ഇസ്‌ലാമിക രാഷ്ട്രം
ഇസ്‌ലാമിക രാഷ്ട്രം ഇസ്‌ലാമിക നിയമങ്ങളും നൈതികമൂല്യങ്ങളും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭരണസംവിധാനമാണ്. ഖലീഫയും ഖിലാഫത്തും, ഖിലാഫത്തും ശരീഅത്തുമായുള്ള ബന്ധം, ശരീഅഃയുടെ അടിസ്ഥാനതത്വങ്ങള്‍, തെരഞ്ഞെടുപ്പില്‍ പ്രവാചക മാതൃക, ശൂറാ എന്ന ഉപദേശപരമായ ഭരണരീതി, ഇസ്‌ലാമിക രാജ്യവും മുസ്‌ലിം രാജ്യവും തമ്മിലുള്ള വ്യത്യാസം, ജിസ്‌യയുടെ ആശയവും നിയമപരമായ നിലപാടും എന്നിവയെക്കുറിച്ച് ഖുർആനും സ്വീകാര്യ ഹദീസുകളും നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഈ ലേഖനം സമഗ്രമായി അവതരിപ്പിക്കുന്നത്. നീതി, ഉത്തരവാദിത്വം, ജനപങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയ ഇസ്‌ലാമിക ഭരണദര്‍ശനമാണ് ഇതിലൂടെ വിശദീകരിക്കുന്നത്.’
ഇസ്‌ലാമിക രാജ്യങ്ങള്‍’ എന്ന ഒരു സംജ്ഞ പൊതുവെ ഉപയോഗിക്കപ്പെടാറുണ്ട്. ഇസ്‌ലാം, രാജ്യം എന്നിവ രണ്ടു വ്യത്യസ്ത ആശയങ്ങളാണ്. ഒരു സമൂഹം ഇസ്‌ലാമിക രാഷ്ട്രമായി രൂപപ്പെടുമ്പോള്‍ അവിടെ നടപ്പാക്കേണ്ട രാഷ്ട്രനിയമങ്ങള്‍ കൂടി ഉള്‍കൊള്ളുന്ന മതമാണ് ഇസ്‌ലാം എന്നത് ഇസ്‌ലാമിന്റെ സവിശേഷതകളില്‍ ഒന്നാണ്.
എന്നാല്‍ രാജ്യമെന്നത് മറ്റൊന്നാണ്. ‘ചരിത്രപരമായോ സാംസ്‌കാരികമായോ ഐക്യമുള്ള ഒരു ജനത അധിവസിക്കുന്ന പ്രദേശം’ എന്ന് രാജ്യത്തെ പൊതുവില്‍ നിര്‍വചിക്കാം. ഒരു ഭരണാധികാരിയുടെ ഭരണത്തിന്‍ കീഴിലുള്ള പ്രദേശം/നാട് എന്നും രാജ്യം നിര്‍വചിക്കപ്പെടാം. Country/State എന്നെല്ലാം വ്യവഹരിക്കപ്പെടുന്നത് ഒരു ഭരണപ്രദേശത്തെയാണ്. എന്നാല്‍ സമാനര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുമെങ്കിലും Nation എന്നത് ഭരണമില്ലെങ്കിലും ഒരു സംസ്‌കാരമുള്ള ജനവിഭാഗത്തെയാണ് സൂചിപ്പിക്കുന്നത്.
സമൂഹം എന്നതിന്റെ ഉയര്‍ന്ന ഘടകമാണ് രാഷ്ട്രം എന്നു പറയാം. കുടുംബം മുതല്‍ അനേകം ചെറുഘടകങ്ങള്‍ ചേര്‍ന്ന സമൂഹങ്ങളുടെ ഏറ്റവും വലിയ രൂപം. ഇസ്‌ലാമിക കാഴ്ചപ്പാടില്‍ സമൂഹത്തിന് ഏറെ പ്രസക്തിയുണ്ട്. ‘വ്യക്തിനിഷ്ഠമായ നിയമങ്ങള്‍ പാലിക്കപ്പെടുമ്പോള്‍ വ്യക്തികള്‍ നല്ലവരായിത്തീരും. ആ വ്യക്തികള്‍ ചേരുന്ന സമൂഹം ഉത്തമരായിരിക്കും. ആ സമൂഹത്തിന് വ്യക്തമായ നേതൃത്വമുണ്ടായിരിക്കുക. നേതാക്കളും നീതരും തമ്മില്‍ നല്ല ബന്ധം നിലനില്ക്കുക’. ഇതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. അതിന്നാവശ്യമായ നിയമങ്ങളും നിര്‍ദേശങ്ങളും ഇസ്‌ലാം ജനങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. ഇങ്ങനെയുള്ള ഉത്തമസമൂഹത്തെ വാര്‍ത്തെടുക്കുകയും ആ സമൂഹം ഒരു രാഷ്ട്രമെന്ന നിലയില്‍ എങ്ങനെ നിലനില്ക്കണമെന്ന് കാണിച്ചു തരികയും ചെയ്തുകൊണ്ടാണ് അന്തിമപ്രവാചകന്‍ മുഹമ്മദ് നബി(സ്വ) വിടപറഞ്ഞത്.
ഇസ്‌ലാം എന്നത് രാഷ്ട്രമല്ല. രാഷ്ട്ര സംസ്ഥാപനം ഇസ്‌ലാമിന്റെ/പ്രവാചക നിയോഗത്തിന്റെ ലക്ഷ്യവുമല്ല. ഒരു സമൂഹം ഇസ്‌ലാമികമായിത്തീരുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്നതാണ് രാജ്യം. മുഹമ്മദ് നബിയുടെ കാലത്ത് അറേബ്യയോ മറ്റോ ഇന്നത്തെപ്പോലെ ഭൂമിശാസ്ത്രപരമായ അതിരുകള്‍ തിരിച്ച രാജ്യമായിരുന്നില്ല. ഗോത്രഭരണവും ഗോത്രമേല്‍ക്കോയ്മയുമായിരുന്നു അന്നത്തെ ‘നാഷന്‍’ സങ്കല്പം. അത് ഇസ്‌ലാം അംഗീകരിച്ചില്ല. മദീന ആസ്ഥാനമായി ശക്തമായ ഒരു മുസ്‌ലിം സമൂഹം നിലവില്‍ വന്നു. മുസ്‌ലിമേതരരും അവിടെയുണ്ടായിരുന്നു. നബിയുടെ നേതൃത്വം അംഗീകരിച്ചു കൊണ്ട് അവര്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ നിലകൊണ്ടു. ഭരണരംഗത്ത് അനിവാര്യമായ അടിസ്ഥാന മൂല്യങ്ങള്‍ നബി പഠിപ്പിച്ചു. അത് വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും വ്യക്തമാണുതാനും. മക്കയുള്‍പ്പടെ ഹിജാസും അറേബ്യന്‍ ഉപദ്വീപു തന്നെയും ഇസ്‌ലാമിക സമൂഹമായിത്തീര്‍ന്നു.
നബിയുടെ കാലശേഷം ഇസ്‌ലാം ലോകത്ത് വ്യാപിച്ചു. കാലപ്പകര്‍ച്ചയില്‍ രാഷ്ട്രമെന്ന സങ്കല്പത്തില്‍ മാറ്റങ്ങള്‍ വന്നു. ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ വന്നു. രാഷ്ട്രാന്തരീയ ബന്ധങ്ങള്‍ക്ക് പൊതുമാനദണ്ഡങ്ങളുണ്ടായി. ഇരുപതാം നൂറ്റാണ്ടോടു കൂടി ലോകത്തിന്റെ പൊതുകാര്യങ്ങള്‍ ശ്രദ്ധിക്കുമാറ് രാജ്യങ്ങളുടെ അംഗീകാരത്തോടെ ഐക്യരാഷ്ട്രസഭ നിലവില്‍ വന്നു. ഏതൊക്കെ മാറ്റങ്ങള്‍ സംഭവിച്ചാലും ഭരണാധികാരി, പ്രജകള്‍ എന്ന സാമൂഹിക സങ്കല്പത്തിനു മാറ്റമില്ല. അതുകൊണ്ടു തന്നെ ഭരണത്തിനായി ഇസ്‌ലാം നിശ്ചയിച്ച മൂല്യങ്ങള്‍ക്കും മാറ്റമുണ്ടാവേണ്ടതില്ല. അപ്പോള്‍ ഇസ്‌ലാമിക രാജ്യം എന്നതിലുപരി ഇസ്‌ലാമിക രീതിയില്‍ ഭരണം നടത്തുന്ന രാജ്യം എന്ന പ്രയോഗമായിരിക്കും കൂടുതല്‍ ശരി.
ഖലീഫയും ഖിലാഫത്തും
പിന്തുടര്‍ച്ചക്കാരന്‍, പിന്‍ഗാമി എന്നൊക്കെ അര്‍ഥം വരുന്ന പദമാണ് ഖലീഫ. ഇസ്‌ലാമിക രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരു സാങ്കേതിക പദമാണിത്. അവസാന പ്രവാചകന്‍ മുഹമ്മദ് നബിയുടെ മരണശേഷം ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വവും ഭരണവും ഏറ്റെടുത്ത ആളാണ് ഖലീഫ എന്നു വിളിക്കപ്പെട്ടത്. ഖലീഫത്തുര്‍റസൂല്‍ എന്നാണ് മുഴുവന്‍ രൂപം. പ്രവാചകന്റെ പിന്തുടര്‍ച്ചക്കാരന്‍ എന്നര്‍ഥം. ആഗോളാടിസ്ഥാനത്തില്‍ എല്ലാ മുസ്‌ലിംകളും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന നാല് ഖലീഫമാരാണ് പ്രവാചകനു ശേഷം വന്നത്. അബൂബക്ര്‍ (632- -634 CE), ഉമര്‍ (634 -644 CE), ഉസ്മാന്‍ (644-656 CE), അലി (656 -661 CE) എന്നിവരാണ് പ്രവാചകന്നു ശേഷം ഇസ്‌ലാമിക ലോകത്തിന്റെ നേതൃത്വം ഏറ്റെടുത്തത്.
ഇക്കാലയളവില്‍ ഇസ്‌ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിക്കുകയും ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അതിര്‍ത്തി വികസിക്കുകയും ചെയ്തു. ഖുലഫാഉര്‍റാശിദൂന്‍ (Rightly guided Caliphs) എന്നാണ് ഈ നാലു പേരും അറിയപ്പെടുന്നത്. നാലു പേരെയും തെരഞ്ഞെടുത്തത് വ്യത്യസ്ത രൂപത്തിലായിരുന്നു. അതുകൊണ്ട് തന്നെ നിയതമായ തെരെഞ്ഞെടുപ്പ് രീതി ഖിലാഫത്തില്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ കൂടിയാലോചന (ശൂറാ) എല്ലാറ്റിലും പൊതു ഘടകമായിരുന്നു.
ഖലീഫ നേതൃത്വം നല്‍കുന്ന ഭരണ സംവിധാനത്തിനാണ് ഖിലാഫത്ത് എന്നു പറയുക. ഏവരാലും അംഗീകരിക്കപ്പെടുന്ന ഇസ്‌ലാമിക ഖിലാഫത്ത് അലി(റ)യുടെ കാലത്തോടെ വിരാമം കുറിച്ചു. അപ്പോഴേക്കും ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അധികാരം പിടിച്ചെടുക്കുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു. ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷം അധികാരത്തിലേറിയ അമവീ ഭരണകൂടം യഥാര്‍ഥ ഖിലാഫത്തിന് പകരം പിന്തുടര്‍ച്ചാസംവിധാനമാണ് സ്വീകരിച്ചത്. നേതൃത്വത്തിലി രിക്കുന്ന ഖലീഫ മകനെയോ അടുത്ത ബന്ധുവിനെയോ പിന്തുടര്‍ച്ചക്കാരനായി (വലിയ്യുല്‍ അഹ്ദ്) പ്രഖ്യാപിക്കുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. തുടര്‍ന്ന്, ഇസ്‌ലാമിക ലോകത്ത് വന്ന ഖിലാഫത്തുകളെല്ലാം തന്നെ ഈ രൂപത്തിലാണ് അധികാരമാറ്റം നടത്തിയത്. എന്നാല്‍ ഇസ്‌ലാമിക സംസ്‌കാരവും നാഗരിക വളര്‍ച്ചയും ഉണ്ടാക്കിയെടുക്കുന്നതില്‍ ഇവര്‍ക്കും അവരുടേതായ പങ്കു വഹിക്കാനായിട്ടുണ്ട്.
ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ ഖിലാഫത്ത് നബിക്കു ശേഷം വന്ന ഖുലഫാഉര്‍റാശിദുകളുടെ കാലഘട്ടമായിരുന്നു. ക്രിസ്ത്വാബ്ദം 632 മുതല്‍ 661 വരെ 29 വര്‍ഷമായിരുന്നു അതിന്റെ ഭരണകാലം. ഇസ്‌ലാമിക ചരിത്രത്തിലെ മാതൃകായോഗ്യമായ ഭരണ സംവിധാനമായിരുന്നു പ്രസ്തുത ഖിലാഫത്ത്. ഈ ഖിലാഫത്ത് രൂപീകരിക്കപ്പെടുന്നത് ഭരണ സംവിധാനത്തിലൂടെ രാജ്യം പിടിച്ചടക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നില്ല. മറിച്ച്, പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടായ മാറ്റവും മദീനാ ജീവിതവും മക്കാ വിജയവും ഒരേ സമയം പ്രവാചകനെ മത – ഭൗതിക കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാക്കി മാറ്റി. ആദര്‍ശ സാമൂഹിക മാറ്റങ്ങളിലൂടെ രൂപപ്പെട്ട സമൂഹത്തിന്റെ ഭരണക്രമവും സ്വാഭാവികമായി ഇസ്‌ലാമികമായി മാറുകയുണ്ടായി. മുസ്‌ലിംകള്‍ക്ക് നേതൃത്വം ഉണ്ടായിരിക്കണമെന്നും കാര്യങ്ങള്‍ കൂടിയാലോചനയിലൂടെ തീരുമാനിക്കണമെന്നും ഉള്ള പൊതു നിര്‍ദേശങ്ങള്‍ വ്യക്തമായി പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് പ്രവാചകന്റെ മരണശേഷം, മുസ്‌ലിം സമൂഹത്തിന്ന് നേതൃത്വം നല്‍കുവാന്‍ ഖിലാഫത്ത് എന്ന ആശയം രൂപീകരിക്കപ്പെടുന്നത്.
അധികാരം നിലനിര്‍ത്തലല്ല, മറിച്ച് മുസ്‌ലിംകളുടെ എല്ലാ കാര്യങ്ങളും നിര്‍വഹിക്കപ്പെട്ടു പോകുന്നതിന് പ്രാപ്തമായ ഒരു നേതൃത്വം ഉണ്ടായിരിക്കലാണ് ഖിലാഫത്തിന്റെ അടിസ്ഥാന ലക്ഷ്യം. എന്നാല്‍, ആദ്യ ഖിലാഫത്തിനു ശേഷം ഈ ലക്ഷ്യത്തില്‍ നിന്ന് അല്പാല്പമായി വ്യതിചലിച്ചു പോവുകയും അധികാരം ലക്ഷ്യമാക്കിയുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാവുകയും എ.ഡി 661 ല്‍ ഉമവീ ഖിലാഫത്ത് നിലവില്‍ വരികയും ചെയ്തു. സിറിയയിലെ ഗവര്‍ണറായിരുന്ന മുആവിയ ബിന്‍ അബീ സുഫ്‌യാനാണ് (602- 680 AD) അമവീ ഖിലാഫത്തിന്റെ സ്ഥാപക ഖലീഫ. ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനം മദീനയായിരുന്നു. അവസാന കാലത്ത് കൂഫയും. എന്നാല്‍ അമവീ ഖിലാഫത്തിന്റെ ആസ്ഥാനം സിറിയയിലെ ദമസ്‌ക സായിരുന്നു. അമവീ ഖിലാഫത്തിന്റെ ഭരണ കാലം എ.ഡി. 661 മുതല്‍ 750 വരെയായിരുന്നു. പിന്നീട്, എ.ഡി. 750 മുതല്‍ 1258 വരെ ഭരണം നടത്തിയത് അബ്ബാസിയ്യ ഖിലാഫത്താണ്. അബുല്‍ അബ്ബാസ് സ്വഫാഹ് ആണ് പ്രഥമ അബ്ബാസീ ഖലീഫ. അക്കാലഘട്ടങ്ങളില്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം ദമസ്‌കസില്‍ നിന്ന് ബഗ്ദാദിലേക്കു മാറി. ഇസ്‌ലാമിക ലോകത്തെ നാലാമത്തെ പ്രധാന ഭരണകൂടം ഉസ്മാനിയ ഖിലാഫത്തായിരുന്നു. എ.ഡി. 1517 മുതലാണ് ഉസ്മാനിയ ഖിലാഫത്ത് തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത്. (ഓട്ടോമന്‍ ഭരണം എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്നു) എ.ഡി. 1924 വരെ അത് നീണ്ടു നിന്നു. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, ഈസ്റ്റേണ്‍ യൂറോപ്പ് എന്നിവ ഉസ്മാനിയ ഖിലാഫത്തിന്റെ അധീനതയിലായിരുന്നു.
ഈ നാലു ഖിലാഫത്തുകള്‍ക്കിടയില്‍ ചെറിയതും ഹ്രസ്വകാലത്തേക്കുള്ളതുമായ നിരവധി ഖിലാഫത്തുകള്‍ മുസ്‌ലിം ലോകത്ത് ഉണ്ടായിട്ടുണ്ട്. ദമസ്‌കസില്‍ ഭരണം നഷ്ടപ്പെട്ട അമവീ ഖിലാഫത്ത് പിന്നീട് സ്‌പെയിനില്‍ പുനസ്ഥാപിക്കപ്പെട്ടു. ബഗ്ദാദ് കേന്ദ്രമായി അബ്ബാസിയ്യ ഖിലാഫത്ത് ഭരണം നടത്തുന്ന അതേ സമയത്ത് തന്നെയാണ് സ്‌പെയിനില്‍ അമവിയാക്കള്‍ ഭരണം നടത്തുന്നത്. ഇങ്ങനെ സമാന്തരമായും അല്ലാതെയും നിരവധി ഖിലാഫത്തുകള്‍ ഇസ്‌ലാമിക ലോകത്ത് കഴിഞ്ഞു പോയിട്ടുണ്ട്.
എ.ഡി. 1924ല്‍ ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തോടെ ഇസ്‌ലാമിക ലോകത്ത് നിന്ന് ഖിലാഫത്ത് സംവിധാനം അപ്രത്യക്ഷമായി. ലോക രാഷ്ട്രീയത്തിലും ഭരണ ക്രമത്തിലും വന്നെത്തിയ പുതിയ മാറ്റങ്ങളും ലോകമഹായുദ്ധങ്ങളും അതിനു കാരണമായി. ഒന്നാം ലോക മഹായുദ്ധത്തിന് (എ.ഡി. 1914-1918) ശേഷമുണ്ടായ ദേശ രാഷ്ട്രങ്ങളുടെ പിറവിയും വളര്‍ച്ചയുമാണ് അതിലൊന്ന്. ഖിലാഫത്ത് അടിസ്ഥാനമാക്കിയുള്ള സാമ്രാജ്യം എന്ന കാഴ്ചപ്പാടിന് പകരം അതിര്‍ത്തികള്‍ നിശ്ചയിച്ചുള്ള, ദേശീയത അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ ഉദയം ഇരുപതാം നൂറ്റാണ്ടിന്റെ സംഭാവനയായിരുന്നു. ദേശരാഷ്ട്രങ്ങള്‍ ഉദയം ചെയ്തതോടെ ഖിലാഫത്തിന്റെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഇസ്‌ലാമിക സാമ്രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ഒട്ടുമിക്ക പ്രദേശങ്ങളും സ്വതന്ത്ര രാജ്യങ്ങളായി മാറി. മിഡില്‍ ഈസ്റ്റിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും ഇന്ന് കാണുന്ന രാജ്യങ്ങളൊക്കെ ഒരു കാലത്ത് ഉസ്മാനിയ ഖിലാഫത്തിനു കീഴിലായിരുന്നു.
ഖിലാഫത്തും ശരീഅത്തും
ഇസ്‌ലാം ഒരു ഭരണവ്യവസ്ഥയല്ല. ഇസ്‌ലാം ആത്യന്തികമായി മതമാണ്. മനുഷ്യജീവിതത്തിന്നാവശ്യമായ ചെറുതും വലുതുമായ കാര്യങ്ങളില്‍ ഇസ്‌ലാം മാര്‍ഗദര്‍ശനം നല്കിയിരിക്കുന്നു. ആ നിലയില്‍ ഭരണ നിര്‍വഹണത്തിന്റെ മൗലികഘടകങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ഉണ്ട്.
മുഹമ്മദ് നബി(സ്വ) നിയോഗിക്കപ്പെട്ടത് രാഷ്ട്ര സംസ്ഥാപനത്തിനോ ഭരണ നിര്‍വഹണത്തിനോ അല്ല. എന്നാല്‍ സമൂഹജീവിതത്തിന് പ്രാധാന്യം കൊടുത്ത ഇസ്‌ലാം പ്രബോധനം ചെയ്ത നബി(സ്വ) ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരിയായും മാതൃക കാണിച്ചു. മദീന ആസ്ഥാനമായി നിലവില്‍ വന്ന രാജ്യത്തിന്റെ ഭരണാധികാരിയായിക്കൊണ്ടാണ് പ്രവാചകന്‍ വിട പറയുന്നത്. പ്രവാചകന്റെ പിന്‍ഗാമിയായി ഖലീഫ അബൂബക്‌റിനെ ഭരണമേല്പിച്ചു. പ്രവാചകത്വത്തില്‍ മുഹമ്മദ് നബിക്ക് പിന്‍ഗാമികളില്ല. കാരണം അദ്ദേഹം അന്തിമ പ്രവാചകനാണ്. എന്നാല്‍ സമൂഹത്തിന് നേതൃത്വം വഹിക്കുക എന്ന ദൗത്യത്തിന് പിന്‍ഗാമി വേണം. അതാണ് ഖലീഫമാര്‍.
ഖലീഫ എന്നാല്‍ ഭരണാധികാരി എന്നല്ല അര്‍ഥം. നബിക്കുശേഷം ഭരണം നിര്‍വഹിച്ചവര്‍ എന്ന അര്‍ഥത്തില്‍ ഭരണാധികാരികള്‍ ‘ഖലീഫ’ എന്നറിയപ്പെടുകയായിരുന്നു. ഖലീഫ എന്നാല്‍ പിന്‍ഗാമി എന്നാണര്‍ഥം. പ്രവാചകന്‍ സമൂഹത്തില്‍ നിര്‍വഹിച്ച കാര്യങ്ങള്‍ (നുബുവ്വത്ത് ഒഴികെ) യാഥോചിതം നിര്‍വഹിച്ച ആദ്യത്തെ നാലു ഭരണാധികാരികള്‍ അല്‍ഖുലഫാഉര്‍റാശിദൂന്‍ എന്നറിയപ്പെട്ടു. ഭരണാധികാരം എന്ന ആശയത്തില്‍ ഖിലാഫത്ത് എന്നും പിന്നീട് പ്രയോഗത്തില്‍ വന്നു.
ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷം വന്ന ഭരണാധികാരികളും ഖലീഫമാര്‍ എന്നു തന്നെയാണ് അറിയപ്പെട്ടത്. കുടുംബ വാഴ്ചയും, ഇസ്‌ലാമിക സംസ്‌കാരത്തിന് പൂര്‍ണമായും ഹിതമല്ലാത്ത തരത്തില്‍ നടത്തിയ ഭരണവുമെല്ലാം ഖിലാഫത്ത് എന്ന സംജ്ഞയില്‍ ഒതുക്കപ്പെട്ടു. നബി(സ്വ)യുടെ പിന്‍ഗാമി എന്ന ആശയതലത്തില്‍ നിന്ന് മുസ്‌ലിംകളുടെ ഭരണാധികാരി എന്ന അര്‍ഥതലത്തിലേക്ക് പില്കാലത്ത് ഖലീഫ എന്ന പ്രയോഗത്തിന് പ്രചാരം സിദ്ധിച്ചു.
ശരീഅഃ
വിശുദ്ധ ഖുര്‍ആനും നബിചര്യയും ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിക നിയമങ്ങള്‍ക്കാണ് ശരീഅഃ എന്നു പറയുന്നത്. വിശ്വാസം, അനുഷ്ഠാനം, സംസ്‌കാരം, ബന്ധങ്ങള്‍, ഇടപാടുകള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും അടങ്ങിയ ശരീഅയില്‍ ഭരണ കാര്യങ്ങളും ഉള്‍പ്പെടുന്നു. വിശുദ്ധ ഖുര്‍ആന്‍, നബിചര്യ എന്നീ അടിസ്ഥാന രേഖയും അവയില്‍ നിന്നുതന്നെ ഉരുത്തിരിഞ്ഞ ഇജ്മാഅ്, ഖിയാസ് എന്നിവയുമാണ് ഇസ്‌ലാമിലെ പ്രമാണങ്ങള്‍. ഈ പ്രമാണങ്ങളില്‍ നിന്ന് രൂപപ്പെട്ടു വരുന്ന നിയമവ്യവസ്ഥയാണ് ‘ശരീഅത്ത്’ എന്ന് പറയുന്നത്. ശരീഅ എന്നാല്‍ നിയമം എന്നാണര്‍ഥം. (ഇന്ത്യയിലെ ശരീഅത്തു നിയമം എന്നു പറയുന്നത് മറ്റൊരു വിഷയമാണ്).
നേതൃത്വം, ഭരണം, ഖിലാഫത്ത് തുടങ്ങിയ പ്രയോഗങ്ങളും അതിലടങ്ങിയ ആശയങ്ങളും വികലമായി മനസ്സിലാക്കപ്പെട്ട ഒന്നിലേറെ ഉദാഹരണങ്ങള്‍ മുസ്‌ലിം സമൂഹത്തിലുണ്ട്. പ്രവാചകന്‍മാരെപ്പോലെ അപ്രമാദിത്വം (ഇസ്വ്മത്ത്) കല്പിക്കപ്പെടുന്ന നേതാക്കള്‍ (ഇമാമുകള്‍) ഭരണകര്‍ത്താക്കളാവണം എന്ന ശിആ ചിന്താധാരയാണ് ഒന്ന്. രാഷ്ട്ര സംസ്ഥാപനവും ഭരണകൂട രൂപീകരണവും അനുബന്ധ കാര്യങ്ങളും ഇസ്‌ലാമിന്റെ പ്രാഥമികവാശ്യമാണ് എന്ന് വരുത്തിത്തീര്‍ക്കുകയാണ് ഈ വാദക്കാര്‍ ചെയ്യുന്നത്.
ദീന്‍ എന്നാല്‍ സ്‌റ്റെയ്റ്റ് ആണെന്നും അതിന്റെ ഭരണഘടനയാണ് ശരീഅത്ത് എന്നും സിദ്ധാന്തിച്ച സയ്യിദ് മൗദൂദിയുടെ വീക്ഷണമാണ് മറ്റൊന്ന്. ഭരണമില്ലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത സങ്കല്പ വീടു പോലെയാണെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ഭരണമില്ലാതെയും ദീന്‍ നിലനില്ക്കുമെന്നതിനാല്‍ ഉസ്താദ് മൗദൂദിയുടെ ഭരണത്തെ കുറിച്ച കാഴ്ച്ചപ്പാട് അബദ്ധപൂര്‍ണമാണെന്നു കാണാം.
മുസ്‌ലിംകള്‍ക്ക് ആഗോളതലത്തില്‍ നേതൃത്വം അനിവാര്യമാണെന്നും ഖിലാഫത്ത് ഇല്ലാത്ത ഒരു കാലം സമുദായത്തിന് ഉണ്ടായിക്കൂടാ എന്നും സിദ്ധാന്തിക്കുന്ന ഖാദിയാനീ വീക്ഷണമാണ് മറ്റൊന്ന്. നുബുവ്വത്ത് വാദിയായ മിര്‍സാഗുലാം (1835-1908) എന്ന വ്യക്തിയും അദ്ദേഹത്തിന്റെ പിന്‍ഗാമികളുമാണ് ഖലീഫ എന്നതുകൊണ്ട് അവര്‍ അര്‍ഥമാക്കുന്നത്.
മേല്‍പറഞ്ഞ ഖിലാഫത്ത് സങ്കല്പങ്ങളൊന്നും ഇസ്‌ലാമിക പ്രമാണങ്ങളുമായി യോജിക്കുന്നതല്ല.
തെരഞ്ഞെടുപ്പിലെ പ്രവാചക മാതൃക
അന്തിമദൂതന്‍ മുഹമ്മദ് നബി മരണപ്പെടുന്നത് മദീന കേന്ദ്രമായ ഒരു രാജ്യത്തിന്റെ ഭരണാധികാരി കൂടി ആയിക്കൊണ്ടാണ്. വ്യക്തി മുതല്‍ അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട് എന്ന് സാമാന്യമായി പറയാം. പൂര്‍ണ മതകാര്യങ്ങള്‍ ഇനിയൊരു തിരുത്താവശ്യമില്ലാത്ത വിധം സമ്പൂര്‍ണമായി അദ്ദേഹം മാതൃക കാണിച്ചു. എന്നാല്‍ ഭൗതിക കാര്യങ്ങളിലും മാറ്റം വരാവുന്ന കാര്യങ്ങളിലും മൗലിക തത്ത്വങ്ങള്‍ പഠിപ്പിക്കുകയായിരുന്നു മുഹമ്മദ് നബി ചെയ്തത്. നമസ്‌കാരം, സകാത്ത് പോലെ മതകാര്യമല്ലാത്തതിനാല്‍ ഭരണ-രാഷ്ട്രീയ കാര്യങ്ങളില്‍ അടിസ്ഥാന തത്ത്വങ്ങളും കാലാതിവര്‍ത്തിയായ മൂല്യങ്ങളും പഠിപ്പിച്ചു. മറ്റു കാര്യങ്ങള്‍ ജനങ്ങള്‍ക്ക് സ്വതന്ത്രമായി വിട്ടുകൊടുത്തു. ഇങ്ങനെയുള്ള കാര്യങ്ങളിലൊന്നാണ് ഭരണം.
വിശുദ്ധ ഖുര്‍ആനും നബിചര്യയും മുറുകെപ്പിടിച്ചാല്‍ ആരും വഴി പിഴക്കില്ലെന്ന് അന്ത്യോപദേശം നല്കിയ നബി(സ്വ) തനിക്കു ശേഷം ഭരണകാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത് ആരാണെന്ന് പറഞ്ഞില്ല. അതൊരു വീഴ്ചയായിരുന്നില്ല. അത്തരം ഭൗതിക കാര്യങ്ങള്‍ മനുഷ്യരുടെ കൂടിയാലോചന(ശൂറാ)യ്ക്കും ചിന്താശേഷിക്കും വിട്ടുകൊടുക്കുകയായിരുന്നു നബി. നബി(സ്വ) മരണപ്പെട്ട് ഏറെ വൈകാതെ സ്വഹാബികളിലെ പ്രമുഖര്‍ യോഗം ചേര്‍ന്ന് അബൂബക്ര്‍(റ)നെ ഭരണാധികാരിയായി തെരഞ്ഞെടുത്തു. ഈ നടപടിക്ക് സ്വഹാബികളുടെ ഇജ്മാഅ് ഉണ്ടായിരുന്നു. ആ നടപടി ഒരു പ്രമാണം പോലെ സ്വീകര്യമായി എന്നര്‍ഥം.
അബൂബക്ര്‍(റ)നെ ആരും ഖലീഫ എന്നു വിളിച്ചിട്ടില്ല. യാഥാര്‍ഥ ‘ഖലീഫ’ (പിന്‍ഗാമി)അദ്ദേഹമാണല്ലോ. അബൂബക്ര്‍(റ) തന്റെ പിന്‍ഗാമിയെ കണ്ടെത്തി അതു പ്രഖ്യാപിച്ച ശേഷമാണ് വിടവാങ്ങിയത്. മുതിര്‍ന്ന സ്വഹാബികളുമായി ദീര്‍ഘമായി കൂടിയാലോചന നടത്തിയ ശേഷം അദ്ദേഹം ഉമര്‍(റ)നെ തന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കുകയായിരുന്നു. ‘അന ഖലീഫത്തു ഖലീഫത്തി റസൂലില്ലാഹ്’ എന്നു പറഞ്ഞതു ഉമര്‍(റ) ആണ്. (ഞാന്‍ റസൂലിന്റെ പിന്‍ഗാമിയുടെ പിന്‍ഗാമായാണ് എന്നര്‍ഥം). ഖലീഫ എന്നാല്‍ പിന്‍ഗാമി എന്നാണ് അവരെല്ലാം മനസ്സിലാക്കിയത്.
ഉമര്‍(റ)ന് മരണം ആസന്നമായി എന്നറിഞ്ഞപ്പോള്‍ മുതിര്‍ന്ന സ്വഹാബികള്‍ ആരാഞ്ഞു: ‘ആരെയാണ് താങ്കള്‍ പിന്‍ഗാമിയായി നിശ്ചയിക്കുന്നത്?’ ഈ ചോദ്യത്തിന് ഉമര്‍(റ) പറഞ്ഞ സുചിന്തിതവും ചിന്താര്‍ഹവുമായ മറുപടിയുണ്ട്. ”ഞാന്‍ പിന്‍ഗാമിയായി ആരെയും നിശ്ചയിക്കാതിരുന്നാല്‍ എനിക്കതിനു മാതൃകയുണ്ട്. തനിക്കു ശേഷം സമുദായത്തിന്റെ നേതൃത്വം ആര്‍ക്കായിരിക്കണമെന്ന് നിശ്ചയിക്കുകയോ സൂചിപ്പിക്കുകയോ ചെയ്യാതെയാണ് റസൂലുല്ല വിട വാങ്ങിയത്. ഞാന്‍ ആരെയെങ്കിലും എന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ അതിനും എനിക്കു മാതൃകയുണ്ട്. അബൂബക്ര്‍(റ) എന്നെ പിന്‍ഗാമി(ഖലീഫ)യായി നിശ്ചയിച്ച ശേഷമാണ് മരണപ്പെട്ടത്. ഇത്രയും പറഞ്ഞ ഉമര്‍(റ) മൂന്നാമതൊരു രീതി സ്വീകരിക്കുകയാണു ചെയ്തത്. ഏറ്റവും മുതിര്‍ന്ന സ്വഹാബിമാരില്‍ ആറുപേരുടെ ഒരു സമിതി രൂപീകരിച്ചു. ഈ സമിതിയില്‍ നിന്ന് ഒരാളെ ഖലീഫയായി നിങ്ങള്‍ തെരഞ്ഞെടുക്കണം. ഏഴാമനായി വോട്ടവകാശമില്ലാതെ തന്റെ മകന്‍ അബ്ദുല്ലയെയും ഉമര്‍(റ) നിശ്ചയിച്ചു. ആ സമിതിയാണ് മൂന്നാം ഖലീഫയായി ഉസ്മാന്‍(റ)നെ തെരഞ്ഞെടുത്തത്. ഉസ്മാന്‍(റ)ന്നാകട്ടെ ഇതിനൊന്നും അവസരം ലഭിച്ചില്ല. കലാപകലുഷിതമായ ഒരു സാഹചര്യത്തില്‍ അദ്ദേഹം വധിക്കപ്പെടുകയായിരുന്നു. സ്വഹാബിമാരില്‍ ചിലര്‍ മദീനയില്‍ യോഗം ചേര്‍ന്ന് അലി(റ)യെ ഖലീഫയായി ബൈഅത്ത് ചെയ്യുകയായിരുന്നു.
ഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ നബി(സ്വ) നിയതമായ ഒരു രൂപം നിശ്ചയിച്ചിട്ടില്ല എന്നതാണ് ഈ വ്യതിരക്തയ്ക്കു കാരണം. തെരഞ്ഞെടുപ്പ് മതത്തിന്റെ ഭാഗമായിരുന്നെങ്കില്‍ അത് നബി(സ്വ) പറയാതെ വിട്ടുകളയില്ല. മതശാസനങ്ങള്‍ നിലനില്ക്കുന്ന ഭൗതിക കാര്യമാണ് ഭരണം എന്നര്‍ഥം.
ശൂറാ
കൂടിയാലോചന എന്നര്‍ഥമുള്ള അറബി പദമാണ് ശൂറാ. ജനങ്ങള്‍ക്കിടയില്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കൂടിയാലോചനയിലൂടെ ആവണമെന്നാണ് ഇസ്‌ലാമിന്റെ കല്പന. ഖുര്‍ആനില്‍ ശൂറാ എന്ന പേരില്‍ ഒരു അധ്യായം തന്നെയുണ്ട്. കാര്യങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ കൂടിയാലോചന ചെയ്യണമെന്നാണ് അതില്‍ പറയുന്ന ഒരു വചനത്തിന്റെ താത്പര്യം (വി.ഖു 42:38). ഖുര്‍ആനിലെ മറ്റൊരു അധ്യായമായ ആലു ഇംറാനില്‍ കൂടിയാലോചനയുടെ പ്രസക്തി സൂചിപ്പിക്കുന്ന ഒരു വചനമുണ്ട് (വി.ഖു 3:159). അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമ്പോള്‍ അത് കൂടിയാലോചന നടത്തണമെന്നും എന്നിട്ട് ഒരു തീരുമാനമെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കണമെന്നും ദൈവത്തില്‍ ഭരമേല്‍പിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നും ഈ വചനം അറിയിക്കുന്നു. ഹിജ്‌റ മൂന്നാമത്തെ വര്‍ഷം മദീനയെയും മുസ്‌ലിംകളെയും ഉന്‍മൂലനാശം വരുത്താന്‍ ഖുറൈശികള്‍ ഒരുങ്ങിപ്പുറപ്പെട്ട വാര്‍ത്തയറിഞ്ഞ നബി(സ്വ) സ്വഹാബിമാരുമായി കൂടിയാലോചന (ശൂറാ) നടത്തി. ഹിജ്‌റ ആറാം വര്‍ഷത്തില്‍ ഉണ്ടായ നിര്‍ണായകമായ ഹുദൈബിയാ സംഭവത്തില്‍ നബി(സ്വ) സ്വഹാബികളുമായി കൂടിയാലോചന നടത്തി.
സാമൂഹിക ജീവിതത്തില്‍ പാലിക്കേണ്ട അനിവാര്യമായ ഒരു കാര്യമായാണ് ഇസ്‌ലാം ശൂറായെ കാണുന്നത്. ഭരണ നിര്‍വഹണ രംഗത്തും സാമൂഹിക നേതൃ രംഗത്തും ശൂറാ അത്യന്താപേക്ഷിതമാണ്. ഇന്ന് ലോകത്ത് ഭരണ നിര്‍വഹണ രംഗങ്ങളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയുടെ മൂലകാരണം കൂടിയാലോചനയുടെ അഭാവമാണെന്ന് നിരീക്ഷിക്കാവുന്നതാണ്. ശൂറയും ജനാധിപത്യവും ഒന്നല്ല. എന്നാല്‍, ജനാധിപത്യം അഥവാ ഡെമോക്രസി എന്ന ആശയത്തിന്റെ അടിസ്ഥാനം കൂടിയാലോചനയാണ്. ഡെമോക്രസി രൂപപ്പെടുന്നത് ആധുനിക കാലത്ത് മാത്രമാണ്.
ശൂറാ എന്ന ആശയത്തിന് വളരെയധികം പ്രാധാന്യം ഇസ്‌ലാമിക ചരിത്രത്തില്‍ കാണാവുന്നതാണ്. തനിക്കു ശേഷം പിന്‍ഗാമിയെ നിശ്ചയിക്കാതെയാണ് നബി(സ്വ) വിടവാങ്ങിയത്. ആര് പിന്‍ഗാമി ആകണമെന്ന കാര്യം കൂടിയാലോചനക്കായി വിശ്വാസികള്‍ക്ക് വിട്ടു നല്‍കിക്കൊണ്ടാണ് അദ്ദേഹം വിടപറഞ്ഞത്. ഏറ്റവും പ്രധാനപ്പെട്ട, വിശ്വാസി സമൂഹത്തിന്റെ നേതൃരംഗം പോലും ഇത്തരത്തില്‍ ശൂറായ്ക്ക് വിട്ടു നല്‍കുന്നതിലൂടെ കൂടിയാലോചനക്ക് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്.
ജനാധിപത്യത്തിന്റെ അടിത്തറ കൂടിയാലോചനകളും ജനപങ്കാളിത്തവും ആണെങ്കിലും നബി(സ്വ) പഠിപ്പിച്ചു തന്ന ശൂറായും ജനാധിപത്യവും പര്യായങ്ങളല്ല. പ്രായപൂര്‍ത്തി എന്നതു മാത്രം മാനദണ്ഡമാക്കി വോട്ടവകാശം നിശ്ചയിക്കുകയും സാങ്കേതിക ഭൂരിപക്ഷം കൊണ്ട് ഭരണാധികാരം ലഭിക്കുകയും ചെയ്യുന്ന രീതിയല്ല ഇസ്‌ലാമിലുള്ളത്. കൂടിയാലോചനയ്ക്ക് യോഗ്യരായ(അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദി) വരുടെ ഉപദേശ നിര്‍ദേശങ്ങള്‍ തേടുക എന്ന രീതിയാണത്. എന്നാല്‍ ഈ യോഗ്യരെന്നു പറഞ്ഞവര്‍ ഏകാധിപതികളുടെ ഉപജാപക സംഘങ്ങള്‍ പോലെയോ പൗരോഹിത്യത്തിന്റെ ‘സുനഹദോസ്’ പോലെയോ അല്ല. അതേസമയം പ്രായപൂര്‍ത്തി വോട്ടവകാശം നിഷിദ്ധമോ തദടിസ്ഥാനത്തിലുള്ള ഭരണക്രമത്തില്‍ പങ്കാളികളാകുന്നത് പാപമോ അല്ല.
ഇസ്‌ലാമിക രാജ്യവും മുസ്‌ലിം രാജ്യവും
ഒരു രാജ്യത്തിന്റെ ഭരണസംവിധാനം പൂര്‍ണമായും ഇസ്‌ലാമിക ശരീഅത്തനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നുവെങ്കില്‍ അത് ഇസ്‌ലാമിക രാജ്യമാണ് എന്ന് പൊതുവെ പറഞ്ഞുവരുന്നു. നബി(സ്വ) തന്റെ ജീവിതത്തിന്റെ അന്തിമവര്‍ഷങ്ങളില്‍ മദീന ആസ്ഥാനമായി നിലവില്‍ വന്ന മുസ്‌ലിം സമൂഹത്തിന്റെ നേതാവു കൂടിയായിരുന്നു. ഭരണാധികാരിയും ഭരണീയരുമെല്ലാം ഇസ്‌ലാമികമായിരുന്നു. പക്ഷേ ഇസ്‌ലാമികരാജ്യം എന്ന സംജ്ഞ നബി(സ്വ)യോ സ്വഹാബികളോ ഉപയോഗിച്ചതായി കാണുന്നില്ല. നബി(സ്വ)യുടെ പിന്‍ഗാമി(ഖലീഫ)കളായി ഭരണം നടത്തിയ നാലു ഖലീഫമാരും ‘അല്‍ ഹുകൂമത്തുല്‍ ഇസ്‌ലാമിയ്യ’ (ഇസ്‌ലാമിക ഭരണം) എന്നു പ്രയോഗിച്ചിരുന്നില്ല. ജീവിതത്തിന്റെ ഏതുരംഗത്തും അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുകള്‍ പാലിക്കാന്‍ തയ്യാറായിരുന്ന അവര്‍ ഭരണരംഗത്തും അതുതന്നെ ചെയ്തു. ഭരണം ഒരു മതകാര്യമല്ല. മതനിര്‍ദേശങ്ങള്‍ പാലിക്കപ്പെടേണ്ട ഭൗതികകാര്യമാണ്. ഇസ്‌ലാമിക നിയമങ്ങള്‍ പാലിച്ചു കൊണ്ട് കച്ചവടം നടത്തുന്ന ഒരു വ്യാപാര കേന്ദ്രത്തെ ഇസ്‌ലാമിക വ്യാപാരം എന്നു പറയാറില്ലല്ലൊ.
മുസ്‌ലിംകള്‍ ഭൂരിപക്ഷമായിരിക്കുകയും മുസ്‌ലിംകള്‍ ഭരണം കൈയാളുകയും ചെയ്യുന്ന രാജ്യമാണ് മുസ്‌ലിം രാജ്യം എന്നറിയപ്പെടുന്നത്. മുസ്‌ലിംകള്‍ ഭരണം നടത്തേണ്ടത് ഇസ്‌ലാമികമായിട്ടാണ് എന്നതില്‍ സംശയമില്ല. ഇന്ന് ലോകത്ത് അനേകം മുസ്‌ലിം രാജ്യങ്ങളുണ്ട്. എന്നാല്‍ അവിടങ്ങളിലെല്ലാം ഇസ്‌ലാമികഭരണമാണ് എന്നു പറയാന്‍ കഴിയില്ല. രാജഭരണവും കുടുംബവാഴ്ചയും ഉള്ളവയുണ്ട്. ജനാധിപത്യം നടപ്പിലാക്കിയവരുണ്ട്. ആത്മീയ നേതൃത്വത്തിന്‍ കീഴില്‍ ജനാധിപത്യഭരണം നടത്തുന്നവയുണ്ട്. ഭരണം നടത്തുന്ന വ്യക്തിക്കനുസരിച്ചാണ് ഭരണത്തിലെ ഇസ്‌ലാമികതയുണ്ടാവുക.
ഇസ്‌ലാമിക ഭരണം നടത്തുക എന്നു പറഞ്ഞാല്‍ ഭരണത്തില്‍ ഇസ്‌ലാമിന്റെ തത്ത്വങ്ങള്‍ പാലിക്കുന്നു എന്നര്‍ഥം. വിശുദ്ധ ഖുര്‍ആന്‍ ഭരണഘടനയാക്കി ഭരണം നടത്താന്‍ കഴിയില്ല. മൗലികതത്ത്വങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളും സിവില്‍-ക്രിമിനല്‍ നിയമങ്ങളും എല്ലാം ഉണ്ടാക്കുകയാണു ചെയ്യുക. ശൂറാ (കൂടിയാലോചന)യാണ് ഭരണത്തിലെ ജനപങ്കാളിത്തത്തിനുള്ള വഴി. ഘാതകവധം (ഖിസ്വാസ്), വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിച്ച നിര്‍ണിതശിക്ഷകള്‍(ഹദ്ദ്) എന്നിവ നടപ്പാക്കാം. മറ്റു ശിക്ഷാനിയമങ്ങള്‍ (പീനല്‍കോഡ്) വേറെ ഉണ്ടാക്കണം. ഇത്തരം നിയമനിര്‍മാണങ്ങള്‍ മതകാര്യങ്ങളല്ല. പക്ഷേ മുസ്‌ലിംകള്‍ ഉണ്ടാക്കുന്ന എല്ലാ നിയമങ്ങളും ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കനുഗുണമായിരിക്കണമെന്നു മാത്രം.
ഇസ്‌ലാമിക രാഷ്ട്രവും അമുസ്‌ലിം പൗരന്‍മാരും
ഇസ്‌ലാമിക രാഷ്ട്രം എന്നത് മുസ്‌ലിംകള്‍ മാത്രമുള്ള ഒരു സമൂഹത്തിന്റെ ഭരണമാണെന്ന് ധരിക്കേണ്ടതില്ല. ഇസ്‌ലാമിക രാഷ്ട്രത്തില്‍ ഇസ്‌ലാമിക നിയമങ്ങള്‍ മുസ്‌ലിംകള്‍ക്കു മാത്രമേ ബാധകമാവൂ. എന്നാല്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ അവിടത്തെ സിവില്‍, ക്രിമിനല്‍, ശിക്ഷാനിയമങ്ങളും ട്രാഫിക് നിയമം മുതലായ സമൂഹ നിയന്ത്രണ സംവിധാനങ്ങളും എല്ലാവര്‍ക്കും ബാധകമാണ്. മുസ്‌ലിംകള്‍ ഇസ്‌ലാമിക സര്‍ക്കാറിന് സകാത്ത് നല്കുന്നു. അമുസ്‌ലിംകള്‍ക്ക് സകാത്ത് ബാധകമല്ല. പക്ഷേ അവര്‍ രാഷ്ട്രത്തിന്റെ ഭാഗമാണ്. അവര്‍ നികുതി കൊടുക്കണം. പ്രജാക്ഷേമം എന്ന നിലയില്‍ ഗവണ്‍മെന്റ് ചെയ്യുന്ന ഒരു കാര്യത്തിലും പൗരന്‍മാര്‍ക്കിടയില്‍ മതകീയ വിവേചനം ഒരിക്കലും ഇസ്‌ലാം അനുവദിക്കുന്നില്ല. നബി(സ്വ) മദീനയിലെ ഭരണാധികാരിയായിരിക്കുമ്പോള്‍ അവിടെ ജൂതരും ക്രൈസ്തവരും അഗ്‌നിയാരാധകരുമെല്ലാം ഉണ്ടായിരുന്നു. നബിയെ തുടര്‍ന്നുവന്ന ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് രാജ്യവിസ്തൃതി കൂടിയപ്പോഴും അവിടങ്ങളില്‍ മുസ്‌ലിംകളും അല്ലാത്തവരും ഉണ്ടായിരുന്നു. ഖലീഫമാരുടെ ഭരണത്തിന്‍ കീഴില്‍ മുസ്‌ലിംകളും അല്ലാത്തവരുമായ പൗരന്‍മാര്‍ക്കെല്ലാം തുല്യനീതി ലഭിച്ചിരുന്നു. അധികാരം ഉപയോഗിച്ച് മതം അടിച്ചേല്പിച്ചിരുന്നില്ല. എല്ലാവര്‍ക്കും ആരാധാനാ സ്വാതന്ത്ര്യം നല്കിയിരുന്നു.
ഖലീഫമാര്‍ പാവപ്പെട്ടവര്‍ക്ക് സഹായം നല്കിയപ്പോള്‍ അവര്‍ മുസ്‌ലിംകളായിരി ക്കണമെന്ന് നിബന്ധന വെച്ചിട്ടില്ല. പൗരാവകാശം പൂര്‍ണമായും പരിഗണിക്കപ്പെടുന്ന സമീപനം മാത്രമേ ഇസ്‌ലാമിക ഭരണത്തിന്‍ കീഴില്‍ ഉണ്ടാവൂ.
ഇസ്‌ലാമിക രാഷ്ട്രത്തിനു കീഴിലെ ഇതര മതസ്ഥരെ ‘ദിമ്മി’കള്‍ എന്നു പറയുന്നു. അഥവാ ഇസ്‌ലാമിക രാഷ്ട്രത്തിന് സംരക്ഷണബാധ്യതയുള്ള ഇതര പൗരന്‍മാര്‍ എന്നര്‍ഥം. ദിമ്മികളെ ഉപദ്രവിക്കുന്നവര്‍ക്കുള്ള പരലോക ശിക്ഷയെക്കുറിച്ച് നബി(സ്വ) പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്.
ജിസ്‌യ
മുസ്‌ലിം ഭരണത്തിന് കീഴില്‍ ജീവിക്കുന്ന മുസ്‌ലിമേതര ജനങ്ങള്‍ നല്‍കേണ്ട നികുതിയുടെ പേരാണ് ജിസ്‌യ. വിശ്വാസികള്‍ പൊതുഖജനാവിലേക്ക് സകാത്തും ആവശ്യമെങ്കില്‍ സ്വദഖകളും (ദാനധര്‍മങ്ങള്‍) നല്‍കുകയാണ് വേണ്ടത്. എന്നാല്‍ വിശ്വാസികളല്ലാത്തവര്‍ക്ക് സകാത്ത് ബാധകമല്ല. പൊതു ഖജനാവിലേക്ക് അവരുടെ വിഹിതം ശേഖരിക്കുന്നത് ജിസ്‌യ വഴിയാണ്. ഇസ്‌ലാമിക രാജ്യങ്ങളിലെ മുസ്‌ലിമേതര പൗരന്മാര്‍ക്ക് ദിമ്മി അഥവാ സംരക്ഷിത പൗരന്മാര്‍ എന്നാണ് പറയുക. ദിമ്മികളാണ് ജിസ്‌യ നല്‍കേണ്ടത്. വേദക്കാരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരില്‍ നിന്ന് ജിസ്‌യ ശേഖരിക്കട്ടെ(9:29) എന്നാണ് ഖുര്‍ആനിലെ ആഹ്വാനം. ഹദീസുകളിലും ജിസ്‌യ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കാണാവുന്നതാണ്. (ബുഖാരി) 1
ജിസ്‌യ എന്ന നിലയില്‍ എത്രയാണ് സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ഭരണാധികാരികളാണ്. വേദക്കാരില്‍ നിന്നും മജൂസികളില്‍ (അഗ്‌നിയാരാധകര്‍) നിന്നുമാണ് ജിസ്‌യ സ്വീകരിക്കേണ്ടത്. എന്നാല്‍ വേദക്കാരല്ലാത്ത ബഹുദൈവ വിശ്വാസികള്‍, ബിംബാരാധകര്‍ എന്നിവരില്‍ നിന്ന് ജിസ്‌യ സ്വീകരിക്കാന്‍ പാടുണ്ടോ എന്ന കാര്യത്തില്‍ ഭിന്നവീക്ഷണങ്ങളുണ്ട്. ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാല്‍ ഓരോ കാലത്തും വ്യത്യസ്ത രീതിയിലാണ് ഇത് നടപ്പിലാക്കിയിരുന്നത്. അമവീ-അബ്ബാസി ഭരണ കാലത്ത് സൈനിക സേവനം അനുഷ്ഠിക്കുന്ന മുസ്‌ലിമേതര പൗരന്മാരില്‍ നിന്ന് ജിസ്‌യ ഈടാക്കിയിരുന്നില്ല. ജിസ്‌യ എന്നാല്‍ മതനികുതി എന്ന പ്രയോഗം ശരിയല്ല. പിന്നീട്, ഇസ്‌ലാമിക രാജ്യങ്ങളിലെ നികുതി സംവിധാനവുമായി ചേര്‍ത്തുവെച്ചുകൊണ്ടും ഇത് നടപ്പിലാക്കിയിരുന്നു. നികുതിക്ക് ഖറാജ് എന്നാണ് പറയുക. ജിസ്‌യ എന്ന പേരിന് പകരം ഖറാജ് എന്ന പേരിലും ഇതിന്റെ ശേഖരണം നടന്നിട്ടുണ്ട്. ഖിലാഫത്തുകള്‍ക്കും സാമ്രാജ്യങ്ങള്‍ക്കും പകരം ദേശ രാഷ്ട്രങ്ങള്‍ രൂപപ്പെട്ട പുതിയ കാലത്ത് സ്റ്റേറ്റ് ടാക്‌സ് എന്ന നിലയിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. അതാകട്ടെ, മുസ്‌ലിംകള്‍ അടക്കം എല്ലാ പൗരന്മാര്‍ക്കും ബാധകവുമാണ്.
അധിക വായനക്ക്; അഹ്കാമു അഹ്‌ലിദ്ദിമ്മ, ഇബ്‌നുല്‍ ഖയ്യിം.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1151, ഹദീസ് 2987[↩]
