കുഞ്ഞാലി മരക്കാര്‍മാര്‍
കേരളത്തിന്റെ സമുദ്രചരിത്രത്തില്‍ വീര്യവും പ്രതിരോധവും ഒരുപോലെ അടയാളപ്പെടുത്തിയ പേരാണ് കുഞ്ഞാലി മരക്കാര്‍മാര്‍. പോര്‍ച്ചുഗീസ് അധിനിവേശത്തിന് എതിരെ അറബിക്കടലില്‍ ശക്തമായ നാവിക പ്രതിരോധം തീര്‍ത്ത ഈ മുസ്ലിം നാവികസേനാധിപന്മാര്‍ കോഴിക്കോട് സാമൂതിരിയുടെ പിന്തുണയോടെ കേരള തീരസംരക്ഷണത്തിന്റെ മുന്‍നിരയില്‍ നിലകൊണ്ടു. വ്യാപാരമേധാവിത്വം കൈക്കലാക്കാനും മത–സാംസ്കാരിക സ്വാധീനം സ്ഥാപിക്കാനും ശ്രമിച്ച പോര്‍ച്ചുഗീസ് ശക്തികള്‍ക്കെതിരെ നടത്തിയ കടല്യുദ്ധങ്ങളും തന്ത്രപരമായ നീക്കങ്ങളും കുഞ്ഞാലി മരക്കാര്‍മാരെ കേരള ചരിത്രത്തിലെ അമരനായകരാക്കി മാറ്റി.
സാമ്രാജ്യത്വത്തിന്റെ കഴുകക്കണ്ണുകളുമായി കോഴിക്കോടന്‍ കടലില്‍ നങ്കൂരമിട്ട പറങ്കികള്‍ക്കെതിരെ ദേശാഭിമാനത്തിന്റെ വീരേതിഹാസം രചിച്ച് രക്തസാക്ഷിത്വം വരിച്ച നാവികപ്പടത്തലവന്മാരാണ് കുഞ്ഞാലിമരക്കാറുമാര്‍. അസാമാന്യ ശരീര പ്രകൃതിയും സാഹസികമായ കടല്‍യാത്രാ നൈപുണ്യവും ഉള്ള പ്രബല കച്ചവട സംഘമായിരുന്നു മരയ്ക്കാന്മാര്. ഇവര്‍ അറേബ്യയില്‍ നിന്നാണ് കോഴിക്കോട്ടെത്തിയത്. പില്ക്കാലത്ത് സാമൂതിരി ഭരണത്തിന്റെ സൈനികച്ചുമതല ഏറ്റെടുത്ത മരയ്ക്കാറുമാര്ക്ക് സാമൂതിരി നല്കിയ പേരാണ് അലി എന്നത്.
1500 മുതല്‍ 1600 വരെയുള്ള ഒരു നൂറ്റാണ്ടു കാലത്തിനിടെ നാലു പ്രമുഖ കുഞ്ഞാലി മരക്കാറുമാരാരാണ് സാമൂതിരി നാവികപ്പടയുടെ അമരത്തിരുന്ന് പറങ്കികളെ വെള്ളം കുടിപ്പിച്ചത്. കുട്ട്യാലി കുട്ടി, പോക്കര്, പട്ടുമരക്കാര്‍, മുഹമ്മദലി എന്നിവരാണ് പ്രമുഖ കുഞ്ഞാലി മരക്കാര്‍മാര്‍.
‘കുഞ്ഞാലി മരക്കാര്‍’ എന്ന പേരിന്റെ ചരിത്രം പലരും പല രീതിയില്‍ പറഞ്ഞിട്ടുണ്ട്. എന്തു തന്നെയായാലും തന്റെ നാവികപ്പടയുടെ നേതാവിന് സാമൂതിരി നല്കിയ സ്ഥാനപ്പേരാണ് കുഞ്ഞാലിമരക്കാര്‍ എന്നത്. ഇവര്‍ എവിടെനിന്ന് വന്നവരാണ് എന്നതിലും ഭിന്നപക്ഷങ്ങളുണ്ട്. മുസ്ലിംകളെ സാമ്പത്തികമായി തകര്‍ക്കാനും ക്രൂരമായി കൊന്നൊടുക്കാനും കേരള തീരത്തെ കച്ചവട മേധാവിത്വം പിടിക്കാനും കടല്‍ കടന്നെത്തിയ പറങ്കികളെ നിരന്തരം നേരിട്ടു കൊണ്ടിരുന്നവരാണ് മരക്കാര്‍മാര്‍. കൊച്ചിയില്‍ നിന്നും പൊന്നാനിയിലും അവിടെ നിന്ന് കോഴിക്കോട്ടുമെത്തിയ മരക്കാര്‍മാരെ സാമൂതിരി സ്വീകരിച്ചു. പറങ്കികളുടെ ആക്രമണം കൊണ്ട് പൊറുതി മുട്ടിയിരുന്ന അദ്ദേഹം ഈ നാവിക പ്രതിഭകളെ തലപ്പാവും ബഹുമതിനാമവും നല്കി നാവികപ്പടയുടെ അമരത്ത് പ്രതിഷ്ഠിക്കുകയാണുണ്ടായത്.
ക്രി. വ. 1507ലാണ് സാമൂതിരി കുട്ട്യാലിയെ ആദ്യ കുഞ്ഞാലി മരക്കാറായി നിയമിച്ചത്. കാലുകുത്തലിന്റെ പത്താം വാര്ഷികമായപ്പോഴേക്കും വാസ്കോഡഗാമ അറബിക്കടലിനെ സ്വന്തം സാമ്രാജ്യമാക്കി മാറ്റിയിരുന്നു. ഒരു കപ്പല്‍ പോലും ഗാമയുടെ അനുമതിയില്ലാതെ ഗതാഗതം നടത്താന്‍ സാധിക്കാത്തത്ര ശക്തമായിരുന്നു ആ അധീശത്വം.
എന്നാല്‍ കുട്ട്യാലി അത് പൊളിച്ചു. പറങ്കികളുടെ വന്‍ കപ്പലുകളുമായി നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം ചെറുതോണികളുമായി വട്ടമിട്ട് ആക്രമിച്ചപ്പോള്‍ ഗാമയുടെ ജലയാനങ്ങള്‍ക്ക് തുറമുഖങ്ങളില്‍ നങ്കൂരമിടാന്‍ പോലും സാധിക്കാതെയായി. മാത്രമല്ല, 1523ല്‍ കുരുമുളകു കയറ്റി എട്ട് കപ്പലുകളെ മരക്കാര്‍ അറബിക്കടല്‍ വഴി ചെങ്കടല്‍ തീരത്തെത്തിക്കുകയും ചെയ്തു. കുട്ട്യാലിയുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ പറങ്കികള്‍ പലപ്പോഴും തോറ്റോടി. 1526ല്‍, അവരുടെ കോഴിക്കോട്ടെ കോട്ട അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. അവരുടെ നാവിക മേധാവി വധിക്കപ്പെടുകയുണ്ടായി.
1531ലാണ് രണ്ടാം കുഞ്ഞാലി മരക്കാറായി കുട്ടിപ്പോക്കര്‍ സ്ഥാനമേറ്റത്. ഈ വര്‍ഷം തന്നെയാണ് ബേപ്പൂര്‍ നദീമുഖത്ത് ചാലിയത്ത് പോര്‍ച്ചുഗീസുകാര്‍ കോട്ട പണിയുന്നത്. താനൂര്‍ രാജാവിന്റെ സഹായത്തിലായിരുന്നു ഇത്. ആദ്യകാല പള്ളികളിലൊന്നായ ചാലിയം മുസ്ലിം പള്ളി പൊളിച്ച് അതിന്റെ കല്ലുകളും ശ്മശാനങ്ങളിലെ മഖ്ബറകള്‍ പൊളിച്ച് അതിലെ കല്ലുകളും ഉപയോഗിച്ചാണ് ഈ കോട്ട കെട്ടിയത്. സാമൂതിരിയുടെ ആഭ്യന്തര വ്യാപാരം തടയാനും നാവിക യുദ്ധം ശക്തമാക്കാനുമാണ് ഈ കോട്ട പണിതത്.
ഈ കോട്ട തകര്‍ക്കലായിരുന്നു കുഞ്ഞാലി രണ്ടാമന്റെ പ്രധാന ലക്ഷ്യം. ഇതിനിടെ 1537ല്‍ സിലോണ്‍ മേഖലയിലും 1538 കോഴിക്കോട്ടു വെച്ചും ഏറ്റുമുട്ടലുകള്‍ നടന്നു. തോറ്റ പറങ്കികള്‍ നാട്ടുകാരെ അക്രമിച്ചും വ്യാപാരശാലകള്‍ കൊള്ളയടിച്ചും പള്ളികള്‍ക്കും വീടുകള്‍ക്കും തീവെച്ചുമാണ് പക തീര്‍ത്തിരുന്നത്. 1570ല്‍ കണ്ണൂര്‍ തീരത്ത് വെച്ച് പറങ്കികളുമായുള്ള നാവിക യുദ്ധത്തില്‍ കുട്ടിപ്പോക്കര്‍ രക്തസാക്ഷിയായി.
മരക്കാര്‍ മൂന്നാമന്
1570ല്‍ തന്നെ കുഞ്ഞാലി മരക്കാര്‍ മൂന്നാമനായി പട്ടുമരക്കാര്‍ സ്ഥാനമേറ്റു. സാമൂതിരിക്കും നാവികപ്പടക്കും തലവേദനയായി മാറിയ ചാലിയം കോട്ട പിടിക്കലായിരുന്നു പട്ടുമരക്കാറിന്റെ ലക്ഷ്യം.
കോഴിക്കോട് മിസ്ക്കാല് പള്ളിയില്‍ വെച്ചാണ് ഇതിനായുള്ള ആസൂത്രണം നടന്നത്. സാമൂതിരി രാജയും നായര്‍ പടയുടെ നേതാക്കളും കുഞ്ഞാലി മരക്കാറും ഇതില്‍ സംബന്ധിച്ചു.
മാസങ്ങളോളം കോട്ട ഉപരോധിച്ചിട്ടും പറങ്കികള്‍ ചെറുത്തുനിന്നു. ഒടുവില്‍ സാമൂതിരി രാജാവ് തന്നെ നേതൃത്വം ഏറ്റെടുത്തു. ഇത് നായര്‍ മുസ്ലിം സൈനികരെ ഉണര്‍ത്തി. മുസ്ലിംകള് വിശുദ്ധഖുര്‍ആനും നായര്‍മാര്‍ ഹിന്ദു വേദമന്ത്രങ്ങളും ഉച്ചത്തില്‍ ചൊല്ലി ഉപരോധം ശക്തമാക്കി. ഒടുവില്‍ ഭക്ഷണം തീര്‍ന്ന് പട്ടിണിയിലായ പറങ്കികള്‍ കീഴടങ്ങി കോട്ടയുപേക്ഷിക്കാന് സന്നദ്ധരായി. സാമൂതിരിയും സൈന്യവും ചാലിയം കോട്ട തറയോടെ ഉഴുതു മറിച്ചു. ആ കല്ലുകള്‍ കൊണ്ട് തന്നെ ചാലിയത്തെ മുസ്ലിം പള്ളി പുനര്‍നിര്‍മിക്കാന്‍ സാമൂതിരി നിര്‍ദേശം നല്കി.
1571ല്‍ നടന്ന ഈ സമരത്തില്‍ പങ്കെടുത്ത ഖാദീ മുഹമ്മദ് ഈ ചരിത്ര മുഹൂര്‍ത്തത്തെ അനുസ്മരിച്ചു കൊണ്ട് രചിച്ച യുദ്ധ കാവ്യമാണ് പ്രസിദ്ധമായ ‘ഫത്ഹുല്‍ മുബീന്’.
പട്ടമരക്കാര് പിന്നീട് വടകരക്കടുത്ത പുതുപ്പണത്ത് ശക്തമായ ഒരു കോട്ട പണിതു. (ഇവിടം പിന്നീട്കോട്ടക്കല് എന്നറിയപ്പെട്ടു). ഇത് പറങ്കികളെ ശരിക്കും വട്ടം കറക്കി. യൂറോപ്യന്‍ മാതൃകയില്‍ നാവിക സൈന്യത്തെ നവീകരിച്ച കുഞ്ഞാലിയുടെ കരുത്തിനു മുന്നില്‍ പറങ്കികളുടെ നിരവധി വിദേശ ചരക്കു കപ്പലുകള്‍ തരിപ്പണമായി. ഇതോടെ ചതിയിലൂടെ കുഞ്ഞാലിയെയും സാമൂതിരിയെയും അകറ്റാനായി പറങ്കികളുടെ ശ്രമം.
സാമൂതിരിയെ നിര്ബന്ധിതാവസ്ഥയിലാക്കി പറങ്കികള്‍ പൊന്നാനിയില്‍ കോട്ട പണിയാനുള്ള അനുമതി വാങ്ങി. സാമൂതിരിയുടെ ഈ നടപടിയെ കുഞ്ഞാലി മൂന്നാമന് എതിര്‍ത്തു ഇത് ഇരുവര്‍ക്കുമിടയിലെ ബന്ധം വഷളാക്കി. പറങ്കികള്‍ കോട്ടയും പണിതു, സാമൂതിരിയെയും കുഞ്ഞാലിയെയും തമ്മില്‍ പിണക്കുകയും ചെയ്തു. നായര്‍- മുസ്ലിം ഐക്യം തകര്‍ക്കാനും വൈദേശികര്‍ കിണഞ്ഞു ശ്രമിച്ചു. 1595 ല്‍ പട്ടുമരക്കാര്‍ ഇഹലോകവാസം വെടിഞ്ഞു.
മരക്കാര്‍ നാലാമന്
പട്ടുമരക്കാറുടെ മരണശേഷം നാലാം കുഞ്ഞാലി മരക്കാറായി മുഹമ്മദലി മരക്കാര്‍ അവരോധിതനായി. പറങ്കികളുടെ കുടില തന്ത്രങ്ങള്‍ വഴി സംജാതമായ ഭീഷണമായ അവസ്ഥയെയാണ് കുഞ്ഞാലി മരക്കാര്‍ നാലാമന് നേരിടേണ്ടി വന്നത്. വൈദേശികാധിപത്യത്തെ നെഞ്ചുറപ്പോടെ നേരിട്ട് ചരിത്രത്തിന് പുളകം പകര്‍ന്നാണ് ഈ ധീര ദേശാഭിമാനി രക്തസാക്ഷിത്വമേറ്റു വാങ്ങിയത്.
മരത്താല്‍ നിര്‍മിതമായ പുതുപ്പണം കോട്ട അപ്രതിരോധ്യമായിരുന്നു. തുടര്‍ച്ചയായി തിരിച്ചടി നേരിട്ട പോര്‍ച്ചുഗീസ് സംഘത്തിന്റെ നായകന് അല്‍ വാറോഡ ഒടുവില്‍ സാമൂതിരിയെ പാട്ടിലാക്കി. കുഞ്ഞാലി മരക്കാറിനെതിരെ ഇരുവരും ഐക്യപ്പെട്ടു. സാമൂതിരിയില്‍ കുഞ്ഞാലിയെ പറ്റിയുള്ള ഭീതി ജനിപ്പിച്ചായിരുന്നു ഇത്. നായര്‍പട എതിര്‍ത്തിട്ടും സാമൂതിരി കുഞ്ഞാലിക്കെതിരെ നിലകൊണ്ടു.
1599 മാര്‍ച്ച് അഞ്ചിന് സഖ്യസൈന്യം പുതുപ്പണം കോട്ട ഉപരോധിച്ചു. 600 പോര്‍ച്ചുഗീസ് നാവികപ്പടയാളികളും 500 നായര്‍ സൈനികരും അണി നിരന്നു. കുഞ്ഞാലിയുടെ പോരാളികള്‍ അവരെ നേരിട്ടു തോല്‍പ്പിക്കുകയും ചെയ്തു. അപമാനമായപ്പോള്‍ പറങ്കികള്‍ക്കും സാമൂതിരിക്കും വാശിയേറി.
കടലില്‍ നിന്നുള്ളതിന് പുറമെ കരയില്‍ നിന്നും ആക്രമണം നടത്തി. അതിശക്തമായ ആക്രമണം കുഞ്ഞാലിയെയും കൂട്ടാളികളെയും നില്‍ക്കക്കള്ളിയില്ലാതാക്കി.
വൈദേശിക ശക്തികളുടെ കുടിലതയ്ക്കു വഴങ്ങി സ്വന്തം നാട്ടുകാര്‍ തനിക്കെതിരെ ആയുധമേന്തിയതാണ് കുഞ്ഞാലിയെ വേദനിപ്പിച്ചത്.
കോട്ടയിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവന് ഭീക്ഷണിയുയര്ന്നതോടെ, താന്‍ ഏറെ ആദരിക്കുന്ന സാമൂതിരി രാജക്കു മുന്നില്‍ വാളു താഴ്ത്തി കീഴടങ്ങാന്‍ ആ ധീര പോരാളി സന്നദ്ധനായി. ക്രി. 1600 മാര്‍ച്ച് 16ന് കുഞ്ഞാലി കീഴടങ്ങി. എന്നാല്‍ പോര്‍ച്ചുഗീ സുകാരുടെ സഖ്യ കരാറിലൊന്ന്, കീഴടങ്ങിയ കുഞ്ഞാലി മരക്കാറെ തങ്ങള്‍ക്ക് വിട്ടു തരണമെന്നായിരുന്നു. ആ കരാര്‍ സാമൂതിരി നിഷ്കരുണം പാലിച്ചു. തന്റെ മുന്‍ഗാമികളായ സാമൂതിരി രാജമാര്‍ക്ക് പറങ്കിപ്പടയുടെ പീരങ്കിയുണ്ടകളില്‍ നിന്ന് നെഞ്ചുവിരിച്ച് പ്രധിരോധം തീര്‍ത്ത നാവിക വീരന്മാരുടെ പിന്മുറക്കാരനെ അദ്ദേഹം ആന്‍ഡ്രെ ഫുര്‍ത്താഡോ എന്ന പോര്‍ച്ചുഗീസ് നായകന് കൈമാറി. നായര്‍ പട എതിര്‍ത്തു നോക്കി. എന്നാല്‍ കോട്ടയിലെ സമ്പത്തു കാണിച്ച് സാമൂതിരി അവരെ പാട്ടിലാക്കി.
കുഞ്ഞാലി മരക്കാരെയും ഏതാനും കൂട്ടാളികളെയും അവര്‍ ഗോവയിലേക്ക് കൊണ്ടു പോയി. കൈകാലുകള്‍ ബന്ധിച്ച്, ഇരുമ്പു കൂട്ടിലാണ് കൊണ്ടു പോയത്. അത്രയേറെ ഭയമായിരുന്നു അദ്ദേഹത്തെ; പകയുമായിരുന്നു ആ ദേശാഭിമാനിയോട്.
കൂടെയുണ്ടായിരുന്ന നാലു പേരെ ഗോവയില്‍ അവരെ കാത്തിരുക്കുന്ന ജനക്കൂട്ടത്തിനു മുന്നിലേക്ക് ഇട്ടു കൊടുത്തു. അവര്‍ ആ പോരാളികളെ പിച്ചിച്ചീന്തി. കുഞ്ഞാലി മരക്കാറെ അവരുടെ ഗവര്‍ണറുടെ മുന്നിലിട്ട് തലയറുത്തു കൊന്നു. തല ഉപ്പിലിട്ട് കണ്ണൂരിലേക്കയച്ചു. ശരീര ഭാഗങ്ങള്‍ കഷണങ്ങളാക്കി തെരുവിലുമെറിഞ്ഞു. തങ്ങളുടെ കൊള്ളയ്ക്കും തേര്‍വാഴ്ചക്കും വിലങ്ങിട്ട ഒരു ധീരനോട് അധിനിവേശത്തിന്റെ രക്തം പേറുന്നവര്‍ ഇതിലപ്പുറവും ചെയ്യും.
അതേ സമയം, കുഞ്ഞാലിയെ വിട്ടു തരില്ലെന്ന് സാമൂതിരി വാശി പിടിച്ചെന്നും നിര്‍ബന്ധിച്ച് പറങ്കികള്‍ കൊണ്ടു പോയി മൃഗീയമായി കൊന്നതാണെന്നും ആ വാര്‍ത്തയറിഞ്ഞ് സാമൂതിരി പൊട്ടിക്കരഞ്ഞെന്നും ഫാ.ഡി ഫെറോളി Jesuits in Malabar എന്ന തന്റെ കൃതിയില്‍ പറയുന്നുണ്ട്. ഈ ധീര രക്തസാക്ഷിത്വത്തോടെ മലബാറിലെ മരക്കാര്‍ സാന്നിധ്യത്തിന് തിരശ്ശീല താഴുകയും ചെയ്തു.
