പ്രവാചകന്മാര്‍: വിശ്വാസവും ദൗത്യവും
മനുഷ്യന്റെ അറിവിനും കഴിവിനും പരിമിതികളുണ്ട്. മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യങ്ങളെപ്പറ്റിയും പരലോകത്തെപ്പറ്റിയും മനുഷ്യന്ന് അറിവ് ലഭിക്കുവാൻ ദൈവിക മാർഗദർശനം അനിവാര്യമാണ്. അതിനാൽ സ്രഷ്ടാവ് കാലാകാലങ്ങളിൽ ദൂതന്മാരെ മനുഷ്യരിലേക്ക് അയക്കുകയും അവർ തങ്ങളുടെ ദൗത്യം കൃത്യമായി നിർവഹിക്കുകയും ചെയ്തു.
ഈ ദൗത്യ നിർവഹണം പ്രായോഗികവും മനുഷ്യർക്ക് മാതൃകാ യോഗ്യവുമാവണമെങ്കിൽ പ്രവാചകന്മാർ മനുഷ്യരും മാനുഷികമായ വികാരവിചാരങ്ങൾ ഉള്ളവരുമാവണം.
അതുകൊണ്ടാണ് പ്രവാചകന്മാരായി അല്ലാഹു മനുഷ്യരെത്തന്നെ തെരഞ്ഞെടുത്തത്.
പ്രവാചകന്മാര്‍: വിശ്വാസവും ദൗത്യവും , ദൈവദൂതരിലുള്ള (നബിമാർ) വിശ്വാസത്തിന്റെ ആവശ്യകത, പ്രവാചക ദൗത്യത്തിന്റെ സാർവത്രികത, നബിമാർ മനുഷ്യന്മാർ, അവതാര സങ്കല്പവും ഇസ്‌ലാമിലെ പ്രവാചകത്വ വിശ്വാസവും തമ്മിലുള്ള വ്യത്യാസങ്ങൾ… എന്നീ വിഷയങ്ങൾ ഈ ലേഖനത്തിൽ വായിക്കാം
ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനായി അല്ലാഹു നിശ്ചയിച്ച നടപടിക്രമമാണ്. ദൈവികദൗത്യവുമായി ദൂതന്മാരെ നിയോഗിക്കുക എന്നത്. ഇങ്ങനെ ദൈവീക ദൗത്യവുമായി ആഗതരായവരെ ദൈവദൂതന്‍ (റസൂല്‍), ദൈവത്തിങ്കല്‍ നിന്നുള്ളകാര്യങ്ങള്‍ സംസാരിക്കുന്നവന്‍ (നബി) എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. പ്രവാചകന്മാരിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്ന ദൗത്യവ്യവസ്ഥക്ക് സാങ്കേതിക ഭാഷയില്‍ രിസാലത്ത് എന്നും പറയുന്നു. ഇതിന്റെ മറ്റൊരു നാമധേയമാണ് നുബൂവ്വത്ത്. ദൗത്യം എന്നാണ് രിസാലത്തിന്റെ ഭാഷാര്‍ഥം. നുബൂവ്വത്ത് എന്നാല്‍ പ്രവാചകത്വമാണ്. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളുടെ മൗലിക അടിത്തറകളിലൊന്നായി പരിഗണിക്കപ്പെടുന്നതാണ് രിസാലത്ത് (ദൗത്യം).
ഭൂമിയില്‍ ധര്‍മ്മം ക്ഷയിക്കുകയും അധര്‍മ്മം കൊടികുത്തി വാഴുകയും ചെയ്യുമ്പോള്‍, ദൈവം ഭൂമിയില്‍ അവതരിച്ച് ധര്‍മ്മം സംസ്ഥാപിക്കുമെന്ന വിശ്വാസമാണ് ഹൈന്ദവര്‍ (ഭഗവദ്ഗീതയിലെ നാലാം അധ്യായം ശ്ലോകം 7,8 പ്രകാരം) വെച്ച് പുലര്‍ത്തുന്നത്. ആദിപാപത്തിന് വിധേയനായ ആദമിന്റെ സന്തതികളുടെ മൊത്തം പാപഭാരമൊന്നാകെ ഏറ്റെടുക്കാന്‍ ദൈവം അവതരിച്ച് സ്വയം കുരിശുമരണം വരിച്ച് മനുഷ്യകുലത്തെ മോചിപ്പിച്ചു എന്നതാണ് ക്രൈസ്തവ വിശ്വാസം. മാനുഷികമായ ദൗര്‍ബല്യങ്ങളാല്‍ തിന്മകളിലേക്ക് വഴുതിവീഴാനും അധാര്‍മ്മികതകളില്‍ മുഴുകുവാനും സാധ്യതയുള്ള മനുഷ്യരെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കാന്‍ മനുഷ്യവര്‍ഗത്തില്‍പ്പെട്ട ദൂതന്മാരെ (പ്രവാചകന്മാരെ) നിയോഗിക്കുക എന്ന രീതിയാണ് അല്ലാഹു ഓരോ കാലഘട്ടത്തിലും സ്വീകരിച്ചുപോന്നത്. ഇത്തരത്തില്‍ മനുഷ്യ സഹോദരങ്ങള്‍ക്ക് സുവിശേഷവും മുന്നറിയിപ്പും നല്‍കുന്ന ദുതന്മാരെ ഓരോ കാലത്തും ഓരോ സമുദായത്തിലേക്കും നിയോഗിക്കുക പതിവായിരുന്നു. ഖുര്‍ആന്‍ പറയുന്നു: ‘താക്കീതുകാരന്‍ വന്നുപോകാത്ത ഒരു സമുദായവുമില്ല” (35:24).
ലോകത്തിലെ എല്ലാ സമുദായങ്ങളിലേക്കും പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. ആകെ എത്ര പ്രവാചകന്മാര്‍ നിയുക്തരായിട്ടുണ്ടെന്ന് ഖണ്ഡിതമായി ഖുര്‍ആനിലോ ഹദീസിലോ പ്രസ്താവിച്ചിട്ടില്ല. ആ ദൂതന്മാരുടെ മുഴുവന്‍ പേരുവിവരമോ ചരിത്രമോ ഖുര്‍ആനിലോ പ്രവാചക അധ്യാപനങ്ങളിലോ പ്രതിപാദിച്ചിട്ടില്ല. എന്നാല്‍ ദൈവദൂതന്മാരില്‍ കുറെ പേരെ പറ്റി ഖുര്‍ആനില്‍ വിശദമായ പരാമര്‍ശങ്ങളുണ്ട്. അല്ലാഹു പറയുന്നു: ‘നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്മാരെയും വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്മാരെയും നാം നിയോഗിച്ചിട്ടുണ്ട്’ (4:164).
ദിവ്യബോധനം (വഹ്‌യ്) മുഖേന പ്രവാചകന്മാര്‍ക്ക് ലഭിച്ചിരുന്ന ദൈവിക സന്ദേശങ്ങളെ യാതൊരു വീഴ്ചയോ വഞ്ചനയോ വരുത്താതെ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ദൗത്യമാണ് പ്രവാചകന്മാര്‍ കാലാകാലങ്ങളില്‍ നിര്‍വ്വഹിച്ചുപോന്നത്. അവര്‍ തന്നിഷ്ടപ്രകാരം സംസാരിക്കുയില്ലെന്നും ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ”അദ്ദേഹം തന്നിഷ്ടപ്രകാരം സാസാരിക്കുന്നില്ല. ഈ സന്ദേശം അദ്ദേഹത്തിന് നല്കപ്പെട്ട ദിവ്യബോധനം മാത്രമാകുന്നു‘ (53:3,4).
അല്ലാഹുവില്‍നിന്ന് ദിവ്യബോധനം ലഭിക്കുന്നുവെന്നതാണ് സാധാരണ മനുഷ്യരില്‍ നിന്ന് പ്രവാചകന്‍മാരെ ഉയര്‍ത്തുന്ന ഘടകം.
പ്രവാചകന്മാര്‍ തീര്‍ത്തും മനുഷ്യരായിരുന്നു. മാനുഷിക സവിശേഷതകളായ വിചാരം, വികാരം, വേദന, നടത്തം, ഉറക്കം, ആരോഗ്യാവസ്ഥ, രോഗാവസ്ഥ, മരണം ഇതെല്ലാം ആ ദൂതന്മാര്‍ക്കും ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങള്‍ അവരുടേയും ആവശ്യങ്ങളായിരുന്നു. നബി(സ്വ) സ്വന്തം കുടുംബത്തിന് ആവശ്യമായ സേവനം ചെയ്യുകയായിരുന്നു വീട്ടില്‍ ചെയ്തിരുന്നത് (ബുഖാരി) 1
പ്രവാചകന്മാരുടെ കൂട്ടത്തില്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ടവരും രോഗങ്ങള്‍കൊണ്ട് വലഞ്ഞവരും ജയില്‍വാസമനുഭവിക്കേണ്ടി വന്നവരുമൊക്കെയുണ്ട്. ജനങ്ങളില്‍ പരീക്ഷണങ്ങള്‍ക്ക് ഏറ്റവുമധികം വിധേയരായവര്‍ പ്രവാചകന്മാരായിരുന്നു. ഏതെങ്കിലും പ്രത്യേകമായ ജോലിയെ ഇകഴ്ത്തുകയോ പുകഴ്ത്തുകയോ ചെയ്യാതെ അനുവദനീയമായ ഏത് തൊഴിലിനും മാന്യതയും അംഗീകാരവും നല്കിപ്പോരുന്നതായിരുന്നു പ്രവാചകന്മാരുടെ സമീപനം.
പ്രവാചകന്മാര്‍ പാപങ്ങളില്‍ നിന്ന് സുരക്ഷിതരാണ്. മാനുഷികമായ മറവികള്‍, പിഴവുകള്‍ തുടങ്ങിയവ പ്രവാചകന്മാരിലും സംഭവിച്ചിട്ടുണ്ട്. അതാകട്ടെ അവര്‍ മനുഷ്യരാണെന്നതിന് സ്ഥിരീകരണവുമാണ്. പാപ സുരക്ഷിതത്വം അല്ലാഹു പ്രത്യേകമായി അവര്‍ക്ക് നല്‍കിയതാണ്.
അല്ലാഹുവിന്റെ ദാസന്മാരെന്നാണ് ഖുര്‍ആന്‍ (53:10) ദൂതന്മാരെ വിശേഷിപ്പിച്ചിരിക്കുന്നത്. വഹ്‌യ് (ദിവ്യബോധനം) അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവര്‍ക്ക് നല്‍കും. അല്ലാഹു നിയോഗിച്ച പ്രവാചകന്മാരെല്ലാം പുരുഷന്മാരായിരുന്നു(21:7) പ്രവാചകന്മാരായി മലക്കുകളെ നിയോഗിച്ചിട്ടില്ല. അല്ലാഹുവിന്റെ പ്രത്യേക സഹായവും സംരക്ഷണവും ലഭിച്ച പ്രവാചകന്മാര്‍ ഉല്‍കൃഷ്ട സ്വഭാവത്തിന്റെ ഉടമകളായിരുന്നു. സദ്ഗുണങ്ങളുടെ ഉദാത്തമാതൃകകള്‍ പ്രവാചകരില്‍ ദര്‍ശിക്കാനാവും. ചിന്തിക്കാന്‍ തയ്യാറുള്ളവര്‍ക്ക് പ്രവാചകത്വത്തിന്റെ തെളിവായി അല്ലാഹു അവന്റെ ദൂതന്മാരിലൂടെ ചില ദൃഷ്ടാന്തങ്ങള്‍ (അടയാളങ്ങള്‍) കാണിച്ചുകൊടുക്കാറുണ്ട്. മുഅ്ജിസത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം ദൃഷ്ടാന്തങ്ങള്‍ക്കും ആയത്ത് എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലാഹുവെ മാത്രമേ ആരാധിക്കാവൂ എന്ന ഇസ്‌ലാമിന്റെ മൗലികതത്വമാണ് മുഴുവന്‍ പ്രവാചകന്മാരും പ്രഥമമായി ഉപദേശിച്ചത്. താന്‍ അല്ലാഹുവിന്റെ ദൂതനാണെന്നല്ലാതെ താന്‍ തന്നെയാണ് അല്ലാഹുവെന്നോ തന്നില്‍ ദൈവത്തിന്റെ അംശങ്ങളുണ്ടെന്നോ ഒരുദൂതനും പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ സവിശേഷമായ സഹായവും സംരക്ഷണവും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങള്‍ തങ്ങള്‍ക്കും അഭിമുഖീകരിക്കേണ്ടതായി വന്നപ്പോഴും ക്ഷമയവലംബിച്ച് അല്ലാഹുവോട് വിനീതദാസന്മാര്‍ എന്ന നിലക്ക് തങ്ങളുടെ കര്‍മ്മങ്ങളുടെ സ്വീകാര്യതക്കും പരലോകത്തിലെ രക്ഷക്കും തങ്ങള്‍ നിയോഗിക്കപ്പെട്ട ജനതതിയുടെ നന്‍മക്കും വേണ്ടി, അല്ലാഹുവോട് പ്രാര്‍ത്ഥിക്കുന്നവരായിരുന്നു പ്രവാചകരെന്ന് വിശുദ്ധ ക്വുര്‍ആനില്‍ വായിക്കാന്‍ സാധിക്കും. പില്ക്കാല ജനത ഈസാനബി(അ)യുടെമേല്‍ ദിവ്യത്വവും ആരാധ്യതയും ആരോപിച്ച വിഷയത്തില്‍ അല്ലാഹു അദ്ദേഹത്തെ തീര്‍ത്തും അപരാധമുക്തനാക്കുന്നുണ്ട് (5:116,117) അല്ലാഹു തെരഞ്ഞെടുത്തയച്ച ദൈവദൂതന്മാര്‍ ഋജുമനമസ്‌കരും മാതൃകാധന്യരും ഉല്‍കൃഷ്ട സ്വഭാവത്തിന്റെ ഉടമകളുമാണ്; അല്ലാഹുവിന്റെ അവതാരങ്ങളോ പ്രതിപുരുഷന്മാരോ മക്കളോ ഒന്നുമല്ല. സൃഷ്ടിപ്പിലും സ്വഭാവത്തിലും മനുഷ്യരായ അവര്‍ മനുഷ്യത്വത്തിന്റെ പൂര്‍ണാവസ്ഥ പ്രാപിച്ചവരാണ്.
പ്രവാചക വിശ്വാസത്തിന്റെ ആവശ്യകത
പ്രകൃതിയിലെ സകലജീവികള്‍ക്കും സൃഷ്ടിക്രമവും മാര്‍ഗദര്‍ശനവും നല്‍കിയിട്ടുള്ളവന്‍ അല്ലാഹുവാണ്. ഒരുവസ്തു (ജീവി) വളരുകയും വികസിക്കുകയും പൂര്‍ണത പ്രാപിക്കുകയും ചെയ്യുന്നതിന് വിവിധ മാര്‍ഗങ്ങളുണ്ട്. ഇവയില്‍ ഉന്നത സ്ഥാനത്ത് വരുന്നതത്രെ മാര്‍ഗദര്‍ശനം (ഹിദായത്ത്) എന്നത്. ഈ വികാസഘട്ടങ്ങളെ സൂറത്തുല്‍ അഅ്‌ലായില്‍ അല്ലാഹു ഇപ്രകാരം വ്യക്തമാക്കുന്നു: ‘സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക. അവന്‍ വ്യവസ്ഥ നിര്‍ണയിച്ച് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു’ (87:1-3). ഈ മാര്‍ഗദര്‍ശനം നാലുതരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സഹജവാസന, ഇന്ദ്രിയബോധം, യുക്തിബോധം, ഇന്ദ്രിയേതരദര്‍ശനം എന്നിവയാണവ. ഇന്ദ്രിയേതരദര്‍ശനം ഒഴികെയുള്ള എല്ലാതരം മാര്‍ഗദര്‍ശനങ്ങള്‍ക്കും പരിമിതികളുണ്ട്. ഇന്ദ്രിയാതീതകാര്യങ്ങള്‍ ഗ്രഹിക്കാന്‍ യുക്തി പ്രാപ്തവുമല്ല. ഇവിടെ നമ്മെ സഹായിക്കാവുന്ന ഒരുമാര്‍ഗദര്‍ശനം ആവശ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ ഇതിലേക്ക് വിരല്‍ചൂണ്ടുന്നു, ‘‘കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. അവനെ നാം പരീക്ഷിക്കുവാനായിട്ട്. അങ്ങനെ നാം അവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി. തീര്‍ച്ചയായും നാം അവന് വഴികാണിച്ചുകൊടുത്തിരിക്കുന്നു. ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു’ (76:2,3).
ഇങ്ങനെ ദൈവത്തിനും മനുഷ്യനും ഇടയില്‍ ഇന്ദ്രിയേതരമായ രീതിയില്‍ ഉണ്ടായിത്തീരേണ്ട മാര്‍ഗദര്‍ശനത്തിന്റെ ആവശ്യകതയെന്ത് എന്ന ചോദ്യവും പ്രസക്തമാണ്. മനുഷ്യാസ്തിത്വത്തെ കുറിച്ചും സൃഷ്ടിലോകത്ത് അവന്നുള്ള പ്രത്യേകതയെ നന്മതിന്മകളെ കുറിച്ചുമുള്ള മൗലിക പ്രധാനമായ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ അതിന് ഭൗതികശാസ്ത്രത്തിന് തൃപ്തികരമായ മറുപടികള്‍ ഇല്ല. ദിവ്യവെളിപാടിന്റെ അഭാവത്തില്‍ ഇവയ്ക്കുള്ള ഉത്തരം അസാധ്യമാണ്. തന്റെ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചു പോലും നിര്‍വ്വചിക്കാന്‍ മനുഷ്യ നിര്‍മ്മിത നിയമങ്ങക്ക് സാധ്യമാകുന്നില്ല. ഇവിടെയാണ് ദൈവികമാര്‍ഗദര്‍ശനം എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരവും ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി അവതരിക്കുന്നത്. ആ മാര്‍ഗദര്‍ശനം മാത്രമാണ് യഥാര്‍ഥ മാര്‍ഗദര്‍ശനം. ‘പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ മാര്‍ഗര്‍ശനം’(6:71).
ദൈവികമാര്‍ഗദര്‍ശനങ്ങളെ ഓരോ ജനതയിലേക്ക് എത്തിച്ചു കൊടുക്കാനും തന്റെ നിയമനിര്‍ദേശങ്ങളെ അവര്‍ക്ക് പഠിപ്പിക്കാനുമായി മനുഷ്യരില്‍ നിന്നു തന്നെയുള്ള ദൂതന്മാരെ തിരഞ്ഞെടുക്കുക എന്ന രീതിയാണ് അല്ലാഹു സ്വീകരിച്ചുപോന്നത്. മനുഷ്യര്‍ക്ക് മാതൃകയാകാന്‍ ദൂതന്മാര്‍ അവരുടെ ഇടയില്‍ ജീവിക്കുന്നവരും മാനുഷികമായ വികാരവിചാരങ്ങള്‍ ഉള്ളവരും ആയിരിക്കണമെന്ന് സ്രഷ്ടാവിന് നിര്‍ബന്ധമുണ്ട്. എന്നാല്‍ മാത്രമേ ദൈവിക നിയമങ്ങള്‍ മനുഷ്യര്‍ക്ക് നിര്‍വഹിക്കാന്‍ കഴിയുന്ന പ്രായോഗിക മാര്‍ഗദര്‍ശനമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമാവുകയുള്ളൂ. അല്ലാഹു പറയുന്നു ‘‘വിവിധ രാജ്യക്കാരില്‍ നിന്ന് നാം സന്ദേശം നല്‍കിക്കൊണ്ടിരുന്ന ചില പുരുഷന്മാരെ തന്നെയാണ് നിനക്ക് മുമ്പും നാം ദൂതന്മാരായി നിയോഗിച്ചിട്ടുള്ളത’ (12:109).
‘പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്നുപോകുന്ന മലക്കുകളായിരുന്നെങ്കില്‍ ആകാശത്ത് നിന്ന് ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു’ (17:95).
പ്രവാചകദൗത്യത്തിന്റെ സാര്‍വത്രികത
ലോകത്ത് മനുഷ്യജീവിതം ആരംഭിച്ചത് മുതല്‍തന്നെ പ്രവാചകന്മാര്‍ മുഖേന ലോകര്‍ക്ക് ദിവ്യസന്ദേശം എത്തിക്കുക എന്ന നടപടിക്രമം അല്ലാഹു ആരംഭിച്ചിട്ടുണ്ട്. നബി(സ്വ)യെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും നിനക്ക് മുമ്പ് പൂര്‍വ്വികന്മാരിലെ പല കക്ഷികളിലേക്കും നാം ദൂതന്മാരെ അയച്ചിട്ടുണ്ട്’ (15:10). അല്ലാഹു ദൂതന്മാരായി പ്രവാചകന്മാരെ തുടരെത്തുടരെ വ്യത്യസ്ത സമുദായങ്ങളിലേക്ക് അയക്കുന്നതിലൂടെ ലക്ഷ്യംവെക്കുന്നത് ജനങ്ങളെ നന്മ ഉദ്‌ബോധിപ്പിക്കുകയും അവര്‍ക്ക് തിന്മയെ കുറിച്ച് താക്കീത് നല്‍കുകയും ചെയ്യുക എന്നതാണ്. അല്ലാഹു പറയുന്നു: ‘ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ അവരിലേക്കുള്ള ദൂതന്‍ വന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം തീരുമാനമെടുക്കപ്പെടുന്നതാണ്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല’ (10:47).
ഉപരിസൂചിത ഖുര്‍ആന്‍ സൂക്തത്തിന് രണ്ട് വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. (ഒന്ന്) ഓരോസമൂഹവും പരലോകത്ത് ഹാജരാക്കപ്പെടുമ്പോള്‍ അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്‍ വന്ന് താന്‍ നിര്‍വ്വഹിച്ച പ്രബോധന ദൗത്യത്തിന് സാക്ഷ്യംവഹിക്കും. അതിനെ തുടര്‍ന്ന് അവരിലെ വിശ്വാസികളുടേയും അവിശ്വാസികളുടേയും കാര്യത്തില്‍ അല്ലാഹു നീതിപൂര്‍വ്വം തീരുമാനമെടുക്കും. (രണ്ട്) ഒരുദൂതനെ അയച്ച് സത്യം വ്യക്തമാക്കിക്കൊടുത്തതിന് ശേഷമല്ലാതെ ഒരുസമൂഹത്തേയും അല്ലാഹു ശിക്ഷിക്കുകയില്ല. പ്രവാചകന്മാരുടെ നിയോഗത്തിന് ശേഷം സത്യം അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടുകഴിഞ്ഞാല്‍ വിശ്വാസികളെ വിജയികളാക്കിക്കൊണ്ടും നിഷേധികളെ പരാജിതരാക്കിക്കൊണ്ടുമുള്ള അല്ലാഹുവിന്റെ നീതിപൂര്‍വ്വകമായ തീരുമാനമുണ്ടാവും.
‘യാതൊരു ദൂതനെയും തന്റെ ജനതയ്ക്ക് കാര്യങ്ങള്‍ വിരിച്ചു കൊടുക്കുന്നതിനു വേണ്ടി അവരുടെ ഭാഷയില്‍ സന്ദേശം നല്കിക്കൊണ്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല‘(14:4). ‘ദൈവദൂതനിലൂടെ ദിവ്യസന്ദേശം ലഭിക്കാത്ത ഒരുസമുഹവും ഭൂമുഖത്ത് കഴിഞ്ഞുപോയിട്ടില്ല’ (35:24). എന്നാല്‍ ഈ പ്രവാചകന്മാരില്‍ ചിലരുടെ ചരിത്രം മാത്രമേ നമുക്ക് വിവരിച്ച് തന്നിട്ടുള്ളൂ. അല്ലാഹു പറയുന്നു ‘നിനക്കു മുമ്പ് പല ദൂതന്മാരെയും നാം അയച്ചിട്ടുണ്ട്. ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചു തന്നിട്ടില്ല’ (40:78). ലോകര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയയിക്കുന്നവനും താക്കീതുകാരനുമായിട്ടാണ് അല്ലാഹു അന്തിമ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യെ നിയോഗിച്ചിരിക്കുന്നത്. നബി(സ്വ) സമൂഹത്തില്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യവുമായി ബന്ധപ്പെട്ട് അവതീര്‍ണമായ സൂക്തത്തില്‍ കാലദേശഭേദ മെന്യേ മുഴുവന്‍ ജനതയിലേക്കുമാണ് നബി(സ്വ)യുടെ നിയോഗമെന്ന് വ്യക്തമാവുന്നു.
‘നിരക്ഷര്‍ക്കിടയില്‍ അവരില്‍ നിന്നു തന്നെ ദൂതനെ നിയോഗിച്ചത് അവനാണ്. അദ്ദേഹം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു’ (62:3). അല്ലാഹു പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യോട് തന്നെ പ്രഖ്യാപിക്കാനായി ആവശ്യപ്പെടുന്നത് ഇപ്രകാരമാണ്: ‘പറയുക മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടേയും ആധിപത്യം ഏതൊരുവനാണോ അവന്റെ (ദൂതന്‍). അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ക്ക് നേര്‍മാര്‍ഗം പ്രാപിക്കാം.’
മുന്‍വേദഗ്രന്ഥങ്ങളിലൊക്കെ നബി(സ്വ)യുടെ ആഗമനത്തെക്കുറിച്ച് സുവാര്‍ത്ത അറിയിച്ചിട്ടുണ്ട്. വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കുന്നവരൊക്കെയും നബി(സ്വ)യെ പിന്‍പറ്റാന്‍ ബാധ്യസ്ഥരാണ്. അല്ലാഹു പറയുന്നു ‘‘തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ കാണുന്ന അക്ഷരജ്ഞാനമില്ലാത്ത ആ ദൈവദൂതനെ (മുഹമ്മദ് നബി) അവര്‍ പിന്‍പറ്റുന്നതാണ്. അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും ദുരാചാരം വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുള്ള വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണയ്ക്കുകയും സഹായിക്കുകയും അദ്ദേഹത്തിന്ന് അവതരിപ്പിക്കപ്പെട്ട ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് വിജയികള്‍’ (7:157).
പ്രവാചകന്മാര്‍ മനുഷ്യര്‍
അല്ലാഹു തന്റെ നിയമനിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുവാനായി അവരില്‍ നിന്ന് തന്നെയുള്ള ദൂതന്മാരെയാണ് നിയോഗിച്ചിട്ടുള്ളത്. മനുഷ്യ സമുദായത്തിന്റെ മാര്‍ഗദര്‍ശനത്തിന് ആ വര്‍ഗത്തില്‍പ്പെട്ടവരെ ദൂതന്മാരായി അയച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് മാതൃക ലഭിക്കുകയില്ല. ജിന്നുകളും മലക്കുകളുമൊക്കെ അല്ലാഹുവിന്റെ ഇതര സൃഷ്ടികളാണെങ്കിലും അവരില്‍പ്പെട്ടവരെ പ്രവാചകന്മാരാക്കിയിരുന്നെങ്കില്‍ മാനുഷികമായ മാതൃകാജീവിതം അവരില്‍നിന്ന് ലഭിക്കുക സാധ്യമാവില്ല. അല്ലാഹു പറയുന്നു: ‘പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്നുപോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്തു നിന്ന് ഒരു മലക്കിനെത്തന്നെ നാം ദൂതനായി ഇറക്കുമായിരുന്നു’ (17:95).
‘നീ പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹുതന്നെ മതി. തീര്‍ച്ചയായും അല്ലാഹു തന്റെ ദാസന്മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു’ (17:96).
പ്രവാചകന്മാരെ നിഷേധിച്ചുതള്ളിയ ജനങ്ങളുടെ പരിഹാസത്തിലുള്ള ചോദ്യം നിങ്ങളും ഞങ്ങളെ പ്പോലെയുള്ള മനുഷ്യരല്ലേ, പിന്നെങ്ങനെയാണ് ദൈവദൂതരാവുക, എന്നിങ്ങനെയായിരുന്നു. ഇതിന് മറുപടിയായി ‘ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യരല്ല’ എന്ന് പ്രവാചകന്മാര്‍ പറഞ്ഞില്ല. പ്രത്യുത അവര്‍ മറുപടി പറഞ്ഞത് ഖുര്‍ആന്‍ ഇപ്രകാരം ഉദ്ധരിക്കുന്നു. ”അവരിലേക്കുള്ള ദൈവദൂതന്മാര്‍ അവരോട് പറഞ്ഞു. ഞങ്ങള്‍ നിങ്ങളെപ്പോലെ മനുഷ്യന്മാര്‍ തന്നെയാണ’ (14:11).
പ്രവാചകന്മാര്‍ക്ക് മനുഷ്യര്‍ എന്ന നിലക്കുള്ള എല്ലാ ആവശ്യങ്ങളും നിര്‍വ്വഹിക്കപ്പെടേണ്ടതായിട്ടുണ്ട്. അവര്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നു. അവര്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. സുഖവും ദു:ഖവും അവരുടെയും ജീവിതത്തിലുണ്ട്. രോഗാവസ്ഥയും ആരോഗ്യാവസ്ഥയും അവര്‍ക്കുണ്ട്. അവര്‍ ഭൂമിയില്‍ ശാശ്വതരല്ല. അവര്‍ക്ക് ഭാര്യമാരും സന്താനങ്ങളും ഉണ്ട്. പ്രസ്തുത കാര്യങ്ങളെല്ലാം വിശുദ്ധ ഖുര്‍ആന്‍ പല സ്ഥലങ്ങളിലായി വിവരിക്കുന്നു. അല്ലാഹു പറയുന്നു: ‘ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്കു മുമ്പ് ദൂതന്മാരില്‍ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല’ (25:20).
‘നിനക്ക് മുമ്പ് നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്‘ (13:38).
‘നിനക്കു മുമ്പ് മനുഷ്യരെയല്ലാതെ നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം ബോധനം നല്‍കുന്നു. നിങ്ങള്‍ അറിയാത്തവരാണെങ്കില്‍ വേദക്കാരോട് ചോദിച്ചുനോക്കുക. പ്രവാചകന്മാര്‍ക്ക് നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങള്‍ നല്കിയിട്ടില്ല. അവര്‍ നിത്യവാസികളുമായിരുന്നില്ല’ (21:7, 8).
അന്തിമപ്രവാചകന്‍മാര്‍ മുഹമ്മദ് നബി(സ്വ)യോടും ഈകാര്യം സമൂഹത്തിനു മുമ്പില്‍ പ്രഖ്യാപിക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നു.
‘പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സത്കര്‍മ്മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ’ (18:110).
തിന്നുകയും കുടിക്കുകയും ചെയ്യുന്ന, മാംസവും രക്തവുമുള്ള, വേദനയും വികാരങ്ങളുമുള്ള ഒരു മനുഷ്യന്‍ തന്നെയാണ് മുഹമ്മദ്‌നബി(സ്വ)യും. അതോടൊപ്പം അല്ലാഹുവില്‍നിന്ന് വഹ്‌യ് (ബോധനം) ലഭിക്കുന്നുവെന്നതാണ് സാധാരണ മനുഷ്യരില്‍നിന്ന് നബി(സ്വ)യെ ഉയര്‍ത്തുന്ന ഘടകം. അതുകൊണ്ട് ആ വഹ്‌യ് അനുസരിച്ച് ലഭ്യമായ നിയമനിര്‍ദേശങ്ങള്‍ പാലിക്കാനും പ്രവാചകനെ അനുധാവനം ചെയ്യാനും വിശ്വാസികള്‍ ബാധ്യസ്ഥരാണ്. തെറ്റുകള്‍ സംഭവിക്കുക മനുഷ്യ സഹജമാണെങ്കിലും അല്ലാഹു പ്രവാചകനെ തെറ്റുകളില്‍നിന്ന് സുരക്ഷിതനാക്കിയിരിക്കുന്നു (മഅ്‌സും). മുഴുവന്‍ സ്ഖലിതങ്ങളും പൊറുക്കപ്പെട്ടിട്ടുള്ള ഉത്തമസൃഷ്ടി എന്ന പദവി അല്ലാഹു നബി (സ്വ)ക്ക് നല്‍കിയതാണ്.
മനുഷ്യരായിരുന്ന പ്രവാചകന്മാര്‍ മനുഷ്യര്‍ ചെയ്തിരുന്ന പ്രവൃത്തികള്‍ ചെയ്തിരുന്നു. പ്രവാചകത്വത്തിന് മുമ്പ് നബി(സ്വ) നല്ല ഒരു വര്‍ത്തകനായിരുന്നു. പ്രവാചന്മാരെല്ലാം ആട്ടിടയജോലി ചെയ്തതായി ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്. (ബുഖാരി) 2. അതിന് വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ടെന്ന് പൂര്‍വ്വിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സഹനം, വിനയം, ഉത്തരവാദിത്തബോധം, ഊര്‍ജ്ജസ്വലത, സൂക്ഷ്മത തുടങ്ങി അനേകം സദ്ഗുണങ്ങള്‍ക്കുള്ള ഒരു പരിശീലനമാണ് ഇടയ വൃത്തിയിലൂടെ ലഭിക്കുന്നതെന്ന് ഇബ്‌നുഹിബ്ബാന്‍ പ്രസ്താവിക്കുന്നുണ്ട്. (ഫത്ഹുല്‍ബാരി) 3. പ്രവാചകനും രാജാവുമായിരുന്ന ദാവുദ്(അ) പടയങ്കി നിര്‍മ്മാണ വിദഗ്ധനും കൊല്ലനുമായിരുന്നു (21:80). നുഹ്‌നബി(അ) സ്വയംകപ്പലുണ്ടാക്കി (11:38). സകരിയ്യാനബി(അ) ആശാരിപ്പണി ചെയ്തിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട് (മുസ്‌ലിം) 4).
പ്രവാചകത്വവും അവതാരസങ്കല്പവും
പ്രവാചകവിശ്വാസത്തിന് സമാന്തരമായി ഹിന്ദു ധര്‍മ്മാനുയായികളില്‍ കാണപ്പെടുന്നതാണ് അവതാരങ്ങളിലൂള്ള വിശ്വാസം. അവതാരപദത്തിന്റെ ധാത്വാര്‍ത്ഥം, താഴോട്ട് വരികയെന്നതാണ് നാം താഴെ നിന്ന് എന്തായി വികസിക്കണമോ അത് കാണിച്ചുതരാന്‍ ഐശ്വര്യശക്തി പറഞ്ഞയച്ച പുണ്യാത്മക്കളാണ് അവതാരങ്ങള്‍ എന്നാണ് വിശ്വാസം. ധര്‍മ്മം സംസ്ഥാപിക്കുവാനും അധര്‍മ്മം നിര്‍മ്മാര്‍ജനം ചെയ്യാനുമായി ഒരു മഹാപുരുഷന്‍ കടന്നുവരികയെന്ന ആശയം തന്നെയാണ് ഹൈന്ദവ അവതാര സങ്കല്പത്തിന്റെ മര്‍മ്മം. അധര്‍മ്മ നിഷ്‌കാസനവും ധര്‍മ്മത്തിന്റെ സംസ്ഥാപനവുമാണ് പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം. ഭഗവാന്‍ തന്നെ മനുഷ്യരൂപം പൂണ്ട് ധര്‍മ്മ സംസ്ഥാപകനാവുകയെന്ന ആശയവുമായി ഇസ്‌ലാമിലെ പ്രവാചക വിശ്വാസം അടിസ്ഥാനപരമായി വിയോജിക്കുന്നു. ഭഗവദ്ഗീതയിലെ പ്രസിദ്ധമായ കൃഷ്‌ണോപദേശത്തിന്റെ സാരാംശം ഇപ്രകാരമാണ് ”അര്‍ജ്ജുനാ എപ്പോഴൊക്കെ ധര്‍മ്മത്തിന് വാട്ടവും അധര്‍മ്മത്തിന് ഉയര്‍ച്ചയും ഉണ്ടാകുന്നുവോ അപ്പോഴൊക്കെ ഞാന്‍ ജന്മമെടുക്കുന്നു. സജ്ജനങ്ങളെ സംരക്ഷിക്കാനും ദുര്‍ജനങ്ങളെ നശിപ്പിക്കാനും ധര്‍മ്മം നിലനിര്‍ത്താനുമായി യുഗംതോറും ഞാന്‍ അവതരിക്കുന്നു.” (ഭഗവദ്ഗീത നാലം അധ്യായം, ശ്ലോകം 7,8).
പദാര്‍ത്ഥാതീതനും പരിശുദ്ധനും ആയ ദൈവം ജഡരൂപം സ്വീകരിച്ച് മനുഷ്യരൂടെയും മൃഗങ്ങളുടേയും സകലവിധ ചാപല്യങ്ങളോടുംകൂടി പ്രത്യക്ഷപ്പെടുകയെന്ന ആശയം ജഗന്നിയന്താവിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതാണെന്നാണ് ഇസ്‌ലാമികവിശ്വാസം.
സര്‍വ്വശക്തനാണ് ദൈവം. അവന്‍ ഇച്ഛകളെ നിയന്ത്രിക്കാനും ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കാനും കഴിവുള്ളവനാണ്. മനുഷ്യര്‍ക്കിടയില്‍ വന്ന് മാതൃകയോഗ്യനായ മനുഷ്യനായി ജീവിച്ച് ഇതുപോലെ നിങ്ങളും ജീവിക്കണമെന്ന് മനുഷ്യരോട് ആജ്ഞാപിക്കാന്‍ സര്‍വ്വശക്തനായ ദൈവത്തിന് സാധ്യമാണ്. എന്നാല്‍ അതുപോലെ ജീവിക്കാന്‍ വികാരങ്ങളുടെ ശമനവും ഇച്ഛകളുടെ പൂര്‍ത്തീകരണവും തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുക്കേണ്ട മനുഷ്യന് ഒരിക്കലും സാധ്യമേയല്ല. എന്നാല്‍ വികാരവിചാരങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും വ്യഥകളും വേദനകളുമുള്ള മനുഷ്യരായ പ്രവാചകന്മാര്‍ ദൈവികമായ മാര്‍ഗദര്‍ശനത്തിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുമ്പോള്‍ അത് മുഴുവന്‍ മനുഷ്യര്‍ക്കും അനുവര്‍ത്തിക്കാന്‍ കഴിയുംവിധം മാതൃകായോഗ്യമാവുന്നു. ഈ പ്രവാചകന്മാര്‍ ദിവ്യത്വം അവകാശപ്പെടുന്നവരോ ദൈവാംശമുള്ളവരോ അല്ല, മറിച്ച് മാനവിക ഭാവങ്ങളും ദൗര്‍ബല്യങ്ങളും പ്രകൃതിയുമൊക്കെ ഉണ്ടാവുന്നതോടൊപ്പം ദൈവിക വെളിപാടിന്റെ വെളിച്ചത്തില്‍ ഉത്കൃഷ്ടസ്വഭാവത്തിനുടമകളും മാതൃകാധന്യമായ ജീവിതം കാഴ്ചവെക്കുന്നവരുമാണെന്നാണ് ഇസ്‌ലാമിലെ പ്രവാചകത്വ വിശ്വാസം. ഇത് അബദ്ധജഡിലമായ അവതാരസങ്കല്പത്തിന്റെ മുഢവിശ്വാസത്തെ തകര്‍ത്തെറിയുന്നു.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 136, ഹദീസ് 676[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 88, ഹദീസ് 2262[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 04, പേജ്: 441, ഹദീസ് 2262[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 1847, ഹദീസ് 169 (2379[↩]
