സുന്നത്ത് നമസ്‌കാരങ്ങള്‍ 2
സുന്നത്ത് നമസ്‌കാരങ്ങള്‍ 2 ൽ പെരുന്നാൾ നമസ്കാരം, ഗ്രഹണ നമസ്‌കാരം, സ്വലാതുല്‍ ഇസ്തിസ്ഖാഅ്, ദുഹാ നമസ്‌കാരം, തഹിയ്യത്തുല്‍ മസ്ജിദ്, സ്വലാത്തുല്‍ ഇസ്തിഖാറ, യാത്രക്കു ശേഷമുള്ള നമസ്‌കാരം എന്നിവ വിശദമായി ചർച്ചചെയ്യുന്നു. കൂടാതെ സമൂഹത്തിൽ പ്രചാരത്തിലുള്ള ബിദ്അത്തായ നമസ്‌കാരങ്ങള്‍ തിരിച്ചറിയാനും ഈ ലേഖനം ഉപകരിക്കും.
പെരുന്നാൾ നമസ്കാരം
ഓരോ മതത്തിലും ആഘോഷങ്ങളുണ്ട്. ജീവിതത്തിന്റെ പ്രശ്‌നങ്ങളിലും പ്രയാസങ്ങളിലും മനസ്സ് പിരിമുറുകി ക്കഴിയുമ്പോള്‍ ഉള്ളുതുറന്നു സന്തോഷിക്കാനും മനഃപ്രയാസങ്ങള്‍ ഇറക്കിവെക്കാനുമുള്ള അവസരമായാണ് ആഘോഷങ്ങള്‍ പരിഗണിക്കപ്പെടാറുള്ളത്. വിശേഷ ഭക്ഷണം, പുതുവസ്ത്രങ്ങള്‍, ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളുടെയും സംഗമം, വിനോദം, മുതലായവ ആഘോഷങ്ങളുടെ ഭാഗമാണ്.
മുസ്‌ലിംകള്‍ക്കും അല്ലാഹു ആഘോഷം നിശ്ചയിച്ചിട്ടുണ്ട്. റമദാന്‍ വ്രതാനുഷ്ഠാനത്തിന് സമാപ്തി കുറിച്ചു കൊണ്ട് ശവ്വാല്‍ ഒന്നിനും ഹജ്ജിനോടനുബന്ധിച്ച് ദുല്‍ഹിജ്ജ പത്തിനുമാണ് മുസ്‌ലിംകള്‍ക്കുള്ള പെരുന്നാള്‍ സുദിനങ്ങള്‍. ഈദുല്‍ഫിത്വ്‌റും ഈദുല്‍ അദ്ഹായും.
മുസ്‌ലിംകളുടെ പെരുന്നാളാഘോഷത്തിന്റെ ആദ്യഘട്ടം നമസ്‌കാരമാണ്. പെരുന്നാള്‍ ദിനത്തില്‍ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും സ്ത്രീ പുരുഷഭേദമെന്യെ ഒരു തുറസ്സായ സ്ഥലത്ത് ഒരുമിച്ചുകൂടണം. പള്ളിയില്‍ പ്രവേശനം പാടില്ലാത്ത ഋതുമതികള്‍പോലും പെരുന്നാള്‍ നമസ്‌കാരത്തിന് നിശ്ചയിക്കപ്പെട്ട ‘ഈദ് ഗാഹി'(മുസ്വല്ല)ല്‍ സമ്മേളിക്കണം. ഇമാമോട് കൂടി എല്ലാവരും (ഋതുമതികള്‍ ഒഴികെ) രണ്ടു റക്അത്ത് നമസ്‌കരിക്കണം. തുടര്‍ന്ന് ഇമാം അവര്‍ക്ക് ആവശ്യമായ ഉപദേശം നല്കി സംസാരിക്കണം. അതിനുശേഷം മതം അനുവദിക്കുന്ന വിനോദങ്ങളിലും ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുന്നതിലും ഇഷ്ടപ്പെട്ട ഭക്ഷണ പാനീയ ങ്ങള്‍ കഴിക്കുന്നതിലും വ്യാപൃതരാകാം.
പ്രവാചകന്റെ നടപടി ഈ വിഷയത്തില്‍ ഇപ്രകാരമായിരുന്നു: ”അബൂസഈദ്(റ) പറയുന്നു: നബി(സ്വ) ഫിത്വ്ര്‍ പെരുന്നാളിലും ബലിപെരുന്നാളിലും മുസ്വല്ലയിലേക്ക് (ഈദ് ഗാഹിലേക്ക്) പുറപ്പെടുമായിരുന്നു. ആദ്യം നമസ്‌കരിക്കും. അതില്‍നിന്ന് വിരമിച്ചാല്‍ ജനങ്ങള്‍ക്ക് അഭിമുഖ മായി നില്ക്കും. ജനങ്ങള്‍ അവരുടെ വരികളില്‍ ഇരിക്കും. അവരെ ഉപദേശിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യും. സൈന്യത്തെ അയക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അതിനെ അയക്കും. എന്തെങ്കിലും കല്പിക്കാനുണ്ടെങ്കില്‍ അത് ചെയ്യും. പിന്നീട് പിരിഞ്ഞുപോകും” (ബുഖാരി) 1.
പെരുന്നാള്‍ നമസ്‌കാരം പ്രബലമായ സുന്നത്താണ്. നിര്‍ബന്ധമല്ല. തന്റെ ബാധ്യതകള്‍ ചോദിച്ചറിയാന്‍ വന്ന വ്യക്തിയോട് അവിടുന്നു പറഞ്ഞു: ”രാപകലുകളിലായി അഞ്ചു തവണ നമസ്‌കാരം നിനക്ക് നിര്‍ബന്ധമാണ്. അദ്ദേഹം ചോദിച്ചു: അതല്ലാത്തത് എനിക്ക് നിര്‍ബന്ധമുണ്ടോ? നബി(സ്വ) പറഞ്ഞു: ഐച്ഛികമായി നിര്‍വഹിക്കുന്നത് ഒഴികെ” (ബുഖാരി) 2.
പെരുന്നാള്‍ നമസ്‌കാരം സൂര്യന്‍ ഉദിച്ചുയര്‍ന്ന ഉടനെ നിര്‍വഹിക്കണം. നബി(സ്വ) പറഞ്ഞു: ”നമ്മുടെ ഇന്നത്തെ ദിവസം നാം ആദ്യമായി ചെയ്യുന്നത് നമസ്‌കാരമാണ്” (ബുഖാരി) 3. സ്വുബ്ഹ് നമസ്‌കാരാനന്തരം കുളിച്ച് നല്ല വസ്ത്രമണിഞ്ഞ് സുഗന്ധം പൂശി എല്ലാവരും ‘മുസ്വല്ല’യിലെത്തണം.
തക്ബീര്‍ ധ്വനികളുയര്‍ത്തിക്കൊണ്ടാണ് മുസ്വല്ലയിലേക്ക് നീങ്ങേണ്ടത്. ഈദുല്‍ ഫിത്വ്‌റിന് ശവ്വാല്‍ മാസം പിറന്നു എന്നറിഞ്ഞതു മുതല്‍ പെരുന്നാള്‍ നമസ്‌കാരത്തിനെത്തിച്ചേരുന്നതു വരെ തക്ബീര്‍ ചൊല്ലണം. പ്രത്യേക സമയക്രമമോ എണ്ണമോ തക്ബീറിനില്ല. ഈദുല്‍ അദ്ഹായില്‍ പെരുന്നാള്‍ ദിവസവും അയ്യാമുത്തശ്‌രീഖ്(ദുല്‍ഹിജ്ജ 11, 12 13) ദിനങ്ങളിലും തക്ബീര്‍ ചൊല്ലാവുന്നതാണ്.
അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു അക്ബര്‍, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബറു വലില്ലാഹില്‍ ഹംദ്(83) എന്നതാണ് തക്ബീറിന്റെ രൂപം. അര്‍ഥം: അല്ലാഹു വലിയവനാകുന്നു, അല്ലാഹു വലിയവനാകുന്നു, അല്ലാഹു വലിയവനാകുന്നു, ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, അല്ലാഹു വലിയവനാകുന്നു, അല്ലാഹു വലിയവനാകുന്നു, അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതിയും (ഇര്‍വാഉല്‍ഗലീല്‍) 4). ഇതല്ലാത്ത മറ്റു രൂപങ്ങളൊന്നും പ്രവാചകരില്‍ നിന്ന് സ്വഹീഹായി വന്നിട്ടില്ല.
”ഇബ്‌നുഉമര്‍(റ) മിനായിലെ തന്റെ ടെന്റില്‍വെച്ച് തക്ബീര്‍ ചൊല്ലിയിരുന്നു. പള്ളിയിലുള്ളവരും അതുകേട്ട് തക്ബീര്‍ ചൊല്ലിയിരുന്നു. അങ്ങാടിയിലുള്ളവരും തക്ബീര്‍ ചൊല്ലിയിരുന്നു. അങ്ങനെ മിനാ തക്ബീര്‍ കൊണ്ട് പ്രകമ്പനം കൊണ്ടിരുന്നു.” (ബൈഹഖീ) 5
”ഉമ്മു അത്വിയ്യ(റ) പറഞ്ഞു: പെരുന്നാള്‍ ദിനത്തില്‍ പുറപ്പെടാന്‍ ഞങ്ങള്‍ കല്പിക്കപ്പെട്ടിരുന്നു. വീടിനകത്ത് ഇരിക്കുന്ന കന്യകമാരെയും ആര്‍ത്തവകാരികളെപ്പോലും പുറപ്പെടുവിച്ച് കൊണ്ടുവരാനും കല്പിക്കപ്പെട്ടിരുന്നു. അവര്‍ ജനങ്ങള്‍ക്ക് പിറകില്‍ നിലകൊള്ളട്ടെ. ജനങ്ങളോടൊപ്പം അവര്‍ തക്ബീര്‍ മുഴക്കുകയും അവരുടെ പ്രാര്‍ഥന നടത്തുകയും ആ ദിനത്തിന്റെ അനുഗ്രഹവും പരിശുദ്ധിയും തേടുകയും ചെയ്യട്ടെ”. മറ്റൊരു റിപ്പോര്‍ ട്ടില്‍ ഇപ്രകാരം കാണാം: ”ഒരു സ്ത്രീ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളില്‍ ചിലര്‍ക്ക് മേല്‍വസ്ത്രമില്ലല്ലോ.’ നബി(സ്വ) പറഞ്ഞു: ‘തന്റെ സ്‌നേഹിത അവളെ തന്റെ വസ്ത്രം ധരിപ്പിക്കട്ടെ” (ബുഖാരി) 6.
പെരുന്നാള്‍ നമസ്‌കാരം
പെരുന്നാള്‍ നമസ്‌കാരത്തിന് ബാങ്കോ ഇഖാമത്തോ ഇല്ല. നമസ്‌കാരം തുടങ്ങേണ്ട സമയമായാല്‍ ‘അസ്സ്വലാത്തു ജാമിഅ’ എന്ന് വിളിക്കുന്ന പതിവ് നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പെരുന്നാള്‍ നമസ്‌കാരത്തിന് യാതൊരു വിളിയുമുണ്ടായിരുന്നില്ല എന്ന റിപ്പോര്‍ട്ടാണ് കൂടുതല്‍ പ്രബലം.
‘മുസ്വല്ല’യില്‍ എത്തിയാല്‍ അണിയായി ഇരിക്കുകയും തക്ബീര്‍ മുഴക്കുകയും വേണം. പെരുന്നാള്‍ നമസ്‌കാരത്തിന്റെ മുമ്പായി സുന്നത്തു നമസ്‌കാരം ഇല്ല.
”ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) ചെറിയ പെരുന്നാളിനോ ബലിപെരുന്നാളിനോ പുറപ്പെട്ടു. രണ്ടു റക്അത്ത് നമസ്‌കരിച്ചു. അതിന്റെ മുമ്പോ ശേഷമോ നമസ്‌കരിച്ചില്ല. എന്നിട്ട് സ്ത്രീകളുടെ അടുത്തേക്ക് ചെന്നു. കൂടെ ബിലാലുമുണ്ടായിരുന്നു. ധര്‍മംചെയ്യാന്‍ അവരോട് ആവശ്യപ്പെട്ടു. അവര്‍ അവരുടെ ആഭരണങ്ങള്‍ ഊരി ഇട്ടുകൊടുക്കാന്‍ തുടങ്ങി” (മുസ്‌ലിം) 7).
ഈദ്ഗാഹിന് സൗകര്യക്കുറവുള്ളപ്പോഴും മഴയുള്ളപ്പോഴും പള്ളിയില്‍ വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാം. പള്ളിയിലേക്ക് വരുമ്പോള്‍ കഴിയുന്നതും നടന്നുവരണം. വന്ന വഴി മാറി വേറെ വഴിക്ക് തിരിച്ചുപോകുന്നത് നബി(സ്വ)യുടെ സമ്പ്രദായമായിരുന്നു.
ഫിത്വ്ര്‍ പെരുന്നാളിന് അല്പം ഭക്ഷണം കഴിച്ചും ബലിപെരുന്നാളിന് ഭക്ഷണം കഴിക്കാതെയുമാണ് നബി(സ്വ) ഈദ്ഗാഹിലേക്ക് പുറപ്പെട്ടിരുന്നത്. ബലിമൃഗത്തിന്റെ മാംസം പാചകം ചെയ്തതിനു ശേഷമായിരുന്നു ബലിപെരുന്നാളിന് ഭക്ഷണം കഴിച്ചിരുന്നത്.
പെരുന്നാള്‍ നമസ്‌കാരത്തിന്റെ രൂപം
സാധാരണ നമസ്‌കാരത്തില്‍ നിന്ന് അല്പം വ്യത്യാസപ്പെട്ടുകൊണ്ടാണ് പെരുന്നാള്‍ നമസ്‌കാരം. ആദ്യ റക്അത്തില്‍ ഏഴു തവണ തക്ബീര്‍ ചൊല്ലണം. തക്ബീറുകള്‍ക്കിടയില്‍ നബി(സ്വ) പ്രത്യേകം പ്രാര്‍ഥനകള്‍ ചൊല്ലിയതായി ഹദീസുകളില്‍ വന്നിട്ടില്ല. ഏഴു തക്ബീറുകള്‍ ചൊല്ലിക്കഴിഞ്ഞാല്‍ ഫാതിഹ ഓതണം. അതിനുശേഷം സൂറ: ഖാഫ് അല്ലെങ്കില്‍ ഹദീസില്‍ നിവേദനം ചെയ്യപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും സൂറത്ത് ഓതണം. അതു കഴിഞ്ഞാല്‍ മറ്റു നമസ്‌കാരങ്ങളെപ്പോലെ റുകൂഅ്, ഇഅ്തിദാല്‍, രണ്ടു സുജൂദ് എന്നിവ നിര്‍വഹിച്ച് രണ്ടാമത്തെ റക്അത്തിലേക്ക് അല്ലാഹു അക്ബര്‍ എന്നു പറഞ്ഞു ഉയരണം. തുടര്‍ന്ന് അഞ്ചു തവണ തക്ബീര്‍ ചൊല്ലണം. പിന്നീട് ഫാതിഹയും ശേഷം സൂറത്തുല്‍ ഖമറും ഓതി പതിവുപോലുള്ള നമസ്‌കാരത്തിലെ മറ്റു കര്‍മങ്ങള്‍ നിര്‍വഹിച്ച് സലാം വീട്ടണം.
”നബി(സ്വ) ഫിത്വ്ര്‍ പെരുന്നാളിനും ബലി പെരുന്നാളിനും എന്താണ് ഓതിയിരുന്നതെന്ന് ഉമര്‍(റ) അബൂവാഖിദി (റ)നോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഖാഫ് സൂറത്തും ഖമര്‍ സൂറത്തും.”(മുസ്‌ലിം) 8).
നമസ്‌കാരത്തിലെ തക്ബീറിനെക്കുറിച്ച് ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: ”രണ്ടു പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ ഫാതിഹ ഓതുന്നതിനു മുമ്പ് ഒന്നാം റക്അത്തില്‍ ഏഴും രണ്ടാം റക്അത്തില്‍ അഞ്ചും തക്ബീറുകള്‍ നബി(സ്വ) ചൊല്ലി” (തിര്‍മിദി) 9. ഇത് ഈ വിഷയകമായി ഏറ്റവും പ്രബലമായ റിപ്പോര്‍ട്ടാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. പെരുന്നാള്‍ നമസ്‌കാരത്തില്‍ തക്ബീറതുല്‍ ഇഹ്‌റാമിനുശേഷം ദുആഉല്‍ ഇസ്തിഫ്താഹ് ആവശ്യമില്ല.
പെരുന്നാള്‍ പ്രസംഗം
നമസ്‌കാരാനന്തരം ഇമാം സദസ്യര്‍ക്ക് ഉപദേശം നല്കി പ്രസംഗിക്കണം. നബി(സ്വ)യുടെ എല്ലാ പ്രസംഗങ്ങളും ‘ഹംദ്’ കൊണ്ടാണ് ആരംഭിച്ചിട്ടുള്ളത്. അതിനാല്‍ അങ്ങനെത്തന്നെ ചെയ്യണം. തക്ബീര്‍ കൊണ്ട് തുടങ്ങണ മെന്ന ചില കര്‍മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായത്തിന് ഹദീസിന്റെ പിന്‍ബലമില്ല. ഖുത്വുബക്കിടയില്‍ നബി (സ്വ) ധാരാളം തക്ബീര്‍ ചൊല്ലിയിരുന്നു.
നബി(സ്വ) പെരുന്നാളിന് രണ്ടു ഖുത്വ്ബ നിര്‍വഹിച്ചുവെന്ന് സ്വഹീഹായ ഹദീസുകളിലില്ല. മുമ്പ് ഉദ്ധരിച്ച ഒരു ഹദീസില്‍ പറഞ്ഞതുപോലെ പൊതു പ്രസംഗാനന്തരം സ്ത്രീകളുടെ ഭാഗത്തേക്ക് ചെന്ന് ധര്‍മം ചെയ്യാന്‍ അവരോട് പ്രത്യേകം ഉപദേശിക്കുകയുണ്ടായിട്ടുണ്ട്. രണ്ടു ഖുത്വുബ നിര്‍വഹിക്കുന്നവര്‍ ജുമുഅ ഖുത്വുബയോട് ഖിയാസ് (താരതമ്യം) ചെയ്യുക മാത്രമാണ് ചെയ്യുന്നത്.
പെരുന്നാളും ജുമുഅയും ഒരു ദിനത്തില്‍
വെള്ളിയാഴ്ച പെരുന്നാളായാല്‍ ജുമുഅയില്‍ പങ്കെടുക്കാന്‍ രണ്ടാമതും പള്ളിയിലെത്താന്‍ പ്രയാസമുള്ള വര്‍ക്ക് ജുമുഅയില്‍ പങ്കെടുക്കാതിരിക്കാം. എന്നാല്‍ മഹല്ലില്‍ ജുമുഅ തീരെ ഒഴിവാക്കാന്‍ പാടുള്ളതല്ല. ”നബി(സ്വ) പെരുന്നാള്‍ നമസ്‌കരിച്ചു. എന്നിട്ട് ജുമുഅയില്‍ പങ്കെടുക്കുന്നതിന് ഇളവ് നല്കിക്കൊണ്ട് പറഞ്ഞു: ”ഇഷ്ടമുള്ളവന്‍ നമസ്‌കരിക്കട്ടെ.”(അത്തല്‍ഖീസ്വുല്‍ ഹബീര്‍) 10.
ഉദ്ഹിയ്യത്ത്
ഇസ്‌ലാം നിശ്ചയിച്ച പുണ്യകര്‍മങ്ങളില്‍ ഒന്നാണ് ബലികര്‍മം അഥവാ. ദൈവപ്രീതിക്കുവേണ്ടി കന്നുകാലികളെ അറുത്ത് മാംസം ദരിദ്രര്‍ക്ക് നല്കുന്നതാണ് ഈ കര്‍മം. ബലിപെരുന്നാളിനോടനുബന്ധിച്ചാണ് ഇത് നിര്‍വഹിക്കേണ്ടത്. അല്ലാഹു പറഞ്ഞു: ”ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്. ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക്നല്‍കിയിട്ടുള്ള കന്നുകാലികളെ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്” (ഖുര്‍ആന്‍ 22:34). ”ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക”(ഖുര്‍ആന്‍ 108:2). ബലിയറുക്കല്‍ പ്രബലമായ സുന്നത്താണ്.
ആട്, മാട്, ഒട്ടകം എന്നിവയെയാണ് ബലിയറുക്കേണ്ടത്. ഒട്ടകമാണെങ്കില്‍ അഞ്ചു വയസ്സും മാട് രണ്ട് വയസ്സും ആട് ഒരു വയസ്സും പൂര്‍ത്തിയായവ മാത്രമേ അറുക്കാന്‍ പാടുള്ളൂ. രോഗബാധയുള്ളതോ പ്രകടമായ ന്യൂനതകള്‍ ഉള്ളതോ ആയ മൃഗങ്ങളെ ബലിക്കായി ഉപയോഗിക്കരുത്. ”നബി(സ്വ)യോട് ഇപ്രകാരം ചോദിക്കപ്പെട്ടു: ഉളുഹിയത്ത് അറുക്കപ്പെടുന്നവയില്‍ മാറ്റിനിര്‍ത്തേണ്ടവ ഏതൊക്കെ? അപ്പോള്‍ അദ്ദേഹം പറഞ്ഞു: നാല് ഇനങ്ങളാണവ. പ്രകടമായ മുടന്തുള്ളവ, പ്രകടമായ കണ്ണ് കേടുള്ളവ, പ്രകടമായ രോഗബാധയേറ്റവ, മജ്ജ നഷ്ടപ്പെട്ട് മെലിഞ്ഞൊട്ടിയവ”(അഹ്‌മദ്) 11
ബലിമൃഗത്തിന് വലിയ വില വന്നേക്കാം. അതിനാല്‍ ബലിമൃഗത്തില്‍ പണം നല്കി പങ്കാളികളായി ഒന്നിച്ച് അറുക്കുവാന്‍ ഇസ്‌ലാം അനുവദിച്ചു. എന്നാല്‍ ഒട്ടകം, മാട് തുടങ്ങിയവയില്‍ മാത്രമേ പങ്കാളിത്തം പാടുള്ളൂ. ഇവയില്‍ ഏഴു പങ്കാളികള്‍ വരെയാവാം. ആടാണ് ബലിമൃഗമെങ്കില്‍ പങ്കാളികള്‍ ഉണ്ടാവാന്‍ പാടില്ല.
ബലിപെരുന്നാള്‍ നമസ്‌കാര ശേഷമാണ് ബലികര്‍മം ചെയ്യേണ്ട സമയം ആരംഭിക്കുന്നത്. ദുല്‍ഹിജ്ജ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് ദിവസങ്ങളിലായി എപ്പോഴെങ്കിലും ചെയ്താല്‍ മതിയാകും. പ്രവാചകന്‍(സ്വ) പറഞ്ഞു: ”നമ്മുടെ ഈ ദിവസം തുടങ്ങുന്നത് പെരുന്നാള്‍ നമസ്‌കാരം കൊണ്ടാണ്. അത് നിര്‍വഹിച്ച് മടങ്ങിയ ശേഷം ബലികര്‍മ്മം നിര്‍വഹിക്കുകയും ചെയ്യും. ആരെങ്കിലും ഇതുപോലെ ചെയ്താല്‍ അവന്‍ നമുടെ ചര്യ പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ ആരെങ്കിലും പെരുന്നാള്‍ നമസ്‌കാരത്തിന് മുന്‍പായി അറുത്താല്‍ അത് തന്റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല” (ബുഖാരി) 12
ബലിമാംസത്തില്‍ നിന്ന് അറുത്ത വ്യക്തി ഭക്ഷിക്കുകയും പാവപ്പെട്ടവര്‍ക്കും അഗതികള്‍ക്കും വിതരണം ചെയ്യുകയും വേണം. മൂന്നിലൊന്ന് മാംസം വരെ അറുത്ത വ്യക്തിക്ക് എടുക്കാവുന്നതാണ്.
ഉളുഹിയ്യത്ത് മാംസം അത് ഭക്ഷിക്കുന്നവരായ അമുസ്‌ലിംകള്‍ക്കും നല്കാവുന്നതാണ്. ജീവന്റെ നിലനില്പിന്നാവശ്യമായ ഭക്ഷണം എന്ന നിലയില്‍ അത് ഇസ്‌ലാം വിലക്കുന്നില്ല. മാനുഷിക പരിഗണനക്കും സൗഹൃദത്തിനും ഇസ്‌ലാം പ്രാധാന്യം കല്‍പിച്ചു.
ബലിയറുക്കുവാന്‍ ഉദ്ദേശിക്കുന്ന വ്യക്തി ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടാല്‍ അറവ് കഴിയുന്നതുവരെ നഖമോ മുടിയോ വെട്ടാതിരിക്കുന്നതാണ് സുന്നത്ത്. നബി(സ്വ) പറഞ്ഞു: ”’നിങ്ങള്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടാല്‍ ഉദ്വ്ഹിയ്യത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്നവരാണ് എങ്കില്‍, അവര്‍ അവരുടെ മുടിയും നഖവും നീക്കം ചെയ്യാതിരിക്കട്ടെ”(മുസ്‌ലിം) 13
ഗ്രഹണം
സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ നിശ്ചിതമായ കണക്കനുസരിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സൗരയൂഥ ത്തിന്റെ കേന്ദ്രനക്ഷത്രമായ സൂര്യനെ എട്ട് ഗ്രഹങ്ങള്‍ ചുറ്റുന്നു. അതിലൊന്നായ ഭൂമിക്കുചുറ്റും അതിന്റെ ഉപഗ്രഹമായ ചന്ദ്രനും കറങ്ങുന്നു. ഇവക്കെല്ലാം സഞ്ചരിക്കാന്‍ അവയുടെ സ്രഷ്ടാവായ നാഥന്‍ നിശ്ചിത സഞ്ചാരപഥങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.
”സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും സര്‍വ ജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണിത്. ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈത്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു” (36: 38, 39).
ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രന്‍. ഭൂമി സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ചന്ദ്രന്‍ ഭൂമിയെയും ചുറ്റുന്നു. ചന്ദ്രന്‍ ഭൂമിയെ ചുറ്റുമ്പോള്‍ ചില ഘട്ടങ്ങളില്‍ ഭൂമിയുടെയും സൂര്യന്റെയും ഇടയ്ക്കായി വരുന്നു. ആ സമയത്ത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുന്നു. അമാവാസി (ചന്ദ്രന്റെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാണ് അമാവാസി അഥവാ കറുത്ത വാവ് എന്ന് പറയുന്നത്) ദിനത്തിലാണിത് സംഭവിക്കുന്നത്. ചന്ദ്രന്റെ മറവിന്നനുസരിച്ച് സൂര്യപ്രകാശം ഭൂമിയില്‍ ഭാഗികമായോ പൂര്‍ണമായോ പതിക്കാതിരിക്കുന്നു. ഈ പ്രതിഭാസത്തിനാണ് സൂര്യഗ്രഹണം എന്നു പറയുന്നത്. ഭൂമിയില്‍ നിന്ന് ആ സമയത്ത് സൂര്യനെ കാണാന്‍ കഴിയുകയില്ല.
ചന്ദ്രന്‍ ഭൂമിക്കുചുറ്റും സഞ്ചരിക്കുന്ന ഘട്ടത്തില്‍ ചിലപ്പോള്‍ ഭൂമി ചന്ദ്രന്റെയും സൂര്യന്റെയും ഇടയ്ക്ക് വരികയും സൂര്യപ്രകാശം ചന്ദ്രനില്‍ പതിക്കുന്നതിന് ഭൂമി മറയായിത്തീരുകയും ചെയ്യുന്നു. അന്ന് ഭൂമിയില്‍ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രനെ കാണാന്‍ കഴിയില്ല. ഈ അവസ്ഥക്ക് ചന്ദ്രഗ്രഹണം എന്നു പറയുന്നു. പൗര്‍ണമി ദിനത്തിലാണിത് സംഭവിക്കുന്നത്.
ഇപ്രകാരം സൂര്യചന്ദ്രന്മാര്‍ക്ക് ഗ്രഹണം ബാധിച്ചാല്‍ അല്ലാഹുവിനെ സ്മരിക്കുകയും പ്രത്യേകം പ്രാര്‍ഥന നടത്തുകയും വേണം. ഭൂമിയില്‍ മഹാന്മാരുടെ മരണത്തിലും ആപത്തിലും സൂര്യചന്ദ്രന്മാര്‍ പ്രകടിപ്പിക്കുന്ന ദുഃഖമാണ് ഗ്രഹണങ്ങളെന്ന അന്ധവിശ്വാസം അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നു. പ്രവാചകന്റെ മകന്‍ ഇബ്‌റാഹീം എന്ന കുട്ടി മരണപ്പെട്ട ദിനത്തില്‍ സൂര്യഗ്രഹണമുണ്ടായി. ജനങ്ങളുടെ തെറ്റായ ധാരണ ഇല്ലാതാക്കാന്‍ ഈ സന്ദര്‍ഭം നബി(സ്വ) ഉപയോഗപ്പെടുത്തി. ഗ്രഹണ നമസ്‌കാരത്തെത്തുടര്‍ന്ന് ചെയ്ത പ്രസംഗത്തില്‍ അവിടുന്നു പറഞ്ഞു: ”തീര്‍ച്ചയായും സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ നിരവധി ദൃഷ്ടാന്തങ്ങളിലെ രണ്ടെണ്ണമാണ്. ആരുടെയും ജനനത്താലോ മരണത്താലോ അതിന് ഗ്രഹണം ബാധിക്കുകയില്ല” (ബുഖാരി) 14.
ഗ്രഹണ നമസ്‌കാരം
ഗ്രഹണം ബാധിച്ചതായി കണ്ടാല്‍ പള്ളിയില്‍ ഒരുമിച്ചുകൂടി നമസ്‌കാരവും അതിനെത്തുടര്‍ന്ന് ഇമാം ഒരു പ്രസംഗവും നടത്തണം. രണ്ടു റക്അത്തിലായി നാലു റുകൂഉം നാലു നിര്‍ത്തവും നാലു സുജൂദും നിര്‍വഹിച്ചു കൊണ്ടാണ് ഇത് നിര്‍വഹിക്കേണ്ടത്.” (ബുഖാരി) 15 ഈ നമസ്‌കാരത്തിന് സ്വലാതുല്‍ കുസൂഫ് (ഗ്രഹണ നമസ്‌കാരം) എന്ന് പറയുന്നു.
അസ്മാഅ്(റ) പറയുന്നു: ”നബി(സ്വ) സൂര്യഗ്രഹണ നമസ്‌കാരം നിര്‍വഹിച്ചു. ദീര്‍ഘമായി നിന്നു. പിന്നെ റുകൂ അ് ചെയ്തു. റുകൂഅ് ദീര്‍ഘിപ്പിച്ചു. പിന്നെയും നിന്നു. ദീര്‍ഘമായി നിന്നു. പിന്നെ റുകൂഅ് ചെയ്തു. റുകൂഅ് ദീര്‍ഘിപ്പിച്ചു. പിന്നെ തലയുയര്‍ത്തി. പിന്നീട് സുജൂദ് ചെയ്തു. സുജൂദ് ദീര്‍ഘിപ്പിച്ചു. പിന്നെ സുജൂദില്‍ നിന്ന് എഴുന്നേറ്റ് പിന്നെയും സുജൂദ് ചെയ്തു. സുജൂദ് ദീര്‍ഘിപ്പിച്ചു. പിന്നീട് എഴുന്നേറ്റ് നിന്നു. ദീര്‍ഘമായി നിന്നു. പിന്നെ റുകൂഅ് ചെയ്തു. ദീര്‍ഘമായി റുകൂഅ് ചെയ്തു. പിന്നെ ഉയര്‍ന്നു. ദീര്‍ഘമായി നിന്നു. പിന്നെ റുകൂഅ് ചെയ്തു. റുകൂഅ് ദീര്‍ഘിപ്പിച്ചു. പിന്നെ ഉയര്‍ന്നു. പിന്നെ സുജൂദ് ചെയ്തു. സുജൂദ് ദീര്‍ഘിപ്പിച്ചു. പിന്നീട് (നമസ്‌കാരം അവസാനിപ്പിച്ച്) പിരിഞ്ഞുപോയി” (ബുഖാരി) 16.
ഗ്രഹണം ദീര്‍ഘിക്കുന്നതിനനുസരിച്ച് നമസ്‌കാരം ദീര്‍ഘിപ്പിക്കുന്നതാണ് നബിചര്യ. ഗ്രഹണ നമസ്‌കാരം സംഘമായിട്ടേ നമസ്‌കരിക്കാവൂ.
പള്ളിയിലെ ഗ്രഹണ നമസ്‌കാരത്തില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം. ” അസ്മാഅ്(റ) പറയുന്നു: പ്രവാചകന്റെ കാലത്ത് സൂര്യഗ്രഹണമുണ്ടായി. അപ്പോള്‍ നബി(സ്വ) വെപ്രാളപ്പെട്ടു. ധൃതി നിമിത്തം വസ്ത്രമെടുത്തത് മാറിപ്പോയി. പിന്നെ മേല്‍തട്ടമെടുത്തു. അവര്‍ പറയുന്നു. ഞാനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റി പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ നമസ്‌കാരത്തില്‍ നില്ക്കുകയാണ്. ഞാനും അവിടുത്തോടു കൂടി നമസ്‌കരിക്കാന്‍ നിന്നു. നിര്‍ത്തം ദീര്‍ഘിപ്പിച്ചു. അങ്ങനെ ഞാന്‍ ഇരിക്കാന്‍ ഒരുങ്ങി. തൊട്ടടുത്തു ദുര്‍ബലയായ ഒരു സ്ത്രീയെ ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ വിചാരിച്ചു. ഇവള്‍ എന്നേക്കാളും ബലഹീനയാണ്. അങ്ങനെ ഞാന്‍ നിന്നു. നബി(സ്വ) റുകൂഅ് ചെയ്തു. ദീര്‍ഘമായി റുകൂഅ് ചെയ്തു. പിന്നെ തലയുയര്‍ത്തി ദീര്‍ഘമായി നിന്നു. മറ്റൊരാള്‍ കണ്ടെങ്കില്‍ വിചാരിക്കും നബി റുകൂഅ് തന്നെ ചെയ്തിട്ടില്ലെന്ന്” (മുസ്‌ലിം) 17).
ഈ ഹദീസില്‍ അസ്മാഅ്(റ) പള്ളിയില്‍ പങ്കെടുത്തെന്നും തന്റെ തൊട്ടടുത്ത് ഒരു സ്ത്രീയുണ്ടായിരുന്നു വെന്നും പറഞ്ഞതില്‍ നിന്ന് ആ ഗ്രഹണ നമസ്‌കാരത്തില്‍ വേറെയും സ്ത്രീകള്‍ പങ്കെടുത്തിരുന്നുവെന്ന് മനസ്സിലാക്കാം.
ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ ആഇശ(റ) തന്റെ അടുത്തുള്ള സ്ത്രീകളോടു കൂടി പള്ളിയിലേക്ക് ഗ്രഹണ നമസ്‌കാരത്തിനു പുറപ്പെട്ടുവെന്ന് ഉദ്ധരിക്കുന്നുണ്ട്. 18
സൂര്യഗ്രഹണത്തിന് പതുക്കെയും ചന്ദ്രഗ്രഹണത്തിന് ഉറക്കെയും ഓതണമെന്നാണ് കര്‍മശാസ്ത്ര പണ്ഡിത ന്മാരില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. പക്ഷേ, അതിന് ഉപോദ്ബലകമായ തെളിവുകളൊന്നും തന്നെയില്ല. സൂര്യഗ്രഹണത്തിലും നബി(സ്വ) ഉറക്കെയാണ് ഓതിയിരുന്നത് (അബൂദാവൂദ്) 19 ആദ്യത്തെ റുകൂഇല്‍നിന്ന് എഴുന്നേല്‍ക്കുന്ന സന്ദര്‍ഭത്തിലും ‘സമിഅല്ലാഹു ലിമന്‍ ഹമിദ’ എന്നുതന്നെ ചൊല്ലണം (ബുഖാരി) 20 ശേഷം കൈ കെട്ടി ഫാതിഹ ഓതി സൂറത്ത് പാരായണം ചെയ്യുക. ഗ്രഹണ നമസ്‌കാരത്തില്‍ ഒരു റക്അത്തില്‍ രണ്ട് നിറുത്തവും രണ്ട് റുകൂഉകളും ഉണ്ടാവുമെന്നര്‍ഥം.
സ്വലാതുല്‍ ഇസ്തിസ്ഖാഅ്
വരള്‍ച്ച ശക്തമാവുകയും മഴ തീരെ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ മഴയ്ക്കുവേണ്ടി പ്രത്യേകം നമസ്‌കാര വും ഖുത്വ്ബയും നിര്‍വഹിക്കാന്‍ നബി(സ്വ) മാതൃക കാണിച്ചുതന്നിട്ടുണ്ട്. തുറസ്സായ സ്ഥലത്തേക്ക് പശ്ചാ ത്താപ ചിന്തയോടും വിനയത്തോടും കൂടി പുറപ്പെടുക. രണ്ടു റക്അത്ത് ജമാഅത്തായി നമസ്‌കരിക്കുക. അതിനു മുമ്പ് വ്രതാനുഷ്ഠാനം, ദാനധര്‍മങ്ങള്‍ ചെയ്യല്‍, തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ എന്നിവ അഭികാമ്യമാണ് (മുഗ്‌നി) 21.
നമസ്‌കാരാനന്തരമാണ് പ്രസംഗിക്കേണ്ടത്. പ്രസംഗത്തില്‍ പ്രാര്‍ഥനയ്ക്കാണ് പ്രാമുഖ്യം. പെരുന്നാള്‍ നമസ്‌കാരം പോലെ നമസ്‌കരിക്കണമെന്നും ശേഷം പ്രസംഗിക്കണമെന്നുമാണ് ഇമാം ശാഫിഈ ‘ഉമ്മി’ല്‍ പറയുന്നത്. 22 നമസ്‌കാരത്തില്‍ ഉറക്കെ ഓതണം (ഫത്ഹുല്‍ബാരി) 23. പ്രാര്‍ഥനാവേളയില്‍ ഇമാം ഖിബ്‌ലക്ക് അഭിമുഖമായി നില്ക്കുകയും കൈ ഉയര്‍ത്തി പ്രാര്‍ഥിക്കുകയും വേണം.
”ഒരു ദിവസം നബി(സ്വ) മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ പുറപ്പെട്ടു. അപ്പോള്‍ ജനങ്ങള്‍ക്കു പ്രതിമുഖമായി ഖിബ്‌ലയ്ക്ക് അഭിമുഖമായി നിന്ന് അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. അതിനിടയില്‍ അദ്ദേഹം തന്റെ ശിരോവസ്ത്രം തല മാറ്റിപ്പിടിച്ചു. എന്നിട്ട് രണ്ടു റക്അത്ത് നമസ്‌കരിച്ചു” (മുസ്‌ലിം) 24).
അനസ്(റ) പറയുന്നു: ”പ്രാര്‍ഥനയില്‍ നബി(സ്വ) ഇരുകരങ്ങളും ഉയര്‍ത്തുന്നതു ഞാന്‍ കണ്ടു; അവിടുത്തെ ഇരുകക്ഷങ്ങളിലെ വെളുപ്പ് നിറം കാണപ്പെടും വിധം” (മുസ്‌ലിം) 25).
അനസ്(റ) പറയുന്നു: ”മഴയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയിലല്ലാതെ നബി(സ്വ) ഇരു കരങ്ങളും ഉയര്‍ത്തിയിരുന്നില്ല. അവിടുത്തെ ഇരുകക്ഷത്തിലെ വെളുപ്പു നിറം കാണപ്പെടുമായിരുന്നു.”(മുസ്‌ലിം) 26).
മഴയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥന സമൂഹത്തിലെ ഏറ്റവുംവലിയ ഭക്തനെയും പ്രായക്കൂടുതലുള്ള വ്യക്തിയെയും കൊണ്ട് ചെയ്യിക്കാവുന്നതാണ്. ഉമറി(റ)ന്റെ ഖിലാഫത്തുകാലത്ത് മഴക്കുവേണ്ടി പ്രാര്‍ഥിക്കേണ്ടി വന്നപ്പോള്‍ അബ്ബാസി(റ)നെയാണ് ഉമര്‍(റ) നേതൃത്വം ഏല്പിച്ചത്.
അനസ്(റ) പറയുന്നു: ”വരള്‍ച്ചയുണ്ടായാല്‍ ഉമര്‍(റ) അബ്ബാസുബ്‌നു അബ്ദില്‍മുത്ത്വലിബിന്റെ നേതൃത്വത്തില്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥിപ്പിച്ചിരുന്നു. അദ്ദേഹം പറയുമായിരുന്നു: അല്ലാഹുവേ, ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകന്‍ മുഖേനയാണ് നിന്നോട് പ്രാര്‍ഥിച്ചിരുന്നത്. എന്നിട്ട് നീ ഞങ്ങള്‍ക്ക് മഴ തന്നിരുന്നു. ഇപ്പോള്‍ പ്രവാചകന്റെ പിതൃവ്യന്‍ മുഖേന നിന്നോട് പ്രാര്‍ഥിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് മഴ തരേണമേ. അനസ്(റ) പറയുന്നു: അങ്ങനെ അവര്‍ക്ക് മഴ ലഭിച്ചിരുന്നു” (ബുഖാരി) 27.
ഈ ഹദീസിന്റെ നിജസ്ഥിതി അറിയാതെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. ജീവിച്ചിരുന്ന കാലത്ത് പ്രവാച കന്‍ പ്രാര്‍ഥിച്ചു. മഴ ലഭിച്ചു. ഇപ്പോള്‍ പ്രവാചകന്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ജീവിച്ചിരിക്കുന്നവരില്‍ കൂടുതല്‍ ഭക്തനെന്ന് ജനസമ്മതിനേടിയ ഒരാളെ പ്രാര്‍ഥനയുടെ നേതൃത്വം ഏല്പിച്ചു. ഇതില്‍ ഒരു തെറ്റുമില്ലെന്നു മാത്ര മല്ല, അങ്ങനെയാണ് ചെയ്യേണ്ടതും. ജീവിച്ചിരുന്ന കാലത്ത് പ്രവാചകന്‍ പ്രാര്‍ഥിച്ചപ്പോള്‍ മഴ കിട്ടിയതിനാല്‍ മരണാനന്തരവും പ്രവാചകനോട് പ്രാര്‍ഥിക്കുകയോ പ്രവാചകന്റെ ‘ഹഖ്, ജാഹ്’ എന്നിവ പറയുകയോ ചെയ്തിരുന്നുവെങ്കില്‍ അത് മതവിരുദ്ധ നടപടിയാകുമായിരുന്നു. ഏതുകാര്യത്തിലും നമുക്കുവേണ്ടി പ്രാര്‍ഥി ക്കാന്‍ ജീവിച്ചിരിക്കുന്നവരോട് ആവശ്യപ്പെടാം.
ഇവിടെ ഉമര്‍(റ) പ്രാര്‍ഥിച്ചതു മഴക്കുവേണ്ടിയാണ്. കൂടാതെ അബ്ബാസി(റ)നോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അന്ന് അബ്ബാസ്(റ) ഇപ്രകാരം പ്രാര്‍ഥിച്ചതായി ചരിത്രത്തില്‍ കാണാം. ”അല്ലാഹുവേ, പാപം കൊണ്ടല്ലാതെ വിപത്ത് വരില്ല. പശ്ചാത്താപം കൊണ്ടല്ലാതെ അത് നീങ്ങുകയുമില്ല.”
മഴയ്ക്കുവേണ്ടി നബി(സ്വ) പല തരത്തിലും പ്രാര്‍ഥിച്ചതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുമ്മ അസ്ഖിനാ ഗൈസന്‍ മുഗീന്‍ മരീഅന്‍ മുരീഗന്‍, നാഫിഅന്‍ ഗൈറ ദാര്‌രിന്‍ ആജിലന്‍ ഗൈറ ആജിലിന്‍(84) (അല്ലാഹുവേ ഗുണകരവും സുഖപ്രദവും ആരോഗ്യകരവുമായ മഴ ഞങ്ങള്‍ക്ക് കാലതാമസമില്ലതെ ഉടനെ നല്‌കേണമേ. അത് ഉപദ്രവകരമാക്കരുതേ).
അല്ലാഹുമ്മ സ്വയ്യിബന്‍ നാഫിഅന്‍ (85) (അല്ലാഹുവേ ഉപകാരപ്രദമായ മഴ നല്‌കേണമേ) (ബുഖാരി) 28
മഴ അധികമായാല്‍ അത് നിര്‍ത്തുന്നതിനു വേണ്ടിയും അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. അല്ലാഹുമ്മ ഹവാലൈനാ, ലാ അലൈനാ(86) (അല്ലാഹുവേ, ഞങ്ങള്‍ക്കല്ല, ഇനി ഇത് ഞങ്ങള്‍ക്കു ചുറ്റിലുമുള്ളവര്‍ക്കായി മാറ്റേണമേ) (ബുഖാരി) 29.
അല്ലാഹുമ്മ അലല്‍ ആകാമി വദ്ദ്വറാബി, വബുത്വൂനില്‍ ഔദിയതി വമനാബിതി ശ്ശജര്‍(87) (അല്ലാഹുവേ മേച്ചില്‍ സ്ഥലങ്ങളിലും മലകളിലും താഴ്‌വരകളിലും മരങ്ങളുടെ വേരുകളിലും ഈ മഴയെ ആക്കേണമേ).
ദുഹാ നമസ്‌കാരം
സൂര്യന്‍ ഉദിച്ചുയര്‍ന്നാല്‍ നിര്‍വഹിക്കാവുന്ന ഒരു സുന്നത്ത് നമസ്‌കാരമാണിത്. നബി(സ്വ) അത് നിര്‍വഹിക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. ചുരുങ്ങിയത് രണ്ടും, കൂടിയാല്‍ എട്ടും റക്അത്തുകളാണ് ഈ നമസ്‌കാരം. അധികം ദീര്‍ഘിപ്പിക്കാതെ വേഗത്തിലാണ് നബി(സ്വ) നമസ്‌കരിച്ചിരുന്നത്.
”അബൂഹുറയ്‌റ(റ) പറയുന്നു: എന്റെ ആത്മമിത്രമായ നബി(സ്വ) മൂന്നു കാര്യങ്ങള്‍ എന്നോട് വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്. മാസത്തില്‍ മൂന്നു ദിവസത്തെ വ്രതം, ദുഹായുടെ രണ്ട് റക്അത്ത്, ഉറങ്ങുന്നതിനു മുമ്പ് വിത്ര്‍ നമസ്‌കാരം” (ബുഖാരി) 30.
സൗകര്യംപോലെ രണ്ട്, നാല്, ആറ്, എട്ട് എന്നിങ്ങനെ റക്അത്തുകളായി ദുഹാ നമസ്‌കരിക്കാവുന്നതാണ്.
തഹിയ്യത്തുല്‍ മസ്ജിദ്
പള്ളിയില്‍ പ്രവേശിച്ചാല്‍ രണ്ടു റക്അത്ത് നമസ്‌കരിച്ചുകൊണ്ട് പള്ളിക്ക് അഭിവാദ്യമര്‍പ്പിക്കണം.
”നബി(സ്വ) പറഞ്ഞു: നിങ്ങള്‍ പള്ളിയില്‍ പ്രവേശിച്ചാല്‍ ഇരിക്കുന്നതിനു മുമ്പ് അവന്‍ രണ്ട് റക്അത്ത് നമസ്‌കരിക്കണം” (ബുഖാരി) 31.
ആദ്യമായി കഅ്ബയില്‍ പ്രവേശിച്ചാല്‍ തഹിയ്യത്തായി കഅ്ബയെ ത്വവാഫ് ചെയ്യുകയാണ് വേണ്ടത്.
പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ വലതുകാല്‍ വെച്ച് കയറണം. ആ സമയത്ത് ബിസ്മില്ലാഹി അല്ലാഹുമ്മ ഫ്തഹ്‌ലീ അബ്‌വാബ റഹ്‌മതിക(88) (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവേ നിന്റെ കരുണയുടെ കവാടം എനിക്ക് നീ തുറന്നുതരേണമേ) എന്നു പറയണം.
പളളിയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫദ്‌ലിക(89) (അല്ലാഹുവേ, നിന്റെ ഔദാര്യത്തില്‍നിന്ന് ഞാന്‍ നിന്നോട് തേടുന്നു) എന്നും ചൊല്ലണം.
സ്വലാത്തുല്‍ ഇസ്തിഖാറ
ഒരാള്‍ക്ക് ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്ന് മനസ്സില്‍ തീരുമാനമാകുന്നില്ലെങ്കില്‍ രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിച്ച് ഏകാഗ്രമായ മനസ്സോടെ താഴെ പറയുംവിധം പ്രാര്‍ഥിക്കുക. ഈ നമസ്‌കാരത്തിന്നാണ് ‘സ്വലാത്തുല്‍ ഇസ്തിഖാറ’ അഥവാ ‘ഉത്തമമായതേതെന്ന് ചോദിക്കാനുള്ള നമസ്‌കാരം’ എന്നു പറയുന്നത്.
പ്രാര്‍ഥന ഇപ്രകാരമാണ്: അല്ലാഹുമ്മ ഇന്നീ അസ്തഖീറുക ബിഇല്‍മിക, വഅസ്തഖ്ദിറുക ബിഖുദ്‌റതിക, വഅസ്അലുക മിന്‍ ഫള്‌ലികല്‍ അളീം, ഫഇന്നക തഖ്ദിറു വലാ അഖ്ദിറു, വതഅ്‌ലമു വലാ അഅ്‌ലമു, വഅന്‍ത അല്ലാമുല്‍ ഗുയൂബ്, അല്ലാഹുമ്മ ഫഇന്‍ കുന്‍ത തഅ്‌ലമു ഹാദല്‍ അംറ ഖൈറന്‍ ലീ ഫീ ദീനീ വമആശീ വആഖിബതി അംരീ, ഫഖ്ദിര്‍ഹു ലീ, വയസ്സിര്‍ഹു ലീ, സുമ്മ ബാരിക് ലീ ഫീഹ്, അല്ലാഹുമ്മ വഇന്‍ കുന്‍ത തഅ്‌ലമുഹു ഷര്‍റന്‍ ലീ, ഫീ ദീനീ വമആശീ, വആഖിബതി അംരീ, ഫസ്വ്‌രിഫ്‌നീ അന്‍ഹു, വസ്വ്‌രിഫ്ഹു അന്നീ, വഖ്ദിര്‍ ലീ അല്‍ഖൈറ ഹൈസു കാന, സുമ്മ റളീനീ ബിഹി(90)
(അല്ലാഹുവേ, എല്ലാ പരമ രഹസ്യങ്ങളും അറിയുന്നവനാണ് നീയെന്ന നിലയില്‍ നിന്നോട് ഉത്തമമേതെന്ന് ഞാന്‍ ചോദിക്കുന്നു. നിന്റെ കഴിവുകൊണ്ട് ഞാന്‍ നിന്നോട് കഴിവിനെ ചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യം ഞാന്‍ ചോദിക്കുന്നു; കാരണം നീയാണ് കഴിവുള്ളവന്‍. എനിക്ക് ഒന്നിനും കഴിവില്ല. തീര്‍ച്ചയായും നീ എല്ലാ പരമ രഹസ്യങ്ങളും അറിയുന്നവനാണ്. അല്ലാഹുവേ, ഈ കാര്യം-ഇവിടെ കാര്യമെന്തെന്ന് പറയണം- എനിക്ക് എന്റെ മതത്തിലും ഇഹത്തിലും കാര്യത്തിന്റെ പര്യവസാനത്തിലും ഉത്തമമാണെന്ന് നീ അറിയുന്നു വെങ്കില്‍ അതെനിക്ക് വിധിക്കുകയും എനിക്കത് എളുപ്പമാക്കിത്തരികയും പിന്നീട് അതില്‍ എനിക്ക് അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. ഈ കാര്യം എനിക്ക് എന്റെ മതത്തിലും ഇഹത്തിലും അനന്തരഫലത്തിലും ദോഷകരമാണെന്നാണ് നീ അറിയുന്നതെങ്കില്‍ എന്നെ അതില്‍ നിന്നും, അതില്‍ നിന്ന് എന്നെയും നീ തെറ്റിക്കേണമേ. നന്മ എവിടെയാണോ അതെനിക്ക് വിധിക്കുകയും എന്നിട്ട് അതിനെ എനിക്ക് തൃപ്തിപ്പെടുത്തു കയും ചെയ്യേണമേ”).
യാത്രക്കു ശേഷമുള്ള നമസ്‌കാരം
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പള്ളിയില്‍വെച്ച് രണ്ട് റക്അത്ത് നമസ്‌കരിക്കല്‍ പ്രവാചകന്റെ പതിവാ യിരുന്നു. നാടിന്റെ അതിര്‍ത്തിയിലെത്തി നാട് കണ്ടാല്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: ആയിബൂന താഇബൂന ആബിദൂന ലിറബ്ബിനാ ഹാമിദൂന്‍(91) (ഞങ്ങളുടെ നാഥനെ സ്തുതിച്ചും പശ്ചാത്തപിച്ചും ഖേദിച്ചു മടങ്ങിയും അവന് ആരാധന യര്‍പ്പിച്ചും ഞങ്ങള്‍(ഇതാ വരുന്നു))
”നബിയോടൊപ്പം യാത്ര കഴിഞ്ഞു മടങ്ങി ഞങ്ങള്‍ മദീനയുടെ പ്രാന്തത്തില്‍ എത്തിയപ്പോള്‍ പ്രവാചകന്‍ ഇപ്രകാരം പറഞ്ഞു: ‘ഞങ്ങളുടെ നാഥനെ സ്തുതിച്ചും പശ്ചാത്തപിച്ചും ഖേദിച്ചു മടങ്ങിയും അവന് ആരാധന യര്‍പ്പിച്ചും ഞങ്ങള്‍ (ഇതാ വരുന്നു)’. നബി(സ്വ) അത് ചൊല്ലിക്കൊണ്ടേയിരുന്നു. അങ്ങനെ ഞങ്ങള്‍ മദീനയിലെത്തി” (മുസ്‌ലിം) 32).
”യാത്ര ചെയ്ത് എത്തിയാല്‍ നബി(സ്വ) പള്ളിയില്‍ കയറി രണ്ടു റക്അത്ത് നമസ്‌കരിക്കുമായിരുന്നു.” 33
ബിദ്അത്തായ നമസ്‌കാരങ്ങള്‍
നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ട അഞ്ചുനേരത്തെ നമസ്‌കാരവും ജുമുഅയും ഉള്ളതിനുപുറമെ നബി(സ്വ) കാണിച്ചുതന്ന ഏതാനും ഐഛികനമസ്‌കാരവും മുസ്‌ലിംകള്‍ക്ക് നിര്‍വഹിക്കാനുണ്ട്. എന്നാല്‍ പ്രത്യേക പുണ്യമുണ്ടെന്ന് കരുതി നബി(സ്വ) പഠിപ്പിച്ചതല്ലാത്ത ഏതെങ്കിലും പേരില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതും പതിവാക്കുന്നതും മതത്തില്‍ പുതിയ ആചാരമുണ്ടാക്കലാണ്. ഇങ്ങനെ പുതിയ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ ചെയ്യുന്നത് ബിദ്അത്താണ്. ബിദ്അത്തുകള്‍ നബി(സ്വ) വിലക്കിയതാണ്. അത്തരത്തില്‍ ചിലയാളുകള്‍ നിര്‍വഹിച്ചുപോരുന്ന ചില നമസ്‌കാരങ്ങള്‍ താഴെ പറയുന്നു.
- സ്വലാത്തുല്‍ ഖദ്ര്‍
മുമ്പുകാലത്ത് ചില പ്രദേശങ്ങളില്‍ റമദാനില്‍ തറാവീഹ് നമസ്‌കാരാനന്തരം അവസാന രാത്രിയില്‍ നൂറു റക്അത്ത് ‘സ്വലാത്തുല്‍ ഖദ്ര്‍’ എന്ന പേരില്‍ നടത്തപ്പെട്ടിരുന്നു. ഇതിന് ഇസ്‌ലാമില്‍ അടിസ്ഥാനമില്ല (ഫതാവാ ഇബ്‌നു തൈമിയ്യ) 34. - സ്വലാതുര്‍റഗാഇബ്
ഈ പേരില്‍ നടത്തിവരുന്ന നമസ്‌കാരം ബിദ്അത്താകുന്നു. ശഅ്ബാന്‍ പതിനഞ്ചിനോ മിഅ്‌റാജ് രാവിനോ നബി(സ്വ) ഒരുവിധ പ്രാധാന്യവും പഠിപ്പിച്ചിട്ടില്ലാത്തതിനാല്‍ ആ രാത്രികളില്‍ പ്രത്യേകം നടത്തുന്ന നൂറ് റക്അത്തുള്ള നമസ്‌കാരത്തിനും ഇസ്‌ലാമില്‍ സ്ഥാനമില്ല. - ഖുത്ബിയ്യത്തിനു മുമ്പുള്ള നമസ്‌കാരം
ശിര്‍ക്കും ബിദ്അത്തുമായ ‘ഖുത്വുബിയ്യത്ത്’ എന്ന ആചാരം നടത്തുന്നതിനു മുമ്പ് പന്ത്രണ്ടു റക്അത്ത് നമസ്‌കരിക്കണമെന്ന് പറയപ്പെടുന്നു. ഖുത്വുബിയ്യത്തോ ഈ നമസ്‌കാരമോ നബി(സ്വ) സുന്നത്താക്കി യതല്ലെന്ന് മാത്രമല്ല; മതവിരുദ്ധമായതും മതത്തില്‍ നിന്ന് ഭ്രഷ്ടായിത്തീരുന്നതുമായ പ്രവര്‍ത്തനമാണിത്. - സ്വലാതുത്തസ്ബീഹ്
ഈ പേരില്‍ ഒരു നമസ്‌കാരം ചില സ്ഥലങ്ങളില്‍ നിര്‍വഹിക്കപ്പെട്ടുവരുന്നു. ഇതു സംബന്ധമായി ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ പ്രമാണയോഗ്യമല്ല. നമസ്‌കാരത്തിലെ നിര്‍ത്തത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യലാണ് നബി (സ്വ) പഠിപ്പിച്ചുതന്നിട്ടുള്ളത്. അതില്‍നിന്ന് അല്പം വ്യത്യാസം മയ്യിത്ത് നമസ്‌കാരത്തിനു മാത്രമാണുള്ളത്. പ്രത്യേകരൂപം നിഷ്‌കര്‍ഷിച്ചുകൊണ്ട് ‘തസ്ബീഹ്’ എന്ന പേരില്‍ ഒരു നമസ്‌കാരം പ്രവാചകന്‍ ഈ സമുദായത്തെ പഠിപ്പിച്ചിട്ടില്ല. അവിടുന്ന് നിര്‍വഹിച്ചിട്ടുമില്ല.
നബി(സ്വ) മാതൃക കാണിക്കാത്ത ഒരു അനുഷ്ഠാനം പുതുതായി ആരെങ്കിലും ആവിഷ്‌കരിച്ചാല്‍ അത് ബിദ്അത്താകുന്നു. ബിദ്അത്തുകള്‍ വഴികേടാണ്. ആഇശ(റ) പറയുന്നു: നമ്മുടെ നിര്‍ദേശമില്ലാത്ത ഒരു കര്‍മം ആരെങ്കിലും ചെയ്താല്‍ അത് തള്ളേണ്ടതാകുന്നു (മുസ്‌ലിം) 35.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 73, ഹദീസ് 35[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 179, ഹദീസ് 2678[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 16, ഹദീസ് 951[↩]
- ഇര്‍വാഉല്‍ ഗലീലി ഫീ തഖ്‌രീജി അഹാദീസി മനാറിസ്സബീല്‍, മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനീ, അല്‍ മക്തബതുല്‍ ഇസ്‌ലാമി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 125, ഹദീസ് (654[↩]
- അസ്സുനനുല്‍ കുബ്‌റാ, അഹ്‌മദുബ്‌നുല്‍ ഹുസൈനിബ്‌നി അലി, അബൂബക്‌റുല്‍ ബൈഹഖീ, ദാറു കുതുബുല്‍ ഇല്‍മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 06, പേജ് 610, ഹദീസ് 2338[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 20, ഹദീസ് 971 [↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 606, ഹദീസ് 13 (884[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 607, ഹദീസ് 14 (891[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 416, ഹദീസ് 536[↩]
- അത്തല്‍ഖീസ്വുല്‍ ഹബീര്‍ ഫീ തഖ്‌രീജി അഹാദീസിര്‍റാഫിഈ അല്‍ കബീര്‍, അബുല്‍ ഫദ്വ്ല്‍ അഹ്‌മദ് ബ്‌നു അലി, വാള്യം 02, പേജ് 209, ഹദീസ് 697[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 30, പേജ് 615, ഹദീസ് 18675[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2113, ഹദീസ് 524[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 83, ഹദീസ് 1977[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 38, ഹദീസ് 1057[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 36, ഹദീസ് 1009[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 149, ഹദീസ് 745[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 625, ഹദീസ് 16 (906[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 358, ഹദീസ് 1005[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 309, ഹദീസ് 1188[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 355, ഹദീസ് 999[↩]
- അല്‍ മുഗ്‌നി ലി ഇബ്‌നു ഖുദാമ, അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്‌നു അഹ്‌മദ് ബ്‌നി ഖുദാമ, ഇബ്‌നു ഖുദാമ, മക്തബതുല്‍ ഖാഹിറ, 1968, വാള്യം 03, പേജ് 334[↩]
- കിതാബുല്‍ ഉമ്മ്, ഇാം ശാഫിഈ, വാള്യം 01, പേജ് 286[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 02, പേജ്: 550[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 611, ഹദീസ് 3 (894[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 612, ഹദീസ് 5 (695[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 612, ഹദീസ് 5 (895[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 27, ഹദീസ് 1010[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 349, ഹദീസ് 985[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 29, ഹദീസ് 1015[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 58, ഹദീസ് 1178[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 96, ഹദീസ് 444[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 980, ഹദീസ് 429 (1345[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 170, ഹദീസ് 431[↩]
- അല്‍ ഫതാവാ അല്‍ കുബ്‌റാ, ഇബ്‌നു തൈമിയ്യ, തഖിയുദ്ദീന്‍ അബ്ബാസ് അഹ്‌മദു ബ്‌നു അബ്ദില്‍ ഹലീം ഇബ്‌നു തൈമിയ്യ, ദാറുല്‍ കുതുബില്‍ ഇല്‍മിയ്യ, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 256[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 63, ഹദീസ് 57[↩]
