പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ കുറിക്കാൻ ഇസ്ലാമിക വിശ്വാസത്തിൽ ഉപയോഗിക്കുന്ന സംജ്ഞാ നാമമാണ് ‘അല്ലാഹു’. ഈ അടിസ്ഥാന നാമത്തിന് പുറമെ, ഖുർആനിലും ഹദീസുകളിലുമായി അൽ-അസ്മാഉൽ ഹുസ്നാ (ഉത്കൃഷ്ട നാമങ്ങൾ) എന്നറിയപ്പെടുന്ന നിരവധി വിശേഷണ നാമങ്ങൾ അല്ലാഹുവിനുണ്ട്. ഈ സവിശേഷ നാമങ്ങളിലൂടെയാണ് സർവ്വശക്തനായ അല്ലാഹുവിന്റെ ഗുണങ്ങളെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയുന്നത്. ഖുർആനിലും ഹദീസിലുമായി പ്രതിപാദിക്കപ്പെട്ട പ്രധാനപ്പെട്ട അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ പരിചയപ്പെടാം.
അൽ ഖാബിദ്വ് (ചുരുട്ടുന്നവൻ), അൽ ഖാഹിർ (പരമാധികാരമുള്ളവൻ), അൽ ഖുദ്ദൂസ് (പരമപരിശുദ്ധൻ), അൽ ഖദീർ (സർവശക്തൻ), അൽ ഖരീബ് (സമീപസ്ഥൻ), അൽ ഖവിയ്യ് (ശക്തൻ), അൽ കബീർ (മഹത്വമേറിയവൻ), അൽ കരീം (അത്യുദാരൻ), അല്ലത്വീഫ് (ഗൂഢരഹസ്യമറിയുന്നവൻ) തുടങ്ങിയ തുടങ്ങിയ ഉത്കൃഷ്ട നാമങ്ങളാണ് ഈ ലേഖനം വിശകലനം ചെയ്യുന്നത്.
അല്‍ ഖാബിദ്വ്
الْقَابِضُ
ചുരുട്ടുന്നവന്‍
The Withholder
അല്‍ ബാസിത്വ് (നിവര്ത്തുന്നവന്) എന്ന ഗുണനാമവും അതിന്റെ വിപരീതാര്‍ഥമുള്ള അല്‍ ഖാബിദ്വ് (ചുരുട്ടുന്നവന്‍) എന്നതും അല്ലാഹുവിന്റെ വിശേഷണ നാമമായി വിശുദ്ധഖുര്‍ആനിലും പ്രവാചകവചനങ്ങളിലും വന്നിട്ടുണ്ട്. വിശാലമായി നല്കാന് കഴിവുള്ളവനായവനാണ് അല്ലാഹു. ക്ലിപ്തപ്പെടുത്താനും പരിമിതപ്പെടുത്താനും അവന് കഴിയുന്നവനാണ്. തന്റെ ഔദാര്യം അടിമകള്‍ക്കുമേല്‍ വിശാലമാക്കുന്നവന്, നിവര്ത്തുന്നവന് (അല്‍ ബാസ്വിത്) ആണ് അല്ലാഹു. ഓരോ അടിമയ്ക്കും കണക്കാക്കിവെച്ച അവധി എത്തിയാല്‍ മരണം നല്‍കിക്കൊണ്ട് ആത്മാവിനെ ചുരുട്ടുന്നവന്‍ (അല്‍ ഖാബിദ്വ്) പിടിച്ചെടുക്കുന്നവന്‍ ആകുന്നു. ചിലര്‍ക്ക് ആത്മാവിനെ നീട്ടിക്കൊടുക്കുകയും ചെയ്യുന്നു.
ത്വാലൂത്തിനെ രാജാവായി നിയോഗിച്ചതുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നത് ഇങ്ങനെയാണ് ”അല്ലാഹു അദ്ദേഹത്തെ നിങ്ങളേക്കാള്‍ ഉത്കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. വിപുലമായ ജ്ഞാനവും ശരീരശക്തിയും നല്‍കുകയും ചെയ്തിരിക്കുന്നു”(2:247). ബസ്ത്വത് എന്ന പ്രയോഗം ഇവിടെ നടത്തിയത് വിശാലത, വര്‍ധനവ് എന്ന അര്‍ഥത്തിലാണ്.
പിടിച്ചുവെക്കുക (യഖ്ബിദ്വു), വിട്ടു കൊടുക്കുക (യബ്സുത്വു) വിപരീതാര്‍ഥമുള്ള ഈ രണ്ട് ക്രിയകളും ഒരേ സൂക്തത്തില്‍ അല്ലാഹു പ്രയോഗിച്ചിരിക്കുന്നു.
”അല്ലാഹുവിന് ഉത്തമമായ കടം നല്കുന്നവന് ആരാണ്? എങ്കില്‍ അല്ലാഹു അതവന് അനേകം ഇരട്ടികളായി വര്‍ധിപ്പിച്ചു കൊടുക്കുന്നതാണ്. ധനം പിടിച്ചു വെയ്ക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്കു തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും” (2:245).
അടിമയുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാചകന്(സ്വ) പറഞ്ഞത് യബ്സുത്വു എന്നാണ്. നബി(സ്വ) അരുളി: ‘നിശ്ചയം അല്ലാഹു പകലില്‍ ഒരു പാപി ചെയ്ത കുറ്റത്തിന് പശ്ചാത്താപം സ്വീകരിക്കുന്നതിനായി രാത്രിയില്‍ അവന്റെ കൈനീട്ടുന്നു. രാത്രിയില്‍ പാപി ചെയ്ത കുറ്റത്തിന് പശ്ചാത്താപം സ്വീകരിക്കാനായി പകലില്‍ അവന്റെ കൈകള്‍ നീട്ടുന്നു'(മുസ്ലിം) .
ചുരുക്കത്തില്‍ അത്യുദാരനും രാജാധിരാജനും സര്‍വ്വജ്ഞനുമായ അല്ലാഹു അവന്റെ ഔദാര്യമായി ഉപജീവനം അടക്കമുള്ള കാര്യങ്ങളില്‍ അവന്റെ അടിമകള്‍ക്കുമേല്‍ വിശാലമാക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നു. തീര്‍ത്തും അവന്റെ ഉദ്ദേശ്യങ്ങള്ക്കനുസ്സരിച്ചാണിത്. സമ്പത്തും ജീവനും അധികാരവും ഒക്കെ പിടിച്ചു വെക്കുകയും വിശാലമാക്കിക്കൊടുക്കുകയും ചെയ്യുന്നു. അവന് വിശാലമാക്കുന്നതിനെ പിടിച്ചുവെക്കാനോ ചുരുട്ടികളയാനോ ആര്‍ക്കും സാധ്യമല്ല. അവന് പരിമിതപ്പെടുത്തിയതിനെ വിശാലമാക്കാനോ ആര്‍ക്കും സാധ്യമല്ല. ആ അര്‍ഥത്തില്‍ സര്‍വ്വതിന്റെയും സാക്ഷാല്‍ ഉടമസ്ഥനായ അല്ലാഹു മാത്രമാണ് അല്‍ ബാസിത്വ് (നിവര്ത്തുന്നവന്) എന്ന ഗുണനാമത്തിന് അര്ഹനായിട്ടുള്ളവന്.
അല്‍ ഖാഹിര്‍
الْقَاهِرُ
പരമാധികാരമുള്ളവന്
The Subduer, The Ever-Dominating
അല്ലാഹു സര്‍വരെയും അടക്കിവാഴുന്നവനാണ്. സകല സൃഷ്ടികളും അവന് വിധേയരുമാണ്. അവന്റെ ആധിപത്യത്തിലും അധികാരത്തിലും വരാത്ത ഒരു സൃഷ്ടിയും ലോകത്തില്ല. അല്‍ ഖാഹിര്‍, അല്‍ ഖഹ്ഹാര്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ വിശേഷണനാമമായിട്ട് വന്നിട്ടുണ്ട്. ‘അവന് തന്റെ ദാസന്മാരുടെ മേല്‍ പരമാധികാരമുള്ളവനാണ്. യുക്തിമാനും സൂക്ഷ്മമായി അറിയുന്നവനുമത്രെ അവന്’ (6:18).
അന്ത്യദിനത്തില്‍ അല്ലാഹു ചോദിക്കുന്ന ഒരു ചോദ്യം ഇവിടെ പ്രസ്താവ്യമാണ്. ‘അവര്‍ വെളിക്കു വരുന്ന ദിവസമാണത്. അവരെ സംബന്ധിച്ച യാതൊരു കാര്യവും അല്ലാഹുവിന് ഗോപ്യമായിരിക്കില്ല. ഈ ദിവസം ആര്‍ക്കാണ് രാജാധികാരം? ഏകനും സര്‍വാധിപതിയുമായ അല്ലാഹുവിന്” (40:16).
അല്‍ ഖഹ്ഹാര്‍ എന്ന വിശേഷണ നാമം ഗാഫിര്, അസ്സുമര്‍, സ്വാദ്, ഇബ്രാഹിം, അര്‍റഅ്ദ്, യൂസുഫ് തുടങ്ങിയ സൂറത്തുകളിലായി 6 സ്ഥലങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്. സര്‍വതിനെയും അടക്കി ഭരിക്കാനും സര്‍വകാര്യങ്ങളുടെയും മേല്‍ ആധിപത്യം ചെലുത്താനും അര്‍ഹതയും കഴിവുമുള്ളവന് അല്ലാഹു മാത്രമായതിനാല്‍ അവന് ഉദ്ദേശിക്കും വിധം അവന് പ്രവര്‍ത്തിക്കാനും അവന് അവകാശമുണ്ട്. ഒരുപക്ഷേ മനുഷ്യനടക്കമുള്ള സൃഷ്ടികള്‍ക്ക് അവന്റെ പ്രവര്‍ത്തനങ്ങളുടെ യുക്തിയും ഉദ്ദേശ്യവും പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചുകൊള്ളണമെന്നില്ല. അത്തരം കാര്യങ്ങള്‍ മനുഷ്യനെന്നും അജ്ഞാതവും നിഗൂഢവുമായ കാര്യമായി തുടരും.
മനുഷ്യ ശരീരത്തിലുള്ള ആത്മാവിന്റെ കാര്യം തന്നെ ഉദാഹരണം. ഇന്നും സമസ്യയായി തുടരുന്ന ആത്മാവിന്റെ കാര്യം, അല്ലാഹുവിന്റെ നിയന്ത്രണത്തിലും അധികാരത്തിലുമാണ്. അതിനെക്കുറിച്ച് അല്ലാഹു പറയുന്നു: ‘നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു, പറയുക. ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് നല്കപ്പെട്ടിട്ടില്ല’ (17:85). ഇണകളായി സൃഷ്ടിക്കപ്പെട്ട മനുഷ്യന് ഭിന്നസാഹചര്യത്തില് ജീവിച്ച് തീര്‍ത്തും അപരിചിതരായ സ്ത്രീപുരുഷന്മാരെ വിവാഹത്തിലൂടെ ഒന്നിപ്പിക്കുമ്പോള്‍ അവരുടെ മനസ്സുകളെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാരസ്പര്യം കൊണ്ട് ചേര്‍ത്ത് വെക്കുന്നത് അല്ലാഹുവിന്റെ അതിമഹത്തായ ഒരു ദൃഷ്ടാന്തമാണ്. അവരുടെ മേല്‍ ആധിപത്യവും അധികാരവും അല്ലാഹുവിന് മാത്രമുള്ളതുകൊണ്ടാണ് ഇണകളുടെ മനസ്സുകളെ സ്നേഹത്തിന്റെ നൂലിഴകളില്‍ ചേര്‍ത്തുവെക്കാന്‍ സാധിക്കുന്നത്. ആകാശഭൂമികളിലുള്ള സര്‍വസൃഷ്ടികളുടെ മേലും പടച്ചവന്റെ അപാരമായ ആധിപത്യവും അധികാരവും ചൂഴ്ന്ന് നില്ക്കുന്നതായി കാണാന്‍ കഴിയും.
അല്‍ ഖുദ്ദൂസ്
الْقُدُّوسُ
പരമപരിശുദ്ധന്‍
The Absolutely Pure
അല്ലാഹുവിന്റെ അതിവിശിഷ്ട നാമങ്ങളില്‍ പ്രധാനപ്പെട്ടതാണ് അല്‍ ഖുദ്ദൂസ്. പരമപരിശുദ്ധന്‍ എന്ന് അതിന് ഭാഷാന്തരം ചെയ്യാം. അല്ലാഹു പറയുന്നു: ”അവനാണ് അല്ലാഹു. അവനല്ലാതെ ആരാധ്യനില്ല. രാജാധിരാജന്, പരമപരിശുദ്ധന്‍, സമാധാനം നല്കുന്നവന്, അഭയം നല്കുന്നവന്, മേല്‍നോട്ടം വഹിക്കുന്നവന്, പ്രതാപി, പരമാധികാരി, മഹത്ത്വമുള്ളവന്‍ എല്ലാം അവന് തന്നെ. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്” (59:23).

അല്ലാഹു പറയുന്നു: രാജാവും പരമപരിശുദ്ധനും പ്രതാപശാലിയും യുക്തിമാനുമായ അല്ലാഹുവെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം പ്രകീര്‍ത്തിച്ചുകൊണ്ടിരുന്നു. അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്ന പ്രാര്‍ഥനകള്‍ നബി(സ്വ) റുകൂഇലും സുജൂദിലും അല്ലാഹുവിന്റെ നിര്‍ദേശമനുസരിച്ച് ധാരാളം വര്‍ധിപ്പിക്കാറുണ്ടായിരുന്നു എന്ന് ആഇശ(റ)യില്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്നു . ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, നിനക്ക് സ്തോത്രങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് നിന്നെ പരിശുദ്ധപ്പെടുത്തുന്നു, അല്ലാഹുവേ എനിക്ക് നീ പൊറുത്ത് തരണമേ എന്നാണ് നബി(സ്വ) പ്രാര്‍ഥിക്കാറുണ്ടായിരുന്നത്. വിത്ര്‍ നമസ്കാരത്തില്‍ നിന്ന് വിരമിച്ചാല്‍ നബി(സ്വ)ശബ്ദമുയര്‍ത്തി മൂന്നു തവണ ‘രാജാവും പരമപരിശുദ്ധനുമായ അല്ലാഹുവെ വാഴ്ത്തുന്നു’ എന്ന് പറയാറുണ്ടായിരുന്നു. (അഹ്മദ്) .
പരമപരിശുദ്ധന്‍ (അല്‍ ഖുദ്ദൂസ്) എന്ന അല്ലാഹുവിന്റെ നാമത്തിന് വിവിധ അര്‍ഥതലങ്ങളുണ്ട്. അല്ലാഹുവിന്റെ മഹത്വത്തിനും ഔന്നത്യത്തിനും പൂര്‍ണതയ്ക്കും യോജിക്കാത്ത എല്ലാ വിശേഷണങ്ങളില്‍ നിന്നും പരിശുദ്ധനായവന് ആണ്. ഇന്ദ്രിയങ്ങള്‍ കണ്ടെത്തുന്നതോ ഭാവന സങ്കല്പിക്കുന്നതോ മനസ്സ് മെനഞ്ഞെടുക്കുന്നതോ ചിന്ത വിധിക്കുന്നതോ ആയ സര്‍വവിധ വര്‍ണനകളില്‍ നിന്നും അതീതനായവനാണ് അല്‍ഖുദ്ദൂസ്. അല്ലാഹുവിനെ വര്‍ണിക്കാനും വാഴ്ത്താനും ഉദ്ദേശിക്കുമ്പോള്‍ അവന് അംഗീകരിച്ച പൂര്‍ണതയുടെ വാക്കുകള്‍ ഉപയോഗിക്കുന്നപോലെത്തന്നെ അവന് ന്യൂനതയായി കാണുന്ന ഗുണങ്ങള്‍ ഉപയോഗിക്കാനാവില്ല.
അല്‍ ഖദീര്‍
الْقَدِيرُ
സര്വശക്തന്
The Capable, The Powerful
അല്ലാഹു ശുദ്ധശൂന്യതയില് നിന്നാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്. അവന് സര്‍വശക്തനാണെന്ന് ഇത് വ്യക്തമാക്കുന്നു. ഈ പ്രപഞ്ചത്തിലുള്ള സചേതനവും അചേതനവുമായ സകലതും അല്ലാഹുവിന്റെ ശക്തി മഹാത്മ്യത്തിന്റെയും അപാരമായ കഴിവുകളുടെയും പ്രകടമായ ദൃഷ്ടാന്തങ്ങളും വ്യക്തമായ നിദര്ശനങ്ങളുമാകുന്നു. സര്വശക്തന് എന്ന ദൈവിക വിശേഷണത്തെ കുറിക്കാന്‍ വിശുദ്ധ ഖുര്‍ആനില്‍ ‘ഖാദിര്‍’ എന്ന പദപ്രയോഗമുണ്ട്. ഇതിന്റെ അതേ ധാതുവില്‍ നിന്ന് നിഷ്പന്നമായ രണ്ട് വിശേഷണങ്ങള്‍ കൂടി വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. ‘മുക്വ്തദിര്’, ‘ഖദീര്‍’ എന്നിവയാണവ. പൂര്ണശക്തിയുള്ളവന്, എല്ലാകാര്യത്തിനും കഴിവുള്ളവന് എന്നൊക്കെ ഇവക്ക് അര്‍ഥം പറയാവുന്നതാണ്. അല്ലാഹുവിന്റെ ശക്തിയെ ദ്യോതിപ്പിക്കാന്‍ വേണ്ടി ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്ന മറ്റുചില പദങ്ങളാണ് ഖവിയ്യ് (ശക്തിയുടെ പാരമ്യത്തിലുള്ളവന് അഥവാ ഒരിക്കലും ദൗര്‍ബല്യം പിടികൂടാത്തവന്‍), മതീന് (അതിശക്തന്‍), അദ്വീം (മഹാന്) എന്നിവ.
അല്‍ ഖരീബ്
الْقَرِيبُ
സമീപസ്ഥന്‍
The Near One
അല്‍ ഖരീബ് (സമീപസ്ഥന്‍) എന്ന അല്ലാഹുവിന്റെ നാമവിശേഷണം വിശുദ്ധ ഖുര്‍ആനില്‍ താഴെ പറയുന്ന സൂക്തങ്ങളില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നു: ‘നിങ്ങള്‍ അവനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അടുത്തുതന്നെയുള്ളവനും പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നവനുമാകുന്നു'(11:61).
‘പറയുക: ഞാന്‍ പിഴച്ചുപോയിട്ടുണ്ടെങ്കില്‍ ഞാന്‍ പിഴക്കുന്നതിന്റെ ദോഷം എനിക്ക് തന്നെയാണ്. ഞാന്‍ നേര്‍വഴിയിലാണെങ്കിലോ അത് എന്റെ രക്ഷിതാവ് എനിക്ക് ബോധനം നല്‍കുന്നതിന്റെ ഫലമായിട്ടാണ്. തീര്‍ച്ചയായും അവന് എല്ലാം കേള്‍ക്കുന്നവനും സമീപസ്ഥനുമാകുന്നു’ (34:50).

അല്‍ ഖരീബ് (സമീപസ്ഥന്‍) എന്ന വിശേഷണം വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പരിചയപ്പെടുത്തുന്നത് അടിമകളുടെ പ്രാര്‍ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും അല്ലാഹുവിന് യാതൊരു മധ്യവര്‍ത്തിയുടെ ആവശ്യമില്ലാത്ത വിധം അടിമകളോട് അവന് സമീപസ്ഥനാകുന്നു എന്ന സത്യം ബോധ്യപ്പെടുത്തുന്നതാണ്. അല്ലാഹുവിലേക്ക് ഇടയാളന്മാരില്ലാതെ പ്രാര്‍ഥിക്കാന്‍ സാധ്യമല്ലയെന്നും അതുകൊണ്ട് പുണ്യാത്മാക്കളെയും മഹാന്മാരെയും അല്ലാഹുവിലേക്ക് അടുപ്പിക്കാനുള്ള മാര്‍ഗമായി സ്വീകരിച്ച് അവരോട് പ്രാര്‍ഥന നടത്തുന്ന മഹാപാപമായ ശിര്‍ക്ക് സമൂഹത്തില്‍ എക്കാലത്തും വന്നുപെടാനുള്ള പ്രധാന കാരണം അല്‍ ഖരീബ് (സമീപസ്ഥന്‍) എന്ന വിശിഷ്ട നാമത്തെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഉള്‍ക്കൊള്ളാതെ പോയത് കൊണ്ടാണ്. അല്ലാഹു പറയുന്നു: ‘എന്റെ ദാസന്മാര് എന്നെപ്പറ്റി നിന്നോട് ചോദിച്ചാല്‍ പറയുക: ഞാന്‍ അടുത്തു തന്നെയുണ്ട്. പ്രാര്ഥിക്കുന്നവന് എന്നോടു വിളിച്ചു പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അതിനാല്‍ എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയില്‍ ആകുവാന്‍ വേണ്ടിയാണത്’ (2:186).
ഖേദപൂര്‍വ്വം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നതിലൂടെ വിശ്വാസിക്ക് അല്ലാഹുവോട് കൂടുതല്‍ സാമീപ്യം നേടാന്‍ സാധിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കിത്തരുന്നു(11:61). അല്‍ ഖരീബ്, അഖ്റബ് എന്ന നാമവിശേഷണം വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ സൂക്ഷ്മജ്ഞാനവുമായി ബന്ധപ്പെടുത്തിയും നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. ആകാശഭൂമുകളിലുള്ള യാതൊന്നും ഒരു നേരം പോലും അവന് നിഗൂഢമാകുന്നില്ല. അല്ലാഹുവിന്റെ നിരീക്ഷണം എത്താത്ത ഒരിടം പോലുമില്ല. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം അവന്റെ കണ്ഠനാഡിയേക്കാള് അടുത്തവനാകുന്നു‘ (50:16).
മരണനേരത്തുള്ള അവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ‘നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ. നാമാണ് നിങ്ങളേക്കാള്‍ അടുത്തവന്. പക്ഷേ, നിങ്ങള്‍ ഇത് കണ്ടറിയുന്നില്ല’ (56:84,85). ദൈവസ്മരണയും അല്ലാഹുവിന് ഇഷ്ടപ്പെട്ട പ്രാര്‍ഥനകളും ഒക്കെ അടിമക്ക് അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗങ്ങളാണ്. കണ്ണുകൊണ്ട് കാണാന്‍ കഴിയുന്നില്ലെങ്കിലും കാണുന്നതു പോലെ അവനെ ആരാധിക്കാന്‍ മാത്രം അല്ലാഹുവിന്റെ സാമീപ്യം ഒരടിമക്ക് അനുഭവിക്കാന്‍ കഴിയും.
അല്‍ ഖവിയ്യ്
الْقَوِيُّ
ശക്തന്
The All-Strong
അല്ലാഹുവിന്റെ ജ്ഞാനവും കഴിവും ആധിപത്യവുമെല്ലാം അവന്റെ ശക്തിയുടെ കൂടി നിദര്‍ശനങ്ങളാണ്. നമുക്ക് ചുറ്റുമുള്ള സചേതനവും അചേതനവുമായ സകല വസ്തുക്കളും അല്ലാഹുവിന്റെ ശക്തിയുടെ പ്രകടമായ ദൃഷ്ടാന്തങ്ങളായി തിരിച്ചറിയാനും സാധിക്കും. അല്ലാഹുവിന്റെ അനന്യമായ ശക്തിയെ ദ്യോതിപ്പിക്കാന്‍ വേണ്ടി ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പദങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അല്‍ ഖവിയ്യ്. ഖവിയ്യ് എന്ന പദത്തിന് ശക്തിയുടെ എല്ലാ തലങ്ങളും ഒത്തുചേര്ന്നവനും ഒരിക്കലും ദൗര്‍ബല്യം പിടികൂടാത്തവന്‍ എന്നുമാണ് അര്‍ഥമാക്കുന്നത്.
വിശുദ്ധ ഖുര്‍ആനില്‍ ഒമ്പത് സ്ഥലങ്ങളില്‍ അല്‍ ഖവിയ്യ് (ശക്തന്) എന്ന വിശേഷണ നാമം വന്നിട്ടുണ്ട്. ദുല്‍ ഖുവ്വതില്‍ മതീന് (ശക്തനും പ്രബലനും) എന്ന ഒരു പ്രയോഗം അല്ലാഹുവിന്റെ ഒരു ഗുണനാമമായി സൂറത്തുദ്ദാരിയാത്തിലെ 58ാം സൂക്തത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ ശിക്ഷയുമായി ബന്ധപ്പെടുത്തികൊണ്ട് ‘ഖവിയ്യുന്‍’ (ശക്തന്) എന്ന വിശേഷണം ഉപയോഗിക്കപ്പെട്ടിരിക്കുന്നു.
‘ഇത് ഫിര്‍ഔനിന്റെ ആളുകളുടെയും അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായം പോലെത്തന്നെയാണ്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു. അപ്പോള്‍ അവരുടെ പാപങ്ങള്‍ നിമിത്തം അല്ലാഹു അവരെ പിടികൂടി. തീര്‍ച്ചയായും അല്ലാഹു ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്’ (8:52). അല്‍ അസീസ് (പ്രതാപശാലി) എന്ന വിശേഷണ നാമത്തോട് ചേര്‍ത്ത് ഖവിയ്യ് പ്രയോഗിച്ച രണ്ട് സൂക്തങ്ങള്‍ ഇവയാണ്. ‘ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം യാതൊരു ന്യായവും കൂടാതെ തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രേ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നെങ്കില്‍ പല സന്യാസി മഠങ്ങളും ക്രിസ്തീയ ദേവാലയങ്ങളും യഹൂദ ദേവാലയങ്ങളും അല്ലാഹുവിന്റെ നാമം കൂടുതലായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കും. അവന് ശക്തനും പ്രതാപിയും തന്നെയാകുന്നു’ (22:40). ‘സത്യ നിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയച്ചു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യ വിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു’ (33:25).
ധിക്കാരവും ദൈവനിഷേധവും നടത്തുന്ന ശത്രുക്കള്‍ക്ക് സൈ്വര്യവിഹാരം നടത്താന്‍ അല്ലാഹു അനുവദിക്കുകയില്ല. അവരുടെ അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ട് സത്യവിശ്വാസികളെ പിന്തുണക്കാനും സഹായിക്കാനുള്ള കരുത്തും പ്രതാപവും അല്ലാഹുവിന് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ അന്തിമ വിജയം സത്യവിശ്വാസികള്‍ക്കായിരിക്കും. പ്രതാപശാലിയും ശക്തനുമായ അല്ലാഹുവെ ഒരാള്‍ക്കും പരാജയപ്പെടുത്താന്‍ സാധ്യമല്ല. കാരണം അവന്റെ ശക്തി സര്‍വ്വതിനേക്കാളും മികച്ചുനില്ക്കുന്നു. പ്രതാപത്തിലും പോരായ്മകളും അപൂര്‍ണതയും കൂടികലര്ന്നിരിക്കും. അല്ലാഹുവിന്റെ ഈ അനന്യമായ ശക്തിയിലുള്ള ദൃഢവിശ്വാസമാണ് വിശ്വാസികള്‍ക്ക് സദാ ഉണ്ടാവേണ്ടത്. സര്‍വര്‍ക്കും ആശ്രയമായിട്ടുള്ള അല്ലാഹുവിന്റെ അപാരമായ ശക്തിയെക്കുറിച്ച തികഞ്ഞ ബോധ്യത്തോടെ സത്യവിശ്വാസി ഉരുവിടേണ്ട വാക്യമാണ് ‘ലാ ഹൗലവലാ ഖുവ്വത ഇല്ലാ ബില്ലാ’ (ചലനമോ ശക്തിയോ അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല).
ഒരിക്കല്‍ നബി(സ്വ) അബൂ മൂസല്‍ അശരി(റ)യോട് ചോദിച്ചു: സ്വര്‍ഗത്തിലെ നിധികളില്പ്പെട്ട ഒരു നിധിയെക്കുറിച്ച് ഞാന്‍ താങ്കളെ അറിയിച്ചു തരട്ടയോ? അദ്ദേഹം പറഞ്ഞു: അതേ. നബി(സ്വ) പറഞ്ഞു: നീ പറയണം ‘ലാ ഹൗലവലാ ഖുവ്വത ഇല്ലാ ബില്ലാ’ (നിന്നെകൊണ്ടല്ലാതെ ചലനമോ ശക്തിയോ ഇല്ല)അല്ലാഹുവിന്റെ അപാരമായ ശക്തിയും അതുല്യമായ കഴിവും യാതൊന്നിനോടും സാമ്യപ്പെടുത്താന്‍ സാധ്യമേയല്ല. (ബുഖാരി) .
അല്‍കബീര്‍
الْكَبِيرُ
മഹത്വമേറിയവന്‍
The Greatest, The Most Grand
മഹത്വവും ഔന്നത്യവും തനിക്ക് മാത്രമാണെന്നും തന്റെ മുമ്പില്‍ മറ്റെല്ലാം നിസ്സാരമാണെന്നും കരുതുന്നവന്. ഇങ്ങനെ ന്യായമായും അഹങ്കരിക്കാന്‍ അര്ഹതയുള്ളവന് അല്ലാഹു മാത്രമാണ് അതിനാല്‍ തന്നെ അല്‍ മുതകബ്ബിര്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്. അവന് മഹത്വവും ഔന്നത്യവും ഉള്ളവനാണ്. ഒന്നിനോടും സാമ്യപ്പെടുത്താന്‍ ഒരിക്കലും സാധ്യമല്ല. അല്ലാഹുവിന്റെ അല്‍മുതകബ്ബിര്‍ എന്ന വിശേഷണ നാമം ഹശ്ര് സൂറത്തിലെ 23ാമത്തെ സുക്തത്തില്‍ വന്നിട്ടുണ്ട്. ഖുദുസിയായിവന്ന ഒരു ഹദീസില്‍ ഈ വിഷയകമായിട്ടുള്ള ഒരു പരാമര്‍ശമുണ്ട്. അല്ലാഹു പറയുന്നു: ‘അഹങ്കാരം എന്റെ തട്ടമാണ്, മഹത്വം എന്റെ ഉടുതുണിയാണ് അതിലൊന്നിന്റെ പേരില്‍ എന്നോട് ആരെങ്കിലും മത്സരിച്ചാല്‍ ഞാന്‍ അവരെ നരകത്തില്‍ എറിയും”(ഇബ്നു മാജ) .

നബി(സ്വ) ഒരിക്കല്‍ മിമ്പറില്‍ വെച്ച് സൂറത്തു സുമറിലെ 67ാമത്തെ സൂക്തം പാരായണം ചെയ്തു. ”അല്ലാഹുവെ കണക്കാക്കേണ്ട വിധം അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഭൂമി മുഴുവന്‍ അവന്റെ കൈപ്പിടിയില്‍ ഒതുങ്ങും. ആകാശങ്ങള്‍ അവന്റെ വലതു കൈയില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്. അത്യുന്നതനാണവന്. അവര്‍ പങ്കു ചേര്‍ക്കുന്നതിനെല്ലാം അവന് അതീതനായിരിക്കുന്നു”(39:67). എന്നിട്ട് പ്രവാചകന്(സ്വ) പറഞ്ഞു: ‘അല്ലാഹു പറയുന്നു ഞാനാണ് അടക്കിഭരിക്കുന്നവന്, ഞാന്‍ അഹങ്കരിക്കാന്‍ അര്ഹതയുള്ളവന്, ഞാനാണ് രാജാവ്, ഞാനാണ് മഹോന്നതന്‍ അവന് സ്വയം മഹത്വപ്പെടുത്തുന്നു’. മിമ്പര്‍ വിറക്കുന്നത് വരെ നബി(സ്വ) അത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. നബി(സ്വ) മിമ്പറില്‍ നിന്ന് വീണു പോകുമോ എന്ന് ഞങ്ങള്‍ വിചാരിച്ചുപോയി(അഹ്മദ്) .
മഹത്വമേറിയവന്‍ എന്ന അര്‍ഥമുള്ള അല്‍കബീര്‍ ഏന്ന ഗുണവിശേഷണം ആറ് സ്ഥലങ്ങളിലായി ഖുര്‍ആനില്‍ പ്രയോഗിച്ചുണ്ട് അല്ലാഹു പറയുന്നു: ‘‘ആകാശഭൂമികളില്‍ അവനു തന്നെയാകുന്നു മഹത്വം. അവന് തന്നെയാകുന്നു പ്രതാപിയും യുകതിമാനും”(45:37). ആകാശഭൂമികളിലുള്ള സര്‍വതിനേക്കാളും മഹത്വവും ഔന്നത്യവും ഏറിയവനാണ് അല്ലാഹു. അവന്റെ മഹത്വത്തിന്റെയും ഔന്നത്യത്തിന്റെയും മുമ്പില്‍ മറ്റെല്ലാം നിസ്സാരവും ചെറുതുമാണ്. ‘അല്ലാഹു അക്ബര്‍’ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്ന് ഓരോ മുസ്ലിമും നിര്‍ബന്ധമായും അനേകം തവണ ഉരുവിടുന്ന മന്ത്രധ്വനി, അല്ലാഹുവിന്റെ തുല്യപ്പെടുത്താനാവാത്ത മഹത്വത്തിന്റെയും ഔന്നത്യത്തിന്റെയും പ്രഖ്യാപനമാണ്.
അല്‍ കരീം
الْكَرِيمُ
അത്യുദാരന്‍
The Most Generous, The Most Esteemed
ഉത്കൃഷ്ടതയുടെ സകലമാന ഗുണങ്ങളും സമ്മേളിച്ചവന് അല്ലാഹു മാത്രമാണ് മാന്യതയുടെയും ശ്രേഷ്ടതയുടെയും ഗുണങ്ങളായി നാം കണക്കാക്കിപ്പോരുന്ന കരാര്‍പാലനം, ഉദാരമനസ്കത, സര്‍വര്‍ക്കും അഭയം നല്കല്, സമീപസ്ഥന്‍ എന്നിവയെല്ലാം തുല്യപ്പെടുത്താനോ ഉപമിക്കാനോ കഴിയാത്ത വിധം ഉടമപ്പെടുത്തിയവന് അല്ലാഹു മാത്രമാണ്. അത്യുത്കൃഷ്ടന്‍ എന്ന അര്‍ഥം ലഭിക്കുന്ന അല്‍ കരീം, അല്‍ അക്റം എന്നീ പ്രയോഗങ്ങള്‍ അല്ലാഹുവിന്റെ നാമവിശേഷണങ്ങളായി ഖുര്‍ആനില്‍ പല സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. ‘നന്ദി കാണിക്കുന്നവര്‍ സ്വന്തം ഗുണത്തിനായിട്ട് തന്നെയാണ് നന്ദി കാണിക്കുന്നത്. എന്നാല്‍ വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം എന്റെ രക്ഷിതാവ് പരാശ്രയ മുക്തനും ഉത്കൃഷ്ടനുമാകുന്നു’ (27:40).
അല്ലാഹുവിന്റെ മഹത്വത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുള്ള അവന്റെ സിംഹാസനം (അര്‍ശ്) അല്‍ കരീം എന്ന് വിശേഷിക്കപ്പെട്ടിട്ടുണ്ട്. ‘എന്നാല്‍ യഥാര്‍ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ ദൈവമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനാണ് അവന്’ (23:116).
അല്‍ അക്റം (അത്യുത്കൃഷ്ടന്‍) എന്ന പദപ്രയോഗം ദിവ്യവെളിപാടിന്റെ പ്രാരംഭവാക്യമായി അവതീര്‍ണമായ സൂറത്തുല്‍ അലഖിലെ മൂന്നാമത്തെ സൂക്തത്തില്‍ കാണാന്‍ കഴിയും. ‘സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന് ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക, നിന്റെ രക്ഷിതാവ് അത്യുതാരനാകുന്നു. അവന് പേനകൊണ്ട് പഠിപ്പിച്ചു’ (96:1-4).
ഉപരിസൂചിത ഖുര്‍ആന്‍ സൂക്തത്തില്‍ (96:3) അല്‍-അക്റം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അത്യുദാരന്‍ എന്നാണ്. അഥവാ ഉത്കൃഷ്ടതയുടെ ഒരു ഗുണമായി ഔദാര്യത്തെയാണ് സൂചിപ്പിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളുടെ ദാതാവായ അല്ലാഹുവിന്റെ അടുക്കലാണ് ആകാശഭൂമികളുടെയെല്ലാം ആധിപത്യവും ഉടമസ്ഥാവകാശവുമുള്ളത്. ഭാവനയില്‍ പോലും സങ്കല്പ്പിക്കാന് കഴിയാത്ത വിധം അനന്തവും വിശാലവുമായിക്കിടക്കുന്ന അനുഗ്രഹങ്ങള്‍ അവന് ഔദാര്യപൂര്‍വ്വം നല്കിക്കൊണ്ടിരിക്കുന്നു.
അല്ലാഹുവിലേക്ക് സര്‍വ്വരും ആവശ്യക്കാരും, ആശ്രിതരുമാണ്. അവന്റെയടുക്കല്‍ നിന്ന് സഹായവും അനുഗ്രഹവും ലഭിക്കാനായി ചോദിക്കുന്ന പ്രാര്‍ത്ഥന കൊണ്ട് അല്ലാഹു അവന്റെ ഔദാര്യത്തില്‍ നിന്ന് നല്കുന്നു. തേടിയവനോട് അല്ലാഹു പരിഗണന കാണിക്കുകയും ചെയ്യുന്നു. ക്ഷമാലുക്കള്‍, സ്വാലിഹുകള്‍, ഭയഭക്തര്‍, പശ്ചാത്താപം നടത്തുന്നവര്‍ എന്നിവര്‍ക്കൊക്കെ അല്ലാഹു അവന്റെ ഔദാര്യത്തില്‍ നിന്ന് നല്കിക്കൊണ്ടിരിക്കുന്നു. സുലൈമാന്‍(അ)യോട് അല്ലാഹു പറയുന്നത് ‘ഇത് നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെക്കുകയോ ചെയ്തുകൊള്ളുക. കണക്ക് ചോദിക്കല്‍ ഉണ്ടാവില്ല‘ (38:39). അല്ലാഹുവിന്റെ മഹത്വത്തിന്റെ പ്രധാന ഗുണമാണ് ഇവിടെ പറയപ്പെടുന്നത്.
അല്‍ കരീം (അത്യുത്കൃഷ്ടന്‍) എന്നതിന്റെ അര്ഥകല്പനയില് വരുന്ന മറ്റൊന്നാണ് വാഗ്ദാനം പാലിച്ചും വിട്ടുവീഴ്ച്ച ചെയ്തും അല്ലാഹു അവന്റെ മഹത്വം പ്രകടിപ്പിക്കുന്നു എന്നത്. ‘നിശ്ചയം അല്ലാഹു വാഗ്ദാനം ലംഘിക്കുന്നവനല്ല‘ (3:9).
പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥന അല്ലാഹു ഒരിക്കലും വൃഥാവിലാക്കുന്നില്ല. ചോദിക്കുന്നവന്റെ ആവശ്യങ്ങളെ അല്ലാഹു അവഗണിക്കുന്നില്ല. നബി(സ്വ) യുടെ വചനങ്ങളില്‍ അല്ലാഹുവിനെ കരീം എന്ന് പരിചയപ്പെടുത്തിയത് പ്രാര്‍ഥിക്കുന്നവനോട് അല്ലാഹു കാണിക്കുന്ന പരിഗണന എന്ന ഗുണത്തിന്റെ പേരിലാണ്. നബി(സ്വ) പറഞ്ഞു: ”നിശ്ചയമായും നിങ്ങളുടെ രക്ഷിതാവ് എന്നെന്നും ജീവിച്ചിരിക്കുന്നവനും ഉത്കൃഷ്ടനുമാകുന്നു. അവന്റെ അടിമ അവനിലേക്ക് കൈകളുയര്‍ത്തിയാല്‍ വെറും കൈയോടെ അടിമയെ മടക്കുന്നത് അവന് ലജ്ജിക്കുന്നു” (അബൂദാവൂദ്) . ‘തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു’ (49:13).
അല്ലത്വീഫ്
اللَّطِيفُ
ഗൂഢരഹസ്യമറിയുന്നവന്
The Subtle One, The Most Gentle
നന്മകളുടെ അതിസൂക്ഷ്മവും അതിനിഗൂഢവുമായ അംശങ്ങള്‍ കണ്ടെത്തുകയും അവ അവയുടെ അവകാശികള്‍ക്ക് എത്തിച്ച് കൊടുക്കുന്നതില്‍ കനിവിന്റെ മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നവനാണ് അല്ലത്വീഫ്. സൂക്ഷ്മമായ അറിവും കനിവോടുകൂടിയ പ്രവൃത്തിയും ഒത്തുകൂടിയ ഈ ഗുണം പൂര്‍ണരൂപത്തില്‍ ഉള്ളവന് അല്ലാഹു മാത്രം. അല്ലത്വീഫ് എന്ന അല്ലാഹുവിന്റെ വിശേഷണനാമം വിശുദ്ധ ഖുര്‍ആനില്‍ ഏഴു തവണ വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു: ”അല്ലാഹു ആകാശത്തു നിന്ന് വെള്ളമിറക്കിയിട്ട് അതുകൊണ്ടാണ് ഭൂമി പച്ചപിടിച്ചതായി ത്തീരുന്നത് എന്ന് നീ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു” (22:63).

”അന്ത്യ സമയത്തില്‍ വിശ്വസിക്കാത്തവര്‍ അതിന്റെ കാര്യത്തില്‍ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നു. വിശ്വസിച്ചവരാകട്ടെ അതിനെപ്പറ്റി വിഹ്വലരാകുന്നു. അവര്‍ക്കറിയാം, അത് സത്യമാണെന്ന്. ശ്രദ്ധിക്കുക, തീര്‍ച്ചയായും അന്ത്യ സമയത്തിന്റെ കാര്യത്തില്‍ തര്‍ക്കം നടത്തുന്നവര്‍ വിദൂരമായ പിഴവില്‍ തന്നെയാകുന്നു. അല്ലാഹു തന്റെ ദാസന്മാരോട് കനിവുള്ളവനാകുന്നു. അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് ഉപജീവനം നല്കുന്നു. അവനാകുന്നു ശക്തനും പ്രതാപശാലിയും” (42:18,19). സകല കാര്യങ്ങളെ സംബന്ധിച്ചും സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു. പരസ്യം അറിയുന്നത് പോലെ രഹസ്യവും അവന് അറിയുന്നു. ഓരോ കാര്യത്തിന്റെ ആത്യന്തികമായ ഗുണവും ദോഷവും അറിയുന്നവന് അല്ലാഹു മാത്രമാണ്. അവന്റെ സൂക്ഷ്മജ്ഞാനം സൃഷ്ടികളോടെല്ലാം കനിവിന്റെയും അനുകമ്പയുടെയും വഴി സ്വീകരിക്കാന്‍ കാരണമാകുന്നു.
മാതാവിന്റെ വയറ്റില്‍ മൂന്ന് അന്ധകാരങ്ങള്‍ക്കുള്ളില്‍ സംരക്ഷിക്കപ്പെടുന്ന ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമായത് ലഭിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്പ്പെടുത്തിക്കൊടുത്തവന് അല്ലാഹുവാണ്. കഞ്ഞായി പിറന്ന ശേഷവും സൂക്ഷ്മജ്ഞാനിയായ അല്ലാഹു അവനോട് കാണിക്കുന്ന കനിവിന്റെയും കാരുണ്യത്തിന്റെയും ഭാഗമാണ് അനുഗ്രഹങ്ങളോരോന്നം അവന് ആസ്വദിച്ചുകൊണ്ട് ജീവിക്കുന്നത്. മറ്റു ജീവജാലങ്ങളുടെയെല്ലാം വളര്‍ച്ചാഘട്ടങ്ങളിലും ജൈവികാവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കുന്ന ഘട്ടത്തിലും സൂക്ഷ്മജ്ഞാനിയായ അല്ലാഹു കനിവിന്റെയും ദയാവായ്പിന്റെയും മാര്‍ഗമാണ് സ്വീകരിക്കുന്നത്. ചിലത് നല്‍കിയും മറ്റു ചിലത് തടഞ്ഞും അടിമകളോട് അവന് അനുകമ്പ കാണിക്കുന്നു. ഓരോന്നിന്റേയും ആത്യന്തികമായ ഗുണവും ദോഷവും അറിയുന്നവന് അല്ലാഹു മാത്രമായതിനാല്‍ അവന് നല്‍കിയതില്‍ അടിമകളോടുള്ള കനിവിന്റെ ഭാഗമായി അതിന്റെ നന്മയുണ്ടായിരിക്കും. അവന് നല്‍കാതെ തടഞ്ഞ് വെച്ചതില്‍ തിന്മയുണ്ടായിരിക്കും. അതും സൂക്ഷ്മജ്ഞാനിയായ അല്ലാഹുവിന് അവന്റെ അടിമകളോടുള്ള അനുകമ്പയുടെ ഭാഗമാണ്.
അല്ലത്വീഫ് എന്ന ഗുണവിശേഷണത്തിന്റെ അര്‍ത്ഥവ്യാപ്തിയില്‍ അല്ലാഹുവിന്റെ സൂക്ഷ്മജ്ഞാനവും കനിവോട് കൂടിയ പ്രവൃത്തിയുമാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. സൂക്ഷ്മജ്ഞാനത്തിന്റെ ആശയത്തെ വിവിധസൂക്തങ്ങളില് വന്ന അല്ലത്വീഫ് എന്ന വിശേഷണ നാമത്തിന്റെ പ്രയോഗ സന്ദര്‍ഭത്തില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയും. ആകാശ ഭൂമികളെ മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവനായ അല്ലാഹുവിന് പങ്കുകാരാരുമില്ല. അവന് സന്താനങ്ങളോ സഹധര്‍മിണിയോ ഇല്ല. അങ്ങനെയുള്ള റബ്ബാണ് സ്രഷ്ടാവ്. അവനെ മാത്രം ആരാധിച്ച് ജീവിക്കണം, അവന് സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു. തുടര്‍ന്ന് അവനെ ഇങ്ങനെ പരിചയപ്പെടുത്തുന്നു. ‘കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല കണ്ണൂകളെ അവന് കണ്ടെത്തുകയും ചെയ്യും. അവന് സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു’.
അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒന്നും അജ്ഞാതമോ നിഗൂഢമോ അല്ല. എത്ര ചെറുതും നിസ്സാരവുമായ കാര്യങ്ങളേയും സൂക്ഷ്മമായി അവന് അറിയുന്നു. ലുഖ്മാന് (അ) പ്രിയ പുത്രന് നല്കുന്ന സാരോപദേശങ്ങളില്‍ ഇങ്ങനെ വായിക്കാം: ”എന്റെ കുഞ്ഞു മോനേ, കാര്യം ഒരു കടുകു മണിത്തൂക്കമുള്ളതായിരുന്നാലും അത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെത്തന്നെയായാലും അല്ലാഹു അത് കൊണ്ടൂവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു” (31:16).
അകാശഭൂമികളിലുള്ള സര്‍വതിനേയും മനുഷ്യനു വേണ്ടി അല്ലാഹു അധീനപ്പെടുത്തിക്കൊടുത്തതിലും ഈ പ്രാപഞ്ചിക വ്യവസ്ഥ താളഭംഗം സംഭവിക്കാതെ പരിപാലിച്ചു പോരുന്നതിലും രാത്രിയെ വിശ്രമവേളയും പകലിനെ ജീവസന്ധാരണത്തിന്റെ സമയവുമായി ക്ലിപ്തപ്പെടുത്തി സംവിധാനിച്ചതിന്റെയും എല്ലാം പിന്നില്‍ സര്‍വ്വ ലോകരക്ഷിതാവായ അല്ലാഹുവിന്റെ സൂക്ഷ്മ ജ്ഞാവവും അനുകമ്പയും ദയാവായ്പും നിറഞ്ഞ പ്രവര്‍ത്തനവുമാണ്. അവന് തൃപ്തിപ്പെട്ട ജീവിതത്തിന്റെ മാര്‍ഗ രേഖയായി വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനും ലളിതമായ രൂപത്തിലാക്കിയതും സൂക്ഷ്മജ്ഞാനിയായ അല്ലാഹുവിന്റെ അടിമകളോടുള്ള കനിവിന്റെയും കാരണ്യത്തിന്റെയും അടയാളമാണ്. നശ്വരജീവിതത്തില്‍ അടിമ അനുഭവിക്കേണ്ടി വരുന്ന ദുഖം, ക്ഷീണം, രോഗം മറ്റു പ്രയാസങ്ങളെല്ലാം അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ച് ക്ഷമിക്കുന്നവന്റെ പാപങ്ങള്‍ പൊറുക്കപ്പെടാനുള്ള അവസരമായി അവന് കണക്കാക്കും. കാലിന് മുള്ള് തറക്കുന്ന നിസ്സാരമായ വേദന പോലും അവന് ഗുണകരമാണ്. അല്ലത്വീഫ് (ഗൂഢരഹസ്യമറിയുന്നവന്) എന്ന വിശേഷണനാമം ഈ അര്‍ഥങ്ങളിലെല്ലാം അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണ്.
References