വിവിധ തരം കച്ചവടങ്ങള്‍
വിവിധ തരം കച്ചവടങ്ങള്‍ മനുഷ്യരുടെയായ ജീവിതത്തിന് ആവശ്യമായ ആവശ്യങ്ങളെയും സമൂഹത്തിലെ വിഭവങ്ങള്‍ ഉപയോഗിക്കുന്ന രീതികളെയും പ്രതിപാദിക്കുന്നു. ഇസ്ലാമിക നിയമപ്രകാരം, ഓരോ കച്ചവടത്തിനും വ്യത്യസ്ത മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. പള്ളിയില്‍ നടത്തുന്ന കച്ചവടം, സമൂഹത്തിലെ പൊതുസമ്പത്ത് ആയ വെള്ളം, പുല്ല്, ബീജം എന്നിവയുടെ ഇടപാടുകൾ, ഉപയോഗവും ന്യായവും പാലിക്കപ്പെടേണ്ട രീതികളും വ്യത്യാസപ്പെടുന്നു. ഇത്തരം കച്ചവടങ്ങളെ നിയന്ത്രിക്കുന്നത്, സമൂഹത്തിൽ നീതിയും സമാധാനവും ഉറപ്പാക്കാനും, പരസ്പര വിശ്വാസം നിലനിര്‍ത്താനും സഹായിക്കുന്നു.
പള്ളിയിലെ കച്ചവടം
അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം പള്ളിയും ഏറ്റവും വെറുപ്പുള്ള സ്ഥലം അങ്ങാടിയുമാണെന്ന വചനം നബി(സ്വ)യുടെ മേല്‍ വ്യാജമായി ആരോപിക്കപ്പെട്ടതാണ്. അങ്ങാടിയില്‍ ആദ്യം കടക്കുന്നവനും അവസാനമായി പുറത്തുവരുന്നവനും ശപിക്കപ്പെട്ടവനാണെന്ന വാക്യവും വ്യാജമാണ്.
പള്ളി പടച്ചവന്റെ ഇഷ്ടസ്ഥലമാണ്. എന്നാല്‍ അവിടെ മാത്രം കെട്ടിത്തിരിയേണ്ടവനല്ല വിശ്വാസി. അതില്‍ പുണ്യമില്ലതാനും. അതേസമയം പള്ളി വിപണിയാക്കാന്‍ പാടില്ല. ഒരാള്‍ പള്ളിയില്‍ ക്രയവിക്രയം നടത്തുന്നതു കണ്ടാല്‍, നിന്റെ കച്ചവടം അല്ലാഹു ലാഭകരമല്ലാതാക്കട്ടെ എന്ന് വിശ്വാസികള്‍ പറയണമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (ഇബ്നി ഹിബ്ബാന്‍) 1 ഇത് പള്ളിയുടെ പവിത്രത സംരക്ഷിക്കാനുള്ള നിര്‍ദേശമാണ്. പരലോകത്തിനുവേണ്ടി പ്രത്യക്ഷമായി പണിചെയ്യാനുള്ള ദേവാലയത്തില്‍ ആത്മീയതയെക്കാള്‍ ഭൗതികത മുന്നിട്ടു നില്ക്കുന്ന കച്ചവടം പല പ്രയാസങ്ങളും മറ്റു ഭക്തര്‍ക്ക് സൃഷ്ടിക്കുമെന്നതിനാലാവണം റസൂല്‍ അത് തടയുന്നത്. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരയുന്നതുപോലും പള്ളിയില്‍ റസൂല്‍(സ്വ) വിരോധിക്കുന്നത് ഇതുകൊണ്ടാകണം. നിഷിദ്ധത്തിന്റെതല്ല പള്ളിയിലെ കച്ചവടത്തിന്റെ ധ്വനിയെങ്കിലും അഭികാമ്യമല്ലെന്നതില് രണ്ടഭിപ്രായമില്ല.
വെള്ളം, പുല്ല്, ബീജം
വെള്ളം, പുല്ല്, തീ എന്നിവ സമൂഹത്തിന് അത്യാവശ്യമുള്ളതും നേടിയെടുക്കുന്നതിലും ഉത്പാദിപ്പിക്കുന്നതിലും മനുഷ്യാധ്വാനം കാര്യമായി ആവശ്യമില്ലാത്തതുമാണ്. അതിനാല്‍ തന്നെ ഇവ ജനങ്ങള്‍ക്കെല്ലാം പങ്കുള്ള പൊതു സ്വത്തായാണ് നബി(സ്വ) പഠിപ്പിക്കുന്നത്. അതിനാല്‍ തന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് മറ്റാവശ്യക്കാര്‍ക്കായി നീക്കിവെക്കുകയാണ് വേണ്ടത്. അവ വില്പന നടത്തുന്നത് നബി(സ്വ) നിരോധിച്ചു (മുസ്ലിം 2, അബീദാവൂദ് 3). ഈ നിരോധം പൊതുവെ കടല്‍, സമുദ്രം, തോടുകള്‍ പോലെ പൊതുവായ ജലാശയങ്ങള്ക്കാണെങ്കിലും സ്വന്തം പറമ്പിലും കുളത്തിലു മെല്ലാമുള്ള പുല്ലും ജലവും അത്യാവശ്യക്കാര്‍ക്ക് വിറ്റ് അവരെ ചൂഷണം ചെയ്യുന്നത് ശരിയല്ല. എന്നാല്‍ ദരിദ്രര്‍ ഉപജീവനം എന്ന നിലയില്‍ ഇവ ശേഖരിച്ച് വില്പന നടത്തുന്നതില്‍ തെറ്റില്ല. അലി(റ) പുല്ല് വില്‍ക്കാറുണ്ടായിരുന്നു. അതുപോലെ സ്വന്തമായി ജലാശയങ്ങളും മറ്റുമുണ്ടാക്കി സംഭരിച്ച ജലവും വില്പനക്കുവേണ്ടി പ്രത്യേകമായി കൃഷിചെയ്യുന്ന പുല്ലുമെല്ലാം വില്‍ക്കുന്നതിന് വിരോധമില്ല. മദീനയില്‍ ജൂതന് വെള്ളം വില്ക്കാറുണ്ടായിരുന്ന കിണര്‍ വാങ്ങി നല്കാന് നബി(സ്വ) സഹാബികളോട് ആവശ്യപ്പെടുകയും ഉസ്മാന്(റ) അത് വാങ്ങി മുസ്ലിംകള്ക്ക് വഖ്ഫായി നല്‍കുകയും ചെയ്തത് ഇതിന് തെളിവാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യമെന്ന നിലയില്‍ കുടിവെള്ളത്തിന് അമിത വില ഈടാക്കുന്നത് കൊള്ളയാണ്. ഇത്തരം വ്യവസായങ്ങള്‍ പ്രവര്‍ത്തനച്ചെലവു മാത്രം സ്വീകരിച്ച് ലാഭാധിഷ്ഠിതമല്ലാതെ നടത്താനാണ് ശ്രമിക്കേണ്ടത്.
വെള്ളക്കച്ചവടം ഇന്നു വലിയ വ്യവസായമാണ്. മിനറല്‍ വാട്ടറും സോഫ്റ്റ് ഡ്രിങ്ക്സുമെല്ലാം ഈ രംഗത്ത് കൊഴുത്ത വിപണിയാണ്. ഏറെ ചതിയും വഞ്ചനയും നിറഞ്ഞ ഇവ പലപ്പോഴും ആരോഗ്യത്തിന് കടുത്ത ഹാനി വരുത്തുന്നവയാണെന്നതും യാഥാര്‍ഥ്യമാണ്.
കന്നുകാലികളെ ഇണചേര്‍ക്കുന്നതിന്റെ പേരില്‍ പ്രതിഫലം വാങ്ങാന്‍ പാടില്ല. ഇത് നബി(സ്വ) നിരോധിച്ചിരിക്കുന്നു(ബുഖാരി). മുന്തിയ ബീജവും മറ്റും ലഭിക്കുന്നതിനായി പ്രത്യേകം പരിപാലിച്ച് പോറ്റുന്ന ആണ്മൃഗങ്ങളാണെങ്കില് ചെലവു വാങ്ങാവുന്നതാണ്. ബീജം ഇഞ്ചക്ഷനായും മറ്റും നല്കപ്പെടുന്ന അവസ്ഥയും ഇങ്ങനെത്തന്നെയാണ്.
ബീജക്കച്ചവടം ഇന്ന് മനുഷ്യരിലേക്കും വളര്‍ന്നിരിക്കുകയാണ്. നല്ല കുട്ടികളെ ലഭിക്കാനായി മുന്തിയ ആളുകളുടെ ബീജങ്ങള്‍ വാങ്ങാവുന്നിടത്താണ് അധാര്‍മികതയുടെ വിപണി എത്തിപ്പെട്ടിരിക്കുന്നത്. ഇത് തീര്‍ത്തും നിഷിദ്ധമാണ്. കുഞ്ഞുങ്ങളില്ലാത്ത വര്‍ക്കായാലും സ്വന്തം ബീജം മതിയാകാത്തവര്ക്കായാലുമെല്ലാം ഇവിടെ വിധി ഒന്നു തന്നെയാണ്. ബീജ ദാനമായാലും വ്യഭിചാരമായാണ് ഇസ്ലാം പരിഗണിക്കുന്നത്.
References
- സ്വഹീഹു ഇബ്നി ഹിബ്ബാന്‍, മുഹമ്മദു ബ്നു ഹിബ്ബാനു ബ്നു അഹ്മദു ബ്നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 188, ഹദീസ് 2238[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 05, പേജ് 34, ഹദീസ് 1566[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 295, ഹദീസ് 3477[↩]
