വിവാഹമോചനം ഇതര മതങ്ങളിൽ
വിവാഹമോചനം ഇതര മതങ്ങളിൽ വിശ്വാസ, നിയമ, സാമൂഹിക സാഹചര്യങ്ങള്‍ അനുസരിച്ച് വ്യത്യാസപ്പെടുന്ന ഒരു പ്രക്രിയയാണ്. ക്രിസ്തുമതം, ഹിന്ദുമതം, ബുദ്ധമതം, യഹൂദമതം തുടങ്ങിയ മതങ്ങളില്‍ വിവാഹബന്ധം മോചിപ്പിക്കുന്ന നിയമങ്ങളും അനുമതികളും ഓരോ മതത്തിലും വ്യത്യസ്ത രീതിയില്‍ നിലനില്‍ക്കുന്നു. ചില മതങ്ങളിലും മതപണ്ഡിതര്‍ കൈമാറുന്ന നിബന്ധനകളും നിയമങ്ങളും പ്രധാനം, ചില മതങ്ങളില്‍ ചുരുങ്ങിയ പരിസ്ഥിതികളിലും മോചനത്തിന് അവകാശം അനുവദിച്ചിരിക്കുന്നു. ഇസ്‌ലാമികേതര മതങ്ങളിലെ വിവാഹമോചനത്തെ സംബന്ധിച്ച നിയമങ്ങളും വിശദീകരിക്കുകയാണിവിടെ.
വിവാഹമോചനം ജൂത-ക്രൈസ്തവരില്‍
വിവാഹമോചനം അനുവദനീയമാക്കിയ ഏകമതമല്ല ഇസ്‌ലാം. ഇസ്‌ലാമിന്നു മുമ്പും അത് ലോകത്തെങ്ങും സാര്‍വത്രികമായിരുന്നു. പുരുഷന്ന് സ്ത്രീയോട് ഈര്‍ഷ്യ തോന്നിയാല്‍ അവളെ വീട്ടില്‍ നിന്ന് നിഷ്‌ക്കരുണം ആട്ടിപ്പറഞ്ഞയക്കുന്ന പതിവുമുണ്ടായിരുന്നു. സ്ത്രീക്ക് പ്രതിരോധിക്കാന്‍ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല.
വിവാഹിതരായാല്‍ മരണം വരെ വിവാഹബന്ധം വേര്‍പെടുത്താന്‍ പാടില്ലെന്ന് ശാസിക്കുന്ന മതവിഭാഗങ്ങളുമുണ്ട്. മാനസിക പൊരുത്തമില്ലാതെ കേവലം രണ്ട് ശരീരങ്ങളായി ഒരേ വീട്ടില്‍ ദീര്‍ഘകാലം അവര്‍ പിണങ്ങിക്കഴിയുന്നു. കുട്ടികളുടെ ഭാവിയും ഇതോടെ അരക്ഷിതത്വത്തിലാവുന്നു. ലൈംഗിക താളപ്പിഴകള്‍ക്ക് അവര്‍ വിധേയരാവുകയും ചെയ്യുന്നു. എന്തുതന്നെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നാലും അഗ്നിയെ സാക്ഷിയാക്കി ചെയ്ത വിവാഹബന്ധം മുറിക്കരുതെന്നാണ് നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നത്. സംബന്ധം സ്വീകരിച്ചിരുന്ന സമൂഹത്തില്‍ സംബന്ധക്കാരിയെ ഉപേക്ഷിച്ചു പോകാമെന്നതല്ലാതെ വിവാഹമോചന നിയമങ്ങളൊന്നും ബാധകമല്ല.
ക്രൈസ്തവരില്‍ കത്തോലിക്കര്‍ക്കു വിവാഹമോചനം തന്നെ പാടില്ല. ഭാര്യയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയമുള്ള ഭര്‍ത്താവിന് ഭാര്യയുമായി വിട്ടുനില്ക്കാം. ശാരീരികബന്ധം പുലര്‍ത്താത്ത ഈ കാലയളവില്‍ മറ്റൊരു വിവാഹം അനുവദനീയമല്ല. കാരണം ബഹുഭാര്യത്വം അവര്‍ക്ക് അനുവദനീയമല്ല. ”സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഇണ്ടാക്കി. അതുകൊണ്ട് മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോട് പറ്റിച്ചേരും. ഇരുവരും ഒരുദേഹമായിത്തീരും. അങ്ങനെ അവര്‍ പിന്നെ രണ്ടല്ല, ഒരു ദേഹമത്രെ. ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു” (മാര്‍ക്കോസ്) 1
ഭാര്യയുടെ വഞ്ചനയുണ്ടായാല്‍ മാത്രം മോചനമാകാമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും പ്രൊട്ടസ്റ്റന്റ് വിഭാഗവും അനുവദിക്കുന്നു. പക്ഷേ, പിന്നീട് ഭാര്യാഭര്‍ത്താക്കള്‍ വേറെ വിവാഹം ചെയ്യരുത്. ഇതിനു തെളിവായി അവരുടെ അവലംബം ഈ വചനങ്ങളാണ്.
”ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാല്‍ അവര്‍ക്ക് ഉപേക്ഷണപത്രം കൊടുക്കട്ടെയെന്നും അരുളിചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോട് പറയുന്നത് പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെ കൊണ്ട് വ്യഭിചാരം ചെയ്യിക്കുന്നു. ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാല്‍ വ്യഭിചാരം ചെയ്യുന്നു (മത്തായി) 2
വിവാഹമോചനം ചെയ്യപ്പെട്ടവളെ പുനര്‍വിവാഹംചെയ്യുന്നതും ആദ്യഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നതും വ്യഭിചാരമാണെന്നാണ് ക്രൈസ്തവവിശ്വാസം. വിവാഹമോചനം അനുവദിച്ച മതമാണ് ജൂതമതം. ഉദാരമായ സമീപനമാണ് വിവാഹമോചനവിഷയത്തില്‍ ജൂതമതക്കാരില്‍ കാണുന്നത്. സ്ത്രീയുടെ സദാചാരകുറ്റം തെളിഞ്ഞാല്‍ അവളെ വിവാഹമോചനം നടത്താന്‍ മതപരമായി ഭര്‍ത്താവ് ബാധ്യസ്ഥനായിരുന്നു. ആ കുറ്റം അയാള്‍ അവള്‍ക്ക് പൊറുത്തുകൊടുത്താല്‍ പോലും ബന്ധവിച്ഛേദം നിര്‍ബന്ധമായിരുന്നു. പത്തുവര്‍ഷം കൂടെ താമസിച്ചിട്ടും കുട്ടികളുണ്ടായിട്ടില്ലെങ്കില്‍ വിവാഹമോചനം നടത്താന്‍ ജൂതമതത്തിലെ നിയമം അനുവദിക്കുന്നുണ്ട്.
വിവാഹമോചനം ഹിന്ദുമതത്തില്‍
1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യയ്‌ക്കോ ഭര്‍ത്താവിന്നോ വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കാവുന്ന ന്യായമാകുന്ന കാരണങ്ങള്‍ താഴെ പറയുന്നവയാണ്. ഒന്ന്, വ്യഭിചാരം അഥവാ പരസ്ത്രീ ബന്ധം, പരപുരുഷ ബന്ധം. രണ്ട്, ജീവന് അപകടകരമായതും മനസ്സിനോ ശരീരത്തിനോ ഹാനികരമായിട്ടുള്ളതുമായ വിധം ക്രൂരമായ പെരുമാറ്റം പങ്കാളിയുടെ ഭാഗത്തുനിന്നുണ്ടാവുക. മൂന്ന്, ചികിത്സാതീതമായ മാനസിക രോഗം. നാല്, ഭാര്യയോ ഭര്‍ത്താവോ ഹിന്ദുമതം ഉപേക്ഷിക്കുക. അഞ്ച്, തുടര്‍ച്ചയായി ഏഴു വര്‍ഷക്കാലം ഒരു വ്യക്തിയെക്കുറിച്ച് അയാള്‍ ജീവിച്ചിരിക്കുമെങ്കില്‍ സാധാരണഗതിയില്‍ അറിയാമായിരുന്ന ആളുകള്‍ക്ക് യാതൊരു വിവരവും ഇല്ലാതിരിക്കുക. ആറ്, രണ്ടു വര്‍ഷത്തിലേറെക്കാലം ഉപേക്ഷിച്ചുപോവുക.
ഹിന്ദു വിവാഹനിയമപ്രകാരം വിവാഹമോചിതരായവര്‍ക്കും വിധവകള്‍ക്കും പുനര്‍വിവാഹം കഴിക്കാം. എന്നാല്‍ വിവാഹമോചിതരായവര്‍ അപ്പീല്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അപ്പീല്‍ തീരുമാനമെടുക്കുന്നതുവരെയോ അപ്പീല്‍ കൊടുത്തിട്ടില്ലെങ്കില്‍ തീരുമാനമെടുക്കാനുള്ള കാലാവധി കഴിയുന്നതുവരെയോ കാത്തിരിക്കണം. സ്വയം ചെലവ് നടത്താന്‍ സ്വത്തോ വരുമാനമോ ഇല്ലാത്ത ഏതൊരു ഹിന്ദു ഭാര്യയ്ക്കും ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാം. ഭര്‍ത്താവ് മരിച്ചാല്‍ ഭര്‍ത്താവിന്റെ അച്ഛന് വരുമാനമുണ്ടെന്നും വിധവയ്ക്ക് സ്വയം സംരക്ഷണത്തിന് വകയൊന്നും ഇല്ലെന്നും വരികയാണെങ്കില്‍ ഭര്‍ത്താവിന്റെ അച്ഛനില്‍ നിന്നും ജീവനാംശം അവകാശപ്പെടാവുന്നതാണ്.
ഹിന്ദു വിവാഹ നിമയപ്രകാരം തുടര്‍ച്ചയായി ഒരു കൊല്ലക്കാലം വേര്‍പിരിഞ്ഞ് താമസിച്ചശേഷം തുടര്‍ന്നും ഒരുമിച്ച് ജീവിക്കാന്‍ സാധ്യമല്ലെന്ന് രണ്ടുപേരും തീരുമാനിച്ചാല്‍ ഉഭയസമ്മതപ്രകാരം കോടതി മുമ്പാകെ വിവാഹമോചനം തേടാം. എന്നാല്‍ ഹര്‍ജി സമര്‍പ്പിച്ച് ആറു മാസത്തിനുശേഷമേ വിവാഹബന്ധം വേര്‍പെടുത്തിക്കൊണ്ട് കോടതി തീര്‍പ്പ് കല്പിക്കൂ. ഈ ആറ് മാസ കാലാവധി വീണ്ടുവിചാരത്തിനുള്ള സമയപരിധിയാണ്. അതിനിടയ്ക്ക് ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ ഇതില്‍ നിന്ന് പിന്തിരിയാന്‍ അവകാശമുണ്ട്. പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനം ഹൈന്ദവ വിശ്വാസപ്രകാരം നിയമസാധുതയുള്ളതാണ്.
ചില പ്രത്യേക സാഹചര്യങ്ങളില്‍ വിവാഹമോചനത്തിനുള്ള കാരണങ്ങളാല്‍ തന്നെ ദമ്പതികള്‍ വേര്‍പെട്ടു താമസിക്കുകയാണെങ്കില്‍ ഒരു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയിട്ടു മാത്രമേ കോടതി മുഖേന വിവാഹമോചനം പ്രാബല്യത്തില്‍ വരികയുള്ളൂ. ഒരു വര്‍ഷകാലയളവ് ദമ്പതികള്‍ക്കിടയില്‍ മാനസാന്തരമുണ്ടായി പരസ്പരം യോജിക്കാനുള്ള ഇടവേളയാണ്. യോജിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിച്ച് തീര്‍പ്പു കല്പിക്കേണ്ടതാണ്.
References- സത്യവേദപുസ്തകം, മലയാളം ൈബബിള്‍, മാര്‍ക്കോസ് 10: 6-9[↩]
- സത്യവേദപുസ്തകം, മലയാളം ൈബബിള്‍, മത്തായി 5: 31,32[↩]
