ഇസ്‌ലാമിലെ ഹജ്ജ്
പവിത്രമായ മക്കയിലെ കഅ്ബ കേന്ദ്രീകരിച്ചാണ് ഇസ്‌ലാമിലെ ഹജ്ജ് കര്‍മം നിര്‍വഹിക്കപ്പെടുന്നത്. ഹജ്ജ് എന്ന വാക്കിന്റെ അര്‍ഥം കരുതുക എന്നാണ്. ഇസ്‌ലാമിക പദാവലി പ്രകാരം മക്കയിലെ കഅ്ബ കേന്ദ്രീകരിച്ച് ചാന്ദ്രവര്‍ഷത്തിലെ അവസാനത്തെ മാസമായ ദുല്‍ഹിജ്ജ എട്ടുമുതല്‍ പതിമൂന്ന് വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന പ്രത്യേക ആരാധനാകര്‍മങ്ങള്‍ എന്ന ആശയമാണ് വിവക്ഷിക്കുന്നത്. ഈ അനുഷ്ഠാനം അവിടെ സഹസ്രാബ്ദങ്ങളായി നടപ്പിലുണ്ടായിരുന്നു. ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കഅ്ബ പുനര്‍നിര്‍മിച്ച് ഇബ്‌റാഹീം നബി(അ) നടത്തിയ പ്രഖ്യാപനമാണ് ഹജ്ജിന് തുടക്കം കുറിച്ചത്. ”ജനങ്ങള്‍ക്കിടയില്‍ നീ ഹജ്ജ് വിളംബരം ചെയ്യുക. വിദൂരമായ സകല മലമ്പാതകളിലൂടെയും കാല്‍നടയായും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്റെയടുത്ത് വന്നുകൊള്ളും’‘ (22:27). തീര്‍ഥയാത്ര, മുസ്‌ലിംകള്‍ക്ക് മൂന്നു കേന്ദ്രങ്ങള്‍ മാത്രം, ഹജ്ജ്: നിര്‍ബന്ധമുള്ളവരും ഇളവനുദിക്കപ്പെട്ടവരും, ഹജ്ജ്: ചില തെറ്റായ ധാരണകള്‍, ഹജ്ജ്: ഒരുക്കം എന്നീ ഭാഗങ്ങള്‍ ഈ അധ്യായത്തില്‍ വിശദീകരിക്കുന്നു.
മനുഷ്യര്‍ക്കിടയിലെ സമഭാവനയാണ് ഹജ്ജിന്റെ ഒരു പ്രധാന ഊന്നല്‍. അല്ലാഹുവിനു മുമ്പില്‍ എല്ലാവരും തുല്യരാണെന്നും ഭക്തി മാത്രമാണ് അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങളുടെ മാനദണ്ഡ മെന്നും ഹജ്ജ് ഘോഷിക്കുന്നു. എന്നാല്‍ തങ്ങളുടെ ഗോത്രമഹിമയും വംശമാഹാത്മ്യവും വിളിച്ചു പറയാനായിരുന്നു ജാഹിലിയ്യാകാലത്തെ ഖുറൈശികള്‍ ഹജ്ജിനെ ഉപയോഗിച്ചത്. കഅ്ബയുടെ ആള്‍ക്കാരെന്നപേരില്‍ അഹങ്കരിക്കാനുള്ള വേദിയാക്കി ഹജ്ജിനെ അവര്‍ മാറ്റി. ഖുറൈശികള്‍ മാത്രമേ വസ്ത്രം ധരിച്ച് ത്വവാഫ് ചെയ്യാവൂ എന്നും തങ്ങള്‍ക്ക് അറഫയില്‍ നില്‌ക്കേണ്ടതില്ലെന്നും അവര്‍ തീരുമാനിച്ചു. കൂടാതെ കുറെ അനാചാരങ്ങളും അവര്‍ നടപ്പില്‍ വരുത്തി. ബലിമൃഗത്തിന്റെ രക്തം കഅ്ബയുടെ ചുമരില്‍ തേക്കുക, കൊട്ടും പാട്ടും നടത്തുക, ഹജ്ജ് കഴിഞ്ഞ് വീട്ടിലേക്ക് പിന്‍വാതിലിലൂടെ കടക്കുന്നതില്‍ പുണ്യം കാണുക, ഹജ്ജ്കഴിയുംവരെ കച്ചവടം നിഷിദ്ധമാക്കുക, നടന്ന് ഹജ്ജുചെയ്യല്‍ ഏറെ പുണ്യമായി ഗണിക്കുക തുടങ്ങി അത്യാചാര സമുച്ചയമായി ഹജ്ജ് അധഃപതിച്ചു.
മുഹമ്മദ് നബി(സ്വ) ജനിച്ചതും അന്തിമപ്രവാചകനായി നിയുക്തനായതും ഇതേ മക്കയിലാണ്. അദ്ദേഹത്തിന്റെ പ്രബോധന ജീവിതത്തിലൂടെ ഇസ്‌ലാം പൂര്‍ണമായി. ഭൂമിയിലെ പ്രഥമ ആരാധനാമന്ദിരം കേന്ദ്രമാക്കിയുള്ള ഹജ്ജ് കര്‍മം നബി(സ്വ) അംഗീകരിക്കുകയും ഇസ്‌ലാമിക അനുഷ്ഠാനത്തിന്റെ ഭാഗമാക്കുകയും ചെയ്തു. കാലാന്തരത്തില്‍ ഹജ്ജില്‍ വരുത്തിയ അരുതായ്മകള്‍ തിരുത്തി തൗഹീദിന്റെ വിളംബരമായി നബി(സ്വ) ഹജ്ജ് കര്‍മം ജനങ്ങളെ പഠിപ്പിച്ചുകൊടുത്തു.
പ്രവാചകന്‍ മുഹമ്മദ്(സ്വ)യുടെ ഇസ്‌ലാമിക പ്രബോധനത്തിന്റെ ഇരിപത്തിരണ്ടാമാണ്ടില്‍, ഹിജ്‌റ ഒമ്പതാം വര്‍ഷത്തിലാണ് ഹജ്ജ് നിര്‍ബന്ധമാക്കുന്ന കല്പന ഇറങ്ങുന്നത്. അടുത്ത വര്‍ഷം മുതല്‍ ബഹുദൈവാരാധനയുടെ ഹജ്ജ് പാടില്ലെന്നും കഅ്ബയുടെ സ്ഥാപനലക്ഷ്യമായ പ്രപഞ്ച സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്ന വിധത്തിലുള്ള ഹജ്ജ് മാത്രമേ നടത്താവൂ എന്നും പ്രഖ്യാപിച്ചുകൊണ്ട് അല്ലാഹുവിന്റെ കല്പനവന്നു. സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ വിശ്വാസശുദ്ധിയില്ലാത്തവര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത് (9:28). ബഹുദൈവ വിശ്വാസികള്‍ക്ക്, സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അവരുടെ കര്‍മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരി ക്കുകയും ചെയ്യും (9:17).
ഇത് മക്കയില്‍ പ്രഖ്യാപിക്കാന്‍ നബി(സ്വ) സഹചാരി അബൂബക്കറിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ അയച്ചു. ബഹുദൈവാരാധനയുടെ ഹജ്ജ്‌രീതി ഇസ്‌ലാം നിര്‍ത്താലക്കി. പകരം ഭക്തിയും ഏകദൈവാരാധനയും മനുഷ്യ സാഹോദര്യവും സമത്വവും ഉദ്‌ഘോഷിക്കുന്ന രൂപം നബി(സ്വ) പഠിപ്പിച്ചു. അബൂബക്ര്‍ സ്വിദ്ദീഖും കൂടെയുള്ളവരും ഹജ്ജ് നിര്‍വഹിക്കുകയും ചെയ്തു. ഹിജ്‌റ പത്താം വര്‍ഷത്തിലെ തന്റെ ചരിത്ര പ്രസിദ്ധമായ ഹജ്ജതുല്‍ വിദാഇലൂടെ നബി(സ്വ) അത് അന്തിമമായി കാണിച്ചുതന്നു. അതുനോക്കി പഠിക്കാനും ലോകാവസാനംവരെ മാറ്റങ്ങളില്ലാതെ അതു തുടരാനും അദ്ദേഹം നിര്‍ദേശിച്ചു.
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് ഹജ്ജ്. ഇബ്‌നുഉമര്‍(റ) പറയുന്നു: തിരുമേനി(സ്വ) അരുളി: ”ഇസ്‌ലാം (സൗധം) അഞ്ച് തൂണുകളിന്മേല്‍ നിര്‍മ്മിതമാണ്. അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യംവഹിക്കുക, നമസ്‌കാരം ക്രമപ്രകാരം അനുഷ്ഠിക്കുക, സകാത്ത് കൊടുക്കുക, ഹജ്ജ് ചെയ്യുക, റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുക എന്നിവയാണ് അവ” (ബുഖാരി) 1. മക്കയില്‍പോയി തിരിച്ചുവരാന്‍ ശേഷിയൊ ത്തവര്‍ ജീവിതത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട പുണ്യകര്‍മമാണ് ഹജ്ജ്. ”ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരുടെ ആശ്രയം ആവശ്യമില്ലാത്തവനാകുന്നു”(3:97).
അബൂഹുറയ്‌റ(റ) പറയുന്നു: ഒരിക്കല്‍ നബി(സ്വ) പ്രസംഗിച്ച കൂട്ടത്തില്‍ ഞങ്ങളോട് പറഞ്ഞു: ജന ങ്ങളേ, നിശ്ചയം അല്ലാഹു നിങ്ങള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ഹജ്ജ് നിര്‍വ്വഹിക്കുവിന്‍. അന്നേരം ഒരാള്‍ ചോദിച്ചു: പ്രവാചകരേ എല്ലാവര്‍ഷവും നിര്‍ബന്ധമാ ണോ? മൂന്ന് പ്രാവശ്യം അത് ആവര്‍ത്തിച്ചു ചോദിക്കുംവരെ നബി(സ്വ) മൗനം ദീക്ഷിച്ചു. പിന്നീട് ഇങ്ങനെ പറഞ്ഞു: അതേ എന്ന് ഞാന്‍ പറയുന്നപക്ഷം അത് നിര്‍ബന്ധമാവുകയും അനന്തരം നിങ്ങള്‍ക്കത് അസാധ്യമാവുകയും ചെയ്യും. ശേഷം ഇങ്ങനെ തുടര്‍ന്നു, ഞാന്‍ നിങ്ങളോട് നിഷ്‌കര്‍ഷിക്കാത്തതില്‍ നിങ്ങളെന്നെവിട്ടേക്കുക. തീര്‍ച്ചയായും പൂര്‍വസമൂഹങ്ങള്‍ നശിക്കാന്‍ കാരണം അവരുടെ പ്രവാചകന്‍മാരോടുള്ള അധികരിച്ച ചോദ്യവും എതിര്‍പ്പുകളുമായിരുന്നു. അതിനാല്‍ ഞാന്‍ നിങ്ങളോട് ഒരുകാര്യം നിര്‍ദ്ദേശിച്ചാല്‍ പരമാവധി നിങ്ങള്‍ അത്പ്രാവര്‍ത്തികമാക്കുക, ഒരു കാര്യം വിരോധിക്കുകയാണെങ്കില്‍ നിങ്ങള്‍ അത് വര്‍ജിക്കുകയും ചെയ്യുക (മുസ്‌ലിം) 2.
മുഹമ്മദ് നബി(സ്വ) ഒരിക്കല്‍ മാത്രമേ ഹജ്ജ് ചെയ്തിട്ടുള്ളൂ. ഒന്നിലേറെ ഹജ്ജ് ചെയ്യുന്നത് പുണ്യ മാണ്. ഏറെ സമയവും സമ്പത്തും അധ്വാനവും ശ്രദ്ധയുമെല്ലാം വേണ്ട ആരാധന എന്നനിലയില്‍ ഹജ്ജിന് മഹത്തായ പുണ്യം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. അബൂഹുറയ്‌റ പറയുന്നു: ”ഏത് കര്‍മമാണ് കൂടുതല്‍ ശ്രേഷ്ഠമായതെന്ന് തിരുമേനി(സ്വ)യോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ തിരുമേനി(സ്വ) പറഞ്ഞു: അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കല്‍. അയാള്‍ വീണ്ടും ചോദിച്ചു. പിന്നെ ഏതാണ്. തിരുമേനി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നടത്തുന്ന ത്യാഗം. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. നബി(സ്വ) ഉത്തരം നല്കി: സ്വീകാര്യയോഗ്യമായ നിലക്ക് നിര്‍വഹിച്ച ഹജ്ജ്” (ബുഖാരി 3, മുസ്‌ലിം) 4.
സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ലെന്നും, ആ ഹാജി മടങ്ങുന്നത് ഇളം പൈതലി നെപ്പോലെ പരിശുദ്ധനായിട്ടായിരിക്കുമെന്നും നബി(സ്വ) ഉണര്‍ത്തുന്നുണ്ട് (ബുഖാരി) 5. ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കി, മനുഷ്യരോട് അക്രമങ്ങള്‍ ചെയ്തുവെച്ച് ഹജ്ജിനുപോയാല്‍, ഈ വിശുദ്ധി ലഭിക്കുമെന്നല്ല അര്‍ഥമാക്കുന്നത്. ഇത്തരം അതിക്രമങ്ങളില്‍നിന്നെല്ലാം ഭൗതികമായി പരി ഹാരം കണ്ടുവേണം ഹജ്ജുനിര്‍വഹിക്കാന്‍. അത്തരക്കാരില്‍ നിന്നു മാത്രമേ ഹജ്ജ് സ്വീകരിക്ക പ്പെടുകയുള്ളൂ. ഇതിനു ശേഷം ദൈവത്തില്‍നിന്ന് ലഭിക്കേണ്ട പാപമുക്തിക്കും അനുഗ്രഹലബ്ധിക്കും മാത്രമാണ് അവന്‍ തീര്‍ഥാടനം നടത്തുന്നത്. ഇക്കാര്യങ്ങളത്രയും ഇസ്‌ലാമിക ലോകത്ത് അഭിപ്രായവ്യത്യാസമില്ലാത്ത വസ്തുതകളാണ്.
തീര്‍ഥയാത്ര
അനുഭവങ്ങളാണ് പാഠങ്ങളുണ്ടാക്കുക. അതാണ് മനസ്സിന് ഉറപ്പു നല്കുക. ദൈവവിശ്വാസത്തിലും മനുഷ്യന്‍ ഇത് പ്രതീക്ഷിക്കുന്നുണ്ട്. ദൈവത്തെ കണ്ടാരാധിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. എന്നാല്‍ മനുഷ്യദൃഷ്ടിക്കു കാണാന്‍ കഴിയാത്ത പ്രപഞ്ചപരിപാലകന്‍ മനുഷ്യന്റെ ഈ വാഞ്ഛയെ പരിഗണിച്ചിട്ടുണ്ട്. അതാണ് തീര്‍ഥയാത്രകളുടെ സത്ത. തന്റെ ദൈവത്തെ കാണാന്‍ കഴിയില്ലെങ്കിലും ദൈവത്തിന്റെ അത്ഭുത കഴിവുകള്‍ പെയ്തിറങ്ങിയ ഭൂമിയില്‍ ചെന്ന് അവന്‍ അതുകാണട്ടെ. ഉറച്ച വിശ്വാസത്തിനത് ഉപകരിക്കും. ആ ദൈവശക്തി കണ്ടറിയുമ്പോള്‍ തന്റെ അഹങ്കാരങ്ങള്‍ അസ്തമിക്കും. പാപബോധം മനസ്സിനെ ആര്‍ദ്രമാക്കും. എല്ലാം ഏറ്റുപറഞ്ഞ് കരുണാമയനായ ദൈവത്തിന്റെ മുമ്പില്‍ നിഷ്‌കളങ്കനാകാന്‍ ശ്രമിക്കും.
പാപങ്ങള്‍ ചെയ്യിക്കുന്ന സാഹചര്യങ്ങളില്‍ നിന്നും അതിന് പ്രോത്സാഹനം നല്കുന്ന സന്ദര്‍ഭങ്ങളില്‍ നിന്നും മാറിനിന്ന് തന്റെ ആത്മാവിനെ കുറിച്ചും അതിനോട് ഇന്നലെകളില്‍ ചെയ്ത അക്രമങ്ങളെകുറിച്ചും പുനരാലോചിക്കാനും ആത്മീയതക്ക് കരുത്തുപകരുന്ന കര്‍മങ്ങള്‍ ഏറെ അനുഷ്ഠിക്കാനും തീര്‍ഥയാത്ര ഉപകരിക്കും. വ്യത്യസ്ത മനുഷ്യരുമായി സഹവസിക്കാനും തന്റെ സ്വഭാവങ്ങളെയും പെരുമാറ്റങ്ങളെയും വിമലീകരിക്കാനും കൂടുതല്‍ നല്ലവനായി തിരിച്ചുവരാനും ഇത് സഹായകമാകും. തീര്‍ഥയാത്ര നടത്താനും ബലിയും മറ്റാരാധനാ കര്‍മങ്ങളും നിര്‍വഹിക്കാ നും പ്രപഞ്ചനാഥന്‍ മുന്‍സമൂഹങ്ങളിലും അനുവദിച്ചിട്ടുണ്ട്. ”ഓരോ സമുദായത്തിനും നാം ഓരോ തരം ആരാധനാക്രമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. അവര്‍ അതാണ് അനുഷ്ഠിച്ചുവരുന്നത്. അതിനാല്‍ ഈ കാര്യത്തില്‍ അവര്‍ നിന്നോട് വഴക്കിടാതിരിക്കട്ടെ. നീ നിന്റെ രക്ഷിതാവിങ്കലേക്ക് ക്ഷണിച്ചു കൊള്ളുക. തീര്‍ച്ചയായും നീ വക്രതയില്ലാത്ത സന്‍മാര്‍ഗത്തിലാകുന്നു’‘ (22:67). തീര്‍ഥയാത്ര അനുഷ്ഠാനമായി പരിഗണിക്കാത്ത ഒരു മതവുമില്ല.
എന്നാല്‍ പൈശാചിക പ്രലോഭനങ്ങളാല്‍ ദൈവിക പ്രമാണങ്ങളില്‍നിന്ന് അകന്നുപോയ പില്കാല ഭക്തര്‍ തീര്‍ഥാടനത്തെയും ബലിയെയുമെല്ലാം ബഹുദൈവാരാധനയുടെ കേന്ദ്രങ്ങളും രൂപങ്ങളു മാക്കി. ഭാവനകളെ പ്രതിഷ്ഠകളാക്കി അതിനുമുന്നില്‍ നമിച്ചു തുടങ്ങി. പക്ഷേ ഇത് കൂടുതല്‍ അസ മാധാനമുണ്ടാക്കി. അവന്റെ ഭാവനയില്‍ ദൈവത്തിന് വ്യത്യസ്ത രൂപങ്ങള്‍ വിരിഞ്ഞു. ഏതാവും സത്യമെന്നതില്‍ അവന്‍ സംശയാലുവായി. ബഹുദൈവാരാധ വ്യാപകമായി. മനുഷ്യന്‍ ശാന്തി തേടി അലഞ്ഞു. നിരവധി തീര്‍ഥാടനകേന്ദ്രങ്ങള്‍ സങ്കല്പിച്ച് അവിടങ്ങളിലെല്ലാം പുണ്യം തേടിപ്പോയി. അത്ഭുതങ്ങള്‍ കാണിച്ചവരെല്ലാം കണ്‍കണ്ട ദൈവങ്ങളായി. ആദരിക്കപ്പെടേണ്ടവര്‍ ആരാധ്യന്മാരായി. ഇവിടെയാണ് ഇസ്‌ലാം വ്യതിരിക്തമാവുന്നത്.
മുസ്‌ലിംകള്‍ക്ക് മൂന്നു കേന്ദ്രങ്ങള്‍ മാത്രം
ഇസ്‌ലാം തീര്‍ഥയാത്ര അനുവദിക്കുന്നത് ഭൂമിയില്‍ മൂന്നിടങ്ങളിലേക്കു മാത്രമാണ്. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: മൂന്നു പള്ളികളിലേക്കല്ലാതെ പുണ്യയാത്ര ചെയ്യേണ്ടതില്ല. കഅ്ബ, നബി(സ്വ)യുടെ മദീനയിലെ പള്ളി, ബൈത്തുല്‍ മുഖദ്ദസ് പള്ളി (ബുഖാരി) 6. യഹൂദ, ക്രൈസ്തവ, ഇസ്‌ലാം മതങ്ങളെല്ലാം പ്രവാചകപിതാവായി ആദരിക്കുന്ന ഇബ്‌റാഹീമിന്റെ(അ) ചരിത്രമുറങ്ങുന്ന മക്കയില്‍ പ്രപഞ്ചശക്തിയെ ആരാധിക്കാന്‍ ഭൂമിയില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട ദേവാലയമായ, ഇബ്‌റാഹീം പുനര്‍നിര്‍മിച്ച കഅ്ബയാണ് പ്രഥമകേന്ദ്രം. മുന്‍വേദങ്ങളിലെല്ലാം സുവിശേഷമറിയിക്കപ്പെട്ട അന്ത്യപ്രവാചകനായ മുഹമ്മദ്(സ്വ)യുടെ കേന്ദ്രമായ മദീനയില്‍ അദ്ദേഹം പണിത മസ്ജിദുന്നബവിയാണ് രണ്ടാമത്തേത്. ഈ മതവിശ്വാസികള്‍ ആദരിക്കുന്ന ഒരുപാടു പ്രവാചകന്‍മാരുടെ പ്രധാനകേന്ദ്രമായ ജറൂസലമിലെ പുരാതന ദേവാലയമായ മസ്ജിദുല്‍ അഖ്‌സാ (ബൈതുല്‍മുഖദ്ദസ്)യാണ് മൂന്നാമത്തേത്. ഈ മൂന്നിടങ്ങളിലേക്ക് മാത്രമാണ് പുണ്യം പ്രതീക്ഷിച്ച് യാത്ര നടത്താന്‍ പാടുള്ളൂ. കാലക്രമത്തില്‍ മുസ്‌ലിം സമൂഹങ്ങള്‍ക്കിടയിലും അപചയങ്ങള്‍ സംഭവിച്ചു. അല്ലാഹുവും റസൂലും നിശ്ചയിക്കാത്തിടങ്ങള്‍ ചിലര്‍ തീര്‍ഥാടനകേന്ദ്രങ്ങളാക്കി. അവയിലധികവും മഖ്ബറകളായിരുന്നു. എന്നിരിക്കെ മുസ്‌ലിം ലോകത്ത് ഇന്നുകാണുന്ന മഖ്ബറകളും ദര്‍ഗകളും തിരുശേഷിപ്പു പള്ളികളുമെല്ലാം ഏതു മഹാന്റെതായാലും അതുകാണാനും അവിടെചെന്ന് പ്രാര്‍ഥിക്കാനുമായി യാത്ര സംഘടിപ്പിക്കുന്നതും അവിടങ്ങളിലേക്ക് നേര്‍ച്ചവഴിപാടുകള്‍ നടത്തുന്നതും അവിടങ്ങളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും അവിടെനിന്ന് ലഭിക്കുന്ന വസ്തുക്കള്‍ പുണ്യങ്ങളായി കരുതുന്നതുമെല്ലാം നിഷിദ്ധമാണ്. അതേസമയം ചരിത്രപാഠങ്ങള്‍ക്കു വേണ്ടിയുള്ള യാത്രകള്‍ ഇസ്‌ലാം അനുവദിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഖുര്‍ആനും സുന്നതും വ്യക്തമാക്കിയ ഇടങ്ങള്‍ സന്ദര്‍ശിക്കാം. അത് തീര്‍ഥാടനമല്ലതാനും.
മേല്‍പറഞ്ഞ മൂന്നു പള്ളികളുടെ കെട്ടിടത്തിനോ മണ്ണിനോ അല്ല പുണ്യമുള്ളത്, അവിടങ്ങളിലെ ആരാധനകള്‍ക്കു മാത്രമാണ്. കെട്ടിടങ്ങള്‍ തൊട്ടുമുത്തുന്നതും അത് കെട്ടിപ്പിടിച്ച് കരയുന്നതും അതിന്റെ കഷ്ണങ്ങളോ അവശിഷ്ടങ്ങളോ സൂക്ഷിക്കുന്നതുമൊന്നും പുണ്യമല്ലെന്നു മാത്രമല്ല, പാപമാണ്. മക്ക, മദീന നഗരങ്ങളും പവിത്രങ്ങളാണ് (ഹറം). ആ നാട്ടില്‍ ജീവിച്ചാലോ മരിച്ചാലോ അവിടേക്ക് യാത്ര ചെയ്താലോ പുണ്യമുണ്ടെന്നല്ല, പ്രത്യുത അവിടെ ജീവിക്കുന്നവരും വരുന്നവരും അവിടങ്ങളില്‍ എല്ലാവിധ അക്രമങ്ങളില്‍നിന്നും ഒഴിഞ്ഞു നില്ക്കണമെന്നാ ണര്‍ഥമാക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും കാലാകാലങ്ങളില്‍ മനസ്സമാധാനവും പാപമുക്തിയും ദൈവികാനുഗ്രഹവും തേടിവരുന്ന തീര്‍ഥാടകര്‍ ഈ ഹറമുകളില്‍ പൂര്‍ണ സുരക്ഷി തമായിരിക്കണമെന്നതാണിതിന്റെ കാതല്‍.
തീര്‍ഥാടനം അനുവദിക്കപ്പെട്ട മൂന്ന് കേന്ദ്രങ്ങള്‍ മാത്രമേയുള്ളൂ എന്ന് പറഞ്ഞുവല്ലോ. ഇവയില്‍ മദീനയിലെ മസ്ജിദുന്നബവിയിലോ ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ്വായിലോ പ്രത്യേകിച്ച് ഒരു കര്‍മവും ചെയ്യാനില്ല. അവിടങ്ങളില്‍വെച്ച് നമസ്‌കരിക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനും ഏറെ പ്രതിഫലമുണ്ടെന്നുമാത്രം. മക്കയില്‍ കഅ്ബയും അതിനു ചുറ്റുമുള്ള മസ്ജിദുല്‍ഹറാമുമായി ബന്ധപ്പെട്ടുകൊണ്ട് മാത്രമേ പ്രത്യേക അനുഷ്ഠാനങ്ങള്‍ ഉള്ളൂ. അതാണ് ഹജ്ജും ഉംറയും.
ഹജ്ജ്: നിര്‍ബന്ധമുള്ളവരും ഇളവനുവദിക്കപ്പെട്ടവരും
ഒരാള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാകാന്‍ അഞ്ചു നിബന്ധനകള്‍ പൂര്‍ത്തിയാകണം. ഇസ്‌ലാം, പ്രായപൂര്‍ത്തി, ബുദ്ധി, സ്വാതന്ത്ര്യം, ഹജ്ജിനുള്ള ശേഷി എന്നിവയാണവ. ഇതില്‍ ഏതെങ്കിലും ഒന്ന് ഇല്ലാത്തതിനാല്‍ ഹജ്ജ് ചെയ്യാത്ത വ്യക്തി കുറ്റക്കാരനല്ല.
പ്രായപൂര്‍ത്തിയാകാത്തവരും അടിമകളും ശേഷികുറഞ്ഞവരും ഹജ്ജു ചെയ്താല്‍ പുണ്യമായി സ്വീകരിക്കപ്പെടും. കുട്ടികളെ ഹജ്ജുചെയ്യിച്ചാല്‍ രക്ഷിതാക്കള്‍ക്ക് പ്രതിഫലം ലഭിക്കുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (മുസ്‌ലിം) 7. എന്നാല്‍ പ്രായപൂര്‍ത്തിയായതിനു ശേഷം ശേഷിയുള്ളവ രായാല്‍ ബാധ്യതവീടാന്‍ ഈ ഹജ്ജ് മതിയാകില്ല. അടിമകള്‍ സ്വതന്ത്രമായി ഹജ്ജ് നിര്‍ബന്ധ മായാല്‍ അവരും ബാധ്യത വീടാന്‍ വേറെ ഹജ്ജ് ചെയ്യണം. ഇതുപോലെ ശാരീരികമോ സാമ്പത്തികമോ ആയ ശേഷി കുറഞ്ഞവരെ ഹജ്ജുചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പ്രതിഫലം ലഭിക്കും.
ഹജ്ജ് നിര്‍ബന്ധമാകാനുള്ള ശേഷി കൊണ്ടുദ്ദേശിക്കുന്നത് പണം, ആരോഗ്യം, യാത്രാസൗകര്യം എന്നിവയാണ്. എന്നാല്‍ ആരോഗ്യമില്ലാത്തവരോ യാത്ര തടയപ്പെട്ടവരോ പണമുള്ളവരാണെങ്കില്‍ അവര്‍ ഹജ്ജിന് പകരം ആളുകളെ അയക്കല്‍ നിര്‍ബന്ധമാണ് എന്ന് അഭിപ്രായപ്പെട്ടവരുണ്ട് (ഫത്ഹുല്‍ബാരി) 8. ഈ നിബന്ധന വെച്ചത് അടിമകളോടുള്ള കാരുണ്യവാന്റെ ദയാവായ്പാണ്. ഒരാള്‍ തന്റെ വാര്‍ധക്യാവസ്ഥവരെ ഉണ്ടായേക്കാവുന്ന എല്ലാ ചെലവുകളും ഒരുക്കിവെച്ചതിനു ശേഷവും അക്കാലത്തിനിടയിലുള്ള ബാധ്യതകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷവും അവസാനകാലത്ത് ഹജ്ജ് നിര്‍വഹിച്ചാല്‍മതി എന്നു തീരുമാനിക്കാനല്ല ഈ നിബന്ധനകള്‍. ”അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുക എന്നത് ഹൃദയ സൂക്ഷ്മതയില്‍ പെട്ടതാണ്”എന്നാണ് ഖുര്‍ആന്‍ ഉണര്‍ത്തുന്നത് (22:32). അതിനാല്‍ തനിക്ക് ഹജ്ജ് ബാധ്യതയായോ എന്ന് അല്ലാഹുവിനെ മുന്‍നിര്‍ത്തി സ്വയം തീരുമാനിക്കുകയാണ് വേണ്ടത്. പിരിയാന്‍ കഴിയാത്ത കുടുംബവും ഒഴിയാന്‍ നിവൃത്തിയില്ലാത്ത വ്യാപാരവും തിരക്കുപിടിച്ച് ഉദ്യോഗവുമൊന്നും ഹജ്ജ് ചെയ്യാതിരിക്കാനുള്ള തടസ്സങ്ങളല്ല.
ജീവിതത്തില്‍ വളരെകുറച്ചു പേര്‍ക്കു മാത്രം സാധിതമാകുന്ന ആ മഹാഭാഗ്യത്തിന് അവസരം കിട്ടി യിട്ടും അമാന്തം കാണിക്കുന്നത് റബ്ബിനോടുള്ള നന്ദികേടാണ്. സാമ്പത്തികവും ശാരീരികവുമായി കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാത്തവരെ തെരഞ്ഞുപിടിച്ച് അവരുടെമേല്‍ ജിസ്‌യ ചുമത്തിയാലോ എന്ന് ഞാന്‍ ആലോചിച്ചുപോയി, കാരണം അവര്‍ മുസ്‌ലിംകളേ അല്ല എന്ന് ഉമര്‍(റ)പറഞ്ഞതായി സഈദുബ്‌നു മന്‍സൂര്‍ തന്റെ സുനനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ) വീണ്ടും ഉണര്‍ത്തി: നിങ്ങള്‍ ഹജ്ജും ഉംറയും ചേര്‍ത്തനുഷ്ഠിക്കുവിന്‍. ചൂള സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇരു മ്പിന്റെയും അശുദ്ധി നീക്കുന്നതുപോലെ, നിശ്ചയം അതു നിങ്ങളുടെ പാപങ്ങളെയും ദാരിദ്ര്യത്തെ യും നീക്കിക്കളയും (തിര്‍മിദി) 9.
സ്ത്രീകള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാകണമെങ്കില്‍ താനുമായി വിവാഹം നിഷിദ്ധമായ ബന്ധു (മഹ്‌റം) സഹയാത്രികനായി ഉണ്ടാവുകകൂടി വേണമെന്ന് ഭൂരിപക്ഷപണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. കാരണം അവര്‍ തനിച്ച് ദീര്‍ഘയാത്ര ചെയ്യുന്നത് നബി(സ്വ) വിലക്കിയിട്ടുണ്ട്. എന്നാല്‍ സുരക്ഷി തമായ സാഹചര്യമുണ്ടെങ്കില്‍ അവള്‍ക്ക് സ്വന്തം തന്നെ യാത്ര ചെയ്യാമെന്ന് ഹദീസുകള്‍ സൂചിപ്പിക്കുന്നതിനാല്‍ അങ്ങനെയുള്ള വിശ്വസ്തരായ വിശ്വാസി വിശ്വാസിനികളുടെ കൂട്ട ത്തോടൊപ്പം യാത്രചെയ്യുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട് (ശറഹുല്‍ മുസ്‌ലിം 10, മുഹല്ല) 11. അല്ലാഹു ഇങ്ങനെ ഒരു ഇളവ് അവര്‍ക്ക് നല്കിയ സ്ഥിതിക്ക് അത് ഉപയോഗിക്കുന്നതാകും കൂടുതല്‍ സൂക്ഷ്മത.
ഇദ്ദയിലുള്ള സ്ത്രീകള്‍ ഹജ്ജിന് പോകാമോ എന്ന വിഷയത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇദ്ദയിലായിരിക്കെ അത്യാവശ്യങ്ങള്‍ക്കെല്ലാം പുറത്തുപോകാമെന്നിരിക്കെ ഹജ്ജില്‍നിന്ന് അവരെ തട യേണ്ടതില്ല. മരം മുറിക്കാന്‍ പോകാന്‍ നബി(സ്വ) ഒരു സ്ത്രീക്ക് അനുമതി നല്കിയതില്‍ നിന്ന് ഇതാണ് മനസ്സിലാകുന്നത് എന്നാണ് ഒരു വിഭാഗം നിരീക്ഷിക്കുന്നത്. എന്നാല്‍ ഇദ്ദ കുറഞ്ഞ കാലത്തേക്കുള്ള തടസ്സമായതിനാല്‍ ഹജ്ജ് അടുത്ത വര്‍ഷത്തേക്കോ മറ്റോ മാറ്റിവെക്കുന്നതാണ് ഉത്തമം എന്നാണ് മറ്റൊരു അഭിപ്രായം, അതവരോടുള്ള കാരുണ്യവുമാകാം. സ്ത്രീക്ക് ഹജ്ജിനുപോകാന്‍ ഭര്‍ത്താവിന്റെ സമ്മതം വേണമോ എന്ന് സംശയിച്ചേക്കാം. ഹജ്ജിന്റെ നിബന്ധനകള്‍ പൂര്‍ത്തിയായാല്‍ സ്ത്രീക്ക് ഹജ്ജിന് പോകാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല. കാരണം അതവളുടെ നിര്‍ബന്ധകടമയാണ്; അതുകൊണ്ടുതന്നെ തടയുന്നത് ഭര്‍ത്താവിന് കുറ്റകരവുമാണ്.
ഹജ്ജ്: ചില തെറ്റായ ധാരണകള്‍
സാമ്പത്തികവും ശാരീരികവും യാത്രാ സംബന്ധിയുമായ എല്ലാ സൗകര്യങ്ങളും എത്തിയതിനു ശേഷം ഹജ്ജ് നീട്ടിവെക്കാന്‍ പാടില്ലാത്തതാണ്. ഇതിന് ധൃതികാണിക്കാന്‍ നബി(സ്വ) ആവശ്യപ്പെടുന്നുണ്ട് (അബൂദാവൂദ് 12, ശര്‍ഹു മുസ്‌ലിം) 13. ഏതെങ്കിലും കാലത്ത് വരാനിരിക്കുന്ന സാമ്പത്തികച്ചെലവുകളും ബാധ്യതകളും കണക്കുകൂട്ടി കാത്തിരിക്കുന്നത് ശരിയല്ല. പിന്നീട് ചെയ്യാമെന്നു കരുതി നീട്ടിവെച്ചതിനിടയില്‍ മരണപ്പെടുകയോ ഹജ്ജ് ചെയ്യാന്‍ പറ്റാത്ത സാഹചര്യം വരികയോ ചെയ്താല്‍ കുറ്റക്കാരനായി മാറും. പുണ്യകരവും നിര്‍ബന്ധവുമായ ബാധ്യതകള്‍ ഉണ്ടായിരിക്കെ പേരും പെരുമയും കാട്ടി ഒട്ടേറെ ഹജ്ജിന് ശ്രമിക്കുന്നതും ശരിയല്ല. പ്രത്യേകിച്ചും ഹജ്ജ് ബാധ്യതയായിട്ടും തിരക്കുകാരണം അനുമതി ലഭിക്കാതെ വിശ്വാസികള്‍ കാത്തിരിക്കുന്ന സന്ദര്‍ഭത്തില്‍. ഹജ്ജിന് അനുമതി കിട്ടാനായി കുതന്ത്രങ്ങളോ അവിഹിത മാര്‍ഗങ്ങളോ ഉപയോഗിക്കുന്നതും ന്യായമല്ല.
മറ്റുള്ളവരോട് സഹായം തേടി ഹജ്ജ് ചെയ്യേണ്ടതില്ല. എന്നാല്‍ ആവശ്യപ്പെടാതെ ദാനമായോ സമ്മാനമായോ ലഭിച്ച സമ്പത്തുകൊണ്ട് ഹജ്ജ് ചെയ്താല്‍ സ്വീകാര്യമാകുമെന്നതില്‍ സംശയമില്ല. രണ്ടുപേര്‍ക്കും പ്രതിഫലം ലഭിക്കുകയും ചെയ്യും. സര്‍ക്കാരുകള്‍ നല്കുന്ന ആനുകൂല്യങ്ങളും സമ്മാനമായി ലഭിക്കുന്ന ഹജ്ജുമെല്ലാം ഈ ഗണത്തിലാണ് പരിഗണിക്കേണ്ടത്. ഹജ്ജ് ബാധ്യതപ്പെട്ടവര്‍ പക്ഷേ ശേഷിയുണ്ടായിരിക്കെ മറ്റുള്ളവരെ പണം കൊടുത്തേല്പിച്ചാല്‍ ഹജ്ജിന്റെ ബാധ്യതയില്‍ നിന്ന് മുക്തമാവുകയില്ല. ബാധ്യതയായിട്ടും നിര്‍വഹിക്കാത്ത വര്‍ക്കുവേണ്ടി, അവര്‍ ജീവിച്ചിരിക്കെ നാം താല്‍പര്യപ്പെട്ട് ഹജ്ജ് ചെയ്താലും സ്വീകരിക്കപ്പെടില്ല. മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല (53:39) എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമാണ്. എന്നാല്‍ മരണപ്പെട്ടവര്‍ക്കുവേണ്ടി ഹജ്ജുചെയ്യാമെന്ന് നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്.
ബാധ്യതയായിരിക്കെ ബോധപൂര്‍വം ഉപേക്ഷിച്ചവര്‍ക്കുവേണ്ടി ഹജ്ജു ചെയ്യല്‍ ബന്ധുവിന് നിര്‍ബന്ധമോ ഐഛികമോ ആയ ബാധ്യതയല്ല. എന്നാല്‍ ബാധ്യതാ നിര്‍വഹണത്തില്‍ വീഴ്ച പറ്റിയ മനുഷ്യനെ ഭൗതികമായ കടക്കാരനെപ്പോലെ പരിഗണിച്ച്, അനന്തരാവകാശികള്‍ കടംവീട്ടുന്നപോലെ, ബന്ധുക്കള്‍ അയാളുടെ സ്വത്തില്‍ നിന്നോ സ്വന്തം സ്വത്തില്‍ നിന്നോ വീട്ടേണ്ടതുണ്ടെന്നും വീട്ടിയാല്‍ രണ്ടുവിഭാഗവും രക്ഷപ്പെടുമെന്നുമാണ് ഭൂരിപക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ഖസ്അം ഗോത്രക്കാരിയായ ഒരു സ്ത്രീ, തന്റെ ഉപ്പയ്ക്കു വേണ്ടി ഹജ്ജ് ചെയ്യാമോ എന്ന് ചോദിച്ചതിനും ജുഹൈനക്കാരി തന്റെ മാതാവിനുവേണ്ടിയുള്ള ഹജ്ജിനെക്കുറിച്ചു ചോദിച്ചതിനും, ‘നിന്റെ പിതാവിന് മനുഷ്യരുമായുണ്ടായ കടം നീ കൊടുത്തു വീട്ടിയാല്‍ തീരില്ലേ’ എന്നു നബി(സ്വ) മറുപടി പറഞ്ഞ രണ്ടു സംഭവങ്ങള്‍ അവര്‍ ഇതിനു തെളിവാക്കുന്നു (ബുഖാരി) 14. ഈ നബിവചനങ്ങളുടെ അടിസ്ഥാനത്തില്‍, സാമ്പത്തിക ശേഷി ഉള്ളവര്‍ ശാരീരികാരോഗ്യ മില്ലെങ്കില്‍ മറ്റൊരാളെ അയച്ച് ഹജ്ജ് ചെയ്യിക്കല്‍ നിര്‍ബന്ധമാണെന്ന് ഇമാം നവവി(റ)യും മറ്റും അഭിപ്രായപ്പെടുന്നുന്നുണ്ട് (ശര്‍ഹുമുസ്‌ലിം) 10
മറ്റൊരാള്‍ക്കു വേണ്ടി ഹജ്ജു ചെയ്യുന്നവര്‍ അങ്ങനെത്തന്നെ നിയ്യത്തു ചെയ്യണമെന്നും അവരുടെ സന്മനസ്സിനും അധ്വാനത്തിനും അവര്‍ക്കും പ്രതിഫലം ലഭിക്കുമെന്നും പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ഇവര്‍ ഹജ്ജിനാവശ്യമായ ചെലവല്ലാതെ പ്രതിഫലം വാങ്ങരുതെന്നാണ് ഇമാം അഹ്‌മദും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയും മറ്റും അഭിപ്രായപ്പെടുന്നത് (മജ്മൂഉല്‍ ഫതാവാ) 15.
ഹജ്ജിനുള്ള സമ്പത്ത് എത്രയും ശുദ്ധമായതാകാന്‍ ശ്രദ്ധിക്കേണ്ടതാണ്. തഖ്‌വയാണ് ഏറ്റവും നല്ല പാഥേയം എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു(2/197). ഏതൊരു കര്‍മവും വിശുദ്ധമായ നിയ്യത്തിലൂടെ മാത്രമേ പുണ്യകരമാകൂ. സാമ്പത്തികവും അല്ലാത്തതുമായ ബാധ്യതകള്‍ പരമാവധി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കണം. പേരെടുക്കാനും ജനപ്രീതിക്കും വേണ്ടി ചെയ്യുന്ന ഹജ്ജ് പൂര്‍ണ പരാജയമായിരിക്കും. ദീര്‍ഘയാത്ര ആയതിനാല്‍ സ്ഥിരമായി ഇടപെടുന്നവരോട് യാത്രപറയുന്നതും അവര്‍ യാത്രയയപ്പ് സംഘടിപ്പിക്കുന്നതും യാത്രപോകുമ്പോള്‍ വീട്ടില്‍വരികയോ ഭക്ഷണം കഴിക്കുകയോ കൂടെ യാത്രയാക്കാന്‍ വരികയോ ചെയ്യുന്നതൊന്നും പുണ്യം കുറയ്ക്കുന്നതല്ലെങ്കിലും, ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് വീടുതോറും കയറിയിറങ്ങി ആളുകളെ ക്ഷണിക്കുകയും വലിയ സദ്യയും സദസ്സുമെല്ലാം ഒരുക്കുകയും ചെയ്യുന്നത് ഇത്തരത്തിലാകാന്‍ ഏറെ സാധ്യതയുള്ളതിനാല്‍ ഒഴിവാക്കുന്നതാണുത്തമം. ഹജ്ജ് യാത്ര തുടങ്ങുമ്പോള്‍ സംഘം ചേര്‍ന്നോ ഒറ്റക്കോ ബാങ്ക് കൊടുക്കുന്നതോ നാട്ടിലെ പള്ളിയില്‍ നിന്ന് രണ്ടു റക്അത് സുന്നത്ത് നമസ്‌കരിക്കുന്നതോ നബി ചര്യയിലില്ല.
ഹജ്ജിലെ കര്‍മങ്ങള്‍ നബി(സ്വ) പഠിപ്പിച്ചതേ ചെയ്യാവൂ. മിനായില്‍ താമസിക്കുന്ന ദുല്‍ഹിജ്ജ 8, 10, 11, 12, 13 ദിവസങ്ങളില്‍ ഓരോ നമസ്‌കാരവും അതാതിന്റെ നേരത്ത് ഖസ്‌റാക്കിയാണ് നബി(സ്വ) നിര്‍വഹിച്ചത്. അവിടങ്ങളില്‍ നബി(സ്വ) റവാതിബ് സുന്നത്തുകള്‍ നമസ്‌കരിച്ചിട്ടില്ല. നബി(സ്വ)യുടെ ഖബര്‍ സന്ദര്‍ശനം ഉള്‍പ്പെടെ ഹിറാഗുഹ, മസ്ജിദുസ്സഹാബ, ഉഹ്ദ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഹജ്ജിന്റെ ഭാഗമല്ല. ഇവിടെയൊന്നും പ്രത്യേക നമസ്‌കാരമോ പ്രാര്‍ഥനയോ ഇല്ല. മദീനയില്‍ നബി(സ്വ)യുടെ പള്ളിയും ഖബറും സന്ദര്‍ശിക്കുന്നത് സുന്നതാണ്. ഹജ്ജ് യാത്രയ്ക്കിടയില്‍ മദീനയില്‍ അധികദിനം താമസിക്കുന്നത് മസ്ജിദുല്‍ ഹറമിലെ നമസ്‌കാരത്തിന്റെ പുണ്യം നഷ്ടപ്പെടുത്തും, കാരണം അത് മസ്ജിദുന്നവിയിലേതിനേക്കാള്‍ പത്തിരട്ടി കൂലിയുള്ളതാണ്.
ഇസ്‌ലാമിലെ എല്ലാ ആരാധനകളെയുംപോലെ ഹജ്ജും ആത്മീയ ഉന്നതിക്കുള്ളതാകുമ്പോള്‍ തന്നെ അത് ഭൗതിക നന്മക്ക് ഉപകാരപ്പെടുമെങ്കില്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ട്. ഹജ്ജില്‍ കച്ചവടം പാടില്ലെന്നു കരുതിയ ജാഹിലിയ്യത്തിനെ ഖുര്‍ആന്‍ തിരുത്തി. ”ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സദ് പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. നിങ്ങള്‍ ഹജ്ജ് യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക” (2:197). കച്ചവടം പ്രധാനമായി കരുതാതെ, എന്നാല്‍ ആ യാത്രയില്‍ ആ കാര്യവും നടക്കണമെന്ന് കുരുതിയാല്‍ അത് ഹജ്ജിനു കുറവു വരുത്തുകയില്ല. പക്ഷേ ഇതെല്ലാം അതാതു നാടുകളിലെ സര്‍ക്കാറുകളുടെയും മറ്റും നിയമങ്ങള്‍കൂടി അനുവദിക്കുന്നതാകണം, അപ്പോഴേ അത് ഇസ്‌ലാമില്‍ അനവദനീയമാകൂ.
ഹജ്ജ്: ഒരുക്കം
എല്ലാ ബാധ്യതകളും എത്രയും വേഗം നിര്‍വഹിക്കേണ്ടവനാണ് മുസ്‌ലിം; അത് പടപ്പുകളോടുള്ള തായാലും പടച്ചവനോടുള്ളതായാലും. മരണം എപ്പോള്‍ എത്തുമെന്നറിയില്ല. നന്മകള്‍ ആദ്യം നിര്‍വഹിക്കുന്നതിന് ഏറെ പുണ്യമുണ്ട്.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഹജ്ജ് നിര്‍ബന്ധമുള്ളൂ എന്നതിനാല്‍ അത് വാര്‍ധക്യത്തിലേക്ക് നീട്ടിവെയ്ക്കാതെ കഴിവ് ഒത്തുവന്നാല്‍ ഉടനെ നിര്‍വഹിക്കുകയാണ് വേണ്ടത്. പൂര്‍ണമായാല്‍ സ്വര്‍ഗം. ”വല്ലവനും ഹജ്ജ് ചെയ്യാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അവനത് ഉടനെ ചെയ്യട്ടെ” എന്ന് നബി(സ്വ) ഓര്‍മപ്പെടുത്തുന്നു (അബൂദാവൂദ്) 12.
തൗഹീദാണ് വിശ്വാസിയുടെ ജീവന്‍. അതാണ് ഹജ്ജ്. ഹജ്ജിനൊരുങ്ങുമ്പോള്‍ ആദ്യം ശരിയാ ക്കേണ്ടത് ഈമാനാണ്. അതില്‍ മാലിന്യം കലര്‍ത്തുന്ന കര്‍മങ്ങളുമായി ജീവിക്കുന്നവന്റെ ഹജ്ജ് അസ്വീകാര്യമാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവനാവുക. മരണപ്പെട്ടവരെ വിളിച്ച് പ്രാര്‍ഥി ക്കുന്നതും ജാറങ്ങളിലേക്കും മഖ്ബറകളിലേക്കും നേര്‍ച്ച നേരുന്നതുമെല്ലാം തൗഹീദിന് വിരുദ്ധമാണ്. തന്നെ അഭൗതികമായി സഹായിക്കാന്‍ അല്ലാഹുവിനു മാത്രമേ സാധിക്കൂ എന്ന വിശ്വാസ വും ആ തേട്ടവും പ്രതീക്ഷയും ഭരമേല്‍പിക്കലുമാണ് തൗഹീദിന്റെ കാതല്‍. എല്ലാ പ്രതിസന്ധിക ളിലും ഈമാനില്‍ ഉറച്ചുനില്ക്കാനും ഏതു പൈശാചിക പ്രലോഭനത്തെയും അതിജയിക്കാനുമുള്ള കരുത്തു നേടാനാകണം ഹജ്ജ്.
ജീവിതത്തിന്റെ ഓരോ നിമിഷത്തിലും സൂക്ഷ്മത പുലര്‍ത്തേണ്ടവനാണ് മുസ്‌ലിം. എല്ലാം അല്ലാഹു വിന്റെ വിചാരണയ്ക്ക് വിധേയമാണ്. ഹജ്ജുദ്ദേശിച്ചവന്‍ അതില്‍ ഏറെ സൂക്ഷിക്കേണ്ടതാണ്. കഴി ഞ്ഞുപോയ എല്ലാ അരുതായ്മകള്‍ക്കും പടച്ചവനോട് മാപ്പിരക്കാന്‍ മനസ്സുവെച്ചവനാണവന്‍. എങ്കില്‍ അതിന് ചെലവഴിക്കുന്ന പണം ശുദ്ധമായിരിക്കണം. വസ്ത്രവും ഭക്ഷണവും വാഹനവും ന്യായമായിരിക്കണം. അതിനായി തഖ്‌വയുടെ വിഭവമൊരുക്കണം. മറ്റു മനുഷ്യരുമായി ബന്ധപ്പെട്ട് മനസ്സിലേറ്റിവെച്ച മാലിന്യം പുറന്തള്ളി അവിടം ശുദ്ധമാക്കണം. ഹജ്ജിനു മുമ്പ് കടബാധ്യതകള്‍ പറഞ്ഞുതീര്‍ക്കുന്നതിന്റെയും മറ്റ് ഇടപാടുകള്‍ പൊരുത്തപ്പെടുവിക്കുന്നതിന്റെയും പൊരുള്‍ അതാണ്.
മനുഷ്യ സാഹോദര്യവും സമത്വവുമാണ് ഹജ്ജിന്റെ മറ്റൊരു മുഖമുദ്ര. സഹവര്‍ത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും അന്തരീക്ഷമാണതിനുള്ളത്. ഹജ്ജിനു പോകുന്നവര്‍ അഹങ്കാരത്തിന്റെയും വിവേചനത്തിന്റെയും പൊങ്ങച്ചത്തിന്റെയും എല്ലാ തലക്കനങ്ങളും ഇറക്കിവെക്കണം. അറിവും കഴിവും കൊണ്ട് ഏറെ അന്തരമുണ്ടെങ്കിലും ഞാനും അവനും അല്ലാഹുവിന്റെ തുലാസില്‍ അളക്ക പ്പെടുന്നത് ഭക്തിയുടെ തോതനുസരിച്ചായിരിക്കുമെന്ന് മനസ്സിലാക്കി എല്ലാവരെയും തന്നെപ്പോലെ സ്‌നേഹിക്കാനും പരിഗണിക്കാനും ശ്രമിക്കാത്ത ഹാജി പരാജിതനാണ്. മഞ്ഞും മഴയും ചൊരി യുന്ന ആകാശം മേല്‍ക്കൂരയാക്കിയ ജനകോടികളെ അനുസ്മരിക്കുന്ന മുസ്ദലിഫയില്‍ ഇഹ്‌റാമിന്റെ വേഷവുമായി ചെരിഞ്ഞു കിടക്കുമ്പോള്‍ സഹാനുഭൂതിയുടെ കുളിര്‍മയറിയണം. ഹജ്ജിനു ശേഷമത് ശക്തമാക്കണം. പാര്‍ശ്വവത്കരിക്കപ്പെട്ടവരോട് അനുകമ്പ പുലര്‍ത്തണം. തന്റെ ശരീരത്തിന്റെ ഒരു ഭാഗമായി അവരെ കരുതണം. മുഖം കറുപ്പിക്കാതെ, നെറ്റി ചുളിക്കാതെ അവരെ കാണണം, കേള്‍ക്കണം.
പ്രായമായവരും മറ്റും കൂട്ടത്തിലുണ്ടെങ്കില്‍ അസ്വസ്ഥരാവരുത്. ഹജ്ജ് കൊതിക്കുന്ന ദുര്‍ബലരെയും വൃദ്ധരെയും ഭാരമായി കരുതി കൂട്ടത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയോ അവരെ ഹജ്ജിന് അനുവദിക്കാതിരിക്കുകയോ ചെയ്യരുത്. നമുക്ക് ഒരു ഹജ്ജു കൊണ്ട് ഒന്നിലേറെ ഹജ്ജ് ചെയ്യാനുള്ള ഭാഗ്യങ്ങളാണവര്‍. ഹജ്ജിന്റെ ഇടയില്‍ അന്യരാണെങ്കിലും അവശര്‍ക്കുവേണ്ടി സേവനം ചെയ്യാനും സൗകര്യങ്ങളൊരുക്കാനും നന്നെ ചുരുങ്ങിയത് അവരെ ബുദ്ധിമുട്ടിക്കാതിരിക്കാനെങ്കിലും കഴിയണം.
ഹജ്ജിലേക്കെത്താന്‍ യാത്ര. ഹജ്ജിലെത്തിയാലും യാത്രകള്‍. യാത്ര പരീക്ഷണങ്ങളുടെ തുണ്ടമാണെന്നാണ് റസൂല്‍(സ്വ) പറഞ്ഞത്. ദീനും ദുനിയാവുമെല്ലാം പരീക്ഷിക്കപ്പെടും. വീടുമുതല്‍ പ്രാര്‍ഥനയോടെ തുടങ്ങണം. യാത്രക്ക് മൂന്നാളുകളെങ്കിലും ഉണ്ടാകുന്നത് നല്ലതാണെന്നും ഒരാളെ നേതാവാക്കണമെന്നും നബി(സ്വ)യുടെ നിര്‍ദേശമുണ്ട്. റസൂല്‍(സ്വ) പറയുന്നു: ഒറ്റക്ക് യാത്ര ചെയ്യുന്നവന്‍ ശൈത്താനാണ്. രണ്ടുപേരുള്ള യാത്രക്കാരും ശൈത്താന്മാരാണ്. മൂന്നാളുകള്‍ ഒരു സംഘമാണ് 16. പരസ്പര സഹായങ്ങള്‍ക്ക് അവര്‍ക്കേ കഴിയൂ (അബൂദാവൂദ്) 17. റസൂല്‍(സ്വ) പറയുന്നു: മൂന്നാളുകള്‍കൂടി ഒരു യാത്ര പുറപ്പെട്ടാല്‍ തങ്ങളില്‍ നിന്ന് ഒരാളെ അവര്‍ അമീറായി നിശ്ചയിക്കണം. (അബൂദാവൂദ്) 18 നല്ലകൂട്ടുകാരെ സംഘടിപ്പിക്കുന്നത് ഹജ്ജ് എളുപ്പമാക്കും, പുണ്യമാക്കും.
ഹജ്ജ് വിനോദയാത്രയല്ല. ശണ്ഠയും തര്‍ക്കവുമെല്ലാം ഹജ്ജിനെ ദുര്‍ബലമാക്കും. (2:197) അല്ലാഹു വിന്റെ മാര്‍ഗത്തില്‍ ഇബ്‌റാഹീം(അ)യും കുടുംബവും സഹിച്ച ത്യാഗങ്ങള്‍ ഓര്‍ക്കുക. എന്തെങ്കിലു മൊക്കെ ദീനിന്റെ മാര്‍ഗത്തില്‍ ത്യജിക്കാനും സഹിക്കാനും ഹജ്ജില്‍ നിന്ന് പഠിക്കണം; ശിഷ്ടജീവിതത്തില്‍ അത് തുടരണം.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 12, ഹദീസ് 08[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 102, ഹദീസ് 1337[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 62, ഹദീസ് 83[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 107, ഹദീസ് 1349[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 02, ഹദീസ് 1773[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 60, ഹദീസ് 1189[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 101, ഹദീസ് 1336[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 379[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 166, ഹദീസ് 810[↩]
- ശര്‍ഹുല്‍ മുസ്‌ലിം (അല്‍ മിന്‍ഹാജ് ശറഹു സ്വഹീഹി മുസ്‌ലിമിബ്‌നില്‍ ഹജ്ജാജ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫിന്നവവീ, ദാറു ഇഹ്‌യാത്തുറാസില്‍ അറബി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 09, പേജ് 98[↩][↩]
- അല്‍ മുഹല്ല ബില്‍ ആസാര്‍, അബൂ മുഹമ്മദ് അലിയ്യുബ്‌നു അഹ്‌മദ് ബനൂഹസം അല്‍ ഖുര്‍ത്വുബി അളള്വാഹിരി, ദാറുല്‍ ഫിക്ര്‍, ബൈറൂത്ത്, വാള്യം 05, പേജ് 19, നമ്പര്‍ 813[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 75, ഹദീസ് 1732[↩][↩]
- ശര്‍ഹുല്‍ മുസ്‌ലിം (അല്‍ മിന്‍ഹാജ് ശറഹു സ്വഹീഹി മുസ്‌ലിമിബ്‌നില്‍ ഹജ്ജാജ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫിന്നവവീ, ദാറു ഇഹ്‌യാത്തുറാസില്‍ അറബി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 13, പേജ് 56[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 102, ഹദീസ് 7315[↩]
- അല്‍ മജ്മൂഅ് അല്‍ ഫതാവാ, അല്‍ ഫതാവല്‍ കുബ്‌റാ, തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്‌മദ് ഇബ്‌നുതൈമിയ്യ, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, ഒന്നാം പതിപ്പ്, വാള്യം 26, പേജ് 16[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 340, ഹദീസ് 2607[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 340, ഹദീസ് 2608[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 36, ഹദീസ് 2608[↩]
