സൂഫിസം
മുസ്ലിം സമൂഹത്തിൻ്റെ വിശ്വാസ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച പല ചിന്താധാരകളും ഉണ്ടായിട്ടുണ്ട്. അവയിൽ ഒന്നാണ് സൂഫിസം. ഹിജ്റ രണ്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെയാണ് ഈ പദം പ്രചാരത്തിൽ വന്നത്. മഹാനായ ഹസൻ ബസ്വരിയുടെ (റ) ഭക്തിമാർഗ്ഗം പിന്തുടർന്നവരിൽ, പിൽക്കാലത്ത് ഭൗതിക വിരക്തിയിൽ അതിരു കടക്കുകയും, കൃഷിയും കച്ചവടവും ഉപേക്ഷിച്ച് ദിക്റിലും ദുആയിലും മാത്രം മുഴുകുകയും ചെയ്തവരിലൂടെയാണ് സൂഫിസം ഒരു പ്രസ്ഥാനമായി രൂപാന്തരപ്പെട്ടത്.
സൂഫിസത്തിൻ്റെ അടിസ്ഥാന വിശ്വാസങ്ങൾ ഇസ്ലാമിക പ്രമാണങ്ങളിൽ നിന്ന് തികച്ചും വിഭിന്നമാണ്. ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയ്ക്ക് പുറമെ സ്വപ്നങ്ങൾ, ആത്മീയ വെളിപാടുകൾ, മലക്കുകളുമായുള്ള സംഭാഷണം, ഖദിർ നബിയിൽ നിന്നുള്ള ഉപദേശങ്ങൾ തുടങ്ങിയവയെ സൂഫികൾ മൂലപ്രമാണങ്ങളായി അംഗീകരിക്കുന്നു. ശൈഖുമാർ പ്രവാചകന്മാരെക്കാൾ ഉന്നതരാണെന്നും, തെറ്റുകൾ പറ്റാത്ത മഅ്സൂമുകളാണെന്നും അവർ വിശ്വസിക്കുന്നു.
ഇതിലെ ഏറ്റവും അപകടകരമായ വിശ്വാസധാരകളാണ് ഹുലൂൽ (ദൈവാവതാരം), വഹ്ദത്തുൽ വുജൂദ് (അദ്വൈതം, അല്ലാഹു മാത്രം) എന്നിവ. ഇതനുസരിച്ച് അല്ലാഹുവിൻ്റെ ആത്മാവ് ഔലിയാക്കളിൽ ഇറങ്ങുമെന്നും, അല്ലാഹുവും ഔലിയാക്കളും ഏകമാകുമെന്നും അവർ വാദിക്കുന്നു. ഹല്ലാജ് പോലുള്ള സൂഫികൾ താൻ ദൈവം തന്നെയാണെന്ന് വരെ പ്രചരിപ്പിച്ചു. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന് പകരം ‘ലാ മൗജൂദ ഇല്ലല്ലാഹ്’ (അല്ലാഹു അല്ലാതെ മറ്റൊരു അസ്തിത്വവുമില്ല) എന്ന ചിന്ത ഹൈന്ദവ അദ്വൈതവാദത്തിന് സമാനമാണ്. സൂഫിസത്തെ ബഹുജനങ്ങളിൽ പ്രചരിപ്പിക്കാനും ഭൗതിക ലാഭമുണ്ടാക്കാനും ശൈഖുമാർ നിർമ്മിച്ചെടുത്ത വഴികളാണ് ത്വരീഖത്തുകൾ (മാർഗ്ഗങ്ങൾ).
സൂഫിസത്തിന്റെ അടിസ്ഥാനം, ആരംഭം, സൂഫികളുടെ വിശ്വാസം, ത്വരീഖത്തുകൾ, ത്വരീഖത്തുകളുടെ ചരിത്രവും വളർച്ചയും എന്നിവ ഈ ലേഖനത്തിൽ വായിക്കാം.
തസ്വവ്വുഫ് (സൂഫിസം) എന്ന പദത്തിന്റെ ഉത്ഭവത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങള്‍ കാണാന്‍ കഴിയും. സ്വഫാത്ത്, സഫ്വത്ത് (ഹൃദയശുദ്ധി) എന്ന ധാതുവില്‍ നിന്നാണ് സൂഫി എന്ന പദത്തിന്റെ ഉത്ഭവമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. സ്വന്തമായി വീടില്ലാത്തതിന്റെ പേരില്‍ നബി(സ്വ)യുടെ പള്ളിക്കോലായില്‍ താമസിച്ചിരുന്ന ദരിദ്രരായ സ്വഹാബികള്‍ അഹ്ലുസ്സുഫ്ഫത്ത് (പള്ളിക്കോലായില്‍ താമസിച്ചിരുന്നവര്‍) എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. അതിലെ അസ്സുഫ്ഫത്ത് എന്ന പദവുമായി ചേര്‍ന്നാണ് സൂഫിയുണ്ടായതെന്നാണ് മറ്റൊരു അഭിപ്രായം. ഇസ്ലാമിന് മുമ്പ് അറബികളില്‍ സംന്യാസ ജീവിതം നയിച്ചിരുന്ന കുടുംബനാഥന്റെ പേര് സ്വഫ്വത്ത്ബ്നു ബിശറബ്നുവുദ് എന്നായിരുന്നു, ഇതിലെ സ്വഫ്വത്ത് എന്ന പദത്തിലേക്ക് ചേര്‍ത്തിയാണ് സൂഫിയുണ്ടായതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. സൂഫികള്‍ കരിമ്പടധാരികളായതിനാല് സൂഫ് (കരിമ്പടം) ധരിച്ചിരുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ അവര്‍ക്ക് സൂഫികള്‍ എന്ന പേര് സിദ്ധിച്ചു. ഈ അഭിപ്രായമാണ് കൂടുതല്‍ പ്രബലമായി കാണുന്നത്. ചരിത്രകാരന്മാരും മതപണ്ഡിതന്മാരുമായ ഇബ്നുഖല്ദൂന്, ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ മുതലായവരൊക്കെ സൂഫിസത്തിന്റെ പദ നിഷ്പത്തിയുമായി ബന്ധപ്പെട്ട് ഈ അഭിപ്രായത്തെയാണ് ശരിവെക്കുന്നത്.
സൂഫിസത്തിന്റെ ആരംഭം
ചില മനുഷ്യരുടെ പുണ്യം നേടാനുള്ള അമിതമായ താല്പര്യം ചൂഷണം ചെയ്തുകൊണ്ടാണ് സൂഫിസം പോലുള്ള ഭക്തി പ്രസ്ഥാനങ്ങള്‍ രംഗത്ത് വന്നത്. അസ്സൂഫിയ, അത്തസ്വവ്വുഫ്, അല്‍മുതസ്വവ്വിഫ് എന്നിങ്ങനെ സൂഫിസവുമായി ബന്ധപ്പെട്ട പ്രയോഗങ്ങള്‍ സ്വഹാബത്തിനിടയില്‍ ഉപയോഗിക്കപ്പെട്ടുകാണുന്നില്ല. അതുകൊണ്ട് സൂഫിസമെന്ന ആദര്‍ശവും അത് പ്രതിനിധീകരിക്കുന്ന ആശയവും പ്രസ്ഥാനവും എല്ലാം തന്നെ പില്‍കാലത്തുണ്ടായിത്തീര്‍ന്നതാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ഹിജ്റ രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും (താബിഉകളുടെ കാലത്ത്) മൂന്നാം നൂറ്റാണ്ടില്‍ പരക്കെയും ചിലരുടെ പ്രയോഗങ്ങളില്‍ പ്രസ്തുത പദം ജന്മംകൊള്ളുകയും തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ അതിന് പ്രചാരം സിദ്ധിക്കുകയും ചെയ്തുവെന്നാണ് പണ്ഡിതാഭിപ്രായം.
താബിഉകളില്‍ പ്രമുഖനും പണ്ഡിത ശ്രേഷ്ഠനും ഭക്തനുമായിരുന്നു ഹസന് ബസ്വരി (ഹി. 110ല്‍ മരിച്ചു). ഉമര്‍(റ)ന്റെ ഭരണകാലത്ത് മദീനയിലായിരുന്നു ജനനം. പിന്നീട് അദ്ദേഹം ഉസ്മാന്(റ)ന്റെ വധത്തിന് ശേഷം ബസറയില്‍ താമസമാക്കി. മതപാണ്ഡിത്യം, ആരാധന, ഭൗതിക സുഖങ്ങളിലുള്ള വിരക്തി, സൂക്ഷ്മത എന്നീ കാര്യങ്ങളില്‍ പ്രസിദ്ധനായിരുന്ന ഹസനുല്‍ ബസ്വരിയുടെ, താബിഉകളിലും താബിഉത്താബിഉകളിലുംപെട്ട അനുയായികള്‍ കൂടുതല്‍ ഭക്തന്മാരും ആരാധനാ താല്പരരുമായി. കൃഷിയും കച്ചവടവും മറ്റ് തൊഴിലുകളുമെല്ലാം ഉപേക്ഷിച്ച് പള്ളികളിലും മഠങ്ങളിലും മാത്രം ദിക്റും ദുആയുമായി കഴിഞ്ഞ് കൂടുന്ന അവസ്ഥയിലേക്ക് ജനങ്ങള്‍ നീങ്ങി. ഈ പശ്ചാത്തലത്തിലാണ്, ജീവിത വിരക്തിയിലൂടെ ആരാധനകളില്‍ മാത്രം മുഴുകി കഴിഞ്ഞുകൂടുന്നതിനെ വിമര്‍ശിക്കുകയും ജോലി ചെയ്ത് ജീവിക്കേണ്ടതിന്റെ ആവശ്യകത വിവരിക്കുകയും ചെയ്യുന്ന ‘കിതാബുല്‍ കസ്ബ്’ പോലുള്ള ഗ്രന്ഥങ്ങള്‍ വിരചിതമായത്.
മഹാനായ ഹസന് ബസ്വരിയോ അദ്ദേഹത്തിന്റെ അനുയായികളോ സൂഫികളെന്ന പേരില്‍ അറിയപ്പെട്ടിരുന്നില്ല. പ്രത്യേക തരം ഭാഷകളോ ധ്യാനമുറകളോ ആരാധനാക്രമങ്ങളോ അവര്‍ക്കുണ്ടായിരുന്നില്ല. മഹാനായ ഹസനുല്‍ ബസ്വരിക്കും(റ) അദ്ദേഹത്തിന്റെ നേരിട്ടുള്ള ശിക്ഷണത്തില്‍ വളര്‍ന്ന നല്ലവരായ ശിഷ്യന്മാര്ക്കും ശേഷം വന്ന പിന്ഗാമികളില് പിശാചു സൃഷ്ടിച്ചെടുത്ത ബിദ്അത്തുകളാണ് പില്കാലത്ത് സൂഫിസമായി രൂപാന്തരപ്പെട്ടത്. മുസ്ലിം സമൂഹത്തില്‍ ആശയതലത്തിലും രാഷ്ട്രീയ ലക്ഷ്യത്തോടെയും ഭിന്നിപ്പും കക്ഷിത്വവും ഉണ്ടാക്കിയ സംഘങ്ങള്‍ മഹാനായ ഖലീഫ അലി(റ)യുടെ നാമം എങ്ങനെ ദുരുപയോഗപ്പെടുത്തിയോ അപ്രകാരം സൂഫികള്‍ തങ്ങളുടെ വികലധാരണകള്‍ക്കും നിരര്‍ത്ഥകവാദങ്ങള്‍ക്കും മഹാനായ ഹസനുല്‍ബസ്വരി(റ)യുടെ പേര് ദുരുപയോഗപ്പെടുത്തിയതായി കാണാം.
ഹസന്‍ബസ്വരിയുടെ ശിഷ്യന് അബ്ദുല്‍ വാഹിദ്ബ്നു സൈദിന്റെ അനുയായികളിലൊരാള്‍ ബസ്വറയില്‍ ആദ്യമായി ഒരു സൂഫിമഠം സ്ഥാപിച്ചു. അതോടെ സൂഫിസത്തിന് മേല്‍വിലാസവും കേന്ദ്രവും ഉണ്ടായി. തുടര്‍ന്ന് പ്രസ്തുത മഠത്തിലെ അന്തേവാസികളിലൂടെ സൂഫിസം ബസ്വറയിലും ക്രമേണ ഇതര മുസ്ലിം നാടുകളിലും പ്രചരിച്ചു.
സൂഫികളുടെ വിശ്വാസം
മുസ്ലിം ലോകത്ത് മുഴുവന്‍ അറിയപ്പെടുകയും പൊതുവില്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഇസ്ലാമിന്റെ മൂല പ്രമാണങ്ങള്‍ നാലെണ്ണമാണ്. പരിശുദ്ധ ഖുര്‍ആനും നബിചര്യയും സ്ഥിരപ്പെട്ട ഇജ്മാഉം സുവ്യക്തമായ ക്വിയാസും. പക്ഷേ സൂഫിസത്തില്‍ മൂലപ്രമാണങ്ങളായി ഇതിലുമെത്രയോ കാര്യങ്ങളുണ്ട്. സ്വപ്നങ്ങള്‍, ആത്മീയവെളിപാടുകള്‍, മലക്കുകളുമായുള്ള സംസാരം, അല്ലാഹുവുമായി നേരിട്ടുള്ള സംഭാഷണങ്ങള്‍, പ്രവാചകന്മാരുമായുള്ള കൂടിക്കാഴ്ചകള്‍, അശരീരിയുടെ സംസാരങ്ങള്‍, ഖദിര്‍ നബി നേരിട്ടു നല്കുന്ന ഉപദേശങ്ങള്‍, ലൗഹുല്‍ മഹ്ഫൂദില്‍ അപ്പപ്പോള്‍ കുറിക്കപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍, ആത്മാവുകളുടെ ആകാശാരോഹണങ്ങള് എന്നിവയെല്ലാം മൂലപ്രമാണങ്ങളായി അംഗീകരിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ കര്‍മ്മങ്ങള്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്യുന്നു.
ബല്‍ഖ് രാജാവായിരുന്ന ഇബ്റാഹീമുബ്നുഅദ്ഹമിനെ ചുറ്റിപ്പറ്റിയുള്ള ഒരു കെട്ടുകഥയാണ് സൂഫി പ്രസ്ഥാനത്തിന്റെ അടിസ്ഥാനധാര. വേട്ടക്ക് പുറപ്പെട്ട രാജകുമാരന് ‘നീ ഇതിന്ന് വേണ്ടിയല്ല സൃഷ്ടിക്കപ്പെട്ടത് എന്ന അശരീരി കേട്ട് തന്റെ സിംഹാസനത്തിലേക്ക് പുറപ്പെട്ടു. വഴിയില്‍വെച്ച് ദാവൂദ്(അ) ഖദിര്‍(അ) എന്നീ പ്രവാചകന്മാരെ കണ്ടുമുട്ടി ചില ദിക്റുകളും മററും വശത്താക്കി അവസാനം ശൈഖായിത്തീര്‍ന്നു (ത്വബകാത്തു സ്വൂഫിയ്യ) 1. ഇതാണ് ആ കഥ.
സൂഫിവിശ്വാസ പ്രകാരം ശൈഖുമാര്‍, പ്രവാചകന്മാരേക്കാള് ഉന്നതരാണ്. ചിലര്‍ ശൈഖുമാരെ ദൈവത്തേക്കാള്‍ ഉയര്‍ത്തി പറഞ്ഞതായും കാണാം. ശൈഖ് പറയുന്നതിനപ്പുറം മുരീദിന് (അനുയായികള്‍ക്ക്) മതമില്ല. സൂഫികള്‍ വിശ്വസിക്കുന്നത് അവരുടെ ശൈഖുമാര്‍ക്ക് തെറ്റുകള്‍ പറ്റുകയില്ലെന്നും അവര്‍ മഹ്ഫൂള് (സംരക്ഷിക്കപ്പെട്ടവര്‍) ആണെന്നുമാണ്. അതിനാല്‍ അവരുടെ സ്വപ്നദര്‍ശനങ്ങള്‍ ദൈവികമാണെന്നും അവര്‍ വാദിക്കുന്നു.
സൂഫി ശൈഖുമാരില്‍ ചിലര്‍ ആകാശാരോഹണം നടത്തി അല്ലാഹുവും മലക്കുകളുമായി സംഭാഷണം നടത്തുകയും പുതിയ കാര്യങ്ങള്‍ അറിയുകയും ചെയ്യുമെന്നാണ് അവരുടെ വിശ്വാസം. അബ്ദുല്‍ കരീമില്‍ കജലി എന്ന സൂഫിവര്യന് തന്റെ ആകാശാരോഹണ യാത്രയില്‍ അല്ലാഹു, മലക്കുകള്‍, പ്രവാചകന്മാര് എന്നിവര്‍ക്ക് പുറമെ, പ്ലാറ്റോ, അരിസ്റ്റോട്ടില്‍, അലക്സാണ്ടര്‍ തുടങ്ങിയവരെ കണ്ട് സംഭാഷണം നടത്തിയെന്ന് പറയുന്നു. ആ സൂഫിവര്യന്റെ ആകാശരോഹണയാത്രയെ അടിസ്ഥാനമാക്കി രചിച്ചതാണത്രെ അല്‍ഇന്‍സാനുല്‍ കാമില്‍ (പൂര്‍ണ്ണ മനുഷ്യന്) എന്ന ഗ്രന്ഥം.
ഔലിയാക്കളില്‍ അല്ലാഹുവിന്റെ ആത്മാവ് (റൂഹ്) ഇറങ്ങുകയും അല്ലാഹുവും ഔലിയാക്കളും ഏകമാകുന്ന ഒരവസ്ഥ സംജാതമാവുകയും ചെയ്യുമെന്നും ഈ അവസ്ഥയില്‍ അല്ലാഹുവിന്റെ അറിവും കഴിവും മറ്റു ഗുണവിശേഷണങ്ങളും ഔലിയാക്കളില്‍ ദൃശ്യമാകുമെന്നുള്ള അവതാരവാദത്തില്‍ (ഹൂലുല്) സൂഫികള്‍ വിശ്വസിക്കുന്നു. താന്‍ ദൈവരൂപത്തില്‍ അവതരിച്ചിരിക്കുന്നു എന്നും താന്‍ ദൈവം തന്നെയാണെന്നും സമര്‍ത്ഥമായി പ്രചരിപ്പിച്ച സൂഫിയാണ് ‘ഹല്ലാജ്’ എന്നറിയപ്പെടുന്ന അല്ഹുസൈനുബ്നുമന്സ്വൂര്. ദൈവത്തിന്റെ പ്രത്യക്ഷപ്പെടല്‍ (തജല്ലി) വാദിക്കുന്ന മറ്റൊരു വിഭാഗവുണ്ട് സൂഫികളില്‍. ഇബ്നുല്‍ ഫാരിദ് എന്ന മനുഷ്യന് വേശ്യകളില്‍ പോലും ദൈവം പ്രത്യക്ഷപ്പെടുമെന്ന് സിദ്ധാന്തിക്കുന്നു. ഇസ്ലാമിലെ പ്രാഥമിക പ്രതിജ്ഞാവചനമായ ലാഇലാഹഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല) എന്നതിന് പകരം സൂഫികളുടെ പ്രതിജ്ഞാവചനം ‘ലാമൗജൂദഇല്ലല്ലാഹ്’ (അല്ലാഹു അല്ലാതെ മറ്റൊരു അസ്തിത്വവുമില്ല) എന്നത്രെ. അല്ലാഹുവും മനുഷ്യനും ഒന്നാണെന്ന വാദത്തിലൂടെ നന്മതിന്മകളുടെ രക്ഷാ ശിക്ഷകള്‍ നിരര്‍ത്ഥകമായിത്തീരുന്നു. ഹൈന്ദവരുടെ അദ്വൈതവാദത്തിന് സമാനമായ വിശ്വാസം തന്നെയാണ് സൂഫികളും വെച്ചുപുലര്‍ത്തുന്നത്.
ഔലിയാക്കള്‍ എന്ന് വിളിക്കപ്പെടുന്ന പുണ്യാത്മാക്കളുടേതില് നിന്നും താഴെയാണ് സൂഫി വീക്ഷണ പ്രകാരം പ്രവാചകന്മാരുടെ സ്ഥാനം. ഔലിയാക്കള്‍ക്ക് ലഭിക്കുന്ന ആന്തരികജ്ഞാനം (അല്‍ ഇല്മുല്ഹഖീഖി) പ്രവാചകന്മാര്ക്ക് ലഭിക്കുന്നില്ല. അവര്‍ക്ക് ബാഹ്യമായ ശരീഅത്ത് മാത്രമേയുള്ളൂ. ഔലിയാക്കളെ സൂഫികള്‍ ദൈവത്തിന്റെ പദവിയിലേക്ക് ഉയര്‍ത്തുന്നു. ഔലിയാക്കള്‍ തെറ്റുപറ്റാത്തവര്‍ (മഅ്സൂമുകള്‍) ആണ് എന്നും സൃഷ്ടികര്‍തൃത്വത്തില്‍ പോലും അവര്‍ക്ക് പങ്കുണ്ടെന്നും സൂഫികള്‍ ജല്പിക്കുന്നു. പ്രപഞ്ചഭരണം നടത്തുന്ന വലിയ്യിന് ഖുതുബുല്‍ അക്ത്വാബ്, അല്‍കുതുബുല്‍ അക്ബര്‍, അല്ഔസുല്അഅ്ദം എന്നൊക്കെ പേര് നല്കപ്പെട്ടിരുന്നു. അതിന് കീഴില്‍ അക്ത്വാബുകളും അബ്ദാലുകളും സങ്കല്പിക്കപ്പെട്ടിരുന്നു. ഈ സാങ്കല്പിക പ്രപഞ്ച ഭരണത്തില്‍ ഔലിയാക്കളുടെ സ്ഥാന പദവികള്‍ വിചിത്രമാണ്. ഖതുബ്, നുവ്വാബ്, അഇമ്മത്ത്, ഔതാദ്, അബ്ദാല്, നുഖബാഅ്, നുജബാഅ്, ഹവാരിയൂന്, രജബിയൂന് എന്നിങ്ങനെ പോകുന്നു ഔലിയാക്കളുടെ പദവികള്‍.
ബഹുദൈവാരാധകരെപ്പറ്റി അല്ലാഹു പറഞ്ഞത് സൂഫികളെ സംബന്ധിച്ചും അര്‍ത്ഥവത്താണ്. ‘‘അത് അവരും അവരുടെ പിതാക്കളും ചമച്ചുണ്ടാക്കിയ പേരുകള്‍ മാത്രമാണ്. അല്ലാഹു അതിന്ന് യാതൊരു രേഖയുമിറക്കിയിട്ടില്ല. അവര്‍ വെറും ഊഹത്തെയും അവരുടെ മനസ്സുകള്‍ ഇഷ്ടപ്പെടുന്നതിനെയും മാത്രം പിന്തുടരുകയാണ്. അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് അവര്‍ക്ക് സന്മാര്ഗം വന്നുകിട്ടിയുട്ടുമുണ്ട്’ (53:23).
ത്വരീഖത്തുകള്‍
സൂഫിസം ബഹുജനങ്ങളില്‍ പ്രചരിപ്പിക്കാനും അതുവഴി ഭൗതികലാഭങ്ങള്‍ നേടുവാനും വേണ്ടി സൂഫിശൈഖുമാരാല് നിര്‍മ്മിതമായ മാധ്യമമാണ് ‘ത്വരീഖത്തുകള്‍’. മാര്‍ഗം, വഴി എന്നൊക്കെയാണ് ത്വരീഖത്ത് എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം.
ഓരോ ശൈഖും സാധാരണക്കാരായ ശുദ്ധഗതിക്കാരെ തന്റെ ത്വരീഖത്തിന്റെ വഴിയിലേക്ക് ആകൃഷ്ടരാക്കാന്‍ തന്റേതായ ആചാരാനുഷ്ഠാനങ്ങളും ധ്യാനമുറകളും ശിക്ഷണസൂത്രവും ജ്ഞാനവിതരണമാര്ഗവും കെട്ടിച്ചമക്കുന്നു. സ്വന്തമായ വ്യാജ ദര്‍ശനങ്ങളിലൂടെ രൂപം കൊടുക്കപ്പെട്ട ത്വരീഖത്തിന്റെ വഴിയിലേക്ക് അവരെ വഴി നടത്താന്‍ ശ്രേഷ്ഠതകളും പോരിശകളും പ്രചരിപ്പിക്കുന്നു. അനുയായിവൃന്ദങ്ങളില്‍ നിന്നും ബഹുമാനാദരവുകളും സംഭാവനകളും സ്വീകരിച്ച് ശൈഖുമാര്‍ സുഖലോലുപതയില്‍ വിരാജിക്കുന്നു. സൂഫി ത്വരീഖത്തുകള്‍ ഇങ്ങനെ ബിദ്അത്തുകള്‍ (അനാചാരങ്ങള്‍) നിറഞ്ഞതും, ശിര്‍ക്ക്പരമായ (ബഹുദൈവാരാധന) വിശ്വാസങ്ങളടങ്ങിയതുമാണെന്ന സത്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. സദുദ്ദേശ്യത്തോടെയോ ദുരുദ്ദേശ്യത്തോടെയോ ഇസ്ലാമില്‍ പുതിയ ആരാധനാ സമ്പ്രദായങ്ങളും ധ്യാനമുറകളും മറ്റും നിര്‍മ്മിക്കാന്‍ ആര്‍ക്കും അനുവാദമില്ല എന്നത് അടിസ്ഥാന തത്വമാണ്. ആ തത്വത്തിന് കടകവിരുദ്ധമാണ് സൂഫി ത്വരീഖത്തുകള്‍.
പൂര്‍വ മുസ്ലിംകളില് (സലഫ്) ആരും പുണ്യലബ്ധിക്കും പരലോകമോക്ഷത്തിനും വേണ്ടി അല്ലാഹുവില്‍നിന്ന് മുഹമ്മദ് നബി(സ്വ) കൊണ്ടുവന്ന അല്ലാഹുവിന്റെ നേരായ മാര്‍ഗമല്ലാതെ മറ്റ് യാതൊരു മാര്‍ഗവും കൊണ്ടുവന്നയാള്‍ എത്ര വലിയ ശൈഖോ വലിയ്യോ ആയിരുന്നാലും സ്വീകരിച്ചിരുന്നില്ല. അല്ലാഹുവിന്റെ ഈ മാര്‍ഗമാണ് നേരായ മാര്‍ഗം. (അസ്സ്വിറാത്വുല്‍ മുസ്തഖീം) ആ മാര്‍ഗത്തില്‍ ചേര്‍ക്കുവാന്‍ ദിനേന മുസ്ലിംകള് അല്ലാഹുവോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാം പഠിപ്പിച്ച ദിക്റുകള്‍ക്ക് തന്നെ നബി(സ്വ)യുടെ നിര്‍ദ്ദേശമില്ലാത്ത രൂപവും ഭാവവും എണ്ണവും നിശ്ചയിക്കുന്നത് പോലും സ്വഹാബികളും താബിഉകളും അനാചാരമായിട്ടാണ് കണക്കാക്കിയിരുന്നത്. നബിയുടെ ചര്യയില്പെടാത്ത ഒരു പുണ്യകര്‍മ്മവും സ്വഹാബികള്‍ അംഗീകരിക്കുന്നില്ല. അങ്ങനെ വല്ലതും കണ്ടാല്‍ ശക്തിയുക്തം എതിര്‍ക്കുന്ന പതിവ് സ്വഹാബികള്ക്കുണ്ടായിരുന്നു.
ഒരിക്കല്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)നോട് ഒരാള്‍ വന്നു പറഞ്ഞു. മഗ്രിബ് നമസ്കാരത്തിന് ശേഷം ഒരു പറ്റം ആളുകള്‍ പള്ളിയില്‍ വന്നിരുന്ന് ഒരു പ്രത്യേക സമ്പ്രദായത്തില്‍ ദിക്ര് ചൊല്ലാന്‍ തുടങ്ങിയിട്ടുണ്ട്. ഒരാള്‍ ‘അല്ലാഹു അക്ബര്‍’ എന്ന് നിശ്ചിത എണ്ണം ചൊല്ലാന്‍ വിളിച്ചു പറയും. തുടര്‍ന്ന് എല്ലാവരും കൂടി ആ എണ്ണം ചൊല്ലും. ‘അല്‍ഹംദുലില്ലാഹ്’ ഇത്ര പ്രാവശ്യം ചൊല്ലുക എന്ന് വിളിച്ചു പറയും. ഇത് കേട്ടപ്പോള്‍ അബ്ദുല്ലാഹ്ബ്നു മസ്ഊദ്(റ) പറഞ്ഞു. ഇനി അവര്‍ വന്നങ്ങനെ ചെയ്യുന്നതു കണ്ടാല്‍ എന്നെ അറിയിക്കുക. മറ്റൊരിക്കല്‍ ആ സംഘം പള്ളില് വന്ന് വട്ടം കൂടിയപ്പോള്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിനെ അയാള്‍ വിവരം അറിയിച്ചു. ഉടനെ അദ്ദേഹം പള്ളിയില്‍ വന്നു. ഞാന്‍ അബ്ദുല്ലാഹ്ബ്നുമസ്ഊദാണെന്ന് ഗൗരവത്തില്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു. ‘താനല്ലാതെ വേറെ ദൈവമില്ലാത്ത അല്ലാഹുവാണ് സത്യം. നിങ്ങള്‍ അക്രമമായി അനിസ്ലാമികമായി ഒരു ആചാരം ബിദ്അത്ത് നിര്മ്മിച്ചുണ്ടാക്കിയിരിക്കുകയാണ്. നബി(സ്വ)യുടെ സ്വഹാബികളേക്കാള്‍ മതപരമായ വിജ്ഞാനങ്ങളില്‍ നിങ്ങള്‍ ശ്രേഷ്ഠന്മാരാകാന് ആഗ്രഹിക്കുകയാണോ? അപ്പോള്‍ അംറുബ്നുഅന്ബസ്, അസ്തഗ്ഫിറുല്ലാഹ് (ഞാന്‍ അല്ലാഹുവിനോട് പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്നു) എന്ന് പറഞ്ഞു. അപ്പോള്‍ അബ്ദുല്ലാഹിബ്നുമസ്ഊദ് പറഞ്ഞു. നിങ്ങള്‍ നബി(സ്വ)യുടെയും സ്വഹാബത്തിന്റേയും മാര്‍ഗം സ്വീകരിക്കുക. വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞാല്‍ നിശ്ചയമായും വിദൂരമായ വഴിപിഴവില്‍ നിങ്ങള്‍ ചെന്നുചാടും (തല്‍ബിസു ഇബ്ലീസ്) 2.
നബി(സ്വ) പഠിപ്പിച്ചുതന്നിട്ടുള്ള ദിക്റുകള്‍ തന്നെ പുതിയ രൂപത്തിലും ഭാവത്തിലും എണ്ണം തിട്ടപ്പെടുത്തി ചൊല്ലുന്നതിനെ നബി(സ്വ)യുടെ സ്വഹാബാക്കള്‍ ഏറെ ഗൗരവത്തോടെ എതിര്‍ത്തിരുന്നുവെന്ന് ഈ സംഭവം വ്യക്തമാക്കിത്തരുന്നുണ്ട്. റസൂല്‍(സ്വ) പഠിപ്പിക്കാത്ത കാര്യങ്ങള്‍ പുണ്യലബ്ധി ആഗ്രഹിച്ച് കൊണ്ട് മതത്തിന്റെ ചട്ടക്കൂടിനെ തന്നെ പൊളിച്ചെഴുതുന്ന രൂപത്തില്‍ പുതുതായി കൊണ്ടുവരുന്നത് തീര്‍ത്തും അനിസ്ലാമികമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ആകയാല്‍ അല്ലാഹുവിന്റെ നേരായ മാര്‍ഗം (അസ്സ്വിറാത്വുല്‍ മുസ്തകീം) അല്ലാത്ത ഒരു ത്വരീഖത്തും മുസ്ലിമിന് സ്വീകാര്യമല്ല.
ത്വരീഖത്തുകളുടെ ചരിത്രവും വളര്‍ച്ചയും
ഇറാന്‍കാരനായ അബൂസഈദ് മുഹമ്മദ് ബ്നു അഹ്മദ് (ഹി.357430) എന്ന സൂഫി തന്റെ വീട്ടിനടുത്ത് സൂഫികള്‍ക്ക് താമസിച്ച് ധ്യാനമുറകള്‍ നടത്താന്‍ ഒരു പര്‍ണശാല നിര്‍മ്മിക്കുകയും അതില്‍ വെച്ച് പരിശീലനം തുടങ്ങുകയും ചെയ്തു. സ്വയം നിര്‍മ്മിച്ചെടുത്ത ചില നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശീലനം (ധ്യാനമുറകള്‍). സൂഫിമാര്‍ഗം (ത്വരീഖത്ത്) എന്ന ബിദ്അത്തിന്റെ തുടക്കം ഇദ്ദേഹത്തില്നിന്നാണെന്നാണ് പണ്ഡിതാഭിപ്രായം.
തുടര്‍ന്ന് ഹിജ്റ 4, 5 നൂറ്റാണ്ടുകളില്‍ സൂഫിത്വരീഖത്തുകള്ക്ക് പ്രചുരപ്രചാരം സിദ്ധിക്കുകയും ഇറാനില്‍നിന്ന് മറ്റു മുസ്ലിം രാജ്യങ്ങളിലേക്കുകൂടി അത് വ്യാപിക്കുകയും ചെയ്തു. ഇറാഖില്‍ രിഫാഈ ത്വരീഖത്തും ഖാദിരീ ത്വരീഖത്തും ഈജിപ്തില്‍ ശാദുലീ ത്വരീഖത്തും അഹ്മദീ ത്വരീഖത്തും ദസൂഖീ ത്വരീഖത്തും പ്രത്യക്ഷപ്പെട്ടു. ലോകത്തിന്റെ പല കോണുകളിലും പലതരം ത്വരീഖത്തുകള്‍ ആവിര്‍ഭവിച്ചു. നൂരിശാ ത്വരീഖത്തും ശംസിയ ത്വരീഖത്തും കേരളത്തില്‍ പ്രചരിച്ചവയില്‍ പ്രധാനമാണ്. ഈ ത്വരീഖത്തില്‍ ശൈഖായി അവരോധിക്കപ്പെട്ട പലരും വളരെ ഭക്തരായ സത്യവിശ്വാസികളായിരുന്നു. അവരുടെ പേരിലുള്ള ത്വരീഖത്തുകള്‍ അവര്‍ ഉണ്ടാക്കിയതോ അംഗീകരിച്ചതോ അല്ല. പില്‍ക്കാലക്കാരായ ഏതോ ആളുകള്‍ നിര്‍മിച്ച വ്യാജ പ്രസ്ഥാനങ്ങള്‍ക്ക് ഈ മഹത്തുക്കളുടെ നാമം നല്‍കുകയായിരുന്നു. ഉദാഹരണത്തിന് മുഹ്യിദ്ദീന് ശൈഖിന്റെ പേരിലുള്ള ഖാദിരീ ത്വരീഖത്തിന് അദ്ദേഹവുമായോ അദ്ദേഹത്തിന്റെ ആദര്‍ശവുമായോ യാതൊരു ബന്ധവുമില്ല.
ഹിജ്റ നാലാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ത്വരീഖത്ത് ആദ്യമായി അറിയപ്പെട്ടത്. ഹിജ്റ ആറും ഏഴും നൂറ്റാണ്ടുകളില്‍ സൂഫി ത്വരീഖത്തുകള്‍ പെരുകാന്‍ തുടങ്ങി. ആദ്യകാലത്ത് സൂഫിസത്തില്‍ പ്രത്യേകം പ്രത്യേകം ശൈഖുമാരുണ്ടായിരുന്നില്ല. നാലാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ത്വരീഖത്തും ശൈഖുമാരും നിലവില്‍ വരുന്നത് വരെ ഫുകറാഅ്, സുഹ്ഹാദ് എന്നീ പേരുകളിലൊക്കെ സൂഫികള്‍ അറിയപ്പെട്ടിരുന്നു. ത്വരീഖത്തുകള്‍ അവയുടെ സ്ഥാപകന്മാരുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. തനിക്ക് സിദ്ധികളും (കറാമത്ത്) വെളിപാടുകളും ഉണ്ടെന്ന് വാദിക്കുകയും സ്വപ്നത്തിലോ നേരിട്ടോ അല്ലാഹു ധ്യാനമുറകള്‍ പഠിപ്പിച്ചു എന്ന് വ്യാജമായി അവകാശപ്പെടുകയും ചെയ്യുന്നവരാണ് ത്വരീഖത്ത് സ്ഥാപകന്മാര്. ഓരോ ത്വരീഖത്തിനും വ്യത്യസ്ത ചിഹ്നങ്ങളും പതാകകളും ഉണ്ടായിരുന്നു. ഏഴാം നൂറ്റാണ്ടിന് ശേഷം പ്രചുരപ്രചാരം നേടിയ ത്വരീഖത്തുകളില്‍ പ്രധാനപ്പെട്ടതാണ് മൗലവിയ്യ, അഹ്മദിയ, നഖ്ശബന്തിയ്യ, തീജാനിയ്യ, ഇബ്റാഹീമിയ്യ, ദര്‍ഖാവിയ്യ എന്നിവ.
ത്വരീഖത്തുശൈഖുമാരെ പിന്‍പറ്റിയവര്‍ക്ക് ‘മുരീദ്’ എന്ന സാങ്കേതിക ശബ്ദമാണ് ഉപയോഗിക്കുന്നത്. മുരീദ് എന്ന പദത്തിന്റെ അര്‍ത്ഥം ഉദ്ദേശിക്കുന്നവന്, ലക്ഷ്യം വെക്കുന്നവന് എന്നാണ്. ത്വരീഖത്തിന്റെ ശൈഖാണ് ഇവിടെ ലക്ഷ്യം. ഖാദിരീ ത്വരീഖത്തിലെ ഒരു മുദ്രാവാക്യമിതായിരുന്നു. ‘മുറാദീ, യാ മുറാദീ, യാ മുറാദീ – മുറാദീ ശൈഖ് മുഹ്യിദ്ദീന് മുറാദീ ‘ എന്റെ ലക്ഷ്യം ശൈഖ് മഹ്യിദ്ദീന്‍ ആണ് എന്ന് ആവര്‍ത്തിച്ച് ഉരുവിട്ട് മനസ്സില്‍ ഉറപ്പിക്കുകയാണ് ഈ മന്ത്രത്തിലൂടെ മുരീദുകള് ചെയ്യുന്നത്. ഇവിടെ ശൈഖും മുരീദും (ഗുരുവും ശിഷ്യനും) തമ്മിലുള്ള ബന്ധം ദൈവവും ആരാധകനും തമ്മിലുള്ള ബന്ധമായി മാറിയിരിക്കുകയാണ്. കോഴിക്കോട്ടുകാരന് ഖാളി മുഹമ്മദ്, മുഹ്യിദ്ദീന് ശൈഖിനെ വര്‍ണിച്ചു പാടിയ വരികളില്‍ ഇങ്ങനെ കാണാം. ‘എന്റെ മുരീദുകള് നരകത്തിലില്ലെന്ന് നരകത്തെ കാക്കും മലക്ക് പറഞ്ഞോവര്’. സൂഫീ ചിന്തയുടെയും ത്വരീഖത്തുകളുടെയും സ്വാധീനം കുത്തഴിഞ്ഞ ജീവിതത്തിലേക്ക് തള്ളി വിടുന്നതിലെ അപകടാവസ്ഥ ഇതില്‍നിന്ന് മനസ്സിലാക്കാം.
ശീഅകളാണ് അഹ്ലുസ്സുന്നയുടെ വിസ്വാസചാരങ്ങളില് നീങ്ങിയ മുസ്ലിം സമൂഹത്തിലേക്ക് സൂഫിസമെന്ന പിഴച്ച വിശ്വാസധാര കടത്തിക്കൂട്ടിയത്. ശീഈ വിശ്വാസക്കാരാണ് സൂഫി ത്വരീഖത്തിന്റെ ശൈഖുമാരില്‍ അധികവും എന്നത് ഇതിനു തെളിവാണ്. ശൈഖുമാര്‍ തങ്ങളുടെ കുടുംബപരമ്പര ഫാത്വിമ(റ)യിലൂടെ അലി(റ)യിലെത്തിക്കാറുണ്ടെന്നതും ഇതിന് സാധൂകരണം നല്‍കുന്നുണ്ട്. ഇറാന് കേന്ദ്രീകരിച്ചും മറ്റും ശീഅകള്‍ ഇറക്കുന്ന ഈ പിഴച്ച ആശയത്തെ കേരളത്തിലടക്കം പ്രചരിപ്പിക്കുന്നതില്‍ അറിഞ്ഞോ അറിയാതെയോ പങ്കുവഹിക്കുന്നത്, അഹ്ലുസ്സുന്നയെന്ന് അവകാശപ്പെടുന്ന മുസ്ലിം ഭൂരിപക്ഷ പ്രസ്ഥാനങ്ങളാണെന്നത് യാഥാര്‍ഥ്യമാണ്. ഐക്യത്തിലും സാഹോദര്യത്തിലും ജീവിക്കുന്ന മുസ്ലിം സമുദായത്തെ വിവിധ ത്വരീഖത്തുകളുടെ പേരില്‍ പരസ്പരം കലഹിക്കുന്ന ഭിന്ന ചേരികളിലാക്കി സമൂഹത്തിന്റെ ഐക്യം തകര്‍ക്കുകയാണ് സൂഫിശൈഖുമാര് ചെയ്തത്.
സൂഫിസവും ത്വരീഖത്തും തമ്മിലുള്ള സംഘടിതവും വ്യവസ്ഥാപിതവുമായ ബന്ധം ഈജ്പിതില്‍ നിലനില്ക്കുന്നു. മജല്ലത്തുത്തസ്വവ്വുഫില് ഇസ്ലാമി എന്ന ഒരു മാസികയും അവിടെ നിന്ന് പുറത്തിറങ്ങുന്നുണ്ട്. ത്വരീഖത്തുകള്‍ തമ്മിലുള്ള വടംവലിയും കിടമത്സരവും അവിടെ കാണാന്‍ കഴിയും. ഇസ്ലാമിക വിശ്വാസങ്ങളില്‍നിന്ന് എല്ലാ ത്വരീഖത്തുകളും മുസ്ലിംകളെ ബഹുദൂരം അകറ്റിയെന്ന കാര്യത്തില്‍ സംശയമില്ല.
References
- ത്വബഖാതുസ്സൂഫിയ്യ, മുഹമ്മദ്ബ്നുല്‍ ഹുസൈനിബ്നി മുഹമ്മദ്, അബൂ അബ്ദിര്റഹ്മാനുസ്സുലമീ, ദാറു കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, ഒന്നാം പതിപ്പ്, പേജ് 37[↩]
- തല്‍ബീസു ഇബ്ലീസ്, ജമാലുദ്ദീന്‍ അബുല്‍ ഫറജ് അബ്ദുറഹ്മാനുബ്നു അലിയ്യുബ്നു മുഹമ്മദില്‍ ജൗസീ, ദാറുല്‍ ഫിക്ര്, ബൈറൂത്ത്, ഒന്നാം പതിപ്പ്, പേജ്: 17[↩]
