ഹോം > പ്രവാചകന്മാര്‍... > മുഅ്ജിസത്ത്

1 മിനിറ്റ് വായിച്ചില്ല

മുഅ്ജിസത്ത്

പ്രവാചകന്മാർ ദൈവത്താൽ നിയോഗിക്കപ്പെട്ടവരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അല്ലാഹു അവർക്ക് നൽകുന്ന അസാധാരണ ദൃഷ്ടാന്തങ്ങളെയാണ് സാങ്കേതികമായി മുഅ്ജിസത്ത് എന്ന് വിളിക്കുന്നത്. വിശുദ്ധ ഖുർആനിൽ ഇതിനുപയോഗിച്ചിരിക്കുന്ന പദം ആയത്ത് (അടയാളം) എന്നാണ്. ഈ ദൃഷ്ടാന്തങ്ങൾ പ്രവാചകന്മാരുടെ ഇച്ഛയനുസരിച്ച് സംഭവിക്കുന്നതല്ല; മറിച്ച് അല്ലാഹു ഉദ്ദേശിക്കുമ്പോൾ പ്രവാചകന്മാരിലൂടെ വെളിപ്പെടുത്തുന്നതാണ്.  മൂസാ നബി(അ)യുടെ വടി യഥാർത്ഥ പാമ്പായി ജാലവിദ്യക്കാരുടെ മായാജാലപ്പാമ്പുകളെ വിഴുങ്ങിയതും, ഇബ്‌റാഹീം നബി(അ) അഗ്നികുണ്ഡത്തിൽ നിന്ന് ഒരു പോറലുമേൽക്കാതെ രക്ഷപ്പെട്ടതും, ഈസാ നബി (അ)യുടെ കളിമൺ പക്ഷി ജീവൻ വെച്ചതും, സുലൈമാൻ നബിക്ക് പക്ഷികളുടെ സംസാരം മനസ്സിലാക്കാൻ കഴിഞ്ഞതും ഖുർആൻ എടുത്തുപറഞ്ഞ മുഅ്ജിസത്തുകളാണ്.

മുഹമ്മദ് നബി (സ്വ)യുടെ ഏറ്റവും വലിയ മുഅ്ജിസത്ത് വിശുദ്ധ ഖുർആൻ ആണ്. നിരക്ഷരനായ പ്രവാചകൻ ഇതുപോലൊരു ഗ്രന്ഥം രചിക്കുക എന്നത് അസാധ്യമാണ്. കൂടാതെ ഖുർആൻ അതുല്യവും നിത്യപ്രസക്തവുമായി ഇന്നും നിലനിൽക്കുന്നു എന്നത് അതിൻ്റെ ദൈവികതക്ക് തെളിവാണ്. മുഅ്ജിസത്തും സിഹ്‌റും, പ്രവാചകന്മാരും മുഅ്ജിസത്തും, മുഹമ്മദ് നബി(സ്വ)യും മുഅ്ജിസത്തും, വലിയ്യും കറാമത്തും, കള്ള പ്രവാചകന്മാര്‍ എന്നിവയാണ് ഈ ലേഖനത്തിൻറെ ഉള്ളടക്കം.

മനുഷ്യര്‍ക്ക് സന്മാര്‍ഗദര്‍ശനത്തിന്നായി അല്ലാഹു തെരഞ്ഞെടുത്തയച്ച പ്രവാചകന്മാര്‍ അല്ലാഹുവിനാല്‍ നിയുക്തരായവരാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ അല്ലാഹു ചില ദൃഷ്ടാന്തങ്ങള്‍ പ്രവാചകന്മാര്‍ മുഖേന വെളിപ്പെടുത്താറുണ്ട്. അത്തരം ദിവ്യദൃഷ്ടാന്തങ്ങള്‍ക്ക് അടയാളങ്ങള്‍ എന്നും സാങ്കേതികമായി മുഅ്ജിസത്ത് എന്നും പറയുന്നു. ഇത്തരം ദിവ്യദൃഷ്ടാന്തങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ച പദം മുഅ്ജിസത്ത് എന്നല്ല; ആയത്ത് എന്നാണ്. മുഅ്ജിസത്ത് എന്ന പദത്തിന് കഴിവ്‌കെടുത്തുന്നത് അഥവാ തോല്‍പ്പിക്കുന്നത് എന്നാണ് ഭാഷയില്‍ അര്‍ത്ഥം. പണ്ഡിതന്മാര്‍ സാങ്കേതികമായി മുഅ്ജിസത്തിന് നല്‍കുന്ന നിര്‍വ്വചനം ഇപ്രകാരമാണ്. ”പ്രവാചകനാണെന്ന് വാദിക്കുന്ന ഒരാള്‍ നിഷേധികളെ വെല്ലുവിളിക്കുമ്പോള്‍ അദ്ദേഹം മുഖേന പ്രകടമാകുന്ന ഒരസാധാരണ സംഭവമാണിത്. അതുപോലൊന്നു കൊണ്ടുവരന്‍ ശ്രമിക്കുമ്പോള്‍ അവര്‍ അശക്തരാവുന്നു” മുഅ്ജിസത്ത് ആരുടെ മുമ്പാകെ സംഭവിക്കുന്നുവോ അവര്‍ക്ക് അതിനെ നേരിടാന്‍ കഴിയാത്തതിനാലാണ് അതിന്ന് ആ പേര് ലഭിച്ചത് എന്ന് ഫത്ഹുല്‍ബാരിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം ദൃഷ്ടാന്തങ്ങള്‍ എല്ലാ പ്രവാചകന്മാര്‍ക്കും ഉണ്ടായിട്ടുണ്ട് എന്ന് നബി(സ്വ) പ്രസ്താവിച്ചിരിക്കുന്നു. ജനങ്ങള്‍ക്ക് വിശ്വസിക്കത്തക്ക വിധത്തിലുള്ള ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെട്ടല്ലാതെ എന്റെ മുമ്പ് ഒറ്റ പ്രവാചകനും ഉണ്ടായിട്ടില്ല (മുസ്‌ലിം) 1.

എന്നാല്‍ എല്ലാ പ്രവാചകന്മാരുടെയും മുഅ്ജിസത്തുകള്‍ ഖുര്‍ആനില്‍ എടുത്ത് പറഞ്ഞിട്ടില്ല. പ്രവാചകന്മാര്‍ക്ക് ലഭിച്ച ദൃഷ്ടാന്തങ്ങളില്‍ ഖുര്‍ആന്‍ എടുത്തു പറഞ്ഞതില്‍ നിന്ന് നാല് കാര്യങ്ങള്‍ നമുക്ക് ബോധ്യപ്പെടും.

  1. മുഅ്ജിസത്ത് അഥവാ ദിവ്യദൃഷ്ടാന്തങ്ങള്‍ അസാധാരണമായ സംഭവമായിരിക്കും.
  2. അത് പ്രവാചകന്മാരുടെ ഇച്ഛാനുസരണം സംഭവിക്കുന്ന ഒന്നല്ല, അവര്‍ക്ക് സ്വതന്ത്രമായി കൈകാര്യം ചെയ്യാനും കഴിയില്ല. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ പ്രവാചകന്മാരിലൂടെ അത് വെളിപ്പെടുത്തുന്നു. ഒരുവേള പ്രവാചകന്മാര്‍പോലും അതിന്റെ പേരില്‍ അത്ഭുതപ്പെടുന്നു.
  3. സ്വന്തം നിയോഗത്തെപ്പറ്റി പ്രവാചകന് തന്നെ ബോധ്യം നല്‍കുന്നതോടൊപ്പം പ്രവാചകത്വ നിഷേധികളായ എതിരാളികള്‍ക്ക് അത് വെല്ലുവിളിയായിരിക്കും.
  4. ആ വെല്ലുവിളി നേരിടാനോ അത് പോലെയൊന്ന് അവതരിപ്പിക്കനോ മറ്റുള്ളവര്‍ക്ക് സാധ്യമല്ല. കാരണം അത് അമാനുഷികമാണ്.

ചിന്തിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ദൈവദൂതന്റെ നിയോഗത്തെപ്പറ്റി ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ചില സന്ദര്‍ഭങ്ങളില്‍ അല്ലാഹു അവ കാണിച്ചെന്ന് വരാം. എന്നാല്‍ പ്രവാചകത്വം അംഗീകരിക്കാത്തവരെ നിര്‍ബന്ധമായി അംഗീകരിപ്പിക്കാനുള്ള മാര്‍ഗമല്ല മുഅ്ജിസത്ത്. പല സമൂഹങ്ങളും അനാവശ്യമായ തര്‍ക്കത്തിന് വേണ്ടി നിരന്തരം അത്ഭുത ദൃഷ്ടാന്തങ്ങള്‍ കാണിക്കാനാവശ്യപ്പെടുകയുണ്ടായി. അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹു അത് നിരസിക്കുകയാണ് ചെയ്തത്. നബി(സ്വ)യുടെ ജനതയും തര്‍ക്കത്തിനായി പലതും ആദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന് അദ്ദേഹം നല്‍കിയ മറുപടിയും ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.

അവര്‍ പറഞ്ഞു ‘‘ഭൂമിയില്‍ നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നതുവരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിടെയും ഒരു തോട്ടമുണ്ടാവുകയും അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത്‌വരെ. അതല്ലെങ്കില്‍ നീ അവകാശപ്പെട്ടതുപോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷണം കഷണമായി വീഴ്ത്തുന്നതുവരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടംകൂട്ടമായി നീ കൊണ്ടുവരുന്നത്‌വരെ. അല്ലെങ്കില്‍ നിനക്കായി സ്വര്‍ണനിര്‍മിതമായ കൊട്ടാരം ഉണ്ടാക്കുക. അല്ലെങ്കില്‍ ആകാശത്തേക്ക് നീ കയറിപ്പോവുക. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കിത്തരുന്നതുവരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയില്ല. പറയുക: എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാന്‍ സന്ദേശവാഹകനായ ഒരു മനുഷ്യന്‍ മാത്രമല്ലേ?’ (17:90-93).

മുഅ്ജിസത്ത് പ്രവാചകന്മാര്‍ യഥേഷ്ടം കാണിച്ചിരുന്ന അത്ഭുത വിദ്യകളായിരുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന സമയത്ത് അത് പ്രവാചകന്മാരിലൂടെ സംഭവിച്ചിരുന്നു എന്ന് മാത്രം. പ്രവാചകത്വത്തിന്റെ തെളിവുകളായി അല്ലാഹു നല്‍കുന്ന മുഅ്ജിസത്താകുന്ന ദൃഷ്ടാന്തങ്ങള്‍ വിനയമുള്ള മനസ്സുകളില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടും അഹങ്കാരപൂര്‍വ്വം പിന്മാറിപ്പോകുന്നവര്‍ക്ക്, വരാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള ഒരു താക്കീത് കൂടിയാണ് ദിവ്യദൃഷ്ടാന്തങ്ങള്‍. അല്ലാഹു പറയുന്നു. ഭയപ്പെടുത്തുവാന്‍ വേണ്ടിയല്ലാതെ നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നില്ല താനും (17:59).

മുഅ്ജിസത്തും സിഹ്‌റും

പ്രവാചകന്മാരുടെ പ്രവാചകത്വം ബോധ്യപ്പെടുത്താനായുള്ള ദൈവിക ദൃഷ്ടാന്തങ്ങള്‍ (മുഅ്ജിസാത്ത്) പ്രകടമാവുമ്പോള്‍ എതിരാളികള്‍ അതിനെ ജാലവിദ്യ (സിഹ്‌റ്) ആയി കാണുകയും പ്രവാചകന്മാരെ നിഷേധിക്കുകയും ചെയ്തിരുന്നു. പരോക്ഷവും അവ്യക്തവുമായ കാരണങ്ങളാല്‍ ജാലവിദ്യക്കാര്‍ കാണിക്കുന്ന മായാജാലങ്ങള്‍ സിഹ്‌റ് എന്ന് അറിയപ്പെടുന്നു. ‘അങ്ങനെ കണ്ണുതുറപ്പിക്കത്തക്ക നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: ഇത് സ്പഷ്ടമായ ജാലവിദ്യതന്നെയാണ് (27:13)

എന്നാല്‍ സിഹ്‌റും മുഅ്ജിസത്തും തമ്മില്‍ വലിയ അന്തരമുണ്ട്. സിഹ്‌റ് പഠിക്കാനും പഠിപ്പിക്കാനും സാധിക്കുന്നു. മുഅ്ജിസത്ത് മറ്റൊരാള്‍ക്ക് പഠിക്കാനോ പഠിപ്പിക്കാനോ സാധ്യമല്ല. സിഹ്‌റുകാരന് തന്റെ അഭീഷ്ടത്തിന്നനുസരിച്ച് മാജിക് കാണിക്കാന്‍ സാധിക്കും. എന്നാല്‍ പ്രവാചകന്മാരുടെ ഇഷ്ടപ്രകാരം മുഅ്ജിസത്ത് സംഭവിക്കുന്നില്ല. സിഹ്‌റ്‌കൊണ്ട് ഏതെങ്കിലും വസ്തുവിന്റെ യഥാര്‍ത്ഥ സ്വഭാവം മാറ്റുവാന്‍ സാധ്യമല്ല. എന്നാല്‍ പ്രവാചകന്മാര്‍ മുഖേന അല്ലാഹു വെളിപ്പെടുത്തുന്ന മുഅ്ജിസത്താകുന്ന അത്ഭുതവിദ്യകള്‍ ചില വസ്തുക്കളെതന്നെ പൂര്‍ണമായി മാറ്റുന്നു.

മൂസാ നബി(അ) ജാലവിദ്യക്കാരുമായി മത്സരിച്ചപ്പോള്‍ അവര്‍ തങ്ങളുടെ കയറുകളും വടികളും പാമ്പായി കാണിച്ചു. അവ യഥാര്‍ത്ഥത്തില്‍ പാമ്പായിട്ടുണ്ടായിരുന്നില്ല. മുഅ്ജിസത്തു മുഖേന മൂസാ നബിയുടെ വടി പാമ്പായപ്പോള്‍ മറ്റു ജാലവിദ്യപ്പാമ്പുകളെ അത് പിടിച്ചുവിഴുങ്ങി. സിഹ്‌റ് (മായാജാലം) കൊണ്ട് ഉണ്ടാകുന്ന പ്രതികരണം എന്തായിരിക്കുമെന്ന് സിഹ്‌റുകാരന് മുന്‍കൂട്ടി അറിയാന്‍ കഴിയും. എന്നാല്‍ പ്രവാചകന്മാര്‍ക്ക് തങ്ങളുടെ ദൃഷ്ടാന്തങ്ങള്‍ (മുഅ്ജിസത്ത്) ഏതുതരത്തില്‍ പ്രകടമാവുമെന്ന് മുന്‍കൂട്ടി അറിയില്ല. ജാലവിദ്യക്കാരുമായുള്ള മത്സരത്തില്‍ അവരുടെ വടികള്‍ പാമ്പായിത്തീര്‍ന്നപ്പോള്‍ മൂസാ നബി(അ) പരിഭ്രമിച്ചു. അല്ലാഹു പറയുന്നു: അപ്പോള്‍ മൂസാ നബിയുടെ മനസ്സില്‍ ഭയം അങ്കുരിച്ചു. അതാ വരുന്നു ദിവ്യബോധനം. പേടിക്കേണ്ട, നീ തന്നെയാണ് അത്യുന്നതന്‍. നീ നിന്റെ വലതുകയ്യിലുള്ള വടി നിലത്തിടുക, അവര്‍ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. (20:68,69) ഇത് ദൈവിക ദൃഷ്ടാന്തമാണെന്ന് ജാലവിദ്യക്കാര്‍ക്ക് ബോധ്യമായി, ആ ജാലവിദ്യക്കാര്‍ ഉടനെ പ്രണമിച്ചുകൊണ്ട് താഴെവീണു. അവര്‍ പറഞ്ഞു: ”ഞങ്ങള്‍ ഹാറുന്റേയും മൂസായുടേയും രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു (20:70).

പ്രവാചകന്മാരും മുഅ്ജിസത്തും

കേവലം അത്ഭുതങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നതല്ല മുഅ്ജിസത്ത്. മറിച്ച് വെല്ലുവിളികള്‍ക്കു മുന്നില്‍ പ്രവാചകത്വം അനിഷേധ്യമാക്കുന്ന ദൃഷ്ടാന്തങ്ങളാണ് അവ. പ്രവാചകന്മാര്‍ക്ക് ദിവ്യസന്ദേശം (വഹ്‌യ്) ലഭിക്കുന്നത് അപ്രതീക്ഷിതമായിട്ടാണ്. അവര്‍ക്ക് ലഭിക്കുന്ന ദൃഷ്ടാന്തങ്ങളും (മുഅ്ജിസത്തും) അപ്രകാരം തന്നെ. അത്‌കൊണ്ടാണ് താന്‍ ഇതുവരെ ഉപയോഗിച്ചിരുന്ന വടിയുടെ രൂപാന്തരത്തില്‍ മൂസാ നബി(അ) ഭയ ചകിതനായത്. ഈ ദൃഷ്ടാന്തങ്ങളാകട്ടെ യഥേഷ്ടം അവര്‍ക്ക് കൈകാര്യം ചെയ്യാവുന്നവയുമല്ല. അല്ലാഹു പറയുന്നു. ”ഒരു ദൂതനും അല്ലാഹുവിന്റെ അനുമതിയോടു കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാന്‍ കഴിയില്ല’ (40:78). മൂസാനബിക്ക് ദിവ്യ ദൃഷ്ടാന്തമായിട്ടുള്ള വടി മുഖേന മറ്റു ചില അത്ഭുതങ്ങളും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അവയൊക്കെ മുഅ്ജിസത്തിന്റെ ഭാഗം തന്നെയാണ്. മൂസായോട് ഇസ്രാഈല്യര്‍ വെള്ളത്തിന് വേണ്ടി ആവശ്യപ്പെട്ടപ്പോള്‍ അല്ലാഹു അദ്ദേഹത്തിന് വഹ്‌യ് നല്‍കിയത് ആ വടികൊണ്ട് പാറയ്ക്കടിക്കാനായിരുന്നു. ‘‘മൂസാനബി(അ) തന്റെ ജനതയ്ക്കു വേണ്ടി വെള്ളത്തിന് അപേക്ഷിച്ച സന്ദര്‍ഭം ശ്രദ്ധിക്കുക. അപ്പോള്‍ നാം പറഞ്ഞു: നിന്റെ വടികൊണ്ട് പാറമേല്‍ അടിക്കുക, അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി’ (2:60).

ഇബ്‌റാഹീം(അ) ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചപ്പോള്‍ നാട്ടിലും വീട്ടിലും ഉള്ള സാഹചര്യം തീര്‍ത്തും പ്രതികൂലമായിരുന്നു. വിഗ്രഹ നിര്‍മ്മാതാവായ പിതാവും അന്ധവിശ്വാസികളായ സമൂഹവും അഹങ്കാരിയായ രാജാവും അദ്ദേഹത്തിനെതിരില്‍ തിരിഞ്ഞു. ആശയപരമായ സംവാദത്തിലൂടെ അദ്ദേഹത്തെ നേരിടാന്‍ അവര്‍ അശക്തരായപ്പോള്‍ അഗ്നിക്കിരയാക്കാന്‍ തീരുമാനിച്ചു. ഒരു തീകുണ്ഡമൊരുക്കി അവരദ്ദേഹത്തെ അതിലിട്ടു. എന്നാല്‍ അല്ലാഹു അദ്ദേഹത്തെ ഒരു പോറലുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത് മുഅ്ജിസത്ത് തന്നെയാണ്. അവര്‍ പറഞ്ഞു: ”നിങ്ങള്‍ക്ക് വല്ലതും ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ചു കളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക. നാം പറഞ്ഞു: ‘തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവും ആയിത്തീരുക’. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്’ (21:68-70).

ഈസാ നബിയുടെ(അ) ജനനവും ജീവിതാന്ത്യവും അദ്ദേഹത്തിന്റെ മാതാവിനെത്തന്നെയും ലോകത്തിന് ദൃഷ്ടാന്തമായി നമുക്ക് കാണാന്‍ കഴിയും. ‘മര്‍യമിനെയും മകനെയും നാം ലോകര്‍ക്ക് ദൃഷ്ടാന്തമാക്കുകയും ചെയ്തു’ (21:91). അദ്ദേഹം മുഖേനയും ഇസ്‌റാഈല്‍ ജനതക്ക് ഒട്ടേറെ ദിവ്യദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

”ഈസായോട് അല്ലാഹു പറഞ്ഞ സന്ദര്‍ഭം. മര്‍യമിന്റെ മകനായ ഈസാ, നിനക്കും നിന്റെ മാതാവിനും നാം നല്കിയ അനുഗ്രഹം ഓര്‍ക്കുക. തൊട്ടിലില്‍വെച്ചും മധ്യവയസ്‌കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്കു ഞാന്‍ പിന്‍ബലം നല്‍കി. ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്നു. എന്റെ അനുമതി പ്രകാരം കളിമണ്ണുകൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തി. നീ അതില്‍ ഊതുമ്പോള്‍ എന്റെ അനുമതി പ്രകാരം അതു പക്ഷിയായിത്തീര്‍ന്നു. എന്റെ അനുമതിപ്രകാരം ജന്മാന്ധനെയും പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തി. എന്റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്തുകൊണ്ട് വന്നു. നീ ഇസ്‌റാഈല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നു. അവരിലെ സത്യനിഷേധികള്‍ ഇതു പ്രത്യക്ഷമായ മാരണം മാത്രമാകുന്നു എന്നു തള്ളിപ്പപറഞ്ഞു. നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞു’ (5:110).

അത്യത്ഭുതകരങ്ങളായ നിരവധി മുഅ്ജിസത്തുകള്‍ നല്‍കപ്പെട്ട പ്രവാചകരത്രെ സുലൈമാന്‍ നബി(അ)യും പിതാവ് ദാവൂദ് നബി(അ)യും. അദ്ദേഹത്തിന് പര്‍വ്വതങ്ങളെയും പക്ഷികളെയും കീര്‍ത്തനം ചെയ്യുന്ന അവസ്ഥയില്‍ കീഴ്‌പെടുത്തിക്കൊടുക്കുകയും യുദ്ധ രംഗങ്ങളില്‍ സംരക്ഷണം നല്‍കുന്ന പടയങ്കി നിര്‍മ്മാണം പഠിപ്പിച്ചുകൊടുക്കുകയും ചെയ്തത് അല്ലാഹു നല്കിയ അനുഗ്രഹവും ദൃഷ്ടാന്തവുമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. (21:79-81) പക്ഷികളുടെ സംസാരം തിരിച്ചറിയാനുള്ള കഴിവ് സുലൈമാന്‍ നബിക്ക് ഉണ്ടായിരുന്നുവെന്നും (27:16) ഉറുമ്പുപോലുള്ള ജീവികളുടെ ആശയ വിനിമയം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നുവെന്നും ഖുര്‍ആന്‍ (27:18) വ്യക്തമാക്കുന്നു.

ഇതുപോലെ മറ്റു പല പ്രവാചകന്മാര്‍ക്കും അല്ലാഹു നല്കിയ മുഅ്ജിസത്തുകളെ കുറിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.

മുഹമ്മദ് നബി(സ്വ)യും മുഅ്ജിസത്തും

ഒരോ പ്രവാചകനും തന്റെ സമുദായത്തിന്റെ അവസ്ഥക്കനുസരിച്ചുള്ള ദൃഷ്ടാന്തങ്ങളാണ് അല്ലാഹു നല്‍കിയത്. അതാതു കാലഘട്ടങ്ങളിലും സമൂഹങ്ങളിലും മാത്രം പ്രസക്തമായിരുന്നു അവയെല്ലാം. ആ പ്രവാചകന്മാരുടെ ദൗത്യവും ആ സമൂഹങ്ങളിലേക്കു മാത്രമായിരുന്നു. അന്തിമപ്രവാചകനും ലോകാവസാനം വരെ നിലനില്‍ക്കുന്ന സന്ദേശത്തിന്റെ വാഹകനുമായ മുഹമ്മദ് നബി(സ്വ)ക്കും പല മുഅ്ജിസത്തുകളും ഉണ്ടായിട്ടുണ്ട്. ലോകാന്ത്യംവരെ നിലനില്‍ക്കേണ്ടതാണ് നബി(സ്വ)യുടെ ദൗത്യം. അതുകൊണ്ട്തന്നെ അദ്ദേഹത്തിനു നല്‍കപ്പെടുന്ന ദൃഷ്ടാന്തം കാലഹരണപ്പെടാത്തതാവണം. നിത്യപ്രസക്തമായ ആ മുഅ്ജിസത്തിനെക്കുറിച്ച് തിരുദൂതര്‍ തന്നെ പറയുന്നത് കാണുക:

‘എനിക്ക് ലഭിച്ച ദൃഷ്ടാന്തം എനിക്ക് കിട്ടിയ വഹ്‌യ് തന്നെയാകുന്നു. അതിനാല്‍ ഞാന്‍ എല്ലാ പ്രവാചകന്മാരേക്കാളും കൂടുതല്‍ അനുയായികളുള്ളവനാകാന്‍ ആഗ്രഹിക്കുന്നു (മുസ്‌ലിം) 2. ആ അമാനുഷിക ദൃഷ്ടാന്തമത്രെ വിശുദ്ധ ഖുര്‍ആന്‍. അനാഥനായി ജനിച്ച മുഹമ്മദ്(സ്വ) തീര്‍ത്തും നിരക്ഷരനായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ 40 വയസ്സ്‌വരെ അല്‍ അമീന്‍ (സത്യസന്ധന്‍)എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ട അദ്ദേഹം ഒരു ദിവസം താന്‍ പ്രവാചകനാണെന്ന് പറയുന്നു. അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ച് കേള്‍പ്പിക്കുന്നു. കവികളും സാഹിത്യകാരന്മാരും പ്രഭാഷകരും ഇത്‌കേട്ട് സ്തബ്ധരാവുന്നു. സാഹിത്യത്തറവാട്ടിലെ കുലപതികളായവരെ അത്ഭുതപ്പെടുത്തിയ വിശുദ്ധ ഖുര്‍ആന്‍ വാക്യങ്ങള്‍ ഒരു മുഅ്ജിസത്ത് കൂടിയായിരുന്നു. അല്ലാഹു പറയുന്നു: ‘ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്റെ വലത്‌കൈകൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു’ (29:48). നിരക്ഷരനായ ഒരാള്‍ ഇതുപോലൊരു ഗ്രന്ഥം രചിക്കുക. പാരായണം ചെയ്തു കേള്‍പ്പിക്കുക. എന്നിട്ട് ഇതുപോലൊരു ഗ്രന്ഥമോ അതിന്റെ ഒരു ഭാഗം പോലുള്ളതോ കൊണ്ടുവരാന്‍ സാഹിത്യകാരന്മാരെ വെല്ലുവിളിക്കുക. ഒരു സാധാരണ ഗ്രന്ഥകാരനും അങ്ങനെ വെല്ലുവിളിക്കാന്‍ കഴിയില്ല അല്ലാഹു പറയുന്നു: ‘പറയുക: മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ച് ശ്രമിച്ചാലും ഇതുപോലൊരു ഗ്രന്ഥം കൊണ്ടുവരാന്‍ കഴിയില്ല. അവര്‍ പരസ്പരം സഹായികളായിരുന്നാല്‍ പോലും’ (17:88).

മറ്റു പ്രവാചകന്മാരുടെ മുഅ്ജിസത്തുകള്‍ ആ പ്രവാചകന്റെ തിരോധാനത്തോടെ കാലഹരണപ്പെടുന്നു. എന്നാല്‍ മുഹമ്മദ് നബി(സ്വ)ക്ക് ശേഷം പ്രവാചകന്മാരില്ല. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ മുഅ്ജിസത്ത് കാലാതിവര്‍ത്തിയായിരിക്കേണ്ടതുണ്ട്. അന്തിമപ്രവാചകന്റെ ഏറ്റവും വലിയ മുഅ്ജിസത്തായ വിശുദ്ധ ഖുര്‍ആന്‍ ആശയതലത്തില്‍ നിത്യപ്രസക്തവും പ്രായോഗികതയുമുള്ളതായി നിലനില്‍ക്കുന്നു. അത് നിലനിറുത്തല്‍ അല്ലാഹു ഏറ്റെടുത്ത ബാധ്യതയുമാണ്. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ”ഈ ഖുര്‍ആന്‍ ഇറക്കിയത് നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും’ (15:9). സഹസ്രാബ്ദങ്ങള്‍ പിന്നിട്ടിട്ടും ഭാഷയിലും സാഹിത്യത്തിലും ആശയത്തിലും വിശുദ്ധഖുര്‍ആന്‍ അതുല്യമായി ഇന്നും നിലനില്‍ക്കുന്നു എന്നത് അത് ദൈവികഗ്രന്ഥമാണ് എന്നതിന്റെ വ്യക്തമായ തെളിവാണ്.

വിശുദ്ധ ഖുര്‍ആനാണ് അന്തിമ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ഏറ്റവും വലിയ മുഅ്ജിസ്ത്ത്. എന്നാല്‍ അതു കൂടാതെ വേറെയും അനേകം മുഅ്ജിസത്തുകളായ അത്ഭുത സംഭവങ്ങള്‍ തിരുമേനി മുഖേന വെളിവാക്കപ്പെട്ടിട്ടുണ്ട്. ഖൈബര്‍ സംഭവത്തിന് ശേഷം ഒരു ജൂതസ്ത്രീ നബിക്കും അനുയായികള്‍ക്കും മാരകമായ വിഷംകലര്‍ത്തിയ ഭക്ഷണം നല്‍കി. വായിലിട്ട് ചവച്ചപ്പോഴേക്കും നബി(സ്വ)ക്ക് അത് മനസ്സിലാവുകയും അനുചരരെ വിലക്കുകയും ചെയ്തു. എന്നാല്‍ ഒരു കഷ്ണം തിന്ന്കഴിഞ്ഞ ബിശ്‌റുബ്‌നുല്‍ ബര്‍റാഅ്(റ) മരണപ്പെട്ടു. പ്രവാചകനുള്‍പ്പെടെയുള്ളവരുടെ കൂട്ടമരണമെന്ന വന്‍ദുരന്തം അത്ഭുതകരമായി ഒഴിവാക്കപ്പെട്ടത് പ്രവാചകന്ന് അല്ലാഹു നല്‍കിയ സഹായമായിരുന്നു. (ബുഖാരി) 3.

ഹുദൈബിയ ദിവസം ജനങ്ങള്‍ക്ക് ദാഹിച്ചു. നബി(സ്വ) തന്റെ മുന്നിലുണ്ടായിരുന്ന പാത്രത്തില്‍നിന്ന് വുദു ചെയ്തു. ആളുകള്‍ അദ്ദേഹത്തിന്നടുത്ത് തിങ്ങിക്കൂടി. നിങ്ങള്‍ക്ക് എന്തുവേണം? പ്രവാചകന്‍ ചോദിച്ചു. ഞങ്ങള്‍ക്ക് കുടിക്കാനും വുദു ചെയ്യാനുമായി താങ്കളുടെ മുന്നിലുള്ളവെള്ളം മാത്രമേയുള്ളൂ. അപ്പോള്‍ അദ്ദേഹം ആ പാത്രത്തില്‍ തന്റെ കൈവെച്ചു ആ വിരലുകള്‍ക്കിടയില്‍ നിന്ന് ഉറവെന്നവണ്ണം ജലം ഒഴുകാന്‍ തുടങ്ങി. അങ്ങനെ ഞങ്ങള്‍ കുടിച്ചു, വുദുചെയ്തു. നിങ്ങള്‍ എത്ര പേരുണ്ടെന്ന് ചോദിക്കപ്പെട്ടു. ഞങ്ങള്‍ 1500 പേരുണ്ടായിരുന്നു. ഒരുലക്ഷം പേരുണ്ടെങ്കിലും ഞങ്ങള്‍ക്ക് ആ വെള്ളം തികയുമായിരുന്നു (ബുഖാരി) 4

ഈ രണ്ട് സംഭവങ്ങളും പ്രവാചകന്റെ മുഅ്ജിസ്ത്തുകളായിരുന്നു. ഇതുപോലെ വേറെയും ധാരാളം സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നു. ഇവ എതിരാളികള്‍ക്ക് സത്യം ബോധ്യപ്പെടുത്താനോ അവരെ വെല്ലുവിളിച്ചുകൊണ്ടുള്ളതോ ആയിരുന്നില്ല. നേരെമറിച്ചു പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായമാകുമാറ് അല്ലാഹു ചെയ്തുകൊടുത്ത ചില അനുഗ്രങ്ങള്‍ മാത്രമാണ്. നബി(സ്വ)യുടെ പേരില്‍ സത്യമല്ലാത്ത ധാരാളം അത്ഭുതകൃത്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. നബി(സ്വ)യുടെ ജനനം മുതല്‍ മരണം വരെ ബന്ധപ്പെട്ടു കിടക്കുന്ന ഇത്തരം കഥകള്‍ക്ക് കൃത്യമായ പ്രമാണങ്ങളുടെ പിന്‍ബലമില്ല.

വലിയ്യും കറാമത്തും

വലിയ്യുമായി ബന്ധപ്പെടുത്തി പറയുന്ന ഒരു പദമാണ് കറാമത്ത്. വലിയ്യ് പോലെതന്നെ തെറ്റായി വ്യവഹരിക്കപ്പെട്ട പദം കൂടിയാണിത്. പ്രിയപ്പെട്ടവന്‍, അടുത്തവന്‍, മിത്രം, രക്ഷാധികാരി എന്നീ അര്‍ത്ഥങ്ങളിലെല്ലാം ഉപയോഗിക്കപ്പെടുന്ന പദമാണ് വലിയ്യ്. അല്ലാഹുവിന്റെ വലിയ്യ് എന്നു പറയുമ്പോള്‍ അതുകൊണ്ട് ഉദ്ദേശ്യം അല്ലാഹുവിന്റെ ദീന്‍ അനുസരിച്ചു ജീവിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ അല്ലാഹുവിന്റെ മിത്രം എന്നതാണ്. ആ അര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍ മുഴുവന്‍ അല്ലാഹുവിന്റെ വലിയ്യുകളാണ് എന്ന് ഖുര്‍ആനില്‍നിന്ന് ഗ്രഹിക്കാം. എന്നാല്‍ പാമര ജനങ്ങള്‍ അല്ലാഹുവില്‍ നിന്ന് പല അസാധാരണ കഴിവുകള്‍ നേടിയവരും അദൃശ്യ കാര്യങ്ങള്‍ അറിയുന്നവരുമാണ് വലിയ്യുകള്‍ എന്ന് ഗണിച്ചുപോന്നു. എന്നിട്ട് അവരോട് പ്രാര്‍ത്ഥിക്കാനും അവര്‍ക്ക് നേര്‍ച്ചവഴിപാടുകള്‍ അര്‍പ്പിക്കുവാനും തുടങ്ങി. അതിന് ന്യായമായി പറഞ്ഞിരുന്നത് ഈ വലിയ്യുകളായി കണക്കാക്കിപ്പോരുന്നവര്‍ക്ക് അമാനുഷിക കഴിവുകള്‍ ഉണ്ട് എന്നാണ്. ഈ അമാനുഷിക കഴിവുകള്‍ക്ക് കറാമത്ത് എന്ന് അവര്‍ വിശേഷിപ്പിച്ചു. ഒടുവില്‍ എന്ത് ചെപ്പടിവിദ്യ കണ്ടാലും അത് കറാമത്താണെന്ന് പറയുന്ന സ്ഥിതിയിലേക്ക് മുസ്‌ലിം ജനസാമാന്യത്തിന്റെ വിശ്വാസം വ്യതിചലിച്ചുപോയി. ‘കറാമത്ത്’ എന്ന പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും ഉദ്ദേശ്യവും ബോധ്യപ്പെട്ടാല്‍ മാത്രമേ ഈ വിശ്വാസ വൈകല്യത്തില്‍നിന്നും മോചിതമാകാന്‍ സാധിക്കുകയുള്ളൂ.

ആദരവ്, ബഹുമാനം എന്നൊക്കെയാണ് ‘കറാമത്ത്’ എന്ന പദത്തിനര്‍ത്ഥം. ഒരു സത്യവിശ്വാസി മുഖേന അല്ലാഹു വെളിപ്പെടുത്തുന്ന അത്ഭുത സംഭവത്തിന്നാണ് സാങ്കേതികമായി കറാമത്ത് എന്ന് പറയുന്നത്. സജ്ജനങ്ങളായ ദാസന്മാരെ അല്ലാഹു ചില സന്ദര്‍ഭങ്ങളില്‍ അസാധാരണമായ നിലയില്‍ സഹായിച്ചേക്കാം. ഇങ്ങനെ ലഭിക്കുന്ന സഹായങ്ങള്‍ക്ക് കറാമത്ത് എന്ന് പറയുന്നു. ഖുര്‍ആനിലോ ഹദീസിലോ ഈ അര്‍ത്ഥത്തില്‍ കറാമത്ത് എന്ന പദം പ്രയോഗിച്ചതായി കാണുകയില്ല. എന്നാല്‍ സത്യവിശ്വാസികളായ ചിലര്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളെപ്പറ്റിയും ദൈവികമായ പ്രത്യേക സഹായങ്ങളെപ്പററിയും പരാമര്‍ശമുണ്ട്. ഈസാനബിയുടെ മാതാവ് മര്‍യ(റ)മിന്ന് മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാ വേദി) ആഹാരം എത്തിയതിനെപ്പറ്റി അത് അല്ലാഹുവിന്റെ അടുക്കല്‍ നിന്നാണ് എന്ന് അവര്‍ പറഞ്ഞതായി ഖുര്‍ആന്‍ (3:37) പറയുന്നു. ഇത് അവര്‍ക്ക് ലഭിച്ച ദൈവികമായ ബഹുമതി (കറാമത്ത്) ആയി മുസ്‌ലിംലോകം അംഗീകരിക്കുന്നു. ശറഹുല്‍ അഖാഇദ് എന്ന ഗ്രന്ഥത്തില്‍ കറാമത്തിനെ വിശദീകരിച്ചത് ഇപ്രകാരമാണ്. ‘പ്രവാചകനാണെന്ന് അവകാശവാദമുന്നയിക്കാത്ത ആളില്‍ പ്രകടമാകുന്ന അസാധരണ സംഭവമാണ് കറാമത്ത്.

യഥാര്‍ത്ഥത്തില്‍ കറാമത്ത് സജ്ജനങ്ങള്‍ക്ക് ദൈവികമായി ലഭിക്കുന്ന ഒരു ആദരവാണ്. ആ പദത്തിന്റെ അര്‍ത്ഥം തന്നെ ആദരവ് എന്നത്രെ. സാത്വികനായ ഒരു വ്യക്തിക്ക് അല്ലാഹുവില്‍നിന്ന് അസാധാരണമായി എന്തെങ്കിലും ലഭിച്ചാല്‍ അതയാള്‍ വെളിപ്പെടുത്തുകയില്ല. അഥവാ വെളിപ്പെട്ടാല്‍തന്നെ അത് തന്റെ വകയാണെന്നോ തന്റെ കഴിവുമൂലം കിട്ടിയതാണെന്നോ അദ്ദേഹം ഒരിക്കലും അവകാശപ്പെടുകയില്ല. അത് തുടര്‍ന്നും നിലനില്‍ക്കുമെന്നും അത് തനിക്ക് ഇഷ്ടാനുസാരം ഉപയോഗിക്കാമെന്നും മറ്റുള്ളവര്‍ക്ക് നല്കാമെന്നും അയാള്‍ വിശ്വസിക്കുകയില്ല. അങ്ങനെ സാധ്യവുമല്ല.

തനിക്ക് എന്തെങ്കിലും സിദ്ധികളുണ്ട് എന്ന് വാദിക്കുന്നവരും അതുമൂലം കാശുണ്ടാക്കാന്‍ ശ്രമിക്കുന്നവരും തീര്‍ത്തും വ്യാജന്മാരാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. അങ്ങനെ വാദിക്കുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു സിദ്ധിയും ഇല്ലതന്നെ. നബി(സ്വ)യുടെ സഹാബത്തോ സച്ചരിതരായ മറ്റു മുന്‍ഗാമികളോ (സലഫുസ്വാലിഹുകള്‍) ഇങ്ങനെ സിദ്ധന്മാരായി വാദിച്ചതിനോ യാതൊരു മാതൃകയുമില്ല. അവര്‍ ജീവിച്ചിരിക്കുമ്പോഴോ മരിച്ച ശേഷമോ സമൂഹം അവരെ ആ രൂപത്തില്‍കണ്ട് പ്രാര്‍ഥിക്കുകയോ ബര്‍കത് തേടുകയോ ബര്‍കത്തെടുക്കുകയോ ചെയ്തതായി ഒരു രേഖയിലുമില്ല.

എന്നാല്‍ അത്തരം സാത്വികരില്‍ അസാധരണമായ പല സംഭവങ്ങളും ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായതായി ഖുര്‍ആനും ഹദീസും വ്യക്തമാക്കുന്നു. തൗഹീദില്‍ അടിയുറച്ചു വിശ്വസിച്ചതിന്റെ പേരില്‍, ധിക്കാരിയായ ഭരണാധികാരിയുടെ പീഡനങ്ങളേറ്റ് ഗത്യന്തരമില്ലാതെ നാടുവിടേണ്ടിവന്ന ഒരു പറ്റം യുവാക്കളുടെ സംഭവം ഖുര്‍ആന്‍ സൂറത്തുല്‍ കഹ്ഫില്‍ (18:9-26) വിശദമാക്കുന്നു. സ്വരാജ്യം വിട്ടോടിയ ചെറുപ്പക്കാര്‍ ഒരു ഗുഹയില്‍ അഭയംതേടുകയും അവരവിടെ കിടന്നുറങ്ങുകയും ചെയ്തു. 300 ലേറെ വര്‍ഷം സുഖസുഷ്പ്തിയില്‍ കഴിഞ്ഞ അവരെ ആരും കണ്ടെത്തി പിടികൂടാത്ത വിധം അല്ലാഹു രക്ഷിച്ചു. അക്രമിയായ രാജാവും ആ ജനതയും അവരുടെ തലമുറകളും നശിച്ച ശേഷം അവര്‍ ഉറക്കില്‍ നിന്നുണര്‍ന്നു. തൗഹീദില്‍ അടിയുറച്ചതിനാല്‍ ആ ചെറുപ്പക്കാര്‍ക്ക് അല്ലാഹു നല്‍കിയ ആദരവാണ് (കറാമത്ത്) ഇത് എന്ന് മുസ്‌ലിംലോകം അംഗീകരിക്കുന്നു.

മുന്‍കാലത്ത് നടന്നതും സഹാബികള്‍ക്ക് ഉണ്ടായതുമായ ഇത്തരം ചില സംഭവങ്ങള്‍ ഹദീസുകളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്.

കള്ള പ്രവാചകന്മാര്‍

അല്ലാഹു അല്ലാതെ ആരാധ്യനില്ല. മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു എന്ന പ്രഖ്യാപനം ഇസ്‌ലാമിന്റെ അടിസ്ഥാനശിലയാണ്. ഈ പ്രഖ്യാപനത്തിന്റെ ദ്വിതീയ ഭാഗമായ നബിയുടെ ദൗത്യപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഖുര്‍ആനിലും ഹദീസിലും പ്രതിപാദിച്ചിട്ടുള്ള എല്ലാ സംഗതികളെയും യഥാവിധി അംഗീകരിക്കല്‍ ഒരു മുസ്‌ലിമിന് ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണ്. പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി(സ്വ) തിരുമേനിയെന്ന് വിശ്വസിക്കല്‍ ഇതിന്റെ ഭാഗമാണ്. ഈ വസ്തുത മുസ്‌ലിം സമൂഹം ഏക കണ്ഠമായി അംഗീകരിച്ചു പോന്നിട്ടുള്ളതാണ്. എന്നാല്‍ മുഹമ്മദ് നബി(സ്വ)യോട് കൂടി പ്രവാചക പരമ്പര അവസാനിക്കുന്നില്ലെന്നും പുതിയ പ്രവാചകന്മാരുടെ നിയോഗമുണ്ടായിട്ടുണ്ടെന്നും വിശ്വസിക്കുന്നവര്‍ നബി(സ്വ)യുടെ കാലം മുതല്‍ രംഗത്തു വന്നിട്ടുണ്ട്. ഇന്ന് രംഗത്തുള്ള ഇത്തരം രണ്ട് വിഭാഗങ്ങളാണ് ഖാദിയാനികളും ബഹായികളും. ജൂത ക്രൈസ്തവ വിഭാഗങ്ങളുടെ സൃഷ്ടിയായിട്ടുള്ളതാണ് ഈ രണ്ട് വിഭഗങ്ങളും. മിര്‍സാഗുലാം അഹ്‌മദ് ഖാദിയാനിയുടെ അനുയായികളാണ് ഖാദിയാനികള്‍. ബഹാഇകള്‍, മിര്‍സാഹുസൈന്‍ അലിയുടെ അനുയായികളും.

മുഹമ്മദ് നബി(സ്വ) തിരുമേനി പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണെന്നും അദ്ദേഹത്തിന് ശേഷം ഒരു പ്രവാചകന്‍ ആഗതനാവുക എന്നത് സംഭവ്യമേ അല്ല എന്നും വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുവചനങ്ങളില്‍ നിന്നും വ്യക്തമാവുന്നു. തിരുനബിയുടെ പ്രബോധക ജീവിതത്തിന്റെ അവസാനത്തോടെ മതം പൂര്‍ത്തിയായിരിക്കുന്നു. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ‘ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു’ (5:3).

ഇസ്‌ലാം പൂര്‍ണമായി എന്നതുപോലെ മുഹമ്മദ് നബി(സ്വ) അന്തിമപ്രവാചകനാണെന്ന വസ്തുതയും ഖുര്‍ആന്‍ സുതരാം വ്യക്തമാക്കുന്നു. ”മുഹമ്മദ് നിങ്ങളിലൊരു പുരുഷന്റെയും പിതാവായിട്ടില്ല. പക്ഷേ അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാണ്. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’ (33:40).

‘ഖാതം’ എന്ന പദത്തിന് അവസാനം എന്ന അര്‍ഥം പറയാവതല്ല എന്നും ഖാതമുന്നബ്ബിയ്യീന്‍ എന്നതിന്റെ വിവക്ഷ സര്‍വ്വശ്രേഷ്ഠനായ പ്രവാചകന്‍ എന്നാണെന്നുമാണ് ചില നിഷേധികളുടെ വാദം. ഖാതം എന്ന പദത്തിന് ഭാഷാ നിഘണ്ടുവില്‍ നല്‍കപ്പെട്ടിട്ടുള്ള അര്‍ഥം പരിശോധിച്ചാല്‍ തന്നെ ശ്രേഷ്ഠന്‍ എന്ന് അര്‍ഥം കല്പിക്കാന്‍ സാധ്യമല്ല എന്ന് ബോധ്യപ്പെടുന്നു. മജ്ദുദ്ദീന്‍ ഫൈറൂസാബാദി രേഖപ്പെടുത്തുന്നു.

ഒരു കാര്യം ഖത്മ് ചെയ്തു എന്ന് പറഞ്ഞാല്‍ അത് അവസാനിപ്പിച്ചു എന്നര്‍ഥമാണ്. എല്ലാ വസ്തുക്കളുടെയും ഖാതം എന്നാല്‍ അന്ത്യം, അവസാനം എന്നര്‍ത്ഥം. ഖാതിമത് എന്ന് പറയുംപോലെ (അല്‍ഖാമൂസുല്‍ മുഹീത്വ്) 5.

വിഖ്യാത ഖുര്‍ആന്‍ നിഘണ്ടുവായ മുഫ്‌റദാത്തില്‍ ഇമാം റാഗിബ് രേഖപ്പെടുത്തുന്നു: ഖാത്തമുന്നബിയ്യീന്‍ ആയത് കാരണം അവിടുന്ന് പ്രവാചകത്വത്തിന് അവസാനം കുറിച്ചു. അതായത് അവിടുത്തെ ആഗമനത്തോടുകൂടി അത് പൂര്‍ത്തീകരിച്ചു. (അല്‍ മുഫ്‌റദാത്ത്) 6.

ഭാഷാ നിഘണ്ടുവില്‍ നിന്നെല്ലാം വളരെ വ്യക്തമാവുന്നത് ‘ഖാതം’ എന്ന പദത്തിന് അവസാനം എന്ന അര്‍ത്ഥമാണുള്ളത് എന്നു തന്നെയാണ്. അതോടൊപ്പം ‘ശ്രേഷ്ഠന്‍’ എന്ന അര്‍ഥം അതിന് എവിടെയും കാണാന്‍ സാധ്യവുമല്ല.

ഖുര്‍ആനികാശയങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുള്ള മുന്‍കാല പണ്ഡിതന്മാര്‍ ഉപരിസൂചിത സൂക്തത്തിലെ (33:40) ഖാതം എന്ന പദത്തിന് നല്‍കുന്ന വിശദീകരണം നാം ശ്രദ്ധിക്കേണ്ടതാണ്. ”പ്രാവചകത്വത്തെ അവസാനിപ്പിച്ച് അതിന്മേല്‍ സീല്‍വെച്ചു നബി. അദ്ദേഹത്തിന് ശേഷം അന്ത്യനാള്‍ വരെ യാതൊരാള്‍ക്കും ഈ പ്രവാചകത്വം തുറക്കപ്പെടുന്നതല്ല (ത്വബ്‌രി) 7.

മുഹമ്മദ് നബിക്ക് ശേഷം ഒരു നബിയുമില്ലെന്നതിന് ഈ ആയത്ത് ഖണ്ഡിതരേഖയാണ്. നബിയില്ലെന്നു വരുമ്പോള്‍ റസൂലില്ലെന്ന് പറയേണ്ടതില്ല (ഇബ്‌നുകസീര്‍) 8.

മുഹമ്മദ് നബി(സ്വ) ശ്രേഷ്ഠന്‍ ആണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഖാത്തമുന്നബ്ബിയ്യീന്‍ എന്നതിന് ശ്രേഷ്ഠന്‍ എന്ന് അര്‍ത്ഥം പറയണമെങ്കില്‍ പ്രത്യേകം തെളിവ് വേണം. ഖാതമുന്നബിയ്യീന്‍ എന്നതുകൊണ്ട് അന്തിമ പ്രവാചകന്‍ തന്നെയാണ് ഉദ്ദേശിക്കപ്പെടുന്നത് എന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും ഭാഷാ പണ്ഡിതരുടെയും അഭിപ്രായങ്ങളില്‍നിന്ന് ഗ്രഹിക്കാന്‍ കഴിയും. മുഹമ്മദ് നബി(സ്വ)ക്ക് ശേഷം പ്രവാചകന്മാര്‍ വരാനുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ തല്പര കക്ഷികള്‍ തെളിവായി ഉദ്ധരിക്കാറുള്ളത് ഇതാണ്. ‘ആഇശ(റ) പറഞ്ഞു. ”തിരുമേനി(സ്വ) ഖാത്തമുന്നബിയ്യീന്‍ ആണെന്ന് പറഞ്ഞുകൊള്ളുവിന്‍, എന്നാല്‍ അദ്ദേഹത്തിന് ശേഷം നബിയില്ലെന്ന് നിങ്ങള്‍ പറയരുത്’

ഈ പ്രസ്താവന ആഇശ(റ)യുടെ അഭിപ്രായമായി ശരിയായ നിവേദന പരമ്പരയോടുകൂടി യാതൊരു ഹദീസ് പണ്ഡിതനും ഉദ്ധരിച്ചിട്ടില്ല. മാത്രമല്ല ഇത് ആഇശ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട സ്വഹീഹായ ഹദീസുകള്‍ക്ക് വിരുദ്ധവുമാണ്. അതിനാല്‍ തന്നെ ഇത് ഒട്ടും പരിഗണനീയമല്ല.

”ഉഖ്ബത്ബ്‌നു ആമിര്‍(റ) നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. നബി(സ്വ) പറഞ്ഞു. എനിക്ക് ശേഷം പ്രവാചകനുണ്ടാകുമായിരുന്നെങ്കില്‍ അത് ഖത്താബിന്റെ മകന്‍ ഉമറാകുമായിരുന്നു.” നബി(സ്വ)ക്ക് ശേഷം ഒരു നബി ഉണ്ടാകുമായിരുന്നെങ്കില്‍ അത് ഉമറാകുമായിരുന്നു. ഉമര്‍ നബിയായില്ല. അതിനാല്‍ തിരുനബിക്ക് ശേഷം പ്രവാചകരില്ല. നബി(സ്വ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഉപദേശിച്ച പ്രധാന കാര്യം ഖുര്‍ആനും തിരുചര്യയും മുറുകെ പിടിച്ച് ജീവിച്ചാല്‍ മാര്‍ഗഭ്രംശം സംഭവിക്കില്ല എന്നതായിരുന്നു. പിന്നാലെ ഏതെങ്കിലും പ്രവാചകന്റെ ആഗമനമുണ്ടാകുമെന്നതിനെക്കുറിച്ച് ഒരു സൂചനയും നല്‍കിയില്ല. ഖുര്‍ആന്‍ അതിശക്തമായ ഭാഷയില്‍ ചോദിക്കുന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.

‘അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു എന്ന് പറയുകയോ അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കുമെന്ന് പറയുകയോ ചെയ്തവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? ആ അക്രമികള്‍ മരണ വെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തെടുക്കുവിന്‍ എന്ന് പറഞ്ഞുകൊണ്ട് മലക്കുകള്‍ അവരുടെ നേരെ കൈകള്‍ നീട്ടിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്റെയും അവന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്’ (6:93).

 

References
  1. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 134, ഹദീസ് 239[]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 193, ഹദീസ് 3576[]
  3. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 923, ഹദീസ് 2474[]
  4. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1310, ഹദീസ് 3383[]
  5. അല്‍ ഖാമൂസുല്‍ മുഹീത്വ്, മജ്ദുദ്ദീന്‍, അബൂത്വാഹിര്‍ മുഹമ്മദ് ബ്‌നു യഅ്ഖൂബല്‍ ഫൈറൂസാബാദി, മുഅസ്സസതുര്‍റിസാല ലിത്ത്വിബാഅതി വന്നശ്‌രി വത്തൗസീഅ്, ബൈറൂത്ത്, വാള്യം 01, പേജ് 1099[]
  6. അല്‍ മുഫ്‌റദാതു ഫീ ഗരീബില്‍ ഖുര്‍ആന്‍, അബുല്‍ ഖാസിം അല്‍ ഹുസൈനു ബ്‌നു മുഹമ്മദ് (റാഗിബുല്‍ ഇസ്ഫഹാനീ), ദാറുല്‍ ഖലം ബൈറൂത്ത്, ഒന്നാം പതിപ്പ്, കിതാബുല്‍ ഖാഅ്, പേജ് 275.[]
  7. ജാമിഉല്‍ ബയാന്‍ ഫീ തഅ്‌വീലില്‍ ഖുര്‍ആന്‍, മുഹമ്മദ് ബ്‌നു ജരീറിബ്‌നി യസീദ്, അബൂ ജമ്ഫറുത്ത്വബ്‌രീ, മുഅസ്സസതുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 20, പേജ് 278[]
  8. തഫ്‌സീറു ഇബ്‌നു കസീര്‍, അബുല്‍ ഫിദാഅ് ഇസ്മാഈലുബ്‌നു ഉമറബ്‌നി കസീര്‍ അല്‍ ഖുറശീ അല്‍ ബസ്വരീ, ദാറു ത്വയ്ബ ലിന്നശ്‌രി വത്തൗസീഅ്, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 428[]
മുൻപത്തെ ലേഖനം സൂഫിസം
അടുത്ത ലേഖനം പ്രവാചകന്മാരും പരീക്ഷണങ്ങളും

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History