ഇന്ത്യയിലെ ഹദീസ് പണ്ഡിതര്‍-3
ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നവരും ലോകത്തിന് മഹാസംഭാവനകൾ അർപ്പിച്ച് ഒരു മായ ഒരുപാട് പ്രതിഭകളായ പണ്ഡിതന്മാരെ ഇന്ത്യ ഇസ്ലാമിക ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ഹദീസ് സംരക്ഷണത്തിന്റെ മേഖലയിലും ഇന്ത്യൻ മുസ്ലിം പണ്ഡിതലോകം സ്തുത്യർഹമായ സേവനങ്ങളാണ് അർപ്പിച്ചിട്ടുള്ളത്.ഈ മേഖലയിൽ നൂറുകണക്കിന് പണ്ഡിതന്മാർ നൂറ്റാണ്ടുകളായി സേവനം ചെയ്തിട്ടുണ്ട്. ലോകോത്തരമായ ധാരാളം ഹദീസ് ഗ്രന്ഥങ്ങൾ അവരിലൂടെ വിരചിതമായിട്ടുണ്ട്. ഈ കാര്യങ്ങൾ സവിസ്തരം ഇന്ത്യയിലെ ഹദീസ് പണ്ഡിതര്‍ എന്ന ഈ അധ്യായത്തിൽ വായിക്കാം.
ജമീല്‍ അഹ്മദ് അത്തഹാനവി, ജൗഹര്നാന്ത് കശ്മീരി, ത്വയ്യിബ് ബിന്‍ അബീ ത്വയ്യിബ് അസ്സിന്ദി, താഹിര്‍ ബിന്‍ യൂസുഫ് ബഹാറന്‍പൂരി, നദീര്‍ ഹുസൈന് അദ്ദഹ്ലവി, നവാബ് സിദ്ദീഖ് ഹസന് ഖാന്, ഫഖ്റുദ്ദീന്‍ അല്‍ മുറാദാബാദി, മുഹമ്മദ് ഹസന് അമൃതസരി, മുഹമ്മദ് ഖാസിം നാനൂത്തവി, മുഹമ്മദ് ഇഅ്സാസ് അലി, മുഹമ്മദ് ഇബ്റാഹീം അല്‍ബല്‍യാവി, മുഹമ്മദ് ബിന്‍ അബ്ദില്ല അല്‍ഫാകിഹി, മലാമുഹമ്മദ് അല്‍ കശ്മീരി, മുഹമ്മദ് ഹയാത് സന്‍ബഹ്ലവി.
ജമീല്‍ അഹ്മദ് അത്തഹാനവി
അറബി ഭാഷയിലും പേര്‍ഷ്യന്‍ ഭാഷയിലും തികഞ്ഞ നൈപുണ്യം. എല്ലാ വിഷയത്തിലുമുള്ള മികച്ച അിറവിനൊപ്പം കവിതയിലും പ്രാവീണ്യം. അറബി ഭാഷയിലും പേര്‍ഷ്യന്‍ ഭാഷയിലും ഒരുപോലെ രചനകള്‍ നിര്‍വഹിക്കാനുള്ള മികവ്. ഹനഫീ പണ്ഡിതരില്‍ മുതിര്‍ന്ന പണ്ഡിതവര്യന് തുടങ്ങി മുഫ്തി ജലീല്‍ അഹ്മദ് തഹാനവിയുടെ വിശേഷണങ്ങള്‍ പലതാണ്.
മുസ്ഫര്‍ നഗര്‍ പ്രവിശ്യയിലെ തഹാനദൂനില് ഹിജ്റ. 1322 (1901) ല്‍ ജനനം. അലിഗഢ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. അത് കൊണ്ട് ചെറുപ്രായത്തില്‍ത്തന്നെ പിതാവിന്റെ കൂടെ അലിഗഢില്‍ താമസമാക്കി. 1911 ല്‍ തഹാനദൂനിലേക്ക് തന്നെ തിരിച്ചു വരികയും മദ്റസതു ഇംദാദുല്‍ ഉലുമിലും, ജലാലാബദാലിലെ ചില മദ്റസകളിലും പഠനം നടത്തുകയും ചെയ്തു. ശേഷം 1915 ല്‍ സഹാറന്‍ഫൂരിലേക്ക് യാത്രചെയ്യുകയും ജാമിഅതു മദാഹിറുല്‍ ഉലൂമില്‍ ചേരുകയും ചെയ്ത അദ്ദേഹം അവിടെ നിന്ന് ബിരുദം കരസ്ഥമാക്കി. അവിടെയുണ്ടായിരുന്ന പ്രഗലഭരായ അധ്യാപകരില്‍ നിന്ന് ഹദീസ് വിജ്ഞാനീയത്തില്‍ അവഗാഹം നേടിയ അദ്ദേഹം മറ്റു വിഷയങ്ങളും പഠിച്ചെടുത്തു.
പഠനശേഷം ഗുരുവായ ഖലീല്‍ അഹ്മദ് സഹാറന്‍ ഫൂരിയുടെ നിര്‍ദ്ദേശപ്രകാരം ശൈഖ് ജമീല്‍ അഹ്മദ്, ഹൈദരാബാദിലെ മദ്റസതു നിസാമിയ്യ-യില്‍ അധ്യാപകനായി നിയമിക്കപ്പെട്ടു. അവിടെ വിഭിന്ന ശാഖകളില്‍പ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ കൈകാര്യം ചെയ്ത് 1949 വരെ അവിടെ തുടര്‍ന്നു. ആയിടക്ക് നാടായ തഹാനദുനിലെ ഇംദാദുല്‍ ഉലൂം കലാലയത്തിലും ശൈഖ് ജമീല്‍ അഹ്മദ് സേവനമനുഷ്ഠിച്ചിരുന്നു. 1949 ല്‍ തന്റെ കര്‍മമേഖല പാകിസ്താനിലേക്ക് മാററിയ അദ്ദേഹം ലാഹോറിലെ ‘ജാമിഅതു അശ്റഫിയ്യ’യില്‍ ചേരുകയും ജീവിതാവസാനം വരെ അവിടെ തുടരുകയും ചെയ്തു. തൊണ്ണൂറ് വര്‍ഷത്തോളം ഈ ഭൂമിയില്‍ ദൗത്യം നിര്‍വഹിച്ച ഈ മഹാഗുരു ലാഹോറില്‍ വെച്ച് മരണപ്പെട്ടു.
പ്രധാന ഗ്രന്ഥങ്ങള്‍
സകാത്തുല്‍ ഹുല്യ് زكاة الحلي
ദഅ്വത്തു ത്തബ്ലീഗ് دعوة التبليغ
ദഅ്വതുത്തിജാറ دعوة التجارة
ദലാഇലുല്‍ ഖുര്‍ആന്‍ അലാ മസാഇലി നുഅ്മാന്دلائل القرآن على مسائل النعمان
യൂന്സ് (അ) ഇലാ ആഖിരി സുറത്തില്‍ ഫുര്‍ഖാന്‍ يونس عليه السلام على آخر سورة الفرقان
ശറഹു കിതാബില്‍ അദബി മിന് ബുലൂഗില്‍ മറാം شرح كتاب الأدب من البلوغ المرام
ഇര്‍ശാദുല്‍ ഹഫീദ് إرشاد الخفيظ
ഹില്‍യതു ല്ലിഹ്യ: حلية اللحية
ജമീലുല്‍ കലാംجميل الكلام
ജൗഹര്നാന്ത് കശ്മീരി
ശൈഖ് യഅ്ഖൂബ് സ്വാഫി കശ്മീരിയുടേതിന് സമാനമായ ജീവിതം നയിച്ച പണ്ഡിതനാണ് ശൈഖ് ജൗഹര്‍ നാന്ത് കശ്മീരി. കശ്മീരിലെ മതപഠനത്തിനു ശേഷം വിജ്ഞാന സമ്പാദനത്തിനായി ശൈഖ് ഹിജാസിലേക്ക് കപ്പല്‍ കയറി. ഇമാം ഇബ്നു ഹജറുല്‍ ഹൈതമിയുടെ അടുത്തു തന്നെയാണ് ഇദ്ദേഹവും എത്തിപ്പെടുന്നത്.. ഇമാം ഹൈതമിയുടെ കുൂടെ അറിവിന്റെ അനന്ത ലോകത്തേക്ക് പ്രവേശിച്ച ശൈഖ് പിന്നീട് അശ്ശൈഖ് അലി ബിന്‍ സുല്‍ത്താന്‍ അല്ഖാരി അല്ഹനഫിയുടെയും ശിഷ്യത്വം സ്വീകരിച്ചു. ദീര്‍ഘകാലം അദ്ദേഹത്തിനു കീഴില്‍ പഠനവും വൈജ്ഞാനിക ചര്‍ച്ചകളുമായി കഴിഞ്ഞുകൂടി. കരസ്ഥമാക്കിയ വിജ്ഞാനം ഫലപ്രദമാവണമെങ്കില്‍ അത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടണമെന്ന് മനസ്സിലാക്കിയ ശൈഖ് തന്റെ ജന്മപ്രദേശമായ കശ്മീരിലേക്ക് മടങ്ങി. ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടി പഠനത്തിലും അധ്യാപനത്തിലും മുഴുകിയ അദ്ദേഹം ഒരു വലിയ ശിഷ്യഗണത്തെ സൃഷ്ടിച്ചെടുത്തു. ജീവിതത്തില്‍ വിശ്രമിക്കാന്‍ പോലും സമയം കണ്ടെത്താത്ത രൂപത്തില്‍ അധ്വാനിച്ച ആ മഹാ പണ്ഡിതന് ഹിജ്റ 1003 (ക്രി:1582)ല്‍ ഇഹലോകവാസം വെടിഞ്ഞു.
ത്വയ്യിബ് ബിന്‍ അബീ ത്വയ്യിബ് അസ്സിന്ദി
അബ്ദുല്‍ അവ്വല്‍ ജുവന്ഫുരിയുടെ സന്തതസഹചാരിയും ശിഷ്യനുമായ പണ്ഡിതവര്യനാണ് ശൈഖ് ത്വയ്യിബ് അസ്സിന്ദി. ഗുരുവെട്ടിത്തെളിച്ച പാതയിലൂടെത്തന്നെയാണ് ശൈഖ് ത്വയ്യിബും സഞ്ചരിച്ചത്. ഗുരുവില്‍ നിന്ന് നേടിയ വിജ്ഞാനങ്ങള്‍ പകര്‍ന്നു നല്കുന്നതിലാണ് ജീവിതത്തിന്റെ വലിയ ഒരു ഭാഗം അദ്ദേഹം മാറ്റി വെച്ചത്. അധ്യാപനത്തില്‍ ലാളിത്യവും വ്യത്യസ്തതയും പുലര്‍ത്തുകയും ശിഷ്യഗണങ്ങളോട് സ്നേഹപൂര്‍വം പെരുമാറുകയും ചെയ്ത അദ്ദേഹത്തെ സ്ഥാപനത്തില്‍ നിന്നു പിരിഞ്ഞു പോകുവാന്‍ വിദ്യാര്‍ഥികള്‍ അനുവദിച്ചില്ല. അങ്ങനെ ഡക്കാന്‍ പ്രവിശ്യയിലെ എലിഗ്പൂരിലും ബുര്‍ഹാന്‍ പൂരിലും നീണ്ട അന്‍പത് വര്‍ഷത്തോളം അധ്യാപന മേഖലയില്‍ അദ്ദേഹം ചെലവഴിച്ചു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ ഏറ്റവും പ്രധാനിയാണ് – ഈസാബിന്‍ ഖാസിം അസ്സിന്ദി.
മിശ്കാത്തുല്‍ മസ്വാബീഹിന്റെ വിശദീകരണം രചിച്ച ആ മഹാഗുരു ഹിജ്റ 993ല്‍ (ക്രി. 1572) ഇഹലോകവാസം വെടിഞ്ഞു.
താഹിര്‍ ബിന്‍ യൂസുഫ് ബഹാറന്‍പൂരി
സമപ്രായക്കാരിലും സമകാലികരിലും ഏറ്റവും മികച്ച ഹദീസ് പണ്ഡിതന് എന്ന ഖ്യാതി നേടിയ മഹാനായിരുന്നു ശൈഖ് ബഹാറന്‍പൂരി അസ്സിന്ദി. അബുല്‍ അവ്വല്‍ അല്‍ ഹസനിയുടെ പ്രമുഖ ശിഷ്യരില്‍ ഒരാളായ ഇദ്ദേഹം കര്‍മ്മ മേഖലയില്‍ ഗുരുവിന്റെ പാത തന്നെയാണ് പിന്തുടര്ന്നത്. ശൈഖ് അബ്ദുല്‍ അവ്വലിന്റെ ശിഷ്യത്വത്തിനു പുറമെ മറ്റു പണ്ഡിതരുടെ ശിഷ്യത്വം കൂടി സ്വീകരിച്ചതോടെ പണ്ഡിതരുടെ കൂട്ടത്തില്‍ ഇദ്ദേഹം അതികായനായി. അറിവിലൂടെ വിനയാന്വിതനായിത്തീര്‍ന്ന അദ്ദേഹം പിന്നീട് അധ്യാപന മാര്‍ഗം സ്വീകരിച്ചു. അങ്ങനെ ദീര്‍ഘകാലം ബഹാറന്ഫൂരില് സേവനമനുഷ്ഠിച്ചു. ആ നാട്ടിലെ ഭൂരിഭാഗം ജനങ്ങളും അദ്ദേഹത്തില്‍ നിന്ന് അറിവിന്റെ മധുരം നുകര്‍ന്നു. അധ്യാപനത്തിനു പുറമെ ഗ്രന്ഥരചനയിലും കഴിവു തെളിയിച്ച അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമാണ് ‘മുന്തഹിബുല് മവാഹിബു ദ്ദീനിയ.’
നിസ്വാര്ഥമതിയായ ഈ കര്‍മശ്രേഷ്ഠന്‍ ഹിജ്റ 1004ല്‍ (ക്രി.1583) നാഥന്റെ വിളിക്കുത്തരം നല്കി.
നദീര്‍ ഹുസൈന് അദ്ദഹ്ലവി
ഇന്ത്യയില്‍ നബിചര്യ പ്രചരിപ്പിക്കുന്നതില്‍ അത്ഭുതകരമായ വളര്‍ച്ചയാണ് ശൈഖ് നദീര്‍ ഹുസൈന് അദ്ദഹ്ലവിയുടെ പരിശ്രമഫലമായുണ്ടായത്. ജീവിതം മുഴുവന്‍ അദ്ദേഹം നീക്കിവെച്ചത് എഴുത്ത് കൊണ്ടും പ്രബോധനം കൊണ്ടും സുന്നത്തിനെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ്. ഹിജ്റ 1220ന് (ക്രി. 1799) ബിഹാര്‍ പ്രവിശ്യയില്‍പ്പെട്ട ‘സൂരജ് ഘട്ടി’ലാണ് അദ്ദേഹം ജനിച്ചത്. എന്നാല്‍ അറിവിനോടുളള ആകാംക്ഷ അടങ്ങാതെയായപ്പോള്‍ അദ്ദേഹം ഗ്രാമം വിട്ട് യാത്രകളാരംഭിച്ചു. ‘പാറ്റ്ന’യിലെ അസീമാ ബാദിലെ പണ്ഡിതരില്‍ നിന്നും അറിവിന്റെ മധു നുകര്‍ന്ന ശേഷം അദ്ദേഹം തന്റെ പ്രിയ ഗുരുക്കളായ ശാഹ് ഇസ്മാഈല്‍ അദ്ദഹ്ലവിയുടെയും സയ്യിദ് അഹ്മദ്ബിന്‍ അര്‍ഫാന്റെയും ആശീര്‍വാദത്തോടു കൂടി ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.
അവിടെ വെച്ച് മുപ്പത് വര്‍ഷം മഹാപണ്ഡിതന് ശൈഖ് ഇസ്ഹാഖ് അദ്ദഹ്ലവിയുടെ കൂടെ സഹവസിച്ചു. ആ സഹവാസം ശൈഖ് നദീര്‍ ഹുസൈനെ പാണ്ഡിത്യത്തിലും ശ്രേഷ്ഠതയിലും അഗ്രഗണ്യനാക്കി. ശൈഖ് ഇസ്ഹാഖ് ഉംറക്ക് പുറപ്പെട്ട വേളയില്‍ അദ്ദേഹത്തിന്റെ പഠന സദസ്സുകള്‍ ശൈഖ് നദീര്‍ ഹുസൈനെ ഏല്പിച്ചു. ഹി. 1258 (1837) ലായിരുന്നു ഇത്. അതിനുശേഷം ‘സ്വാഹിബു മിയാന്‍’ എന്ന പേരില്‍ അദ്ദേഹം അറിയപ്പെട്ടു. ഈ നാമം ശാഹ്വലിയുല്ലാഹ് അദ്ദഹ്ലവിയുടെ കുടുംബത്തിലെ പണ്ഡിതന്മാര്ക്ക് മാത്രം ലഭിക്കുന്ന സ്ഥാനപ്പേരായിരുന്നു. പിന്നീട് ഇദ്ദേഹം അധ്യാപനത്തിലും ഉദ്ബോധനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മതവിഷയങ്ങളില്‍ ആധികാരികമായ ഫത്വയും (മതവിധി) അദ്ദേഹം നല്കി. എല്ലാ മേഖലയിലും കലകളിലുമുള്ള പാഠ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു, പ്രത്യേകിച്ചും കര്‍മശാസ്ത്രത്തിലും അടിസ്ഥാന ആദര്ശങ്ങളിലുമുള്ളവ.
ആദ്യ കാലത്ത് ഫിഖ്ഹിനോടുണ്ടായിരുന്ന (കര്‍മശാസ്ത്രം) അദ്ദേഹത്തിന്റെ താല്പര്യം പിന്നീട് ഖുര്‍ആനിലേക്കും ഹദീസിലേക്കും മാറി. രചനാ രംഗത്തും പ്രതിഭാ വൈഭവമുണ്ടായിരുന്ന ശൈഖ് നദീര്‍ ഹുസൈന് തന്റെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചത് വാമൊഴിയിലായിരുന്നത് കൊണ്ട് വലിയ ഗ്രന്ഥ രചനകള്‍ക്ക് അദ്ദേഹത്തിന് സാധിച്ചില്ല. ഇതില്‍ തന്നെ ഫതാവാ അന്നദീരിയ്യ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ ഫത്വകള് ക്രോഡീകരിച്ച് തയ്യാറാക്കിയതാണ്. മുപ്പത്തിയേഴോളം ഗ്രന്ഥങ്ങളുള്ള ആ മഹാത്യാഗി ഹിജ്റ 1320ല്‍ (ക്രി. 1899) ഇഹലോക വാസം വെടിഞ്ഞു.
പ്രധാന ഗ്രന്ഥങ്ങള്‍
الفاوى النذيرية , معيار الحق , إجتهاد و تقليد , الحياة بعد الممات
നവാബ് സിദ്ദീഖ് ഹസന് ഖാന്
ഹിജ്റ 1248ന് (ക്രി.1827) ഇന്ത്യയിലെ ഖനൂജില് ജനിച്ച സിദ്ദീഖ് ഹസന്‍ഖാന്‍ ഇസ്ലാമിക വിജ്ഞാന പ്രചാരണത്തില്‍ ഏറെ പ്രഗത്ഭനായിരുന്നു. ദാരിദ്ര്യം പലപ്പോഴും വിലങ്ങു തടിയായിരുന്നുവെങ്കിലും വിജ്ഞാനത്തോടുള്ള വിധേയത്വത്തിന്റെ കനല് അദ്ദേഹം മനസ്സില്‍ കെടാതെ സൂക്ഷിച്ചിരുന്നു. ഉപജീവനമാര്‍ഗം തേടി സ്വിദീഖ് ഹസന് ഭോപ്പാലിലെത്തി. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. എന്ത് ഉദ്ദേശ്യത്തിലാണോ ഭോപ്പാലിലെത്തിയത് അത് മുഴുവന്‍ നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കൈവെച്ച എല്ലാ മേഖലകളിലും വിജയിച്ചതിനോടൊപ്പം വിജ്ഞാനത്തിന്റെ പുതിയ കവാടങ്ങളിലൂടെ യാത്രയാരംഭിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഏറെ ഭക്തിസാന്ദ്രമായ ജീവിതം നയിച്ച അദ്ദേഹം ഭോപ്പാലിലെ രാജകുമാരിയെ വിവാഹം ചെയ്യുകയും നവാബ് എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുകയും ചെയ്തു. തുടര്‍ന്ന് തന്റെ പരിശ്രമം മുഴുവന്‍ അദ്ദേഹം രചനാ രംഗത്തേക്ക് മാറ്റിവെച്ചു. ഉര്‍ദുവിലും പേര്‍ഷ്യനിലും അറബിയിലുമായി അദ്ദേഹത്തിനാല്‍ വിരചിതമായത് 200-ല്‍ പരം പുസ്തകങ്ങളാണ്. ആശയങ്ങള്‍ കൊണ്ട് സമ്പന്നമാവുകയും പദങ്ങള്‍ കൊണ്ട് ലളിതമാവുകയും ചെയ്ത അദ്ദേഹത്തിന്റെ രചനകള്‍ ഖുര്‍ആനിലും ഹദീസിലും ഫിഖ്ഹിലുമായി വ്യാപിച്ച് കിടക്കുന്നു. ഹിജ്റ 1307ല്‍ (ക്രി. 1886) അദ്ദേഹം മരണപ്പെട്ടു.
പ്രധാനകൃതികള്‍
حسن الاسوة بما ثبت من الله ورسوله في النسوة , قطف الثمر في بيان عقيدة أهل الأثر , أبجد العلوم
نيل المرام من تفسير آيات الأحكام, الحطة في ذكر الصحاح الستة , رحلة الصديق إلى بلد العتيق
البلغة إلى أصول اللغة , فتح البيان في مقاصد القرآن
ഫഖ്റുദ്ദീന്‍ അല്‍ മുറാദാബാദി
ഹിജ്റ 1308ല്‍ (ക്രി. 1887) രാജസ്ഥാനിലെ അജ്മീറിലാണ് മൗലാന ഫഖ്റുദ്ദീന്‍ ഭൂജാതനാവുന്നത്. പിതാവിന്റെ ശിക്ഷണത്തില്‍ നാല് വയസ്സില്‍ത്തന്നെ ഖുര്‍ആന്‍ പാരായണം പഠിച്ച അദ്ദേഹം തന്റെ കുടുംബത്തിലെ പണ്ഡിതന്മാരില് നിന്ന് പേര്‍ഷ്യന്‍ ഭാഷയും കരസ്ഥമാക്കി. പിന്നീട് നാട്ടിലെ തന്നെ പാഠശാലകളില്‍ നിന്നും അറബിഭാഷ പഠിച്ചെടുത്ത ശേഷം ഹിജ്റ 1326ല്‍ ദയൂബന്ദിലെ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു. ദാറുല്‍ ഉലൂമില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷം അവിടെത്തന്നെ അദ്ദേഹം അധ്യാപകനായി. എന്നാല്‍ ഹിജ്റ 1329 (1908) ദാറുല്‍ ഉലൂമിലെ മുതിര്‍ന്ന പണ്ഡിതര്‍ ഇദ്ദേഹത്തെ മുറാദാബാദിലെ ‘മദ്റസതു ശാഹി’യില്‍ സേവനമനുഷ്ഠിക്കാന്‍ പ്രേരിപ്പിച്ചു. തല്‍ഫലമായി നീണ്ട നാല്പത് വര്‍ഷം ഇദ്ദേഹം മുറാദാബാദിലെ ഹദീസ് അധ്യാപകനായി.
ഹിജ്റ 1377ല്‍ ദാറുല്‍ ഉലൂം ദയൂബന്ദിലെ ഹദീസ് പണ്ഡിതന് ശൈഖുല്‍ ഇസ്ലാം – ഹുസൈന് അഹമദ് മദനി മരണപ്പെട്ടപ്പോള്‍ ശൈഖ് ഫഖ്റുദ്ദീന്‍ വീണ്ടും ദാറുല്‍ ഉലൂമില്‍ ഹദീസ് അധ്യാപകനായെത്തി. ഹിജ്റ 1391 (1970)വരെ തല്‍സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം ഹി. 1592 (ദി: 1971 സ്വഫര്‍ – 20ന് ഇഹലോകവാസം വെടിഞ്ഞു.
إيضاح البخاري, القول الفصيح فيما يتعلق بالنجد أبواب الصحيح എന്നിവ പ്രധാന കൃതികളാണ്.
മുഹമ്മദ് ഹസന് അമൃതസരി
ക്ഷമയുടെയും സഹനത്തിന്റെയും ഭക്തിയുടെയും ആള് രൂപമായിരുന്നു മഹാപണ്ഡിതനായ മുഫ്തി മുഹമ്മദ് ഹസന് അമൃത്സരി. അദ്ദേഹത്തിന്റെ കാലിനേറ്റ മുറിവില്‍ വിഷബാധയുണ്ടായതിനാല് അത് മുറിച്ച് കളയാന്‍ ഭീഷഗ്വരന്മാര്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു. അദ്ദേഹം അനുവാദം നല്കി. വേദനയറിയാതെ കാല് മുറിച്ചു മാറ്റിയെടുക്കാന്‍, ബോധം മറയ്ക്കാനുള്ള മരുന്നുമായി തന്റെ അടുത്തെത്തിയ ഡോക്ടറോട് അദ്ദേഹം പറഞ്ഞത് ”ദൈവ സ്മരണയില്‍ നിന്ന് ഒരു നിമിഷം പോലും വിട്ടുനില്‍ക്കാന്‍ എനിക്കാവില്ല’ എന്നായിരുന്നു.
ക്രി: 1878 ല്‍ മല്പൂറിലാണ് ശൈഖ് ഹസന് അമൃതസരി ഭൂജാതനാവുന്നത്. ആ നാട്ടിലെ പ്രശസ്ത പണ്ഡിതനും മതസേവകനുമായിരുന്ന പിതാവ് ‘ അത്വാഉല്ലാഹിയില്’ നിന്ന് പരിശുദ്ധ ഖുര്‍ആനും അറബി ഭാഷയിലെ പ്രാഥമിക പാഠങ്ങളും കരസ്ഥമാക്കിയ ശൈഖ് അമൃതസരി, പിന്നീട് വിവിധ ഗുരുക്കന്മാരില് നിന്ന് നഹ്വും സ്വറഫും പേര്‍ഷ്യന്‍ ഭാഷയും പഠിച്ചു. എന്നാല്‍ അറബി ഭാഷാ പഠനവും ഇസ്ലാമിക പഠനവും അദ്ദേഹം പൂര്‍ത്തിയാക്കുന്നത് അമൃത്സറിലെ മദ്റസതുല്‍ ഗസ്ന വിയ്യയില്‍ വെച്ചാണ്. ശേഷം ഹകീമുല്‍ ഉമ്മ അശ്റഫ് അലി തഹാനവിയില് നിന്നും ദയൂബന്ദ് ജാമിഅതുല്‍ ഇസ്വാമിയ്യയില് നിന്നും തജ്വീദും ഖിറാഅതും ഹദീസ് വിജ്ഞാനങ്ങളും പഠിക്കാനിരുന്നു.
പഠനം പൂര്‍ത്തിയാക്കുകയും ഓരോ വിഷയത്തിലും പ്രാവീണ്യം നേടുകയും ചെയ്ത അദ്ദേഹം പിന്നീട് അധ്യാപനത്തിനായി ഒഴിഞ്ഞിരുന്നു. അമൃതസറിലെ മദ്റസതു നുഅ്മാനിയ്യയില് അധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹം നാല്പത് വര്‍ഷം അവിടെ തുടര്‍ന്നു. സുബ്ഹ് നമസ്കാരത്തിന് ശേഷം ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും പഠിപ്പിക്കുക പതിവാക്കി. മുപ്പത് വര്‍ഷം ഇന്ത്യയിലും 10 വര്‍ഷം പാകിസ്താനിലുമായിരുന്നു അത്.
1947 ല്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ ശൈഖ് പാകിസ്ഥാനിലേക്ക് പോവുകയും 1945 ല്‍ ലാഹോറില്‍ ‘ജാമിഅതുല്‍ അശ്റഫിയ്യ’ സ്ഥാപിക്കുകയും ചെയ്തു. അറിവും ഭക്തിയും ഒത്തു ചേര്‍ന്ന ആ മഹാമനീഷി 1961 ല്‍ നാഥനിലേക്ക് യാത്രയായി.
പ്രധാന ഗുരുനാഥന്മാര്
അല്ഖാദ്വി മുഹമ്മദ് നൂര്‍
അല്‍ ഖാദ്വി ജൗഹറുദ്ദീന്‍
ശൈഖ് മുഹമ്മദ് മഅ്സ്വും
ഹകീമുല്‍ ഉമ്മ അശ്റഫ് അലി തഹാനവി
മുഹമ്മദ് അന്‍വര്‍ ശാഹ് കാശ്മീരി
മുഹമ്മദ് ഖാസിം നാനൂത്തവി
കഅ്ബയുടെ ചാരത്ത് നില്ക്കുന്ന തന്നില്‍ നിന്നും ആയിരക്കണക്കിന് നദികള്‍ ഒഴുകുന്നത് സ്വപ്നം കണ്ട ബാലന് പ്രിയ ഗുരുവിനടുക്കലേക്ക് ചെന്ന് സ്വപ്ന വ്യാഖ്യാനംആവശ്യപ്പെടുകയാണ്. ഗുരു നല്കിയ മറുപടി ”നിന്നില്‍ നിന്നും മതവിജ്ഞാനത്തിന്റെ നദികള്‍ പരന്നൊഴുകുമെന്നായിരുന്നു”. ഗുരുവിന്റെ വാക്കുകള്‍ അക്ഷരം പ്രതി പുലര്‍ന്നു. ആ കുഞ്ഞു ബാലനാണ് മഹാപണ്ഡിതനും നേതാവും പോരാളിയുമായിത്തീര്ന്ന ശൈഖ് മുഹമ്മദ് ഖാസിം നാനൂത്തവി.
നാം ഉറങ്ങുകയാണെങ്കില്‍ നമ്മെ ഉണര്ത്താനൊരാളുണ്ടാവും എന്ന ആപ്ത വാക്യത്തെ സത്യപ്പെടുത്തും വിധം മുസ്ലിംകള് തങ്ങളുടെ മതത്തില്‍ നിന്നകന്ന് മത നിഷേധത്തിലേക്കും മത നിരാസത്തിലേക്കും പോയിക്കൊണ്ടിരുന്ന സമയത്താണ് ശൈഖ് നാനൂത്തവിയുടെ രംഗ പ്രവേശം. ഹിജ്റ 1248ല്‍ (ക്രി. 1827) സഹാറന്‍പൂര്‍ പ്രവിശ്യയില്‍പ്പെട്ട ‘നാനൂത’ ഗ്രാമത്തിലാണ് ശൈഖ് ജനിക്കുന്നത്. കുടുംബ പരമ്പര എത്തിച്ചേരുന്നത് ഒന്നാം ഖലീഫ അബൂബക്കര്‍ (റ) ലേക്കാണ്. സഹാറന്‍ഫൂരിലെ ശൈഖ് മുഹമ്മദ് നവാസില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ശേഷം അറിവിന്റെ അനന്ത സാധ്യതകള്‍ തേടി അദ്ദേഹം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. അവിടെ ശൈഖ് അബ്ദുല്‍ ഗനി അദ്ദഹ്ലവിയെ കണ്ടുമുട്ടുകയും ദീര്‍ഘകാലം അദ്ദേഹത്തിനോടൊപ്പം താമസിക്കുകയും ചെയ്തു. ഹിജ്റ 1277ല്‍ (ക്രി. 1856) മക്ക സന്ദര്‍ശിക്കുകയും ഹജ്ജ് നിര്‍വഹിക്കുകയും ചെയ്ത ശൈഖ് ആ യാത്രയില്‍ പരിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കി.
തിരിച്ചെത്തിയ അദ്ദേഹം മീററ്റില്‍ സ്ഥിരതാമസമാക്കിയ നാനൂത്തവി നിഷ്ക്രിയനാവാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയുടെ മത രാഷ്ട്രീയ കാര്യങ്ങളില്‍ ശക്തമായി ഇടപെടുകയും ബ്രിട്ടീഷുകാര്‍ക്കെതിരെയുളള പോരാട്ടത്തിന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. മത വിജ്ഞാന രംഗത്തെ അനിഷേധ്യ നേതാവായിരുന്ന അദ്ദേഹം ബ്രിട്ടീഷുകാര്‍ക്ക് നിരന്തരം തലവേദനയായി. പ്രവര്‍ത്തനരംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ഭരണകൂടം അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചെങ്കിലും ജനസംരക്ഷണത്തില് തന്റെ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ടു കുതിച്ചു. പിന്‍ഗാമിയായി ശിഷ്യന് മഹ്മൂദ് ഹസനെയും അദ്ദേഹം ഉയര്‍ത്തിക്കൊണ്ട് വന്നു.
മത ആദര്‍ശ കാര്യങ്ങളില്‍ അദ്ദേഹം കണിശക്കാരനായിരുന്നു. ഇസ്ലാം വിമര്‍ശിക്കപ്പെടുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ശക്തമായ പ്രതിരോധം തീര്‍ത്തു. മാംസഭക്ഷണം മനുഷ്യ പ്രകൃതിക്ക് എതിരാണ് എന്ന വാദത്തിന് പ്രചാരം ലഭിച്ചപ്പോള്‍ അതിനെതിരെ ‘തുഹ്ഫ ലഹ്മിയ്യ’ (ഉര്‍ദു) എന്ന പുസ്തകമെഴുതിയാണ് അദ്ദേഹം രംഗത്ത് വന്നത്.
ഹിജ്റ 1297ല്‍ (ക്രി. 1877) അന്തരിച്ച ആ മഹാമനീഷി ഈലോകത്തോട് വിടപറഞ്ഞു.
പ്രധാന രചനകള്‍
തക്രീറു ദല്ബദീര് (ഉര്‍ദു)
ആപ് ഹയാത് (ഉര്‍ദു)
മസ്വാബീഹുത്തറാഹീഹ് (പേര്‍ഷ്യന്‍)
ബറാഹീനു ഖാസിമിയ്യ (ഉര്‍ദു)
തഹ്ദീറുന്നാസ് മിന് ഇന്‍കാരി അഥരി ഇബ്നു അബ്ബാസ്
ജവാബാത്തു മഹ്ദൂറാത്തി അശ്ര്‍
ഹദിയ്യത്തു ശ്ശീഅ
തുഹ്ഫ ലഹ്മിയ്യ
അജ്വിബ: അര്‍ബഈന്‍
ഫുയുളു ഖാസിമിയ്യ
ലതാഇഫു കാസിമിയ്യ
തസ്ഫിയത്തുല്‍ അഖാഇദ്
ഇന്തിസാറുല് ഇസ്ലാം
ഖസ്വാഇദു ഖാസിമിയ്യ്
തൗദീഖുല് കലാം
ഇന്തിബാഹുല് മുഅ്മിനീന്‍
മഖാതീബു ഖാസിമുല്‍ ഉലൂം
മുഹമ്മദ് ഇഅ്സാസ് അലി
തഫ്സീറിലും ഹദീസിലും അറബ് സാഹിത്യങ്ങളിലും കര്‍മ ശാസ്ത്ര വിഷയങ്ങളിലും അഗാധമായ അറിവും കഴിവും ഒത്തു ചേര്‍ന്ന മഹാഗുരുവായിരുന്നു ശൈഖുല്‍ അദബ് മുഹമ്മദ് ഇഅ്സാസ് അലി.
മുറാദാബാദില്‍ ഹിജ്റ – 1300ല്‍ (1879) ജനനം. ശാജഹാന്ഫൂരിലെ ഹാഫിദ്വ് ശരീഫുദ്ദീനില് നിന്ന് ഖുര്‍ആനും പിതാവില്‍ നിന്ന് പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളിലെ അടിസ്ഥാന ഗ്രന്ഥങ്ങളും ഹൃദിസ്ഥമാക്കി. ശേഷം അറബിയിലെയും പേര്‍ഷ്യനിലെയും ചില പുസ്തകങ്ങള്‍ കൂടി പഠിച്ച് ഇദ്ദേഹം ദാറുല്‍ ഉലൂം ദയൂബന്ദിലെത്തി. അവിടെ നിന്ന് മീററ്റിലേക്ക് യാത്രയായ ശൈഖ് മുഹമ്മദ് ഇഅ്സാസ് അലി മീററ്റിലെ വിദ്യാലയങ്ങളില്‍ നിന്നും അറിവ് കരസ്ഥമാക്കി. വീണ്ടും ദാറുല്‍ ഉലൂം ദയൂബന്ദിലെത്തിയ ശൈഖ്, ഖുര്‍ആനും ഹദീസും തഫ്സീറും സാഹിത്യങ്ങളും പഠിച്ചെടുത്തു. അല്‍മുഫ്തി അസീസ് റഹ്മാന് ഉഥ്മാനിയില് നിന്ന് ഫത്വാ (മതവിധി) യിലും അവഗാഹം നേടി ഹിജ്റ 1320ല്‍ (1899) ബിരുദം കരസ്ഥമാക്കി. പഠനം പൂര്‍ത്തിയാക്കിയ ശേഷം ശൈഖ് ഇഅ്സാസ് അലി അധ്യാപനത്തില്‍ മുഴുകി. ബിഹാറിലെ ബഗല്പൂരില് ‘മദ്റസതു നുഅ്മാനിയ്യ’യില്‍ ഏഴു വര്‍ഷവും പിന്നീട് അഫ്ദുലുല് മദാരിസില്‍ മൂന്നു വര്‍ഷവും ജോലി ചെയ്തു. ഘി. 1330ല്‍ (1909) ദാറുല്‍ ഉലും ദയൂബന്ദില്‍ അധ്യാപകനായി നിയമിക്കപ്പെടുകയും ഹദീസും കര്‍മ ശാസ്ത്രവും സാഹിത്യവും പഠിപ്പിക്കുകയും ചെയ്തു. സാഹിത്യത്തിലും കര്‍മശാസ്ത്രത്തിലും ഉളള നൈപുണ്യം കാരണം ‘ശൈഖുല്‍ അദബിവല് ഫിഖ്ഹ്’ എന്ന് വിളിക്കപ്പെട്ടു. ദീര്‍ഘമായ 44 വര്‍ഷം ദാറുല്‍ ഉലുമില്‍ സേവനമനുഷ്ഠിച്ച ഇദ്ദേഹം 1345 (1924)ല്‍ ഫത്വാ (മതവിധി) വിഭാഗത്തില്‍ എത്തുകയും അവിടത്തെ മേധാവിയാവുകയും ചെയ്തു.
ഏറെ പ്രഗല്ഭരായ മഹാപണ്ഡിതരില് നിന്ന് വിദ്യ അഭ്യസിക്കുകയും, കഴിവുളള ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കുകയും, ബൃഹത്തായ ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത ആ മഹാപണ്ഡിതന് ഹിജ്റ – 1374 (1953) റജബ് പതിമൂന്നിന് ഇഹലോക വാസം വെടിഞ്ഞു. ദയൂബന്ദിലെ മഖ്ബറതുല്‍ വാസിമിയ്യയില് മറമാടി.
പ്രധാന ശിഷ്യന്മാര്
അല്‍ മുഫ്തി മുഹമ്മദ് ശഫീഅ് ദയൂബന്ദി, ശൈഖ് അല്ഖാരി മുഹമ്മദ് ത്വയ്യിബ് ഖാസിമി, ശൈഖ് ഹിഫ്ദു റഹ്മാന് സയൂഹാറവി, ശൈഖ് മുഹമ്മദ് മന്‍ദ്വൂര്‍ നുഅ്മാനി, ശൈഖ് സഈദ് അഹ്മദ് അകബറാബാദി, ശൈഖ് അല്‍ മുഫ്തി അതീഖുറഹ്മാന് ഉഥ്മാനി.
പ്രധാന ഗ്രന്ഥങ്ങള്‍
نور الإيضاح, كنز الدقائق , مفيد الطالبين, ديوان المتنبي , ديوان الحماسة , كتاب الزواجر, محمود رواية
മുഹമ്മദ് ഇബ്റാഹീം അല്‍ബല്‍യാവി
ദീനി പഠനത്തിനു വേണ്ടി നീണ്ട അറുപത് വര്‍ഷം നീക്കിവെച്ച മഹാപണ്ഠിതനായിരുന്നു അല്ലാമാ മുഹമ്മദ് ഇബ്റാഹീം അല്‍ ഖല്‍യാവി.
ഹിജ്റ 1304ല്‍ (1883) ജനനം. അറബി ഭാഷയിലെയും പേര്‍ഷ്യന്‍ ഭാഷയിലെയും പ്രാഥമിക പഠന ഗ്രന്ഥങ്ങളും മതത്തിന്റെ അടിസ്ഥാന ശാസ്ത്രങ്ങളും പഠിച്ചതിന് ശേഷം ഹിജ്റ 1325ല്‍ (1904) ദാറുല്‍ ഉലൂം ദയൂബന്ദില്‍ ചേരുകയും രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷം ഹി. 1327ല്‍ ബിരുദം കരസ്ഥമാക്കുകയും ചെയ്തു.
പഠനം കഴിഞ്ഞ് വിവിധ സ്ഥാപനങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഡല്‍ഹിയിലെ മദ്റസതുല്‍ ആലിയ, ദാറുല്‍ ഉലൂം, ബീഹാറിലെ മദ്റസതുല്‍ ഇംദാദിയ്യ, ദാബഹീലിലെ മദ്റസതുല്‍ ഇസ്ലാമിയ്യ തുടങ്ങിയ നിരവധി സ്ഥാപനങ്ങളില്‍ അധ്യാപകനും പ്രിന്സിപ്പാളുമായിത്തീര്ന്നു. ഹിജ്റ 1344 മുതല്‍ 1362 വരെ ദാറുല്‍ ഉലും ദയൂബന്ദില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് 1362ല്‍ (1941) വീണ്ടും ചേരുകയും മരണം വരെ തല്‍സ്ഥാനത്ത് തുടരുകയും ചെയ്തു. ഏറെ പ്രശസ്തമായിരുന്നു ഇദ്ദേഹത്തിന്റെ അധ്യാപന രീതികള്‍.
നിരവധി സ്ഥാപനങ്ങളില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം അനവധി ശിഷ്യന്മാരെ സമ്പാദിക്കുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. പഠന-അധ്യാപന-രചനാ രംഗങ്ങളില്‍ വിസ്മയം സൃഷ്ടിച്ച ആ മഹാപണ്ഡിതന് ഹിജ്റ 1387 (1986) റമദ്വാന്‍ 23ന് ഇഹലോകവാസം വെടിഞ്ഞു.
പ്രധാന ഗ്രന്ഥങ്ങള്‍
رسالة المصافحة , رسالة التراويح , رسالة أنوار الحكمة
മുഹമ്മദ് ബിന്‍ അബ്ദില്ല അല്‍ഫാകിഹി
മുസ്ലിം സമുദായത്തിന്റെ ഉന്നമനം സാധ്യമാവുക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിലൂടെ മാത്രമാണ് എന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ടി ജീവിതത്തെ മാറ്റി വെച്ച മഹാ പണ്ഡിതനാണ് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്ല അല്‍ഫാകിഹി അല്‍ ഹന്ബലി. ഹന്ബലി മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ ഇമാം ഹൈതമിയുടെ ശിഷ്യനാണ് ഇദ്ദേഹം. ഗുജറാത്ത് കേന്ദ്രീകരിച്ചായിരുന്നു വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നത്. ശൈഖ് അല്‍ഫാകിഹി യുടെ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടരായ ജനങ്ങള്‍ അവരുടെ മക്കളെ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ പറഞ്ഞയച്ചു. ഹിജ്റ 992 (ക്രി: 1751) ല്‍ ശൈഖ് അല്‍ ഫാകിഹി ഈ ലോകത്തോട് വിട പറഞ്ഞു.
മലാമുഹമ്മദ് അല്‍ കശ്മീരി
കശ്മീര്‍ ഇന്ത്യക്ക് നല്കിയ സംഭാവനകളില്‍ പ്രധാനിയാണ് ശൈഖ് മലാ മുഹമ്മദ്. ഇദ്ദേഹത്തിന്റെ ജനന-മരണ വര്‍ഷങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. വ്യതിരിക്തമായ അധ്യാപന ശൈലി കൊണ്ടാണ് ഇദ്ദേഹം പണ്ഡിതന്മാര്ക്കിടയിലും കശ്മീരി ജനതക്കിടയിലും പ്രശസ്തിയാര്‍ജ്ജിച്ചത്. അധ്യാപനത്തിലെ ഈ കഴിവ് അദ്ദേഹം നേടിയെടുക്കുന്നത് ഗുരുനാഥന് ഇബ്നു ഹജറുല്‍ ഹൈതമി(റ)യില്‍ നിന്നാണ്. വൈജ്ഞാനിക സമ്പാദന യാത്രക്കിടയില്‍ ഹിജാസില്‍ വെച്ചാണ് ശൈഖ് മലാ മുഹമ്മദ്, ഇബ്നു ഹജറുല്‍ ഹൈതമി(റ) യുടെ ശിഷ്യത്വം സ്വീകരിക്കുന്നത്. കാര്യങ്ങളെ ലളിതമായും ഗ്രാഹ്യമാവുന്ന രൂപത്തിലും അവതരിപ്പിക്കാനുള്ള ഗുരുനാഥന്റെ കഴിവ് ശിഷ്യനിലേക്കും കൈമാറപ്പെടൂകയാണുണ്ടായത്. തന്റെ കഴിവ് തിരിച്ചറിഞ്ഞ ശൈഖ് മലാ മുഹമ്മദ് അതിനെ പൂര്‍ണ അര്‍ഥത്തില്‍ ഉപയോഗിക്കാന്‍ തീരുമാനമെടൂത്തു. അങ്ങനെയാണ് പ്രബോധന പ്രവര്‍ത്തനങ്ങളിലും പ്രഭാഷണ രംഗത്തും മുഴുകുന്നതിനു പകരം ശൈഖ് അധ്യാപനത്തില്‍ വ്യാപൃതനാവുന്നത്.
മുഹമ്മദ് ഹയാത് സന്‍ബഹ്ലവി
ഉത്തര്‍ പ്രദേശിലെ മുറാദാബാദ് പട്ടണത്തിലെ ‘സന്ബഹല്’ ഗ്രാമത്തിലാണ് ശൈഖ് മുഹമ്മദ് ഹയാത് ഭുജാതനാവുന്നത്. സന്ബഹലില് നിന്നു തന്നെ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ അദ്ദേഹം ഹിജ്റ: 1329ല്‍ മദ്വാഹിറുല്‍ ഉലൂം സഹാറന്‍ഫൂരില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തെ പഠന ശേഷം ഹിജ്റ: 1331ല്‍ ബിരുദം നേടി പുറത്തിറങ്ങി. ഹിജ്റ 1332ല്‍ വീണ്ടും ജാമിഅയില്‍ വന്ന അദ്ദേഹം അറബി സാഹിത്യങ്ങളും തത്വശാസ്ത്രവും തര്‍ക്ക ശാസ്ത്രവും പഠിച്ചെടുത്തു.
പഠനം കഴിഞ്ഞതിനു ശേഷം അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചു. ലാഹോറിലും റങ്കൂണിലും അവിഭക്ത പഞ്ചാബിലെ വിവിധയിടങ്ങളിലും അദ്ദേഹം കര്‍മനിരതനായി. ഹിജ്റ 1339-ല്‍ മുറാദാബാദിലെ ജാമിഅതുല്ഖാസിമിയ്യയില് അധ്യാപകനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അവിടുത്തെ പ്രിന്‍സിപ്പാള്‍ ആയിത്തീരുകയും നീണ്ട ഇരുപത് വര്‍ഷം അവിടെ സേവനമനുഷ്ഠിക്കുകയും ചെയ്തു. തന്റെ നാടായ മുറാദാബാദില്‍ ഹിജ്റ 1376ല്‍ അദ്ദേഹം ഒരു പഠന കേന്ദ്രം ആരംഭിച്ചു. ജാമിഅതുല്‍ അറബിയ്യ ഹയാതുല്‍ ഉലൂം എന്ന ആ സ്ഥാപനത്തില്‍ സ്വഹീഹുല്‍ ബുഖാരി ശൈഖ് തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. മരണം വരെ അദ്ദേഹം അവിടെത്തന്നെ തുടരുകയും ചെയ്തു.
ഹിജ്റ 1406ല്‍, അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന കാലത്ത്, മുന്‍പ് മദീനയില്‍ നിന്ന് പരിചയപ്പെട്ട വിവിധ രാജ്യങ്ങളിലെ നിരവധി പണ്ഡിതന്മാര് അറിവു തേടി ശൈഖിനെ സന്ദര്‍ശിക്കുമായിരുന്നു.
ജീവിതാവസാനം വരെ അറിവിന്റെയും നന്മയുടെയും മാര്‍ഗത്തില്‍ മാത്രം ചലിച്ച അദ്ദേഹത്തിന് അല്ലാഹു ദീര്‍ഘായുസ്സ് നല്‍കുകയും ചെയ്തു. തന്റെ ജീവിതത്തിലെ ഭൂരിഭാഗവും വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും അധ്യാപകനായ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ശിഷ്യഗണങ്ങള്‍ നിരവധിയാണ്. നിരവധി ഗ്രന്ഥങ്ങളുടെ രചയ്താവു കൂടിയായ ഇദ്ദേഹം ഹിജ്റ 1408ല്‍ (ക്രി. 1984) ഇഹലോക വാസം വെടിഞ്ഞു.
പ്രധാന ഗ്രന്ഥങ്ങള്‍
ഹവാശുന് അലാ തഫ്സീരില് ജലാലൈനി
തഅ്ലീഖാതുന്‍ അലാ സുനനി അബീദാവൂദ്
തര്‍ജുമതു സ്വഹീഹില്‍ ബുഖാരി
നൂറുല്‍ ഖുലൂബ്
സിര്റുല് അസ്റാര്‍
നള്മു ദുറര്‍ – ഖുലാസതു നുഖ്ബതില്‍ ഫിക്ര്
