വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനു മുന്നില്‍ 2
വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനെ വിശ്വാസത്തിലേക്ക് മാത്രം നയിക്കുന്ന ഗ്രന്ഥമല്ല; സൃഷ്ടിയുടെ രഹസ്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ദൈവീക സന്ദേശവുമാണ്. ആധുനിക ശാസ്ത്രം ഏറെ കാലത്തിന് ശേഷം കണ്ടെത്തിയ പല സത്യങ്ങളും ഖുര്‍ആന്‍ സൂചനാരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. വികസിക്കുന്ന പ്രപഞ്ചം, പകല്‍ സൂര്യപ്രകാശത്തിന്റെ സ്വഭാവം, സൂര്യന്റെ നിശ്ചിത സഞ്ചാരം, രാപകലുകളുടെ ക്രമബദ്ധമായ മാറ്റം, ആഴക്കടലിലെ അന്ധകാരത്തിന്റെ പാളികള്‍ എന്നിവയെക്കുറിച്ചുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നതാണ്.
ഈ സൂചനകള്‍ ശാസ്ത്രഗ്രന്ഥമായി ഖുര്‍ആനെ അവതരിപ്പിക്കുകയല്ല, മറിച്ച് മനുഷ്യനെ സൃഷ്ടിയെ പഠിക്കാനും ചിന്തിക്കാനും സത്യം തിരിച്ചറിയാനും പ്രേരിപ്പിക്കുന്ന അടയാളങ്ങളായാണ് ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്നത്. അതുവഴി വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനു മുന്നില്‍ ചിന്തയ്ക്കും അന്വേഷണത്തിനും ദിശ നല്‍കുന്ന ദൈവീക മാര്‍ഗദര്‍ശിയായി നിലകൊള്ളുന്നു.
വികസിക്കുന്ന പ്രപഞ്ചം
പ്രപഞ്ചം അതിന്റെ ഉത്ഭവം മുതല്‍ വികസിച്ചു കൊണ്ടിരിക്കുന്നു എന്നാണ് ഖുര്‍ആനിലെ സൂചന. ”ആകാശമാകട്ടെ നാം അതിനെ കൈകളാല്‍ നിര്‍മിച്ചു. തീര്‍ച്ചയായും നാമതിനെ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്” (51:47). പ്രപഞ്ചോത്പത്തിവരെ കാലത്തിനൊപ്പം നാം പുറകോട്ട് സഞ്ചരിക്കുകയാണെങ്കില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം ഒരു കേന്ദ്രീകൃത പിണ്ഡത്തില്‍ ഒരുമിച്ച് കൂടുന്നതായി കാണാം. ഇക്കാര്യവും ഖുര്‍ആനില്‍ സൂചിപ്പിക്കുന്നുണ്ട്. ”ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?.” (30:104).
ഖുര്‍ആനില്‍ പരാമര്‍ശിച്ചത് പോലെ പ്രപഞ്ചം വികസിക്കുന്നു എന്ന വസ്തുത ശാസ്ത്രത്തിന് ബോധ്യപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. ഖുര്‍ആനിന്റെ അവതരണകാലത്തോ അതിന് ശേഷമുളള സുദീര്‍ഘമായ കാലഘട്ടത്തിനിടയിലോ ഇക്കാര്യം മനുഷ്യര്‍ക്ക് അറിയുമായിരുന്നില്ല. മനുഷ്യന്റെ വിജ്ഞാന ചക്രവാളം വികസിക്കുന്നതിനനുസരിച്ച് ഇനിയും ഇനിയും ഖുര്‍ആനിന്റെ ദൈവികതക്ക് അനവധി ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താന്‍ കഴിയും. നക്ഷത്രങ്ങളില്‍ നിന്നു വരുന്ന പ്രകാശ കിരണങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നാണ് ഗാലക്‌സികള്‍ പരസ്പരം അകലുന്നത് പോലെ അവ നമ്മില്‍ നിന്നും അകന്നു പോകുന്നതായി കണ്ടെത്തിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇത് ഗോള ശാസ്ത്രജ്ഞരുടെ ഇടയില്‍ വിവാദമുണ്ടാക്കിയ ഒന്നാണെങ്കിലും പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രപഞ്ച വികാസം സ്ഥിരീകരിക്കുകയുണ്ടായി.
ആരംഭത്തില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വചനം (51:7) ഇക്കാലമത്രയും ജനങ്ങള്‍ക്കറിയാത്ത ഒട്ടനവധി പ്രാപഞ്ചിക വസ്തുതകള്‍ അനാവരണം ചെയ്യുന്നുണ്ട്. അതിലൊന്ന് ആകാശം ശക്തവും ഭദ്രവും സൂക്ഷ്മവുമായ ഒരു നിര്‍മിതിയാണെന്നതാണ്. ആകാശമെന്നത് കേവലം ശൂന്യതയല്ല. ആകാശ പിണ്ഡങ്ങള്‍ക്കിടയിലുളള ഒഴിഞ്ഞ സ്ഥലം അതീവ സൂക്ഷ്മമായ വാതക മണ്ഡലമാണ്. പ്രധാനമായും ഹൈഡ്രജന്‍ കൊണ്ട് നിറഞ്ഞ ഈ പ്രതലത്തില്‍ കാല്‍സ്യം, സോഡിയം, പോട്ടാസ്യം, ഇരുമ്പ് തുടങ്ങിയവയുടെ കണികകളും അമോണിയ പോലുളള രാസവസ്തുക്കളും നീരാവിയും കാണപ്പെടുന്നുണ്ട്. നക്ഷത്രങ്ങള്‍ക്കിടയിലുളള ഈ വികസിക്കുന്ന പ്രദേശത്ത് ഈ പദാര്‍ഥങ്ങളോടൊപ്പം കാന്തിക പ്രഭാവവമുണ്ട്. അത് കൊണ്ടാണ് ആകാശപിണ്ഡങ്ങള്‍ പരസ്പരം ബന്ധിക്കപ്പെടുന്നത്.
രണ്ടാമതായി, പ്രസ്തുത ഖുര്‍ആന്‍ സൂക്തത്തിലെ ”കൈകളാല്‍ നിര്‍മിച്ചു” എന്ന വാക്യം ദൈവത്തിന്റെ കഴിവും ശക്തിയും കൊണ്ട് ആകാശം നിര്‍മിച്ചു എന്നാണ് സൂചിപ്പിക്കുന്നത്. പ്രപഞ്ചത്തിന്റെ വിസ്മയകരമായ വ്യാപ്തിയും നിര്‍മാണത്തിലെ ഭദ്രതയും താളം തെറ്റാതെയുളള അതിന്റെ നിലനില്‍പും സംവിധാനിച്ചതിന്റെ പിന്നില്‍ അല്ലാഹുവിന്റെ അപാരമായ ശക്തി തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുളളത്.
മൂന്നാമതായി, നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ച വ്യാപ്തിയിലേക്കും ഈ വചനം വിരല്‍ ചൂണ്ടുന്നുണ്ട്. അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും അതവന്‍ വികസിപ്പിച്ചു കൊണ്ടിരിക്കും. നാലാമതായി, വികസിക്കുന്ന പ്രപഞ്ചത്തിന്റെ വ്യാപ്തിക്കനുസരിച്ച് വികസിച്ച പ്രദേശത്ത് പദാര്‍ഥങ്ങള്‍ നിറക്കേതുണ്ട്. പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് ഈ വിടവ് നിലവിലുളള പദാര്‍ഥങ്ങള്‍ കൊണ്ടും വാതകങ്ങള്‍ കൊണ്ടും നികത്തപ്പെടേണ്ടത് അതിന്റെ നിലനില്‍പിന് അനിവാര്യമാണ്. പ്രപഞ്ചം വികസിക്കുന്നതിനുസരിച്ച് ഈ ശൂന്യപ്രദേശത്ത് അതിശയകരമായ വേഗത്തില്‍ ഊര്‍ജവും പദാര്‍ഥങ്ങളും നിറയ്ക്കുന്നത് ആരാണ്? അല്ലെങ്കില്‍ എവിടെ നിന്നാണ് പ്രസ്തുത വസ്തുക്കള്‍ വന്നു ചേര്‍ന്ന് ഈ ശൂന്യത നികത്തപ്പെടുന്നത്. ആധുനിക ശാസ്ത്രത്തിന് വ്യക്തമായ ഉത്തരം പറയാന്‍ കഴിയാത്ത ചോദ്യങ്ങളുടെ പട്ടികയിലൊന്നായിട്ടാണ് ഇതും പരിഗണിക്കപ്പെടുന്നത്.
ഈ പ്രപഞ്ചം ഒരു പിണ്ഡത്തില്‍ നിന്നാരംഭിച്ച് വികസനം തുടങ്ങിയതാണെങ്കില്‍ അതിന് പിന്നില്‍ ഒരു ശക്തി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. അതുപോലെ ഒരിക്കല്‍ ഈ പ്രപഞ്ചത്തിന് ഒരു അന്ത്യവും അനിവാര്യമാണ്. പ്രപഞ്ചം ഇവിടെ നിലനില്‍ക്കുന്നതാണെന്നും അനന്തമായി ഇവിടെ നിലനില്‍ക്കുന്നതാണെന്നുമുളള വാദം ദൈവ നിഷേധികളുടേതാണ്. എന്നാല്‍ പ്രപഞ്ചോത്പത്തിയെക്കുറിച്ചുളള ഖുര്‍ആനിലെ വിവരണം അറിവും ബുദ്ധിയുമുളള ഏവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതാണ്.
വികസിച്ചു കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിന്റെ ഭാവി എന്തായിരിക്കും? അന്ത്യ ദിനത്തെ അംഗീകരിക്കാത്ത ഒരു പറ്റം ശാസ്ത്രജ്ഞര്‍ പറയുന്നത് ഇത് അനന്തമായി വികസിച്ചു കൊണ്ടിരിക്കുമെന്നാണ്. പ്രപഞ്ചത്തെ അതിന്റെ കേന്ദ്ര ബിന്ദുവിലേക്ക് ആകര്‍ഷിക്കുന്നതിനേക്കാളും ശക്തി വികാസഗതിക്കുണ്ട് എന്നാണവരുടെ വാദം. എന്നാല്‍ ഖഗോള വിജ്ഞാനത്തില്‍ നിന്ന് ഇതുവരെ കെണ്ടത്തിയ വിവരങ്ങള്‍ വിശകലനം ചെയ്താല്‍ തന്നെ ഈ വാദം തെറ്റാണെന്ന് മനസ്സിലാകും. കാരണം നക്ഷത്രങ്ങള്‍ കെട്ടടങ്ങുകയും തമോഗര്‍ത്തങ്ങളായി മാറുകയും ചെയ്യുന്ന പ്രതിഭാസങ്ങള്‍ പ്രപഞ്ചത്തിന്റെ അനന്ത വികാസത്തെ നിഷേധിക്കുന്ന തെളിവുകളാണ്. ഉദാഹരണമായി സൂര്യന് ഓരോ സെക്കന്റിലും ഏകദേശം 4.6 മില്യണെങ്കിലും പദാര്‍ഥ നഷ്ടം സംഭവിക്കുന്നുണ്ട്. പ്രപഞ്ച വികാസം തുടര്‍ന്നാല്‍ ജ്വലിക്കുന്ന താരങ്ങള്‍ തണുത്ത ഗ്രഹങ്ങളായി മാറുകയും വികാസഗതി വിപരീതമായിത്തീരുകയും ചെയ്യും.
പ്രപഞ്ചത്തിന്റെ വികാസം ഇനി മന്ദഗതിയിലായിത്തീരുമെന്നാണ് മറ്റൊരു വിഭാഗം ഗോള ശസ്ത്രജ്ഞരുടെ കാഴ്ചപ്പാട്. ഇവരുടെ വീക്ഷണത്തില്‍ മഹാ വിസ്‌ഫോടന സമയത്ത് പ്രവഹിച്ച താപവും ആകാശ പിണ്ഡങ്ങള്‍ക്ക് ആകര്‍ഷണശക്തിയില്‍ നിന്ന് രക്ഷപ്പെടാനുളള ത്വരയുമാണ് വികാസത്തിന് കാരണമായിത്തീരുന്നത്. വിസ്‌ഫോടന സമയത്തുണ്ടായ വര്‍ധിച്ച ഊഷ്മാവിന്റെ അനുപാതം ഇപ്പോള്‍ കുറഞ്ഞതായി കെണ്ടത്തിയിട്ടുണ്ട്. ഇത് ഇനിയും കുറയുകയും ആകര്‍ഷണ ശക്തി വര്‍ധിക്കുകയും ചെയ്യുന്നതോട് കൂടി പ്രപഞ്ച കേന്ദ്രത്തില്‍ നിന്ന് അകന്നുപോയ പിണ്ഡങ്ങള്‍ വീണ്ടും ഒരുമിച്ച് കൂടി പൂര്‍വ സ്ഥിതി പ്രാപിക്കാനിടയുണ്ട്. മഹാ വിസ്‌ഫോടനത്തിന് വിപരീതമായി ഒരു മഹാ സങ്കോചമായിരിക്കും അപ്പോള്‍ സംഭവിക്കുക. വിശുദ്ധ ഖുര്‍ആനില്‍ ഇക്കാര്യം സൂചിപ്പിക്കുന്നതായി കാണാം. ”ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചതുപോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം അത് നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്” (21:104). അല്ലാഹു ഈ പ്രപഞ്ചതാളിനെ അതുള്‍ക്കൊളളുന്ന പദാര്‍ഥവും ഊര്‍ജവും കൂട്ടി ചുരുട്ടി മഹാ വിസ്‌ഫോടനത്തിന് മുമ്പുളളതിന് സമാനമായ പരുവത്തിലാക്കും എന്നാണ് ഈ വചനത്തില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നത്. പിന്നീട് ഇതില്‍ നിന്ന് അനന്തവും അനശ്വരവുമായ പാരത്രിക ജീവിതത്തിന് വേണ്ടി മറ്റൊരു സൃഷ്ടിപ്പ് കൂടി നടത്തുമെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ”ഒരു ദിവസം ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നാവും. ആകാശങ്ങളും മാറ്റപ്പെടും. അന്ന് ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ടു വരികയും ചെയ്യും” (14;48).
പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം ഒരു മഹാ വിസ്‌ഫോടനത്തിലൂടെ സംഭവിച്ചുവെന്നത് പോലെ ഇതിന്റെ അന്ത്യം The Big Crunch എന്ന ഒരു മഹാ വിനാശത്തിലൂടെയായിരിക്കുമെന്നാണ് ശാസ്ത്രം പറയുന്നത.് എന്നാല്‍ ഈ രണ്ട് സിദ്ധാന്തങ്ങളെക്കുറിച്ചുമുളള പരാമര്‍ശം ഖുര്‍ആനിലെ ഒരു അധ്യായത്തില്‍ തന്നെ ( 21:30,104) പ്രസ്താവിച്ചുവെന്നതും ശ്രദ്ധേയമാണ്.
പകല്‍ സൂര്യനെ വ്യക്തമാക്കുന്നു
ഭൂമിയിലെ പ്രകാശത്തിന്റെയും ചൂടിന്റെയും എണ്ണമറ്റ വസ്തുക്കളുടെ ഊര്‍ജത്തിന്റെയും സ്രോതസ്സായ സൂര്യനെ കൊണ്ട് അല്ലാഹു സത്യം ചെയ്ത് പറയുകയും ആ പേരില്‍ തന്നെ ഖുര്‍ആനില്‍ ഒരു അധ്യായം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത അധ്യായത്തിലെ മൂന്നാം വചനമായ ”വന്നഹാരി ഇദാ ജല്ലാഹാ” ”പകലാണ് സത്യം. അത് സൂര്യനെ തെളിയിച്ചു കാണിക്കുമ്പോള്‍’‘ (91:3) എന്ന സൂക്തത്തിലടങ്ങിയ ദൃഷ്ടാന്തങ്ങള്‍ വിശകലനം ചെയ്യാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
അറബി ഭാഷയില്‍ ‘നഹാര്‍’ എന്ന പദത്തിന്റെ അര്‍ഥം പകല്‍ എന്നും ‘ജല്ലാ’ എന്ന ക്രിയയ്ക്ക് വ്യക്തമാക്കുക, പ്രത്യക്ഷപ്പെടുത്തുക എന്നും അര്‍ഥങ്ങളാണുളളത്. ഈ സൂക്തത്തിലെ ‘ഹാ’ എന്ന സര്‍വ നാമം സൂചിപ്പിക്കുന്നതാകട്ടെ സൂര്യനെയുമാണ്. അപ്പോള്‍ ഭാഷാ വ്യാകരണ നിയമമനുസരിച്ച് പ്രസ്തുത വചനത്തിന് ‘പകല്‍ സൂര്യനെ വ്യക്തമാക്കുന്നു’ എന്ന അര്‍ഥമാണ് വരിക. എന്നാല്‍ ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്തുത സൂക്തത്തിലെ സര്‍വനാമത്തെ ബന്ധിച്ചിരിക്കുന്നത് ഇരുട്ട് അല്ലെങ്കില്‍ ഭൂമി എന്നിവയോടാണ്. കാരണം അവരുടെ വീക്ഷണത്തില്‍ പകല്‍ ഇരുട്ടിനെയോ അല്ലെങ്കില്‍ ഭൂമിയേയോ ആണ് വ്യക്തമാക്കുന്നത്. അല്ലാതെ ‘പകല്‍ സൂര്യനെ വ്യക്തമാക്കുക’ എന്ന പ്രയോഗം അവര്‍ക്ക് ഉള്‍കൊളളാന്‍ കഴിയാത്തതാണ്. എന്നാല്‍ ഭൂരിഭാഗം വ്യാഖ്യാതാക്കളും ഭാഷാ നിയമത്തോട് കര്‍ശന നിലപാട് സ്വീകരിച്ച് സര്‍വനാമത്തെ സൂര്യനിലേക്ക് തന്നെ ബന്ധപ്പെടുത്തിയിട്ടുണ്ട്. അതാണ് ശാസ്ത്രീയമായും ഏറ്റവും ശരിയായിട്ടുളളത്. ഇനി പകല്‍ എങ്ങനെയാണ് സൂര്യനെ വ്യക്തമാക്കുന്നത് എന്ന് പരിശോധിക്കാം.
ഇരുപതാം നൂറ്റാണ്ടില്‍ അറുപതുകളുടെ ആദ്യത്തിലാണ് ബഹിരാകാശ യാത്രകള്‍ക്ക് തുടക്കം കുറിച്ചത്. ഭൂമിയുടെ അതിര്‍ത്തികള്‍ ഭേദിച്ച് ശൂന്യതയിലേക്ക് കുതിച്ച ബഹിരാകാശ സഞ്ചാരികള്‍ അനവധി പ്രാപഞ്ചിക രഹസ്യങ്ങള്‍ കെണ്ടത്തുകയുണ്ടായി. അക്കൂട്ടത്തില്‍ അവര്‍ ഈ പ്രപഞ്ചത്തിന്റെ ഭൂരിഭാഗം പ്രദേശവും ഇരുള്‍മൂടിക്കിടക്കുകയാണ് എന്ന വസ്തുത കെണ്ടത്തുകയും അതവര്‍ക്ക് അതിശയകരമായി തോന്നുകയും ചെയ്തു. നമ്മള്‍ പകല്‍, വെളിച്ചം എന്നൊക്കെ പറയുന്നത് ഭൂമിയില്‍ നിന്ന് കേവലം ഇരുനൂറ് കിലോമീറ്റര്‍ ഉയരത്തില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രകാശ വലയമാണ്. അതും ഭൂമിയില്‍ നിന്ന് സൂര്യന് അഭിമുഖമായി കാണുന്ന ഭാഗത്ത് മാത്രമേ ദൃശ്യമാകുന്നുളളൂ. പകല്‍ എന്ന് പറയപ്പെടുന്ന ഈ ഇരുനൂറ് കിലോമീറ്റര്‍ പ്രകാശ വലയത്തില്‍ നിന്ന് പുറത്ത് കടന്നതിന് ശേഷം ആരെങ്കിലും സൂര്യനെ നിരീക്ഷിക്കുകയാണെങ്കില്‍ അതികഠിനമായ ഇരുട്ടില്‍ ഒരു നീല പ്രതിബിംബമായാണ് സൂര്യന്‍ ദൃശ്യമാകുക.
എന്തു കൊണ്ടാണ് പ്രപഞ്ചം മുഴുവനും ഇരുളടഞ്ഞതായിത്തീരുകയും ഭൂമിയില്‍ നിന്ന് സൂര്യന് അഭിമുഖമായ ഇരുനൂറ് കിലോമീറ്റര്‍ കനത്തില്‍ മാത്രം പകല്‍ കാണപ്പെടുകയും ചെയ്യുന്നത്?. സൂര്യപ്രകാശത്തിന്റെ സിംഹഭാഗവും നമ്മുടെ കണ്ണുകള്‍ക്ക് ദൃശ്യമാവാത്തതാണ് ഇതിന് പ്രധാന കാരണം. ഭൂമിയുടെ ഉപരിഭാഗത്തുളള വാതക മണ്ഡലത്തിലെ നീരാവി, ജല കണികകള്‍, പൊടി പടലങ്ങള്‍, വാതകങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളിലും സൂര്യ പ്രകാശ രശ്മികള്‍ തട്ടി പ്രതിഫലിക്കുകയും ശിഥിലമായിത്തീരുകയും ചെയ്യുമ്പോള്‍ മാത്രമാണ് സൂര്യപ്രകാശം നമുക്ക് ദൃശ്യമാകുന്നത്. ഇത്തരത്തിലുളള ഒരു വാതക മണ്ഡലം പ്രപഞ്ചത്തില്‍ മറ്റ് ഒരു സ്ഥലത്തും ഇല്ലാത്തതു കൊണ്ട് അവിടങ്ങളില്‍ സൂര്യപ്രകാശമോ സൂര്യനോ ദൃശ്യമാകുന്നില്ല. ഭൂമിയെ ആവരണം ചെയ്ത വാതക മണ്ഡലം മുകളിലേക്ക് പോകുന്നതിനനുസരിച്ച് നേര്‍ത്തതായിത്തീരുകയും അവ ഉള്‍കൊളളുന്ന പൊടിപടലങ്ങളും ഈര്‍പ്പവും ഇല്ലാതാകുകയും ചെയ്യും. അതോടൊപ്പം ഈ വാതക മണ്ഡലത്തില്‍ ഭാരം കൂടിയ വാതകങ്ങളായ ഓക്‌സിജന്‍ നൈട്രജന്‍ എന്നിവ കുറഞ്ഞു വരികയും ഭാരം കുറഞ്ഞ വാതകങ്ങളായ ഹൈഡ്രജന്‍, ഹീലിയം എന്നിവ മേധാവിത്വം പുലര്‍ത്തുകയും ചെയ്യും. അതോടു കൂടി ഈ മേഖലയില്‍ സൂര്യപ്രകാശത്തിന്റെ പ്രതിഫലനവും വിഘടനവും ഇല്ലാതായിത്തീരും. അതു കൊണ്ടാണ് ഭൂമിയില്‍ നിന്ന് 200 കിലോമീറ്ററിലധികം ഉയര്‍ന്ന് പോയാല്‍ അവിടെ പകല്‍ അല്ലെങ്കില്‍ വെളിച്ചം ദൃശ്യമാകാതിരിക്കുന്നത്.
ഭൂമിയില്‍ സൂര്യന് അഭിമുഖമായ വാതക മണ്ഡലത്തിലെ ഇരുനൂറ് കിലോമീറ്റര്‍ കനത്തില്‍ മാത്രമേ സൂര്യപ്രകാശം വ്യക്തമായി കാണുന്നുളളൂ. സൂര്യന്‍, ആകാശം, മേഘം, സമുദ്രജലം എന്നിവയെല്ലാം വ്യക്തമായി നമുക്ക് കാണിച്ചു തരാന്‍ ഈ പ്രകാശത്തിന് മാത്രമേ സാധ്യമാകുകയുളളൂ. അപ്പോള്‍ പകല്‍ വെളിച്ചമാണ് നമുക്ക് സൂര്യനെ വ്യക്തമായി കാണിച്ചുതരുന്നത്. പകലിന്റെ അല്ലെങ്കില്‍ ഈ വാതക മണ്ഡലത്തിന്റെ അഭാവത്തില്‍ നമുക്ക് സൂര്യനെ ഇന്ന് കാണുന്ന രൂപത്തില്‍ ദൃശ്യമാകുകയില്ല. അപ്പോള്‍ കേവലം സൂര്യപ്രകാശമുളളതു കൊണ്ട് മാത്രം നാം സൂര്യനെയോ വസ്തുക്കളെയോ കാണുന്നില്ല. എന്നാല്‍ ഭൂമിക്ക് മകളിലുളള വായു മണ്ഡലത്തിലെ വ്യത്യസ്ത കണികകളില്‍ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുമ്പോള്‍ മാത്രമാണ് സൂര്യനും ഇതര വസ്തുക്കളും ദൃശ്യമാകുന്നത്. ഈ പ്രപഞ്ചത്തില്‍ മറ്റൊരു സ്ഥലത്തും ഭൂമിക്ക് മുകളിലുളളത് പോലുളള ഒരു വ്യത്യസ്ത കണികകളും വാതകങ്ങളും അടങ്ങിയ ഒരു ആവരണം കാണപ്പെടാത്തത് കൊണ്ട് അവിടെ നിന്ന് നോക്കുന്ന ഒരാള്‍ക്ക് സൂര്യ പ്രകാശം കൊണ്ടുണ്ടാകുന്ന പകലിനെ കാണാന്‍ സാധ്യമല്ല എന്നതിലുപരി സൂര്യനെയും കാണാന്‍ കഴിയുകയില്ല. അപ്പോള്‍ സൂര്യന്‍ പകലിനെ വ്യക്തമാക്കുകയല്ല മറിച്ച് പകല്‍ സൂര്യനെ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം ഖുര്‍ആനില്‍ വേറെയും വചനങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. ”അവര്‍ കാണുന്നില്ലേ? രാത്രിയെ നാം അവര്‍ക്ക് ശാന്തി കൈവരിക്കാനാക്കിയിരിക്കുന്നു. പകലിനെ പ്രഭാപൂരിതമാക്കുകയും ചെയ്തിരിക്കുന്നു. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്” (27:86).
സൂര്യന്റെ സഞ്ചാരം
സൂര്യന്‍ സഞ്ചരിക്കുന്നുവെന്ന് ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. സൂര്യന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നും അത് സ്ഥിരമായി നില്‍ക്കുകയാണെന്നും മറ്റുളളവ അതിനെ ചുറ്റുകയാണെന്നുമാണ് ഈയടുത്ത കാലം വരെ ശാസ്ത്ര ലോകം ധരിച്ചിരുന്നത്. എന്നാല്‍ സൂര്യനും സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട് പക്ഷേ മറ്റു ഗ്രഹങ്ങളുടെ അതേ രൂപത്തില്‍ എന്ന് പറയാന്‍ കഴിയില്ല. ഒരു സെക്കന്റില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ നമ്മുടെ ഗാലക്‌സിയുടെ കേന്ദ്രത്തിന് ചുറ്റും സൂര്യന്‍ കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ഇങ്ങനെ സൂര്യന് ഒരു റൗണ്ട് സഞ്ചാരം പൂര്‍ത്തിയാക്കാന്‍ 250 മില്യണ്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. സൂര്യന്‍ അതിന്റെ ആയുസ്സിനിടയില്‍ 18 പ്രാവശ്യം മാത്രമേ ഇങ്ങനെയുളള ചക്രം പൂര്‍ത്തിയാക്കിയിട്ടുളളൂ.
ഭൂമിയും സൂര്യനും തമ്മിലുളള അകലം വ്യത്യാസപ്പെടുന്നതു കൊണ്ട് ഭൂമിയുടെ ചലനത്തിലും വ്യതിയാനം കാണാന്‍ സാധിക്കും. ജനുവരി മൂന്നിനാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത്. അതായത് 147 മില്യണ്‍ കിലോമീറ്റര്‍. ജൂലൈ നാലിനാണ് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്നത.് അതായത് 152 മില്യണ്‍ കിലോമീറ്റര്‍. ഗ്രഹങ്ങളുടെ ചലനത്തെ അവയെല്ലാം അവയുടെ ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. സഞ്ചാരത്തെ മാത്രമല്ല സഞ്ചാരത്തിനിടയിലെ അകലങ്ങളിലെ ഏറ്റക്കുറവിനെക്കുറിച്ചും ഈ നീന്തുക എന്ന പ്രയോഗം സൂചിപ്പിക്കുന്നുണ്ട്.
”സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു” (36:38) എന്ന ഖുര്‍ആന്‍ വചനത്തിന് പൂര്‍വീകരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പല രൂപത്തിലുളള വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. സൂര്യന്‍ അല്ലാഹുവിന്റെ അര്‍ശിന്റെ ചുവട്ടിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് അവയിലൊന്ന്, അന്ത്യദിനം വരെ അത് സഞ്ചരിക്കുമെന്ന അഭിപ്രായവുമുണ്ട്. ഇബ്‌നു മസ്ഊദ് പ്രസ്തുത വചനം (ലാ മുസ്തഖറിന്‍ ലഹാ) എന്നാണ് പാരായണം ചെയ്തിരിക്കുന്നത്. അപ്പോള്‍ അതിന്റെ അര്‍ഥം സൂര്യന്‍ അനന്തമായി സഞ്ചരിക്കുന്നുവെന്നായിരിക്കും. എന്നാല്‍ ആധുനിക ശാസ്ത്രം സൂര്യന്‍ സോളാര്‍ അപെക്‌സ് എന്ന ഒരു ഉച്ചസ്ഥാനത്തിലേക്ക് സഞ്ചരിക്കുന്നുവെന്നാണ് പറയുന്നത്. സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്) (55:5) എന്ന ഖുര്‍ആന്‍ വചനവും ഇക്കാര്യം തന്നെയാണ് സൂചിപ്പിക്കുന്നത്. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു (39:5) എന്ന സൂക്തവും ഈ ആശയത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
ഇടത്തരം നക്ഷത്രങ്ങളില്‍ ഒന്ന് മാത്രമാണ് സൂര്യന്‍. ഭൂമിയില്‍ നിന്ന് ഏകദേശം 150 മില്യണ്‍ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കത്തിജ്വലിക്കുന്ന ഈ വാതക ഗ്രഹത്തിന് 1,42,000 ട്രില്യണ്‍ ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ട്. ഭൂമിയേക്കാള്‍ 28 ഇരട്ടി ആകര്‍ഷണ ശക്തിയും ഇതിനുണ്ട്. ഭൂമി സൂര്യന് ചുറ്റും തിരിയുന്നതിന് 365 ദിവസമാണ് കണക്കാക്കിയിട്ടുളളത്. ഈ കറക്കത്തിനിടയിലെ ഭൂമിയുടെ അച്ചുതണ്ടിന്റെ വ്യതിയാനമാണ് ഋതുഭേദങ്ങള്‍ക്ക് നിമിത്തമാകുന്നത്.
സൂര്യനെക്കുറിച്ച് ഖുര്‍ആനില്‍ സിറാജ് (വിളക്ക്) എന്നാണ് വിശേഷിപ്പിച്ചിട്ടുളളത്. ഏതെങ്കിലും ഇന്ധനം ഉപയോഗിച്ച് കത്തിജ്വലിച്ച് വെളിച്ചം തരുന്ന വസ്തുക്കള്‍ക്കാണല്ലോ നാം വിളക്ക് എന്ന് പറയാറുളളത്. സൂര്യനിലെ ഹൈഡ്രജന്‍ ജ്വലിച്ചാണ് അത് ചൂടും വെളിച്ചവും പുറത്തുവിടുന്നത്. സൂര്യനില്‍ 90 ശതമാനം ഹൈഡ്രജനും 8 ശതമാനം ഹീലിയവുമാണ്. സൂര്യനിലെ കഠിനമായ സമ്മര്‍ദവും താപവും കാരണമായി ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ നാല് ഹൈഡ്രജന്‍ ആറ്റങ്ങള്‍ ഹീലിയം വാതകത്തിന്റെ ഒരു ആറ്റമായി പരിണമിക്കും. ഈ പ്രക്രിയയിലൂടെയാണ് സൂര്യന്‍ ഊര്‍ജത്തിന്റെയും പ്രകാശത്തിന്റെയും സ്രോതസ്സായി മാറുന്നത്. എന്നാല്‍ ചന്ദ്രന്‍ ഇത്തരത്തില്‍ ജ്വലിക്കുന്നില്ല അത് സൂര്യ പ്രകാശം പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
രാപകലുകള്‍
ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനോടനുബന്ധിച്ച് അല്ലാഹുവിന്റെ അനുഗ്രഹമായി ഖുര്‍ആനില്‍ പ്രത്യേകം പരാമര്‍ശിച്ച കാര്യമാണ് രാപകലുകള്‍. നൂറോളം സ്ഥലങ്ങളില്‍ രാത്രിയെക്കുറിച്ച് പറയുന്നുണ്ട് അവയില്‍ അധികവും രാവും പകലും മാറി മാറി വരുന്നതിനെക്കുറിച്ചാണ് പറയുന്നത്. കാരണം ഭൂമിയിലെ മനുഷ്യരുടെയും ജീവികളുടെയും സസ്യങ്ങളുടെയും നിലനില്‍പിനും മനുഷ്യന്റെ കാലഗണനക്കും ഇവ രണ്ടും അത്യന്താപേക്ഷിതമാണ്. ഇരുണ്ട രാവും തെളിഞ്ഞ പകലും ഋതുഭേദങ്ങളും ഉള്‍തിരിയുന്ന രൂപത്തില്‍ ഭൂമിയുടെ ചലനം സംവിധാനിച്ച അല്ലാഹു കാരുണ്യവാനും അനുഗ്രഹപൂര്‍ണനുമാണ്.
രാത്രിക്ക് എന്താണിത്ര പ്രത്യേകത എന്നറിയണമെങ്കില്‍ രാത്രി മനുഷ്യ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അറിയേണ്ടതുണ്ട്. ഉദാഹരണമായി മനുഷ്യ മസ്തിഷ്‌ക്കത്തിന്റെ അന്തര്‍ഭാഗത്തുളള പീനല്‍ ഗ്രന്ഥി മെലറ്റോനിന്‍ (Melatonin) എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത് രാത്രിയില്‍ മാത്രമാണ്. ഒരു നിരോക്ഷീകാരം കൂടിയായ ഈ ഹോര്‍മോണ്‍ മനുഷ്യ ശരീരത്തില്‍ സുപ്രധാനമായ പല ദൗത്യങ്ങളും നിര്‍വഹിക്കുന്നുണ്ട്. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, ഹോര്‍മോണ്‍ സന്തുലനം എന്നിവ കാത്തു സൂക്ഷിക്കുന്നതോടൊപ്പം പരിതസ്ഥിതി മാറുന്നതിനനുസരിച്ച് ശരീരം എടുക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് നിര്‍ദേശം നല്‍കുന്നതും ഈ ഹോര്‍മോണ്‍ തന്നെയാണ്. അതുകൂടാതെ മാരകമായ പല രോഗങ്ങളെയും ചെറുത്ത് നില്‍ക്കാന്‍ ശരീരത്തിന് കെല്പ് നല്‍കുന്നതും മെലറ്റോനിന്‍ തന്നെയാണ്. മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിലും ശരീരത്തിന് വിശ്രമം നല്‍കുന്നതിലും ഈ ഹോര്‍മോണ്‍ വളരെ വലിയ ഒരു പങ്ക് വഹിക്കുന്നുവെന്ന കാര്യവും ഇപ്പോള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആനില്‍ ഇക്കാര്യം വ്യക്തമാക്കുന്നതായി കാണാം. ‘രാത്രിയെ അവന്‍ ശാന്തമായ വിശ്രമ വേളയാക്കിയിരിക്കുന്നു'(6:96), ‘അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ശാന്തമായി കഴിയത്തക്കവിധമാക്കിത്തന്നത്’ (10:67).
രാത്രിയിലെ ഇരുട്ട് ശരീരത്തില്‍ മെലാറ്റോനിന്‍ ഉത്പാദിപ്പിക്കുന്നത് പോലെ പകലിലെ സൂര്യപ്രകാശം പീനല്‍ ഗ്രന്ഥിക്ക് സെറോറ്റോനിന്‍ (Serotonin)എന്ന ഹോര്‍മോണ്‍ സ്രവിപ്പിക്കാന്‍ ശക്തി നല്‍കുന്നുണ്ട്. രാത്രിയില്‍ വൈദ്യുത വെളിച്ചത്തിലോ മറ്റോ നില്‍ക്കുന്നത് കൊണ്ട് സെറോറ്റോനില്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല മെലറ്റോനിന്‍ ഉത്പാദനത്തെ അത് തടസ്സപ്പെടുത്തുകയും ചെയ്യും. അത് കൊണ്ട് തന്നെ ഖുര്‍ആനില്‍ ഒരു മൂടുപടം എന്ന് വിശേഷിപ്പിച്ച രാത്രിയുടെ കരിമ്പടം പുതച്ചുറങ്ങുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഗുണകരമായിട്ടുളളത്. രാത്രിയിലെ നിദ്രയാണ് പകലുറക്കത്തേക്കാള്‍ അഭികാമ്യമെന്ന് വൈദ്യശാസ്ത്രം തെളിയിച്ചതാണ്. അതുപോലെ രാത്രിയിലെ ആദ്യപകുതിയിലെ ഉറക്കത്തിന് രണ്ടാം പകുതിയിലേതിനേക്കാള്‍ മൂന്നിരട്ടി മേന്മയുണ്ട് എന്ന വസ്തുത നേരത്തെ ഉറങ്ങാനുളള പ്രവാചക നിര്‍ദ്ദേശത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു. ‘അവനത്രെ നിങ്ങള്‍ക്കു വേണ്ടി രാത്രിയെ ഒരു വസ്ത്രവും ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ പുനര്‍ജീവനമാക്കുയും ചെയ്തിരിക്കുന്നു(25:47). ‘രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു (78:10,11).
മനുഷ്യ നയനങ്ങളില്‍ സൂര്യപ്രകാശ കിരണങ്ങള്‍ പതിയുന്നതോടു കൂടിത്തന്നെ അവന്റെ നാഡീവ്യവസ്ഥയിലൂടെ ഒരു സന്ദേശം തലച്ചോറില്‍ എത്തുകയും മെലറ്റോനിന്‍ ഉത്പാദനം നിലയ്ക്കുകയും ചെയ്യും. അതോടു കൂടി ശരീരം പകല്‍ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന സെറോട്ടോനിന്‍ പോലുളള ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങും. അതുപോലെ സൂര്യന്‍ അസ്തമിക്കുന്നതോടു കൂടി ഇതിനു വിപരീതമായുളള പ്രവര്‍ത്തനങ്ങളും ശരീരത്തില്‍ നടക്കും. രാപകലുകള്‍ മാറി മാറി വരുന്നതിലൂടെ മാത്രമേ ശരീരത്തിലെ ഈ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി നടക്കുകയുളളൂ.
അതുപോലെ പ്രപഞ്ചത്തിലെ വാതകഘടനയിലും കാലാവസ്ഥയിലും ജീവികള്‍ക്കും സസ്യങ്ങള്‍ക്കും അനുഗുണമായിട്ടുളള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ രാപകലുകളുടെ മാറ്റത്തിലൂടെ സംഭവിക്കുന്നുണ്ട്. അതു കൊണ്ടായിരിക്കാം അല്ലാഹു ഒട്ടേറെ വചനങ്ങളിലൂടെ ഈ രണ്ട് പ്രതിഭാസങ്ങളെക്കുറിച്ച് പറയുന്നത്. ‘രാപകലുകള്‍ മാറിമാറിവരുന്നതിലും ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്ടിച്ചിട്ടുളളവയിലും സൂക്ഷ്മത പാലിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും പല ദൃഷ്ടാന്തങ്ങളുമുണ്ട് (10:6). ‘അല്ലാഹു രാപകലുകളെ മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുളളവര്‍ക്ക് ഒരു ഗുണപാഠമുണ്ട്.‘ (24:44).
രാത്രിയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നിടത്ത് രണ്ടു തരം രാത്രികളെക്കുറിച്ച് പറയുന്നതായി കാണാം. ഒന്ന് ഭൂമിയിലെ രാത്രി. രണ്ടാമത്തേത് ആകാശത്തിലെ രാത്രി. ഭൂമിയിലെ രാത്രി കൊണ്ടുദ്ദേശിക്കുന്നത് നാം നിത്യവും കാണുന്ന താത്കാലികവും ഏതാനും സമയം കഴിയുമ്പോള്‍ മാറി വരുന്നതുമായ രാത്രിയാണ്. എന്നാല്‍ ആകാശത്തിലെ രാത്രി അനന്തവും അപാരവും പ്രപഞ്ചത്തെ ആകമാനം ഉള്‍കൊളളുന്നതുമാണ്. ആകാശരാത്രിയെക്കുറിച്ച് അല്ലാഹു പറയുന്നു. ‘നിങ്ങളെയാണോ സൃഷ്ടിക്കാന്‍ കൂടുതല്‍ പ്രയാസം അതല്ല ആകാശത്തെയോ? അതിനെ അവന്‍ ഉണ്ടാക്കിയിരിക്കുന്നു. അതിന്റെ വിതാനം അവന്‍ ഉയര്‍ത്തുകയും അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിലെ രാത്രിയെ അവന്‍ ഇരുട്ടുള്ളതാക്കുകയും ചെയ്തിരിക്കുന്നു (79:27,28,29). ഈ വചനത്തിലെ ‘അതിലെ രാത്രി’ എന്നതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ആകാശത്തിലെ രാത്രിയാണ്. അതുപോലെ സൂറത്തു ശംസിലെ നാലാം സൂക്തത്തില്‍ ‘രാത്രിയെ തന്നെയാണ് സത്യം; അത് സൂര്യനെ മൂടുമ്പോള്‍’ (91:4) എന്ന വചനത്തിലെ രാത്രി കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതും ആകാശത്തിലെ രാത്രിയാണ്. കാരണം ഭൂമിയിലെ രാത്രി സൂര്യന്റെ എതിര്‍ ദിശയില്‍ സംഭവിക്കുന്നത് കൊണ്ട് അത് സൂര്യനെ മൂടുന്നു എന്ന് പറയുന്നതിലര്‍ഥമില്ല. ഗോളശാസ്ത്ര രംഗത്തെ മനുഷ്യന്റെ പഠന ഗവേഷണങ്ങളും ബഹിരാകാശ സഞ്ചാരത്തിലെ നിരീക്ഷണങ്ങളുമാണ് ഇത്തരം വസ്തുതകളിലേക്ക് വെളിച്ചം വീശിയത്. മനുഷ്യന്റെ വിജ്ഞാന ചക്രവാളം വികസിക്കുന്നതിനനുസരിച്ച് അത്ഭുതങ്ങളിലെ അത്ഭുതമായ ഖുര്‍ആന്‍ ദൈവികമാണെന്നതിന് ഇനിയും തെളിവുകള്‍ കണ്ടെത്താന്‍ കഴിയും.
ആഴക്കടലിലെ അന്ധകാരം
പതിനെട്ടാം നൂറ്റാണ്ട് വരെ സമുദ്രങ്ങള്‍ മാനവ സമൂഹത്തിന് ഒരു അജ്ഞാത ലോകമായിരുന്നു. ഗ്രീക്ക് പോലുളള പുരാതന നാഗരികതകളില്‍ കടലുകളെക്കുറിച്ചുളള ഒട്ടനവധി അന്ധവിശ്വാസങ്ങളും കെട്ടുകഥകളും കാണാന്‍ കഴിയും. ആഴക്കടലിലെ വിവരങ്ങള്‍ അവര്‍ക്ക് സാങ്കല്‍പികമായ ചില ധാരണകള്‍ മാത്രമായിരുന്നു. അക്കാലത്ത് സമുദ്രത്തില്‍ ഇരുപത് മീറ്ററിലധികം മുങ്ങാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. പിന്നീട് ശ്വസിക്കാനുളള ഉപകരണം കണ്ടുപിടിച്ചതിന് ശേഷവും ഏറ്റവും വലിയ മുങ്ങല്‍ വിദഗ്ധര്‍ക്ക് പോലും മുപ്പത് മീറ്ററിലധികം ആഴത്തില്‍ മുങ്ങാന്‍ കഴിഞ്ഞിരുന്നിരുന്നില്ല. കാരണം സമുദ്രാന്തര്‍ഭാഗത്തെ സമ്മര്‍ദം മുങ്ങുന്നവന്റെ ശരീരത്തിന്റെ സുസ്ഥിതി നഷ്ടപ്പെടുത്തുകയും ആ ഉദ്യമത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളില്‍ നടത്തിയ പഠന ഗവേഷണ ഫലങ്ങള്‍ സമുദ്രത്തെക്കുറിച്ച് ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങളോട് തികച്ചും യോജിക്കുന്നതാണ്. സമുദ്രത്തിന് മുകള്‍പരപ്പ്, അടിത്തട്ട് എന്നിങ്ങനെ രണ്ട് തട്ടുകളുണ്ട് എന്ന വസ്തുതയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സമുദ്രത്തിന്റെ മുകള്‍ത്തട്ടില്‍ മാത്രമേ സൂര്യ പ്രകാശം കടന്നുചെല്ലുന്നുളളൂ. അടിത്തട്ടിലേക്ക് സൂര്യകിരണങ്ങള്‍ എത്തിച്ചേരുന്നില്ല. സമുദ്ര ജലത്തിന്റെ സാന്ദ്രത, സമ്മര്‍ദം എന്നീ കാര്യങ്ങളിലും ഈ രണ്ടു തട്ടുകളും തമ്മില്‍ അന്തരമുണ്ട്. കടലിന്റെ ഈ രണ്ട് പാളികളെയും വേര്‍തിരിക്കുന്ന ആന്തരിക തിരമാലകളുമുണ്ട്. ഈ ആന്തരിക തിരമാലകള്‍ക്ക് നൂറു കണക്കിന് കിലോമീറ്റര്‍ നീളവും ഏകദേശം നൂറു മീറ്റര്‍ ഉയരവുമുണ്ട്. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ചെല്ലുന്തോറും ഇരുട്ട് വര്‍ധിച്ചുവരികയും ആയിരം മീറ്റര്‍ ആഴത്തിലെത്തുമ്പോള്‍ തീര്‍ത്തും ഇരുള്‍ മൂടിയതായിത്തീരുകയും ചെയ്യും. ആഴക്കടലില്‍ ജീവിക്കുന്ന മത്സ്യങ്ങളും മറ്റു ജീവികളും അവയുടെ ശരീരത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന ചില പ്രകാശങ്ങള്‍ കൊണ്ടാണ് സഞ്ചരിക്കുന്നത്. ചുറ്റുപാടുകള്‍ തിരിച്ചറിയാന്‍ കാഴ്ച ശക്തിയല്ലാതെ മറ്റു സംവേദനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ജീവികളുമുണ്ട്.
സൂര്യപ്രകാശത്തിലെ സപ്തവര്‍ണങ്ങളില്‍ ഓരോന്നിനും വ്യത്യസ്ത രൂപത്തിലുളള തരംഗ ദൈര്‍ഘ്യമാണുളളത്. മുകള്‍പരപ്പിലെ തിരമാലകളെ ഭേദിക്കാന്‍ തന്നെ അവയില്‍ പലതിനുമാകുകയില്ല. ഇരുപതു മീറ്റര്‍ ആഴത്തില്‍ ചെന്നാല്‍ ചുവപ്പുവര്‍ണം അപ്രത്യക്ഷമാകും. ഒരു മുങ്ങല്‍ വിദ്ഗധന് ഇരുപത്തഞ്ച് മീറ്റര്‍ ആഴത്തിലെത്തിയതിന് ശേഷം ശരീരത്തില്‍ വല്ല മുറിവും പറ്റിയാല്‍ ആ മുറിവില്‍ നിന്ന് പുറത്ത് വരുന്ന രക്തത്തിന് കറുപ്പ് നിറമായിരിക്കും. മുപ്പത് മീറ്റര്‍ ആഴത്തിലെത്തിയാല്‍ ഓറഞ്ച് വര്‍ണവും അന്‍പത് മീറ്റര്‍ ആഴത്തില്‍ മഞ്ഞ വര്‍ണവും നൂറ് മീറ്റര്‍ ആഴത്തില്‍ പച്ചവര്‍ണവും നൂറ്റി ഇരുപത്തഞ്ച് മീറ്ററില്‍ വയലറ്റ്, ഇന്‍ഡിഗോ വര്‍ണങ്ങളും ആഗിരണം ചെയ്യപ്പെടും. എന്നാല്‍ സമുദ്രത്തിന്റെ ഉപരിതലത്തില്‍ ഇരുനൂറ് മീറ്റര്‍ ആഴത്തില്‍ വരെ നീല വര്‍ണം എത്തിപ്പെടാറുണ്ട്. ഇരുനൂറ് മീറ്റര്‍ കഴിഞ്ഞാല്‍ പിന്നീട് ഇരുട്ട് ആരംഭിക്കുകയായി. അഞ്ഞൂറിനും ആയിരത്തിനുമിടയില്‍ ഇരുട്ടുകള്‍ കൂടിച്ചേര്‍ന്ന് കൂരിരുട്ടായിരിക്കും.
ആഴക്കടലിലെ ഇരുട്ടിനെ കുറിച്ച് ഖുര്‍ആനില്‍ പറയുന്നത് ഇപ്രകാരമാണ്. ”അല്ലെങ്കില്‍ അവരുടെ ഉപമ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. തിരമാല അതിനെ പൊതിയുന്നു. അതിനു മീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു വെളിച്ചം നല്കാത്തവര്‍ക്ക് വെളിച്ചമേ ഇല്ല’‘ (24:40).
മൂന്ന് തരം ഇരുട്ടുകളെക്കുറിച്ചാണ് ഇവിടെ ഖുര്‍ആന്‍ പ്രതിപാദിക്കുന്നത്. ഒന്ന് ആന്തരിക തിരമാലകള്‍, രണ്ട് ബാഹ്യ തിരമാലകള്‍, മൂന്ന് മേഘങ്ങള്‍. ഇവ മൂന്നും സമുദ്രാന്തര്‍ഭാഗത്തേക്ക് സൂര്യപ്രകാശം കടന്നു ചെല്ലുന്നതിനെ തടയുന്ന മറകളാണ്. സമുദ്രത്തില്‍ സാധാരണ നാം കാണുന്ന തിരമാലകളല്ലാതെ ആന്തരിക തിരമാലകളെക്കുറിച്ച് മുമ്പ് ആളുകള്‍ക്ക് അറിവുണ്ടായിരുന്നില്ല. ഖുര്‍ആനില്‍ ആഴക്കടലിലെ ഇരുട്ട് എന്ന പറഞ്ഞതിന് ശേഷം പറയുന്ന തിരമാല യഥാര്‍ഥത്തില്‍ നാം കാണുന്ന ബാഹ്യ തിരമാലകളല്ല, ആന്തരിക തിരമാലകളാണ്. അതിന് മീതെ വീണ്ടും തിരമാല എന്ന പദമാണ് ബാഹ്യ തിരമാലയെ സൂചിപ്പിക്കുന്നത്. അതിന് മീതെ കാര്‍മേഘം എന്നാണ് തുടര്‍ന്ന് പറയുന്നത്. ഇവ മൂന്നും തമ്മില്‍ അനേക മീറ്ററുകള്‍ അകലവുമുണ്ട്.
ആന്തരിക തിരമാലകളെക്കുറിച്ചുളള അറിവ് നമുക്ക് ലഭിച്ചത് 1900ന് ശേഷമാണ്. എന്നാല്‍ സമുദ്രയാത്ര നടത്തിയിട്ടില്ലാത്ത മുഹമ്മദ് നബി(സ്വ) സമുദ്രത്തെക്കുറിച്ച് ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ ഇത്രയും കൃത്യവും സൂക്ഷ്മവുമായ വിവരങ്ങള്‍ വെളിപ്പെടുത്തിയത് അദ്ദേഹത്തിന്റെ വിവരണമല്ലെന്നുറപ്പ്. അന്ന് അതു പറയാന്‍ കഴിയുന്ന ഒരാളും ലോകത്തില്ല. ഭൂതവര്‍ത്തമാനഭാവി വ്യത്യസമില്ലാതെ എല്ലാം അറിയുന്ന അല്ലാഹുവിന്റെ വചനങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ എന്നതിന് ഈ പരാമര്‍ശങ്ങള്‍ സുവ്യക്തമായ തെളിവുകളാണ്.
