ജുമുഅ
വെള്ളിയാഴ്ച ദ്വുഹ്റിന്റെ സമയത്ത് ഒരു പ്രദേശത്തെ മുസ്ലിംകള് മുഴുവന്‍ പള്ളിയില്‍ ഒരുമിച്ചുകൂടുകയും ഇമാം അവരോട് വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും വെളിച്ചത്തില്‍ കാലികമായ പ്രശ്നങ്ങളെ ക്കുറിച്ച് ഉപദേശിക്കുകയും തദനന്തരം ജമാഅത്തായി രണ്ടു റക്അത്ത് നമസ്കരിക്കുകയും ചെയ്യുക. ഇതാണ് ജുമുഅ നമസ്കാരം. ഇതിനുവേണ്ടി വെള്ളിയാഴ്ച പള്ളിയില്‍ സമ്മേളിക്കല്‍ പ്രായപൂര്‍ത്തിയായ രോഗിയോ യാത്രക്കാരനോ അല്ലാത്ത ഓരോ മുസ്ലിം പുരുഷനും നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു:
”സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെപ്പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരിക. വ്യാപാരം ഒഴിവാക്കുക. അതാണ് നിങ്ങള്‍ക്കുത്തമം’‘ (62: 9).
യാത്രക്കാരനും ജുമുഅ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. തടസ്സമില്ലെങ്കില്‍ ജുമുഅ നിര്‍വഹിക്കുന്നത് തന്നെയാണ് കുട്ടികള്‍, സ്ത്രീകള്‍ എന്നിങ്ങനെ ജുമുഅ നിര്‍ബന്ധമില്ലാത്തവര്‍ക്കും ഉത്തമം. ജുമുഅയില്‍ പങ്കെടുത്താല്‍ അതാണ് കൂടുതല്‍ പുണ്യകരമാവുക. നബി(സ)യുടെ കാലത്ത് തന്നെ ഇതിന് ധാരാളം തെളിവുകള്‍ കാണാവുന്നതാണ്.
വളരെയേറെ പുണ്യമുള്ള ദിവസമാണ് ജുമുഅ ദിനം. അബൂഹുറയ്റ(റ) നിവേദനം. നബി(സ) പറഞ്ഞു, സൂര്യനുദിക്കുന്ന ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് ജുമുഅ ദിനം.(മുസ്ലിം) 1 ആ ദിവസത്തില്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന ഒരു സമയമുണ്ടെന്നും നബി(സ) ഉണര്‍ത്തുകയുണ്ടായി. അതുപോലെ ജുമുഅ നമസ്കാരവും ഏറെ പുണ്യകരമാണ്. പതിവായി ജുമുഅ ഉപേക്ഷിക്കുന്നത്, നന്മകള് മനസ്സിലാക്കാന്‍ കഴിയാത്തവിധം ഹൃദയം മുദ്രവെക്കപ്പെടാന് കാരണമാകുമെന്ന് റസൂല്‍(സ) മുന്നറിയിപ്പു നല്കുകയുണ്ടായി. എണ്ണ തേച്ച് കുളിച്ച്, മുടി ചീകി, വൃത്തിയുള്ള വസ്ത്രം ധരിച്ച്, സുഗന്ധം പൂശി നേരത്തെ ജുമുഅക്ക് ഹാജരാവുകയും മൗനമായിരുന്ന് ഖുതുബ ശ്രദ്ധിക്കുകയും ചെയ്താല്‍ അടുത്ത ജുമുഅവരെയും അതിനു ശേഷമുള്ള മൂന്നു ദിവസത്തിന്റെയും പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് റസൂല്‍ പഠിപ്പിച്ചു.
ജുമുഅ നമസ്കാരം നിര്‍വഹിക്കാന്‍ പള്ളി തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. തുറസ്സായ പൊതുസ്ഥലങ്ങളിലും നിര്‍വഹിക്കാവുന്നതാണ്. ദ്വുഹ്റിന്റെ സമയം തന്നെയാണ് ജുമുഅയുടെ സമയം. ഒരു പ്രദേശത്ത് ഒരു ജുമുഅയാണ് വേണ്ടത്. എന്നാല്‍ നിര്‍ബന്ധ സാഹചര്യത്തില്‍ കൂടുതല്‍ ജുമുഅകള്‍ ആകാവുന്നതാണ്.
വെള്ളിയാഴ്ചയുടെ ശ്രേഷ്ഠത
”നബി(സ്വ) പറഞ്ഞു: സൂര്യന് ഉദിക്കുന്ന ദിനങ്ങളില്‍ ഉത്തമമായതാകുന്നു വെള്ളിയാഴ്ച. ആ ദിനത്തിലാണ് ആദം(അ) സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ആ ദിനത്തിലാണ് അദ്ദേഹം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതും അതില്‍ നിന്ന് പുറത്താക്കപ്പെട്ടതും. വെള്ളിയാഴ്ചയില്‍ തന്നെയാണ് അന്ത്യദിനം സംഭവിക്കുക” (മുസ്ലിം) 2).
വെള്ളിയാഴ്ച ഒരു പ്രത്യേക സമയമുണ്ട്. ആ സമയത്ത് നിര്‍വഹിക്കുന്ന പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.(മുസ്ലിം) 3
ജുമുഅയില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നബി(സ്വ) പറഞ്ഞു: ‘കാലംകൊണ്ട് നാം പിന്തിയ വരാണ്. അന്ത്യനാളില്‍ നാം മുന്‍പന്തിക്കാരാണ്. നമുക്കുമുമ്പ് അവര്‍ക്ക് വേദം ലഭിച്ചു. നമുക്കത് ലഭിച്ചത് അവര്‍ക്കു ശേഷമാണ്. അവര്‍ക്കു (ഒരുമിച്ചുകൂടാന്‍) നിര്‍ബന്ധമാക്കിയ ദിനത്തിന്റെ കാര്യത്തില്‍ അവര്‍ ഭിന്നിച്ചു. എന്നാല്‍ അല്ലാഹു നമുക്ക് നേര്‍വഴി കാണിച്ചു തന്നു. ജനങ്ങള്‍ നമ്മുടെ പിറകിലാണ് ആ വിഷയത്തില്‍. ജൂതര്‍ പിറ്റെദിവസവും ൈക്രസ്തവര്‍ അതിന്റെ പിറ്റെ ദിവസവുമാണ് (വാരാന്ത പ്രാര്‍ഥനയ്ക്ക് ഒരുമിച്ചു കൂടുന്നത്)” (ബുഖാരി) 4.
”ജുമുഅകളില് പങ്കെടുക്കാതിരിക്കുന്ന സ്വഭാവം ജനങ്ങള്‍ അവസാനിപ്പിക്കട്ടെ. അല്ലാത്തപക്ഷം അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു സീല്‍ വെക്കുകയും പിന്നീട് അവര്‍ അശ്രദ്ധരായ ജനങ്ങളില്‍പെട്ടുപോവുകയും ചെയ്യുന്നതാണ്” (മുസ്ലിം) 5).
നബി(സ്വ) പറഞ്ഞു: ”ഒരു സമൂഹത്തിലെ എല്ലാ മുസ്ലിംകള്ക്കും ജുമുഅ നിര്‍ബന്ധമാകുന്നു; നാലു വിഭാഗ മൊഴികെ. അടിമ, സ്ത്രീ, കുട്ടി, രോഗി.” (ഫത്ഹുല്‍ ബാരീ ലി ഇബ്നു റജബ്) 6. ഈ ഹദീസിന്റെ പ്രമാണികതയില്‍ മുഹദ്ദിസുകള്‍ക്കിടയില്‍ ഭിന്ന വീക്ഷണങ്ങളുണ്ട്. അതുപോലെ യാത്രക്കാരനും ജുമുഅ നിര്‍ബന്ധമില്ല.
ഇമാം ശാഫിഈ പറയുന്നു: ”ജുമുഅ നിര്‍ബന്ധമില്ലെന്ന് ഞാന്‍ പറഞ്ഞ പ്രതിബന്ധമുള്ള സ്വതന്ത്ര പുരുഷ ന്മാരും സ്ത്രീകളും കുട്ടികളും അടിമകളും ജുമുഅയില്‍ പങ്കെടുക്കുന്ന പക്ഷം രണ്ടു റക്അത്ത് നമസ്കരിച്ചാല്‍ മതി. ഒരു റക്അത്ത് മാത്രം ലഭിച്ച് മറ്റേ റക്അത്ത് സ്വന്തമായി നമസ്കരിച്ചാലും അവര്‍ക്ക് ആ ജുമുഅ മതിയാകുന്നതാണ്” (അല്‍ഉമ്മ്) 7.
ശാഫിഈ പറയുന്നു: ”അവര്‍ക്ക് ജുമുഅ നിര്‍ബന്ധമില്ല എന്നതിന്-അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന് -അത് ഉപേക്ഷിക്കുന്നതുകൊണ്ട് അവര്‍ കുറ്റക്കാരാവില്ല എന്നേ അര്‍ഥമുള്ളൂ. (അല്‍ ഉമ്മ്) 7.
ഇമാം ശാഫിഈ പറയുന്നു: ”പ്രതിബന്ധത്താല്‍ ജുമുഅ ഉപേക്ഷിക്കാന്‍ അനുവാദമുള്ള സ്വതന്ത്ര പുരുഷ ന്മാരും സ്ത്രീകളും കുട്ടികളും അടിമകളും ഇമാം ജുമുഅ നമസ്കരിച്ച് തീരുന്നതുവരെ ദുഹ്ര്‍ നമസ്കരി ക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ജുമുഅ പിരിഞ്ഞുവോയെന്ന് സൂക്ഷ്മതക്കായി അവര്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം അവര്‍ക്ക് ജുമുഅക്ക് പങ്കെടുക്കാന്‍ കഴിഞ്ഞെങ്കിലോ! അങ്ങനെ അവര്‍ അതില്‍ പങ്കെടുക്കുന്നത് അവര്‍ക്ക് ഉത്തമമായ കാര്യമാകുന്നു” (അല്‍ഉമ്മ്) 8.
നേരത്തെ പുറപ്പെടല്‍
അബൂഹുറയ്റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ”ഒരാള്‍ വെള്ളിയാഴ്ച, വലിയ അശുദ്ധിയുണ്ടായിട്ട് കുളിക്കു ന്നതുപോലെ കുളിച്ച് വൃത്തിയാവുകയും എന്നിട്ട് വളരെ നേരത്തെ പള്ളിയിലേക്ക് പോവുകയും ചെയ്താല്‍ അവന് ഒരു ഒട്ടകത്തെ ദൈവപ്രീതിക്കു സമര്പ്പിച്ചവനെപ്പോലെയാണ്. അതിനുശേഷം പോയവന് പശുവിനെ സമര്പ്പിച്ചവനെപ്പോലെയും അതിനും ശേഷം പോയവന് ആടിനെ സമര്പ്പിച്ചവനെപ്പോലെയും പിന്നീട് പോയവന് ഒരു കോഴിയെ സമര്പ്പിച്ചതുപോലെയും അവസാനസമയത്ത് പോയവന് കോഴിമുട്ട സമര്‍പ്പിച്ചവനെ പ്പോലെയുമാകുന്നു. ഇമാം ഖുത്വ്ബ ആരംഭിച്ചാല്‍ മലക്കുകള്‍ പ്രസംഗം കേള്‍ക്കാന്‍ സന്നിഹിതരാകുന്നു.” (ബുഖാരി) 9.
ജുമുഅയുടെ മര്യാദകള്‍
വെള്ളിയാഴ്ച പള്ളിയില്‍ സന്നിഹിതരായവര്‍ ഇമാം മിമ്പറില്‍ കയറുന്നതുവരെ ദിക്ര്, പ്രാര്‍ഥന, പ്രവാചകന്റെ പേരില്‍ സ്വലാത്ത് ചൊല്ലല്‍, ഖുര്‍ആന്‍ പാരായണം എന്നിങ്ങനെയുള്ള നല്ല കാര്യങ്ങളില്‍ വ്യാപൃതരാവണം. സംസാരം, ഉറക്കം എന്നിവ ഉപേക്ഷിക്കേണ്ടതാണ്. വെള്ളിയാഴ്ച സൂറത്തുല്‍കഹ്ഫ് ഓതുന്നത് നല്ലതാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് പ്രബലമല്ല.
പള്ളിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി കുളിക്കുക, മുടി ചീകുക, നല്ല വസ്ത്രം ധരിക്കുക, സുഗന്ധം പൂശുക എന്നിവ സുന്നത്താകുന്നു.
നബി(സ്വ) പറഞ്ഞു: ”വെള്ളിയാഴ്ച കുളിക്കുക, പല്ലു തേക്കുക, സുഗന്ധം പൂശുക എന്നിവ എല്ലാ മുസ്ലിംകള്ക്കും ബാധ്യതയാകുന്നു” (ബുഖാരി) 10.
പ്രതിബന്ധങ്ങളാല്‍ പള്ളിയില്‍ പോകാതിരിക്കുന്നവന് കുളി നിര്‍ബന്ധമില്ല.
നബി(സ്വ) പറഞ്ഞു: ”ജുമുഅക്ക് വരുന്നവര്‍ കുളിക്കട്ടെ.”(ബുഖാരി) 11
സല്‍മാനുല്‍ ഫാരിസി(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: ”ഒരാള്‍ വെള്ളിയാഴ്ച കുളിക്കുകയും എന്നിട്ട് വുദൂ എടുത്തു ശുദ്ധിയാവുകയും എണ്ണ തേയ്ക്കുകയും സുഗന്ധം പൂശുകയും എന്നിട്ട് പള്ളിയിലേക്ക് പോയി രണ്ടാള്‍ക്കിടയില്‍ ചാടിക്കടക്കാതെ ഇരിക്കുകയും, അല്ലാഹു അവനു നിശ്ചയിച്ച സുന്നത്ത് നമസ്കാരം നിര്‍വഹിക്കുകയും എന്നിട്ട് ഇമാമിന്റെ ഖുത്വ്ബ ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്താല്‍ ആ ജുമുഅ മുതല്‍ അടുത്ത ജുമുഅ വരെയുള്ള അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും” (ബുഖാരി) 12.
ജുമുഅയുടെ സ്ഥലം
ജുമുഅക്ക് സമ്മേളിക്കേണ്ട സ്ഥലം പള്ളിയാണ്. നബി(സ്വ)യുടെ കാലത്ത് പള്ളിയിലാണ് മുസ്ലിംകള് സമ്മേളിച്ചിരുന്നത്. മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് ജുമുഅയില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ വന്നെത്തു മായിരുന്നു.
മദീനയില്‍ നബി(സ്വ) സ്ഥാപിച്ച ജുമുഅയ്ക്ക് ശേഷം ആദ്യമായി ജുമുഅ നടത്തപ്പെട്ടിട്ടുള്ളത് ബഹ്റൈനിലെ ജുവാദ പ്രദേശത്തുള്ള അബ്ദുല്‍ഖൈസ് ഗോത്രത്തിന്റെ പള്ളിയിലാണ്.
പള്ളിയില്‍ സ്ഥലക്കുറവുണ്ടായാല് പള്ളിക്കു പുറത്ത് ജുമുഅ നമസ്കരിക്കാം. പള്ളിയില്ലാത്ത സ്ഥലത്ത് ഒരു വലിയ സമൂഹത്തിന് സമ്മേളിക്കേണ്ടി വരുമ്പോള്‍ താല്‍ക്കാലികമായി ഒരു ദിവസമോ ദിവസങ്ങളോ അവിടെ വെച്ച് ജുമുഅ നടത്താവുന്നതാണ്. ഉമര്‍(റ) ബഹ്റൈന്‍ നിവാസികള്‍ക്ക് എഴുതി: ”നിങ്ങള്‍ എവിടെയാണോ അവിടെ വെച്ച് ജുമുഅ നമസ്കരിക്കുക.”
ആളുകളുടെ എണ്ണം
ഒരു പ്രദേശത്തുള്ളവര്‍ വെള്ളിയാഴ്ച ഒരിടത്ത് സമ്മേളിച്ച് ജുമുഅ നിര്‍വഹിക്കണം. അതിന് ഇത്രപേര് വേണമെന്ന് നബി(സ്വ) നിര്‍ണയിച്ചിട്ടില്ല. ഒരു സമൂഹത്തില്‍ ജുമുഅ നിര്‍വഹിക്കപ്പെടണം.
നബി(സ്വ) പറഞ്ഞു: ”ഒരു സമൂഹത്തിലെ എല്ലാ മുസ്ലിംകള്ക്കും ജുമുഅ നിര്‍ബന്ധമാകുന്നു.” 13 ആളുകളുടെ എണ്ണം പരിഗണിക്കാതെ എത്ര പേരുണ്ടായാലും ജുമുഅ നിര്‍വഹിക്കുകയാണ് പ്രവാചകചര്യ.
എന്നാല്‍ ഇമാം ശാഫിഈ തന്റെ ഒരഭിപ്രായത്തില്‍ നാല്പത് പേരുണ്ടായിരിക്കണം എന്ന് നിബന്ധന വെച്ചി ട്ടുണ്ട്. ഹമ്പലികളും ഇതേ അഭിപ്രായക്കാരാണ്. മാലിക്കികളുടെ അഭിപ്രായത്തില്‍ പന്ത്രണ്ടു പേരുണ്ടായാല്‍ മതി. ജുമുഅ നമസ്കാരം സാധുവാകാന്‍ ചുരുങ്ങിയത് ഇമാമിനെ കൂടാതെ മൂന്നുപേര്‍ ഉണ്ടായാല്‍ മതിയെ ന്നാണ് ഹനഫികളുടെ അഭിപ്രായം. രണ്ടുപേര്‍ മാത്രം മതിയെന്ന് ഇമാം അബൂസൗര്‍ അഭിപ്രായപ്പെടുന്നു.
പള്ളിയില്‍ പ്രവേശിച്ചാല്‍
ജുമുഅക്കുവേണ്ടി പള്ളിയിലെത്തിയാല്‍ രണ്ടു റക്അത്ത് ‘തഹിയ്യത്ത്’ നമസ്കരിക്കണം. ഇമാം ഖുത്വ്ബ നടത്തുകയാണെങ്കിലും മഅ്മൂമുകള് തഹിയ്യത്ത് നമസ്കാരം നിര്‍വഹിക്കണം.
നബി(സ്വ) പറഞ്ഞു: വെള്ളിയാഴ്ച ഇമാം പ്രസംഗിച്ചുകൊണ്ടിരിക്കെ നിങ്ങള്‍ പള്ളിയില്‍ എത്തിയാല്‍ രണ്ടു റക്അത്ത് പൂര്‍ണതയോടെ വേഗത്തില്‍ നമസ്കരിക്കുക” (മുസ്ലിം) 14).
പ്രസംഗം നടന്നുകൊണ്ടിരിക്കുമ്പോള്‍ അത് ശ്രദ്ധാപൂര്‍വം കേട്ടിരിക്കണം.
നബി(സ്വ) പറഞ്ഞു: ”വെള്ളിയാഴ്ച ഇമാം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ നിന്റെ സ്നേഹിതനോട് ‘നിശ്ശബ്ദനായിരിക്കൂ’ എന്ന് പറഞ്ഞാല്‍ പാഴ്പ്രവര്ത്തനമാണ് നീ ചെയ്യുന്നത്” (ബുഖാരി) 15.
ഖുതുബ നടക്കുമ്പോള്‍ വര്‍ത്തമാനം പറയരുതെന്ന് സാരം. അങ്ങനെ ചെയ്താല്‍ ജുമുഅ നിഷ്ഫലമാകും.
”പാഴ്പ്രവര്‍ത്തനം ചെയ്തവന് ജുമുഅ ഇല്ലാതായിത്തീരുന്നു” (അഹ്മദ്) 16
ജുമുഅയുടെ ബാങ്ക്
ദുഹ്റിന്റെ സമയത്താണ് ജുമുഅ നിര്‍വഹിക്കേണ്ടത്. ദുഹ്ര്‍ ബാങ്ക് വിളിക്കേണ്ട സമയമായാല്‍ ഇമാം മിമ്പറില്‍ കയറണം. പ്രസംഗം നടത്താന്‍ ഒരു ഉയര്‍ന്ന സ്ഥലം വേണം. അതാണ് മിമ്പര്‍. മരംകൊണ്ട് നിര്‍മിച്ചതോ, മണ്ണുകൊണ്ട് പടുത്തുയര്ത്തിയതോ ആകാം. ഒന്നുമില്ലെങ്കിലും വിരോധമില്ല. നബി(സ്വ)ക്ക് മിമ്പറുണ്ടായിരുന്നു. ജനങ്ങളെ അഭിമുഖീകരിച്ച് നില്‍ക്കാനും ശ്രോതാക്കള്‍ക്ക് ഖത്വീബിനെ കാണുവാനുമുള്ള സൗകര്യത്തിന്നാണത്.
ഇമാം മിമ്പറില്‍ കയറിയാല്‍ സദസ്സിനെ അഭിമുഖീകരിച്ചു നിന്ന് സലാം പറയണം. സലാം പറഞ്ഞതിനു ശേഷം ഇമാം മിമ്പറില്‍ ഇരിക്കണം. ഈ സമയത്ത് ബാങ്ക് വിളിക്കണം. ബാങ്ക് വിളി കഴിഞ്ഞാല്‍ ഇമാം എഴുന്നേറ്റുനിന്ന് സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് രണ്ട് പ്രസംഗം നടത്തണം. ഇതാണ് പ്രവാചകന്റെ സുന്നത്ത്.
ഇപ്രകാരമുള്ള ബാങ്ക് വിളിയായിരുന്നു പ്രവാചകന്റെ കാലത്തുണ്ടായിരുന്നത്. പില്ക്കാലത്ത് ജനങ്ങള്‍ വര്‍ധിച്ച പ്പോള്‍ ജുമുഅയുടെ സമയം ആസന്നമായി എന്ന് അറിയിക്കുന്നതിന് ശരിയായ ബാങ്കിന്റെ സമയത്തിനു മുമ്പ് മദീനയിലെ ‘സൗറാഅ്’ എന്ന സ്ഥലത്തുനിന്ന് ജനങ്ങളെ വിളിക്കുന്ന സമ്പ്രദായമുണ്ടായി. അത് ഉസ്മാനുബ്നു അഫ്ഫാന്‍(റ)ന്റെ കാലത്തുണ്ടായതാണെന്നും മുആവിയയുടെ കാലത്തുണ്ടായതാണെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. ഏതായിരുന്നാലും ആ കാലഘട്ടം മുതല്‍ രണ്ടു ബാങ്ക് വിളിക്കുന്ന സമ്പ്രദായം പലയിടത്തും നിലനിന്നുവരുന്നു.
ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ജനങ്ങളെല്ലാം പള്ളിയില്‍ വന്നെത്തിയതിനുശേഷം ശരി യായ ദ്വുഹ്റിന്റെ സമയത്ത് ബാങ്ക് വിളിക്കുകയും അല്പസമയത്തിനുശേഷം ഇമാം മിമ്പറില്‍ കയറിയിട്ട് വേറെ ബാങ്ക് വിളിക്കുകയും ചെയ്യുന്നു. ഇതൊട്ടും ശരിയായ രീതിയല്ല. ഇത്തരത്തില്‍ ഒരു ആദ്യ ബാങ്കിന് ഇന്ന് ആവശ്യമില്ല. ഇത്തരം ഒരു ബാങ്ക് നടപ്പിലാക്കിയ കാലത്തു തന്നെ അത് പള്ളിയില്‍ നിന്നല്ല വിളിച്ചിരുന്നത്. ഈ വിഷയത്തില്‍ നബിചര്യയിലേക്ക് മടങ്ങണം.
ഇമാം ശാഫിഈ അദ്ദേഹത്തിന്റെ ‘കിതാബുല്‍ ഉമ്മി’ല്‍ പ്രസ്താവിച്ചത് ശ്രദ്ധേയമാണ്: 17”ഇമാം പള്ളിയില്‍ പ്രവേശിച്ച് ഖുത്വ്ബ നടത്തുന്നതിനു മരം കൊണ്ടുണ്ടാക്കിയ വസ്തു, ഈത്തപ്പനത്തടി, മിമ്പര്‍, ഉയര്‍ന്ന സ്ഥലം, അല്ലെങ്കില്‍ നിലം എന്നിങ്ങനെയുള്ള സ്ഥലത്ത് ഇരുന്നാല്‍ മുഅദ്ദിന് ബാങ്ക്വിളി തുടങ്ങണം. അതാണെനിക്ക് ഇഷ്ടം. അത് അവസാനിച്ചാല്‍ അദ്ദേഹം എഴുന്നേറ്റു നിന്ന് പ്രസംഗിക്കണം. ഇതില്‍ കൂടുതലൊന്നും ചെയ്യരുത്.”
സാഇബുബ്നു യസീദില്‍ നിന്ന് ഇമാം ശാഫിഈ നിവേദനം ചെയ്യുന്നു: ”ജുമുഅയുടെ ബാങ്ക് ആദ്യകാലത്ത് ഇമാം മിമ്പറിലിരിക്കുമ്പോഴായിരുന്നു; പ്രവാചകന്റെയും അബൂബക്ര് സ്വിദ്ദീഖിന്റെയും ഉമറി(റ)ന്റെയും കാല ഘട്ടങ്ങളില്‍. ഉസ്മാനി(റ)ന്റെ കാലഘട്ടമായപ്പോഴേക്കും ജനങ്ങള്‍ വര്‍ധിച്ചു. അപ്പോള്‍ അദ്ദേഹം രണ്ടാമതൊരു ബാങ്കുകൂടി വിളിക്കാന്‍ കല്പിച്ചു. വിഷയം അങ്ങനെ സ്ഥിരപ്പെട്ടു.” (ബുഖാരി) 18.
ഇമാം ശാഫിഈ വീണ്ടും പറയുന്നു: ”ഉസ്മാന്(റ) ഈ പുതിയ നടപടി ഉണ്ടാക്കിയെന്നതിനെ അത്വാഅ് നിഷേധിക്കുന്നു. മുആവിയയാണ് ഇതുണ്ടാക്കിയതെന്ന് അദ്ദേഹം പറയുന്നു. വാസ്തവം അല്ലാഹുവിന്നറിയാം. അത് തുടങ്ങിയത് ആരാവട്ടെ; പ്രവാചകന്റെ കാലത്തെ നടപടിയാണ് ഞാനിഷ്ടപ്പെടുന്നത്” (കിതാബുല്‍ ഉമ്മ്) 19.
മആശിറ വിളി
ജുമുഅ ദിവസം ഇമാം മിമ്പറില്‍ കയറുന്നതിനു മുമ്പ് ഒരാള്‍ വാളെടുത്ത് സദസ്സിനെ അഭിമുഖീകരിച്ച് സ്വാഗതഭാഷണം പോലെ ഒരു ചെറിയ പ്രസ്താവന നടത്തുകയും അത് കഴിഞ്ഞ് ഖത്വീബ് രംഗത്തുവരികയും അയാളില്‍ നിന്ന് വാളു വാങ്ങി മിമ്പറില്‍ കയറുകയും ചെയ്യുന്ന ഒരു വിചിത്ര സമ്പ്രദായം ചിലയിടങ്ങളില്‍ കാണപ്പെടു ന്നുണ്ട്. ഒരു അടിസ്ഥാനവുമില്ലാത്ത നൂതനാചാരമാണിത്. നബി(സ്വ) അവിടുത്തെ വീട്ടില്‍നിന്ന് പള്ളിയിലെത്തി നേരെ മിമ്പറില്‍ കയറുകയായിരുന്നു പതിവ്. സലാം പറഞ്ഞ് മിമ്പറില്‍ ഇരുന്നാല്‍ ബിലാല്‍(റ) ബാങ്ക് വിളിക്കുമായിരുന്നു.
‘മആശിര്‍ വിളി’ എന്ന പേരിലറിയപ്പെടുന്ന ഈ സമ്പ്രദായം ബിദ്അത്താണ്. ഇങ്ങനെയുള്ള ഒരു ‘മആശിര്‍’ വിളിയെ സംബന്ധിച്ച് കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധേയമാണ്.
”ഖത്വീബിന്റെ മുമ്പില്‍ ഒരു പ്രസ്താവന നടത്തുന്ന സമ്പ്രദായം ജനങ്ങള്‍ പുതുതായി തുടങ്ങിയിട്ടുണ്ട്. ‘അല്ലാഹു അവന്റെ പ്രവാചകന് കരുണ ചെയ്യുന്നു. മലക്കുകള്‍ കരുണക്ക് പ്രാര്‍ഥിക്കുന്നു. വിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിന് കാരുണ്യം ലഭിക്കാന്‍ പ്രാര്‍ഥിക്കുവിന്‍’ എന്ന ആയത്ത് (33: 56) ഓതി ഈണത്തില്‍ ദീര്‍ഘമായി എന്തൊക്കെയോ പറയുന്നു. ഇതെല്ലാം പുത്തനാചാരമാണ്. അതിന്റെ ആവശ്യമോ നിര്‍ബന്ധിതാ വസ്ഥയോ ഇല്ല; പ്രത്യേകിച്ചും എന്താണ് താന്‍ പറയുന്നതെന്ന് ആ മുഅദ്ദിനിന് തന്നെ അറിയാത്ത സ്ഥിതിക്ക്. കാരണം സംസാരിക്കരുതെന്ന് അയാള്‍ കല്പിക്കുകയും എന്നിട്ട് അതിനുശേഷം അയാള്‍ തന്നെ സംസാരിക്കു കയും ചെയ്യുന്നു” (അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍ അര്‍ബഅഃ) 20.
ജുമുഅ ഖുതുബ
ജുമുഅഃയിലെ പ്രധാന ഭാഗമാണ് ഖുതുബ (ഉപദേശം). ഇമാം രണ്ടു ഖുതുബ നിര്‍വഹിക്കണം. സദസ്സിന് മനസ്സിലാകത്തക്കവിധം പ്രയാസരഹിതമായ ഭാഷാപ്രയോഗങ്ങളിലൂടെ അവരുടെ മനസ്സില്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഭയവും ധര്‍മബോധവും മതവിജ്ഞാനവും ഇസ്ലാമിക നിഷ്ഠയും ഉണ്ടാകത്തക്ക വിധമുള്ള തായിരിക്കണം പ്രസംഗം. അതിനുള്ള പ്രാപ്തി ഇമാമിനുണ്ടായിരിക്കണം. ഇമാമിന് പ്രത്യേക വേഷമൊന്നും ഖുതുബ വേളയില്‍ നിശ്ചയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ സദസ്യര്‍ക്ക് ബഹുമാനവും മതിപ്പും തോന്നുന്ന വേഷവിധാനം സ്വീകരിക്കേണ്ടതാണ്. ഖുതുബ തന്റെ പാണ്ഡിത്യപ്രകടനത്തിനുള്ള വേദിയാക്കാതെ ജുമുഅയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജ്ഞാനവര്‍ധനവും ഭക്തിയുമുണ്ടാക്കുന്നതിന് ഉപയുക്തമായിരിക്കണം ഖത്വീബിന്റെ സംസാരം. ഖുര്‍ആന്‍ വചനങ്ങള്‍ ഓതിക്കൊണ്ടായിരിക്കണം ഉദ്ബോധനം നടത്തേണ്ടത്.
നബി(സ്വ)യുടെ ഖുതുബ യുടെ രീതിയെക്കുറിച്ച് ജാബിര്‍(റ) പറയുന്നു: ”നബി(സ്വ) പ്രസംഗം നടത്തുമ്പോള്‍ അവിടുത്തെ കണ്ണുകള്‍ ചുവക്കും, ശബ്ദം ഉയരും, ദേഷ്യം കൂടും; പ്രഭാതത്തില്‍-അല്ലെങ്കില്‍ സായാഹ്നത്തില്‍-നിങ്ങളുടെയടുക്കല്‍ ശത്രുസേന എത്താറായിരിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്കുന്ന ഒരു പട്ടാള നായകനെപ്പോലെയായിരുന്നു അദ്ദേഹം” (മുസ്ലിം) 21). ഖുതുബ സംക്ഷിപ്തമാകണം, ദീര്‍ഘിക്കരുത്. നമസ്കാരം ദീര്‍ഘിപ്പിക്കുകയാണ് പ്രവാചകചര്യ.
”നബി(സ്വ)യുടെ നമസ്കാരവും ഖുതുബയും അധികം ദീര്‍ഘിച്ചതോ നന്നെ ചുരുങ്ങിയതോ ആയിരുന്നില്ല.” (മുസ്ലിം) 22)
അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടാണ് ഖുതുബ ആരംഭിക്കേണ്ടത്. നബി(സ്വ)യുടെ പേരില്‍ സ്വലാത്ത് ചൊല്ല ണം. അത് ഏത് പ്രസംഗത്തിന്റെയും മര്യാദയാണ്. അതിന് പ്രത്യേക പദങ്ങളില്ല. കൃത്രിമമായ ഭാഷാപ്രാസം ഒഴിവാക്കി ഹൃദയത്തിന്റെ ഉള്ളില്‍നിന്ന് വരുന്ന സ്തുതിയും പുകഴ്ത്തലുമാണ് വേണ്ടത്. ഇപ്രകാരമാണ് നബി(സ്വ) ഖുതുബയുടെ ആമുഖത്തില്‍ പറഞ്ഞിരുന്നത്.
ഖുതുബയില്‍ ഖുര്‍ആന്‍ ആയത്തുകള്‍ കൂടുതല്‍ ഓതിക്കേള്‍പ്പിച്ച് ബോധവത്കരണം നടത്തണം.
”നബി(സ്വ) മിമ്പറില്‍വെച്ച് എല്ലാ വെള്ളിയാഴ്ചയും ജനങ്ങളോട് പ്രസംഗിക്കുമ്പോള്‍ സൂറതു ഖാഫ് ഓതുന്നത് അവിടുത്തെ തിരുനാവില്‍നിന്ന് കേട്ടു മാത്രമാണ് ഞാനത് പഠിച്ചത്” (മുസ്ലിം) 23).
ഖുതുബ നിര്‍വഹിക്കല്‍
ജാബിര്‍(റ) പറയുന്നു: ”നബി(സ്വ) നിന്നുകൊണ്ടാണ് പ്രസംഗിച്ചിരുന്നത്. എന്നിട്ട് ഇരിക്കും. വീണ്ടും എഴുന്നേറ്റു നിന്ന് പ്രസംഗിക്കും” (അഹ്മദ്) 24.
മദീനയില്‍ ഒരിക്കല്‍ ഒരു വെള്ളിയാഴ്ച നബി(സ്വ) ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കവെ ഒരു കച്ചവട സംഘ മെത്തി. നിന്നുകൊണ്ട് പ്രസംഗിക്കുന്ന പ്രവാചകനെ വിട്ടേച്ച് അവിടെക്കൂടിയ അധികപേരും കച്ചവട സംഘത്തിന്നരികിലേക്ക് പോയി. ആ സംഭവം ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ”അവര്‍ കച്ചവടത്തെയോ വിനോദത്തെയോ കണ്ടാല്‍ താങ്കളെ നില്ക്കുന്ന നിലയില്‍ ഉപേക്ഷിച്ചുകൊണ്ട് അവിടേക്ക് അവര്‍ പിരിഞ്ഞുപോകുന്നു” (62:11).
സദസ്യര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കലാണ് ഖുതുബയുടെ ഉദ്ദേശ്യം. ഒരു പൊതുകാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സദസ്യരില്‍ പെട്ടെന്ന് കാണുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് തിരുത്തുകയോ അവരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയോ ചെയ്യാം.
”ജാബിര്‍(റ) പറയുന്നു: നബി(സ്വ) വെള്ളിയാഴ്ച പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ പള്ളിയില്‍ കടന്നുവ ന്നു. നബി(സ്വ) ചോദിച്ചു: നീ നമസ്കരിച്ചുവോ? അദ്ദേഹം പറഞ്ഞു: ഇല്ല. നബി(സ്വ) പറഞ്ഞു: എന്നാല്‍ എഴു ന്നേറ്റ് രണ്ട് റക്അത്ത് നമസ്കരിക്കുക” (മുസ്ലിം) 25). ഈ വന്ന വ്യക്തി സുലൈകുല്‍ ഗത്വ്ഫാനി യായിരുന്നുവെന്ന് മുസ്ലിം ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ നിന്ന് വ്യക്തമാകുന്നു.
”ഉമര്‍(റ) ഖുതുബ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഉസ്മാന്(റ) വൈകി പള്ളിയിലെത്തി. ഉമര്‍(റ) ചോദിച്ചു: ബാങ്കു വിളിച്ചതിനു ശേഷവും വൈകുന്നവരുടെ സ്ഥിതിയെന്താണ്? ഉസ്മാന്(റ) പറഞ്ഞു: (ഞാന്‍ ഒരിടംവരെ പോയിരുന്നു) വന്ന് വുദൂ എടുത്ത ഉടനെ പള്ളിയിലെത്തി. വീണ്ടും ഉമറി(റ)ന്റെ ചോദ്യം: വുദൂ മതിയോ? വെള്ളിയാഴ്ച കുളിക്കണമെന്ന് നബി(സ്വ) പറഞ്ഞത് കേട്ടിട്ടില്ലേ?” (മുസ്ലിം) 26).
അബൂരിഫാഅ പറയുന്നു: ”നബി(സ്വ) ഖുതുബ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ നബിയുടെ അടുത്തേക്ക് ഞാന്‍ ചെന്ന് പറഞ്ഞു: ”ദൈവദൂതരേ, മതകാര്യത്തെക്കുറിച്ച് ചോദിക്കാന്‍ വന്ന ഒരു അപരിചിതനാണ് ഞാന്‍.’ അപ്പോള്‍ നബി(സ്വ) എന്റെ നേരെ തിരിഞ്ഞു. ഖുതുബ നിര്‍ത്തി എന്റെ അടുത്ത് വന്നു. ഒരു കസേര കൊണ്ടു വന്ന് നബി(സ്വ) അതിന്മേലിരുന്നു. അതിന്റെ കാല് ഇരുമ്പായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അല്ലാഹു നബി(സ്വ)ക്ക് പഠിപ്പിച്ചവ നബി(സ്വ) എനിക്ക് പഠിപ്പിക്കാന്‍ തുടങ്ങി. പിന്നീട് അദ്ദേഹം മടങ്ങിച്ചെന്ന് ഖുതുബ യുടെ അവസാനഭാഗം പൂര്‍ത്തിയാക്കി.”(മുസ്ലിം) 27).
ഇമാം ശാഫിഈ(റ) പറയുന്നു: ”ജുമുഅ ഖുതുബയിലോ മറ്റു ഖുതുബയിലോ പ്രസംഗിക്കുന്നവന് തനിക്കോ മറ്റുള്ളവര്‍ക്കോ ആവശ്യമായ കാര്യങ്ങള്‍ സംസാരിക്കുന്നതിന് വിരോധമില്ല. തനിക്കോ മറ്റുള്ളവര്‍ക്കോ ആവശ്യമില്ലാത്തതും ചീത്തയായതുമായ സംസാരത്തില്‍ ഖത്വീബ് ഏര്‍പ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഇമാമിന് സംസാരിക്കാന്‍ അനുവദിച്ചതോ വെറുത്തതോ ആയ സംസാരങ്ങള്‍ സംഭവിച്ചാല്‍ അതുകൊണ്ട് ഖുതുബയോ നമസ്കാരമോ തകരാറാവുകയില്ല” (അല്‍ഉമ്മ്) 28
ഖുതുബ അവസാനിപ്പിക്കുമ്പോള്‍ സത്യവിശ്വാസികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണ്ടതാണ്. ഐഹികവും പാരത്രിക വുമായ പ്രശ്നങ്ങള്‍ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്താം. മുസ്ലിംകളുടെ പൊതുനന്മക്കായി പ്രാര്‍ഥിക്കുന്നതും നല്ലതാണ്.
ഖുതുബയുടെ ഭാഷ
നബി(സ്വ) ജുമുഅ ഖുതുബ നിര്‍വഹിച്ചിട്ടുള്ളത് ശ്രോതാക്കളുടെ ഭാഷയിലാണ്. അത് അറബിയായിരുന്നു. കാരണം നബിയും ശ്രോതാക്കളും അറബികളായിരുന്നു. ഖുതുബയുടെ മുഖ്യ ഉദ്ദേശ്യം ശ്രോതാക്കള്‍ക്ക് മതം പഠിപ്പിക്കലാണ്. ഇമാം നവവി ശര്‍ഹുല്‍ മുഹദ്ദബില്‍ പറയുന്നു: 29 ”ഖുതുബയുടെ ഉദ്ദേശ്യം ഉപദേശമാകുന്നു.” ആ ഉപദേശം ഭാഷാപരമായി എങ്ങനെയാവണമെന്ന് അദ്ദേഹം വിവരിക്കുന്നു:
”ഖുതുബ തപ്പിത്തടയുന്നതോ കൂടുതല്‍ ആലോചിക്കേണ്ടതോ ആവാതെ സ്പഷ്ടവും വ്യക്തവും വിശദമായി ഗ്രഹിക്കുന്നതുമാകല്‍ അഭികാമ്യമാണ്. വളരെ താഴ്ന്ന പദപ്രയോഗങ്ങളായാല്‍ അതു മനസ്സില്‍ പൂര്‍ണമായി പതിക്കുകയില്ലെന്നതിനാല്‍ അത് ഒഴിവാക്കണം. ഖുതുബയുടെ ഉദ്ദേശ്യം സഫലമാകാത്ത വിധത്തില്‍ ‘കാടന്‍’ പ്രയോഗങ്ങളുമരുത്. സരളവും ലളിതവുമായ പദങ്ങള്‍ തെരഞ്ഞെടുക്കണം.”
ഇസ്ലാം അറബികളില്‍ പരിമിതമല്ല. അത് സാര്‍വകാലികവും സാര്‍വജനീനവുമാണ്. അറബികളോട് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളാണ് നവവി(റ) പറഞ്ഞത്. അപ്പോള്‍ അറബിഭാഷ തീരെ മനസ്സിലാകാത്തവരോട് അറബിയില്‍ സംസാരിച്ചിട്ട് കാര്യമില്ല.
നബി(സ്വ) ഖുതുബയില്‍ ‘ഖുര്‍ആന്‍ ഓതുകയും ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്നു’വെന്ന് ഹദീസിലുണ്ട്. ഏതു കാലത്തെ ഖുതുബയും അങ്ങനെയായിരിക്കണം. വെള്ളിയാഴ്ച പൊതുജനങ്ങള്‍ പള്ളിയില്‍ സമ്മേളിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന് ജുമുഅ ഖുതുബ ശ്രവിക്കുകയും അതില്‍നിന്ന് മത ജ്ഞാനവും ദൈവബോധവും ലഭിക്കുകയുമാകുന്നു. ഈ ഉദ്ദേശ്യത്തില്‍ നിന്നുള്ള വ്യതിയാനം ജുമുഅയുടെ ഫലം നഷ്ടപ്പെടുത്തുന്നു.
ഇസ്ലാമിലെ ആരാധനകള്‍ രണ്ടു വിധമുണ്ട്. തനി അനുഷ്ഠാനപരമായ കാര്യങ്ങള്‍. നമസ്കാരം, ബാങ്ക് എന്നിവ ഉദാഹരണം. ഇതിലെ പദങ്ങളും രൂപങ്ങളുമൊക്കെ നിശ്ചിത അനുഷ്ഠാനത്തിന്റെ ഭാഗമാകുന്നു. അതിനാല്‍ പ്രവാചകന് പഠിപ്പിച്ചുതന്ന രൂപത്തിനും ക്രമത്തിനും മാറ്റം പാടില്ല. ആരാധനയാണെങ്കിലും ആശയപ്രാധാന്യമുള്ള കാര്യങ്ങളാണ് രണ്ടാമത്തേത്; സകാത്ത് പോലെ. പ്രവാചകന്റെ കാലത്ത് സകാത്തായി എന്തു സാധനം കൊടുത്തുവോ അതുതന്നെ ഇപ്പോഴും സകാത്തായി കൊടുക്കണം എന്ന് ശഠിക്കാവതല്ല. സമൂഹത്തിന് ഗുണകരമായ ഫലം സകാത്ത് കൊണ്ടുണ്ടാവണമെന്നേയുള്ളൂ. അതിനാല്‍ ചേമ്പും ചേനയും അടക്കയും തേങ്ങയും സകാത്തായി നല്‍കണം. അതുപോലെ ഖുതുബകൊണ്ടുള്ള ഉദ്ദേശ്യം ‘വഅദ്’, ‘തദ്കീര്‍’ (ഉദ്ബോധനം) ആണെന്ന തത്ത്വം കര്‍മശാസ്ത്ര പണ്ഡിതര്‍ മനസ്സിലാക്കി. അതുകൊണ്ട് വിവക്ഷിക്കപ്പെട്ടത് ജനങ്ങള്‍ക്ക് ഫലപ്രദമായ അറിവ് സിദ്ധിക്കലാണ്. ഭാഷയോ അതിലെ വാക്കുകളോ അല്ല ഖുത്വ്ബയില്‍ പ്രാധാന്യമുള്ള കാര്യം. അങ്ങനെയായിരുന്നുവെങ്കില്‍ നബി(സ്വ) നടത്തിയ ഖുത്വ്ബ തന്നെയാവണം അബൂബക്റും ഉമറും ഉസ്മാനും അലിയും(റ) നടത്തേണ്ടിയിരുന്നത്. അങ്ങനെ ചെയ്തില്ല. അവരെല്ലാം സ്വന്തമായ ഖുതുബകള്‍ നടത്തി. അതെല്ലാം അവരുടെ ഭാഷയിലായിരുന്നെന്നു മാത്രം.
കര്‍മശാസ്ത്ര പണ്ഡിതന്മാര് പ്രവാചകന്റെ ഖുതുബയെ അപഗ്രഥിച്ച് ഖുതുബയെ രണ്ടായി തിരിച്ചു; ‘റുക്നു’കള്‍ എന്നും ‘തവാബിഉ’കള്‍ എന്നും. എപ്പോഴും പറയുന്ന ഹംദ്, സ്വലാത്ത്, തഖ്വകൊണ്ടുള്ള ഉപദേശം, ഖുര്‍ആന്‍ ആയത്ത്, പ്രാര്‍ഥന എന്നിവക്ക് അനിവാര്യഘടകങ്ങള്‍ അഥവാ റുക്നെന്നും അവയല്ലാത്ത മറ്റു വാചകങ്ങള്‍ക്ക് തവാബിഉകള് അഥവാ അനുബന്ധങ്ങള്‍ എന്നും പറഞ്ഞു. വാസ്തവത്തില്‍ നബി(സ്വ) അപ്രകാരം തിരിച്ചിട്ടില്ല. ദീനീസമ്പ്രദായപ്രകാരം പ്രസംഗത്തിന്റെ ആമുഖം പറഞ്ഞു. പിന്നെ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
ശാഫിഈ കര്‍മശാസ്ത്രപ്രകാരം റുക്നുകള് അറബിയിലായിരിക്കണമെന്ന് നിബന്ധന വെച്ചിട്ടുണ്ട്. റുക്നല്ലാ ത്തവ ഏതു ഭാഷയിലുമാവാമെന്നും അവര്‍ പറഞ്ഞു. പ്രാഥമിക ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ഖുതുബ അറബിയിലാവണമെന്ന് എഴുതപ്പെട്ടപ്പോള്‍ അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത് റുക്ന് മാത്രമാണെന്നും ത്വാബിഉകള്‍ അനറബിയിലുമാവാമെന്നും ആ ഗ്രന്ഥങ്ങളുടെ വിവരണ ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ട്. റുക്നുകള് മാത്രം പറഞ്ഞാല്‍ ഖുതുബയായി എന്ന കര്‍മശാസ്ത്രത്തിന്റെ ചിന്ത പ്രകാരമാണ് അപ്രകാരം എഴുതിയത്. അതു ശരിയല്ല. ഒരു പ്രദേശത്തെ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഒരു ഖത്വീബ് മിമ്പറില്‍ കയറി വെറും ഹംദും സ്വലാത്തും ഒരായത്തും പ്രാര്‍ഥനയും ‘ഇത്തഖുല്ലാ’ എന്ന ആഹ്വാനവും മാത്രം നിര്‍വഹിച്ച് ഇറങ്ങുന്നതിന്റെ അനൗചിത്യം ഓര്‍ത്തു നോക്കൂ. ചുരുങ്ങിയ സമയമെങ്കിലും ഒരു ഉപദേശം ലഭിക്കാതിരുന്നാല്‍ അതിന് ഖുതുബ എന്നു പറയില്ല.
എല്ലാ ഫിഖ്ഹ് ഗ്രന്ഥങ്ങളിലും കാണാവുന്ന ഒരു പദപ്രയോഗമാണിത്. അതായത് ”ഖുതുബ അറബിയിലായിരിക്കണമെന്നു പറഞ്ഞാല്‍ അതിന്റെ റുക്നുകള് എന്നര്‍ഥം. അത് ഒഴികെയുള്ളതൊന്നും അറബിയാകണമെന്നില്ല.”
”ഖുതുബ അറബിയിലാവണമെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കാണുന്നത് മുഴുവന്‍ ഫര്‍ദ് അറബിയിലാവണമെന്ന അര്‍ഥത്തില്‍ മാത്രമാണ്” (തുഹ്ഫ 2:251, നിഹായ 2:53, ജമല് 2:28, ശര്‍വാനി 2: 451, ശിബ്റാമുല്ലസി 2:53, കുര്‍ദി 1:40, ഖല്‍യൂബി 1: 277).
”ചിലരുടെ അഭിപ്രായത്തില്‍ അറബിയാവുകയെന്നത് ഖുതുബയുടെ ശര്‍ത്വല്ല; സുന്നത്താണ്. കാരണം ഖുതുബയുടെ ഉദ്ദേശ്യം ഉപദേശമാണ്. അത് ഏതു ഭാഷയിലുമാകാം (ശര്‍ഹുല്‍ മുഹദ്ദബ്) 30.
ഖുതുബ രണ്ടുറക്അത്തിന്റെ സ്ഥാനത്താണെന്നും അതിനാല്‍ നമസ്കാരംപോലെ ഖുതുബയും അറബിയിലായിരിക്കണമെന്നും ഒരു വാദമുണ്ട്. പക്ഷേ, അതിന് യാതൊരു അടിസ്ഥാനവുമില്ല.
മിമ്പറില്‍ വെച്ച് ചോദ്യോത്തരങ്ങള്‍ നടത്താമെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ സമ്മതിക്കുന്നു. അലിയ്യി(റ)നോട് അനന്തരാവകാശ സംബന്ധമായ സംശയങ്ങള്‍ ചോദിച്ചതിന് മിമ്പറില്‍നിന്ന് അദ്ദേഹം മറുപടി നല്‍കിയത് അവര്‍ ചൂണ്ടിക്കാട്ടുന്നു. ‘മിമ്പര്‍ മസ്അല’ അഥവാ ‘ഔല് മസ്അല’ എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. ചുരുക്കത്തില്‍ ശ്രോതാക്കളുടെ ഭാഷയില്‍ ഖുതുബ നിര്‍വഹിക്കുകയാണ് നബിചര്യ. അങ്ങനെ ചെയ്തെങ്കിലേ ഖുതുബയുടെ ഉദ്ദേശ്യം നിറവേറുകയുള്ളൂ.
ജുമുഅ നമസ്കാരം
ഖുതുബ കഴിഞ്ഞാല്‍ ഇമാം മിമ്പറില്‍ നിന്നിറങ്ങണം. ഉടനെ ഇഖാമത്ത് വിളിക്കണം. രണ്ടു റക്അത്ത് ജമാഅത്തായി നമസ്കരിക്കണം.
‘ജുമുഅയില്‍ നിന്നും ഒരാള്‍ക്ക് ഒരു റക്അത്ത് ലഭിച്ചാല്‍ അവന് ജുമുഅ ലഭിച്ചു”(നസാഈ) 31 അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ”ജുമുഅ നമസ്കാരത്തിലോ മറ്റു (രണ്ടു റക്അത്തുള്ള) നമസ്കാരത്തിലോ ഒരു റക്അത്ത് ലഭിച്ചാല്‍ അതിനോട് ഒരു റക്അത്ത് കൂട്ടിച്ചേര്‍ക്കുക. അതോടെ നമസ്കാരം പൂര്‍ത്തിയായി ” (നസാഈ) 32.
അത്തഹിയ്യാത്തിന് ഇരിക്കുമ്പോഴാണ് തുടര്‍ന്നതെങ്കില്‍ നാലു റക്അത്ത് നമസ്കരിക്കണം. ”ജുമുഅ നമസ്കാരത്തില്‍ ഒരു റക്അത്ത് ലഭിച്ചവന് മറ്റൊരു റക്അത്ത് കൂടി നമസ്കരിക്കട്ടെ. രണ്ടു റക്അത്തും നഷ്ടപ്പെട്ടവന് നാലു റക്അത്ത് നമസ്കരിക്കട്ടെ” (ത്വബ്റാനി) 33 എന്നാല്‍ അത്തഹിയ്യാത്തില് തുടര്‍ന്നാലും രണ്ടു റക്അത്ത് നമസ്കരിച്ചാല്‍ മതി എന്നാണ് ഇമാം അബൂഹനീഫയുടെ അഭിപ്രായം. ഇതാണ് കൂടുതല്‍ ശരിയായി തോന്നുന്നത്. പൂര്‍ണമായ രൂപം വേണം
ജുമുഅ നമസ്കാരത്തിലെ ആദ്യ റക്അത്തില്‍ സൂറത്തുല്‍ അഅ്ലായും രണ്ടാമത്തെ റക്അത്തില്‍ സൂറ ത്തുല്‍ ഗാശിയയും നബി(സ്വ) ഓതാറുണ്ടായിരുന്നു (മുസ്ലിം) 34).
ചിലപ്പോള്‍ സൂറത്തുല്‍ ജുമുഅയും സൂറത്തുല്‍ മുനാഫിഖൂനും ഓതാറുണ്ടായിരുന്നു.
ഇവയല്ലാതെ ഖുര്‍ആനില്‍ നിന്ന് ഇഷ്ടമുള്ള ഏതു ഭാഗവും ഓതാം. സുന്നത്ത് നഷ്ടപ്പെടുമെങ്കിലും വിരോധമില്ല. വെള്ളിയാഴ്ച രാവിലെ സ്വുബ്ഹ് നമസ്കാരത്തില്‍ ആദ്യ റക്അത്തില്‍ അലിഫ് ലാം മീം സജ്ദയും രണ്ടാമത്തേതില്‍ സൂറതുദ്ദഹ്റും ഓതുന്നതും നബി(സ്വ) പതിവാക്കിയിരുന്നു.
ജുമുഅക്ക് ശേഷം
ജുമുഅക്ക്ശേഷം മറ്റു ഫര്‍ദ് നമസ്കാരങ്ങളിലേതു പോലെ ദിക്റുകളും ദുആകളും നടത്താം. ശേഷം പള്ളിയില്‍വെച്ച് നാലുറക്അത്ത് നമസ്കാരം സുന്നത്താകുന്നു (മുസ്ലിം) 35). വീട്ടില്‍വെച്ച് നമസ്കരിക്കുകയാണെങ്കില്‍ രണ്ട് റക്അത്ത്മതി.
നമസ്കാരം കഴിഞ്ഞാല്‍ ഓരോരുത്തര്‍ക്കും അല്ലാഹുവിന്റെ അനുഗ്രഹം തേടി അവരവരുടെ ജോലികളില്‍ വ്യാപൃതരാവാം.
”അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം’‘ (62: 10).
References
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 06, ഹദീസ് 854[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 1343, ഹദീസ് 17 (1718[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 05, ഹദീസ് 852[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 177, ഹദീസ് 3486[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 591, ഹദീസ് 40 (865[↩]
- ഫത്ഹുല്‍ ബാരീ ലി ഇബ്നി റജബ്, സൈനുദ്ദീന്‍ അബ്ദുറഹ്മാനു ബ്നു അഹ്മദു ബ്നു റജബ്, മക്തബതുല്‍ ഗുറബാഇല് അസരിയ്യ, മദീന, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 61[↩]
- അല്‍ഉമ്മ്, അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു ഇദ്രീസി ബ്നുല്‍ അബ്ബാസ്, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 01, പേജ്: 218[↩][↩]
- അല്‍ഉമ്മ്, അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു ഇദ്രീസി ബ്നുല്‍ അബ്ബാസ്, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 01, പേജ്: 219[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 03, ഹദീസ് 881[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 03, ഹദീസ് 880[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 299, ഹദീസ് 837[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 08, ഹദീസ് 910[↩]
- സ്വഹീഹുല്‍ ജാമിഇ സ്സ്വഗീറി വ സിയാദതുഹൂ, അബൂ അബ്ദിര്റഹ്മാന് മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനീ, അല്‍ മക്തബതുല്‍ ഇസ്ലാമി, വാള്യം 01, പേജ് 591, ഹദീസ് 3111[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 597, ഹദീസ് 59 (875[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 13, ഹദീസ് 934[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നി ഹന്ബല്, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 125, ഹദീസ് 718[↩]
- കിതാബുല്‍ ഉമ്മ്, ഇാം ശാഫിഈ, വാള്യം 01, പേജ് 224[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 08, ഹദീസ് 913[↩]
- അല്‍ഉമ്മ്, അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു ഇദ്രീസി ബ്നുല്‍ അബ്ബാസ്, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 01, പേജ്: 224[↩]
- അല്‍ ഫിഖ്ഹു അലല്‍ മദാഹിബില്‍ അര്‍ബഅഃ, അബ്ദുറഹ്മാനുബ്നു മുഹമ്മദ് ഇവദുല്‍ ജസീരി, ദാറുല്‍ കുതുബുല്‍ ഇല്മിയ്യ, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 360[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 592, ഹദീസ് 43 (867[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 591, ഹദീസ് 41 (866[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 595, ഹദീസ് 50 (872[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 34, പേജ് 433, ഹദീസ് 20846[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 596, ഹദീസ് 55 (875[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 580, ഹദീസ് 4 (845[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 597, ഹദീസ് 60 (876[↩]
- അല്‍ഉമ്മ്, അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു ഇദ്രീസി ബ്നുല്‍ അബ്ബാസ്, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 01, പേജ്: 234[↩]
- അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്യിദ്ദീന് യഹ്യ ബ്നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്, വാള്യം 04, പേജ് 528[↩]
- ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്യിദ്ദീന് ബ്നു യഹ്യാ അന്നവവീ, ദാറുല്‍ ഫിക്ര്, വാള്യം 04, പേജ് 522[↩]
- അസ്സുനനുസ്സുഗ്റാ ലിന്നസാഈ, അബൂ അബ്ദിര്റഹ്മാന് അഹ്മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 112, ഹദീസ് 1425[↩]
- അസ്സുനനുസ്സുഗ്റാ ലിന്നസാഈ, അബൂ അബ്ദിര്റഹ്മാന് അഹ്മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 274, ഹദീസ് 557[↩]
- അല്‍ മുഅ്ജമുല്‍ കബീര്‍, സുലൈമാന്‍ ബിന്‍ അഹ്മദ് ബിന്‍ അയ്യൂബ് ബിന്‍ മുതൈ്വര്‍ അല്‍ അഹ്മിയശ്ശാമി അബുല്‍ ഖാസിം അത്ത്വബ്റാനി, മക്തബ ഇബ്നു തൈമിയ്യ, കെയ്റോ, രണ്ടാം പതിപ്പ്, വാള്യം 09, പേജ് 308, ഹദീസ് 9545[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 598, ഹദീസ് 62 (878[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 600, ഹദീസ് 69 (881[↩]
