ഹോം > പരലോകം... > സ്വര്‍ഗത്തിന്റെ സവിശേഷതകള്‍ ഭാഗം-2

1 മിനിറ്റ് വായിച്ചില്ല

സ്വര്‍ഗത്തിന്റെ സവിശേഷതകള്‍ ഭാഗം-2

വിശ്വാസിക്ക്‌ പരലോകത്ത് ലഭിക്കുന്ന അനിർവചനീയ പ്രതിഫലമാണ് സ്വർഗം. സ്വർഗത്തെക്കുറിച്ചുള്ള ഓരോ വർണനകളും വിശ്വാസിക്ക്‌ കൂടുതൽ ആശ്വാസം പകരുകയും പ്രവർത്തന പാതയിൽ കൂടുതൽ ഊർജം നൽകുകയും ചെയ്യുമെന്നതിൽ സംശയമില്ല. ഖുർആനിലും ഹദീസിലുമായി സ്വർഗത്തിന്റെ ധാരാളം സവിശേഷതകൾ വിവരിക്കുന്നത്‌ കാണാം. ഇങ്ങനെ പ്രതിപാദിക്കപ്പെട്ട സവിശേഷതകളിൽ ചിലതാണ്‌ സ്വര്‍ഗത്തിന്റെ സവിശേഷതകള്‍ എന്ന ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്‌.

സ്വർഗത്തിലെ കട്ടിലുകളും പരവതാനികളും, സ്വർഗത്തിലെ വസ്ത്രങ്ങളും ആഭരണങ്ങളും, സ്വർഗത്തിലെ ചന്തയും കൃഷിയും, സ്വര്‍ഗവാസികളുടെ പ്രായം, സ്വര്‍ഗത്തിലെ ഇണകള്‍, ഹൂറുൻ ഈൻ, അല്ലാഹുവിനെ കാണൽ, സ്വർഗത്തിലെ കൂടിക്കാഴ്ചകള്‍, സംഭാഷണങ്ങള്‍, സ്വര്‍ഗവാസികളുടെ പ്രതികരണം, അഅ്‌റാഫ് തുടങ്ങിയ സ്വർഗത്തിന്റെ സവിശേഷതകളെക്കുറിച്ച്‌ വിശദമായി ഈ ലേഖനത്തിൽ വായിക്കാം

സ്വർഗത്തിലെ കട്ടിലുകളും പരവതാനികളും

സ്വര്‍ഗവാസികളുടെ ഹിതമനുസരിച്ച് കൊട്ടാരങ്ങളിലും കുടീരങ്ങളിലും ആരാമങ്ങളിലും മറ്റും ഉല്ലസിക്കാനും സല്ലപിക്കാനും പാകത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങളെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ അറിയിക്കുന്നുണ്ട്. അവയില്‍ ഭാര്യമാരോടും ഹൂറുകളോടും സുഹൃത്തുക്കളോടുമൊന്നിച്ച് അഭിമുഖമായി ഇരുന്ന് സല്ലപിക്കാനും കാഴ്ചകള്‍ കാണാനും സൗകര്യപ്പെടുന്നു.

”അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും അണിയായി വെക്കപ്പെട്ട തലയിണകളും വിരിച്ചു വെക്കപ്പെട്ട പരവതാനികളുമുണ്ട്” (88:13-16).

‘അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു” (55:54).
”പച്ചനിറമുള്ള തലയിണകളിലും അഴകുള്ള പരവതാനികളിലും ചാരിക്കിടക്കുന്നവരായിരിക്കും അവര്‍’ (55:76).
”സ്വര്‍ണനൂലു കൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും അവര്‍. അവയില്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും’‘ (56:15,16).
‘അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും’ (36:56). ‘വരിവരിയായി ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണകളായി കൊടുക്കുകയും ചെയ്യും’ (52:20).

സ്വര്‍ഗവാസികള്‍ അവര്‍ക്ക് പ്രിയപ്പെട്ട ജോലികളില്‍ വ്യാപൃതരായിരിക്കുമെങ്കിലും അവര്‍ക്ക് ക്ഷീണമോ മടുപ്പോ ബാധിക്കുകയില്ല. അവര്‍ക്കവിടെ ഉല്ലസിക്കാനും ആനന്ദിക്കാനുമുള്ള അവസരങ്ങള്‍ അലംകൃതമായ സോഫകളില്‍ ചാരിയിരുന്നുകൊണ്ട് അവര്‍ ഉപയോഗപ്പെടുത്തും.

സ്വർഗത്തിലെ വസ്ത്രങ്ങളും ആഭരണങ്ങളും

സ്വര്‍ഗവാസികള്‍ അണിയുന്ന ഉയര്‍ന്നതരം ഉടയാടകളെക്കുറിച്ചും മുന്തിയതരം ആഭരണങ്ങളെ സംബന്ധിച്ചുമൊക്കെ ഖുര്‍ആനില്‍ വിവരണങ്ങള്‍ കാണാം. ”അവര്‍ക്കവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവര്‍ക്കവിടെയുള്ള വസ്ത്രം’ (22:23).
വെള്ളിവളകളും അവര്‍ക്ക് അണിയിക്കപ്പെടുന്നതാണ് (76:21)
സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളില്‍ അവര്‍ പ്രവേശിക്കുന്നതാണ്. ”സ്വര്‍ണം കൊണ്ടുള്ള ചില വളകളും മുത്തും അവര്‍ക്കവിടെ അണിയിക്കപ്പെടും. അവിടെ അവരുടെ വസ്ത്രം പട്ടായിരിക്കും’ (35:33). ”തീര്‍ച്ചയായും വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അത്തരം സല്‍പ്രവര്‍ത്തനം നടത്തുന്ന യാതൊരാളുടേയും പ്രതിഫലം നാം ഒരിക്കലും പാഴാക്കുന്നതല്ല’ (18:30).
‘അക്കൂട്ടര്‍ക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവര്‍ക്ക് അവിടെ സ്വര്‍ണം കൊണ്ടുള്ള വളകള്‍ അണിയിക്കപ്പെടുന്നതാണ്. നേരിയതും കട്ടിയുള്ളതുമായ പച്ചപ്പട്ടു വസ്ത്രങ്ങള്‍ അവര്‍ ധരിക്കുകയുംചെയ്യും’ (18:31).
സ്വര്‍ഗത്തിലെ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഐഹിക ജീവിതത്തിലെ വിഭവങ്ങളുമായി നാമമാത്ര സാദൃശ്യം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. സ്ഥിരവാസികള്‍ അണിയുന്ന പട്ടും വളകളും മറ്റ് ആഭരണങ്ങളുമെല്ലാം ഭംഗിയിലും ഗുണത്തിലും എല്ലാം ഒന്നിനോടും സാമ്യപ്പെടുത്താന്‍ കഴിയാത്ത വിധം ഏറ്റവും മികവും തികവുള്ളതുമാണ്. സ്വര്‍ഗീയ സുഖാനുഭൂതികളെപ്പറ്റി വിശുദ്ധ ഖുര്‍ആനും നബിയും വിശദീകരിച്ചത് മനുഷ്യ സങ്കല്‍പത്തിലെ വിഭവ സമൃദ്ധി പോലെയാണ്. ഇവ പക്ഷേ, പേരില്‍ മാത്രമേ സമാനതകളുള്ളൂ. സങ്കല്‍പാതീതമായ മേന്‍മയാണ് അവയ്ക്കുള്ളത്. നമുക്ക് മനസ്സിലാകുന്ന തരത്തില്‍ പറഞ്ഞു തരികയാണ് ചെയ്തത് എന്ന് ധരിച്ചാല്‍ മതി.

ഒരിക്കല്‍ ഉകൈദിര്‍ രാജാവ് തിരുമേനിക്ക് നേരിയ പട്ടുകൊണ്ടുള്ള ജുബ്ബ കാഴ്ചവെക്കുകയുണ്ടായി. അതിന്റെ ഭംഗിയില്‍ ആശ്ചര്യ ഭരിതരായിപ്പോയി ജനങ്ങള്‍, എല്ലാവരും. റസൂല്‍(സ്വ) പറഞ്ഞു; ”ഇത് കണ്ട് ആശ്ചര്യപ്പെടുകയാണോ നിങ്ങള്‍! സ്വര്‍ഗത്തില്‍ സഅ്ദ്ബ്‌നു ആദിന്റെ സ്വര്‍ഗപാലകന്‍ ഇതിനേക്കാള്‍ എത്രയോ അഴക് ഏറിയതാണ് (അണിയുക). (ബുഖാരി) 1.

സ്വര്‍ഗ സുന്ദരികളുടെ സൗന്ദര്യത്തെക്കുറിച്ച് പറയുന്നിടത്ത് നബി പറഞ്ഞു: ”അവളുടെ ശിരോവസ്ത്രം ഇഹലോകത്തെക്കാളും അതിലുള്ള എല്ലാറ്റിനേക്കാളും മെച്ചപ്പെട്ടതാണ്” (ബുഖാരി) 2.

രക്തസാക്ഷിക്ക് ലഭിക്കുന്ന സ്വര്‍ഗീയാനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ നബി(സ്വ) എണ്ണിയത് ഇങ്ങനെയാണ്. ”അദ്ദേഹത്തിന്റെ ശിരസ്സില്‍ ആദരവിന്റെ കിരീടമുണ്ടായിരിക്കും. അതിലെ രത്‌നം ദുനിയാവിനെക്കാളും അതിലുള്ള എല്ലാറ്റിനേക്കാളും മെച്ചപ്പെട്ടതായിരിക്കും. (തിര്‍മിദി) 3. ഇഹലോകത്ത് പട്ടണിയുന്ന പുരുഷന്മാര്‍ക്ക് പല ലോകത്ത് അതണിയാന്‍ കഴിയില്ല എന്ന് നബി(സ്വ) പ്രസ്താവിച്ചിരിക്കുന്നു (മുസ്‌ലിം) 4.

സ്വര്‍ഗവാസികളുടെ മുടിചീകുന്ന ചീര്‍പ്പ് സ്വര്‍ണവും വെള്ളിയും കൊണ്ടുള്ളതായിരിക്കും (ബുഖാരി) 5. മുന്തിയ സുഗന്ധവസ്തുക്കള്‍ അവിടെ അവര്‍ക്കായി സൂക്ഷിക്കുകയും ചെയ്യും.

സ്വർഗത്തിലെ ചന്തയും കൃഷിയും

അബൂഹുറയ്‌റ(റ) പറയുന്നു: ഒരിക്കല്‍ നബി(സ്വ) സംസാരിക്കുകയായിരുന്നു. അവിടുത്തെ സമീപം ഒരു ഗ്രാമവാസിയുമുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: സ്വര്‍ഗവാസികളില്‍ ഒരാള്‍ അല്ലാഹുവോട് കൃഷി ചെയ്യാന്‍ അനുമതി തേടി. അപ്പോള്‍ അല്ലാഹു അവനോട് ചോദിച്ചു. നീ ആഗ്രഹിച്ചതെല്ലാം നിനക്ക് ലഭിക്കുന്നില്ലേ? അവന്‍ പറഞ്ഞു. അതെ, എന്നാലും എനിക്ക് കൃഷിയിറക്കുന്നത് ഇഷ്ടമാണ്. അങ്ങനെ അവന്‍ വിത്തുവിതറി. ഞൊടിയിടയില്‍ അത് വളര്‍ന്നു പന്തലിച്ചു. വിളവെടുത്തു. അത് വലിയ മലകള്‍ കണക്കെ കുമിഞ്ഞുകൂടി. അപ്പോള്‍ അല്ലാഹു അവനോട് പറഞ്ഞു; ‘എടുത്തോളൂ മനുഷ്യപുത്രാ. നിനക്കൊന്നും മതിയാവുകയില്ല. അപ്പോള്‍ ഇത് കേട്ടുകൊണ്ടിരുന്ന ഗ്രാമീണര്‍ പറഞ്ഞു. ”അല്ലാഹുവാണ്, ഇത് വല്ല ഖുറൈശിയോ അന്‍സാരിയോ ആയിരിക്കും. അവരാണല്ലോ കൃഷിക്കാര്‍. ഞങ്ങള്‍ കൃഷിയുടെ ആളുകളല്ലല്ലോ. ഇത്‌കേട്ട് റസൂല്‍(സ്വ) ചിരിച്ചു. (ബുഖാരി) 6.

വിശ്വാസികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ സംഗമിക്കാന്‍ ഒരു ചന്തയുണ്ടായിരിക്കും. സ്വര്‍ഗത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും അവര്‍ അവിടെ സന്ധിക്കുന്നു. നബി(സ്വ) പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയുണ്ട്. സ്വര്‍ഗവാസികള്‍ എല്ലാ വെള്ളിയാഴ്ചകളിലും അവിടെ ചെല്ലുന്നു. അവിടെ ഒരു വടക്കന്‍ കാറ്റ് അടിച്ച് അവരുടെ മുഖത്തും വസ്ത്രങ്ങളിലും പതിക്കുന്നു. അതുവഴി അവര്‍ക്ക് ഭംഗി വര്‍ധിക്കുകയായി. അതുകഴിഞ്ഞ് അവര്‍ തങ്ങളുടെ വീട്ടുകാരുടെ അടുക്കലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍ അവര്‍ക്കും സൗന്ദര്യവും ഭംഗിയും വര്‍ധിച്ചിരിക്കും. അപ്പോള്‍ അവരുടെ വീട്ടുകാര്‍ പറയും. അല്ലാഹുവാണേ നിങ്ങള്‍ ഇവിടെ നിന്ന് പോയ ശേഷം നിങ്ങള്‍ക്ക് സൗന്ദര്യവും ഭംഗിയും വര്‍ദ്ധിച്ചിരിക്കുന്നു. (മുസ്‌ലിം) 7.

സ്വര്‍ഗവാസികളുടെ പ്രായം

സ്വര്‍ഗ പ്രവേശത്തിന് അര്‍ഹത നേടുന്നതോടെ ഏവരും യുവാക്കളും അരോഗദൃഢ ഗാത്രരുമായിത്തീരുമെന്ന് റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. അബൂസഈദില്‍ ഖുദ്‌രീ(റ)യും അബൂഹുറയ്‌റ(റ)യും പറയുന്നു. പ്രവാചകന്‍(സ്വ) പറഞ്ഞു. ”ഒരു വിളംബരക്കാരന്‍ സ്വര്‍ഗക്കാരോട് ഇങ്ങനെ പറയും. നിങ്ങള്‍ പൂര്‍ണ ആരോഗ്യമുള്ളവരായിക്കൊള്ളുക. ഇനി ഒരിക്കലും നിങ്ങള്‍ രോഗികളാവില്ല. നിങ്ങള്‍ എന്നെന്നും ജീവിച്ചു കൊള്ളുക, ഇനി ഒരിക്കലും വാര്‍ധക്യം ബാധിക്കില്ല. നിങ്ങള്‍ എന്നെന്നും സുഖാനുഭൂതികള്‍ ആസ്വദിച്ചുകൊള്ളുക. ഇനി ഒരിക്കലും നിങ്ങള്‍ക്ക് കഷ്ടപ്പാടുണ്ടാവില്ല (അല്‍ അഹാദീസുല്‍ മുഖ്താറ) 8.  അല്ലാഹു പറയുന്നു: ”ഒരു വിളംബരക്കാരന്‍ സ്വര്‍ഗക്കാരോട് ഇങ്ങനെ പറയും. നിങ്ങള്‍ പൂര്‍ണ ആരോഗ്യമുള്ളവരായിക്കൊള്ളുക. ഇനി ഒരിക്കലും നിങ്ങള്‍ രോഗികളാവില്ല. നിങ്ങള്‍ എന്നെന്നും ജീവിച്ചു കൊള്ളുക, ഇനി ഒരിക്കലും വാര്‍ധക്യം ബാധിക്കില്ല. നിങ്ങള്‍ എന്നെന്നും സുഖാനുഭൂതികള്‍ ആസ്വദിച്ചുകൊള്ളുക. ഇനി ഒരിക്കലും നിങ്ങള്‍ക്ക് കഷ്ടപ്പാടുണ്ടാവില്ല. അല്ലാഹു പറയുന്നു. ”സ്വര്‍ഗക്കാര്‍ വിളിക്കപ്പെടും. ഇത് നിങ്ങളുടെ സ്വര്‍ഗം, നിങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി നിങ്ങള്‍ക്ക് അവകാശമായി നല്‍കപ്പെടുന്നത്’ (7:43).
സ്വര്‍ഗാവകാശികളുടെ സൗന്ദര്യത്തെക്കുറിച്ച് പല വചനങ്ങളിലായി റസൂല്‍(സ്വ) പറഞ്ഞു തന്നിട്ടുണ്ട്. ”സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ആദ്യസംഘം പൂര്‍ണ ചന്ദ്രന്‍ ഉദയം ചെയ്തതു പോലെയായിരിക്കും. അതിനെ തുടര്‍ന്നുവരുന്നവര്‍ ആകാശത്തിലെ ഏറ്റവും തിളക്കമാര്‍ന്ന നക്ഷത്രത്തെപ്പോലെയും (മുസ്‌ലിം) 9.

മനുഷ്യ പിതാവ് ആദം(അ)നെപ്പോലെ ആകാരമുള്ളവരും സുശീലന്മാരുമായിരിക്കും. ”ഒരൊറ്റ മനുഷ്യന്റെ സ്വഭാവമായിരിക്കും അവര്‍ക്ക്. അവരുടെ പിതാവ് ആദമിന്റെ രൂപത്തില്‍ അറുപത് മുഴം ഉയരത്തില്‍ (മുസ്‌ലിം) 10.

”സ്വര്‍ഗാവകാശികള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് സുന്ദരന്മാരും യുവാക്കളുമായിട്ടായിരിക്കും. മൂക്ക് ചീറ്റുകയോ കാഷ്ഠിക്കുകയോ ചെയ്യില്ല (ബുഖാരി) 11.

സ്വര്‍ഗത്തിലെ ഇണകള്‍

പാരത്രികജീവിതത്തിലെ സ്വര്‍ഗീയ സൗഭാഗ്യങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നായി അല്ലാഹുവും റസൂലും പഠിപ്പിച്ചു തന്നിട്ടുള്ളത് പരിശുദ്ധകളായ ഇണകളാണ്. ”അവര്‍ക്ക് അവിടെ പരിശുദ്ധകളായ ഇണകളുണ്ടായിരിക്കും’‘ (2:25) എന്ന വചനത്തിലൂടെ, സുഖാനന്ദ ജീവിതത്തിന് ആവശ്യമായ വിഭവങ്ങള്‍ക്കൊപ്പം സ്വര്‍ഗത്തില്‍ സുന്ദരികളായ തരുണികളുടെ സാന്നിദ്ധ്യമാണ് ഖുര്‍ആന്‍ പ്രത്യേകം എടുത്തു പറയുന്നത്.

ഇഹലോകത്തെ ഇണകളെത്തന്നെ പരലോകത്ത് സ്വര്‍ഗത്തിലും ലഭിക്കണമെന്ന് മനുഷ്യന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ രണ്ടു പേരും സ്വര്‍ഗത്തിലാണെങ്കില്‍ അവര്‍ക്ക് ഒന്നിക്കാന്‍ അല്ലാഹു അവസരം നല്‍കുന്നു എന്നു മാത്രമല്ല പിതാക്കള്‍ക്കും സന്താനങ്ങള്‍ക്കും ഈ അവസരം ലഭിക്കുന്നു.
”അവരും അവരുടെ പിതാക്കളില്‍ നിന്നും ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്” (13:23).
”ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേര്‍ക്കുന്നതാണ്” (52:21). അവരുടെ സുഖജീവിതത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ”അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും’ (36:56). ഇഹലോകത്തെ സ്ത്രീകളില്‍ നിന്നു രണ്ടുപേര്‍ വീതം ഇണകളായി ലഭിക്കുമെന്ന് നബി(സ്വ) പറയുന്നു (ബുഖാരി) 12. സൗന്ദര്യം കാരണം ഇവരുടെ കണങ്കാലുകളുടെ മജ്ജ മാംസത്തിനുള്ളിലൂടെ കാണാം (ബുഖാരി) 12. ഇവര്‍ക്ക് പുറമെ ഹൂറുല്‍ ഈനുകള്‍ വേറെയും ഉണ്ടാവും.

ഹൂറുൻ ഈൻ

الحور العين
ഹൂര്‍ എന്ന പദത്തിനര്‍ഥം കണ്ണിലെ വെള്ളഭാഗം കൂടുതല്‍ വെളുത്തവളും കൃഷ്ണമണി കൂടുതല്‍ കറുത്തവളും എന്നാണ്. ‘ഈന്‍’ എന്നാല്‍ വിശാല നേത്രമുള്ളവളെന്നും വിവക്ഷ. സൗന്ദര്യത്തിന്റെ ലക്ഷണമായിട്ടുള്ള ഈ രണ്ടു കാര്യങ്ങളും ചേര്‍ത്ത് ‘ഹൂറുല്‍ഈന്‍’ എന്ന പദം പ്രയോഗിക്കുമ്പോള്‍ സ്വര്‍ഗത്തില്‍ ഭാര്യമാര്‍ക്ക് പുറമെ ഇണകളായി ലഭിക്കുന്ന സുന്ദരികളായ തരുണികളെയാണ് ഉദ്ദേശിക്കുന്നത്. ആകര്‍ഷകമായ പദ പ്രയോഗങ്ങളിലൂടെയും മനോഹരമായ വര്‍ണനകളിലൂടെയും ധാരാളം സൂക്തങ്ങളിലായി ഹൂറുല്‍ ഈന്‍കളെകുറിച്ചുള്ള വിശദീകരണങ്ങള്‍ കാണാന്‍ കഴിയും.

വിശാല നേത്രങ്ങളുള്ള തരുണികളെ അവര്‍ക്ക് നാം ഇണകളായി നല്‍കുകയും ചെയ്യും’‘ (44:54).
തീര്‍ച്ചയായും നാം അവരെ ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. അങ്ങനെ നാം അവരെ കന്യകമാരും സ്‌നേഹവതികളും സമപ്രായക്കാരുമാക്കിയിരിക്കുന്നു” (56:35:37).
കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍’‘ (55:72).
‘അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും” (55:56-58).
”ഹൂറുല്‍ഈന്‍ ചിപ്പികളില്‍ ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ള വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികള്‍’‘ (56:22,23).

ഋതു രക്തമോ പ്രസവ രക്തമോ കാരണം അശുദ്ധി കലരാത്ത ആ സുന്ദരികള്‍ ദൃഷ്ടി ഒതുക്കി കൂടാരങ്ങളില്‍ ലജ്ജാശീലരായി കഴിഞ്ഞുകൂടുന്ന പരിശുദ്ധകളാണ്. സ്വര്‍ഗ സുന്ദരികളായ ഹൂറികളുടെ സൗന്ദര്യത്തെക്കുറിച്ച് നബി(സ്വ) പറയുന്നു ”സ്വര്‍ഗ വാസികളിലെ ഒരു സ്ത്രീയെങ്ങാനും ഭൂമിയിലേക്ക് എത്തിനോക്കിയാല്‍ അത് സ്വര്‍ഗത്തിനും ഭൂമിക്കുമിടയില്‍ ഒന്നാകെ പ്രകാശം പരത്തുകയും സുഗന്ധം നിറക്കുകയും ചെയ്യും. അവളുടെ ശിരോവസ്ത്രം ദുനിയാവിനെക്കാളും അതിലുള്ള മറ്റെല്ലാറ്റിനേക്കാളും ഉത്തമമാണ് (ബുഖാരി) 13. രക്തസാക്ഷിക്ക് പ്രത്യേകമായി എഴുപത്തിരണ്ട് ഹൂറികളെ നല്‍കുമെന്ന് നബി(സ്വ) പറയുകയുണ്ടായി (തിര്‍മിദി) 14.

ഉമ്മുസലമ(റ) ഒരിക്കല്‍ നബി(സ്വ)യോട് ചോദിച്ചു: ‘ദുന്‍യാവില്‍ നിന്ന് ചെന്ന സ്ത്രീകള്‍ക്കാണോ കൂടുതല്‍ ശ്രേഷ്ഠത അതോ ഹൂറികള്‍ക്കോ? തിരുമേനി(സ്വ) പറഞ്ഞു. ഒരു വിരിപ്പിന്റെ അടിഭാഗത്തേക്കാള്‍ പുറം ഭാഗത്തിനുള്ള ശ്രേഷ്ഠതയുണ്ട് ദുനിയാവില്‍ നിന്ന് ചെന്ന സ്ത്രീകള്‍ക്ക് ഹൂറിയേക്കാള്‍. ഉമ്മുസലമ ചോദിച്ചു. എന്തുകൊണ്ട്? നബി(സ്വ) തിരുമേനി പറഞ്ഞു. ”അവര്‍ അല്ലാഹുവിന് നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും മറ്റു ഇബാദത്തുകളെടുക്കുകയും ചെയ്തതുകൊണ്ട് (ത്വബ്‌റാനീ) 15

സ്വര്‍ഗവാസികളുടെ സാക്ഷാല്‍ ഭാര്യമാര്‍ ദുനിയാവിലെ സദ്‌വൃത്തകളായ സ്ത്രീകളായിരിക്കും. വിശ്വാസവും സത്കര്‍മവും വഴി സ്വര്‍ഗാവകാശികളായിത്തീര്‍ന്ന അവര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാര്‍ (ഭൂമിയിലെ) സ്വര്‍ഗവാസികളാണെങ്കില്‍ അവരെ സ്വയം ഇഷ്ടപ്രകാരം ഭര്‍ത്താക്കളായി സ്വീകരിക്കും. അല്ലെങ്കില്‍ അവരിഷ്ടപ്പെടുന്ന മറ്റു ഭര്‍ത്താക്കളെ അല്ലാഹു അവര്‍ക്ക് നല്‍കും. സ്വര്‍ഗവാസികളുടെ സ്ഥിരം പാര്‍പ്പിടങ്ങളായ മാളികകളില്‍ ഇവരായിരിക്കും അധിവസിക്കുന്നത്.

ഹൂറുല്‍ഈന്‍ (സ്വര്‍ഗത്തിലെ തരുണികള്‍) അവിടത്തെ പഴങ്ങള്‍, പാനീയങ്ങള്‍ തുടങ്ങിയ മറ്റു വിഭവങ്ങളെപ്പോലെ കൂടുതല്‍ ആനന്ദത്തിന് വേണ്ടി അവിടെ നല്‍കപ്പെടുന്ന വിഭവങ്ങളാണ്. ഉല്ലാസ കേന്ദ്രങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന കൂടാരങ്ങളിലായിരിക്കും അവര്‍ വസിക്കുന്നത്.

സുന്ദരികളും സുമുഖികളുമായ സ്വര്‍ഗസ്ത്രീകള്‍ സ്വരമാധുരിയുള്ളവര്‍ കൂടിയായിരിക്കുമെന്ന് നബി (സ്വ) പറയുന്നു.
”സ്വര്‍ഗസ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്കു വേണ്ടി ഏറ്റവും നല്ല ശബ്ദ മാധുര്യത്തോടെ, ഗാനങ്ങള്‍ ആലപിക്കുന്നു. അതുപോലെ ആരും കേട്ടിരിക്കില്ല (ത്വബ്‌റാനി) 16.

ഈ അനുഗ്രഹം പുരുഷന്മാര്‍ക്കു മാത്രമല്ല സ്ത്രീകള്‍ക്കും ലഭിക്കുമെന്ന് ‘പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും‘ (2:25) എന്ന വിശുദ്ധ ഖുര്‍ആനിന്റെ പൊതു പ്രസ്താവനയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

അല്ലാഹുവിനെ കാണല്‍

സ്വര്‍ഗത്തിലെ മഹത്തായ അനുഗ്രഹമെന്ന നിലക്ക് സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിനെ കാണാന്‍ കഴിയും. ”നന്മ പ്രവര്‍ത്തിച്ചവര്‍ക്ക് വളരെ നല്ലതായ പ്രതിഫലവും കൂടുതല്‍ വര്‍ധനയും ഉണ്ട്. അവരുടെ വദനങ്ങളെ കറുപ്പോ മ്ലാനതയോ ബാധിക്കുകയില്ല. അവരത്രെ സ്വര്‍ഗവാസികള്‍. അവരതില്‍ ശാശ്വതന്മാരാണ് (10:26).

ഇവിടെ വര്‍ധന എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ തിരുമുല്‍കാഴ്ചയാണെന്നും, അതിലുപരി ഒരു ഭാഗ്യം വിശ്വാസികള്‍ക്ക് വേറെ ലഭിക്കാനില്ലെന്നും പല ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നു. അബൂബക്കര്‍, ഹുദൈഫത്തുബ്‌നുയമാന്‍ ഇബ്‌നു അബ്ബാസ്, സഈദ്ബ്‌നുല്‍ മുസയ്യിബ്, അബ്ദുറഹ്മാനുബ്‌നു അബീലൈലാ, മുജാഹിദ്, ഇക്‌രിമ, ദ്വഹ്ഹാഖ്, സുദ്ദീ(റ) തുടങ്ങി സ്വഹാബികളും താബിഉകളുമായ പല മഹാന്മാരില്‍നിന്നും ഇത് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ വിഷയത്തില്‍ നബി (സ)യില്‍ നിന്ന് വന്ന ഹദീസുളില്‍ ഒന്ന് ഇപ്രകാരമാകുന്നു. ”നന്മ ചെയ്തവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലവും കൂടുതലുമുണ്ടായിരിക്കും” എന്ന സൂക്തം ഓതിക്കൊണ്ട് തിരുമേനി(സ) പറഞ്ഞു. ”സ്വര്‍ഗക്കാര്‍ സ്വര്‍ഗത്തിലും നരകക്കാര്‍ നരകത്തിലും പ്രവേശിച്ചാല്‍ ഒരാള്‍ വിളിച്ചു പറയും ”സ്വര്‍ഗ്ഗക്കാരേ, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനമുണ്ട്. അതവന്‍ നിറവേറ്റാന്‍ ഉദ്ദേശിക്കുന്നു. അപ്പോള്‍ അവര്‍ പറയും: ‘എന്താണത്? അവന്‍ ഞങ്ങളുടെ (സല്‍കര്‍മങ്ങളുടെ) ഏടുകള്‍ തന്നില്ലേ? ഞങ്ങളുടെ മുഖങ്ങളെ അവന്‍ വെളുപ്പിച്ചു (സന്തോഷിപ്പിച്ച്) തരികയും ചെയ്തില്ലേ? ഞങ്ങളെ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തില്ലേ? (ഇനി വേറെ വാഗ്ദാനങ്ങള്‍ ഒന്നുമില്ലല്ലോ) അപ്പോള്‍ അവര്‍ക്ക് മറനീക്കപ്പെടും. അവര്‍ അല്ലാഹുവിനെ നോക്കിക്കാണും. അപ്പോള്‍ അവനെ നോക്കിക്കാണുന്നതിനേക്കാള്‍ ഇഷ്ടപ്പെടാനോ കണ്ണുകള്‍ക്ക് ആനന്ദമായിത്തീരാനോ മറ്റൊന്നും തന്നെ അവര്‍ക്ക് ഉണ്ടായിരിക്കില്ല. (അഹ്മദ്, മുസ്‌ലിം).

അബൂസഈദ്, അബൂഹുറയ്‌റ (റ) എന്നീ സ്വഹാബികളില്‍നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു.  ചില ആളുകള്‍ ചോദിച്ചു. “അല്ലാഹുവിന്റെ റസൂലേ, നാം ഖിയാമത്തു നാളില്‍ നമ്മുടെ റബ്ബിനെ കാണുമോ?” അപ്പോള്‍ തിരുമേനി (സ) പറഞ്ഞു: ഒട്ടും മേഘമില്ലാത്ത അവസരത്തില്‍ സൂര്യനേയും ചന്ദ്രനേയും കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം നേരിടുമോ? അവര്‍ പറഞ്ഞു; ഇല്ല. തിരുമേനി പറഞ്ഞു, അതുപോലെ നിശ്ചയമായും നിങ്ങളുടെ റബ്ബിനെ വഴിയെ കാണുന്നതാണ്.” സൂറത്തു മുത്വഫ്ഫിഫീനില്‍ നരകക്കാരായ മഹാപാപികളെപ്പറ്റി അല്ലാഹു പറയുന്നു. ”അങ്ങനെയല്ല നിശ്ചയമായും അന്നത്തെ ദിവസം അവര്‍ തങ്ങളുടെ റബ്ബില്‍ നിന്നും മറയിടപ്പെടുന്നവരാണ്.” അല്ലാഹുവിനെ ദര്‍ശിക്കാനുള്ള മഹാഭാഗ്യം സ്വര്‍ഗവാസികള്‍ക്ക് ലഭിക്കും. സജ്ജനങ്ങള്‍ക്ക് അതിന് മറയിടപ്പെടുന്നതല്ല. അതുകൊണ്ടാണ് സത്യനിഷേധികള്‍ മറയിടപ്പെടുന്നവരാണെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നത്.

ജൗഹറതുത്തൗഹീദ് എന്ന ഗ്രന്ഥത്തില്‍ ഈ വിഷയകമായി ഇങ്ങനെ രേഖപ്പെടുത്തിയതായി കാണാന്‍ കഴിയും. പരലോകത്ത് വെച്ച് സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിനെ കാണാം. ആ കാഴ്ച നാം പരസ്പരം കാണുന്നത് പോലെയല്ല. സൃഷ്ടി സ്രഷ്ടാവിനെ കാണുന്ന കാഴ്ച അതിന്റേതായ ഒരു പ്രത്യേക രീതിയിലും അവസ്ഥയിലും ആയിരിക്കും (പേജ് 159).

സ്വർഗത്തിലെ കൂടിക്കാഴ്ചകള്‍, സംഭാഷണങ്ങള്‍

പരസ്പര സമാധാനാശംസകള്‍ കൈമാറി, യാതൊരു പകയും വിദ്വേഷവും ഇല്ലാതെ ഏകോദര സഹോദരങ്ങളെപ്പോലെ നിഷ്‌കളങ്ക സ്‌നേഹം നിറഞ്ഞു തുളുമ്പുന്ന സ്വര്‍ഗീയാരാമങ്ങളില്‍ കഴിഞ്ഞുകൂടുന്ന വിശ്വാസികള്‍ തമ്മില്‍ പല സംഭാഷണങ്ങളും നടക്കുന്നു.

‘പരസ്പരം പലതും ചോദിച്ചുകൊണ്ട് അവര്‍ അന്യോന്യം അഭിമുഖീകരിക്കും. അവര്‍ പറയും, തീര്‍ച്ചയായും നാം ഇതിനു മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയഭക്തിയുള്ളവരായിരുന്നു. അതിന് അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും രോമകൂപങ്ങളില്‍ തുളച്ചുകയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍നിന്ന് അവന്‍ നമ്മെ കാത്തു രക്ഷിക്കുകയും ചെയ്തു. തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ഥിക്കുന്നവരായിരുന്നു. അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും’‘ (52:25-28).

മറ്റൊരു സംഭാഷണം ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. ”ആ സ്വര്‍ഗവാസികള്‍ പരസ്പരം പല ചോദ്യങ്ങളും ചോദിക്കും. അവരില്‍നിന്ന് ഒരു വക്താവ് പറയും. തീര്‍ച്ചയായും എനിക്ക് ഒരു കൂട്ടുകാരുനുണ്ടായിരുന്നു. അവന്‍ പറയുമായിരുന്നു. തീര്‍ച്ചയായും നീ പരലോകത്തില്‍ വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണോ. നാം മരിച്ചിട്ട് മണ്ണില്‍ അസ്ഥിശകലങ്ങളായി കഴിഞ്ഞാലും നമുക്ക് നമ്മുടെ കര്‍മങ്ങള്‍ നല്‍കപ്പെടുമെന്നതാണോ! തുടര്‍ന്ന് ആ വക്താവ് കൂടെയുള്ളവരോട് പറയും. നിങ്ങള്‍ ആ കൂട്ടുകാരനെ എത്തിനോക്കാനുദ്ദേശിക്കുന്നുണ്ടോ? അല്ലാഹു തന്നെയാണ് സത്യം നീ എന്നെ നാശത്തില്‍ അകപ്പെടുത്തുകതന്നെ ചെയ്‌തേക്കുമായിരുന്നു. എന്റെ രക്ഷിതാവിന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ ആ നരകത്തില്‍ ഹാജരാക്കപ്പെടുന്നവരില്‍ ഞാനും ഉള്‍പ്പെടുമായിരുന്നു. സ്വര്‍ഗവാസികള്‍ പറയും: നമ്മുടെ ആദ്യത്തെ മരണമല്ലാതെ ഇനി നാം മരണപ്പെടുന്നവരല്ലല്ലോ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല. തീര്‍ച്ചയായും ഇത് തന്നെയാണ് മഹത്തായ ഭാഗ്യം. ഇതുപോലെയുള്ളതിന് വേണ്ടിയാകട്ടെ പ്രവര്‍ത്തകന്മാര്‍ പ്രവര്‍ത്തിക്കുന്നത്’ (37:50-61).

സ്വര്‍ഗവാസികള്‍ നരകവാസികളോട് വിളിച്ചു ചോദിക്കുന്ന ഒരു രംഗവും ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. ”സ്വര്‍ഗാവകാശികള്‍ നരകാവകാശികളോട് വിളിച്ചു പറയും: ഞങ്ങളോട് ഞങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് ഞങ്ങള്‍ യഥാര്‍ത്ഥ്യമായി കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദാനം ചെയ്തത് നിങ്ങള്‍ യാഥാര്‍ത്ഥ്യമായി കണ്ടെത്തിയോ? അവര്‍ പറയും: ‘അതേ’ അപ്പോള്‍ ഒരു വിളിച്ചു പറയുന്ന ആള്‍ അവര്‍ക്കിടയില്‍ വിളിച്ചുപറയും. അല്ലാഹുവിന്റെ ശാപം അക്രമികളുടെ മേലാകുന്നു’ (7:44).

മതത്തെ തന്നെ പരിഹസിച്ചും ദൈവത്തെ നിഷേധിച്ചും നടന്ന അവിശ്വാസികളെ പരലോകത്ത് വിശ്വാസികള്‍ പരിഹസിക്കുന്ന മറ്റൊരു രംഗം ഖുര്‍ആന്‍ വിവരിക്കുന്നു. ‘എന്നാല്‍ ഖിയാമത്ത് നാളില്‍ ആ സത്യ വിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കിച്ചിരിക്കുന്നതാണ്. സോഫകളില്‍ ഇരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും; സത്യനിഷേധികള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്’ (83:34,35,36).

സ്വര്‍ഗവാസികളുടെ പ്രതികരണം

സര്‍വാനുഗ്രഹത്തിന്റെ സങ്കേതമായ സ്വര്‍ഗത്തില്‍ വിശ്വാസികള്‍ പരമാനന്ദത്തില്‍ കഴിയുമ്പോള്‍ തന്നെ അവര്‍ ദൈവ കീര്‍ത്തനത്തിലും സ്‌ത്രോത്രങ്ങളിലും മുഴുകുന്നു. സ്വര്‍ഗ പ്രവേശം ലഭിക്കുന്നവരെ വിശേഷിപ്പിച്ചതില്‍ പ്രധാനമായി അവര്‍ കാലത്തും വൈകീട്ടും അല്ലാഹുവെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുമെന്ന് നബി(സ്വ) പറയുകയുണ്ടായി. (ബുഖാരി) 5.

പക, വിദ്വേഷം തുടങ്ങിയ ദുര്‍വികാരങ്ങളില്‍ നിന്നെല്ലാം മുക്തമായ സംശുദ്ധ ഹൃദയമുള്ളവരായി സാഹോദര്യത്തോടെ സ്വര്‍ഗാവകാശികള്‍ അവിടെ കഴിഞ്ഞുകൂടുന്നു. പ്രപഞ്ച നാഥന്റെ സംതൃപ്തി സദാ അവര്‍ക്ക് നേരെ ചൊരിഞ്ഞുകൊണ്ടിരിക്കും. നബി(സ്വ) പറയുന്നു: ”തീര്‍ച്ചയായും അല്ലാഹു സ്വര്‍ഗാവകാശികളോട് പറയും. സ്വര്‍ഗാവകാശികളേ, അപ്പോള്‍ അവര്‍ മറുപടി പറയും. ഉത്തരവ് നാഥാ, നന്മയെല്ലാം നിന്റെ കൈകളിലാണ്. അപ്പോള്‍ അവന്‍ ചോദിക്കും, നിങ്ങള്‍ തൃപ്തരാണോ? അവര്‍ പറയും നാഥാ, ഞങ്ങളെന്തിനാണ് തൃപ്തരാകാതിരിക്കുന്നത്? നിന്റെ സൃഷ്ടിയില്‍ ആര്‍ക്കും നല്‍കാത്തത് നീ ഞങ്ങള്‍ക്ക് നല്‍കിയില്ലേ? അപ്പോള്‍ അല്ലാഹു പറയും: ഇതിനേക്കാള്‍ ശ്രേഷ്ഠമായത് ഞാന്‍ നിങ്ങള്‍ക്ക് നല്‍കട്ടെ? അവര്‍ ചോദിക്കും: നാഥാ, ഇതിനേക്കാള്‍ ശ്രേഷ്ഠമായത് എന്താണുള്ളത്? അല്ലാഹു പറയും: ”എന്റെ സംതൃപ്തി ഞാന്‍ നിങ്ങള്‍ക്ക് മീതെ ചൊരിയുന്നു. ഞാനൊരിക്കും ഇനി നിങ്ങളോട് കോപിക്കുകയില്ല. (ബുഖാരി) 17.

സര്‍വാധിനാഥനായ പ്രപഞ്ചസ്രഷ്ടാവിനെ മറയൊന്നുമില്ലാതെ ഇരു നേത്രങ്ങള്‍ കൊണ്ട് കാണാം. ഈ മഹാഭാഗ്യവും അവര്‍ക്ക് ലഭിക്കുന്നു. ഇതുകാരണം അവര്‍ പ്രസന്ന വദനരായിരിക്കും. ”ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും അവരുടെ രക്ഷിതാവിന്റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും’ (75:22, 23).
ദു:ഖവും പ്രയാസങ്ങളുമില്ലാത്ത സുഖാനുഭൂതിയുടെ ലോകത്ത് കഴിഞ്ഞുകൂടാന്‍ ഭാഗ്യം നല്‍കിയ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് അവര്‍ പറയും. ”ഞങ്ങളില്‍ നിന്ന് ദു:ഖം നീക്കം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമത്രെ, തന്റെ അനുഗ്രഹത്താല്‍ സ്ഥിരവാസത്തിനുള്ള ഈ ഭവനത്തില്‍ ഞങ്ങളെ കുടിയിരുത്തിയവനാകുന്നു അവന്‍. യാതൊരു ബുദ്ധിമുട്ടുകളും ഇവിടെ ഞങ്ങള്‍ക്ക് ബാധിക്കുകയില്ല. യാതൊരു ക്ഷീണവും ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുകയുമില്ല’ (35:34,35).

വിശ്വാസികള്‍ മനസ്സില്‍ നാഥനോട് സ്തുതികള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മലക്കുകള്‍ സര്‍വാധിപന്റെ രാജ സിംഹാസനത്തിന് ചുറ്റും വലയം ചെയ്തുകൊണ്ട് നില്‍ക്കും. അവര്‍ (സ്വര്‍ഗാവകാശികള്‍ പറയും) ‘ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതന്മാര്‍ തീര്‍ച്ചയായും സത്യവും കൊണ്ടാണ് വന്നിരിക്കുന്നത്’ (7:43).

അഅ്‌റാഫ്

സ്വര്‍ഗത്തിനും നരകത്തിനുമിടക്ക് ഉള്ള ഒരു അതിര്‍ത്തി മറയെ ഉദ്ദേശിച്ചുകൊണ്ട് സാമാന്യമായി പറയുന്ന പേരാണ് അഅ്‌റാഫ്. അകലെ നിന്ന് തെളിഞ്ഞു കാണത്തക്കവിധം ഉയര്‍ന്നു നില്‍ക്കുന്ന മേടും കുന്നും പോലെയുള്ളതൊക്കെയും ഈ പദത്തിന്റെ ഏകവചനത്തിന്റെ വിവക്ഷയില്‍ പെടുന്നു. പൊന്തിനില്‍ക്കുന്ന പൂവിനും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നു. അതിന്റെ ബഹുവചനമാണ് അഅ്‌റാഫ്. സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ മാത്രം സല്‍കര്‍മങ്ങളില്ലാത്ത, നരകത്തില്‍ തള്ളപ്പെടാന്‍ മാത്രം ദുഷ്‌കര്‍മളുമില്ലാത്ത ഒരുകൂട്ടര്‍ സ്വര്‍ഗനരകങ്ങളുടെ ഇടയിലുള്ള ഭിത്തിയുടെ മുകളില്‍ കയറിപ്പറ്റുന്നു. സ്വര്‍ഗക്കാരെയും നരകക്കാരെയും ആ ഭിത്തിക്ക് മുകളില്‍ നിന്ന അവര്‍ക്ക് ശരിക്ക് കാണുവാന്‍ സാധിക്കുന്നു. ഇരുകൂട്ടരെയും നോക്കി അവര്‍ ഇങ്ങനെ വിളിച്ചു പറയുന്ന രംഗം ഖുര്‍ആന്‍ വിവരിക്കുന്നു.

”അതു രണ്ടിനുമിടയില്‍ ഒരു മറയുണ്ട്. അഅ്‌റാഫിന്‍മേല്‍ ചില ആളുകളുണ്ട്. എല്ലാവരെയും അവരുടെ അടയാളങ്ങള്‍ കൊണ്ട് അവര്‍ അറിയുന്നതാണ്. അവര്‍ സ്വര്‍ഗത്തിലെ ആള്‍ക്കാരെ വിളിച്ചുപറയും. നിങ്ങള്‍ക്ക് സമാധാനം ഉണ്ടാവട്ടെ. അവര്‍ അതില്‍ പ്രവേശിച്ചിട്ടില്ല അവരത് മോഹിച്ച് കൊണ്ടിരിക്കുന്നു. അവരുടെ ദൃഷ്ടികള്‍ നരകത്തിലെ ആള്‍ക്കാരുടെ നേരെ തിരിക്കപ്പെട്ടാല്‍ അവര്‍ പറയും, ഞങ്ങളുടെ റബ്ബേ ഞങ്ങളെ ഈ അക്രമികളായ ജനങ്ങളുടെ കൂടെ ആക്കരുതേ’ (7:46,47).

സ്വര്‍ഗക്കാരെ അവരുടെ ലക്ഷണം കൊണ്ടും നരകക്കാരെ അവരുടെ അടയാളംകൊണ്ടും അഅ്‌റാഫുകാര്‍ വേര്‍തിരിച്ചറിയുന്നു. സന്തോഷഭരിതരും പ്രസന്നവദനരുമായി സ്വര്‍ഗവാസികളെ കാണുമ്പോള്‍ തന്നെ നരകാഗ്നിയില്‍ പതിച്ചവര്‍ പുകമൂടി കറുത്തിരുണ്ട മുഖഭാവങ്ങളിലായിരിക്കും. അഅ്‌റാഫുകാര്‍ അവരെ അധിക്ഷേപിച്ചുകൊണ്ട് ഇപ്രകാരം പറയുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു:

”അഅ്‌റാഫിലെ ആള്‍ക്കാര്‍ ചില ആളുകളെ വിളിക്കും. അവരുടെ അടയാളംകൊണ്ട് അവരെ അവര്‍ അറിയുന്നതാണ്. അവര്‍ പറയും: ‘നിങ്ങളുടെ ശേഖരണവും നിങ്ങള്‍ അഹംഭാവം നടിച്ചു കൊണ്ടിരുന്നതും, നിങ്ങള്‍ക്ക് എന്താണ് ഉപകരിച്ചത്? ഇക്കൂട്ടരെപ്പറ്റിയാണോ അല്ലാഹു അവര്‍ക്ക് ഒരു കാരുണ്യവും കൊടുക്കുകയില്ലെന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ സത്യം ചെയ്തത്? നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ യാതൊന്നും ഭയപ്പെടേണ്ടതായി ഇല്ല. നിങ്ങള്‍ വ്യസനപ്പെടുകയും ചെയ്കയില്ല എന്നാണല്ലോ അവരോട് പറയപ്പെട്ടിരിക്കുന്നത്’ (7:48, 49).

ഇബ്‌നുമസ്ഊദ്(റ)ല്‍നിന്ന് സഈദ്ബ്‌നുല്‍മുസയ്യിബ്(റ) ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ട് ആണ് ഈ വിഷയത്തില്‍ കൂടുതല്‍ പ്രാമാണികമായി പറയപ്പെടുന്നത്. ”ഖിയാമത്ത് നാളിലെ വിചാരണയില്‍ ആരുടെ നന്മകള്‍ തിന്മകളേക്കാള്‍ അല്പമെങ്കിലും അധികമായോ അവന്‍ സ്വര്‍ഗത്തിലും, ആരുടെ തിന്മകള്‍ അവന്റെ നന്മകളേക്കാള്‍ അല്പമെങ്കിലും അധികമായോ അവന്‍ നരകത്തിലും പ്രവേശിക്കും എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അഅ്‌റാഫ് സൂറത്തിലെ എട്ടും ഒമ്പതും വചനങ്ങള്‍ ഓതി. എന്നിട്ട് പറഞ്ഞു. അപ്പോള്‍ ആരുടെ നന്മകളും തിന്മകളും സമമായോ അവരാണ് അഅ്‌റാഫിന്റെ ആള്‍ക്കാര്‍. അവര്‍ സ്വര്‍ഗക്കാരെ നോക്കുമ്പോള്‍ അവര്‍ക്ക് ‘സലാം’ എന്ന് പറയും. നരകക്കാരിലേക്ക് നോക്കുമ്പോള്‍ റബ്ബേ ഞങ്ങളെ ഈ അക്രമികളുടെ കൂടെ ആക്കരുതേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യും. അങ്ങനെ അവസാനം അവരുടെ മോഹം (സ്വര്‍ഗത്തിലേക്കുള്ള പ്രവേശനം) സഫലമായിത്തീരുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു (ഹാകിം) 18.

ഇപ്രകാരം ആദ്യം സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ലെങ്കില്‍ പിന്നീട് അല്ലാഹുവിന്റെ കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും സ്വര്‍ഗപ്രവേശം സാധ്യമായിത്തീരുന്നവരാണ് ‘അഅ്‌റാഫുകാര്‍’.

ഇബ്‌നുകസീര്‍(റ) അഅ്‌റാഫിലെ ആള്‍ക്കാരെപ്പറ്റി ഇപ്രകാരം പ്രസ്താവിക്കുന്നു. ”അഅ്‌റാഫുകാരെക്കുറിച്ച് വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയപ്പെട്ടിട്ടുണ്ട്. അവയെല്ലാം ഒരേ സ്വരത്തില്‍ കലാശിക്കുന്നു. അതായത് നന്മകളും തിന്മകളും സമമായ ആളുകളാണ് അവര്‍ എന്നത്രെ അത് (തഫ്‌സീറുബ്‌നി കസീര്‍) 19. ഹുദൈഫ(റ), ഇബ്‌നു അബ്ബാസ്(റ), ഇബ്‌നുമസ്ഊദ്(റ) എന്നീ സ്വഹാബികളും മുന്‍ഗാമികളിലും പിന്‍ഗാമികളിലുംപെട്ട അനേകം ആളുകളും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതും അതാണ്.

 

References
  1. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 922, ഹദീസ് 2473[]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1029, ഹദീസ് 2643[]
  3. സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 466, ഹദീസ് 1756[]
  4. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 140, ഹദീസ് 208[]
  5. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1185, ഹദീസ് 3073[][]
  6. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 2733, ഹദീസ് 7081[]
  7. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 2178, ഹദീസ് 2833[]
  8. അല്‍ അഹാദീസുല്‍ മുഖ്താറ, ദിയാഉദ്ദീന്‍ മുഖദ്ദസി, വാള്യം 02, പേജ് 162, ഹദീസ് 542[]
  9. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 145, ഹദീസ് 2834[]
  10. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 146, ഹദീസ് 2834[]
  11. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1210, ഹദീസ് 3149[]
  12. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1187, ഹദീസ് 3081[][]
  13. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2401, ഹദീസ് 6199[]
  14. സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 187, ഹദീസ് 1663[]
  15. അല്‍ മുഅ്ജമുല്‍ കബീര്‍, സുലൈമാന്‍ ബിന്‍ അഹ്‌മദ് ബിന്‍ അയ്യൂബ് ബിന്‍ മുതൈ്വര്‍ അല്‍ അഹ്‌മിയശ്ശാമി അബുല്‍ ഖാസിം അത്ത്വബ്‌റാനി, മക്തബ ഇബ്‌നു തൈമിയ്യ, കെയ്‌റോ, രണ്ടാം പതിപ്പ്, വാള്യം 23, പേജ് 367, ഹദീസ് 1103.[]
  16. അല്‍ മുഅ്ജമുല്‍ കബീര്‍, സുലൈമാന്‍ ബിന്‍ അഹ്‌മദ് ബിന്‍ അയ്യൂബ് ബിന്‍ മുതൈ്വര്‍ അല്‍ അഹ്‌മിയശ്ശാമി അബുല്‍ ഖാസിം അത്ത്വബ്‌റാനി, മക്തബ ഇബ്‌നു തൈമിയ്യ, കെയ്‌റോ, രണ്ടാം പതിപ്പ്, വാള്യം 08, പേജ് 95, ഹദീസ് 7478[]
  17. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 2732, ഹദീസ് 7080[]
  18. അല്‍ മുസ്തദ്‌റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബ്‌നു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാള്യം 04, പേജ്: 230, ഹദീസ് 3285[]
  19. തഫ്‌സീറു ഇബ്‌നു കസീര്‍, അബുല്‍ ഫിദാഅ് ഇസ്മാഈലുബ്‌നു ഉമറബ്‌നി കസീര്‍ അല്‍ ഖുറശീ അല്‍ ബസ്വരീ, ദാറു ത്വയ്ബ ലിന്നശ്‌രി വത്തൗസീഅ്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 418[]
മുൻപത്തെ ലേഖനം വിധി വിശ്വാസം
അടുത്ത ലേഖനം സ്വര്‍ഗത്തിന്റെ സവിശേഷതകള്‍ ഭാഗം-1

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History