ഇസ്ലാമിലെ സാങ്കേതിക പദങ്ങള്‍
ഇസ്ലാമിക വിജ്ഞാനശാഖകള്‍ പ്രത്യേക അര്‍ഥസൂചനകള്‍ ഉള്‍ക്കൊള്ളുന്ന നിരവധി സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കുന്നു. ഖുർആൻ, ഹദീസ്, ഫിഖ്ഹ്, അഖീദ, തഫ്സീർ തുടങ്ങിയ മേഖലകളിൽ ഈ പദങ്ങള്‍ക്ക് കൃത്യമായ അര്‍ഥവും പ്രയോഗപരിധിയും ഉണ്ട്. സാധാരണ ഭാഷയില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് വ്യത്യസ്തമായ അര്‍ഥം ഇസ്ലാമിക സാഹചര്യത്തില്‍ ലഭിക്കുമ്പോള്‍, അവ സാങ്കേതിക പദങ്ങളായി പരിഗണിക്കപ്പെടുന്നു.
ഈ പദങ്ങള്‍ മനസ്സിലാക്കാതെ ഇസ്ലാമിക ഗ്രന്ഥങ്ങളും പഠനങ്ങളും പൂർണ്ണമായി ഗ്രഹിക്കാൻ കഴിയില്ല. ഇബാദത്ത്, ശരീഅത്ത്, സുന്നത്ത്, ഇജ്മാഅ്, കിയാസ് തുടങ്ങിയ പദങ്ങള്‍ ഓരോന്നും ആഴത്തിലുള്ള ആശയങ്ങളും നിയമപരമായ അര്‍ഥങ്ങളും ഉള്‍ക്കൊള്ളുന്നവയാണ്. അതിനാല്‍ ഇസ്ലാമിലെ സാങ്കേതിക പദങ്ങള്‍ പഠിക്കുന്നത് ദീനി വിജ്ഞാനം സമഗ്രമായി മനസ്സിലാക്കുന്നതിനുള്ള ഒരു അടിസ്ഥാനഘട്ടമാണ്. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സാധാരണ വായനക്കാര്‍ക്കും ഈ പദങ്ങളുടെ പരിചയം ഏറെ പ്രയോജനകരമാണ്
ദീന്
ദീന് എന്ന പദത്തിന് ഭാഷയില്‍ മതം, നടപടി ക്രമം, പ്രതിഫലം, ആചാരം, വിചാരണ, നിയമനടപടി, അനുസരണം എന്നിങ്ങനെ സന്ദര്‍ഭോചിതം പല അര്‍ഥങ്ങളും കല്പിക്കുന്നു. മതം എന്ന അര്‍ഥത്തിലാണ് അധികവും അത് ഉപയോഗിക്കുന്നത്. ഇസ്ലാം മതം എന്നതിന് അദ്ദീനുല്‍ ഇസ്ലാമിയ്യ എന്നാണ് ഭാഷയില്‍ പ്രയോഗിക്കുന്നത്.
ഒരു ജീവിത വ്യവസ്ഥ എന്ന അര്‍ഥത്തില്‍ ദീന് ഉപയോഗിക്കുന്നു. ജീവിതത്തില്‍ ദൈവപ്രീതിക്കു വേണ്ട സ്വീകരിക്കപ്പെടേണ്ടുന്ന നിയമ വ്യവസ്ഥയാണത്. അല്ലാഹു പറയുന്നു. നിശ്ചയമായും മതം അല്ലാഹുവിന്റെ അടുക്കല്‍ ഇസ്ലാമാകുന്നു (3:19).
മനുഷ്യാരംഭം തൊട്ട് മനുഷ്യാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും അല്ലാഹു നിയമിച്ചതും ഒന്നാമത്തെ പ്രവാചകനും ഒന്നാമത്തെ വേദഗ്രന്ഥവും തുടങ്ങി അന്ത്യ പ്രവാചകനും അവസാന വേദഗ്രന്ഥവുമായ വിശുദ്ധ ഖുര്‍ആന്‍ വരെ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്നതും അല്ലാഹു മനുഷ്യവര്‍ഗത്തിന് തൃപ്തിപ്പെട്ട് കൊടുത്തതുമായ മതമാണ് ഇസ്ലാം എന്നാണ് ഉപരിസൂചിത സൂക്തങ്ങളില്‍ പരാമര്‍ശിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ വിവിധ ആശയങ്ങള്‍ക്കായി ദീന് എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ദീന് എന്നത് കൊണ്ട് പൊതുവില്‍ വിവക്ഷിക്കപ്പെടുന്നത് മതം എന്നാണ്.
ഇബാദത്ത്
ആരാധന എന്ന ആശയത്തിന് അറബിയില്‍ ഉപയോഗിക്കുന്ന പദമാണ് ഇബാദത്ത്. ആരാധന പലതരത്തില്‍ നിര്വചിക്കപ്പെട്ടിട്ടുണ്ടാവാം. എന്നാല്‍ മുഹമ്മദ് നബി(സ്വ) വളരെ ലളിതമായി ആരാധനയെ നിര്‍വചിച്ചത് ഇപ്രകാരമാണ്: ‘പ്രാര്‍ഥന, അതാണ് ആരാധന’. ‘പ്രാര്‍ഥന ആരാധനയുടെ മജ്ജയാണ്’ എന്നും നബി(സ്വ) വിശദീകരിച്ചു.
അപ്പോള്‍ പ്രാര്‍ഥനയും നിര്‍വചിക്കപ്പെടേണ്ടതുണ്ട്. മനുഷ്യകഴിവിന്നപ്പുറത്തുള്ള കാര്യങ്ങള്‍ അര്‍ഥിക്കുക എന്നതാണ് പ്രാര്‍ഥന. അഥവാ മനുഷ്യകഴിവില്‍ പെട്ട കാര്യങ്ങള്‍ പരസ്പരം ആവശ്യപ്പെടുന്നത് പ്രാര്‍ഥനയല്ല.
പ്രാര്‍ഥനയടങ്ങുന്ന ഏതു പ്രവൃത്തിയും ആരാധനയാണ്. മതപരമായ അനുഷ്ഠാനങ്ങളെല്ലാം ആരാധനകളാണ്. അഭൗതികമായ നിലയില്‍ ഗുണം പ്രതീക്ഷിച്ചു കൊണ്ടോ ദോഷം ഭയന്നു കൊണ്ടോ ചെയ്യുന്ന ഏതു പ്രവൃത്തിയും ‘ഇബാദത്ത്’ ആണ്. ഇങ്ങിനെയുള്ള ഇബാദത്ത് ദൈവത്തിനാവുമ്പോള് തൗഹീദായി. ഇതാണ് ഇസ്ലാമിന്റെ അടിത്തറ. അല്ലാഹുവല്ലാത്ത ഏതു ശക്തിക്കു മുന്നില്‍ ഇബാദത്ത് അര്‍പ്പിച്ചാലും ബഹുദൈവാരാധന (ശിര്‍ക്ക്) ആവുന്നു. അത് ഇസ്ലാമിക വിരുദ്ധമാണ്.
ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പണ്ഡിതരും ഇബാദത്തിന് നല്കിയ നിര്‍വചനം ഇപ്രകാരമാണ്. ‘താഴ്മയുടെയും വിധേയത്വത്തിന്റെയും അങ്ങേയറ്റമാണ് ഇബാദത്ത്. (തഫ്സീറു അബീ സഊദ് 116) ഇബാദത്ത് എന്നാല്‍ പരമമായ വിധേയത്വവും താഴ്മയുമാണ്(കശ്ശാഫ് 1:49).
ശരീഅത്ത്
ശരീഅത്ത് എന്നതിന്റെ അര്‍ഥം നിയമം, ഋജുവായ പാത എന്നൊക്കെയാണ്. കാലദേശ വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രായോഗികമാകുന്ന രൂപത്തില്‍ അല്ലാഹു മുഹമ്മദ് നബി(സ്വ)ക്ക് ഇരുപത്തി മൂന്നു വര്‍ഷം കൊണ്ട് ഒരോ ഘട്ടത്തിലായി അവതരിപ്പിച്ചു കൊടുത്തതാണ് ഇസ്ലാമിക ശരീഅത്ത്.
പരിവര്‍ത്തനങ്ങള്‍ക്കും മനുഷ്യ പുരോഗതിക്കുമനുസരിച്ച് സമൂഹ നന്മയ്ക്കാവശ്യമായ നിയമങ്ങളാവിഷ്കരിക്കാനുള്ള വ്യവസ്ഥകളും തത്ത്വങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇസ്ലാമിക ശരീഅത്ത്. ചിന്തയും ബുദ്ധിശേഷിയും കൊണ്ട് അനുഗൃഹീതനായ മനുഷ്യന് ജീവിതത്തില്‍ പൂര്‍ണമായ സുഖവും പുരോഗതിയും കരസ്ഥമാക്കാന്‍ വേണ്ടി അല്ലാഹു നിശ്ചയിച്ചു വെച്ചിട്ടുള്ളതാണ് ഈ നിയമങ്ങള്‍.
ശരീഅത്തിന്റെ ഉറവിടം സര്‍വജ്ഞനും സര്‍വാധികാരിയുമായ അല്ലാഹുവാണെന്നതിനാല്‍ ശരീഅത്തില്‍ മാറ്റങ്ങള്‍ക്ക് പ്രസക്തിയില്ല. മനുഷ്യനിര്‍മിതമായ നിയമങ്ങളാണെങ്കില്‍ അത് കാലഹരണപ്പെട്ട് പോകുകയും നിയമ ഭേദഗതി അനിവാര്യമാകുകയും ചെയ്യും.
സുന്നത്ത്
സുന്നത്ത് എന്ന അറബി പദത്തിന് ചര്യ, സമ്പ്രദായം, പ്രകൃതി, മാര്‍ഗം, എന്നെല്ലാമാണ് അര്‍ഥം. ഭാഷയുടെ അടിസ്ഥാന പ്രയോഗമനുസരിച്ച് സുന്നത്ത് എന്നാല്‍ മാര്‍ഗം എന്നാണ്. സുന്നത്ത് എന്ന പദം നന്മയിലേക്കും തിന്മയിലേക്കും ചേര്‍ത്തി ഉപയോഗിക്കുന്നു. ‘സുന്നത്തുന്‍ ഹസന’ നല്ല ചര്യ, നല്ല മാര്‍ഗം എന്ന അര്‍ഥത്തിലും ‘സുന്നത്തുന്‍ സയ്യിഅ’ ചീത്ത മാര്‍ഗം, ചീത്ത ചര്യ എന്ന അര്‍ഥത്തിലും പ്രയോഗിക്കാറുണ്ട്.
നബി(സ്വ)യുടെ വാക്കും പ്രവൃത്തിയും അനുവാദവും അംഗീകാരവും ഉള്‍ക്കൊള്ളുന്ന നബിചര്യക്കാണ് സാങ്കേതികമായി ‘സുന്നത്ത്’ എന്നു പറയുന്നത്. ഖുര്‍ആനിന് നബി(സ്വ) നല്കിയ വിവരണം, ഖുര്‍ആന്റെ താല്പര്യാനുസൃതമുള്ള നബി(സ്വ)യുടെ പ്രവര്‍ത്തനം, ഖുര്‍ആന്റെ താല്പര്യത്തിനൊത്ത് തന്നെ അവിടുന്ന് കൂടുതലായി നല്കിയ നിര്‍ദേശം എന്നിവയെല്ലാം സുന്നത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആനും നബിചര്യയും (സുന്നത്ത്) ആണ് ഇസ്ലാമിലെ മൗലിക പ്രമാണങ്ങള്‍.
ഐഛിക കര്‍മങ്ങള്‍ (നിര്ബന്ധങ്ങളല്ലാത്തവ)ക്ക് കര്‍മ ശാസ്ത്ര പണ്ഡിതര്‍ ‘സുന്നത്ത്’ എന്നു പ്രയോഗിച്ചിട്ടുണ്ട്. സുന്നത്ത് നമസ്കാരം തുടങ്ങിയ പ്രയോഗങ്ങള്‍ അങ്ങനെ വന്നതാണ്.
ഇജ്മാഅ്
യോജിക്കുക, നിര്‍ണയിക്കുക എന്നൊക്കെയാണ് ഇജ്മാഅ് എന്നതിന്റെ ഭാഷാര്‍ഥം.
വിശുദ്ധ ഖുര്‍ആനില്‍ നിന്നോ സുന്നത്തില്‍ നിന്നോ വ്യക്തമായ സൂചനയോ വിധിയോ കണ്ടെത്താന്‍ കഴിയാത്ത വിഷയങ്ങളില്‍ പ്രവാചകന്റെ കാലശേഷം മുസ്ലിം സമുദായത്തിലെ പണ്ഡിതന്മാര് വിശുദ്ധ ഖുര്‍ആനും സുന്നത്തും അടിസ്ഥാന പ്രമാണമായി അവലംബിച്ച് കൊണ്ട് ഗവേഷണം ചെയ്യുകയും (ഇജ്തിഹാദ് നടത്തുകയും) കൂടിയാലോചനയിലൂടെ ഏകോപിച്ച അഭിപ്രായത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ഏകോപിതാഭിപ്രായത്തിനാണ് സാങ്കേതികാര്‍ഥത്തില്‍ ഇജ്മാഅ് എന്നു പറയുന്നത്.
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ വിശുദ്ധ ഖുര്‍ആനും നബിചര്യയ്ക്കും ശേഷം മൂന്നാമത്തെ പ്രമാണമായി മുസ്ലിം ലോകം അംഗീകരിച്ചത് ഇജ്മാഅ് നെയാണ്.
ഖിയാസ്
കണക്കാക്കുക, താരതമ്യം ചെയ്യുക, തുലനം ചെയ്യുക എന്നീ അര്‍ഥങ്ങളിലാണ് ഖിയാസ് എന്ന പദം ഭാഷയില്‍ ഉപയോഗിക്കാറുള്ളത്.
വിശുദ്ധ ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായ വിധി വന്നിട്ടില്ലാത്ത പ്രശ്നങ്ങള്‍ക്ക്, വ്യക്തമായ വിധി വന്ന പ്രശ്നത്തോട് ന്യായത്തിലും നിമിത്തത്തിലും സാദൃശ്യമുണ്ടെങ്കില്‍ അതിന് ഒരേ വിധി നല്‍കുക എന്നതാണ് സാങ്കേതികാര്‍ഥത്തില്‍ ഖിയാസ് കൊണ്ടുദ്ദേശിക്കുന്നത്. ഖിയാസിന് സാദൃശ്യ നിഗമനം എന്നും അര്‍ഥം പറയാം.
അല്ലാഹു മദ്യം നിരോധിച്ചു. ലഹരി ഉണ്ടാക്കുന്ന ഈത്തപ്പഴച്ചാറിനെ സൂചിപ്പിക്കുന്ന ‘ഖംറ്’ എന്ന പദമാണ് ഖുര്‍ആന്‍ ഇവിടെ പ്രയോഗിച്ചത.് മുന്തിച്ചാറില് നിന്നും മറ്റും ഉണ്ടാക്കുന്ന ലഹരി സാധനങ്ങളുടെയും, ഇന്നത്തെ ആധുനിക ലഹരി സാധനങ്ങളുടെയും വിധി ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടില്ല. ‘ഖംറ്’ നിരോധിക്കാനുള്ള കാരണമന്വേഷിച്ചാല്‍ ലഹരിയാണെന്ന് ബോധ്യപ്പെടും. ലഹരി ഏതെങ്കിലും വസ്തുക്കള്‍ക്ക് ബാധകമാണോ, ലഹരിയുള്ള വസ്തുകളെല്ലാം ഖംറിന്റെ വിധിയുടെ പരിധിയില്‍ വരുന്നു. അഥവാ നിഷിദ്ധ വസ്തുക്കളുടെ ഗണത്തില്‍പ്പെടുന്നു.
ഈ ഗവേഷണാത്മകത താരതമ്യമാണ് സാങ്കേതികമായ ഖിയാസ്.
ഇഹ്സാന്‍
ഇഹ്സാന്‍ എന്ന അറബി പദത്തിന് നന്മ, നന്നാക്കുക, ഗുണം ചെയ്യുക എന്നൊക്കെയാണ് അര്‍ഥം. അല്ലാഹു പറയുന്നു: തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു (17:23). ഇവിടെ പ്രയോഗിച്ചിരിക്കുന്ന പദം ‘ഇഹ്സാന്‍’ എന്നാണ്. ഇഹ്സാന്‍ എന്ന പദം നബി(സ്വ)യുടെ വചനങ്ങളിലും നന്മ ചെയ്യുന്നതിനെയും നന്നായി ചെയ്യുന്നതിനേയും സൂചിപ്പിച്ചു കൊണ്ടാണ് പ്രയോഗിച്ചിട്ടുള്ളത്. അയല്‍ക്കാരോടുള്ള ഇഹ്സാന്‍, അനാഥരോടുള്ള ഇഹ്സാന്‍, വിധവകളോടുള്ള ഇഹ്സാന്‍, മൃഗങ്ങളോടുള്ള ഇഹ്സാന്‍ തുടങ്ങിയവ ഹദീസുകളില്‍ വിശദീകരിച്ചിട്ടുണ്ട്.
നിങ്ങള്‍ ഇഹ്സാന്‍ ചെയ്യുക, ഇഹ്സാന്‍ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു എന്ന് ഖുര്‍ആന്‍ വാക്യത്തിലും കാണാന്‍ കഴിയും. ”നീ നിന്റെ രക്ഷിതാവിനെ കാണുന്നുവെന്ന പോലെ അവന് ഇബാദത്ത് (ആരാധന) ചെയ്യുക. നീ അവനെ കാണുന്നില്ലെങ്കിലും അവന് നിന്നെ കാണുന്നുണ്ട്.” ഒരിക്കല്‍ നബി(സ്വ) ഇഹ്സാന്‍ വിശദീകരിച്ചത് ഇപ്രകാരമായിരുന്നു.
ബിദ്അത്ത്
മാതൃകയില്ലാതെ പുതുതായി ആവിഷ്കരിച്ച കാര്യം എന്നാണ് ബിദ്അത്ത് എന്ന പദത്തിന്റെ ഭാഷാര്‍ഥം. ആചരിക്കാനായി പുതിയ കാര്യങ്ങള്‍ ആവിഷ്കരിക്കുന്നതിനെ ‘ഇബ്തിദാഅ്’ എന്നു പറയുന്നു.
മതത്തില്‍ പുതിയ ആചാരമായി കൊണ്ടു വന്ന കാര്യത്തെ ബിദ്അത്ത് എന്നു പറയുന്നു. നബി(സ)യുടെ നിര്‍ദേശത്തിലില്ലാത്ത വല്ലതും പുതുതായി ഉണ്ടാക്കലാണ് ശറഇന്റെ വീക്ഷണത്തില്‍ ബിദ്അത്ത്.
അല്ലാഹു അവന്റെ വിശുദ്ധ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിലൂടെയും അതിന്റെ വിവരണമായ പ്രവാചക വചനങ്ങളുലൂടെയും പൂര്‍ത്തീകരിച്ച് തന്ന മതത്തിന്റെ കാര്യത്തില്‍ പുതിയതായി വല്ലതും കൂട്ടിക്കലര്‍ത്തിയാല്‍ അതാണ് ബിദ്അത്ത്. മുഹമ്മദ് നബി(സ) പറഞ്ഞു: ”നമ്മുടെ ഈ ദീനിന്റെ കാര്യത്തില്‍ ആരെങ്കിലും പുതുതായി എന്തെങ്കിലും കൂട്ടിചേര്ത്താല് അത് തള്ളപ്പെടേണ്ടതാണ്.” നബി(സ) പറഞ്ഞു. ”ഏറ്റവും നല്ല ചര്യ മുഹമ്മദ് നബി(സ)യുടെ ചര്യയാണ്. ഏറ്റവും വലിയ തിന്മ പുതുതായി ഉണ്ടാക്കുന്ന മത കാര്യങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്.”
ഹലാല്‍
ഇസ്ലാമിക കര്‍മ ശാസ്ത്രത്തില്‍ അനുവദനീയമായതിനെ സൂചിപ്പിക്കുന്ന ഒരു സാങ്കേതിക സംജ്ഞയാണ് ഹലാല്‍. അല്ലാഹുവോ അവന്റെ പ്രവാചകനോ അനുവദനീയമാക്കിയാതാണത്. അഥവാ നിരോധിക്കാത്തതാണ്.
അല്ലാഹു സൃഷ്ടിച്ച വസ്തുക്കളുടെയും പ്രയോജനകരമായ പദാര്ത്ഥങ്ങുളുടെയും മൗലിക സ്വഭാവം അനുവദനീയതയാണ്. അല്ലാഹു നിഷിദ്ധമാക്കിയതിന് വ്യക്തവും സ്വീകാര്യവുമായ തെളിവില്ലാത്തവയെല്ലാം ഹലാല്‍ (അനുവദനീയം) ആണ്.
ഹറാം
നിഷിദ്ധമായത്, പവിത്രമായത് എന്നൊക്കെയാണ് ഹറാം എന്നതിന്റെ ഭാഷാര്‍ഥം.
സ്രഷ്ടാവ് സൃഷ്ടികള്‍ക്കു മേല്‍ ഖണ്ഡിതമായി നിരോധിച്ച കാര്യങ്ങള്‍ക്കാണ് കര്‍മ ശാസ്ത്രത്തില്‍ ഹറാം എന്നു പറയുന്നത്. നിരോധം ലംഘിച്ച് അത് പ്രവര്‍ത്തിക്കുന്നതിലൂടെ ഒരാള്‍ പരലോകത്ത് ശിക്ഷാര്‍ഹനായിത്തീരുന്നു. ദൈവപ്രീതികാംഷിച്ച് വിരോധിച്ചത് വെടിഞ്ഞവന് പ്രതിഫലത്തിനും അര്‍ഹനാകുന്നു. ഹറാം, മുഹര്‍റം, മഹ്ളൂര്‍ എന്ന പദങ്ങളൊക്കെ നിഷിദ്ധം എന്ന അര്‍ഥത്തെ സൂചിപ്പിക്കുന്നു. മദ്യപാനം, വ്യഭിചാരം എന്നിവയെല്ലാം ഇസ്ലാം നിഷിദ്ധമാക്കിയ കാര്യങ്ങള്‍ക്കുള്ള ഉദാഹരണമാണ്.
ആദരണീയം, പവിത്രം എന്നീ ആശയത്തിലും ഹറാം (ഹറം) എന്ന പദം പ്രയോഗിക്കുന്നു. അല്‍ മസ്ജിദുല്‍ ഹറാം എന്നാല്‍ ആദരണീയമായ പള്ളി എന്നാണ്. മുസ്ലിംകളുടെ ഏറ്റവും പുണ്യമാര്‍ന്ന കേന്ദ്രം അല്‍ മസ്ജിദുല്‍ ഹറാം (മക്ക) ആണ്.
മക്റൂഹ്
തിന്മ, വെറുക്കപ്പെട്ടത്, അനഭിലഷണീയം എന്നൊക്കെയാണ് മക്റൂഹ് എന്നതിന്റെ ഭാഷാര്‍ഥം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിഷിദ്ധമാക്കപ്പെട്ടതോ പ്രവര്‍ത്തിച്ചാല്‍ ശിക്ഷക്ക് കാരണമായിത്തീരുന്നതോ അല്ല. എങ്കിലും ഉപേക്ഷിക്കുന്നതാണ് അഭികാമ്യം. ഉദാഹരണത്തിന് ഇശാ നമസ്കാര ശേഷം അത്യാവശ്യമില്ലാത്ത സംസാരങ്ങളിലേര്പ്പെടുന്നത് പ്രവാചകന് വെറുത്തിരുന്നു.
തഖ്വാ
പ്രതിരോധം, സംരക്ഷണം, പരിരക്ഷ, സൂക്ഷ്മത എന്നൊക്കെയാണ് തഖ്വാ എന്ന പദത്തിന്റെ ഭാഷാര്‍ഥം. അല്ലാഹുവിന്റെ കോപത്തിനും ശിക്ഷയ്ക്കും കാരണമാവാതിരിക്കാന്‍ അവന്റെ കല്പനകളെ ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും പാലിക്കുന്നതിനാണ് സാങ്കേതികാര്‍ഥത്തില്‍ തഖ്വാ എന്നു പറയുന്നത്. ദോഷബാധയേല്ക്കാതെ ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുക എന്നര്‍ഥം. ഇങ്ങനെ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ‘മുത്തഖി’ എന്നും പറയുന്നു.
ശിര്‍ക്ക്
പങ്കാളിത്തം എന്നതാണ് ഭാഷാര്‍ഥത്തില്‍ ശിര്‍ക്ക്. ആരാധനയ്ക്കര്ഹനാവുക എന്നതിലോ ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലോ നാമ ഗുണ വിശേഷണങ്ങളിലോ അല്ലാഹുവിന് സമന്മാരോ പങ്കാളികളോ ഉണ്ട് എന്ന വിശ്വാസത്തിനാണ് സാങ്കേതികാര്‍ഥത്തില്‍ ശിര്‍ക്ക് എന്നു പറയുന്നത്. ശിര്‍ക്ക് ഏറ്റവും വലിയ പാപമായി ഇസ്ലാം കാണുന്നു.
കുഫ്ര്
കുഫ്ര് എന്നതിന്റെ ഭാഷാര്‍ഥം മറ, നിഷേധം, ഇരുട്ട് എന്നൊക്കെയാണ്. അല്ലാഹു ഏകനാണെന്നും മുഹമ്മദ് നബി (സ്വ) അവന്റെ ദൂതനാണെന്നും തിരിച്ചറിഞ്ഞിട്ടും മനഃപൂര്‍വം നിഷേധിക്കുന്നതിനാണ് സാങ്കേതികാര്‍ഥത്തില്‍ കുഫ്ര് എന്നു പറയുന്നത്. പ്രവാചകത്വത്തെ നിഷേധിക്കുക, പരലോകത്തെ നിഷേധിക്കുക തുടങ്ങിയവ കുഫ്റിന് ഉദാഹരണമാണ്.
നിഫാഖ്
നിഫാഖ് എന്നതിന്റെ ഭാഷാര്‍ഥം ദ്വിമുഖത, കാപട്യം തുടങ്ങിയവയാണ്. വിശ്വാസ നിഷേധത്തെ മറച്ചു വെച്ചു കൊണ്ട് വിശ്വാസിയുടെ കപട മുഖമണിയുന്നതിനാണ് സാങ്കേതികാര്‍ഥത്തില്‍ നിഫാഖ് എന്നു പറയുന്നത്. ഇതിന് വിശ്വാസത്തിലെ നിഫാഖ് എന്നും പറയുന്നു. വിശ്വാസിയായിരിക്കെ കപടവിശ്വാസിയുടെ പ്രവര്ത്തനങ്ങളനുഷ്ഠിക്കുന്നതിനും സാങ്കേതികാര് ഥത്തില് നിഫാഖ് എന്ന് ഉപയോഗിക്കാറുണ്ട്. ഇതിന് പ്രവര്‍ത്തനത്തിലെ നിഫാഖ് എന്നും പേര് വിളിക്കപ്പെടുന്നു. വിശ്വസിച്ചാല്‍ ചതിക്കുക, സംസാരിച്ചാല്‍ കളവ് പറയുക, കരാര്‍ ചെയ്താല്‍ ലംഘിക്കുക, തമ്മില്‍ തെറ്റിയാല്‍ ചീത്ത വിളിക്കുക തുടങ്ങിയവ പ്രവര്‍ത്തനത്തിലെ നിഫാഖിന് ഉദാഹരണമാണ്.
ഫര്‍ദ്വ്
കല്പന, തീരുമാനം, നിബന്ധന, നിര്‍ബന്ധം എന്നൊക്കെയാണ് ‘ഫര്‍ദ്വ്’ എന്നതിന്റെ ഭാഷാര്‍ഥം. നിര്‍ബന്ധ കര്‍മങ്ങള്‍ക്കാണ് ഇസ്ലാമിക കര്‍മ ശാസ്ത്രത്തില്‍ ‘ഫര്‍ദ്വ്’ എന്നു പറയാറുള്ളത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുഷ്ഠിക്കല്‍ നിര്‍ബന്ധവും ഉപേക്ഷിക്കല്‍ കുറ്റകരവുമാണ്. അഞ്ചു നേരത്തെ നമസ്കാരം, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍ തുടങ്ങിയവ ഉദാഹരണം.
ഇദ്ദഃ
എണ്ണുക, കണക്കാക്കുക എന്നാണ് ഇദ്ദഃ എന്ന പദത്തിന്റെ ഭാഷാര്‍ഥം.
സ്ത്രീ, വിവാഹമോചനം ചെയ്യപ്പെട്ടാല്‍ അന്നുമുതല്‍ മൂന്നു മാസവും ഭര്‍ത്താവ് മരണപ്പെട്ടാല്‍ നാലു മാസവും പത്തു ദിവസവും കാത്തിരിക്കുക എന്നതാണ് ഇസ്ലാമിക സാങ്കേതികാര്‍ഥത്തില്‍ ഇദ്ദ എന്നു പറയുന്നത്.
മഹ്ര്
ഇസ്ലാമിക വിവാഹവേളയില്‍ വരന് വധുവിന് നിര്‍ബന്ധമായും നല്‍കേണ്ട വിവാഹമൂല്യത്തിനാണ് സാങ്കേതികാര്‍ഥത്തില്‍ മഹ്ര് എന്നു പറയുന്നത്.
ത്വലാഖ്
വിഛേദിക്കുക, വേര്‍പെടുത്തുക, കെട്ടഴിക്കുക എന്നൊക്കെയാണ് ത്വലാഖ് എന്ന പദത്തിന്റെ ഭാഷാര്‍ഥം. വിവാഹബന്ധം വേര്‍പ്പെടുത്തുക എന്നതിന് ഇസ്ലാമിക സാങ്കേതികാര്‍ഥത്തില്‍ ത്വലാഖ് എന്നു പറയുന്നു.
വുദൂഅ്
ബാഹ്യമായ വൃത്തിശുദ്ധി എന്നതിനപ്പുറം ഒരു പ്രത്യേക തരം ശുദ്ധീകരണത്തിനാണ് ഇസ്ലാമിക സാങ്കേതികാര്‍ഥത്തില്‍ വുദു എന്നു പറയുന്നത്. കൈ കാല് മുഖങ്ങള്‍ കഴുകുക, തല തടവുക എന്നതാണ് അതിന്റെ ബാഹ്യകര്മമെങ്കിലും അത് ശരീരത്തിലെ അഴുക്ക് നീക്കാനുള്ളതല്ല. ആത്മീയമായ ശുദ്ധീകരണമാണ്. നമസ്കാരത്തിനും ത്വവാഫിനും വുദു നിര്‍ബന്ധമാണ്.
