സ്വര്‍ഗത്തിന്റെ സവിശേഷതകള്‍ ഭാഗം-1
ഇഹലോകത്തെ സുഖസൗഖ്യങ്ങൾ പ്രപഞ്ച നാഥനു വേണ്ടി ത്യജിച്ച് ജീവിതം അവനു വേണ്ടി സമർപ്പിക്കുന്ന വിശ്വാസിക്ക് പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും ഇടമാണ് സ്വർഗം. സ്വർഗത്തെക്കുറിച്ചുള്ള ഓരോ വർണനകളും വിശ്വാസിക്ക് കൂടുതൽ ആശ്വാസം പകരുകയും പ്രവർത്തന പാതയിൽ കൂടുതൽ ഊർജം നൽകുകയും ചെയ്യുമെന്നതിൽ സംശയമില്ല. ഖുർആനിലും ഹദീസിലുമായി സ്വർഗത്തിന്റെ ധാരാളം സവിശേഷതകൾ വിവരിക്കുന്നത് കാണാം. ഇങ്ങനെ പ്രതിപാദിക്കപ്പെട്ട ചിലതാണ് സ്വര്‍ഗത്തിന്റെ സവിശേഷതകള്‍ എന്ന ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
കുറ്റാരോപണങ്ങളോ ആക്ഷേപങ്ങളോ ഇല്ലാത്ത ലോകം, നിര്‍ഭയത്വം നിറഞ്ഞു നില്‍ക്കുന്ന ഭവനം, ബന്ധുക്കളുമായുള്ള ദര്‍ശനം സാധ്യമാകുന്ന ഗേഹം, കളങ്കമില്ലാത്ത സ്‌നേഹത്തിന്റെ സങ്കേതം, സ്വര്‍ഗവാസികള്‍, സ്വര്‍ഗവര്‍ണനകള്‍, അരുവികളും ഉദ്യാനങ്ങളും, സ്വർഗത്തിലെ ഭക്ഷണപാനീയങ്ങള്‍, സ്വർഗത്തിലെ വൃക്ഷലതാദികളും തണലുകളും, സ്വർഗത്തിലെ കൊട്ടാരങ്ങളും തമ്പുകളും, സ്വർഗത്തിലെ പാത്രങ്ങള്‍, പരിചാരകര്‍ തുടങ്ങിയ സ്വർഗത്തിന്റെ സവിശേഷതകളെക്കുറിച്ച് വിശദമായി ഈ ലേഖനത്തിൽ വായിക്കാം.
കുറ്റാരോപണങ്ങളോ ആക്ഷേപങ്ങളോ ഇല്ലാത്ത ലോകം
പരസ്പരം കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്യുന്ന വാക്കുകള്‍ സ്വര്‍ഗത്തില്‍ കേള്‍ക്കാന്‍ സാധ്യമല്ലെന്ന് അല്ലാഹു സ്വര്‍ഗത്തിന്റെ സവിശേഷതയായി എടുത്ത് പറയുന്നു. ‘സ്വര്‍ഗത്തില്‍ അവര്‍ അനാവശ്യ വാക്കോ കുറ്റാരോപണമോ ശ്രവിക്കുകയില്ല’ (56:25). ‘അവിടെവെച്ച് അനാവശ്യമായ വാക്കോ വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല’ (78:35). ‘സമാധാനാശംസകള്‍ കൈമാറിക്കൊണ്ട് സ്വര്‍ഗവാസികള്‍ പരസ്പരം എതിരേല്‍ക്കും’ (56:26).
നിര്‍ഭയത്വം നിറഞ്ഞു നില്‍ക്കുന്ന ഭവനം
സ്വര്‍ഗവാസികള്‍ പൂര്‍ണമായ സുരക്ഷതിത്വവും നിര്‍ഭയത്വവും സ്വര്‍ഗത്തില്‍ അനുഭവിക്കുന്നു. ഒന്നിനെക്കുറിച്ചും ഭയപ്പാടുകളോ ആശങ്കകളോ ഇല്ലാത്ത സമ്പൂര്‍ണ നിര്‍ഭയത്വത്തിന്റെ ഭവനമാണ് സ്വര്‍ഗമെന്ന് അല്ലാഹു പറഞ്ഞുതരുന്നു. ‘‘വിശ്വസിക്കുകയും പുണ്യകര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതിന്റെ പകരമായി ഇരട്ടി പ്രതിഫലമുണ്ട്. അവര്‍ സ്വര്‍ഗത്തിലെ ഉന്നത മണിമാളികകളില്‍ നിര്‍ഭയരായി വസിക്കുന്നതാണ്” (34:37).
ബന്ധുക്കളുമായുള്ള ദര്‍ശനം സാധ്യമാകുന്ന ഗേഹം
പുനരുത്ഥാന ദിവസത്തില്‍ സ്വര്‍ഗത്തില്‍ മനുഷ്യന് ലഭിക്കുന്ന അനുഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ടതായി ഖുര്‍ആന്‍ എടുത്ത് പറയുന്നതാണ് ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച. അല്ലാഹു പറയുന്നു. ‘‘ഞങ്ങളുടെ നാഥാ, അവരോട് നീ വാഗ്ദാനം ചെയ്ത സ്ഥിരവാസ സ്വര്‍ഗങ്ങളില്‍ അവരെ നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ, അവരുടെ പിതാക്കള്‍, ഇണകള്‍, സന്താനങ്ങള്‍ എന്നിവരില്‍ നിന്നും നല്ലവരെയും നീ പ്രവേശിപ്പിക്കേണമേ എന്ന് പ്രാര്‍ഥിക്കും’ (40:8). ‘ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും വിശ്വാസത്തില്‍ തങ്ങളുടെ സന്തതികള്‍ തങ്ങളെ അനുഗമിക്കയും ചെയ്തുവോ അവരുമായി അവരുടെ സന്തതികളെ സ്വര്‍ഗത്തില്‍ നാം ചേര്‍ക്കും. അവര്‍ക്ക് അവരുടെ കര്‍മഫലത്തില്‍ നിന്നും ഒന്നുംതന്നെ നാം കുറവു വരുത്തുന്നതല്ല’ (52:21).
കളങ്കമില്ലാത്ത സ്‌നേഹത്തിന്റെ സങ്കേതം
ആര്‍ക്കും ആരോടും പകയോ വിദ്വേഷമോ അസൂയയോ അതൃപ്തിയോ ഇല്ലാതെ എല്ലാവരും നിഷ്‌കളങ്ക സ്‌നേഹത്തിന്റെ തണലില്‍ ആത്മാര്‍ഥമായ ബന്ധം അവിടെ കാത്തുസൂക്ഷിക്കുന്നു. അല്ലാഹു പറയുന്നു: ‘അവരുടെ ഹൃദയങ്ങളിലുണ്ടായിരുന്ന പക നാം നീക്കി. അങ്ങനെ സഹോദരങ്ങളെന്ന നിലയില്‍ കട്ടിലുകളില്‍ അവര്‍ പരസ്പരം അഭിമുഖമായി നിലകൊള്ളും’ (15:47).
ക്ഷീണമില്ലാത്ത ആവാസകേന്ദ്രം.
അവിടത്തെ സുഖാനുഭൂതികള്‍ എത്രകണ്ട് ആസ്വദിച്ചാലും അതിന്റെ പേരില്‍ മുഷിപ്പോ മടുപ്പോ തോന്നുകയില്ല. സ്വര്‍ഗ്ഗീയ വാസികളെ ക്ഷീണമോ തളര്‍ച്ചയോ പിടികൂടുകയുമില്ല. ”അതില്‍ അവരെ യാതൊരു ക്ഷീണവും ബാധിക്കുകയില്ല” (15:48).
ദു:ഖങ്ങളില്ലാത്ത അഭയകേന്ദ്രം
സ്വര്‍ഗം എല്ലാവിധ മനോദു:ഖങ്ങളില്‍ നിന്നും മോചനം നല്‍കുന്നു. അല്ലാഹു പറയുന്നു: ‘നിത്യവാസ സ്വര്‍ഗങ്ങള്‍. അതില്‍ അവര്‍ പ്രവേശിക്കും. അതില്‍ മുത്തും സ്വര്‍ണവളകളും അവര്‍ അണിയിക്കപ്പെടും. അതില്‍ അവരുടെ വസ്ത്രം പട്ടായിരിക്കും. നമ്മില്‍ നിന്ന് സമസ്ത ദു:ഖങ്ങളും അകറ്റിയ അല്ലാഹുവിനത്രെ അഖില സ്‌തോത്രങ്ങളുമെന്നവര്‍ പറയും’ (35:33, 34).
ശാശ്വത വാസത്തിന്റെ വീട്
സ്വര്‍ഗവാസികള്‍ എന്നെന്നും അവിടെ കഴിച്ചുകൂട്ടുന്നവരാണ്. മരണമില്ലാത്ത ഒരു ജീവിതം നല്‍കുന്ന സ്വര്‍ഗീയ ഭവനത്തെക്കുറിച്ച് അല്ലാഹു അനേകം സൂക്തങ്ങളിലായി പറഞ്ഞുതരുന്നുണ്ട്. ‘അവരതില്‍ ശാശ്വതരായി വസിക്കുന്നവരുമാണ്’ (2:25, 15:48, 18:3, 25:15). ‘ആദ്യത്തെ മരണമല്ലാതെ അവര്‍ അതില്‍വെച്ച് മരണം രുചിക്കുന്നതല്ല’ (44:56, 37:58, 59).
ആദരവും മാന്യമായ ആതിഥ്യവും ലഭിക്കുന്ന ഭവനം
അല്ലാഹുവിന്റെ ആദരവും മാന്യമായ സല്‍ക്കാരവും സ്വര്‍ഗത്തില്‍ ലഭിക്കുന്നു. അവഗണനയോ അനാദരവോ ആര്‍ക്കും അനുഭവിക്കേണ്ടി വരികയില്ല. അല്ലാഹു പറയുന്നു ”എന്നാല്‍ വിശ്വസിക്കുകയും പുണ്യ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരാണെങ്കില്‍ അവര്‍ക്ക് വസിക്കാന്‍ ഉദ്യാനങ്ങളുണ്ട്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള വിരുന്നു സല്‍ക്കാരമായിട്ട്’ (32:19).
‘അവരുടെ നാഥന്‍ തന്റെ പക്കല്‍ നിന്നുള്ള കരുണയെയും തൃപ്തിയെയും സ്വര്‍ഗത്തോപ്പുകളെയും പറ്റി അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കും. അവര്‍ക്ക് ശാശ്വതമായ സുഖാനുഭവമാണുള്ളത് (9:21).
മനസ്സുകളില്‍ ഇഛിക്കുന്നത് സാധിക്കുന്ന ലോകം
അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്ക് പരലോകത്ത് നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം ഉണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്’ (41:31, 32).
സ്വര്‍ഗവാസികള്‍
സത്യവിശ്വാസികളും സുകൃതവാന്മാരുമായ ആളുകള്‍ക്കാണ് അല്ലാഹു സ്വര്‍ഗമെന്ന മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിരിക്കുന്നത്. സ്വര്‍ഗാവകാശികളുടെ ഗുണഗണങ്ങളെക്കുറിച്ചും സ്വഭാവ വൈശിഷ്ട്യത്തെ സംബന്ധിച്ചും ഒട്ടേറെ സൂക്തങ്ങളിലായി അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു ”തീര്‍ച്ചയായും വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് സത്ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍” (18: 107). അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്. സ്വര്‍ഗത്തോപ്പുകളും മുന്തിരികളും തുടുത്ത മാറിടമുള്ള സമപ്രായക്കാരായ തരുണികളും, നിറഞ്ഞ പാനപാത്രങ്ങളും’ (78:31-34). ‘സത്യവിശ്വാസത്തിലും സത്പ്രവൃത്തികളിലുമെല്ലാം മുന്നേറിയവര്‍ പരലോകത്തും മുന്നാക്കക്കാര്‍തന്നെ – അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍. സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍. പൂര്‍വികന്മാരില്‍ നിന്ന് ഒരു വിഭാഗവും പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ച് പേരുമത്രെ ഇവര്‍’ (56:10-14).
ഐഹിക ജീവിതത്തിന്റെ സുഖാനുഭൂതികളില്‍ മനംമയങ്ങി ആഡംബര ജീവിതം നയിക്കുന്നവര്‍ അനുഗ്രഹ ദാതാവായ അല്ലാഹുവിനെ വിസ്മരിക്കുന്നു. നന്ദി കെട്ടവരും പാരത്രിക ജീവിതത്തെ നിഷേധിക്കുന്നവരുമായി അവര്‍ മാറുന്നു. ഇക്കാരണം കൊണ്ടായിരിക്കാം നബി(സ്വ) സ്വര്‍ഗാവകാശികളെക്കുറിച്ച് ഇപ്രകാരം പറഞ്ഞത്. ”ഞാന്‍ സ്വര്‍ഗത്തില്‍ എത്തിനോക്കി. അപ്പോള്‍ അതിന്റെ അവകാശികളില്‍ അധികപേരും ദരിദ്രരായിട്ടാണ് ഞാന്‍ കണ്ടത്. ഞാന്‍ നരകത്തില്‍ എത്തിനോക്കി. അപ്പോള്‍ അതിന്റെ അവകാശികളില്‍ അധികവും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടത്. (ബുഖാരി) 1. ചില സ്വഭാവ ദൂഷ്യങ്ങളാല്‍ അല്പകാലത്തേക്കെങ്കിലും കൂടുതലായി സ്ത്രീകള്‍ നരകശിക്ഷക്ക് അര്‍ഹരായി തീരുമെന്നാണ് റസൂല്‍(സ്വ) പറഞ്ഞതിന്റെ സാരം. ആപേക്ഷികമായി പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്വര്‍ഗത്തില്‍ സ്ത്രീകളായിരിക്കുമെന്ന് അബൂഹുറയ്‌റ(റ) അഭിപ്രായപ്പെട്ടതായി കാണാന്‍ കഴിയും (മുസ്‌ലിം) 2.
സത്യ വിശ്വാസികളുടെ കര്‍മങ്ങള്‍ക്കുള്ള പ്രതിഫല വേദിയാണ് സ്വര്‍ഗം. കര്‍മങ്ങള്‍ക്ക് എത്രയോ ഇരട്ടി കണക്കിലാണ് പ്രതിഫലം ലഭിക്കുന്നത്. സ്വര്‍ഗീയ ജീവിതത്തിലെ അവര്‍ണനീയ സൗഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിക്കുന്ന വിശ്വാസികളുടെ കര്‍മങ്ങള്‍ സുഖാനുഭൂതികളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ തുച്ഛമാണ്.
സ്വര്‍ഗം അവരുടെ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലവും അംഗീകാരവും ആവുന്നതോടൊപ്പം അല്ലാഹുവിന്റെ അനുഗ്രഹം കൂടിയാണ്. അല്ലാഹു പറയുന്നു: ‘നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്‍കടക്കുവിന്‍. അതിന്റെ വിസ്താരം ആകാശത്തിന്റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്. അല്ലാഹുവിലും അവന്റെ ദൂതരിലും വിശ്വസിച്ചവര്‍ക്ക് വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്നു. ”അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു” (57:21).
അതുകൊണ്ടാണ് പ്രവാചകന്‍(സ്വ) ഇപ്രകാരം പറഞ്ഞത് ”നിങ്ങളില്‍ ആരുടെയും കര്‍മങ്ങള്‍ അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല. അപ്പോള്‍ അവര്‍ ചോദിച്ചു. താങ്കളും പ്രവേശിക്കുകയില്ലേ, അല്ലാഹുവിന്റെ ദൂതരേ? അവിടുന്ന് പറഞ്ഞു. ഞാനും പ്രവേശിക്കുകയില്ല. അല്ലാഹു അവന്റെ കാരുണ്യം കൊണ്ടും അനുഗ്രഹം കൊണ്ടും എന്നെ പൊതിഞ്ഞെങ്കിലല്ലാതെ (മുസ്‌ലിം) 3.
സ്വര്‍ഗവര്‍ണനകള്‍
ആകാശഭൂമികളോളം വിസ്തൃതിയുള്ള സ്വര്‍ഗലോകത്തെക്കുറിച്ചുള്ള വര്‍ണനകള്‍ നമ്മുടെ ഭാവനകള്‍ക്കും സങ്കല്‍പങ്ങള്‍ക്കുമതീതമാണ്. ഐഹിക വിഭവങ്ങളോട് നാമമാത്ര സാദൃശ്യമുള്ള സ്വര്‍ഗീയ സൗഭാഗ്യങ്ങളിലൂടെ അല്ലാഹു സുഖാനുഭൂതിയുടെ അതിരുകളില്ലാത്ത ലോകമാണ് സജ്ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു വെച്ചിരിക്കുന്നത്. നബി(സ്വ)യോട് അവിടുത്തെ അനുചരന്മാര്‍ ഒരിക്കല്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, സ്വര്‍ഗത്തിന്റെ നിര്‍മാണത്തെപ്പറ്റി അങ്ങ് ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും. അവിടുന്ന് പറഞ്ഞു. അതിന്റെ ഇഷ്ടിക സ്വര്‍ണത്തിന്റേയും വെള്ളിയുടേതുമാണ്. അവയുടെ തേപ്പ് സുഗന്ധപൂരിതമായ കസ്തൂരിയാണ്. അവിടുത്തെ ചരല്‍കല്ലുകള്‍ മുത്തും മാണിക്യവും മണ്ണ് കുങ്കുമവും. അവിടെ പ്രവേശിച്ചവന്‍ അനുഗൃഹീതനായി. ഒരിക്കലും നിരാശയില്ല. അനശ്വരന്‍. മരണമില്ല. വസ്ത്രം തുരുമ്പിക്കുകയോ യുവത്വം നശിക്കുകയോ ഇല്ല. (തിര്‍മിദി) 4.
അല്ലാഹു സജ്ജനങ്ങളായ അവന്റെ അടിമകള്‍ക്ക് ഒരുക്കിയിട്ടുള്ള സ്വര്‍ഗത്തിലെ അനുഭൂതികള്‍ ഐഹിക ജീവിതത്തില്‍ വെച്ച് ഒരാളുടേയും കണ്ണുകൊണ്ട് കണ്ടിട്ടില്ലാത്തതും കാത്‌കൊണ്ട് കേട്ടിട്ടില്ലാത്തതും മനസ്സുകളില്‍ വിഭാവനം ചെയ്യാന്‍ സാധിച്ചിട്ടില്ലാത്തതുമായ കാര്യങ്ങളാണെന്ന് റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട് (തിര്‍മിദി) 5. ആ സ്വര്‍ഗത്തെ പ്രതീക്ഷിച്ചും ആഗ്രഹിച്ചും സത്കര്‍മങ്ങളില്‍ നിരതരാവാനും അല്ലാഹുവിന്റെ തൃപ്തി സമ്പാദിക്കാനുമായി പ്രേരിപ്പിക്കും വിധം സ്വര്‍ഗീയ വിഭവങ്ങളെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലും തിരുവചനങ്ങളിലും ധാരാളം വിവരങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. സ്വര്‍ഗത്തിലെ അരുവികള്‍, തോപ്പുകള്‍, സുന്ദരന്മാര്‍, സുന്ദരിമാര്‍, പാത്രങ്ങള്‍, കട്ടിലുകള്‍, പരിചാരകര്‍, കൊട്ടാരങ്ങള്‍, തമ്പുകള്‍, വേഷങ്ങള്‍, ആഭരണങ്ങള്‍, കട്ടിലുകള്‍, പരവതാനികള്‍ എന്നിങ്ങനെ ധാരാളം സുഖാനുഭൂതികളെക്കുറിച്ചും സമൃദ്ധമായ വിഭവങ്ങളെ സംബന്ധിച്ചും അല്ലാഹുവും റസൂലും(സ്വ) നമുക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. അവ യഥാവിധി നാം ഉള്‍ക്കൊണ്ട് സ്വര്‍ഗത്തിലെ ഉന്നത പദവി ലഭിക്കാനായി അല്ലാഹുവോട് ചോദിക്കുകയും ആഗ്രഹക്കുകയും അതിന്ന്‌വേണ്ടി പ്രയത്‌നിക്കുകയുമാണ് വേണ്ടത്. സ്വര്‍ഗത്തിലെ കാര്യങ്ങള്‍ ഉപമിക്കാവുന്ന ഒന്നും ഭൂമിയിലില്ല. എങ്കിലും ഉപമ പോലെ നബി(സ്വ) വിശദീകരിച്ചതിലെ നേരിയ സാമ്യങ്ങള്‍ നമ്മുക്ക് മനസ്സിലാകുന്ന ഭാഷയില്‍ വിവരിച്ചതാണെന്നോര്‍ക്കുക.
അരുവികളും ഉദ്യാനങ്ങളും
സ്വര്‍ഗത്തിന്റെ സവിശേഷതയായി ഖുര്‍ആന്‍ അനേകം സൂക്തങ്ങളിലായി എടുത്തു പറയുന്നത് താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഉദ്യാനങ്ങള്‍ എന്നുള്ളതാണ്. ”വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്ത്കൂടി നദികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന് സന്തോഷവാര്‍ത്തയറിയിക്കുക (2:25) വിശുദ്ധ ഖുര്‍ആനില്‍ നാലു തരം നദികളെ പ്രത്യേകം വിവരിച്ചിരിക്കുന്നു.
- മണ്ണിന്റെയോ ചെളികളുടെയോ മറ്റ് വല്ലതിന്റെയുമോ കലര്‍പ്പ് ബാധിച്ചിട്ടില്ലാത്ത, രുചിഭേദമോ നിറമാറ്റമോ ഗുണവ്യത്യാസമോ സംഭവിക്കാത്തവ (47:15). കുതിച്ചൊഴുകുന്ന രണ്ട് ശക്തായ ജല പ്രവാവങ്ങളുമുണ്ട് (55:66)
- രുചിഭേദമോ സ്വഭാവ മാറ്റമോ വന്നിട്ടില്ലാത്ത സാക്ഷാല്‍ പാലിന്റെ അരുവികള്‍. നബി(സ) പറഞ്ഞു. മൃഗങ്ങളുടെ അകിടുകളില്‍ നിന്നും പിഴിഞ്ഞെടുക്കപ്പെട്ടതല്ല, അത്. അല്ലാഹു പറയുന്നു ”സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ചവരാത്ത വെള്ളത്തിന്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്റെ അരുവികളും (47:15).
- കുടിക്കുന്നവര്‍ക്ക് ആനന്ദം നല്‍കുന്ന വീഞ്ഞിന്റെ ആറുകള്‍ (47:15). അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല (37:47). നബി (സ) അരുളി. പഴങ്ങള്‍ പിഴി ഞ്ഞെടുത്ത് അതിന്റെ സത്ത് മദ്യമായി ഉപയോഗിക്കുന്നതല്ല അത്.
- സ്വഛവും ശുദ്ധവുമായ തേനിന്റെ പുഴകള്‍. നബി(സ) പറഞ്ഞു. ”അത് തേനീച്ചകളില്‍ നിന്ന് പിഴി ഞ്ഞെടുക്കുന്നതല്ല, ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്”.
ഈ നാല് നദികള്‍ക്ക് പുറമെ സമുദ്രങ്ങളുണ്ട്. ഈ സമുദ്രങ്ങളില്‍ നിന്നാണ് അരുവികള്‍ പൊട്ടിയൊഴുകുന്നത്. ”തീര്‍ച്ചയായും സ്വര്‍ഗത്തില്‍ തേനിന്റെയും മരുന്നിന്റെയും പാലിന്റെയും വെള്ളത്തിന്റെയും സമുദ്രങ്ങളുണ്ട്. പിന്നീട് അതില്‍ നിന്ന് അരുവികള്‍ പൊട്ടിയൊഴുകുന്നു. (തിര്‍മിദി)
ഇവയ്ക്കു പുറമെ പരലോകത്ത് നബി(സ)ക്ക് നല്‍കുന്ന പ്രത്യേക അനുഗ്രഹമാണ് കൗഥര്‍ നദി. നബി (സ) ഇതിനെക്കുറിച്ച് പറഞ്ഞുതരുന്നു. ”ഞാന്‍ സ്വര്‍ഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ ഞാനൊരു നദീതീരത്തെത്തി. അതിന്റെ തീരങ്ങളില്‍ ഉള്ളുപൊള്ളയായ വലിയ മുത്തുകളുടെ ഖുബ്ബകളുണ്ട്. ഞാന്‍ ചോദിച്ചു: ഇതെന്താണ് ജിബ്‌രില്‍? അദ്ദേഹം പറഞ്ഞു: ഇതാണ് താങ്കള്‍ക്ക് അല്ലാഹു നല്കിയിട്ടുള്ള കൗഥര്‍. അതിന്റെ മണ്ണ് സുഗന്ധപൂരിതമായ കസ്തൂരിയാണ് (ബുഖാരി). ”തീര്‍ച്ചയായും നിനക്ക് നാം ധാരാളമായ നേട്ടം നല്‍കിയിരിക്കുന്നു. (108:1) എന്ന അധ്യായം അവതരിച്ചപ്പോള്‍ അവിടുന്ന് ചോദിച്ചു. നിങ്ങള്‍ക്കറിയുമോ ഏതാണ് അല്‍കൗഥര്‍ എന്ന്? അവര്‍ പറഞ്ഞു. അല്ലാഹുവും തിരുദൂതരുമാണ് കൂടുതല്‍ അറിവുള്ളവര്‍. അവിടുന്ന് പറഞ്ഞു: അത് അല്ലാഹു എനിക്ക് വാഗ്ദാനം ചെയ്ത അരുവിയാണ്. അതിന്മേല്‍ ഒരുപാട് നന്മയുണ്ട്് (മുസ്‌ലിം). അതിലെ വെള്ളം പാലിനേക്കാള്‍ ശുഭ്രവും തേനിനേക്കാള്‍ മധുരമുള്ളതുമാണെന്ന് അവിടുന്ന് പറയുകയുണ്ടായി (അഹ്മദ്)
അരുവികളെ സംബന്ധിച്ച് പരാമര്‍ശിക്കുന്ന സൂക്തങ്ങളില്‍ ആരാമങ്ങളെക്കുറിച്ചും അല്ലാഹു പറയുന്നു. അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവര്‍ക്കുള്ള അനുഗ്രഹങ്ങള്‍ എണ്ണിയിടത്ത് അല്ലാഹു പറഞ്ഞു ”തന്റെരക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്. (55:46).
”പല തരം സുഖൈശ്വര്യങ്ങളുള്ള രണ്ട് (സ്വര്‍ഗത്തോപ്പുകള്‍). അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ട് അരുവികളുണ്ട്(55:48). അവയ്ക്കു പുറമെ വേറെയും രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്. കടും പച്ചയണിഞ്ഞ രണ്ട് തോപ്പുകള്‍, അവരണ്ടിലും കുതിച്ചൊഴുകന്ന രണ്ട് അരുവികളുണ്ട് (55:62, 64,66).
സ്വർഗത്തിലെ ഭക്ഷണപാനീയങ്ങള്‍
സ്വര്‍ഗവാസികള്‍ക്ക് സുലഭമായ മുന്തിയ തരം ഭക്ഷണ പദാര്‍ഥങ്ങളും കൊതിയൂറുന്ന പാനീയങ്ങളും ലഭിക്കുന്നുണ്ടെന്ന് വിശുദ്ധ ഖുര്‍ആനില്‍ പല സൂക്തങ്ങളിലായി വിവരിക്കപ്പെട്ടിട്ടുണ്ട്. പഴവര്‍ഗങ്ങളും പക്ഷിമാംസവും ചിലയിനം വിശിഷ്ടമായ പാനീയങ്ങളും ആ കൂട്ടത്തിലുണ്ട്. ഇതെല്ലാം ഒരുക്കിക്കൊടുത്ത ശേഷം അല്ലാഹു അവരോട് പറയും, ”കഴിഞ്ഞുപോയ ദിവസങ്ങളില്‍ ഈ ലോകത്ത് ചെയ്തതിന്റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക” (69:24).
പുണ്യവാന്മാര്‍ക്ക് സ്വര്‍ഗത്തില്‍ കുടിക്കാനായി നല്‍കപ്പെടുന്ന കര്‍പ്പൂര മിശ്രിത പാനീയത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും പുണ്യവാന്മാര്‍ സ്വര്‍ഗത്തില്‍ ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്. അതിന്റെ ചേരുവ കര്‍പ്പൂരമായിരിക്കും. അല്ലാഹുവിന്റെ ദാസന്മാര്‍ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്” (76:5,6). ‘കസ്തൂരികൊണ്ട് മുദ്രണം ചെയ്യപ്പെട്ട മുന്തിയ ഒരുതരം മദ്യമായ തസ്‌നീം മിശ്രിതം, അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവര്‍ക്ക് സ്വര്‍ഗത്തില്‍ കുടിക്കാന്‍ കൊടുക്കുന്നതാണ്’ (83:25-28). ‘തീര്‍ച്ചയായും സുകൃതവാന്മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും. സോഫകളില്‍ ഇരുന്ന് അവര്‍ പരസ്പരം നോക്കിക്കൊണ്ടിരിക്കും. അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്റെ തിളക്കം നിനക്കറിയാം. മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും. അതിന്റെ മുദ്ര കസ്തൂരിയായിരിക്കും. അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഉറവുജലം’ (83:22-28
സല്‍സബീല്‍ എന്ന് പേരുള്ള ഈ ഉറവയില്‍ നിന്ന് വരുന്ന ഇഞ്ചി മിശ്രിതം സ്വര്‍ഗവാസികള്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും. ”ഇഞ്ചിനീരിന്റെ മിശ്രിതമുള്ള ഒരു കോപ്പ അവര്‍ക്കവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്. അതായത് അവിടുത്തെ സല്‍സബീല്‍ എന്ന് പേരുള്ള ഒരു ഉറവയിലെ ജലം” (76:17-18).
സ്വര്‍ഗവാസികള്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെണ്ണിയ കൂട്ടത്തില്‍ ഖുര്‍ആന്‍ പക്ഷി മാംസവും എണ്ണി യിട്ടുണ്ട്. ”അവര്‍ കൊതിക്കുന്ന പക്ഷിമാംസവും അവിടെ ലഭിക്കുന്നു” (56:21). നബി(സ്വ)ക്ക് സ്വര്‍ഗത്തില്‍ ലഭിക്കുന്ന അല്‍കൗസര്‍ നദിയെപ്പറ്റി പറയുന്നിടത്ത് ഒട്ടകത്തിന്റെ കഴുത്ത് പോലെ കഴുത്തുള്ള പക്ഷികളും അതിലുണ്ടാകുമെന്ന് പറയുകയുണ്ടായി (തിര്‍മിദി) 6.
ഒരിക്കല്‍ നബി(സ്വ)യുടെ അടുക്കല്‍ കടിഞ്ഞാണിട്ട ഒരു ഒട്ടകത്തെയും കൊണ്ടുവന്നിട്ട് ഒരാള്‍ പറഞ്ഞു, ഇത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനമാണ്. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: നിനക്ക് ഇതിന് പകരമായി എഴുനൂറ് ഒട്ടകങ്ങളെ പരലോകത്ത് കിട്ടും. എല്ലാം കടിഞ്ഞാണിട്ടവയായിരിക്കും (മുസ്‌ലിം) 7.
നബി(സ്വ) ആദ്യമായി മദീനയിലെത്തിയ സന്ദര്‍ഭത്തില്‍ അബ്ദുല്ലാഹിബ്‌നു സലാം നബി(സ്വ)യോട് ചോദിച്ച കുറേ ചോദ്യങ്ങളുടെ കൂട്ടത്തില്‍ ഒന്ന് സ്വര്‍ഗവാസികള്‍ കഴിക്കുന്ന ആദ്യഭക്ഷണം എന്തായിരിക്കും എന്നതായിരുന്നു. നബി(സ്വ) പറഞ്ഞു. മത്സ്യക്കരള്‍. ഇതിന് ശേഷം അവരുടെ ഭക്ഷണം എന്തായിരിക്കുമെന്ന ചോദ്യത്തിന് നബി(സ്വ) മറുപടി നല്‍കി; സ്വര്‍ഗത്തിലെ കാളയെ അറുക്കും അതിന്റെ ഭാഗങ്ങളില്‍ നിന്നവര്‍ കഴിക്കും. സ്വര്‍ഗപാനീയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നബി (സ്വ) പറഞ്ഞു, സല്‍സബില്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ഉറവയില്‍നിന്ന് (മുസ്‌ലിം) 8.
മലമൂത്ര വിസര്‍ജ്ജനം നടത്തുകയൊന്നും ചെയ്യാത്ത സ്വര്‍ഗലോകത്ത് ഇവര്‍ കഴിക്കുന്ന ആഹാരസാധനങ്ങളുടെ അവസ്ഥയെന്തായിരിക്കും എന്ന് സ്വഹാബിമാര്‍ ആരാഞ്ഞപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു. ‘‘കസ്തൂരി ബാഷ്പമാകുന്നത് പോലെ ഏമ്പക്കവും വിയര്‍പ്പുമായി മാറുന്നു” (മുസ്‌ലിം) 9.
‘സ്വര്‍ഗത്തിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൗകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു’ (76:14). ‘അവര്‍ ഇഷ്ടപ്പെട്ട് തെരഞ്ഞെടുക്കുന്ന രൂപത്തിലുള്ള പഴവര്‍ഗങ്ങള്‍ അവര്‍ക്ക് കഴിക്കാം’ (56:20).
‘സുരക്ഷിതത്വബോധത്തോടു കൂടി എല്ലാവിധ പഴങ്ങളും അവര്‍ അവിടെവെച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കും‘ (44.55).
‘ദുന്‍യാവില്‍ വെച്ച് അവര്‍ക്ക് പരിചയമുള്ളതും തീരെ പരിചയമില്ലാത്തതുമായ പഴവര്‍ഗങ്ങള്‍ അവിടെ ലഭിക്കും. അവരണ്ടിലും ഓരോ പഴവര്‍ഗത്തില്‍നിന്നുള്ള ഈ രണ്ട് ഇനങ്ങളുണ്ട്’ (55:52).
സ്വർഗത്തിലെ വൃക്ഷലതാദികളും തണലുകളും
സ്വര്‍ഗത്തിന് വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ച പദം ‘ജന്നത്ത്’ എന്നാണ്. അതിന്റെ അര്‍ഥം ഉദ്യാനം എന്നാണ്. ഈ പദപ്രയോഗത്തില്‍നിന്ന് തന്നെ അത് വൃക്ഷലതാദികളാലും പുഷ്പ-കനികളാലും പരന്നുപിടിച്ച തണലുകളാലും നിര്‍ഭരമായിരിക്കുമെന്ന് ഗ്രഹിക്കാവുന്നതാണ്.
ഈന്തപ്പന (നഖ്‌ല), ഉറുമാന്‍ (റുമ്മാന്‍), ഇലന്തമരം (സ്വിദ്ര്‍), വാഴ (ത്വല്‍ഹ്) തുടങ്ങി ചിലതിന്റെ പേരുകള്‍ ഖുര്‍ആന്‍ എടുത്തു പറഞ്ഞിട്ടുണ്ട്. സ്വര്‍ഗത്തിലെ ഏറ്റവും ഉയര്‍ന്ന തട്ടിന് ഫിര്‍ദൗസ് എന്ന് വര്‍ണിച്ചിട്ടുണ്ട്. വൃക്ഷലതാദികള്‍, പ്രത്യേകിച്ച് മുന്തിരിവള്ളി നിറഞ്ഞു മുറ്റിയ തോട്ടങ്ങള്‍ക്കാണ് ഭാഷയില്‍ ഫിര്‍ദൗസ് എന്ന് പറയുന്നത്. ഇഹലോകത്തെ വൃക്ഷങ്ങള്‍ അവയുടെ ഫലങ്ങള്‍ ചില പ്രത്യേക കാലങ്ങളില്‍ മാത്രം നല്‍കുമ്പോള്‍ സ്വര്‍ഗത്തിലെ വൃക്ഷങ്ങള്‍ കാലഭേദമില്ലാതെ ഫലം നല്‍കിക്കൊണ്ടിരിക്കുന്നു. ‘അതിലെ കനികളും തണലും ശാശ്വതമായിരിക്കും‘ (13:35). വൃക്ഷത്തിന്റ തണലും ഫലങ്ങളും ഏത് സന്ദര്‍ഭത്തില്‍ വേണമെങ്കിലും അനഭവിക്കുകയും ആസ്വദിക്കുകയുംചെയ്യാം. സ്വര്‍ഗത്തിലെ അതിവിദൂരതയിലേക്ക് നീണ്ടു നിവര്‍ന്ന് മുറ്റിക്കിടക്കുന്ന നിഴലുകള്‍ അവിടത്തെ വൃക്ഷലതാദികളുടെ ആധിക്യത്തെയും ഗാംഭീര്യത്തെയും കാണിക്കുന്നു. അല്ലാഹു പറയുന്നു. മുള്ളില്ലാത്ത ഇലന്തമരം, അടുക്കടുക്കായി കുലകളുള്ള വാഴ, വിശാലമായ തണല്‍ എന്നിവ സ്വര്‍ഗവാസികളായ വലതുപക്ഷക്കാര്‍ക്കായി തയ്യാര്‍ ചെയ്തിരിക്കുന്നു (56:27,28,29,30).
വൃക്ഷലതാദികളുടെ മുറ്റിയ തണല്‍ സ്വര്‍ഗവാസികള്‍ക്ക് ലഭിക്കുന്ന മഹത്തായ അനുഗ്രഹമായി അല്ലാഹു എടുത്ത് പറഞ്ഞിട്ടുണ്ട് (77:41). ‘സ്വര്‍ഗവാസികളും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും’ (36:56). ‘തണല്‍ അവരുടെ മേലെ അടുത്തു നില്‍ക്കുന്നുണ്ടായിരിക്കുമെന്നു അല്ലാഹു പറയുന്നു’ (76:14). സ്വര്‍ഗീയ വാസത്തിന് കുളിര്‍മയും ആനന്ദവും ലഭ്യമാക്കുന്ന വൃക്ഷലതാദികളും അവ പരത്തുന്ന തണലുകളും ഇഷ്ടഭോജ്യങ്ങളായി നല്‍കപ്പെടുന്ന ഫല വര്‍ഗങ്ങളും ആസ്വദിച്ച് സ്വര്‍ഗീയാരാമങ്ങളില്‍ വിശ്വാസികള്‍ ശാശ്വതവാസികളായിരിക്കും.
സ്വര്‍ഗത്തിലെ ഒരു വന്‍ വൃക്ഷത്തെക്കുറിച്ച് നബി(സ്വ) ഇപ്രകാരം പറഞ്ഞു: ”സ്വര്‍ഗത്തില്‍ ഒരു മരമുണ്ട്. ഒരു യാത്രക്കാരന്‍ അതിന്റെ തണലില്‍ നൂറ് വര്‍ഷം യാത്രചെയ്താലും അത് മുറിച്ച് കടക്കാനാകുകയില്ല (മുസ്‌ലിം) 10. ‘വിശാലമായ തണല്‍’ (56:30) ‘എന്നും ഇടതൂര്‍ന്ന തണല്‍‘ (4:57) എന്നും വിശുദ്ധ ഖുര്‍ആന്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നു.
‘സിദ്‌റത്തുല്‍ മുന്‍തഹാ’ ഒരു വന്‍ വൃക്ഷമാണ്. അങ്ങേയറ്റത്തെ ഇലന്തമരം എന്നാണ് ഇതിന്റെ അര്‍ഥം. നബി(സ്വ) അവിടുത്തെ മിഅ്‌റാജ് (വാനയാത്ര) യാത്രയില്‍ ഇതിന്റെയടുക്കല്‍ എത്തുകയുണ്ടായി. ഇവിടെവെച്ച് ജിബ്‌രീല്‍(അ) എന്ന മലക്കിനെ അദ്ദേഹത്തിന്റെ യഥാര്‍ഥ രൂപത്തില്‍ നബി(സ്വ) കാണുകയുണ്ടായി. നബി(സ്വ) അവിടെ കണ്ട കാഴ്ചകള്‍ വര്‍ണിച്ച കൂട്ടത്തില്‍ ഇങ്ങനെ പറയുന്നു. ”പിന്നെ എന്നെ സിദ്‌റത്തുല്‍ മുന്‍തഹായിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോയി. അപ്പോള്‍ അതിന്റെ ഫലങ്ങള്‍ ഹിജ്‌റിലെ വലിയ കുടങ്ങള്‍ പോലെയും ഇലകള്‍ ആനയുടെ ചെവികള്‍ പോലെയുമിരിക്കുന്നു. സൃഷ്ടികളില്‍ ആര്‍ക്കും അതിന്റെ സൗന്ദര്യം വര്‍ണിക്കാനാവുകയില്ല. (ബുഖാരി) 11.
‘ത്വൂബ’ എന്നു പേരുള്ള മറ്റൊരു വൃക്ഷത്തെപ്പറ്റി നബി(സ്വ) നമുക്ക് പറഞ്ഞ് തരുന്നുണ്ട്. ഇതില്‍നിന്നാണ് സ്വര്‍ഗവാസികളുടെ വസ്ത്രമുണ്ടാക്കുന്നത്. ‘ത്വൂബ’ സ്വര്‍ഗത്തിലെ ഒരു മരമാണ്. നൂറ് വര്‍ഷത്തെ യാത്രാവഴി ദൂരമുണ്ടതിന്. സ്വര്‍ഗവാസികളുടെ വസ്ത്രം അതിന്റെ കൂമ്പാളയില്‍നിന്നാണ് ഉത്പാദിപ്പിക്കുന്നത്.”(അഹ്‌മദ്) 12.
സ്വര്‍ഗീയാനുഭൂതികളില്‍ പ്രധാനമാണ് പച്ചപിടിച്ച തോട്ടങ്ങളിലുള്ള ശാശ്വതവാസം. വിശുദ്ധ ഖുര്‍ആനില്‍ ഈ തോട്ടങ്ങളെ ഏകവചനമായി ജന്നത്ത് എന്നും ദ്വിവചനമായി ജന്നതാനി എന്നും ബഹുവചനമായി ജന്നാത്ത് എന്നും പ്രയോഗിച്ചതായി കാണാം. ഇവയെല്ലാം ഓരോരുത്തരുടേയും കര്‍മഫലങ്ങളുടെ വ്യത്യാസമനുസരിച്ച് ലഭിക്കുന്ന വിവിധയിനം തോട്ടങ്ങളായിട്ടാണ് വേര്‍തിരിച്ചിട്ടുള്ളത്. ഉഷ്ണമോ മരവിപ്പോ ശൈത്യമോ ഇല്ലാത്ത മിതമായ കാലാവസ്ഥയായിരിക്കും സ്വര്‍ഗത്തിലുള്ളത്. ‘വെയിലോ കൊടുംതണുപ്പോ അവര്‍ അവിടെ കാണുകയില്ല’ (76:13).
സ്വര്‍ഗത്തിലെ അരുവികളും ആരാമങ്ങളും, വൃക്ഷലതാദികളും കായ്കനികളുമൊക്കെ ഹൃദ്യമായ കാലാവസ്ഥ പ്രദാനം ചെയ്യുകയും സ്വര്‍ഗവാസികള്‍ക്ക് കണ്‍കുളിര്‍മ നല്‍കുകയുംചെയ്യുന്നു.
സ്വർഗത്തിലെ കൊട്ടാരങ്ങളും തമ്പുകളും
സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗത്തില്‍ സുഖവാസത്തിനുള്ള മാളികകളും കൂടാരങ്ങളുമുണ്ട്. സര്‍വ സൗകര്യങ്ങളും സമ്മേളിച്ച മണിമേട കാണുമ്പോള്‍ ഏതൊരാളും കൊതിച്ചുപോകുന്നു. ”താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന സ്വര്‍ഗപ്പൂന്തോപ്പിന് വിശിഷ്ടമായ പാര്‍പ്പിടങ്ങള്‍ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട് എന്ന് അല്ലാഹു പറയുന്നു.
”സ്ഥിരവാസത്തിനുള്ള തോട്ടങ്ങളില്‍ വിശിഷ്ടമായ പാര്‍പ്പിടങ്ങളും വാഗ്ദാനം ചെയ്തിരിക്കുന്നു’ (9:72).
‘അത്യുന്നത സൗധങ്ങളില്‍ ഇവര്‍ നിര്‍ഭയരായി വസിക്കുന്നു’(34:37). മേല്‍ക്കുമേല്‍ തട്ടുകളുള്ള മണിമേടകള്‍ക്ക് താഴെ സുന്ദരമായ നദികള്‍ അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കും. അല്ലാഹു പറയുന്നു: ‘തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവര്‍ക്കാണ് മേല്‍ക്കുമേല്‍ തട്ടുകളുള്ള മണിമേടകളുള്ളത്’ (39:20). ഈ മണിമേടകളെക്കുറിച്ച് നബി(സ്വ) വിശദീകരിച്ചിട്ടുണ്ട്.
”സ്വര്‍ഗത്തില്‍, ഉള്ളില്‍നിന്ന് പുറം ഭാഗവും പുറത്ത് നിന്ന് ഉള്‍ഭാഗവും കാണുന്ന ചില മണിമേടകളുണ്ട്. ഇത് ഭക്ഷിപ്പിച്ചവര്‍ക്കും സൗമ്യമായി പെരുമാറിയവര്‍ക്കും നിരന്തരം വ്രതമനുഷ്ഠിച്ചവര്‍ക്കും ജനങ്ങള്‍ നിദ്രയിലായിരിക്കെ എഴുന്നേറ്റ് നമസ്‌കരിച്ചവര്‍ക്കുമായി അല്ലാഹു സജ്ജീകരിച്ചതാണ് (തിര്‍മിദി) 13.
നബി(സ്വ) പറഞ്ഞു. ”സ്വര്‍ഗവാസികള്‍ ശ്രേഷ്ഠത കാരണം ചിലര്‍ മറ്റു ചിലരുടെ മേലെയായിരിക്കും വസിക്കുന്നത്. ചക്രവാളത്തില്‍ കിഴക്കോ പടിഞ്ഞാറോ കത്തിജ്വലിക്കുന്ന നക്ഷത്രത്തെ കാണുന്നത് പോലെ താഴെയുള്ളവര്‍ മേലെയുള്ളവരെ കാണുന്നതായിരിക്കും.” സ്വഹാബികള്‍ ചോദിച്ചു. ”അത് പ്രവാചകന്മാര്‍ക്ക് മാത്രമുള്ളതാണോ? മറ്റാര്‍ക്കും പ്രാപ്യമല്ലേ? തിരുനബി പറഞ്ഞു. അതെ, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ, അല്ലാഹുവില്‍ വിശ്വസിക്കുകയും പ്രവാചകന്മാരെ അംഗീകരിക്കുകയും ചെയ്തവര്‍ക്കും അത് പ്രാപിക്കാം (ബുഖാരി) 14.
ചക്രവാളത്തില്‍ നക്ഷത്രങ്ങളെ കാണുന്നത് പോലെയാണ് സ്വര്‍ഗവാസികള്‍ അവിടെ മാളികകള്‍ കാണുകയെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. (ബുഖാരി) 14.
‘മണിമാളികകള്‍ക്ക് പുറമെ കൊച്ചു കൂടാരങ്ങളും ഉണ്ടായിരിക്കും അവിടെ. ഓരോരുത്തര്‍ക്കും ലഭിക്കുന്ന ഓരോ തോപ്പിലും ഓരോ കൂടാരം വീതമാണ് ഉണ്ടായിരിക്കുക. അവിടെ സുന്ദരികളായ തരുണികളോടൊത്ത് ശയിക്കാനുള്ള അവസരവും ലഭിക്കുന്നു. അല്ലാഹു പറയുന്നു ”കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍’‘ (55:72). അറുപത് മൈല്‍ നീളവും അറുപത് മൈല്‍ വീതിയുമുള്ള ഉള്ളു പൊള്ളയായ ഒരൊറ്റ മുത്താണ് ഒരുകൂടാരം.
നബി(സ്വ) ഇപ്രകാരം പറഞ്ഞു: ”വിശ്വാസികള്‍ക്ക് സ്വര്‍ഗത്തില്‍ ഒറ്റ മുത്തിന്റെ ഉള്ളു പൊള്ളയായ കൂടാരങ്ങളുണ്ട്. അതിന്റെ നീളം അറുപത് മൈലാണ്. വിശ്വാസികള്‍ക്ക് ഇതില്‍ ഇണകളുണ്ട്. അവരുടെ തട്ടുകളിലെല്ലാം അദ്ദേഹം സമീപിക്കുന്നു. പക്ഷേ അവര്‍ പരസ്പരം കാണുകയില്ല (മുസ്‌ലിം) 15.
സ്വര്‍ഗത്തില്‍ കൂടുതല്‍ വീടുകള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങളില്‍ ചിലത് റസൂല്‍(സ്വ) പറഞ്ഞു. ”അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ആരെങ്കിലും പള്ളി നിര്‍മിച്ചാല്‍ അതുപോലെ അല്ലാഹു അവന് സ്വര്‍ഗത്തിലും നിര്‍മിച്ചു കൊടുക്കുന്നു” (ബുഖാരി) 16.
”രാവും പകലുമായി ആരെങ്കിലും പന്ത്രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചാല്‍ അവന്ന് അല്ലാഹു സ്വര്‍ഗത്തില്‍ ഒരുവീട് പണിയപ്പെടുന്നതാണ്” (മുസ്‌ലിം) 17.
സ്വർഗത്തിലെ പാത്രങ്ങള്‍, പരിചാരകര്‍
ആഹരിക്കാനും പാനം ചെയ്യാനുമായി സ്വര്‍ഗവാസികളുപയോഗിക്കുന്ന ഉയര്‍ന്നതരം പാത്രങ്ങളെ ക്കുറിച്ചും കോപ്പകളെക്കുറിച്ചും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ”സ്വര്‍ണത്തിന്റെ തളികയും പാത്രങ്ങളും അവര്‍ക്ക്ചുറ്റും കൊണ്ടുനടക്കപ്പെടും’(43:71).
‘നിര്‍ണിതമായ അളവുകളും തോതുകളുമുള്ള സ്ഫടികസമാനമായ വെള്ളിപ്പാത്രങ്ങളും കോപ്പകളും അവിടെയുണ്ടായിരിക്കും. വെള്ളിയുടെ പാത്രങ്ങളും മിനുസംകൊണ്ട് സ്ഫടികം പോലെയായിത്തീര്‍ന്നിട്ടുള്ള വെള്ളിക്കോപ്പകളുമായി അവര്‍ക്കിടയില്‍ പരിചാരകര്‍ ചുറ്റിക്കറങ്ങുന്നതാണ്. അവര്‍ പാത്രങ്ങള്‍ക്ക് തോതനുസരിച്ച് അളവ് നിര്‍ണയിച്ചിരിക്കും’ (76:15,16).
‘കോപ്പകളും കൂജകളും ശുദ്ധമായ ഉറവുജലം നിറച്ച പാനപാത്രവും’ (56:18) അവിടെയുണ്ട്. ആവശ്യമായ പാനീയങ്ങള്‍ ഉചിതമായ പാത്രങ്ങളില്‍ നിറച്ച് യഥേഷ്ടം ഉപയോഗിക്കാവുന്ന വിധം ചുറ്റിക്കറങ്ങുന്ന പരിചാരകവൃന്ദവും അവിടെയുണ്ടായിരിക്കും. ആ പരിചാരകരെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ‘നിത്യജീവിതം നല്‍കപ്പെട്ട ബാലന്മാര്‍ എന്നാണ്’ (56:17). കോപ്പകളുംകൂജകളും ശുദ്ധമായ ഉറവുജലം നിറച്ച് പാനപാത്രവുംകൊണ്ട് മുത്തുവിതറിയ പോലെ വെട്ടിത്തിളങ്ങുന്ന ഇവര്‍ സ്വര്‍ഗലോകത്തചന്റ ഒരു അലങ്കാരം തന്നെയായിരിക്കും. ”അവരെ കണ്ടാല്‍ വിതറിയ മുത്തുകളാണെന്ന് നീ വിചാരിക്കും” (76:19).
മറ്റൊരിടത്ത് അല്ലാഹു ഈ സേവന സന്നദ്ധരായ പരിചാരകരെ ഉദ്ദേശിച്ച് പറയുന്നു: ‘‘അവിടെ അവര്‍ പാനപാത്രം അന്യോന്യം കൈമാറിക്കൊണ്ടിരിക്കും. അവിടെ അനാവശ്യവാക്കോ അധാര്‍മികവൃത്തിയോ ഇല്ല. അവര്‍ക്ക് പരിചരണത്തിന്നായി ചെറുപ്പക്കാര്‍ അവരുടെ അടുത്ത് ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും. അവര്‍ സൂക്ഷിച്ചുവെക്കപ്പെട്ട മുത്തുകള്‍ പോലെയായിരിക്കും’ (52:23,24).
സ്വര്‍ഗത്തിലെ സേവകന്മാരായ ഈ ബാലന്മാര്‍ ഏതാണ് എന്നതിനെക്കുറിച്ച് പരിഗണനീയമായ രണ്ട് അഭിപ്രായങ്ങള്‍ കാണാന്‍ കഴിയുന്നു. (ഒന്ന്) സ്വര്‍ഗം പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മാതാപിതാക്കളുടെ ചെറുപ്പത്തില്‍ മരിച്ചുപോയ കുട്ടികള്‍. (രണ്ട്) സ്വര്‍ഗീയരുടെ സേവനത്തിനായി അല്ലാഹു പ്രത്യേകം സൃഷ്ടിച്ച കുട്ടികള്‍.
References- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1184, ഹദീസ് 3069[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 145, ഹദീസ് 2834[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 140, ഹദീസ് 2816[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 672, ഹദീസ് 2526[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 346, ഹദീസ് 3197[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 680, ഹദീസ് 2542[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 1505, ഹദീസ് 1892[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 252, ഹദീസ് 315[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 2180, ഹദീസ് 2835[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 144, ഹദീസ് 2826[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1410, ഹദീസ് 3674[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 18, പേജ് 211, ഹദീസ് 11673[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 91, ഹദീസ് 2099[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1188, ഹദീസ് 3083[↩][↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 148, ഹദീസ് 2838[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 172, ഹദീസ് 439[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 161, ഹദീസ് 728[↩]
