞ്ഞ മുസ്‌ലിം വനിതാ ന്യൂറോ സര്‍ജനും ഇവരാണ്. ഹൈദരാബാദിലെ ഉസ്മാനിയാ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം.
4. ഖുലൂദ് ഫഖീഹ്
മധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ മുസ്‌ലിം വനിതാ ജഡ്ജ്. ലോകത്തെ അതിശക്തരായ 10 അറബി വനിതകളില്‍ ഒരാളാണ് ഖുലൂദ് ഫഖീഹ്.
5. ജമീല അഫ്ഗാനി
അഫ്ഗാനിലെ ആയിരക്കണക്കിന് വനിതകള്‍ക്ക് വ്യക്തിത്വവും ദിശാബോധവും പകര്‍ന്നു നല്കിയ യുവതി. അതിന്നായി NECDO രൂപീകരിച്ചു കൊണ്ടും ലൈബ്രറികള്‍ സ്ഥാപിച്ചും സ്ത്രീകളുടെ ക്ഷേമത്തിന്നായി ഓടിനടന്നു. 2008 ല്‍ താനന്‍ബോം പീസ് മേക്കല്‍ അവാര്‍ഡ് നേടി.
6. ഡോ. സുആദ് അല്‍ ശംസി
അറബ് എമിറേറ്റിലെ ആദ്യത്തെ വനിതാ എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍. വ്യോമയാന മേഖലയിലേക്ക് പ്രവേശിപ്പിക്കാന്‍ സ്ത്രീകളെ പ്രോത്‌സാഹിപ്പിക്കുന്ന വിമന്‍ ഇന്‍ ഏവിയേഷന്‍ ഗ്രൂപ്പിലെ അംഗമാണ്.
7. ബുഷ്‌റ മതീന്‍
2022 മാര്‍ച്ചില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുധം നേടിയ ബുഷ്‌റ മതീന്‍. തുടര്‍ച്ചയായി
16 മെഡലുകള്‍ നേടി പുതിയ റെക്കോഡ് സൃഷ്ടിച്ച ഹിജാബ് ധാരിണി. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, ഗവര്‍ണര്‍ തവചന്ദ് ഗെലോട്ട്, വിദ്യാഭ്യാസ മന്ത്രി സിഎന്‍ അശ്വത് തുടങ്ങിയ പ്രമുഖരുടെ കൈകളില്‍ നിന്ന് മെഡലുകള്‍ ഏറ്റുവാങ്ങി. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലക്കാരിയായ ബുഷ്‌റ.
8. ലിന്‍ഡ സര്‍സൂര്‍
പലസ്തീനിയന്‍-അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകയായ ലിന്‍ഡ സര്‍സൂര്‍ സ്ത്രീകളുടെ അവകാശങ്ങള്‍, വംശീയ സമത്വം, കുടിയേറ്റ അവകാശങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സാമൂഹിക നീതി ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന ആളാണ്. അവളുടെ സ്വത്വത്തിന്റെ പ്രതീകമായി അവള്‍ പലപ്പോഴും ഹിജാബ് ധരിക്കുന്നു.
9. തവക്കുല്‍ കര്‍മാന്‍
യെമന്‍ പത്രപ്രവര്‍ത്തകയും രാഷ്ട്രീയക്കാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് തവക്കോല്‍ കര്‍മാന്‍. യെമനിലെ സ്ത്രീകളുടെ അവകാശങ്ങളും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബഹുമതിയായി 2011-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.
10. ഇബ്തിഹാജ് മുഹമ്മദ്
2016 റിയോ ഒളിമ്പിക്‌സില്‍ ഹിജാബ് ധരിച്ച് മത്സരിച്ച ആദ്യത്തെ അമേരിക്കന്‍ ഒളിമ്പ്യന്‍ എന്ന നിലയില്‍ അവര്‍ ചരിത്രം സൃഷ്ടിച്ചു.
11. നാദിയ കഹ്ഫ്
അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ആദ്യത്തെ ജഡ്ജിയാണ് നാദിയ കഹ്ഫ്. ന്യൂജെയ്‌സിയിലെ പരമോന്നത കോടതിയിലാണ് വര്‍ഷങ്ങളായി യു.എസിലെ സാമൂഹിക രംഗത്ത് സജീവമായ ഇവര്‍ സ്ഥാനമേറ്റത്. സിറിയയില്‍ നിന്നും കുടിയേറിയ കുടുംബമാണ് ഇവരുടെത്.
12. സാമിയ സുലുഹു ഹസന്‍
ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ നിലവിലെ പ്രസിഡണ്ട്. സോഷ്യല്‍ ഡെമോക്രാറ്റിക് കക്ഷിയായ ചമ ചാ മാപിന്‍സുഡി പാട്ടിയുടെ അംഗമായ സാമിയ, 2021 മാര്‍ച്ച് 19നാണ് അധികാരമേറ്റത്. 20201 ല്‍ ആക്റ്റിങ്ങ് പ്രസിഡണ്ടായും 2015 മുതല്‍ 2021 വരെ വൈസ് പ്രസിഡണ്ടായും സ്ഥാനമലങ്കരിച്ചിട്ടുണ്ട്.
13. ഇല്‍ഹാന്‍ ഉമര്‍
അമേരിക്കയിലെ രാഷ്ട്രീയ പ്രവര്‍ത്തക. 2019 മുതല്‍ മിനിസോട്ടയിലെ അഞ്ചാം നമ്പര്‍ ജില്ലയെ പ്രതിനിധീകരിച്ചു കൊണ്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗമാണ് ഇല്‍ഹാന്‍ ഉമര്‍.
14. ഹലീമ യാഖൂബ്
2017 മുതല്‍ 2023 വരെ സിംഗപ്പൂരിന്റെ പ്രസിഡണ്ടായിരുന്നു. നേരത്തെ പാര്‍ലിമെന്റ് സ്പീക്കറായും ഹലീമ യാഖൂബ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
15. സല്‍വാ ഫാത്തിമ
ഹൈദരാബാദുകാരിയായ ഹിജാബ് ധരിച്ച പൈലറ്റ്.
16. നൂറ ബിന്‍ത് മുഹമ്മദ് അല്‍ കഅബി
2017 ഒക്‌ടോബര്‍ മുതല്‍ യു.എ.യിയുടെ സാംസ്‌കാരിക, വിജ്ഞാന വികസന മന്ത്രിയായിരുന്ന നൂറ, 2020 ല്‍ സാംസ്‌കാരിക യുവജന മന്ത്രിയായി.
17. റാഫിയ അര്‍ഷദ്
യു.കെയില്‍ ഹിജാബ് ധരിച്ച ആദ്യത്തെ ജഡ്ജ്. 17 വര്‍ഷമായി കുടുംബനിയമം പ്രാക്ടീസ് ചെയ്യുന്ന മൂന്ന് കുട്ടികളുടെ അമ്മയാണ് റാഫിയ അര്‍ഷദ്.
18. സഹ്‌റ ലാറി
അറബ് എമിറേറ്റ്‌സില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ മത്‌സരിക്കുന്ന ആദ്യത്തെ ഫിഗര്‍ സ്‌കേറ്ററാണ് ഇമാറാത്തില്‍ നിന്നുള്ള ഈ താരം. അഞ്ച് തവണ ദേശീയ തലത്തില്‍ ചാമ്പ്യന്‍ഷിപ് നേടി.
19. താഹിറ റഹ്‌മാന്‍
അമേരിക്കയിലെ WHBF-TV ലെ മുഴുവന്‍ സമയ ന്യൂസ്‌റിപ്പോര്‍ട്ടറാണ് താഹിറ റഹ്‌മാന്‍. ലയോള യൂണിവേഴ്‌സിറ്റിയുടെ പത്രത്തിന്റെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിച്ചിരുന്നു.
20. ഡോ. ആസിമ ബാനു
ബംഗ്ലൂരു മെഡിക്കല്‍ കോളേജിലെ ആദ്യത്തെ മുസ്‌ലിം വനിത പ്രിന്‍സിപ്പല്‍. കോവിഡ് മൂര്‍ഛിച്ച് നില്ക്കുന്ന സമയത്ത് കോവിഡ് രോഗികളുടെ പരിചരണത്തിന്നായി സധൈര്യം മുന്നോട്ടു വന്ന ആസിമ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
