അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ ഭാഗം 7
പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ കുറിക്കാൻ ഇസ്‌ലാമിക വിശ്വാസത്തിൽ ഉപയോഗിക്കുന്ന സംജ്ഞാ നാമമാണ് ‘അല്ലാഹു’. ഈ അടിസ്ഥാന നാമത്തിന് പുറമെ, ഖുർആനിലും ഹദീസുകളിലുമായി അൽ-അസ്മാഉൽ ഹുസ്‌നാ (ഉത്കൃഷ്ട നാമങ്ങൾ) എന്നറിയപ്പെടുന്ന നിരവധി വിശേഷണ നാമങ്ങൾ അല്ലാഹുവിനുണ്ട്. ഈ സവിശേഷ നാമങ്ങളിലൂടെയാണ് സർവ്വശക്തനായ അല്ലാഹുവിന്റെ ഗുണങ്ങളെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയുന്നത്. ഖുർആനിലും ഹദീസിലുമായി പ്രതിപാദിക്കപ്പെട്ട പ്രധാനപ്പെട്ട അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ പരിചയപ്പെടാം.
അൽ മുഅ്മിൻ (അഭയദായകൻ), അൽ മുബീൻ (സുവ്യക്തൻ), അൽ മതീൻ (പ്രബലൻ), അൽ മുജീബ് (ഉത്തരം നൽകുന്നവൻ), അൽ മജീദ് (മഹത്വമുള്ളവൻ), അൽ മുഹീത്വ് (വലയം ചെയ്യുന്നവൻ), അൽ മുസ്തആൻ (സഹായം തേടാൻ അർഹതപ്പെട്ടവൻ), അൽ മുഖദ്ദിം (മുന്നിലാക്കുന്നവൻ), അൽ മുഖീത്ത് (മേൽനോട്ടം വഹിക്കുന്നവൻ), അൽ മുഹയ്മിൻ (മേൽനോട്ടം വഹിക്കുന്നവൻ/രക്ഷകൻ) തുടങ്ങിയ ഉത്കൃഷ്ട നാമങ്ങളാണ് ഈ ലേഖനം വിശകലനം ചെയ്യുന്നത്.
അല്‍ മുഅ്മിന്‍
الْمُؤْمِنُ
അഭയദായകന്‍
The Affirmer of Truth, The Guarantor, The Giver of Faith
സര്‍വ്വ വിധ അഭയത്തിന്റെയും സ്രോതസ്സായിരിക്കും സമ്പൂര്‍ണനായ അഭയദായകന്‍. അത് അല്ലാഹു മാത്രമാണ്. അല്‍ മുഅ്മിന്‍(അഭയദായകന്‍) എന്ന അല്ലാഹുവിന്റെ ഗുണവിശേഷണ നാമം പരാമര്‍ശിക്കപ്പെട്ട സൂക്തം ഇപ്രകാരമാണ്: ”അവനാണ് അല്ലാഹു. അവനല്ലാതെ ആരാധ്യനില്ല. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവാനും അഭയം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്ത്വമുള്ളവനുമാകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍’‘(59:23). ഇല്ലായ്മയും നാശനഷ്ടവുമാണ് ഭയത്തിന്റെയും ഭീതിയുടെയും ഹേതുക്കള്‍. അന്ധന്‍ കാഴ്ചയില്ലാത്തതു കൊണ്ട് സംഭവിക്കുന്ന പ്രയാസങ്ങളെ ഭയക്കുന്നു. കൈകൊണ്ട് പ്രതിരോധിക്കേണ്ട വിപത്ത് തന്നെ ബാധിക്കുമോ എന്ന് കൈയില്ലാത്തവന്‍ ഭയക്കുന്നു. മറ്റ് ഇന്ദ്രിയങ്ങളുടെയും അവയവങ്ങളുടെയും സ്ഥിതിയും ഇതുതന്നെ. അഭയദായകനായ അല്ലാഹു യഥോചിതം അവയവങ്ങളെ സംവിധാനിച്ച് അവയ്ക്ക് ശക്തിയും കഴിവും നല്‍കുന്നു. പ്രകൃത്യാ ദുര്‍ബലനായ അവന്റെ ദാസനുള്ള ഭയപ്പാടിന്റെ കാരണങ്ങളെ ഇല്ലാതാക്കി അവന് അഭയം നല്‍കുന്നവനാണ് അല്ലാഹു. ലോകത്തെ ഏത് അഭയവും ചില ഹേതുക്കള്‍ക്ക് വിധേയമായി സംഭവിക്കുന്നു. ആ ഹേതുക്കള്‍ സൃഷ്ടിക്കുന്നതും അവ ഉപയോഗപ്പെടുത്താനുള്ള വഴികാണിക്കുന്നതും അല്ലാഹുവാണ്. അതിനാല്‍ അവനാണ് യഥാര്‍ത്ഥ സമ്പൂര്‍ണ അഭയദായകന്‍. മനുഷ്യന്‍ ഏറ്റവുമധികം ഭയപ്പെടേണ്ടത് തന്റെ ആത്യന്തിക പരാജയവും നഷ്ടവുമായ പരലോക ജീവിതത്തിലുള്ള ശിക്ഷയെയാണ്. ആ ശിക്ഷയില്‍ നിന്നുള്ള രക്ഷാകവചം എന്ന് പറയുന്നത് ‘ലാഇലാഹ ഇല്ലല്ലാഹ്’ (അല്ലാഹു ഒഴികെ ആരാധ്യനായി മറ്റാരുമില്ലാ) എന്ന അടിസ്ഥാന വിശ്വാസമാണ്.

ഏകദൈവവിശ്വാസത്തിലേക്ക് മനുഷ്യനെ വഴികാണിക്കുന്നതിലൂടെ അല്ലാഹു സകലമാന മനുഷ്യരുടെയും ആത്യന്തികമായ രക്ഷയും നിര്‍ഭയത്വവും ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: ”ഈ ഭവനത്തിന്റെ നാഥനെ അവര്‍ ആരാധിച്ചു കൊള്ളട്ടെ. അവര്‍ക്ക് വിശപ്പിന്ന് ആഹാരവും ഭയത്തിന് പകരം നിര്‍ഭയത്വവും നല്കിയവനാണവന്‍’‘(106:3,4). ‘ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിലടിയുറച്ചു നില്‍ക്കുകയും ചെയ്തവരുടെ അടുത്ത് തീര്‍ച്ചയായും മലക്കുകളിറങ്ങിവന്ന് ഇങ്ങനെ പറയും: ‘നിങ്ങള്‍ ഭയപ്പെടേണ്ട. ദുഃഖിക്കേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗത്തെ സംബന്ധിച്ച ശുഭവാര്‍ത്തയില്‍ സന്തുഷ്ടരാവുക (41:30)
ഐഹിക ജീവിതത്തില്‍ പാലിക്കേണ്ട നിയമങ്ങളും ചിട്ടകളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയത് മനുഷ്യന്ന് ഇവിടെയുള്ള ജീവിതത്തിലും അഭയവും രക്ഷയും ലഭിക്കാനാണ്. ദൈവിക മാര്‍ഗത്തിലേക്ക് മനുഷ്യരെ മാതൃകായോഗ്യമായ ജീവിതത്തിലൂടെ നയിക്കാന്‍ പ്രാപ്തരായ പ്രവാചകന്മാരെ നിയോഗിച്ചതും ദൈവിക ശിക്ഷയില്‍ നിന്നും ഭൗതിക ലോകത്തെ ഭയപ്പാടുകളില്‍ നിന്നും മോചനവും അഭയവും ഉറപ്പുവരുത്താനാണ്. ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവന്റെ മുമ്പില്‍ പതിയിരിക്കുന്ന അല്ലാഹുവിന്റെ സ്‌നേഹവായ്പിന്റെ ഭാഗമാണ്. ഈ അര്‍ഥങ്ങളിലെല്ലാം സമ്പൂര്‍ണനായ അഭയദായകന്‍ അല്ലാഹു മാത്രമാണ്.
അല്‍ മുബീന്‍
الْمُبِينُ
സുവ്യക്തന്‍
The Manifest One
അല്ലാഹുവിന്റെ സത്തയെ സൂചിപ്പിക്കുന്ന ഒരു വിശേഷണമാണ് അല്‍ മുബീന്‍ (സുവ്യക്തന്‍). അല്ലാഹു വിശുദ്ധ ഖുര്‍ആനാകുന്ന അവന്റെ വചനങ്ങളിലൂടെയും തിരുദൂതരെ നിയോഗിച്ചതിലൂടെയും റസൂലിന്റെ മൊഴികളിലൂടെയും പരമമായ സത്യത്തെ വ്യക്തമാക്കിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഇഹത്തിലെയും പരത്തിലെയും സമാധാന ജീവിതത്തിനായുള്ള സകല കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന സത്യത്തിന്റെ ഋജുവായ പാത വ്യക്തമാക്കിയവന്‍ എന്ന അര്‍ഥത്തില്‍ അല്‍ മുബീന്‍ എന്ന വിശേഷണ നാമം അല്ലാഹുവിന് മാത്രം യോജിച്ചതാണ്.

അല്ലാഹുവിന്റെ സത്തയിലോ അസ്തിത്വത്തിലോ ഒരാള്‍ക്കും സംശയമില്ലാത്ത വിധം അവന്റെ ഉണ്മയുടെ തെളിവുകള്‍ ലോകത്ത് വ്യക്തമാക്കിതന്നിരിക്കുകയാണ്. ദൈവത്തെ നിഷേധിക്കുന്നവര്‍ക്ക് പോലും ദൈവാസ്തിത്വത്തിന്റെ തെളിവുകളെ നിരാകരിക്കാന്‍ കഴിയില്ല. അത്രമേല്‍ അവന്‍ അവന്റെ ഗുണത്തിലും സത്തയിലും പ്രവര്‍ത്തനങ്ങളിലും സുവ്യക്തനാണ് (അല്‍ മുബീന്‍). രക്ഷാകര്‍തൃത്തിലും ആരാധനയിലുമുള്ള അല്ലാഹുവിന്റെ ഏകത്വം ഏറ്റവും സുവ്യക്തമായ ഒരു കാര്യമാണ്. ഒന്നിലധികം രക്ഷിതാവോ, പരിപാലകനോ, ആരാധ്യന്മാരോ ഉണ്ടായിരിക്കുക എന്നത് കേവല യുക്തിക്ക് പോലും യോചിച്ചതല്ല. ഈ പ്രപഞ്ചത്തിന് ഒരേയൊരു സ്രഷ്ടാവും ഒരേയൊരു പരിപാലകനും ഒരേ ഒരു ആരാധ്യനും മാത്രമാണ് ഉണ്ടായിരിക്കുക എന്നതാണ് ബുദ്ധിയുടെ വെളിച്ചത്തിലും തെളിവുകളുടെ പിന്‍ബലത്തോടെയും വ്യക്തമാവുന്നത്. അല്‍ മുബീന്‍ എന്ന പേരില്‍ അല്ലാഹു നബി(സ്വ)യെ പരിചയപ്പെടുത്തിയിട്ടുണ്ട്: ‘അവര്‍ ചിന്തിച്ച് നോക്കുന്നില്ലേ? അവരുടെ കൂട്ടുകാരന്‍ മുഹമ്മദ് നബിക്ക് ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന ഒരാള്‍ മാത്രമാണ് (7:184).
അല്ലാഹുവിന്റെ വചനമായ വിശുദ്ധ ഖുര്‍ആനിനെയും കിതാബുന്‍ മുബീന്‍ (സുവ്യക്ത ഗ്രന്ഥം) എന്നും ആയാത്തുന്‍ ബയ്യിനാത്ത് (വ്യക്തമായ തെളിവുകള്‍) എന്നും അല്ലാഹു പരിചയപ്പെടുത്തുന്നുണ്ട്: ‘നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു’ (5:15).
അല്‍ മതീന്‍
الْمَتِينُ
പ്രബലന്‍
The Firm, The Steadfast
അല്ലാഹുവിന്റെ ശക്തിയെ (മതാനത്ത്) കുറിക്കുന്ന ഒരു വിശേഷണ നാമമാണ് അല്‍ മതീന്‍. അല്ലാഹുവിന് സമ്പൂര്‍ണ ശക്തിയുള്ളവന്‍ (അല്‍ ഖവിയ്യ്) ശക്തന്‍ (അല്‍ മതീന്‍) എന്നീ വിശേഷണ നാമങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. അവന്‍ മാത്രമാണ് പരമമായ ശക്തിയുടെയും സമ്പൂര്‍ണമായ കഴിവിന്റെയും ഉടമ. അവന്റെ ശക്തിക്ക് ക്ഷയമോ ദൗര്‍ബല്യമോ തീര്‍ത്തും അസംഭവ്യം. അതുല്യശക്തിയും സമ്പൂര്‍ണ ശക്തിയും സദാ നിലനില്‍ക്കുന്നത് അവനില്‍ മാത്രമാണ്. സര്‍വ്വ കാലത്തും സര്‍വ്വ ലോകത്തും അവന്റെ പ്രതാപവും മഹത്വവും യാതൊരു പോരായ്മയും അപാകതയും ഇല്ലാതെ പൂര്‍ണാര്‍ഥത്തില്‍ നിലനില്‍ക്കുക തന്നെ ചെയ്യും. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും ഞാനും എന്റെ ദൂതന്മാരും തന്നെയാണ് വിജയം നേടുക എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു’(58:21).

സൃഷ്ടിപ്പില്‍ ഓരോന്നിലും അല്ലാഹുവിന്റെ അപാരമായ ശക്തി(മതാനത്തിന്റെ)യുടെ അടയാളങ്ങള്‍ കാണാന്‍ കഴിയും. ചിന്തിക്കുന്ന ആളുകള്‍ക്ക് അല്ലാഹുവിന്റെ അപാരമായ കഴിവ് ബോധ്യപ്പെടുകയും അവര്‍ അവനോട് താഴ്മയും വിനയഭാവം പ്രകടിപ്പിക്കുകയും ചെയ്യും. അല്ലാഹു മാത്രമാണ് ആരാധനക്ക് അര്‍ഹന്‍ എന്ന അടിസ്ഥാനപരമായ വിശ്വാസ ദര്‍ശനം സ്വീകരിക്കാന്‍ അല്ലാഹുവിനെ യഥാവിധി ഉള്‍ക്കെള്ളുകയാണ് വേണ്ടത്. അല്ലാഹു പറയുന്നു: ‘എന്നെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും‘ (51:56-58).
ലോകത്തുള്ള ജീവജാലങ്ങള്‍ക്കുള്ള ഉപജീവനത്തിന്റെ വഴികളൊരുക്കിക്കൊടുത്തിരിക്കുന്നത് അല്ലാഹുവാണ്. അല്ലാഹുവിന്റെ ശക്തിയുടെയും കഴിവിന്റെയും ദൃഷ്ടാന്തങ്ങള്‍ അവന്‍ സൃഷ്ടികള്‍ക്ക് അന്നം നല്‍കുന്നതിലും അത് അവര്‍ക്ക് സ്വായത്തമാക്കാനുള്ള മാര്‍ഗങ്ങള്‍ സംവിധാനിച്ചതിലും ചിന്തിക്കുന്ന ഏതൊരാള്‍ക്കും കണ്ടെത്താന്‍ സാധിക്കും. പ്രബലരും ശക്തരും തങ്ങളാണെന്ന അഹങ്കാര ചിന്തക്ക് മനുഷ്യരടക്കമുള്ള സൃഷ്ടികള്‍ക്ക് യാതൊരു അവകാശമോ അര്‍ഹതയോ ഇല്ല. കാരണം ശക്തനും പ്രബലനുമായ അല്ലാഹു അവര്‍ക്ക് അനുഗ്രഹവും ഔദാര്യവുമായി ഇറക്കിക്കൊടുത്ത കാര്യങ്ങളുടെ പേരില്‍ ആണ് മനുഷ്യന്‍ ശക്തന്മാരും കൈക്കരുത്തുള്ളവരുമെന്ന് ദുരഭിമാനം കൊള്ളുന്നത്.
അല്ലാഹു പറയുന്നു: ‘നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി അയച്ചിരിക്കുന്നു. ജനങ്ങള്‍ നീതിപൂര്‍വം നിലകൊള്ളാന്‍ വേണ്ടി അവരോടൊപ്പം നാം വേദഗ്രന്ഥവും തുലാസും ഇറക്കിക്കൊടുത്തിരിക്കുന്നു. ഇരുമ്പും നാം ഇറക്കിക്കൊടുത്തു. അതില്‍ കഠിനമായ ആയോധന ശക്തിയും ജനങ്ങള്‍ക്ക് ഉപകാരങ്ങളുമുണ്ട്. അല്ലാഹുവിനെയും അവന്റെ ദൂതന്മാരെയും നേരില്‍ കാണാതെ തന്നെ സഹായിക്കുന്നവരെ അവന്ന് അറിയാന്‍ വേണ്ടിയാണ് ഇതെല്ലാം. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു’(57:25).
അല്‍ മുജീബ്
الْمُجِيبُ
ഉത്തരം നല്കുന്നവന്‍
The Responsive, The Answerer
സഹയാര്‍ഥിക്ക് സഹായം നല്‍കുന്നവന്‍, പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നവന്‍, വിഷമിക്കുന്നവരുടെ ദുരിതമകറ്റുന്നവന്‍, അനുസരിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും അനുഗ്രഹം ചൊരിയുന്നവന്‍, ചോദിക്കാതെ തന്നെ ഉദാരത കാണിക്കുന്നവന്‍ എന്നീ ഗുണങ്ങള്‍ ഉള്ളവന്‍ അല്ലാഹു മാത്രമേ ഉള്ളൂ. അല്‍ മുജീബ് (ഉത്തരം നല്‍കുന്നവന്‍) എന്ന ഗുണനാമത്തിന് അര്‍ഹനും അല്ലാഹു മാത്രമാണ്.
മുജീബ് (ഉത്തരം നല്‍കുന്നവന്‍) എന്ന അല്ലാഹുവിന്റെ വിശേഷണനാമം ഖരീബ് (സമീപസ്ഥന്‍) എന്നതിനോട് അനുബന്ധമായിട്ട് വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചുട്ടുണ്ട്.

‘നിങ്ങള്‍ അവനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അടുത്തുതന്നെയുള്ളവനും പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നവനുമാകുന്നു’ (11:61). ധിക്കാരവും അക്രമവും മുഴുത്തപ്പോള്‍ നൂഹ് നബി(അ) രക്ഷക്കായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. അല്ലാഹു നൂഹ് നബിക്ക് അതിന് ഉത്തരം നല്‍കി. അവിശ്വാസികളെയെല്ലാം പ്രളയത്തില്‍ നശിപ്പിക്കുകയും അദ്ദേഹത്തെയും സത്യവിശ്വാസികളെയും രക്ഷിക്കുകയും ചെയ്തു. അതുസംബന്ധമായി ഖുര്‍ആനില്‍ നടത്തിയ പരാമര്‍ശം ഇവിടെ പ്രസ്താവ്യമാണ്. ‘നൂഹ് നമ്മെ വിളിച്ചു. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍!’ (37:75).
രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെട്ട അയ്യൂബ് നബി(അ) അല്ലാഹുവിന്റെ കാര്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് നടത്തിയ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയതായി സൂറത്തു അംബിയാഇലെ (83,84) സൂക്തങ്ങള്‍ പഠിപ്പിക്കുന്നു. മത്സ്യത്തിന്റെ വായില്‍ അകപ്പെട്ടുപോയ യൂനുസ്(അ) ആഴിക്കടിയില്‍ നിന്ന് അന്ധകാരങ്ങളില്‍ അല്ലാഹുവോട് നടത്തിയ പ്രാര്‍ഥന അല്ലാഹു കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്തതായി അംബിയാഅ് സൂറത്തിലെ (87,88) സൂക്തങ്ങളില്‍ വ്യക്തമാക്കിത്തരുന്നു. ഇതുകൂടാതെ സകരിയ(അ) ഈസാ(അ) ഇബ്രാഹീം(അ) മൂസാ നബി(അ) തുടങ്ങിയവര്‍ അല്ലാഹുവിനോട് വിനയത്തോടെ വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തിയ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയതായി വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു തരുന്നു. അല്ലാഹുവിനോട് പ്രാര്‍ഥിക്കുക എന്ന കല്‍പനയുടെ അനുബന്ധമായി തന്നെ അവന്‍ ഉത്തരം നല്‍കുമെന്ന പ്രതീക്ഷ കൂടി അല്ലാഹു നല്‍കുന്നു. ഉത്തരം നല്‍കുന്നവന്‍ (അല്‍ മുജീബ്) എന്ന അല്ലാഹുവിന്റെ ഗുണനാമം അര്‍ഥ വിശാലതയോടെ ഉള്‍ക്കൊള്ളുമ്പോള്‍ പ്രാര്‍ഥനയിലൂടെ അല്ലാഹുവിന്റെ പരിഗണന നേടാന്‍ വിശ്വാസിക്ക് പ്രയാസമുണ്ടാവില്ല നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു ‘നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം‘ (40:60).
അല്ലാഹു പ്രാര്‍ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും അത് സ്വീകരിക്കപ്പെടാനും റസൂല്‍(സ്വ) ചില നിബന്ധനകള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്.
1. പ്രാര്‍ഥന മതം അനുവദിച്ച നല്ലകാര്യങ്ങള്‍ക്ക് വേണ്ടിയാകുക.
2. ദൃഢവിശ്വാസത്തോടെയും വിനയത്തോടെയും രഹസ്യമായും പ്രാര്‍ഥിക്കുക.
3. കഴിക്കുന്ന ആഹാരവും ഉപയോഗിക്കുന്ന വസ്ത്രവുമെല്ലാം അനുവദനീയമായ മാര്‍ഗത്തിലുള്ളതായിരിക്കുക.
4. ഉത്തരം ലഭിക്കണമെന്ന് ധൃതി കൂട്ടാന്‍ പാടില്ല.
5. ഉത്തരം ലഭിക്കാന്‍ സാധ്യതയുള്ള സമയവും സ്ഥലവും പ്രാര്‍ഥനക്ക് തെരഞ്ഞെടുക്കുക (അത്താഴ സമയം, ജുമുഅയുടെ സമയം, നിര്‍ബന്ധ നമസ്‌ക്കാരാനന്തരം, ജുമുഅ സമയം, സുജൂദിന്റെ സന്ദര്‍ഭം).
അല്ലാഹു അവന്റെ അടിമകളെക്കുറിച്ച് നല്ലവണ്ണം അറിയുന്നവനാണ്. അവരുടെ പ്രാര്‍ഥനകള്‍ ഒരിക്കലും വൃഥാവിലായിപ്പോവുന്നില്ല. ചിലപ്പോള്‍ പ്രാര്‍ഥന പെട്ടന്ന് ഉത്തരം ലഭിക്കപ്പെടുന്നതായിരിക്കും അല്ലെങ്കില്‍ ആത്യന്തിക ഗുണവും ദോഷവും അറിയുന്ന അവന്റെ തീരുമാനമനുസരിച്ച് പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നതെന്ന് പ്രതീക്ഷിക്കാന്‍ അടിമക്ക് സാധിക്കണം. ഉത്തരം നല്‍കുന്നവന്‍ അല്ലാഹു മാത്രമാണ്.
അല്‍ മജീദ്
الْمَجِيدُ
മഹത്വമുള്ളവന്‍
The Glorious, The Most Honorable
സത്തയിലും പ്രവൃത്തിയിലും ഗുണവിശേഷണങ്ങളിലും മഹത്വമുള്ളവന്‍ എന്നാണ് അല്‍ മജീദ് എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഈ വിശേഷണത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്. അല്ലാഹുവിന്റെ അപാരമായ കഴിവും അനന്യമായ ജ്ഞാനവും അതുല്യമായ ഔദാര്യവും അവന്റെ മഹത്വത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ട് അവന്റെ മഹത്വത്തെ മറ്റൊന്നിനോടും സാദൃശ്യപ്പെടുത്തുക സാധ്യമല്ല. അല്ലാഹു തന്നെ മഹത്വത്തിന്റെ ഭാഗമായി അവന്റെ സിംഹാസനത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. ‘അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്‌നേഹമുള്ളവനുമാകുന്നു. സിംഹാസനത്തിന്നുടമയും മഹത്ത്വമുള്ളവനുമാകുന്നു‘ (85:14,15). അല്ലാഹുവിന്റെ വചനമായ വിശുദ്ധ ഖുര്‍ആനിനെയും മഹത്വമേറിയത് (മജീദ്) എന്ന് അവന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ‘എന്നാലിത് മഹത്ത്വമേറിയ ഖുര്‍ആനാകുന്നു’ (85:21). ‘സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്‘ (85:22).

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ മഹത്വത്തെപ്പറ്റി എടുത്തുപറയുന്നു. അവന്‍ മാത്രം ആരാധിക്കപ്പെടാന്‍ അര്‍ഹമാക്കുന്ന യോഗ്യതകളെ മഹത്വത്തിന്റെ അടയാളങ്ങളായി വിശദീകരിക്കുന്ന സൂറത്ത് അല്‍ ബഖറയിലെ ആയതുല്‍ കുര്‍സിയ്യ്, അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ സൂക്തമാണ്. അല്ലാഹുവിന്റെ സത്തയിലും പ്രവര്‍ത്തനങ്ങളിലും ഗുണവിശേഷണങ്ങളിലും അത്യൂന്നതനാണെന്ന കാര്യം വളരെ ലളിതമായി പഠിപ്പിക്കുന്ന സൂറത്തുല്‍ ഇഖ്‌ലാസ് വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ശ്രേഷ്ഠമായ അധ്യായമായിട്ടാണ് വിശേഷിപ്പിക്കാറുള്ളത്. വിശുദ്ധ ഖുര്‍ആനിന്റെ മൂന്നിലൊന്നിന് തുല്യമാണ് സൂറത്തുല്‍ ഇഖ്‌ലാസ് എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (ബുഖാരി) 1.
പ്രാര്‍ഥനയില്‍ അല്ലാഹുവിന്റെ ഗുണ വിശേഷണങ്ങള്‍ എടുത്ത് പറയുന്ന രീതി നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. മഹത്വമേറിയവനായ അല്ലാഹുവിന്റെ ഗുണനാമം എടുത്തുപറഞ്ഞുകൊണ്ടാണ് നബി(സ്വ)ക്ക് വേണ്ടിയുള്ള സ്വലാത്തിലും അല്ലാഹുവിനോട് തേടുന്നത്.
അല്‍ മുഹീത്വ്
الْمُحِيطُ
വലയം ചെയ്യുന്നവന്‍
The Sustainer
അല്‍ മുഹീത്വ് എന്ന അല്ലാഹുവിന്റ വിശേഷണ നാമം വിശുദ്ധ ഖുര്‍ആനില്‍ എട്ട് സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സര്‍വകാര്യങ്ങളെക്കുറിച്ചും പൂര്‍ണമായി അറിയുന്നവന്‍, വലയം ചെയ്യുന്നവന്‍ എന്നിങ്ങനെയാണ് ഈ പദത്തിന്റെ അര്‍ഥം. എല്ലാ കാര്യങ്ങളെക്കുറിച്ചും പൂര്‍ണമായി അറിവുള്ളവന്‍ അല്ലാഹു മാത്രമാണ്. അവന്റെ അറിവില്‍ പെടാത്തതായി യാതൊന്നും തന്നെയില്ല. അല്ലാഹു പറയുന്നു: ‘ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും പൂര്‍ണമായ അറിവുള്ളവനാകുന്നു‘ (4:126). ‘അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ മറ്റൊന്നും അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല’ (2:255).

ഇഹാത്വത് (സൂക്ഷ്മമായ ജ്ഞാനം) എന്നത് അല്ലാഹുവിന്റെ അപാരമായ കഴിവിന്റെയും അധികാരത്തിന്റെയും യുക്തിജ്ഞാനത്തിന്റെയും തെളിവുകൂടിയാണ്. മുഹീത്വ് (സൂക്ഷ്മജ്ഞാനി) ആയവന്‍ അല്ലാഹു മാത്രമാണ്. അവന്റെ സൂക്ഷ്മജ്ഞാനത്തെ മറ്റൊന്നിനോട് സാദൃശ്യപ്പെടുത്തുക സാധ്യമേയല്ല.
അവിശ്വാസികളും ധിക്കാരികളും നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങളെ സംബന്ധിച്ചും മതത്തെ പരിഹസിക്കുന്ന നിഗൂഢ നീക്കങ്ങളെക്കുറിച്ചും അല്ലാഹു അറിയുന്നവനാണ് എന്ന് സൂചിപ്പിക്കാന്‍ മുഹീത്വ് എന്ന പദം ഒന്നിലധികം സ്ഥലങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്. ‘നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം, അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാ വശവും അറിയുന്നവനാകുന്നു‘ (3:120).
സത്യനിഷേധികള്‍ക്കുള്ള ശിക്ഷയുടെ താക്കീത് എന്ന നിലക്ക് മുഹീത്വ് എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. വലയം ചെയ്തിരിക്കുന്നവന്‍ എന്ന അര്‍ഥമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഹീത്വ് എന്ന പദത്തിന് വ്യഖ്യാതാക്കള്‍ നല്‍കിക്കാണുന്നത്.
‘അല്ലെങ്കില്‍ അവരെ ഉപമിക്കാവുന്നത് ആകാശത്തു നിന്ന് ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലും ഉണ്ട്. ഇടി നാദങ്ങള്‍ നിമിത്തം മരണം ഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്’ (2:19).
‘ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരുന്നുവോ? അഥവാ ഫിര്‍ഔനിന്റെയും ഥമൂദിന്റെയും വര്‍ത്തമാനം. അല്ല, സത്യനിഷേധികള്‍ നിഷേധിച്ച് തള്ളുന്നതിലാകുന്നു ഏര്‍പ്പെട്ടിരിക്കുന്നത്. അല്ലാഹു അവരുടെ പിന്‍വശത്തുകൂടി അവരെ വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു’ (85:18-20).
മനുഷ്യരുടെ മനസ്സുകളില്‍ ഒളിപ്പിച്ചുവെച്ച കാര്യങ്ങളെപ്പോലും വളരെ കൃത്യമായി അറിയുന്നവനായ അല്ലാഹുവിന്റെ സൂക്ഷ്മജ്ഞാനത്തില്‍ നിന്നും യാതൊന്നും ഒഴിവാകുന്നില്ല. ഏതൊരു കാര്യത്തിനെയും വലയം ചെയ്തിരിക്കുന്ന സൂക്ഷ്മമായ ജ്ഞാനം അവനുമാത്രം അവകാശപ്പെടാവുന്ന ഒന്നാണ്. അതുകൊണ്ട് ‘അല്‍ മുഹീത്വ്’ എന്ന ഗുണനാമത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്.
അല്‍ മുസ്തആന്‍
الْمُسْتَعَانُ
സഹായം തേടാന്‍ അര്‍ഹതപ്പെട്ടവന്‍
The one who is sought for help
ഐഹികം, പാരത്രികം, മതപരം, ലൗകികം തുടങ്ങിയ വ്യത്യാസം കൂടാതെ സകല കാര്യങ്ങള്‍ക്കും അല്ലാഹുവിന്റെ സഹായം അനിവാര്യമാകുന്നു. ഏതൊരു നിസ്സാര കാര്യത്തിലും മനുഷ്യ കഴിവില്‍ പെട്ടകാര്യം നിര്‍വ്വഹിക്കുമ്പോള്‍ പോലും ആ കാര്യം പൂര്‍ത്തീകരിക്കാനുള്ള സാഹചര്യവും ചുറ്റുപാടും അനുഗുണമാക്കിത്തരേണ്ടത് അല്ലാഹുവാണ്. കൂടാതെ, ചിലത് സൃഷ്ടികളില്‍ നിന്ന് ഒട്ടും ലഭ്യമല്ലാത്തതും അല്ലാഹുവിങ്കല്‍ നിന്ന് മാത്രം ലഭിക്കുന്നതുമായ സഹായമാണ്. അത് ചോദിക്കാന്‍ അര്‍ഹതപ്പെട്ടവന്‍ അല്ലാഹു മാത്രമാണ്. ആ സഹായാര്‍ഥനക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നവനും അവന്‍ മാത്രമാണ്. അതുകൊണ്ട് ദിനേനേ നാം നടത്തുന്ന പ്രാര്‍ഥനയിലെ പ്രധാനമായ ഒരു പ്രതിജ്ഞ ഇപ്രകാരമാണ്: ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു’ (1:5).

അഭൗതികമായി നമ്മെ സഹായിക്കാനുള്ള കഴിവ് അല്ലാഹുവിന് മാത്രമായതുകൊണ്ട് ആ സഹായാര്‍ഥന അല്ലാഹുവല്ലാത്ത ആരോട് നടത്തിയാലും അത് ശിര്‍ക്ക് (ബഹുദൈവാരാധന) ആകുന്നു.
സൂറത്തു യൂസുഫിലെ 18-ാമത്തെ സൂക്തത്തില്‍ അല്‍ മുസ്തആന്‍ എന്ന പ്രയോഗം വന്നിട്ടുണ്ട്. ‘യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോരയുമായാണ് അവര്‍ വന്നത്. പിതാവ് പറഞ്ഞു: അങ്ങനെയല്ല നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്. അതിനാല്‍ നല്ല ക്ഷമ കൈകൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ എനിക്ക് സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ‘ (12:18).
അദ്ദേഹം (നബി) പറഞ്ഞു. ‘എന്റെ രക്ഷിതാവേ, നീ യാഥാര്‍ഥ്യമനുസരിച്ച് വിധി കല്‍പ്പിക്കണമേ, നമ്മുടെ രക്ഷിതാവ് പരമ കാരുണികനും നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെതിരില്‍ സഹായമര്‍ഥിക്കപ്പെടാവുന്നവനുമത്രെ‘ (22:112).
അഭൗതിക മാര്‍ഗത്തില്‍ സഹായിക്കാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമായതിനാല്‍ പ്രവാചകന്മാരഖിലവും തങ്ങളുടെ പ്രബോധന ജീവിതത്തിലും കുടുംബ ജീവിതത്തിലും പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ സഹായാര്‍ഥന നടത്തിയിരുന്നത് അവനോട് മാത്രമാണ്. അല്ലാഹു മാത്രമാണ് ആ നിലക്ക് സഹായിക്കാന്‍ കഴിയുന്നവന്‍ എന്ന ആശയം വിശുദ്ധ ഖുര്‍ആനില്‍ വ്യത്യസ്ത ഗുണനാമങ്ങളിലൂടെ പഠിപ്പിക്കുന്നുണ്ട്. അന്നാസ്വിര്‍, അല്‍മൗലാ, അല്‍വകീല്‍, അല്‍ഹസീബ്, അല്‍വലിയ്യ്, അല്‍ഹഫീദ്വ്, അല്‍ഖയ്യിം, അല്‍ഖദീര്‍ തുടങ്ങിയ നാമങ്ങളൊക്കെ വിശാലാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുമ്പോള്‍ അല്ലാഹു മാത്രമാണ് സഹായിക്കാന്‍ കഴിയുന്നവന്‍ എന്നും അതുകൊണ്ട് സഹായത്തിന് തേടേണ്ടത് അവനോട് മാത്രമാണെന്നും വ്യക്തമാവുന്നു.
നബി(സ്വ) ഒരിക്കല്‍ മുആദ് ബ്‌നു ജബല്‍(റ) ന് പഠിപ്പിച്ചുകൊടുക്കുന്ന പ്രാര്‍ഥന ഇപ്രകാരമാണ്: അല്ലാഹുവേ, നിന്നെ സ്മരിക്കാനും നിനക്ക് നന്ദി ചെയ്യാനും, നിനക്ക് നല്ല ആരാധനകളര്‍പ്പിക്കാനും നീ എന്നെ സഹായിക്കേണമേ (അബൂദാവൂദ്) 2.
അഭൗതിക മാര്‍ഗത്തില്‍ ഉള്ള സഹായത്തിന് അര്‍ഥന നടത്തേണ്ടത് അല്ലാഹുവിനോട് മാത്രമാണെന്നും അവന്നു മാത്രമേ അത് കേള്‍ക്കാനും ഉത്തരം ചെയ്യാനും സാധിക്കുകയുള്ളൂവെന്നും ഉറച്ച് വിശ്വസിക്കുന്ന സത്യവിശ്വാസികള്‍, അല്ലാഹുവിനോടുള്ള പ്രാര്‍ഥനകള്‍ പതിവാക്കേണ്ടതാണ്. അല്ലാഹുവാണ് സഹായം തേടാന്‍ അര്‍ഹതപ്പെട്ടവന്‍ (അല്‍ മുസ്തആന്‍) എന്ന ഗുണവിശേഷണത്തിന്റെ അര്‍ഥതലം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന വിശ്വാസിക്ക് പ്രാര്‍ഥന ആയുധമാണ്. പ്രതീക്ഷ രക്ഷാകവചമാണ്. അല്ലാഹുവിന്റെയടുക്കല്‍ പരിഗണനക്ക് അര്‍ഹമാകുന്നതിന്റെ മാനദണ്ഡം അല്ലാഹുവിനോടുള്ള മനസ്സു തുറന്നുള്ള പ്രാര്‍ഥനയാണ്.
അല്‍മുഖദ്ദിം
الْمُقَدِّمُ
മുന്നിലാക്കുന്നവന്‍
The Expediter, The Promoter
സകലകാര്യങ്ങളുടെയും നിയന്താവും സര്‍വ്വജ്ഞനുമായിട്ടുള്ള അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണ് ഈ മഹാ പ്രപഞ്ചത്തിലുള്ള സര്‍വ്വതും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അടിമകളുടെ കൂട്ടത്തില്‍ അല്ലാഹുവോട് അടുപ്പമുള്ളവരും അകന്ന് നില്‍ക്കുന്നവരുമുണ്ട്. അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുള്ള ജീവിതത്തിലൂടെ ദൈവസാമീപ്യം സിദ്ധിച്ചവരും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം ലഭിക്കാതെ ബഹുദൂരം വഴിപിഴവിലായിപ്പോയവരുമുണ്ട്. പദവിയില്‍ ഉയര്‍ച്ച നല്‍കിയവരെ അല്ലാഹു മുന്നിലാക്കിയിരിക്കുന്നു. അല്ലാഹുവിന് അതൃപ്തികരമായ ജീവിതം കാഴ്ച്ചവെച്ചതിലൂടെ ദുര്‍മാര്‍ഗത്തിലായവരെ അല്ലാഹു പിന്നിലാക്കിയിരിക്കുന്നു. പദവികളിലെ ഉയര്‍ച്ചതാഴ്ച്ചകളും പ്രവര്‍ത്തനങ്ങളിലെ ഭിന്നതയും ജീവിതത്തിലെ വിത്യസ്ത അവസ്ഥകളും ഒക്കെ സര്‍വ്വജ്ഞനായ അല്ലാഹുവിന്റെ നിശ്ചയത്തിനനുസരിച്ചാണ് സംഭവിക്കുന്നത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അതില്‍ പങ്കുണ്ടെങ്കിലും. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം സര്‍വ്വതിനെക്കുറിച്ചും കൃത്യവും സൂക്ഷ്മവുമായി അറിവുള്ളവന്‍ എന്ന വിശേഷഗുണമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അല്ലാഹു കാര്യങ്ങള്‍ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നു. അവന്റെ ജ്ഞാനത്തെയോ തീരുമാനത്തെയോ മറികടന്ന് ലോകത്ത് ഒന്നും സംഭവിക്കില്ല. എല്ലാകാര്യങ്ങളുടെയും സമയവും തോതും സ്ഥലവും മുന്‍കൂട്ടി നിശ്ചയിച്ചവനായ അല്ലാഹു ചിലതിനെ മുന്തിക്കുന്നു. മറ്റു ചിലതിനെ പിന്തിക്കുന്നു. ചിലര്‍ ഉയര്‍ച്ചയിലേക്ക് പോകുന്നു, മറ്റുചിലര്‍ താഴ്ച്ചയിലേക്ക് വീഴുന്നു. ഇക്കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ വിധിക്കും യുക്തിക്കുമനുസരിച്ച് നടപ്പിലായിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിനെ സംബന്ധിച്ച് പറയാന്‍ സാധിക്കുന്ന വിശേഷഗുണമാണ് അല്‍ മുഖദ്ദിം (മുന്നിലാക്കുന്നവന്‍), അല്‍ മുഅഖ്ഖിര്‍ (പിന്നിലാക്കുന്നവന്‍) എന്നിവ. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും നരകം ഗൗരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു. മനുഷ്യര്‍ക്ക് ഒരു താക്കീതെന്ന നിലയില്‍. അതായത് നിങ്ങളില്‍ നിന്ന് മുന്നോട്ട് പോകുവാനോ പിന്നോട്ട് പോകുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക് ‘(74: 35-37)

താക്കീതുകള്‍ ശ്രദ്ധിച്ച് സന്മാര്‍ഗത്തിലൂടെ മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അപ്രകാരം ജീവിക്കുവാനും, താക്കീതുകളെ അവഗണിച്ച് പുറകോട്ട് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ രൂപത്തില്‍ കഴിയാനും സ്വാതന്ത്ര്യം നല്‍കുകയാണ് ചെയ്യുന്നത്. ഏത് രീതിയില്‍ പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ജീവിതത്തില്‍ അനുവദിച്ചുകൊടുക്കുകയാണ് അല്ലാഹു.
അബുമുസല്‍ അശ്അരി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്. നബി(സ്വ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ, എന്റെ പാപങ്ങളും, എന്റെ അവിവേകവും എനിക്ക് നീ പൊറുത്ത് തരേണമേ, എന്റെ കാര്യങ്ങളിലുള്ള അതിരുകവിയലും നീ എനിക്ക് പൊറുത്തുതരേണമേ, ഏതൊന്നിനെക്കുറിച്ച് എന്നെക്കാള്‍ അറിയുന്നവന്‍ നീയാണോ, അതും നീ പൊറുത്തു തരേണമേ, തമാശയായും ഗൗരവമായും ചെയ്ത തെറ്റുകള്‍ പൊറുത്തു തരേണമേ, അബദ്ധവശാലോ ബോധപൂര്‍വമോ സംഭവിച്ചുപോയതും നീ പൊറുത്തു തരേണമേ, അതെല്ലാം എന്റെ അടുക്കല്‍ നിന്ന് സംഭവിച്ചതാണ്. ഞാന്‍ മുന്തിച്ച് ചെയ്തുവെച്ചതും പിന്തിച്ചു വെച്ചതും നീ പൊറുത്ത് തരേണമേ, ഞാന്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും, എന്നേക്കാള്‍ അധികമായി നീ അറിയുന്ന പാപങ്ങളെയും നീ പൊറുത്തുതരേണമേ, നീ മുന്തിക്കുന്നവനാണ്, നീ പിന്തിക്കുന്നവനാണ്. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് (ബുഖാരി) 3.
അല്‍ മുഖീത്ത്
الْمُقِيتُ
മേല്‍നോട്ടം വഹിക്കുന്നവന്‍
The Sustainer, The Maintainer
അല്‍ മുഖീത്ത് എന്ന അല്ലാഹുവിന്റെ ഗുണനാമം പല അര്‍ഥത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായി ഉദ്ദേശിക്കുന്ന അര്‍ഥം അന്നദാതാവ് എന്നതാണ്. അതായത് അന്നം സൃഷ്ടിക്കുകയും സൃഷ്ടികള്‍ക്ക് അത് ലഭ്യമാക്കുകയും ചെയ്യുന്നവന്‍. അല്‍ റസാക്ക് എന്ന പദത്തിന്റെ വിവക്ഷയില്‍ ആന്തരികവും ബാഹ്യവുമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അല്‍ മുഖീത്ത് എന്നത് കൊണ്ട് അര്‍ഥമാക്കപ്പെടുന്നത് ശരീരത്തിന്റെ നിലനില്പിന്നാവശ്യമായാമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നവന്‍ എന്നത് മാത്രമാണ്.

രണ്ടാമതായി ഉപയോഗിക്കപ്പെടുന്ന അര്‍ഥം മേല്‍നോട്ടം വഹിക്കുന്നവന്‍. അതിന് കഴിവും (ഖുദ്‌റത്തും) അറിവും (ഇല്‍മും) വേണം. യഥാര്‍ഥത്തിലുള്ള കഴിവും വിശാലമായ അറിവും അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അല്‍ മുഖീത്ത് എന്ന പദം അല്‍ മുഖ്ദിര്‍ (കഴിവുള്ളവന്‍) എന്ന അര്‍ഥത്തിലും അല്‍ ഹാഫിള് അശ്ശാഹിദ് (മേല്‍നോട്ടം വഹിക്കുന്നവന്‍) എന്ന അര്‍ഥത്തിലും പ്രയോഗിക്കപ്പെടുന്നു. അല്ലാഹു പറയുന്നു: ‘നന്‍മ ശുപാര്‍ശ ചെയ്തവര്‍ക്ക് ആ നന്മയില്‍ ഒരു പങ്ക് ലഭിക്കും. തിന്‍മ ശുപാര്‍ശ ചെയ്തവര്‍ക്ക് ആ തിന്‍മയില്‍ നിന്ന് ഒരു പങ്ക് ലഭിക്കും. അല്ലാഹു എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നവനാകുന്നു’ (4:85).
സൃഷ്ടികള്‍ക്ക് ആഹാരത്തിനുള്ള വിഭവങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതും അവ തേടിപ്പിടിക്കാനും ശരീരപോഷണത്തിന് ഉപയുക്തമാകുംവിധം അത് ഉപയോഗിക്കാനും ഉള്ള കഴിവും അറിവും ബോധവും നല്‍കുന്നതും അല്ലാഹു മാത്രമാണ്. അല്‍ മുഖീത്ത് എന്ന ഗുണനാമം പ്രത്യക്ഷത്തില്‍ എടുത്ത് പറയാതെ ആലങ്കാരികമായി (മജാസി) ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങള്‍, ഈന്തപ്പനകള്‍, വിവിധതരം കനികളുള്ള കൃഷികള്‍ പരസ്പരം സാദൃശ്യം തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവ കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. വിളവെടുപ്പ് ദിവസം അതിന്റെ ബാധ്യത കൊടുത്തുവീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഒരിക്കലും ഇഷ്ട്‌പ്പെടുകയില്ല’ (6:141).
സാക്ഷാല്‍ അന്നദാതാവും അന്നം നേടാന്‍ ആവശ്യമായ കഴിവും അറിവും സാധ്യതയും എല്ലാം നല്‍കിയവനും അല്ലാഹു മാത്രമാണ്. അല്‍മുഖീത്ത് എന്ന വിശേഷണത്തിന് അവന്‍ മാത്രമാണ് അര്‍ഹന്‍.
അല്‍ മുഹയ്മിന്‍
الْمُهَيْمِنُ
മേല്‍നോട്ടം വഹിക്കുന്നവന്‍
The Guardian, The Witness, The Overseer
കാത്തു സംരക്ഷിക്കുന്നവന്‍, മേല്‍നോട്ടം വഹിക്കുന്നവന്‍ എന്നീ അര്‍ഥങ്ങളാണ് വിശുദ്ധ ഖുര്‍ആനില്‍ മുഹയ്മിന്‍ എന്ന പദത്തിന് നല്‍കികാണുന്നത്. സൂറത്തുല്‍ ഹശ്‌റിലെ 23ാമത്തെ സൂക്തത്തില്‍ അല്ലാഹുവിന്റെ വിശേഷണ നാമങ്ങള്‍ എടുത്തു പറഞ്ഞിടത്ത് അല്‍ മുഹയ്മിന്‍ എന്ന പ്രയോഗമുണ്ട്. മേല്‍നോട്ടം വഹിക്കുന്നവന്‍ എന്ന അര്‍ഥമാണ് അവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

മേല്‍ നോട്ടം വഹിക്കാന്‍ കഴിയുന്നന്‍ മാത്രമേ സംരക്ഷകന്‍ ആകാന്‍ കഴിയുകയുള്ളൂ. അറിവ്, സമ്പൂര്‍ണമായ കഴിവ്, ബുദ്ധി ഇവ അല്ലാഹുവില്‍ മാത്രമേ ഒരുമിച്ചു കൂടിയിട്ടുള്ളൂ. പൂര്‍വ വേദങ്ങളിലും അല്‍ മുഹയ്മിന്‍ അല്ലാഹുവിന്റെ ഒരു വിശേഷണമായി എടുത്തു പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു: നബിയേ, നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തു രക്ഷിക്കുന്നതുമത്രെ (മുഹയ്മിനന്‍ അലയ്ഹി) അത് (5:48). ഉപരിസൂചിത സൂക്തത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ വശേഷണമായിട്ടാണ് കാത്തുസൂക്ഷിക്കുന്നത് എന്ന അര്‍ഥത്തില്‍ മുഹയ്മിന്‍ പ്രയോഗിച്ചിട്ടുള്ളത്. പൂര്‍വവേദഗ്രന്ഥങ്ങളെയെല്ലാം സത്യപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന വേദഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. അതിന്റെ അടിസ്ഥാനത്തില്‍ അല്‍ മുഹയ്മിന്‍ എന്ന പദത്തിന് ഇബ്‌നു അബ്ബാസ്(റ) കാത്തുസംരക്ഷിക്കുന്നത് എന്ന അര്‍ഥം നല്‍കിക്കാണുന്നുണ്ട്. അല്ലാഹുവിന്റെ ജ്ഞാനമോ നിരീക്ഷണമോ സംരക്ഷണമോ ചെന്നെത്താത്ത യാതൊന്നും അവന്റെ സൃഷ്ടികളുടെ കൂട്ടത്തില്‍ ഇല്ല. ഈ പറയപ്പെട്ട കാര്യങ്ങളെല്ലാം അവന്റെ സൃഷ്ടികള്‍ക്കുമുണ്ടെങ്കിലും അല്ലാഹുവിന്റെ വിശേഷണം സമ്പൂര്‍ണവും യാതൊന്നിനോടും സാമ്യപ്പെടുത്താന്‍ സാധിക്കാത്തതുമാണ്. അല്‍ മുഹയ്മിന്‍ (സമ്പൂര്‍ണമായ മേല്‍നോട്ടവും സംരക്ഷണവും നല്‍കാന്‍ കഴിയുന്നവന്‍) അല്ലാഹു മാത്രമാണ്.
References
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, പതിപ്പ് ഒന്ന്, വാള്യം 6, പേജ് 189, ഹദീസ് നമ്പര്‍ 5015.[↩]
- സുനനു അബീ ദാവൂദ്, അബൂ ദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അഥീബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 2, പേജ് 86, ഹദീസ് 1522.[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, പതിപ്പ് ഒന്ന്, വാള്യം 8, പേജ് 84, ഹദീസ് നമ്പര്‍ 6398.[↩]
