ത്വവാഫ്
ചുറ്റുക എന്നാണ് ത്വവാഫ് എന്ന വാക്കിന്റെ ഭാഷാര്‍ഥം. മക്കയിലെ കഅ്ബയെ അഭിവാദ്യം ചെയ്യുന്ന രൂപം എന്ന നിലയില്‍ അതിനെ ഏഴുവട്ടം ചുറ്റുന്നതിനാണ് ഇസ്‌ലാമില്‍ ത്വവാഫ് എന്നതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. സാധാരണ പള്ളികളില്‍ പ്രവേശിക്കുമ്പോള്‍ ആദരിച്ചുകൊണ്ട് തഹിയ്യത്ത് നമസ്‌കരിക്കുക എന്നതാണ് നബിചര്യ. എന്നാല്‍ കഅ്ബ എന്ന മാതൃഭവനം മറ്റു പള്ളികളെക്കാള്‍ ആദരിക്കപ്പെടണം. അതിനായി അല്ലാഹു നിശ്ചയിച്ചതാണ് ത്വവാഫ് എന്ന കര്‍മം.
ത്വവാഫ് മസ്ജിദുല്‍ ഹറമില്‍ പ്രവേശിക്കുന്ന ആര്‍ക്കും, ഇഹ്‌റാമില്‍ അല്ലാതെയും ഹജ്ജോ ഉംറ യോ ഉദ്ദേശിക്കുന്നവരല്ലെങ്കിലും, എപ്പോഴും എത്ര പ്രാവശ്യവും നിര്‍വഹിക്കാവുന്നതാണ്. ഒരു ത്വവാഫ് പൂര്‍ത്തിയാകുന്നത് ഏഴുതവണ കഅ്ബയെ ചുറ്റുമ്പോഴാണ്.
നാലുതരം ത്വവാഫുകളുണ്ട്.
- ത്വവാഫ്മുത്‌ലഖ്. ഇത്മസ്ജിദുല്‍ഹറമില്‍ പ്രവേശിക്കുന്ന ആര്‍ക്കും എപ്പോഴും എത്ര തവണയും നിര്‍വഹിക്കാവുന്നതാണ്.
- ത്വവാഫുല്‍ഖുദൂം. മക്കയിലെത്തിയ ഉടനെയുള്ള ത്വവാഫാണിത്. ഹജ്ജും ഉംറയും ഒന്നിച്ചോ (ഖാരിന്‍), ഉംറകഴിഞ്ഞ് ഇഹ്‌റാമില്‍ നിന്ന്മാറി ഹജ്ജിനായി പിന്നീട് ഇഹ്‌റാം ചെയ്യുന്നവരോ (മുതമത്തിഅ്) എല്ലാം ഇത് നിര്‍വഹിക്കണം. അവരുടെയെല്ലാം ഉംറയുടെ ഭാഗം എന്ന നിലയില്‍ ഇത് നിര്‍ബന്ധമാണ്. ചെയ്തില്ലെങ്കില്‍ ഉംറ നഷ്ടപ്പെടും.
- ത്വവാഫുല്‍ ഇഫാദ. ഹജ്ജിന്റെ നിര്‍ബന്ധ ഘടകമാണ് (റുക്ന്‍) ഇത്. ഇത് നിര്‍വഹിക്കാത്തവന് ഹജ്ജ് നഷ്ട പ്പെടും. ബലി പ്രായശ്ചിത്തമായി നല്കുകയും വേണം.
- ത്വവാഫുല്‍വിദാഅ്. ഖാരിനും മുതമ ത്തിഉം മുഫ്‌രിദുമായ എല്ലാ ഹാജിമാരും ഹജ്ജ് കഴിഞ്ഞ് മക്ക വിട്ടുപോകുമ്പോള്‍ നിര്‍വഹിക്കേ ണ്ടതാണിത്. ആര്‍ത്തവം, പ്രസവരക്തം എന്നിവയുള്ള സ്ത്രീകള്‍ക്ക് ഇതില്‍ ഇളവുണ്ട്. മറ്റുള്ളവര്‍ ഇതു നിര്‍വഹിച്ചിട്ടില്ലെങ്കില്‍ പ്രായശ്ചിത്തമായി ബലി നല്കണം.
കഅ്ബയില്‍ ആദ്യമായി പ്രവേശിക്കുന്ന പുരുഷന്മാര്‍ ത്വവാഫുല്‍ഖുദൂം നിര്‍വഹിക്കുമ്പോള്‍ റമല്‍ നടത്തവും ഇദ്തിബാഉ വസ്ത്ര രീതിയും സ്വീകരിക്കണം എന്നതൊഴിച്ചാല്‍ എല്ലാ ത്വവാഫിന്റെയും രൂപവും കര്‍മങ്ങളും ഒന്നുതന്നെയാണ്. ത്വവാഫ് ഉദ്ദേശിക്കുന്നവര്‍ ചില മര്യാദകള്‍ പാലിക്കണ മെന്ന് നിഷ്‌കര്‍ഷിക്കുന്നു. ചെറുതും വലുതുമായ അശുദ്ധികളില്‍ നിന്ന് ശുദ്ധിയായിരിക്കണം. എന്നാല്‍ വുദു മുറിഞ്ഞാല്‍ വീണ്ടും വുദുവെടുത്ത് ബാക്കി ചുറ്റല്‍ പൂര്‍ത്തിയാക്കുക. വുദുവിന് സാധ്യമല്ലെങ്കില്‍ തയമ്മും ചെയ്താലും മതി. വലിയ അശുദ്ധിയുള്ള സ്ത്രീകളോ പുരുഷന്മാരോ ത്വവാഫ് ചെയ്യാന്‍ പാടില്ല. ത്വവാഫുല്‍ ഇഫാദയുടെ സമയത്ത് സ്ത്രീ ആര്‍ത്തവക്കാരിയാവുകയോ പ്രസവരക്തക്കാരിയാവുകയോ ചെയ്താല്‍ അവര്‍ ത്വവാഫ് മാറ്റിവെക്കണം. അവര്‍ ഹജ്ജിന്റെ അവസാന ദിവസംവരെയും കാത്തിരിക്കണം. എന്നിട്ടും ശുദ്ധിയാകുന്നില്ലെങ്കില്‍ എന്തെങ്കിലും മരുന്നു കഴിച്ച് തത്കാലം ആര്‍ത്തവം നിര്‍ത്തി ത്വവാഫ് ചെയ്യണമെന്നും അല്ലാതെതന്നെ നിര്‍ബ ന്ധിതാവസ്ഥയില്‍ അവര്‍ ത്വവാഫുല്‍ഇഫാദ ചെയ്താല്‍ അംഗീകരിക്കപ്പെടുമെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
ഏഴു ത്വവാഫും തുടര്‍ച്ചയായി ചെയ്യുന്നതാണ് ഉത്തമം. പക്ഷേ തുടര്‍ച്ച മുറിഞ്ഞാല്‍ കുഴപ്പമില്ല. ക്ഷീണിച്ചവര്‍ക്ക് ഇടക്ക് വിശ്രമിച്ചശേഷം ബാക്കി തുടരാവുന്നതാണ്. ശരീരവും വസ്ത്രവും വൃ ത്തിയുള്ളതാകണം, മറ്റുള്ളഭക്തര്‍ക്ക് പ്രയാസങ്ങളുണ്ടാക്കുന്ന ഒരു കാര്യവും ഉണ്ടാകരുത്, കഅ്ബയെ ഇടതുവശത്താക്കിവേണം ത്വവാഫ് ചെയ്യേണ്ടത്. ഹിജ്‌റിനകത്തുകൂടി (കഅ്ബയുടെ എടുപ്പിനോട് ചേര്‍ന്ന് റ ആകൃതിയില്‍ അടയാളപ്പെടുത്തിയ സ്ഥലമാണ് ഹിജ്ര്‍) ത്വവാഫ് പാടില്ല. അത് കഅ്ബയുടെ ഭാഗമാണ്. പള്ളിയില്‍ പ്രവേശിക്കാന്‍ ആദ്യം വലതുകാല്‍ വയ്ക്കണം. ഈ സമയത്ത്, ബിസ്മില്ലാഹിവസ്സലാതു വസ്സലാമു അലാറസൂലില്ലാഹ്, അല്ലാഹുമ്മഫ്തഹ്‌ലീ അബ് വാബ റഹ്‌മതിക(76) എന്ന, എല്ലാ പള്ളിയിലും പ്രവേശിക്കുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ഥന നിര്‍വഹിക്കാം. (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ ദൂതനില്‍ അനുഗ്രഹങ്ങളും രക്ഷയുമുണ്ടാകട്ടെ, അല്ലാഹുവേ എനിക്ക് കാരുണ്യത്തിന്റെ കവാടകങ്ങള്‍ തുറന്നുതരേണമേ). ശേഷം മത്വാഫിലേക്ക് പോവുക. കഅ്ബയെ ചുറ്റുന്ന മുറ്റമടക്കമുള്ള സ്ഥലത്തിനാണ് മത്വാഫ് (ത്വവാഫിന്റെ സ്ഥലം) എന്നു പറയുന്നത്. കഅ്ബക്കു ചുറ്റുമുള്ള മുറ്റവും അതിന്റെ ചുറ്റുമുള്ള മസ്ജിദുല്‍ഹറമിന്റെ ഉള്‍ഭാഗവും മേല്‍ഭാഗവുമെല്ലാം ഇങ്ങനെ ചുറ്റാവുന്ന പ്രദേശങ്ങളാണ്. എന്നാലും കഅ്ബക്കടുത്തായി ചുറ്റുന്നതാണ് ഉത്തമം. സ്ത്രീകള്‍ക്കും പുരുഷന്മാരുടെ കൂടെ ത്വവാഫ് ചെയ്യാവുന്നതാണ്. ഹജറുല്‍ അസ്‌വദ് മുത്താനും മറ്റും അവര്‍ പുരുഷന്മാരുടെകൂടെ തിരക്കാതിരിക്കലാണ് ഉത്തമം.
ത്വവാഫ് ഒറ്റനോട്ടം
വുദുചെയ്യുക. വലതുകാല്‍ വെച്ച് പ്രാര്‍ഥനയോടെ പള്ളിയില്‍ കയറുക മത്വാഫിലേക്ക് പ്രവേശിക്കുക. ആര്‍ക്കും എവിടെയും പ്രയാസങ്ങളുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ത്വവാഫുല്‍ ഖുദൂമാ ണെങ്കില്‍ പുരുഷന്മാര്‍ മേല്‍മുണ്ട് ഇദ്തിബാഅ് ആക്കുക. മറ്റു ത്വവാഫുകളില്‍ ഇത്‌വേണ്ടതില്ല. ഹജറുല്‍അസ്‌വദ് ചുംബിക്കുകയോ തൊട്ടു മുത്തുകയോ അതിന്റെ അടയാളത്തിനു നേരെ നിന്ന് ആംഗ്യം കാണിക്കുകയോ ചെയ്യുക. ശേഷം ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്നു പറയുക. കഅ്ബയെ ഇടതുവശത്താക്കി ത്വവാഫ് തുടങ്ങുക. പുരുഷന്മാര്‍ വേഗത്തില്‍ (റമല്) നടക്കുക. ഇഷ്ടമുള്ള ദുആകളും ദിക്‌റുകളും ഖിറാഅതും അറിയാവുന്ന ഭാഷയിലും രൂപത്തിലും സ്വന്തമായി നിര്‍വഹിക്കുക. റുക്‌നുല്‍ യമാനിയിലെത്തിയാല്‍ കഴിയുമെങ്കില്‍ അതിനെ തൊടുക. ശേഷം റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനതന്‍ വഫില്‍ ആഖിറതിഹസനതന്‍ വഖിനാ അദാബന്നാര്‍(77) എന്ന പ്രാര്‍ഥന ചൊല്ലിക്കൊണ്ടിരിക്കുക. ഹജറുല്‍ അസ്‌വദിനടുത്തെത്തുമ്പോള്‍ അതിനെ ചുംബിക്കുക യോ തൊട്ടുമുത്തുകയോ ആംഗ്യംകാണിക്കുയോ ചെയ്യുക. വീണ്ടും ഇഷ്ടമുള്ള പ്രാര്‍ഥനകളും മറ്റുമായി ഇങ്ങനെ ചുറ്റുക. മൂന്നുചുറ്റല്‍ പൂര്‍ത്തിയായാല്‍ റമല് നടത്തം നിര്‍ത്തുക. ഏഴുചുറ്റല്‍ പൂര്‍ത്തിയായാല്‍ ഇദ്തിബാഅ് മാറ്റി മേല്‍മുണ്ടിന്റെ രണ്ടറ്റങ്ങളും മാറിലേക്ക് വരുന്ന രൂപത്തില്‍ പുതയ്ക്കുക. ഹജറിനെ ചുംബിച്ച് മഖാമുഇബ്‌റാഹീമിനെ തനിക്കും കഅ്ബക്കും മധ്യേയാക്കി രണ്ടു റക്അത് നമസ്‌കരിക്കുക. സാധ്യമല്ലെങ്കില്‍ മസ്ജിദുല്‍ഹറമില്‍ എവിടെയെങ്കിലും നിന്ന് നമസ്‌കരിക്കുക. ഇതില്‍ ഒന്നാം റക്അതില്‍ സൂറതുല്‍ കാഫിറൂനും രണ്ടാം റക്അതില്‍ ഇഖ്‌ലാസും ഓതുക. ശേഷം സ്വഫായിലേക്കുള്ള വഴിയിലൂടെ സഅ്‌യിനായി നീങ്ങുകയോ മറ്റു കാര്യങ്ങള്‍ക്കാ യി ത്വവാഫില്‍ നിന്ന് വിരമിക്കുകയോ ചെയ്യുക.
ത്വവാഫ് കര്‍മ രൂപം
ഹജ്ജും ഉംറയും നിര്‍വഹിക്കുന്ന പുരുഷന്മാര്‍ ആദ്യമായി ത്വവാഫ് ചെയ്യുമ്പോള്‍ (ത്വവാഫുല്‍ ഖുദൂം) മേല്‍മുണ്ടിന്റെ രണ്ടറ്റവും ഇടതുചുമലിലും മധ്യഭാഗം വലത്തെ കക്ഷത്തിലുമാക്കി, വലതുചുമല്‍ പുറത്തുകാണുന്ന വിധത്തിലായി ഇഹ്‌റാം വസ്ത്രം ധരിക്കുക. ഇതിന് ഇദ്തിബാഅ് എന്നു പറയും. ഈ സന്ദര്‍ഭത്തില്‍ മാത്രമാണ് ഇങ്ങനെ ധരിക്കേണ്ടത് മറ്റെല്ലാ സന്ദര്‍ഭങ്ങളിലും രണ്ടു ചുമലും മൂടുന്ന വിധത്തില്‍ തുണിയുടെ രണ്ടറ്റവും നെഞ്ചിന്റെ ഭാഗത്തേക്ക് തൂക്കിയിടുക യാണ് വേണ്ടത്. ‘ബിസ്മില്ലാഹി അല്ലാഹുഅക്ബര്‍‘(78) (അല്ലാഹുവിന്റെ നാമത്തില്‍, അവന്‍ ഏറ്റവും വലിയവനാണ്) എന്നു പറഞ്ഞുകൊണ്ട് ഹജറുല്‍അസ്‌വദ് ചുംബിക്കുകയോ കൈകൊണ്ടോ വടികൊണ്ടോ തൊട്ട് അതില്‍ മുത്തുകയോ സാധിക്കാത്തവര്‍ മത്വാഫില്‍ അതിനു നേരെ നിന്ന് ആംഗ്യം കാണിക്കുകയോ ചെയ്യണം. പിന്നീട് കഅ്ബയെ ഇടതുവശത്താക്കി ത്വവാഫ് തുടങ്ങുക.
ഇദ്തിബാഅ് രൂപത്തില്‍ ഇഹ്‌റാം വസ്ത്രം ധരിച്ചവര്‍ ആദ്യത്തെ മൂന്ന് ചുറ്റുകള്‍ അല്പം വേഗ ത്തില്‍ നടക്കുന്ന റമല്‍ രീതിയിലാണ് നിര്‍വഹിക്കേണ്ടത്. ഇദ്തിബാഉം റമലും പുരുഷന്‍മാരായ ഹാജിമാര്‍ക്കും ഉംറക്കാര്‍ക്കും മാത്രമാണ്. ആദ്യതവണ ചെയ്യുന്ന (ത്വവാഫുല്‍ഖുദൂം) ത്വവാഫിനേ ഇങ്ങനെ ചെയ്യേണ്ടതുള്ളൂ. പിന്നീട് നിര്‍ബന്ധമോ ഐഛികമോ ആയി ചെയ്യുന്ന ത്വവാഫുകളെല്ലാം സാധാരണപോലെ വസ്ത്രം ധരിച്ചും നടന്നുമാണ് നിര്‍വഹിക്കേണ്ടത്.
ഹജറുല്‍ അസ്‌വദിന്റെ അടുത്ത് നിന്നുതുടങ്ങിയ ത്വവാഫ് അവിടെ തിരിച്ചെത്തുന്നതോടെ ഒരു ചുറ്റല്‍ പൂര്‍ണമാകും. കഅ്ബയോട് ചേര്‍ന്ന് അര്‍ധവൃത്താകൃതിയില്‍ അടയാളപ്പെടുത്തിയ ഹിജ്‌റ് എന്ന ഭാഗത്തിനു പുറത്തുകൂടിവേണം ത്വവാഫ് ചെയ്യാന്‍, കാരണം ഇതും കഅ്ബയില്‍പെട്ടതാണ്. അതിനാല്‍ ഇതിനുള്ളിലൂടെ ത്വവാഫ് ചെയ്യാന്‍ പാടില്ലാത്തതാണ്. ഇവിടെ ഇസ്മാഈല്‍(അ)യെ യും ഹാജറി(റ)നെയും മറവുചെയ്തിരിക്കുന്നു എന്ന് പറപ്പെടുന്നതിന് വിശ്വസനീയമായ യാതൊരു പ്രമാണവുമില്ല. ഹജറുല്‍ അസ്‌വദോ കഅ്ബയുടെ ഏതെങ്കിലും ഭാഗങ്ങളോ തൊട്ട് ശരീരത്തില്‍ തടവുന്നതോ കുട്ടികള്‍ക്ക് തടവിക്കൊടുക്കുന്നതോ അതില്‍ ശരീരം ഉരസുന്നതോ ഒന്നും പുണ്യ കരമോ ഭക്തിയോ അല്ല. ഒഴിവാക്കേണ്ട അനാചാരങ്ങളാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഇവ യില്‍ നിന്നെല്ലാം ബര്‍കത്തു ലഭിക്കുമെന്ന വിശ്വാസം അനിസ്‌ലാമികമാണ്.
ഹജറുല്‍ അസ്‌വദിന് പ്രത്യേകദിവ്യത്വമോ പുണ്യമോ ഇല്ല. ഇത് സ്വര്‍ഗത്തിലെ കല്ലാണ് തുടങ്ങിയ മഹത്വങ്ങള്‍ പറയുന്ന ഹദീസുകള്‍ ന്യൂനതയുള്ളതാണ്. കഅ്ബയിലെ ഇബ്‌റാഹീം നബി(അ)യുടെ കാലം മുതലുള്ളത് എന്ന് ഉറപ്പിച്ചു പറയാവുന്ന ഏറ്റവും പുരാതന ഭാഗമായ ഒരു കല്ലാണിത്. മുഹമ്മദ് നബി(സ്വ) ഇത് ത്വവാഫ് തുടങ്ങാനും തീരാനുമുള്ള അടയാളമാക്കി. നബിയുടെ പിന്‍ഗാമിയായി വന്ന രണ്ടാം ഖലീഫ (ഭരണാധികാരി) ഉമര്‍(റ) ഇതിനെ ചുംബിച്ചുകൊണ്ടു പറഞ്ഞു: നീ ഒരു കല്ലുമാത്രമാണെന്നും എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ നിനക്കു കഴിയില്ലെന്നും എനിക്കറിയാം. നബി(സ്വ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല (ബുഖാരി) 1. ഇത് ത്വവാഫിന്റെ നിര്‍ബന്ധഭാഗമല്ല. ചുംബിക്കാന്‍ വേണ്ടി തിരക്കുകൂട്ടി മറ്റുള്ളവര്‍ക്കു പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത് പുണ്യം കുറയ്ക്കുമെന്നോര്‍ക്കണം. നബി(സ്വ)യുടെ സുന്നത്തു കിട്ടാന്‍ ദൂരെ അതിന്റെ നേരെ നിന്ന് കൈ ഉയര്‍ത്തി ആംഗ്യം കാണി ച്ചാലും മതി. കറുത്തകല്ല് എന്നാണ് അല്‍ഹജറുല്‍ അസ്‌വദ് എന്നതിന്റെ അര്‍ഥം.
ഈ ചുറ്റലുകള്‍ക്കിടയില്‍ ഭക്തന് ഇഷ്ടമുള്ള കാര്യങ്ങള്‍ സൗകര്യപ്പെടുന്ന ഭാഷയില്‍ പ്രാര്‍ഥിക്കുക യും ദിക്‌റുകള്‍ ചൊല്ലുകയും ഖുര്‍ആന്‍ പാരായണം നടത്തുകയുമെല്ലാം ചെയ്യാവുന്നതാണ്. പ്രാര്‍ഥനക്ക് ഏറെ ഉത്തരസാധ്യതയുള്ള സ്ഥലമാണിത്. ഇവിടങ്ങളിലേക്കായി പ്രത്യേകം നിര്‍വ ഹിക്കേണ്ട ഒന്നും നബി(സ്വ) നിര്‍ദേശിച്ചിട്ടില്ല. ഒരു ഇമാം ചൊല്ലിക്കൊടുത്ത് ഏറ്റു ചൊല്ലുന്ന രീതിയോ സംഘംചേര്‍ന്ന് ചൊല്ലുന്ന രീതിയോ നബി(സ്വ) പഠിപ്പിച്ചിട്ടില്ല.
എന്നാല്‍ കഅ്ബയുടെ റുക്‌നുല്‍ യമാനി എന്ന മൂലയിലെത്തുമ്പോള്‍ ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്നു പറഞ്ഞ് കൈകൊണ്ട് തൊടുക മാത്രം ചെയ്ത് (തൊട്ടുമുത്തുകയോ ആംഗ്യം കാണിക്കുകയോ വേണ്ട) ഹജറുല്‍ അസ്‌വദിന്റെ അടുത്തുവരെ, റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനതന്‍ വഫില്‍ആഖിറതി ഹസനതന്‍ വഖിനാ അദാബന്നാര്‍(77) (ഞങ്ങളുടെ രക്ഷിതാവേ, ഈ ഭൂമിയിലും പരലോകത്തും ഞങ്ങള്‍ക്ക് നന്മ നല്‌കേണമേ, ഞങ്ങളെ നരകത്തില്‍ നിന്ന് രക്ഷിക്കേണമേ) എന്ന പ്രാര്‍ഥന ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് നബി(സ്വ)യുടെ ചര്യയാണ്.
ഏഴുചുറ്റ് ത്വവാഫ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മഖാമു ഇബ്‌റാഹീം എന്ന് മത്വാഫില്‍ അടയാള പ്പെടുത്തിയ സ്ഥലത്ത് അതിനെ തന്റെയും കഅ്ബയുടെയും ഇടയിലാക്കി രണ്ടു റക്അത്ത് നമ സ്‌കരിക്കുക എന്നതും നബിചര്യയില്‍ പെട്ടതാണ്. ഇവിടെയും നിന്ന് നമസ്‌കരിക്കാനുള്ള വ്യഗ്ര തയില്‍ മറ്റു ഭക്തര്‍ക്ക് പ്രയാസം സൃഷ്ടിക്കേണ്ടതില്ല. വിശാലമായ മസ്ജിദുല്‍ ഹറമിന്റെ അകത്ത് എവിടെ നിന്നു നമസ്‌കരിച്ചാലും ഈ പുണ്യം കുറയുന്നില്ല. ഇതില്‍ ഒന്നാം റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനും രണ്ടില്‍ ഇഖ്‌ലാസും പാരായണം ചെയ്യല്‍ സുന്നത്താണ്. ശേഷം സംസം വെള്ളം കുടിക്കാം. നബി(സ്വ) സംസം കുടിച്ചിരുന്നു.
ത്വവാഫിന്റെ എണ്ണത്തില്‍ സംശയം തോന്നിയാല്‍ കുറവുള്ള എണ്ണം അവലംബിച്ച് ബാക്കി പൂര്‍ ത്തിയാക്കുക. മൂന്നോ നാലോ എന്നാണ് സംശയമെങ്കില്‍ മൂന്നെന്നു തീരുമാനിച്ച് ബാക്കി നാലെണ്ണംകൂടി നിര്‍വഹിക്കുക. ത്വവാഫിനിടയില്‍ ജമാഅത്ത് നമസ്‌കാരമോ മയ്യിത്ത് നമസ്‌കാ രമോ വന്നാല്‍ ത്വവാഫ് നിര്‍ത്തി അതില്‍ പങ്കെടുക്കുകയും ശേഷം ബാക്കി പൂര്‍ത്തിയാക്കുകയും ചെയ്യുക. ത്വവാഫിനിടയില്‍ അത്യാവശ്യമുള്ള വര്‍ത്തമാനങ്ങള്‍ പറയുന്നതില്‍ തെറ്റില്ല.
സ്വന്തമായി ത്വവാഫ് ചെയ്യാന്‍ കഴിയാത്തവരെ വണ്ടിയില്‍ ഉന്തിക്കൊണ്ടുപോകാം. രണ്ടുപേരും അവര്‍ക്കു ചെയ്യേണ്ട ദിക്‌റുകളും ദുആകളുമെല്ലാം സ്വന്തമായി നിര്‍വഹിക്കണം. കുട്ടികളെ എടു ത്തുകൊണ്ടും ത്വവാഫ് ചെയ്യാവുന്നതാണ്. അവരുടെ ത്വവാഫ് കൂടി നിയ്യത്തില്‍ ഉള്‍പെടുത്തണം.
ഹജ്ജുകഴിഞ്ഞ് മക്ക വിടുന്നവര്‍ ത്വവാഫുല്‍ വിദാഅ് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ആര്‍ത്തവം, പ്രസവരക്തം എന്നിവയുള്ളവര്‍ക്ക് ഇത് നിര്‍ബന്ധമില്ല. ത്വവാഫുല്‍വിദാഅ് കഴിഞ്ഞ് പോകുമ്പോള്‍ കഅ്ബക്ക് പ്രതിമുഖമാകാതിരിക്കാനായി പിന്നോട്ട് നടന്ന് പുറത്തുപോകുന്ന രീതി നബി(സ്വ) പഠിപ്പിച്ചതല്ല.
സഅ്‌യ്
സഅ്‌യ് എന്ന വാക്കിന് നടത്തം, പരിശ്രമം, ഓട്ടം എന്നെല്ലാം അര്‍ഥമുണ്ട്. കഅ്ബക്കു സമീപ ത്തായി ഏകദേശം നാനൂറുമീറ്റര്‍ അകലത്തിലുള്ള രണ്ടു ചെറുകുന്നുകളാണ് സഫായും മര്‍വയും. ഇവയ്ക്കിടയില്‍ ഏഴു പ്രാവശ്യം നടക്കല്‍ എന്നത് ഹജ്ജിന്റെയും ഉംറയുടെയും നിര്‍ബന്ധ ഘടകമാണ് (റുക്ന്‍). ഇസ്‌ലാംമത പദാവലിയില്‍ സഅ്‌യ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇതാണ്. ഇത് നഷ്ടപ്പെട്ടാല്‍ ഹജ്ജും ഉംറയും നഷ്ടപ്പെടും. ഉംറയുടെ ഭാഗമായി ത്വവാഫുല്‍ഖുദൂം കഴി യുന്ന വ്യക്തിയും ഹജ്ജ് മാത്രമായി ഇഹ്‌റാം ചെയ്ത ഹാജിയുമെല്ലാം ഇവിടെവന്ന് സഅ്‌യ് നടത്തേണ്ടതുണ്ട്. ഇഫ്‌റാദും ഖിറാനുമായി ഇഹ്‌റാം ചെയ്തവര്‍ നേരത്തെ ഉംറയുടെ ഭാഗമായി സഅ്‌യ് നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ വീണ്ടും സഅ്‌യ് നടത്തേണ്ടതില്ല. എന്നാല്‍ തമത്തുഅ് ആയി ഇഹ്‌റാം ചെയ്തവര്‍ നേരത്തെ ഉംറയോടൊപ്പം നടത്തിയതിനു പുറമെ ത്വവാഫുല്‍ ഇഫാദക്ക് ശേഷം ഹജ്ജിന്റെ സഅ്‌യ് വേറെ നടത്തണം.
ഇബ്‌റാഹീം നബി(അ) തന്റെ ഭാര്യ ഹാജറിനെയും കൈക്കുഞ്ഞായ ഇസ്മാഈലിനെയും കഅ്ബ യുടെ ചാരത്ത് താമസിപ്പിച്ചു തിരിച്ചുപോയി. ഹാജറിന്റെ കൈവശമുള്ള വെള്ളം തീര്‍ന്നപ്പോള്‍ വെള്ളം തേടിയും അഭയമന്വേഷിച്ചും പരിഭ്രാന്തിയോടെ അവര്‍ ഈ രണ്ടു കുന്നുകള്‍ പലവുരു കയറിയിറങ്ങി. തിരിച്ചെത്തിയപ്പോള്‍ സംസം എന്ന നീരുറവ അവിടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. ഈ ചരിത്രത്തിന്റെ അയവിറക്കല്‍, അടിമയായ ഹാജര്‍ എന്ന സ്ത്രീയെ അമരത്വത്തിലേക്ക് നയിച്ച ആദര്‍ശ സ്‌നേഹത്തിന്റെയും മാതൃവാത്സല്യത്തിന്റെയും കഥക്ക് ജീവനേകുകയാണ് സഅ്‌യ്. നൂറ്റാ ണ്ടുകള്‍കൊണ്ട് ജനകോടികള്‍ കയറിയിറങ്ങിയ ഈ കൊച്ചുകുന്നുകള്‍ ഇന്ന് ഏതാനും അടി ഉയരത്തിലും വിസ്താരത്തിലും മാത്രമേ പുറത്തുകാണാനുള്ളൂ. മസ്ജിദുല്‍ ഹറം വികസിപ്പിച്ച പ്പോള്‍ ഇതിന്റെ അരികുകളെല്ലാം പള്ളിയിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഹാജറും മുഹമ്മദ് നബി(സ്വ)യും നടന്ന പാതയില്‍ വെയിലും കല്ലും ഇന്നവിടെയില്ല. ശീതീകരിച്ച് ടൈലുകള്‍ പതിച്ച് മനോഹരവും സുഖകരവുമാക്കിയ ഒരു നീണ്ട ഹാളാണ് ഇന്ന് ഹാജറിനെ ഓര്‍ക്കാനുള്ളത്. എന്നാലും ആ ത്രസിക്കുന്ന ചരിത്രത്തിലേക്ക് ഓരോ ഹാജിയെയും പിടിച്ചു വലിക്കുന്ന കര്‍മമാണ് സഅ്‌യ്.
ത്വവാഫ് കഴിഞ്ഞ് ഹജറുല്‍ അസ്‌വദിന്റെ ഭാഗത്തുള്ള കവാടത്തിലൂടെ കടന്നെത്തുക സഫായിലേ ക്കാണ്. ഇവിടെ നിന്നാണ് സഅ്‌യ് തുടങ്ങേണ്ടത്. സഅ്‌യ് നടത്താന്‍ വുദു നിര്‍ബന്ധമില്ല. ആര്‍ത്ത വമുള്ള സ്ത്രീക്കും സഅ്‌യ് നിര്‍വഹിക്കാം. സഫായിലേക്കെത്തുമ്പോള്‍ ഹാജി വിശുദ്ധ ഖുര്‍ആ നിലെ 2:158 വചനം പാരായണം ചെയ്യണം. ”തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറയോ നിര്‍വഹി ക്കുന്ന ഏതൊരാളും അവയിലൂടെ ത്വവാഫ് നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സ്വയം സന്നദ്ധനായി സത്കര്‍മം ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വ ജ്ഞനുമാകുന്നു.” ശേഷം സഫായില്‍ കയറി ഖിബ്‌ലയ്ക്ക് അഭിമുഖമായി നിന്ന് കൈകളുയര്‍ത്തി പ്രാര്‍ഥിക്കണം. ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍മുല്‍കു വലഹുല്‍ ഹംദു വഹുവ അലാകുല്ലി ശൈഇന്‍ ഖദീര്‍. ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു അന്‍ജസ വഅ്ദഹു വ നസ്വറ അബ്ദഹു, വ ഹസമല്‍ അഹ്‌സാബ വഹ്ദഹു.(79) (അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല. അവന്‍ ഏകനും പങ്കുകാരനില്ലാത്തവനുമാണ്. അധികാരങ്ങളും സ്തുതികളുമെല്ലാം അവനുള്ളതാണ്. അവന്‍ എല്ലാറ്റിനും കഴിവുറ്റവനാണ്. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല, അവന്‍ ഏകനാണ്. അവന്‍ വാഗ്ദാനം നിറവേറ്റി തന്റെ അടിമയെ സഹായിച്ചു. എല്ലാ സംഘങ്ങളെയും അവന്‍ തനിച്ച് പരാജയപ്പെടുത്തുകയും ചെയ്തു). ഇത് മൂന്നു പ്രാവശ്യം ഉരുവിടണം.
പിന്നീട് തനിക്കാവശ്യമുള്ള എന്തുകാര്യവും പ്രാര്‍ഥിക്കാവുന്നതാണ്. ശേഷം മര്‍വയിലേക്ക് നടക്കുക. വഴിയില്‍ പ്രത്യേകം പച്ച ലൈറ്റ്‌കൊണ്ട് അടയാളപ്പെടുത്തിയ സ്ഥലങ്ങള്‍ക്കിടയില്‍ പുരുഷന്മാര്‍ ഓടണം. ഈ നടത്തത്തിനും ഓട്ടത്തിനുമിടയിലെല്ലാം ആവശ്യമായ പ്രാര്‍ഥനകളും ദിക്‌റുകളും നിര്‍വഹിക്കാം. നിര്‍ണിത പ്രാര്‍ഥനകളോ ദിക്‌റുകളോ ഒന്നും ഇവിടങ്ങളില്‍ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. അങ്ങനെ മര്‍വയിലെത്തുന്നതോടെ ഒരു സഅ്‌യ് പൂര്‍ത്തിയായി. ശേഷം മര്‍വയില്‍ കയറി, നേരത്തെ സഫായില്‍ ചൊല്ലിയതുപോലെ ചൊല്ലി പ്രാര്‍ഥിച്ച് സഫയിലേക്ക് തിരിച്ചു നടക്കുക. പച്ച ലൈറ്റുകള്‍ക്കിടയില്‍ പുരുഷന്മാര്‍ ഓടുക. ഇതിനിടയില്‍ പ്രാര്‍ഥനകളും ദിക്‌റുകളും നിര്‍വഹിക്കുക. അതോടെ രണ്ടാം സഅ്‌യും പൂര്‍ത്തിയായി. ഇങ്ങനെ ഏഴുതവണ സഫാ മര്‍വകള്‍ക്കിടയില്‍ നടന്ന് അവസാനം മര്‍വയിലൂടെ പുറത്തുവരാം.
സ്വന്തമായി സഅ്‌യ് ചെയ്യാന്‍ കഴിയാത്തവരെ വണ്ടിയില്‍ ഇരുത്തി ഉന്തിക്കൊണ്ടു പോകാവുന്ന താണ്. വണ്ടിയില്‍ ഇരിക്കുന്നവര്‍ വേണ്ട പ്രാര്‍ഥനകളും മറ്റും സ്വയം നിര്‍വഹിക്കണം. കൊച്ചുകുട്ടി കളെ എടുത്തുകൊണ്ടും സഅ്‌യ് നടത്താം. രണ്ടുപേരുടെയും നിയ്യത്താണ് ഈ സമയത്ത് കുഞ്ഞിനെ എടുത്ത വ്യക്തി കരുതേണ്ടത്.
സഅ്‌യ് ഒറ്റനോട്ടം
സ്വഫായിലേക്ക് പ്രവേശിക്കുക. വുദു നിര്‍ബന്ധമില്ല. ആര്‍ത്തവകാരികള്‍ക്കും നിര്‍വഹിക്കാം. സഫായുടെ സമീപമെത്തുമ്പോള്‍ അതിന് അഭിമുഖമായി നിന്ന് ഹാജി വിശുദ്ധ ഖുര്‍ആനിലെ 2:158 വചനം പാരായണം ചെയ്യണം. ശേഷം സഫായില്‍ കയറി ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് കൈക ളുയര്‍ത്തി പ്രാര്‍ഥിക്കണം. ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍. ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു അന്‍ജസ വഅ്ദഹു വ നസ്വറ അബ്ദഹു, വ ഹസമല്‍ അഹ്‌സാബ വഹ്ദഹു(79) എന്ന് മൂന്നുപ്രാവശ്യം ഉരു വിടണം. പിന്നീട് തനിക്കുവേണ്ടതെല്ലാം പ്രാര്‍ഥിക്കുക. ശേഷം മര്‍വയിലേക്ക് നടക്കുക. രണ്ടു പച്ച ലൈറ്റുകള്‍ക്കിടയില്‍ പുരുഷന്മാര്‍ ഓടണം. ഈ നടത്തത്തിനും ഓട്ടത്തിനുമിടയിലെല്ലാം ആവശ്യ മായ പ്രാര്‍ഥനകളും ദിക്‌റുകളും നിര്‍വഹിക്കാം. മര്‍വയിലെത്തുന്നതോടെ ഒരു സഅ്‌യ് പൂര്‍ത്തിയാ യി. ശേഷം മര്‍വയില്‍കയറി നേരത്തെ സഫായില്‍ ചൊല്ലിയതുപോലെ ചൊല്ലി പ്രാര്‍ഥിച്ച് സഫാ യിലേക്ക് തിരിച്ചു നടക്കുക. പച്ച ലൈറ്റുകള്‍ക്കിടയില്‍ പുരഷന്മാര്‍ ഓടുക. ഇതിനിടയില്‍ പ്രാര്‍ ഥനകളും ദിക്‌റുകളും നിര്‍വഹിക്കുക. അതോടെ രണ്ടാം സഅ്‌യും പൂര്‍ത്തിയായി. ഇങ്ങനെ ഏഴുതവണ സഫ മര്‍വകള്‍ക്കിടയില്‍ നടന്ന് അവസാനം മര്‍വയിലൂടെ പുറത്തുവരാം.
ഇഹ്‌റാം മീഖാതില്‍
നിയ്യത്തോടുകൂടി ഹജ്ജിലോ ഉംറയിലോ പ്രവേശിക്കുന്നതിനാണ് ഇഹ്‌റാം എന്നു പറയുക. ഇതിന് നിശ്ചയിക്കപ്പെട്ട സ്ഥലത്തിന് മീഖാത് എന്നു പറയും. നോമ്പും നമസ്‌കാരവും പോലുള്ള ആരാ ധനാകര്‍മങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേകസ്ഥലത്ത് വെച്ച് നിര്‍വഹിക്കേണ്ടതല്ലാത്തതിനാല്‍ അവ യുടെ അനുഷ്ഠാനങ്ങള്‍ ആരംഭിക്കാന്‍ പ്രത്യേകസ്ഥലം നിര്‍ണയിക്കേണ്ടതില്ല. എന്നാല്‍ ഹജ്ജ് ഒരു സ്ഥലത്ത് നിര്‍വഹിക്കേണ്ട കര്‍മമാണ്. അതിനാല്‍ അത് ആരംഭിക്കാനും നിര്‍വഹിക്കാനും അവസാനിക്കാനുമുള്ള സ്ഥലങ്ങള്‍ കൃത്യമായി നിശ്ചയിക്കപ്പെടണം. ഇതാണ് മീഖാതുകള്‍ നിശ്ചയിച്ചതിന്റെ ഒരു ലക്ഷ്യം.
കഅ്ബ സ്ഥിതിചെയ്യുന്നത് ഭൂമിയില്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളുടെ ഏകദേശം മധ്യത്തിലാ യിട്ടാണ്. അപ്പോള്‍ കഅ്ബയിലേക്ക് എല്ലാ ദിക്കുകളില്‍ നിന്നും ഹാജിമാര്‍ വരും. മക്കയും കഅ്ബ യും ഏറെ ആദരണീയമാണ്. അല്ലാഹുവിനെ ആരാധിക്കാന്‍വേണ്ടി മനുഷ്യചരിത്രത്തില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട ഭവനമാണത്. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ആരാധനയാണ് ഹജ്ജ്. പ്രവാചകന്മാരും മഹത്തുക്കളുമായ ഒരുപാടുപേരുടെ പാദസ്പര്‍ശമേറ്റ നാടാണിത്. ആ നാട്ടിലേക്ക് ദൂരനാടുകളില്‍നിന്ന് ഹാജിമാര്‍ പുറപ്പെടുന്നത് മാനസികമായും ആത്മീയമായും ശുദ്ധീകരിക്കപ്പെടാനും ആത്മീയ ഔന്നത്യം നേടാനുമാണ്. കഴിവിന്റെ പരമാവധി ഭൗതിക ബാധ്യത കളെല്ലാം തീര്‍ത്ത് സംശുദ്ധമായ പണവും മനസ്സുമായാണവര്‍ വരുന്നത്. ഇങ്ങനെയുള്ള ഹാജിമാര്‍ ഈ മണ്ണിലേക്കും കര്‍മങ്ങളിലേക്കും കടക്കുമ്പോള്‍ ഭക്തിയുടെ മനസ്സും വചസ്സും വസ്ത്രവുമെ ല്ലാമായി ശുദ്ധിയോടെ വേണം അവിടെ പ്രവേശിക്കാന്‍. അതിന് ബോധപൂര്‍വമായി തയ്യാറെടുക്കേ ണ്ടതുണ്ട്. ഈ തയ്യാറെടുപ്പാണ് ഇഹ്‌റാം. ഇതിനായി ഓരോ ഭാഗത്തുനിന്നും വരുന്നവര്‍ക്ക് മക്ക യ്ക്കു പുറത്ത് പ്രത്യേകമായ സ്ഥലങ്ങള്‍ നബി(സ്വ) നിര്‍ണയിച്ചു തന്നിട്ടുണ്ട്. ഇതാണ് മീഖാതു കള്‍. ഇത് മക്ക എന്ന നാടിനെ ആദരിക്കാനും മഹത്വപ്പെടുത്താനുമായി അല്ലാഹു സംവിധാനി ച്ചതാണ് എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ നിരീക്ഷിക്കുന്നു. (ശറഹുല്‍ഉംദ ഫീ ബയാനി മനാ സികില്‍ ഹജ്ജി വല്‍ഉംറ) 2 തീര്‍ഥാടകര്‍ ഇവിടെ വെച്ചുതന്നെ ഇഹ്‌റാം നിര്‍വഹിക്കുക എന്നത് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം അവരുടെ പ്രതിഫലം കുറയും. കൂടാതെ പ്രായശ്ചിത്തബലിയും നല്കണം.
മീഖാത്
ഭാഷയില്‍ മീഖാത് എന്ന പദത്തിന്റെ അര്‍ഥം നിശ്ചിത സമയം, നിശ്ചിത സ്ഥലം എന്നിവയാണ്. ഇസ്‌ലാമിക സാങ്കേതിക ശബ്ദത്തില്‍ ഹജ്ജിന്റെയും ഉംറയുടെയും കര്‍മങ്ങള്‍ ആരംഭിക്കാനായി നിശ്ചയിക്കപ്പെട്ട സ്ഥലവും സമയവുമാണ് മീഖാത്‌കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഈ സ്ഥലവും സമയവുമനുസരിച്ചാണ് ഇഹ്‌റാം ചെയ്യേണ്ടത്.
ഹജ്ജിന്റെ മീഖാതായി നിശ്ചയിക്കപ്പെട്ട സമയമുണ്ട്. ‘ഹജ്ജ്കാലം അറിയപ്പെട്ട മാസങ്ങളാകുന്നു‘ (2:197) എന്ന് ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത് ശവ്വാല്‍ ഒന്നുമുതല്‍ ദുല്‍ഹിജ്ജ പത്ത് വരെയുള്ള ദിവസങ്ങളാണ് എന്ന് ഇബ്‌നുഉമര്‍(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2. ഈ ദിവസങ്ങളില്‍ മാത്രമേ ഹജ്ജ് നിയ്യത്തുവെച്ച് ഇഹ്‌റാം നിര്‍വഹിക്കാന്‍ പാടുള്ളൂ (ബുഖാരി) 3. കാലാകാലവും ഹജ്ജിന്റെ നിയ്യത്തുമായി ഇഹ്‌റാമില്‍ കഴിഞ്ഞുകൂടാന്‍ പാടില്ല. ഉംറക്ക് ഇങ്ങനെ പ്രത്യേക സമയമില്ല. ഏതു മാസത്തിലും ദിവസത്തിലും ഉംറക്ക്‌വേണ്ടി ഇഹ്‌റാം നിര്‍വഹിക്കാവുന്നതും ഉംറ നിര്‍വഹിക്കാവുന്നതുമാണ്.
അഞ്ചുസ്ഥലങ്ങളാണ് മീഖാതായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ദുല്‍ഹുലൈഫ, ജുഹ്ഫ, ഖര്‍നുല്‍ മനാസില്‍, യലംലം, ദാതുഇര്‍ഖ് എന്നിവയാണ് മീഖാതുകള്‍ (മുസ്‌ലിം) 4. ഹജ്ജോ ഉംറയോ ലക്ഷ്യംവെച്ച് കടല്‍, കര, ആകാശമാര്‍ഗങ്ങളിലൂടെ വരുന്നവരെല്ലാം ഈ സ്ഥലങ്ങളില്‍ നിന്നാണ് നിയ്യത്തോടെ ഇഹ്‌റാമില്‍ പ്രവേശിക്കേണ്ടത്. ഈ പ്രദേശത്ത് എത്തുന്നതിനു മുമ്പുതന്നെ ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ അത് സ്വീകാര്യമാണ്. ഇഹ്‌റാമിന്റെ വിധികളെല്ലാം അവന് ബാധകമാകും. എന്നാല്‍ മീഖാതില്‍ നിന്ന്തന്നെ ഇഹ്‌റാം ചെയ്യുന്നതാണ് ഉത്തമം (ഇബ്‌നു ഖുദാമ, അല്‍മുഗ്‌നീ) 5. ഇഹ്‌റാമില്‍ പ്രവേശിക്കാതെ ഈ സ്ഥലം കടന്നുപോയവര്‍ തിരിച്ചുവന്ന് ഈ സ്ഥലത്തുനിന്ന് ഇഹ്‌റാം നിര്‍വഹിക്കണം. സാധ്യമാകാത്തവര്‍, എത്തിയ ഇടത്തുനിന്നും ഇഹ്‌റാം നിര്‍വഹിച്ച് ഒരു ആടിനെ മക്കയില്‍ ബലി നല്കണം. ഹജ്ജോ ഉംറയോ ഉദ്ദേശിക്കാതെ മക്കയില്‍ പ്രവേശിച്ചവന് പിന്നീട് ഇവ ചെയ്യണമെന്ന് തോന്നിയാല്‍ അവന്‍ ഉദ്ദേശിച്ച സ്ഥലത്തു നിന്നാണ് ഇഹ്‌റാം ചെയ്യേണ്ടത് (തൗദീഹുല്‍ അഹ്കാം) 6
കടല്‍, ആകാശം വഴിവരുന്നവര്‍ക്കായി വാഹനങ്ങളില്‍ പ്രത്യേക അറിയിപ്പുകളുണ്ടാകാറുണ്ട്. ഇവര്‍ക്ക് മീഖാതില്‍വെച്ച് ഇഹ്‌റാമിന്റെ കുളിയും വസ്ത്രധാരണവുമെല്ലാം പ്രയാസമാണെന്നതിനാല്‍ യാത്രയുടെ ആരംഭത്തില്‍തന്നെ ഇവ ചെയ്യാവുന്നതാണ്. എന്നാല്‍ മീഖാതിന്റെ അറിയിപ്പു കിട്ടിയതിനു ശേഷമേ നിയ്യത്ത്‌ചെയ്ത് ഇഹ്‌റാമില്‍ പ്രവേശിക്കാവൂ. കരവഴിവരുന്നവര്‍ക്കായി സുഊദി സര്‍ക്കാര്‍ സ്ഥലം അടയാളപ്പെടുത്തുകയും അവിടങ്ങളില്‍ കുളിക്കാനും മറ്റുമായി വിശാലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ജിദ്ദപോലെ മക്കയുടെ സമീപ പ്രദേശങ്ങളില്‍നിന്നു വരുന്നവര്‍ അവരുടെ താമസസ്ഥലത്തു നിന്നു തന്നെയാണ് ഇഹ്‌റാമില്‍ പ്രവേശിക്കേണ്ടത്. നിശ്ചിത മീഖാതുകളുടെ ഭാഗങ്ങളിലൂടെയല്ലാതെ വരുന്നവര്‍ തൊട്ടടുത്ത മീഖാത് തെരഞ്ഞെടുത്ത് ആ മീഖാതില്‍ നിന്ന് ഇഹ്‌റാം ചെയ്ത് മക്കയില്‍ പ്രവേശിക്കുകയാണ് വേണ്ടത്.
മീഖാതുകള്‍
ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഹജ്ജിനോ ഉംറക്കോ വേണ്ടി മക്കയിലേക്ക് വരുന്നവര്‍ ഇഹ്‌റാമില്‍ പ്രവേശിക്കാന്‍ നിശ്ചിത സ്ഥലങ്ങള്‍ നബി(സ്വ) നിശ്ചയിച്ചുതന്നിരിക്കുന്നു. ആ സ്ഥലങ്ങള്‍ക്ക് മീഖാത്ത് എന്ന് പറയുന്നു. അഞ്ച് മീഖാത്തുകളാണ് നബി(സ്വ) നിശ്ചയിച്ചത്. ഏത് രാജ്യക്കാരായാ ലും മക്കയിലേക്ക് കടന്നുവരുന്നത് ഏത് ഭാഗത്തുകൂടിയാണോ ആ ഭാഗത്തേക്ക് നിശ്ചയിക്കപ്പെട്ട മീഖാത്തില്‍ വച്ചാണ് ഇഹ്‌റാം ചെയ്യേണ്ടത്. നബി(സ്വ) പഠിപ്പിച്ച മീഖാത്തുകള്‍ താഴെ പറയുന്നു.
- ദുല്‍ഹുലൈഫ: മദീനക്കാര്‍ക്കും ആ ദിശയിലൂടെ വരുന്നവര്‍ക്കുമായി നിശ്ചയിക്കപ്പെട്ട മീഖാതാണിത്. ഇത് മസ്ജിദുന്നബവിയില്‍ നിന്ന് ഏകദേശം പതിമൂന്ന് കിലോമീറ്ററും മക്കയില്‍ നിന്ന് 420 കീലോമീറ്ററും ദൂരത്തില്‍ സ്ഥിതിചെയ്യുന്നു. ഇന്നിത് അബ്‌യാര്‍ അലി എന്നപേരില്‍ അറിയപ്പെടുന്നു.
- ജുഹ്ഫ: ഇത് ശാമുകാര്‍ക്കു(സിറിയ) നിശ്ചയിക്കപ്പെട്ടതാണ്. ഇന്ന് ഈ സ്ഥലത്തിനടുത്തുള്ള റാബിഅ് എന്ന സ്ഥലമാണ് ഇഹ്‌റാമിനുപയോഗിക്കുന്ന മീഖാത്. മക്കയില്‍ നിന്ന് ഏകദേശം 186 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. സുഊദിയുടെ തെക്കുഭാഗത്തുള്ളവരും ലബനാന്‍, ഫലസ്തീന്‍, ജോര്‍ദാന്‍, ആഫ്രിക്ക രാജ്യക്കാരുമെല്ലാം ഇതാണ് മീഖാതായി ഉപയോഗിക്കുന്നത്.
- ഖര്‍നുല്‍ മനാസില്‍: ഇപ്പോള്‍ സൈലുല്‍ കബീര്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. നജ്ദ്, ഇറാന്‍ തുടങ്ങി മക്കയുടെ കിഴക്കുഭാഗത്തുള്ളവര്‍ക്ക് നിശ്ചയിക്കപ്പെട്ടതാണ് ഇത്. മക്കയില്‍ നിന്ന് ഏശദേശം 78 കിലോമീറ്റര്‍ അകലെയാണ്.
- യലംലം: മക്കയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലത്തിലുള്ള, യമന്‍കാര്‍ക്കും അതുവഴി കടന്നു വരുന്നവര്‍ക്കും നിശ്ചയിക്കപ്പെട്ട മീഖാതാണിത്.
- ദാതുഇര്‍ഖ്: മക്കയുടെ കിഴക്കുഭാഗത്തായി ഏകദേശം നൂറുകിലോമീറ്റര്‍ ദൂരത്തുള്ള പ്രദേശമാ ണ്. ഇറാഖു ഭാഗത്തുനിന്നു വരുന്നവര്‍ക്കുള്ള മീഖാതാണ് ഇത്. എന്നാല്‍ ഇന്ന് ഈ ഭാഗത്തേക്ക് വഴിയില്ല. അതിനാല്‍ കിഴക്കുഭാഗത്തുനിന്നു വരുന്നവര്‍ സൈലില്‍, അല്ലെങ്കില്‍ ദുല്‍ഹുലൈഫയില്‍ നിന്നാണ് ഇഹ്‌റാം ചെയ്യുന്നത്.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 151, ഹദീസ് 1610[↩]
- ശറഹു ഉംദത്തില്‍ ഫിഖ്ഹ്, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ദാറു അത്വാആതുല്‍ ഇല്‍മ്, റിയാദ്, വാള്യം 01, പേജ് 319,320[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 141, ഹദീസ് 1559[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 07, ഹദീസ് 1183[↩]
- അല്‍ മുഗ്‌നി ലി ഇബ്‌നു ഖുദാമ, അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്‌നു അഹ്‌മദ് ബ്‌നി ഖുദാമ, ഇബ്‌നു ഖുദാമ, മക്തബതുല്‍ ഖാഹിറ, 1968, വാള്യം 05, പേജ് 68[↩]
- തൗദീഹുല്‍ അഹ്കാം മിന്‍ ബുലൂഗില്‍ മറാം, വാള്യം 04, പേജ് 47[↩]
