ഇന്ത്യയിലെ ഹദീസ് പണ്ഡിതര്‍- 2
ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നവരും ലോകത്തിന് മഹാസംഭാവനകൾ അർപ്പിച്ച് ഒരു മായ ഒരുപാട് പ്രതിഭകളായ പണ്ഡിതന്മാരെ ഇന്ത്യ ഇസ്‌ലാമിക ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ഹദീസ് സംരക്ഷണത്തിന്റെ മേഖലയിലും ഇന്ത്യൻ മുസ്‌ലിം പണ്ഡിതലോകം സ്തുത്യർഹമായ സേവനങ്ങളാണ് അർപ്പിച്ചിട്ടുള്ളത്.ഈ മേഖലയിൽ നൂറുകണക്കിന് പണ്ഡിതന്മാർ നൂറ്റാണ്ടുകളായി സേവനം ചെയ്തിട്ടുണ്ട്. ലോകോത്തരമായ ധാരാളം ഹദീസ് ഗ്രന്ഥങ്ങൾ അവരിലൂടെ വിരചിതമായിട്ടുണ്ട്. ഈ കാര്യങ്ങൾ സവിസ്തരം ഇന്ത്യയിലെ ഹദീസ് പണ്ഡിതര്‍ എന്ന ഈ അധ്യായത്തിൽ വായിക്കാം.
അശ്ഫാഖു റഹ്‌മാന്‍ അല്‍ കാന്തഹ്‌ലവി, അസ്അദുല്ലാഹ്, അബ്ദുന്നബി ബിന്‍അഹ്‌മദ് അല്‍ ഖന്‍ഖോഹി, അബ്ദുല്‍ അസീസ് അസ്സഹാലവി, അബ്ദുല്‍ലത്തീഫ് സഹാറന്‍ഫൂരി, അശ്‌റഫ് അലി തഹാനവി, ഖലീല്‍ അഹ്‌മദ് സഹാറന്‍ഫൂരി, ഖൈര്‍ മുഹമ്മദ് ജലന്ധരി, ഗുലാം അലി ആസാദ് അല്‍ബല്‍ഗറാമി (ഹസ്സാനുല്‍ ഹിന്ദ്), ജമാലുദ്ദീന്‍ മുഹമ്മദ്ബിന്‍ ഉമര്‍ അല്‍ഹദ്വറമി.
അശ്ഫാഖു റഹ്‌മാന്‍ അല്‍ കാന്തഹ്‌ലവി
ശൈഖ് അശ്ഫാഖു റഹ്‌മാന്‍ കാന്തഹ്‌ലവിയുടെ ജനനസ്ഥലവും ജനനത്തീയതിയും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബ പരമ്പര ശൈഖ് ഖാദ്വി ദ്വിയാഉദ്ദീനിലേക്കും അദ്ദേഹത്തില്‍ നിന്ന് ഒന്നാം ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ്(റ)ലേക്കും എത്തിച്ചേരുന്നു.
വളരെ ചെറിയ പ്രായത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ ഇദ്ദേഹം പ്രാഥമിക അറബി ഗ്രന്ഥങ്ങള്‍ സ്വായത്തമാക്കുവാന്‍ ഭോപ്പാലിലെ മദ്‌റസതുല്‍ സുലൈമാനിയ്യയില്‍ ചേര്‍ന്നു. ഇംദാദുല്‍ ഉലൂമിലേക്ക് പുറപ്പെട്ട അദ്ദേഹം ഹി. 1327ല്‍ (ക്രി. 1906) തന്റെ പതിനെട്ടാം വയസ്സില്‍ ജാമിഅതു മദ്വാഹിറുല്‍ ഉലൂമില്‍ ചേര്‍ന്നു. പ്രധാനപ്പെട്ട എല്ലാ ഹദീസ് ഗ്രന്ഥങ്ങളും ഹദീസ് നിദാന ശാസ്ത്രത്തിലെ അടിസ്ഥാന ഗ്രന്ഥമായ ‘നുഖ്ബതുല്‍ ഫിക്‌റും’ തഫ്‌സീറും ഇവിടെ നിന്ന് പഠിച്ചു. ആ കാലയളവില്‍ തന്നെ അറബ് സാഹിത്യ ഗ്രന്ഥങ്ങളും തത്വശാസ്ത്രവും കരസ്ഥമാക്കി.
ഹിജ്‌റ 1328ന് മദ്വാഹിറുല്‍ ഉലൂമില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 1330ല്‍ അവിടെത്തന്നെ അധ്യാപകനായി നിയമിക്കപ്പെട്ടു. 1339ല്‍ (1918) ശൈഖ് ഖലീല്‍ അഹ്‌മദ് സഹാറന്‍ പൂരിയുടെയും ശൈഖ് അബ്ദുല്‍ ലത്തീഫിന്റെയും കൂടെ, മതവിധി നിര്‍ണയ വിഭാഗത്തില്‍ നിയമിക്കപ്പെട്ടു.
1340ല്‍ (1919) ഡല്‍ഹിയിലെത്തിയ അദ്ദേഹം മദ്‌റസതുല്‍ അശ്‌റഫിയ്യയിലെ പ്രിന്‍സിപ്പാള്‍ ആവുകയും 18 വര്‍ഷം തല്‍സ്ഥാനത്ത് തുടരുകയും ചെയ്തു. പിന്നീട് ഡല്‍ഹിയിലെ ഫത്ഹ്പൂരിലെ ‘മദ്‌റസതുല്‍ ആലിയ്യതുല്‍ അറബിയ്യ’യിലും 18 വര്‍ഷം സേവനം ചെയ്തു. ശേഷം ഭോപ്പാലിലെത്തിയ അദ്ദേഹം മദ്‌റസതുല്‍ അഹ്‌മദ്ദിയ്യയില്‍ ഹദീസ് ഗുരുവായി.
ഹിജ്‌റ 1370 (1949) പാകിസ്താനിലേക്ക് ഹിജ്‌റ പോയ ശൈഖ് അശ്ഫാഖു റഹ്‌മാന്‍ കാന്തഹ്‌ലവി അശ്‌റഫാബാദിലെ ‘ദാറുല്‍ ഉലും ഇസ്‌ലാമിയ്യ’യില്‍ ഹദീസ് അധ്യാപകനായി ചേരുകയും ‘മതവിധി’ (ഫത്‌വ) വിഭാഗത്തില്‍ അംഗമായി മാറുകയും ചെയ്തു. മരണം വരെ തത്സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം 1377 (1956) ജുമാദുല്‍ ആഖിറയില്‍ പരലോകം പുല്‍കി.
പ്രധാന ഗ്രന്ഥങ്ങള്‍
حاشية على سنن النسائي, حاشية على سنن أبي داود , شرح على شمائل الترمذي , حاشية على موطأ , مرآة التفسير , أحسن البيان فيما يتعلق بالقرآن, علم الحديث, تفسير سورة الفاتحة
അസ്അദുല്ലാഹ്
സഹാറന്‍ഫൂരിലെ ജാമിഅതു മദ്വാഹിറുല്‍ ഉലുമിലെ തഫ്‌സീറിന്റെയും ഹദീസിന്റെയും തത്വശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും കലയുടെയും അധ്യാപകനായിരുന്നു ശൈഖ് അസ്അദുല്ലാഹ്.
ഹിജ്‌റ 1314ല്‍ (1893) റാംപൂരിലാണ് ശൈഖ് ഭൂജാതനാവുന്നത്. പിതാവില്‍ നിന്ന് ഖുര്‍ആന്‍ പഠിച്ച അദ്ദേഹം റാംപൂരിലെ ചില പാഠശാലകളില്‍ നിന്നും വിദ്യ അഭ്യസിച്ചു. ഹി. 1329ല്‍ (1908) ‘തഹാനഭൂമി’ലേക്ക് യാത്രയായ അദ്ദേഹം അറബിയിലെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ ശൈഖ് അബ്ദുല്ല ഖാന്‍ഖോബിയില്‍ നിന്ന് അഭ്യസിച്ചു. ഹദീസിലെയും തഫ്‌സീറുകളിലെയും വിവിധ ഗ്രന്ഥങ്ങള്‍ പഠിച്ച ശേഷം 1333ല്‍ സഹാറന്‍പൂരിലെ ജാമിഅതു മദ്വാഹിറുല്‍ ഉലൂമില്‍ ചേരുകയും 1336ല്‍ ബിരുദം കരസ്ഥമാക്കുകയും ചെയ്തു.
ബിരുദം നേടിയതിന്റെ പിറ്റേ വര്‍ഷം തന്നെ മദ്വാഹിറുല്‍ ഉലൂമില്‍ അധ്യാപകനായി പ്രവേശിച്ചു. ജീവിതാവസാനം വരെ അവിടെ അധ്യാപകനായി തുടര്‍ന്നു. അറുപതിലേറെ വര്‍ഷം സേവനമനുഷ്ഠിച്ച ശൈഖ് 1348-ല്‍ റങ്കുണിലെ മദ്‌റസതു റാന്‍ദീരിയ്യക്ക് നേതൃത്വം നല്‍കാനും, 1354-ല്‍ സന്ദര്‍ശനത്തിന് ബര്‍മ്മയില്‍ പോയതൊഴിച്ചാല്‍ മുഴുവന്‍ സമയവും അദ്ദേഹം മദ്വാഹിറുല്‍ ഉലൂമില്‍ തന്നെയായിരുന്നു ജീവിച്ചത്.
ഹദീസ് വിഷയങ്ങളായിരുന്നു കൂടുതല്‍ കൈകാര്യം ചെയ്തിരുന്നതെങ്കിലും അറബി ഭാഷയിലും സാഹിത്യങ്ങളിലും അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ചര്‍ച്ചകളിലും തര്‍ക്കങ്ങളിലും താല്പര്യവും പ്രാഗല്ഭ്യവും വേണ്ടുവോളമുണ്ടായിരുന്ന അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖാദിയാനികളുമായി പല പ്രാവശ്യം ഏറ്റുമുട്ടി. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിലും, രജപുത്താന, മധുര, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലും യാത്ര ചെയ്ത അദ്ദേഹം മതവിരുദ്ധരോടും സത്യ നിഷേധികളോടും തെളിവിന്റെയും യുക്തിയുടെയും പിന്‍ബലത്തില്‍ അതി ശക്തമായി പോരാടുകയും അവരെ തറപറ്റിക്കുകയും ചെയ്തു. ആ മഹാപണ്ഡിതന്‍ 1399 (1978) റജബ് മാസത്തില്‍ ഇഹലോക വാസം വെടിഞ്ഞു.
പ്രധാന വിദ്യാര്‍ഥികള്‍
മുഹ്‌മുദ് ഹസന്‍ ഖന്‍ഖോഹി, മുഹമ്മദ് യൂസുഫ്കാന്തഹ്‌ലവി, ഇബ്‌റാറുല്‍ ഹഖ് ഹാര്‍ദവി, മുഹമ്മദ് ഇശ്ഖ് ഇലാഹി, അക്ബര്‍ അലി സഹാറന്‍ പുരി, ഇന്‍ആം ഹസന്‍ കാന്തഹ്‌ലവി, ഉബൈദുല്ലാഹ് ഖല്‍യാവി, ഇഫ്തിഖാര്‍ അല്‍ഹസന്‍ കാന്തഹ്‌ലവി.
പ്രധാന ഗ്രന്ഥങ്ങള്‍
تكميل الإيمان في شرح حفظ الإيمان , شرح تقصير في التفسير,إسعاد النحو , الخطائف من اللطائف ,حاشية على شرح معان الآثار
അബ്ദുന്നബി ബിന്‍അഹ്‌മദ് അല്‍ ഖന്‍ഖോഹി
ചെറുപ്രായം മുതല്‍ മതകാര്യങ്ങളില്‍ അതീവ തത്പരനായിരുന്നു ശൈഖ് അബ്ദുന്നബി ബിന്‍ അഹ്‌മദ് അല്‍ ഖന്‍ഖോഹി. ജീവിതത്തിന്റെ നാനാ മേഖലകളിലും നബിചര്യ മുറുകെപ്പിടിച്ചു ജീവിച്ച അദ്ദേഹം ഹദീസ് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി. വിജ്ഞാന സമ്പാദനത്തിനായി വിവിധ ഗുരുനാഥന്മാരെ തേടി അദ്ദേഹം യാത്രതിരിച്ചു. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ കളിത്തൊട്ടിലായ മക്കയും മദീനയും രണ്ടു തവണ അദ്ദേഹം സന്ദര്‍ശിച്ചത് ഈ ഒരു ലക്ഷ്യത്തിനായിരുന്നു. മക്ക, മദീന സന്ദര്‍ശന വേളയില്‍ ഇബ്‌നു ഹജറുല്‍ ഹൈതമിയുടേ ശിഷ്യത്വം സ്വീകരിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. കുറഞ്ഞ കാലം കൊണ്ട് ശൈഖ് അബ്ദുന്നബി ഹൈതമിയുടെ പ്രിയപ്പെട്ട ശിഷ്യന്മാരിലൊരാളായി മാറി. ഗുരുനാഥന്റെ ജീവിതം അദ്ദേഹത്തെ ഒരുപാടൂ സ്വാധീനിച്ചിട്ടുണ്ട്.
നബിയുടെ ജീവിത മാര്‍ഗം മുറുകെ പിടിക്കാനും ഖുര്‍ആനിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുവാനും അദ്ദേഹം തന്റെ സമുദായത്തെ നിരന്തരം ഉദ്‌ബോധിപ്പിച്ചു. മതത്തിലുണ്ടാക്കിയ പുത്തനാചാരങ്ങളെ നിഷ്‌ക്കരുണം തള്ളിക്കളയാനും അന്ധവിശ്വാസങ്ങളെ ചവറ്റുകുട്ടയിലെറിയാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ആശാവഹമായ ചില പ്രതികരണങ്ങള്‍ ഉണ്ടായെങ്കിലും അതിശക്തമായി ശൈഖ് പരീക്ഷിക്കപ്പെട്ടു. അനാചാരങ്ങള്‍ക്കെതിരെ പോരാടിയതിനാല്‍ സ്വന്തം സമൂഹത്തില്‍ നിന്ന് തന്നെ ഉപരോധവും ഉപദ്രവവും തുടര്‍ക്കഥയായി. എന്നാല്‍ പരീക്ഷണങ്ങളെ ധീരമായി വിവേകത്തോടെ നേരിട്ട അദ്ദേഹം അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഉന്നത സ്ഥാനങ്ങളില്‍ വിരാജിച്ചു. തന്റെ മാന്യമായ പെരുമാറ്റവും വിവേക പൂര്‍ണമായ തീരുമാനങ്ങളും കൊണ്ട് ചക്രവര്‍ത്തിയുടെ പ്രീതി പിടിച്ചു പറ്റിയ അദ്ദേഹം മരണം വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. മത വിഷയങ്ങളില്‍ യുക്തവും കര്‍ക്കശവുമായ നിലപാടുകള്‍ സ്വീകരിച്ച ആ മഹായോഗി ഹിജ്‌റ 991 (ക്രി:1570)ന് അക്ബറാബാദില്‍ വെച്ച് ഇഹലോക വാസം വെടിഞ്ഞു.
അബ്ദുല്‍ അസീസ് അസ്സഹാലവി
ദൂരവും കാലവും കണക്കാക്കാതെ അറിവ് തേടിയുള്ള പ്രയാണമായിരുന്നു ശൈഖ് അബ്ദുല്‍ അസീസ് അസ്സഹാലവിയുടേത്. വിവിധ സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥിയായപ്പോഴും അധ്യാപകനായപ്പോഴും അദ്ദേഹം മനസ്സില്‍ കുടിയിരുത്തിയ ലക്ഷ്യം അറിവിന്റെ അനന്തപാതകളിലൂടെ പ്രയാണം തുടരുക എന്നതായിരുന്നു.
ക്രി. 1884-ല്‍ റാവല്‍പിണ്ടി ഭരണ പ്രവിശ്യയില്‍ ബന്ദ്‌സഹാല്‍ എന്ന പ്രദേശത്താണ് ശൈഖ് അബ്ദുല്‍ അസീസ് സഹാലവി ഭൂജാതനായത്. പ്രാഥമികമായി ഒരാള്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന വിജ്ഞാനങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നുതന്നെ അദ്ദേഹം കരസ്ഥമാക്കി. തുടര്‍ന്ന് വിജ്ഞാനസമ്പാദനാര്‍ഥം ശൈഖ് ഗുജറാത്തിലേക്ക് യാത്രയായി. അവിടെ ശൈഖ് ഗുലാം റസൂല്‍-ന്റെ അടുക്കല്‍ പഠന-ഗവേഷണങ്ങള്‍ക്കായി ഒഴിഞ്ഞിരിക്കുകയും ധാരാളം ഗ്രന്ഥങ്ങളില്‍ അറിവ് നേടുകയും ചെയ്തു.
അതിനുശേഷം ജാമിഅതു ദയൂബന്ദ് അല്‍ ഇസ്‌ലാമിയ്യയില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ഹിജ്‌റ 1327 (1906) ല്‍ ശൈഖുല്‍ ഹിന്ദ് മുഹമ്മദ് ഹസന്റെ ശിക്ഷണത്തില്‍ ഹദീസ് വിഷയങ്ങളില്‍ അവഗാഹം നേടുകയും ബിരുദമെടുക്കുകയും ചെയ്തു.
ബിരുദം നേടിയ ഉടനെ, അന്നത്തെ പതിവനുസരിച്ച് അദ്ദേഹം വിവിധ കലാലയങ്ങളില്‍ സേവനമനുഷ്ഠിച്ചു. എല്ലാ വിഷയങ്ങളിലും തികഞ്ഞ അറിവും ബോധവുമുണ്ടായിരുന്ന അദ്ദേഹം നല്ലൊരു രചയിതാവും നല്ലൊരു പ്രാസംഗികനുമായിരുന്നു. എല്ലാ വിധ കഴിവും ഒത്തു ചേര്‍ന്ന ആ മികച്ച അധ്യാപകന്‍ ആദ്യമായി സേവനമനുഷ്ഠിക്കുന്നത് ലാഹോറിലെ ‘മദ്‌റസതുന്നുഅ്മാനിയ്യ’-യിലാണ്. പിന്നീട് വിവിധ പാഠശാലകളില്‍ അറബി ഭാഷയും അറബി ഗ്രന്ഥങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്തു. അറബി ഭാഷയിലുള്ള ഇദ്ദേഹത്തിന്റെ കഴിവും സംസാരത്തിലെ മികവും ദര്‍ശിച്ച ഭരണാധികള്‍, ഗുഞ്ജറാന്‍ പാലയിലെ മസ്ജിദുല്‍ ജാമിഇലെ ഇമാമായും ഖത്വീബ് ആയും ഇദ്ദേഹത്തെ നിശ്ചയിച്ചു. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അധ്യാപകനായും രചയിതാവായും ഖത്വീബ് ആയും നിരവധി വേഷങ്ങള്‍ അണിഞ്ഞ ഈ മഹാവര്യന്‍ ഹിജ്‌റ – 1359 (1938) റമദ്വാന്‍ മൂന്നിന് ജീവിതത്തില്‍ നിന്ന് വിടവാങ്ങി.
പ്രധാന ഗ്രന്ഥങ്ങള്‍
തബ്‌വീബു മുസ്‌നന് അഹ്‌മദ് تبويت مسند أحمد
രിജാലു ത്ത്വഹാവി رجال الطهاوي
അബ്ദുല്‍ലത്തീഫ് സഹാറന്‍ഫൂരി
ഹിജ്‌റ 13-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഈ പണ്ഡിതവര്യന്റെ ജനനം. വര്‍ഷം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഹിജ്‌റ 1299ന് ആണെന്നാണ് കരുതപ്പെടുന്നത്.
ശൈഖ് അമാനത് അലിയില്‍ നിന്ന് ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനപ്പാഠമാക്കിയ ശേഷം പിതാവില്‍ നിന്ന് പേര്‍ഷ്യന്‍ ഭാഷയിലെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ വായിച്ചെടുത്തു. 1315ല്‍ ജാമിഅതു മദ്വാഹിറില്‍ ഉലൂമില്‍ ചേരുകയും ഏഴുവര്‍ഷം വിദ്യാര്‍ത്ഥിയായി അവിടെ തുടരുകയും ചെയ്തു. ഈ കാലയളവില്‍ പ്രധാന ഹദീസ് ഗ്രന്ഥങ്ങള്‍ ഏറ്റവും നിപുണരായ ഗുരുക്കന്മാരില്‍ നിന്ന് പഠിച്ചെടുത്തു. ഏറ്റവും മികച്ച രീതിയില്‍ പരീക്ഷ വിജയിച്ച ശൈഖ് അബ്ദുല്‍ ലത്തീഫിന് ധാരാളം പുസ്തകങ്ങള്‍ ജാമിഅഃയില്‍ നിന്ന് സമ്മാനമായി ലഭിച്ചിരുന്നു.
ജാമിഅതു മദ്വാഹിറുല്‍ ഉലും സഹാറന്‍ഫുരില്‍ തന്നെ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം സ്വഹീഹുല്‍ ബുഖാരിയും ജാമിഉത്തിര്‍മിദിയും അധ്യാപന വിഷയങ്ങളാക്കി. മദ്വാഹിറുല്‍ ഉലൂമിലെ അധ്യാപന കാലത്ത് സ്വഹീഹുല്‍ ബുഖാരിക്ക് പുറമെ ഇമാം തിര്‍മിദിയുടെയും ഇമാം ത്വഹാവിയുടെതുമടക്കം നിരവധി ഹദീസ് ഗ്രന്ഥങ്ങള്‍ പഠിപ്പിച്ച ഇദ്ദേഹം ജാമിഅതു മദ്വാഹിറില്‍ ഉലൂമിനെ അതിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിച്ചു. എല്ലാ ഗ്രന്ഥങ്ങളിലും വിഷയങ്ങളിലും അഗാധപാണ്ഡിത്യവും അധ്യാപന മികവും ഉണ്ടായിരുന്ന അദ്ദേഹത്തിന് ഏറ്റവും താല്പര്യം ഹദീസ് വിജ്ഞാനിയങ്ങളോടായിരുന്നു.
ഹിജ്‌റ-1324, 1328 എന്നീ വര്‍ഷങ്ങളില്‍ ഇദ്ദേഹം പരിശുദ്ധ ഹജ്ജ് നിര്‍വഹിച്ചു. രണ്ടു പ്രാവശ്യം ബര്‍മ സന്ദര്‍ശി¡pകയും ചെയ്തു. ഇദ്ദേഹത്തിന്റെ വരവില്‍ ഏറെ സന്തോഷിച്ച ബര്‍മക്കാര്‍ വിവിധ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ തടിച്ചു കൂടി.നാല് മാസത്തെ ബര്‍മാ വാസത്തിനു ശേഷം ഹിജ്‌റ 1373 ജുമാദല്‍ ആഖിറ – 20ന് അദ്ദേഹം സഹാറന്‍ഫൂരിലേക്ക് മടങ്ങി. അതേ വര്‍ഷം ദുല്‍ഹിജജ 20ന് സഹാറന്‍ഫൂരി ഇഹലോകവാസം വെടിഞ്ഞു.
അശ്‌റഫ് അലി തഹാനവി
പന്ത്രണ്ടാം വയസ്സു മുതല്‍ രാത്രി നമസ്‌കാരം ദിനചര്യയാക്കിയ ഒരു സാത്വികന്‍ പ്രായമേറുന്തോറും ആകാര സൗന്ദര്യത്തോടൊപ്പം ഭക്തി സാന്ദ്രതയും കൂടിച്ചേര്‍ത്ത് മധുരമുള്ള സംസാരവും സൗകുമാര്യമുളള വസ്ത്രധാരണവും ശീലമാക്കിയ സ്‌നേഹിതന്‍. ഗാംഭീര്യവും ശാന്തതയും കളിയാടുന്ന മുഖഭാവം സദാ കൂടെക്കൊണ്ടുനടന്ന ആ മഹാനുഭാവനായിരുന്നു ‘അശ്‌റഫ് അലി തഹാനവി’. എല്ലാ മേഖലകളില്‍ നിന്നും അറിവിന്‍ മുത്തുകള്‍ മുങ്ങിയെടുത്ത പണ്ഡിതനായിരുന്നു ഇദ്ദേഹം എന്ന പേരില്‍ ആദരിക്കപ്പെട്ടു.
ഹിജ്‌റ 1280 (ക്രി. 1849) റബീഉല്‍ അവ്വല്‍ അവസാന വാരത്തില്‍ ‘തഹാന’ ഗ്രാമത്തിലാണ് ശൈഖ് അശ്‌റഫ് അലി ഭൂജാതനാവുന്നത്. കുടുംബത്തിന്റെ വേരുകള്‍ രണ്ടാം ഖലീഫ ഉമര്‍(റ) ലേക്കെത്തി നില്‍ക്കുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കിയ അദ്ദേഹം പേര്‍ഷ്യന്‍ ഭാഷയും സ്വായത്തമാക്കി. തുടര്‍ പഠനം ദാറുല്‍ ഉലും ദയൂബന്ദിലായിരുന്നു.
ഹിജ്‌റ: 1300 (ക്രി.1879) മക്കയില്‍ പോയി ഖുര്‍ആനിന്റെ പാരായണ നിയമങ്ങള്‍ പഠിക്കുകയും ഹിജ്‌റ 1301-ല്‍ ഹജ്ജ് നിര്‍വഹിക്കുകയും ചെയ്തു. അതേവര്‍ഷം തന്നെ ഇന്ത്യയിലേക്ക് മടങ്ങിയ ശൈഖ് ‘ഫൈദുല്‍ ആം’ മദ്‌റസയില്‍ കുറച്ചു കാലം സേവനമനുഷ്ഠിച്ചു. അതിനുശേഷം ‘ജാമിഉല്‍ ഉലൂം’ മദ്‌റസയില്‍ ദീര്‍ഘമായ പത്ത് വര്‍ഷം സേവനമനുഷ്ഠിക്കുകയും ധാരാളം ശിഷ്യഗണള്‍ക്ക് അറിവു പകര്‍ന്നു നല്‍കുകയുംടിയ്തു. ഹിജ്‌റ 1310 (1889)ല്‍ വിജ്ഞാന സമ്പാദനാര്‍ഥം വീണ്ടും മക്ക സന്ദര്‍ശിച്ചു. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു വന്ന അദ്ദേഹം മുസ്‌ലിംകളിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റാനായിരുന്നു ശ്രമം നടത്തിയത്. വിവിധ മതക്കാരുടെയും വിഭാഗങ്ങളുടെയും ആചാരങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ മുസ്‌ലിംകള്‍ ആഘോഷിക്കുന്നന്നതിനെതിരെ അദ്ദേഹം ശക്തമായി പോരാടി.
പഠനത്തിനും അധ്യാപനത്തിനുമിടയില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടം നടത്തിയ അദ്ദേഹം മതവിധി നല്‍കുന്നതില്‍ അഗ്രഗണ്യനായിരുന്നു. കിഴക്കു നിന്നും പടിഞ്ഞാറു നിന്നും നിരവധിയാളുകള്‍ അദ്ദേഹത്തില്‍ നിന്ന് മതവിധി തേടി വന്നു. രചനാരംഗത്തും അധ്യാപന രംഗത്തും തിളങ്ങി നിന്ന ‘ഹകീമുല്‍ ഉമ്മ:’, ഹിജ്‌റ 1362 (ക്രി. 1941) റജബ് 16ന് 82-ാം വയസ്സില്‍ ഇഹലോക വാസം വെടിഞ്ഞു.
പ്രധാന കൃതികള്‍
ബയാനുല്‍ ഖുര്‍ആന്‍ (12. വാള്യങ്ങള്‍)
സബ്ഖുല്‍ ഗായാതി ഫീ നസ്ഖില്‍ ആയാതി
അത്തഖ്വ്‌സ്വീറു ഫി ത്തഫ്‌സീര്‍
ഇംദാദുല്‍ ഫതാവാ
അല്‍ ഹീലതുന്നാജിസ ഫീ ഹലീലതില്‍ ആജിസ
തഹ്ദീറുല്‍ ഇഖ്‌വാന്‍ അനിര്‍രിബാ ഫില്‍ ഹിന്ദുസ്ഥാന്‍
റാഫിഉ ദ്വന്‍കി വ മനാഫിഇല്‍ ബന്‍കി
ശഹാദതുല്‍ അഖ്‌വാം അലാ സ്വിദ്ഖില്‍ ഇസ്‌ലാം
അല്‍ ഖിത്വാബുല്‍ മലീഹ് ഫീ തഹ്ക്വീക്വില്‍ മഹ്ദീ വല്‍മസീഹ്
നശ്‌റുത്ത്വീബു ഫീ ദിക്‌രി നബിയ്യില്‍ ഹബീബ് (സ) മിനള്ളാഹില്‍ ഖരീബില്‍ മുജീബ്
ബവാദിറു ന്നവാദിര്‍
ബദാഇഉല്‍ ഹുകുമ്
ഖലീല്‍ അഹ്‌മദ് സഹാറന്‍ഫൂരി
ഹിജ്‌റ 1269 (ക്രി:1848) സഫര്‍ മാസം അവസാനവാരം സഹാറന്‍ഫൂരിനടുത്തുള്ള നാനൂത ഗ്രാമത്തിലായിരുന്നു ഖലീല്‍ അഹ്‌മദ് സഹാറന്‍ഫൂരിയുടെ ജനനം. ഉപ്പയുടെ കുടുംബപരമ്പര നബി(സ)യുടെ ഇഷ്ടതോഴന്‍ അബൂ അയ്യൂബില്‍ അന്‍സ്വാരിയിലേക്കും ഉമ്മയുടെ കുടുംബപരമ്പര നബിയുടെ സന്തത സഹചാരിയും ഒന്നാം ഖലീഫയുമായ അബൂബക്ര്‍(റ) ലേക്കും ചേര്‍ക്കപ്പെടുന്നു. അറിവിന്റെ കാര്യത്തില്‍ മികച്ചു നിന്നവരായിരുന്നു ഇദ്ദേഹത്തിന്റെ ഉപ്പയുടെയും ഉമ്മയുടെയും കുടുംബങ്ങള്‍. ഉദ്യോഗസ്ഥനായിരുന്ന പിതാവ് വീട്ടില്‍ നിന്ന് ഒരുപാട് അകലെയായിരുന്നു ജോലി ചെയ്തിരുന്നത്. അതുകൊണ്ട് ശൈഖ് അറിവിന്റെ മലര്‍വാടിയിലേക്ക് പ്രവേശിക്കുന്നത് തന്റെ ഉമ്മയുടെ പിതാവിന്റെ കൈ വിരല്‍ പിടിച്ചാണ്. വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ലോകത്തേക്ക് വഴി കാണിച്ചത് പണ്ഡിതനായിരുന്ന അമ്മാവന്‍ ശൈഖ് മുഹമ്മദ് യഅ്ഖൂബായിരുന്നു.
നാട്ടില്‍ നിന്നു തന്നെ ഉര്‍ദുവും പേര്‍ഷ്യനും കരസ്ഥമാക്കിയ അദ്ദേഹം അറിവിന്റെ അനന്ത വിഹായസ്സുകള്‍ തേടി പണ്ഡിതന്മാര്‍ കൂടുതലുണ്ടായിരുന്ന ‘ഗ്വാളിയോറി’ ലേക്ക് പുറപ്പെട്ടു. ദാറുല്‍ ഉലൂം സഹാറന്‍ഫൂര്‍ സ്ഥാപിതമായപ്പോള്‍ വിജ്ഞാന സമ്പാദനത്തിനായി ഇദ്ദേഹം അങ്ങോട്ടും യാത്രയായി. നീണ്ട പത്തൊമ്പത് വര്‍ഷം ഇദ്ദേഹം സഹാറന്‍ഫൂരില്‍ കഴിച്ചുകൂട്ടി. അറബി ഭാഷയിലും സാഹിത്യത്തിലും അറിവ് വര്‍ദ്ധിപ്പിക്കാന്‍ അവിടെ നിന്ന് ലാഹോറിലേക്ക് പോയി. ഖുര്‍ആന്‍ മന:പാഠമാക്കാനുള്ള അതിയായ ആഗ്രഹം നിമിത്തം നാട്ടിലെ പള്ളിയിലെ ഇമാമായിരുന്ന ‘ഹാഫിദ്വി’നെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍ വെറുതെയിരിക്കാന്‍ കൂട്ടാക്കാതിരുന്ന ശൈഖ് ഖുര്‍ആന്‍ സ്വയം പഠിക്കാന്‍ ആരംഭിക്കുകയും ഒരു വര്‍ഷം കൊണ്ട് തന്റെ ലക്ഷ്യം കൈവരിക്കുകയും ചെയ്തു.
ഭോപ്പാലിലും സിക്കന്തരാബാദിലും ദേല്‍പൂരിലും ബറേലിയിലും അധ്യാപകനായി സേവനമനുഷ്ഠി ച്ച് ഹിജ്‌റ 1308ല്‍ (ക്രി. 1887) ദാറുല്‍ ഉലൂം ദയൂബന്ദിലെത്തി ആറ് വര്‍ഷം അവിടെ അധ്യാപനത്തില്‍ മുഴുകി. ഹിജ്‌റ 1314ല്‍ (ക്രി. 1893) മദ്വാഹിറുല്‍ ഉലൂം സഹാറന്‍ ഫൂരില്‍ പ്രവേശിച്ച ശൈഖ് ഖലീല്‍ അഹ്‌മദ് കോളേജിന്റെ അവിഭാജ്യ ഘടകമായി. നീണ്ട മുപ്പത് വര്‍ഷത്തിനിടയില്‍ സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും വാനോളമുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
നിരവധി സ്ഥാപനങ്ങളില്‍ ഒരുപാട് വര്‍ഷം സേവനമനുഷ്ഠിച്ച ശൈഖിന് വലിയ ശിഷ്യസമ്പത്തും ധാരാളം രചനകളുമുണ്ടായിരുന്നു. മുപ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം മദ്വാഹിറുല്‍ ഉലൂമില്‍ നിന്ന് മദീനയിലേക്ക് പോയി. മരണം വരെ മദീനയില്‍ കഴിച്ചുകൂട്ടിയ ശൈഖ് ഹിജ്‌റ 1346 (ക്രി. 1925) റബീഉല്‍ അവ്വല്‍ പതിനാറ് ബുധനാഴ്ച ഈ ലോകത്തോട് വിടപറഞ്ഞു. ബഖീഇലാണ് ഇദ്ദേഹം മറമാടപ്പെട്ടത്.
പ്രധാന ശിഷ്യന്മാര്‍
ശൈഖ് മുഹമ്മദ് യഹ്‌യാ കാന്തഹ്‌ലവി, ശൈഖ് മുഹമ്മദ് ആശിഖ് അല്‍മീറത്തി, ശൈഖ് അല്‍ഹാഫിള് ഫയ്‌ളുല്‍ ഹസന്‍ അല്‍ഖന്‍ഖോഹി, ശൈഖ് മുഹമ്മദ് ഇല്‍യാസ് കാന്തഹ്‌ലവി, ശൈഖുല്‍ ഹദീസ് മുഹമ്മദ് സകരിയ്യാ കാന്തഹ്‌ലവി, ശൈഖ് മുഹമ്മദ് അബ്ദുല്ല ഖന്‍ഖോഹി.
പ്രധാന കൃതികള്‍
ബദ്‌ലുല്‍ മജ്ഹൂദ് ഫീ ഹല്ലി അബീദാവൂദ്
അല്‍ ബറാഹീനുല്‍ ഖാത്വിഅ: അലാദ്വിലാലില്‍ അന്‍വാരിസ്സാത്വിഅ:.
ഹിദായാതുര്‍ റശീദ് ഇലാ ഇഫ്ഹാമില്‍ അനീദ്
മത്വറഖത്തുല്‍ കറാമ: അലാ മിര്‍ആതില്‍ ഇമാമ
ഇത്മാമുന്നിഅമു അലാ തബ്‌വീബില്‍ ഹികം.
ഖൈര്‍ മുഹമ്മദ് ജലന്ധരി
ഹിജ്‌റ 1320 (ക്രി. 1899)ല്‍ ജലന്ധര്‍ പ്രവിശ്യയിലെ ‘നകോഡര്‍’ പ്രദേശത്താണ് ശൈഖ് ജനിക്കുന്നത്. പഞ്ചാബിലെ മദ്‌റസകളില്‍ നിന്ന് ഖുര്‍ആനും, അറബിയിലെയും ഇസ്‌ലാമിലെയും അടിസ്ഥാന പാഠങ്ങളും പഠിച്ചതിന് ശേഷം ‘ബുലന്ദശഹര്‍’ പ്രവിശ്യയിലെ ‘കലാഉട്ടി’യിലെ മന്‍ബഉല്‍ ഉലൂം മദ്‌റസയില്‍ ചേര്‍ന്നു. പഠനത്തിന്റെയും ഗവേഷണത്തിന്റെയും വഴിയിലൂടെ മുന്നേറിയ ശൈഖ് ഖൈര്‍ മുഹമ്മദ് മൂന്നു വര്‍ഷം അവിടെ തുടര്‍ന്നു. കൂടുതല്‍ അറിവ് നേടണമെന്ന ആഗ്രഹത്തോടെ ശൈഖ് പോയത് ഉത്തര്‍ പ്രദേശിലേക്കാണ്. അവിടെ ബറേലിയിലെ ‘ഇശാഅതുല്‍ ഉലും’ മദ്‌റസയില്‍ ചേര്‍ന്ന അദ്ദേഹം ശൈഖ് മുഹമ്മദ് യാസീന്‍ സര്‍ഹിന്ദിയുടെ അടുത്ത് നിന്ന് ഹദീസ് വിജ്ഞാനം കരസ്ഥമാക്കുകയും ബിരുദമെടുക്കുകയും ചെയ്തു.
പഠനത്തിനു ശേഷം ‘ഇശാഅത്തുല്‍ ഉലും മദ്‌റസയില്‍ തന്നെ അധ്യാപകനായി ചേര്‍ന്നു. ഒരു വര്‍ഷം അവിടെ സേവനമനുഷ്ഠിച്ചതിനു ശേഷം ബഹാവല്‍പൂരിലെ ‘ഇഹ്‌യാഉല്‍ ഉലൂം’ പാഠശാലയില്‍ അധ്യാപകനായി ചേര്‍ന്നു. 1948 ല്‍ ജലന്ധറില്‍ അദ്ദേഹം ഒരു പാഠശാല സ്ഥാപിച്ചു. ഹകീമുല്‍ ഉമ്മ: അശ്‌റഫ് അലി തഹാനവി ആ കലാലയത്തിന് ‘ഖൈറുല്‍ മദാരിസ്’ എന്ന് നാമകരണം ചെയ്തു. ശൈഖ് ഖൈര്‍ മുഹമ്മദ് ജലന്ധരിയുടെ ആത്മാര്‍ഥമായ പ്രാര്‍ഥനകളും നിഷ്‌കളങ്കമായ പ്രവര്‍ത്തനങ്ങളും സ്ഥാപനത്തെ വാനോളം ഉയര്‍ത്തി. പാകിസ്താനിലെ ഏറ്റവും വലിയ പാഠശാല എന്ന നിലയിലേക്ക് അത് ഉയര്‍ന്നു. ഇന്ത്യാ വിഭജനം വരെ ആ ഖ്യാതി നീണ്ടു നിന്നു. 1945 ല്‍ ഇദ്ദേഹം പാകിസ്താനിലേക്ക് പോയി. മുള്‍ത്താനിലേക്ക് തന്റെ മദ്‌റസമാറ്റി സ്ഥാപിക്കുകയും അതിനെ ഉന്നതികളിലേക്ക് ഉയര്‍ത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഹദീസ് ഗ്രന്ഥങ്ങളില്‍ അധ്യാപനം നടത്തി മരണം വരെ അദ്ദേഹം അവിടെ തുടരുകയും ചെയ്തു.
ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ഈ മഹാപണ്ഡതന്റെ കൃതികള്‍ ഭൂരിഭാഗവും പ്രസാധനം ചെയ്യപ്പെട്ടിട്ടില്ല. വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തി വെച്ച ‘ഖൈറുല്‍ ബാരി’ എന്ന ഗ്രന്ഥമല്ലാതെ വേറൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പാകിസ്താനിലെ ജനങ്ങളെ വിദ്യാഭ്യാസപരമായി പുരോഗതിയിലെത്തിക്കാന്‍ സ്ഥാപനം നിര്‍മിക്കുകയും അതിന്റെ ഉയര്‍ച്ചക്ക് വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത ആ മഹാത്യാഗി ഹിജ്‌റ 1390 (1969) ശഅ്ബാനില്‍ ഇഹലോകവാസം വെടിഞ്ഞു.
ഗുലാം അലി ആസാദ് അല്‍ബല്‍ഗറാമി (ഹസ്സാനുല്‍ ഹിന്ദ്)
നബി(സ)യുടെ കവി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരാളേ മദീനയില്‍ ഉണ്ടായിരുന്നുള്ളു. ഹസ്സാന്‍ ബിന്‍ ഥാബിത് (റ) ഹസ്സാന് ആ നാമധേയം ലഭിക്കാനുളള കാരണം നബി(സ)യെ പുകഴ്ത്തി കവിതകള്‍ രചിച്ചത് കൊണ്ടായിരുന്നു. നബി(സ) ക്കു ശേഷം 1000 വര്‍ഷങ്ങള്‍ക്കിപ്പുറം ‘ഇന്ത്യയിലെ ഹസ്സാന്‍’ എന്ന് പണ്ഡിതനായ ഒരാള്‍ക്ക് പേര് നല്‍കപ്പെട്ടു. ഹസ്സാനെപ്പോലെത്തന്നെ നബിയെ പുകഴ്ത്തി ഗാനങ്ങള്‍ രചിച്ച് ‘ഹസ്സാനുല്‍ ഹിന്ദ്’ എന്ന വിളിപ്പേര് നേടിയെടുത്ത മഹാവര്യനാണ് ‘ഗുലാം അലി ആസാദ് അല്‍ ബല്‍ഗറാമി.
നോര്‍ത്ത് യു.പി.യിലെ ബല്‍ഗറാം ഗ്രാമത്തില്‍ ഹിജ്‌റ 1116 (ക്രി- 1695) സഫര്‍ 25, ഞായറാഴ്ചയാണ് ശൈഖ് ജനിക്കുന്നത്. കുലമഹിമയും കുലീനതയും കാത്തു സൂക്ഷിക്കുന്ന കുടുംബത്തില്‍, ശൈഖ് ജനിച്ചതും വളര്‍ന്നതും കവികള്‍ക്കും പണ്ഡിതന്മാര്‍ക്കും നടുവിലായിരുന്നു. ഹദീസിന്റെയും ചരിത്രത്തിന്റെയും തര്‍ക്ക ശാസ്ത്രത്തിന്റെയും പാഠങ്ങള്‍ തന്റെ ഉമ്മയുടെ ഉപ്പയില്‍ നിന്ന് കരസ്ഥമാക്കിയ അദ്ദേഹം വിവിധ പണ്ഡിതന്മാരുടെ കീഴില്‍ നിന്ന് മറ്റു വിഷയങ്ങളും പഠിച്ചു.
ഒരു കവിയെന്നതിലുപരി ഇസ്‌ലാമിക വിജ്ഞാനങ്ങളിലും ഇസ്‌ലാമിക കലകളിലും ചരിത്രത്തിലും ബല്‍ഗറാമിന് അഗാധമായ അറിവുണ്ടായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന് മുന്‍പോ ശേഷമോ കവിത്വവും പാണ്ഡിത്യവും അത്രമേല്‍ ഒരുമിച്ച ഒരാളും ഉണ്ടായിട്ടില്ല.
അറിവിന്റെ നിറകുടമാണെങ്കിലും അധ്യാപനത്തിനു പകരം കവിതയുടെ വഴിയാണ് ശൈഖ് ഗുലാം അലി തനിക്ക് വേണ്ടി തെരഞ്ഞെടുത്തത്. കവിതയുടെ എല്ലാ ഭാവ-വികാരങ്ങളിലും രചനകള്‍ നടത്തിയ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നത് സ്തുതി, സ്‌നേഹം, ശൃംഗാരം, വിശേഷണം, വിലാപം എന്നീ ഭാവങ്ങളില്‍ കവിത രചിക്കുവാനായിരുന്നു. എന്നിരിക്കിലും അദ്ദേഹത്തിന്റെ എല്ലാ കവിതകളുടെയും മുഖ്യ ആകര്‍ഷണം പ്രവാചകന്റെ മദ്ഹു (സ്തുതി)കളായിരുന്നു. കവിതകളുടെ തുടക്കത്തിലോ അല്ലെങ്കില്‍ ഇടയിലോ ധാരാളമായി പ്രവാചകനെ സ്തുതിച്ചിരുന്ന അദ്ദേഹം, സ്തുതി കാരണത്താല്‍ തന്നെ ‘ഹസ്സാനുല്‍ ഹിന്ദ്’ എന്ന പേരെടുത്തു. കവിയും പണ്ഡിതനുമായിരുന്ന മഹാനുഭാവന്‍ ഹിജ്‌റ-1200 (ക്രി. 1779) ദുല്‍ഖഅ്ദ 21 ന് നാഥനിലേക്ക് യാത്രയായി.
പ്രധാന ഗ്രന്ഥങ്ങള്‍
സബ്അതുസ്സയ്യാറ السبعة السيارة
ദവാവീനു ആസാദ് دواوين آزاد
ഔജു സ്സ്വീബാ ഫീ മദ്ഹില്‍ മുസ്ത്വഫ أوج الصبا في مدح المصطفى
അല്‍ഖസ്വീദതുല്‍ ഹംസിയ്യ القصيدة الهمزية
ദീവാനാനി ലി ആസാദ് ديوانان لآزاد
മിര്‍ത്തതുല്‍ ജമാല്‍ مرآة الجمال
മദ്വ്ഹറുല്‍ ബറകാത് مظهر البركات
ജമാലുദ്ദീന്‍ മുഹമ്മദ്ബിന്‍ ഉമര്‍ അല്‍ഹദ്വറമി
സുല്‍ത്താന്‍ മുദ്വഫ്ഫര്‍ ബിന്‍ മഹ്‌മൂദ് മസ്‌വായുടെ അടുക്കല്‍ ഉന്നതസ്ഥാനമുണ്ടായിരുന്ന പണ്ഡിതനായിരുന്നു ഇദ്ദേഹം. ശൈഖിന്റെ അഗാധമായ പാണ്ഡിത്യത്തിലും കഴിവുകളിലും മതിപ്പുളവാകുകയും ആദരിക്കുകയും ചെയ്ത സുല്‍ത്താന്‍ ശൈഖിന്റെ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹത്തെ തന്റെ ഭരണ പ്രദേശമായ ഗുജറാത്തില്‍ തന്നെ താമസിപ്പിക്കുകയും എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തു. ശൈഖിന്റെ അധ്യാപനങ്ങളും മത വിദ്യാഭ്യാസവും എല്ലാവര്‍ക്കും ലഭിക്കുന്നതിന് വേണ്ടി രചനാ സൗകര്യങ്ങളടക്കം സുല്‍ത്താന്‍ തയ്യാറാക്കിക്കൊടുത്തു. സുല്‍ത്താന്റെ അധ്യാപകനായും ഉപദേഷ്ടാവായും ജീവിച്ച അദ്ദേഹം ഹിജ്‌റ 930-ല്‍ (ക്രി 1509) മരണമടഞ്ഞു.
ചരിത്ര രേഖകളില്‍ ഏറെ അവഗണിക്കപ്പെടുകയും എന്നാല്‍ ശിഷ്യഗണങ്ങളാല്‍ സമ്പന്നരാവുകയും ചെയ്ത പണ്ഡിത വര്യനാണ് ശൈഖ് ഖുത്വുബുദ്ദീന്‍. ഇമാം സഹാവിയുടെ ഇന്ത്യന്‍ ശിഷ്യന്മാരില്‍ പ്രമുഖനായ ഇദ്ദേഹം അറിവ് തേടിയുള്ള യാത്രക്കിടയിലാണ് സഹാവിയെ പരിചയപ്പെടുന്നത്. ഹിജാസില്‍ വെച്ചുണ്ടായ ആ കൂടിക്കാഴ്ച ശൈഖ് ഖുത്വുബുദ്ദീന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. ഹിജാസില്‍ വെച്ച് തന്നെ സഹാവിയുടെ ശിഷ്യത്വം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ കൂടെ സഹവസിക്കുകയും ചെയ്തു.
ഖുത്വുബുദ്ദീന്‍, ഇമാമില്‍ നിന്ന് നേടാനാവുന്നതിന്റെ പരമാവധി അറിവും അനുഭവ സമ്പത്തും കരസ്ഥമാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങി. നാട്ടില്‍ മടങ്ങിയെത്തിയ ഉടനെ അദ്ദേഹം ചെയ്തത് തന്റെ സമൂഹത്തെ പുനരുദ്ധരിക്കാനായി ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുകയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ശൈഖിന്റെ സ്ഥാപനത്തില്‍ ചേരുകയും ബിരുദമെടുക്കുകയും ചെയ്തു. ഏറെ നിസ്വാര്‍ഥമതിയായിരുന്ന അദ്ദേഹത്തിന്റെ ജീവചരിത്രം പൂര്‍ണാര്‍ഥത്തില്‍ രേഖപ്പെടുത്തുന്നതില്‍ ചരിത്രം കാണിച്ച വിമുഖത അദ്ദേഹത്തെ മരണ ശേഷവും നമ്മില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു.
മുഖ്തസ്വറുല്‍ മഖാസിദുല്‍ ഹസന:, മുഖ്തസ്വറുല്‍ അദ്കാറുന്നവവിയ്യ:, അശ്ശൈഖ് ഖുത്വുബുദ്ദീന്‍ അല്‍ അബ്ബാസി അല്‍ഗുജറാത്തി എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
