ഖസ്‌റും ജംഉം ( ചുരുക്കിയും കൂട്ടിയും നമസ്കരിക്കൽ )
ദിനേനയുള്ള അഞ്ചുനേര ഫർദു നമസ്കാരങ്ങളിൽ അനുവദിച്ച ഇളവ് രൂപമാണ് ഖസ്‌റും ജംഉം ( ചുരുക്കിയും കൂട്ടിയും നമസ്കരിക്കൽ ), ദിവസവും അഞ്ചു നേരം നമസ്കരിക്കുക എന്നത് പ്രായപൂർത്തിയായ, ബുദ്ധിയും ഓർമശേഷിയുമുള്ള എല്ലാ മുസ്ലിം പുരുഷനും, ചില സന്ദർഭങ്ങളിലൊഴികെ സ്ത്രീകൾക്കും നിശ്ചിത സമയത്തിനുള്ളിൽ നിർവഹിക്കൽ നിർബന്ധമാണ്. എന്നാൽ, രോഗം, യാത്ര, പ്രയാസകരമായ തടസ്സങ്ങൾ എന്നിവമൂലം ചില നമസ്കാരങ്ങളുടെ സമയത്തിലും രൂപത്തിലും കാരുണ്യവാനായ അല്ലാഹു ഇളവുകൾ നല്കിയിട്ടുണ്ട്. ഇസ്ലാമിൻറെ പ്രായോഗികതയും മനോഹാരിതയും സ്ഫുരിക്കുന്ന ഈ വിഷയമാണ്, അല്‍ ജംഅ്, ഭയവേളയിലെ നമസ്‌കാരം എന്നീ ശീർഷകങ്ങളിലായി ഇവിടെ ചർച്ചയാകുന്നത്.
നാലു റക്അത്തുള്ള നമസ്‌കാരങ്ങള്‍ യാത്രാവേളയില്‍ രണ്ട് റക്അത്തായി ചുരുക്കുന്നതിന് ‘ഖസ്ർ ‘ എന്നു പറയുന്നു.
യാത്രാവേളയില്‍ നമസ്‌കാരം ചുരുക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ അനുവദിച്ചിട്ടുണ്ട് ”നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുമ്പോള്‍ നമസ്‌കാരം ചുരുക്കി നിര്‍വഹിക്കുന്നതിന് വിരോധമില്ല” (4:101).
യാത്രയില്‍ ചുരുക്കി നമസ്‌കരിക്കുകയെന്നതായിരുന്നു നബി(സ്വ)യുടെ സമ്പ്രദായം. നബി(സ്വ) പറഞ്ഞു: ”അല്ലാഹു നിങ്ങള്‍ക്ക് നല്കിയ ദാനമാണത്. അവന്റെ ദാനം നിങ്ങള്‍ സ്വീകരിക്കുക” (മുസ്‌ലിം) 1).
യാത്രയില്‍ നമസ്‌കാരം പൂര്‍ണമായി നിര്‍വഹിക്കുന്നതിന് വിരോധമില്ല. എങ്കിലും ചുരുക്കി നമസ്‌കരിക്കലാണ് ശ്രേഷ്ഠമായത്. ഇമാം അബൂസൗര്‍, മാലിക്, അഹ്‌മദ്, ശാഫിഈ (പ്രസിദ്ധ അഭിപ്രായം) എന്നിവര്‍ ഈ അഭിപ്രായക്കാരാണ് (മജ്മൂഅ്) 2.
നമസ്‌കാരം ആദ്യത്തില്‍ രണ്ട് റക്അത്തായിട്ടാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. പിന്നീട് അത് യാത്രയിലെ നമസ്‌കാരമായി നിശ്ചയിക്കപ്പെടുകയും സ്ഥിരതാമസ വേളയില്‍ ഇപ്പോഴുള്ള റക്അത്തുകള്‍ നിശ്ചയിക്കപ്പെടുക യുമാണുണ്ടായത്.
ആഇശ(റ) പറയുന്നു: ”മക്കയില്‍ നമസ്‌കാരം ഈരണ്ട് റക്അത്തായിട്ടാണ് നിര്‍ബന്ധമാക്കപ്പെട്ടിരുന്നത്. നബി(സ്വ) മദീനയിലെത്തിയപ്പോള്‍ ഓരോ രണ്ടു റക്അത്തുകളിലും രണ്ടു റക്അത്തു വീതം വര്‍ധനവുണ്ടായി, മഗ്‌രിബിലൊഴികെ. അത് പകലിലെ വിത്ര്‍ നമസ്‌കാരമാണ്. സ്വുബ്ഹിലുമൊഴികെ; കാരണം അത് സുദീര്‍ഘ മായി ഖുര്‍ആന്‍ ഓതി നമസ്‌കരിക്കുന്നതാണ്. നബി(സ്വ) യാത്ര ചെയ്യുമ്പോള്‍ ആദ്യത്തെ നമസ്‌കാരമാണ് (മക്കയില്‍വെച്ച് ഫര്‍ദാക്കിയത്) നിര്‍വഹിച്ചിരുന്നത് (ബൈഹഖി) 3.
യാത്ര പുറപ്പെട്ട് മദീനയില്‍ തിരിച്ചെത്തുന്നതു വരെ നബി(സ്വ) ചുരുക്കി നമസ്‌കരിക്കാറുണ്ടായിരുന്നു. യാത്രാ വേളയില്‍ അവിടുന്ന് പൂര്‍ണരൂപത്തില്‍ നമസ്‌കരിച്ചതായി സ്ഥിരപ്പെട്ട ഹദീസുകളില്ല.
ചുരുക്കി നമസ്‌കരിക്കാനുള്ള യാത്രാദൈര്‍ഘ്യം എത്ര? ഖുര്‍ആനില്‍ അതിന് പ്രത്യേക ദൈര്‍ഘ്യം നിശ്ചയിച്ചിട്ടില്ല. നബി(സ്വ)യുടെ നടപടികളിലും അങ്ങനെത്തന്നെ. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടു ‘മര്‍ഹല’ ദൂരം വേണമെന്നും മൂന്ന് ‘മര്‍ഹല’ ദൂരം വേണമെന്നും അഭിപ്രായമുള്ളവരുണ്ട്. (ഒരു മര്‍ഹല=24 മൈല്‍, ഒരു മൈല്‍ = 1748 മീറ്റര്‍) (മുഗ്‌നില്‍ മിഹ്താജ്) 4
മുമ്പ് കാലത്ത് ഒട്ടകപ്പുറത്ത് ഒരു രാവും പകലും സഞ്ചരിക്കുന്ന ദൂരമാണ് രണ്ടു മര്‍ഹല. ഈ അഭിപ്രായങ്ങ ളെല്ലാം പണ്ഡിത നിഗമനങ്ങള്‍ മാത്രമാണ്..
നബി(സ്വ) യാത്രാവേളയില്‍ മദീനയുടെ അതിര്‍ത്തി കടന്നാല്‍ പിന്നെ എവിടെ വച്ചാണോ നമസ്‌കാരത്തിന്റെ സമയമാകുന്നത് അവിടെവച്ച് ചുരുക്കി നമസ്‌കരിക്കുമായിരുന്നു. അതനുസരിച്ച് ചിലപ്പോള്‍ മദീനയില്‍നിന്നുള്ള അകലങ്ങള്‍ വ്യത്യാസപ്പെട്ടിട്ടുണ്ട്. താമസസ്ഥലം വിട്ടാല്‍ ‘ഖസ്വ്‌റാ’ക്കാമെന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം (ഉംദതുല്‍ ഖാരിഅ്) 5
അനസുബ്‌നു മാലിക്(റ) പറയുന്നു: ”മൂന്നുമൈല്‍ അല്ലെങ്കില്‍ മൂന്ന് ഫര്‍സഖ് ദൂരം പ്രവാചകന്‍ സഞ്ചരിച്ചാല്‍ രണ്ടു റക്അത്തായി നമസ്‌കരിക്കാറുണ്ടായിരുന്നു.” ഈ വിഷയത്തില്‍ ഏറ്റവും സ്വഹീഹായ ഹദീസാണ് ഇതെന്ന് ഇബ്‌നുഹജറില്‍ അസ്ഖലാനി ഫത്ഹുല്‍ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (മുസ്‌ലിം) 6).
യാത്രയുടെ ദൈര്‍ഘ്യവും യാത്രയിലെ വിഷമങ്ങളും കാലഘട്ടത്തിന്നനുസരിച്ച് വ്യത്യാസപ്പെടും. പ്രവാചകന്റെ കാലത്ത് ഒട്ടകപ്പുറത്തു രണ്ട് മര്‍ഹല സഞ്ചരിക്കാന്‍ ഒരു ദിവസം വേണമായിരുന്നു. എന്നാല്‍ ആധുനിക കാലത്ത് ഒരു ദിവസം കൊണ്ട് ലോകം മുഴുവന്‍ ചുറ്റാം. യാത്രക്കാരില്‍ കാല്‍നടക്കാരും സ്വന്തം വാഹനക്കാരും സ്വന്തമായി നിയന്ത്രിക്കാന്‍ കഴിയാത്ത വാഹനത്തില്‍ സഞ്ചരിക്കുന്നവരും ഉണ്ടാകാം. ഒരു ദിവസംകൊണ്ട് വിദേശ നാടുകളില്‍ പോയി തിരിച്ചുവരുന്നവരുമുണ്ട്. വെറും 10-50 മൈലുകള്‍ യാത്ര ചെയ്തു വരാന്‍ ഒന്നിലേ റെ ദിവസമെടുക്കുന്നവരുമുണ്ട്. യാത്രാ വേളയില്‍ ചെന്നെത്തിയേടത്ത് താമസിക്കുന്ന ദിവസങ്ങളില്‍ വ്യത്യാസമുള്ളവരുമുണ്ടാകാം. ഈ വക കാരണങ്ങളാല്‍, വിശുദ്ധ ഖുര്‍ആനിന്റെ ബാഹ്യാര്‍ഥവും പ്രവാചകന്റെ നടപടിയും സ്വീകരിക്കലാണ് കരണീയം. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ദൂരം നിജപ്പെടുത്തിയത് ആ കാല ഘട്ടത്തിലെ ആവശ്യകത പരിഗണിച്ചായിരിക്കാം. എന്നാല്‍ യാത്ര എന്നു പേരു പറയാവുന്ന ഏതു സഞ്ചാര ത്തിലും ദൂരം കണക്കിലെടുക്കാതെ നമസ്‌കാരം ഖസ്വ്‌റാക്കാമെന്നാണ് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഗ്രഹിക്കാവുന്നത്.
അനസ്(റ) പറയുന്നു: ”നബി(സ്വ)യുടെ കൂടെ ഞാന്‍ മദീനയില്‍ വച്ച് ദുഹ്ര്‍ നാലു റക്അത്ത് നമസ്‌കരിച്ചു. ദുല്‍ഹുലൈഫയില്‍ വെച്ച് രണ്ടു റക്അത്തും.”(ബുഖാരി) 7. ദുല്‍ഹുലൈഫ മദീനക്കടുത്ത പ്രദേശമാണ്.
യാത്ര ഉദ്ദേശിച്ചവന് വീട്ടില്‍ നിന്നുതന്നെ ഖസ്ർ ആക്കാമെന്നും പൂര്‍വികരായ ചില പണ്ഡിതന്മാര്‍ അഭിപ്രായ പ്പെട്ടിട്ടുണ്ട്. (ഫിഖ്ഹുസ്സുന്ന) 8 ഒരു യാത്രക്കാരന് നാട്ടില്‍ തിരിച്ചെത്തുന്നതുവരെ ഖസ്വ്‌റും ജംഉം ആക്കി നമസ്‌കരിക്കാവുന്നതാണ്. നബി(സ്വ) മക്കാവിജയത്തിനു പുറപ്പെട്ടു മദീനയില്‍ തിരിച്ചെത്തുന്നതുവരെ ഖസ്വ്‌റാ ക്കി നമസ്‌കരിക്കുകയുണ്ടായി. 19 ദിവസത്തോളം നീണ്ടതായിരുന്നു ആ യാത്ര. തദടിസ്ഥാനത്തില്‍ യാത്രക്കാരന്‍ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ദിവസങ്ങള്‍ മുഴുവന്‍ ആ ആനുകൂല്യം അനുഭവിക്കാവുന്നതാണ്.
എന്നാല്‍ മറ്റൊരു പ്രദേശത്ത് താമസിക്കുമ്പോള്‍ മൂന്നു ദിവസം മാത്രമേ യാത്രക്കാരന്‍ എന്ന ആനുകൂല്യ ത്തിനവകാശമുള്ളൂവെന്ന് ചില കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അതായത് ഒരു സ്ഥലത്തു നാലുദിവസം താമസിക്കുമെന്ന് മുന്‍കൂട്ടി കരുതിയാല്‍ അതോടെ അവന്‍ ‘മുഖീമാ’യി. അഥവാ അവിടുത്തെ സ്ഥിര താമസക്കാരനായി. അങ്ങനെ കരുതാതെ കുറെ ദിവസം താമസിക്കുന്ന പക്ഷം ആദ്യത്തെ മൂന്നു ദിവസം ഖസ്വ്‌റാക്കാമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൂര്‍ത്തിയാക്കി നമസ്‌കരിക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഹദീസുകളുടെ വെളിച്ചത്തില്‍ ഈ അഭിപ്രായം ശരിയല്ലെന്നു കാണാം.
ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ”ഒരു യാത്രാവേളയില്‍ നബി(സ്വ) പത്തൊമ്പതു ദിവസം രണ്ടു റക്അത്തു നമസ്‌കരിക്കുകയുണ്ടായി. അദ്ദേഹം പറയുകയാണ്: അതിനാല്‍ പത്തൊമ്പത് ദിവസം നീണ്ട യാത്രയില്‍ ഞങ്ങള്‍ രണ്ടുറക്അത്ത് നമസ്‌കരിക്കും. അതില്‍ കൂടിയാല്‍ പൂര്‍ത്തിയാക്കി നമസ്‌കരിക്കും” (ബുഖാരി) 9.
നബി(സ്വ)യുടെ സുന്നത്താണ് കരണീയം. ആധുനിക വ്യാപാരം, വ്യവസായം, രാജ്യാന്തര യാത്രകള്‍ എന്നിവക്കെല്ലാം കൂടുതല്‍ ദിവസം അന്യനാട്ടില്‍ താമസിക്കേണ്ടി വന്നേക്കാം. ആ ദിവസം എത്ര ദീര്‍ഘിച്ചാലും സ്ഥിരതാമസമാക്കുന്നില്ല എന്ന ഉദ്ദേശ്യമുണ്ടെങ്കില്‍ ഖസ്ർ ആക്കാവുന്നതാണ്. അതേ അവസരത്തില്‍ ഒരു പ്രത്യേകസ്ഥലത്ത് രണ്ടുമാസം താമസിക്കണമെന്നു മുന്‍കൂട്ടി നിശ്ചയിച്ചു പോകുന്നവന് യാത്രക്കാരനെന്ന ആനുകൂല്യം നഷ്ടമാകുന്നു. അവന്‍ പൂര്‍ണമായി നമസ്‌കരിക്കണം. എന്നാല്‍ അത്തരം നിശ്ചയമില്ലാതെ ഒരാള്‍ പല രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങാന്‍ പുറപ്പെട്ട് രണ്ടോ അതിലധികമോ മാസം പലയിടങ്ങളിലായി താമസിക്കുന്ന പക്ഷം ആ കാലയളവ് മുഴുവന്‍ ‘ഖസ്വ്ര്‍ ആക്കാം. നബി(സ്വ) പത്തൊമ്പതു ദിവസം നമസ്‌കരിച്ചുവെന്നത് എണ്ണത്തിന്റെ സവിശേഷതകൊണ്ടല്ല അത്രയും ദിവസങ്ങളാണ് അന്ന് മക്കയില്‍ താമസിച്ചത് എന്നതു കൊണ്ടാണ്.
ഏതു വിധത്തിലുള്ള യാത്ര ചെയ്യുന്നവനാണ് ഖസ്വ്‌റാക്കാന്‍ അനുമതിയുള്ളത്? ഏതു യാത്രക്കാരനുമാകാം. യാത്രക്കാരനാവുക എന്നതാണ് പ്രശ്‌നം. മതം അനുവദിക്കുന്ന യാത്ര, അനുവദിക്കാത്ത യാത്ര എന്നിങ്ങനെ രണ്ടു യാത്രകളെക്കുറിച്ച് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറയുന്നുണ്ട്. അതായത് അല്ലാഹുവിന് തൃപ്തികരമായ കാര്യങ്ങള്‍ക്കുള്ള യാത്ര നല്ല യാത്രയും അല്ലാഹുവിന്ന് അതൃപ്തിയുണ്ടാക്കുന്ന കാര്യത്തിന് പോകുന്നത് അനഭിലഷണീയ യാത്രയുമാണ്. അതിനാല്‍ അല്ലാഹു തൃപ്തിപ്പെടുന്ന വിഷയങ്ങള്‍ക്കുള്ള യാത്രയിലേ ഖസ്ർ പാടുള്ളൂവെന്ന് ചിലര്‍ പറയുന്നു. ‘‘നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചാല്‍ നമസ്‌കാരം ചുരുക്കുന്നതിന് നിങ്ങള്‍ക്കു കുറ്റമില്ല” എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ ഏതു യാത്രയ്ക്കും നമസ്‌കാരം ഖസ്വ്‌റാക്കാ മെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഇമാം അബൂസൗര്‍, അബൂഹനീഫ എന്നിവര്‍ ആ അഭിപ്രായക്കാരാണ് (ബിദായതുല്‍ മുജ്തഹിദ്) 10.
ഹജ്ജിനു പോകുന്നതു മാത്രമാണ് ജംഉം ഖസ്വ്‌റുമാക്കാവുന്ന യാത്രയെന്ന് പരിമിതപ്പെടുത്തിയ വളരെ ചെറിയ പക്ഷം പണ്ഡിതന്മാരുമുണ്ട്. ശരീഅത്തു നിയമങ്ങളെക്കുറിച്ചുള്ള വിശാല കാഴ്ചപ്പാടില്ലായ്മ മാത്രമാണ് ആ അഭിപ്രായത്തിന്നാധാരം.
ഒരു യാത്രക്കാരന്‍, നാട്ടിലെ സ്ഥിരവാസിക്ക് ഇമാമായി നില്ക്കാവുന്നതാണ്. യാത്രക്കാരന്‍ സലാം വീട്ടിയാല്‍ സ്ഥിരവാസി ബാക്കി പൂര്‍ത്തിയാക്കണം. അതാണ് നബിചര്യ.
സ്ഥിരവാസിക്ക് യാത്രക്കാരന്‍ ഇമാമായി നില്ക്കുമ്പോള്‍ പൂര്‍ണമായി നമസ്‌കരിക്കണമെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുമുണ്ട്. യാത്രക്കാരന്‍ സ്ഥിരവാസിയെ തുടര്‍ന്നു നമസ്‌കരിച്ചാല്‍ യാത്രക്കാരന്‍ പൂര്‍ണമായും നമസ്‌കരിക്കേണ്ടതാണ്.
നാഫിഅ്(റ) പറയുന്നു: ”ഇബ്‌നു ഉമര്‍(റ) (സ്ഥിരവാസിയായ) ഇമാമിന്റെ കൂടെ നമസ്‌കരിച്ചാല്‍ നാലു റക്അത്തും തനിച്ചായാല്‍ രണ്ടു റക്അത്തുമാണ് നമസ്‌കരിച്ചിരുന്നത്” (മുസ്‌ലിം) 11).
മൂസബ്‌നുസലമ(റ) പറയുന്നു: ”ഞങ്ങള്‍ ഇബ്‌നു അബ്ബാസി(റ)ന്റെ കൂടെ മക്കയിലായിരിക്കെ ഞാന്‍ ചോദിച്ചു: ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരിക്കുമ്പോള്‍ നാലു റക്അത്തും ഞങ്ങളുടെ താമസസ്ഥല(തമ്പ്)ത്തേക്ക് പോയാല്‍ രണ്ടു റക്അത്തും നമസ്‌കരിക്കുന്നു. (താങ്കള്‍ എന്തു പറയുന്നു?) അദ്ദേഹം പറഞ്ഞു: അതുതന്നെ യാണ് പ്രവാചകചര്യ.”(അത്തല്‍ഖീസുല്‍ ഹബീര്‍) 12
യാത്രക്കാരന് നമസ്‌കാരത്തിന്റെ കാര്യത്തില്‍ വീഴ്ച വരാതിരിക്കാനാണ് ജംഉം ഖസ്വ്‌റും നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ ഹദീസിന്റെയും ഖുര്‍ആനിന്റെയും വെളിച്ചത്തില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ‘യാത്രക്കാരന്റെ ഖദാഅ്’ എന്ന വിഷയം അപ്രസക്തമാണ്. എങ്കിലും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അങ്ങനെ ഒരു പ്രശ്‌നം ചര്‍ച്ച ചെയ്തതിനാല്‍ ഇവിടെ സൂചിപ്പിക്കുകയാണ്; യാത്രക്കാരന് ഖദാഅ് വരാന്‍ പാടില്ലെങ്കിലും.
യാത്രാവേളയിലാണ് സ്ഥിരതാമസവേളയില്‍ വിട്ടുപോയ നമസ്‌കാരം ഓര്‍മ വന്നതെങ്കില്‍ വിട്ടുപോയ നമസ്‌കാരം നാലു റക്അത്തായിത്തന്നെ നിര്‍വഹിക്കണം. ഈ വിഷയത്തില്‍ കര്‍മശാസ്ത്ര പണ്ഡിതര്‍ ഏകാഭി പ്രായക്കാരാണ്.
യാത്രാവേളയില്‍ മറന്ന നമസ്‌കാരം നാട്ടില്‍ വസിക്കുമ്പോള്‍ ഓര്‍മ വന്നാലും നാലു റക്അത്തു തന്നെ നമസ്‌ക രിക്കണം. കാരണം, നമസ്‌കാരം നാലു റക്അത്താണ്. യാത്രാവേളയില്‍ ലഭിച്ച ആനുകൂല്യമാണ് അത് രണ്ടാക്കുകയെന്നത്. യാത്ര കഴിഞ്ഞാല്‍ മറന്ന നമസ്‌കാരം നിര്‍വഹിക്കുന്നത് പൂര്‍ണമായിത്തന്നെയാവണം (മുഗ്‌നി) 13.
അല്‍ ജംഅ്
രണ്ടു നമസ്‌കാരങ്ങള്‍ ഒരു നമസ്‌കാരത്തിന്റെ സമയത്ത് നമസ്‌കരിക്കുന്നതിനാണ് ജംഅ് എന്നു പറയുന്നത്. ദുഹ്‌റും അസ്വ്‌റും ഏതെങ്കിലും ഒന്നിന്റെ സമയത്ത് ഒന്നിച്ചും മഗ്‌രിബും ഇശാഉം ഏതെങ്കിലും ഒന്നിന്റെ സമയത്ത് ഒന്നിച്ചും നമസ്‌കരിക്കാം. സ്വുബ്ഹ് അതിന്റെ സമയത്ത് മാത്രമേ നിര്‍വഹിക്കാവൂ; മറ്റൊന്നിനോടൊപ്പം ചേര്‍ത്തു നമസ്‌കരിക്കരുത്. അസ്വ്ര്‍ നമസ്‌കാരം ദുഹ്‌റിന്റെയും ഇശാഅ് നമസ്‌കാരം മഗ്‌രിബിന്റെയും സമയത്ത് നമസ്‌കരിക്കുന്നതിന് ജംഉത്തഖ്ദീം (മുന്‍കൂട്ടി ചേര്‍ത്തു നമസ്‌കരിക്കുക) എന്നും ദുഹ്ര്‍ അസ്വ്‌റിന്റെയും മഗ്‌രിബ് ഇശാഇന്റെയും സമയത്ത് നമസ്‌കരിക്കുന്നതിന് ജംഉത്തഅ്ഖീര്‍ (പിന്തിച്ച് ചേര്‍ത്തു നമസ്‌കരിക്കുക) എന്നും പറയുന്നു. ഇപ്രകാരം ജംഅ് ആക്കി നമസ്‌കരിക്കുമ്പോള്‍ ആദ്യ നമസ്‌കാരത്തിന് ബാങ്കും ഇഖാമത്തും വിളിച്ച് നമസ്‌കരിക്കുക. സലാം വീട്ടിയാല്‍ ഇഖാമത്ത് മാത്രം വിളിച്ച് രണ്ടാമത്തെ നമസ്‌കാരവും നിര്‍വ ഹിക്കുക. ഇതാണ് ജംഇന്റെ ക്രമം. യാത്രാവേളയില്‍ ഖസ്വ്‌റാക്കുകയും ജംആക്കുകയും ചെയ്യാം. അതായത് രണ്ടു റക്അത്ത് ദുഹ്ര്‍ നമസ്‌കരിച്ച് സലാം വീട്ടിയശേഷം രണ്ടു റക്അത്ത് അസ്വ്ര്‍ നമസ്‌കരിക്കുക. അതു പോലെ മൂന്നു റക്അത്ത് മഗ്‌രിബ് നമസ്‌കരിച്ച് സലാംവീട്ടി രണ്ടുറക്അത്ത് ഇശാഅ് നമസ്‌കരിക്കുക.
ജംഉത്തഅ്ഖീര്‍ ചെയ്യുമ്പോള്‍ എപ്പോഴും ആദ്യത്തെ നമസ്‌കരാമാണ് ആദ്യം നിര്‍വഹിക്കേണ്ടത്. ഉദാഹരണമായി, ദ്വുഹ്‌റും അസ്വ്‌റും അസ്വ്‌റിന്റെ സമയത്താണ് നിര്‍വഹിക്കുന്നതെങ്കില്‍ ആദ്യമായി ദ്വുഹ്‌റാണ് നമസ്‌കരിക്കേണ്ടത്. അതിനുശേഷമാണ് അസ്ര്‍ നമസ്‌കരിക്കുക. പള്ളിയിലോ മറ്റോ നടക്കുന്ന അസ്ര്‍ ജമാഅത്തില്‍ പങ്കെടുക്കുകയാണെങ്കിലും അത് ദ്വുഹ്‌റിന്റെ നിയ്യത്തിലാണ് നിര്‍വഹിക്കേണ്ടത്.
”മുആദുബ്‌നു ജബല്‍(റ) പറയുന്നു: തബൂക്ക് യുദ്ധയാത്രയില്‍ നബി(സ്വ)യുടെ രീതി ഇപ്രകാരമായിരുന്നു: ഉച്ച തിരിയുന്നതിനു മുമ്പാണ് അദ്ദേഹം യാത്ര ആരംഭിക്കുന്നതെങ്കില്‍ ദുഹ്ര്‍ നമസ്‌കാരം അസ്വ്‌റിന്റെ സമയം വരെ നീട്ടിവെക്കുകയും എന്നിട്ട് അവ രണ്ടും ഒന്നിച്ച് നമസ്‌കരിക്കുകയും ചെയ്യുമായിരുന്നു. ഉച്ചതിരിഞ്ഞ ശേഷമാണ് യാത്ര തുടങ്ങുന്നതെങ്കില്‍ ദുഹ്‌റും അസ്വ്‌റും ഒന്നിച്ചു നമസ്‌കരിച്ചിട്ടായിരുന്നു അദ്ദേഹം പുറപ്പെട്ടിരുന്നത്. മഗ്‌രിബിന് മുമ്പ് യാത്ര ആരംഭിക്കുന്ന പക്ഷം മഗ്‌രിബ് നീട്ടിവെച്ച് ഇശായോടൊപ്പമായിരുന്നു അദ്ദേഹം നമസ്‌കരിച്ചിരുന്നത്. മഗ്‌രിബിന് ശേഷമാണ് യാത്ര തുടങ്ങുന്നതെങ്കില്‍ ഇശാ മഗ്‌രിബോടൊപ്പം നിര്‍വഹിക്കുക യാണ് അദ്ദേഹം ചെയ്തിരുന്നത്” (അബൂദാവൂദ്) 14.
ഹജ്ജ് വേളയില്‍ മുസ്വ്ദലിഫയില്‍വെച്ച് മഗ്‌രിബും ഇശാഉം ജംഅ് ചെയ്തു നമസ്‌കരിച്ചു (അബൂദാവൂദ്) 15.
ശക്തമായ മഞ്ഞുവീഴ്ച, മഴ മുതലായ കാരണങ്ങളാല്‍ പള്ളിയില്‍വരാനും തിരിച്ചുപോകാനും പ്രയാസം നേരി ടുമ്പോള്‍ രണ്ടു നമസ്‌കാരങ്ങള്‍ ജംഅ് ചെയ്യാവുന്നതാണ്. ഈ വിഷയത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ക്കിടയില്‍ വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. രണ്ടു നമസ്‌കാരങ്ങളുടെയും ആരംഭത്തില്‍ തുടര്‍ച്ചയായി മഴയുണ്ടാ കുമെന്ന് കരുതുന്നപക്ഷം ജംഅ് ആകാമെന്ന് ശാഫിഈ ഇമാം അഭിപ്രായപ്പെട്ടിട്ടുണ്ട് (ഉംദതുല്‍ ഖാരിഅ്) 16
”ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) മദീനയില്‍വച്ച് ദുഹ്‌റും അസ്വ്‌റും ഒന്നിച്ചും മഗ്‌രിബും ഇശാഉം ഒന്നിച്ചും നമസ്‌കരിച്ചു. മാലിക് പറയുന്നു: മഴയുള്ള ദിവസത്തിലായിരിക്കാം അത് ” (ബുഖാരി ബിശര്‍ഹി ഉംദതുല്‍ ഖാരിഅ്) 16
രോഗമോ മറ്റെന്തെങ്കിലും കാരണമോ ഉണ്ടെങ്കിലും ജംഅ് ആക്കാമെന്ന് പൂര്‍വകാല പണ്ഡിതന്മാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഭയവേളയിലെ നമസ്‌കാരം
യുദ്ധം, ശത്രു ആക്രമണം എന്നിങ്ങനെയുള്ള ഭയവേളകളില്‍ ഏകാഗ്രതയോടെയും സ്വസ്ഥതയോടെയും നമസ്‌കാരം പൂര്‍ണമായ നിലയില്‍ നിര്‍വഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ സാധിക്കുന്ന വിധത്തില്‍ നിര്‍വഹിക്കാന്‍ മതത്തില്‍ ഇളവുണ്ട്. നബി(സ്വ)യുടെ കാലത്ത് മുസ്‌ലിംകളെ ഭയപ്പെടുത്തിയിരുന്ന പ്രധാന പ്രശ്‌നം യുദ്ധമായിരുന്നു. അതിനാല്‍ യുദ്ധരംഗത്ത് നമസ്‌കരിക്കേണ്ട വിധത്തെ സംബന്ധിച്ചാണ് ഖുര്‍ആ നിലും ഹദീസിലും വിവരിച്ചിട്ടുള്ളത്; അതുതന്നെ ആ കാലഘട്ടത്തിലെ യുദ്ധരീതി കണക്കിലെടുത്തും. ഇങ്ങനെ നമസ്‌കരിക്കുന്നതിന് സ്വലാത്തുല്‍ ഖൗഫ് എന്നു പറയുന്നു.
ഇന്ന് ഭയ കാരണങ്ങളും യുദ്ധരീതിയും വ്യത്യാസപ്പെട്ടിട്ടുണ്ട്. എങ്കിലും ഖുര്‍ആനിലെയും ഹദീസിലെയും പൊതു നിര്‍ദേശത്തില്‍ നിന്ന് ഭയവേളകളിലും നമസ്‌കാരം ഉപേക്ഷിക്കരുതെന്നും പരമാവധി ഏതു ഘട്ടത്തിലും ജമാഅത്തായിത്തന്നെ നമസ്‌കരിക്കണമെന്നും മനസ്സിലാക്കാം. അതു പാലിക്കല്‍ മുസ്‌ലിംകളുടെ ബാധ്യതയുമാണ്. യുദ്ധവേളയില്‍ പ്രവാചകന്റെ കാലത്ത് നമസ്‌കരിച്ച വിവിധ രൂപങ്ങള്‍ ഹദീസുകളിലുണ്ട്. ശത്രു ഖിബ്‌ലക്ക് അഭിമുഖമായാണോ പുറംതിരിഞ്ഞാണോ, ഭയത്തിന്റെ തോത് എത്രയുണ്ട് എന്നീ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് വിവിധ രൂപങ്ങളുണ്ടായത്.
വിശുദ്ധ ഖുര്‍ആനില്‍ വിവരിച്ച ഒരു രൂപം ഇപ്രകാരമാണ്: ”(നബിയേ) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും അവര്‍ക്ക് നേതൃത്വം നല്കിക്കൊണ്ട് നമസ്‌കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്റെ കൂടെ നില്ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ സുജൂദ് ചെയ്തു കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറി നില്ക്കുകയും നമസ്‌കരിച്ചിട്ടില്ലാത്ത മറ്റേവിഭാഗം വന്ന് നിന്റെകൂടെ നമസ്‌കരിക്കുകയും ചെയ്യട്ടെ. അവര്‍ ജാഗ്രത കൈകൊള്ളുകയും തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ ആയുധങ്ങ ളെപ്പറ്റിയും നിങ്ങളുടെ സാധനങ്ങളെപ്പറ്റിയും നിങ്ങള്‍ അശ്രദ്ധരായെങ്കില്‍ നിങ്ങളുടെ നേരെ ആഞ്ഞടിക്കാമായിരുന്നുവെന്ന് സത്യനിഷേധികള്‍ മോഹിക്കുകയാണ്. എന്നാല്‍ മഴ കാരണം നിങ്ങള്‍ക്ക് ശല്യമുണ്ടാവുകയോ, നിങ്ങള്‍ രോഗബാധിതരാവുകയോ ചെയ്താല്‍ നിങ്ങളുടെ ആയുധങ്ങള്‍ താഴെ വെക്കുന്നതിന് കുറ്റമില്ല. എങ്കിലും നിങ്ങള്‍ ജാഗ്രത പുലര്‍ത്തുകതന്നെ വേണം. തീര്‍ച്ചയായും അല്ലാഹു സത്യനിഷേ ധികള്‍ക്ക് അപമാനകരമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്” (4:102).
ഈ ആയത്തില്‍ എത്ര റക്അത്ത് വേണം നമസ്‌കാരത്തിനെന്ന് പറഞ്ഞിട്ടില്ല. അത് ഹദീസില്‍ നിന്ന് മനസ്സിലാക്കാം. ഭയവേളയിലും ജമാഅത്ത് നമസ്‌കാരം ഒഴിവാക്കരുത്, ശത്രുവിന്റെ ആഗമനത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം എന്നീ പൊതുകാര്യങ്ങള്‍ ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം.
നാലു റക്അത്തുള്ള നമസ്‌കാരം രണ്ടു റക്അത്തായി ചുരുക്കിയും നമസ്‌കരിക്കാവുന്നതാണ്. ഹദീസുകളില്‍ വന്ന ചില രൂപങ്ങള്‍ താഴെ കൊടുക്കുന്നു:
1) സ്വുബ്ഹ് നമസ്‌കാരമാണെങ്കില്‍ ഇമാം ഒരു സംഘവുമായി നമസ്‌കാരം തുടങ്ങുക. ഒരു സംഘം ശത്രുവിനെ അഭിമുഖീകരിച്ചു നില്ക്കുക. ഇമാം ഒരു റക്അത്ത് ആ സംഘത്തോടുകൂടി നമസ്‌കരിച്ച് രണ്ടാം റക്അത്തിലേക്ക് എഴുന്നേറ്റു നില്ക്കുക. ഈ സമയത്ത് കൂടെ നമസ്‌കരിക്കുന്നവര്‍ സ്വന്തമായി ഒരു റക്അത്ത് നമസ്‌കരിച്ച് ശത്രുവിന്റെ ഭാഗത്തേക്ക് പോവുക. അവര്‍ അവിടെ എത്തിയാല്‍ ശത്രുവിനെ അഭിമുഖീകരിച്ച് നില്ക്കുന്നവര്‍ വന്ന് ഇമാമിനെ തുടരുക. ഇമാം അവരുടെ കൂടെ ഒരു റക്അത്ത് നമസ്‌കരിച്ച് തശഹ്ഹുദില്‍ ഇരിക്കുക. മഅ്മൂമുകള്‍ എഴുന്നേറ്റ് ഒരു റക്അത്ത് കൂടി നമസ്‌കരിക്കുക. അവര്‍ തശഹ്ഹുദ് ഓതിക്കഴിഞ്ഞാല്‍ അവരെയും കൂട്ടി ഇമാം സലാം വീട്ടുക. ഇപ്പോള്‍ എല്ലാവര്‍ക്കും രണ്ടു റക്അത്ത് ലഭിച്ചു. ശത്രു ഖിബ്‌ലക്ക് എതിര്‍ വശത്താകുമ്പോഴാണ് ഈ രീതി.
2) ഇമാം ഒരോ സംഘത്തെയുംകൊണ്ട് പൂര്‍ണമായ രണ്ടു റക്അത്ത് നമസ്‌കരിക്കുക. ഇങ്ങനെ നമസ്‌ക രിക്കുമ്പോള്‍ ഇമാമിന് ആദ്യത്തെ രണ്ട് റക്അത്ത് ഫര്‍ദും രണ്ടാമത്തെ രണ്ടു റക്അത്ത് സുന്നത്തുമായി പരിഗണിക്കപ്പെടും.
3) ശത്രു ഖിബ്‌ലക്ക് അഭിമുഖമാണെങ്കില്‍ ഇമാം തന്നോടൊപ്പമുള്ളവരെ മുഴുവന്‍ രണ്ടുവരിയായി നിര്‍ത്തി ഒന്നിച്ചു നമസ്‌കാരം തുടങ്ങുക. സുജൂദുവരെ എല്ലാവരും ഇമാമിനെ തുടരുക. ഇമാം സുജൂദിലേക്ക് പോകുമ്പോള്‍ തൊട്ടു പിന്നിലുള്ളവര്‍ സുജൂദ് ചെയ്യുക. രണ്ടാം വരിയിലുള്ളവര്‍ ശത്രുവിനെ നോക്കി നില്ക്കുക. സുജൂദില്‍ നിന്ന് നിവര്‍ന്നാല്‍ രണ്ടാം വരിയിലുള്ളവര്‍ സുജൂദ് ചെയ്യുക. ഒന്നാം വരിയിലുള്ളവര്‍ ശത്രുവിനെ നോക്കി നില്ക്കുക. ഇപ്രകാരം ഒരു റക്അത്ത് കഴിഞ്ഞാല്‍ ആദ്യ വരിയിലുള്ളവര്‍ പിന്നിലേക്കും രണ്ടാം വരിയിലുള്ളവര്‍ മുമ്പിലേക്കും മാറി നില്ക്കുക. പിന്നെ എല്ലാവരും ഇമാമിനെ സുജൂദ് വരെ ഒന്നിച്ച് തുടരുക. മുന്‍പറഞ്ഞതുപോലെ ഇമാം രണ്ടാമത്തെ റക്അത്തില്‍ സുജൂദ് ചെയ്യുമ്പോള്‍ മുന്‍വരിയിലുള്ളവര്‍ സുജൂദ് ചെയ്യുക. അവര്‍ സുജൂദില്‍ നിന്ന് എഴുന്നേറ്റാല്‍ പിന്‍നിരയിലുള്ളവര്‍ സുജൂദ് ചെയ്യുക. പിന്നീട് എല്ലാവരും തശഹ്ഹുദ് ഓതി സലാം വീട്ടുക.
4) ഇമാം രണ്ടുസംഘത്തെയും കൊണ്ട് നമസ്‌കരിക്കുക. ഓരോ സംഘവും ഇമാമോടുകൂടി ഒരു റക്അത്ത് നമസ്‌കരിക്കുക. അപ്പോള്‍ ഇമാമിനു രണ്ടു റക്അത്തും മറ്റുള്ളവര്‍ക്ക് ഒരു റക്അത്തുമായി.
വേറെയും രൂപങ്ങള്‍ വിധങ്ങള്‍ ഹദീസു ഗ്രന്ഥങ്ങളില്‍ കാണുന്നു. ആധുനിക യുദ്ധരംഗത്ത് ശത്രുവിനെ നേര്‍ക്കു നേരെ അഭിമുഖീകരിക്കാനോ സേനയെ രണ്ടുവരിയാക്കാനോ ഉള്ള അവസരങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. ഖിബ്‌ലക്ക് അഭിമുഖം, എതിര്‍മുഖം എന്ന വേര്‍തിരിവിനും ചിലപ്പോള്‍ പ്രസക്തിയുണ്ടാവില്ല. ശത്രുവിന്റെ ആക്രമണം ഒളിഞ്ഞും ആയിരക്കണക്കിനു മൈലുകള്‍ക്കപ്പുറത്തു നിന്നും ആകാശത്തുകൂടിയുമൊക്കെ ആകാം. ഇത്തരം ഘട്ടങ്ങളില്‍ ഖുര്‍ആന്‍ പ്രസ്താവിച്ചപോലെ നടന്നുകൊണ്ടോ വാഹനത്തിലിരുന്നു കൊണ്ടോ നമസ്‌കരിക്കാം.
നാലു റക്അത്തും രണ്ടു റക്അത്തുമുള്ള നമസ്‌കാരങ്ങളില്‍ സ്വലാത്തുല്‍ ഖൗഫ് നിര്‍വഹിക്കേണ്ട വിധങ്ങ ളാണ് ഹദീസിലുള്ളത്. മഗ്‌രിബ് നമസ്‌കാരത്തിന്റെ രൂപം കാണപ്പെടുന്നില്ല. പ്രവാചകന്റെ കാലത്ത് യുദ്ധം രാത്രിയില്‍ ഉണ്ടായിരുന്നില്ല എന്നതാകാം അതിനു കാരണം. അതിനാല്‍ എപ്രകാരമാണത് നിര്‍വഹിക്കേണ്ടതെന്നതിനെക്കുറിച്ച് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. ഇമാം ഒരു സംഘവുമായി രണ്ടു റക്അത്തും മറ്റേ സംഘവുമായി ഒരു റക്അത്തും നമസ്‌കരിക്കണമെന്ന് ഹനഫികളും മാലികികളും അഭിപ്രായപ്പെടുമ്പോള്‍ ആദ്യ സംഘവുമായി ഒരു റക്അത്തും രണ്ടാമത്തെ സംഘവുമായി രണ്ടു റക്അത്തും നമസ്‌കരിക്കണമെന്ന് ഹമ്പലികളും അഭിപ്രായപ്പെടുന്നു.
References
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 478, ഹദീസ് 4 (686[↩]
- അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 04, പേജ് 337[↩]
- അസ്സുനനുല്‍ കുബ്‌റാ, അഹ്‌മദുബ്‌നുല്‍ ഹുസൈനിബ്‌നി അലി, അബൂബക്‌റുല്‍ ബൈഹഖീ, ദാറു കുതുബുല്‍ ഇല്‍മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 533, ഹദീസ് 1698[↩]
- മുഗ്‌നില്‍ മുഹ്താജ് ഇലാ മഅ്രിഫത്തി മആനീ അല്‍ഫാദില്‍ മിന്‍ഹാജ്, ശംസുദ്ദീന്‍ മുഹമ്മദ് ബ്‌നുല്‍ മുഹമ്മദ്, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, 1994, വാള്യം 2, പേജ് 211[↩]
- ഉംദത്തുല്‍ ഖാരി ശറഹു സ്വഹീഹില്‍ ബുഖാരി, ബദ്‌റുദ്ദീന്‍ അബൂ മുഹമ്മദ്, മഹ്‌മൂദ് ബ്‌നു അഹ്‌മദ് അല്‍ഐനീ, ദാറു ഇഹ്‌യാഇത്തുറാസില്‍ അറബീ, ബൈറൂത്ത്, വാള്യം 07, പേജ് 119, ഹദീസ് 715661[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 480, ഹദീസ് 12 (691[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 43, ഹദീസ് 1089, വാള്യം 02 പേജ് 04 ഹദീസ് 1202.[↩]
- ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്‍, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 285[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 42, ഹദീസ് 1080[↩]
- അല്‍ ബിദായതുല്‍ മുജ്തഹിദ് വ നിഹായതുല്‍ മുഖ്തസിദ്, അബുല്‍ വലീദ് മുഹമ്മദ് ബ്‌നു അഹ്‌മദ് ഇബ്‌നു റുശ്ദ്, ദാറുല്‍ ഹദീസ്, കെയ്‌റോ, വാള്യം 01, പേജ് 185[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 482, ഹദീസ് 17 (694[↩]
- അത്തല്‍ഖീസുല്‍ കബീര്‍ ഫീ തഖ്‌രീജി അഹാദീസി അര്‍റാഫീഈ അല്‍കബീര്‍, ഇബ്‌നു ഹജറുല്‍ അസ്ഖലാനീ, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, ഒന്നാം പതിപ്പ്, 1989, വാള്യം 02, പേജ് 258[↩]
- അല്‍ മുഗ്‌നി ലി ഇബ്‌നു ഖുദാമ, അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്‌നു അഹ്‌മദ് ബ്‌നി ഖുദാമ, ഇബ്‌നു ഖുദാമ, മക്തബതുല്‍ ഖാഹിറ, 1968, വാള്യം 02, പേജ് 208[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 07, ഹദീസ് 1220[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 191, ഹദീസ് 1926[↩]
- ഉംദത്തുല്‍ ഖാരി ശറഹു സ്വഹീഹില്‍ ബുഖാരി, ബദ്‌റുദ്ദീന്‍ അബൂ മുഹമ്മദ്, മഹ്‌മൂദ് ബ്‌നു അഹ്‌മദ് അല്‍ഐനീ, ദാറു ഇഹ്‌യാഇത്തുറാസില്‍ അറബീ, ബൈറൂത്ത്, വാള്യം 05, പേജ് 31[↩][↩]
