കുരിശു യുദ്ധങ്ങള്‍
മധ്യകാല ചരിത്രത്തില്‍ യൂറോപ്പ്–പശ്ചിമേഷ്യ ബന്ധങ്ങളെ ആഴത്തില്‍ സ്വാധീനിച്ച സംഭവങ്ങളിലൊന്നാണ് കുരിശു യുദ്ധങ്ങള്‍. മതപരമായ ആഹ്വാനങ്ങളുടെയും രാഷ്ട്രീയ–സാമ്പത്തിക ലക്ഷ്യങ്ങളുടെയും പശ്ചാത്തലത്തില്‍ ആരംഭിച്ച ഈ യുദ്ധങ്ങള്‍ നൂറ്റാണ്ടുകളോളം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് വഴിതെളിച്ചു. കുരിശു യുദ്ധങ്ങള്‍ മുസ്‌ലിം ലോകത്തിനും യൂറോപ്യന്‍ സമൂഹങ്ങള്‍ക്കും ഒരുപോലെ ഗൗരവമേറിയ ചരിത്രപരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു.
ബൈത്തുല്‍ മുഖദ്ദസ് ഉള്‍പ്പെടുന്ന ഫലസ്തീന്‍ രാജ്യം തിരിച്ചു പിടിക്കാന്‍ ഭിന്നതകള്‍ മറന്ന് പോപ്പിന്റെ നേതൃത്വത്തില്‍ യൂറോപ്പിലെ ക്രൈസ്തവര്‍ നടത്തിയ പോരാട്ടങ്ങളാണ് കുരിശു യുദ്ധങ്ങള്‍. ഇതില്‍ പങ്കെടുത്ത ഓരോ പോരാളിയുടെയും വലതു കൈയില്‍ മരക്കുരിശ് കെട്ടിക്കൊടുത്തിരുന്നു. അങ്ങനെയാണ് ഈ യുദ്ധങ്ങള്‍ക്ക് കുരിശു യുദ്ധങ്ങള്‍ എന്ന പേര് വന്നത്.
നിരപരാധികളായ സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുള്‍പ്പെടെ ലക്ഷക്കണക്കിന് പച്ച മനുഷ്യരുടെ രക്തം കൊണ്ട് ചരിത്രത്തെ ചുവപ്പിച്ച ഈ നരനായാട്ട് 152 വര്‍ഷങ്ങള്‍ക്കിടെ എട്ടെണ്ണം അരങ്ങേറി.
‘അറബികളുടെ ചരിത്രം’ എന്ന തന്റെ കൃതിയില്‍ സയ്യിദ് അമീര്‍ അലി പറയുന്നതിങ്ങനെ:
കുരിശു യുദ്ധങ്ങള്‍ നടന്ന വര്‍ഷം
- ഒന്നാം കുരിശുയുദ്ധം ക്രി. 1096-1099
- രണ്ടാം കുരിശുയുദ്ധം ക്രി.1147-1149
- മൂന്നാം കുരിശുയുദ്ധം {കി: 1189-1192
- നാലാം കുരിശുയുദ്ധം ക്രി.1202-1204
- അഞ്ചാം കുരിശുയുദ്ധം ക്രി.1218-1221
- ആറാം കുരിശുയുദ്ധം ക്രി. 1228-29
- ഏഴാം കുരിശുയുദ്ധം ക്രി.1248-1254
ദശലക്ഷങ്ങള്‍ യുദ്ധത്താലും പട്ടിണിയാലും രോഗത്താലും ഭൂമുഖത്തു നിന്ന് തുടച്ചു നീക്കപ്പെട്ടു. മനുഷ്യ സങ്കല്പത്തിന്നതീതമായ കൊടും ക്രൂരതകളാല്‍ കുരിശിന്റെ പോരാളികള്‍ ആ മതത്തിന് തന്നെ തീരാകളങ്കമായി ഭവിച്ചു.’
കുരിശുയുദ്ധം: കാരണങ്ങള്‍
യേശു ക്രിസ്തുവിന്റെ ജന്മഗ്രഹം എന്നു വിശ്വസിക്കപ്പെടുന്ന നസ്‌റത്ത് ഉള്‍പ്പെടെയുള്ള ജറൂസലം, ഫലസ്തീന്‍ എന്നിവ ഉമറിന്റെ(റ) ഭരണകാലം മുതല്‍ (ക്രി. 634-644) തന്നെ മുസ്‌ലിംകളുടെ ഭരണത്തില്‍ കീഴിലാണ്. അബ്ബാസികളും സല്‍ജൂക്കുകളും ഇടക്ക് ഫാത്വിമികളും ഈ മുസ്‌ലിം-ജൂത-ക്രിസ്തീയ വിശുദ്ധ ഭൂമി പരിപാലിച്ചുകൊണ്ടിരുന്നു.
ബൈത്തുല്‍ മുഖദ്ദസും മസ്ജിദുല്‍ അഖ്‌സ്വായും മുസ്‌ലിംകളുടെ ആരാധനാ ഗേഹങ്ങളാണെങ്കിലും ഏത് മതസ്ഥര്‍ക്കും അങ്ങോട്ട് തീര്‍ഥയാത്രയും സന്ദര്‍ശനവും നടത്താനുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ടു. ഇത് മുസ്‌ലിം ഭരണാധികാരികള്‍ കൃത്യമായി പാലിക്കുകയും ചെയ്തു.
എന്നാല്‍ ജറുസലം തീര്‍ഥാടകരെയും മക്ക, മദീന എന്നിവിടങ്ങളിലേക്കുള്ള ഹജ്ജാജിമാരെയും ബദവികളായ കൊള്ള സംഘങ്ങള്‍ അക്രമിച്ചിരുന്നു. മരുഭൂമികളിലെ വനങ്ങളില്‍ താവളമടിക്കുന്ന ഇവര്‍ക്കെതിരില്‍ സൈനികരെ പലപ്പോഴും അയച്ചെങ്കിലും അവരെ തുരുത്തല്‍ അസാധ്യമായിരുന്നു.
ഇവരുടെ അക്രമണത്തെ പ്രതിരോധിക്കാനാവാം ക്രൈസ്തവ തീര്‍ഥാടകര്‍ ആയുധങ്ങളും തീപ്പന്തങ്ങളുമേന്തിയാണ് ജറുസലമിലേക്ക് വന്നിരുന്നത്. കാലം ചെന്നപ്പോള്‍ മുസ്‌ലിംകളായ ഗ്രാമീണര്‍ക്കും വഴിപോക്കര്‍ക്കും ക്രൈസതവ തീര്‍ഥാടകര്‍ പേടി സ്വപ്‌നമായി. ഇതോടെ 1080ല്‍ സല്‍ജൂക്ക് ഖലീഫ് ആയുധമേന്തിയുള്ള തീര്‍ഥാടനം നിരോധിച്ചു.
ഇത് ക്രൈസ്തവ യൂറോപ്പ് ഏറ്റെടുത്തു. തീര്‍ഥാടനം മുടക്കി എന്ന പേരില്‍ അവര്‍ പ്രചാരണം നടത്തി. ക്രൈസ്തവ വികാരം ആളിക്കത്തിച്ചു. മധ്യേഷ്യയും ആഫ്രിക്കയും സ്‌പെയിന്‍ വഴി യൂറോപ്പും കൈവശമുള്ള ഇസ്‌ലാമിന്റെ പ്രവാഹത്തെ തടയാനും അവരുടെ എണ്ണമറ്റ സമ്പത്ത് കൈക്കലാക്കാനും പഴുത് തേടി നടന്ന യൂറോപ്യര്‍ ഈ സംഭവം പിടിവള്ളിയാക്കി.
പോപ്പ് അര്‍ബര്‍ 1095 മാര്‍ച്ചില്‍ യൂറോപ്പിലെ മതാധ്യക്ഷരുടെയും യോദ്ധാക്കളുടെയും കൗണ്‍സില്‍ വിളിച്ചു കൂട്ടി ക്രിസ്തുവിന്റെ കല്ലറയും പുണ്യസ്ഥലങ്ങളുള്‍പ്പെടുന്ന ജറുസലമും മുസ്‌ലിംകളില്‍ നിന്ന് മോചിപ്പിക്കാനുള്ള വിശുദ്ധ യുദ്ധത്തിന് സമയമായെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ദൈവരാജ്യത്തിനുവേണ്ടിയുള്ള ഈ യുദ്ധത്തില്‍ പങ്കെടുത്താല്‍ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നും ഇതില്‍ മരിച്ചാല്‍ സ്വര്‍ഗം ഉറപ്പാണെന്നും പോപ്പ് വാഗ്ദാനം ചെയ്തു. ഭരണകൂടങ്ങളും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. കുരിശേന്തി വിശുദ്ധ യുദ്ധത്തില്‍ അണിചേരുന്ന അടിമകള്‍ക്ക് മോചനവും കര്‍ഷകര്‍ക്ക് കടാശ്വാസവും അടിയാന്‍മാര്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശവുമായിരുന്നു വാഗ്ദാനങ്ങള്‍.
ഫ്രാന്‍സ് ജര്‍മ്മനി, ഇറ്റലി, ഡച്ച് തെരുവുകളിലും ദേവാലയങ്ങളിലും പോപ്പിന്റെ വാഗ്ദാന ങ്ങളുമായി പുരോഹിതന്മാര്‍ ചുറ്റി നടന്നു. ജറൂസലമിലെ മുസ്‌ലിംകളുടെ ‘ഇല്ലാത്ത ക്രൂരതകള്‍’ അവര്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു മുന്നില്‍ നിരത്തി.
ക്രൈസ്തവ ജാഗരണത്തില്‍ സമരോല്‍സുകരായ ജനം വലതു കൈയില്‍ കുരിശും ആയുധങ്ങളുമേന്തി വിശുദ്ധ യുദ്ധത്തിനിറങ്ങി. പതാകയുമായി പോപ്പും നായകരായി പ്രഭുക്കളും. അവരുടെ മുന്നിലുള്ള വിരുന്നും ഇവരില്‍ സൈനികര്‍ മാത്രം മൂന്നു ലക്ഷത്തോളം വരുമെന്ന് ഡോ. ഹസന്‍ ഇബ്‌റാഹീം ഹസന്‍ തന്റെ ‘താരിഖുല്‍ ഇസ്‌ലാമി’ല്‍ പറയുന്നു.
ഒന്നാം കുരിശു യുദ്ധം (ക്രി. 1096-1099)
യൂറോപ്പിലെ ഭിന്ന ദേശീയതകള്‍ പോപ്പിന്റെ നേതൃത്വത്തില്‍ ഒരു പതാകക്ക് കീഴില്‍ അണിനിരക്കുമ്പോള്‍ ബഗ്ദാദില്‍ സല്‍ജൂക്കുകള്‍ പരസ്പരം വഴക്കടിക്കുകയായിരുന്നു സ്‌പെയിനിലും സിസിലിയിലും അധികാര വടം വലി തകര്‍ത്താടിക്കൊണ്ടിരുന്നു.
തികച്ചും അനുകൂല സാഹചര്യത്തിലാണ് ക്രി. 1096 ആഗസ്തില്‍ (ഹി. 489) കുരിശു പട പ്രയാണമാരംഭിച്ചത്. ഗോഡ് ഫ്രേ (God frey de Bouillion), റൈമണ്ട് (Raymand IV), ബോഹിമണ്ട് (Bohemand) എന്നീ നായകരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായിട്ടാണ് പടനീക്കം. കോണ്‍സ്റ്റാന്റിനോപ്പിളില്‍ സംഗമിച്ച ശേഷമാണ് പ്രവാഹം പോലെ അവര്‍ കുതിച്ചത്.
ഏഷ്യാമൈനര്‍ ഒരു മാസം ഉപരോധിച്ചു. സല്‍ജൂക്ക് സുല്‍ത്താന്റെ ഖലീജ് അര്‍സലാന്‍ പരാജയപ്പെട്ടു. തലസ്ഥാന നഗരമായ ഹിക്കാവോ കുരിശുപട പിടിച്ചു. പിന്നെ ഉപരോധങ്ങളുടെയും പിടിച്ചടക്കലുകളുടെയും ആയുധങ്ങളുടെയും ഭയാനക ദിനങ്ങളായിരുന്നു. ഹെ, അന്താക്കിയാ, അനതേലായി നഗരങ്ങളോരോന്നും മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടു.
ശിശുക്കള്‍, സ്ത്രീകള്‍ തുടങ്ങി കണ്ണില്‍ കണ്ടവരെയെല്ലാം കൊന്നൊടുക്കി. കുരിശു പട്ടാളക്കാര്‍ മൃതദേഹങ്ങളെപ്പോലും വെറുതെ വിട്ടില്ല. ഖബറുകള്‍ പോലും മാന്തി തലയോട്ടിയെടുത്ത് പട്ടാള ക്യാമ്പുകള്‍ അലങ്കരിക്കുന്നതുവരെയെത്തി ക്രൈസ്തവ യോദ്ധാക്കളുടെ ക്രൂരത.
ജറുസലമിലേക്കുള്ള കവാടമായ അന്താക്കിയ പിടിക്കാന്‍ 10,000 മുസ്‌ലിംകളെ കൊന്നൊടുക്കി. അവരുടെ രക്തപുഴയില്‍ നീന്തിയാണ് കുതിരകള്‍ നീങ്ങിയത്. ഒടുവില്‍ 1099 ജൂലൈയില്‍ (ഹി. 492) മുസ്‌ലിം ലോകം കണ്ണീരണിഞ്ഞു.
41 ദിവസത്തോളം നീണ്ടുനിന്ന മുസ്‌ലിംകളുടെ ഉപരോധത്തെ തകര്‍ത്ത് കുരിശു സേന ബൈത്തുല്‍ മുഖദ്ദസിലേക്ക് ഇരച്ചു കയറി. അവിടെ കണ്ടവരെ മുഴുവന്‍ വാളിനിരയാക്കി. സ്ത്രീകളും കുട്ടികളും അവരിലുണ്ടായിരുന്നു. ഹൈക്കല്‍ സൂലൈമാനിയില്‍ അഭയം തേടിയവരില്‍ മുസ്‌ലിംകളെപ്പോലെ ജൂതരും ക്രൈസ്തവരുമുണ്ടായിരുന്നു. അവര്‍ പോലും രക്ഷപ്പെട്ടില്ല. മസ്ജിദ്ദുല്‍ അഖ്‌സായുടെ പൂമുഖം പോലും ചോരയില്‍ കുതിര്‍ന്നു.
ഒന്നാം കുരിശുയുദ്ധം അവസാനിക്കുമ്പോള്‍ ബൈത്തുല്‍ മുഖദ്ദസ് ഒരു രാഷ്ട്രമായി പ്രഖ്യാപിക്കുകയും കുരിശുപടയുടെ തലവന്‍ ഫ്രഞ്ചുകാരന്‍ ഗോഡ് ഫെനി അതിന്റെ ഭരണാധികാരിയായി യേശുവിന്റെ കല്ലറയുടെ സംരക്ഷന്‍ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും ചെയ്തു.
രണ്ടാം കുരിശു യുദ്ധം (ക്രി.1147-1149)
വിശുദ്ധ നഗരവും ഖുദ്‌സും പിടിവിട്ടതോടെ മുസ്‌ലിംകള്‍ ഉണര്‍ന്നു. പാശ്ചാത്യര്‍ക്കെതിരെ ഒന്നിച്ച് പോരാടണമെന്നതിന് പകരം ഭിന്നിച്ചു നിന്നതിന്റെ ഭവിഷ്യത്ത് അവരെ മാറിച്ചിന്തിപ്പിച്ചു. മുസ്‌ലിം പണ്ഡിതര്‍ ഐക്യത്തിനായി ശ്രമിച്ചു.
1102ല്‍ തന്നെ അര്‍റംല നഗരം ഈജിപ്ത് തിരിച്ചു പിടിച്ചു. 1144 ഡിസംബര്‍ 23 (539) ജുമാദല്‍ ഉഖ്‌റാ 26ന്) റഹാ ഭരണകൂടത്തെ ഇമാമുദ്ദീന്‍ സങ്കിയും തകര്‍ത്തു. 28 ദിവസം നീണ്ടുനിന്ന ഉപരോധത്തിനൊടുവിലാണ് റഹാനഗരം സങ്കി പിടിച്ചത്. ഇമാമുദ്ദീന്റെ മരണശേഷം മകന്‍ നൂറുദ്ദീനും ക്രൈസ്തവ ഭരണകൂടങ്ങള്‍ക്കെതിരെ പടനയിച്ചു.
ഇതോടെ ക്രൈസ്തവര്‍ പോപ്പിന്റെ സഹായം തേടി. രണ്ടാം കുരിശു യുദ്ധത്തിനൊരുങ്ങാന്‍ പോപ്പ് ആഹ്വാനം മുഴുക്കി. ജര്‍മ്മന്‍ ചക്രവര്‍ത്തി കോണ്‍റാഡ് മൂന്നാമനും ഫ്രഞ്ച് രാജാവ് ലൂയി ഏഴാമനും മടിച്ചാണെങ്കിലും പോപ്പിന്റെ ആഹ്വാനം സഫലീകരിച്ചു. 90,000 ഭടന്‍മാരുമായി ക്രി. 1147 (ഹി. 1542) അവര്‍ സിറിയയെ ലക്ഷ്യമാക്കി പുറപ്പെട്ടു.
ഒന്നാം കുരിശ് യുദ്ധത്തില്‍ നിന്നു വ്യത്യസ്തമായി രണ്ടാം കുരിശു യുദ്ധം ക്രൈസ്തവര്‍ക്കു മുന്നില്‍ കടമ്പങ്ങളേറെയുണ്ടാക്കി. സൈനികരില്‍ മാതാവേശം കുറഞ്ഞതും രാഷ്ട്രീയ കാര്യങ്ങളില്‍ പോപ്പ് ഇടപെടുന്നതും ഒന്നാം യുദ്ധത്തിലൂടെ ആര്‍ജിച്ചെടുത്ത വന്‍ സമ്പത്ത് അവരിലുണ്ടാക്കിയ ആഡംബര ഭ്രമവും എല്ലാം കുരിശു പടക്ക് തിരിച്ചടിയായിരുന്നു.
ഏഷ്യാെൈമനറില്‍ വെച്ചു തന്നെ ഇവര്‍ക്ക് മുസ്‌ലിംകളില്‍ നിന്ന് ആദ്യ തിരിച്ചടി നേരിട്ടു. പട്ടിണിയും രോഗവും കുരിശുസേനാനികളില്‍ ചിലരുടെ ജീവനെടുത്തു. ബാക്കിയുള്ളവരുമായാണ് അവര്‍ ദമസ്‌ക്കസ് ഉപരോധിക്കാന്‍ പോയത്.
എന്നാല്‍ നൂറുദ്ദീന്‍ സങ്കിയുടെ നേതൃവൈഭവത്തിനു മുന്നില്‍ കോണ്‍റാഡ് മൂന്നാമനും ലൂയി ഏഴാമനും പിന്‍വാങ്ങുകയല്ലാതെ വഴിയില്ലാതായി. ആയുധങ്ങള്‍ പോലും ഉപേക്ഷിച്ചാണ് കുരിശ് സേനാനികള്‍ ദമസ്‌ക്കസില്‍ നിന്ന് പോയത്.
ഇതിനിടെ, ദമസ്‌ക്കസിലെ മുസ്‌ലിം ഭരണാധികാരി മുഈനുദ്ദീന്‍ കുരിശു പടയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇയാളെ സിറിയക്കാര്‍ തന്നെ പുറംതള്ളി ഭരണം നൂറുദ്ദീനെ ഏല്പിച്ചു.
അന്താക്കിയയും ട്രിപ്പോളിയും പിടിച്ച് നൂറുദ്ദീന്‍ ജൈത്രയാത്ര തുടര്‍ന്നു. കുരിശുപട തിരിച്ചു പോയതോടെ രണ്ടാം കുരിശുയുദ്ധം അവസാനിക്കുകയും ചെയ്തു. 1149ല്‍.
മൂന്നാം കുരിശ് യുദ്ധം (ക്രി: 1189-1192)
സ്വലാഹുദ്ദീന്‍ ഹിത്വീന്‍ ജയിച്ചടക്കിയതിനു പിന്നാലെ തുടര്‍ച്ചയായി നേടിയ വിജയങ്ങള്‍ക്കൊടുവില്‍ മുമ്പ് നഷ്ടപ്പെട്ട ഖുദ്‌സ്, സുല്‍ത്താന്റെ തന്നെ കൈകളാല്‍ മുസ്‌ലിംകള്‍ തിരിച്ചു പിടിച്ചു. ക്രി.വ 1187ല്‍ അഥവാ ഹിജ്‌റ 583 റജബ് 27നായിരുന്നു ആ ചരിത്ര വിജയം. ശഅ്ബാന്‍ 4ന് മസ്ജിദുല്‍ അഖ്‌സായില്‍ സ്വലാഹുദ്ദീനും സൈന്യവും ജുമുഅ നമസ്‌കരിക്കുകയും ചെയ്തു.
ജറൂസലമിന്റെ നഷ്ടം യൂറോപ്പിനെ അങ്കലാപ്പിലാക്കി. അപമാനിതരായ ക്രൈസ്തവര്‍ ഇളകി മറിഞ്ഞു. അവര്‍ മുസ്‌ലിംകളെയും സ്വലാഹുദ്ദീനെയും ശപിച്ചുകൊണ്ട് തെരുവുകളിലിറങ്ങി അലമുറയിട്ടു കരഞ്ഞു.
അന്നത്തെ പോപ്പ് അര്‍ബന്‍ മൂന്നാമനെ, ജറൂസലം നഷ്ടപ്പെട്ട വിവരമറിയിച്ചപ്പോള്‍, അദ്ദേഹത്തിനത് താങ്ങാനായില്ല. രോഗിയായിരുന്ന അദ്ദേഹം 1187 ഒക്ടോബറില്‍ മരിച്ചു. ഗ്രിഗറി എട്ടാമനാണ് തുടര്‍ന്ന് പോപ്പായത്. അദ്ദേഹത്തിന്റെ ആഹ്വാനമനുസരിച്ച്, ജര്‍മനിയിലെ ഫ്രെഡറിക് ബര്‍ബറോസ ഒന്നാമന്‍, ഫ്രാന്‍സിലെ ഫിലിപ്പ് അഗസ്റ്റസ് രണ്ടാമന്‍, ഇംഗ്ലണ്ടിലെ റിച്ചാര്‍ഡ് ഒന്നാമന്‍ (ദി ലയണ്‍) എന്നിവര്‍ സംയുക്തമായി മൂന്നാം കുരിശു യുദ്ധം 1189ല്‍ പ്രഖ്യാപിച്ചു.
1189 മെയ് 11ന് യാത്രയാരംഭിച്ച് ഏഷ്യാമൈനറിലെത്തിയ ജര്‍മന്‍ പട സിലിക്ക നദി മുറിച്ചു കടക്കവെ, നായകന്‍ ഫ്രെഡറിക് ബാര്‍ബറോസ മുങ്ങി മരിച്ചു. ഇതോടെ നല്ലൊരു വിഭാഗം സൈനികര്‍ പിന്തിരിഞ്ഞു. ലക്ഷ്യത്തിലെത്തും മുമ്പേ പിണഞ്ഞ വലിയൊരു പരാജയമായി കുരുശുപടക്കിത്.
മൂന്നു സൈന്യങ്ങളും ചേര്‍ന്ന് ഫലസ്തീനിലെ, സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ അക്ക കോട്ട ഉപരോധിച്ചു. റിച്ചാര്‍ഡിന്റെ വന്‍ നാവികപ്പടയുടെ നേതൃത്വത്തിലുള്ള ഈ ഉപരോധം സുല്‍ത്താനെ വട്ടം കറക്കി. ഇതിനെ പ്രതിരോധിക്കാവുന്ന ഒരു നാവികപ്പട മുസ്‌ലിംകള്‍ ക്കുണ്ടായിരുന്നില്ല.
1189 ആഗസ്റ്റില്‍ (585 റജബ് 10) തുടങ്ങിയ ഉപരോധം രണ്ടു വര്‍ഷം നീണ്ടുനിന്നു. ജീവന്‍ കൊടുത്തും പ്രതിരോധം തീര്‍ത്ത പടയാളികളെ പരാജയപ്പെടുത്തിയ കുരിശുപട 1191 ജൂലൈ 11 (587 ജുമാദല്‍ ഉഖ്‌റാ 16)ന് കോട്ടയില്‍ പ്രവേശിച്ചു.സ്വലാഹുദ്ദീന്‍ സന്ധിക്കു തയ്യാറായി. എന്നാല്‍ ജറൂസലം വേണമെന്ന റിച്ചാര്‍ഡിന്റെ ആവശ്യം സുല്‍ത്താന്‍ തള്ളി. മറ്റുള്ളവ അംഗീകരിച്ചു. സന്ധി പൊളിഞ്ഞു.
ഒടുവില്‍ കുരിശുപട അക്ക കോട്ട കീഴടക്കി. കോട്ടക്കകത്തുണ്ടായിരുന്ന 3000 ഓളം മുസ്‌ലിം ഭടന്‍മാരെ അവര്‍ കൊന്നൊടുക്കി. കീഴടങ്ങിയ ഭടന്‍മാരെ പുറത്തു കൊണ്ടു വനന് ബന്ധുക്കളുടെ മുന്നില്‍ വെച്ച് വധിച്ചു. റിച്ചാര്‍ഡ് എന്ന ശിലാഹൃദയന്‍.
അക്കയില്‍ നിന്നും ജറൂസലമിലേക്കു നീങ്ങിയ കുരിശുപടയെ മുസലിം സൈന്യം തടഞ്ഞു. ഖുദ്‌സിന്റെ സംരക്ഷണത്തിന് ജീവത്യാഗം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത സുല്‍ത്താന്റെയും സൈന്യത്തിന്റെയും മുന്നില്‍ റിച്ചാര്‍ഡും സൈന്യവും വെള്ളം കുടിച്ചു. ഒടുവില്‍ യൂറോ സേന്ക്ക് യുദ്ധം മടുത്തു. റിച്ചാര്‍ഡ് സന്ധിക്ക് തയ്യാറായി.
സിറിയയിലെ ചില തീര പ്രദേശങ്ങളും ജാഫയും, ക്രൈസ്തവ തീര്‍ഥാടകര്‍ക്ക് ജറൂസലം സന്ദര്‍ശിക്കാനുള്ള അനുവാദവും സുല്‍ത്താന്‍ നല്‍കി. സന്ധിയെ തുടര്‍ന്ന് 1192 ആഗസ്ത് 27ന് മൂന്നാം കുരിശുയുദ്ധവും അവസാനിച്ചു.
നാലാം കുരിശുയുദ്ധം (ക്രി.1202-1204)
നാലാം കുരിശുയുദ്ധം ക്രൈസ്തവര്‍ക്കും യൂറോപ്പിനും ക്രൂരമായ ഒരു ഫലിതമായിട്ടാണ് പരിണമിച്ചത്. മൂന്നാം കുരിശുയുദ്ധത്തില്‍ (1189-1192) സുല്‍ത്താന്‍ സ്വലാഹുദ്ദീനും റിച്ചാര്‍ഡ് ഹാര്‍ട്ടഡും തമ്മില്‍ ഒപ്പിട്ട യുദ്ധമില്ലാകരാറിനെ കാറ്റില്‍ പറത്തിയാണ് പോപ്പ് ഇന്നസെന്റ് മൂന്നാമന്‍ നാലാം കുരിശു യുദ്ധത്തിന് ആഹ്വാനം നല്‍കിയത്.
സിറിയയിലെ തങ്ങളുടെ നിലനില്‍പ് സുരക്ഷിത്മാക്കാനും, സ്വലാഹുദ്ദീന്‍ മോചിപ്പിച്ചെടുത്ത ബൈതുല്‍ മുഖദ്ദസും, ബൈതുല്‍ മുഖദ്ദസ് സാമ്രാജ്യവും തിരിച്ചുപിടിക്കാനും ഈജിപ്ത് സ്വാധീനവലയത്തിലാക്കല്‍ അനിവാര്യമാണെന്ന് പോപ്പു കുരിശുപടയാളികളും യൂറോപ്പും മനസ്സിലാക്കി. ഈ പശ്ചാത്തലത്തിലാണ് പോപ്പ് ഈജിപ്തിനെ ലക്ഷ്യമാക്കികൊണ്ട് നാലാം കുരിശു യുദ്ധത്തിനാഹ്വാനം നടത്തുന്നത്.
ബൈത്തുല്‍ മുഖദ്ദസ് പിടിക്കാന്‍ സിറിയന്‍ തീരത്തേക്ക് പുറപ്പെട്ട കുരിശുപട ഒടുവില്‍ എത്തിപ്പെട്ടത് യൂറോപ്പിലെ അവരുടെ തന്നെ കേന്ദ്രമായ കോണ്‍സ്റ്റാന്‍ഡിനോപ്പി ളിലായിരുന്നു. 1203 ജൂണ്‍ 23 (599 ശവ്വാല്‍ 11)ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ തീരത്തെത്തിയ അവര്‍, പന്ത്രണ്ട് ദിവസത്തിനകം സൈനിക നീക്കം തുടങ്ങി. കൊള്ളയും കൊലയും ചുട്ടെരിക്കലും ദേവാലയ ധ്വംസനങ്ങളും നടത്തി അവര്‍ ആ നഗരത്തെ നശിപ്പിച്ചു. കോണ്‍സ്റ്റാന്റിനോപ്പിളിലെ ഗ്രീക്കു ഭരണത്തിന് അന്ത്യം കുറിച്ച് തല്‍സ്ഥാനത്ത് ലാറ്റിന്‍ ഭരണം സ്ഥാപിച്ചു എന്നതാണ് നാലാം കുരിശു യുദ്ധത്തിന്റെ അനന്തരഫലം. 1204 ഏപ്രില്‍ 13 (600 ശഅ്ബാന്‍ 10)നാണ് അവര്‍ നഗരം തങ്ങളുടെ വരുതിയിലാക്കിയത്.
അയ്യൂബി സുല്‍ത്താന്‍ മലിക് ആദില്‍ വെനീസിലെ ക്രൈസ്തവ വ്യാപാരികള്‍ക്ക് സിറിയന്‍ തുറമുഖങ്ങളില്‍ പാണ്ടിക ശാലകള്‍ തുറക്കാന്‍ അനുവാദം നല്‍കിയിരുന്നു. വെനീസ് റിപ്പബ്ലിക് അധിപന്‍ ഡ്യൂക്ക് ഡാന്‍ഡുലോയുടേതായിരുന്നു ഇവയിലധികവും.
ഇതു മുതലെടുത്ത് കുരിശുപടയെ സിറിയന്‍ തീരങ്ങളില്‍ കപ്പല്‍ വഴി എത്തിക്കേണ്ട ചുമതല പോപ്പ് ഡ്യൂക്കിനെ ഏല്പിച്ചു. യുദ്ധമുതലില്‍ നിന്നുള്ള പങ്ക് പ്രതിഫലമായി വാഗ്ദാനവും ചെയ്തു.
അക്കാലത്തെ വെനീസിന്റെ രണ്ട് വ്യാപാര എതിരാളികളായിരുന്നു അഡ്രാറ്റിക്കിലെ സാറാ തുറമുഖവും കോണ്‍സ്റ്റാന്റിനോപ്പിളും. ഇത് രണ്ടും ക്രൈസ്തവരുടെ അധീനതയിലാണ്. അതേ സമയം ഈജിപ്തും സിറിയയും വെനീസിന്റെ വ്യാപാര കേന്ദ്രങ്ങളുമായിരുന്നു.
ഡ്യൂക്ക് ഡാന്‍ഡുലോ തന്ത്രപരമായി കുരിശു പടയെ ആദ്യം സാറ തുറമുഖത്തേക്കും അവിടുന്ന് കോണ്‍സ്റ്റാന്റിനോപ്പിളിലേക്കും തിരിച്ചുവിട്ടു. സാറയെ അക്രമിച്ചത് സമ്പത്തിനായിരുന്നു. കോണ്‍സ്റ്റാന്‍ഡിനോപ്പിളാകട്ടെ പോപ്പിനു പകരം ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ ആത്മീയ പിതാവ് പാത്രിയാര്‍ക്കീസിനെയായിരുന്നു അംഗീകരിച്ചിരുന്നത്.
ഈജിപ്ത് കീഴടക്കുക എന്ന തങ്ങളുടെ മുഖ്യലക്ഷ്യം വിസ്മരിച്ചുകൊണ്ട് കോണ്‍സ്റ്റാന്റി നോപ്പിളില്‍ മാത്രം ശ്രദ്ധയുടക്കി, നാലാം കുരിശുപടയും അവസാനിപ്പിച്ചു. നാലാം കുരിശു യുദ്ധം യൂറോപ്യര്‍ക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാക്കിക്കൊടുത്തില്ല.
അഞ്ചാം കുരിശു യുദ്ധം (ക്രി.1218-1221)
നാലാം കുരിശു യുദ്ധത്തിനു ശേഷം പതിനേഴു വര്‍ഷം കഴിഞ്ഞ് നേരത്തെ നടക്കാതെപോയ ഈജിപ്ത് അധിനിവേശം, നടത്താമെന്ന തീരുമാനം യൂറോപ്യന്‍ നേതാക്കള്‍ ചേര്‍ന്നെടുത്തു. ഒരു സംഘം കുരിശുപട അക്കായിലെത്തുകയും ചെയ്തു. 1217 നവംബറില്‍ (614 ശഅ്ബാന്‍ ആദ്യനാളുകള്‍) മുമ്പൊന്നും കാഴ്ചവെച്ചിട്ടില്ലാത്ത വിധം ശക്തമായ ഒരു ആക്രമണം ഈജിപ്തിനു മേല്‍ നടത്താനായി കുരിശുകാര്‍ അക്കായില്‍ നിന്നു പുറപ്പെട്ടു. എന്നാല്‍ കാര്യക്ഷമമായ ഒരു നേതൃത്വത്തിന്റെ അഭാവം നിമിത്തം, കുരിശു പടക്ക് എടുത്തുപറയത്തക്ക ഒരു സൈനിക നീക്കവും നടത്താനായില്ല. അക്കാ പട്ടണാതിര്‍ത്തിയില്‍, നിഷ്‌ക്രിയരായി സൈന്യം കഴിച്ചു കൂട്ടി. 1218 ഏപ്രില്‍ (615 മുഹര്‍റം) വരെ. തുടര്‍ന്ന് കുരിശുയുദ്ധ കൗണ്‍സില്‍ അക്കായില്‍ സമ്മേളിച്ച് ദിംയാത്വ് (ഡാമിറ്റ) ആക്രമിക്കാന്‍ തീരുമാനിച്ചു.
ക്രി.1218 മെയ് അവസാനത്തി (615 റബീഉല്‍ അവ്വല്‍ ആദ്യ ദിനങ്ങള്‍)ലായിരുന്നു അഞ്ചാം കുരിശുപട നീക്കം. അവര്‍ ഈജിപ്തിലെ നൈല്‍ തീരത്തെ ദിംയാത്വ് (ഡാമിറ്റ) തുറമുഖം പിടിച്ചു, അവിടെ കേന്ദ്രമാക്കിയാണ് കുരിശുപട ഈജിപ്തിനനെ ആക്രമിച്ചത്
ഇതിനിടെയായിരുന്നു ഈജിപ്തിലെ സുല്‍ത്താന്‍ ആദിലിന്റെ മരണം സംഭവിച്ചത്. (1218 ആഗസ്തില്‍) മകന്‍ മലിക്കുല്‍ കാമിലായിരുന്നു പിന്‍ഗാമി. അദ്ദേഹം കുരിശുപടയെ തുരത്താന്‍ ഏറെ ശ്രമിച്ചു. എന്നാല്‍ നാവികപ്പടയില്ലാത്തത് വിനയാവുകയായിരുന്നു.
ഐശ്വര്യം തുളുമ്പിയിരുന്ന ദിംയാത്തിനെ കുരിശു സേനക്കാര്‍ ദുരന്തഭൂമിയാക്കി. 70,000 പേര്‍ അധിവസിച്ചിരുന്ന ഇവിടെ 18 മാസത്തെ കുരിശ് ഉപരോധം കൊണ്ട് 3000 പേര്‍ മാത്രമാണ് ബാക്കിയായതെന്ന് ചരിത്രം പറയുന്നു.
ഒടുവില്‍ മലിക് അല്‍ കാമില്‍ സന്ധിക്കൊരുങ്ങി. ദിംയാത്തില്‍ നിന്ന് പിന്‍വാങ്ങിയാല്‍ സിറിയന്‍ തീരങ്ങള്‍ വിട്ടുതരാമെന്ന് അറിയിച്ചു. എന്നാല്‍ ഈജിപ്ത് വിടുന്ന പ്രശ്‌നമില്ലെന്നായി പോപ്പ്. ജറൂസലമിലേക്കുള്ള വാതിലായിരുന്നു അവര്‍ക്ക് ഈജിപ്ത്.
എന്നാല്‍ ദൈവഹിതമെന്നോണം നൈലിലെ ജലവിതാനം ഉയര്‍ന്നത് പൊടുന്നനെ യായിരുന്നു. തടയണകന്‍ കെട്ടി ഈജിപ്തുകാര്‍ പ്രതിരോധം തീര്‍ത്തു. എന്നാല്‍ കുരിശുപട വെള്ളത്തില്‍ മുങ്ങി. സ്വത്തും പടയാളികളും ഓളങ്ങളില്‍ പൊങ്ങി. ദിംയാത്തില്‍ അവര്‍ ഒറ്റപ്പെട്ടു. വഴിമുട്ടിയ അവര്‍ ഒടുവില്‍ സന്ധിക്ക് തയ്യാറാവുകയായിരുന്നു.
ക്രൈസ്തവര്‍ക്ക് ജറുസലമിലേക്ക് സന്ദര്‍ശനാനുവാദം വേണമെന്ന അവരുടെ ആവശ്യവും എട്ടു വര്‍ഷത്തേക്ക് യുദ്ധം വേണ്ടെന്ന കാമിലലിന്റെ നിര്‍ദ്ദേശവും അംഗീകരിക്കപ്പെട്ടു. ആയിരങ്ങളുടെ ജീവന്‍ പോയി എന്നതൊഴിച്ചാല്‍ കുരിശു സൈന്യത്തിന് യാതൊരു നേട്ടവുമില്ലാതെ ക്രി. 1221 (ഹി. 619)ല്‍ അഞ്ചാം കുരിശു യുദ്ധത്തിനും തിരശ്ശീല താഴ്ന്നു.
ആറാം കുരിശു യുദ്ധം (ക്രി. 1228-29)
ആറാം കുരിശു യുദ്ധം യഥാര്‍ഥത്തില്‍ യുദ്ധം എന്ന നിലക്ക് ഉണ്ടായിട്ടില്ല. ജറൂസലം തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമം മാത്രമാണ് നടന്നത്. അതേസമയം ഒരു കരാറിലൂടെ ക്രൈസ്തവര്‍ക്ക് ഈ വിശുദ്ധ നഗരം ലഭിക്കുകയും ചെയ്തു.
ജര്‍മന്‍ ചക്രവര്‍ത്തിയായിരുന്നു ഫ്രെഡറിക് രണ്ടാമന്‍. അഞ്ചാം കുരിശു യുദ്ധം പരാജയപ്പെട്ടതില്‍ രോഷം പൂണ്ട പോപ്പ് ഹോണറസ് മൂന്നാമന്‍ ആറാം കുരിശു യുദ്ധത്തിന് ആഹ്വാനം ചെയ്തു. എന്നാല്‍ ഫെഡറിക് ഈ ആഹ്വാനം തള്ളി. ഇതിനെ തുടര്‍ന്ന് ഫ്രെഡറിക്കിനെ സഭയില്‍ നിന്നും പോപ്പ് പുറത്താക്കി.
എന്നാല്‍ ഫ്രെഡറിക് ചെയ്തത് മറ്റൊന്നായിരുന്നു. ജറൂസലം രാജ്യത്തിന്റെ രാജകുമാരിയായി കുരിശു യോദ്ധാക്കള്‍ അവരോധിച്ചിരുന്ന ഇസ്‌ബെല്ലയെ അദ്ദേഹം വധുവായി സ്വീകരിച്ചു. താന്‍ ജറുസലമിലെ രാജാവാണെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ സൈന്യസമേതം 1227ല്‍ വിശുദ്ധനഗരത്തിലെത്തിയ ഫ്രെഡറിക്കിനെ ക്രൈസ്തവര്‍ അവഗണിക്കുകയാണ് ചെയ്തത്. കാരണം അദ്ദേഹം സഭക്ക് പുറത്താക്കപ്പെട്ടിരുന്നല്ലോ.
എന്നാല്‍ താന്‍ പോപ്പിന്റെ പ്രതിനിധിയല്ലെന്നും ഇസബെല്ലയെ വിവാഹം കഴിച്ചതുവഴി തന്റെ അവകാശമായ ജറൂസലം ഏറ്റെടുക്കാനാണ് താന്‍ വന്നതെന്നുമായിരുന്നു ഫ്രെഡറിക്കിന്റെ നിലപാട്.
മറുവശത്ത് ഫ്രെഡറിക്കിനെ നേരിടാനുള്ള കരുത്ത് അയ്യൂബി സുല്‍ത്താന്‍ കാമിലിനുണ്ടായിരുന്നില്ല. മാത്രമല്ല അയ്യൂബി സഹോദരന്‍മാര്‍ക്കിടയില്‍ അധികാരത്തര്‍ക്കവും നിലനിന്നിരുന്നു. ഇതോടെ സ്വന്തം അധികാരം ഉറപ്പിക്കാന്‍ അല്‍കാമില്‍ ഫ്രെഡറിക്കിന്റെ സഹായം തേടുകയാണ് ചെയ്തത്. അവര്‍ തമ്മില്‍ സന്ധി ചെയ്തു.
നസ്‌റത്ത്, ജഫ, ബതല്‌ഹേം, തുടങ്ങിയ ജറുസലമിന്റെ മിക്ക ഭാഗങ്ങളും പത്തു വര്‍ഷത്തേക്ക് ക്രൈസ്തവര്‍ക്ക് സന്ധിപ്രകാരം ലഭിച്ചു. ഖുബ്ബത്തുസ്സഖ്‌റയും മസ്ജിദുല്‍ അഖ്‌സായും മുസ്‌ലിംകള്‍ നിലനിര്‍ത്തി. ഈജിപ്തിനെ ആക്രമിക്കുകയില്ലെന്നും വ്യവസ്ഥ ചെയ്തു.
എന്നാല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി നേടിയെടുത്തത് ക്രൈസ്തവര്‍ക്ക് തിരിച്ചു കൊടുത്ത കരാറിനെ മുസ്‌ലിം ലോകവും ഈജിപ്ത് ലഭിക്കാത്ത ഉടമ്പടിയെ ക്രൈസ്തവ ലോകവും അംഗീകരിച്ചില്ല. ബൈത്തുല്‍ മുഖദ്ദസിന്റെ രാജാവായ ഫ്രെഡറിക് രണ്ടാമന്‍ കിരീട ധാരണം കഴിഞ്ഞതിനു പിന്നാലെ, 1229 ജൂണില്‍ (626 റജബ്) മുമ്പൊരു സംഘവും കൊണ്ടുപോയിട്ടില്ലാത്ത അത്ര സമ്പത്താണ് യൂറോപ്പിലേക്ക് കൊണ്ടുപോയത്.
ഏഴാം കുരിശുയുദ്ധം (ക്രി.1248-1254)
അല്‍ മലികുസ്സ്വാലിഹ് എന്ന സ്ഥാനപ്പേരിലറിയപ്പെട്ട ധീരനായ സുല്‍ത്താന്‍ നജ്മുദ്ദീന്‍ അയ്യൂബ് വിശുദ്ധ കേന്ദ്രങ്ങള്‍, ക്രൈസ്തവരില്‍ നിന്ന് മോചിപ്പിക്കാന്‍ അധ്വാനിച്ച മഹദ് വ്യക്തിയാണ്. തന്റെ ഖുവാറ സമുദായക്കാരായ സൈനികര്‍ക്കൊപ്പം നിന്ന് 1244 ജൂലൈയില്‍ (ഹി.642) മസ്ജിദുല്‍ അഖ്‌സാ ക്രൈസ്തവരില്‍ നിന്ന് തിരിച്ചു പിടിച്ചു. പിന്നീട് 1914ല്‍ ഒന്നാം ലോക മഹായുദ്ധ സമയത്ത് ഇംഗ്ലീഷുകാര്‍ അങ്ങോട്ട് കടന്നു ചെല്ലും വരെ ഏഴു നൂറ്റാണ്ടുകാലം ഒരു കുരിശുപടയും അങ്ങോട്ട് കടക്കുകയുണ്ടായില്ല. കുരിശുയുദ്ധത്തില്‍ അടിക്കടിയുണ്ടായ പരാജയം ക്രൈസ്തവരെയും പോപ്പിനെയും ഒരു പോലെ അലോസരപ്പെടുത്തി. വിശുദ്ധ നഗരം അവര്‍ക്ക് അന്യമാവുകയും ചെയ്തു.
ഏഴാം കുരിശു യുദ്ധത്തിനിറങ്ങിയത് ഫ്രഞ്ച് ചക്രവര്‍ത്തി ലൂയീസ് ഒമ്പതാമനായിരുന്നു പോപ്പ് ഏണസ്റ്റ് നാലാമനുമായി ചേര്‍ന്നുണ്ടാക്കിയ പദ്ധതിപ്രകാരം ബൈത്തുല്‍ മുഖദ്ദസ് മുസ്‌ലിംകളില്‍ നിന്നു തിരിച്ചു പിടിക്കുക മാത്രമല്ല, ഇസ്‌ലാമിക ലോകത്തെ വിഴുങ്ങുവാനായി ഒരു മുഗിള-ക്രൈസ്തവ സഖ്യം രൂപപ്പെടുത്തിയെടുക്കുക എന്നതു കൂടി ലക്ഷ്യമാക്കിയായിരുന്നു ഈ പ്രയാണം. നയതന്ത്ര ബന്ധം പരസ്പരം നടക്കുമ്പോഴും, മുഗിളര്‍ക്ക് സ്വന്തമായ സ്വപ്‌നങ്ങളുണ്ടായിരുന്നതിനാല്‍ ഈ സഖ്യ രൂപീകരണം പരാജയത്തില്‍ കലാശിച്ചു. ആദ്യം ഈജിപ്ത്, പിന്നീട് ജറുസലം എന്ന ലക്ഷ്യവുമായി അവര്‍ നീങ്ങി. 36 കപ്പലുകളും 15000 ത്തോളം ഭടന്‍മാരുമായി ക്രി. 1248ല്‍ ഈജിപ്തി ലേക്കു നീങ്ങിയ അവര്‍ പോരാട്ടങ്ങളില്ലാതെ ദിംയാത്ത് പിടിച്ചു. നൈലിന്റെ തീരത്തെ ഈ തുറമുഖ നഗരം അഞ്ചാം കുരിശു യുദ്ധത്തിലും പിടിക്കപ്പെട്ടിരുന്നു.
ഈ സമയത്താണ് അയ്യൂബി സുല്‍ത്താന്‍ മലിക് സ്വാലിഹിന്റെ മരണവും (1249 നവംബര്‍ 20-647 ശഅ്ബാന്‍ 14) പുത്രന്‍ തുറാന്‍ ഷായുടെ അധികാരാരോഹണവും നടന്നത്. എന്നാല്‍ സൈന്യത്തിന്റെ മനോവീര്യം നഷ്ടപ്പെടാതിരിക്കാനായി സ്വാലിഹിന്റെ പത്‌നി ശജറതുദ്ദുര്‍റ്, അദ്ദേഹത്തിന്റെ മരണ വിവരം പുറത്തുവിട്ടില്ല.
ദിംയാത്തില്‍ നിന്ന് കെയ്‌റോവിലേക്കുള്ള കുരിശുപടയുടെ അധിനിവേശം യുദ്ധതന്ത്രജ്ഞനായ തുറാന്‍ ഷാ തടഞ്ഞില്ല. മറിച്ച് അവര്‍ തീരത്തുനിന്ന് ഏറെ ഉള്ളിലേക്കുവന്ന തക്കം നോക്കി. നൈല്‍ തീരങ്ങളില്‍ വെള്ളപ്പൊക്കം തടഞ്ഞു നിര്‍ത്താന്‍ നിര്‍മിച്ചിരുന്ന ഭിത്തികള്‍ ഭാഗികമായി പൊളിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ഇതോടെ കുരിശുപട വെള്ളത്തിലായി. കുറേ സൈനികരും സന്നാഹങ്ങളും നൈലില്‍ ഒലിച്ചുപോയി. ഇതിനിടയില്‍ അയ്യൂബി സേനയുടെ പ്രത്യാക്രമണവും കൂടിയുണ്ടായതോടെ ലൂയിയുടെ പട ഛിന്നഭിന്നമായി. ലൂയി പിടിയിലാവുകയും ചെയ്തു. വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞ അദ്ദേഹം എട്ടു ലക്ഷം സ്വര്‍ണനാണയം നല്‍കിയാണത്രെ മോചനം നേടിയത്.
ഏഴാം കുരിശുയുദ്ധവും നിഷ്പ്രയോജനമായതോടെ യൂറോപ്യന്‍ പട തിരിച്ചുപോയി. ക്രി. 1249ല്‍.
1270 ല്‍ ലൂയി ഒമ്പതാമന്‍ വീണ്ടും ഒരു ശ്രമം നടത്തി. തുണീഷ്യക്ക് നേരെ നടത്തിയ ഈ പടനീക്കമാണ് എട്ടാം കുരിശു യുദ്ധം (1270-71). ഇംഗ്ലണ്ടിലെ എഡ്വേര്‍ഡ് രാജകുമാരനും ലൂയിയുടെ സഹായത്തിനുണ്ടായിരുന്നു. എന്നാല്‍ തുണീഷ്യയിലെ ദുക്‌നുദ്ദീന്‍ സൈബറസിന്റെ പ്രതിരോധത്തിനു മുന്നില്‍ ആ നീക്കവും തകര്‍ന്നു. ലൂയി ഒമ്പതാമന്‍ അവിടെ വെച്ച് മരണ മടയുകയും ചെയ്തു.
അവസാന കുരിശു യുദ്ധമായിരുന്നു എട്ടാമത്തേത്.
