പ്രവാചകന്മാരും പരീക്ഷണങ്ങളും
ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾക്ക് വിധേയരായവരാണ് പ്രവാചകന്മാർ. ഐഹിക ജീവിതത്തിലെ ക്ലേശങ്ങൾ, രോഗങ്ങൾ, ബഹിഷ്കരണങ്ങൾ, പീഡനങ്ങൾ, വധശ്രമങ്ങൾ എന്നിവയെല്ലാം അവർക്ക് നേരിടേണ്ടിവന്നു. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്താൽ അവർ സകലവും അവനിൽ ഭരമേൽപ്പിക്കുകയും, ക്ഷമയോടെ പ്രതിസന്ധികളെ തരണം ചെയ്യുകയും ചെയ്തു. മനുഷ്യരിൽ ഏറ്റവുമധികം പരീക്ഷണങ്ങൾ നേരിട്ടവരും മാതൃകാപരമായ ജീവിതം കാഴ്ചവെച്ചവരും പ്രവാചകന്മാർ തന്നെയായിരുന്നു. ലോകത്ത് എല്ലാ സമൂഹങ്ങളിലേക്കും ദൂതന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഖുർആനിൽ ഏതാനും പ്രവാചകന്മാരെപ്പറ്റി മാത്രമാണ് പരാമർശമുള്ളത്. മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരാണ് പ്രവാചകന്മാർ. പ്രവാചകന്മാരിൽ ഏറ്റവും ശ്രേഷ്ഠരായ അഞ്ച് പേരെ ‘ദൃഢമനസ്കർ’ അഥവാ ഉലുൽഅസ്മ് (أُولُوالْعَزْم) എന്ന് വിശുദ്ധ ഖുർആൻ വിശേഷിപ്പിക്കുന്നു.
പ്രവാചകന്മാർ അനുഭവിച്ച തീഷ്ണമായ പരീക്ഷണങ്ങൾ, ഉലുൽഅസ്മ്, ഖുർആനിൽ പരാമർശിക്കപ്പെട്ട പ്രവാചകന്മാർ, പ്രവാചകന്മാരുടെ ചരിത്രം പരാമർശിച്ച ഖുർആൻ സൂക്തങ്ങൾ എന്നിവ പ്രവാചകന്മാരും പരീക്ഷണങ്ങളും എന്ന ഈ ലേഖനത്തിലൂടെ വിശദമായി മനസ്സിലാക്കാം.
അല്ലാഹുവിന്റെ ദൂതന്മാരായ പ്രവാചകന്മാര് ഐഹിക ജീവിതത്തില്‍ പല നിലക്കുള്ള പരീക്ഷണങ്ങള്‍ക്കും വിധേയരായവരായിരുന്നു. അല്ലാഹുവിലുള്ള ദൃഢവിശ്വാസത്താല്‍ അവനില്‍ സര്‍വ്വവും ഭരമേല്‍പ്പിക്കുകയും ക്ഷമാപൂര്‍വ്വം പ്രതിസന്ധികളെ തരണംചെയ്ത് ദൈവ പ്രീതി പ്രതീക്ഷിച്ച് ജീവിച്ചവരുമായിരുന്നു അവര്‍. ഭൗതിക സമൃദ്ധിയില്‍ വിരാജിച്ചവരായിരുന്നില്ല അവരാരും. രോഗങ്ങളും ക്ലേശങ്ങളും ബഹിഷ്കരണങ്ങളും പീഡനങ്ങളും ആക്ഷേപങ്ങളും പരിഹാസങ്ങളും ഒന്നും അവരെ തളര്‍ത്തിയില്ല. ദൈവിക പരീക്ഷണം എന്ന നിലക്ക് ക്ഷമാപൂര്‍വ്വം അവയെ നേരിട്ട് ദൗത്യനിര്‍വ്വഹണം നടത്തുകയും മാതൃകയായി ജീവിക്കുകയും ചെയ്തു. ദൈവദൂതന്മാരെ വധിക്കാനുള്ള ശ്രമങ്ങള്‍ പോലും ഉണ്ടായതായി വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ”നിങ്ങളുടെ മനസ്സിന് ഇഷ്ടപ്പെടാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും ചില ദൂതന്മാരെ നിങ്ങള്‍ തള്ളിക്കളയുകയും മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?’ (2:87).
ഒരു സഹസ്രാബ്ദത്തോളം നീണ്ട പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ച നൂഹ് നബി(അ)ക്ക് അംഗുലീപരിമിതമായവര്‍ മാത്രമേ വിശ്വാസികളായി കൂടെയുണ്ടായിരുന്നുള്ളൂ. സ്വന്തം മകന് പോലും വിശ്വാസത്തിന്റെ വഴിയില്‍ പിതാവിനോട് കൂടെ നിന്നില്ല. ഭാര്യയും ആദര്‍ശത്തില്‍ അദ്ദേഹത്തിന്റെ എതിര് ചേരിയിലായിരുന്നു. പ്രബോധന രംഗത്ത് ഏറെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായിവന്നപ്പോള്‍ നൂഹ് നബി(അ) അവയെല്ലാം ദൈവിക പരീക്ഷണം എന്ന നിലക്ക് ക്ഷമ കൈകൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. പ്രതീക്ഷ കൈവിടാതെ തന്റെ ദൗത്യം നിര്‍വ്വഹിക്കുകയും ചെയ്തു. വിഗ്രഹവില്പനക്കാരന്റെ മകനായി ജനിച്ച ഇബ്റാഹീം(അ) നബിക്ക് തൗഹീദ് പ്രബോധനത്തിന് കടുത്ത വെല്ലുവിളികള്‍ സ്വന്തം നാട്ടില്‍നിന്നും വീട്ടുകാരില്‍നിന്നും നേരിടേണ്ടിവന്നു.
വിഗ്രഹാരാധനയുടെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തി ധൈഷണികമായി സംവദിച്ചുകൊണ്ട് തൗഹീദിനെ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഇറാഖ് ഭരിച്ചിരുന്ന സ്വേഛാധിപതിയും ധിക്കാരിയുമായ നംറൂദ്, ഇബ്റാഹീമിനെ അഗ്നികുണ്ഡത്തിലെറിയാന്‍ കല്പനകൊടുത്തു. അങ്ങനെ ആദര്‍ശ പ്രചാരണത്തിന്റെ വഴിയില്‍ സാക്ഷാല്‍ അഗ്നിപരീക്ഷണങ്ങള്ക്ക് വിധേയനായ അദ്ദേഹം എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചു. അല്ലാഹു അദ്ദേഹത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇബ്റാഹീം(അ) നബിയുടെ ഭാര്യ വന്ധ്യയായ സാറയായിരുന്നു. സന്താന സൗഭാഗ്യമില്ലാതെ വിഷമിച്ച ഇബ്റാഹീം(അ) ഭാര്യയുടെ നിര്‍ദ്ദേശ പ്രകാരം അടിമ സ്ത്രീയായ ഹാജറിനെ വിവാഹം ചെയ്തു. ഹാജറില്‍ ഇസ്മാഈല്‍ എന്ന സന്താനം ജനിച്ചു. പരീക്ഷണങ്ങള്‍ക്ക് മേല്‍ പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടി വന്ന ആ പ്രവാചകനോട് ആ അരുമ സന്താനത്തെ ദൈവിക മാര്‍ഗത്തില്‍ ബലിനല്കാന് അല്ലാഹു കല്പിച്ചു. ദൈവിക കല്പന ശിരസാവഹിക്കാന്‍ തയ്യാറായ ഇബ്റാഹീം(അ) ആ പരീക്ഷണത്തില്‍ വിജയിച്ചു. മറ്റൊരു ബലി മൃഗത്തെ പകരം നല്കി അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി.
സമ്പന്നനും സ്വാതികനുമായിരുന്ന അയ്യൂബ് നബിക്ക് സമ്പത്ത് നഷ്ടമാവുകയും രോഗങ്ങള്‍ കഠിനമാവുകയും ചെയ്തപ്പോള്‍ ബന്ധുജനങ്ങള്‍ പോലും അദ്ദേഹത്തില്‍നിന്നകന്നു. പരിചരിക്കാന്‍ ഭാര്യ മാത്രം ഉണ്ടായിരുന്ന വിഷമഘട്ടത്തില്‍ അദ്ദേഹം മനസ്സ് പതറാതെ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന സ്വീകരിച്ചു(21:83,84)
സ്വന്തം ജ്യേഷ്ഠസഹോദരങ്ങളുടെ കുതന്ത്രത്തില്‍പ്പെട്ട് പൊട്ടകിണറ്റില്‍ എറിയപ്പെട്ട യൂസുഫ് നബി(അ) അവിടെനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഈജിപ്തിലെ മന്ത്രിപദവിയിലെത്തുന്നതിന് മുമ്പ് വര്‍ഷങ്ങളോളം ജയില്‍ വാസം അനുഭവിക്കേണ്ടതായിവന്നു. (12:33-44) മകനെ നഷ്ടപ്പെട്ട് ദു:ഖത്തില്‍ കഴിയുന്ന പിതാവ് യഅ്ഖൂബ് നബി(അ)ക്ക് കരഞ്ഞ് കരഞ്ഞ് കണ്ണിന്റെ കാഴ്ചപോലും മങ്ങിയ അവസ്ഥയുണ്ടായിത്തീര്‍ന്നു. ഈ വിഷമഘട്ടത്തില്‍ എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും അവനോട് സഹായം തേടുകയുമാണ് അദ്ദേഹവും ചെയ്തത്.
വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവുമധികം സ്ഥലങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടതും വിശദമായി പ്രതിപാദിച്ചതുമായ മുസാ നബിയുടെ ജീവിതം മുഴുക്കെ പരീക്ഷണങ്ങളായിരുന്നു. ധിക്കാരത്തിന്റെയും ക്രൂരതയുടെയും ആള്‍രൂപമായിരുന്ന ഫറോവ ചക്രവര്‍ത്തി, മൂസാ നബിയുടേയും ഹാറൂന്‍ നബിയുടെയും പ്രബോധന വഴിയില്‍ ഒളിഞ്ഞും തെളിഞ്ഞും ഭീഷണികളും വെല്ലുവിളികളും മുഴക്കി. മൂസാനബി(അ) ക്ഷമാപൂര്‍വ്വം പ്രബോധന പ്രവര്‍ത്തനം നടത്തുകയും സൗമ്യശൈലി ഉപയോഗപ്പെടുത്തുകയും ചെയ്തു. അല്ലാഹുവിന്റെ അപാരമായ സഹായം വഴി സത്യത്തിന് ആത്യന്തിക വിജയവും ഉണ്ടായി.
കുഞ്ഞില്ലാത്ത സങ്കടത്തിലായിരുന്നു സകരിയ്യാ നബി(അ). വാര്‍ദ്ധക്യത്തില്‍ എത്തിനില്ക്കുമ്പോള് പോലും സന്താന സൗഭാഗ്യമുണ്ടാവാന്‍ അല്ലാഹുവോട് സകരിയ്യാ നബി പ്രാര്ഥിച്ചതിന്റെ ഫലമായി യഹ്യാ എന്ന കുട്ടി പിറന്നു. യഹ്യാ ചെറുപ്പത്തിലേ ദിവ്യബോധനം നല്കപ്പെട്ട പ്രവാചകനായി.
അനാഥനായി ജനിച്ച മുഹമ്മദ് നബി(സ്വ)ക്ക് ദാരിദ്ര്യത്തിന്റെ പ്രയാസങ്ങളും ജീവിതത്തില്‍ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. ആടു മേയ്ക്കുന്ന ജോലിയില്‍ കുട്ടിക്കാലത്ത് മുഹമ്മദ് നബി(സ്വ) വ്യാപൃതനായി. നുബുവ്വത്ത് ലഭിച്ചപ്പോള്‍ സ്വന്തക്കാര് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി. യുദ്ധത്തില്‍ നബിക്ക് പരിക്കേറ്റു. സ്വദേശമായ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. പരീക്ഷണങ്ങളുടെ തീച്ചൂളയില്‍ ജീവിക്കേണ്ടതായ സാഹചര്യം ഉണ്ടായപ്പോഴും സദ്ഗുണങ്ങളുടെ ഉദാത്തമാതൃക കാഴ്ചവെക്കാന്‍ നബി(സ്വ)ക്ക് സാധിച്ചു. ദൃഢവിശ്വാസത്താല്‍ അല്ലാഹുവിന്റെ സഹായവും വിജയവും നേടിയെടുക്കാനാവുമെന്ന് അദ്ദേഹം സത്യവിശ്വാസികള്‍ക്ക് സ്വജീവിതത്തിലൂടെ കാണിച്ചുതന്നു. അസന്തുഷ്ടിയുടെയോ അക്ഷമയുടെയോ ഒരു വാക്കുപോലും മൊഴിയാതെ അല്ലാഹുവിന്ന് ഏറ്റവും നന്ദിയുള്ള അടിമയായി എങ്ങനെ ജീവിക്കാമെന്ന് ലോകരെ പഠിപ്പിച്ചു.
പ്രവാചകന്മാരഖിലവും അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ക്ക് വിധേയരായി എന്ന് മാത്രമല്ല, ജനങ്ങളില്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ക്ക് വിധേയരായി ജീവിച്ചവരും മാതൃകാ ധന്യമായ ജീവിതം കാഴ്ചവെച്ചവരും അവര്‍ തന്നെയായിരുന്നു.
ഉലുല്‍അസ്മ്
أُولُوالْعَزْم
മറ്റേതു മനുഷ്യരേക്കാളും ശ്രേഷ്ഠ പദവിയിലുള്ളവരാണ് പ്രവാചകന്മാര്. ത്യാഗ നിര്‍ഭരവും ക്ലേശ പൂരിതവുമായ ദൗത്യമാണ് പ്രവാചകത്വം. അതിന് പ്രാപ്തരും യോഗ്യരുമായവരെ അല്ലാഹു തെരഞ്ഞെടുക്കുന്നു. അല്ലാഹു പറയുന്നു: ആ ദൂതന്മാരില് ചിലര്‍ക്ക് നാം മറ്റു ചിലരേക്കാള്‍ ശ്രേഷ്ഠത നല്കിയിരിക്കുന്നു. അല്ലാഹു (നേരില്‍) സംസാരിച്ചിട്ടുള്ളവര് അവരിലുണ്ട്. അവരില്‍ ചിലരെ അവന് പല പദവികളിലേക്കുയര്‍ത്തിയിട്ടുണ്ട്.
പ്രവാചകന്മാരില് ഏറ്റവും ശ്രേഷ്ഠര്‍ ദൃഢമനസ്കര്‍ (ഉലൂല്അസ്മ്) എന്നറിയപ്പെടുന്ന അഞ്ചു പ്രവാചകന്മാരാകുന്നു. മുഹമ്മദ് നബി(സ), നൂഹ്(അ), ഇബ്റാഹീം(അ), മൂസ(അ), ഈസാ(അ) എന്നിവരാണ് ആ അഞ്ചുപേര്‍. അല്ലാഹു പറയുന്നു: ‘‘ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്മാര് ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക’ (46:35).
ഈ അഞ്ച് പ്രവാചകന്മാരുടെ പേരുകള്‍ പല സ്ഥലങ്ങളിലായി ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്:
‘മര്‍യമിന്റെ മകന് ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തിനു നാം പിന്‍ബലം നല്‍കുകയും ചെയ്തിട്ടുണ്ട്’ (2:253).
‘നൂഹിനോടു കല്പിച്ചതും, നിനക്കു നാം ബോധനം നല്കിയതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്പിച്ചതുമായ കാര്യം, നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക എന്ന കാര്യം അവന് നിങ്ങള്‍ക്ക് മത നിയമമായി നിശ്ചയിച്ചിരിക്കുന്നു’ (42:13).
ഒരു ജനതയിലേക്ക് നിയോഗിക്കപ്പെട്ട ആദ്യത്തെ പ്രവാചകന് എന്ന പദവി നൂഹ്നബിക്കാണുള്ളത്. വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവുമേറെ പ്രതിപാദിക്കപ്പെട്ട പ്രവാചകന്റെ ചരിത്രം മൂസനബി(അ)യുടെതാണ്. അല്ലാഹുവിനോട് നേരിട്ട് സംസാരിച്ച പ്രവാചകന് എന്ന ശ്രേഷ്ഠതകൂടി മൂസാനബി(അ)ക്കുണ്ട്. അത് കൂടാതെ തൗറാത്ത് നല്‍കികൊണ്ട് അല്ലാഹു മൂസാ നബിയെ(അ) ശ്രേഷ്ഠനാക്കി. തൗറാത്തിനെ ശരിവെക്കുന്ന ഗ്രന്ഥമായ ഇന്‍ജീല്‍ അവതരിപ്പിച്ച് ഈസാനബിക്ക് അല്ലാഹു ശ്രേഷ്ഠത നല്കി. ഇബ്റാഹീം നബി(അ)യെ ജനങ്ങളുടെ നേതാവാക്കിയും അല്ലാഹുവിന്റെ കൂട്ടുകാരനാക്കിയുമാണ് ശ്രേഷ്ഠപദവി നല്‍കിയത്.
മുഹമ്മദ് നബി(സ്വ)യെ ലോകാവസാനം വരെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും ദൂതനായി നിയോഗിച്ചതിലൂടെ അല്ലാഹു അദ്ദേഹത്തിന് ശ്രേഷ്ഠമായ പദവി നല്കിയിരിക്കുന്നു. അന്ത്യനാള്‍ വരെയുള്ള മാനവകുലത്തിന് ആകമാനം മാര്‍ഗദര്‍ശകമായിട്ടുള്ള വിശുദ്ധ വേദഗ്രന്ഥം നബിക്ക് അവതരിപ്പിച്ചുകൊടുത്തു എന്നത് അദ്ദേഹത്തിനുള്ള ശ്രേഷ്ഠതക്ക് തെളിവാണ്.
അസ്മ് എന്ന അറബി പദത്തിനര്‍ത്ഥം ശക്തി, സ്ഥിരത, നിശ്ചയദാര്‍ഢ്യം എന്നൊക്കെയാണ്. ഉലുല്‍അസ്മ് എന്ന പദവിക്കര്ഹരായ അഞ്ചു പ്രവാചകന്മാരുടെ പ്രബോധനവും ജീവിതവും പരിശോധിച്ചാല്‍ ക്ഷമയുടെയും ആദര്‍ശസ്ഥിരതയുടെയും മനോധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തില്‍ മികച്ച മാതൃകകളായിരുന്നു അവരൊക്കെയും എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഉലുല്‍അസ്മ് ക്ഷമിച്ചതുപോലെ ക്ഷമിക്കുക എന്ന് അല്ലാഹു ഉപദേശിക്കുന്നതിന്റെ അര്‍ത്ഥവും അതുതന്നെയാണ്.
ദൈവദൂതന്മാരില് ചിലര്‍ക്ക് പ്രത്യേക പദവികള്‍ നല്‍കിയിട്ടുണ്ട് എന്ന് പറഞ്ഞതോടൊപ്പം ‘ദൈവദൂതര്ക്കിടയില് ഞങ്ങള്‍ യാതൊരു വിവേചനവും കാണിക്കുകയില്ല’ (2:285) എന്ന് പറയാന്‍ വിശ്വാസികളോട് നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു.
ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്മാര്
മനുഷ്യര്‍ക്ക് സന്മാര്ഗം കാണിച്ചുകൊടുക്കാന്‍ അല്ലാഹു നിയോഗിച്ച ദൂതന്മാരാണ് നബിമാര്‍ എന്നും റസൂല്‍ എന്നും അറിയപ്പെടുന്നത്. പ്രവാചകന്മാര് എന്ന് പൊതുവെ പറഞ്ഞുവരുന്നു. ലോകത്ത് എല്ലാ സമൂഹങ്ങളിലേക്കും ദൂതന്മാര് നിയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരുടെയെല്ലാം പേരുകളോ നിയോഗിക്കപ്പെട്ട സമൂഹങ്ങളോ വിശുദ്ധ ഖുര്‍ആനിലോ ഹദീസുകളിലോ വിവരിച്ചിട്ടില്ല. ഇരുപത്തിയഞ്ച് നബിമാരെപ്പറ്റി മാത്രമേ വിശുദ്ധ ഖുര്‍ആനിലുള്ളൂ. അവരില്‍ ചിലരുടെ ചരിത്രം വിശദമാക്കിയപ്പോള്‍ ചിലരുടേത് ചുരുക്കുകയോ പരാമര്‍ശിക്കുകയോ മാത്രമേ ചെയ്തിട്ടേയുള്ളൂ. ദൈവദൂതന്മാരില് ചിലരുടെ ചരിത്രങ്ങള്‍ പല സന്ദര്‍ഭങ്ങളിലും ആവര്‍ത്തിച്ചു വന്നിട്ടുണ്ട്. ഗുണപാഠം ഉള്‍കൊള്ളാന്‍ വേണ്ടിയാണിത്.
പ്രവാചകന്മാരുടെ ചരിത്രം പരാമര്‍ശിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍
- ആദം (അ): (25 സ്ഥലങ്ങളില്‍)അല്‍ബഖറ: 2:31, 2:33, 2:34, 2:35, 2:37, ആലുഇംറാന്: 3:33, 3:59, അല്‍മാഇദ: 5:27, അല്‍അഅ്റാഫ്: 7:11, 7:19, 7:26, 7:27, 7:31, 7:35, 7:172, അല്‍ഇസ്റാഅ്: 17:61, 17:70, അല്‍കഹ്ഫ്: 18:50, മര്‍യം: 19:58, ത്വാഹാ: 20:115, 20:116, 20:117, 20:120, 20:121, യാസീന്‍: 36:60
- ഇദ്രീസ് (അ): (2 സ്ഥലങ്ങളില്‍)മര്‍യം: 19:56, അല്‍അംബിയാഅ്: 21:85
- നൂഹ് (അ): (43 സ്ഥലങ്ങളില്‍)ആലുഇംറാന്: 3:34, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, അല്‍അഅ്റാഫ്: 7:59, 7:69 അത്തൗബ: 9:70, യൂനുസ്: 10:71, ഹൂദ്: 11:25, 11:32, 11:36, 11:42, 11:45, 11:46, 11:48, 11:89, ഇബ്റാഹീം: 14:9, അല്‍ഇസ്റാഅ്: 17:3, 17:17, മര്‍യം: 19:58, അല്‍അംബിയാഅ്: 21:76, അല്‍ഹജ്ജ്: 22:42, അല്‍മുഅ്മിനൂന്‍: 23:23, അല്‍ഫുര്‍ഖാന്‍: 25:37, അശ്ശുഅറാഅ്: 26:105, 26:106, 26:116, അല്‍അന്‍കബൂത്: 29:14, അല്‍അഹ്സാബ്: 33:7, അസ്സ്വാഫ്ഫാത്: 37:75, 37:79, സ്വാദ്: 38:12, ഗാഫിര്: 40:5, 40:31, അശ്ശൂറാ: 42:13, ഖാഫ്: 50:12, അദ്ദാരിയാത്: 51:46, അന്നജ്മ്: 53:52, അല്‍ഖമര്‍: 54:9, അല്‍ഹദീദ്: 57:26, അത്തഹ്രീം: 66:1, നൂഹ്: 71:1, 71:21, 71:26
- ഹൂദ് (അ): (24 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:111, 2:113, 2:120, 2:135, 2:140, ആലുഇംറാന്: 3:67, അല്‍മാഇദ: 5:18, 5:51, 5:64, 5:82, അല്‍അഅ്റാഫ്: 7:65, അത്തൗബ: 9:30, യൂനുസ്: 10:61, ഹൂദ്: 11:50, 11:53, 11:58, 11:60, 11:89, 11:103, അല്‍ഇസ്റാഅ്: 17:78, അശ്ശുഅറാഅ്: 26:124, അല്‍മുദ്ദസ്സിര്‍: 74:13, അല്‍ബുറൂജ്: 85:3, 85:7 - സ്വാലിഹ് (അ): (9 സ്ഥലങ്ങളില്‍)
അല്‍അഅ്റാഫ്: 7:73, 7:75, 7:77, ഹൂദ്: 11:61, 11:62, 11:66, 11:89, അശ്ശുഅറാഅ്: 26:142, അന്നംല്: 27:45 - ഇബ്റാഹീം (അ): (63 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:124, 2:125, 2:126, 2:127, 2:130, 2:132, 2:133, 2:135, 2:136, 2:140, 2:258, 2:260, ആലുഇംറാന്: 3:33, 3:36, 3:67, 3:68, 3:84, 3:95, 3:97, അന്നിസാഅ്: 4:54, 4:135, 4:163, അല്‍അന്‍ആം: 6:74, 6:75, 6:83, 6:161, അത്തൗബ: 9:70, 9:114, ഹൂദ്: 11:69, 11:74, 11:75, 11:76, യൂസുഫ്: 12:6, 12:38, ഇബ്റാഹീം: 14:35, ഹിജ്ര്: 15:51, നഹ്ല്: 16:120, 16:123, മര്‍യം: 19:41, 19:46, 19:58, അല്‍അംബിയാഅ്: 21:51, 21:60, 21:62, 21:69, അല്‍ഹജ്ജ്: 22:26, 22:43, 22:78, അശ്ശുഅറാഅ്: 26:69, അല്‍അന്‍കബൂത്: 29:16, 29:31, അല്‍അഹ്സാബ്: 33:7, സ്വാഫ്ഫാത്: 37:83, 37:104, 37:109, സ്വാദ്: 38:45, അശ്ശൂറാ: 42:13, സുഖുറുഫ്: 43:26, അദ്ദാരിയാത്: 51:24, അന്നജ്മ്: 53:37, അല്‍ഹദീദ്: 57:26, മുംതഹിന: 60:4, അല്‍അഅ്ലാ: 87:19 - ഇസ്മാഈല്‍ (അ) (12 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:125, 2:127, 2:133, 2:136, 2:140, ആലുഇംറാന്: 3:84, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:86, ഇബ്റാഹീം: 14:39, മര്‍യം: 19:54, അല്‍അംബിയാഅ്: 21:85, സ്വാദ്: 38:48 - ഇസ്ഹാഖ് (അ) (16 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:133, 2:136, 2:140, ആലുഇംറാന്: 3:84, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, ഹൂദ്: 11:71, യൂസുഫ്: 12:6, 12:38, ഇബ്റാഹീം: 14:39, മറിയം: 19:49, അല്‍അംബിയാഅ്: 21:72, അല്‍അന്‍കബൂത്: 29:27, സ്വാഫ്ഫാത്: 37:112, 37:113, സ്വാദ്: 38:45 - ലൂത്വ് (അ) (27 സ്ഥലങ്ങളില്‍)
അല്‍അന്‍ആം: 6:86, അല്‍അഅ്റാഫ്: 7:80, ഹൂദ്: 11:70, 11:74, 11:77, 11:81, 11:89, അല്ഹിജ്ര്: 15:59, 15:61, അല്‍അംബിയാഅ്: 21:71, 21:74, അല്‍ഹജ്ജ്: 22:43, അശ്ശുഅറാഅ്: 26:160, 26:161, 26:167, അന്നംല്: 27:54, 27:56, അല്‍അന്‍കബൂത്: 29:26, 29:28, 29:32, 29:33, സ്വാഫ്ഫാത്: 37:133, സ്വാദ്: 38:13, ക്വാഫ്: 50:13, അല്‍ഖമര്‍: 54:33, 54:34, അത്തഹ്രീം: 66:10 - യഅ്ഖൂബ് (അ) (16 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:132, 2:133, 2:136, 2:140, ആലുഇംറാന്: 3:84, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, ഹൂദ്: 11:71, യൂസുഫ്: 12:6, 12:38, 12:68, മര്‍യം: 19:6, 19:49, അല്‍അംബിയാഅ്: 21:72, അല്‍അന്‍കബൂത്: 29:27, സ്വാദ്: 38:45 - യൂസുഫ് (അ): (26 സ്ഥലങ്ങളില്‍)
അല്‍അന്‍ആം: 6:84, യൂസുഫ്: 12:4, 12:7, 12:8, 12:9, 12:10, 12:11, 12:17, 12:21, 12:29, 12:46, 12:51, 12:56, 12:58, 12:69, 12:76, 12:77, 12:80, 12:84, 12:85, 12:87, 12:89, 12:90, 12:94, 12:99, ഗാഫിര്: 40:34 - ശുഐബ് (അ): (10 സ്ഥലങ്ങളില്‍)
അല്‍അഅ്റാഫ്: 7:85, 7:88, 7:90, 7:92, ഹൂദ്: 11:84, 11:87, 11:91, 11:94, അശ്ശുഅറാഅ്: 26:177, അല്‍അന്‍കബൂത്: 29:36 - മൂസാ (അ): (131 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:51, 2:53, 2:54, 2:55, 2:60, 2:61, 2:67, 2:87, 2:92, 2:108, 2:136, 2:236, 2:246, 2:248, ആലുഇംറാന്: 3:84, അന്നിസാഅ്: 4:153, 4:164, അല്‍മാഇദ: 5:20, 5:22, 5:24, അല്‍അന്‍ആം: 6:84, 6:91, 6:154, അല്‍അഅ്റാഫ്: 7:103, 7:104, 7:115, 7:117, 7:122, 7:127, 7:128, 7:131, 7:134, 7:138, 7:142, 7:143, 7:144, 7:148, 7:150, 7:154, 7:155, 7:159, 7:160, യൂനുസ്: 10:75, 10:77, 10:80, 10:81, 10:83, 10:84, 10:87, 10:88, ഹൂദ്: 11:17, 11:96, 11:110, ഇബ്റാഹീം: 14:5, 14:6, 14:8, അല്‍ഇസ്റാഅ്: 17:2, 17:101, അല്‍കഹ്ഫ്: 18:60, 18:66, മര്‍യം: 19:51, ത്വാഹാ: 20:9, 20:11, 20:17, 20:19, 20:36, 20:40, 20:49, 20:57, 20:61, 20:65, 20:67, 20:70, 20:77, 20:83, 20:86, 20:88, 20:91, അല്‍അംബിയാഅ്: 21:48, അല്‍ഹജ്ജ്: 22:44, അല്‍മുഅ്മിനൂന്‍: 23:45, 23:49, ഫുര്‍ഖാന്‍: 25:35, അശ്ശുഅറാഅ്: 26:10, 26:43, 26:45, 26:48, 26:52, 26:61, 26:63, 26:65, അന്നംല്: 27:7, 27:9, 27:10, അല്‍ഖസസ്: 28:3, 28:7, 28:10, 28:15, 28:18, 28:19, 28:20, 28:29, 28:30, 28:31, 28:36, 28:37, 28:38, 28:43, 28:44, 28:48, 28:76, അല്‍അന്‍കബൂത്: 29:39, സജദ: 32:23, അല്‍അഹ്സാബ്: 33:7, 33:69, സ്വാഫ്ഫാത്: 37:114, 37:120, ഗാഫിര്: 40:23, 40:26, 40:27, 40:37, 40:53, ഫുസ്സിലത്: 41:45, അശ്ശൂറാ: 42:13, സുഖ്റുഫ്: 43:46, അഹ്ഖാഫ്: 46:12, 46:30, അദ്ദാരിയാത്: 51:38, അന്നജ്മ്: 53:36, സ്വഫ്ഫ്: 61:5, അന്നാസിആത്: 79:15, അല്‍അഅ്ലാ: 87:19 - ഹാറൂന്‍ (അ) (20 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:248, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, അല്‍അഅ്റാഫ്: 7:122, 7:142, യൂനുസ്: 10:75, മര്‍യം: 19:28, 19:53. ത്വാഹാ: 20:30, 20:70, 20:90, 20:92, അല്‍അംബിയാഅ്: 21:48, അല്‍മുഅ്മിനൂന്‍: 23:45, ഫുര്‍ഖാന്‍: 25:35, അശ്ശുഅറാഅ്: 26:13, 26:48, അല്‍ഖസസ്: 28:34, സ്വാഫ്ഫാത്: 37:114, 37:120 - ഇല്യാസ് (അ): (3 സ്ഥലങ്ങളില്‍)
അല്‍അന്‍ആം: 6:85, സ്വാഫ്ഫാത്: 37:123, 37:130 - അല്‍യസഅ് (അ) (2 സ്ഥലങ്ങളില്‍)
അല്‍അന്‍ആം: 6:86, സ്വാദ്: 38:48 - ദാവൂദ് (അ) (16 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:251, അന്നിസാഅ്: 4:163, അല്‍മാഇദ: 5:78, അല്‍അന്‍ആം: 6:84, അല്‍ഇസ്റാഅ്: 17:55, അല്‍അംബിയാഅ്: 21:78, 21:79, അന്നംല്: 27:15, 27:16, സബഅ്: 34:10, 34:13, സ്വാദ്: 38:17, 38:22, 38:24, 38:26, 38:30 - സുലൈമാന്‍ (അ) (16 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:102, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, അല്‍അംബിയാഅ്: 21:78, 21:79, 21:81, അന്നംല്: 27:15, 27:16, 27:17, 27:18, 27:30, 27:36, 27:44, സബഅ്: 34:12, സ്വാദ്: 38:30, 38:34 - അയ്യൂബ് (അ) (4 സ്ഥലങ്ങളില്‍)
അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, അല്‍അംബിയാഅ്: 21:83, സ്വാദ്: 38:41 - ദുല്കിഫ്ല് (അ) (2 സ്ഥലങ്ങളില്‍)
അല്‍അംബിയാഅ്: 21:85, സ്വാദ്: 38:48 - യൂനുസ് (അ) (4 സ്ഥലങ്ങളില്‍)
അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:86, യൂനുസ്: 10:98, സ്വാഫ്ഫാത്: 37:139 - സകരിയ്യാ (അ) (6 സ്ഥലങ്ങളില്‍)
ആലുഇംറാന്: 3:37, 3:38, അല്‍അന്‍ആം: 6:85, മര്‍യം: 19:2, 19:7, അല്‍അംബിയാഅ്: 21:89 - യഹ്യാ (അ) (5 സ്ഥലങ്ങളില്‍)
അല്‍അന്‍ആം: 6:85, മര്‍യം: 19:7, 19:12, അല്‍അംബിയാഅ്: 21:90, ആലുഇംറാന്: 3:39 - ഈസാ (അ) (23 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:87, 2:136, 2:253, ആലുഇംറാന്: 3:45, 3:52, 3:55, 3:59, 3:84, അന്നിസാഅ്: 4:157, 4:163, 4:171, അല്‍മാഇദ: 5:110, 5:112, 5:114, 5:116, അല്‍അന്‍ആം: 6:85, മര്‍യം: 19:34, അല്‍അഹ്സാബ്: 33:7, അശ്ശൂറാ: 42:13, സുഹ്റുഫ്: 43:63, ഹദീദ്: 57:7, അല്സ്വഫ്ഫ്: 61:6, 61:14 - മുഹമ്മദ് (സ്വ): (4 സ്ഥലങ്ങളില്‍)
ആലുഇംറാന്: 3:144, അഹ്സാബ്: 33:40, മുഹമ്മദ്: 47:2, അല്‍ ഫത്ഹ്: 48:29
‘നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നല്കുന്ന ഒരു വിളക്കും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു’ (33: 45, 46).
